Thursday, March 18, 2010

CLASSY IPL

സങ്കയും ഗില്ലിയും
കട്ടക്ക്‌: ബാരാബതി സ്‌റ്റേഡിയത്തിലിന്ന്‌ കിടിലന്‍ പോരാട്ടം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ കുമാര്‍ സങ്കക്കാര നയിക്കുന്ന പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവന്‍, ചാമ്പ്യന്മാരായ ആദം ഗില്‍ക്രൈസ്റ്റിന്റെ ഡക്കാന്‍ ചാര്‍ജേഴ്‌സുമായി കളിക്കുന്നു. രാത്രി എട്ട്‌ മണിക്ക്‌ ആരംഭിക്കുന്ന പോരാട്ടത്തില്‍ ബാറ്റിംഗ്‌ വെടിക്കെട്ടാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. ഇന്ന്‌ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഫിറോസ്‌ ഷാ കോട്‌ലയില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി കളിക്കുന്നുണ്ട്‌.
ചാമ്പ്യന്‍ഷിപ്പില്‍ നല്ല തുക്കം ലഭിച്ചവരല്ല ഡക്കാനും പഞ്ചാബും. മാര്‍ച്ച്‌ 12ന്‌ മുംബൈയില്‍ നടന്ന ഉദ്‌ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ മുമ്പില്‍ പരാജിതരായ ഡക്കാന്‌ ചാമ്പ്യന്മാരുടെ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ രണ്ടാം മല്‍സരത്തില്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ച്‌ ഗില്ലിയും കൂട്ടരും ചാമ്പ്യന്‍ഷിപ്പിലേക്ക്‌ മടങ്ങി വന്നിരുന്നു. ഇന്ന്‌ മൂന്നാം മല്‍സരത്തില്‍ കളിക്കുമ്പോള്‍ വലിയ വിജയമാണ്‌ ലക്ഷ്യമെന്ന്‌ ഗില്ലി വ്യക്തമാക്കി. ബാറ്റിംഗ്‌ നിര പ്രതീക്ഷിച്ച തരത്തില്‍ ക്ലിക്‌ ചെയ്‌തിട്ടില്ലെന്ന്‌ അദ്ദേഹം സമ്മതിക്കുന്നുണ്ട്‌. രണ്ടാം മല്‍സരത്തില്‍ ടീം വെന്നികൊടി നാട്ടിയത്‌ ഗില്ലി ഉള്‍പ്പെടെയുളള സൂപ്പര്‍ ബാറ്റ്‌സ്‌മാന്മാരുടെ കരുത്തിലാണ്‌. എന്നാല്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌്‌സ്‌, ഹര്‍ഷല്‍ ഗിബ്‌സ്‌, രോഹിത്‌ ശര്‍മ്മ തുടങ്ങിയവര്‍ക്ക്‌ ഇത്‌ വരെ വലിയ ഇന്നിംഗ്‌സ്‌ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. സൈമണ്ട്‌സ്‌ ഇന്നത്തെ മല്‍സരത്തിനായാണ്‌ കാത്തിരിക്കുന്നത്‌. ഗില്ലിക്കൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടുന്ന വി.വി.എസ്‌ ലക്ഷ്‌മണിനും താന്‍ കുട്ടി ക്രിക്കറ്റിന്‌ അനുയോജ്യനായ താരമാണെന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പഞ്ചാബിന്റെ കാര്യത്തിലും ഇത്‌ തന്നെയാണ്‌ സംഭവിച്ചിരിക്കുന്നത്‌. ടീമെന്ന നിലയില്‍ അവര്‍ക്കും ക്ലിക്ക്‌ ചെയ്യാനായിട്ടില്ല. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും സങ്കയും സംഘവും വിയര്‍ത്തു. മൊഹാലിയിലെ സ്വന്തം മൈതാനത്ത്‌ ഡല്‍ഹിയെ നേരിട്ടപ്പോള്‍ ഒരു പന്ത്‌ ബാക്കി നില്‍ക്കെ ഡല്‍ഹിക്കാര്‍ അഞ്ച്‌ റണ്‍സിന്‌ ജയിക്കുകയായിരുന്നു. രണ്ടാം മല്‍സരം ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്നപ്പോള്‍ എട്ട്‌ വിക്കറ്റിന്റെ ആധികാരിക വിജയവുമായി റോയല്‍ ചാലഞ്ചേഴ്‌സ്‌ മടങ്ങി. ബാറ്റിംഗ്‌ നിരയില്‍ സങ്കയെ കൂടാതെ യുവരാജ്‌ സിംഗ്‌, മഹേല ജയവര്‍ദ്ധനെ, മുഹമ്മദ്‌ കൈഫ്‌, ഇര്‍ഫാന്‍ പത്താന്‍, തിലക രത്‌നെ ദില്‍ഷാന്‍ തുടങ്ങിയവരെല്ലാം കളിക്കുന്നുണ്ട്‌. രണ്ട്‌ ബാറ്റിംഗ്‌ ടീമുകള്‍ തമ്മിലുള്ള അങ്കത്തിലിന്ന്‌ ബൗളര്‍മാര്‍ കാര്യമായി തന്നെ വിയര്‍ക്കും. പഞ്ചാബ്‌ നിരയില്‍ കളിക്കുന്ന ശ്രീശാന്തിന്‌ കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ റോയല്‍സില്‍ നിന്നും കാര്യമായ പ്രഹരമേറ്റിരുന്നു.
ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള പോരാട്ടത്തിലും തീപ്പാറും. ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ അഭാവത്തില്‍ അല്‍പ്പം പരുങ്ങലില്‍ നില്‍ക്കുന്ന ചെന്നൈക്കാരെ വിറപ്പിക്കാന്‍ ഡല്‍ഹിക്കാണ്‌ അവസരം. കൈ വിരലിന്‌ പരുക്കേറ്റ ധോണിക്ക്‌ അടുത്ത രണ്ട്‌ മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയില്ല. പകരം സുരേഷ്‌ റൈനയാണ്‌ ടീമിനെ നയിക്കുന്നത്‌. ചൈന്നൈ സംഘത്തില്‍ ബാറ്റിംഗ്‌ വെടിക്കെട്ടിന്റെ ശക്തരായ വക്താക്കളുണ്ട്‌. ഇവരെ തടയാന്‍ മാത്രമുള്ള ബൗളിംഗ്‌ പക്ഷേ ഡല്‍ഹിക്കാര്‍ക്കില്ല. കഴിഞ്ഞ ദിവസം മുംബൈക്ക്‌ മുന്നില്‍ തകര്‍ന്നടിഞ്ഞവരാണ്‌ ഡല്‍ഹി. വിരേന്ദര്‍ സേവാഗും തിലകരത്‌നെ ദില്‍ഷാനും ഗൗതം ഗാംഭീറുമെല്ലാം കളിച്ചിട്ടും മുംബൈ ഉയര്‍ത്തിയ വലിയ സ്‌ക്കോറിന്‌ അരികിലെത്താന്‍ ഡല്‍ഹിക്ക്‌ കഴിഞ്ഞിരുന്നില്ല.

പോയന്റ്‌ ടേബിള്‍
1-മുംബൈ ഇന്ത്യന്‍സ്‌-4
2-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌-4
3-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-4
4-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌-2
5-ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-2
6-റോയല്‍ ചാലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍-2
7-കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-0
8-രാജസ്ഥാന്‍ റോയല്‍സ്‌ -0
(ഇതില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ എന്നിവര്‍ മൂന്ന്‌ മല്‍സരങ്ങളും ബാക്കി ടീമുകള്‍ രണ്ട്‌ മല്‍സരങ്ങള്‍ വീതവുമാണ്‌ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.)

വേദനയില്‍ മക്കലം
വെല്ലിംഗ്‌ടണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ അരങ്ങ്‌ തകര്‍ക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ കഴിയാത്ത നിരാശയിലാണ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ ക്യാപ്‌റ്റനായിരുന്ന കിവി വിക്കറ്റ്‌ കീപ്പര്‍ ബ്രെന്‍ഡന്‍ മക്കലം. സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്‌റ്റ്‌ പരമ്പരയില്‍ പങ്കെടുക്കേണ്ടതിനാല്‍ കൊല്‍ക്കത്തക്കായി ഐ.പി.എല്ലില്‍ അവസാന ഘട്ടമല്‍സരങ്ങളില്‍ മാത്രമാണ്‌ മക്കലത്തിന്‌ പങ്കെടുക്കാന്‍ കഴിയുക. ചാപ്പല്‍-ഹാഡ്‌ലി ട്രോഫിക്ക്‌ വേണ്ടിയുളള ഏകദിന പരമ്പരയില്‍ ഓസ്‌ട്രലിയ 3-2 നാണ്‌ കിവീസിനെ തോല്‍പ്പിച്ചത്‌. ഇനി രണ്ട്‌ ടെസ്റ്റുകളുണ്ട്‌. ഇതിലെ ആദ്യ മല്‍സരം ഇന്നിവിടെ ആരംഭിക്കുകയാണ്‌.
ചിര വൈരികളായ ഓസ്‌ട്രലിയക്കെതിരെ നിര്‍ണ്ണായക ടെസ്‌റ്റിനിറങ്ങുമ്പോഴും മക്കലത്തിന്റെ മനസ്സ്‌ ഇന്ത്യയിലാണ്‌. ക്രിക്കറ്റ്‌ ലോകത്ത്‌ ഇത്രയധികം ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു ചാമ്പ്യന്‍ഷിപ്പില്ലെന്ന്‌ അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. 2009 ലെ ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്തയുടെ നായകനായിരുന്നു മക്കലം. എന്നാല്‍ പ്രതീക്ഷിച്ച മികവില്‍ കളിക്കാനും ടീമിനെ നയിക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ്‌ പുതിയ സീസണില്‍ നായകസ്ഥാനം സൗരവ്‌ ഗാംഗുലിക്ക്‌ തിരികെ നല്‍കിയത്‌.

ഷോണ്‍ മാര്‍ഷ്‌ വരുന്നു
മൊഹാലി: കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്‌ ശുഭവാര്‍ത്ത...! ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഇത്‌ വരെ ഒരു വിജയം സമ്പാദിക്കാന്‍ കഴിയാതെ പരുങ്ങി നില്‍ക്കുന്ന കുമാര്‍ സങ്കക്കാരയുടെ സംഘത്തിലേക്ക്‌ ഓസ്‌ട്രേലിയന്‍ ഓപ്പണിംഗ്‌ ബാറ്റ്‌സ്‌മാന്‍ ഷോണ്‍ മാര്‍ഷ്‌ എത്തുന്നു. ആദ്യ ഐ.പി.എല്‍ സീസണില്‍ തകര്‍പ്പന്‍ ബാറ്റിംഗ്‌ നടത്തി കൈയ്യടി നേടിയ മാര്‍ഷ്‌ കഴിഞ്ഞ രണ്ട്‌ മാസമായി പുറം വേദനയുമായി ചികില്‍സയിലായിരുന്നു. അസുഖം ഭേദമായ സാഹചര്യത്തില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചടയുന്‍ മാര്‍ഷിന്‌ ചിലപ്പോള്‍ ഈയാഴ്‌ച്ച തന്നെ ഇന്ത്യയില്‍ എത്താനാവും.

ക്രിക്കറ്റ്‌ കലണ്ടറിലെ വാണിജ്യ താല്‍പ്പര്യം ആസന്നമായ 20-20 ലോകകപ്പില്‍ ഇന്ത്യക്ക്‌ കനത്ത തിരിച്ചടിയാവാന്‍ വ്യക്തമായ സാധ്യത. ഏപ്രില്‍ 29ന്‌ വിന്‍ഡീസിലാണ്‌ ലോകകപ്പ്‌ ആരംഭിക്കുന്നത്‌. ഇപ്പോള്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ അവസാനിക്കുന്നതാവട്ടെ ഏപ്രില്‍ 25 നും. ഐ.പി.എല്‍ മല്‍സരങ്ങള്‍ ആദ്യ ആഴ്‌ച്ച പിന്നിടുന്നതിനിടെ ഇന്ത്യയുടെ പല പ്രമുഖ താരങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്‌. അടുത്ത ഒരു മാസത്തില്‍ പരുക്കേറ്റവരുടെ പട്ടിക ഉയരാനാണ്‌ സാധ്യത. കഴിഞ്ഞ 20-20 ലോകകപ്പില്‍ ഇന്ത്യക്ക്‌ വിനയായത്‌ ഐ.പി.എല്‍ മല്‍സരങ്ങളായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.പി.എല്‍ രണ്ടാം സീസണ്‍ മല്‍സരങ്ങള്‍ കഴിഞ്ഞയുടനാണ്‌ ഇംഗ്ലണ്ടില്‍ ലോകകപ്പ്‌ നടന്നത്‌. ഇന്ത്യയാവട്ടെ ആദ്യ റൗണ്ട്‌ പിന്നിടാന്‍ പോലും കഴിയാതെ നാണം കെട്ടു. യുവരാജ്‌സിംഗ്‌, സഹീര്‍ഖാന്‍ തുടങ്ങിയ പ്രമുഖരൊന്നും രണ്ടാം 20-20 ലോകകപ്പില്‍ പരുക്ക്‌ കാരണം കളിച്ചിരുന്നില്ല. സൂപ്പര്‍ താരങ്ങളുടെ അസാന്നിദ്ധ്യത്തില്‍ ഇന്ത്യക്ക്‌ മുന്നേറാനും കഴിഞ്ഞില്ല.
ഇത്തവണ ഇന്ത്യയുടെ മൂന്ന്‌ പ്രമുഖര്‍ ഇതിനകം പരുക്കേറ്റവരുടെ പട്ടികയിലാണ്‌. ക്യാപ്‌റ്റന്‍ എം.എസ്‌ ധോണി, യൂസഫ്‌ പത്താന്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കാണ്‌ പരുക്ക്‌. വിരേന്ദര്‍ സേവാഗ്‌, യുവരാജ്‌ സിംഗ്‌ എന്നിവര്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരുമല്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകനായ ധോണിക്ക്‌ കൈപാദത്തിനാണ്‌ പരുക്ക്‌. രണ്ട്‌ മല്‍സരം അദ്ദേഹം പുറത്തിരിക്കേണ്ടിവരുമെന്നാണ്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌. ഈ അവധിക്ക്‌ ശേഷം ധോണി തിരിച്ച്‌ വരണം. അപ്പോഴും തിരക്കേറിയ മല്‍സരങ്ങളുണ്ട്‌. രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മല്‍സരത്തില്‍ ലോക റെക്കോര്‍ഡ്‌ പ്രകടനം നടത്തിയ യൂസഫ്‌ പത്താനും കൈക്കാണ്‌ പരുക്ക്‌. ഗൗതം ഗാംഭീറിന്‌ പുറം വേദനയാണ്‌. ഈയിടെയാണ്‌ പരുക്കില്‍ നിന്നും മുക്തനായി യുവരാജ്‌ തിരിച്ചുവന്നത്‌.
ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ വാണിജ്യ താല്‍പ്പര്യമാണ്‌ ലോകകപ്പ്‌ പോലുള്ള വലിയ മല്‍സരങ്ങള്‍ക്ക്‌ മുമ്പ്‌ ടീമിന്‌ വിനയാവുന്നത്‌. കോടികള്‍ ലക്ഷ്യമിടുന്ന ഐ.പി.എല്ലിനോടാണ്‌ ബോര്‍ഡിനും ലളിത്‌ മോഡിക്കുമെല്ലാം താല്‍പ്പര്യം. താരങ്ങള്‍ക്കും മറിച്ചല്ല. ഐ.പി.എല്‍ കഴിഞ്ഞ്‌ നാല്‌ ദിവസത്തെ ഇടവേളയിലാണ്‌ ലോകകപ്പ്‌ ആരംഭിക്കുന്നത്‌. ലോകകപ്പ്‌ സംഘത്തില്‍ ഇപ്പോഴത്തെ നിലയില്‍ ആരെല്ലാമുണ്ടാവുമെന്ന്‌ പറയാനാവില്ല. മുപ്പതംഗ സാധ്യതാ ടീമിനെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്‌. തിരക്കേറിയ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക്‌ ശേഷം വിന്‍ഡീസിലേക്ക്‌ പോവുമ്പോള്‍ ഇന്ത്യന്‍ ടീമിന്‌ ഊര്‍ജ്ജമില്ലെങ്കില്‍ അല്‍ഭുതപ്പെടാനില്ല.

No comments: