Thursday, January 5, 2012

GREAT CLARK

തേര്‍ഡ്‌ ഐ
നമിക്കുക ക്ലാര്‍ക്കിന്റെ മനസിനെ
പഠിക്കാനുണ്ട്‌ മൈക്കല്‍ ക്ലാര്‍ക്കിന്റെ മാരത്തോണ്‍ ഇന്നിംഗ്‌സില്‍ നിന്ന്‌. പ്രൊഫഷണലിസമെന്തെന്ന്‌ അറിയാത്ത ഇന്ത്യന്‍ താരങ്ങളെ സാക്ഷിയാക്കി 329 ല്‍ സ്വന്തം ഇന്നിംഗ്‌സിന്‌ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ വിരാമമിട്ടപ്പോള്‍ വ്യക്തിഗതമായ അദ്ദേഹത്തിന്‌ പലതും നഷ്‌ടമായി. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌ക്കോറായ ബ്രയന്‍ ലാറയുടെ 400 റണ്‍സ്‌ അദ്ദേഹത്തിന്‌ മറികടക്കാമായിരുന്നു. രണ്ടര ദിവസത്തോളം ബാക്കിയുണ്ടായിരുന്നല്ലോ...! ടെസ്‌റ്റിലെ ഒരു ഓസ്‌ട്രേലിയക്കാരന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌ക്കോറായ മാര്‍ക്‌ ടെയ്‌ലറുടെ 334 റണ്‍സിനെ തോല്‍പ്പിക്കാമായിരുന്നു. റെക്കോര്‍ഡിനായല്ല താന്‍ കളിക്കുന്നതെന്ന്‌ പ്രഖ്യാപിച്ച്‌ വീരോചിതം സ്വന്തം ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌ത ടെയ്‌ലറുടെ പാതയില്‍ ക്ലാര്‍ക്ക്‌ ബാറ്റിംഗ്‌ മതിയാക്കിയത്‌ ടീമിന്റെ താല്‍പ്പര്യത്തിന്‌ പുല്ലുവില കല്‍പ്പിക്കുന്ന വിരേന്ദര്‍ സേവാഗ്‌, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്‌ ലക്ഷ്‌മണ്‍ എന്നിവരെയെല്ലാം സാക്ഷിയാക്കി. ഇന്ത്യയുടെ ടെസ്റ്റ്‌ ചരിത്രം നോക്കുക. നമ്മുടെ മഹാരഥന്മാരെല്ലാം സ്വന്തം കാര്യത്തില്‍ പുലര്‍ത്തിയ ജാഗ്രതക്ക്‌ എത്രയോ ഉദാഹരണങ്ങള്‍ കാണാം. ഇപ്പോള്‍ വീരവാദം മുഴക്കുന്ന സാക്ഷാല്‍ സുനില്‍ ഗവാസ്‌ക്കറാണ്‌ ഈ കാര്യത്തിലെ റെക്കോര്‍ഡുകാരന്‍. ലോകകപ്പ്‌ ചരിത്രത്തിലെ ഇഴഞ്ഞ ഇന്നിംഗ്‌സ്‌ ലോകത്തിന്‌ പരിചയമുണ്ട്‌. വിന്‍ഡീസിനെതിരെ, ന്യൂസിലാന്‍ഡിനെതിരെ, ഇംഗ്ലണ്ടിനെതിരെ മാരത്തോണ്‍ പ്രകടനത്തിലൂടെ ഗവാസ്‌ക്കര്‍ ലക്ഷ്യമിട്ടത്‌ ടീമിന്റെ അതിജീവനത്തേക്കാള്‍ സ്വന്തം റെക്കോര്‍ഡായിരുന്നു. ഒരിക്കല്‍ ഇന്ത്യന്‍ കാണികള്‍ തന്നെ ചെരുപ്പുമാല അണിയിച്ചിട്ടുണ്ട്‌ രവിശാസ്‌ത്രിക്ക്‌. അത്‌ സ്വന്തം കാര്യത്തിനായി കളിച്ചത്‌ കൊണ്ടാണ്‌. കപില്‍ദേവും ഈ കാര്യത്തില്‍ മോശക്കാരനല്ല. അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ പലര്‍ക്കും ഇടപെടേണ്ടി വന്നു. ക്യാപ്‌റ്റനായിരുന്ന രാഹുല്‍ ദ്രാവിഡ്‌ ഒരു വേള ടീമിന്‌ വേണ്ടി ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌തപ്പോള്‍ ഡബിള്‍ സെഞ്ച്വറിക്ക്‌ അരികെ സച്ചിന്‍ ക്രീസിലുണ്ടായിരുന്നു. എന്തായിരുന്നു അന്നത്തെ പുകില്‍. സച്ചിനെ ഇല്ലാതാക്കാന്‍ രാഹുല്‍ ശ്രമിച്ചുവെന്ന്‌ പറയാതെ പറഞ്ഞവരില്‍ കളി പറയാനുണ്ടായിരുന്ന ശാസ്‌ത്രിയുമുണ്ടായിരുന്നു.
സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ഇന്ന്‌ ഇന്ത്യ തോല്‍ക്കാതിരുന്നാലാണ്‌ അല്‍ഭുതം. ആദ്യ മണിക്കൂറിലെ ഈര്‍പ്പത്തിലും തണുപ്പിലും ബാറ്റ്‌സ്‌മാന്മാര്‍ കൂടാരം കയറും. സേവാഗും ദ്രാവിഡും പുറത്തായിക്കഴിഞ്ഞു. 354 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ കമ്മിയെന്ന വലിയ ബാധ്യത മുന്നില്‍ നില്‍ക്കുന്നു. സച്ചിന്‍ ക്രീസിലുണ്ട്‌. ഇന്നലെ അവസാനത്തില്‍ അദ്ദേഹം ഭാഗ്യത്തിനാണ്‌ ഹില്‍ഫാന്‍ഹസിന്റെ പന്തില്‍ രക്ഷപ്പെട്ടത്‌. സമ്മര്‍ദ്ദമെന്നത്‌ സച്ചിന്റെ മിത്രമായതിനാല്‍ പാറ്റിന്‍സണെയും സിഡിലിനെയും അതിജയിക്കാന്‍ അനുഭവക്കരുത്ത്‌ എന്ന പ്രധാന ആയുധത്തെ സച്ചിന്‍ ഉപയോഗപ്പെടുത്തണം. ഗാംഭീര്‍ നന്നായി ഇന്നിംഗ്‌സ്‌ പേസ്‌ ചെയ്‌തിട്ടുണ്ട്‌. പക്ഷേ വിശ്വസിക്കാനാവാത്തവരാണ്‌ നമ്മുടെ ബാറ്റ്‌സ്‌മാന്മാര്‍.

Wednesday, January 4, 2012

THOLKKAM ATHIVEGAM

തോല്‍ക്കാം അതിവേഗം,
മെല്‍ബണില്‍ കളി നാല്‌ ദിവസം ദീര്‍ഘിച്ചിരുന്നു. സിഡ്‌നിയില്‍ മൂന്നാം ദിവസത്തില്‍ തന്നെ എല്ലാം അവസാനിച്ചാല്‍ അല്‍ഭുതപ്പെടാനില്ല. എസ്‌.സി.ജിയില്‍ ആദ്യ ദിവസം പത്ത്‌ ഇന്ത്യന്‍ വിക്കറ്റുകള്‍ നിലംപതിച്ചെങ്കില്‍ രണ്ടാം ദിവസത്തില്‍ വീണത്‌ ഒരേ ഒരു വിക്കറ്റാണ്‌. ഓസീസ്‌ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ ഡബിള്‍ സെഞ്ച്വറി മാത്രമല്ല ഈ മൈതാനത്ത്‌ ഒരു ഓസ്‌ട്രേലിയക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോറുമായി പുറത്താവാതെ നില്‍ക്കുന്നു. വിശ്വസ്‌തനായ മൈക്കല്‍ ഹസി കൂട്ടിന്‌. ഇപ്പോള്‍ തന്നെ ടീമിന്‌ മികച്ച ലീഡായിരിക്കുന്നു. ഇന്ന്‌ ആദ്യ സെഷനോടെ തന്നെ അവര്‍ നില ഭദ്രമാക്കിയാല്‍ പിന്നെ എളുപ്പത്തില്‍ എറിഞ്ഞിടാം ഇന്ത്യയെ.
തല താഴ്‌ത്താന്‍ ഇന്ത്യയെക്കാള്‍ മിടുക്കരായവര്‍ മറ്റാരുമില്ലെന്ന്‌ ഓസ്‌ട്രേലിയന്‍ നിരയിലെ പുതിയ മുഖങ്ങളായ പാറ്റിന്‍സണും പീറ്റര്‍ സിഡിലുമെല്ലാം ഒരാഴ്‌ച്ച കൊണ്ട്‌ മനസ്സിലായിട്ടുണ്ട്‌. എന്താണ്‌ ഇന്ത്യക്ക്‌ വേണ്ട മരുന്നെന്ന്‌്‌ അവര്‍ക്കറിയാം. സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്‌, വി.വി.എസ്‌ ലക്ഷ്‌മണ്‍, രാഹുല്‍ ദ്രാവിഡ്‌, മഹേന്ദ്രസിംഗ്‌ ധോണി എന്ന പേരുകളോടെല്ലാം പാറ്റിന്‍സണും സിഡിലിനും ഹില്‍ഫാന്‍ഹസിനുമെല്ലാം ഇത്‌ വരെ ഒരു ബഹുമാനമുണ്ടായിരിക്കണം. ആ ബഹുമാനം അവര്‍ തന്നെ ഇല്ലാതാക്കിയിട്ടുണ്ട്‌.
ഒരോ കളിക്കാരനും വേണ്ട അടിസ്ഥാന യോഗ്യത റെക്കോര്‍ഡല്ല. സാഹചര്യങ്ങളുമായി താദാത്മ്യം പ്രാപിക്കലാണ്‌. ഞാന്‍ പുലിയാണ്‌ എന്ന്‌ പറഞ്ഞ്‌ റെക്കോര്‍ഡ്‌ ബുക്ക്‌ ലക്ഷ്യമാക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ മുന്നില്‍ ഇന്നലെ മൈക്കല്‍ ക്ലാര്‍ക്ക്‌ മല പോലെ നിന്നത്‌ സാഹചര്യങ്ങളെ അറിഞ്ഞുള്ള നിശ്ചയദാര്‍ഡ്യം കൊണ്ടാണ്‌. പോണ്ടിംഗിന്റെ രണ്ട്‌ വര്‍ഷത്തിന്‌ ശേഷമുള്ള സെഞ്ച്വറിക്കും ലക്ഷ്യബോധമുണ്ടായിരുന്നു. ക്യാപ്‌റ്റനായ ശേഷം ക്ലാര്‍ക്കിന്‌ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാനായിരുന്നില്ല. പക്ഷേ അദ്ദേഹത്തില്‍ ആരും സമ്മര്‍ദ്ദം അടിച്ചേല്‍പ്പിച്ചില്ല. നോര്‍മല്‍ ഗെയിം മാത്രമാണ്‌ അനുഭവസമ്പന്നരായവര്‍ പുറത്തെടുത്തത്‌. ഇന്ത്യ ചിത്രത്തില്‍ തന്നെ വരാതിരുന്നത്‌ ലക്ഷ്യ.ബോധമില്ലായ്‌മയില്‍ തന്നെയാണ്‌. ആരോഗ്യകാര്യത്തില്‍ പണ്ടേ പിറകിലായ സഹീര്‍ഖാന്‍ മാത്രം വിചാരിച്ചാല്‍ ഒന്നുമാവില്ല. അദ്ദേഹത്തിന്‌ ഒരു ദിവസം പത്ത്‌ ഓവര്‍ നന്നായി എറിയാനാവും. അതാണ്‌ ആദ്യദിവസത്തില്‍ കണ്ടത്‌. ഇന്നലെ പന്തെറിഞ്ഞ്‌ സഹീര്‍ തളര്‍ന്നപ്പോള്‍ ബാറ്റ്‌സ്‌മാന്മാര്‍ അത്‌ ഭംഗിയായി ഉപയോഗപ്പെടുത്തി.
നിര്‍ണായകമായ ഒരു മല്‍സരത്തിന്റെ പ്രസക്തി ആദ്യ ദിവസത്തില്‍ തന്നെ തകരുമ്പോള്‍ അതിന്റെ വേദനയോ, ജാള്യതയോ നമ്മുടെ താരങ്ങളുടെ മുഖത്തില്ല. സച്ചിന്‍ കളിക്കുന്നത്‌ നൂറാം സെഞ്ച്വറിക്കായി, സേവാഗ്‌ കളിക്കുന്നത്‌ ധോണിയെ തകര്‍ക്കാന്‍, ദ്രാവിഡും ലക്ഷ്‌മണും കളിക്കുന്നത്‌ കൂറെ കാലം പിടിച്ചുനില്‍ക്കാന്‍-ആര്‍ക്കും രാജ്യതാല്‍പ്പര്യമില്ല. തോല്‍ക്കുമ്പോള്‍ ന്യായ വിചാരം പറയാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനും സെലക്‌ഷന്‍ കമ്മിറ്റിക്കും നൂറ്‌ നാവാണ്‌. കളിച്ചു കളിച്ചു തളര്‍ന്നുവെന്ന്‌ പറയാന്‍ താരങ്ങള്‍ക്കും മിടുക്ക്‌. തോല്‍ക്കുന്നത്‌ രാജ്യവും ക്രിക്കറ്റും കളിയെ സ്‌നേഹിക്കുന്നവരും. മാധ്യമങ്ങള്‍ വാഴ്‌ത്തുമൊഴികളും നിറം പിടിപ്പിച്ച വീരസാഹസിക കഥകളും മാത്രം നല്‍കുമ്പോള്‍ തോല്‍വികളിലെ വേദന പോലും ആഘോഷത്തിന്റെ ഭാഗമാണ്‌.

Tuesday, January 3, 2012



തേര്‍ഡ്‌ ഐ
ദയനീയം സച്ചിന്‍
ബെന്‍ ഹില്‍ഫാന്‍ഹസ്‌ എന്ന ഓസ്‌ട്രേലിയയുടെ ഉയരക്കാരനായ സീമര്‍. സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടിലെ പുതിയ പച്ചപ്പുള്ള ട്രാക്കില്‍ ആദ്യ സെഷനില്‍ വിയര്‍ത്ത്‌ പന്തെറിഞ്ഞിട്ടും ഒരു വിക്കറ്റ്‌ ലഭിച്ചില്ല. രണ്ടാം സെഷന്റെ ആദ്യ ഘട്ടത്തിലും മൈക്കല്‍ ക്ലാര്‍ക്ക്‌ അദ്ദേഹത്തിന്‌ പന്ത്‌ നല്‍കി. വിക്കറ്റ്‌ കിട്ടിയില്ല. അവസാനത്തില്‍ വീണ്ടും പന്ത്‌ നല്‍കിയപ്പോള്‍ ഹില്‍ഫാന്‍ഹസ്‌ ബാറ്റ്‌സ്‌മാന്മാരുടെ നെഞ്ചിലേക്ക്‌ പന്തെറിഞ്ഞു. ലക്ഷ്യം വിക്കറ്റ്‌ നേടുക മാത്രമായിരുന്നു. അതാ കീഴടങ്ങുന്നു അശ്വിന്‍. അടുത്ത പന്തില്‍ സഹീര്‍ഖാനും..... മെല്‍ബണില്‍ നിന്ന്‌ ഇന്ത്യ ഒന്നും പഠിച്ചിട്ടില്ല എന്ന സത്യത്തിന്‌ അടിവരയിട്ടുള്ള പ്രകടനം. പന്ത്‌ നെഞ്ചോളം ഉയരുമ്പോള്‍ ബാറ്റ്‌സ്‌മാന്മാര്‍ ഓസ്‌ട്രേലിയന്‍ ഫീല്‍ഡര്‍മാര്‍ക്ക്‌ ക്യാച്ചിംഗ്‌ പ്രാക്ടീസ്‌ നല്‍കുന്നു. സേവാഗും ഗാംഭീറും ദ്രാവിഡും ലക്ഷ്‌മണുമെല്ലാം പുറത്തായ രീതി നാണക്കേടിന്റെ ബഹിര്‍സ്‌ഫുരണമാണ്‌. സച്ചിനെ നോക്കുക-എത്ര മോശം പുറത്താവല്‍, നമ്മളെല്ലാം സച്ചിനെ വാഴ്‌ത്തുന്നു. വാഴ്‌ത്താന്‍ മാത്രം അദ്ദേഹം കളിക്കുന്നുവെന്ന സത്യത്തിലും ആ പുറത്താവല്‍ എത്ര ദയനീയമാണ്‌. സ്‌ക്കൂള്‍ കുട്ടികള്‍ പോലും കളിക്കില്ല ഇത്ര ലൂസ്‌ ഷോാട്ട്‌. കവര്‍ ഡ്രൈവില്‍ ബൗള്‍ഡ്‌.... അതും ഇന്ത്യ തകര്‍ന്നു നില്‍ക്കുമ്പോള്‍. സച്ചിന്റെ കരിയര്‍ പരിശോധിച്ചാല്‍ പീറ്റര്‍ സിഡിലും പാറ്റിന്‍സണും ശിശുക്കള്‍. സച്ചിന്‍ കരിയര്‍ തുടങ്ങുമ്പോള്‍ ഇവര്‍ ജനിച്ചിട്ട്‌ പോലുമുണ്ടാവില്ല. അവരാണ്‌ കുട്ടികള്‍ക്കെതിരെ പന്തെറിയുന്നത്‌ പോലെ തലങ്ങും വിലങ്ങും പന്തിനെ പായിച്ചത്‌. ചില നല്ല ഷോട്ടുകള്‍ക്കിടയിലും സമ്മര്‍ദ്ദത്തിന്റെ ചൂടുപനി അദ്ദേഹത്തില്‍ നിന്ന്‌ വ്യക്തമായിരുന്നു. ഒടുവില്‍ പുറത്തായ രീതിയാവട്ടെ അദ്ദേഹത്തിന്റെ വക്താക്കളായ സുനില്‍ ഗവാസ്‌ക്കറും രവിശാസ്‌ത്രിയും പോലും അംഗീകരിക്കാത്ത വിധത്തില്‍ നാണക്കേടിന്റെ രൂപത്തില്‍. സച്ചിന്‍ പുറത്താവുമ്പോഴെല്ലാം നിര്‍ഭാഗ്യമെന്ന വാക്കിനെ ആശ്രയിക്കുന്നവരാണ്‌ ഗവാസ്‌ക്കറും ശാസ്‌ത്രിയും. ഇന്നലെ ഇയാന്‍ ചാപ്പല്‍ പറഞ്ഞതാണ്‌ സത്യം-ദുരന്തം...! പാറ്റിന്‍സണെ കവര്‍ ഡ്രൈവിന്‌ ശ്രമിച്ചുള്ള വന്‍ദുരന്തം.
എസ്‌.സി.ജിയുടെ ചരിത്രം തുടങ്ങുന്നത്‌ 1882 മുതലാണ്‌. അന്ന്‌ മുതല്‍ ഇന്നലെ വരെ ബാറ്റ്‌സ്‌മാന്മാരുടെ താഴ്‌വാരമായ മൈതാനത്ത്‌ ഇന്നലെ വീണത്‌ 13 വിക്കറ്റുകള്‍. പിച്ചിലെ പച്ചപ്പുല്ലില്‍ തട്ടി ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കൂടാരം കയറി. പത്ത്‌ ഇന്ത്യക്കാര്‍ക്കൊപ്പം മൂന്ന്‌ ഓസ്‌ട്രേലിയക്കാരും. ഈ ടെസ്‌റ്റിലും ഫലമുണ്ടാവുമെന്നുറപ്പായ സാഹചര്യത്തില്‍ ഇന്ത്യ ആദ്യ ദിവസം മുതല്‍ പിന്‍പാദത്തിലാണ്‌. മെല്‍ബണില്‍ മൂന്ന്‌ ദിവസം ഒപ്പത്തിനൊപ്പം നിന്നതിന്‌ ശേഷമാണ്‌ നാലാം ദിവസം തല താഴ്‌ത്തിയത്‌. ഇവിടെ ആദ്യ മണിക്കൂറില്‍ തന്നെ കുമ്പസാരം നടത്തിയതിനാല്‍ തോല്‍വി ഉറപ്പിക്കാം. ഇന്ത്യക്കാര്‍ക്ക്‌ ഒരു കാര്യം ഓസ്‌ട്രേലിയ ഇന്നലെ പഠിപ്പിച്ചു. സഹീര്‍ഖാന്‍ ഓസീസ്‌ മുന്‍നിരയിലെ മൂന്ന്‌ പേരെ അതിവേഗം പറഞ്ഞ്‌ വിട്ടു. ശേഷം ഒരുമിച്ചത്‌ അനുഭവസമ്പന്നരായ ക്ലാര്‍ക്കും പോണ്ടിംഗും. അവരുടെ ജാഗ്രത അനുകരണീയമാണ്‌. കൂട്ടത്തകര്‍ച്ച ഒഴിവാക്കാന്‍ അവര്‍ അനുഭവസമ്പത്തിനെ ആയുധമാക്കി പൊരുതി നിന്നു. ഇന്ത്യന്‍ മുന്‍നിരക്കാരില്‍ എല്ലാവരും അനുഭവസമ്പന്നര്‍. എല്ലാവരും ഒന്നിന്‌ പിറകെ ഒന്നായി ജാഥ നയിച്ചു. അനുഭവജ്ഞാനത്തില്‍ എല്ലാവര്‍ക്കും മുമ്പനായ സച്ചിനാവട്ടെ തല താഴ്‌ത്തുന്നതിലെ മഹനീയത ആവര്‍ത്തിച്ചു.