Friday, June 5, 2009

20@ INDIA

പരസ്യമായി മദ്യപിച്ചാല്‍ മാപ്പില്ല
മെല്‍ബണ്‍: ആന്‍ഡ്ര്യൂ സൈമണ്ട്‌സിനോട്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ അധികാരികള്‍ പലവട്ടം പറഞ്ഞിട്ടുണ്ട്‌
്‌പരസ്യമായി മദ്യപിക്കരുതെന്ന്‌.... പക്ഷേ അദ്ദേഹം ചെവി കൊണ്ടില്ല. രക്ഷയില്ലാത്ത അവസ്ഥയിലാണ്‌ സൈമണ്ട്‌സിനെ ലോകകപ്പ്‌ ക്രിക്കറ്റ്‌ വേദിയില്‍ നിന്ന്‌ തിരിച്ചുവിളിച്ചത്‌. ഇനിയിപ്പോള്‍ അദ്ദേഹത്തിന്‌ ദേശീയ ടീമിനായി കളിക്കാനുള്ള അവസരം ഉറപ്പ്‌ നല്‍കാനും അധികാരികള്‍ തയ്യാറല്ല...
ഒരു വര്‍ഷം മുമ്പ്‌ വിവാദമായ മീന്‍ പിടുത്ത പ്രശ്‌നത്തില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ സൈമണ്ട്‌സിനെ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ ശക്തമായി താക്കീത്‌ ചെയ്‌തിരുന്നു. അന്ന്‌ ടീമിന്റെ കപ്പിത്താനായിരുന്ന മൈക്കല്‍ ക്ലാര്‍ക്ക്‌ ടീം മീറ്റിംഗിന്‌ ഓള്‍റൗണ്ടറെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം മദ്യപിച്ച്‌ മീന്‍ പിടിക്കാന്‍ പോവുകയായിരുന്നു. ഈ തെറ്റിന്‌ പിടിക്കപ്പെട്ട്‌ ടീമില്‍ നിന്ന പുറത്തായ ശേഷം നല്ല നടപ്പ്‌ വിധിച്ചു. നിരന്തരമായ കൗണ്‍സലിംഗിന്‌ വിധേയനാവണമെന്നും ഒരിക്കലും പരസ്യമായി മദ്യപിക്കരുതെന്നും പറഞ്ഞാണ്‌ അദ്ദേഹത്തെ വീണ്ടും മുഖ്യധാരയിലേക്ക്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ കൊണ്ടുവന്നത്‌. പക്ഷേ ഇംഗ്ലണ്ടിലെ ലോകകപ്പ്‌ വേദിയിലെത്തിയപ്പോള്‍ സൈമണ്ട്‌സ്‌ എല്ലാം മറന്നു.
ന്യൂസിലാന്‍ഡിനെതിരായ സന്നാഹ മല്‍സരത്തിന്‌ ശേഷം സഹതാരങ്ങള്‍ക്കൊപ്പം മദ്യപിച്ച സൈമണ്ട്‌സ്‌ അടുത്ത ദിവസം രാവിലെയും പൂസായി. വെസ്റ്റ്‌ ലണ്ടനില്‍ വെച്ച്‌ സഹതാരങ്ങള്‍ക്കൊപ്പം റഗ്‌ബി മാച്ച്‌ കാണവെയാണ്‌ സൈമണ്ട്‌സ്‌ പരസ്യമായി മദ്യപിച്ചത്‌. സഹതാരങ്ങള്‍ ഈ കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ മറ്റൊന്നിനും ആലോചിക്കാതെയാണ്‌ നടപടി വന്നത്‌. പലവട്ടം മദ്യപാനത്തിന്‌ പിടിക്കപ്പെട്ടിട്ടുണ്ട്‌ സൈമണ്ട്‌സ്‌. ഓസ്‌ട്രേലിയയിലെ അഡലെയ്‌ഡില്‍ ഒരു ബാറില്‍ വെച്ച്‌ അദ്ദേഹവും ഒരു യുവാവും തമ്മിലടിച്ചിരുന്നു. താരങ്ങള്‍ക്ക്‌ വേണമെങ്കില്‍ ഡ്രസ്സിംഗ്‌ റൂമില്‍ വെച്ച്‌ മദ്യപിക്കാമെന്നും എന്നാല്‍ ഒരു സാഹചര്യത്തിലും പരസ്യമായ അകത്താക്കല്‍ അനുവദിക്കില്ലെന്നും ക്രിക്കറ്‌്‌ ഓസ്‌ട്രേലിയ വ്യക്തമായി പറഞ്ഞിട്ടും അത്‌ കൂസാതെ ടീമിനെയും ക്രിക്കറ്റിനെയും അധിക്ഷേപിക്കുന്ന തരത്തിലാണ്‌ സൈമണ്ട്‌സ്‌ പെരുമാറിയതെന്ന്‌ അധികാരികള്‍ കുറ്റപ്പെടുത്തി. സൈമണ്ട്‌സിന്റെ സ്വഭാവം അറിയാവുന്നത്‌ കൊണ്ട്‌ അദ്ദേഹത്തെ മദ്യപാനത്തില്‍ നിന്നും പിന്‍തിരിപ്പിക്കണമെന്ന്‌ സഹതാരങ്ങള്‍ക്ക്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ നിര്‍ദ്ദേശവും നല്‍കിയിരുന്നു. റഗ്‌ബി മല്‍സരം കാണുന്നതിനിടെ ചില താരങ്ങള്‍ ചെറുതായി മദ്യപിച്ചിരുന്നു. എന്നാല്‍ സൈമണ്ട്‌സ്‌ പരസ്യമായി മദ്യപിച്ചതാണ്‌ വിനയായത്‌. അദ്ദേഹം മദ്യലഹരിയില്‍ ആരോടെങ്കിലും മോശമായി പെരുമാറിയതായി പക്ഷേ റിപ്പോര്‍ട്ടില്ല.
ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ സെന്‍ട്രല്‍ കോണ്‍ട്രാക്ട്‌ നല്‍കിയ താരമാണ്‌ സൈമണ്ട്‌സ്‌. പുതിയ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കാനാണ്‌ സാധ്യത. പൊതു സ്ഥലത്ത്‌ മദ്യപിക്കരുതെന്ന ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ നിര്‍ദ്ദേശത്തില്‍ എതിര്‍പ്പുണ്ടായിരുന്ന സൈമണ്ട്‌സ്‌ തന്റെ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
198 ഏകദിനങ്ങളിലും 26 ടെസ്‌റ്റുകളിലും ഓസ്‌ട്രേലിയക്കായി കളിച്ചിട്ടുള്ള സൈമോ ലോക ക്രിക്കറ്റിലെ അപകടകാരിയായ താരങ്ങളില്‍ ഒരാളാണ്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഡക്കാന്‍ ചാര്‍ജേഴ്‌സിനായി കളിക്കുന്ന ഓസ്‌ട്രേലിയക്കാരന്‍ ഇത്തവണയും മിന്നുന്ന പ്രകടനമാണ്‌ ദക്ഷിണാഫ്രിക്കയില്‍ നടത്തിയത്‌. രാജ്യാന്തര ക്രിക്കറ്റ്‌ വിടാനാണ്‌ അദ്ദേഹത്തിന്റെ തീരുമാനമെങ്കില്‍ ഐ.പി.എല്ലിന്‌ സൈമണ്ട്‌സിനെ പൂര്‍ണ്ണമായും ലഭിക്കും.
20-20 ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ സ്വതന്ത്ര ക്രിക്കറ്ററായി കളിക്കാനാണ്‌ സൈമണ്ട്‌സ്‌ ആഗ്രഹിക്കുന്നതെന്ന്‌ അദ്ദേഹത്തിന്റെ ഏജന്റ്‌ മാറ്റ്‌ ഫിയറോണ്‍ പറഞ്ഞു. ക്രിക്കറ്റില്‍ തുടരാന്‍ അദ്ദേഹം അതിയായി ആഗ്രഹിക്കുന്നുണ്ട്‌. ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുമായി നല്ല ബന്ധം നിലനിര്‍ത്താനും താല്‍പ്പര്യമുണ്ട്‌. ലോകകപ്പിലും ആഷസിലുമായി വ്യക്തമായ ചില ലക്ഷ്യങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ അല്‍പ്പം ദിവസ്സത്തിനകം അദ്ദേഹം ഭാവി കാര്യങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഏജന്റ്‌്‌ അറിയിച്ചു. മാത്യൂ ഹെയ്‌ഡനും ആദം ഗില്‍ക്രൈസ്റ്റും 20-20 ക്രിക്കറ്റിലൂടെ തങ്ങളുടെ ഭാവി തെളിയിച്ചിട്ടുണ്ട്‌. ആ വഴിയില്‍ സഞ്ചരിക്കാനാണ്‌ സൈമണ്ട്‌സ്‌ താല്‍പ്പര്യമെടുക്കാന്‍ സാധ്യതയെന്നാണ്‌ സൂചനകള്‍.
എന്തായാലും ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുമായി ഒരു പോരാട്ടത്തിന്‌ സൈമണ്ട്‌സ്‌ തയ്യാറാവില്ല. പെരുമാറ്റചട്ടങ്ങള്‍ കൃത്യമായി പാലിക്കുമെന്ന്‌ അദ്ദേഹം ഉറപ്പ്‌ നല്‍കിയാല്‍ ചിലപ്പോള്‍ ആഭ്യന്തര ക്രിക്കറ്റെങ്കിലും കളിക്കാന്‍ അവസരം നല്‍കിയേക്കാം. സൈമണ്ട്‌സിന്റെ ഭാവി തീരുമാനിക്കേണ്ടത്‌ അദ്ദേഹം തന്നെയാണെന്ന്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ പോള്‍ മാര്‍ഷ്‌ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ തുടരണമെങ്കില്‍ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ അനുമതി വേണം, ഐ.പി.എല്ലില്ലാണ്‌ തുടരുന്നതെങ്കില്‍ അനുമതി ആവശ്യമില്ല. സൈമണ്ട്‌സ്‌ എന്ത്‌ തീരുമാനമെടുത്താലും അതിനെ അസോസിയേഷന്‍ പിന്തുണക്കുമെന്ന്‌ മാര്‍ഷ്‌ അറിയിച്ചു.

ചാമ്പ്യന്മാര്‍ ഇറങ്ങുന്നു
ട്രെന്‍ഡ്‌ ബ്രിഡ്‌ജ്‌: രണ്ട്‌ വര്‍ഷം മുമ്പ്‌ ദക്ഷിണാഫ്രിക്കയില്‍ വെച്ച്‌ പാക്കിസ്‌താനെ തോല്‍പ്പിച്ച്‌ സ്വന്തമാക്കിയ ലോകകപ്പ്‌ നിലനിര്‍ത്താനുള്ള ഒരുക്കത്തില്‍ മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന ഇന്ത്യക്കിന്ന്‌ ഗ്രൂപ്പ്‌ എ യില്‍ ആദ്യ മല്‍സരം. എതിരാളികള്‍ അയല്‍ക്കാരായ ബംഗ്ലാദേശ്‌. ഇന്ത്യന്‍ സമയം രാത്രി 10-20 നാണ്‌ കളിയാരംഭിക്കുന്നത്‌. ഇന്ന്‌ നടക്കുന്ന മറ്‌്‌ മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയ ഓവല്‍ മൈതാനത്ത്‌ ക്രിസ്‌ ഗെയിലിന്റെ വിന്‍ഡീസിനെ നേരിടും. വൈകീട്ട്‌ 6-20 നാണ്‌ ഈ പോരാട്ടം. ഓവലില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഉച്ചക്ക്‌ 2-20 ന്‌ ന്യൂസിലാന്‍ഡ്‌ സ്‌ക്കോട്ട്‌ലാന്‍ഡുമായി കളിക്കും. നാല്‌ ഗ്രൂപ്പുകളിലായി പന്ത്രണ്ട്‌ ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ആദ്യ രണ്ട്‌ സ്ഥാനക്കാരാണ്‌ അടുത്ത ഘട്ടത്തിലേക്ക്‌ പ്രവേശിക്കുന്നത്‌. അതിനാല്‍ എല്ലാ ടീമുകള്‍ക്കും ആദ്യ മല്‍സരം നിര്‍ണ്ണായകമാണ്‌.
സന്നാഹ മല്‍സരത്തില്‍ പാക്കിസ്‌താനെ കശക്കിയ ആവേശത്തിലാണ്‌ ഇന്ത്യ. ബംഗ്ലാദേശാവട്ടെ രണ്ട്‌ സന്നാഹ മല്‍സരങ്ങളിലും പരാജയപ്പെട്ടു. പക്ഷേ ശ്രീലങ്കക്കെതിരെ നടന്ന മല്‍സരം അവസാന ഓവര്‍ വരെ ദീര്‍ഘിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്‌ നായകന്‍ മുഹമ്മദ്‌ അഷറഫുല്‍.
ഇന്ത്യന്‍ ഇലവനെ തീരുമാനിച്ചിട്ടില്ല. പരുക്കേറ്റ്‌ വിശ്രമിക്കുന്ന വിരേന്ദര്‍ സേവാഗ്‌, സഹീര്‍ഖാന്‍, യുവരാജ്‌ സിംഗ്‌ എന്നിവര്‍ മൂന്ന്‌ പേരും കളിക്കുമെന്നാണ്‌ ടീം മാനേജ്‌മെന്റ്‌ നല്‍കുന്ന സൂചനകള്‍. സേവാഗ്‌ കളിക്കുന്നപക്ഷം ഗൗതം ഗാംഭീറിനൊപ്പം അദ്ദേഹം തന്നെയായിരിക്കും ഇന്നിംഗ്‌സ്‌ ആരംഭിക്കുക. സോവാഗിന്റെ അസാന്നിദ്ധ്യത്തില്‍ സന്നാഹ മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ രോഹിത്‌ ശര്‍മ്മ ആറാം നമ്പറിലായിരിക്കും കളിക്കുക. ബാറ്റിംഗ്‌ ലൈനപ്പിന്‌ കരുത്തേകാന്‍ ധോണി, യുവരാജ്‌, സുരേഷ്‌ റൈന, യൂസഫ്‌ പത്താന്‍, ഇര്‍ഫാന്‍ തുടങ്ങിയവരുമുണ്ട്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ നിരാശ സമ്മാനിച്ച ഇഷാന്ത്‌ ശര്‍മ്മ ഇംഗ്ലണ്ടിലെത്തിയ ശേഷം മാറിയിട്ടുണ്ട്‌. സഹീറും ഇഷാന്തുമായിരിക്കും പുതിയ പന്തെടുക്കുക. ആര്‍.പിയും ഇര്‍ഫാനും സഹ പേസര്‍മാരായി കളിക്കും. ഹര്‍ഭജന്‍ സിംഗായിരിക്കും പ്രധാന സ്‌പിന്നര്‍.
ലോകകപ്പിലെ പോലെ വലിയ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരം നിര്‍ണ്ണായകമാണെന്ന്‌ ധോണിയും കോച്ച്‌ ഗാരി കിര്‍സ്‌റ്റണും പറഞ്ഞു. ബംഗ്ലദേശിനെ ദുര്‍ബലരായി കാണുന്നില്ല. വ്യക്തിഗത മികവില്‍ കളിയുടെ ഗതി നിര്‍ണ്ണയിക്കാന്‍ കരുത്തുള്ളവര്‍ ബംഗ്ലാ സംഘത്തിലുണ്ടെന്ന്‌ കിര്‍സ്റ്റണ്‍ പറഞ്ഞു.
ബാറ്റിംഗാണ്‌ ബംഗ്ലാദേശിന്‌ തലവേദന. നായകന്‍ അഷറഫുലിന്‌ ഇത്‌ വരെ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 22 കാരനായ ഓള്‍റൗണ്ടര്‍ ഷക്കിബ്‌ അല്‍ ഹസനാണ്‌ സ്ഥിരത പ്രകടിപ്പിക്കുന്ന താരം. സന്നാഹ മല്‍സരങ്ങളില്‍ കരുത്ത്‌ പ്രകടിപ്പിച്ച ഷക്കീബിനൊപ്പം സൂക്ഷിക്കേണ്ട മറ്റൊരാള്‍ പുതിയ പന്തെടുക്കുന്ന മഷ്‌റഫെ മൊര്‍ത്തസയാണ്‌. ജുനൈദ്‌ സിദ്ദിഖ്‌, അബ്ദുള്‍ റസാക്‌, മിഥുന്‍ അലി, വിക്കറ്റ്‌ കീപ്പര്‍ മുഷ്‌ഫിഖുര്‍ റഹീം എന്നിവരാണ്‌ ബാറ്റിംഗിലെ മറ്റ്‌ വിശ്വസ്‌തര്‍. മൊര്‍ത്തസയെ കൂടാതെ സയ്യദ്‌ റസല്‍, റൂബല്‍ ഹുസൈന്‍ എന്നിവരാണ്‌ പ്രധാന സീമര്‍മാര്‍.
ഓസ്‌ട്രേലിയ-വിന്‍ഡീസ്‌ പോരാട്ടമായിരിക്കും ഏറെ ആവേശകരം. മദ്യപാനത്തിന്‌ പിടിയിലായ ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്റെ അഭാവം ഏകദിനങ്ങളിലെ ലോക ചാമ്പ്യന്മാരെ ബാധിക്കാനാണ്‌ സാധ്യതകള്‍. 20-20 മല്‍സരങ്ങളില്‍ ഇത്‌ വരെ വിശ്വാസ്യത കാക്കാന്‍ ഓസ്‌ട്രേലിയക്കായിട്ടില്ല. ഈ റെക്കോര്‍ഡ്‌ മാറ്റിയെടുക്കാന്‍ റിക്കി പോണ്ടിംഗിന്‌ താല്‍പ്പര്യമുണ്ട്‌. ഷെയിന്‍ വാട്ട്‌സണ്‍, ബ്രാഡ്‌ ഹാദ്ദീന്‍, മൈക്കല്‍ ക്ലാര്‍ക്ക്‌, മൈക്‌ ഹസി, ഡേവിഡ്‌ ഹസി തുടങ്ങിയവര്‍ ബാറ്റിംഗിലും ബ്രെട്ട്‌ ലീ, മിച്ചല്‍ ജോണ്‍സണ്‍, ഷോണ്‍ ടെയിറ്റ്‌ തുടങ്ങിയവര്‍ ബൗളിംഗിലും ഓസീസിന്‌ കരുത്താണ്‌.
നായകന്‍ ക്രിസ്‌ ഗെയിലാണ്‌ വിന്‍ഡീസ്‌ തുരുപ്പ്‌ ചീട്ട്‌. ബംഗ്ലാദേശിനെതിരായ സന്നാഹ മല്‍സരത്തില്‍ ഗെയിലിന്റെ മാസ്‌മരികത ഓസ്‌ട്രേലിയക്കാര്‍ കണ്ടതാണ്‌. ഗെയിലിനെ ആദ്യമേ പുറത്താക്കുക എന്ന അജണ്ടയില്‍ വിജയിക്കാന്‍ ഓസ്‌ട്രേലിയക്കായാല്‍ വിന്‍ഡീസിനെ കൂറ്റന്‍ സ്‌ക്കോറില്‍ നിന്ന്‌ തടയാനാവും. രാം നരേഷ്‌ സര്‍വന്‍, ശിവനാരായണ്‍ ചന്ദര്‍പോള്‍ തുടങ്ങിയവരാണ്‌ ബാറ്റിംഗിലെ വിശ്വസ്‌തര്‍. ബൗളിംഗില്‍
ന്യൂസിലാന്‍ഡ്‌ -സ്‌ക്കോട്ട്‌ലാന്‍ഡ്‌ മല്‍സരം ഏകപക്ഷീയമാവാനാണ്‌ സാധ്യതകള്‍. റോസ്‌ ടെയ്‌ലര്‍ക്കൊപ്പം കൂറ്റനടിക്കാരനായ ജെസി റൈഡര്‍ ഫോമിലെത്താനാണ്‌ കിവി ക്യാമ്പ്‌ ആഗ്രഹിക്കുന്നത്‌.സ്‌ക്കോട്ടിഷ്‌ നിരയിലെ അനുഭവ സമ്പന്നന്‍ ഗെവിന്‍ ഹാമില്‍ട്ടണ്‍ മാത്രമാണ്‌.
അകല്‍ച്ചയില്ല
ട്രെന്‍ഡ്‌ ബ്രിഡ്‌ജ്‌: ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരങ്ങളായ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണിയും വീരേന്ദര്‍ സേവാഗും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വാസ്‌തവ വിരുദ്ധമാണെന്ന്‌ ടീം മാനേജ്‌മെന്റ്‌്‌ വ്യക്തമാക്കി. ഇന്നലെ ടീമിലെ എല്ലാവരും ഒരുമിച്ച്‌ പത്രസമ്മേളനത്തില്‍ പങ്കെടുത്താണ്‌ ഐക്യം തെളിയിച്ചത്‌. സേവാഗിന്റെ പരുക്കും അദ്ദേഹത്തിന്‌്‌ കളിക്കാനാവുമോ എന്ന കാര്യത്തിലും ധോണി പറഞ്ഞ ചില വാക്കുകള്‍ കൂട്ടിചേര്‍ത്താണ്‌ ചില മാധ്യമങ്ങള്‍ ടീമില്‍ അനൈക്യമുണ്ടെന്ന വാര്‍ത്ത നല്‍കിയത്‌. ഇത്‌ നിഷേധിക്കാന്‍ എഴുതി തയ്യാറാക്കിയ പ്രസ്‌താവനയുമായാണ്‌ ധോണിയും സേവാഗും മറ്റ്‌ താരങ്ങളുമെത്തിയത്‌. ഇന്ത്യയിലെ ജനങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകരും ടീമിനെ സ്‌നേഹിക്കുന്നവരും അറിയാന്‍ എന്ന്‌ തുടങ്ങുന്ന വാചകത്തില്‍ ടീമിലെ എല്ലാവരും പരസ്‌പരം നല്ല ബന്ധത്തിലാണെന്നും കളിക്കളത്തിലും പുറത്തും നല്ല ബന്ധത്തിലാണ്‌ എല്ലാവരുമെന്നും ധോണി പറഞ്ഞു.

പകരം വൈറ്റ്‌
മെല്‍ബണ്‍: മദ്യപാനത്തിന്‌ പുറത്താക്കപ്പെട്ട ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്‌ പകരം ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ സംഘത്തില്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ വൈറ്റിനെ ഉള്‍പ്പെടുത്തി. വിക്ടോറിയക്കാരനായ വൈറ്റ്‌ ഇന്ന്‌ ടീമിനൊപ്പം ചേരും. പരസ്യമായി മദ്യപിച്ച കുറ്റത്തിനാണ്‌ സൈമണ്ട്‌സ്‌ പിടിക്കപ്പെട്ടത്‌. ഉടന്‍ തന്നെ അദ്ദേഹത്തെ നാട്ടിലേക്ക്‌ തിരിച്ചുവിളിച്ചിരുന്നു. സൈമണ്ട്‌സ്‌ ഓസീ ക്രിക്കറ്റിന്റെ കരുത്താണെന്നും എന്നാല്‍ പുതിയ വിവാദങ്ങള്‍ ടീമിനെ ബാധിക്കില്ലെന്നുമാണ്‌ വൈറ്റ്‌ പറയുന്നത്‌. അപ്രതീക്ഷിതമായ വിളിയായതിനാല്‍ കാര്യമായ തയ്യാറെടുപ്പില്ലാതെയാണ്‌ വൈറ്റ്‌ വരുന്നത്‌. പക്ഷേ ഏത്‌ സമയത്തും ടീമിനായി കളിക്കാന്‍ താനുണ്ടാവുമെന്ന്‌ അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര പുറത്ത്‌
ചെന്നൈ: കേരളത്തെ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്താക്കിയ മഹാരാഷ്‌ട്ര ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗിലെ രണ്ടാം തോല്‍വിയുമായി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌്‌ പുറത്തായി. ഇന്നലെ നടന്ന മല്‍സരത്തില്‍ കര്‍ണ്ണാടക രണ്ട്‌ ഗോളിന്‌ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി. രണ്ടാം മല്‍സരത്തില്‍ ഗോവ, ക്ലൈമാക്‌സ്‌ ലോറന്‍സിന്റെ ഗോളില്‍ സര്‍വീസസിനെ പരാജയപ്പെടുത്തി.
ഒന്നാം പകുതിയുടെ പന്ത്രണ്ടാം മിനുട്ടില്‍ സനത്‌ കുമാറും രണ്ടാം പകുതിയില്‍ ദാദ നബീലുമാണ്‌ കര്‍ണ്ണാടകക്കായി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. മഹാരാഷ്‌ട്ര പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. മഹാരാഷ്‌ട്ര ഡിഫന്‍സ്‌ അലസമായി ക്ലിയര്‍ ചെയ്‌ത പന്ത്‌ പിടിച്ചെടുത്ത ജിന്റോ നല്‍കിയ ക്രോസാണ്‌ സനത്‌ ഉപയോഗപ്പെടുത്തിയത്‌. വ്യക്തിഗത മികവിലായിരുന്നു നബീലിന്റെ ഗോള്‍.
ആദ്യ മല്‍സരത്തില്‍ സര്‍വീസസിനോട്‌ ഒരു ഗോളിന്‌ പരാജയപ്പെട്ട മഹാരാഷ്ട്രക്ക്‌ ഇന്നലെ വിജയം നിര്‍ബന്ധമായിരുന്നു. പക്ഷേ മുന്‍നിരയിലെ പ്രമുഖര്‍ കളി മറന്നപ്പോള്‍ കര്‍ണ്ണാടകക്കാര്‍ അവസരവാദികളായി. ക്വാര്‍ട്ടര്‍ ലീഗിലെ അവസാന മല്‍സരത്തില്‍ നാളെ മഹാരാഷ്ട്ര ഗോവയുമായി കളിക്കുന്നുണ്ട്‌. ഇന്ന്‌ നടക്കുന്ന മല്‍സരങ്ങളില്‍ മണിപ്പൂര്‍ തമിഴ്‌നാടിനെയും ചാമ്പ്യന്മാരായ പഞ്ചാബ്‌ പശ്ചിമ ബംഗാളിനെയും നേരിടും.

ഇന്ത്യ 147
ന്യൂഡല്‍ഹി: ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യ പിറകോട്ട്‌.... 146 ലായിരുന്ന ഇന്ത്യ പുതിയ റാങ്കിംഗില്‍ 147 ലാണ്‌. ഏഷ്യന്‍ റാങ്കിംഗില്‍ 23 ാമതാണ്‌ ഇന്ത്യ. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ തന്നെയാണ്‌ ഒന്നാം സ്ഥാനത്ത്‌. അടുത്ത റാങ്കിംഗ്‌ പ്രഖ്യാപനം ജൂലൈ ഒന്നിനായിരിക്കും.

വിവയില്‍ കൊഴിഞ്ഞുപോക്ക്‌
കൊച്ചി: ഐ ലീഗ്‌ ഫുട്‌ബോളിലേക്ക്‌ യോഗ്യത നേടിയ വിവ കേരളയില്‍ നിന്നും താരങ്ങള്‍ കൂട്ടത്തോടെ കളം മാറുന്നു. ക്യാപ്‌റ്റന്‍ കെ.വി ലാലു, വിംഗര്‍ ഷഹബാസ്‌ സലീല്‍, വിദേശ താരങ്ങളായ ബാബ തുന്‍ഡെ, ബെല്ലോ റസാക്ക്‌ എന്നിവരെല്ലാം വിവ വിട്ട്‌ മുംബൈ ഒ.എന്‍.ജി.സിയിലേക്ക്‌ ചേക്കേറി. കോച്ച്‌ ഏ.എം ശ്രീധരനെ പിടികൂടാന്‍ ഒ.എന്‍.ജി.സി ശ്രമിച്ചെങ്കിലും അദ്ദേഹം കേരളം വിടാന്‍ തയ്യാറായില്ല. എം.പി സക്കീറുമായുളള കരാര്‍ വിവ പുതുക്കിയിട്ടുണ്ട്‌. സി.എസ്‌ സാബിത്തും വിവയില്‍ കളിക്കും.

No comments: