Saturday, March 6, 2010

VETTORI SHOW... BUT

വെട്ടോരി മിന്നി, പക്ഷേ..
ഓക്‌ലാന്‍ഡ്‌: കഴുത്തിന്‌ കാര്യമായ വേദനയുണ്ടായിരുന്നു ഡാനിയല്‍ വെട്ടോരിക്ക്‌. മല്‍സരത്തില്‍ കളിക്കാനാവുമോ എന്ന കാര്യത്തിലും ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ കിവി ക്യാപ്‌റ്റന്‍ വേദന മറന്ന്‌ തട്ടുതകര്‍പ്പന്‍ ബാറ്റിംഗ്‌ നടത്തിയപ്പോള്‍ റിക്കി പോണ്ടിംഗിന്റെ ഓസ്‌ട്രേലിയ പതനത്തിന്റെ വഴിയിലായിരുന്നു. ഒടുവില്‍ റ്യാന്‍ ഹാരിസിന്റെ പന്തില്‍ കിവി ക്യാപ്‌റ്റന്‍ പുറത്തായപ്പോള്‍ നാടകീയമായ 12 റണ്‍സിന്റെ വിജയവുമായി പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ കങ്കാരുക്കള്‍ മാനം കാത്തു. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയക്കാര്‍ ഏഴ്‌ വിക്കറ്റിന്‌ 273 റണ്‍സാണ്‌ നേടിയത്‌. മറുപടി ബാറ്റിംഗില്‍ തുടക്കം മുതല്‍ തകര്‍ന്ന ആതിഥേയര്‍ ഒരു ഘട്ടത്തില്‍ ആറ്‌ വിക്കറ്റിന്‌ 131 റണ്‍ എന്ന പരിതാപകരാവസ്ഥയിലായിരുന്നു. ഇവിടെ നിന്നാണ്‌ വെട്ടോരിയിലെ ബാറ്റ്‌സ്‌മാന്‍ ആക്രമണകാരിയായത്‌. മനോഹരമായ ഇന്നിംഗ്‌സില്‍ അദ്ദേഹം 70 റണ്‍സാണ്‌ നേടിയത്‌. മഴ മുലം കിവി ഇന്നിംഗ്‌സിലെ അല്‍പ്പം ഓവറുകള്‍ അപഹരിക്കപ്പെട്ടപ്പോള്‍ ആതിഥേയരുടെ വിജയലക്ഷ്യം ഡെക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമ പ്രകാരം 266 റണ്‍സാക്കി മാറ്റിയിരുന്നു. ഈ സ്‌ക്കോറിലേക്ക്‌ വെട്ടോരി തനിച്ച്‌ ടീമിനെ നയിക്കുമെന്ന ഘട്ടത്തിലാണ്‌ അദ്ദേഹത്തിന്റെ വിക്കറ്റ്‌ വീണത്‌. ഈ ഘട്ടത്തില്‍ പതിനൊന്ന്‌ പന്തും 13 റണ്‍സുമായിരുന്നു ന്യൂസിലാന്‍ഡിന്‌ ആവശ്യം . റ്യാന്‍ ഹാരിസ്‌ എറിഞ്ഞ പന്തിനെ നടന്നടിച്ചകറ്റാന്‍ നടത്തിയ വെട്ടോരിയുടെ ശ്രമം വിജയിച്ചില്ല. പന്ത്‌ ബാറ്റില്‍ തട്ടി സ്‌റ്റം മ്പില്‍ പതിച്ചു. 49 പന്തില്‍ നിന്ന്‌ 70 റണ്‍സ്‌ നേടിയാണ്‌ വെട്ടോരി പുറത്തായത്‌.
ആദ്യ മല്‍സരത്തില്‍ പരുക്ക്‌ കാരണം കളിക്കാതിരുന്ന വെട്ടോരി ഇന്നലെയും കളിക്കില്ലെന്നാണ്‌ കരുതപ്പെട്ടത്‌. രാവിലെ അദ്ദേഹം കളിക്കാനുണ്ടാവില്ല എന്ന റിപ്പോര്‍ട്ടാണ്‌ കിവി ഡ്രസ്സിംഗ്‌ റൂമില്‍ നിന്നും വന്നത്‌. എന്നാല്‍ വൈസ്‌ ക്യാപ്‌റ്റനായ റോസ്‌ ടെയ്‌ലര്‍ കാലിലെ വേദന മൂലം അവസാന നിമിഷം പിന്മാറിയപ്പോള്‍ വെട്ടോരി തന്നെ രംഗത്തിറങ്ങി. മാന്‍ ഓഫ്‌ ദ മാച്ച്‌ പട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും മല്‍സരത്തില്‍ വിജയിക്കാനാവാത്തതിന്റെ നിരാശ നായകന്റെ മുഖത്ത്‌ പ്രകടമായിരുന്നു. വാലറ്റക്കാരായ ജറാത്ത്‌ ഹോപ്‌ കിന്‍സ്‌, ഡാരല്‍ ടഫി എന്നിവര്‍ക്കൊപ്പമാണ്‌ അദ്ദേഹം പൊരുതി കളിച്ചത്‌.
നേപ്പിയറില്‍ നടന്ന ആദ്യ മല്‍സരത്തില്‍ സ്‌ക്കോട്ട്‌ സ്റ്റൈറിസുമായി ഉടക്കി, അച്ചടക്ക നടപടിയുടെ വക്കിലെത്തിയ മിച്ചല്‍ ജോണ്‍സണ്‍ ഇന്നലെ നാല്‌ വിക്കറ്റുകളാണ്‌ വീഴ്‌ത്തിയത്‌. വെട്ടോരിക്ക്‌ പിന്തുണ നല്‍കിയിരുന്ന ഹോപ്‌കിന്‍സിനെയും ഡാരല്‍ ടഫിയെയും അദ്ദേഹമാണ്‌ പുറത്താക്കിയത്‌. ടഫി 20 നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ പുറത്താക്കിയ മിച്ചല്‍ അടുത്ത ഓവറില്‍ ഷെയിന്‍ ബോണ്ടിനെയും പുറത്താക്കി.
നല്ല തുടക്കം കിവീസിന്‌ ലഭിച്ചിരുന്നില്ല. മുന്‍നിരക്കാരെല്ലാം ബാറ്റിംഗ്‌ മറന്നു. രണ്ട്‌ തകര്‍പ്പന്‍ സിക്‌സറുകളുമായി ബ്രെന്‍ഡന്‍ മക്കലം 24 റണ്‍സ്‌ നേടിയപ്പോള്‍ പോരാട്ടം കേമമാവുമെന്ന്‌ കരുതി. പക്ഷേ പീറ്റര്‍ ഇഗ്രാം, നീല്‍ ബ്രൂം തുടങ്ങിയ യുവ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ ഓസീസ്‌ ബൗളിംഗിന്‌ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. നേപ്പിയര്‍ മല്‍സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ടീമിലെ സ്ഥാനം ഉറപ്പാക്കിയ സ്‌റ്റൈറിസ്‌ 46 ഉം, ഹോപ്‌കിന്‍സ്‌ 35 ഉം റണ്‍സ്‌ നേടിയപ്പോള്‍ കിവിസീന്‌ പ്രതീക്ഷയായി. ഈ ഘട്ടത്തിലാണ്‌ വെട്ടോരി അവസരോചിതമായി കളിച്ചു.
ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയക്കാര്‍ വലിയ സ്‌ക്കോറിലേക്കാണ്‌ പോയിരുന്നത്‌. ആദ്യ പതിനാല്‌ ഓവറില്‍ വിക്കറ്റ്‌ പോവാതെ 73 റണ്‍സ്‌ നേടിയ സന്ദര്‍ശകര്‍ അലക്ഷ്യമായ ഷോട്ടുകള്‍ക്ക്‌ മുതിര്‍ന്നാണ്‌ റണ്‍നിരക്കിനെ ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടത്‌. 53 റണ്‍സ്‌ നേടിയ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിനും 48 പന്തില്‍ 47 റണ്‍സ്‌ സ്വന്തമാക്കിയ ഷെയിന്‍ വാട്ട്‌സണുമാണ്‌ അവസരോചിതമായി കളിച്ചത്‌.

വിവ വെല്ലുവിളിയെന്ന്‌ കൊളോസോ
കോഴിക്കോട്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ്‌ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ. പതിമൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ 26 പോയന്റാണ്‌ അവരുടെ സമ്പാദ്യം.. പക്ഷേ ഏറെ പിറകില്‍ നില്‍ക്കുന്ന വിവ കേരളയെ നാളെ ഇവിടെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നേരിടുന്ന ഡെംപോയുടെ കോച്ച്‌ അര്‍മാന്‍ഡോ കൊളോസോ ഒരു കാര്യം ഉറപ്പിച്ചു പറയുന്നു-ഡെംപോക്ക്‌ വിജയം എളുപ്പമുള്ള മല്‍സരമല്ല ഇത്‌. വിവ നല്ല ടീമാണ്‌. വിവ മാത്രമല്ല ഐ ലീഗില്‍ കളിക്കുന്നവരെല്ലാം മിടുക്കരായ ടീമുകളാണ്‌. പോയന്റ്‌്‌ ടേബിള്‍ തന്നെ നോക്കിയാല്‍ ഓരോ ടീമുകളുടെ കരുത്ത്‌ മനസ്സിലാവും. അതിനാല്‍ ഒന്നും ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്നാണ്‌ ഇന്നലെ ഇവിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കിയത്‌.
റാന്‍ഡി മാര്‍ട്ടിനസ്‌, റോബര്‍ട്ട്‌ ബെറ്റോ എന്നീ രണ്ട്‌ വിദേശികളായ മുന്‍നിരക്കാരാണ്‌ ഡെംപോക്കാരുടെ തുരുപ്പ്‌ ചീട്ട്‌. സുനില്‍ ചേത്രിയെന്ന ഇന്ത്യന്‍ ഫുട്‌ബോളിലെ ഗോളടി വീരന്‍ പരുക്ക്‌ കാരണം കളിക്കുന്നില്ല. വിവയെ നേരിടാനെത്തിയ സംഘത്തില്‍ ചേത്രി വന്നിട്ടില്ല. ഇടുപ്പിലെ വേദന കാരണമാണ്‌ ചേത്രി വിട്ടുനില്‍ക്കുന്നതെന്ന്‌ കൊളോസോ വ്യക്തമാക്കുമ്പോള്‍ ഒരു വ്യക്തിയുടെ സാന്നിദ്ധ്യം ടീമിനെ ബാധിക്കില്ലെന്ന്‌ നായകന്‍ മാര്‍ട്ടിനസ്‌ സൂചിപ്പിക്കുന്നു. ചേത്രി മിടുക്കനായ മുന്‍നിരക്കാരനാണ്‌. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ ബെറ്റോയെന്ന ബ്രസീലുകാരനായിരിക്കും മുന്‍നിരയില്‍ വരുക.
ഐ ലീഗില്‍ ഡെംപോക്ക്‌ കനത്ത ഭീഷണി ഉയര്‍ത്തി ചിരാഗ്‌ യുനൈറ്റഡ്‌, മഹീന്ദ്ര, ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ തുടങ്ങിയ ടീമുകളുണ്ട്‌. പക്ഷേ ഒരു ടീമിനെ ലക്ഷ്യമിട്ട്‌ കളിക്കാന്‍ കൊളോസോക്ക്‌ താല്‍പ്പര്യമില്ല. ഐ ലീഗില്‍ കളിക്കുന്ന ടീമുകളുടെ സവിശേഷത ആരെയും ആര്‍ക്കും തോല്‍പ്പിക്കാമെന്നതാണ്‌. എല്ലാവരും ഏകദേശം ഒപ്പത്തിനൊപ്പമാണ്‌ നീങ്ങുന്നത്‌. അതിനാല്‍ ഒന്നും ഉറപ്പിച്ചു പറയാന്‍ കഴിയില്ല. വിവ ഗോവയില്‍ വെച്ച്‌ ഡെംപോയെ നേരിട്ടപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ അവര്‍ക്കായിരുന്നു. പക്ഷേ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്നതിലാണ്‌ അവര്‍ പിന്നോക്കം പോയത്‌. കോഴിക്കോടന്‍ കാലാവസ്ഥയാണ്‌ ഗോവയിലേതും. അതിനാല്‍ ചൂട്‌ ടീമിനെ ബാധിക്കില്ലെന്നും കോച്ച്‌ പറയുന്നു.
അതേ സമയം വിവക്ക്‌ കനത്ത വെല്ലുവിളിയാണ്‌ ഡെംപോയുമാുള്ള മല്‍സരം. സാല്‍ഗോക്കറിനെതിരായ മല്‍സരത്തില്‍ ദയനീയ പ്രകടനമാണ്‌ ഏ.എം ശ്രീധരന്റെ ടീം കാഴ്‌ച്ചവെച്ചത്‌. ഒട്ടേറെ അവസരങ്ങള്‍ തുലച്ചത്‌ കൂടാതെ വെറുതെ ഗോളും വഴങ്ങിയിരുന്നു. പിന്‍നിരയില്‍ ബെല്ലോ റസാക്ക്‌ മാന്‍ ഓഫ്‌ ദ മാച്ച്‌ പ്രകടനം നടത്തിയതാണ്‌ ടീമിന്‌ സമനിലയില്‍ രക്ഷപ്പെടാന്‍ കഴിഞ്ഞത്‌. മുന്‍നിരയില്‍ കളിക്കുന്നവരില്‍ സിറാജുദ്ദിന്‍ മോശം പ്രകടനമാണ്‌ സാല്‍ഗോക്കറിനെതിരെ നടത്തിയത്‌. റൂബന്‍ സന്യാവോക്കും പ്രതീക്ഷ കാക്കാന്‍ കഴിഞ്ഞില്ല. കര്‍മ പരുക്കുമായി പുറത്തായതോടെ അത്‌ ടീമിനെ കാര്യമായി തന്നെ ബാധിച്ചു. ശക്തരായ പ്രതിയോഗികളുമായാണ്‌ ഇനി വിവയുടെ കളിക്കളെല്ലാം. 15 പോയന്റാണ്‌ വിവക്ക്‌ ഇത്‌ വരെ നേടാനായത്‌. ഇപ്പോഴും അപകടാവസ്ഥയിലാണ്‌ ടീം.

ഐ ലീഗ്‌ ഫുട്‌ബോള്‍
പോയന്റ്‌്‌ ടേബിള്‍
(12 ടീമുകള്‍ 13 മല്‍സരങ്ങളാണ്‌ പൂര്‍ത്തിയാക്കിയത്‌. പൂനെ എഫ്‌.സി, ഈസ്റ്റ്‌ ബംഗാള്‍ എന്നിവര്‍ 14 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്‌)
1-ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ-26
2-ചിരാഗ്‌ യുനൈറ്റഡ്‌ കൊല്‍ക്കത്ത-23
3-മഹീന്ദ്ര യുനൈറ്റഡ്‌ മുംബൈ-22
4-ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌, ഗോവ-22
5-മോഹന്‍ ബഗാന്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ കൊല്‍ക്കത്ത-20
6-ഈസ്‌റ്റ്‌ ബംഗാള്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ കൊല്‍ക്കത്ത-20
7-പൂനെ എഫ്‌.സി-22
8-മുംബൈ എഫ്‌.സി-18
9-ജെ.സി.ടി മില്‍സ്‌ ഫഗ്‌വാര-14
10-വിവ കേരള -14
11-എയര്‍ ഇന്ത്യ മുംബൈ-14
12-സാല്‍ഗോക്കര്‍ ഗോവ-13
13-ലാജോംഗ്‌ എഫ്‌.സി-10
14-സ്‌പോര്‍ട്ടിംഗ്‌ ഗോവ-5

അട്ടിമറിയാണെന്ന്‌
കോഴിക്കോട്‌: കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഐ ലീഗ്‌ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഫ്‌ളഡ്‌ലൈറ്റുകള്‍ തകരാറിലായതിന്‌ പിറകില്‍ അട്ടിമറിയാണെന്ന്‌ ഒംബുഡ്‌സ്‌മാന്‍ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്‌. നാലാം ഫ്‌ളഡ്‌ലൈറ്റ്‌ ടവറിലെ ബള്‍ബുകളാണ്‌ പ്രശ്‌നക്കാരായത്‌. ഈ ടവറിലെ കണ്‍ട്രോള്‍ പാനലില്‍ ആരോ ബോധപൂര്‍വ്വം ആണിയടിച്ചതായാണ്‌ അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നത്‌. വൈകീട്ട്‌ നാലിനും അഞ്ചിനും ഇടയിലാണ്‌ ആണിയടിച്ചിരിക്കുന്നത്‌. ജനറേറ്റര്‍ ഉപയോഗിച്ചാണ്‌ ടവര്‍ പ്രകാശിപ്പിക്കുന്നത്‌. അതിനാല്‍ തന്നെ ജനറേറ്റര്‍ പാനല്‍ തടസ്സപ്പെടുത്തിയാല്‍ ബള്‍ബുകള്‍ തെളിയില്ല എന്ന്‌ വ്യക്തമയി അറിയുന്നവരാണ്‌ ആണിയടിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഒരാഴ്‌ച്ച സമയത്തില്‍ റിപ്പോര്‍ട്ട്‌ ഒംബുഡ്‌സ്‌മാന്‌ കൈമാറുമെന്നാണ്‌ കരുതപ്പെടുന്നത്‌.
കോഴിക്കോട്‌ ആതിഥേയത്വം വഹിക്കുന്ന ഐ ലീഗില്‍ ഫുട്‌ബോളിനിടെ രണ്ട്‌ തവണയാണ്‌ ഫ്‌ളൈഡ്‌ലൈറ്റുകള്‍ തടസ്സം നിന്നത്‌. ജെ.സി.ടി മില്‍സുമായുള്ള മല്‍സരമായിരുന്നു ആദ്യം തടസ്സപ്പെട്ടത്‌. മല്‍സരം ആരംഭിക്കുന്നതിന്‌ തൊട്ട്‌ മുമ്പ്‌ നാലാം ടവര്‍ ചതിച്ചു. അടുത്ത മല്‍സരത്തെയും ഇത്‌ ബാധിച്ചു. മൂന്ന്‌ ടവറുകള്‍ പ്രകാശിച്ചപ്പോള്‍ നാലാം ടവറിലെ ഒരു സെറ്റ്‌ ലൈറ്റുകള്‍ മാത്രമാണ്‌ പ്രകാശിച്ചത്‌. ഇതേ തുടര്‍ന്ന്‌ മല്‍സരം അടുത്ത ദിവസത്തേക്ക്‌ മാറ്റുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ കണ്‍ട്രോള്‍ പാനലില്‍ ആണിയടിച്ചതായി കണ്ടെത്തിയത്‌.
കോടികള്‍ മുതല്‍ മുടക്കി കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ഈയിടെ സ്ഥാപിച്ച ഫ്‌ളൈഡ്‌ ലൈറ്റുകളുടെ കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ വിവാദങ്ങളുണ്ട്‌. ബജാജും, ഫിലിപ്‌സും ഉള്‍പ്പെടെ വന്‍കിട കമ്പനികള്‍ നല്‍കിയ കുറഞ്ഞ ക്വട്ടേഷന്‍ നിരാകരിച്ച്‌ സ്‌പൈസ്‌ ലൈറ്റ്‌ എന്ന പുതിയ ഗ്രൂപ്പിനാണ്‌ വലിയ തുകയുടെ ക്വട്ടേഷന്‍ അനുവദിച്ചത്‌. എന്നാല്‍ ഇത്‌ വരെ ക്വട്ടേഷന്‍ തുക നല്‍കാന്‍ കോര്‍പ്പറേഷന്‌ കഴിഞ്ഞിട്ടില്ല. ഇത്‌ കാരണം കണ്‍ട്രോള്‍ ടവറുകള്‍ ഇപ്പോഴും സ്‌പൈസ്‌ ലൈറ്റുകാരുടെ നിയന്ത്രണത്തിലാണ്‌. കോടികള്‍ നല്‍കി, വലിയ ഗ്രൂപ്പിന്‌ ക്വട്ടേഷന്‍ നല്‍കിയെങ്കിലും ഫ്‌ളഡ്‌ലൈറ്റ്‌ നിര്‍മ്മാണത്തിനുളള ഇലക്ട്രിക്‌ സാധനങ്ങളെല്ലാം നഗരത്തിലെ ചെറിയ കടകളില്‍ നിന്നാണ്‌ വാങ്ങിയതെന്ന ആരോപണമാണ്‌ പ്രധാനം. ഇതിന്‌ ഇത്‌ വരെ ഉത്തരം നല്‍കപ്പെട്ടിട്ടില്ല. വലിയ ഗ്രൂപ്പിന്‌ ക്വട്ടേഷന്‍ നല്‍കിയിട്ടും കോര്‍പ്പറേഷന്‍ അവകാശപ്പെട്ട ഗുണനിലവാരം ലൈറ്റുകള്‍ക്കില്ല എന്ന്‌ ഐ ലീഗ്‌ മല്‍സരങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.
അട്ടിമറിയാണെന്ന റിപ്പോര്‍ട്ട്‌ വന്നതോടെ ആരാണ്‌ അട്ടിമറിക്കാര്‍ എന്ന്‌ കണ്ടെത്തേണ്ടതുണ്ട്‌. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ നില്‍ക്കവെ ആണിയടി വിവാദം കോര്‍പ്പറേഷന്‍ ഭരണകക്ഷിയായ സി.പി.എമ്മിന്‌ നല്‍കിയിരിക്കുന്നത്‌ തീരാ തലവേദനയാണ്‌. വിവാദങ്ങളുടെ തലപ്പത്ത്‌ നില്‍ക്കുന്നത്‌ പാര്‍ട്ടിയിലെ പ്രമുഖരാണ്‌....

1 comment:

yasee said...

നിര്‍മാണത്തിലെ അഴിമതിയാണു ഫ്ളഡ്ലൈറ്റ് തകരാറിലാകാന്‍ കാരണ