Monday, June 15, 2009

DHONI HONEYMOON IS OVER

ഒന്നാം പ്രതി ധോണി
ലോര്‍ഡ്‌സ്‌: മഹേന്ദ്രസിംഗ്‌ ധോണിയാണ്‌ ഒന്നാം പ്രതി-ഒരേ ശബ്ദത്തില്‍ ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ്‌ നിരൂപകരും നായകന്‌ നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണിയുടെ ഹണിമുണ്‍ കാലം അവസാനിക്കുകയാണ്‌. സൂപ്പര്‍ എട്ടില്‍ തുടര്‍ച്ചയായ രണ്ട്‌ തോല്‍വികളുമായി ഇന്ത്യ പുറത്തായതിന്‌ പിന്നില്‍ ക്യാപ്‌റ്റന്‍ കൂള്‍ എന്ന്‌ ഒരു കാലത്ത്‌ വിശേഷിപ്പിക്കപ്പെട്ട ധോണിയുടെ വിഡ്ഡി തീരുമാനങ്ങളാണെന്നാണ്‌ വിലയിരുത്തല്‍. വിന്‍ഡീസിനെതിരായ മല്‍സരത്തില്‍ ഇന്ത്യ തോറ്റതിന്‌ കാരണം ധോണിയുടെ തീരുമാനങ്ങളായിരുന്നു. ആ തെറ്റുകളില്‍ നിന്ന്‌ അദ്ദേഹം പാഠം പഠിച്ചിട്ടുണ്ടാവുമെന്നാണ്‌ കരുതിയത്‌. പക്ഷേ ഇംഗ്ലണ്ടിനെതിരെ നായകനെന്ന നിലയില്‍ മാത്രമല്ല വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയിലും താര്‍ഖണഡുകാരന്‍ വട്ടപൂജ്യമായതാണ്‌ ഇന്ത്യയെ ബാധിച്ചത്‌.
ടോസ്‌ നേടിയപ്പോള്‍ ഫീല്‍ഡിംഗ്‌ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്‌ വിന്‍ഡീസിനെതിരായ മല്‍സരത്തിലെ അനുഭവം വെച്ചാണ്‌. ആ മല്‍സരത്തില്‍ ടോസ്‌ നേടിയിട്ടും ആദ്യം ബാറ്റ്‌ ചെയ്യാനായിരുന്നു ഇന്ത്യ തീരുമാനിച്ചത്‌. ടീമിന്റെ തോല്‍വിക്ക്‌ കാരണം ആ തീരുമാനമായിരുന്നു. ഫീല്‍ഡിംഗിലെ നിസ്സഹായതയും ടീമിനെ ബാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ ടോസ്‌ നേടിയപ്പോള്‍ ധോണി ഫീല്‍ഡിംഗാണ്‌ തീരുമാനിച്ചത്‌. ഇര്‍ഫാന്‍ പത്താന്‌ പകരം ആര്‍.പി.സിംഗിനെയും പ്രഗ്യാന്‍ ഒജക്ക്‌ പകരം രവീന്ദു ജഡേജയെയും കളിപ്പിച്ചു. ഈ തീരുമാനങ്ങള്‍ പക്ഷേ ഉദ്ദേശിച്ച ഗുണം ചെയ്‌തില്ല. ഇന്ത്യന്‍ തോല്‍വിക്ക്‌ പ്രധാന കാരണമായത്‌ രവി ബോപ്പാരയുടെയും കെവിന്‍ പീറ്റേഴ്‌സന്റെയും തന്റെ ലെഫ്‌റ്റ്‌ ആം സ്‌പിന്നില്‍ പുറത്താക്കി മികവു കാട്ടിയ ജഡേജയുടെ ദയനീയ ബാറ്റിംഗായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്‌ ശര്‍മ്മയും വണ്‍ ഡൗണില്‍ വന്ന സുരേഷ്‌ റൈനയും പുറത്തായപ്പോള്‍ പകരം ക്രീസിലെത്തിയത്‌ ജഡേജയായിരുന്നു. കാണികളും ക്രിക്കറ്റ്‌ ലോകവും നാലാം നമ്പറില്‍ കാത്തിരുന്നത്‌ ഫോമിലുളള യുവരാജ്‌ സിംഗിനൊയിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരം കളിക്കുന്ന ജഡേജയുടെ തപ്പിതടയല്‍ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ക്ക്‌ മല്‍സരത്തില്‍ പിടിമുറുക്കാന്‍ അവസരമേകി.
നാലാം നമ്പറില്‍ ധോണി എന്തിനു ജഡേജയെ ഇറക്കി...? ഈ ചോദ്യത്തിന്‌ ധോണി ഉത്തരം നല്‍കിയിട്ടില്ല. ഒരു തരത്തിലും പിഞ്ച്‌ ഹിറ്ററായിരുന്നില്ല ജഡേജ. വലിയ ഷോട്ടുകള്‍ കളിക്കാറുമില്ല. പ്രതിരോധക്കാരനുമായിരുന്നില്ല.പിന്നെ എന്തായിരുന്നു നിര്‍ണ്ണായകമായ ആ സമയത്ത്‌ യുവതാരത്തെ കളിപ്പിക്കാനുളള ചേതോ വികാരം..? 35 പന്തുകളാണ്‌ ജഡേജ നേരിട്ടത്‌. ഇതില്‍ ആകെ നേടിയത്‌ ഒരു ബൗണ്ടറി. ബാറ്റിംഗ്‌ അറിയാത്ത കുട്ടിയെ പോലെ ജഡേജ പതറി നിന്നപ്പോള്‍ ബൗളര്‍മാര്‍ക്ക്‌ പിടിമുറുക്കാന്‍ എളുപ്പമായി. ഗൗതം ഗാംഭീറായിരുന്നു ജഡേജക്ക്‌ കൂട്ട്‌. ഡല്‍ഹിക്കാരനും ആക്രമിക്കാനുളള താല്‍പ്പര്യമെടുത്തില്ല. ഈ ഘട്ടമാണ്‌ ഇന്ത്യയെ ചതിച്ചത്‌. 35 പന്തില്‍ 25 റണ്‍സ്‌ നേടിയ ജഡേജ സ്വാനിന്റെ പന്തിലാണ്‌ പുറത്തായത്‌.
നാലാം നമ്പറില്‍ ആ സമയത്ത്‌ അനുയോജ്യരായി മൂന്ന്‌ പേരുണ്ടായിരുന്നു-യുവരാജും യൂസഫ്‌ പത്താനും പിന്നെ ധോണിയും. പക്ഷേ ജഡേജക്ക്‌ അവസരം നല്‍കിയപ്പോള്‍ ഇന്ത്യന്‍ ലക്ഷ്യം അകന്നു.
ജഡേജ നല്‍കിയ ഭആരം യുവരാജിലൂടെ ഇന്ത്യ കുറക്കവെയാണ്‌ ഫോസ്‌റ്റ്‌റുടെ തകര്‍പ്പന്‍ സ്റ്റംമ്പിംഗ്‌ വന്നത്‌. രണ്ട്‌ തകര്‍പ്പന്‍ സിക്‌സറുകള്‍ നേടി സ്‌ക്കോറിംഗ്‌ നിരക്കിന്‌ വേഗത വര്‍ദ്ധിപ്പിച്ച യുവരാജ്‌ സ്വാനിനെ ക്രിസ്‌ വിട്ട്‌ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ ഫോസ്‌റ്റര്‍ അവസരത്തിനൊത്തുയര്‍ന്നത്‌. യുവരാജും പോയപ്പോള്‍ ക്രീസിലെത്തിയ യൂസഫ്‌ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചു. പക്ഷേ ആ സമയടുത്തും തട്ടിമുട്ടാനായിരുന്നു ധോണി ശ്രമിച്ചത്‌. റ്യാന്‍ സൈഡ്‌ബോട്ടം എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത്‌ അതിര്‍ത്തി കടത്തിയത്‌ മാത്രമായിരുന്നു ബാറ്റിംഗില്‍ ധോണിയുടെ സാന്നിദ്ധ്യം തെളിയിച്ചത്‌.
വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയിലും ധോണി പരാജയമായിരുന്നു. ഇംഗ്ലണ്ട്‌ ബാറ്റ്‌ ചെയ്യുമ്പോള്‍ ഹര്‍ഭജന്‍ സിംഗാണ്‌ 18, 20 ഓവറുകല്‍ ബൗള്‍ ചെയ്‌തത്‌. പതിനെട്ടാം ഓവറില്‍ ധോണിയുടെ കീപ്പിംഗ്‌ പിഴവില്‍ ഒരു വൈഡ്‌ ബോള്‍ അതിര്‍ത്തി കടന്ന്‌ അഞ്ച്‌ റണ്‍സായി മാറി. ഇരുപതാം ഓവറിലും ഇത്‌ തന്നെ സംഭവിച്ചു. വൈഡുകളും നോബോളുകളുമായി മൊത്തം 16 റണ്‍സാണ്‌ ഇന്ത്യന്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും ചേര്‍ന്ന്‌ ഇംഗ്ലീഷ്‌ ഇന്നിംഗ്‌സിന്‌ സംഭാവന ചെയ്‌തത്‌. ഇന്ത്യ പരാജയപ്പെട്ടത്‌ കേവലം മൂന്ന്‌ റണ്‍സിനാണെന്നിരിക്കെ ഈ അധിക സംഭാവനയുടെ വില ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ മനസ്സിലാക്കുന്നുണ്ടാവും. ഇംഗ്ലണ്ട്‌ എട്ട്‌ റണ്‍സാണ്‌ എക്‌സ്‌ട്രായായി ഇന്ത്യക്ക്‌ നല്‍കിയത്‌.
ഇംഗ്ലീഷ്‌ ബൗളര്‍മാരെല്ലാം അച്ചടക്കത്തോടെയാണ്‌ പന്തെറിഞ്ഞത്‌. ഷോട്ട്‌ പിച്ച്‌ പന്തുകള്‍ ഇന്ത്യയുടെ ബലഹീനതയാണെന്ന്‌്‌ മനസ്സിലാക്കി തന്നെ എല്ലാവരും ബാറ്റ്‌സ്‌മാന്മാരുടെ ദേഹം ലക്ഷ്യമാക്കി. ഈ വെല്ലുവിളിയില്‍ കാര്യമില്ല എന്ന്‌ തെളിയിക്കാന്‍ ഇന്നിംഗ്‌സിലെ ആദ്യ പന്ത്‌ തന്നെ ഗാംഭീര്‍ ഉയര്‍ത്തിയടിച്ചിരുന്നു. ഭാഗ്യത്തിന്‌ പന്ത്‌ ഫീല്‍ഡറുടെ കരങ്ങളിലെത്തിയില്ല. ഷോട്ട്‌ പിച്ച്‌ പന്തിനെ പ്രഹരിക്കാന്‍ ശ്രമിച്ചാണ്‌ രോഹിത്‌ ശര്‍മ പുറത്തായത്‌. സുരേഷ്‌ റൈനക്കും ഇത്‌ തന്നെ സംഭവിച്ചു. ഷോട്ട്‌ പിച്ച്‌ പന്തില്‍ ഹുക്ക്‌ ഷോട്ടിന്‌ ശ്രമിച്ചാണ്‌ റൈന മടങ്ങിയത്‌. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ ബലഹീനതകളിലേക്കാണ്‌ ജെയിംസ്‌ ആന്‍ഡേഴ്‌സണും റ്യാന്‍ സൈഡ്‌ബോട്ടവും സ്‌റ്റിയൂവര്‍ട്ട്‌ ബ്രോഡുമെല്ലാം പന്തെറിഞ്ഞത്‌. ദേഹത്തേക്ക്‌ വരുന്ന പന്തുകളെ എങ്ങനെ അതിര്‍ത്തി കടത്താമെന്ന്‌ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ ചിന്തിച്ചില്ല. ആകെ പത്ത്‌ ബൗണ്ടറികള്‍ മാത്രമാണ്‌്‌ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ നേടാനായത്‌.-നാല്‌ സിക്‌സറുകളും.
മല്‍സരം നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ക്രീസില്‍ ഉണ്ടായിരുന്നത്‌ യൂസഫ്‌ പത്താനും ധോണിയുമായിരുന്നു. സാധാരണ ഗതിയില്‍ കൂറ്റന്‍ ഷോട്ടുകള്‍ പായിക്കാറുള്ള ധോണിക്ക്‌ അവസാന ഓവറുകളില്‍ പന്തിനെ പ്രഹരിക്കാനായില്ല.
രവി ബോപ്പാര (37),കെവിന്‍ പീറ്റേഴ്‌സണ്‍ (46), മക്‌സരാനസ്‌ (പുറത്താവാതെ 25)എന്നിവരുടെ മികവിലായിരുന്നു ഇംഗ്ലണ്ട്‌ 153 ല്‍ എത്തിയത്‌. ഇന്ത്യക്ക്‌ നല്ല തുടക്കം ലഭിച്ചില്ല. ഫോമിലുളള ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ അവസരം നേരത്തെ നല്‍കിയതുമില്ല. ജഡേജ ക്രീസില്‍ നിന്ന 40 മിനുട്ട്‌ ഇന്ത്യക്ക്‌ ഭാരമായിരുന്നു. ആ ഭാരമാണ്‌ അവസാന കണക്ക്‌ക്കൂട്ടലില്‍ വില്ലനായത്‌.
ടീം തോല്‍ക്കുമ്പോഴാണ്‌ നായകന്‍ ക്രൂശിക്കപ്പെടാറ്‌ എന്നത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ സത്യമാണ്‌. പക്ഷേ ധോണിയിലെ നായകന്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ കപ്പ്‌ നേടിയത്‌ സമ്മര്‍ദ്ദമില്ലാതെ കളിച്ചായിരുന്നു. ഇന്നത്തെ ധോണി സമ്മര്‍ദ്ദത്തിനടിപ്പെട്ടിരിക്കുന്നു. എല്ലാ തീരുമാനങ്ങളും പിഴക്കുന്നു. ഫീല്‍ഡിംഗിലെ പുലികുട്ടികളായിരുന്നു അന്നത്തെ ഇന്ത്യ. ഇന്നത്തേ ഇന്ത്യ മന്ദഗതിക്കാരാണ്‌. ഹര്‍ഭജന്റെ അവസാന ഓവറില്‍ യുവരാജിന്റെ ഗേറ്റും കടന്നാണ്‌ ഒരു പന്ത്‌ തേര്‍ഡ്‌മാന്‍ ബൗണ്ടറി കടന്നത്‌. ഇന്ന്‌ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി അവസാന മല്‍സരം കളിക്കുന്നു. മാനക്കേട്‌ ഒഴിവാക്കാന്‍ സൂപ്പര്‍ എട്ടില്‍ ഒരു വിജയമെങ്കിലും ടീം മോഹിക്കുമ്പോള്‍ മല്‍സരഫലത്തിന്‌ പ്രസക്തിയില്ല.

പേസ്‌-ഇംഗ്ലീഷ്‌ തന്ത്രം
ലോര്‍ഡ്‌സ്‌: കൂറ്റനടിക്കാരായ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ നിലക്ക്‌ നിര്‍ത്താനുളള പ്രധാന ആയുധം അതിവേഗമാണെന്ന സത്യമായിരുന്നു ഇംഗ്ലീഷ്‌ ടീം ക്രിക്കറ്റിന്റെ മക്കയില്‍ പ്രാവര്‍ത്തികമാക്കിയത്‌. വിന്‍ഡീസ്‌ സീമര്‍മാരായ ജെറോം ടെയ്‌ലര്‍ക്കും ഫിഡല്‍ എഡ്വാര്‍ഡ്‌സിനും മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ പതറുന്നത്‌ ഇംഗ്ലീഷ്‌ നായകന്‍ പോള്‍ കോളിംഗ്‌വുഡ്‌ ശ്രദ്ധിച്ചിരുന്നു. ശക്തമായ പേസ്‌ ആക്രമണം നടത്തുക-ഓവറില്‍ മൂന്നോ നാലോ പന്തുകള്‍ ഷോട്ട്‌ പിച്ചായി നല്‍കുക-തന്റെ മൂന്ന്‌ സീമര്‍മാര്‍ക്കും നായകന്‍ നല്‍കിയ നിര്‍ദ്ദേശം ഇതായിരുന്നു. ജെയിംസ്‌ ആന്‍ഡേഴ്‌സണും റ്യാന്‍ സൈഡ്‌ബോട്ടവും സ്‌റ്റിയൂവര്‍ട്ട്‌ ബ്രോഡും നായകന്റെ തന്ത്രങ്ങള്‍ നടപ്പിലാക്കി. കൈകള്‍ സ്വതന്ത്രമാക്കാന്‍ ഈ മൂന്ന്‌്‌ പേരും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌്‌ അവസരം നല്‍കിയില്ല. ആന്‍ഡേഴ്‌സണ്‍ നാല്‌ ഓവറില്‍ 32 റണ്‍സാണ്‌ നല്‍കിയത്‌. സൈഡ്‌ ബോട്ടം 31 ണ്‍സ്‌ നല്‍
കിയപ്പോള്‍ ബ്രോഡ്‌ 21 റണ്‍സാണ്‌ വിട്ടുകൊടുത്തത്‌.
ആദ്യ മല്‍സരത്തില്‍ തന്നെ ഡച്ചുകാര്‍ക്ക്‌ മുന്നില്‍ നാണം കെട്ടവരാണ്‌ ഇംഗ്ലണ്ട്‌. സ്വന്തം മൈതാനത്ത്‌, സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ ദയനീയമായ തോല്‍വി രുചിച്ചവര്‍ സൂപ്പര്‍ എട്ടിലെത്തുമെന്ന്‌ തന്നെ കരുതപ്പെട്ടിരുന്നില്ല. പ്രാഥമിക റൗണ്ടിലെ രണ്ടാം മല്‍സരത്തില്‍ പാക്കിസ്‌താനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാനായതാണ്‌ ഗുണം ചെയ്‌തത്‌. പക്ഷേ സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ തന്നെ ദക്ഷിണാഫ്രിക്ക മറ്റൊരു കനത്ത ആഘാതം ഇംഗ്ലണ്ടിന്‌ നല്‍കി. അവിടെ നിന്നുമാണ്‌ ഇന്ത്യക്കെതിരായ മല്‍സരത്തിലൂടെ അവര്‍ മുഖം രക്ഷിച്ചത്‌.
ഇന്ത്യക്കെതിരെ ഡിഫന്‍സീവ്‌ ഫീല്‍ഡിംഗ്‌ ഒരുക്കി കളിക്കാനായിരുന്നു ആദ്യത്തെ പ്ലാന്‍. എന്നാല്‍ കൂറ്റനടിക്കാരായ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മുന്നില്‍ ആ പദ്ധതി ഗുണം ചെയ്യില്ലെന്ന്‌ മനസ്സിലാക്കിയാണ്‌ ആക്രമണം നേരിട്ട്‌ നടത്താന്‍ തീരുമാനിച്ചത്‌. മണിക്കൂറില്‍ 90 കീലോമീറ്റര്‍ വേഗതയില്‍ ബൗള്‍ ചെയ്യുന്ന മൂന്ന്‌ സീമര്‍മാര്‍ ടീമിലുള്ളതാണ്‌ കാര്യമായതെന്ന്‌ കോളിംഗ്‌വുഡ്‌ പറഞ്ഞു.
ലോര്‍ഡ്‌സില്‍ തിങ്ങിനിറഞ്ഞ ഇന്ത്യന്‍ ആരാധകര്‍ ഇംഗ്ലണ്ടിനെതിരെ മുദ്രാവാക്യം മുഴക്കിയതും തന്റെ ടീമിനെ തുണച്ചതായി ഇംഗ്ലീഷ്‌ നായകന്‍ പറഞ്ഞു. ഇന്ത്യക്ക്‌ വേണ്ടി ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ എന്റെ ടീമിനെ പ്രചോദിപ്പിച്ചു. ജയത്തിനായി എല്ലാവരും കഠിനാദ്ധ്വാനം ചെയ്‌തതായും കോളിംഗ്‌വുഡ്‌ പറഞ്ഞു.

ന്യൂസിലാന്‍ഡ്‌ നിലനില്‍പ്പിന്‌
നോട്ടിംഗ്‌ഹാം: ലോകകപ്പ്‌ സെമി ഫൈനലില്‍ ഇടം തേടി ഡാനിയല്‍ വെട്ടോരിയുടെ കിവി സംഘം ഇന്ന്‌ കുമാര്‍ സങ്കക്കാരുയുടെ ശ്രീലങ്കയെ നേരിടുന്നു. ആദ്യ രണ്ട്‌ മല്‍സരങ്ങളും വിജയിച്ച ലങ്കക്ക്‌ ഇന്ന്‌ സമ്മര്‍ദ്ദമില്ല. സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ അയര്‍ലാന്‍ഡിനെ കശക്കിയ ന്യൂസിലാന്‍ഡ്‌ രണ്ടാം മല്‍സരത്തില്‍ പാക്കിസ്‌താനോട്‌ തകര്‍ന്നിരുന്നു. ഈ തകര്‍ച്ചയാണ്‌ ടീമിന്‌ തലവേദനയായിരിക്കുന്നത്‌. തോല്‍വിയിലൂടെ നെറ്റ്‌ റണ്‍റേറ്റിലും ടീം പിറകിലാണ്‌. ഇന്ന്‌ ന്യൂസിലാന്‍ഡ്‌ വിജയിക്കുന്നപക്ഷം ഗ്രൂപ്പില്‍ മൂന്ന്‌ ടീമുകള്‍ക്ക്‌ തൂല്യ പോയന്റാവും. ഈ ഘട്ടത്തില്‍ റണ്‍റേറ്റ്‌ നിര്‍ണ്ണായകമാവും. ഏറ്റവും മികച്ച പ്രകടനമാണ്‌ കിവി നായകന്‍ വെട്ടോരി ഉറപ്പ്‌ നല്‍കുന്നത്‌. പാക്കിസ്‌താനെതിരായ മല്‍സരത്തില്‍ ബാറ്റ്‌സ്‌മാന്മാര്‍ കളി മറന്നിരുന്നു. അതാണ്‌ വിനയായത്‌. ജെസി റൈഡര്‍, റോസ്‌ ടെയ്‌ലര്‍ എന്നീ പ്രമുഖരുടെ പരുക്കും ബാറ്റിംഗിനെ ബാധിച്ചു. പാക്കിസ്‌താന്‍ സീമര്‍ ഉമര്‍ ഗുലിന്‌ മുന്നില്‍ എല്ലാവരും വിയര്‍ത്തു. ലങ്കന്‍ നിരയില്‍ അതിവേഗക്കാരനായ ലാസിത്‌ മാലിങ്കയും മികച്ച സ്‌പിന്നര്‍മാരായ മുത്തയ്യ മുരളീധരനും അജാന്ത മെന്‍ഡീസും കളിക്കുന്നുണ്ട്‌. ലങ്കന്‍ ബൗളിംഗിനുമേല്‍ ആധിപത്യം സ്ഥാപിക്കാനായാല്‍ മല്‍സരം വിജയിക്കാമെന്നാണ്‌ വെട്ടോരി പറയുന്നത്‌.
ഇന്നത്തെ രണ്ടാം മല്‍സരം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്‌. സൂപ്പര്‍ എട്ടിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളിലും ദയനീയമായി തോറ്റ ഇന്ത്യ പുറത്തായതിനാല്‍ ഈ മല്‍സരത്തിന്‌ പ്രസക്തിയില്ല.

സ്വന്തം നാട്ടില്‍ ധോണിയുടെ കോലം കത്തിച്ചു
റാഞ്ചി: ലോകകപ്പ്‌ സെമിഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായതിനെ തുടര്‍ന്ന്‌ ടീമിന്റെ നായകനായ മഹേന്ദ്രസിംഗ്‌ ധോണിയുടെ സ്വന്തം നാട്ടില്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. അമ്പതോളം വരുന്ന ആരാധകരാണ്‌ റാഞ്ചിയില്‍ നായകന്റെ കോലം കത്തിച്ചത്‌. ധോണി ലോകകപ്പിനെ കാര്യമായി കണ്ടില്ലെന്നും ഗ്ലാമറിന്റെ ലോകത്താണ്‌്‌ ഇപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയെന്നും ആരാധകര്‍ ആരോപിച്ചു.

ഉഷാ സ്‌ക്കൂളിന്‌ പിന്തുണയുമായി പ്രകാശ്‌ പദുകോണ്‍
കോഴിക്കോട്‌: 2012 ല്‍ ലണ്ടനില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ട്രാക്കില്‍ ഇന്ത്യക്കായി ഒരു മെഡല്‍ സ്വന്തമാക്കുയെന്ന ലക്ഷ്യത്തില്‍ മുന്നേറുന്ന പി.ടി.ഉഷക്കും, ഉഷാ സ്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിനും പിന്തുണയുമായി മുന്‍ ബാഡ്‌മിന്റണ്‍ താരം പ്രകാശ്‌ പദുകോണും സംഘവും. പദുകോണ്‍ സ്ഥാപിച്ച ഒളിംപിക്‌ ഗോള്‍ഡ്‌ ക്വസ്‌റ്റ്‌ എന്ന സംഘടനയാണ്‌ ഉഷക്കും ഉഷയുടെ ശിഷ്യര്‍ക്കും പിന്തുണയുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌. ഒളിംപിക്‌സ്‌ മെഡല്‍ ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുന്നതിനൊപ്പം പരിശീലന കാര്യത്തിലും പിന്തുണ നല്‍കുമെന്ന്‌്‌ ഇന്നലെ കിനാലൂരിലെ ഉഷാ സ്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌ അങ്കണത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യ ദര്‍ശിച്ച എക്കാലത്തെയും ഏറ്റവും മികച്ച ബാഡ്‌മിന്റണ്‍ താരമായ പദുകോണ്‍ പറഞ്ഞു. ഉഷാ സ്‌ക്കൂളിലെ കുട്ടികളില്‍ ഇതിനകം രാജ്യാന്തര രംഗത്ത്‌ വ്യകതിമുദ്ര പതിപ്പിച്ച ടിന്റു ലൂക്കക്ക്‌്‌ വിദേശത്ത്‌ പരിശീലന സൗകര്യങ്ങള്‍ നല്‍കും. ഉഷാ സ്‌ക്കൂളുമായി ഇത്‌ സംബന്ധിച്ച്‌ വിശദമായി ചര്‍ച്ചകള്‍ നടത്തും. അത്‌ലറ്റിക്‌സ,്‌ ബോക്‌സിംഗ്‌, ഷൂട്ടിംഗ്‌, ബാഡ്‌മിന്റണ്‍, ആര്‍ച്ചറി എന്നീ ഇനങ്ങളില്‍ മികവ്‌ പ്രകടപ്പിക്കുന്നവര്‍ക്കാണ്‌ ഉന്നത പരിശീലന സൗകര്യങ്ങളും സാമ്പത്തിക സഹായവും നല്‍കുന്നത്‌. വിവിധ ഇനങ്ങളില്‍ മികവ്‌ പ്രകടിപ്പിച്ച ആറ്‌ താരങ്ങളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്‌. ഒളിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ ദാരിദ്ര്യം അകറ്റുക എന്നതാണ്‌ സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന്‌ ഒളിംപിക്‌ ഗോള്‍ഡ്‌ ക്വസ്‌റ്റ്‌ സി.ഇ.ഒ യായ മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്‌റ്റന്‍ വീരാന്‍ റോസ്‌കിന പറഞ്ഞു. ജൂണ്‍ ഒന്ന്‌്‌ മുതലാണ്‌ റോസ്‌കിന പുതിയ പദവിയില്‍ നിയമിതനായത്‌. ഹൈദരാബാദില്‍ നിന്നും എം.ബി.എ എടുത്ത ശേഷമെത്തിയ ആദ്യ ഓഫര്‍ തന്നെ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നുവെന്ന്‌ മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. പ്രകാശ്‌ പദുകോണിനെ പോലുളള പ്രമുഖരുടെ പിന്തുണയില്‍ ഇന്ത്യന്‍ കായിക രംഗത്തിന്റെ വളര്‍ച്ചക്ക്‌ തന്നാലാവുന്ന സഹായം നല്‍കുകയാണ്‌ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ഉഷാ സ്‌ക്കൂള്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവിയാണെന്ന്‌ പിന്നീട്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രികയുമായി സംസാരിക്കവെ പദുകോണ്‍ പറഞ്ഞു. രാജ്യത്തിന്റെ കായിക വളര്‍ച്ചക്ക്‌ ഉഷ നല്‍കുന്ന സംഭാവനകള്‍ ചെറുതല്ല. ഉന്നത തലത്തില്‍ തന്നെ ഉഷയുടെ സ്‌ക്കൂള്‍ അംഗീകരിക്കപ്പെടും. ആസുത്രണത്തോടെയുളള കായിക പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കായിക മന്ത്രാലയം ജാഗ്രത പാലിച്ചാല്‍ അതിന്റെ ഗുണഫലങ്ങള്‍ രാജ്യാന്തര മല്‍സരങ്ങളില്‍ പ്രകടമാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകാശിനെ കൂടാതെ ഗീത്‌ സേഥി, നീരജ്‌ ബജാജ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ഒളിംപിക്‌ ഗോള്‍ഡ്‌ ക്വസ്‌റ്റിന്‌ രൂപം നല്‍കിയത്‌. പദുകോണിനെ പോലുള്ളവരുടെ സഹായവും പിന്തുണയും തന്റെ സ്‌ക്കൂളിന്‌ വലിയ കരുത്താവുമെന്ന്‌ ഉഷ പറഞ്ഞു.19 കുട്ടികളാണ്‌ ഇപ്പോള്‍ സ്‌ക്കൂളില്‍ ഉന്നത പരിശീലനം നേടുന്നത്‌. സിന്തറ്റിക്‌ ട്രാക്കിന്റെ ജോലി പുരോഗമിക്കുകയാണ്‌. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സ്‌ ലക്ഷ്യമിട്ടാണ്‌ ടിന്റുവിനെ പോലുളളവര്‍ വളരുന്നതെന്നും ട്രാക്‌ റാണി പറഞ്ഞു.
പി.വിശ്വന്‍ എം.എല്‍.എ, ഉഷയുടെ ഭര്‍ത്താവ്‌ ശ്രീനിവാസന്‍, ഉഷാ സ്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌്‌ സെക്രട്ടറി അജനചന്ദ്രന്‍, ഡയരക്ടര്‍ ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

1 comment:

Harikrishnan | പിപഠിഷു said...

വളരെ ശരിയാണ്! മാധ്യമങ്ങള്‍ ഇനിയെങ്ങിലും മനസ്സിലാക്കുക. ധോനി മാത്രം അല്ല ഇന്ത്യ യെ ജയിപ്പിക്കുന്നത്!

ഞാനും ഇതിനെപറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു.

http://pipaddishu.blogspot.com/2009/06/7.html