കപ്പ് ഉയര്‍ത്താന്‍ കാസിയാസ്
ഇത്തവണ ലോകകപ്പ് ആര് സ്വന്തമാക്കും...? ബ്രസീലും അര്‍ജന്റീനയും ഇറ്റലിയും ഇംഗ്ലണ്ടുമെല്ലാമുണ്ട്... പക്ഷേ പന്തയ മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഇവരാരുമല്ല-യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനാണ്. തട്ടുതകര്‍പ്പന്‍ പ്രകടനത്തോടെ വന്‍കരാ ചാമ്പ്യന്മാരായ സ്‌പെയിന്‍ കഴിഞ്ഞ ദിവസം നടന്ന സന്നാഹ മല്‍സരത്തില്‍ പാരീസില്‍ വെച്ച് ഫ്രാന്‍സിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെ അവര്‍ ലോകകപ്പ് സാധ്യതാ പട്ടികയില്‍ വീണ്ടും മുന്നിലെത്തിയിരിക്കയാണ്. ഇത് വരെ ലോകകപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം കാളപ്പോരിന്റെ നാട്ടുകാര്‍ക്കുണ്ടായിട്ടില്ല. ഏതാണ്ടെല്ലാ ലോകകപ്പിനും ഏറ്റവും മികച്ച ടീമിനെയാണ് സ്‌പെയിന്‍ ഇറക്കാറുള്ളത്. പക്ഷേ വലിയ വേദിയില്‍ പലപ്പോഴും സൂപ്പര്‍ താരങ്ങള്‍ക്ക് കാലിടറും. ആഫ്രിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പില്‍ കിരീടം മറ്റാര്‍ക്കുമല്ലെന്നാണ് സ്‌പാനിഷ് ടീമിന്റെ ക്യാപ്‌റ്റനും ഗോള്‍ക്കീപ്പറുമായ ഇകാര്‍ കാസിയാസ് വ്യക്തമാക്കുന്നത്. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരം കളിക്കുന്ന താരങ്ങളില്‍ ഒരാളാന്‍ പോവുകയാണ് കാസിയാസ്. സ്‌റ്റഡെ ഡി പാരിസില്‍ അദ്ദേഹം കളിച്ചത് രാജ്യത്തിനായുള്ള 102-ാമത് പോരാട്ടമായിരുന്നു. ഇത്രയും മല്‍സരം റൗള്‍ ഗോണ്‍സാലസും കളിച്ചിട്ടുണ്ട്. പക്ഷേ ലോകകപ്പ് സംഘത്തില്‍ റൗളിന് സ്ഥാനമുണ്ടാവുമോ എന്ന ചോദ്യം നിലനില്‍ക്കവെ കാസിയാസിനാണ് കപ്പ് ഉയര്‍ത്താനുള്ള ഭാഗ്യം വരുന്നത്. പാരീസിലെ സ്‌റ്റഡെ ഡി ഫ്രാന്‍സ് സ്റ്റേഡിയം കാസിയാസിന്റെ പ്രിയപ്പെട്ട വേദിയാണ്. പത്ത് വര്‍ഷം മുമ്പ് ഇവിടെ വെച്ചാണ് അദ്ദേഹം റയല്‍ മാഡ്രിഡ് സംഘത്തില്‍ അംഗമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് മെഡല്‍ സ്വന്തമാക്കിയത്. മറ്റൊരിക്കല്‍ കൂടി അദ്ദേഹത്തിന് പാരിസ് മൈതാനം വിജയം നല്‍കിയതോടെ ലോകകപ്പില്‍ അദ്ദേഹം ഉറപ്പ് നല്‍കുന്നത് മികച്ച പ്രകടനമാണ്. 28 കാരനാണ് കാസിയാസ്. അദ്ദേഹത്തിന്റെ വലിയ ലക്ഷ്യങ്ങളിലൊന്ന് ലോകകപ്പിനൊപ്പം രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച ഗോള്‍ക്കീപ്പറാവാണം. ഈ റെക്കോര്‍ഡ് എളുപ്പമല്ല. 126 മല്‍സരങ്ങളില്‍ രാജ്യത്തിന്റെ ഗോള്‍വലയം കാത്തവനായി അന്റോണി സുബിസറാറ്റയുണ്ട്.
ലോകകപ്പ് സ്വന്തമാക്കുകയെന്നത് തന്റെ വലിയ സ്വപ്‌നമാണെന്ന് കാസിയാസ് പറഞ്ഞു. ലോകകപ്പ് സ്വന്തമാക്കുക എന്നത് എളുപ്പമല്ല. വലിയ മല്‍സരങ്ങളും ശക്തരായ പ്രതിയോഗികളുമുണ്ട്. അവരെ തോല്‍പ്പിക്കണം. ഇത്തവണ സ്‌പെയിനിന് അതിന് കഴിയുമെന്ന് കരുതുന്നത് മികച്ച താരങ്ങളുടെ ഒരു സംഘം തന്നെയുള്ളത് കൊണ്ടാണ്. യൂറോപ്പില്‍ നടന്ന യോഗ്യതാ മല്‍സരങ്ങളില്‍ ഒരു തോല്‍വി പോലുമറിയാതെയാണ് സ്‌പെയിന്‍ കടന്നുകയറിയത്. കളിച്ച പത്ത് മല്‍സരങ്ങളിലും ജയിച്ചു. 1970 ലെ മെക്‌സിക്കോ ലോകകപ്പിലേക്ക് ബ്രസീല്‍ കയറിവന്നത് ഇങ്ങനെയായിരുന്നു. എല്ലാ യോഗ്യതാ മല്‍സരങ്ങളും ജയിച്ചു വന്ന ബ്രസീലിനെ വെല്ലുവിളിക്കാന്‍ അന്നാരുമുണ്ടായിരുന്നില്ല. പക്ഷ് സ്‌പെയിന്‍ ഇത്തവണ വെല്ലുവിളികള്‍ പ്രതീക്ഷിക്കുന്നതായാണ് കാസിയാസ് പറയുന്നത്.
ഫിഫ ചാമ്പ്യന്‍ഷിപ്പുകള്‍ ടീമിന് വലിയ വെല്ലുവിളിയാവുന്നു എന്നതിന് ഉദാഹരണമായി കാസിയാസ് തന്നെ ചൂണ്ടിക്കാട്ടുന്നത് കോണ്‍ഫെഡറേഷന്‍ കപ്പാണ്. യൂറോപ്പിലെ ചാമ്പ്യന്മാര്‍ എന്ന നിലയിലാണ് കോണ്‍ഫെഡറേഷന്‍ കപ്പില്‍ സ്‌പെയിന്‍ കളിച്ചത്. പക്ഷേ സെമി ഫൈനലില്‍ അമേരികക്ക് മുന്നില്‍ ടീം പരാജയപ്പെട്ടു. ആ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കാസിയാസ് വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ കളിച്ചത് കപ്പ് സ്വന്തമാക്കാന്‍ തന്നെയായിരുന്നു. പക്ഷേ നിര്‍ഭാഗ്യകരമായി തോറ്റു. കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിച്ചതോടെ ആഫ്രിക്കന്‍ സാഹചര്യങ്ങളെ പഠിക്കാന്‍ കഴിഞ്ഞതാണ് നേട്ടം. ദക്ഷിണാഫ്രിക്ക പോലെ പരിചിതമല്ലാത്ത സ്ഥലത്ത് പെട്ടെന്ന് കളിക്കുമ്പോള്‍ അത് എളുപ്പമാവില്ല. പക്ഷേ കോണ്‍ഫെഡറേഷന്‍ കപ്പില്‍ കളിച്ചതോടെ മൈതാനങ്ങളെക്കുറിച്ച് മാത്രമല്ല കാലാവസ്ഥയെയും കുറിച്ച് പഠിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് എച്ചിലാണ് ലോകകപ്പില്‍ സ്‌പെയിന്‍ കളിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോണ്ടുറാസ്, ചിലി എന്നിവരാണ് പ്രതിയോഗികള്‍. കടലാസിലെ കണക്ക് പ്രകാരം ഗ്രൂപ്പില്‍ ജയിക്കാന്‍ പ്രയാസമില്ല. പക്ഷേ നല്ല തുടക്കമാണ് പ്രധാനം. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിന് കാര്യം എളുപ്പമല്ല. ബ്രസീല്‍, പോര്‍ച്ചുഗല്‍, ഐവറി കോസ്‌റ്റ്‌്, ഉത്തര കൊറിയ എന്നിവരില്‍ ഒരാളായിരിക്കും പ്രതിയോഗികള്‍.
കളിക്കളത്തില്‍ ബ്രസീല്‍ ഫുട്‌ബോളര്‍ മരിച്ചു
റിയോ: ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന ബ്രസീലില്‍ നിന്നും ഒരു ദുരന്ത വാര്‍ത്ത...! കളിക്കിടെ 23 കാരനായ ഫുട്‌ബോളര്‍ റോബ്‌സണ്‍ റോച്ച കോസ്‌റ്റ മരിച്ചു. തികച്ചും നിസാരമെന്ന് തോന്നിയ സംഭവമാണ് യുവതാരത്തിന്റെ ജീവന്‍ അപഹരിച്ചത്. ഇന്‍ഡോര്‍ ഫുട്‌ബോളറായ റോബ്‌സണ്‍ പന്തുമായി എതിര്‍ ഗോള്‍വല ലക്ഷ്യമാക്കി മുന്നേറവെ പ്രതലത്തിലെ ഒരു ചെറിയ മര കഷ്‌ണത്തില്‍ കാലുടക്കി വീഴുകയായിരുന്നു. വീഴ്‌ച്ചയില്‍ സംഭവിച്ച ആഘാതത്തില്‍ നാല് മണിക്കൂറിന് ശേഷം അദ്ദേഹം മരിക്കുകയും ചെയ്‌തു. ഗുര്‍ഡപോവ സ്‌പോര്‍ട്ടിംഗ് അത്‌ലറ്റിക് ക്ലബും പാല്‍മിറസ് ജുന്‍ഡിയാ ക്ലബും തമ്മിലുള്ള സൗഹൃദ മല്‍സരത്തിനിടെയാണ് ദാരുണമായ സംഭവം. പരാന പ്രവിശ്യയില്‍ നടന്ന മല്‍സരത്തിന് ശേഷം ഉടന്‍ തന്നെ താരത്തെ ആശുപത്രിയിലാക്കി ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മരപ്രതലത്തിന്റെ കഷ്‌ണം ശരീരത്തില്‍ തുളച്ചു കയറിയുണ്ടായ രക്തസ്രാവമായിരിക്കാം മരണകാരണമെന്ന് കരുതപ്പെടുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
വീണ്ടും ബെക്കാം-മാഞ്ചസ്റ്റര്‍
ഓള്‍ഡ് ട്രാഫോഡ്: ഡേവിഡ് ബെക്കാമിന് ഇന്നാണ് യഥാര്‍ത്ഥ പരീക്ഷണം....യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അദ്ദേഹം ഇന്ന് കളിക്കുന്നത് പഴയ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍.... മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ ചുവന്ന കുപ്പായം ദീര്‍ഘകാലം അണിഞ്ഞിട്ടുളള മധ്യനിരക്കാരന്‍ ഇന്ന് ഇറങ്ങുന്നത് പഴയ ടീമിനെതിരെ ഏ.സി മിലാന്‍ കുപ്പായത്തിലാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ബെക്കാമിന്റെ മിലാന് വിജയം നിര്‍ബന്ധമാണ്. കാരണം സ്വന്തം തട്ടകത്ത് നടന്ന ആദ്യപാദ മല്‍സരത്തിലവര്‍ 2-3ന് തോറ്റിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം മല്‍സരവും നേര്‍ക്കുനേര്‍ യുദ്ധമാണ്. സ്‌പെയിനിലെ സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡ് സ്വന്തം മൈതാനമായ ബെര്‍ണബുവില്‍ എതിരിടുന്നത് ഫ്രഞ്ച് ചാമ്പ്യന്മാരായ ഒളിംപിക് ലിയോണിനെയാണ്... ആദ്യ പാദ മല്‍സരത്തില്‍ ലിയോണ്‍ ഒരു ഗോളിന്റെ ലീഡ് നേടിയിട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നഷ്‌ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിന്റെ ആവേശത്തിലാണ് മാഞ്ചസ്റ്റര്‍. വെയിന്‍ റൂണി ഉള്‍പ്പെടെയുളള പ്രബലര്‍ ഇന്ന് കളിക്കുമ്പോല്‍ പരുക്കില്‍ പുറത്തായ മൈക്കല്‍ ഓവന്റെ സാന്നിദ്ധ്യം മുന്‍നിരയിലുണ്ടാവില്ല. മിലാന്‍ സംഘത്തില്‍ പ്രബലരെല്ലാം കളിക്കുന്നുണ്ട്. ടെന്‍ സ്‌പോര്‍ട്‌സില്‍ രാത്രി 12-30 മുതല്‍ മല്‍സരമുണ്ട്.
സ്‌പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്ത് വന്നതിന്റെ ആവേശത്തിലാണ് ഇന്ന് ബെര്‍ണബുവില്‍ റയല്‍ കളിക്കുന്നത്. പുലര്‍ച്ചെ 3-15 നാണ് ഈ മല്‍സരം.
ലിവര്‍ കിതക്കുന്നു
ലണ്ടന്‍: ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റാഫേല്‍ ബെനിറ്റസിന്റെ ലിവര്‍പൂള്‍ സംഘത്തിന് സ്‌ഥാനമുണ്ടാവില്ല. ഇന്നലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മല്‍സരത്തില്‍ ദുര്‍ഡബലരായ വിഗാന് മുന്നില്‍ ഒരു ഗോളിന് പരാജയപ്പെട്ടതോടെ ലിവര്‍ ടേബിളില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കയാണ്. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലില്‍ വരുന്നവര്‍ക്ക് മാത്രമാണ് ചാമ്പ്യന്‍സ് ലീഗില്‍ ബെര്‍ത്ത്. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ് (63), ചെല്‍സി (61), ആഴ്‌സനല്‍ (61), ടോട്ടന്‍ഹാം (49), മാഞ്ചസ്‌റ്റര്‍ സിറ്റി (49) എന്നിവര്‍ക്ക് പിറകിലാണിപ്പോള്‍ ലിവര്‍. വിഗാനെതിരായ മല്‍സരത്തില്‍ നാല് അവസരങ്ങള്‍ തുലച്ച ഫെര്‍ണാണ്ടോ ടോറസാണ് ടീമിന് മുന്നില്‍ വില്ലനായത്. അതേ സമയം ഡിര്‍ക് ക്യൂട്ടിന്റെ പിഴവില്‍ നിന്നും ലഭിച്ച പന്ത് വലയിലാക്കി എമേഴ്‌സണ്‍ ബോയ്‌സ് വിഗാന്റെ വിജയ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തു.
No comments:
Post a Comment