Friday, March 5, 2010

POOR HOCKEY

തേര്‍ഡ്‌ ഐ കമാല്‍ വരദൂര്‍
ഊര്‍ജ്ജം പാക്കിസ്‌താന്‍ കൊണ്ടു പോയി
ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഊര്‍ജ്ജമെല്ലാം പാക്കിസ്‌താന്‍ കൊണ്ടുപോയി എന്ന്‌ പറഞ്ഞാല്‍ അത്‌ തെറ്റാവില്ല. ലോകകപ്പ്‌ ഹോക്കിയിലെ ആദ്യ മല്‍സരത്തില്‍ പാക്കിസ്‌താനെ 4-1 ന്‌ തകര്‍ത്ത ഇന്ത്യ അത്‌ കഴിഞ്ഞ്‌ കളിച്ച രണ്ട്‌ മല്‍സരങ്ങളില്‍ നിന്നായി വാങ്ങിയത്‌ പത്ത്‌ ഗോളുകളാണ്‌, അടിച്ചതോ നാലും... എന്താണ്‌ ഇന്ത്യന്‍ ടീമിന്‌ സംഭവിച്ചത്‌ എന്ന ചോദ്യത്തിനുത്തരം തേടുമ്പോള്‍ കാര്യങ്ങള്‍ പറയാന്‍ എളുപ്പമാണ്‌. പാക്കിസ്‌താനെതിരായ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ അവരുടെ ഊര്‍ജ്ജത്തിനൊപ്പം ജയിക്കണമെന്ന വാശിയും കഠിനമായി പ്രയോഗിച്ചു. ഊര്‍ജ്ജത്തിനൊപ്പം വാശിയുമായപ്പോള്‍ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ അവരുടെ ഏറ്റവും മികച്ച പ്രകടനം നടത്താനായി. ഓസ്‌ട്രേലിയ, സ്‌പെയിന്‍ എന്നിവര്‍ക്കെതിരായ മല്‍സരത്തില്‍ ഊര്‍ജ്ജം മാത്രമാണ്‌ ഇന്ത്യ പ്രയോഗിച്ചത്‌-താരങ്ങള്‍ വാശിയും വീറുമായി കളിച്ചില്ല. സ്‌പെയിനിനെതിരായ മല്‍സരം തന്നെ ഉത്തമോദാഹരണം.. ഇന്ത്യയാണ്‌ അദ്ധ്വാനിച്ച്‌ കളിച്ചത്‌. പ്രത്യേകിച്ച്‌ രണ്ടാം പകുതിയില്‍. പക്ഷേ മൂന്ന്‌ ഗോളുകളാണ്‌ സ്‌പാനിഷ്‌ മുന്‍നിരക്കാര്‍ രണ്ടാം പകുതിയില്‍ മാത്രം ഇന്ത്യന്‍ വലയില്‍ നിക്ഷേപിച്ചത്‌. അവിടെയാണ്‌ പ്രകടമായ മാറ്റം കാണേണ്ടത്‌. സ്‌പാനിഷ്‌ മുന്‍നിരക്കാര്‍ക്കും മധ്യനിരക്കാര്‍ക്കും ഇന്ത്യന്‍ ഡിഫന്‍സിനെ തുളച്ചു കയറാനും നമ്മുടെ ഗോള്‍ക്കീപ്പറെ പരാജയപ്പെടുത്താനും എളുപ്പം കഴിഞ്ഞു. ഇന്ത്യന്‍ മുന്‍നിരയോ, ഡിഫന്‍സിനെ തോല്‍പ്പിച്ചിട്ടും ഗോള്‍ക്കീപ്പര്‍ക്ക്‌ മുന്നില്‍ പതറി, അല്ലെങ്കില്‍ ദയനീയമായ ഫിനിഷിംഗില്‍ അവസരങ്ങള്‍ തുലച്ചു.
