Wednesday, March 24, 2010

SACHIN VS DHONI

സച്ചിന്‍ ധോണിക്കെതിരെ
മുംബൈ: ഇന്ന്‌ നിങ്ങള്‍ കളി കാണണം.... കാരണമുണ്ട്‌- ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട്‌ സൂപ്പര്‍ താരങ്ങള്‍ തമ്മിലാണ്‌ ഇന്നത്തെ ബലാബലം. ലോക ക്രിക്കറ്റിലെ മാന്ത്രികനായ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്‌ ഇന്നത്തെ മല്‍സരത്തിലെ പ്രധാനി. അദ്ദേഹത്തിന്റെ മുംബൈ ഇന്ത്യന്‍സ്‌ നേരിടുന്നതാവട്ടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ. ചെന്നൈയെ നയിക്കുന്നത്‌ സച്ചിന്റെ അടുത്ത സുഹൃത്തും ഇന്ത്യന്‍ നായകനുമായ മഹേന്ദ്രസിംഗ്‌ ധോണിയാണ്‌... ഈ രണ്ട്‌ പ്രബലര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആര്‌ ജയിക്കുമെന്ന ചോദ്യത്തിന്‌ തല്‍ക്കാലം ഉത്തരമില്ല. മുംബൈ തകര്‍പ്പന്‍ ഫോമിലാണ്‌. മുംബൈ മാത്രമല്ല സച്ചിനും. അതേ സമയം ധോണി കളിക്കുന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്‌. പരുക്കിന്റെ പിടിയില്‍ ടീമിന്റെ കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളില്‍ ധോണി ഉണ്ടായിരുന്നില്ല. സുരേഷ്‌ റൈനയാണ്‌ ടീമിനെ നയിച്ചത്‌. ഇന്നലെ ധോണി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്‌. അദ്ദേഹം കളിക്കുമെന്ന റിപ്പോര്‍ട്ട്‌ പക്ഷേ അന്തിമമായി നല്‍കിയിട്ടില്ല. ധോണിയുടെ അഭാവം ടീം അറിയുന്നുണ്ട്‌. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മല്‍സരത്തില്‍ ശക്തനായ നായകന്റെ അഭാവമാണ്‌ പ്രകടമായത്‌. ഇന്ന്‌ നടക്കുന്ന ആദ്യ മല്‍സരം ബാംഗ്ലൂര്‍ റോയല്‍സും ഡല്‍ഹി ഡെയര്‍ഡെവിള്‍സുമാണ്‌.
സച്ചിന്റെ സംഘത്തിന്റെ പ്രബലത ശരിക്കും വ്യക്തമാവും ടീം പട്ടിക നോക്കിയാല്‍. കളിക്കുന്നവരെല്ലാം ഒന്നിനൊന്ന്‌ മെച്ചപ്പെട്ടവരാണ്‌. സച്ചിന്‍ കഴിഞ്ഞ രണ്ട്‌ ഐ.പി.എല്ലിലും നിരാശയാണ്‌ സമ്മാനിച്ചതെങ്കില്‍ ഇത്തവണ അദ്ദേഹം തകര്‍പ്പന്‍ ഫോമിലാണ്‌. കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ മാസ്‌മരിക പ്രകടനമാണ്‌ മുംബൈക്ക്‌ എളുപ്പ വിജയം സമ്മാനിച്ചത്‌. എന്നാല്‍ തന്റെ ഫോം മാത്രമല്ല ടീം ആശ്രയിക്കുന്നതെന്ന്‌ സച്ചിന്‍ പറഞ്ഞു. എല്ലാവരും സ്വന്തം സംഭാവനകള്‍ കാര്യക്ഷമമാക്കുന്നുണ്ട്‌. ബാറ്റ്‌സ്‌മാന്മാര്‍ക്കൊപ്പം ബൗളര്‍മാരും മികവ്‌ പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഇന്ന്‌ ചെന്നൈയെ എളുപ്പം നേരിടാനാവുമെന്നും സച്ചിന്‍ പറയുന്നു. സനത്‌ ജയസൂര്യക്ക്‌ ഇന്നും വിശ്രമം നല്‍കാനാണ്‌ സാധ്യത. വിന്‍ഡീസ്‌ ജോഡികളായ ഡ്വിന്‍ ബ്രവോയും കിരണ്‍ പൊലാര്‍ഡും കളിക്കുമ്പോള്‍ ബൗളിംഗ്‌ നിരയില്‍ കൂടുതല്‍ ഭാരം സഹീര്‍ഖാനില്‍ തന്നെയായിരിക്കും.
ചെന്നൈ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍സിന്‌ മുന്നില്‍ വിയര്‍ത്തിരുന്നു. ജയിക്കാമായിരുന്ന മല്‍സരമായിട്ടും അലസതയിലാണ്‌ ചെന്നൈക്ക്‌ വലിയ വില നല്‍കേണ്ടി വന്നത്‌. റോബിന്‍ ഉത്തപ്പയുടെ കൂറ്റന്‍ ഇന്നിംഗ്‌സിന്‌ ചെന്നൈക്കാര്‍ തന്നെയാണ്‌ അവസരം നല്‍കിയത്‌. തുടക്കത്തില്‍ തന്നെ ഉത്തപ്പ നല്‍കിയ അവസരം ഫീല്‍ഡര്‍മാര്‍ ഉപയോഗപ്പെടുത്തിയില്ല. മുത്തയ്യ മുരളീധരന്റെ സ്‌പിന്നിനും ടീമിനെ ജയിപ്പിക്കാന്‍ കഴിഞ്ഞില്ല.
തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നവരാണ്‌ അനില്‍ കുംബ്ലെ നയിക്കുന്ന ബാംഗ്ലൂര്‍ സംഘം. തുടര്‍ച്ചയായി മൂന്നാമത്‌ വിജയം സ്വന്തമാക്കി മുന്നേറുന്ന റോയല്‍സിനെ തളക്കാന്‍ പരുക്കിന്റെ പിടിയില്‍ കഴിയുന്ന ഡല്‍ഹിക്ക്‌ എളുപ്പമല്ല. വിരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍ എന്നീ ഡല്‍ഹി പ്രമുഖര്‍ പരുക്കിലാണ്‌. ദിനേശ്‌ കാര്‍ത്തിക്കാണ്‌ കഴിഞ്ഞ മല്‍സരത്തില്‍ ടീമിനെ നയിച്ചത്‌. ടീമിന്റെ പ്രധാന ബാറ്റ്‌സ്‌മാന്മായ തിലകരത്‌നെ ദില്‍ഷാന്‌ ഇത്‌ വരെ ഫോമിലെത്താന്‍ കഴിഞ്ഞിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍ എബി ഡി വില്ലിയേഴ്‌സും വലിയ ഇന്നിംഗ്‌സ്‌ കളിക്കാന്‍ കഴിയാതെ പതറുകയാണ്‌. ബാംഗ്ലൂര്‍ സംഘമാവട്ടെ ബാറ്റിംഗില്‍ മാത്രമല്ല, ബൗളിംഗിലും ശരാശരി നിലനിര്‍ത്തുന്നുണ്ട്‌. ജാക്‌ കാലിസാണ്‌ ബാറ്റിംഗില്‍ ടീമിന്‌ വലിയ സാധ്യത നല്‍കുന്നത്‌. ചെന്നൈക്കെതിരായ മല്‍സരത്തില്‍ മാത്രമാണ്‌ കാലിസിന്‌ വലിയ സ്‌ക്കോര്‍ സമ്പാദിക്കാന്‍ കഴിയാതിരുന്നത്‌. മനീഷ്‌ പാണ്ഡെ, റോബിന്‍ ഉത്തപ്പ, വിരാത്‌ കോഹ്‌ലി, രാഹുല്‍ ദ്രാവിഡ്‌ തുടങ്ങിയവര്‍ കരുത്തരാണ്‌. വീനിത്‌ കുമാര്‍ എന്ന ബൗളറില്‍ കുംബ്ലെക്ക്‌ ശക്തനായ ഒരു മാച്ച്‌ വിന്നറെ ലഭിക്കുന്നുമുണ്ട്‌.

ഇതാണ്‌ പാക്കിസ്‌താന്‍ അച്ചടക്കം
പത്ത്‌ ദിവസം മുമ്പാണ്‌ പാക്കിസ്‌താന്‍ പാര്‍ലമെന്ററി കമ്മീഷന്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ അറുപതോളം പേജുളള ഒരു അന്വേഷണ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പാക്കിസ്‌താന്‍ ടീമില്‍ സംഭവിച്ച സത്യങ്ങളിലേക്കുള്ള തെളിവെടുപ്പില്‍ ഞെട്ടിക്കുന്ന സത്യങ്ങളാണ്‌ കമ്മീഷന്‍ പുറത്ത്‌ കൊണ്ടുവന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ അതിശക്തമായി തന്നെ പി.സി.ബി നീങ്ങുകയും ചെയ്‌തു. ടീമിലെ രണ്ട്‌ സീനിയര്‍ താരങ്ങള്‍ക്ക്‌ ആജീവനാന്ത വിലക്ക്‌, മറ്റ്‌ രണ്ട്‌ പേര്‍ക്ക്‌ ഒരു വര്‍ഷ വിലക്ക്‌, രണ്ട്‌ പേര്‍ക്ക്‌ അച്ചടക്ക നടപടിയുടെ ഭാഗമായി വലിയ പിഴയും താക്കീതും..... പാക്കിസ്‌താന്‍ മാത്രമല്ല ഈ വലിയ നടപടിയില്‍ ലോകം തന്നെ ഞെട്ടിയിരുന്നു. ഈ തീരുമാനമെടുത്തത്‌ ഇജാസ്‌ ഭട്ട്‌ തന്നെയോ എന്ന്‌ പലരും ചോദിച്ചു.... അച്ചടക്കലംഘനം നടത്തുന്നവര്‍ക്ക്‌ മാപ്പില്ല എന്ന വ്യക്തമായ പ്രഖ്യാപനവുമായാണ്‌ അച്ചടക്കനടപടി വന്നത്‌...
പക്ഷേ അച്ചടക്കത്തിന്റെ വാളോങ്ങിയ അതേ ഇജാസ്‌ ഭട്ടും, അതേ പാക്കിസ്‌താന്‍ ബോര്‍ഡുമിതാ ഷാഹിദ്‌ അഫ്രീദിയെന്ന അച്ചടക്ക ലംഘനത്തിന്റെ ശക്തനായ വക്താവിനെ വീണ്ടും നായകനാക്കിയിരിക്കുന്നു. ഇതാണ്‌ പാക്കിസ്‌താന്‍ അച്ചടക്കം...! പാക്കിസ്‌താന്‍ ക്രിക്കറ്റിലെ സര്‍വവിധ പ്രശ്‌നങ്ങളിലും ശക്തമായ സാന്നിദ്ധ്യമുള്ള വ്യക്തിയാണ്‌ അഫ്രീദിയെന്ന്‌ പലവട്ടം പലരും വിളിച്ചു പറഞ്ഞും, തെളിവു സഹിതം ചൂണ്ടിക്കാട്ടിയതുമാണ്‌. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പന്ത്‌ കടിച്ചു പറിക്കുന്ന അഫ്രീദിയുടെ ചിത്രങ്ങള്‍ പാക്കിസ്‌താന്‌ മാത്രമല്ല ലോക ക്രിക്കറ്റിന്‌ തന്നെ നാണക്കേടായിരുന്നു. പലപ്പോഴും വഴി വിട്ട്‌ പെരുമാറുന്ന യുവതാരം ക്രിക്കറ്റ്‌ മൈതാനത്ത്‌ ഒരിക്കലും പക്വതയുടെ വക്താവല്ല. എന്താണ്‌ അഫ്രീദിയില്‍ പിന്നെ പി.സി.ബി കാണുന്ന പോസീറ്റീവ്‌ എന്ന്‌ ചോദിച്ചാല്‍ ഇജാസിനോ മറ്റാര്‍ക്കുമോ ഉത്തരമില്ല. എന്നിട്ടും അദ്ദേഹത്തെ നായകനാക്കേണ്ട ഗതികേടില്‍ പാക്കിസ്‌താന്‍ അകപ്പെടുമ്പോള്‍ പ്രതീക്ഷ കൈവരുന്നത്‌ യൂനസ്‌ഖാനും മുഹമ്മദ്‌ യൂസഫിനും ഷുഹൈബ്‌ മാലിക്കിനുമെല്ലാമാണ്‌....
പാക്കിസ്‌താന്‍ സംഘത്തില്‍ ശക്തരായ യുവതാരങ്ങളുണ്ട്‌. സല്‍മാന്‍ ഭട്ടും ഉമര്‍ അക്‌മലുമെല്ലാം നാളെയുടെ താരങ്ങളാണ്‌. ഉമര്‍ അക്‌മലിനെ പോലെ ഒരാള്‍ക്കെതിരെ അച്ചടക്കനടപടി പാക്കിസ്‌താന്‍ ഏടുത്തിരുന്നു. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം ടെസ്‌റ്റിന്‌ ശേഷം സഹോദരന്‍ കമറാന്‍ അക്‌മലിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ പരുക്ക്‌ അഭിനയിച്ച അപരാധം ഉമര്‍ ചെയ്‌തിരുന്നു. പാക്കിസ്‌താന്‍ ക്രിക്കറ്റിലെ ഗ്രൂപ്പിസം നോക്കുമ്പോള്‍ ഉമര്‍ സഹോദരനൊപ്പം നിന്നത്‌ തെറ്റല്ല. പക്ഷേ പി.സി.ബി നടപടി സ്വീകരിച്ചു. നല്ല നീക്കമായിട്ടും ഇപ്പോള്‍ അഫ്രീദിയെ തന്നെ നായകനാക്കിയതിലുടെ യുവതാരങ്ങള്‍ക്ക്‌ ഏത്‌ തരം സന്ദേശമാണ്‌ പി.സി.ബി നല്‍കുന്നത്‌...?
ഷുഹൈബ്‌ അക്തര്‍ എന്ന അതിവേഗക്കാരനെ ഇപ്പോള്‍ ലോകത്തിന്‌ പരിചയമില്ല. അച്ചടക്ക ലംഘനത്തിന്റെ മകുടോദാഹരണമായിരുന്നു അദ്ദേഹം. എല്ലാ നായകര്‍ക്കും തലവേദനയായി നിലകൊണ്ട്‌ അക്തറിനെക്കുറിച്ച്‌ ഇപ്പോള്‍ വലിയ വിവരമില്ല. പക്ഷേ തത്വത്തില്‍ ഇപ്പോഴും അക്തര്‍ പാക്‌ താരം തന്നെ. സഹതാരത്തെ ഒരു ലോകകപ്പിനിടെ ബാറ്റ്‌ കൊണ്ട്‌ മര്‍ദ്ദിച്ചിട്ടുണ്ട്‌ അക്തര്‍. അന്ന്‌ അടി കൊണ്ട മുഹമ്മദ്‌ ആസിഫ്‌ പിന്നീട്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ഉത്തേജകം കൈവശം വെച്ചതിന്‌ പിടിക്കപ്പെട്ടു. അതേ ആസിഫ്‌ ഇപ്പോള്‍ ദേശീയ ടീമിന്റെ ഭാഗമാണ്‌ എന്നതും ഒരു പാക്‌ രസമാണ്‌... കഴിഞ്ഞ ദിവസം പല താരങ്ങള്‍ക്കും പി.സി.ബി സെന്‍ട്രല്‍ കോണ്‍ട്രാക്ട്‌ നല്‍കി. പലരെയും മാറ്റിനിര്‍ത്തി. അത്‌ നന്നായി. പക്ഷേ അഫ്രീദിയെ തന്നെ നായകനാക്കിയതിലുടെ പി.സി.ബി മുന്നോട്ട്‌ വെച്ച പാദം പിന്‍വലിച്ച മട്ടാണ്‌. സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ കഴിയാത്ത ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നിസ്സഹായത പോലെയാണ്‌ പാക്കിസ്‌താന്റെ നീക്കവും. ഒരിക്കലും വിരിച്ച പായയില്‍ കിടന്നിട്ടില്ല പാക്കിസ്‌താന്‍ താരങ്ങള്‍. തന്നിഷ്‌ടത്തിന്റെ ഗൂഗ്ലികള്‍ നിരന്തരം പായിച്ചിട്ടും ഇമ്രാന്‍ഖാനും ജാവേദ്‌ മിയാന്‍ദാദും സലീം മാലിക്കും സയദ്‌ അന്‍വറും ഇജാസ്‌ അഹമ്മദും അബ്ദുള്‍ ഖാദിറും ആമിര്‍ സുഹൈലും റമീസ്‌ രാജയും വസീം അക്രവും വഖാര്‍ യൂനസും ഇന്‍സമാമും മുഹമ്മദ്‌ യൂസഫും യൂനസ്‌ഖാനും വരേണ്യരാണ്‌.... ഒരു 20-20 ക്രിക്കറ്റിന്റെ ആവേശം പോലെയാണ്‌ പാക്‌ കാര്യങ്ങള്‍. സിക്‌സറുകളും ബൗണ്ടറികളും പോലെ അച്ചടക്ക നടപടികള്‍... അതേ വേഗതയില്‍ നല്ല നടപ്പും മാപ്പും... എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍ പാവം കാണികള്‍....!

കുക്കില്‍ ഇംഗ്ലണ്ട്‌
മിര്‍പ്പൂര്‍: അലിസ്റ്റര്‍ കുക്കിന്റെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്‌റ്റിലും ഇംഗ്ലണ്ടിന്‌ മിന്നുന്ന വിജയം. ഒമ്പത്‌ വിക്കറ്റിനാണ്‌ അവസാന ദിവസം ഇംഗ്ലണ്ട്‌ ജയിച്ചു കയറിയത.്‌ ഒന്നാം ടെസ്റ്റിലും സന്ദര്‍ശകര്‍ക്കായിരുന്നു വിജയം. ബംഗ്ലാ ക്യാപ്‌റ്റന്‍ ഷക്കീബ്‌ അല്‍ ഹസന്‍ ഇന്നല പൊരുതി കളിച്ച്‌ 96 റണ്‍സ്‌ നേടിയപ്പോള്‍ ഇംഗ്ലണ്ട്‌ വിയര്‍ക്കുമെന്നാണ്‌ കരുതിയത്‌. പക്ഷേ രണ്ടാം വിക്കറ്റില്‍ കുക്കും കെവിന്‍ പീറ്റേഴ്‌സണും ചേര്‍ന്ന്‌ നേടിയ 167 റണ്‍സ്‌ വിജയം ഉറപ്പാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ ആറ്‌ വിക്കറ്റിന്‌ 172 റണ്‍സ്‌ എന്ന നിലയിലാണ്‌ ബംഗ്ലാദേശ്‌ ഇന്നലെ ബാറ്റിംഗിനിറങ്ങിയത്‌. പക്ഷേ ഇംഗ്ലീഷ്‌ പ്രതീക്ഷകളെ തകിടം മറിച്ച്‌ ഷാക്കിബും സംഘവും സ്‌ക്കോര്‍ 285 ല്‍ എത്തിച്ചപ്പോള്‍ അതിവേഗം ഇംഗ്ലീഷ്‌ ലക്ഷ്യം 209 റണ്‍സിലായി. പക്ഷേ കുക്ക്‌ ശക്തനായി നില കൊണ്ട്‌ ആക്രമണ ക്രിക്കറ്റിന്റെ വക്താവായി.

പ്ലീസ്‌ ദ്രോഹിക്കരുത്‌
മുംബൈ: ക്രിസ്‌ കെയിന്‍സ്‌ എന്ന കിവി ഓള്‍റൗണ്ടറെ ക്രിക്കറ്റ്‌ ലോകം മറക്കില്ല.... പന്ത്‌ കൊണ്ടും ബാറ്റ്‌ കൊണ്ടും പ്രതിയോഗികളെ മലര്‍ത്തിയടിക്കുന്ന താരം പക്ഷേ ഇത്തവണ കുട്ടി ക്രിക്കറ്റിന്റെ ആവേശത്തിനൊപ്പമില്ല. എന്താണ്‌ കെയിന്‍സ്‌ മാറി നില്‍ക്കുന്നത്‌ എന്ന ചോദ്യത്തിന്‌ ഉത്തരമായി ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാനായ ലളിത്‌ മോഡി പറഞ്ഞിരുന്നത്‌ പന്തയ വിവാദത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന്‌ കെയിന്‍സിനെ അകറ്റി നിര്‍ത്തുകയായിരുന്നു എന്നാണ്‌. എന്നാല്‍ ഈ മോഡി വാദത്തോട്‌ കെയിന്‍സ്‌ താല്‍പ്പര്യമില്ല. രോഷവുമുണ്ട്‌. ഒരിക്കലും പന്തയ വിവാദത്തില്‍ താന്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും ട്വിറ്റര്‍ വഴി മോഡി നടത്തിയ പരാമര്‍ശത്തില്‍ വേദനയുണ്ടെന്നും എന്നാല്‍ മോഡിക്കെതിരെ നിയമപരമായി നീങ്ങാനുദ്ദേശിക്കുന്നില്ലെന്നും കെയിന്‍സ്‌ വ്യക്തമാക്കി. മോഡി ഇന്ന്‌ ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തനായ വക്താവാണ്‌. അദ്ദേഹം പറഞ്ഞ കാര്യത്തില്‍ എനിക്ക്‌ വിശ്വാസമില്ല. ആദ്യം കേട്ടപ്പോള്‍ ദേഷ്യം തോന്നി.. ലോക ക്രിക്കറ്റില്‍ പല നേട്ടങ്ങളും സമ്പാദിച്ച താരമാണ്‌ ഞാന്‍. ആ നേട്ടങ്ങള്‍ മോഡിയല്ല ആര്‌ വിചാരിച്ചാലും ഇല്ലാതാക്കാന്‍ കഴിയില്ല. താന്‍ ഐ.സി.എല്ലില്‍ ചേര്‍ന്നത്‌ മുതല്‍ കേട്ടിട്ടുണ്ട്‌ ഇത്തരം കിംവദന്തികള്‍, ഇതെല്ലാം വെറും അനാവശ്യ സംസാരമാണ്‌. ഒരു തരത്തിലുളള പന്തയ വിവാദത്തിലും എനിക്ക്‌ പങ്കില്ല. ഈ കാര്യം ഞാന്‍ പലപ്പോഴായി വ്യക്തമാക്കിയതാണ്‌. ഐ.സി.എല്ലില്‍ നിന്നും പിന്മാറിയത്‌ ഫിറ്റ്‌നസ്‌ പ്രശ്‌നത്തിലാണെന്നും കെയിന്‍സ്‌ വ്യക്തമാക്കി.

സച്ചിന്‍ ലോകകപ്പിന്‌ ഇല്ല
മുംബൈ: വിന്‍ഡീസില്‍ നടക്കുന്ന 20-20 ലോകകപ്പില്‍ കളിക്കണമെന്ന നിര്‍ദ്ദേശം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തള്ളി. സുനില്‍ ഗവാസ്‌ക്കര്‍, മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ തുടങ്ങിയ മുന്‍നിര താരങ്ങളാണ്‌ ലോകകപ്പില്‍ സച്ചിന്‍ ഉള്‍പ്പെടെയുളള സീനിയര്‍ ക്രിക്കറ്റര്‍മാര്‍ക്ക്‌ അവസരം നല്‍കണമെന്ന്‌ നിര്‍ദ്ദേശിച്ചത്‌. ഐ.പി.എല്ലില്‍ സച്ചിനും സീനിയര്‍ താരങ്ങളും തകര്‍പ്പന്‍ പ്രകട
നമാണ്‌ നടത്തുന്നത്‌. ഈ സാഹചര്യത്തിലാണ്‌ സച്ചിന്‌ വേണ്ടി പലരും രംഗത്ത്‌ വന്നത്‌. എന്നാല്‍ 20-20 ദേശീയ ടീമില്‍ യുവതാരങ്ങള്‍ക്കാണ്‌ അവസരം നല്‍്‌കേണ്ടതെന്ന്‌ സച്ചിന്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ നായകനായി വലിയ ഇന്നിംഗ്‌സ്‌ കളിക്കുന്ന സച്ചിന്‌ ദേശീയ ടീമിനെ ലോകകപ്പിലും സഹായിക്കാന്‍ കഴിയുമെന്ന്‌ അസ്‌ഹറുദ്ദീന്‍ പറഞ്ഞിരുന്നു. ദോശിയ ടീമിന്‌ വേണ്ടി ഇത്‌ വരെ ഒരു 20-20 മല്‍സരം മാത്രമാണ്‌ സച്ചിന്‍ കലിച്ചത്‌. 2007 ല്‍ പ്രഥമ ലോകകപ്പില്‍ സച്ചിനും രാഹുല്‍ ദ്രാവിഡും സൗരവ്‌ ഗാംഗുലിയും കളിക്കുമെന്നാണ്‌ കരുതപ്പെട്ടത്‌. എന്നാല്‍ അവസാന നിമിഷം ഇവരെ മാറ്റുകയും മഹേന്ദ്രസിംഗ്‌ ധോണിയുടെ നേതൃത്ത്വത്തില്‍ യുവ ടീമിനെ അയക്കുകയും ചെയ്യുകയായിരുന്നു.

റോയല്‍സ്‌ വിജയം
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ വിജയം രാജസ്ഥാന്‍ റോയല്‍സിന്‌. ആദ്യം ബാറ്റ്‌ ചെയ്‌ത്‌ സമ്പാദിച്ച 183 റണ്‍സ്‌ പ്രതിരോധിക്കുന്നതില്‍ വോണും സംഘവും വിജയിച്ചു. രാജസ്ഥാന്‍ റോയല്‍സ്‌ ആദം വോഗ്‌സ്‌ (45), ഫായിസ്‌ ഫസല്‍ (45), എം.ജെ ലുംബ്‌ (41) യൂസഫ്‌ പത്താന്‍ (28) എന്നിവരുടെ മികവില്‍ അഞ്ച്‌ വിക്കറ്റിന്‌ 183 റണ്‍സ്‌ നേടിയപ്പോള്‍ പഞ്ചാബിന്റെ പുകള്‍പെറ്റ ബാറ്റിംഗ്‌ നിര ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. രവി ബോപ്പാരയും കുമാര്‍ സങ്കക്കാരയും ചേര്‍ന്ന്‌ തകര്‍പ്പന്‍ തുടക്കമാണ്‌ ടീമിന്‌ നല്‍കിയത്‌. പക്ഷേ മധ്യനിര പതറി. ആറ്‌ തകര്‍പ്പന്‍ ബൗണ്ടറികളുമായി സങ്കക്കാര റോയല്‍സിനെ പ്രഹരിച്ചെങ്കിലും ഷോണ്‍ ടെയിറ്റിന്റെ അതിവേഗതയില്‍ വീണു. ബിസ്‌ലയാണ്‌ കാണികളെ കൈയ്യിലെടുത്തത്‌. 18 പന്തില്‍ നിന്ന്‌ 35 റണ്‍സാണ്‌ വെടിക്കെട്ട്‌ ആവേശത്തില്‍ യുവതാരം നേടിയത്‌. നാല്‌ ബൗണ്ടറികളും രണ്ട്‌ സിക്‌സറും പായിച്ച ബിസ്‌ലയെ വോണ്‍ പുറത്താക്കിയപ്പോള്‍ യുവരാജും (15), ഇര്‍ഫാനും (1), കൈഫും (8) വേഗം മടങ്ങി.
ടോസ്‌ ഭാഗ്യം രാജസ്ഥാന്‍ റോയല്‍സിനായിരുന്നു. പി.സി.എ പിച്ചിലെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി ആദ്യം ബാറ്റ്‌ ചെയ്യാനായിരുന്നു ഷെയിന്‍ വോണിന്റെ തീരുമാനം. പ്രതീക്ഷിക്കപ്പെട്ട സൂപ്പര്‍ താരങ്ങളെല്ലാം രണ്ട്‌ ടീമിലും അണിനിരന്നു. പക്ഷേ നോട്ടപ്പുള്ളികള്‍ പത്താന്‍ സഹോദരങ്ങളായിരുന്നു.
എം.ജെ ലുംമ്പ്‌, നമാന്‍ ഒജ എന്നിവരായിരുന്നു പതിവ്‌ പോലെ രാജസ്‌ഥാന്‍ ഇന്നിംഗ്‌സിന്‌ തുടക്കമിട്ടത്‌. പഞ്ചാബിന്‌ വേണ്ടി പുതിയ പന്തെടുത്തത്‌ അനുഭവ സമ്പന്നരായ ഇര്‍ഫാന്‍ പത്താനും ശ്രീശാന്തും. ഇര്‍ഫാന്റെ ആദ്യ ഓവറില്‍ തന്നെ എട്ട്‌ റണ്‍സ്‌ പിറന്നപ്പോള്‍ രാജസ്‌ഥാന്‌ ആത്മവിശ്വാസമായി. ലുംബാണ്‌ ഭയപ്പെടാതെ കളിച്ചത്‌. നാലാം ഓവറില്‍ സ്‌ക്കോര്‍ 35 ല്‍ നില്‍ക്കവെ ഒജയുടെ വിക്കറ്റുമായി ശ്രീശാന്ത്‌ പഞ്ചാബിന്‌ ആദ്യ വിക്കറ്റ്‌ സമ്മാനിച്ചു. പത്ത്‌ പന്ത്‌ നേരിട്ട്‌ ഒജ മൂന്ന്‌ മനോഹരമായ ബൗണ്ടറികള്‍ പായിച്ചിരുന്നു. പകരം വന്നത്‌ ഫായിസ്‌ ഫസലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ നാളത്തെ താരമായി വിശേഷിപ്പിക്കപ്പെടുന്ന ഫസലിനെ സാക്ഷിയാക്കി ലുംബ്‌ നടത്തിയ വെടിക്കെട്ടില്‍ പഞ്ചാബ്‌ തളരുന്നതാണ്‌ കണ്ടത്‌. മുപ്പത്‌ പന്ത്‌ മാത്രം നേരിട്ട ലുംബ്‌ ഏഴ്‌ തവണ അതിര്‍ത്തി ഷോട്ടുകള്‍ പായിച്ചു. പിയുഷ്‌ ചാവ്‌ല വന്നപ്പോള്‍ ക്രീസ്‌ വിട്ട്‌ പ്രഹരിക്കാനുള്ള ശ്രമത്തില്‍ സ്റ്റംമ്പ്‌ ചെയ്യപ്പെട്ട ലുംബിന്‌ പകരം വന്നത്‌ യൂസഫ്‌ പത്താനായിരുന്നു. തുടക്കത്തില്‍ തന്നെ യൂസഫ്‌ പന്തിനെ ഉയര്‍ത്തിയപ്പോള്‍ ക്യാച്ചെടുക്കാന്‍ പറന്നെത്തിയത്‌ ഇര്‍ഫാനായിരുന്നു. പക്ഷേ പ്രയാസകരമായ അവസരം ഉപയോഗപ്പെടുത്താന്‍ ഇര്‍ഫാന്‌ കഴിഞ്ഞില്ല. പന്ത്‌ അദ്ദേഹത്തിന്റെ കരങ്ങളിലൂടെ നിലത്ത്‌ വീണു. ഇര്‍ഫാന്റെ ഭാഗ്യത്തിന്‌ കൂടുതല്‍ സമയം ക്രിസില്‍ നിലയുറപ്പിക്കാന്‍ യൂസഫിന്‌ കഴിഞ്ഞില്ല. ശ്രീവാസ്‌തവയുടെ പന്തില്‍ ഒരു സിക്‌സര്‍ പറത്തിയതിന്‌ പിറകെ മറ്റൊരു കൂറ്റന്‍ ഷോട്ടിനുള്ള ശ്രമത്തില്‍ യൂസഫ്‌ യുവരാജ്‌ സിംഗിന്റെ കരങ്ങളിലായി. 19 പന്തില്‍ നിന്ന്‌ 28 റണ്‍സാണ്‌ യൂസഫ്‌ സമ്പാദിച്ചത്‌. സ്‌ക്കോര്‍ 11 ല്‍ എത്തിയപ്പോവാണ്‌ യൂസഫ്‌ പുറത്തായത്‌. അതിന്‌ ശേഷം ഫസല്‍ തകര്‍പ്പന്‍ പ്രകടനം നടത്തി. ഓസ്‌ട്രേലിയക്കാരന്‍ ആദം വോഗ്‌സാണ്‌ ഇന്നിംഗ്‌സിന്‌ അതിവേഗം നല്‍കിയത്‌. 24 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ 45 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു.
പഞ്ചാബ്‌ ബൗളര്‍മാരില്‍ എല്ലാവരും അടി വാങ്ങി. ഇര്‍ഫാന്‍ 45 റണ്‍സ്‌ വഴങ്ങിയപ്പോള്‍ ശ്രീവാസ്‌തവ 49 റണ്‍സ്‌ വഴങ്ങി.

No comments: