Friday, June 26, 2009

UNLUCKY S.A




ബ്രസീല്‍ രക്ഷപ്പെട്ടു
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ദക്ഷിണാഫ്രിക്കക്ക്‌ ഭാഗ്യമുണ്ടായിരുന്നില്ല.... അഞ്ച്‌ തവണ ലോകപ്പട്ടം സ്വന്തമാക്കിയ ബ്രസീലുകാരെ 88 മിനുട്ട്‌ വരച്ച വരയില്‍ നിര്‍ത്തിയിട്ടും തോല്‍ക്കാന്‍ വിധിക്കപ്പെട്ടവരായി ആതിഥേയര്‍ കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോളില്‍ നിന്ന്‌ പുറത്ത്‌ പോയപ്പോള്‍ നാട്ടുകാരുടെ മുഖത്ത്‌ മ്ലാനതയായിരുന്നു. ബ്രസീലിനെ തങ്ങളുടെ ടീം തോല്‍പ്പിക്കുമെന്ന്‌ അവരാരും കരുതിയിരുന്നില്ല. പക്ഷേ സെമി അങ്കത്തില്‍ ആഫ്രിക്കന്‍ താരങ്ങള്‍ പുലിക്കുട്ടികളെ പോലെ കളിച്ചപ്പോള്‍ അവര്‍ വിജയം അര്‍ഹിച്ചിരുന്നു. അത്രമാത്രം മന: സാന്നിദ്ധ്യത്തോടെയാണ്‌ എല്ലാവരും കളിച്ചത്‌. പക്ഷേ ലോംഗ്‌ വിസിലിന്‌ രണ്ട്‌ മിനുട്ട്‌ മാത്രം ബാക്കിനില്‍ക്കെ ബ്രസീലുകാരന്‍ ഡാനിയല്‍ ആല്‍വസിന്റെ ഫ്രീകിക്ക്‌ എല്ലാ പ്രതീക്ഷകളെയും കാറ്റില്‍പ്പറത്തി. ബ്ലോം ഫോണ്‍ടെയിനില്‍ നടന്ന ആദ്യ സെമിയില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനിനെ അമേരിക്ക മുക്കിയതില്‍ നിന്നും ബ്രസീലുകാര്‍ പാഠമുള്‍കൊണ്ടിരുന്നു. സ്‌പെയിന്‍ ഏറ്റവുമെളുപ്പത്തില്‍ അമേരിക്കക്കാരെ വീഴ്‌ത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്‌. മാന്‍ ടു മാന്‍ മാര്‍ക്കിംഗ്‌ എന്ന തന്ത്രത്തില്‍ അടിയുറച്ച്‌ നിന്ന്‌്‌ അമേരിക്ക കാട്ടിയ വിപ്ലവം അതേ പടി അനുകരിക്കാന്‍ ദക്ഷിണാഫ്രിക്കക്കാര്‍ ശ്രമിച്ചപ്പോള്‍ ബ്രസീലിന്റെ ലോകോത്തര മുന്‍നിരയും മധ്യനിരയും വെള്ളം കുടിച്ചു.
ഡുംഗെയുടെ സംഘത്തില്‍ നിറയെ അനുഭവസമ്പന്നരായ താരങ്ങളായിരുന്നു. ചെല്‍സിക്കാരന്‍ കക്കയായിരുന്നു മുന്നണിപ്പോരാളി. മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ റോബിഞ്ഞോ പറന്നുനടന്നു. ഇവരെ പിടിച്ചുകെട്ടുക എളുപ്പമായിരുന്നില്ല. പക്ഷേ ദക്ഷിണാഫ്രിക്കയുടെ ഓരോ ഡിഫന്‍ഡര്‍മാര്‍ക്കും വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. കക്കയെ ഒരു തരത്തിലും അവര്‍ സ്വതന്ത്രമാക്കിയില്ല. സബ്‌സ്റ്റിറ്റിയൂട്ടായി രംഗത്തിറങ്ങിയ ബാര്‍സിലോണക്കാരന്‍ ആല്‍വസിന്റെ ഫ്രി കിക്ക്‌ ഗോള്‍വലയിലേക്ക്‌ പ്രവേശിക്കും വരെ ആഫ്രിക്കന്‍ ഗോള്‍ക്കീപ്പര്‍ തുംലെംഗ്‌ ഗുനെ അസാമാന്യ ഫോമിലായിരുന്നു.
റോബര്‍ട്ടോ കാര്‍ലോസിനെ പോലുളള മുന്‍ഗാമികള്‍ പായിക്കാറുളള ബുളറ്റ്‌ ഷോട്ടാണ്‌ ആല്‍വസ്‌ പായിച്ചത്‌. ആഫ്രിക്കന്‍ പ്രതിരോധ മതിലും കടന്ന്‌ പന്ത്‌ വലയിലേക്ക്‌ തുളച്ചുകയറിയ കാഴ്‌ച്ചയില്‍ ഗോള്‍ക്കീപ്പര്‍ തീര്‍ത്തും നിസ്സഹായനായിരുന്നു. ഗോള്‍ വീഴുമ്പോള്‍ തിരിച്ചടിക്കാന്‍ പോലുമുളള സമയം ആതിഥേയര്‍ക്കുണ്ടായിരുന്നില്ല. അവരാകെ തരിച്ചുപോയിരുന്നു. പ്രതിരോധമായിരുന്നു ആഫ്രിക്കന്‍ കരുത്ത്‌. സ്‌പെയിനിനെ ഇറാഖ്‌ പിടിച്ചുനിര്‍ത്തിയതും അമേരിക്ക തോല്‍പ്പിച്ചതും പ്രതിരോധ മികവിലായിരുന്നു. പ്രതിരോധത്തില്‍ ശ്രദ്ധിച്ചാല്‍ ബ്രസീലുകാരെ വെള്ളം കുടിപ്പിക്കാമെന്ന സത്യത്തില്‍ പാറ പോലെ ഉറച്ചുനിന്ന ബൂത്ത്‌ എന്ന ഉയരക്കാരന്‍ ഡിഫന്‍ഡര്‍ കാണികളുടെ കൈയ്യടി യഥേഷ്ടം നേടി. മല്‍സരത്തിന്റെ നാലാം മിനുട്ടില്‍ ദക്ഷിണാഫ്രിക്കയുടെ തകര്‍പ്പനൊരു മുന്നേറ്റത്തില്‍ ബ്രസീല്‍ കഷ്ടിച്ചാണ്‌ രക്ഷപ്പെട്ടത്‌. ടികോ മോഡിസായിരുന്നു ചാട്ടൂളി കണക്കെ ബ്രസീല്‍ ഡിഫന്‍ഡര്‍ ലൂസിയോയെ കബളിപ്പിച്ച്‌ പാഞ്ഞുകയറിയത്‌. ഫെലിപോ മിലോ, സ്‌റ്റിവന്‍ പിയാനര്‍ എന്നിവരും അവസരങ്ങളില്‍ മിന്നി.
പതിനാലാം മിനുട്ട്‌ വരെ കാക്കേണ്ടി വന്നു ബ്രസീലിന്‌ ആദ്യ ആസുത്രിത ആക്രമണത്തിന്‌. വലത്‌ വിംഗിലൂടെ കുതിച്ചുകയറിയ മൈകോണ്‍ ലൂസിയോ ഫാബിയാനോയെ ലക്ഷ്യമിട്ട്‌ നല്‍കിയ പന്ത്‌ പെനാല്‍ട്ടി ബോക്‌സിനരികില്‍ വെച്ച്‌ റാമിറസിന്‌ ലഭിച്ചു. അദ്ദേഹത്തിന്റെ ഇടംകാലന്‍ ഷോട്ട്‌ പക്ഷേ ആഫ്രിക്കന്‍ ഗോള്‍ക്കീപ്പറുടെ കരങ്ങളിലേക്കായിരുന്നു. അടുത്ത മിനുട്ടില്‍ തന്നെ ലാറ്റിനമേരിക്കന്‍ ടീമിന്റെ ഗോള്‍ക്കീപ്പര്‍ ജൂലിയോ സീസറും പരീക്ഷിക്കപ്പെട്ടു. സിബോനിസോ ഗാക്‌സയുടെ തകര്‍പ്പന്‍ ഷോട്ട്‌ നേരിയ മാര്‍ജിനിലാണ്‌ പുറത്തായത്‌. ഒന്നാം പകുതിയില്‍ കക്കക്ക്‌ കാര്യമായ റോളുണ്ടായിരുന്നില്ല. രണ്ടാം പകുതിയാരംഭിച്ചതും അദ്ദേഹം സ്വന്തം സാന്നിദ്ധ്യം അറിയിച്ചു. ഇടത്‌ വിംഗിലുടെ ഓടിക്കയറി പെനാല്‍ട്ടി ബോക്‌സിന്‌ സമീപത്ത്‌ നിന്ന്‌ പത്താം നമ്പറുകാരന്‍ പായിച്ച ഷോട്ടിന്‌ വേഗതയുണ്ടായിരുന്നു. പക്ഷേ അല്‍പ്പം വിത്യാസത്തില്‍ അകന്നു. ആവേശകരമായി മല്‍സരം നീങ്ങവെയാണ്‌ ഭാഗ്യം ആല്‍വസിലൂടെ ബ്രസീലുകാരനായത്‌.
ഇന്ന്‌ മല്‍സരമില്ല. നാളെ നടക്കുന്ന ഫൈനലില്‍ അമേരിക്കയാണ്‌ ബ്രസീലിന്റെ പ്രതിയോഗികള്‍. രണ്ട്‌ ടീമുകളും ഗ്രൂപ്പ്‌ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന്‌ ഗോളുകള്‍ വാങ്ങിയവരാണ്‌ അമേരിക്ക.

ക്രിക്കറ്റ്‌
കിംഗ്‌സ്‌റ്റണ്‍: രണ്ട്‌ വര്‍ഷം മുമ്പ്‌ വിന്‍ഡീസ്‌ മണ്ണില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത്‌ ഒരിക്കലും മറക്കാനാവില്ലെന്ന്‌ ഇന്നലെ മല്‍സരത്തിന്‌ മുമ്പ്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി അഭിപ്രായപ്പെട്ടിരുന്നു. ലോകകപ്പ്‌ സ്വന്തമാക്കാന്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്ത്വത്തില്‍ പോയ ഇന്ത്യന്‍ ടീം കരിബീയിന്‍ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ നാണംകെട്ട്‌ പുറത്തായിരുന്നു. ബംഗ്ലാദേശിനെതിരെ പോലും വിജയിക്കാന്‍ ഇന്ത്യക്കായിരുന്നില്ല. കരീബിയന്‍ മണ്ണ്‌ നല്‍കിയ ആ ഓര്‍മ്മകള്‍ മറക്കാന്‍ കഴിയില്ലെന്നും ആ ഓര്‍മകള്‍ മായ്‌ക്കാന്‍ കഴിയണമെങ്കില്‍ ഈ പരമ്പര ജയിക്കണമെന്നും ധോണി പറഞ്ഞിരുന്നു.
അനുഭവസമ്പന്നരായ താരങ്ങളുടെ അസാന്നിദ്ധ്യം പ്രശ്‌നമാണ്‌. പക്ഷേ പരുക്കിനെ തടയാന്‍ കഴിയില്ല. സഹീര്‍ഖാനും വീരേന്ദര്‍ സേവാഗും കരുത്തരാണ്‌. രണ്ട്‌ പേര്‍ക്കും ഇവിടെ വരാന്‍ കഴിയാതിരുന്നത്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ്‌. അവര്‍ക്ക്‌ പകരം അവസരം ലഭിക്കുന്ന യുവതാരങ്ങള്‍ക്ക്‌ മുന്നില്‍ ശക്തമായ വെല്ലുവിളിയുണ്ട്‌. നന്നായി കളിച്ചാല്‍ ടീമിലെ സ്ഥാനം നിലനിര്‍ത്താനാവും. പരുക്കുകള്‍ ചിലപ്പോള്‍ നല്ലതിനാണ്‌. റിസര്‍വ്‌ ടീമിലെ എല്ലാവരെയും ഉപയോഗപ്പെടുത്താനാവും. ഇന്ത്യ പോലെ വലിയ ഒരു രാജ്യത്ത്‌ ക്രിക്കറ്റ്‌ പ്രതിഭക്ക്‌ പഞ്ഞമില്ല. രാജ്യാന്തര ക്രിക്കറ്റില്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്‌ പ്രധാനം. വിന്‍ഡീസ്‌ പോലെ തീര്‍ത്തും വിത്യസ്‌തമായ മൈതാനങ്ങളില്‍ കളിക്കുമ്പോള്‍ സാഹചര്യങ്ങളെ പഠിക്കണം. അതിന്‌ യുവതാരങ്ങള്‍ക്ക്‌ കഴിയണമെന്നും ക്യാപ്‌റ്റന്‍ നിര്‍ദ്ദേശിച്ചു.

ഇനി അടുത്ത കളി
ലാഹോര്‍: പാക്കിസ്‌താനിലെ മുഖ്യ പത്രങ്ങളുടെ സ്‌പോര്‍ട്‌സ്‌ താളുകളില്‍ ഇപ്പോഴും ലോകകപ്പ്‌ നേട്ടത്തിന്റെ അലയൊലികളാണ്‌. പാക്കിസ്‌താന്‍ താരങ്ങള്‍ക്ക്‌ സ്വന്തം തട്ടകങ്ങളില്‍ ലഭിക്കുന്ന സ്വീകരണത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളുമായി പാക്‌ ക്രിക്കറ്റ്‌ ആഘോഷം തുടരുമ്പോള്‍ ടീമിന്‌ ക്യാപ്‌റ്റന്‍ യൂനസ്‌ഖാന്റെ മുന്നറിയിപ്പ്‌. അടുത്ത മാസം ശ്രീലങ്കക്കെതിരെ ആരംഭിക്കുന്ന പരമ്പരയെക്കുറിച്ച്‌ ഗൗരവതരമായി ചിന്തിക്കേണ്ട സമയമായെന്നാണ്‌ ക്യാപ്‌റ്റന്‍ സഹതാരങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്‌. ലോകകപ്പ്‌ നേടിയത്‌ ചരിത്രമായിരിക്കുന്നു. എല്ലാവരും ആ ആഘോഷത്തില്‍ തന്നെ. പക്ഷേ ആഘോഷത്തില്‍ നിന്നും കാര്യത്തിലേക്ക്‌ വരേണ്ട സമയമായിരിക്കുന്നു. ലോര്‍ഡ്‌സിലെ ലോകകപ്പ്‌ ഫൈനലില്‍ തോല്‍പ്പിച്ചത്‌ ലങ്കയെയാണ്‌. അവരെ തന്നെയാണ്‌ ടെസ്‌റ്റ്‌-ഏകദിന പരമ്പരയില്‍ നേരിടാന്‍പോവുന്നത്‌. കുമാര്‍ സങ്കക്കാര എന്ന ബുദ്ധിമാനായ നായകനാണ്‌ ലങ്കയുടെ ശക്തി. അവരുടെ ടീമാണെങ്കില്‍ വളരെ സന്തുലിതമാണ്‌. നല്ല ബൗളര്‍മാരും ബാറ്റ്‌സ്‌മാന്മാരും. അവരുടെ തട്ടകത്തില്‍ വെച്ച്‌ അവരെ നേരിടുമ്പോള്‍ പാക്കിസ്‌താന്‍ ടീം മാനസികമായി കരുതത്‌ കാട്ടണം. പാക്കിസ്‌താന്‍ ടീമിനും തനിക്കുമിപ്പോള്‍ ഇരട്ടി സമ്മര്‍ദ്ദമാണെന്നും യൂനസ്‌ പറഞ്ഞു. ലോകകപ്പ്‌ നേടിയ ടീമാണ്‌. ഇനിയുളള ഓരോ മല്‍സരങ്ങളിലും ജയിക്കണം. ടെസ്‌റ്റ്‌, ഏകദിന ക്രിക്കറ്റില്‍ നിന്നും തീര്‍ത്തും വിത്യസ്‌തമാണ്‌ 20-20. പാക്കിസ്‌താന്‍ ബാറ്റ്‌സ്‌മാന്മാരെല്ലാം ഫോമിലാണ്‌. മുഹമ്മദ്‌ യൂസഫ്‌ എന്ന അനുഭവ സമ്പന്നന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്‌. ബൗളിംഗില്‍ ലോകകപ്പില്‍ മിന്നിയ മുഹമ്മദ്‌ ആമിറുണ്ട്‌. സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡാനിഷ്‌ കനേരിയയെ സഹായിക്കാന്‍ മുഹമ്മദ്‌ അജ്‌മല്‍ എന്ന ഓഫ്‌ സ്‌പിന്നറുണ്ട്‌. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ബൗളറാണ്‌ അജ്‌മലെന്നും യൂനസ്‌ പറഞ്ഞു.
മൂന്ന്‌ ടെസ്റ്റുകളും അഞ്ച്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവുമാണ്‌ പാക്കിസ്‌താന്‍ ടീം ലങ്കയില്‍ കളിക്കുന്നത്‌. ജൂണ്‍ 29ന്‌ കൊളംബോയില്‍ നടക്കുന്ന ത്രിദിന വാം അപ്പ്‌ മല്‍സരത്തോടെയാണ്‌ പരമ്പര ആരംഭിക്കുന്നത്‌.

മഹറൂഫിന്‌ അവസരം
കൊളംബോ: ശ്രീലങ്കന്‍ ദേശീയ ടീമില്‍ തിരിച്ചെത്താന്‍ പര്‍വേസ്‌ മഹറൂഫിന്‌ അവസരം. പാക്കിസ്‌താനെതിരെ നടക്കുന്ന ത്രിദിന വാം അപ്പ്‌ മല്‍സരത്തിനുള്ള ലങ്കന്‍ ഏ ടീമില്‍ മഹറൂഫിനെ കൂടാതെ ചമര കപ്പുഗുഡേര, ഉപുല്‍ തരംഗ, ദില്‍ഹാര ഫെര്‍ണാണ്ടോ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. 20-20 ലോകകപ്പ്‌ ഫൈനല്‍ വരെയെത്തിയ ലങ്കന്‍ സംഘത്തില്‍ മഹറൂഫുണ്ടായിരുന്നു. എന്നാല്‍ ഒരു മല്‍സരത്തിലും ആദ്യ ഇലവനില്‍ അദ്ദേഹത്തിന്‌ അവസരം നല്‍കിയിരുന്നില്ല. തിലിന കന്‍ഡാംബിയാണ്‌ ടീമിനെ നയിക്കുന്നത്‌. ഓപ്പണര്‍ സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെടുന്ന തരംഗ പരനവിതാനക്കും ഈ മല്‍സരം നിര്‍ണ്ണായകമാണ്‌. ലാഹോറില്‍ പാക്കിസ്‌താനെതിരെ നടന്ന വിവാദ അപൂര്‍ണ്ണ ടെസ്‌റ്റില്‍ പരനവിതാന കളിച്ചിരുന്നു. പക്ഷേ ഗദ്ദാഫി സ്റ്റേഡിയത്തിന്‌ അരികില്‍ വെച്ച്‌ ലങ്കന്‍ ടീമിനെ തീവ്രവാദികള്‍ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന്‌ ഈ ടെസ്റ്റ്‌ പൂര്‍ത്തികരിച്ചിരുന്നില്ല. നാളെയാണ്‌ പാക്കിസ്‌താന്‍ ടീം ലങ്കയിലെത്തുന്നത്‌. ശ്രീലങ്കന്‍ ഇലവന്‍ ഇതാണ്‌: തിലീന കാന്‍ഡാംബി (ക്യാപ്‌റ്റന്‍), ചമര കപ്പുഗുഡേര, ഉപുല്‍ തരംഗ, തരംഗ പരനവിതാന, ലാഹിറു തിരിമാനെ, ഗിഹാന്‍ രുപ്‌സിംഗെ, കൗശല്‍ സില്‍വ, മുത്തുമുഡലിംഗെ പുഷ്‌പകുമാര, പര്‍വേസ്‌ മഹറൂഫ്‌, ദില്‍ഹാര ഫെര്‍ണാണ്ടോ,സൂരജ്‌ മുഹമ്മദ്‌, നുവാന്‍ പ്രദീപ്‌, മിലിന്‍ഡ സിരിവര്‍ദ്ധനെ.

സറീന പ്രി ക്വാര്‍ട്ടറില്‍
ലണ്ടന്‍: രണ്ടാം സീഡ്‌ അമേരിക്കയുടെ സറീന വില്ല്യംസ്‌ വിംബിള്‍ഡണ്‍ വനിതാ വിഭാഗം സിംഗിള്‍സ്‌ പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 6-3, 6-4 എന്ന സ്‌ക്കോറിന്‌ റോബര്‍ട്ട വിന്‍സിയെയാണ്‌ സറീന പരാജയപ്പെടുത്തിയത്‌. നിലവിലെ ജേത്രി വീനസ്‌ വില്ല്യംസ്‌ നേരിട്ടുള്ള സെറ്റുകളില്‍ ഉക്രൈന്റെ കാതറിന ബൊന്‍ഡാരങ്കോയെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. സ്‌ക്കോര്‍ 6-3, 6-2. സ്‌പാനിഷ്‌ താരം കാര്‍ലാ സൂരസ്‌ നവാരയാണ്‌ അടുത്ത മല്‍സരത്തില്‍ വീനസിന്റെ എതിരാളി. നവാര 7-5, 4-6, 6-1 എന്ന സ്‌ക്കോറിന്‌ ഏകതറിന മകറോവയെ പരാജയപ്പെടുത്തി.പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ്‌ ഭൂപതി-ബഹമാസിന്റെ മാര്‍ക്‌ നോളസ്‌ സഖ്യം രണ്ടാം റൗണ്ട്‌ ബെര്‍ത്ത്‌ സ്വന്തമാക്കി. സോമദേവ്‌ ദേവ്‌മാന്‍-കെവിന്‍ ആന്‍ഡേഴ്‌സണ്‍ സഖ്യത്തെയാണ്‌ ഭൂപതി-നോളസ്‌ സഖ്യം പരാജയപ്പെടുത്തിയത്‌.
സൈന പുറത്ത്‌
കൊലാലംപൂര്‍: ഇന്തോനേഷ്യന്‍ ഓപ്പണിന്‌ പിറകെ മലേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടവും സ്വന്തമാക്കാനുള്ള ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന്റെ മോഹം പൊലിഞ്ഞു. മലേഷ്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ്‌ പ്രി ഗോള്‍ഡ്‌ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനയില്‍ നിന്നുളള യുവതാരം സിന്‍ വാംഗ്‌ ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 21-14, 21-10. തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം ക്ഷീണിതയായി കാണപ്പെട്ട സൈന 26 മിനുട്ട്‌ കൊണ്ടാണ്‌ വീണത്‌. സൈനയുടെ തോല്‍വിയോടെ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചു. ഡബിള്‍സ്‌ ഒന്നാം സീഡുകളായിരുന്ന വി.ഡിജു-ജ്വാല ഘട്ട സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

No comments: