Tuesday, January 3, 2012തേര്‍ഡ്‌ ഐ
ദയനീയം സച്ചിന്‍
ബെന്‍ ഹില്‍ഫാന്‍ഹസ്‌ എന്ന ഓസ്‌ട്രേലിയയുടെ ഉയരക്കാരനായ സീമര്‍. സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടിലെ പുതിയ പച്ചപ്പുള്ള ട്രാക്കില്‍ ആദ്യ സെഷനില്‍ വിയര്‍ത്ത്‌ പന്തെറിഞ്ഞിട്ടും ഒരു വിക്കറ്റ്‌ ലഭിച്ചില്ല. രണ്ടാം സെഷന്റെ ആദ്യ ഘട്ടത്തിലും മൈക്കല്‍ ക്ലാര്‍ക്ക്‌ അദ്ദേഹത്തിന്‌ പന്ത്‌ നല്‍കി. വിക്കറ്റ്‌ കിട്ടിയില്ല. അവസാനത്തില്‍ വീണ്ടും പന്ത്‌ നല്‍കിയപ്പോള്‍ ഹില്‍ഫാന്‍ഹസ്‌ ബാറ്റ്‌സ്‌മാന്മാരുടെ നെഞ്ചിലേക്ക്‌ പന്തെറിഞ്ഞു. ലക്ഷ്യം വിക്കറ്റ്‌ നേടുക മാത്രമായിരുന്നു. അതാ കീഴടങ്ങുന്നു അശ്വിന്‍. അടുത്ത പന്തില്‍ സഹീര്‍ഖാനും..... മെല്‍ബണില്‍ നിന്ന്‌ ഇന്ത്യ ഒന്നും പഠിച്ചിട്ടില്ല എന്ന സത്യത്തിന്‌ അടിവരയിട്ടുള്ള പ്രകടനം. പന്ത്‌ നെഞ്ചോളം ഉയരുമ്പോള്‍ ബാറ്റ്‌സ്‌മാന്മാര്‍ ഓസ്‌ട്രേലിയന്‍ ഫീല്‍ഡര്‍മാര്‍ക്ക്‌ ക്യാച്ചിംഗ്‌ പ്രാക്ടീസ്‌ നല്‍കുന്നു. സേവാഗും ഗാംഭീറും ദ്രാവിഡും ലക്ഷ്‌മണുമെല്ലാം പുറത്തായ രീതി നാണക്കേടിന്റെ ബഹിര്‍സ്‌ഫുരണമാണ്‌. സച്ചിനെ നോക്കുക-എത്ര മോശം പുറത്താവല്‍, നമ്മളെല്ലാം സച്ചിനെ വാഴ്‌ത്തുന്നു. വാഴ്‌ത്താന്‍ മാത്രം അദ്ദേഹം കളിക്കുന്നുവെന്ന സത്യത്തിലും ആ പുറത്താവല്‍ എത്ര ദയനീയമാണ്‌. സ്‌ക്കൂള്‍ കുട്ടികള്‍ പോലും കളിക്കില്ല ഇത്ര ലൂസ്‌ ഷോാട്ട്‌. കവര്‍ ഡ്രൈവില്‍ ബൗള്‍ഡ്‌.... അതും ഇന്ത്യ തകര്‍ന്നു നില്‍ക്കുമ്പോള്‍. സച്ചിന്റെ കരിയര്‍ പരിശോധിച്ചാല്‍ പീറ്റര്‍ സിഡിലും പാറ്റിന്‍സണും ശിശുക്കള്‍. സച്ചിന്‍ കരിയര്‍ തുടങ്ങുമ്പോള്‍ ഇവര്‍ ജനിച്ചിട്ട്‌ പോലുമുണ്ടാവില്ല. അവരാണ്‌ കുട്ടികള്‍ക്കെതിരെ പന്തെറിയുന്നത്‌ പോലെ തലങ്ങും വിലങ്ങും പന്തിനെ പായിച്ചത്‌. ചില നല്ല ഷോട്ടുകള്‍ക്കിടയിലും സമ്മര്‍ദ്ദത്തിന്റെ ചൂടുപനി അദ്ദേഹത്തില്‍ നിന്ന്‌ വ്യക്തമായിരുന്നു. ഒടുവില്‍ പുറത്തായ രീതിയാവട്ടെ അദ്ദേഹത്തിന്റെ വക്താക്കളായ സുനില്‍ ഗവാസ്‌ക്കറും രവിശാസ്‌ത്രിയും പോലും അംഗീകരിക്കാത്ത വിധത്തില്‍ നാണക്കേടിന്റെ രൂപത്തില്‍. സച്ചിന്‍ പുറത്താവുമ്പോഴെല്ലാം നിര്‍ഭാഗ്യമെന്ന വാക്കിനെ ആശ്രയിക്കുന്നവരാണ്‌ ഗവാസ്‌ക്കറും ശാസ്‌ത്രിയും. ഇന്നലെ ഇയാന്‍ ചാപ്പല്‍ പറഞ്ഞതാണ്‌ സത്യം-ദുരന്തം...! പാറ്റിന്‍സണെ കവര്‍ ഡ്രൈവിന്‌ ശ്രമിച്ചുള്ള വന്‍ദുരന്തം.
എസ്‌.സി.ജിയുടെ ചരിത്രം തുടങ്ങുന്നത്‌ 1882 മുതലാണ്‌. അന്ന്‌ മുതല്‍ ഇന്നലെ വരെ ബാറ്റ്‌സ്‌മാന്മാരുടെ താഴ്‌വാരമായ മൈതാനത്ത്‌ ഇന്നലെ വീണത്‌ 13 വിക്കറ്റുകള്‍. പിച്ചിലെ പച്ചപ്പുല്ലില്‍ തട്ടി ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കൂടാരം കയറി. പത്ത്‌ ഇന്ത്യക്കാര്‍ക്കൊപ്പം മൂന്ന്‌ ഓസ്‌ട്രേലിയക്കാരും. ഈ ടെസ്‌റ്റിലും ഫലമുണ്ടാവുമെന്നുറപ്പായ സാഹചര്യത്തില്‍ ഇന്ത്യ ആദ്യ ദിവസം മുതല്‍ പിന്‍പാദത്തിലാണ്‌. മെല്‍ബണില്‍ മൂന്ന്‌ ദിവസം ഒപ്പത്തിനൊപ്പം നിന്നതിന്‌ ശേഷമാണ്‌ നാലാം ദിവസം തല താഴ്‌ത്തിയത്‌. ഇവിടെ ആദ്യ മണിക്കൂറില്‍ തന്നെ കുമ്പസാരം നടത്തിയതിനാല്‍ തോല്‍വി ഉറപ്പിക്കാം. ഇന്ത്യക്കാര്‍ക്ക്‌ ഒരു കാര്യം ഓസ്‌ട്രേലിയ ഇന്നലെ പഠിപ്പിച്ചു. സഹീര്‍ഖാന്‍ ഓസീസ്‌ മുന്‍നിരയിലെ മൂന്ന്‌ പേരെ അതിവേഗം പറഞ്ഞ്‌ വിട്ടു. ശേഷം ഒരുമിച്ചത്‌ അനുഭവസമ്പന്നരായ ക്ലാര്‍ക്കും പോണ്ടിംഗും. അവരുടെ ജാഗ്രത അനുകരണീയമാണ്‌. കൂട്ടത്തകര്‍ച്ച ഒഴിവാക്കാന്‍ അവര്‍ അനുഭവസമ്പത്തിനെ ആയുധമാക്കി പൊരുതി നിന്നു. ഇന്ത്യന്‍ മുന്‍നിരക്കാരില്‍ എല്ലാവരും അനുഭവസമ്പന്നര്‍. എല്ലാവരും ഒന്നിന്‌ പിറകെ ഒന്നായി ജാഥ നയിച്ചു. അനുഭവജ്ഞാനത്തില്‍ എല്ലാവര്‍ക്കും മുമ്പനായ സച്ചിനാവട്ടെ തല താഴ്‌ത്തുന്നതിലെ മഹനീയത ആവര്‍ത്തിച്ചു.

No comments: