അട്ടിമറി നമ്പര്‍ വണ്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്: ലോക ഫുട്‌ബോള്‍ ചരിതത്തില്‍ അട്ടിമറികള്‍ നിരവധിയാണ്. കപ്പ് സ്വന്തമാക്കാനെത്തുന്ന വമ്പന്‍ സ്രാവുകളെ പരല്‍ മീനുകളായ ടീമുകള്‍ മലര്‍ത്തിയടിച്ച കാഴ്‌ച്ചകള്‍ ആസ്വാദകലോകം അല്‍ഭുതത്തോടെ കണ്ടിരുന്നിട്ടുണ്ട്. ഇന്നലെ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമിയില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനും കോണ്‍കാകാഫ് ജേതാക്കളായ അമേരിക്കയും മുഖാമുഖം വന്നപ്പോള്‍ ഒരു കുട്ടി പോലും അമേരികക്ക് മാര്‍ക്ക് നല്‍കിയിരുന്നില്ല. പക്ഷേ 90 മിനുട്ടിന് ശേഷം റഫറി ലോംഗ് വിസില്‍ മുഴക്കിയപ്പോള്‍ രണ്ട് ഗോളിന്റെ വിജയവുമായി അമേരിക്കയാണ് ഫൈനല്‍ യോഗ്യത നേടിയത്. ഇപ്പോഴും തോല്‍വിയുടെ ഞെട്ടലില്‍ തന്നെയാണ് സ്‌പെയിന്‍.
ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഇത് വരെയുളള അട്ടിമറികളില്‍ ഒന്നാം സ്ഥാനത്ത് ഉത്തര കൊറിയക്കാരായിരുന്നു. 1966 ലെ ലോകകപ്പ് ഫുട്‌ബോളില്‍ ഒരു സാധ്യതയും കല്‍പ്പിക്കാതെ കടന്നെത്തിയ ഉത്തര കൊറിയന്‍ ടീം കരുത്തരായ താരങ്ങളുമായെത്തിയ ഇറ്റലിയെ ഒരു ഗോളിന് മറിച്ചിട്ടപ്പോള്‍ ആര്‍ക്കും അത് വിശ്വസിക്കാനായിരുന്നില്ല. 1990 ലെ ലോകകപ്പിലും ഇതേ പോലെ വലിയ അട്ടിമറി നടന്നു. നിലവിലെ ജേതാക്കളായി വന്ന സാക്ഷാല്‍ ഡീയാഗോ മറഡോണയുടെ അര്‍ജന്റീനയെ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്‌ഘാടന മല്‍സരത്തില്‍ ആഫ്രിക്കന്‍ പ്രതിനിധികളായ കാമറൂണ്‍ മറിച്ചിട്ടു. അത് വരെ ആര്‍ക്കുമറിയില്ലായിരുന്നു കാമറൂണ്‍ എന്ന കറുത്ത രാജ്യത്തെക്കുറിച്ച്. ജോര്‍ജ്ജ് മില്ല എന്ന മധ്യനിരക്കാരന്റെ കരുത്തില്‍ അവര്‍ വന്‍ അട്ടിമറി നടത്തിയപ്പോള്‍ മറഡോണക്ക് പോലും മറുപടിയുണ്ടായിരുന്നില്ല. 2002 ല്‍ ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പും വലിയ അട്ടിമറിക്കാണ് ആദ്യ മല്‍സരത്തില്‍ തന്നെ സാക്ഷ്യം വഹിച്ചത്. 98 ല്‍ സ്വന്തം തട്ടകത്ത് നടന്ന ലോകകപ്പ് ഫൈനലില്‍ ശക്തരായ ബ്രസീലിനെ 1-3 ന് തോല്‍പ്പിച്ച് ലോക കിരീടം നേടിയ സൈനുദ്ദീന്‍ സിദാന്റെ ഫ്രാന്‍സ് സെനഗല്‍ എന്ന കൊച്ചു ആഫ്രിക്കന്‍ രാജ്യത്തിന് മുന്നില്‍ തല വെച്ച കാഴ്‌ച്ചയില്‍ ആരാധകര്‍ നിശബ്ദരായ ചിത്രം ഓര്‍മ്മയില്‍ നിന്നും മാറ്റാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കാവില്ല.
വമ്പന്‍ അട്ടിമറികളുടെ പട്ടികയില്‍ ഡെന്മാര്‍ക്ക് എന്ന രാജ്യവുമുണ്ട്. 1992 ല്‍ നടന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വപ്‌നതുല്യമായ പ്രകടനം നടത്തിയാണ് ഡാനിഷ് സംഘം കപ്പ് സ്വന്തമാക്കിയത്. യൂറോ ഫൈനല്‍ റൗണ്ട് യോഗ്യത നേടിയവരുടെ പട്ടികയില്‍ ഡെന്മാര്‍ക്ക് ഉണ്ടായിരുന്നില്ല. പക്ഷേ യൂഗോസ്ലാവ്യയെ രാഷ്ട്രീയ കാരണങ്ങളാല്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് അകറ്റിനിര്‍ത്തിയപ്പോള്‍ ആ ബെര്‍ത്ത് ഡാനിഷ് സംഘത്തിന് ലഭിച്ചു. പിന്നെ കണ്ടത് അവിസ്‌മരണീയ യാത്രയായിരുന്നു. എല്ലാ മല്‍സരങ്ങളും ജയിച്ച് ഡെന്മാര്‍ക്ക് കപ്പുമായാണ് മടങ്ങിയത്. 2004 ലെ യൂറോയില്‍ ഗ്രീസ് നടത്തിയ ജൈത്രയാത്രയും സോക്കര്‍ ലോകം മറക്കില്ല.
1950 ലെ ലോകകപ്പില്‍ ബ്രസീല്‍ കപ്പില്‍ മുത്തമിടുമെന്ന് പറഞ്ഞവര്‍ക്ക് മുന്നിലാണ് അയല്‍ക്കാരായ ഉറുഗ്വേക്കാര്‍ ഒന്നാമന്മാരായത്. 54 ലെ ലോകകപ്പിലെ ഫേവറിറ്റ് ടീം ഹംഗറിയായിരുന്നു. തുടര്‍ച്ചയായി നാല് വര്‍ഷങ്ങളില്‍ ഒരു മല്‍സരവും തോല്‍ക്കാത്തവര്‍. ലോകകപ്പ്‌്‌് തുടങ്ങിയപ്പോള്‍ പശ്ചിമ ജര്‍മനിയെ 8-3 നാണ് ഹംഗറിക്കാര്‍ തകര്‍ത്തത്. ഫൈനലില്‍ പശ്ചിമ ജര്‍മനിയും ഹംഗറിയും മുഖാമുഖം വന്നപ്പോള്‍ എല്ലാവരും മാര്‍ക്കിട്ടത് ഹംഗറിക്ക്. തുടക്കത്തില്‍ രണ്ട് ഗോളിന് മുന്നിട്ടു നിന്ന ഹംഗറിക്കാര്‍ അവസാനത്തില്‍ മൂന്ന് ഗോള്‍ വാങ്ങി തോറ്റപ്പോള്‍ മുക്കത്ത് വിരല്‍ വെക്കാത്തവരായി ആരുമുണ്ടായിരുന്നില്ല.
ഇതാദ്യമായല്ല സ്‌പെയിന്‍ വന്‍ അട്ടിമറിക്ക് മുന്നില്‍ തലകുത്തി വീഴുന്നത്. 98 ലെ ലോകകപ്പില്‍ നൈജീരിയക്ക് മുന്നില്‍ തകര്‍ന്നവരാണ് കാളപ്പോരിന്റെ നാട്ടുകാര്‍. ഇപ്പോള്‍ ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാര്‍ സ്‌പെയിനാണ്. കഴിഞ്ഞ 35 മല്‍സരങ്ങളില്‍ തോവല്‍വിയറിയാതെ മുന്നേറിയവരാണ് ഇന്നലെ അമേരിക്കക്ക് മുന്നില്‍ തോറ്റത്....!
ഹിമാലയത്തില്‍
ബ്ലോംഫോണ്‍ടെയിന്‍: അമേരിക്കന്‍ ഫുട്‌ബോള്‍ താരങ്ങള്‍ ഹിമാലയത്തിന്റെ നെറുകയിലാണിപ്പോള്‍... ടീമിനായി നാളെ നാട്ടിലേക്ക് വിമാന ടിക്കറ്റ് വരെ ബുക് ചെയ്‌ത ഘട്ടത്തില്‍, അപ്രതീക്ഷിതമായി ലഭിച്ച കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനല്‍ ബെര്‍ത്ത് സത്യമാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും പലര്‍ക്കുമാവുന്നില്ല. ഒരു പ്രതീക്ഷയുമില്ലാതെയാണ് അമേരിക്കന്‍ താരങ്ങള്‍ സെമിക്കെത്തിയത്. തോല്‍ക്കും. ഉടന്‍ തന്നെ നാട്ടിലേക്ക് മടങ്ങാം. മടക്ക ടിക്കറ്റുകളെല്ലാം ബുക് ചെയ്‌തിരുന്നു. പക്ഷേ താരങ്ങളെ പോലും അല്‍ഭുതപ്പെടുത്തി അമേരിക്കന്‍ സംഘം ഫൈനല്‍ ബെര്‍ത്താണ് സ്വന്തമാക്കിയത്. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പാനിഷ്‌് സംഘത്തിലെ ഓരോ സൂപ്പര്‍ താരത്തെയും മാര്‍ക് ചെയ്‌തുളള ഡിഫന്‍സീവ് ഗെയിമിലാണ് അമേരിക്ക വിജയം വരിച്ചത്.
സ്‌പെയിനിനെ പോലെ ഒരു ടീമിനെതിരെ ജീവന്‍ നല്‍കി തന്നെ കളിക്കാത്തപക്ഷം തോല്‍വി ഉറപ്പാണ്. അമേരിക്കന്‍ താരങ്ങള്‍ സ്വന്തം ജീവനാണ് ടീമിനായി നല്‍കിയത്. അത് കൊണ്ടാണ് വിജയിച്ചത്-യു.എസ് സംഘത്തില്‍ അംഗമായ ജെ ഡിമെറിറ്റ് പറയുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ വാട്ട്‌ഫോര്‍ഡിനായി കളിക്കുന്ന ഡിമെറിറ്റിന് സ്‌പാനിഷ് സംഘത്തിലെ പ്രീമിയര്‍ ലീഗ് സൂപ്പര്‍താരങ്ങളായ ഫെര്‍ണാണ്ടോ ടോറസിനെയും ഡേവിഡ് വിയയെയും സാവിയെയുമെല്ലാം നന്നായി അറിയാം. സൂപ്പറുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കാതിരുന്നാല്‍ മുന്നോട്ട് പോവാമെന്ന ലക്ഷ്യത്തില്‍ കളിച്ചാണ് അമേരിക്ക വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി പതിനഞ്ച് വിജയങ്ങളുമായി കരുത്തോടെ കളിക്കുന്ന സ്‌പെയിനിന് മുന്നില്‍ അമേരിക്കന്‍ താരങ്ങള്‍ കടന്നാക്രമണത്തിനൊന്നും മുതിര്‍ന്നില്ല. പക്ഷേ ലഭിക്കുന്ന അവസരങ്ങളാണ് ഉപയോഗപ്പെടുത്തിയത്. അങ്ങനെയാണ് ഇരുപത്തിയേഴാം മിനുട്ടില്‍ ജോസി അള്‍ട്ടിഡോര്‍ ഗോള്‍ നേടിയത്.
പ്രതിരോധം സ്‌പാനിഷ്‌് മുന്‍നിരക്കാര്‍ക്കെതിരെ പാറ പോലെ ഉറച്ചുനിന്നതാണ് ഗുണം ചെയ്‌തതെന്ന് അമേരിക്കന്‍ മധ്യനിരക്കാരന്‍ റിക്കാര്‍ഡോ ക്ലാര്‍ക് പറഞ്ഞു. ഇറ്റലിക്കെതിരായ ആദ്യ മല്‍സരത്തില്‍ വെച്ച് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ക്ലാര്‍ക് സ്‌പാനിഷ് പ്രതിയോഗികള്‍ക്കെതിരെ വേഗതയുള്ള സോക്കറാണ് കാഴ്‌ച്ചവെച്ചത്. ഫൈനല്‍ വിസില്‍ മുഴങ്ങിയ ഘട്ടത്തില്‍ പോലും തനിക്ക് വിജയം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് അമേരിക്കന്‍ ടീമിന്റെ നായകന്‍ ബോസന്‍ഡഗ്ര അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ഫുട്‌ബോളിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത വിജയമാണിത്. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിനെ രണ്ട് ഗോളിന് തോല്‍പ്പിക്കാന്‍ കഴിയുക എന്നത് സ്വപ്‌നത്തില്‍ സംഭവിച്ചത് പോലെ തോന്നുന്നതായി നായകന്‍ പറഞ്ഞു. ശക്തരായ പ്രതിയോഗികളെ നേരിടുമ്പോള്‍ സ്വാഭാവിക സമ്മര്‍ദ്ദമുണ്ടാവുമെന്നും എന്നാല്‍ മാന്‍ മാര്‍ക്കിംഗില്‍ ആരും പിറകോട്ട് പോയില്ലെന്നും അമേരിക്കന്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ഒഗുച്ചി ഒനാവു പറഞ്ഞു.
സ്‌പാനിഷ് ട്രാജഡി
ബ്ലോംഫോണ്‍ടെയിന്‍: എന്തൊരു ഗോള്‍ക്കീപ്പിംഗ് ആയിരുന്നു അത്....! അലമാല കണക്കെ സ്‌പാനിഷ് പോരാളികളായ ഫെര്‍ണാണ്ടോ ടോറസും ഡേവിഡ്‌് വിയയും സാവിയുമെല്ലാം നിറയൊഴിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ പോലും പന്തിനെ വലയിലേക്ക് വിടാതെ അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിച്ച ടീം ഹൊവാര്‍ഡ് എന്ന ഗോള്‍ക്കീപ്പറുടെയും പാറ പോലെ ഉറച്ച് നിന്ന പ്രതിരോധനിരക്കാരുടെയും മികവില്‍ അമേരിക്ക കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഫിഫ റാങ്കിംഗിലെ ആദ്യ സ്ഥാനക്കാരായ സ്‌പെയിനിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഇതാദ്യമായി അമേരിക്ക വന്‍കരാ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന മല്‍സരത്തിന് യോഗ്യത നേടിയത്. ജോസി അള്‍ട്ടിഡോര്‍,ക്ലിന്റ് ഡെംസി എന്നിവരാണ് സ്‌പാനിഷ് വലയിലേക്ക് നിറയൊഴിച്ചത്. ബ്രസീല്‍-ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനല്‍ ജേതാക്കളെ ഞായറാഴ്‌ച്ച നടക്കുന്ന ഫൈനലില്‍ അമേരിക്ക നേരിടും.
ആക്രമണ ഫുട്‌ബോളിന്റെ സുന്ദരമുഖവുമായി സ്‌പെയിന്‍ ഒരിക്കല്‍ക്കൂടി ആരാധകരുടെ പിന്തുണ നേടിയപ്പോള്‍ പ്രതിരോധത്തിലായിരുന്നു അമേരിക്കന്‍ കരുത്ത്. മുന്‍നിരക്കാര്‍ തുടരെ തുടരെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ കാഴ്‌ച്ചയില്‍ സ്‌പാനിഷ് ആരാധകര്‍ തളര്‍ന്നപ്പോള്‍ സ്‌റ്റേഡിയത്തില്‍ ആകെയുണ്ടായിരുന്ന നൂറോളം അമേരിക്കന്‍ ആരാധകര്‍ക്ക് ഞെട്ടിപ്പിക്കുന്ന സമ്മാനമായി അള്‍ട്ടിഡോറും ഡെംസിയും കളം നിറഞ്ഞു. തുടര്‍ച്ചയായി പതിനഞ്ച് രാജ്യാന്തര വിജയങ്ങളുമായി കളിക്കാനെത്തിയ സ്‌പെയിനാണ് പ്രതീക്ഷിക്കപ്പെട്ട പോലെ ആദ്യാവസാനം മുന്നേറി കളിച്ചത്. പക്ഷേ ഗോള്‍ മാത്രമടിക്കാന്‍ അവര്‍ മറന്നു. അമേരിക്കയാവട്ടെ ലഭിച്ച അവസരങ്ങളെ ഉപയോഗപ്പെടുത്തി.
സ്‌പാനിഷ് മുന്‍നിരക്കാരായ ഡേവിഡ് വിയയും ഫെര്‍ണാണ്ടോ ടോറസും അപാര ഫോമിലാണ് തുടക്കം മുതല്‍ കളിച്ചത്. ഇവരെ നേരിടാന്‍ അമേരിക്കന്‍ കോച്ച് നിയോഗിച്ചത് ജേ ഡിമെറിറ്റിനെയും ഒഗുച്ചി ഒനാവോയെയുമാണ്. ഇവര്‍ രണ്ട് പേരും തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസം കാത്തു. അമേരിക്കന്‍ സംഘത്തിലെ സീനിയര്‍ താരമായ ലെന്‍ഡണ്‍ ഡോണോവാന്‍ ഒരേ സമയം പ്രതിരോധത്തിലും മധ്യനിരയിലും ആക്രമണത്തിലും മിന്നിയിരുന്നു. സ്‌പാനിഷ് വലയില്‍ പന്ത്‌് എത്തിക്കുകയായിരുന്നില്ല അമേരിക്കന്‍ പ്ലാന്‍. സ്‌പാനിഷ് മുന്‍നിരക്കാരെ പിടിച്ചുകെട്ടുക. വീണുകിട്ടുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്തുക. ഈ തന്ത്രമാണ് വിജയിച്ചത്.
ഒരാളും തന്റെ ടീമിന് സാധ്യത കല്‍പ്പിക്കാതിരുന്നതാണ് ഗുണമായതെന്ന് അമേരിക്കന്‍ കോച്ച് ബോബ് ബ്രാഡ്‌ലി പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെട്ടവരാണ് അമേരിക്ക. ബ്രസീലിനും ഇറ്റലിക്കും മുന്നില്‍ വിയര്‍ത്ത അവര്‍ ഭാഗ്യത്തിന്റെ അകമ്പടിയിലാണ് സെമി ടിക്കറ്റ്‌് നേടിയത്. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ഈജിപ്‌തിനെതിരെ മൂന്ന് ഗോളിന് ജയിക്കാനായതാണ് അവര്‍ക്ക് തുണയായത്.
സ്‌പെയിനിനെ തോല്‍പ്പിക്കാനല്ല തന്റെ ടീം കളിച്ചതെന്ന് കോച്ച് ബ്രാഡ്‌ലി മല്‍സരശേഷം പറഞ്ഞു. അവരുടെ അപകടകാരികളായ മുന്‍നിരക്കാരെ തളര്‍ത്തുകയായിരുന്നു ലക്ഷ്യം. അതില്‍ ടീം വിജയിച്ചു. ശരിക്കുമൊരും ടീം വിജയമാണിത്. എല്ലാവരും സ്വന്തം സംഭാവനകള്‍ മഹത്തരമാക്കിയെന്നും കോച്ച് പറഞ്ഞു. സ്‌പെയിനും ഇറാഖും തമ്മില്‍ നടന്ന മല്‍സരമാണ് അമേരിക്കന്‍ കോച്ച് ഉപയോഗപ്പെടുത്തിയത്. ഇറാഖിനെതിരായ മല്‍സരത്തില്‍ സ്‌പാനിഷ് ടീം വെള്ളം കുടിച്ചിരുന്നു. ഒരു ഗോളിന് വിജയിക്കാന്‍ കഴിഞ്ഞെങ്കിലും ഇറാഖിന്റെ പ്രതിരോധനിരക്കാര്‍ക്ക് മുന്നില്‍ ടോറസും വിയയുമെല്ലാം തളര്‍ന്നിരുന്നു. ഡിഫന്‍സ് ഭദ്രമാക്കിയാല്‍ സ്‌പാനിഷ് പോരാളികളെ പിടിച്ചുകെട്ടാമെന്ന തന്ത്രം ബ്രാഡ്‌ലി മനസ്സിലാക്കിയത് ഇറാഖിന്റെ ഡിഫന്‍സ് പ്രകടിപ്പിച്ച വീര്യം കണ്ടാണ്.
ഇരുപത്തിയേഴാം മിനുട്ടിലായിരുന്നു അമേരിക്കയുടെ ആദ്യ ഗോള്‍. സ്‌പാനിഷ് പ്രതിരോധനിര അമേരിക്കന്‍ മുന്‍നിരക്കാരന്‍ അള്‍ട്ടിഡോറിനെ കാര്യമായെടുത്തില്ല. സ്‌പാനിഷ് ഫുള്‍ബാക് ജോവാന്‍ കാപ്‌ഡെവില്ല അള്‍ട്ടിഡോറിനെ പിടിച്ചുകെട്ടാന്‍ മുന്നോട്ടാഞ്ഞത് ശ്രദ്ധയില്ലാതെയാണ്. ഇയാളെ വേഗതയില്‍ മറികടന്ന അള്‍ട്ടിഡോര്‍ വെറ്ററന്‍ ഗോള്‍ക്കീപ്പര്‍ കാസിയാസിനെയും പരാജിതനാക്കി. ലീഡ് വഴങ്ങേണ്ടി വന്നപ്പോള്‍ സ്‌പെയിനുകാര്‍ നിരന്തരം ആക്രമിക്കാന്‍ തുടങ്ങി. പക്ഷേ ഒരു ഘട്ടത്തില്‍ പോലും യു.എസ് ഗോള്‍ക്കീപ്പര്‍ ഹൊവാര്‍ഡ് വഴങ്ങിയില്ല.
സബിനാപാര്‍ക്കില്‍ ഇന്ന് ആദ്യ ഏകദിനം
കിംഗ്‌സ്റ്റണ്‍: ടി-20 ലോകകപ്പിലെ പരാജയം മറന്ന് മഹേന്ദ്രസിംഗ് ധോണിയും സംഘവും ഇന്ന് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിനിറങ്ങുന്നു. സബീനാ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മല്‍സരം ആരംഭിക്കുന്നത്. സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ഖാന്‍ തുടങ്ങിയവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ടി-20 ലോകകപ്പില്‍ ബംഗ്ലാദേശ്, അയര്‍ലാന്‍ഡ് എന്നീ ദുര്‍ബലര്‍ക്കെതിരെ മാത്രം ജയിച്ച ഇന്ത്യ വിന്‍ഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരോട് പരാജയപ്പെട്ടിരുന്നു. ലോകകപ്പിലെ ദയനീയത മറന്ന് പൂര്‍ണ്ണ കരുത്തില്‍ ഇന്ത്യ കളിക്കുമെന്ന് ധോണി പറഞ്ഞു. രോഹിത് ശര്‍മയും ഗൗതം ഗാംഭീറുമായിരിക്കും ഇന്നിംഗ്‌സിന് തുടക്കമിടുക.
വിന്‍ഡീസില്‍ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡില്ല. അവസാനം നടത്തിയ പര്യടനത്തില്‍ നാല് മല്‍സരങ്ങള്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലോകകപ്പില്‍ സെമി വരെയെത്തിയവരാണ്‌് വിന്‍ഡീസുകാര്‍. ക്യാപ്‌റ്റന്‍ ക്രിസ് ഗെയില്‍, ഓള്‍റൗണ്ടര്‍ ഡ്വിന്‍ ബ്രാവോ എന്നിവരെല്ലാം ഫോമിലാണ്.
സൈന ക്വാര്‍ട്ടറില്‍
കൊലാലംപൂര്‍: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ തകര്‍പ്പന്‍ ഫോം തുടരുന്നു. ഇന്നലെ നടന്ന മൂന്ന് സെറ്റ് പോരാട്ടത്തില്‍ രണ്ടാം സീഡായ സൈന തായ്‌ലാന്‍ഡില്‍ നിന്നുളള പ്രതിയോഗി ഇനതനോണ്‍ റാന്‍ചോക്കിനെ പരാജയപ്പെടുത്തി മലേഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ക്വാര്‍ട്ടറില്‍ കടന്നു. സ്‌ക്കോര്‍ 18-21, 21-12, 21-18. ചൈനയില്‍ നിന്നുളള യുവതാരം സിന്‍ വാംഗാണ് ക്വാര്‍ട്ടറില്‍ സൈനയുടെ പ്രതിയോഗി. ജപ്പാന്റെ ഐ ഗോതോയെയാണ് സിന്‍ വാംഗ് പ്രി ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. സ്‌ക്കോര്‍ 21-14, 21-14.
കുസന്‍സോവ ജയിച്ചു
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് വനിതാ വിഭാഗം സിംഗിള്‍സില്‍ അഞ്ചാം സീഡ് സ്വത്‌ലാന കുസനസോവ മൂന്നാം റൗണ്ടിലെത്തി. ഇന്നലെ നടന്ന മല്‍സരത്തില്‍ മുന്‍ സൂപ്പര്‍ താരം ഫ്രാന്‍സില്‍ നിന്നുള്ള പരോലിന്‍ പാര്‍മാറ്ററിനെ അനായാസം വീഴ്‌ത്തി. സ്‌ക്കോര്‍ 6-1, 6-3. സ്വിസ് സൂപ്പര്‍ താരം റോജര്‍ ഫെഡ്‌റര്‍ സ്‌പെയിനില്‍ നിന്നുള്ള ഗാര്‍സിയ ലോപസിനെ കീഴടക്കി മൂന്നാം റൗണ്ടിലെത്തി. സ്‌ക്കോര്‍ 6-2, 6-2, 6-4.
ടി.വി അമ്പയര്‍ക്ക് അംഗീകാരം
ദുബായ്: ടെസ്റ്റ് ക്രിക്കറ്റില്‍ വീഡിയോ റഫറല്‍ സമ്പ്രദായത്തിന് ഐ.സി.സി അംഗീകാരം നല്‍കി. ഫീല്‍ഡ് അമ്പയറുടെ തീരുമാനങ്ങളില്‍ സംശയമുണ്ടെങ്കില്‍ ടെലിവിഷന്‍ അമ്പയറുടെ അംഗീകാരം തേടാം. ഒക്ടോബര്‍ മുതല്‍ ഈ സിസ്റ്റം നടപ്പാക്കും. ടെസ്റ്റ് മല്‍സരങ്ങള്‍ പകലും രാത്രിയുമായി നടത്തുന്ന കാര്യവും ഐ.സി.സി ആലോചിക്കുന്നുണ്ട്.
No comments:
Post a Comment