പാക്കിസ്‌താനെ പോലെ ശക്തരും പരമ്പരാഗത ശത്രുക്കളുമായ ഒരു ടീമിനെതിരെ ലോകകപ്പ്‌ പോലെ വലിയ ഒരു ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തില്‍ തന്നെ തകര്‍പ്പന്‍ വിജയം നേടാനായ ഒരു ടീം അടുത്ത മല്‍സരങ്ങളില്‍ തകരുന്നതിലെ സാഗത്യം ദുരൂഹമാണ്‌.. സാധാരണ ഗതിയില്‍ ആദ്യ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞാല്‍ ആ കരുത്തിലും ആത്മവിശ്വാസത്തിലും അടുത്ത മല്‍സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ടീമിനാവും. പക്ഷേ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ നടത്തിയ പ്രകടനം പരാജിതരുടേതായിരുന്നു. ഓസ്‌ട്രേലിയ ലോക ഹോക്കിയിലെ ശക്തരാണ്‌. അവരുടെ നിരയിലാണ്‌ വ്യക്തിഗത പ്രഭാവമുള്ളവര്‍ കളിക്കുന്നത്‌. അവരാണ്‌ അതിവേഗ ഹോക്കിയുടെ വക്താക്കള്‍. എല്ലാം സത്യം. പക്ഷേ ഈ സത്യം അംഗീകരിക്കുന്ന രീതിയില്‍ കളിച്ചതാണ്‌ അപകടമായത്‌. മല്‍സരത്തിലെ രണ്ടാം മിനുട്ടില്‍ തന്നെ ഇന്ത്യന്‍ വലയില്‍ പന്തെത്തി. അതോടെ നമ്മുടെ ടീം തകര്‍ന്നു-മാനസികമായി. പാക്കിസ്‌താനെതിരായ മല്‍സരത്തില്‍ കണ്ട ഊര്‍ജ്ജസ്വലരായ ഇന്ത്യ ഓസ്‌ട്രലിയക്കെതിരെ പതറുന്ന പ്രതിരോധ ഗെയിമിന്റെ വക്താക്കളായി. ഈ ആനുകൂല്യത്തിലാണ്‌ ഓസ്‌ട്രേലിയക്കാര്‍ പിന്നെ ആഞ്ഞടിച്ചത്‌. ഓസ്‌ട്രേലിയ കളിച്ച അതേ ഗെയിം പ്ലാനാണ്‌ സ്‌പാനിഷുകാരും നടപ്പിലാക്കിയത്‌. ഇന്ത്യക്കാരെ തുടക്കത്തില്‍ തന്നെ ഞെട്ടിക്കുക. ആദ്യ പകുതിയില്‍ രണ്ട്‌ ഗോളുകള്‍ സ്‌പെയിന്‍കാര്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ തന്നെ ഇന്ത്യ മാനസികമായി തകര്‍ന്നു. രണ്ടാം പകുതിയില്‍ ഇന്ത്യ കളിച്ചെങ്കിലും വിജയിക്കാനുളള കനത്ത സമ്മര്‍ദ്ദത്തിന്റെ മാനസികവ്യഥ ടീമിനുണ്ടായിരുന്നു.
ഇനി രണ്ട്‌ മല്‍സരങ്ങളാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക്‌ ശേഷിക്കുന്നത്‌. അതില്‍ ഇന്ന്‌ നടക്കുന്ന മല്‍സരം ഇംഗ്ലണ്ടുമായാണ്‌. കളിച്ച എല്ലാ മല്‍സരങ്ങളിലും വന്‍ വിജയം നേടിയവരാണ്‌ ഇംഗ്ലീഷുകാര്‍. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ ഞെട്ടിച്ചവര്‍. ഈ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ തല്‍ക്കാലം ഇന്ത്യക്കായാലും സെമി കാര്യത്തില്‍ ഉറപ്പില്ല. അവസാന പൂള്‍ മല്‍സരം ദക്ഷിണാഫ്രിക്കയുമായാണ്‌. ആ മല്‍സരത്തില്‍ തീര്‍ച്ചയായും വിജയിക്കാന്‍ കഴിയും. കളിച്ച മൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ രണ്ട്‌ പോയന്റ്‌്‌ മാത്രം സമ്പാദിക്കാനായ ആതിഥേയര്‍ സെമിയില്‍ കളിക്കുന്ന കാര്യത്തില്‍ വലിയ സംശയം നിലനില്‍ക്കെ ദുരന്തമായി ലോകകപ്പ്‌ മാറരുത്‌ എന്ന്‌ മാത്രം ആശിക്കാം.

ഓവന്‍ പുറത്ത്‌്‌
ലണ്ടന്‍: ലോകകപ്പിന്‌ ആദ്യ കാഷ്വാലിറ്റി...! മൈക്കല്‍ ഓവന്‌ പതിവ്‌ പോലെ പരുക്കില്‍ ലോകകപ്പ്‌ കളിക്കാനാവില്ല.. ഫുട്‌ബോള്‍ ലോകത്തിന്‌ ഇംഗ്ലണ്ട്‌്‌ സമ്മാനിച്ച മഹാന്മാരായ താരങ്ങളില്‍ ഒരാളായ ഓവന്റെ കരിയറില്‍ പരുക്ക്‌ എന്നും വില്ലനായിരുന്നു. പല നിര്‍ണ്ണായക ചാമ്പ്യന്‍ഷിപ്പുകളിലും പരുക്കില്‍ പുറത്താവുന്ന മുന്‍നിരക്കാരന്‌ പേശീവലിവാണ്‌ ഇപ്പോള്‍ വില്ലനായിരിക്കുന്നത്‌. കഴിഞ്ഞയാഴ്‌ച്ച നടന്ന കാര്‍ലിംഗ്‌ കപ്പ്‌ ഫൈനലിനിടെ പരുക്കേറ്റ്‌ മടങ്ങിയ ഓവന്‌ ഇനി ഈ സീസണില്‍ കളിക്കാന്‍ കഴിയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ക്ലബായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ അറിയിച്ചിരിക്കുന്നത്‌. രണ്ട്‌ വര്‍ഷത്തെ കരാറില്‍ ഈ സീസണിന്റെ തുടക്കത്തിലാണ്‌ ഓവന്‍ മാഞ്ചസ്‌റ്ററില്‍ എത്തിയത്‌. പരുക്ക്‌ കാരണം ചില മല്‍സരങ്ങളും അദ്ദേഹത്തിന്‌ നഷ്ടമായിരുന്നു. ഇപ്പോള്‍ കാര്യമായ പരുക്കില്‍ അദ്ദേഹത്തിന്‌ സീസണ്‍ നഷ്ടമാവുമ്പോള്‍ ഒരു തിരിച്ചുവരവ്‌ പോലും സാധ്യമാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌.
കാര്‍ലിംഗ്‌ കപ്പില്‍ ആസ്റ്റണ്‍ വില്ലക്കെതിരായ ഫൈനല്‍ മല്‍സരത്തില്‍ മികച്ച പ്രകടനമാണ്‌ ഒന്നാം പകുതിയില്‍ ഓവന്‍ നടത്തിയത്‌. ഒരു ഗോളും അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തിരുന്നു. മല്‍സരം ആസ്വദിക്കാനെത്തിയവരില്‍ ഇംഗ്ലീഷ്‌ ദേശീയ ടീം കോച്ച്‌ ഫാബിയോ കാപ്പലോ ഉള്‍പ്പെടെയുള്ള ഉന്നതരുമുണ്ടായിരുന്നു. എന്നാല്‍ ആദ്യ പകുതിയുടെ അവസാനത്തില്‍ പരുക്കുമായി ഓവന്‍ പുറത്തായി. പകരം വയിന്‍ റൂണിയാണ്‌ കളിച്ചത്‌. റൂണി രണ്ട്‌ ഗോളും നേടി.
വെംബ്ലിയില്‍ നടന്ന കാര്‍ലിംഗ്‌ കപ്പ്‌ ഫൈനലില്‍ സംഭവിച്ച പരുക്ക്‌ ഇത്ര ഗുരുതരമാവുമെന്ന്‌ അറിയില്ലായിരുന്നുവെന്ന്‌ മാഞ്ചസ്റ്റര്‍ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ പറഞ്ഞു. ഈ സീസണില്‍ ഇനി അദ്ദേഹത്തിന്‌ കളിക്കാന്‍ കഴിയില്ല. വേദനാജനകമായ വാര്‍ത്തയാണെങ്കിലും സത്യത്തെ അംഗീകരിക്കേണ്ടി വരുകയാണെന്നും കോച്ച്‌ പറഞ്ഞു.
നിരാശയിലാണ്‌ ഓവനും. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ പോലെ ശക്തരായ ഒരു ടീമിനൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്‌. നല്ല പ്രകടനം അവര്‍ക്കായി കാഴ്‌ച്ചവെക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ പരുക്കുമായി പുറത്താവുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ലോകകപ്പില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു-ഓവന്റെ വാക്കുകള്‍. ദക്ഷിണാഫ്രിക്കയില്‍ ജൂണില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ കഴിയുമെന്ന വിശ്വാസം നേരത്തെ ഓവനുണ്ടായിരുന്നില്ല. പക്ഷേ കോച്ച്‌ ഫാബിയോ കാപ്പലോ ഓവനെ നോട്ടമിട്ടിരുന്നു. പരുക്കോടെ അദ്ദേഹത്തിന്റെ എല്ലാ പ്രതീക്ഷകളുമാണ്‌ അവസാനിക്കുന്നത്‌. രാജ്യത്തിന്‌ വേണ്ടി ഇതിനകം 89 മല്‍സരങ്ങള്‍ കളിച്ച ഓവന്‍ 40 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തിട്ടുണ്ട്‌. 2008 മാര്‍ച്ചില്‍ ഫ്രാന്‍സിനെതിരെ നടന്ന സൗഹൃദ മല്‍സരത്തിലാണ്‌ അദ്ദേഹം അവസാനമായി രാജ്യത്തിന്‌ കളിച്ചത്‌. ഇത്തവണ മാഞ്ചസ്റ്റര്‍ നിരയില്‍ എത്തിയപ്പോള്‍ യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഒരു ഹാട്രിക്‌ ഉള്‍പ്പെടെ മികച്ച പ്രകടനം ഓവന്‍ നടത്തിയിരുന്നു.



കേരളത്തിന്‌ ഐ പി.എല്‍ ഇല്ല
തിരുവനന്തപുരം: കേരളത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ സ്വപ്‌നങ്ങള്‍ക്ക്‌ അകാലത്തില്‍ അന്ത്യം.... ചലച്ചിത്ര താരമായ മോഹന്‍ലാലിനെയും സംവിധാകയന്‍ പ്രിയദര്‍ശനെയും കേന്ദ്രീകരിച്ചുള്ള പുതിയ ടീം നീക്കം സാമ്പത്തിക കാരണങ്ങളാല്‍ ഇല്ലാതായി. ഏഴ്‌ ദിവസത്തെ സമയത്തില്‍ കോടികളുടെ മുതല്‍ മുടക്കിന്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ഗവേണിംഗ്‌ കമ്മിറ്റി നല്‍കിയ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ പ്രിയദര്‍ശന്‍ വ്യക്തമാക്കിയതോടെയാണ്‌ ഐ.പി.എല്‍ സ്വപ്‌നങ്ങള്‍ക്ക്‌ കര്‍ട്ടണ്‍ വീണത്‌. ഏഴ്‌ ദിവസത്തെ സമയത്തില്‍ കോടികളാണ്‌ പുതിയ ടീമുകളോട്‌ കാണിക്കാന്‍ ഗവേണിംഗ്‌ കമ്മിറ്റി ആവശ്യപ്പെട്ടത്‌. പുതിയ ടീമിന്റെ നീക്കിയിരുപ്പ്‌ 1442 കോടിയായിരിക്കണമെന്നും, ടീമിന്റെ ഉടമയുടെ ആസ്‌തി 4850 കോടിയായിരിക്കണമെന്നും ബാങ്ക്‌ ബാലന്‍സിലും കോടികള്‍ വേണമെന്നുമുള്ള നിബന്ധനകളാണ്‌ പ്രിയര്‍ശനും ലാലിനും വിലങ്ങായത്‌. മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌ ഉള്‍പ്പെടെയുളള വ്യവസായ ഗ്രൂപ്പുകളുടെയും പ്രവാസി മലയാളികളുടെയും സഹകരണത്തോടെ ടീമിനെ രംഗത്തിറക്കാനായിരുന്നു പരിപാടികള്‍.
ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റിയുടെ നിബന്ധനകള്‍ പണചാക്കുകള്‍ക്ക്‌ മാത്രമുള്ളതാണെന്ന്‌ പ്രിയദര്‍ശന്‍ പറഞ്ഞു. ഇത്തരം വലിയ നിബന്ധനകള്‍ ചെറിയ ദിവസത്തിനുള്ളില്‍ പാലിക്കുക എന്നത്‌ എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ടീമിനെ ചുറ്റിപ്പറ്റി വലിയ സ്വപ്‌നങ്ങളാണ്‌ കുറഞ്ഞ ദിവസത്തിനുള്ളില്‍ ഉയര്‍ന്നത്‌. കേരളത്തില്‍ നിന്ന്‌ ഒരു ടീം വരുകയാണെങ്കില്‍ അത്‌ സംസ്ഥാനത്തെ ക്രിക്കറ്റര്‍മാര്‍ക്ക്‌ ഗുണകരമാവുമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കേരളം പിറകിലാണെങ്കിലും ശ്രീശാന്തിനെ പോലുള്ള ശക്തരായ താരങ്ങളുടെ സാന്നിദ്ധ്യത്തില്‍, മികച്ച പിന്‍മുറക്കാരെ വാര്‍ത്തെടുക്കാന്‍ കഴിയുമായിരുന്നു. പക്ഷേ എല്ലാം പെട്ടെന്ന്‌ അവസാനിച്ചു.

തിരിച്ചടിക്കാന്‍ ഓസീസ്‌
ഓക്‌ലാന്‍ഡ്‌: ന്യൂസിലാന്‍ഡ്‌-ഓസ്‌ട്രേലിയ പഞ്ചമല്‍സര ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന്‌ ഓക്‌ലാന്‍ഡില്‍. ആദ്യ മല്‍സരത്തില്‍ രണ്ട്‌ വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ന്യൂസിലാന്‍ഡിനെ തടയാന്‍ ഓസ്‌ട്രേലിയ രംഗത്തിറങ്ങുമ്പോള്‍ മല്‍സരം ആവേശകരമാവും. നേപ്പിയറില്‍ നടന്ന ആദ്യ മല്‍സരത്തില്‍ സ്‌ക്കോട്ട്‌ സ്‌റ്റൈറിസിന്റെ മികവില്‍ അവസാന ഓവറിലാണ്‌ കീവിസ്‌ വിജയം വരിച്ചത്‌. ഇന്നത്തെ മല്‍സരത്തിലും ആദ്യ ഇലവനില്‍ സ്‌റ്റൈറിസ്‌ കളിക്കുന്നുണ്ട്‌. ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി പരുക്ക്‌ കാരണം കളിക്കുന്ന കാര്യം സംശയത്തിലാണ്‌. വെട്ടോരിയില്ലാത്തപക്ഷം റോസ്‌ ടെയ്‌ലര്‍ തന്നെ ടീമിനെ നയിക്കും.

