Monday, June 1, 2009

INJURED INDIA

വെല്ലുവിളി
ലോര്‍ഡ്‌സ്‌: രണ്ടാമത്‌ 20-ടൊന്റി ലോകകപ്പ്‌ മല്‍സരങ്ങള്‍ ആരംഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ ഇന്ത്യന്‍ ക്യാമ്പില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍. ഓപ്പണര്‍ വീരേന്ദര്‍ സേവാഗ്‌, പ്രധാന സീമര്‍ സഹീര്‍ഖാന്‍ എന്നിവര്‍ പരുക്കിന്റെ പിടിയിലാണ്‌. രണ്ട്‌ പേര്‍ക്കും ടീമിന്റെ സന്നാഹ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ല. ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ക്കിടെയാണ്‌ ഇരുവര്‍ക്കും പരുക്കേറ്റത്‌. ജൂണ്‍ ആറിന്‌ ബംഗ്ലാദേശുമായാണ്‌ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം. ഈ മല്‍സരത്തിലേക്ക്‌ സഹീറിനും സേവാഗിനും കളിക്കാനാവുമെന്നാണ്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി പറയുന്നത്‌. എന്നാല്‍ ഐ.പി.എല്ലിനിടെയേറ്റ പരുക്കിന്‌ ശേഷം സഹീര്‍ ഇത്‌ വരെ കളിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സിന്റെ താരമായ സഹീറിന്‌ ഇടത്‌ കൈക്കുഴയിലാണ്‌ പരുക്ക്‌. ബൗളിംഗ്‌ കൈയിലെ പരുക്ക്‌ സാരമുള്ളതാണെന്ന്‌ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ലോകകപ്പില്‍ തുടര്‍ച്ചയായി കളിക്കാന്‍ സഹീറിന്‌ കഴിയുന്ന കാര്യം സംശയത്തിലാണ്‌. കഴിഞ്ഞ ലോകകപ്പില്‍ സഹീര്‍ കളിച്ചിരുന്നില്ല. സേവാഗിനും ഐ.പി.എല്ലിനിടെയേറ്റ പരുക്കില്‍ നിന്നും മോചിതനായി പഴയ കരുത്തില്‍ കളിക്കാന്‍ ഇത്‌ വരെ കഴിഞ്ഞിട്ടില്ല. ലോകകപ്പില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ ആരംഭിക്കുന്നയാളാണ്‌ സേവാഗ്‌. ഐ.പി.എല്ലില്‍ പരുക്ക്‌ കാരണം സ്വതസിദ്ധമായ കരുത്തില്‍ അദ്ദേഹത്തിന്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2007 ലെ ഇന്ത്യയുടെ തുരുപ്പുചീട്ടായ വീരുവിന്‌ ഐ.പി.എല്‍ നല്‍കിയത്‌ നിരാശ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ കപ്പ്‌ സ്വന്തമാക്കുമെന്നാണ്‌ പൊതുവെ കരുതപ്പെട്ടിരുന്നത്‌. എന്നാല്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രധാന മല്‍സരങ്ങളെല്ലാം വീരുവിന്‌ നഷ്ടമായി.
സഹീറിന്റെ പരുക്ക്‌ ഗുരുതരമല്ലെന്നാണ്‌ ഇന്നലെ ലോര്‍ഡ്‌സില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധോണി വ്യക്തമാക്കിയത്‌. അദ്ദേഹത്തിന്‌ രണ്ട്‌ വാം അപ്പ്‌ മല്‍സരങ്ങളിലും വിശ്രമം അനുവദിക്കും. ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ സഹീര്‍ കളിക്കുമെന്നാണ്‌ തന്റെ വിശ്വാസമെന്നും പറഞ്ഞ നായകന്‍ പക്ഷേ മല്‍സര ഫിറ്റ്‌നസ്‌ കാര്യത്തില്‍ ഐ.പി.എല്‍ തന്റെ ടീമിനെ ബാധിച്ചിട്ടില്ല എന്ന പക്ഷത്താണ്‌.
അതേ സമയം നായകന്റെ അഭിപ്രായത്തോട്‌ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‌ യോജിപ്പില്ല. താരങ്ങളുടെ മാനസികാരോഗ്യം പ്രധാന പ്രശ്‌നമാണെന്നാണ്‌ കിര്‍സ്റ്റണ്‍ പറയുന്നത്‌. ഐ.പി.എല്‍ മല്‍സരങ്ങള്‍ തുടര്‍ച്ചയായി കളിച്ചത്‌ കാരണം പലരും ക്ഷീണിതരാണ്‌. ഇന്ത്യന്‍ ടീമിലെ എല്ലാവരും വിവിധ ടീമുകളില്‍ അംഗമായി മാരത്തോണ്‍ മല്‍സരങ്ങളില്‍ പങ്കെടുത്ത്‌ തളര്‍ന്നിട്ടുണ്ട്‌. ആരോഗ്യം നിലനിര്‍ത്തി കളിക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ലോകകപ്പ്‌ നിലനിര്‍ത്താന്‍ ഇന്ത്യക്കാവുമെന്നാണ്‌ കിര്‍സ്റ്റണ്‍ പറയുന്നത്‌. യുവരാജ്‌ സിംഗ്‌, രോഹിത്‌ ശര്‍മ്മ എന്നിവരുടെ ആരോഗ്യ കാര്യത്തിലും സംശയങ്ങളുണ്ട്‌. രണ്ട്‌ പേരും ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നില്ല.
അതിവേഗ ക്രിക്കറ്റായ 20-ടൊന്റിയില്‍ ഒരു തരത്തിലുമുളള ആലസ്യത്തിന്‌ സമയമില്ലെന്ന സത്യം തന്റെ ടീം മനസ്സിലാക്കുന്നുണ്ടെന്ന്‌ ധോണി പറഞ്ഞു. 2007 ലെ ലോകകപ്പില്‍ ധോണിയുടെ സംഘം ചാമ്പ്യന്മാരായത്‌ ഒരു മുത്തശ്ശിക്കഥ പോലെയായിരുന്നു. ഇന്ത്യ കപ്പ്‌ നേടുമെന്ന്‌ ആരും പ്രവചിച്ചിരുന്നില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, സൗരവ്‌ ഗാംഗുലി തുടങ്ങിയ മുന്‍നിരക്കാരെയെല്ലാം ഒഴിവാക്കിയാണ്‌ ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്‌. ഇംഗ്ലണ്ട്‌ പര്യടനത്തിലായിരുന്ന ദേശീയ ടീമിലെ അംഗങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നേരെ ദക്ഷിണാഫ്രിക്കയിലേക്ക്‌ പോവുകയായിരുന്നു. അവിടെയെത്തിയ ശേഷമാണ്‌ കാര്യങ്ങള്‍ മാറിയത്‌. പാക്കിസ്‌താനെതിരായ ആദ്യമല്‍സരം മുതല്‍ ടീം തകര്‍പ്പന്‍ പ്രകടനം നടത്തി. മുന്നോട്ടുളള യാത്രയില്‍ ന്യൂസിലാന്‍ഡിനെതിരെ ഒരു മല്‍സരത്തില്‍ മാത്രമാണ്‌ പരാജയപ്പെട്ടത്‌. പാക്കിസ്‌താനെതിരായ ഫൈനലില്‍ അവസാന ബോള്‍ വരെ ആവേശം കത്തിയപ്പോള്‍ ഇന്ത്യ ചാമ്പ്യന്മാരായി. ആ വിജയത്തിന്‌ ശേഷം 20-ടൊന്റിയില്‍ ഇന്ത്യ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചിട്ടില്ല. ആകെ കളിച്ച അഞ്ച്‌ കളികളില്‍ രണ്ടില്‍ ജയിച്ചപ്പോള്‍ മൂന്നില്‍ പരാജയപ്പെട്ടു. തോറ്റത്‌ രണ്ടും ന്യൂസിലാന്‍ഡിനോടായിരുന്നു. ലോകകപ്പിലെ തോല്‍വി ഉള്‍പ്പെടെ ന്യസിലാന്‍ഡിനെതിരെ കളിച്ച മൂന്ന്‌ മല്‍സരങ്ങളിലും ഇന്ത്യ തോല്‍്‌ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ന്യൂസിലാന്‍ഡ്‌ പര്യടനത്തില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ നേരിയ മാര്‍ജിനില്‍ മാത്രമാണ്‌ ഇന്ത്യ തോറ്റത്‌. ആദ്യ മല്‍സരത്തില്‍ കാലാവസ്ഥയാണ്‌ പ്രശ്‌നമായത്‌. രണ്ടാം മല്‍സരത്തില്‍ കാലാവസ്ഥയുമായി താദാത്മ്യം പ്രാപിച്ചതിനാല്‍ നല്ല പോരാട്ടം കാഴ്‌ച്ചവെക്കാനായി. എന്നാല്‍ ഈ ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നത്‌ ഐ.പി.എല്‍ നല്‍കിയ കരുത്തിലാണെന്നും ധോണി പറഞ്ഞു.

പുതിയ കോച്ച്‌
ലണ്ടന്‍: കാര്‍ലോസ്‌ അന്‍സലോട്ടിയായിരിക്കും ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ ചെല്‍സിയുടെ പുതിയ പരിശീലകന്‍. മൂന്ന്‌ വര്‍ഷ കരാറില്‍ ഒപ്പിട്ട അദ്ദേഹം അടുത്ത മാസം ഒന്നിന്‌ ചുമതലയേല്‍ക്കും. ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാന്റെ കോച്ചാണ്‌ നാല്‍പ്പത്തിയൊമ്പതുകാരനായ അന്‍സലോട്ടി. ഇറ്റാലിയന്‍ ലീഗില്‍ ഏ.സി മിലാന്‍ ഇത്തവണ മൂന്നാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കിരീടധാരണത്തില്‍ കലാശിച്ച ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ പകുതിക്കിടെ ചെല്‍സിക്ക്‌ കോച്ചിനെ നഷ്‌ടമായിരുന്നു. വിഖ്യാത പരിശീലകനായിരുന്ന ലൂയിസ്‌ ഫിലിപ്പ്‌ സ്‌ക്കോളാരിയെ ക്ലബ്‌ പുറത്താക്കിയപ്പോള്‍ പകരക്കാരനായി വന്നത്‌ റഷ്യന്‍ ദേശീയ ടീമിന്റെ കോച്ചായിരുന്ന ഗസ്‌ ഹിഡിങ്കായിരുന്നു. റഷ്യന്‍ ജോലിക്കൊപ്പം താല്‍കാലികാടിസ്ഥാനത്തിലാണ്‌ ഡച്ചുകാരന്‍ ചെല്‍സിയുടെ നീലക്കുപ്പായത്തില്‍ ജോലി ചെയ്‌തത്‌. രണ്ട്‌ ദിവസം മുമ്പ്‌്‌ എഫ്‌.എ കപ്പില്‍ ചെല്‍സിക്ക്‌ വിജയം സമ്മാനിച്ച്‌ അദ്ദേഹം മടങ്ങി. എട്ട്‌ സീസണില്‍ മിലാനൊപ്പമുണ്ടായിരുന്ന അന്‍സലോട്ടി ഇതാദ്യമായാണ്‌ പ്രീമിയര്‍ ലീഗില്‍ പരിശീലകനാവുന്നത്‌.

നഷ്ടബോധം
പാരീസ്‌: പരാജയങ്ങള്‍ സമ്മാനിക്കുന്ന നഷ്ടബോധം ചെറുതല്ലെന്ന്‌ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍. ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നിസ്‌ നാലാം റൗണ്ടില്‍ നിന്നും പുറത്തായ ശേഷം സംസാരിക്കവെ തോല്‍വിക്ക്‌ കാരണം എതിരാളിയുടെ മികവിനേക്കാള്‍ തന്റെ ആലസ്യമായിരുന്നെന്ന്‌ റോളണ്ട്‌ ഗാരോസില്‍ നാല്‌ തവണ കിരീടം ഉയര്‍ത്തിയ സ്‌പാനിഷ്‌ താരം പറഞ്ഞു. 6-2, 6-7, (2-7),6-4, 7-6, (7-2) എന്ന സ്‌ക്കോറിനാണ്‌ നദാലിനെ സ്വീഡനില്‍ നിന്നുള്ള റോബിന്‍ സോഡര്‍ലിംഗ്‌ പരാജയപ്പെടുത്തിയത്‌. 24 കാരനായ താരം ഇതിന്‌ മുമ്പ്‌ മൂന്ന്‌ തവണ നദാലുമായി കളിച്ചിരുന്നു. അപ്പോഴെല്ലാം തോല്‍വിയില്‍ തലകുനിക്കേണ്ടിവന്നുവെങ്കിലും ഫ്രഞ്ച്‌ ഓപ്പണ്‍ സെന്റര്‍ കോര്‍ട്ടില്‍ അപാര ഫോമില്‍ കളിച്ചപ്പോള്‍ അപ്രതീക്ഷിത വിജയം കൈക്കുളില്‍ വരുകയായിരുന്നു. പരാജയത്തില്‍ കാര്യമുണ്ടെന്നും എന്നാല്‍ എല്ലാം പെട്ടെന്ന്‌ അവസാനിച്ചുവെന്ന്‌്‌ കരുതുന്നില്ലെന്നുമാണ്‌ നദാല്‍ പറയുന്നത്‌. കളിമണ്‍ കോര്‍ട്ടിലെ പ്രിയതാരമായി അറിയപ്പെടുന്ന നദാലിന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ റോളണ്ട്‌ ഗാരോസില്‍ പിഴക്കുന്നത്‌. കഴിഞ്ഞ നാല്‌ തവണയും അദ്ദേഹം ഇവിടെ കിരീടം വെച്ച രാജാവായിരുന്നു. ഫ്രഞ്ച്‌ ഓപ്പണ്‍ എന്നാല്‍ അത്‌ നദാല്‍ എന്നതായിരുന്നു എല്ലാവരുടെയും വാക്കുകള്‍. ഇവിടെ മൂന്ന്‌ തവണ കിരീടം സ്വന്തമാക്കിയ സ്വിഡിഷ്‌ താരമായ മാറ്റ്‌സ്‌്‌ വിലാന്‍ഡര്‍ തന്നെ സത്യം സമ്മതിക്കുന്നു-എനിക്ക്‌ വിശ്വസിക്കാനാവുന്നില്ല. നദാലിന്റെ കരിയറില്‍ തോല്‍വി ഉണ്ടാവുമെന്നുറപ്പായിരുന്നു. പക്ഷേ അത്‌ ഫ്രഞ്ച്‌ ഓപ്പണ്‍ സെന്റര്‍ കോര്‍ട്ടില്‍ നടക്കുമെന്ന്‌ കരുതിയിരുന്നില്ലെന്ന്‌ വിലാന്‍ഡര്‍ പറഞ്ഞു. ഫ്രഞ്ച്‌ ഓപ്പണില്‍ കാണികളുടെ പിന്തുണ നേടുന്നതിലും നദാല്‍ ഇത്തവണ പരാജയമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പാരിസ്‌ മാസ്റ്റേഴ്‌സില്‍ വെച്ച്‌ കാണികളും നദാലും ഉടക്കിയിരുന്നു. അതിന്റെ അലയൊലികള്‍ ഇത്തവണയുമുണ്ടായിരുന്നു.
പുറത്ത്‌
പാരീസ്‌: ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നിസ്‌ പുരുഷ ഡബിള്‍സില്‍ നിന്ന്‌ ഇന്ത്യയുടെ മഹേഷ്‌ ഭൂപതി, ബഹമാസിന്റെ മാര്‍ക്‌ നോളസ്‌ സഖ്യം പുറത്തായി. സീഡ്‌ ചെയ്യപ്പെടാത്ത അര്‍ജന്റീനയുടെ ജോസ്‌ അകുസോ, ചിലിയുടെ ഫെര്‍ണാണ്ടോ ഗോണ്‍സാലസ്‌ സഖ്യത്തോടാണ്‌ ഇന്ത്യന്‍-ബഹമാസ്‌ സഖ്യം തോറ്റത്‌. സ്‌ക്കോര്‍ 7-5, 4-6,6-4. നേരത്തെ മിക്‌സഡ്‌ ഡബിള്‍സില്‍ നിന്ന്‌്‌ ഭൂപതി-സാനിയ മിര്‍സ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

ക്വാര്‍ട്ടര്‍ ഇന്ന്‌ മുതല്‍
ചെന്നൈ: സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗ്‌ മല്‍സരങ്ങള്‍
ക്ക്‌ ഇന്ന്‌ തുടക്കം. ആദ്യ മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ പഞ്ചാബ്‌ ശക്തരായ മണിപ്പൂരിനെ നേരിടും. രണ്ടാം മല്‍സരം പശ്ചിമ ബംഗാളും ആതിഥേയരായ തമിഴ്‌നാടും തമ്മിലാണ്‌. ക്വാര്‍ട്ടര്‍ ഘട്ടം മുതലുളള മല്‍സരങ്ങള്‍ സി സ്‌പോര്‍ട്‌സിലും ടെന്‍ സ്‌പോര്‍ട്‌സിലുമായി തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്‌. ചെന്നൈ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നത്തെ ആദ്യ മല്‍സരം വൈകീട്ട്‌ നാല്‌ മുതല്‍ സീ സ്‌പോര്‍ട്‌സില്‍ കാണാം. രണ്ടാം മല്‍സരം 6-30 മുതലാണ്‌. സന്തോഷ്‌ ട്രേഫി മല്‍സരങ്ങള്‍ ടെന്‍ സ്‌പോര്‍ട്‌സ്‌ വഴി ഗള്‍ഫ്‌ രാജ്യങ്ങളിലും അമേരിക്കയിലും കാണാം.

സ്‌പാനിഷ്‌ ടീമിനെ പ്രഖ്യാപിച്ചു
മാഡ്രിഡ്‌: ഈ മാസം പതിനാലിന്‌ ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുന്ന ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളിനുള്ള 23 അംഗ സ്‌പാനിഷ്‌ ടീമിനെ കോച്ച്‌ വിസന്റെ ഡെല്‍ബോസ്‌ക്‌ പ്രഖ്യാപിച്ചു. യൂറോപ്യന്‍ വന്‍കരാ കിരീടം സ്‌പെയിനിന്‌ സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചവരെല്ലാം കോണ്‍ഫെഡറേഷന്‍സ്‌ ടീമിലുണ്ട്‌. ഫെര്‍ണാണ്ടോ ടോറസ്‌, ആന്‍ഡ്രിയാസ്‌ ഇനിയസ്‌റ്റ, ഡേവിഡ്‌ വിയ, സാവി, ഇകാര്‍ കാസിയാസ്‌ എന്നിവരിലുടെ കപ്പ്‌ തന്നെയാണ്‌ കോച്ച്‌ നോട്ടമിടുന്നത്‌.
ലോക സോക്കറിലെ വലിയ ടീമുകള്‍ മാത്രം സ്വന്തമാക്കിയിട്ടുളള കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ഇത്തവണ സ്‌പെയിന്‍ ഉയര്‍ത്തുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. അണ്ടര്‍ 21-സംഘത്തിലുളള ആറ്‌ പേരാണ്‌ ടീമിലെ പുതുമുഖങ്ങള്‍.
ടീം ഇതാണ്‌: ഗോള്‍കീപ്പര്‍മാര്‍: ഇകാര്‍ കാസിയാസ്‌ (റയല്‍ മാഡ്രിഡ്‌), ജോസ്‌ മാനുവല്‍ റൈന (ലിവര്‍പൂള്‍), ഡിയാഗോ ലോപസ്‌ (വില്ലാറയല്‍).
ഡിഫന്‍ഡര്‍മാര്‍: കാര്‍ലോസ്‌ പുയോള്‍ (ബാര്‍സിലോണ), റൗള്‍ അല്‍ബിയോള്‍ (വലന്‍സിയ), അര്‍ബിയോള (ലിവര്‍പൂള്‍), ജെറാര്‍ഡ്‌ പിക്‌ (ബാര്‍സിലോണ), സെര്‍ജിയോ റാമോസ്‌ (റയല്‍ മാഡ്രിഡ്‌), കാര്‍ലോസ്‌ മര്‍ചേന (വലന്‍സിയ), ജോവാന്‍ കാപ്പഡില (വില്ലാ റയല്‍).
മിഡ്‌ഫീല്‍ഡര്‍മാര്‍: സെര്‍ജിയോ ബുസ്‌ക്കറ്റ്‌ (ബാര്‍സിലോണ), സാന്റിയാഗോ കാസറോള (വില്ലാ റയല്‍), സെസ്‌ക്‌ ഫാബ്രിഗസ്‌ (ആര്‍സനല്‍), സാവി അലോണ്‍സോ (ലിവര്‍പൂള്‍), ആന്‍ഡ്രിയാസ്‌ ഇനിയസ്റ്റ (ബാര്‍സിലോണ), ഡേവിഡ്‌ സില്‍വ (വലന്‍സിയ), ജുവാന്‍ മാനുവല്‍ മാറ്റ (വലന്‍സിയ), സാവി( ബാര്‍സിലോണ), ആല്‍ബെര്‍ട്ട്‌ റൈറ (ലിവര്‍പൂള്‍).
ഫോര്‍വേഡുകള്‍:ഡാനിയല്‍ ഗുയിസ (ഫെനര്‍ബാഷ്‌), ഫെര്‍ണാണ്ടോ ലോന്‍ഡെ (അത്‌ലറ്റികോ ബില്‍ബാവോ), ഡേവിഡ്‌ വിയ (വലന്‍സിയ), ഫെര്‍ണാണ്ടോ ടോറസ്‌ (ലിവര്‍പൂള്‍)
2010 ല്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോളിന്‌ മുന്നോടിയായി നടത്തപ്പെടുന്ന കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഇത്തവണ ഏഴ്‌ വേദികളിലായാണ്‌ നടത്തപ്പെടുന്നത്‌. വന്‍കരാ ചാമ്പ്യന്മാര്‍ മാത്രം മല്‍സരിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ രണ്ട്‌ ഗ്രൂപ്പുകളിലായാണ്‌ മല്‍സരങ്ങള്‍. ഗ്രൂപ്പ്‌ എ യില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക, ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖ്‌, ഓഷ്യാന ജേതാക്കളായ ന്യൂസിലാന്‍ഡ്‌, യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ എന്നിവരും ബി യില്‍ ലാറ്റിനമേരിക്കന്‍ ജേതാക്കളായ ബ്രസീല്‍, ആഫ്രിക്കന്‍ ജേതാക്കളായ ഈജിപ്‌ത്‌, കോണ്‍കാകാഫ്‌ ജേതാക്കളായ അമേരിക്ക, ലോക ചാമ്പ്യന്മാരായ ഇറ്റലി എന്നിവരും കളിക്കുന്നു. 14 ന്‌ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയും ഇറാഖുമാണ്‌ പ്രതിയോഗികള്‍. രണ്ടാം മല്‍സരത്തില്‍ ന്യൂസിലാന്‍ഡ്‌ സ്‌പെയിനുമായി കളിക്കും. ബി ഗ്രൂപ്പിലെ മല്‍സരങ്ങള്‍ 15ന്‌ ബ്രസീലും ഈജിപ്‌തും തമ്മിലുളള കളിയോടെ ആരംഭിക്കും. അമേരിക്കയും ഇറ്റലിയും തമ്മിലാണ്‌ രണ്ടാമത്‌ മല്‍സരം.

പാക്കിസ്‌താന്‍ തിരിച്ചുവരും
ലണ്ടന്‍: മാര്‍ച്ചില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന്‌ സമീപം നടന്ന ആക്രമണ സംഭവങ്ങളെ തുടര്‍ന്ന്‌ ലോക ക്രിക്കറ്റില്‍ ഒറ്റപ്പെട്ട പാക്കിസ്‌താന്‍ 20-ടൊന്റി ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചുവരുമെന്ന്‌ നായകന്‍ യൂനസ്‌ഖാന്‍. ലോകകപ്പില്‍ പങ്കെടുക്കാനെത്തിയ നായകന്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ലാഹോര്‍ സംഭവങ്ങള്‍ക്ക്‌ ശേഷം ലോക വേദികളില്‍ പാക്കിസ്‌താന്‍ താരങ്ങള്‍ക്ക്‌ സ്ഥാനമുണ്ടായിരുന്നില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ പോലും അവസരം ലഭിച്ചില്ല. അല്‍പ്പകാലത്തെ ഒറ്റപെടലിന്‌ ശേഷം ലോക വേദിയിലേക്ക്‌ തിരിച്ചുവരാന്‍ കഴിഞ്ഞതിലെ സന്തോഷം യൂനസ്‌ മറച്ചുവെക്കുന്നില്ല. ആരും പാക്കിസ്‌താനിലേക്ക്‌ വരുന്നില്ല. ഞങ്ങള്‍ക്ക്‌ ആരുമായും കളിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ലോകകപ്പില്‍ ലഭിക്കുന്ന അവസരം വളരെ വലുതാണ്‌. കഴിഞ്ഞ ലോകകപ്പില്‍ പാക്കിസ്‌താന്‍ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. ഫൈനലില്‍ ഇന്ത്യക്കെതിരെ അവസാന പന്തിലാണ്‌ കിരീടം പോയത്‌. ഇത്തവണ കരുത്തോടെ തിരിച്ചുവരാന്‍ ടീമിനാവും. ഇന്ത്യ പോലുളള ടീമിലെ താരങ്ങള്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച ക്ഷീണത്തിലാണെങ്കില്‍ പാക്‌ താരങ്ങള്‍ക്ക്‌ മല്‍സരാധിക്യ പ്രശ്‌നമില്ല. 20-ടൊന്റി ക്രിക്കറ്റ്‌ അതിവേഗ ക്രിക്കറ്റാണെങ്കിലും ആരോഗ്യത്തോടെ കളിച്ചാല്‍ തീര്‍ച്ചയായും വിജയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

No comments: