Wednesday, March 24, 2010

SACHIN VS DHONI

സച്ചിന്‍ ധോണിക്കെതിരെ
മുംബൈ: ഇന്ന്‌ നിങ്ങള്‍ കളി കാണണം.... കാരണമുണ്ട്‌- ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട്‌ സൂപ്പര്‍ താരങ്ങള്‍ തമ്മിലാണ്‌ ഇന്നത്തെ ബലാബലം. ലോക ക്രിക്കറ്റിലെ മാന്ത്രികനായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്‌ ഇന്നത്തെ മല്‍സരത്തിലെ പ്രധാനി. അദ്ദേഹത്തിന്റെ മുംബൈ ഇന്ത്യന്‍സ്‌ നേരിടുന്നതാവട്ടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ. ചെന്നൈയെ നയിക്കുന്നത്‌ സച്ചിന്റെ അടുത്ത സുഹൃത്തും ഇന്ത്യന്‍ നായകനുമായ മഹേന്ദ്രസിംഗ്‌ ധോണിയാണ്‌... ഈ രണ്ട്‌ പ്രബലര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആര്‌ ജയിക്കുമെന്ന ചോദ്യത്തിന്‌ തല്‍ക്കാലം ഉത്തരമില്ല. മുംബൈ തകര്‍പ്പന്‍ ഫോമിലാണ്‌. മുംബൈ മാത്രമല്ല സച്ചിനും. അതേ സമയം ധോണി കളിക്കുന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്‌. പരുക്കിന്റെ പിടിയില്‍ ടീമിന്റെ കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളില്‍ ധോണി ഉണ്ടായിരുന്നില്ല. സുരേഷ്‌ റൈനയാണ്‌ ടീമിനെ നയിച്ചത്‌. ഇന്നലെ ധോണി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്‌. അദ്ദേഹം കളിക്കുമെന്ന റിപ്പോര്‍ട്ട്‌ പക്ഷേ അന്തിമമായി നല്‍കിയിട്ടില്ല. ധോണിയുടെ അഭാവം ടീം അറിയുന്നുണ്ട്‌. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മല്‍സരത്തില്‍ ശക്തനായ നായകന്റെ അഭാവമാണ്‌ പ്രകടമായത്‌. ഇന്ന്‌ നടക്കുന്ന ആദ്യ മല്‍സരം ബാംഗ്ലൂര്‍ റോയല്‍സും ഡല്‍ഹി ഡെയര്‍ഡെവിള്‍സുമാണ്‌.
സച്ചിന്റെ സംഘത്തിന്റെ പ്രബലത ശരിക്കും വ്യക്തമാവും ടീം പട്ടിക നോക്കിയാല്‍. കളിക്കുന്നവരെല്ലാം ഒന്നിനൊന്ന്‌ മെച്ചപ്പെട്ടവരാണ്‌. സച്ചിന്‍ കഴിഞ്ഞ രണ്ട്‌ ഐ.പി.എല്ലിലും നിരാശയാണ്‌ സമ്മാനിച്ചതെങ്കില്‍ ഇത്തവണ അദ്ദേഹം തകര്‍പ്പന്‍ ഫോമിലാണ്‌. കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ മാസ്‌മരിക പ്രകടനമാണ്‌ മുംബൈക്ക്‌ എളുപ്പ വിജയം സമ്മാനിച്ചത്‌. എന്നാല്‍ തന്റെ ഫോം മാത്രമല്ല ടീം ആശ്രയിക്കുന്നതെന്ന്‌ സച്ചിന്‍ പറഞ്ഞു. എല്ലാവരും സ്വന്തം സംഭാവനകള്‍ കാര്യക്ഷമമാക്കുന്നുണ്ട്‌. ബാറ്റ്‌സ്‌മാന്മാര്‍ക്കൊപ്പം ബൗളര്‍മാരും മികവ്‌ പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഇന്ന്‌ ചെന്നൈയെ എളുപ്പം നേരിടാനാവുമെന്നും സച്ചിന്‍ പറയുന്നു. സനത്‌ ജയസൂര്യക്ക്‌ ഇന്നും വിശ്രമം നല്‍കാനാണ്‌ സാധ്യത. വിന്‍ഡീസ്‌ ജോഡികളായ ഡ്വിന്‍ ബ്രവോയും കിരണ്‍ പൊലാര്‍ഡും കളിക്കുമ്പോള്‍ ബൗളിംഗ്‌ നിരയില്‍ കൂടുതല്‍ ഭാരം സഹീര്‍ഖാനില്‍ തന്നെയായിരിക്കും.
ചെന്നൈ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍സിന്‌ മുന്നില്‍ വിയര്‍ത്തിരുന്നു. ജയിക്കാമായിരുന്ന മല്‍സരമായിട്ടും അലസതയിലാണ്‌ ചെന്നൈക്ക്‌ വലിയ വില നല്‍കേണ്ടി വന്നത്‌. റോബിന്‍ ഉത്തപ്പയുടെ കൂറ്റന്‍ ഇന്നിംഗ്‌സിന്‌ ചെന്നൈക്കാര്‍ തന്നെയാണ്‌ അവസരം നല്‍കിയത്‌. തുടക്കത്തില്‍ തന്നെ ഉത്തപ്പ നല്‍കിയ അവസരം ഫീല്‍ഡര്‍മാര്‍ ഉപയോഗപ്പെടുത്തിയില്ല. മുത്തയ്യ മുരളീധരന്റെ സ്‌പിന്നിനും ടീമിനെ ജയിപ്പിക്കാന്‍ കഴിഞ്ഞില്ല.
തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നവരാണ്‌ അനില്‍ കുംബ്ലെ നയിക്കുന്ന ബാംഗ്ലൂര്‍ സംഘം. തുടര്‍ച്ചയായി മൂന്നാമത്‌ വിജയം സ്വന്തമാക്കി മുന്നേറുന്ന റോയല്‍സിനെ തളക്കാന്‍ പരുക്കിന്റെ പിടിയില്‍ കഴിയുന്ന ഡല്‍ഹിക്ക്‌ എളുപ്പമല്ല. വിരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍ എന്നീ ഡല്‍ഹി പ്രമുഖര്‍ പരുക്കിലാണ്‌. ദിനേശ്‌ കാര്‍ത്തിക്കാണ്‌ കഴിഞ്ഞ മല്‍സരത്തില്‍ ടീമിനെ നയിച്ചത്‌. ടീമിന്റെ പ്രധാന ബാറ്റ്‌സ്‌മാന്മായ തിലകരത്‌നെ ദില്‍ഷാന്‌ ഇത്‌ വരെ ഫോമിലെത്താന്‍ കഴിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍ എബി ഡി വില്ലിയേഴ്‌സും വലിയ ഇന്നിംഗ്‌സ്‌ കളിക്കാന്‍ കഴിയാതെ പതറുകയാണ്‌. ബാംഗ്ലൂര്‍ സംഘമാവട്ടെ ബാറ്റിംഗില്‍ മാത്രമല്ല, ബൗളിംഗിലും ശരാശരി നിലനിര്‍ത്തുന്നുണ്ട്‌. ജാക്‌ കാലിസാണ്‌ ബാറ്റിംഗില്‍ ടീമിന്‌ വലിയ സാധ്യത നല്‍കുന്നത്‌. ചെന്നൈക്കെതിരായ മല്‍സരത്തില്‍ മാത്രമാണ്‌ കാലിസിന്‌ വലിയ സ്‌ക്കോര്‍ സമ്പാദിക്കാന്‍ കഴിയാതിരുന്നത്‌. മനീഷ്‌ പാണ്ഡെ, റോബിന്‍ ഉത്തപ്പ, വിരാത്‌ കോഹ്‌ലി, രാഹുല്‍ ദ്രാവിഡ്‌ തുടങ്ങിയവര്‍ കരുത്തരാണ്‌. വീനിത്‌ കുമാര്‍ എന്ന ബൗളറില്‍ കുംബ്ലെക്ക്‌ ശക്തനായ ഒരു മാച്ച്‌ വിന്നറെ ലഭിക്കുന്നുമുണ്ട്‌.

ഇതാണ്‌ പാക്കിസ്‌താന്‍ അച്ചടക്കം
പത്ത്‌ ദിവസം മുമ്പാണ്‌ പാക്കിസ്‌താന്‍ പാര്‍ലമെന്ററി കമ്മീഷന്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ അറുപതോളം പേജുളള ഒരു അന്വേഷണ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പാക്കിസ്‌താന്‍ ടീമില്‍ സംഭവിച്ച സത്യങ്ങളിലേക്കുള്ള തെളിവെടുപ്പില്‍ ഞെട്ടിക്കുന്ന സത്യങ്ങളാണ്‌ കമ്മീഷന്‍ പുറത്ത്‌ കൊണ്ടുവന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ അതിശക്തമായി തന്നെ പി.സി.ബി നീങ്ങുകയും ചെയ്‌തു. ടീമിലെ രണ്ട്‌ സീനിയര്‍ താരങ്ങള്‍ക്ക്‌ ആജീവനാന്ത വിലക്ക്‌, മറ്റ്‌ രണ്ട്‌ പേര്‍ക്ക്‌ ഒരു വര്‍ഷ വിലക്ക്‌, രണ്ട്‌ പേര്‍ക്ക്‌ അച്ചടക്ക നടപടിയുടെ ഭാഗമായി വലിയ പിഴയും താക്കീതും..... പാക്കിസ്‌താന്‍ മാത്രമല്ല ഈ വലിയ നടപടിയില്‍ ലോകം തന്നെ ഞെട്ടിയിരുന്നു. ഈ തീരുമാനമെടുത്തത്‌ ഇജാസ്‌ ഭട്ട്‌ തന്നെയോ എന്ന്‌ പലരും ചോദിച്ചു.... അച്ചടക്കലംഘനം നടത്തുന്നവര്‍ക്ക്‌ മാപ്പില്ല എന്ന വ്യക്തമായ പ്രഖ്യാപനവുമായാണ്‌ അച്ചടക്കനടപടി വന്നത്‌...
പക്ഷേ അച്ചടക്കത്തിന്റെ വാളോങ്ങിയ അതേ ഇജാസ്‌ ഭട്ടും, അതേ പാക്കിസ്‌താന്‍ ബോര്‍ഡുമിതാ ഷാഹിദ്‌ അഫ്രീദിയെന്ന അച്ചടക്ക ലംഘനത്തിന്റെ ശക്തനായ വക്താവിനെ വീണ്ടും നായകനാക്കിയിരിക്കുന്നു. ഇതാണ്‌ പാക്കിസ്‌താന്‍ അച്ചടക്കം...! പാക്കിസ്‌താന്‍ ക്രിക്കറ്റിലെ സര്‍വവിധ പ്രശ്‌നങ്ങളിലും ശക്തമായ സാന്നിദ്ധ്യമുള്ള വ്യക്തിയാണ്‌ അഫ്രീദിയെന്ന്‌ പലവട്ടം പലരും വിളിച്ചു പറഞ്ഞും, തെളിവു സഹിതം ചൂണ്ടിക്കാട്ടിയതുമാണ്‌. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പന്ത്‌ കടിച്ചു പറിക്കുന്ന അഫ്രീദിയുടെ ചിത്രങ്ങള്‍ പാക്കിസ്‌താന്‌ മാത്രമല്ല ലോക ക്രിക്കറ്റിന്‌ തന്നെ നാണക്കേടായിരുന്നു. പലപ്പോഴും വഴി വിട്ട്‌ പെരുമാറുന്ന യുവതാരം ക്രിക്കറ്റ്‌ മൈതാനത്ത്‌ ഒരിക്കലും പക്വതയുടെ വക്താവല്ല. എന്താണ്‌ അഫ്രീദിയില്‍ പിന്നെ പി.സി.ബി കാണുന്ന പോസീറ്റീവ്‌ എന്ന്‌ ചോദിച്ചാല്‍ ഇജാസിനോ മറ്റാര്‍ക്കുമോ ഉത്തരമില്ല. എന്നിട്ടും അദ്ദേഹത്തെ നായകനാക്കേണ്ട ഗതികേടില്‍ പാക്കിസ്‌താന്‍ അകപ്പെടുമ്പോള്‍ പ്രതീക്ഷ കൈവരുന്നത്‌ യൂനസ്‌ഖാനും മുഹമ്മദ്‌ യൂസഫിനും ഷുഹൈബ്‌ മാലിക്കിനുമെല്ലാമാണ്‌....
പാക്കിസ്‌താന്‍ സംഘത്തില്‍ ശക്തരായ യുവതാരങ്ങളുണ്ട്‌. സല്‍മാന്‍ ഭട്ടും ഉമര്‍ അക്‌മലുമെല്ലാം നാളെയുടെ താരങ്ങളാണ്‌. ഉമര്‍ അക്‌മലിനെ പോലെ ഒരാള്‍ക്കെതിരെ അച്ചടക്കനടപടി പാക്കിസ്‌താന്‍ ഏടുത്തിരുന്നു. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം ടെസ്‌റ്റിന്‌ ശേഷം സഹോദരന്‍ കമറാന്‍ അക്‌മലിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ പരുക്ക്‌ അഭിനയിച്ച അപരാധം ഉമര്‍ ചെയ്‌തിരുന്നു. പാക്കിസ്‌താന്‍ ക്രിക്കറ്റിലെ ഗ്രൂപ്പിസം നോക്കുമ്പോള്‍ ഉമര്‍ സഹോദരനൊപ്പം നിന്നത്‌ തെറ്റല്ല. പക്ഷേ പി.സി.ബി നടപടി സ്വീകരിച്ചു. നല്ല നീക്കമായിട്ടും ഇപ്പോള്‍ അഫ്രീദിയെ തന്നെ നായകനാക്കിയതിലുടെ യുവതാരങ്ങള്‍ക്ക്‌ ഏത്‌ തരം സന്ദേശമാണ്‌ പി.സി.ബി നല്‍കുന്നത്‌...?
ഷുഹൈബ്‌ അക്തര്‍ എന്ന അതിവേഗക്കാരനെ ഇപ്പോള്‍ ലോകത്തിന്‌ പരിചയമില്ല. അച്ചടക്ക ലംഘനത്തിന്റെ മകുടോദാഹരണമായിരുന്നു അദ്ദേഹം. എല്ലാ നായകര്‍ക്കും തലവേദനയായി നിലകൊണ്ട്‌ അക്തറിനെക്കുറിച്ച്‌ ഇപ്പോള്‍ വലിയ വിവരമില്ല. പക്ഷേ തത്വത്തില്‍ ഇപ്പോഴും അക്തര്‍ പാക്‌ താരം തന്നെ. സഹതാരത്തെ ഒരു ലോകകപ്പിനിടെ ബാറ്റ്‌ കൊണ്ട്‌ മര്‍ദ്ദിച്ചിട്ടുണ്ട്‌ അക്തര്‍. അന്ന്‌ അടി കൊണ്ട മുഹമ്മദ്‌ ആസിഫ്‌ പിന്നീട്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ഉത്തേജകം കൈവശം വെച്ചതിന്‌ പിടിക്കപ്പെട്ടു. അതേ ആസിഫ്‌ ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമാണ്‌ എന്നതും ഒരു പാക്‌ രസമാണ്‌... കഴിഞ്ഞ ദിവസം പല താരങ്ങള്‍ക്കും പി.സി.ബി സെന്‍ട്രല്‍ കോണ്‍ട്രാക്ട്‌ നല്‍കി. പലരെയും മാറ്റിനിര്‍ത്തി. അത്‌ നന്നായി. പക്ഷേ അഫ്രീദിയെ തന്നെ നായകനാക്കിയതിലുടെ പി.സി.ബി മുന്നോട്ട്‌ വെച്ച പാദം പിന്‍വലിച്ച മട്ടാണ്‌. സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ കഴിയാത്ത ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നിസ്സഹായത പോലെയാണ്‌ പാക്കിസ്‌താന്റെ നീക്കവും. ഒരിക്കലും വിരിച്ച പായയില്‍ കിടന്നിട്ടില്ല പാക്കിസ്‌താന്‍ താരങ്ങള്‍. തന്നിഷ്‌ടത്തിന്റെ ഗൂഗ്ലികള്‍ നിരന്തരം പായിച്ചിട്ടും ഇമ്രാന്‍ഖാനും ജാവേദ്‌ മിയാന്‍ദാദും സലീം മാലിക്കും സയദ്‌ അന്‍വറും ഇജാസ്‌ അഹമ്മദും അബ്ദുള്‍ ഖാദിറും ആമിര്‍ സുഹൈലും റമീസ്‌ രാജയും വസീം അക്രവും വഖാര്‍ യൂനസും ഇന്‍സമാമും മുഹമ്മദ്‌ യൂസഫും യൂനസ്‌ഖാനും വരേണ്യരാണ്‌.... ഒരു 20-20 ക്രിക്കറ്റിന്റെ ആവേശം പോലെയാണ്‌ പാക്‌ കാര്യങ്ങള്‍. സിക്‌സറുകളും ബൗണ്ടറികളും പോലെ അച്ചടക്ക നടപടികള്‍... അതേ വേഗതയില്‍ നല്ല നടപ്പും മാപ്പും... എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍ പാവം കാണികള്‍....!

കുക്കില്‍ ഇംഗ്ലണ്ട്‌
മിര്‍പ്പൂര്‍: അലിസ്റ്റര്‍ കുക്കിന്റെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്‌റ്റിലും ഇംഗ്ലണ്ടിന്‌ മിന്നുന്ന വിജയം. ഒമ്പത്‌ വിക്കറ്റിനാണ്‌ അവസാന ദിവസം ഇംഗ്ലണ്ട്‌ ജയിച്ചു കയറിയത.്‌ ഒന്നാം ടെസ്റ്റിലും സന്ദര്‍ശകര്‍ക്കായിരുന്നു വിജയം. ബംഗ്ലാ ക്യാപ്‌റ്റന്‍ ഷക്കീബ്‌ അല്‍ ഹസന്‍ ഇന്നല പൊരുതി കളിച്ച്‌ 96 റണ്‍സ്‌ നേടിയപ്പോള്‍ ഇംഗ്ലണ്ട്‌ വിയര്‍ക്കുമെന്നാണ്‌ കരുതിയത്‌. പക്ഷേ രണ്ടാം വിക്കറ്റില്‍ കുക്കും കെവിന്‍ പീറ്റേഴ്‌സണും ചേര്‍ന്ന്‌ നേടിയ 167 റണ്‍സ്‌ വിജയം ഉറപ്പാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ ആറ്‌ വിക്കറ്റിന്‌ 172 റണ്‍സ്‌ എന്ന നിലയിലാണ്‌ ബംഗ്ലാദേശ്‌ ഇന്നലെ ബാറ്റിംഗിനിറങ്ങിയത്‌. പക്ഷേ ഇംഗ്ലീഷ്‌ പ്രതീക്ഷകളെ തകിടം മറിച്ച്‌ ഷാക്കിബും സംഘവും സ്‌ക്കോര്‍ 285 ല്‍ എത്തിച്ചപ്പോള്‍ അതിവേഗം ഇംഗ്ലീഷ്‌ ലക്ഷ്യം 209 റണ്‍സിലായി. പക്ഷേ കുക്ക്‌ ശക്തനായി നില കൊണ്ട്‌ ആക്രമണ ക്രിക്കറ്റിന്റെ വക്താവായി.

പ്ലീസ്‌ ദ്രോഹിക്കരുത്‌
മുംബൈ: ക്രിസ്‌ കെയിന്‍സ്‌ എന്ന കിവി ഓള്‍റൗണ്ടറെ ക്രിക്കറ്റ്‌ ലോകം മറക്കില്ല.... പന്ത്‌ കൊണ്ടും ബാറ്റ്‌ കൊണ്ടും പ്രതിയോഗികളെ മലര്‍ത്തിയടിക്കുന്ന താരം പക്ഷേ ഇത്തവണ കുട്ടി ക്രിക്കറ്റിന്റെ ആവേശത്തിനൊപ്പമില്ല. എന്താണ്‌ കെയിന്‍സ്‌ മാറി നില്‍ക്കുന്നത്‌ എന്ന ചോദ്യത്തിന്‌ ഉത്തരമായി ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാനായ ലളിത്‌ മോഡി പറഞ്ഞിരുന്നത്‌ പന്തയ വിവാദത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന്‌ കെയിന്‍സിനെ അകറ്റി നിര്‍ത്തുകയായിരുന്നു എന്നാണ്‌. എന്നാല്‍ ഈ മോഡി വാദത്തോട്‌ കെയിന്‍സ്‌ താല്‍പ്പര്യമില്ല. രോഷവുമുണ്ട്‌. ഒരിക്കലും പന്തയ വിവാദത്തില്‍ താന്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും ട്വിറ്റര്‍ വഴി മോഡി നടത്തിയ പരാമര്‍ശത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ മോഡിക്കെതിരെ നിയമപരമായി നീങ്ങാനുദ്ദേശിക്കുന്നില്ലെന്നും കെയിന്‍സ്‌ വ്യക്തമാക്കി. മോഡി ഇന്ന്‌ ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തനായ വക്താവാണ്‌. അദ്ദേഹം പറഞ്ഞ കാര്യത്തില്‍ എനിക്ക്‌ വിശ്വാസമില്ല. ആദ്യം കേട്ടപ്പോള്‍ ദേഷ്യം തോന്നി.. ലോക ക്രിക്കറ്റില്‍ പല നേട്ടങ്ങളും സമ്പാദിച്ച താരമാണ്‌ ഞാന്‍. ആ നേട്ടങ്ങള്‍ മോഡിയല്ല ആര്‌ വിചാരിച്ചാലും ഇല്ലാതാക്കാന്‍ കഴിയില്ല. താന്‍ ഐ.സി.എല്ലില്‍ ചേര്‍ന്നത്‌ മുതല്‍ കേട്ടിട്ടുണ്ട്‌ ഇത്തരം കിംവദന്തികള്‍, ഇതെല്ലാം വെറും അനാവശ്യ സംസാരമാണ്‌. ഒരു തരത്തിലുളള പന്തയ വിവാദത്തിലും എനിക്ക്‌ പങ്കില്ല. ഈ കാര്യം ഞാന്‍ പലപ്പോഴായി വ്യക്തമാക്കിയതാണ്‌. ഐ.സി.എല്ലില്‍ നിന്നും പിന്മാറിയത്‌ ഫിറ്റ്‌നസ്‌ പ്രശ്‌നത്തിലാണെന്നും കെയിന്‍സ്‌ വ്യക്തമാക്കി.

സച്ചിന്‍ ലോകകപ്പിന്‌ ഇല്ല
മുംബൈ: വിന്‍ഡീസില്‍ നടക്കുന്ന 20-20 ലോകകപ്പില്‍ കളിക്കണമെന്ന നിര്‍ദ്ദേശം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തള്ളി. സുനില്‍ ഗവാസ്‌ക്കര്‍, മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ തുടങ്ങിയ മുന്‍നിര താരങ്ങളാണ്‌ ലോകകപ്പില്‍ സച്ചിന്‍ ഉള്‍പ്പെടെയുളള സീനിയര്‍ ക്രിക്കറ്റര്‍മാര്‍ക്ക്‌ അവസരം നല്‍കണമെന്ന്‌ നിര്‍ദ്ദേശിച്ചത്‌. ഐ.പി.എല്ലില്‍ സച്ചിനും സീനിയര്‍ താരങ്ങളും തകര്‍പ്പന്‍ പ്രകട
നമാണ്‌ നടത്തുന്നത്‌. ഈ സാഹചര്യത്തിലാണ്‌ സച്ചിന്‌ വേണ്ടി പലരും രംഗത്ത്‌ വന്നത്‌. എന്നാല്‍ 20-20 ദേശീയ ടീമില്‍ യുവതാരങ്ങള്‍ക്കാണ്‌ അവസരം നല്‍്‌കേണ്ടതെന്ന്‌ സച്ചിന്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ നായകനായി വലിയ ഇന്നിംഗ്‌സ്‌ കളിക്കുന്ന സച്ചിന്‌ ദേശീയ ടീമിനെ ലോകകപ്പിലും സഹായിക്കാന്‍ കഴിയുമെന്ന്‌ അസ്‌ഹറുദ്ദീന്‍ പറഞ്ഞിരുന്നു. ദോശിയ ടീമിന്‌ വേണ്ടി ഇത്‌ വരെ ഒരു 20-20 മല്‍സരം മാത്രമാണ്‌ സച്ചിന്‍ കലിച്ചത്‌. 2007 ല്‍ പ്രഥമ ലോകകപ്പില്‍ സച്ചിനും രാഹുല്‍ ദ്രാവിഡും സൗരവ്‌ ഗാംഗുലിയും കളിക്കുമെന്നാണ്‌ കരുതപ്പെട്ടത്‌. എന്നാല്‍ അവസാന നിമിഷം ഇവരെ മാറ്റുകയും മഹേന്ദ്രസിംഗ്‌ ധോണിയുടെ നേതൃത്ത്വത്തില്‍ യുവ ടീമിനെ അയക്കുകയും ചെയ്യുകയായിരുന്നു.

റോയല്‍സ്‌ വിജയം
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ വിജയം രാജസ്ഥാന്‍ റോയല്‍സിന്‌. ആദ്യം ബാറ്റ്‌ ചെയ്‌ത്‌ സമ്പാദിച്ച 183 റണ്‍സ്‌ പ്രതിരോധിക്കുന്നതില്‍ വോണും സംഘവും വിജയിച്ചു. രാജസ്ഥാന്‍ റോയല്‍സ്‌ ആദം വോഗ്‌സ്‌ (45), ഫായിസ്‌ ഫസല്‍ (45), എം.ജെ ലുംബ്‌ (41) യൂസഫ്‌ പത്താന്‍ (28) എന്നിവരുടെ മികവില്‍ അഞ്ച്‌ വിക്കറ്റിന്‌ 183 റണ്‍സ്‌ നേടിയപ്പോള്‍ പഞ്ചാബിന്റെ പുകള്‍പെറ്റ ബാറ്റിംഗ്‌ നിര ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. രവി ബോപ്പാരയും കുമാര്‍ സങ്കക്കാരയും ചേര്‍ന്ന്‌ തകര്‍പ്പന്‍ തുടക്കമാണ്‌ ടീമിന്‌ നല്‍കിയത്‌. പക്ഷേ മധ്യനിര പതറി. ആറ്‌ തകര്‍പ്പന്‍ ബൗണ്ടറികളുമായി സങ്കക്കാര റോയല്‍സിനെ പ്രഹരിച്ചെങ്കിലും ഷോണ്‍ ടെയിറ്റിന്റെ അതിവേഗതയില്‍ വീണു. ബിസ്‌ലയാണ്‌ കാണികളെ കൈയ്യിലെടുത്തത്‌. 18 പന്തില്‍ നിന്ന്‌ 35 റണ്‍സാണ്‌ വെടിക്കെട്ട്‌ ആവേശത്തില്‍ യുവതാരം നേടിയത്‌. നാല്‌ ബൗണ്ടറികളും രണ്ട്‌ സിക്‌സറും പായിച്ച ബിസ്‌ലയെ വോണ്‍ പുറത്താക്കിയപ്പോള്‍ യുവരാജും (15), ഇര്‍ഫാനും (1), കൈഫും (8) വേഗം മടങ്ങി.
ടോസ്‌ ഭാഗ്യം രാജസ്ഥാന്‍ റോയല്‍സിനായിരുന്നു. പി.സി.എ പിച്ചിലെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി ആദ്യം ബാറ്റ്‌ ചെയ്യാനായിരുന്നു ഷെയിന്‍ വോണിന്റെ തീരുമാനം. പ്രതീക്ഷിക്കപ്പെട്ട സൂപ്പര്‍ താരങ്ങളെല്ലാം രണ്ട്‌ ടീമിലും അണിനിരന്നു. പക്ഷേ നോട്ടപ്പുള്ളികള്‍ പത്താന്‍ സഹോദരങ്ങളായിരുന്നു.
എം.ജെ ലുംമ്പ്‌, നമാന്‍ ഒജ എന്നിവരായിരുന്നു പതിവ്‌ പോലെ രാജസ്‌ഥാന്‍ ഇന്നിംഗ്‌സിന്‌ തുടക്കമിട്ടത്‌. പഞ്ചാബിന്‌ വേണ്ടി പുതിയ പന്തെടുത്തത്‌ അനുഭവ സമ്പന്നരായ ഇര്‍ഫാന്‍ പത്താനും ശ്രീശാന്തും. ഇര്‍ഫാന്റെ ആദ്യ ഓവറില്‍ തന്നെ എട്ട്‌ റണ്‍സ്‌ പിറന്നപ്പോള്‍ രാജസ്‌ഥാന്‌ ആത്മവിശ്വാസമായി. ലുംബാണ്‌ ഭയപ്പെടാതെ കളിച്ചത്‌. നാലാം ഓവറില്‍ സ്‌ക്കോര്‍ 35 ല്‍ നില്‍ക്കവെ ഒജയുടെ വിക്കറ്റുമായി ശ്രീശാന്ത്‌ പഞ്ചാബിന്‌ ആദ്യ വിക്കറ്റ്‌ സമ്മാനിച്ചു. പത്ത്‌ പന്ത്‌ നേരിട്ട്‌ ഒജ മൂന്ന്‌ മനോഹരമായ ബൗണ്ടറികള്‍ പായിച്ചിരുന്നു. പകരം വന്നത്‌ ഫായിസ്‌ ഫസലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ നാളത്തെ താരമായി വിശേഷിപ്പിക്കപ്പെടുന്ന ഫസലിനെ സാക്ഷിയാക്കി ലുംബ്‌ നടത്തിയ വെടിക്കെട്ടില്‍ പഞ്ചാബ്‌ തളരുന്നതാണ്‌ കണ്ടത്‌. മുപ്പത്‌ പന്ത്‌ മാത്രം നേരിട്ട ലുംബ്‌ ഏഴ്‌ തവണ അതിര്‍ത്തി ഷോട്ടുകള്‍ പായിച്ചു. പിയുഷ്‌ ചാവ്‌ല വന്നപ്പോള്‍ ക്രീസ്‌ വിട്ട്‌ പ്രഹരിക്കാനുള്ള ശ്രമത്തില്‍ സ്റ്റംമ്പ്‌ ചെയ്യപ്പെട്ട ലുംബിന്‌ പകരം വന്നത്‌ യൂസഫ്‌ പത്താനായിരുന്നു. തുടക്കത്തില്‍ തന്നെ യൂസഫ്‌ പന്തിനെ ഉയര്‍ത്തിയപ്പോള്‍ ക്യാച്ചെടുക്കാന്‍ പറന്നെത്തിയത്‌ ഇര്‍ഫാനായിരുന്നു. പക്ഷേ പ്രയാസകരമായ അവസരം ഉപയോഗപ്പെടുത്താന്‍ ഇര്‍ഫാന്‌ കഴിഞ്ഞില്ല. പന്ത്‌ അദ്ദേഹത്തിന്റെ കരങ്ങളിലൂടെ നിലത്ത്‌ വീണു. ഇര്‍ഫാന്റെ ഭാഗ്യത്തിന്‌ കൂടുതല്‍ സമയം ക്രിസില്‍ നിലയുറപ്പിക്കാന്‍ യൂസഫിന്‌ കഴിഞ്ഞില്ല. ശ്രീവാസ്‌തവയുടെ പന്തില്‍ ഒരു സിക്‌സര്‍ പറത്തിയതിന്‌ പിറകെ മറ്റൊരു കൂറ്റന്‍ ഷോട്ടിനുള്ള ശ്രമത്തില്‍ യൂസഫ്‌ യുവരാജ്‌ സിംഗിന്റെ കരങ്ങളിലായി. 19 പന്തില്‍ നിന്ന്‌ 28 റണ്‍സാണ്‌ യൂസഫ്‌ സമ്പാദിച്ചത്‌. സ്‌ക്കോര്‍ 11 ല്‍ എത്തിയപ്പോവാണ്‌ യൂസഫ്‌ പുറത്തായത്‌. അതിന്‌ ശേഷം ഫസല്‍ തകര്‍പ്പന്‍ പ്രകടനം നടത്തി. ഓസ്‌ട്രേലിയക്കാരന്‍ ആദം വോഗ്‌സാണ്‌ ഇന്നിംഗ്‌സിന്‌ അതിവേഗം നല്‍കിയത്‌. 24 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ 45 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു.
പഞ്ചാബ്‌ ബൗളര്‍മാരില്‍ എല്ലാവരും അടി വാങ്ങി. ഇര്‍ഫാന്‍ 45 റണ്‍സ്‌ വഴങ്ങിയപ്പോള്‍ ശ്രീവാസ്‌തവ 49 റണ്‍സ്‌ വഴങ്ങി.

Friday, March 19, 2010

FULL FULHAM

ഫുള്‍ ഫുള്‍ഹാം
ലണ്ടന്‍: യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ടീമായ ഫുള്‍ഹാമിന്റെ ഞെട്ടിക്കുന്ന പ്രകടനം....! ഇറ്റാലിയന്‍ കരുത്തരായ യുവന്തസിന്‌ മുന്നില്‍ ആദ്യ പാദത്തില്‍ 1-3 ന്‌ പിറകില്‍ നിന്ന്‌ ഫുള്‍ഹാം ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ 5-1 ന്റെ വിജയവുമായി യൂറോപ്പ ലീഗില്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ സ്വന്തമാക്കി. സമീപകാല യൂറോപ്യന്‍ സോക്കറില്‍ കാണാത്ത വലിയ അട്ടിമറിയാണിത്‌. ആദ്യ പാദത്തിലെ വലിയ മാര്‍ജിന്‍ വിജയത്തില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചെത്തിയവരായിരുന്നു സൂപ്പര്‍ താരങ്ങളുടെ യുവന്തസ്‌. രണ്ടാം പാദത്തിന്റെ തുടക്കത്തില്‍ ഫ്രഞ്ച്‌ താരം ഡേവിഡ്‌ ട്രസിഗെ ടീമിന്‌ വീണ്ടും ലീഡ്‌ സമ്മാനിച്ചപ്പോള്‍ ഫുള്‍ഹാമിന്റെ വഴി പൂര്‍ണ്ണമായും അടഞ്ഞുവെന്നാണ്‌ കരുതിയത്‌. പക്ഷേ അവിടെ നിന്നുമാണ്‌ ഗോള്‍വേട്ടയുമായി ടീം മുന്നേറിയത്‌. ബോബി സമോറയാണ്‌ ആദ്യ ഗോള്‍ മടക്കിയത്‌. തുടര്‍ന്ന്‌ കയ്യാങ്കളിക്ക്‌ മുതിര്‍ന്നതിന്‌ യുവന്തസിന്റെ നായകന്‍ ഫാബിയോ കന്നവാരോ ചുവപ്പ്‌ കാര്‍ഡുമായി പുറത്തായി. ഈ വഴിയിലുടെയാണ്‌ ഫുള്‍ഹാം നുഴഞ്ഞ്‌ കയറിയത്‌. ഗാരയുടെ പെനാല്‍ട്ടി കിക്കില്‍ നിന്നും ലീഡ്‌ നേടിയ ഫുള്‍ഹാമിന്‌ വേണ്ടി ക്ലിന്‍ഡെംസിയുടെ മൂന്നാം ഗോള്‍. ഫുള്‍ഹാം തകര്‍ത്തുനില്‍ക്കവെ യുവന്തസ്‌ ഡിഫന്‍ഡര്‍മാര്‍ ശരീരം ലക്ഷ്യമാക്കി കളിച്ചപ്പോള്‍ ടീമിന്‌ രണ്ടാം ചുവപ്പ്‌ കാര്‍ഡും കിട്ടി. ജോനാഥന്‍ സെബിനയാണ്‌ പുറത്തായത്‌. പ്രീമിയര്‍ ലീഗില്‍ തപ്പിതടയുന്ന ലിവര്‍പൂളിന്‌ ആശ്വസമായ വിജയവും ഇന്നലെ വന്നു. യൂറോപ്പ ലീഗില്‍ ഫ്രാന്‍സില്‍ നിന്നുളള ലില്ലിയെ മൂന്ന്‌ ഗോളിന്‌ പരാജയപ്പെടുത്തിയാണവര്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ നേടിയത്‌. ആന്‍ഡര്‍ലച്ചറ്റ്‌, ബെനഫിഇക്ക, അത്‌ലറ്റികോ മാഡ്രിഡ്‌, സ്‌റ്റാന്‍ഡേര്‍ഡ്‌ ലിയാഗേ തുടങ്ങിയ ടീമുകളും ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ നേടിയിട്ടുണ്ട്‌.

സൂപ്പര്‍ ക്ലാര്‍ക്ക്‌
വെല്ലിംഗ്‌്‌ടണ്‍: വ്യക്തിഗത പ്രശ്‌നങ്ങള്‍ തന്റെ ബാറ്റിംഗിനെ ബാധിക്കില്ലെന്ന്‌ തെളിയിച്ച സെഞ്ച്വറി പ്രകടനവുമായി മൈക്കല്‍ ക്ലാര്‍ക്ക്‌ ബേസിന്‍ റിസര്‍വ്‌ നിറഞ്ഞപ്പോള്‍ ന്യൂസിലാന്‍ഡിനെതിരെ ആദ്യ ടെസ്‌റ്റിന്റെ ആദ്യ ദിവസം ഓസ്‌ട്രേലിയ സ്വന്തമാക്കി. പുറത്താവാതെ 100 റണ്‍സ്‌ നേടിയ ക്ലാര്‍ക്കിന്റെ കരുത്തില്‍ നാല്‌ വിക്കറ്റിന്‌ 316 റണ്‍സാണ്‌ സന്ദര്‍ശകര്‍ സ്വന്തമാക്കിയിരിക്കുന്നത്‌. കൂട്ടുകാരിയും മോഡലുമായ ലാറ ബിംഗില്‍ തെറ്റിപിരിഞ്ഞതോടെ കിവി പര്യടനത്തിനിടെ നാട്ടിലേക്ക്‌ മടങ്ങിയ ക്ലാര്‍ക്ക്‌ രണ്ട്‌ ദിവസം മുമ്പ്‌ മാത്രമാണ്‌ ഇവിടെയെത്തിയത്‌. അഞ്ച്‌ മല്‍സര ഏകദിന പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളില്‍ മാത്രമാണ്‌ ക്ലാര്‍ക്ക്‌ കളിച്ചത്‌. 28 കാരനായ വൈസ്‌ ക്യാപ്‌റ്റന്‍ വീട്ടിലെ പ്രശ്‌നങ്ങളെല്ലാം മറന്ന്‌ ആധികാരികമായി കളിച്ചാണ്‌ ടീമിന്‍രെ രക്ഷകനായത്‌. ക്ലാര്‍ക്ക്‌ മാര്‍ക്കസ്‌ നോര്‍ത്തിനൊപ്പം (52 നോട്ടൗട്ട്‌) ഇത്‌ വരെ 140 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ഓപ്പണര്‍ സൈമണ്‍ കാറ്റിച്ചും നിരാശപ്പെടുത്തിയില്ല. 79 റണ്‍സാണ്‌ അദ്ദേഹം നേടിയത്‌. കിവീസിന്‌ വേണ്ടി കന്നിക്കാരന്‍ ബ്രെട്ട്‌ ആര്‍നല്‍ രണ്ട്‌ വിക്കറ്റ്‌ നേടി.

യൂസഫിനും യൂനസിനും മാലിക്കിനും കരാറുമില്ല
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഉറച്ചു തന്നെയാണ്‌..! ഇന്നലെ സെന്‍ട്രല്‍ കോണ്‍ട്രാക്ട്‌ പ്രഖ്യാപിച്ചപ്പോള്‍ കരാര്‍ പട്ടികയില്‍ മുന്‍ ക്യാപ്‌റ്റന്മാരായ മുഹമ്മദ്‌ യൂസഫ്‌, യൂനസ്‌ഖാന്‍, ഷുഹൈബ്‌ മാലിക്‌ എന്നിവരില്ല. വന്‍ വിവാദത്തില്‍ കലാശിച്ച ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‌ ശേഷം ടീമില്‍ നിന്ന്‌ പുറത്താക്കപ്പെട്ട മൂന്ന്‌ സീനിയര്‍ താരങ്ങളോട്‌ ഒരു അനുകമ്പയും വേണ്ടെന്ന ശക്തമായ തീരുമാനത്തിന്റെ പ്രതിഫലനമാണ്‌ മൂന്ന്‌ പേര്‍ക്കും കരാര്‍ നല്‍കാതിരുന്നത്‌. ഇവരെ കൂടാതെ റാണ നവീദ്‌ എന്ന സീമര്‍ക്കും കരാറില്ല. അതേ സമയം കഴിഞ്ഞ തവണ ഉത്തേജക വിവാദത്തില്‍ അകപ്പെട്ട മുഹമ്മദ്‌ ആസിഫിനും ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാക്കിനും എ വിഭാഗത്തില്‍ കരാര്‍ നല്‍കിയിട്ടുണ്ട്‌. ഉമര്‍ ഗുല്‍, സല്‍മാന്‍ ഭട്ട്‌, ഡാനിഷ്‌ കനേരിയ, ഷാഹിദ്‌ അഫ്രീദി, കമറാന്‍ അക്‌മല്‍ എന്നിരാണ്‌ എ വിഭാഗത്തില്‍ കരാര്‍ ചെയ്യപ്പെട്ട മറ്റ്‌ താരങ്ങള്‍. ബി ഗ്രൂപ്പിലാണ്‌ ഉമര്‍ അക്‌മല്‍, മുഹമ്മദ്‌ ആമിര്‍, സയദ്‌ അജ്‌മല്‍, ഫൈസല്‍ ഇഖ്‌ബാല്‍, മിസാബ്‌ഹുല്‍ ഹഖ്‌, ഇംറാന്‍ ഫര്‍ഹാത്ത്‌ എന്നിവരെ കരാര്‍ ചെയ്‌തിരിക്കുന്നത്‌.
ഓസീസ്‌ പര്യടന ദുരന്തം അന്വേഷിച്ച കമ്മിഷന്റെ ശുപാര്‍ശകളെ തുടര്‍ന്ന്‌ യൂസഫ്‌, യൂനസ്‌ എന്നിവരെ ആജീവനാന്തം പുറത്താക്കാനും മാലിക്‌, റാണ എന്നിവരെ ഒരു വര്‍ഷത്തേക്ക്‌ പുറത്ത്‌ നിര്‍ത്താനും തീരുമാനിച്ചിരുന്നു.


ഐ ലീഗില്‍ ഇന്ന്‌ നാല്‌ മല്‍സരങ്ങള്‍
മഡ്‌ഗാവ്‌: അന്തിമ ഘട്ടത്തിലേക്ക്‌ നീങ്ങുന്ന ഒ.എന്‍.ജി.സി ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ നാല്‌ മല്‍സരങ്ങള്‍. പോയന്റ്‌്‌ പട്ടികയില്‍ വളരെ പിറകില്‍ നില്‍ക്കുന്ന ലാജോംഗ്‌ എഫ്‌.സി പൂനെ എഫ്‌.സിയെ നേരിടുമ്പോള്‍ മോഹന്‍ബഗാന്‍ സ്വന്തം തട്ടകത്ത്‌ ടേബിളിലെ അവസാന സ്ഥാനക്കാരായ സ്‌പോര്‍ട്ടിംഗ്‌ ഗോവയുമായി കളിക്കുന്നു. ജലന്ധറില്‍ ജെ.സി.ടി മില്‍സ്‌ എതിരിടുന്നത്‌ മുംബൈ എഫ്‌.സിയെയാണ്‌. കൊല്‍ക്കത്തയില്‍ വെച്ച്‌ ഈസ്റ്റ്‌ ബംഗാള്‍ എയര്‍ ഇന്ത്യയുമായും കളിക്കുന്നുണ്ട്‌. നാളെ നടക്കുന്ന മല്‍സരത്തില്‍ സാല്‍ഗോക്കര്‍ ഗോവ ചിരാഗ്‌ കൊല്‍ക്കത്തയുമായി കളിക്കുമ്പോള്‍ തിങ്കളാഴ്‌ച്ച കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വിവ കേരള മഹീന്ദ്ര യുനൈറ്റഡുമായി കളിക്കും.

ഇന്നും വോണിന്‌ കടുപ്പം
അഹമ്മദാബാദ്‌: ജയിക്കാന്‍ മറന്നിരിക്കുന്നു ഷെയിന്‍ വോണിന്റെ രാജസ്ഥാന്‍ റോയല്‍സ്‌ സംഘം.... കളിച്ച മൂന്ന്‌ മല്‍സരത്തിലും തോല്‍വികള്‍. കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സില്‍ നിന്നും ദയനീയ തോല്‍വി... തന്റെ പന്ത്രണ്ട്‌ വയസ്സുകാരനായ മകന്‍ ഒരു ടീമിനെ ഇറക്കിയാല്‍ അവരെ പോലും തോല്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍ ടീമിനുള്ളതെന്ന വോണിന്റെ അഭിപ്രായ പ്രകടനത്തില്‍ കഴമ്പുണ്ട്‌... തോല്‍വിയുടെ വലിയ ഭാണ്ഡമാണിപ്പോള്‍ റോയല്‍സ്‌ പേറുന്നത്‌. ഇന്നത്തെ പ്രതിയോഗികള്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സാണ്‌. മികച്ച ഫോമില്‍ നില്‍ക്കുന്നവരാണ്‌ സൗരവ്‌ ഗാംഗുലിയുടെ സംഘം. ഇവരെ തോല്‍പ്പിക്കാന്‍ വോണിന്റെ സംഘം വിയര്‍ക്കേണ്ടി വരും.
ബാറ്റിംഗാണ്‌ റോയല്‍സിന്‌ വലിയ തലവേദന. ബാംഗ്ലൂരിനെതിരെ 92 റണ്‍സാണ്‌ ടീമിന്‌ നേടാനായത്‌. ഓവര്‍ ക്വാട്ട പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ബാറ്റിംഗില്‍ മേല്‍വിലാസക്കാരായ ഗ്രയിം സ്‌മിത്ത്‌്‌, യൂസഫ്‌ പത്താന്‍, മസ്‌കരാനസ്‌, ജുജന്‍ വാല തുടങ്ങിയവരെല്ലാമുണ്ട്‌. പക്ഷേ ഇവരില്‍ സ്‌മിത്ത്‌ പരുക്കില്‍ കളിക്കുന്നില്ല. യൂസഫ്‌ മുംബൈക്കെതിരായ മല്‍സരത്തില്‍ ഗംഭീര പ്രകടനം നടത്തിയിരുന്നു. ബാംഗ്ലൂരിനെതിരെയും അദ്ദേഹത്തിന്‌ നല്ല തുടക്കം ലഭിച്ചു. പക്ഷേ അത്‌ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. ബാറ്റിംഗ്‌ ക്ലിക്‌ ചെയ്യാത്ത പക്ഷം ടീമിന്‌ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. വാലറ്റക്കാരില്‍ നിന്നും ബാറ്റ്‌ കൊണ്ട്‌ വലിയ സഹായങ്ങള്‍ ടീമിന്‌ ലഭിച്ചിട്ടില്ല. നല്ല ബൗളര്‍മാര്‍ ടീമിലുണ്ട്‌. ഷോണ്‍ ടെയിറ്റും മുനാഫ്‌ പട്ടേലുമെല്ലാം മികച്ചവരാണ്‌. പക്ഷേ ഇവര്‍ക്ക്‌ പ്രതിരോധിക്കാന്‍ മാത്രമുള്ള സ്‌ക്കോര്‍ ബാറ്റ്‌സ്‌മാന്മാര്‍ നല്‍കുന്നില്ല.
പ്രവീണ്‍ കുമാറിനെ പോലെ ശരാശരിക്കാരനായ ഒരു ബൗളറോടാണ്‌ റോയല്‍സ്‌ പരാജയപ്പെട്ടത്‌. ഐ.പി.എല്ലില്‍ ഹാട്രിക്‌ നേടാന്‍ മാത്രം കരുത്തനല്ല പ്രവീണ്‍. പക്ഷേ അദ്ദേഹത്തിന്‌ തിളങ്ങാന്‍ ബാറ്റ്‌സ്‌മാന്മാര്‍ തന്നെ അവസരം നല്‍കി. ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ എട്ട്‌ റണ്‍സ്‌ മാത്രം നല്‍കിയാണ്‌ മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കിയത്‌. ഇന്നത്തെ മല്‍സരത്തില്‍ ബാറ്റിംഗ്‌ ക്ലിക്‌ ചെയ്‌താല്‍ മാത്രമാണ്‌ റോയല്‍സിന്‌ രക്ഷ. കൊല്‍ക്കത്താ സംഘത്തില്‍ മികച്ച ബാറ്റ്‌സ്‌മാന്മാരും ബൗളര്‍മാരുമുണ്ടെന്ന സത്യം വോണിനറിയാം.
ഇന്ന്‌ നടക്കുന്ന രാത്രി മല്‍സരം മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലാണ്‌. സച്ചിന്‍ ടെണ്ടുല്‍ക്കറും അനില്‍ കുംബ്ലെയും നയിക്കുന്ന സംഘം നേര്‍ക്കുനേര്‍ വരുമ്പോള്‍ കാണികള്‍ ആഗ്രഹിക്കുന്ന വെടിക്കെട്ട്‌്‌ ഉറപ്പാണ്‌. രണ്ട്‌ ടീമുകളും മികച്ച ഫോമിലാണ്‌ കളിക്കുന്നത്‌. സച്ചിന്റെ സംഘത്തില്‍ കിരണ്‍ പൊലാര്‍ഡും ഡ്വിന്‍ ബ്രാവോയും സനത്‌ ജയസൂര്യയുമെല്ലാമുണ്ട്‌. സച്ചിന്‍ നല്ല ഫോമിലാണ്‌ കളിക്കുന്നത്‌. ബാറ്റിംഗിലാണ്‌ ടീം ഇത്‌ വരെ മുന്നോട്ട്‌ പോയത്‌. അമ്പാട്ട്‌ റായിഡുവിനെ പോലുള്ള യുവതാരങ്ങളും റണ്‍സ്‌ നേടുന്നതില്‍ വിജയിക്കുന്നുണ്ട്‌. സനത്‌ ജയസൂര്യയുടെ കാര്യത്തില്‍ മാത്രമാണ്‌ ടീമിന്‌ പ്രശ്‌നം. ഇത്‌ വരെ തന്റെ പഴയ ഫോമിലേക്ക്‌ വരാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ തകര്‍പ്പന്‍ ഫോമിലാണിപ്പോള്‍. റോയല്‍സിനെ പത്ത്‌ വിക്കറ്റിനാണ്‌ അവര്‍ തരിപ്പണമാക്കിയത്‌. ഓപ്പണര്‍ ജാക്‌ കാലിസ്‌, മനീഷ്‌ പാണ്ഡെ, രാഹുല്‍ ദ്രാവിഡ്‌, വിരാത്‌ കോഹ്‌ലി, റോബിന്‍ ഉത്തപ്പ എന്നിവരെല്ലാം ഫോമിലാണ്‌.

ഗണ്ണേഴ്‌സിന്‌ മുന്നില്‍ ബാര്‍സ
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ ആഴ്‌സനലിന്‌ ഇനിയുള്ള യാത്ര കടുപ്പമേറിയ വഴികളില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്‌സ്‌ച്ചര്‍ നറുക്കെടുപ്പില്‍ ശക്തരായ പ്രതിയോഗികളെ ലഭിച്ചിരിക്കുന്നത്‌ ഗണ്ണേഴ്‌സിനാണ്‌-നിലവിലെ ചാമ്പ്യന്മാരായ ബാര്‍സിലോണയാണ്‌ ഗണ്ണേഴ്‌സിന്‌ മുന്നില്‍ വരുന്നത്‌. മറ്റൊരു ഇംഗ്ലീഷ്‌ പ്രതിനിധികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിരാളികള്‍ ജര്‍മന്‍ പ്രബലരായ ബയേണ്‍ മ്യൂണിച്ചാണ്‌. ഫ്രഞ്ചുകാരായ ലിയോണും ബോറോഡോക്‌സും തമ്മിലാണ്‌ മറ്റൊരു ക്വാര്‍ട്ടര്‍. ഇറ്റലിക്കാരായ ഇന്റര്‍ മിലാന്റെ എതിരാളികള്‍ റഷ്യയില്‍ നിന്നുള്ള സി.എസ്‌.കെ.ഇ മോസ്‌ക്കോയാണ്‌. ഇരുപാദങ്ങളിലായി നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലുകളിലെ ആദ്യ മല്‍സരങ്ങള്‍ മാര്‍ച്ച്‌ 30, 31 തിയ്യതികളില്‍ നടക്കും. രണ്ടാം പാദം ഏപ്രില്‍ 6,7 തിയ്യതികളിലാണ്‌.
ഐ.പി.എല്‍ മോഹവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും ഐ.പി.എല്‍ ടീമിനെ കൊണ്ടുവരാനുളള ശ്രമങ്ങളില്‍ മോഹന്‍ലാലും പ്രിയദര്‍ശനും പരാജയപ്പെട്ടുവെങ്കില്‍ ഇതാ വരുന്നു മറ്റൊരു ടീം താല്‍പ്പര്യക്കാര്‍. കേന്ദ്രമന്ത്രി ശശി തരൂരും സംഘവുമാണ്‌ ടീമിനെ ഇറക്കാന്‍ അണിയറയില്‍ കരുനീക്കം നടത്തുന്നത്‌. പുതിയ രണ്ട്‌ ഐ.പി.എല്‍ ടീമുകള്‍ അടുത്ത സീസണ്‍ മുതല്‍ കളിക്കുന്നുണ്ട്‌. ഇതിനായി ടെണ്ടര്‍ നല്‍കേണ്ട അവസാന ദിവസം ഇന്നലെയായിരുന്നു. തരൂരിന്‌ വേണ്ടി ടെണ്ടര്‍ നല്‍കപ്പെട്ടിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. പ്രവാസി മലയാളികളായ വ്യാപാരികളുടെ പിന്തുണയോടെയാണ്‌ ടീമിനെ ഇറക്കാന്‍ ക്രിക്കറ്റ്‌ തല്‍പ്പരനായ തരൂര്‍ ശ്രമിക്കുന്നത്‌. ഇന്നലെ ടെണ്ടര്‍ നല്‍കിയവരില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വൈസ്‌ പ്രസിഡണ്ട്‌ രാജിവ്‌ ശുക്ല, ഗുജറാത്ത്‌ മുഖ്യ മന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവര്‍ രംഗത്തുണ്ട്‌.

പ്രണവം വീണ്ടും
മോഹന്‍ലാല്‍ ചെയര്‍മാനായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ പ്രണവം ആര്‍ട്‌സ്‌ തിരിച്ചുവരുന്നു. പതിനൊന്ന്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷമെത്തുന്ന പ്രണവത്തിന്റെ പുതിയ ചിത്രം ലാലും അമിതാഭും ഒന്നിക്കുന്ന മേജര്‍ രവിയുടെ കാണ്ടഹാറാണ്‌. ഹിസ്‌ ഹൈനസ്‌ അബ്ദുല്ല, ഭരതം, വാനപ്രസ്ഥം തുടങ്ങി നിരവധി മികച്ച സിനിമകള്‍ നിര്‍മ്മിച്ചത്‌ പ്രണവം ആര്‍ട്‌സാണ്‌. 1990 ലാണ്‌ പ്രണവത്തിന്റെ ആദ്യ സംരഭമായി ഹിസ്‌ ഹൈനസ്‌ അബ്ദുള്ള വന്നത്‌. പത്ത്‌ വര്‍ഷത്തില്‍ പത്ത്‌ ചിത്രങ്ങളാണ്‌ പ്രണവം നിര്‍മ്മിച്ചത്‌. കമലദളം, മിഥുനം, പിന്‍ഗാമി, കാലാപാനി, ഒളിംപ്യന്‍ അന്തോണി ആദം എന്നി ചിത്രങ്ങള്‍ സാമ്പത്തികമായി തളര്‍ന്നതാണ്‌ പ്രണനത്തിന്‌ തിരിച്ചടിയായത്‌. പ്രണവത്തിന്‌ പകരമായാണ്‌ ലാലിന്റെ ഡ്രൈവറായ ആന്റണി പെരുമ്പാവുര്‍ ആശിര്‍വാദ്‌ സിനിമയുമായി രംഗത്ത്‌ വന്നത്‌.
ഹെയ്‌ഡന്‍ സേവാഗിനെ വീഴ്‌ത്തി
ചെന്നൈ: രണ്ട്‌ തട്ടു തകര്‍പ്പന്‍ ഇന്നിംഗ്‌സുകള്‍. ബൗണ്ടറികളും സിക്‌സറുകളും യഥേഷ്ടം പിറന്ന പോരാട്ടത്തില്‍ വിജയം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌. 43 പന്തില്‍ നിന്നും 93 റണ്‍സ്‌ നേടിയ മാത്യൂ ഹെയ്‌ഡന്റെ ബാറ്റിലെ വിജയത്തില്‍ വിരേന്ദര്‍ സേവാഗിന്റെ 74 റണ്‍സ്‌ വെറുതെയായി. ഐ.പി.എല്ലില്‍ നടന്ന സൂപ്പര്‍ കിംഗ്‌സ്‌-ഡെയര്‍ഡെവിള്‍സ്‌ പോരാട്ടത്തില്‍ എല്ലാ കണ്ണുകളും ഈ കുറ്റനടിക്കാരിലായിരുന്നു. ഡല്‍ഹിയാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌തത്‌. അവര്‍ ആറ്‌ വിക്കറ്റിന്‌ 185 റണ്‍സാണ്‌ വാരിക്കൂട്ടിയത്‌. മറുപടി ബാറ്റിംഗില്‍ മാത്യൂ ഹെയ്‌ഡന്‍ വന്ന്‌ തകര്‍ക്കുകയായിരുന്നു. സിക്‌സറുകള്‍ പലവട്ടം പിറന്നപ്പോള്‍ അദ്ദേഹം ഒറ്റക്ക്‌ തന്നെ ടീമിന്‌ വിജയം സമ്മാനിക്കുമെന്ന്‌ തോന്നി. സെഞ്ച്വറികരികില്‍ ഹെയ്‌ഡന്‍ പുറത്തായപ്പോള്‍ ക്യാപ്‌റ്റന്‍ സുരേഷ്‌ റൈനയെത്തി അടി തുടര്‍ന്നു. പുറത്താവാതെ 49 റണ്‍സാണ്‌ നായകനെന്ന നിലയിലെ ആദ്യ മല്‍സരത്തില്‍ റൈന നേടിയത്‌. മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ പരുക്കേറ്റതിനാലാണ്‌ റൈന നായകനായത്‌. ഫീല്‍ഡിംഗിലും അപാര ഫോമിലായിരുന്നു റൈന. മൂന്ന്‌ മികച്ച ക്യാച്ചുകളാണ്‌ അദ്ദേഹമെടുത്തത്‌. ഡല്‍ഹിയെ വലിയ സ്‌ക്കോറില്‍ നിന്ന്‌ തടഞ്ഞതും ഈ ഫീല്‍ഡിംഗ്‌ മികവായിരുന്നു.

സൈമണ്ട്‌സ്‌ മിന്നി
മൊഹാലി: ഐ.പി.എല്ലില്‍ ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനവുമായി ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ കരുത്ത്‌ കാട്ടി. പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവന്‍ ബൗളര്‍മാരെ നിലം പരിശാക്കിയ പ്രകടനത്തില്‍ ഏഴ്‌ വിക്കറ്റിന്‌ 170 റണ്‍സാണ്‌ ടീം സമ്പാദിച്ചത്‌. 38 പന്തില്‍ നിന്ന്‌ 53 റണ്‍സ്‌ നേടിയ ആന്‍ഡ്ര്യൂ സൈമണ്ട്‌സാണ്‌ ടോപ്‌ സ്‌ക്കോറര്‍. മറുപടി ബാറ്റിംഗില്‍ അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ പഞ്ചാബ്‌ രണ്ട്‌ വിക്കറ്റിന്‌ 11 റണ്‍സ്‌ എന്ന നിലയില്‍ തകര്‍ച്ചയിലാണ്‌..

Thursday, March 18, 2010

CLASSY IPL

സങ്കയും ഗില്ലിയും
കട്ടക്ക്‌: ബാരാബതി സ്‌റ്റേഡിയത്തിലിന്ന്‌ കിടിലന്‍ പോരാട്ടം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ കുമാര്‍ സങ്കക്കാര നയിക്കുന്ന പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവന്‍, ചാമ്പ്യന്മാരായ ആദം ഗില്‍ക്രൈസ്റ്റിന്റെ ഡക്കാന്‍ ചാര്‍ജേഴ്‌സുമായി കളിക്കുന്നു. രാത്രി എട്ട്‌ മണിക്ക്‌ ആരംഭിക്കുന്ന പോരാട്ടത്തില്‍ ബാറ്റിംഗ്‌ വെടിക്കെട്ടാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. ഇന്ന്‌ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഫിറോസ്‌ ഷാ കോട്‌ലയില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി കളിക്കുന്നുണ്ട്‌.
ചാമ്പ്യന്‍ഷിപ്പില്‍ നല്ല തുക്കം ലഭിച്ചവരല്ല ഡക്കാനും പഞ്ചാബും. മാര്‍ച്ച്‌ 12ന്‌ മുംബൈയില്‍ നടന്ന ഉദ്‌ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ മുമ്പില്‍ പരാജിതരായ ഡക്കാന്‌ ചാമ്പ്യന്മാരുടെ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ രണ്ടാം മല്‍സരത്തില്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ച്‌ ഗില്ലിയും കൂട്ടരും ചാമ്പ്യന്‍ഷിപ്പിലേക്ക്‌ മടങ്ങി വന്നിരുന്നു. ഇന്ന്‌ മൂന്നാം മല്‍സരത്തില്‍ കളിക്കുമ്പോള്‍ വലിയ വിജയമാണ്‌ ലക്ഷ്യമെന്ന്‌ ഗില്ലി വ്യക്തമാക്കി. ബാറ്റിംഗ്‌ നിര പ്രതീക്ഷിച്ച തരത്തില്‍ ക്ലിക്‌ ചെയ്‌തിട്ടില്ലെന്ന്‌ അദ്ദേഹം സമ്മതിക്കുന്നുണ്ട്‌. രണ്ടാം മല്‍സരത്തില്‍ ടീം വെന്നികൊടി നാട്ടിയത്‌ ഗില്ലി ഉള്‍പ്പെടെയുളള സൂപ്പര്‍ ബാറ്റ്‌സ്‌മാന്മാരുടെ കരുത്തിലാണ്‌. എന്നാല്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌്‌സ്‌, ഹര്‍ഷല്‍ ഗിബ്‌സ്‌, രോഹിത്‌ ശര്‍മ്മ തുടങ്ങിയവര്‍ക്ക്‌ ഇത്‌ വരെ വലിയ ഇന്നിംഗ്‌സ്‌ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. സൈമണ്ട്‌സ്‌ ഇന്നത്തെ മല്‍സരത്തിനായാണ്‌ കാത്തിരിക്കുന്നത്‌. ഗില്ലിക്കൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടുന്ന വി.വി.എസ്‌ ലക്ഷ്‌മണിനും താന്‍ കുട്ടി ക്രിക്കറ്റിന്‌ അനുയോജ്യനായ താരമാണെന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പഞ്ചാബിന്റെ കാര്യത്തിലും ഇത്‌ തന്നെയാണ്‌ സംഭവിച്ചിരിക്കുന്നത്‌. ടീമെന്ന നിലയില്‍ അവര്‍ക്കും ക്ലിക്ക്‌ ചെയ്യാനായിട്ടില്ല. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും സങ്കയും സംഘവും വിയര്‍ത്തു. മൊഹാലിയിലെ സ്വന്തം മൈതാനത്ത്‌ ഡല്‍ഹിയെ നേരിട്ടപ്പോള്‍ ഒരു പന്ത്‌ ബാക്കി നില്‍ക്കെ ഡല്‍ഹിക്കാര്‍ അഞ്ച്‌ റണ്‍സിന്‌ ജയിക്കുകയായിരുന്നു. രണ്ടാം മല്‍സരം ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്നപ്പോള്‍ എട്ട്‌ വിക്കറ്റിന്റെ ആധികാരിക വിജയവുമായി റോയല്‍ ചാലഞ്ചേഴ്‌സ്‌ മടങ്ങി. ബാറ്റിംഗ്‌ നിരയില്‍ സങ്കയെ കൂടാതെ യുവരാജ്‌ സിംഗ്‌, മഹേല ജയവര്‍ദ്ധനെ, മുഹമ്മദ്‌ കൈഫ്‌, ഇര്‍ഫാന്‍ പത്താന്‍, തിലക രത്‌നെ ദില്‍ഷാന്‍ തുടങ്ങിയവരെല്ലാം കളിക്കുന്നുണ്ട്‌. രണ്ട്‌ ബാറ്റിംഗ്‌ ടീമുകള്‍ തമ്മിലുള്ള അങ്കത്തിലിന്ന്‌ ബൗളര്‍മാര്‍ കാര്യമായി തന്നെ വിയര്‍ക്കും. പഞ്ചാബ്‌ നിരയില്‍ കളിക്കുന്ന ശ്രീശാന്തിന്‌ കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ റോയല്‍സില്‍ നിന്നും കാര്യമായ പ്രഹരമേറ്റിരുന്നു.
ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള പോരാട്ടത്തിലും തീപ്പാറും. ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ അഭാവത്തില്‍ അല്‍പ്പം പരുങ്ങലില്‍ നില്‍ക്കുന്ന ചെന്നൈക്കാരെ വിറപ്പിക്കാന്‍ ഡല്‍ഹിക്കാണ്‌ അവസരം. കൈ വിരലിന്‌ പരുക്കേറ്റ ധോണിക്ക്‌ അടുത്ത രണ്ട്‌ മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയില്ല. പകരം സുരേഷ്‌ റൈനയാണ്‌ ടീമിനെ നയിക്കുന്നത്‌. ചൈന്നൈ സംഘത്തില്‍ ബാറ്റിംഗ്‌ വെടിക്കെട്ടിന്റെ ശക്തരായ വക്താക്കളുണ്ട്‌. ഇവരെ തടയാന്‍ മാത്രമുള്ള ബൗളിംഗ്‌ പക്ഷേ ഡല്‍ഹിക്കാര്‍ക്കില്ല. കഴിഞ്ഞ ദിവസം മുംബൈക്ക്‌ മുന്നില്‍ തകര്‍ന്നടിഞ്ഞവരാണ്‌ ഡല്‍ഹി. വിരേന്ദര്‍ സേവാഗും തിലകരത്‌നെ ദില്‍ഷാനും ഗൗതം ഗാംഭീറുമെല്ലാം കളിച്ചിട്ടും മുംബൈ ഉയര്‍ത്തിയ വലിയ സ്‌ക്കോറിന്‌ അരികിലെത്താന്‍ ഡല്‍ഹിക്ക്‌ കഴിഞ്ഞിരുന്നില്ല.

പോയന്റ്‌ ടേബിള്‍
1-മുംബൈ ഇന്ത്യന്‍സ്‌-4
2-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌-4
3-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-4
4-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌-2
5-ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-2
6-റോയല്‍ ചാലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍-2
7-കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-0
8-രാജസ്ഥാന്‍ റോയല്‍സ്‌ -0
(ഇതില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ എന്നിവര്‍ മൂന്ന്‌ മല്‍സരങ്ങളും ബാക്കി ടീമുകള്‍ രണ്ട്‌ മല്‍സരങ്ങള്‍ വീതവുമാണ്‌ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.)

വേദനയില്‍ മക്കലം
വെല്ലിംഗ്‌ടണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ അരങ്ങ്‌ തകര്‍ക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ കഴിയാത്ത നിരാശയിലാണ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ ക്യാപ്‌റ്റനായിരുന്ന കിവി വിക്കറ്റ്‌ കീപ്പര്‍ ബ്രെന്‍ഡന്‍ മക്കലം. സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്‌റ്റ്‌ പരമ്പരയില്‍ പങ്കെടുക്കേണ്ടതിനാല്‍ കൊല്‍ക്കത്തക്കായി ഐ.പി.എല്ലില്‍ അവസാന ഘട്ടമല്‍സരങ്ങളില്‍ മാത്രമാണ്‌ മക്കലത്തിന്‌ പങ്കെടുക്കാന്‍ കഴിയുക. ചാപ്പല്‍-ഹാഡ്‌ലി ട്രോഫിക്ക്‌ വേണ്ടിയുളള ഏകദിന പരമ്പരയില്‍ ഓസ്‌ട്രലിയ 3-2 നാണ്‌ കിവീസിനെ തോല്‍പ്പിച്ചത്‌. ഇനി രണ്ട്‌ ടെസ്റ്റുകളുണ്ട്‌. ഇതിലെ ആദ്യ മല്‍സരം ഇന്നിവിടെ ആരംഭിക്കുകയാണ്‌.
ചിര വൈരികളായ ഓസ്‌ട്രലിയക്കെതിരെ നിര്‍ണ്ണായക ടെസ്‌റ്റിനിറങ്ങുമ്പോഴും മക്കലത്തിന്റെ മനസ്സ്‌ ഇന്ത്യയിലാണ്‌. ക്രിക്കറ്റ്‌ ലോകത്ത്‌ ഇത്രയധികം ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു ചാമ്പ്യന്‍ഷിപ്പില്ലെന്ന്‌ അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. 2009 ലെ ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്തയുടെ നായകനായിരുന്നു മക്കലം. എന്നാല്‍ പ്രതീക്ഷിച്ച മികവില്‍ കളിക്കാനും ടീമിനെ നയിക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ്‌ പുതിയ സീസണില്‍ നായകസ്ഥാനം സൗരവ്‌ ഗാംഗുലിക്ക്‌ തിരികെ നല്‍കിയത്‌.

ഷോണ്‍ മാര്‍ഷ്‌ വരുന്നു
മൊഹാലി: കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്‌ ശുഭവാര്‍ത്ത...! ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഇത്‌ വരെ ഒരു വിജയം സമ്പാദിക്കാന്‍ കഴിയാതെ പരുങ്ങി നില്‍ക്കുന്ന കുമാര്‍ സങ്കക്കാരയുടെ സംഘത്തിലേക്ക്‌ ഓസ്‌ട്രേലിയന്‍ ഓപ്പണിംഗ്‌ ബാറ്റ്‌സ്‌മാന്‍ ഷോണ്‍ മാര്‍ഷ്‌ എത്തുന്നു. ആദ്യ ഐ.പി.എല്‍ സീസണില്‍ തകര്‍പ്പന്‍ ബാറ്റിംഗ്‌ നടത്തി കൈയ്യടി നേടിയ മാര്‍ഷ്‌ കഴിഞ്ഞ രണ്ട്‌ മാസമായി പുറം വേദനയുമായി ചികില്‍സയിലായിരുന്നു. അസുഖം ഭേദമായ സാഹചര്യത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചടയുന്‍ മാര്‍ഷിന്‌ ചിലപ്പോള്‍ ഈയാഴ്‌ച്ച തന്നെ ഇന്ത്യയില്‍ എത്താനാവും.

ക്രിക്കറ്റ്‌ കലണ്ടറിലെ വാണിജ്യ താല്‍പ്പര്യം ആസന്നമായ 20-20 ലോകകപ്പില്‍ ഇന്ത്യക്ക്‌ കനത്ത തിരിച്ചടിയാവാന്‍ വ്യക്തമായ സാധ്യത. ഏപ്രില്‍ 29ന്‌ വിന്‍ഡീസിലാണ്‌ ലോകകപ്പ്‌ ആരംഭിക്കുന്നത്‌. ഇപ്പോള്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ അവസാനിക്കുന്നതാവട്ടെ ഏപ്രില്‍ 25 നും. ഐ.പി.എല്‍ മല്‍സരങ്ങള്‍ ആദ്യ ആഴ്‌ച്ച പിന്നിടുന്നതിനിടെ ഇന്ത്യയുടെ പല പ്രമുഖ താരങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്‌. അടുത്ത ഒരു മാസത്തില്‍ പരുക്കേറ്റവരുടെ പട്ടിക ഉയരാനാണ്‌ സാധ്യത. കഴിഞ്ഞ 20-20 ലോകകപ്പില്‍ ഇന്ത്യക്ക്‌ വിനയായത്‌ ഐ.പി.എല്‍ മല്‍സരങ്ങളായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.പി.എല്‍ രണ്ടാം സീസണ്‍ മല്‍സരങ്ങള്‍ കഴിഞ്ഞയുടനാണ്‌ ഇംഗ്ലണ്ടില്‍ ലോകകപ്പ്‌ നടന്നത്‌. ഇന്ത്യയാവട്ടെ ആദ്യ റൗണ്ട്‌ പിന്നിടാന്‍ പോലും കഴിയാതെ നാണം കെട്ടു. യുവരാജ്‌സിംഗ്‌, സഹീര്‍ഖാന്‍ തുടങ്ങിയ പ്രമുഖരൊന്നും രണ്ടാം 20-20 ലോകകപ്പില്‍ പരുക്ക്‌ കാരണം കളിച്ചിരുന്നില്ല. സൂപ്പര്‍ താരങ്ങളുടെ അസാന്നിദ്ധ്യത്തില്‍ ഇന്ത്യക്ക്‌ മുന്നേറാനും കഴിഞ്ഞില്ല.
ഇത്തവണ ഇന്ത്യയുടെ മൂന്ന്‌ പ്രമുഖര്‍ ഇതിനകം പരുക്കേറ്റവരുടെ പട്ടികയിലാണ്‌. ക്യാപ്‌റ്റന്‍ എം.എസ്‌ ധോണി, യൂസഫ്‌ പത്താന്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കാണ്‌ പരുക്ക്‌. വിരേന്ദര്‍ സേവാഗ്‌, യുവരാജ്‌ സിംഗ്‌ എന്നിവര്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരുമല്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായ ധോണിക്ക്‌ കൈപാദത്തിനാണ്‌ പരുക്ക്‌. രണ്ട്‌ മല്‍സരം അദ്ദേഹം പുറത്തിരിക്കേണ്ടിവരുമെന്നാണ്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌. ഈ അവധിക്ക്‌ ശേഷം ധോണി തിരിച്ച്‌ വരണം. അപ്പോഴും തിരക്കേറിയ മല്‍സരങ്ങളുണ്ട്‌. രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മല്‍സരത്തില്‍ ലോക റെക്കോര്‍ഡ്‌ പ്രകടനം നടത്തിയ യൂസഫ്‌ പത്താനും കൈക്കാണ്‌ പരുക്ക്‌. ഗൗതം ഗാംഭീറിന്‌ പുറം വേദനയാണ്‌. ഈയിടെയാണ്‌ പരുക്കില്‍ നിന്നും മുക്തനായി യുവരാജ്‌ തിരിച്ചുവന്നത്‌.
ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ വാണിജ്യ താല്‍പ്പര്യമാണ്‌ ലോകകപ്പ്‌ പോലുള്ള വലിയ മല്‍സരങ്ങള്‍ക്ക്‌ മുമ്പ്‌ ടീമിന്‌ വിനയാവുന്നത്‌. കോടികള്‍ ലക്ഷ്യമിടുന്ന ഐ.പി.എല്ലിനോടാണ്‌ ബോര്‍ഡിനും ലളിത്‌ മോഡിക്കുമെല്ലാം താല്‍പ്പര്യം. താരങ്ങള്‍ക്കും മറിച്ചല്ല. ഐ.പി.എല്‍ കഴിഞ്ഞ്‌ നാല്‌ ദിവസത്തെ ഇടവേളയിലാണ്‌ ലോകകപ്പ്‌ ആരംഭിക്കുന്നത്‌. ലോകകപ്പ്‌ സംഘത്തില്‍ ഇപ്പോഴത്തെ നിലയില്‍ ആരെല്ലാമുണ്ടാവുമെന്ന്‌ പറയാനാവില്ല. മുപ്പതംഗ സാധ്യതാ ടീമിനെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്‌. തിരക്കേറിയ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക്‌ ശേഷം വിന്‍ഡീസിലേക്ക്‌ പോവുമ്പോള്‍ ഇന്ത്യന്‍ ടീമിന്‌ ഊര്‍ജ്ജമില്ലെങ്കില്‍ അല്‍ഭുതപ്പെടാനില്ല.

Monday, March 8, 2010

WORLD CUP CALLING....

കപ്പ്‌ ഉയര്‍ത്താന്‍ കാസിയാസ്‌
ഇത്തവണ ലോകകപ്പ്‌ ആര്‌ സ്വന്തമാക്കും...? ബ്രസീലും അര്‍ജന്റീനയും ഇറ്റലിയും ഇംഗ്ലണ്ടുമെല്ലാമുണ്ട്‌... പക്ഷേ പന്തയ മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌ ഇവരാരുമല്ല-യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനാണ്‌. തട്ടുതകര്‍പ്പന്‍ പ്രകടനത്തോടെ വന്‍കരാ ചാമ്പ്യന്മാരായ സ്‌പെയിന്‍ കഴിഞ്ഞ ദിവസം നടന്ന സന്നാഹ മല്‍സരത്തില്‍ പാരീസില്‍ വെച്ച്‌ ഫ്രാന്‍സിനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ചതോടെ അവര്‍ ലോകകപ്പ്‌ സാധ്യതാ പട്ടികയില്‍ വീണ്ടും മുന്നിലെത്തിയിരിക്കയാണ്‌. ഇത്‌ വരെ ലോകകപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം കാളപ്പോരിന്റെ നാട്ടുകാര്‍ക്കുണ്ടായിട്ടില്ല. ഏതാണ്ടെല്ലാ ലോകകപ്പിനും ഏറ്റവും മികച്ച ടീമിനെയാണ്‌ സ്‌പെയിന്‍ ഇറക്കാറുള്ളത്‌. പക്ഷേ വലിയ വേദിയില്‍ പലപ്പോഴും സൂപ്പര്‍ താരങ്ങള്‍ക്ക്‌ കാലിടറും. ആഫ്രിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പില്‍ കിരീടം മറ്റാര്‍ക്കുമല്ലെന്നാണ്‌ സ്‌പാനിഷ്‌ ടീമിന്റെ ക്യാപ്‌റ്റനും ഗോള്‍ക്കീപ്പറുമായ ഇകാര്‍ കാസിയാസ്‌ വ്യക്തമാക്കുന്നത്‌. രാജ്യത്തിന്‌ വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരം കളിക്കുന്ന താരങ്ങളില്‍ ഒരാളാന്‍ പോവുകയാണ്‌ കാസിയാസ്‌. സ്‌റ്റഡെ ഡി പാരിസില്‍ അദ്ദേഹം കളിച്ചത്‌ രാജ്യത്തിനായുള്ള 102-ാമത്‌ പോരാട്ടമായിരുന്നു. ഇത്രയും മല്‍സരം റൗള്‍ ഗോണ്‍സാലസും കളിച്ചിട്ടുണ്ട്‌. പക്ഷേ ലോകകപ്പ്‌ സംഘത്തില്‍ റൗളിന്‌ സ്ഥാനമുണ്ടാവുമോ എന്ന ചോദ്യം നിലനില്‍ക്കവെ കാസിയാസിനാണ്‌ കപ്പ്‌ ഉയര്‍ത്താനുള്ള ഭാഗ്യം വരുന്നത്‌. പാരീസിലെ സ്‌റ്റഡെ ഡി ഫ്രാന്‍സ്‌ സ്റ്റേഡിയം കാസിയാസിന്റെ പ്രിയപ്പെട്ട വേദിയാണ്‌. പത്ത്‌ വര്‍ഷം മുമ്പ്‌ ഇവിടെ വെച്ചാണ്‌ അദ്ദേഹം റയല്‍ മാഡ്രിഡ്‌ സംഘത്തില്‍ അംഗമായി യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ മെഡല്‍ സ്വന്തമാക്കിയത്‌. മറ്റൊരിക്കല്‍ കൂടി അദ്ദേഹത്തിന്‌ പാരിസ്‌ മൈതാനം വിജയം നല്‍കിയതോടെ ലോകകപ്പില്‍ അദ്ദേഹം ഉറപ്പ്‌ നല്‍കുന്നത്‌ മികച്ച പ്രകടനമാണ്‌. 28 കാരനാണ്‌ കാസിയാസ്‌. അദ്ദേഹത്തിന്റെ വലിയ ലക്ഷ്യങ്ങളിലൊന്ന്‌ ലോകകപ്പിനൊപ്പം രാജ്യത്തിന്‌ വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച ഗോള്‍ക്കീപ്പറാവാണം. ഈ റെക്കോര്‍ഡ്‌ എളുപ്പമല്ല. 126 മല്‍സരങ്ങളില്‍ രാജ്യത്തിന്റെ ഗോള്‍വലയം കാത്തവനായി അന്റോണി സുബിസറാറ്റയുണ്ട്‌.
ലോകകപ്പ്‌ സ്വന്തമാക്കുകയെന്നത്‌ തന്റെ വലിയ സ്വപ്‌നമാണെന്ന്‌ കാസിയാസ്‌ പറഞ്ഞു. ലോകകപ്പ്‌ സ്വന്തമാക്കുക എന്നത്‌ എളുപ്പമല്ല. വലിയ മല്‍സരങ്ങളും ശക്തരായ പ്രതിയോഗികളുമുണ്ട്‌. അവരെ തോല്‍പ്പിക്കണം. ഇത്തവണ സ്‌പെയിനിന്‌ അതിന്‌ കഴിയുമെന്ന്‌ കരുതുന്നത്‌ മികച്ച താരങ്ങളുടെ ഒരു സംഘം തന്നെയുള്ളത്‌ കൊണ്ടാണ്‌. യൂറോപ്പില്‍ നടന്ന യോഗ്യതാ മല്‍സരങ്ങളില്‍ ഒരു തോല്‍വി പോലുമറിയാതെയാണ്‌ സ്‌പെയിന്‍ കടന്നുകയറിയത്‌. കളിച്ച പത്ത്‌ മല്‍സരങ്ങളിലും ജയിച്ചു. 1970 ലെ മെക്‌സിക്കോ ലോകകപ്പിലേക്ക്‌ ബ്രസീല്‍ കയറിവന്നത്‌ ഇങ്ങനെയായിരുന്നു. എല്ലാ യോഗ്യതാ മല്‍സരങ്ങളും ജയിച്ചു വന്ന ബ്രസീലിനെ വെല്ലുവിളിക്കാന്‍ അന്നാരുമുണ്ടായിരുന്നില്ല. പക്ഷ്‌ സ്‌പെയിന്‍ ഇത്തവണ വെല്ലുവിളികള്‍ പ്രതീക്ഷിക്കുന്നതായാണ്‌ കാസിയാസ്‌ പറയുന്നത്‌.
ഫിഫ ചാമ്പ്യന്‍ഷിപ്പുകള്‍ ടീമിന്‌ വലിയ വെല്ലുവിളിയാവുന്നു എന്നതിന്‌ ഉദാഹരണമായി കാസിയാസ്‌ തന്നെ ചൂണ്ടിക്കാട്ടുന്നത്‌ കോണ്‍ഫെഡറേഷന്‍ കപ്പാണ്‌. യൂറോപ്പിലെ ചാമ്പ്യന്മാര്‍ എന്ന നിലയിലാണ്‌ കോണ്‍ഫെഡറേഷന്‍ കപ്പില്‍ സ്‌പെയിന്‍ കളിച്ചത്‌. പക്ഷേ സെമി ഫൈനലില്‍ അമേരികക്ക്‌ മുന്നില്‍ ടീം പരാജയപ്പെട്ടു. ആ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ കാസിയാസ്‌ വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ കളിച്ചത്‌ കപ്പ്‌ സ്വന്തമാക്കാന്‍ തന്നെയായിരുന്നു. പക്ഷേ നിര്‍ഭാഗ്യകരമായി തോറ്റു. കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിച്ചതോടെ ആഫ്രിക്കന്‍ സാഹചര്യങ്ങളെ പഠിക്കാന്‍ കഴിഞ്ഞതാണ്‌ നേട്ടം. ദക്ഷിണാഫ്രിക്ക പോലെ പരിചിതമല്ലാത്ത സ്ഥലത്ത്‌ പെട്ടെന്ന്‌ കളിക്കുമ്പോള്‍ അത്‌ എളുപ്പമാവില്ല. പക്ഷേ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിച്ചതോടെ മൈതാനങ്ങളെക്കുറിച്ച്‌ മാത്രമല്ല കാലാവസ്ഥയെയും കുറിച്ച്‌ പഠിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ്‌ എച്ചിലാണ്‌ ലോകകപ്പില്‍ സ്‌പെയിന്‍ കളിക്കുന്നത്‌. സ്വിറ്റ്‌സര്‍ലന്‍ഡ്‌, ഹോണ്ടുറാസ്‌, ചിലി എന്നിവരാണ്‌ പ്രതിയോഗികള്‍. കടലാസിലെ കണക്ക്‌ പ്രകാരം ഗ്രൂപ്പില്‍ ജയിക്കാന്‍ പ്രയാസമില്ല. പക്ഷേ നല്ല തുടക്കമാണ്‌ പ്രധാനം. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിന്‌ കാര്യം എളുപ്പമല്ല. ബ്രസീല്‍, പോര്‍ച്ചുഗല്‍, ഐവറി കോസ്‌റ്റ്‌്‌, ഉത്തര കൊറിയ എന്നിവരില്‍ ഒരാളായിരിക്കും പ്രതിയോഗികള്‍.

കളിക്കളത്തില്‍ ബ്രസീല്‍ ഫുട്‌ബോളര്‍ മരിച്ചു
റിയോ: ഫുട്‌ബോളിനെ ജീവന്‌ തുല്യം സ്‌നേഹിക്കുന്ന ബ്രസീലില്‍ നിന്നും ഒരു ദുരന്ത വാര്‍ത്ത...! കളിക്കിടെ 23 കാരനായ ഫുട്‌ബോളര്‍ റോബ്‌സണ്‍ റോച്ച കോസ്‌റ്റ മരിച്ചു. തികച്ചും നിസാരമെന്ന്‌ തോന്നിയ സംഭവമാണ്‌ യുവതാരത്തിന്റെ ജീവന്‍ അപഹരിച്ചത്‌. ഇന്‍ഡോര്‍ ഫുട്‌ബോളറായ റോബ്‌സണ്‍ പന്തുമായി എതിര്‍ ഗോള്‍വല ലക്ഷ്യമാക്കി മുന്നേറവെ പ്രതലത്തിലെ ഒരു ചെറിയ മര കഷ്‌ണത്തില്‍ കാലുടക്കി വീഴുകയായിരുന്നു. വീഴ്‌ച്ചയില്‍ സംഭവിച്ച ആഘാതത്തില്‍ നാല്‌ മണിക്കൂറിന്‌ ശേഷം അദ്ദേഹം മരിക്കുകയും ചെയ്‌തു. ഗുര്‍ഡപോവ സ്‌പോര്‍ട്ടിംഗ്‌ അത്‌ലറ്റിക്‌ ക്ലബും പാല്‍മിറസ്‌ ജുന്‍ഡിയാ ക്ലബും തമ്മിലുള്ള സൗഹൃദ മല്‍സരത്തിനിടെയാണ്‌ ദാരുണമായ സംഭവം. പരാന പ്രവിശ്യയില്‍ നടന്ന മല്‍സരത്തിന്‌ ശേഷം ഉടന്‍ തന്നെ താരത്തെ ആശുപത്രിയിലാക്കി ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു. മരപ്രതലത്തിന്റെ കഷ്‌ണം ശരീരത്തില്‍ തുളച്ചു കയറിയുണ്ടായ രക്തസ്രാവമായിരിക്കാം മരണകാരണമെന്ന്‌ കരുതപ്പെടുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

വീണ്ടും ബെക്കാം-മാഞ്ചസ്റ്റര്‍
ഓള്‍ഡ്‌ ട്രാഫോഡ്‌: ഡേവിഡ്‌ ബെക്കാമിന്‌ ഇന്നാണ്‌ യഥാര്‍ത്ഥ പരീക്ഷണം....യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ അദ്ദേഹം ഇന്ന്‌ കളിക്കുന്നത്‌ പഴയ തട്ടകമായ ഓള്‍ഡ്‌ ട്രാഫോഡില്‍.... മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ ചുവന്ന കുപ്പായം ദീര്‍ഘകാലം അണിഞ്ഞിട്ടുളള മധ്യനിരക്കാരന്‍ ഇന്ന്‌ ഇറങ്ങുന്നത്‌ പഴയ ടീമിനെതിരെ ഏ.സി മിലാന്‍ കുപ്പായത്തിലാണ്‌. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ പ്രി ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ബെക്കാമിന്റെ മിലാന്‌ വിജയം നിര്‍ബന്ധമാണ്‌. കാരണം സ്വന്തം തട്ടകത്ത്‌ നടന്ന ആദ്യപാദ മല്‍സരത്തിലവര്‍ 2-3ന്‌ തോറ്റിരുന്നു. ഇന്ന്‌ നടക്കുന്ന രണ്ടാം മല്‍സരവും നേര്‍ക്കുനേര്‍ യുദ്ധമാണ്‌. സ്‌പെയിനിലെ സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡ്‌ സ്വന്തം മൈതാനമായ ബെര്‍ണബുവില്‍ എതിരിടുന്നത്‌ ഫ്രഞ്ച്‌ ചാമ്പ്യന്മാരായ ഒളിംപിക്‌ ലിയോണിനെയാണ്‌... ആദ്യ പാദ മല്‍സരത്തില്‍ ലിയോണ്‍ ഒരു ഗോളിന്റെ ലീഡ്‌ നേടിയിട്ടുണ്ട്‌.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ നഷ്‌ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിന്റെ ആവേശത്തിലാണ്‌ മാഞ്ചസ്റ്റര്‍. വെയിന്‍ റൂണി ഉള്‍പ്പെടെയുളള പ്രബലര്‍ ഇന്ന്‌ കളിക്കുമ്പോല്‍ പരുക്കില്‍ പുറത്തായ മൈക്കല്‍ ഓവന്റെ സാന്നിദ്ധ്യം മുന്‍നിരയിലുണ്ടാവില്ല. മിലാന്‍ സംഘത്തില്‍ പ്രബലരെല്ലാം കളിക്കുന്നുണ്ട്‌. ടെന്‍ സ്‌പോര്‍ട്‌സില്‍ രാത്രി 12-30 മുതല്‍ മല്‍സരമുണ്ട്‌.
സ്‌പാനിഷ്‌ ലീഗില്‍ ഒന്നാം സ്ഥാനത്ത്‌ വന്നതിന്റെ ആവേശത്തിലാണ്‌ ഇന്ന്‌ ബെര്‍ണബുവില്‍ റയല്‍ കളിക്കുന്നത്‌. പുലര്‍ച്ചെ 3-15 നാണ്‌ ഈ മല്‍സരം.

ലിവര്‍ കിതക്കുന്നു
ലണ്ടന്‍: ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ റാഫേല്‍ ബെനിറ്റസിന്റെ ലിവര്‍പൂള്‍ സംഘത്തിന്‌ സ്‌ഥാനമുണ്ടാവില്ല. ഇന്നലെ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ നടന്ന മല്‍സരത്തില്‍ ദുര്‍ഡബലരായ വിഗാന്‌ മുന്നില്‍ ഒരു ഗോളിന്‌ പരാജയപ്പെട്ടതോടെ ലിവര്‍ ടേബിളില്‍ ആറാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിരിക്കയാണ്‌. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ വരുന്നവര്‍ക്ക്‌ മാത്രമാണ്‌ ചാമ്പ്യന്‍സ്‌ ലീഗില്‍ ബെര്‍ത്ത്‌. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ (63), ചെല്‍സി (61), ആഴ്‌സനല്‍ (61), ടോട്ടന്‍ഹാം (49), മാഞ്ചസ്‌റ്റര്‍ സിറ്റി (49) എന്നിവര്‍ക്ക്‌ പിറകിലാണിപ്പോള്‍ ലിവര്‍. വിഗാനെതിരായ മല്‍സരത്തില്‍ നാല്‌ അവസരങ്ങള്‍ തുലച്ച ഫെര്‍ണാണ്ടോ ടോറസാണ്‌ ടീമിന്‌ മുന്നില്‍ വില്ലനായത്‌. അതേ സമയം ഡിര്‍ക്‌ ക്യൂട്ടിന്റെ പിഴവില്‍ നിന്നും ലഭിച്ച പന്ത്‌ വലയിലാക്കി എമേഴ്‌സണ്‍ ബോയ്‌സ്‌ വിഗാന്റെ വിജയ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തു.

Saturday, March 6, 2010

VETTORI SHOW... BUT

വെട്ടോരി മിന്നി, പക്ഷേ..
ഓക്‌ലാന്‍ഡ്‌: കഴുത്തിന്‌ കാര്യമായ വേദനയുണ്ടായിരുന്നു ഡാനിയല്‍ വെട്ടോരിക്ക്‌. മല്‍സരത്തില്‍ കളിക്കാനാവുമോ എന്ന കാര്യത്തിലും ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ കിവി ക്യാപ്‌റ്റന്‍ വേദന മറന്ന്‌ തട്ടുതകര്‍പ്പന്‍ ബാറ്റിംഗ്‌ നടത്തിയപ്പോള്‍ റിക്കി പോണ്ടിംഗിന്റെ ഓസ്‌ട്രേലിയ പതനത്തിന്റെ വഴിയിലായിരുന്നു. ഒടുവില്‍ റ്യാന്‍ ഹാരിസിന്റെ പന്തില്‍ കിവി ക്യാപ്‌റ്റന്‍ പുറത്തായപ്പോള്‍ നാടകീയമായ 12 റണ്‍സിന്റെ വിജയവുമായി പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ കങ്കാരുക്കള്‍ മാനം കാത്തു. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയക്കാര്‍ ഏഴ്‌ വിക്കറ്റിന്‌ 273 റണ്‍സാണ്‌ നേടിയത്‌. മറുപടി ബാറ്റിംഗില്‍ തുടക്കം മുതല്‍ തകര്‍ന്ന ആതിഥേയര്‍ ഒരു ഘട്ടത്തില്‍ ആറ്‌ വിക്കറ്റിന്‌ 131 റണ്‍ എന്ന പരിതാപകരാവസ്ഥയിലായിരുന്നു. ഇവിടെ നിന്നാണ്‌ വെട്ടോരിയിലെ ബാറ്റ്‌സ്‌മാന്‍ ആക്രമണകാരിയായത്‌. മനോഹരമായ ഇന്നിംഗ്‌സില്‍ അദ്ദേഹം 70 റണ്‍സാണ്‌ നേടിയത്‌. മഴ മുലം കിവി ഇന്നിംഗ്‌സിലെ അല്‍പ്പം ഓവറുകള്‍ അപഹരിക്കപ്പെട്ടപ്പോള്‍ ആതിഥേയരുടെ വിജയലക്ഷ്യം ഡെക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമ പ്രകാരം 266 റണ്‍സാക്കി മാറ്റിയിരുന്നു. ഈ സ്‌ക്കോറിലേക്ക്‌ വെട്ടോരി തനിച്ച്‌ ടീമിനെ നയിക്കുമെന്ന ഘട്ടത്തിലാണ്‌ അദ്ദേഹത്തിന്റെ വിക്കറ്റ്‌ വീണത്‌. ഈ ഘട്ടത്തില്‍ പതിനൊന്ന്‌ പന്തും 13 റണ്‍സുമായിരുന്നു ന്യൂസിലാന്‍ഡിന്‌ ആവശ്യം . റ്യാന്‍ ഹാരിസ്‌ എറിഞ്ഞ പന്തിനെ നടന്നടിച്ചകറ്റാന്‍ നടത്തിയ വെട്ടോരിയുടെ ശ്രമം വിജയിച്ചില്ല. പന്ത്‌ ബാറ്റില്‍ തട്ടി സ്‌റ്റം മ്പില്‍ പതിച്ചു. 49 പന്തില്‍ നിന്ന്‌ 70 റണ്‍സ്‌ നേടിയാണ്‌ വെട്ടോരി പുറത്തായത്‌.
ആദ്യ മല്‍സരത്തില്‍ പരുക്ക്‌ കാരണം കളിക്കാതിരുന്ന വെട്ടോരി ഇന്നലെയും കളിക്കില്ലെന്നാണ്‌ കരുതപ്പെട്ടത്‌. രാവിലെ അദ്ദേഹം കളിക്കാനുണ്ടാവില്ല എന്ന റിപ്പോര്‍ട്ടാണ്‌ കിവി ഡ്രസ്സിംഗ്‌ റൂമില്‍ നിന്നും വന്നത്‌. എന്നാല്‍ വൈസ്‌ ക്യാപ്‌റ്റനായ റോസ്‌ ടെയ്‌ലര്‍ കാലിലെ വേദന മൂലം അവസാന നിമിഷം പിന്മാറിയപ്പോള്‍ വെട്ടോരി തന്നെ രംഗത്തിറങ്ങി. മാന്‍ ഓഫ്‌ ദ മാച്ച്‌ പട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും മല്‍സരത്തില്‍ വിജയിക്കാനാവാത്തതിന്റെ നിരാശ നായകന്റെ മുഖത്ത്‌ പ്രകടമായിരുന്നു. വാലറ്റക്കാരായ ജറാത്ത്‌ ഹോപ്‌ കിന്‍സ്‌, ഡാരല്‍ ടഫി എന്നിവര്‍ക്കൊപ്പമാണ്‌ അദ്ദേഹം പൊരുതി കളിച്ചത്‌.
നേപ്പിയറില്‍ നടന്ന ആദ്യ മല്‍സരത്തില്‍ സ്‌ക്കോട്ട്‌ സ്റ്റൈറിസുമായി ഉടക്കി, അച്ചടക്ക നടപടിയുടെ വക്കിലെത്തിയ മിച്ചല്‍ ജോണ്‍സണ്‍ ഇന്നലെ നാല്‌ വിക്കറ്റുകളാണ്‌ വീഴ്‌ത്തിയത്‌. വെട്ടോരിക്ക്‌ പിന്തുണ നല്‍കിയിരുന്ന ഹോപ്‌കിന്‍സിനെയും ഡാരല്‍ ടഫിയെയും അദ്ദേഹമാണ്‌ പുറത്താക്കിയത്‌. ടഫി 20 നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയ മിച്ചല്‍ അടുത്ത ഓവറില്‍ ഷെയിന്‍ ബോണ്ടിനെയും പുറത്താക്കി.
നല്ല തുടക്കം കിവീസിന്‌ ലഭിച്ചിരുന്നില്ല. മുന്‍നിരക്കാരെല്ലാം ബാറ്റിംഗ്‌ മറന്നു. രണ്ട്‌ തകര്‍പ്പന്‍ സിക്‌സറുകളുമായി ബ്രെന്‍ഡന്‍ മക്കലം 24 റണ്‍സ്‌ നേടിയപ്പോള്‍ പോരാട്ടം കേമമാവുമെന്ന്‌ കരുതി. പക്ഷേ പീറ്റര്‍ ഇഗ്രാം, നീല്‍ ബ്രൂം തുടങ്ങിയ യുവ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ ഓസീസ്‌ ബൗളിംഗിന്‌ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. നേപ്പിയര്‍ മല്‍സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ടീമിലെ സ്ഥാനം ഉറപ്പാക്കിയ സ്‌റ്റൈറിസ്‌ 46 ഉം, ഹോപ്‌കിന്‍സ്‌ 35 ഉം റണ്‍സ്‌ നേടിയപ്പോള്‍ കിവിസീന്‌ പ്രതീക്ഷയായി. ഈ ഘട്ടത്തിലാണ്‌ വെട്ടോരി അവസരോചിതമായി കളിച്ചു.
ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയക്കാര്‍ വലിയ സ്‌ക്കോറിലേക്കാണ്‌ പോയിരുന്നത്‌. ആദ്യ പതിനാല്‌ ഓവറില്‍ വിക്കറ്റ്‌ പോവാതെ 73 റണ്‍സ്‌ നേടിയ സന്ദര്‍ശകര്‍ അലക്ഷ്യമായ ഷോട്ടുകള്‍ക്ക്‌ മുതിര്‍ന്നാണ്‌ റണ്‍നിരക്കിനെ ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടത്‌. 53 റണ്‍സ്‌ നേടിയ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിനും 48 പന്തില്‍ 47 റണ്‍സ്‌ സ്വന്തമാക്കിയ ഷെയിന്‍ വാട്ട്‌സണുമാണ്‌ അവസരോചിതമായി കളിച്ചത്‌.

വിവ വെല്ലുവിളിയെന്ന്‌ കൊളോസോ
കോഴിക്കോട്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ്‌ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ. പതിമൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ 26 പോയന്റാണ്‌ അവരുടെ സമ്പാദ്യം.. പക്ഷേ ഏറെ പിറകില്‍ നില്‍ക്കുന്ന വിവ കേരളയെ നാളെ ഇവിടെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നേരിടുന്ന ഡെംപോയുടെ കോച്ച്‌ അര്‍മാന്‍ഡോ കൊളോസോ ഒരു കാര്യം ഉറപ്പിച്ചു പറയുന്നു-ഡെംപോക്ക്‌ വിജയം എളുപ്പമുള്ള മല്‍സരമല്ല ഇത്‌. വിവ നല്ല ടീമാണ്‌. വിവ മാത്രമല്ല ഐ ലീഗില്‍ കളിക്കുന്നവരെല്ലാം മിടുക്കരായ ടീമുകളാണ്‌. പോയന്റ്‌്‌ ടേബിള്‍ തന്നെ നോക്കിയാല്‍ ഓരോ ടീമുകളുടെ കരുത്ത്‌ മനസ്സിലാവും. അതിനാല്‍ ഒന്നും ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നാണ്‌ ഇന്നലെ ഇവിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കിയത്‌.
റാന്‍ഡി മാര്‍ട്ടിനസ്‌, റോബര്‍ട്ട്‌ ബെറ്റോ എന്നീ രണ്ട്‌ വിദേശികളായ മുന്‍നിരക്കാരാണ്‌ ഡെംപോക്കാരുടെ തുരുപ്പ്‌ ചീട്ട്‌. സുനില്‍ ചേത്രിയെന്ന ഇന്ത്യന്‍ ഫുട്‌ബോളിലെ ഗോളടി വീരന്‍ പരുക്ക്‌ കാരണം കളിക്കുന്നില്ല. വിവയെ നേരിടാനെത്തിയ സംഘത്തില്‍ ചേത്രി വന്നിട്ടില്ല. ഇടുപ്പിലെ വേദന കാരണമാണ്‌ ചേത്രി വിട്ടുനില്‍ക്കുന്നതെന്ന്‌ കൊളോസോ വ്യക്തമാക്കുമ്പോള്‍ ഒരു വ്യക്തിയുടെ സാന്നിദ്ധ്യം ടീമിനെ ബാധിക്കില്ലെന്ന്‌ നായകന്‍ മാര്‍ട്ടിനസ്‌ സൂചിപ്പിക്കുന്നു. ചേത്രി മിടുക്കനായ മുന്‍നിരക്കാരനാണ്‌. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ ബെറ്റോയെന്ന ബ്രസീലുകാരനായിരിക്കും മുന്‍നിരയില്‍ വരുക.
ഐ ലീഗില്‍ ഡെംപോക്ക്‌ കനത്ത ഭീഷണി ഉയര്‍ത്തി ചിരാഗ്‌ യുനൈറ്റഡ്‌, മഹീന്ദ്ര, ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ തുടങ്ങിയ ടീമുകളുണ്ട്‌. പക്ഷേ ഒരു ടീമിനെ ലക്ഷ്യമിട്ട്‌ കളിക്കാന്‍ കൊളോസോക്ക്‌ താല്‍പ്പര്യമില്ല. ഐ ലീഗില്‍ കളിക്കുന്ന ടീമുകളുടെ സവിശേഷത ആരെയും ആര്‍ക്കും തോല്‍പ്പിക്കാമെന്നതാണ്‌. എല്ലാവരും ഏകദേശം ഒപ്പത്തിനൊപ്പമാണ്‌ നീങ്ങുന്നത്‌. അതിനാല്‍ ഒന്നും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. വിവ ഗോവയില്‍ വെച്ച്‌ ഡെംപോയെ നേരിട്ടപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ അവര്‍ക്കായിരുന്നു. പക്ഷേ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്നതിലാണ്‌ അവര്‍ പിന്നോക്കം പോയത്‌. കോഴിക്കോടന്‍ കാലാവസ്ഥയാണ്‌ ഗോവയിലേതും. അതിനാല്‍ ചൂട്‌ ടീമിനെ ബാധിക്കില്ലെന്നും കോച്ച്‌ പറയുന്നു.
അതേ സമയം വിവക്ക്‌ കനത്ത വെല്ലുവിളിയാണ്‌ ഡെംപോയുമാുള്ള മല്‍സരം. സാല്‍ഗോക്കറിനെതിരായ മല്‍സരത്തില്‍ ദയനീയ പ്രകടനമാണ്‌ ഏ.എം ശ്രീധരന്റെ ടീം കാഴ്‌ച്ചവെച്ചത്‌. ഒട്ടേറെ അവസരങ്ങള്‍ തുലച്ചത്‌ കൂടാതെ വെറുതെ ഗോളും വഴങ്ങിയിരുന്നു. പിന്‍നിരയില്‍ ബെല്ലോ റസാക്ക്‌ മാന്‍ ഓഫ്‌ ദ മാച്ച്‌ പ്രകടനം നടത്തിയതാണ്‌ ടീമിന്‌ സമനിലയില്‍ രക്ഷപ്പെടാന്‍ കഴിഞ്ഞത്‌. മുന്‍നിരയില്‍ കളിക്കുന്നവരില്‍ സിറാജുദ്ദിന്‍ മോശം പ്രകടനമാണ്‌ സാല്‍ഗോക്കറിനെതിരെ നടത്തിയത്‌. റൂബന്‍ സന്യാവോക്കും പ്രതീക്ഷ കാക്കാന്‍ കഴിഞ്ഞില്ല. കര്‍മ പരുക്കുമായി പുറത്തായതോടെ അത്‌ ടീമിനെ കാര്യമായി തന്നെ ബാധിച്ചു. ശക്തരായ പ്രതിയോഗികളുമായാണ്‌ ഇനി വിവയുടെ കളിക്കളെല്ലാം. 15 പോയന്റാണ്‌ വിവക്ക്‌ ഇത്‌ വരെ നേടാനായത്‌. ഇപ്പോഴും അപകടാവസ്ഥയിലാണ്‌ ടീം.

ഐ ലീഗ്‌ ഫുട്‌ബോള്‍
പോയന്റ്‌്‌ ടേബിള്‍
(12 ടീമുകള്‍ 13 മല്‍സരങ്ങളാണ്‌ പൂര്‍ത്തിയാക്കിയത്‌. പൂനെ എഫ്‌.സി, ഈസ്റ്റ്‌ ബംഗാള്‍ എന്നിവര്‍ 14 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്‌)
1-ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ-26
2-ചിരാഗ്‌ യുനൈറ്റഡ്‌ കൊല്‍ക്കത്ത-23
3-മഹീന്ദ്ര യുനൈറ്റഡ്‌ മുംബൈ-22
4-ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌, ഗോവ-22
5-മോഹന്‍ ബഗാന്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ കൊല്‍ക്കത്ത-20
6-ഈസ്‌റ്റ്‌ ബംഗാള്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ കൊല്‍ക്കത്ത-20
7-പൂനെ എഫ്‌.സി-22
8-മുംബൈ എഫ്‌.സി-18
9-ജെ.സി.ടി മില്‍സ്‌ ഫഗ്‌വാര-14
10-വിവ കേരള -14
11-എയര്‍ ഇന്ത്യ മുംബൈ-14
12-സാല്‍ഗോക്കര്‍ ഗോവ-13
13-ലാജോംഗ്‌ എഫ്‌.സി-10
14-സ്‌പോര്‍ട്ടിംഗ്‌ ഗോവ-5

അട്ടിമറിയാണെന്ന്‌
കോഴിക്കോട്‌: കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഐ ലീഗ്‌ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഫ്‌ളഡ്‌ലൈറ്റുകള്‍ തകരാറിലായതിന്‌ പിറകില്‍ അട്ടിമറിയാണെന്ന്‌ ഒംബുഡ്‌സ്‌മാന്‍ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്‌. നാലാം ഫ്‌ളഡ്‌ലൈറ്റ്‌ ടവറിലെ ബള്‍ബുകളാണ്‌ പ്രശ്‌നക്കാരായത്‌. ഈ ടവറിലെ കണ്‍ട്രോള്‍ പാനലില്‍ ആരോ ബോധപൂര്‍വ്വം ആണിയടിച്ചതായാണ്‌ അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നത്‌. വൈകീട്ട്‌ നാലിനും അഞ്ചിനും ഇടയിലാണ്‌ ആണിയടിച്ചിരിക്കുന്നത്‌. ജനറേറ്റര്‍ ഉപയോഗിച്ചാണ്‌ ടവര്‍ പ്രകാശിപ്പിക്കുന്നത്‌. അതിനാല്‍ തന്നെ ജനറേറ്റര്‍ പാനല്‍ തടസ്സപ്പെടുത്തിയാല്‍ ബള്‍ബുകള്‍ തെളിയില്ല എന്ന്‌ വ്യക്തമയി അറിയുന്നവരാണ്‌ ആണിയടിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഒരാഴ്‌ച്ച സമയത്തില്‍ റിപ്പോര്‍ട്ട്‌ ഒംബുഡ്‌സ്‌മാന്‌ കൈമാറുമെന്നാണ്‌ കരുതപ്പെടുന്നത്‌.
കോഴിക്കോട്‌ ആതിഥേയത്വം വഹിക്കുന്ന ഐ ലീഗില്‍ ഫുട്‌ബോളിനിടെ രണ്ട്‌ തവണയാണ്‌ ഫ്‌ളൈഡ്‌ലൈറ്റുകള്‍ തടസ്സം നിന്നത്‌. ജെ.സി.ടി മില്‍സുമായുള്ള മല്‍സരമായിരുന്നു ആദ്യം തടസ്സപ്പെട്ടത്‌. മല്‍സരം ആരംഭിക്കുന്നതിന്‌ തൊട്ട്‌ മുമ്പ്‌ നാലാം ടവര്‍ ചതിച്ചു. അടുത്ത മല്‍സരത്തെയും ഇത്‌ ബാധിച്ചു. മൂന്ന്‌ ടവറുകള്‍ പ്രകാശിച്ചപ്പോള്‍ നാലാം ടവറിലെ ഒരു സെറ്റ്‌ ലൈറ്റുകള്‍ മാത്രമാണ്‌ പ്രകാശിച്ചത്‌. ഇതേ തുടര്‍ന്ന്‌ മല്‍സരം അടുത്ത ദിവസത്തേക്ക്‌ മാറ്റുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ കണ്‍ട്രോള്‍ പാനലില്‍ ആണിയടിച്ചതായി കണ്ടെത്തിയത്‌.
കോടികള്‍ മുതല്‍ മുടക്കി കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ഈയിടെ സ്ഥാപിച്ച ഫ്‌ളൈഡ്‌ ലൈറ്റുകളുടെ കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ വിവാദങ്ങളുണ്ട്‌. ബജാജും, ഫിലിപ്‌സും ഉള്‍പ്പെടെ വന്‍കിട കമ്പനികള്‍ നല്‍കിയ കുറഞ്ഞ ക്വട്ടേഷന്‍ നിരാകരിച്ച്‌ സ്‌പൈസ്‌ ലൈറ്റ്‌ എന്ന പുതിയ ഗ്രൂപ്പിനാണ്‌ വലിയ തുകയുടെ ക്വട്ടേഷന്‍ അനുവദിച്ചത്‌. എന്നാല്‍ ഇത്‌ വരെ ക്വട്ടേഷന്‍ തുക നല്‍കാന്‍ കോര്‍പ്പറേഷന്‌ കഴിഞ്ഞിട്ടില്ല. ഇത്‌ കാരണം കണ്‍ട്രോള്‍ ടവറുകള്‍ ഇപ്പോഴും സ്‌പൈസ്‌ ലൈറ്റുകാരുടെ നിയന്ത്രണത്തിലാണ്‌. കോടികള്‍ നല്‍കി, വലിയ ഗ്രൂപ്പിന്‌ ക്വട്ടേഷന്‍ നല്‍കിയെങ്കിലും ഫ്‌ളഡ്‌ലൈറ്റ്‌ നിര്‍മ്മാണത്തിനുളള ഇലക്ട്രിക്‌ സാധനങ്ങളെല്ലാം നഗരത്തിലെ ചെറിയ കടകളില്‍ നിന്നാണ്‌ വാങ്ങിയതെന്ന ആരോപണമാണ്‌ പ്രധാനം. ഇതിന്‌ ഇത്‌ വരെ ഉത്തരം നല്‍കപ്പെട്ടിട്ടില്ല. വലിയ ഗ്രൂപ്പിന്‌ ക്വട്ടേഷന്‍ നല്‍കിയിട്ടും കോര്‍പ്പറേഷന്‍ അവകാശപ്പെട്ട ഗുണനിലവാരം ലൈറ്റുകള്‍ക്കില്ല എന്ന്‌ ഐ ലീഗ്‌ മല്‍സരങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.
അട്ടിമറിയാണെന്ന റിപ്പോര്‍ട്ട്‌ വന്നതോടെ ആരാണ്‌ അട്ടിമറിക്കാര്‍ എന്ന്‌ കണ്ടെത്തേണ്ടതുണ്ട്‌. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ നില്‍ക്കവെ ആണിയടി വിവാദം കോര്‍പ്പറേഷന്‍ ഭരണകക്ഷിയായ സി.പി.എമ്മിന്‌ നല്‍കിയിരിക്കുന്നത്‌ തീരാ തലവേദനയാണ്‌. വിവാദങ്ങളുടെ തലപ്പത്ത്‌ നില്‍ക്കുന്നത്‌ പാര്‍ട്ടിയിലെ പ്രമുഖരാണ്‌....

Friday, March 5, 2010

POOR HOCKEY

തേര്‍ഡ്‌ ഐ കമാല്‍ വരദൂര്‍
ഊര്‍ജ്ജം പാക്കിസ്‌താന്‍ കൊണ്ടു പോയി
ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഊര്‍ജ്ജമെല്ലാം പാക്കിസ്‌താന്‍ കൊണ്ടുപോയി എന്ന്‌ പറഞ്ഞാല്‍ അത്‌ തെറ്റാവില്ല. ലോകകപ്പ്‌ ഹോക്കിയിലെ ആദ്യ മല്‍സരത്തില്‍ പാക്കിസ്‌താനെ 4-1 ന്‌ തകര്‍ത്ത ഇന്ത്യ അത്‌ കഴിഞ്ഞ്‌ കളിച്ച രണ്ട്‌ മല്‍സരങ്ങളില്‍ നിന്നായി വാങ്ങിയത്‌ പത്ത്‌ ഗോളുകളാണ്‌, അടിച്ചതോ നാലും... എന്താണ്‌ ഇന്ത്യന്‍ ടീമിന്‌ സംഭവിച്ചത്‌ എന്ന ചോദ്യത്തിനുത്തരം തേടുമ്പോള്‍ കാര്യങ്ങള്‍ പറയാന്‍ എളുപ്പമാണ്‌. പാക്കിസ്‌താനെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ അവരുടെ ഊര്‍ജ്ജത്തിനൊപ്പം ജയിക്കണമെന്ന വാശിയും കഠിനമായി പ്രയോഗിച്ചു. ഊര്‍ജ്ജത്തിനൊപ്പം വാശിയുമായപ്പോള്‍ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ അവരുടെ ഏറ്റവും മികച്ച പ്രകടനം നടത്താനായി. ഓസ്‌ട്രേലിയ, സ്‌പെയിന്‍ എന്നിവര്‍ക്കെതിരായ മല്‍സരത്തില്‍ ഊര്‍ജ്ജം മാത്രമാണ്‌ ഇന്ത്യ പ്രയോഗിച്ചത്‌-താരങ്ങള്‍ വാശിയും വീറുമായി കളിച്ചില്ല. സ്‌പെയിനിനെതിരായ മല്‍സരം തന്നെ ഉത്തമോദാഹരണം.. ഇന്ത്യയാണ്‌ അദ്ധ്വാനിച്ച്‌ കളിച്ചത്‌. പ്രത്യേകിച്ച്‌ രണ്ടാം പകുതിയില്‍. പക്ഷേ മൂന്ന്‌ ഗോളുകളാണ്‌ സ്‌പാനിഷ്‌ മുന്‍നിരക്കാര്‍ രണ്ടാം പകുതിയില്‍ മാത്രം ഇന്ത്യന്‍ വലയില്‍ നിക്ഷേപിച്ചത്‌. അവിടെയാണ്‌ പ്രകടമായ മാറ്റം കാണേണ്ടത്‌. സ്‌പാനിഷ്‌ മുന്‍നിരക്കാര്‍ക്കും മധ്യനിരക്കാര്‍ക്കും ഇന്ത്യന്‍ ഡിഫന്‍സിനെ തുളച്ചു കയറാനും നമ്മുടെ ഗോള്‍ക്കീപ്പറെ പരാജയപ്പെടുത്താനും എളുപ്പം കഴിഞ്ഞു. ഇന്ത്യന്‍ മുന്‍നിരയോ, ഡിഫന്‍സിനെ തോല്‍പ്പിച്ചിട്ടും ഗോള്‍ക്കീപ്പര്‍ക്ക്‌ മുന്നില്‍ പതറി, അല്ലെങ്കില്‍ ദയനീയമായ ഫിനിഷിംഗില്‍ അവസരങ്ങള്‍ തുലച്ചു.
പാക്കിസ്‌താനെ പോലെ ശക്തരും പരമ്പരാഗത ശത്രുക്കളുമായ ഒരു ടീമിനെതിരെ ലോകകപ്പ്‌ പോലെ വലിയ ഒരു ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ തന്നെ തകര്‍പ്പന്‍ വിജയം നേടാനായ ഒരു ടീം അടുത്ത മല്‍സരങ്ങളില്‍ തകരുന്നതിലെ സാഗത്യം ദുരൂഹമാണ്‌.. സാധാരണ ഗതിയില്‍ ആദ്യ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ ആ കരുത്തിലും ആത്മവിശ്വാസത്തിലും അടുത്ത മല്‍സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ടീമിനാവും. പക്ഷേ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ നടത്തിയ പ്രകടനം പരാജിതരുടേതായിരുന്നു. ഓസ്‌ട്രേലിയ ലോക ഹോക്കിയിലെ ശക്തരാണ്‌. അവരുടെ നിരയിലാണ്‌ വ്യക്തിഗത പ്രഭാവമുള്ളവര്‍ കളിക്കുന്നത്‌. അവരാണ്‌ അതിവേഗ ഹോക്കിയുടെ വക്താക്കള്‍. എല്ലാം സത്യം. പക്ഷേ ഈ സത്യം അംഗീകരിക്കുന്ന രീതിയില്‍ കളിച്ചതാണ്‌ അപകടമായത്‌. മല്‍സരത്തിലെ രണ്ടാം മിനുട്ടില്‍ തന്നെ ഇന്ത്യന്‍ വലയില്‍ പന്തെത്തി. അതോടെ നമ്മുടെ ടീം തകര്‍ന്നു-മാനസികമായി. പാക്കിസ്‌താനെതിരായ മല്‍സരത്തില്‍ കണ്ട ഊര്‍ജ്ജസ്വലരായ ഇന്ത്യ ഓസ്‌ട്രലിയക്കെതിരെ പതറുന്ന പ്രതിരോധ ഗെയിമിന്റെ വക്താക്കളായി. ഈ ആനുകൂല്യത്തിലാണ്‌ ഓസ്‌ട്രേലിയക്കാര്‍ പിന്നെ ആഞ്ഞടിച്ചത്‌. ഓസ്‌ട്രേലിയ കളിച്ച അതേ ഗെയിം പ്ലാനാണ്‌ സ്‌പാനിഷുകാരും നടപ്പിലാക്കിയത്‌. ഇന്ത്യക്കാരെ തുടക്കത്തില്‍ തന്നെ ഞെട്ടിക്കുക. ആദ്യ പകുതിയില്‍ രണ്ട്‌ ഗോളുകള്‍ സ്‌പെയിന്‍കാര്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ തന്നെ ഇന്ത്യ മാനസികമായി തകര്‍ന്നു. രണ്ടാം പകുതിയില്‍ ഇന്ത്യ കളിച്ചെങ്കിലും വിജയിക്കാനുളള കനത്ത സമ്മര്‍ദ്ദത്തിന്റെ മാനസികവ്യഥ ടീമിനുണ്ടായിരുന്നു.
ഇനി രണ്ട്‌ മല്‍സരങ്ങളാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക്‌ ശേഷിക്കുന്നത്‌. അതില്‍ ഇന്ന്‌ നടക്കുന്ന മല്‍സരം ഇംഗ്ലണ്ടുമായാണ്‌. കളിച്ച എല്ലാ മല്‍സരങ്ങളിലും വന്‍ വിജയം നേടിയവരാണ്‌ ഇംഗ്ലീഷുകാര്‍. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ ഞെട്ടിച്ചവര്‍. ഈ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ തല്‍ക്കാലം ഇന്ത്യക്കായാലും സെമി കാര്യത്തില്‍ ഉറപ്പില്ല. അവസാന പൂള്‍ മല്‍സരം ദക്ഷിണാഫ്രിക്കയുമായാണ്‌. ആ മല്‍സരത്തില്‍ തീര്‍ച്ചയായും വിജയിക്കാന്‍ കഴിയും. കളിച്ച മൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ രണ്ട്‌ പോയന്റ്‌്‌ മാത്രം സമ്പാദിക്കാനായ ആതിഥേയര്‍ സെമിയില്‍ കളിക്കുന്ന കാര്യത്തില്‍ വലിയ സംശയം നിലനില്‍ക്കെ ദുരന്തമായി ലോകകപ്പ്‌ മാറരുത്‌ എന്ന്‌ മാത്രം ആശിക്കാം.

ഓവന്‍ പുറത്ത്‌്‌
ലണ്ടന്‍: ലോകകപ്പിന്‌ ആദ്യ കാഷ്വാലിറ്റി...! മൈക്കല്‍ ഓവന്‌ പതിവ്‌ പോലെ പരുക്കില്‍ ലോകകപ്പ്‌ കളിക്കാനാവില്ല.. ഫുട്‌ബോള്‍ ലോകത്തിന്‌ ഇംഗ്ലണ്ട്‌്‌ സമ്മാനിച്ച മഹാന്മാരായ താരങ്ങളില്‍ ഒരാളായ ഓവന്റെ കരിയറില്‍ പരുക്ക്‌ എന്നും വില്ലനായിരുന്നു. പല നിര്‍ണ്ണായക ചാമ്പ്യന്‍ഷിപ്പുകളിലും പരുക്കില്‍ പുറത്താവുന്ന മുന്‍നിരക്കാരന്‌ പേശീവലിവാണ്‌ ഇപ്പോള്‍ വില്ലനായിരിക്കുന്നത്‌. കഴിഞ്ഞയാഴ്‌ച്ച നടന്ന കാര്‍ലിംഗ്‌ കപ്പ്‌ ഫൈനലിനിടെ പരുക്കേറ്റ്‌ മടങ്ങിയ ഓവന്‌ ഇനി ഈ സീസണില്‍ കളിക്കാന്‍ കഴിയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ക്ലബായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ അറിയിച്ചിരിക്കുന്നത്‌. രണ്ട്‌ വര്‍ഷത്തെ കരാറില്‍ ഈ സീസണിന്റെ തുടക്കത്തിലാണ്‌ ഓവന്‍ മാഞ്ചസ്‌റ്ററില്‍ എത്തിയത്‌. പരുക്ക്‌ കാരണം ചില മല്‍സരങ്ങളും അദ്ദേഹത്തിന്‌ നഷ്ടമായിരുന്നു. ഇപ്പോള്‍ കാര്യമായ പരുക്കില്‍ അദ്ദേഹത്തിന്‌ സീസണ്‍ നഷ്ടമാവുമ്പോള്‍ ഒരു തിരിച്ചുവരവ്‌ പോലും സാധ്യമാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌.
കാര്‍ലിംഗ്‌ കപ്പില്‍ ആസ്റ്റണ്‍ വില്ലക്കെതിരായ ഫൈനല്‍ മല്‍സരത്തില്‍ മികച്ച പ്രകടനമാണ്‌ ഒന്നാം പകുതിയില്‍ ഓവന്‍ നടത്തിയത്‌. ഒരു ഗോളും അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തിരുന്നു. മല്‍സരം ആസ്വദിക്കാനെത്തിയവരില്‍ ഇംഗ്ലീഷ്‌ ദേശീയ ടീം കോച്ച്‌ ഫാബിയോ കാപ്പലോ ഉള്‍പ്പെടെയുള്ള ഉന്നതരുമുണ്ടായിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ അവസാനത്തില്‍ പരുക്കുമായി ഓവന്‍ പുറത്തായി. പകരം വയിന്‍ റൂണിയാണ്‌ കളിച്ചത്‌. റൂണി രണ്ട്‌ ഗോളും നേടി.
വെംബ്ലിയില്‍ നടന്ന കാര്‍ലിംഗ്‌ കപ്പ്‌ ഫൈനലില്‍ സംഭവിച്ച പരുക്ക്‌ ഇത്ര ഗുരുതരമാവുമെന്ന്‌ അറിയില്ലായിരുന്നുവെന്ന്‌ മാഞ്ചസ്റ്റര്‍ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ പറഞ്ഞു. ഈ സീസണില്‍ ഇനി അദ്ദേഹത്തിന്‌ കളിക്കാന്‍ കഴിയില്ല. വേദനാജനകമായ വാര്‍ത്തയാണെങ്കിലും സത്യത്തെ അംഗീകരിക്കേണ്ടി വരുകയാണെന്നും കോച്ച്‌ പറഞ്ഞു.
നിരാശയിലാണ്‌ ഓവനും. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ പോലെ ശക്തരായ ഒരു ടീമിനൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്‌. നല്ല പ്രകടനം അവര്‍ക്കായി കാഴ്‌ച്ചവെക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ പരുക്കുമായി പുറത്താവുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ലോകകപ്പില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു-ഓവന്റെ വാക്കുകള്‍. ദക്ഷിണാഫ്രിക്കയില്‍ ജൂണില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ കഴിയുമെന്ന വിശ്വാസം നേരത്തെ ഓവനുണ്ടായിരുന്നില്ല. പക്ഷേ കോച്ച്‌ ഫാബിയോ കാപ്പലോ ഓവനെ നോട്ടമിട്ടിരുന്നു. പരുക്കോടെ അദ്ദേഹത്തിന്റെ എല്ലാ പ്രതീക്ഷകളുമാണ്‌ അവസാനിക്കുന്നത്‌. രാജ്യത്തിന്‌ വേണ്ടി ഇതിനകം 89 മല്‍സരങ്ങള്‍ കളിച്ച ഓവന്‍ 40 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തിട്ടുണ്ട്‌. 2008 മാര്‍ച്ചില്‍ ഫ്രാന്‍സിനെതിരെ നടന്ന സൗഹൃദ മല്‍സരത്തിലാണ്‌ അദ്ദേഹം അവസാനമായി രാജ്യത്തിന്‌ കളിച്ചത്‌. ഇത്തവണ മാഞ്ചസ്റ്റര്‍ നിരയില്‍ എത്തിയപ്പോള്‍ യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഒരു ഹാട്രിക്‌ ഉള്‍പ്പെടെ മികച്ച പ്രകടനം ഓവന്‍ നടത്തിയിരുന്നു.കേരളത്തിന്‌ ഐ പി.എല്‍ ഇല്ല
തിരുവനന്തപുരം: കേരളത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ സ്വപ്‌നങ്ങള്‍ക്ക്‌ അകാലത്തില്‍ അന്ത്യം.... ചലച്ചിത്ര താരമായ മോഹന്‍ലാലിനെയും സംവിധാകയന്‍ പ്രിയദര്‍ശനെയും കേന്ദ്രീകരിച്ചുള്ള പുതിയ ടീം നീക്കം സാമ്പത്തിക കാരണങ്ങളാല്‍ ഇല്ലാതായി. ഏഴ്‌ ദിവസത്തെ സമയത്തില്‍ കോടികളുടെ മുതല്‍ മുടക്കിന്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ഗവേണിംഗ്‌ കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ പ്രിയദര്‍ശന്‍ വ്യക്തമാക്കിയതോടെയാണ്‌ ഐ.പി.എല്‍ സ്വപ്‌നങ്ങള്‍ക്ക്‌ കര്‍ട്ടണ്‍ വീണത്‌. ഏഴ്‌ ദിവസത്തെ സമയത്തില്‍ കോടികളാണ്‌ പുതിയ ടീമുകളോട്‌ കാണിക്കാന്‍ ഗവേണിംഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടത്‌. പുതിയ ടീമിന്റെ നീക്കിയിരുപ്പ്‌ 1442 കോടിയായിരിക്കണമെന്നും, ടീമിന്റെ ഉടമയുടെ ആസ്‌തി 4850 കോടിയായിരിക്കണമെന്നും ബാങ്ക്‌ ബാലന്‍സിലും കോടികള്‍ വേണമെന്നുമുള്ള നിബന്ധനകളാണ്‌ പ്രിയര്‍ശനും ലാലിനും വിലങ്ങായത്‌. മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌ ഉള്‍പ്പെടെയുളള വ്യവസായ ഗ്രൂപ്പുകളുടെയും പ്രവാസി മലയാളികളുടെയും സഹകരണത്തോടെ ടീമിനെ രംഗത്തിറക്കാനായിരുന്നു പരിപാടികള്‍.
ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റിയുടെ നിബന്ധനകള്‍ പണചാക്കുകള്‍ക്ക്‌ മാത്രമുള്ളതാണെന്ന്‌ പ്രിയദര്‍ശന്‍ പറഞ്ഞു. ഇത്തരം വലിയ നിബന്ധനകള്‍ ചെറിയ ദിവസത്തിനുള്ളില്‍ പാലിക്കുക എന്നത്‌ എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ടീമിനെ ചുറ്റിപ്പറ്റി വലിയ സ്വപ്‌നങ്ങളാണ്‌ കുറഞ്ഞ ദിവസത്തിനുള്ളില്‍ ഉയര്‍ന്നത്‌. കേരളത്തില്‍ നിന്ന്‌ ഒരു ടീം വരുകയാണെങ്കില്‍ അത്‌ സംസ്ഥാനത്തെ ക്രിക്കറ്റര്‍മാര്‍ക്ക്‌ ഗുണകരമാവുമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കേരളം പിറകിലാണെങ്കിലും ശ്രീശാന്തിനെ പോലുള്ള ശക്തരായ താരങ്ങളുടെ സാന്നിദ്ധ്യത്തില്‍, മികച്ച പിന്‍മുറക്കാരെ വാര്‍ത്തെടുക്കാന്‍ കഴിയുമായിരുന്നു. പക്ഷേ എല്ലാം പെട്ടെന്ന്‌ അവസാനിച്ചു.

തിരിച്ചടിക്കാന്‍ ഓസീസ്‌
ഓക്‌ലാന്‍ഡ്‌: ന്യൂസിലാന്‍ഡ്‌-ഓസ്‌ട്രേലിയ പഞ്ചമല്‍സര ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന്‌ ഓക്‌ലാന്‍ഡില്‍. ആദ്യ മല്‍സരത്തില്‍ രണ്ട്‌ വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ന്യൂസിലാന്‍ഡിനെ തടയാന്‍ ഓസ്‌ട്രേലിയ രംഗത്തിറങ്ങുമ്പോള്‍ മല്‍സരം ആവേശകരമാവും. നേപ്പിയറില്‍ നടന്ന ആദ്യ മല്‍സരത്തില്‍ സ്‌ക്കോട്ട്‌ സ്‌റ്റൈറിസിന്റെ മികവില്‍ അവസാന ഓവറിലാണ്‌ കീവിസ്‌ വിജയം വരിച്ചത്‌. ഇന്നത്തെ മല്‍സരത്തിലും ആദ്യ ഇലവനില്‍ സ്‌റ്റൈറിസ്‌ കളിക്കുന്നുണ്ട്‌. ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി പരുക്ക്‌ കാരണം കളിക്കുന്ന കാര്യം സംശയത്തിലാണ്‌. വെട്ടോരിയില്ലാത്തപക്ഷം റോസ്‌ ടെയ്‌ലര്‍ തന്നെ ടീമിനെ നയിക്കും.

ലോകകപ്പ്‌ ഹോക്കി
ന്യൂഡല്‍ഹി: ലോകകപ്പ്‌ ഹോക്കിയില്‍ ഇന്ത്യയുടെ അവസാന സെമി സാധ്യതകളെ തകര്‍ക്കാന്‍ ഇന്ന്‌ ഇംഗ്ലണ്ട്‌ ഇറങ്ങുന്നു. കളിച്ച മൂന്ന്‌ മല്‍സരങ്ങളിലും വമ്പന്‍ വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ടിന്‌ മുന്നില്‍ ഇന്ത്യ വിറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പൂള്‍ ബിയില്‍ ഇപ്പോള്‍ ആറ്‌ പോയന്റുമായി ഒന്നാം സ്ഥാനത്താണ്‌ ഇംഗ്ലണ്ട്‌. ഓസ്‌ട്രേലിയ ഉള്‍പ്പെടെ പ്രബലരെയാണ്‌ ഇതിനകം ഇംഗ്ലണ്ട്‌ തോല്‍പ്പിച്ചത്‌. ഇന്ത്യയാവട്ടെ ഗ്രൂപ്പില്‍ രണ്ട്‌ പോയന്റുമായി നാലാമതാണ്‌. ആദ്യ മല്‍സരത്തില്‍ പാക്കിസ്‌താനെ തോല്‍പ്പിച്ച്‌ തുടങ്ങിയ ഇന്ത്യ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ വന്‍ മാര്‍ജിനില്‍ ഓസ്‌ട്രേലിയ, സ്‌പെയിന്‍ എന്നിവരോട്‌ പരാജയപ്പെട്ടിരുന്നു.
ഇന്ന്‌ ഇന്ത്യന്‍ സംഘത്തില്‍ ശിവേന്ദ്രസിംഗ്‌ കളിക്കുന്നു എന്നത്‌ മാത്രമാണ്‌ ആശ്വാസം. ആദ്യ മല്‍സരത്തില്‍ മികവ്‌ പ്രകടിപ്പിച്ച മുന്‍നിരക്കാരന്‍ അടുത്ത രണ്ട്‌ മല്‍സരത്തില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടിരുന്നു. ഇന്ന്‌ അദ്ദേഹം കളിക്കുമ്പോള്‍ ഗോള്‍വല കാക്കാന്‍ മലയാളി താരം ശ്രീജേഷിന്‌ അവസരമുണ്ടാവില്ല. സ്‌പെയിനിനെതിരായ മല്‍സരത്തില്‍ അഞ്ച്‌ ഗോളുകളാണ്‌ ശ്രീജേഷിന്റെ കൈവശത്ത്‌ നിന്നും ചോര്‍ന്നത്‌. ഇന്ന്‌ ഫസ്റ്റ്‌ ചോയിസ്‌ ഗോള്‍ക്കീപ്പര്‍ അഡ്രിയാന്‍ ഡിസൂസക്കായിരിക്കും അവസരമെന്ന്‌ കോച്ച്‌ ബാര്‍സ സൂചിപ്പിച്ചിട്ടുണ്ട്‌. ഇനി അല്‍ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമാണ്‌ ഇന്ത്യക്ക്‌ സാധ്യതയെന്ന്‌ അദ്ദേഹം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇന്ത്യക്ക്‌ നേരിയ ആശ്വാസം ഇംഗ്ലണ്ടിന്റെ പ്രമുഖ താരം റിച്ചാര്‍ഡ്‌ മെന്റല്‍ ഇന്ന്‌ കളിക്കുന്നില്ല എന്നതാണ്‌.

കൊറിയക്കും തോല്‍വി
ന്യൂഡല്‍ഹി: ലോകകപ്പ്‌ ഹോക്കിയില്‍ ഏഷ്യന്‍ ടീമുകളെല്ലാം തപ്പിതടയുന്നു. ഇന്നലെ ദക്ഷിണ കൊറിയ ന്യൂസിലാന്‍ഡിന്‌ മുന്നില്‍ തല കുനിച്ചതോടെ അവരുടെ സെമി സാധ്യതകള്‍ക്ക്‌ മങ്ങലേറ്റു. പൂള്‍ ബി യില്‍ കളിക്കുന്ന ഏഷ്യന്‍ ടീമുകളായ ഇന്ത്യയും പാക്കിസ്‌താനും ഏതാണ്ട്‌ പുറത്തായിട്ടുണ്ട്‌. ദക്ഷിണ കൊറിയയും പുറത്തായാല്‍ സെമിയില്‍ ഏഷ്യന്‍ ടീമുകളുണ്ടാവില്ല. കൊറിയക്കാര്‍ എളുപ്പ വിജയം പ്രതിക്ഷിച്ച മല്‍സരമായിരുന്നു ഇത്‌. പക്ഷേ കിവി ടീം പെനാല്‍ട്ടി കോര്‍ണറും പെനാല്‍ട്ടി സ്‌ട്രോക്കും ഉപയോഗപ്പെടുത്തി.

ഇംഗ്ലണ്ടിന്‌ മൂന്നാം വിജയം
ചിറ്റഗോംഗ്‌: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലും ഇംഗ്ലണ്ടിന്‌ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ അഞ്ച്‌ വിക്കറ്റിന്‌ 284 റണ്‍സ്‌ നേടിയപ്പോള്‍ ബംഗ്ലാദേശിന്‌ ഒമ്പത്‌ വിക്കറ്റിന്‌ 239 റണ്‍സ്‌ മാത്രമാണ്‌ നേടാനായത്‌. 45 റണ്‍സിന്‌ ഇംഗ്ലണ്ടിന്‌ വിജയം സമ്മാനിച്ചത്‌ ഏകദിന ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി സ്വന്തമാക്കിയ ക്രെയിഗ്‌ ക്രിസ്‌വെല്‍റ്റിന്റെ പ്രകടനമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ വംശജനായ ക്രെയിഗ്‌ ഇംഗ്ലണ്ടിനായി കളിക്കുന്ന മൂന്നാമത്‌ മല്‍സരമാണിത്‌. മൂന്ന്‌ സിക്‌സറുകള്‍ ഉള്‍പ്പെടെ 124 പന്തില്‍ നിന്ന്‌ അദ്ദേഹം 107 റണ്‍സ്‌ നേടി.

സിംബാബ്‌വെ വിന്‍ഡീസിനെ തോല്‍പ്പിച്ചു
പ്രോവിഡന്‍സ്‌: വിന്‍ഡീസ്‌ ഏകദിന ടീം ക്ലച്ചു പിടിക്കുന്നില്ല. ദുര്‍ബലരെന്ന്‌ കരുതിയിരുന്ന സിംബാബ്‌വെക്ക്‌ മുന്നില്‍ ആദ്യ ഏകദിനത്തില്‍ കരിബീയന്‍ സംഘം തോറ്റു. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ ഒമ്പത്‌ വിക്കറ്റിന്‌ 252 റണ്‍സ്‌ നേടിയപ്പോള്‍ സിംബാബ്‌വെ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 254 റണ്‍സ്‌ നേടി. 95 റണ്‍സ്‌ നേടിയ സിബാന്‍ഡയും 56 റണ്‍സ്‌ നേടിയ തടേന്‍ഡ ടായിബുവുമാണ്‌ സിംബാബ്‌വെ നിരയില്‍ തിളങ്ങിയത്‌.