ലോകകപ്പ്‌ ഹോക്കി
ന്യൂഡല്‍ഹി: ലോകകപ്പ്‌ ഹോക്കിയില്‍ ഇന്ത്യയുടെ അവസാന സെമി സാധ്യതകളെ തകര്‍ക്കാന്‍ ഇന്ന്‌ ഇംഗ്ലണ്ട്‌ ഇറങ്ങുന്നു. കളിച്ച മൂന്ന്‌ മല്‍സരങ്ങളിലും വമ്പന്‍ വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ടിന്‌ മുന്നില്‍ ഇന്ത്യ വിറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പൂള്‍ ബിയില്‍ ഇപ്പോള്‍ ആറ്‌ പോയന്റുമായി ഒന്നാം സ്ഥാനത്താണ്‌ ഇംഗ്ലണ്ട്‌. ഓസ്‌ട്രേലിയ ഉള്‍പ്പെടെ പ്രബലരെയാണ്‌ ഇതിനകം ഇംഗ്ലണ്ട്‌ തോല്‍പ്പിച്ചത്‌. ഇന്ത്യയാവട്ടെ ഗ്രൂപ്പില്‍ രണ്ട്‌ പോയന്റുമായി നാലാമതാണ്‌. ആദ്യ മല്‍സരത്തില്‍ പാക്കിസ്‌താനെ തോല്‍പ്പിച്ച്‌ തുടങ്ങിയ ഇന്ത്യ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ വന്‍ മാര്‍ജിനില്‍ ഓസ്‌ട്രേലിയ, സ്‌പെയിന്‍ എന്നിവരോട്‌ പരാജയപ്പെട്ടിരുന്നു.
ഇന്ന്‌ ഇന്ത്യന്‍ സംഘത്തില്‍ ശിവേന്ദ്രസിംഗ്‌ കളിക്കുന്നു എന്നത്‌ മാത്രമാണ്‌ ആശ്വാസം. ആദ്യ മല്‍സരത്തില്‍ മികവ്‌ പ്രകടിപ്പിച്ച മുന്‍നിരക്കാരന്‍ അടുത്ത രണ്ട്‌ മല്‍സരത്തില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടിരുന്നു. ഇന്ന്‌ അദ്ദേഹം കളിക്കുമ്പോള്‍ ഗോള്‍വല കാക്കാന്‍ മലയാളി താരം ശ്രീജേഷിന്‌ അവസരമുണ്ടാവില്ല. സ്‌പെയിനിനെതിരായ മല്‍സരത്തില്‍ അഞ്ച്‌ ഗോളുകളാണ്‌ ശ്രീജേഷിന്റെ കൈവശത്ത്‌ നിന്നും ചോര്‍ന്നത്‌. ഇന്ന്‌ ഫസ്റ്റ്‌ ചോയിസ്‌ ഗോള്‍ക്കീപ്പര്‍ അഡ്രിയാന്‍ ഡിസൂസക്കായിരിക്കും അവസരമെന്ന്‌ കോച്ച്‌ ബാര്‍സ സൂചിപ്പിച്ചിട്ടുണ്ട്‌. ഇനി അല്‍ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമാണ്‌ ഇന്ത്യക്ക്‌ സാധ്യതയെന്ന്‌ അദ്ദേഹം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇന്ത്യക്ക്‌ നേരിയ ആശ്വാസം ഇംഗ്ലണ്ടിന്റെ പ്രമുഖ താരം റിച്ചാര്‍ഡ്‌ മെന്റല്‍ ഇന്ന്‌ കളിക്കുന്നില്ല എന്നതാണ്‌.

കൊറിയക്കും തോല്‍വി
ന്യൂഡല്‍ഹി: ലോകകപ്പ്‌ ഹോക്കിയില്‍ ഏഷ്യന്‍ ടീമുകളെല്ലാം തപ്പിതടയുന്നു. ഇന്നലെ ദക്ഷിണ കൊറിയ ന്യൂസിലാന്‍ഡിന്‌ മുന്നില്‍ തല കുനിച്ചതോടെ അവരുടെ സെമി സാധ്യതകള്‍ക്ക്‌ മങ്ങലേറ്റു. പൂള്‍ ബി യില്‍ കളിക്കുന്ന ഏഷ്യന്‍ ടീമുകളായ ഇന്ത്യയും പാക്കിസ്‌താനും ഏതാണ്ട്‌ പുറത്തായിട്ടുണ്ട്‌. ദക്ഷിണ കൊറിയയും പുറത്തായാല്‍ സെമിയില്‍ ഏഷ്യന്‍ ടീമുകളുണ്ടാവില്ല. കൊറിയക്കാര്‍ എളുപ്പ വിജയം പ്രതിക്ഷിച്ച മല്‍സരമായിരുന്നു ഇത്‌. പക്ഷേ കിവി ടീം പെനാല്‍ട്ടി കോര്‍ണറും പെനാല്‍ട്ടി സ്‌ട്രോക്കും ഉപയോഗപ്പെടുത്തി.

ഇംഗ്ലണ്ടിന്‌ മൂന്നാം വിജയം
ചിറ്റഗോംഗ്‌: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലും ഇംഗ്ലണ്ടിന്‌ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ അഞ്ച്‌ വിക്കറ്റിന്‌ 284 റണ്‍സ്‌ നേടിയപ്പോള്‍ ബംഗ്ലാദേശിന്‌ ഒമ്പത്‌ വിക്കറ്റിന്‌ 239 റണ്‍സ്‌ മാത്രമാണ്‌ നേടാനായത്‌. 45 റണ്‍സിന്‌ ഇംഗ്ലണ്ടിന്‌ വിജയം സമ്മാനിച്ചത്‌ ഏകദിന ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി സ്വന്തമാക്കിയ ക്രെയിഗ്‌ ക്രിസ്‌വെല്‍റ്റിന്റെ പ്രകടനമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ വംശജനായ ക്രെയിഗ്‌ ഇംഗ്ലണ്ടിനായി കളിക്കുന്ന മൂന്നാമത്‌ മല്‍സരമാണിത്‌. മൂന്ന്‌ സിക്‌സറുകള്‍ ഉള്‍പ്പെടെ 124 പന്തില്‍ നിന്ന്‌ അദ്ദേഹം 107 റണ്‍സ്‌ നേടി.

സിംബാബ്‌വെ വിന്‍ഡീസിനെ തോല്‍പ്പിച്ചു
പ്രോവിഡന്‍സ്‌: വിന്‍ഡീസ്‌ ഏകദിന ടീം ക്ലച്ചു പിടിക്കുന്നില്ല. ദുര്‍ബലരെന്ന്‌ കരുതിയിരുന്ന സിംബാബ്‌വെക്ക്‌ മുന്നില്‍ ആദ്യ ഏകദിനത്തില്‍ കരിബീയന്‍ സംഘം തോറ്റു. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ ഒമ്പത്‌ വിക്കറ്റിന്‌ 252 റണ്‍സ്‌ നേടിയപ്പോള്‍ സിംബാബ്‌വെ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 254 റണ്‍സ്‌ നേടി. 95 റണ്‍സ്‌ നേടിയ സിബാന്‍ഡയും 56 റണ്‍സ്‌ നേടിയ തടേന്‍ഡ ടായിബുവുമാണ്‌ സിംബാബ്‌വെ നിരയില്‍ തിളങ്ങിയത്‌.

No comments: