Saturday, June 13, 2009

SOCCER UTSAV

കോണ്‍ഫെഡറേഷന്‍ കപ്പിന്‌ ഇന്ന്‌ തുടക്കം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖും ആതിഥേയരായ ദക്ഷിണാഫ്രിക്കയും തമ്മിലുളള പോരാട്ടത്തോടെ ഫിഫ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ഫുട്‌ബോളിന്‌ ഇന്ന്‌ ഇവിടെ തുടക്കം. ഉദ്‌ഘാടന ദിവസത്തില്‍ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഓഷ്യാന ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡ്‌ യൂറേപ്യന്‍ ജേതാക്കളായ സ്‌പെയിനുമായി കളിക്കും. രണ്ട്‌ ഗ്രൂപ്പുകളിലായി എട്ട്‌ ടീമുകളാണ്‌ വന്‍കരാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്‌. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്‌ ഫുട്‌ബോളിന്‌ മുന്നോടിയായി നടത്തപ്പെടുന്ന ചാമ്പ്യന്‍ഷിപ്പ്‌ ടീമുകള്‍ക്ക്‌ കരുത്ത്‌ തെളിയിക്കാനുളള അവസരവും സംഘാടകര്‍ക്ക്‌ ലോകകപ്പിന്റെ വാം അപ്പുമാണ്‌. ഫിഫ തലവന്‍ സെപ്‌ ബ്ലാറ്റര്‍ ഉള്‍പ്പെടെ ഫിഫയുടെ ഉന്നതരെല്ലാം ചാമ്പ്യന്‍ഷിപ്പ്‌ കാണാനെത്തിയിട്ടുണ്ട്‌. ഇന്ന്‌ നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ടും ബ്ലാറ്ററുമാണ്‌ മുഖ്യാതിഥികള്‍.
ദക്ഷിണാഫ്രിക്കയിലിപ്പോള്‍ ശൈത്യ കാലമാണെങ്കിലും കോണ്‍ഫെഡറേഷന്‍ കപ്പ്‌ വിരുന്ന്‌ എല്ലാവര്‍ക്കും ഉയര്‍ന്ന താപം പ്രദാനം ചെയ്യുമെന്നാണ്‌ ബ്ലാറ്റര്‍ പറയുന്നത്‌. എല്ലായിടത്തും സോക്കര്‍ ഫീവര്‍ പ്രകടമാണ്‌. വന്‍കരാ ചാമ്പ്യന്മാരുടെ പ്രകടനം കാണാന്‍ ദക്ഷിണാഫ്രിക്കക്ക്‌ ആദ്യമായാണ്‌ ഇങ്ങനെയൊരു അവസരം ലഭിക്കുന്നത്‌. ഫുട്‌ബോള്‍ വാര്‍ത്തകളില്‍ ഇത്‌ വരെ നിറഞ്ഞത്‌ കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ ലോക റെക്കോര്‍ഡ്‌ ട്രാന്‍സ്‌ഫറായിരുന്നെങ്കില്‍ ഇനി അതിന്‌ മാറ്റം വരുമെന്ന്‌ ബ്ലാറ്റര്‍ പറഞ്ഞു. അല്‍പ്പം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ലോകകപ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടത്താന്‍ ഫിഫ തീരുമാനിച്ചപ്പോള്‍ യൂറോപ്പില്‍ നിന്നുള്‍പ്പെടെ ശക്തമായ എതിര്‍പ്പുകളുണ്ടായിരുന്നെന്നും എന്നാല്‍ കോണ്‍ഫെഡറേഷന്‍ കപ്പോടെ എല്ലാ ആശങ്കകളും അകലുമെന്നും ഫിഫ തലവന്‍ പറഞ്ഞു.
ഇന്ന്‌ നടക്കുന്ന ആദ്യ മല്‍സരത്തില്‍ കരുത്ത്‌ തെളിയിക്കാനാണ്‌ ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്‌. ലോക സോക്കറില്‍ വലിയ വിലാസമില്ലെങ്കിലും ലോകകപ്പ്‌ സംഘാടകര്‍ എന്ന നിലയില്‍ കാണികളില്‍ ഫുട്‌ബോള്‍ ആവേശം നിലനിര്‍ത്താന്‍ ടീം ബാധ്യസ്ഥരാണ്‌. ഏഷ്യന്‍ ചാമ്പ്യന്മാരായായ ഇറാഖിനെ തോല്‍പ്പിച്ച്‌ ചാമ്പ്യന്‍ഷിപ്പിന്‌ നല്ല തുടക്കം നല്‍കാന്‍ കഴിയുമെന്നാണ്‌ ടീമിന്റെ വിശ്വാസം. രണ്ട്‌ വര്‍ഷം മുമ്പ്‌ നടന്ന ഏഷ്യാകപ്പ്‌ ഫുട്‌ബോളില്‍ എല്ലാ വമ്പന്മാരെയും അട്ടിമറിച്ച്‌ ചാമ്പ്യന്മാരായവരാണ്‌ ഇറാഖ്‌. പക്ഷേ ആ കിരീടനേട്ടത്തിന്‌ ശേഷം ഇറാഖിന്‌ ലോകകപ്പ്‌ യോഗ്യതാ റൗണ്ടിലും മറ്റ്‌ ചാമ്പ്യന്‍ഷിപ്പുകളിലും തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
യൂറോപ്യന്‍ ചാമ്പ്യന്മാരും ലോക സോക്കറിലെ സൂപ്പര്‍ താരങ്ങളെയെല്ലാം അണിനിരത്തുന്നവരുമായ സ്‌പെയിനിന്‌ മുന്നില്‍ ന്യൂസിലാന്‍ഡിന്‌ കാര്യമായി ഒന്നും ചെയ്യാനുണ്ടാവില്ല.

കൊളോസോ പടിയിറങ്ങുന്നു
ന്യൂഡല്‍ഹി: കഴിഞ്ഞ ഒന്‍പത്‌ വര്‍ഷമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലവനായി തുടരുന്ന ആല്‍ബെര്‍ട്ടോ കോളോസോ ഫുട്‌ബോള്‍ ഭരണം മതിയാക്കുന്നു. 61 കാരനായ ഗോവക്കാരന്‍ തന്റെ താല്‍പ്പര്യക്കുറവ്‌ ഏ.ഐ.എഫ്‌.എഫ്‌ ആക്ടിംഗ്‌ പ്രസിഡണ്ട്‌ പ്രഫുല്‍ പട്ടേലിനെ അറിയിച്ചിട്ടുണ്ട്‌. നല്ല പിന്‍ഗാമിയെ കണ്ടെത്തി, സ്ഥാനമൊഴിയാനാണ്‌ പട്ടേല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. 2000 ഡിസംബര്‍ മുതല്‍ കൊളോസോയാണ്‌ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ സെക്രട്ടറി. ഫെഡറേഷനില്‍ പ്രൊഫഷണലിസം നാല്‌ വര്‍ം മുമ്പ്‌ കൊണ്ടുവന്നപ്പോള്‍ പ്രതിഫലം പറ്റുന്ന ആദ്യ സെക്രട്ടറി ജനറല്‍ എന്ന സ്ഥാനവും കൊളോസോ അലങ്കരിച്ചിരുന്നു.

വിവക്ക്‌ 25 ലക്ഷം
കൊച്ചി: അടുത്ത സീസണിലെ ഐ ലീഗ്‌ ഫുട്‌ബോളിന്‌ യോഗ്യത നേടിയ വിവ കേരളക്ക്‌ സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷത്തിന്റെ സഹായം നല്‍കി. ഐ ലീഗിനുളള ഒരുക്കത്തിന്റെ ഭാഗമായാണ്‌ സംസ്ഥാന സ്‌പോര്‍ട്‌സ്‌ മന്ത്രി എം. വിജയകമാര്‍ തുക ക്ലബിന്റെ ചെയര്‍മാന്‍ പി.ഭാസ്‌ക്കരന്‍, സെക്രട്ടറി ലിയാഖത്ത്‌ അലി എന്നിവര്‍ക്ക്‌ കൈമാറിയത്‌. ഐ ലീഗ്‌ ഫുട്‌ബോള്‍ ആരംഭിക്കുന്നതിന്‌ മുമ്പ്‌ ടീമിനെ സ്ഥിരമായ സ്‌പോണ്‍സറെ ലഭിക്കുമെന്നാണ്‌ കരുതുന്നതെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. ചടങ്ങില്‍ കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ കെ.എം.ഐ മേത്തര്‍, സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ ടി.പി ദാസന്‍,സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ യൂത്ത്‌ അഫയേഴ്‌സ്‌ ഡയരക്ടര്‍ ഡോ.ജി കിഷോര്‍, ഡൊമിനിക്‌ പ്രസന്റേഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒന്നാം പ്രതി ധോണി
ലോര്‍ഡ്‌സ്‌: ലോകകപ്പില്‍ ഇന്ത്യക്കിന്ന്‌ നിലനില്‍പ്പിന്റെ പോരാട്ടം. പ്രതിയോഗികള്‍ ആതിഥേയരായ ഇംഗ്ലണ്ട്‌. ഈ മല്‍സരത്തില്‍ തോറ്റാല്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്താവും. സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ വിന്‍ഡീസിനോട്‌ തകര്‍ന്ന ഇന്ത്യ കനത്ത സമ്മര്‍ദ്ദത്തിലാണ്‌. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയെ പിറകിലാക്കി ആധികാരിക വിജയമാണ്‌ വിന്‍ഡീസ്‌ നേടിയത്‌. ഇന്ത്യ ഉള്‍പ്പെടുന്ന സൂപ്പര്‍ എട്ട്‌ ഗ്രൂപ്പില്‍ രണ്ട്‌ വിജയങ്ങളുമായി ദക്ഷിണാഫ്രിക്കയാണിപ്പോള്‍ ഒന്നാം സ്ഥാനത്ത്‌. ഇന്ത്യയുടെ അവസാന മല്‍സരം ദക്ഷിണാഫ്രിക്കയുമാണെന്നിരിക്കെ ഇന്നത്തെ അങ്കത്തില്‍ വലിയ വിജയം നേടിയാല്‍ ഇന്ത്യക്ക്‌ പ്രതീക്ഷ കാക്കാം.
വിന്‍ഡീസിനെതിരായ തോല്‍വിയില്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ തന്ത്രങ്ങളാണ്‌ വിമര്‍ശിക്കപ്പെടുന്നത്‌. ടോസ്‌ നേടിയിട്ടും ഇന്ത്യ ആദ്യം ബാറ്റ്‌ ചെയ്‌തതും, ബാറ്റിംഗ്‌ ഓര്‍ഡറില്‍ അനാവശ്യ മാറ്റങ്ങള്‍ വരുത്തിയതും ധോണിയുടെ പിഴവുകളായാണ്‌ പറയപ്പെടുന്നത്‌. ക്രിസ്‌ ഗെയില്‍ എന്ന ഏക താരത്തെ കേന്ദ്രീകരിച്ച്‌ കളിക്കുന്ന വിന്‍ഡീസിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ അനുവദിച്ചാല്‍ വിന്‍ഡീസ്‌ നേടുന്ന ടോട്ടല്‍ ലക്ഷ്യമാക്കി കളിച്ചാല്‍ മതിയായിരുന്നു. പക്ഷേ ധോണി ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ വിന്‍ഡീസ്‌ പേസര്‍മാര്‍ പിച്ചിനെ ഉപയോഗപ്പെടുത്തി. മൂന്ന്‌ ഇന്ത്യന്‍ വിക്കറ്റുകളാണ്‌ തുടക്കത്തില്‍ വീണത്‌. രോഹിത്‌ ശര്‍മ്മയും ഗൗതം ഗാംഭീറും സുരേഷ്‌ റൈനയും പെട്ടെന്ന്‌ മടങ്ങിയത്‌ സ്‌ക്കോറിംഗിനെ ബാധിച്ചു. ടീമിന്‌ കാര്യമായ സംഭാവനകള്‍ നല്‍കാതെയാണ്‌ മുന്‍നിരക്കാര്‍ മടങ്ങിയത്‌. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളിലും മൂന്നാം നമ്പറില്‍ വന്ന ധോണിയാവട്ടെ നിര്‍ണ്ണായക അങ്കത്തില്‍ ബാറ്റിംഗ്‌ ഓര്‍ഡറില്‍ വെറുതെ താഴോട്ട്‌ പോയി. 23 പന്തുകള്‍ നേരിട്ട്‌ 11 റണ്‍സാണ്‌ നായകന്‍ നേടിയത്‌.
150 റണ്‍സായിരുന്നു ഇന്ത്യന്‍ ടോട്ടല്‍. യുവരാജ്‌ സിംഗ്‌, യൂസഫ്‌ പത്താന്‍ എന്നിവരുടെ സംഭാവനയിലാണ്‌ ഈ സ്‌ക്കോര്‍ നേടാനായത്‌. യുവരാജ്‌ 43 പന്തില്‍ 67 റണ്‍സ്‌ നേടിയപ്പോള്‍ യൂസഫ്‌ 23 പന്തില്‍ 31 റണ്‍സ്‌ സ്വന്തമാക്കി. സാമാന്യം ഭേദപ്പെട്ട സ്‌ക്കോറായിട്ടും ഈ ടോട്ടല്‍ പ്രതിരോധിക്കുന്നതിലും ധോണിയിലെ നായകന്‍ പരാജയമായി. അപകടകാരിയായ ക്രിസ്‌ ഗെയിലിനെ തുടക്കത്തില്‍ പുറത്താക്കാനായെങ്കിലും കൂറ്റനടിക്കാരനായ ഡ്വിന്‍ ബ്രാവോയെ നിയന്ത്രിക്കാനായില്ല. പുറത്താവാതെ 66 റണ്‍സാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌ ബ്രാവോ സ്വന്താക്കിയത്‌.
ഗെയിലിനെ നിയന്ത്രിക്കുന്നതില്‍ നായകന്റെ തന്ത്രങ്ങള്‍ ഫലപ്രദമായിരുന്നു. പവര്‍ പ്ലേ ഓവറുകളില്‍ തന്നെ സ്‌പിന്നര്‍മാരായ യൂസഫ്‌ പത്താനും ഹര്‍ഭജന്‍ സിംഗിനും പന്ത്‌ നല്‍കിയപ്പോള്‍ പന്തിനെ അതിവേഗതയില്‍ പ്രഹരിക്കാന്‍ ഗെയിലിനായില്ല. ഹര്‍ഭജന്‍ എറിഞ്ഞ മെയ്‌ഡന്‌ ശേഷം യൂസഫിന്റെ ഓവറിലാണ്‌ ഗെയില്‍ പുറത്തായത്‌. പക്ഷേ ഈ നേട്ടം ഉപയോഗപ്പെടുത്താന്‍ ടീമിനായില്ല. പകരമെത്തിയ ബ്രാവോ തുടക്കം മുതല്‍ ക്ഷമയില്ലാതെ കളിക്കുകയായിരുന്നു.
മൂന്നാം നമ്പറില്‍ വന്ന ലെന്‍ഡല്‍ സിമണ്‍സ്‌ ഭാഗ്യത്തിന്റെ അകമ്പടിയില്‍ കളിച്ചപ്പോള്‍ ബ്രാവോ ഒരു ഘട്ടത്തിലും പിറകോട്ട്‌ പോയില്ല. ബ്രാവോയെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം ധോണി പാഴാക്കിയപ്പോള്‍ അത്‌ ഇന്ത്യന്‍ യാത്രയില്‍ വലിയ തടസ്സമായി.
ഇന്ത്യന്‍ ഫീല്‍ഡിംഗ്‌ ദയനീയമായിരുന്നു. പല ഫീല്‍ഡര്‍മാരും പന്തിന്‌ പിറകെ ഓടിയപ്പോള്‍ വിന്‍ഡീസ്‌ ഫീല്‍ഡിംഗാണ്‌ അവരുടെ ബൗളര്‍മാര്‍ക്ക്‌ പ്രചോദനമായത്‌. ഗാംഭീറിനെ പുറത്താക്കാന്‍ സിമണ്‍സ്‌ എടുത്ത ക്യാച്ച്‌ മനോഹരമായിരുന്നു.
ഇന്നത്തെ നിര്‍ണ്ണായക അങ്കത്തില്‍ ഇര്‍ഫാന്‍ പത്താന്‌ പകരം പ്രവീണ്‌ കുമാറിനെ കളിപ്പിക്കാന്‍ ആലോചനയുണ്ട്‌. ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട്‌ തകര്‍ന്ന ഇംഗ്ലണ്ടിനും ഇന്നത്തെ മല്‍സരം നിര്‍ണ്ണായകമാണ്‌. ഇന്നത്തെ ആദ്യ മല്‍സരം അയര്‍ലാന്‍ഡും ശ്രീലങ്കയും തമ്മിലാണ്‌. ആദ്യ മല്‍സരത്തില്‍ പാക്കിസ്‌താനെ തോല്‍പ്പിച്ച ലങ്കക്ക്‌ ഇന്നും ജയിക്കാനായാല്‍ സെമി ഉറപ്പിക്കാനാവും.



ഇന്ന്‌ ഫൈനല്‍
ആധിപത്യം തിരിച്ചുപിടിക്കാന്‍ ബംഗാള്‍
ചെന്നൈ: സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ന്‌ പശ്ചിമ ബംഗാള്‍ ഗോവയുമായി കളിക്കും. നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകീട്ട്‌ അഞ്ചിനാണ്‌ കളിയാരംഭിക്കുന്നത്‌. സര്‍വീസസിനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ചാണ്‌ ബംഗാള്‍ ഫൈനലിനുള്ള ടിക്കറ്റ്‌ സ്വന്തമാക്കിയത്‌. ഗോവയാവട്ടെ ആതിഥേയരായ തമിഴ്‌നാടിനെ അവസാന മിനുട്ടിലെ പെനാല്‍ട്ടി ഗോളില്‍ പരാജയപ്പെടുത്തിയാണ്‌ അന്തിമ പോരാട്ടത്തിന്‌ യോഗ്യത നേടിയത്‌. 29 തവണ ദേശീയ ഫുട്‌ബോള്‍ കീരീടത്തില്‍ മുത്തമിട്ടിട്ടുളള ബംഗാളിന്‌ കഴിഞ്ഞ പത്ത്‌ വര്‍ഷമായി സന്തോഷ്‌ ട്രോഫി കിട്ടാക്കനിയാണ്‌. പത്ത്‌ വര്‍ഷം മുമ്പ്‌ ഇതേ മൈതാനത്ത്‌ വെച്ചാണ്‌ അവസാനമായി അവര്‍ ചാമ്പ്യന്മാരായത്‌. അതിന്‌ ശേഷം 2007 ല്‍ കലാശപ്പോരാട്ടത്തിന്‌ യോഗ്യത നേടിയെങ്കിലും പഞ്ചാബിന്‌ മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഇതിനകം അഞ്ച്‌ തവണ സന്തോഷ്‌്‌ ട്രോഫി ഫൈനലില്‍ ബംഗാള്‍ ഗോവയുമായി കളിച്ചിട്ടുണ്ട്‌. ഈ അഞ്ച്‌ തവണയും കിരീടം സ്വന്തമാക്കിയതിന്റെ മുന്‍ത്തൂക്കം വംഗനാട്ടുകാര്‍ക്കുണ്ട്‌. ഇന്ത്യന്‍ ഫുട്‌ബോളില്‍ ബംഗാളിന്റെ നഷ്‌ടമായ പ്രതാപം തിരിച്ചുപിടിക്കാനും ടീം ആഗ്രഹിക്കുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗിലും സെമിയിലും പ്രകടിപ്പിച്ച അതേ മികവ്‌ ഫൈനലിലും ആവര്‍ത്തിക്കാനായാല്‍ തീര്‍ച്ചയായും ടീമിന്‌ കപ്പില്‍ മുത്തമിടാന്‍ കഴിയുമെന്നാണ്‌ കോച്ച്‌ രഘു നന്ദി പറയുന്നത്‌. മധ്യനിരയെ നയിക്കുന്ന പി.സി ലാല്‍പുയയാണ്‌ ടീമിന്റെ തുരുപ്പുചീട്ട്‌.

ക്രിക്കറ്റ്‌
ഓവല്‍: ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ്‌ ഒരിക്കല്‍ കൂടി കരുത്ത്‌ കാട്ടിയ ദിനത്തില്‍ മുന്‍നിരക്കാരുടെ കാര്യമായ സംഭാവനയില്‍ 183 റണ്‍സാണ്‌ ടീം സ്‌ക്കോര്‍ ചെയ്‌തത്‌. ഓവലിലെ ലൈഫുള്ള പിച്ചില്‍, 24 മണിക്കൂറിനിടെരണ്ടാം മല്‍സരം കളിക്കാനിറങ്ങിയ വിന്‍ഡീസ്‌ ഇന്ത്യയെ തോല്‍പ്പിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്തിയപ്പോള്‍ ടോസ്‌ ഭാഗ്യം ക്രിസ്‌ ഗെയിലിനൊപ്പമായിരുന്നു. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി കാട്ടിയ വിഡ്ഡിത്തം ഗെയില്‍ ആവര്‍ത്തിച്ചില്ല. ആദ്യം ദക്ഷിണാഫ്രിക്കയെ അദ്ദേഹം ബാറ്റിംഗിന്‌ വിട്ടു. ജാക്‌ കാലിസ്‌ ( 31 പന്തില്‍ 45), ഗ്രയീം സ്‌മിത്ത്‌ (18 പന്തില്‍ 31), ഹര്‍ഷല്‍ ഗിബ്‌സ്‌ (35 പന്തില്‍ 55) എന്നിവര്‍ മികച്ച ഇന്നിംഗ്‌സുകളുമായി കളം വാണു. പക്ഷേ മധ്യനിരക്ക്‌ സ്‌ക്കോറിംഗില്‍ വേഗത കാട്ടാനായില്ല. ചാമ്പ്യന്‍ഷിപ്പിലെ എല്ലാ മല്‍സരങ്ങളിലും അപാര ഫോമില്‍ കളിക്കുന്ന കാലിസ്‌ ആറ്‌ തവണയാണ്‌ പന്തിനെ അതിര്‍ത്തി കടത്തിയത്‌. ഒരു തവണ പന്തിനെ ഗ്യാലറിയിലുമെത്തിച്ച വെറ്ററനെ സ്‌പിന്നര്‍ സിമണ്‍സാണ്‌ പുറത്താക്കിയത്‌. കാലിസ്‌ കത്തി കളിച്ചപ്പോള്‍ നങ്കൂരമിട്ട സ്‌മിത്തിന്റെ ബാറ്റില്‍ നിന്‌ും ആറ്‌ ബൗണ്ടറികള്‍ വന്നു.സ്‌ക്കോര്‍ 54 ലാണ്‌ ആദ്യ വിക്കറ്റ്‌ സ്‌മിത്തിന്റെ രൂപത്തില്‍ നിലംപതിച്ചത്‌.
കാലിസ്‌-ഗിബ്‌സ്‌ സഖ്യം അതിവേഗതയിലാണ്‌ കളിച്ചത്‌. അഞ്ച്‌ ഓവറില്‍ 50 റണ്‍സുമായി മിന്നിയ ഈ സഖ്യം 105 ല്‍ കാലിസ്‌ വീണതോടെ തകര്‍ന്നു. പതിനഞ്ചാം ഓവറിലാണ്‌ ഗിബ്‌സ്‌ പുറത്തായത്‌. അപ്പോള്‍ സ്‌ക്കോര്‍ 136. തുടര്‍ന്ന്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ വീണു. എബി ഡി വില്ലിയേഴ്‌സ്‌ (10 പന്തില്‍ 17), ആബി മോര്‍ക്കല്‍ (8 പന്തില്‍ 10), ജെ.പി ഡുമിനി (0) എന്നിവരാണ്‌ പെട്ടെന്ന്‌ മടങ്ങിയത്‌. പക്ഷേ ആഫ്രിക്കന്‍ ഇന്നിംഗ്‌സിന്‌ മാര്‍ക്‌ ബൗച്ചറുടെ സിക്‌സര്‍ ഫിനിഷിംഗ്‌ ടച്ചായി

No comments: