Tuesday, March 31, 2009

SOCCER WORLD

അമേരിക്കയില്‍ അങ്കക്കലി
ലോസാഞ്ചലസ്സ്‌: അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ ഉത്തര അമേരിക്കയെയും മധ്യ അമേരിക്കയെയും കരീബിയന്‍ ദ്വീപ സമൂഹങ്ങളെയും പ്രതീനിധീകരിക്കുന്നവര്‍ ആരെല്ലാമായിരിക്കുമെന്ന്‌ ഈയാഴ്‌ച്ച തന്നെ വ്യക്തമാവും. അമേരിക്ക, മെക്‌സിക്കോ, കോസ്‌റ്റാറിക്ക, എല്‍സാവഡോര്‍, ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോ, ഹോണ്ടുറാസ്‌ എന്നിവരില്‍ ആര്‍ക്കായിരിക്കും അഭിമാനസ്ഥാനമെന്ന്‌ അറിയാന്‍ ഇന്ന്‌ മൂന്ന്‌ മല്‍സരങ്ങള്‍ നടക്കുന്നു. ഇന്നത്തെ അങ്കങ്ങളില്‍ ഗ്രൂപ്പില്‍ നാല്‌ പോയന്റുമായി ഒന്നാം സ്ഥാനത്തുള്ള അമേരിക്ക രണ്ട്‌ പോയന്റ്‌്‌ മാത്രമുള്ള ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോയെയും കേവലം ഒരു പോയന്റുമായി അവസാന സ്ഥാനത്തുള്ള ഹോണ്ടുറാസ്‌ മൂന്ന്‌ പോയന്റുമായി രണ്ടാമതുള്ള മെക്‌സിക്കോയെയും മൂന്ന്‌ പോയന്റുമായി ഗ്രൂപ്പില്‍ മൂന്നാമത്‌ നില്‍ക്കുന്ന കോസ്‌റ്റാറിക്ക രണ്ട്‌ പോയന്റുള്ള എല്‍സാവഡോറിനെയും നേരിടും. ഈ മല്‍സരങ്ങള്‍ കോണ്‍കാകാഫിലെ ചിത്രം ഏറെക്കുറെ വ്യക്തമാക്കും.
കോണ്‍കാകാഫിലെ പ്രബലരായ മെക്‌സിക്കോ അല്‍പ്പകാലമായി വിജയമില്ലാത്ത അവസ്ഥയിലായിരുന്നു. നാല്‌ മല്‍സരങ്ങളില്‍ അവര്‍ ജയിക്കാന്‍ മറന്നു. പക്ഷേ ശനിയാഴ്‌ച്ചയോടെ ആ ശനി അകന്നിരിക്കുന്നു. പ്രബലരായ കോസ്‌റ്റാറിക്കയെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിക്കാന്‍ കഴിഞ്ഞതോടെ മെക്‌സിക്കോ ആവേശത്തിലാണ്‌. ഇന്നത്തെ മല്‍സരത്തില്‍ ജയിച്ച്‌ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ ഉറപ്പിക്കുകയാണ്‌ ടീമിന്റെ പ്രധാന ലക്ഷ്യം. ലോക സോക്കറിലെ ഏറ്റവും അനുഭവസമ്പന്നനായ പരിശീലകന്‍ ഗോരാന്‍ എറിക്‌സണാണ്‌ ടീമിനെ പരിശീലിപ്പിക്കുന്നത്‌ എന്നതാണ്‌ കാര്യമായ മാറ്റം. ഇംഗ്ലീഷ്‌ ദേശീയ ടീമിനെയും യൂറോപ്പിലെ പല പ്രമുഖ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുള്ള എറിക്‌സണ്‍ തന്ത്രങ്ങളുടെ ആശാനാണ്‌. കഴിഞ്ഞ നവംബറില്‍ നടന്ന മല്‍സരത്തില്‍ ഹോണ്ടുറാസിനോട്‌ ഒരു ഗോളിന്‌ തോറ്റതിന്റെ ക്ഷീണം അകറ്റാനുമുണ്ട്‌. ഹോണ്ടുറാസിന്‌ ഇത്‌ വരെ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു പോയന്റ്‌്‌ മാത്രമാണ്‌ സമ്പാദ്യം. കോസ്‌റ്റാറിക്കക്കെതിരായ മല്‍സരത്തില്‍ തോറ്റ ഹോണ്ടുറാസിന്‌ കഴിഞ്ഞയാഴ്‌ച്ച ട്രിനിഡാഡിനെതിരെ നടന്ന മല്‍സരത്തില്‍ വിജയിക്കാമായിരുന്നു. ലോംഗ്‌ വിസിലിന്‌ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കവെ ഒരു ഗോളിന്റെ ലീഡ്‌ കാത്ത ടീമിന്‌ അവസാനത്തില്‍ പിഴച്ചു. ട്രിനിഡാഡ്‌ സമനില നേടിയതും ലോംഗ്‌ വിസില്‍ മുഴങ്ങുകയായിരുന്നു. ഇന്നത്തെ നിര്‍ണ്ണായക അങ്കത്തില്‍ ടീമിലെ സൂപ്പര്‍താരം ഡേവിഡ്‌ സൗസോയുടെ സേവനവും ടീമിനില്ല. എവേ മല്‍സരത്തല്‍ വിജയിക്കുകയാണ്‌ പ്രധാനമെന്നും ഇത്‌ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും എറിക്‌സണ്‍ പറഞ്ഞു.
വന്‍കരയിലെ പ്രധാന സോക്കര്‍ ശക്തിയായി മാറിയിരിക്കുന്ന അമേരിക്കക്ക്‌ ഇന്ന്‌ എളുപ്പ മല്‍സരമാവാനാണ്‌ സാധ്യത. മെക്‌സിക്കോയെ തോല്‍പ്പിക്കുകയും എല്‍സാവഡോറിനെതിരെ സമനില വഴങ്ങുകയും ചെയ്‌തത്‌ വഴി ലഭിച്ച മൂന്ന്‌ പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാമത്‌ നില്‍ക്കുന്ന അമേരിക്കയുടെ താരങ്ങളെല്ലാം തകര്‍പ്പന്‍ വിജയത്തിനായുളള ഒരുക്കത്തിലാണ്‌. സാല്‍വഡോറിനെതിരായ മല്‍സരത്തില്‍ അമേരിക്ക നിറം മങ്ങിയിരുന്നു. കളിയുടെ അവസാന പതിനഞ്ച്‌ മിനുട്ട്‌ വരെ രണ്ട്‌ ഗോളിന്‌ പിറകിലായിരുന്ന ടീം അവസാനത്തിലാണ്‌ തിരിച്ചെത്തിയത്‌. ഫ്രാങ്കി ഹെജ്‌ദൂക്‌ എന്ന നായകന്റെ കരുത്താണ്‌ ടീമിനെ തുണച്ചത്‌. ഒരു ഗോള്‍ മടക്കുകയും സമനില ഗോളിന്‌ അവസരമൊരുക്കുകയും ചെയ്‌തത്‌ അദ്ദേഹമായിരുന്നു. സ്വന്തം മൈതാനത്താണ്‌ അമേരിക്ക ഇന്ന്‌ കളിക്കുന്നത്‌. പക്ഷേ ഇന്ന്‌ സൂപ്പര്‍ താരം ഡ്വിയറ്റ്‌ യോര്‍ക്കെയുടെ സേവനം ടീമിന്‌ ലഭിക്കില്ല. കഴിഞ്ഞ മല്‍സരത്തില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട താരത്തിന്‌ നാല്‌ മല്‍സരവിലക്കാണ്‌ ശിക്ഷയായി നല്‍കിയിരിക്കുന്നത്‌. കോസ്‌റ്റാറിക്ക -എല്‍സാവഡോര്‍ മല്‍സരം തുല്യ ശക്തികളുടേതാണ്‌.
കോണ്‍കാകാഫ്‌-പോയന്റ്‌്‌ ടേബിള്‍
അമേരിക്ക-4
മെക്‌സിക്കോ-3
കോസ്‌റ്റാറിക്ക-3
എല്‍സാവഡോര്‍-2
ട്രിനിഡാഡ്‌-2
ഹോണ്ടുറാസ്‌-1

ഏഷ്യയില്‍ തീ
മെല്‍ബണ്‍: ഏഷ്യയില്‍ നിന്ന്‌ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന ഖ്യാതി സ്വന്തമാക്കാന്‍ ഇന്ന്‌ ഓസ്‌ട്രേലിയക്ക്‌ അവസരം. ഗ്രൂപ്പ്‌ എ യിലെ അങ്കത്തില്‍ ഉസ്‌ബെക്കിസ്ഥാനെ കങ്കാരുക്കള്‍ക്ക്‌ തോല്‍പ്പിക്കാനാവണം. കൂടാതെ ഖത്തറും ബഹറൈനും തമ്മിലുളള മല്‍സരം സമനിലയിലാവുകയും വേണം. ഗ്രൂപ്പ്‌ ബിയില്‍ രണ്ട്‌ കൊറിയകള്‍ തമ്മിലുളള തീപ്പാറുന്ന അങ്കമുണ്ട്‌. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ക്കും ടിക്കറ്റ്‌്‌ ഉറപ്പിക്കാം. രണ്ട്‌ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ്‌ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌. ഓസ്‌ട്രേലിയക്കും കൊറിയകള്‍ക്കും പിറകെ ജപ്പാനും ഇറാനും ടിക്കറ്റിനായി രംഗത്തുണ്ട്‌. ഇന്ന്‌ നാല്‌ മല്‍സരങ്ങളാണ്‌ വന്‍കരയില്‍ നടക്കുന്നത്‌. എ ഗ്രൂപ്പില്‍ മനാമയില്‍ ബഹറൈന്‍ ഖത്തറിനെയും മെല്‍ബണില്‍ ഓസ്‌ട്രേലിയ ഉസ്‌ബെക്കിസ്ഥാനെയും നേരിടുമ്പോള്‍ ബി യില്‍ സോളില്‍ നടക്കുന്ന അങ്കത്തില്‍ ദക്ഷിണ കൊറിയ പരമ്പരാഗത വൈരികളായ ഉത്തരകൊറിയയെയും റിയാദില്‍ വെച്ച്‌ സൗദി അറേബ്യ യു.എ.ഇയെയും എതിരിടുന്നു.
ലോകകപ്പില്‍ വേഗം പന്ത്‌ തട്ടാനാണ്‌ ഇത്തവണ ഓഷ്യാന വിട്ട്‌ ഓസ്‌ട്രേലിയക്കാര്‍ ഏഷ്യയിലേക്ക്‌ ചേക്കേറിയത്‌. ഒാഷ്യാനയില്‍ നിന്ന്‌ ടീമുകള്‍ക്ക്‌ ഫൈനല്‍ റൗണ്ടിലേക്ക്‌ നേരിട്ട്‌ ബെര്‍ത്തില്ല. ഓഷ്യാന ജേതാക്കള്‍ ലാറ്റിനമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരുമായി പ്ലേ ഓഫ്‌ കളിച്ചാണ്‌ ഫൈനല്‍ റൗണ്ട്‌ ടിക്കറ്റ്‌ സമ്പാദിക്കാറുള്ളത്‌. ഇത്‌ കാരണം പലപ്പോഴും പ്ലേ ഓഫ്‌ കടമ്പ കടക്കാന്‍ ഓസ്‌ട്രേലിയക്ക്‌ കഴിയാറില്ല. ഇത്‌ കാരണമാണ്‌ അവര്‍ ഏഷ്യയിലേക്ക്‌ മാറിയിരിക്കുന്നത്‌. അതിന്റെ ഫലവും കണ്ടിരിക്കുന്നു. ഇന്നത്തെ മല്‍സരത്തില്‍ ഉസ്‌ബെക്കുകാരെ തോല്‍പ്പിച്ചാല്‍ ടിക്കറ്റ്‌ ഉറപ്പിക്കാം. പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ലെന്ന്‌ ഓസീസ്‌ കോച്ച്‌ പീം വിബെക്ക്‌ സമ്മതിക്കുന്നു. ജപ്പാനെക്കാള്‍ അപകടകാരികളാണ്‌ ഉസ്‌ബെക്കുകാര്‍. കഴിഞ്ഞ മല്‍സരത്തില്‍ അവര്‍ ഖത്തറിനെ നാല്‌ ഗോളിനാണ്‌ പരാജയപ്പെടുത്തിയത്‌. ഇരു ടീമുകളും തമ്മില്‍ നടന്ന ആദ്യപാദ യോഗ്യതാ അങ്കത്തില്‍ ഒരു ഗോളിനാണ്‌ ഓസ്‌ട്രേലിയ ജയിച്ചത്‌. ഇന്ന്‌ സ്വന്തം മൈതാനത്ത്‌, ആയിരക്കണക്കിന്‌ ആരാധകരുടെ പിന്‍ബലത്തില്‍ കളിക്കുന്നു എന്നുള്ളത്‌ ആനുകൂല്യമാണ്‌. ഇന്നത്തെ മല്‍സരത്തില്‍ സൂപ്പര്‍ താരങ്ങളായ ടീം കാഹില്‍, മാര്‍ക്‌ ബെര്‍സിയാനോ, കാര്‍ വലേരി, മൈക്കല്‍ പിബാക്‌്‌പ എന്നിവര്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്‌. ഉസ്‌ബെക്ക്‌ നിരയിലും ചെറിയ പ്രശ്‌നങ്ങളുണ്ട്‌. അസുഖ ബാധിതനായ മാക്‌സിം ഷാറ്റ്‌സിക്‌ കളിക്കുന്നില്ല.
മനാമയില്‍ നടക്കുന്നത്‌ രണ്ട്‌ അറേബ്യന്‍ ശക്തികള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ്‌. ഗ്രൂപ്പ്‌ എ യില്‍ നിന്ന്‌ ഓസ്‌ട്രേലിയയും ജപ്പാനും ഫൈനല്‍ റൗണ്ട്‌ ടിക്കറ്റ്‌ ഏറെക്കുറെ ഉറപ്പാക്കുമെന്നിരിക്കെ ഗ്രൂപ്പിലെ മൂന്നാം സ്ഥാനമാണ്‌ രണ്ട്‌ ടീമുകളും ലക്ഷ്യമാക്കുന്നത്‌. മൂന്നാം സ്ഥാനം ലഭിച്ചാല്‍ പ്ലേ ഓഫ്‌ അവസരമുണ്ട്‌. 26 തവണ ഇതിനകം രണ്ട്‌ ടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്‌. ഇതില്‍ വിജയകാര്യത്തില്‍ ഒരു മല്‍സരത്തിന്റെ മുന്‍ത്തൂക്കം ഏഷ്യന്‍ ഗെയിംസ്‌ ജേതാക്കളായ ഖത്തറിനുണ്ട്‌.
ഖത്തറിന്‌ ക്ഷീണമായിരിക്കുന്നത്‌ കഴിഞ്ഞയാഴ്‌ച്ചയിലെ മല്‍സരമാണ്‌. താഷ്‌ക്കന്റില്‍ നടന്ന കളിയില്‍ അവര്‍ നാല്‌ ഗോളിന്‌ ഉസ്‌ബെക്കിസ്ഥാനോട്‌ പരാജയപ്പെട്ടിരുന്നു. മുമ്പ്‌ സെനഗല്‍ ഉള്‍പ്പെടെയുളള മുഖ്യ ടീമുകളെ പരിശീലിപ്പിച്ച ബ്രൂണോ മസ്‌തു എന്ന ഫ്രഞ്ചുകാരനാണ്‌ ടീമിന്റെ കോച്ച്‌. ഇത്‌ വരെ ടീമിന്‌ ഒരു വിജയം സമ്മാനിക്കാന്‍ കോച്ചിന്‌ കഴിഞ്ഞിട്ടില്ല. ഇന്നത്തെ മല്‍സരത്തിലും തോറ്റാല്‍ ചിലപ്പോള്‍ കോച്ചിന്റെ തൊപ്പിയും തെറിക്കും. ബഹറൈന്‍ കോച്ചായ മിലാന്‍ മസാലക്കും പ്രശ്‌നങ്ങളുണ്ട്‌. ടീം തോറ്റാല്‍ അദ്ദേഹത്തിന്റെ കസേരക്കും ഇളക്കം സംഭവിക്കും.
സോളിലാണ്‌ മറ്റൊരു യുദ്ധം. രണ്ട്‌ കൊറിയകളും ബലാബലത്തിനിറങ്ങുമ്പോള്‍ സമനിലയാണ്‌ എല്ലാവരും മുന്നില്‍ കാണുന്നത്‌. ഇത്‌ വരെ നടന്ന കളികളില്ലെല്ലാം രണ്ട്‌ പേരും മാനം കാക്കാന്‍ പ്രതിരോധ തന്ത്രങ്ങളാണ്‌ മെനഞ്ഞിട്ടുള്ളത്‌. അതിനാല്‍ ആക്രമണ സോക്കര്‍ ഇന്നും കാണാന്‍ പ്രയാസമാണ്‌. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഗോള്‍ക്കീപ്പര്‍ റി മിയോംഗ്‌ ഗുക്കിലാണ്‌ ഉത്തര കൊറിയയുടെ പ്രതീക്ഷ.
കഴിഞ്ഞ മല്‍സരത്തില്‍ അലി ദായി പരിശീലിപ്പിച്ച ഇറാനെ തകര്‍ത്ത ആവേശത്തിലാണ്‌ സൗദി ഇന്ന്‌ യു.എ.ഇയെ നേരിടുന്നത്‌. ഇന്നത്തെ മല്‍സരത്തിലും ജയിച്ചാല്‍ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനം സൗദിക്ക്‌ സ്വന്തമാക്കാനാവും. നിലവില്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ്‌ യു.എ.ഇ. ഇന്നും തോറ്റാല്‍ അവരുടെ കാര്യങ്ങള്‍ അവസാനിക്കും. ഇത്‌ വരെ യു.എ.ഇക്കെതിരെ നടന്ന 27 മല്‍സരങ്ങളില്‍ 15 വിജയവും 6 സമനിലകളും നേടിയ സൗദി ഇന്ന്‌ സ്വന്തം മൈതാനത്ത്‌ കളിക്കുമ്പോള്‍ ലക്ഷ്യം വന്‍ വിജയമാണ്‌.
ഏഷ്യ പോയന്റ്‌്‌ ടേബിള്‍
ഗ്രൂപ്പ്‌ എ
ജപ്പാന്‍-11
ഓസ്‌ട്രേലിയ-10
ഉസ്‌ബെക്കിസ്ഥാന്‍-4
ബഹറൈന്‍-4
ഖത്തര്‍-4
ഗ്രൂപ്പ്‌ ബി
ഉത്തര കൊറിയ-10
ദക്ഷിണ കൊറിയ-8
സൗദി അറേബ്യ-7
ഇറാന്‍-6
യു.എ.ഇ-1

ഇന്നത്തെ മല്‍സരങ്ങള്‍
ലാറ്റിനമേരിക്ക: ബൊളീവിയ-അര്‍ജന്റീന,ഇക്വഡോര്‍-പരാഗ്വേചിലി-ഉറുഗ്വേബ്രസീല്‍-പെറു
.യൂറോപ്പ്‌: ലാത്‌വിയ-ലക്‌സംബര്‍ഗ്ഗ്‌, ഹംഗറി-മാള്‍ട്ട, ലൈഞ്ചസ്റ്റിന്‍-റഷ്യ, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്‌-സ്ലോവേനിയ, വെയില്‍സ്‌-ജര്‍മനി, ഡെന്മാര്‍ക്ക്‌-അല്‍ബേനിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്‌-മോള്‍ദോവ, പോളണ്ട്‌-സാന്‍മറീനോ, ചെക്‌ റിപ്പബ്ലിക്‌-സ്ലോവാക്യ, ഗ്രീസ്‌-ഇസ്രാഈല്‍, എസ്‌റ്റോണിയ-അര്‍മീനിയ, ബള്‍ഗേറിയ-സൈപ്രസ്‌, ഇംഗ്ലണ്ട്‌-ഉക്രൈന്‍, സ്‌ക്കോട്ട്‌ലാന്‍ഡ്‌-ഐസ്‌ലാന്‍ഡ്‌, ഡെന്മാര്‍ക്ക്‌-അല്‍ബേനിയ, അന്‍ഡോറ-ക്രൊയേഷ്യ, കസാക്കിസ്ഥാന്‍-ബെലാറൂസ്‌, ഓസ്‌ട്രിയ-റുമേനിയ, ബോസ്‌നിയ-ബെല്‍ജിയം, ഹോളണ്ട്‌-മാസിഡോണിയ, ഇറ്റലി-റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌, തുര്‍ക്കി-സ്‌പെയിന്‍, ഫ്രാന്‍സ്‌-ലിത്വാനിയ, ജോര്‍ജ്ജിയ-മോണ്ടിനിഗ്രോ,
ഏഷ്യ: ദക്ഷിണ കൊറിയ-ഉത്തര കൊറിയ, ഓസ്‌ട്രേലിയ-ഉസ്‌ബെക്കിസ്ഥാന്‍, ബഹറൈന്‍-ഖത്തര്‍, സൗദി അറേബ്യ-യു.എ.ഇ
കോണ്‍കാകാഫ്‌: അമേരിക്ക-ട്രിനിഡാഡ്‌, ഹോണ്ടുറാസ്‌-മെക്‌സിക്കോ,കോസ്‌റ്റാറിക്ക-എല്‍സാവഡോര്‍.

രക്ഷകനാവാന്‍ കക്ക
പോര്‍ട്ടോ അള്‍ജിരിയോ: ബ്രസീലിന്‌ ഇന്നത്തെ അങ്കത്തില്‍ ജയിച്ചാല്‍ മാത്രം പോര-വന്‍ജയം തന്നെ വേണം. ലാറ്റിനമേരിക്കയില്‍ ലോകകപ്പ്‌ യോഗത്യാ റൗണ്ടിന്റെ മറ്റൊരു ഘട്ടം ഇന്ന്‌ നടക്കുമ്പോള്‍ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലാണ്‌ കോച്ച്‌ ഡുംഗെയും സംഘവും. പത്ത്‌ ടീമുകള്‍ മാറ്റുരക്കുന്ന ലാറ്റിനമേരിക്കയില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ്‌ അഞ്ച്‌ തവണ ലോകകപ്പ്‌ സ്വന്തമാക്കിയ ടീം. ഇന്നത്തെ മല്‍സരം ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ പെറുവുമായിട്ടുളളതിനാല്‍ ജയം ഉറപ്പാണ്‌. പക്ഷേ വെറുതെ ജയിച്ചാല്‍ പോര- മാക്‌സിമം ഗോളുകളാണ്‌ ഡുംഗെ സ്വന്തം താരങ്ങളില്‍ നിന്ന്‌ ആവശ്യപ്പെടുന്നത്‌.
സൂപ്പര്‍ താരവും പ്ലേ മേക്കറുമായ കക്ക ഇന്ന്‌ കളിക്കുന്നു എന്നതാണ്‌ പ്രധാന വാര്‍ത്ത. കഴിഞ്ഞയാഴ്‌ച്ച ഇക്വഡോറിനെതിരെ സമനിലയില്‍ കലാശിച്ച അങ്കത്തില്‍ കക്ക കളിച്ചിരുന്നില്ല. ക്വിറ്റോയില്‍ നടന്ന മല്‍സരത്തില്‍ ഭാഗ്യത്തിനാണ്‌ ബ്രസീല്‍ രക്ഷപ്പെട്ടത്‌. പരാഗ്വേ, അര്‍ജന്റീന, ചിലി എന്നിവരാണ്‌ ഗ്രൂപ്പില്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങളില്‍. ലാറ്റിനമേരിക്കയിലെ ആദ്യ നാല്‌ സ്ഥാനക്കാര്‍ക്ക്‌ ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ ടിക്കറ്റ്‌ ഉറപ്പുള്ളതിനാല്‍ നിലവില്‍ ബ്രസീലിന്‌ ഭയപ്പെടാനില്ല. പക്ഷേ ഉറുഗ്വേ, കൊളംബിയ എന്നിവരെല്ലാം തൊട്ട്‌ പിറകിലുണ്ട്‌. ഇന്ന്‌ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ അര്‍ജന്റീന ബൊളീവിയയെയും പരാഗ്വേ ഇക്വഡോറിനെയും ചിലി ഉറുഗ്വയെയും നേരിടുന്നുണ്ട്‌. ഈ മല്‍സരഫലങ്ങള്‍ ബ്രസീലിന്‌ നിര്‍ണ്ണായകമാണ്‌. ഇന്ന്‌ കക്ക കളിക്കുമ്പോള്‍ മറ്റൊരു സൂപ്പര്‍താരമായ റൊണാള്‍ഡിഞ്ഞോയുടെ സ്ഥാനം ബെഞ്ചിലായിരിക്കുമെന്നാണ്‌ സൂചന. ഇന്നത്തെ മല്‍സരത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്നും എന്നാല്‍ 90 മിനുട്ടും കളിക്കാനാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും കക്ക പറഞ്ഞു.
ഗ്രൂപ്പില്‍ ഒന്നാമത്‌ നില്‍ക്കുന്ന പരാഗ്വേക്ക്‌ കഴിഞ്ഞ മല്‍സരത്തിലെ പരാജയം ക്ഷീണമാണ്‌. ഡിയാഗോ മറഡോണ പരിശീലിപ്പിക്കുന്ന അര്‍ജന്റീന വിജയതാളം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്‌. ലയണല്‍ മെസി തന്നെയാണ്‌ ഇന്നും മറഡോണയുടെ ആയുധം.

ക്രൗച്ച്‌
വെംബ്ലി: ഇന്ന്‌ വെംബ്ലി സ്‌റ്റേഡിയത്തില്‍ ഉക്രൈനെ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ നേരിടുന്ന ഇംഗ്ലണ്ടിന്റെ വിജയഭാരം പീറ്റര്‍ ക്രൗച്ച്‌ എന്ന ഉയരക്കാരനിലായിരിക്കും. ഇന്നത്തെ അങ്കത്തില്‍ മുന്‍നിരയില്‍ ക്രൗച്ച്‌ മാത്രമായിരിക്കുമെന്ന്‌ കോച്ച്‌ ഫാബിയാ കാപ്പലോ വ്യക്തമാക്കി. വെയിന്‍ റൂണിയും സ്‌റ്റീവന്‍ ജെറാര്‍ഡും മധ്യനിരയിലായിരിക്കും. ആദ്യ ഇലവനില്‍ മുന്‍നിരയില്‍ കളിക്കാന്‍ സര്‍വതാ യോഗ്യന്‍ ക്രൗച്ചാണെന്ന്‌ കോച്ച്‌ വിശദീകരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന സന്നാഹ മല്‍സരത്തില്‍ ഇംഗ്ലണ്ട്‌ നാല്‌ ഗോളിന്‌ സ്ലോവാക്യയെ തകര്‍ത്തിരുന്നു. ആ മല്‍സരത്തിനിടെ ക്രൗച്ചിന്‌ ചെറിയ പരുക്ക്‌ പറ്റിയെങ്കിലും അദ്ദേഹം ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്‌. റിയോ ഫെര്‍ഡിനാന്‍ഡും ഇന്ന്‌ കളിക്കുന്നുണ്ട്‌.
റിബറി
പാരീസ്‌: യൂറോപ്പില്‍ ഇന്ന്‌ നടക്കുന്ന ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്‌ നിലവില്‍ ലോകകപ്പ്‌ രണ്ടാം സ്ഥാനക്കരായ ഫ്രാന്‍സിന്റെ പ്രകടനമാണ്‌. യൂറോപ്യന്‍ ഗ്രൂപ്പ്‌ ഏഴില്‍ മൂന്നാമത്‌ നില്‍ക്കുന്ന ടീമാണ്‌ ഫ്രാന്‍സ്‌. ഇന്നത്തെ എതിരാളികള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്ന ലിത്വാനിയയാണ്‌. മല്‍സരം ജയിക്കാനായാല്‍ മാത്രമാണ്‌ ഫ്രാന്‍സിന്‌ മുന്നോട്ടുള്ള പാത എളുപ്പമാവുക. പക്ഷേ കാര്യങ്ങള്‍ ഫ്രാന്‍സിന്‌ എളുപ്പമല്ല. ഇത്‌ വരെ സ്വതസിദ്ധമായ കരുത്തില്‍ കളിക്കാന്‍ ടീമിനായിട്ടില്ല. ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിച്ചിനായി കളിക്കുന്ന ഫ്രാങ്ക്‌ റിബറിയുടെ കരുത്തിലാണ്‌ കഴിഞ്ഞ മല്‍സരം ജയിച്ചത്‌. ഇന്നും കോച്ച്‌ ഡൊമന്‍ച്ചെയുടെ പ്രതീക്ഷ റിബറി തന്നെയാണ്‌.
തുരുപ്പുചീട്ട്‌
ബ്യൂണസ്‌അയേഴ്‌സ്‌: ഡിയാഗ മറഡോണ ഇപ്പോള്‍ ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനാണ്‌. കഴിഞ്ഞയാഴ്‌ച്ച വെനിസ്വേലക്കെതിരായ ലോകകപ്പ്‌ യോഗ്യതാ മല്‍സരം കഴിഞ്ഞതിന്‌ ശേഷം കോച്ചിന്‌ തന്റെ സൂപ്പര്‍ താരത്തെ വലിയ ഇഷ്‌ടമാണ്‌. ഇന്ന്‌ ബൊളിവിയയാണ്‌ ലോകകപ്പ്‌ യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീനയുടെ എതിരാളികള്‍. ഈ മല്‍സരത്തിലും ജയിക്കണമെങ്കില്‍ മെസിയുടെ മാജിക്കാണ്‌ കോച്ച്‌ പ്രതീക്ഷിക്കുന്നത്‌. ലോകം മുഴുവന്‍ ഇന്ന്‌ ഏക സ്വരത്തില്‍ പറയുന്ന നമ്പര്‍ വണ്‍ താരമാണ്‌ മെസ്സിയെന്ന്‌ മറഡോണ വ്യക്തമാക്കുന്നു. ഫിഫ പ്ലെയര്‍ ഓഫ്‌ ദ ഇയര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തായെങ്കില്‍ പോലും മെസിയോളം ഉയരാന്‍ ഇന്ന്‌ ലോക സോക്കറില്‍ ആരുമില്ലെന്നാണ്‌ കോച്ച്‌ അവകാശപ്പെടുന്നത്‌. ഇന്നത്തെ മല്‍സരം ജയിച്ചാല്‍ മറഡോണക്ക്‌ ഗ്രൂപ്പില്‍ ഉയരത്തിലെത്താം.

Monday, March 30, 2009

BRAZIL ESCAPE

ബ്രസീല്‍ രക്ഷപ്പെട്ടു
ക്വിറ്റോ: സത്യം-ബ്രസീല്‍ രക്ഷപ്പെട്ടിരിക്കുന്നു.... സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള വേദിയില്‍, പരിചയമില്ലാത്ത കാലാവസ്ഥയില്‍, സാഹചര്യങ്ങളില്‍ വട്ടം തിരിഞ്ഞ ബ്രസീലുകാര്‍ ഇക്വഡോറിനെതിരായ സമനിലയില്‍ നന്ദി പറയേണ്ടത്‌ ജൂലിയസ്‌ സീസര്‍ എന്ന ഡിഫന്‍ഡറോട്‌. തിരമാല കണക്കെ ആഞ്ഞടിച്ച ഇക്വഡോറുകാരില്‍ നിന്നും ടീമിനെ സമനിലയുമായി രക്ഷിച്ചത്‌ മറ്റാരുമായിരുന്നില്ല. ഇന്നലെ ലാറ്റിനമേരിക്കയില്‍ നടന്ന രണ്ട്‌ യോഗ്യതാ മല്‍സരങ്ങളും കഴിഞ്ഞതോടെ പോയന്റ്‌്‌ ടേബിളില്‍ ബ്രസീല്‍ നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. പരാഗ്വേ , അര്‍ജന്റീന, ചിലി എന്നിവരാണ്‌ ആദ്യ മൂന്ന്‌ സ്ഥാനങ്ങളില്‍. പെറുവിനെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്കാണ്‌ ഇന്നലെ ചിലി തകര്‍ത്തത്‌.
ബ്രസീലിയന്‍ താരങ്ങള്‍ക്ക്‌ എന്നും തലവേദനയായിട്ടുളള വേദിയാണ്‌ ക്വിറ്റോ. അതിവേഗതയില്‍ കളിച്ചാല്‍ ആദ്യ പകുതിയോടെ തളരും, പതുക്കെ കളിച്ചാല്‍ ടീമിന്‌ താളം ലഭിക്കുകയുമില്ല. ഈ പ്രയാസങ്ങള്‍ എപ്പോഴും ഇവിടെ ബ്രസീല്‍ നേരിട്ടുണ്ട്‌. ഇത്‌ കാരണമാണ്‌ കഴിഞ്ഞ രണ്ട്‌ തവണ ഇവിടെ വന്നപ്പോഴും പരാജയപ്പെട്ടത്‌. ഇത്തവണ കോച്ച്‌ ഡുംഗെ സ്വീകരിച്ച സമീപനം വിത്യസ്‌തമായിരുന്നില്ല-കടന്നാക്രമണം വേണ്ട. പക്ഷേ ഇക്വഡോറുകാര്‍ ഒന്നിന്‌ പിറകെ ഒന്നായി ആക്രമണം നടത്തിയപ്പോള്‍ പലപ്പോഴും ബ്രസീല്‍ ഗോള്‍മുഖം വിറച്ചു. ജൂലിയസ്‌ സീസര്‍ എന്ന ഡിഫന്‍ഡറുടെ ജാഗ്രതയാണ്‌ പലപ്പോഴും ടീമിനെ തുണച്ചത്‌. ആദ്യ ം ഗോളടിച്ചത്‌ ബ്രസീലാണ്‌. സബ്‌സ്‌റ്റിറ്റിയൂട്ട്‌ ജൂലിയോ ബാപ്‌റ്റിസ്റ്റ മൈതാനത്തിറങ്ങി ഒന്നാം മിനുട്ടില്‍ തന്നെ ഗോളടിച്ചപ്പോള്‍ കളി അവസാനിക്കാന്‍ ഒരു മിനുട്ട്‌ മാത്രം ശേഷിക്കെ സബ്‌സ്‌റ്റിറ്റിയൂട്ട്‌ കൃസ്‌റ്റിയന്‍ നോബോവ ഇക്വഡോറിനെ ഒപ്പമെത്തിച്ചു. മല്‍സര ശേഷം സംസാരിക്കവെ ഭാഗ്യമാണ്‌ തന്റെ ടീമിനെ തുണച്ചതെന്ന്‌ ബ്രസീല്‍ കോച്ച്‌ ഡുംഗെ സമ്മതിക്കുകയും ചെയ്‌തു.
പെറുവിനെതിരെ ചിലി അപാര ഫോമിലായിരുന്നു. എതിരാളികളുടെ മൈതാനത്ത്‌ കളിച്ചിട്ടും വന്‍ വിജയം നേടാനായതോടെ അവരുടെ ഫൈനല്‍ റൗണ്ട്‌ പ്രതീക്ഷകളും സജീവമായിരിക്കുന്നു. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ പെറുവിന്റെ നെറ്റ്‌ ചലിപ്പിച്ച അലക്‌സിസ്‌ സാഞ്ചസാണ്‌ മല്‍സര ഹീറോ. രണ്ടാം ഗോള്‍ ഹുംബര്‍ട്ടോ സാവുസിന്റെ ബൂട്ടില്‍ നിന്നായിരുന്നു. കളി അവസാനിക്കാന്‍ 20 മിനുട്ട്‌ ശേഷിക്കവെ മതിയാസ്‌ ഫെര്‍ണാണ്ടസ്‌ മൂന്നാം ഗോളും നേടി.
പത്ത്‌്‌ ടീമുകള്‍ മല്‍സരിക്കുന്ന ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ എല്ലാ ടീമുകളും പതിനൊന്ന്‌ മല്‍സരങ്ങളാണ്‌ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. ഒന്നാം സ്ഥാനത്തുളള പരാഗ്വേക്ക്‌ 23 പോയന്റാണുളളത്‌. അര്‍ജന്റീനയും ചിലിയും 19 ല്‍ നില്‍ക്കുന്നു. ബ്രസീലിന്‌ 18 പോയന്റാണുളളത്‌. ഉറുഗ്വേ 16 ലും കൊളംബിയ 14 ലും നില്‍ക്കുന്നു.
ശനിയാഴ്‌ച്ച നടന്ന മല്‍സരത്തില്‍ ഡിയാഗോ മറഡോണ പരിശീലിപ്പിച്ച അര്‍ജന്റീന നാല്‌ ഗോളിന്‌ വെനിസ്വേലയെയും ഉറുഗ്വേ രണ്ട്‌ ഗോളിന്‌ പരാഗ്വേയെയും കൊളംബിയ ഇതേ മാര്‍ജിനില്‍ ബൊളീവിയയെയും തോല്‍പ്പിച്ചിരുന്നു.
യോഗ്യതാ റൗണ്ട്‌ ഇന്നും തുടരും. ഇന്നത്തെ അങ്കം വെനിസ്വേലയും കൊളംബിയയും തമ്മിലാണ്‌. നാളെ ബൊളീവിയ അര്‍ജന്റീനയയും ഇക്വഡോര്‍ പരാഗ്വേയെയും ചിലി ഉറുഗ്വയെയും ബ്രസീല്‍ പെറുവിനെയും നേരിടും.

പോയന്റ്‌്‌ ടേബിള്‍
(ലാറ്റിനമേരിക്കയില്‍ എല്ലാ ടീമുകളും 11 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍. ആദ്യ നാല്‌ സ്ഥാനക്കാര്‍ക്കാണ്‌ ലോകകപ്പ്‌ ഫൈനല്‍ ബെര്‍ത്ത്‌. അഞ്ചാം സ്ഥാനത്തുള്ള ടീമിന്‌ പ്ലേ ഓഫ്‌ യോഗ്യതയുണ്ട്‌. എതിരാളികള്‍ കോണ്‍കാകാഫിലെ നാലാം സ്ഥാനക്കാരായിരിക്കും)
പരാഗ്വേ- 23
അര്‍ജന്റീന-19
ചിലി-19
ബ്രസീല്‍-18
ഉറുഗ്വേ-16
കൊളംബിയ -14
ഇക്വഡോര്‍-13
വെനിസ്വേല-10
ബൊളീവിയ-9
പെറു-7

ആഫ്രിക്കയില്‍ അട്ടിമറികള്‍ തുടരുന്നു
കെയ്‌റോ: ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ കാര്യമായ അട്ടിമറികള്‍. അധികമാരുമറിയാത്ത ടോംഗോ കാമറൂണിനെയും ഗാബോണ്‍ മൊറോക്കോയെയും തോല്‍പ്പിച്ചതിന്‌ പിറകെ ഇന്നലെ നട
ന്ന മല്‍സരത്തില്‍ കരുത്തരായ ഈജിപ്‌തിനെ സാംബിയ 1-1 ല്‍ തളച്ചു. കെയ്‌റോ സ്‌റ്റേഡിയത്തില്‍ അരലക്ഷത്തോളം ഈജിപ്‌ഷ്യന്‍ ആരാധകരെ സാക്ഷിനിര്‍ത്തി നടന്ന മല്‍സരത്തിലാണ്‌ സാംബിയ അല്‍ഭുതം കാട്ടിയത്‌. തുടക്കത്തില്‍ ലീഡ്‌ നേടിയ ഈജിപ്‌തിനെ തകര്‍പ്പന്‍ പ്രത്യാക്രമണങ്ങളുമായാണ്‌ സാംബിയക്കാര്‍ പിടിച്ചുനിര്‍ത്തിയത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ വിഗാന്‌ വേണ്ടി കളിക്കുന്ന അമര്‍ സാക്കിയുടെ ഗോളില്‍ ഇരുപത്തിയേഴാം മിനുട്ടിലാണ്‌ ഈജിപ്‌ത്‌ ലീഡ്‌ നേടിയത്‌. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡിഫന്‍ഡര്‍ ഡെന്നിസ്‌ ബാന്‍ഡ സാംബിയക്കായി സമനില നേടി. സ്വന്തം മൈതാനത്ത്‌ തകര്‍പ്പന്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ വന്‍കരാ ജേതാക്കള്‍ രണ്ടാം പകുതിയില്‍ തീര്‍ത്തും മങ്ങുകയായിരുന്നു.
ആറ്‌ തവണ വന്‍കരാ ചാമ്പ്യന്മാരായിട്ടും ഈജിപ്‌തിന്‌ ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ പലപ്പോഴും വലിയ തലവേദനയായിരുന്നു. 1960 മുതല്‍ ആഫ്രിക്കയില്‍ നിന്നും യോഗ്യതാ റൗണ്ട്‌ ആരംഭിച്ചതിന്‌ ശേഷം ഒരേ ഒരു തവണയാണ്‌ ഈജിപ്‌തിന്‌ ഫൈനല്‍ റൗണ്ട്‌ കളിക്കാനായത്‌-പത്തൊമ്പത്‌ വര്‍ഷം മുമ്പ്‌ ഇറ്റലിയില്‍. ഇത്തവണ കരുത്തുറ്റ ടീമിനെയാണ്‌ ഈജിപ്‌ത്‌ അണിനിരത്തുന്നത്‌. എന്നിട്ടും 70,000 ത്തിലധികം കാണികളുടെ പിന്തുണയിലും ടീമിന്‌ ജയിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്‌.
എങ്ങനെയെങ്കിലും വിജയിക്കാന്‍ കോച്ച്‌ ഹസന്‍ ഷഹസാദ സൂപ്പര്‍ താരങ്ങളായ മുഹമ്മദ്‌ അബ്ദുറിക്കയെയും അഹമ്മദ്‌ ഹൊസാമിനെയും രംഗത്തിറക്കിയിട്ടും സാംബിയന്‍ ഡിഫന്‍സ്‌്‌ വഴങ്ങിയില്ല.
നാളെ നടക്കുന്ന മല്‍സരങ്ങള്‍
ലാറ്റിമേരിക്ക: ബൊളിവിയ-അര്‍ജന്റീന, ഇക്വഡോര്‍-പരാഗ്വേ, ചിലി-ഉറുഗ്വേ, ബ്രസീല്‍-പെറു
യൂറോപ്പ്‌: ലാത്ത്‌വിയ-ലക്‌സംബര്‍ഗ്ഗ്‌, ഹംഗറി-മാള്‍ട്ട, ലൈഞ്ചസ്റ്റിന്‍-റഷ്യ, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്‌-സ്ലോവേനിയ, വെയില്‍സ്‌-ജര്‍മനി, ഡെന്മാര്‍ക്ക്‌-അല്‍ബേനിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്‌-മോള്‍ദോവ, പോളണ്ട്‌-സാന്‍മറീനോ, ചെക്‌ റിപ്പബ്ലിക്‌-സ്ലോവാക്യ, ഗ്രീസ്‌-ഇസ്രാഈല്‍.

ഐവറികോസ്‌റ്റില്‍ സ്‌റ്റേഡിയം തകര്‍ന്ന്‌ 19 മരണം
അബിദ്‌ജാന്‍ (ഐവറികോസ്‌റ്റ്‌): ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്‌റ്റില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം തകര്‍ന്ന്‌ 19 പേര്‍ മരിച്ചു. 132 പേര്‍ക്ക്‌ പരുക്കുണ്ട്‌. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്‌. ഐവറി കോസ്‌റ്റും മലാവിയും തമ്മിലുളള ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തിനിടെ ഞായറാഴ്‌ച്ച വൈകുന്നേരമാണ്‌ സംഭവം. അബിദാജാന്‍ നഗരത്തിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സ്വന്തം ടീമിന്റെ പ്രകടനം കാണാനെത്തിയവരാണ ്‌ദുരന്തത്തിനിരയായത്‌. മല്‍സരത്തിന്റെ മണിക്കൂറുകള്‍ മുമ്പ്‌ തന്നെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. ടിക്കറ്റ്‌ ലഭിക്കാത്ത ആയിരകണക്കിന്‌ ആരാധകരുണ്ടാക്കിയ പ്രശ്‌നങ്ങളാണ്‌ സ്‌റ്റേഡിയത്തിന്റെ ഒരു ഗേറ്റ്‌ തകരാന്‍ കാരണമായതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. സംഭവത്തില്‍ ഫിഫ പ്രസിഡണ്ട്‌ സെപ്‌ ബ്ലാറ്റര്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ടിക്കറ്റ്‌ ലഭിക്കാത്ത ആരാധകര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന്‌്‌ പോലീസ്‌ ടിയര്‍ ഗ്യാസ്‌ പ്രയോഗിച്ചിരുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ തലങ്ങും വിലങ്ങും ആളുകള്‍ ഓടുന്നതിനിടെയാണ്‌ ദുരന്തം.
അഞ്ച്‌ ഗോളിന്‌ മലാവിയെ തരിപ്പണമാക്കി ഐവറികോസ്‌റ്റ്‌ വിജയം ആഘോഷിച്ചെങ്കിലും നാട്ടിലെ ദുരന്തം ടീമിനും താരങ്ങള്‍ക്കും ആഘാതമായി. യൂറോപ്യന്‍ ലീഗുകളില്‍ ഐവറി കോസ്‌റ്റിനായി കളിക്കുന്ന സൂപ്പര്‍ താരങ്ങളെല്ലാം മല്‍സരത്തിനുണ്ടായിരുന്നു. ഇവരുടെ പ്രകടനം കാണാനാണ്‌ എല്ലാവരുമെത്തിയത്‌. ഐവറിക്കാര്‍ ദൈവമായി കരുതുന്ന ചെല്‍സിക്കാരന്‍ ദിദിയര്‍ ദ്രോഗ്‌ബെ, ചെല്‍സിക്കായി തന്നെ കളിക്കുന്ന സലോമാന്‍ കാലു, ആഴ്‌സനലിന്റെ ഇമാനുവല്‍ എബൗ, കാലേ ടൂര്‍ എന്നിവരെല്ലാം രാജ്യത്തിനായി കളിക്കാനുണ്ടായിരുന്നു. ഇവരുടെ പ്രകടനം കാണാതെ തങ്ങള്‍ തിരിച്ച്‌ പോവില്ലെന്നായാരുന്നു ടിക്കറ്റ്‌ ലഭിക്കാത്ത ആരാധകര്‍ വിളിച്ചു പറഞ്ഞത്‌. മല്‍സരം നടക്കുമ്പോള്‍ ഇവര്‍ നിരന്തരമായി ബഹളം വെക്കുകയായിരുന്നു.
പലവട്ടം പറഞ്ഞിട്ടും കാണികള്‍ പിരിഞ്ഞു പോവാത്തതാണ്‌ വലിയ പ്രശ്‌നമായതെന്ന്‌്‌ രാജ്യത്തെ സോക്കര്‍ ഫെഡറേഷന്‍ വ്യക്തമാക്കി.
അടുത്ത വര്‍ഷം ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ കനത്ത ആഘാതം കൂടിയാണ്‌ ഈ സംഭവം. ദക്ഷിണാഫ്രിക്കയിലാണ്‌ ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ നടക്കുന്നത്‌. ഇവിടെയും കാണികളുടെ ബഹളവും കലാപവും പതിവ്‌ സംഭവമാണ്‌.
35,000 പേര്‍ക്കായിരുന്നു സ്‌റ്റേഡിയത്തില്‍ ഇരിപ്പിടം. എന്നാല്‍ ഇതിന്റെ ഇരട്ടിയാളുകള്‍ പുറത്ത്‌ ടിക്കറ്റ്‌ ലഭിക്കാതെ നില്‍ക്കുകയായിരുന്നുവെന്ന്‌ ഐവറി കോസ്‌റ്റിന്റെ സ്‌പോര്‍ട്‌സ്‌ മന്ത്രി ഡാഗോബര്‍ട്ട്‌ ബാന്‍സിയോ പറഞ്ഞു. സ്‌റ്റേഡിയത്തിന്റെ ഗേറ്റ്‌ അടച്ചപ്പോള്‍ ഇവര്‍ ഗെയിറ്റ്‌ തളളുകയും മതിലില്‍ നിരന്തരം ഇടിക്കുകയുമായിരുന്നു. തുടര്‍ച്ചയായുളള തളളലില്‍ ഒരു ഗേറ്റ്‌ തകര്‍ന്നു. തുടര്‍ന്നാണ്‌ മതിലും വീണത്‌.

ലക്ഷ്‌മണ്‍ സിന്ദാബാദ്‌
നേപ്പിയര്‍: നാലാം ദിവസം ഗൗതം ഗാംഭിറായിരുന്നെങ്കില്‍ ഇന്നലെ വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്‌മണിന്റെ ഊഴമായിരുന്നു. പുറത്താവാതെ ലക്ഷ്‌മണ്‍ സ്വന്തമാക്കിയ 124 റണ്‍സിന്റെ കരുത്തില്‍ രണ്ടാം ടെസ്റ്റില്‍ സമനില സ്വന്തമാക്കി ഇന്ത്യ മാനം കാത്തു. ഫോളോ ഓണ്‍ ചെയ്‌ത ഇന്ത്യ നാല്‌ വിക്കറ്റിന്‌ 476 റണ്‍സ്‌ എന്ന ഘട്ടത്തില്‍ കിവി നായകന്‍ ഡാനിയല്‍ വെട്ടോരി സമനില സമ്മതിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. സ്‌ക്കോര്‍ ചുരുക്കത്തില്‍: ന്യൂസിലാന്‍ഡ്‌-ഒന്നാം ഇന്നിംഗ്‌സ്‌ എട്ടിന്‌ 619 ഡിക്ലയേര്‍ഡ്‌. (ജെസി റൈഡര്‍ 201, റോസ്‌ ടെയലര്‍-151, ബ്രെന്‍ഡന്‍ മക്കുലം 115, ഡാനിയല്‍ വെട്ടോരി 55, ജെയിംസ്‌ ഫ്രാങ്ക്‌ളിന്‍ 52). ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ 305 (രാഹുല്‍ ദ്രാവിഡ്‌-83, വി.വി.എസ്‌ ലക്ഷ്‌മണ്‍ 76). രണ്ടാം ഇന്നിംഗ്‌സ്‌-നാല്‌ വിക്കറ്റിന്‌ 476 (ഗൗതം ഗാംഭീര്‍-137, വി.വി.എസ്‌ ലക്ഷ്‌മണ്‍ പുറത്താവാതെ 124, സച്ചിന്‍-64, യുവരാജ്‌ പുറത്താവാതെ 54).
ബാറ്റിംഗിനെ അഞ്ച്‌ ദിവസവും തുണച്ച മക്‌ലീന്‍ പാര്‍ക്കില്‍ അവസാന ദിവസത്തില്‍ ഇന്ത്യയുടെ എട്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തുക എന്നത്‌ കിവി ബൗളര്‍മാരെ സംബന്ധിച്ച്‌ സാഹസിക ദൗത്യമായിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ എന്തെങ്കിലും പിഴവുകള്‍ വരുത്തുക മാത്രമായിരുന്നു രക്ഷ. ഗൗതം ഗാംഭീറും യുവരാജ്‌ സിംഗും പിഴവു കാട്ടി-പക്ഷേ അത്‌ മുതലാക്കാന്‍ കിവി ഫീല്‍ഡര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. രണ്ട്‌ വിക്കറ്റുകളാണ്‌ ഇന്നലെ നിലം പതിച്ചത്‌. സച്ചിന്‍ 64 ലും ഗാംഭീര്‍ 137 ലും വീണു. പകരം വന്ന ലക്ഷ്‌മണും യുവരാജും കിവി ബൗളര്‍മാര്‍ക്കോ ഫീല്‍ഡര്‍മാര്‍ക്കോ പ്രതീക്ഷ നല്‍കിയതേയില്ല. ആദ്യ ടെസ്റ്റില്‍ പത്ത്‌ വിക്കറ്റ്‌ വിജയം ആസ്വദിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിട്ടു നില്‍ക്കുകയാണ്‌. പരമ്പരയിലെ അവസാന മല്‍സരം വെള്ളിയാഴ്‌ച്ച മുതല്‍ വെല്ലിംഗ്‌ടണില്‍ ആരംഭിക്കും. കിവി ഒന്നാം ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയ റൈഡറാണ്‌ കളിയിലെ കേമന്‍.
തേര്‍ഡ്‌ ഐ
നേപ്പിയര്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം. ഇന്ത്യ ഫോളോ ഓണ്‍ ചെയ്യുകയാണ്‌. അവസാന സെഷനില്‍ ക്യാപ്‌റ്റന്‍ വിരേന്ദര്‍ സേവാഗ്‌ അനാവശ്യ ഷോട്ടില്‍ ജിതന്‍ പട്ടേലിന്‌ വിക്കറ്റ്‌ നല്‍കി ന്യൂസിലാന്‍ഡുകാര്‍ക്ക്‌ ആഘോത്തിന്‌ അവസരമൊരുക്കി പവിലിയനിലേക്ക്‌ മടങ്ങുന്നു. പതിവ്‌ പോലെ ഓരോ ദിവസത്തെയും മല്‍സരത്തിന്റെ അവസാനത്തില്‍ ഇരു ടീമിലെയും ഏതെങ്കിലും ഒരു താരം പത്രക്കാരെ കാണാറുണ്ട്‌. അന്ന്‌ ഇന്ത്യയെ പ്രതിനിധീകരിച്ചത്‌ വി.വി.എസ്‌ ലക്ഷ്‌മണായിരുന്നു. ഇന്ത്യ ഈ കളി തോല്‍ക്കില്ലേ എന്ന ചോദ്യത്തിന്‌ ലക്ഷ്‌മണ്‍ നല്‍കിയ മറുപടി മല്‍സരം സമനിലയിലാവുമെന്നായിരുന്നു. ആരും അത്‌ വിശ്വസിച്ചില്ല. അതിന്‌ കാരണവുമുണ്ടായിരുന്നു-രണ്ട്‌ ദിവസം ബാക്കിനില്‍ക്കുന്ന മല്‍സരത്തില്‍ ഫോളോ ഓണ്‍ ചെയ്യുന്ന ടീമിന്‌ ക്യാപ്‌റ്റനെയും നഷ്‌ടമായ ഘട്ടത്തില്‍ സമനിലയെന്ന ലക്ഷ്യം അല്‍ഭുതമായിരുന്നു. പക്ഷേ ലക്ഷ്‌മണ്‍ പറഞ്ഞ വാക്കുകള്‍ പ്രാവര്‍ത്തികമാക്കി. 2000-01 ലെ കൊല്‍ക്കത്ത ടെസ്‌റ്റില്‍ ഓസ്‌ട്രേലിയക്കാര്‍ക്കെതിരെ പ്രകടിപ്പിച്ച ആ മന: സാന്നിദ്ധ്യം പോലെ പ്രതിരോധത്തിന്റെയും ആക്രണമത്തിന്റെയും സ്‌പെഷ്യല്‍ ഇന്നിംഗ്‌സാണ്‌ ലക്ഷ്‌മണ്‍ കാഴ്‌ച്ചവെച്ചത്‌. ആദ്യ ഇന്നിംഗ്‌സില്‍ 17 പന്ത്‌ കളിച്ചിട്ടും പൂജ്യനായി മടങ്ങേണ്ടി വന്ന യുവരാജിലെ സമ്മര്‍ദ്ദം മനസ്സിലാകി അദ്ദേഹത്തെ പരമാവധി ബാറ്റിംഗ്‌ ക്രീസില്‍ നിന്ന്‌ അകറ്റിയുളള വെറ്ററന്‍ താരത്തിന്റെ ഇന്നിംഗ്‌സാണ്‌ ഇന്ത്യയെ തുണച്ചത്‌. ഗൗതം ഗാംഭീര്‍, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ ഇന്നിംഗ്‌സുകള്‍ മറന്ന്‌ കൊണ്ടല്ല ഈ പ്രതികരണം. ഇന്നലെ രാവിലെ തന്നെ ക്രീസിലെത്തിയ ലക്ഷ്‌മണ്‍ വേഗം പുറത്തായിരുന്നെങ്കില്‍ എല്ലാം പെട്ടെന്ന്‌ അവസാനിക്കുമായിരുന്നു. ലക്ഷ്‌മണ്‍ പുറത്തായാല്‍ പിന്നെ ബാറ്റിംഗ്‌ വിലാസമുളളത്‌ ദിനേശ്‌ കാര്‍ത്തികിന്‌ മാത്രമാണല്ലോ...
ന്യൂസിലാന്‍ഡിന്‌ പിഴച്ചത്‌ ശൗര്യത്തിലാണ്‌... ആദ്യ മൂന്ന്‌ ദിവസങ്ങളില്‍ പ്രകടിപ്പിച്ച ശൗര്യം അവസാന രണ്ട്‌ ദിവസങ്ങളില്‍ ആവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല. ബൗളര്‍മാര്‍ തളര്‍ന്നിരുന്നു. തുടര്‍ച്ചയായി എറിയേണ്ടി വന്നപ്പോള്‍ ആര്‍ക്കും കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ മുന്‍നിരയെ പുറത്താക്കാന്‍ കഴിഞ്ഞാല്‍ മാത്രമായിരുന്നു സാധ്യത. യുവരാജ്‌സിംഗ്‌ ക്രീസില്‍ വരുമ്പോള്‍ ഇന്ത്യയുടെ ലീഡ്‌ 42 റണ്‍സ്‌ മാത്രമായിരുന്നു. പുതിയ പന്തെടുക്കാന്‍ ആ ഘട്ടത്തല്‍ വെട്ടോരിക്ക്‌ അവകാശമുണ്ടായിരുന്നു-35 ഓവറുകളും ബാക്കി. പക്ഷേ ലക്ഷ്‌മണും യുവരാജും ആക്രമിച്ചു. എളുപ്പത്തില്‍ ണ്‍സ്‌ നേടി. അതോടെ മല്‍സരം നിശ്ചിത സമയത്തിന്‌ മുമ്പ്‌ സമനിലയില്‍ അവസാനിക്കുമെന്നുറപ്പായി.
ഇനി വെല്ലിംടണിലേക്കാണ്‌. ഹാമില്‍ട്ടണില്‍ മഹാവിജയം നേടിയ ടീം ഇന്ത്യ എന്ത്‌ കൊണ്ട്‌ ഇവിടെ പിറകിലായി എന്ന്‌ ചിന്തിക്കാന്‍ നാല്‌ ദിവസമുണ്ട്‌. ക്യാപ്‌റ്റന്‍ എം.എസ്‌ ധോണി തിരിച്ചെത്തുമ്പോള്‍ ആലസ്യത്തെ ഗൗരവത്തില്‍ തന്നെ വെടിയാന്‍ ഗാരി കിര്‍സ്‌റ്റണ്‍ നിര്‍ദ്ദേശം നല്‍കേണ്ടിയിരിക്കുന്നു. സമനിലയോടെ മാനം കാക്കാന്‍ കഴിഞ്ഞെങ്കിലും ഐ.സി.സി റാങ്കിംഗില്‍ വിലപ്പെട്ട പോയന്റാണ്‌ നഷ്ടമായിരിക്കുന്നത്‌ എന്ന സത്യം കിര്‍സ്‌റ്റണ്‍ മറക്കില്ലെന്ന്‌ കരുതാം.

സ്‌ട്രോസ്‌ ക്ലാസ്‌
്‌ബ്രിഡ്‌ജ്‌ടൗണ്‍: മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസ്‌ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയിലിന്റെ പ്രഹരത്തില്‍ ഇംഗ്ലണ്ട്‌ തകര്‍ന്നടിഞ്ഞതാണ്‌. പക്ഷേ അതേ നാണയത്തില്‍ തിരിച്ചടിച്ച്‌ നാലാം ഏകദിനത്തില്‍ ഒമ്പത്‌ വിക്കറ്റിന്റെ വിജയവുമായി ഇംഗ്ലണ്ട്‌ പരമ്പരയില്‍ ഒപ്പമെത്തി. മൂന്നാം മല്‍സരത്തിലെ ഹീറോ വിന്‍ഡീസ്‌ നായകനായിരുന്നെങ്കില്‍ നാലാം മല്‍സരത്തിലെ ഹീറോ ഇംഗ്ലീഷ്‌ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസായിരുന്നു. മഴ മൂലം ഓവറുകള്‍ വെട്ടിചുരുക്കേണ്ടി വന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌തത്‌ വിന്‍ഡീസ്‌. 50 ഓവര്‍ കളിച്ച ആതിഥേയര്‍ ഒമ്പത്‌ വിക്കറ്റിന്‌ 239 റണ്‍സാണ്‌ നേടിയത്‌. 69 റണ്‍സ്‌ നേടിയ ഡ്വിന്‍ ബ്രാവോയാണ്‌ ടോപ്‌ സ്‌ക്കോറര്‍. വിന്‍ഡീസ്‌ ഇന്നിംഗ്‌സിന്‌ ശേഷം മഴ തകര്‍ത്തു പെയ്‌തപ്പോള്‍ ഡെക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമം നടപ്പിലാക്കി. 20 ഓവറില്‍ ഇംഗ്ലീഷ്‌ വിജയലക്ഷ്യം 135 റണ്‍സാക്കി. അവസരം ഉപയോഗപ്പെടുത്തിയ സ്‌ട്രോസ്‌ 61 പന്തില്‍ നിന്നും 79 റണ്‍സുമായി എത്തിയപ്പോള്‍ അദ്ദേഹത്തെ പിടിച്ചുകെട്ടാന്‍ ആര്‍ക്കുമായില്ല. ഒമ്പത്‌ ബൗണ്ടറികളും ഒരു സിക്‌സറും നായകന്‍ പായിച്ചു. ലയണല്‍ ബേക്കറിന്റെ ഒരോവറിലെ നാല്‌ പന്തുകളാണ്‌ തുടര്‍ച്ചയായി സ്‌ട്രോസ്‌ അതിര്‍ത്തി കടത്തിയത്‌. പരമ്പര ആര്‍ക്കെന്ന്‌ നിശ്ചയിക്കുന്ന അന്തിമ മല്‍സരം അടുത്തയാഴ്‌ച്ച സെന്റ്‌്‌ ലൂസിയയില്‍.
ഓസീ
സെഞ്ചൂറിയന്‍: തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയക്കെതിരായ 20:20 പരമ്പര 2-0 ത്തിന്‌ സ്വന്തമാക്കി. ആദ്യ മല്‍സരത്തില്‍ നാടകീയ വിജയം നേടിയ ആതിഥേയര്‍ ഇന്നലെ 17 റണ്‍സിന്റെ ആധികാരിക വിജയമാണ്‌ നേടിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക അഞ്ച്‌ വിക്കറ്റിന്‌ 156 റണ്‍സാണ്‌ നേടിയത്‌. ഓസ്‌ട്രേലിയന്‍ മറുപടിയാവട്ടെ 139 ല്‍ അവസാനിച്ചു. 27 റണ്‍സ്‌ വീതം നേടിയ ഹസിയും ക്ലാര്‍ക്കും മാത്രമാണ്‌ പിടിച്ചുനിന്നത്‌. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌ പരാജയമായി. ദക്ഷിണാഫ്രിക്കയുടെ പുതിയ സീമര്‍ യൂസഫ്‌ അബ്ദുല്ലക്ക്‌ മുന്നിലാണ്‌ റിക്കി വീണത്‌.
വീണ്ടും
ലാഹോര്‍: രണ്ട്‌ മാസം മുമ്പാണ്‌ എല്ലാം മതിയാക്കി ജാവേദ്‌ മിയാന്‍ദാദ്‌ പതിവ്‌ പൊട്ടിത്തെറിയോടെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പടികള്‍ ഇറങ്ങിയത്‌. പക്ഷേ ജാവേദ്‌ തിരിച്ചുവരുകയാണ്‌-പി.സി.ബി ഡയരക്ടറായി. നാളെ അദ്ദേഹം ചുമതലയേല്‍ക്കും. അദ്ദേഹത്തിന്റെ ഡിമാന്‍ഡുകളെല്ലാം പി.സി.ബി തലവന്‍ ഇജാസ്‌ ഭട്ട്‌ അംഗീകരിച്ചതായി പി.സി.ബി ഡയരക്ടറായ വസീം ബാരി അറിയിച്ചു. തനിക്ക്‌ കൂടുതല്‍ പ്രതിഫലവും ക്രിക്കറ്റ്‌ കാര്യങ്ങളില്‍ കൂടുതല്‍ അധികാരവുമാണ്‌ ജാവേദ്‌ ആവശ്യപ്പെട്ടത്‌. അത്‌ അംഗീകരിച്ചതിനുളള തെളിവാണ്‌ അദ്ദേഹത്തിന്റെ തിരിച്ചുവരവ്‌.
റെഡി
ഡര്‍ബന്‍: പ്രഥമ ഐ.പി.എല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്‌ കിരീടം നിലനിര്‍ത്താനുളള ലക്ഷ്യത്തില്‍ കരുത്തോടെ വരുന്നു. ഷെയിന്‍ വോണ്‍ നയിക്കന്ന സംഘം വലിയ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നൊരുക്കമായി ദക്ഷിണാഫ്രിക്കന്‍ ചാമ്പ്യന്മാരായ കോബ്രാസുമായി സന്നാഹ മല്‍സരം പ്രഖ്യാപിച്ചിരിക്കുന്നു. ഏപ്രില്‍ 11,12 തിയ്യതികളിലാണ്‌ മല്‍സരങ്ങള്‍. ഹര്‍ഷല്‍ ഗിബ്‌സ്‌, ജെ.പി ഡുമിനി, ജസ്റ്റിന്‍ ഓണ്‍ടോംഗ്‌ തുടങ്ങിയ പ്രബലര്‍ കോബ്രാസ്‌്‌ സംഘത്തിലുണ്ട്‌.

Saturday, March 28, 2009

SORRY INDIA

മൂന്നാം ദിവസവും ന്യൂസിലാന്‍ഡിന്‌ സ്വന്തം
നേപ്പിയര്‍: രണ്ടാം ടെസ്‌റ്റിന്റെ മൂന്നാം ദിവസവും തകര്‍പ്പന്‍ പ്രകടനം നടത്തിയ ന്യൂസിലാന്‍ഡ്‌ ഇന്ത്യക്കെതിരെ വിജയത്തിലേക്ക്‌. സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്‌സ്‌ 305 റണ്‍സില്‍ അവസാനിപ്പിച്ച ആതിഥേയര്‍ ഫോളോ ഓണ്‍ ചെയ്യുന്ന ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ക്യാപ്‌റ്റന്‍ വിരേന്ദര്‍ സേവാഗിന്റെ വിലപ്പെട്ട വിക്കറ്റും സ്വന്തമാക്കി പിടിമുറുക്കിയിരിക്കുന്നു. ഇപ്പോഴും 267 റണ്‍സിന്‌ പിറകില്‍ നില്‍ക്കുന്ന ഇന്ത്യക്ക്‌ ഈ ടെസ്റ്റിനെ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌. ഇന്നിംഗ്‌സ്‌ തോല്‍വി എന്ന വലിയ നാണക്കേടിന്‌ മുന്നില്‍ നില്‍ക്കുന്ന ടീമിനെ രക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍. ബാറ്റിംഗിനെ തുണക്കുന്ന പിച്ചായിട്ട്‌്‌ പോലും അച്ചടക്കത്തോടെയുളള ബൗളിംഗിലും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ ആലസ്യത്തിലും നാട്ടുകാരുടെ പിന്തുണയിലും കിവീസ്‌ മുന്നേറുകയാണ്‌. ആദ്യ രണ്ട്‌ ദിവസത്തിലും പ്രകടിപ്പിക്കാനായ ആത്മവിശ്വസമാണ്‌ ഇന്നലെയും ടീമിനെ തുണച്ചത്‌. രാവിലെ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും നിലയുറപ്പിച്ച്‌ കളിക്കവെ പതറാതെ പന്തെറിഞ്ഞ ജിതന്‍ പട്ടേല്‍ വിലപ്പെട്ട ബ്രേക്ക്‌ ത്രൂ നല്‍കി. പക്ഷേ രാഹുല്‍ ദ്രാവിഡും വി.വി.എസ്‌ ലക്ഷ്‌മണും ലഞ്ച്‌ വരെ പൊരുതിനിന്നു. ഒരു ഘട്ടത്തിലും ഒന്നും വിട്ടുകൊടുക്കാതെ കരുക്കള്‍ നീക്കിയ ഡാനിയല്‍ വെട്ടോരിക്ക്‌്‌ ദ്രാവിഡിന്റെ അശ്രദ്ധ അവസരമായി. 83 റണ്‍സുമായി മുന്‍ നായകന്‍ പുറത്തായതോടെ വാലറ്റത്തിന്റെ വരവായി. ദിനേശ്‌ കാര്‍ത്തിക്കിനെയും ഹര്‍ഭജനെയും സഹീര്‍ഖാനെയുമെല്ലാം പുറത്താക്കാന്‍ പുതിയ പന്ത്‌ ധാരാളമായിരുന്നു. ഫോളോ ഓണിന്‌ മടിക്കാതിരുന്ന വെട്ടോരിക്ക്‌ മൂന്നാം ദിവസത്തിന്റെ അവസാനത്തില്‍ മറ്റൊരു അലസമായ ഷോട്ടില്‍ സേവാഗ്‌ വിക്കറ്റ്‌ നല്‍കിയതോടെയാണ്‌ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ സമ്മര്‍ദ്ദത്തിലായിരിക്കുന്നത്‌.
രാവിലെ സച്ചിനിലും ദ്രാവിഡിലുമായിരുന്നു ഇന്ത്യന്‍ പ്രതീക്ഷകള്‍. ഒന്നര മണിക്കൂറോളം ഈ അനുഭവ സമ്പന്നര്‍ അപകടം ഒഴിവാക്കി പിടിച്ചുനിന്നു. സ്‌പിന്നര്‍മാര്‍ക്കെതിരെ ക്ഷമയോടെ കളിച്ച ദ്രാവിഡ്‌ പേസര്‍മാരെയും കരുതലോടെയാണ്‌ നേരിട്ടത്‌. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌ എന്നിവര്‍ക്കെതിരായ പരമ്പരയില്‍ റണ്‍സ്‌ നേടാന്‍ വിഷമിച്ച ദ്രാവിഡ്‌ പക്ഷേ സ്വതസിദ്ധമായ ഷോട്ടുകളുമായി കളം നിറഞ്ഞപ്പോള്‍ ഇന്ത്യ രക്ഷപ്പെടുമെന്നാണ്‌ കരുതിയത്‌. 110 പന്തില്‍ നിന്ന്‌ ദ്രാവിഡ്‌്‌ അര്‍ദ്ധശതകം തികച്ചതും സച്ചിന്‌ പിഴച്ചു. നല്ല ഷോട്ടുകളുമായി കളിച്ച സച്ചിന്‍ ജിതന്‍ പട്ടേലിന്റെ പന്തില്‍ അര്‍ദ്ധമനസ്സോടെ ബാറ്റ്‌ വെച്ചതാണ്‌ വിനയായത്‌.
സച്ചിന്‌ പകരം വന്ന ലക്ഷ്‌മണ്‍ കനത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഇന്നിംഗ്‌സിനെ നേരെയാക്കാനുളള ദൗത്യത്തില്‍ അദ്ദേഹം ദ്രാവിഡിന്‌ ഉറച്ച പിന്തുണ നല്‍കി. വെട്ടോരി എല്ലാ ബൗളര്‍മാരെയും മാറ്റി മാറ്റി പരീക്ഷിച്ചിട്ടും രക്ഷയില്ലാതെ വന്നു. ഒടുവില്‍ ജെസി റൈഡറുടെ ജെന്റില്‍ മിലിട്ടറി പേസില്‍ വെറുതെ ഔട്ടാവുകയായിരുന്നു ബാംഗ്ലൂര്‍കാരന്‍. വൈഡായി പോവുന്ന പന്തില്‍ അനാവശ്യമായി ബാറ്റ്‌ വെച്ചു. ദ്രാവിഡ്‌ പുറത്താവുമ്പോള്‍ സ്‌ക്കോര്‍ അഞ്ച്‌ വിക്കറ്റിന്‌ 246.
യുവരാജ്‌ സിംഗ്‌ പതിനൊന്ന്‌ പന്തുകള്‍ മാത്രമാണ്‌ പിടിച്ചുനിന്നത്‌. പക്ഷേ ക്രിസ്‌ മാര്‍ട്ടിന്‌ ടെസ്റ്റ്‌ ക്രിക്കറ്റിലെ നൂറ്റിയമ്പതാമത്‌ വിക്കറ്റ്‌ സമ്മാനിച്ച്‌ അദ്ദേഹം പൂജ്യനായി മടങ്ങി.
അവസാന സെഷനില്‍ അവശേഷിക്കുന്ന നാല്‌ ഇന്ത്യന്‍ വിക്കറ്റുകള്‍ നേടുന്നതിലും ന്യൂസിലാന്‍ഡ്‌ വിജയിച്ചു. പുതിയ പന്തുമായി ദിനേശ്‌ കാര്‍ത്തിക്കിനെ വിറപ്പിക്കുന്നതില്‍ ക്രിസ്‌ മാര്‍ട്ടിന്‍ വിജയിച്ചു. ധോണിക്ക്‌ പകരം അവസരം ലഭിച്ച തമിഴ്‌നാട്ടുകാരന്‍ പന്ത്‌ സ്ലിപ്പ്‌ ഫീല്‍ഡറുടെ കരങ്ങളിലേക്ക്‌ നല്‍കി. ഒബ്രിയാന്റെ പന്തില്‍ രണ്ട്‌ ബൗണ്ടറികളുമായി തന്റെ ഭാഗം സംരക്ഷിച്ച ലക്ഷ്‌മണ്‍ മാര്‍ട്ടിന്റെ പന്തില്‍ വീണതോടെ ചിത്രംവ്യക്തമാവാന്‍ തുടങ്ങി. പതിനൊന്ന്‌ പന്തില്‍ ഒരു സിക്‌സറുമായി 18 റണ്‍സ്‌ നേടിയ ഹര്‍ഭജനെയും സഹീറിനെയും പുറത്താക്കിയ ഒബ്രിയാന്‍ ഇന്ത്യന്‍ ഒന്നാം ഇന്നിംഗസിന്‌ അന്ത്യമിട്ടു. 314 റണ്‍സിന്റെ വലിയ ലീഡാണ്‌ കിവിസിന്‌ ലഭിച്ചത്‌. ഫോളോ ഓണിന്‌ ഇന്ത്യയെ അയക്കാന്‍ വെട്ടോരി മടിച്ചതേയില്ല.

തേര്‍ഡ്‌ ഐ
ഹാമില്‍ട്ടണില്‍ പത്ത്‌ വിക്കറ്റിന്റെ മഹാവിജയം ആഘോഷിച്ച ഒരു ടീം അടുത്ത മല്‍സരത്തില്‍ തകര്‍ന്നടിയുന്നത്‌ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച്‌ പുതിയ സംഭവമല്ല. ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോറിന്റെ പകുതി നേടാന്‍ പോലും ഇന്ത്യക്കായില്ല. 314 റണ്‍സിന്റെ വലിയ ലീഡാണ്‌ ന്യൂസിലാന്‍ഡ്‌ നേടിയത്‌-ഇത്‌ വരെ ഇന്ത്യക്കെതിരെ ഒരു ടെസ്‌റ്റിലും ഇത്ര വലിയ ലീഡ്‌ സ്വന്തമാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. 1990 ലെ പരമ്പരയില്‍ ക്രൈസ്‌റ്റ്‌ചര്‍ച്ചില്‍ നടന്ന ടെസ്റ്റില്‍ 295 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ അവര്‍ നേടിയിരുന്നു-ഇതായിരുന്നു ഇത്‌ വരെയുളള വലിയ ലീഡ്‌. ആ ചരിത്രമാണ്‌ നേപ്പിയറില്‍ മാറിയിരിക്കുന്നത. ടെസ്‌റ്റ്‌്‌ ലോക റാങ്കിംഗില്‍ മൂന്നാമത്‌ നില്‍ക്കുന്ന ഒരു ടീമിനെ ശരിക്കും കളി പഠിപ്പിക്കുകയായിരുന്നു റാങ്കിംഗില്‍ ഏഴാമതുളള ടീം. ഒരു തരത്തിലുമുളള ആലസ്യം മൂന്നാം ദിവസവും കിവിക്കാര്‍ പ്രകടിപ്പിച്ചില്ല.വ്യക്തമായ ഗെയിം പ്ലാനില്‍ ഉറച്ചുനിന്നാണ്‌ അവര്‍ പൊരുതിയത്‌. കിവി പോരാട്ടവീര്യത്തിന്റെ വ്യക്തമായ തെളിവായിരുന്നു ക്രിസ്‌ മാര്‍ട്ടിന്‍. മൂന്നാം ദിവസം ചായ സെഷന്‌ തൊട്ട്‌ മുമ്പ്‌ യുവരാജ്‌സിംഗിനെ പുറത്താക്കിയ ക്രിസ്‌ മാര്‍ട്ടിന്‍ ഇടവേള സമയത്ത്‌ പവിലിയനിലേ ശിതളിമയിലേക്ക്‌ പോവാതെ മക്‌ലീന്‍ പാര്‍ക്കില്‍ കോച്ചിനൊപ്പം ബൗളിംഗ്‌്‌ പരിശീലനത്തിലായിരുന്നു. ഭക്ഷണം കഴിച്ച്‌ വിശ്രമിക്കാന്‍ നില്‍ക്കാതെ ഉറച്ച ബാറ്റിംഗ്‌ ട്രാക്കിലും ബാറ്റ്‌സ്‌മാന്മാരെ വീഴ്‌ത്താനുളള തന്ത്രങ്ങളെ പഠിക്കുകയായിരുന്നു അവര്‍.ന്യൂസിലാന്‍ഡ്‌ 619 റണ്‍സ്‌ നേടിയപ്പോള്‍ തന്നെ പിച്ച്‌ ബാറ്റിംഗിനെ തുണക്കുമെന്നുറപ്പായിരുന്നു. നല്ല പാര്‍ട്ട്‌ണര്‍ഷിപ്പുകളായിരുന്നു ഇന്ത്യക്ക്‌ പ്രധാനം. കിവി സ്‌ക്കോറിന്റെ അടിത്തറ കൂട്ടുകെട്ടുകളാണെന്ന്‌ മനസ്സിലാക്കി പിടിച്ചുനില്‍ക്കാന്‍ ദ്രാവിഡും സച്ചിനും ലക്ഷമ്‌ണുമെല്ലാം ശ്രമിച്ചുവെന്നത്‌ സത്യം. പക്ഷേ കിവി സ്‌ക്കോര്‍ സമ്മാനിച്ച സമ്മര്‍ദ്ദത്തില്‍ അവര്‍ക്ക്‌ സ്വതന്ത്രമായി ബാറ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ല.
മനസാ ഒരു സമനിലയാണ്‌ ഇന്ത്യ ആഗ്രഹിച്ചത്‌. ന്യൂസിലാന്‍ഡാവട്ടെ വിജയത്തിന്‌ ദാഹിച്ചാണ്‌ കളിക്കുന്നത്‌. അവിടെയാണ്‌ മാറ്റം കണ്ടത്‌. ഫീല്‍ഡിംഗ്‌ ക്രമീകരണത്തില്‍ വെട്ടോരി കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയില്ല. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ കരുത്ത്‌ അറിയുന്നതിനാല്‍ നിര്‍ണ്ണായക സ്ഥാനങ്ങളില്ലെല്ലാം ആളുകളുണ്ടായിരുന്നു. അവരെല്ലാം എല്ലാ ഘട്ടത്തിലും ജാഗ്രതയും പുലര്‍ത്തി. ജിതന്‍ പട്ടേലിന്റെ ഓരോവറില്‍ സച്ചിന്‍ 14 റണ്‍സ്‌ നേടിയിട്ടും ആ ബൗളറെ വെട്ടോരി പിന്‍വലിച്ചില്ല. അടുത്ത ഓവറില്‍ മനോഹരമായ ഒരു പന്തില്‍ സച്ചിനെ പുറത്താക്കാന്‍ പട്ടേലിനായി.
രണ്ടര മണിക്കൂറോളം ദ്രാവിഡും ലക്ഷ്‌മണും പൊരുതിയപ്പോഴും കിവി ബൗളര്‍മാര്‍ നിരാശരായിരുന്നില്ല. അച്ചടക്കം നിലനിര്‍ത്തിയ അവര്‍ ലഞ്ചിനും ചായക്കുമിടയിലുളള 25 ഓവറില്‍ 55 റണ്‍സ്‌ മാത്രമാണ്‌ നല്‍കിയത്‌. ഇന്ന്‌ കനത്ത സമ്മര്‍ത്തിലായിരിക്കും ഇന്ത്യ. ചിലപ്പോള്‍ കളി ഇന്ന്‌്‌ തന്നെ അവസാനിക്കാനും മതി. ഒമ്പത്‌ വിക്കറ്റ്‌ ഇന്ത്യയുടെ കൈവശമുണ്ട്‌. ഈ ഒമ്പതില്‍ മൂന്ന്‌ പേര്‍ മാത്രമാണ്‌ വിശ്വസ്‌തര്‍ എന്ന സത്യത്തിലൂന്നിയാല്‍ ഒരു കിവി ജയം-അതും ഇന്നിംഗ്‌സിന്‌ സാധ്യമായാല്‍ അല്‍ഭുതപ്പെടാനില്ല.

സ്‌ക്കോര്‍ബോര്‍ഡ്‌
ന്യൂസിലാന്‍ഡ്‌- ഒന്നാം ഇന്നിംഗ്‌സ്‌-619 ഡിക്ലയേര്‍ഡ്‌. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സി-വെട്ടോരി-ബി-പട്ടേല്‍-16, സേവാഗ്‌-സി-മക്കുലം-ബി-വെട്ടോരി-34, ദ്രാവിഡ്‌-സി-മക്കുലം-ബി-റൈഡര്‍-83, ഇഷാന്ത്‌-എല്‍.ബി.ഡബ്ല്യൂ-ബി-വെട്ടോരി-0, സച്ചിന്‍-സി-ടെയ്‌ലര്‍-ബി-പട്ടേല്‍-49, ലക്ഷ്‌മണ്‍-സി-മകിന്റോഷ്‌-ബി-മാര്‍ട്ടിന്‍-76, യുവരാജ്‌-സി-മകിന്റോഷ്‌-ബി-മാര്‍ട്ടിന്‍-0, കാര്‍ത്തിക്‌-സി-റൈഡര്‍-ബി-മാര്‍ട്ടിന്‍-6, ഹര്‍ഭജന്‍-സി-മാര്‍ട്ടിന്‍-ബി-ഒബ്രിയാന്‍-18, സഹീര്‍-സി-റൈഡര്‍-ബി-ഒബ്രിയാന്‍-8, മുനാഫ്‌-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-15, ആകെ 93.5 ഓവറില്‍ 305.
വിക്കറ്റ്‌ പതനം: 1-48 (സേവാഗ്‌), 2-73 (ഗാംഭീര്‍), 3-78 (ഇഷാന്ത്‌), 4-165 (സച്ചിന്‍), 5-246 (ദ്രാവിഡ്‌), 6-253 (യുവരാജ്‌), 7-270 (കാര്‍ത്തിക്‌), 8-291 (ലക്ഷ്‌മണ്‍), 9-305 (ഹര്‍ഭജന്‍), 10-305 (സഹീര്‍). ബൗളിംഗ്‌: മാര്‍ട്ടിന്‍ 24-5-89-3, ഫ്രാങ്ക്‌ളിന്‍ 15-4-34-0, വെട്ടോരി 19-5-45-2, ഒബ്രിയാന്‍ 13.5-4-66-2, ജിതന്‍ 19-2-60-3, റൈഡര്‍ 3-1-3-1.
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-നോട്ടൗട്ട്‌-14, സേവാഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-ജിതന്‍-22, ദ്രാവിഡ്‌-നോട്ടൗട്ട്‌-11, എക്‌സ്‌ട്രാസ്‌-0, ആകെ 17 ഓവറില്‍ ഒരു വിക്കറ്റിന്‌ 47. വിക്കറ്റ്‌ പതനം: 1-30 (സേവാഗ്‌), ബൗളിംഗ്‌: ക്രിസ്‌മാര്‍ട്ടിന്‍ 3-1-6-0, ഒബ്രിയാന്‍ 5-1-10-0, ഫ്രാങ്ക്‌ളിന്‍ 3-0-11-0, ജിതന്‍ 3-1-14-1, റൈഡര്‍ 1-0-5-0, വെട്ടോരി 2-1-1-0

ജപ്പാന്‍, കൊറിയ മുന്നോട്ട്‌
സെയ്‌താമ: ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ ഏഷ്യന്‍ ഘട്ടത്തില്‍ കരുത്തരായ ജപ്പാന്‍, ഉത്തര കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവര്‍ക്ക്‌ വിജയം. ഗ്രൂപ്പ്‌ എ പോരാട്ടത്തില്‍ ജപ്പാന്‍ ഏക ഗോളിന്‌ ബഹറൈനെയും ഉസ്‌ബെക്കുകാര്‍ നാല്‌ ഗോളിന്‌ ഖത്തറിനെയും തോല്‍പ്പിച്ചപ്പോള്‍ ഉത്തര കൊറിയ രണ്ട്‌ ഗോളിന്‌ യു.എ.ഇയെ പരാജയപ്പെടുത്തി. ഏഷ്യാകപ്പ്‌ സോക്കറില്‍ ബഹറൈനോടേറ്റ പരാജയത്തിന്‌ മധുരമായി പകരം വീട്ടിയ ജപ്പാന്‌ വേണ്ടി കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൂപ്പര്‍താരം ഷന്‍സുകെ നകമുറയാണ്‌ നിര്‍ണ്ണായക ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഗോള്‍രഹിതമായ ആദ്യ പകുതിക്ക്‌ ശേഷം നാല്‍പ്പത്തിയേഴാം മിനുട്ടില്‍ മുന്‍നിരക്കാരന്‍ കൈജീ തമാട്ടയെ ഫൗള്‍ ചെയ്‌തതിന്‌ പെനാല്‍ട്ടി ബോക്‌സിനരികില്‍ നിന്നും ലഭിച്ച ഫ്രീകിക്കാണ്‌ നകമുറ ഗോളാക്കി മാറ്റിയത്‌. സ്‌ക്കോട്ടിഷ്‌ ലീഗില്‍ സെല്‍റ്റിക്കിനായി കളിക്കുന്ന നകമുറയുടെ ഷോട്ട്‌ ബഹറൈന്‍ ഡിഫന്‍ഡര്‍ അബ്ദുല്ല മര്‍സൂഖിന്റെ കാലുകളില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. തുടക്കം മുതല്‍ മൂന്ന്‌ മുന്‍നിരക്കാരുമായി ജപ്പാന്‍ ആക്രമിച്ചു കയറുകയായിരുന്നു. ആദ്യപകുതിയില്‍ അവര്‍ക്ക്‌ ലഭിച്ച സുവര്‍ണ്ണാവസരം ഇരുപത്തിയഞ്ചാം മിനുട്ടില്‍ പാഴായി. എന്‍ഡോ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നുമുയര്‍ന്ന പന്ത്‌ ക്യാപ്‌റ്റന്‍ യൂജി നകസാവ ഹെഡ്‌ ചെയ്‌തെങ്കിലും ഡിഫന്‍ഡര്‍ മുഹമ്മദ്‌ ഹുബൈല്‍ ഗോള്‍ലൈന്‍ സേവിലൂടെ ബഹറൈനെ രക്ഷപ്പെടുത്തി.
ജയത്തോടെ ഗ്രൂപ്പ്‌ എ യില്‍ ജപ്പാന്‍ ഒന്നാമതായി. അഞ്ച്‌ മല്‍സരങ്ങളില്‍ നിന്ന്‌ 11 പോയന്റാണ്‌ അവര്‍ സമ്പാദിച്ചിരിക്കുന്നത്‌.പത്ത്‌ പോയന്റുമായി ഓസ്‌ട്രേലിയ രണ്ടാമതാണ്‌. ബഹറൈന്‌ നാല്‌ പോയന്റ്‌്‌ മാത്രമാണുള്ളത്‌. ഗ്രൂപ്പില്‍ നിന്ന്‌ ആദ്യ രണ്ട്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ്‌ ഫൈനല്‍ റൗണ്ട്‌. മൂന്നാം സ്ഥാനക്കാര്‍ക്ക്‌ പ്ലേ ഓഫ്‌ അവസരമുണ്ട്‌. അടുത്ത മല്‍സരത്തില്‍ ജൂണ്‍ ആറിന്‌ ജപ്പാന്‍ ഉസ്‌ബെക്കിനെയും ഏപ്രില്‍ ഒന്നിന്‌ സ്വന്തം മൈതാനത്ത്‌ ഖത്തര്‍ ബഹറൈനെയും നേരിടും. യു.എ.ഇ യെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തി ഉത്തര കൊറിയ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റിന്‌ അരികിലാണ്‌. ഗോള്‍ പിറക്കാതിരുന്ന ഒന്നാം പകുതിക്ക്‌ ശേഷം അമ്പത്തിയൊന്നാം മിനുട്ടില്‍ പാക്‌ നാം ചോലാണ്‌ കൊറിയക്കായി ആദ്യ ഗോള്‍ നേടിയത്‌. അവസാന മിനുട്ടില്‍ മുന്‍ ഇന്‍ ഗുക്‌ രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്‌തു. ബി ഗ്രൂപ്പില്‍ ഈ ജയത്തോടെ കൊറിയക്ക്‌ പത്ത്‌ പോയന്റായി. ദക്ഷിണ കൊറിയയാണ്‌ ഗ്രൂപ്പില്‍ ഒന്നാമത്‌.
താഷ്‌ക്കന്റില്‍ നടന്ന ഗ്രൂപ്പ്‌ എ അങ്കത്തില്‍ ഇത്‌ വരെ ജയം ലഭിക്കാതിരുന്ന ഉസ്‌ബെക്കിസ്ഥാന്‍ നാല്‌ ഗോളിന്‌ ഖത്തറിനെ മുക്കി. ഇടവേളയില്‍ രണ്ട്‌ ഗോളിന്‌ മുന്നിലായിരുന്നു ഉസ്‌ബെക്കുകാര്‍. ഈ തോല്‍വി ഖത്തറിന്‌ കനത്ത ആഘാതമാണ്‌. ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ എന്ന അവരുടെ സ്വപ്‌നത്തിന്‌ നേരെയാണ്‌ ഉസ്‌ബെക്കുകാര്‍ വാതിലടച്ചത്‌.

കക്കയില്ല
ക്വിറ്റോ: ലോകകപ്പ്‌ ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ ഇന്ന്‌ ഇക്വഡോറുമായി കളിക്കുന്ന ബ്രസീലിന്‌ കനത്ത ആഘാതമായി മധ്യനിരക്കാരനും പ്ലേ മേക്കറുമായ കക്ക പുറത്ത്‌. പരുക്ക്‌ കാരണം കക്ക ഇന്ന്‌ കളിക്കില്ല. പക്ഷേ ബുധനാഴ്‌ച്ച പെറുവിനെതിരെ നടക്കുന്ന മല്‍സരത്തില്‍ അദ്ദേഹം പങ്കെടുക്കും. ബ്രസീലിന്‌ ബാലികേറാമലയായ നഗരമാണ്‌ ക്വിറ്റോ. സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരത്തിലുളള ഈ നഗരത്തില്‍ കഴിഞ്ഞ രണ്ട്‌ തവണയും ബ്രസീല്‍ തോല്‍ക്കുകയായിരുന്നു. രണ്ട്‌ മല്‍സരത്തിലും ടീം ഓരോ ഗോള്‍ വാങ്ങി. പരാഗ്വേ മുന്നില്‍ നില്‍ക്കുന്ന ഗ്രൂപ്പില്‍ ഇപ്പോള്‍ പത്ത്‌ മല്‍സരങ്ങളില്‍ നിന്നായി ലഭിച്ച പതിനേഴ്‌ പോയന്റുമായി ബ്രസീല്‍ രണ്ടാമതാണ്‌. 23 പോയന്റാണ്‌ പരാഗ്വേക്ക്‌.
ഇടത്‌ കാലില്‍ പരുക്കുളള കക്കയെ ഇപ്പോള്‍ കളിപ്പിക്കുന്നത്‌ ഗുണം ചെയ്യില്ലെന്നാണ്‌ ടീം ഡോക്ടര്‍ ജോസ്‌ ലുയിസ്‌ റിങ്കോ പറയുന്നത്‌. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പരുക്കിന്റെ പിടിയിലാണ്‌ ഏ.സി മിലാന്‍ താരം. കോച്ച്‌ ഡുംഗെയുടെ കൂടി അഭിപ്രായം തേടിയാണ്‌ കക്കയെ മാറ്റിനിര്‍ത്തുന്നതെന്നും കോച്ച്‌ വ്യക്തമാക്കി.
സമനിലകള്‍
കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ സമനിലകളുടെ ദിനം. ഇന്നലെ വിവിധ വേദികളിലായി നടന്ന നാല്‌ മല്‍സരങ്ങളും സമനിലയില്‍ അവസാനിച്ചു. ലുധിയാനയില്‍ നടന്ന ജെ.സി.ടി-മോഹന്‍ ബഗാന്‍ മല്‍സരം 1-1 ലും കൊല്‍ക്കത്തയില്‍ നടന്ന ചിരാഗ്‌ യുനൈറ്റഡ്‌-ഡെംപോ മല്‍സരം 0-0 ത്തിലും മുംബൈയില്‍ നടന്ന എയര്‍ ഇന്ത്യ-ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ മല്‍സരം 1-1 ലും മഡ്‌ഗാവില്‍ നടന്ന സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌-മഹീന്ദ്ര യുനൈറ്റഡ്‌ മല്‍സരം 2-2 ലും അവസാനിച്ചു. 21 മല്‍സരങ്ങളില്‍ നിന്ന്‌ 43 പോയന്റ്‌ നേടിയ ചര്‍ച്ചിലാണ്‌ ഇപ്പോള്‍ ടേബിളില്‍ ലീഡ്‌ ചെയ്യുന്നത്‌. 40 പോയന്റുള്ള സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ രണ്ടാമതും 37 പോയന്റുമായി ബഗാന്‍ മൂന്നാമതും നില്‍ക്കുന്നു.
വെടി
ബ്രിഡ്‌ജ്‌ടൗണ്‍: എട്ട്‌ സിക്‌സറുകള്‍, അഞ്ച്‌ ബൗണ്ടറികള്‍-നേരിട്ട 43 പന്തില്‍ നിന്ന്‌ 80 റണ്‍സ്‌ നേടിയ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ തച്ചുടച്ചു. പരമ്പരയില്‍ ഇതോടെ വിന്‍ഡീസ്‌ 2-1 ന്റെ ലീഡ്‌ നേടി. മഴ മൂലം 44 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 117 റണ്‍സ്‌ മാത്രമാണ്‌ നേടിയത്‌. ഡ്വിന്‍ ബ്രാവോ 19 റണ്‍സ്‌ മാത്രം നല്‍കി നാല്‌ വിക്കറ്റ്‌ നേടിയപ്പോള്‍ ഫിഡല്‍ എഡ്‌വാര്‍ഡ്‌സ്‌ 28 റണ്‍സിന്‌ മുന്ന്‌ വിക്കറ്റ്‌ നേടി. ഇംഗ്ലീഷ്‌ ബാറ്റിംഗ്‌ നിരയില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. 14.4 ഓവറില്‍ രണ്ട്‌ വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ വിന്‍ഡീസ്‌ അനായാസം ലക്ഷ്യത്തിലെത്തി.
മഹാജയം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: തോല്‍വി മുഖത്ത്‌ നിന്നും തട്ടുതകര്‍പ്പന്‍ പ്രകടനവുമായി ദക്ഷിണാഫ്രിക്ക ഓസ്‌ട്രലിയക്കെതിരായ 20-20 മല്‍സരത്തില്‍ നാല്‌ വിക്കറ്റിന്റെ നാടകീയ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസ്‌ മൈക്‌ ഹസി പുറത്താവാതെ നേടിയ 88 റണ്‍സിന്റെ മികവില്‍ ഏഴ്‌ വിക്കറ്റിന്‌ 166 റണ്‍സ്‌ നേടിയിരുന്നു. മറുപടിയില്‍ ആദ്യ അഞ്ച്‌്‌ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായ ദക്ഷിണാഫ്രിക്ക തോല്‍വി ഉറപ്പിച്ചിരുന്നു. പക്ഷേ മാര്‍ക്‌ ബൗച്ചറും ആല്‍ബി മോര്‍ക്കലും അസാധ്യമെന്ന്‌ തോന്നിയ വിജയം സാധ്യമാക്കി. ഓസീസ്‌ എറിഞ്ഞ 16, 17 ഓവറുകളില്‍ നിന്നായി 36 റണ്‍സ്‌ വാരിക്കൂട്ടിയാണ്‌ ബൗച്ചറും മോര്‍ക്കലും ടീമിനെ വിജയിപ്പിച്ചത്‌. മോര്‍ക്കല്‍ 37 റണ്‍സ്‌ നേടിയപ്പോള്‍ ബൗച്ചര്‍ പുറത്താവാതെ 36 റണ്‍സ്‌ സ്വന്തമാക്കി. നിര്‍ണ്ണായകമായ അവസാന രണ്ട്‌ ഓവറുകളില്‍ പുതിയ ബൗളര്‍മാരായ ഷെയിന്‍ ഹാര്‍വുഡിനും ബ്രെട്ട്‌ ഗ്രീവ്‌സിനുമാണ്‌ പോണ്ടിംഗ്‌ അവസരം നല്‍കിയത്‌. പക്ഷേ ഇവര്‍ക്ക്‌ ഒന്നും ചെയ്യാനായില്ല. 14 റണ്‍സാണ്‌ ഹാര്‍വുഡ്‌ നല്‍കിയത്‌. ഗ്രീവ്‌സിനെതിരെ തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ച്‌ ബൗച്ചര്‍ വിജയമുറപ്പിക്കുകയും ചെയ്‌തു.
നല്ലത്‌
കൊളംബോ: ഒരു ടീമിന്‌ ഒന്നിലധികം നായകര്‍ എന്ന ജോണ്‍ ബുക്കാനന്റെ ആശയത്തെ കുമാര്‍ സങ്കക്കാര സ്വാഗതം ചെയ്യുന്നു. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ടീമിന്‌ ഇത്തവണ സൗരവ്‌ ഗാംഗുലി മാത്രമല്ല കൂടുതല്‍ നാകയരുണ്ടാവുമെന്ന്‌ കഴിഞ്ഞ ദിവസം ടീമിന്റെ കോച്ചായ ബുക്കാനന്‍ പറഞ്ഞത്‌ വലിയ വിവാദമായിരുന്നു. സൗരവിന്റെ ആരാധകര്‍ ബുക്കാനനെതിരെ തിരിഞ്ഞിരിക്കുന്ന സമയത്താണ്‌ ഐ.പി.എല്ലില്‍ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ താരമായ സങ്കരക്കാര തന്റെ നിലപാട്‌ വ്യക്തമാക്കുന്നത്‌. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പോടെ ലങ്കന്‍ ദേശീയ ടീമിന്റെ നായകനായി മാറുന്ന സങ്കക്കാര പറയുന്നത്‌ എല്ലാവര്‍ക്കും അവസരം നല്‍കുന്നത്‌ നല്ലതാണെന്നാണ്‌. പക്ഷേ ശരിക്കുമുളള ആശയവിനിമയം നടത്തണം. 20-20 ക്രിക്കറ്റ്‌ എന്നത്‌ ക്രിക്കറ്റിന്റെ ആവേശ രൂപമാണ്‌. ആ ആവേശത്തിനൊപ്പം സഞ്ചരിക്കാന്‍ ബുക്കാനന്റെ ആശയത്തിന്‌ കഴിയുമെന്നാണ്‌ സങ്ക പറയുന്നത്‌.

ഇന്നത്തെ മല്‍സരങ്ങള്‍
ലാറ്റിമേരിക്ക: ഇക്വഡോര്‍-ബ്രസീല്‍, പെറു-ചിലി
ആഫ്രിക്ക: മൊസാബിക്‌-നൈജീരിയ, ഘാന-ബെനിന്‍, ഐവറി കോസ്‌റ്റ്‌-മലാവി, ഈജിപ്‌ത്‌ -സാംബിയ

Friday, March 27, 2009

WORLD IS SOCCER

ബലാബലം
ഫുട്‌ബോള്‍ ലോകം ഇന്നും നാളെയുമായി ലോകകപപ്‌ യോഗ്യതാ റൗണ്ടിന്‍രെ ആവേശത്തിലേക്ക്‌.
യൂറോപ്പില്‍ ഇന്ന്‌ നടക്കുന്നത്‌ 20 യോഗ്യതാ മല്‍സരങ്ങള്‍. ഇറ്റലിക്കും ഫ്രാന്‍സിനും നിര്‍ണ്ണായകം
ലണ്ടന്‍: തല്‍ക്കാലം യൂറോപ്പ്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗും സ്‌പാനിഷ്‌ ലീഗും ഇറ്റാലിയന്‍ ലീഗുമെല്ലാം മറക്കുന്നു.....ഈയാഴ്‌ച്ച ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങളുടേതാണ്‌. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന വന്‍കരയില്‍ ഇന്ന്‌ 20 മല്‍സരങ്ങളാണ്‌ നടക്കുന്നത്‌. ഇതില്‍ കരുത്തരും ദുര്‍ബലരുമുണ്ട്‌്‌. ഇത്‌ വരെ നടന്ന മല്‍സരങ്ങളില്‍ ഒന്നില്‍ പോലും പരാജയമറിയാത്ത ഇംഗ്ലണ്ടും ഹോളണ്ടും സ്‌പെയിനും മൈതാനത്തിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ പന്ത്‌ തട്ടാന്‍ കഴിയില്ലേ എന്ന ആശങ്കയില്‍ നില്‍ക്കുന്ന ഇറ്റലിക്കും ഫ്രാന്‍സിനുമെല്ലാം പിടിപ്പത്‌ ജോലി വരും. കരുത്തരായ മോണ്ടിനിഗ്രോയാണ്‌ ഇറ്റലിയുടെ പ്രതിയോഗികളെങ്കില്‍ ഫ്രാന്‍സിന്‌ നേരെ കളിക്കുന്നത്‌ ലിത്വാനിയയാണ്‌. നാല്‍പ്പത്‌ വര്‍ഷത്തിന്‌ ശേഷം ഇതാദ്യമായി ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ പ്രതീക്ഷയുളള ഇസ്രാഈല്‍ ഗ്രീസിനെ എതിരിടുന്ന പോരാട്ടത്തിനും വിലയുണ്ട്‌. യൂറോപ്യന്‍ ഗ്രൂപ്പ്‌ രണ്ടില്‍ കാര്യങ്ങള്‍ ഇത്‌ വരെ ഇസ്രാഈലിന്‌ അനുകൂലമായിരുന്നു. പക്ഷേ ഈയാഴ്‌ച്ച നടക്കുന്ന രണ്ട്‌ മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്താനായാല്‍ മാത്രമാണ്‌ രക്ഷ. വിവിധ യൂറോപ്യന്‍ ഗ്രൂപ്പുകളിലെ ചിത്രം ഇതാണ്‌ :
ഗ്രൂപ്പില്‍ ഒന്നില്‍ മുന്നിട്ട്‌ നില്‍ക്കുന്ന ഡെന്മാര്‍ക്കിന്‌ ഇന്ന്‌ താരതമ്യേന ദുര്‍ബലരായ പ്രതിയോഗികളാണ്‌-മാള്‍ട്ട. ആധികാരികത പ്രകടിപ്പിച്ച്‌ ഗ്രൂപ്പിലെ ആധിപത്യം നിലനിര്‍ത്തുകയാണ്‌ ഡാനിഷ്‌ ലക്ഷ്യം. ഗ്രൂപ്പിലെ ശക്തമായ പോരാട്ടം പോര്‍ച്ചുഗലും സ്വിഡനും തമ്മിലുള്ളതായിരിക്കും. കൃസ്‌റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങള്‍ പോര്‍ച്ചുഗീസ്‌ സംഘത്തിലുണ്ട്‌. പക്ഷേ മല്‍സരം നടക്കുന്നത്‌ സ്റ്റോക്ക്‌ഹോമിലായതിനാല്‍ കാര്യങ്ങള്‍ പറങ്കികള്‍ക്ക്‌ എളുപ്പമാവില്ല. ഏ.ഇ.കെ ഏതന്‍സിനായി കളിക്കുന്ന മുന്‍നിരക്കാരന്‍ എഡിനോയു ഇന്ന്‌ പോര്‍ച്ചുഗീസ്‌ സംഘത്തിലുണ്ട്‌. ഗ്രൂപ്പിലെ മൂന്നാമത്‌ മല്‍സരം ടിറാനയില്‍ ഹംഗറിയും അല്‍ബേനിയയും തമ്മിലാണ്‌.
ഗ്രീസും ഇസ്രാഈലും കളിക്കുന്ന ഗ്രൂപ്പ്‌ രണ്ടില്‍ സ്വിറ്റ്‌്‌സര്‍ലാന്‍ഡ്‌ മാനത്തിനായുള്ള പോരാട്ടത്തില്‍ മോള്‍ദോവയുമായി കളിക്കുന്നു. സെപ്‌തംബറില്‍ നടന്ന യോഗ്യതാ മല്‍സരത്തില്‍ ലക്‌സംബര്‍ഗ്ഗിനോട്‌ പരാജയപ്പെട്ട സ്വിസുകാര്‍ മോള്‍ദോവക്കെതിരെ വലിയ വിജയമാണ്‌ ലക്ഷ്യമിടുന്നത്‌.
ഗ്രൂപ്പ്‌ മൂന്നിലെ ഒന്നാം സ്ഥാനക്കാരായ സ്ലോവാക്യക്ക്‌ ഇന്ന്‌ മല്‍സരമില്ല. അവര്‍ക്ക്‌ പിറകെ ഏഴ്‌ പോയന്റുമായി നാല്‌ ടീമുകള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. അവര്‍ നാല്‌ പേരും ഇന്ന്‌ കളിക്കുന്നുണ്ട്‌. ഉത്തര അയര്‍ലാന്‍ഡ്‌ പോളണ്ടുമായി കളിക്കുമ്പോള്‍ സ്ലേവേന്യ ചെക്‌ റിപ്പബ്ലിക്കിനെ എതിരിടും.
ഗ്രൂപ്പ്‌ നാലില്‍ കരുത്തരായ ജര്‍മനി, റഷ്യ, വെയില്‍സ്‌ എന്നിവര്‍ക്ക്‌ ഇന്ന്‌ ജയിക്കാനാവുന്ന മല്‍
സരങ്ങളാണ്‌. ജര്‍മനി ലൈഞ്ചസ്റ്റിനുമായി കളിക്കുമ്പോള്‍ റഷ്യ അസര്‍ ബെയ്‌ജാനെയും വെയില്‍സ്‌ ഫിന്‍ലാന്‍ഡിനെയും നേരിടും. കഴിഞ്ഞ രണ്ട്‌ സന്നാഹ മല്‍സരങ്ങളിലെ പരാജയത്തിന്റെ വെളിച്ചത്തില്‍ ജര്‍മന്‍കാര്‍ ജാഗ്രതയിലാണ്‌.
യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഗ്രൂപ്പ്‌ അഞ്ചിലെ ഒരു മല്‍സരത്തിലും ഇത്‌ വരെ പരാജയമറിഞ്ഞിട്ടില്ല. പക്ഷേ ഇന്നത്തെ എതിരാളികള്‍ തുര്‍ക്കിയാണ്‌. കഴിഞ്ഞ നാല്‌ മല്‍സരങ്ങളില്‍ തോല്‍വിയറിയാത്തവരാണ്‌ തുര്‍ക്കി. മാഡ്രിഡില്‍ നടക്കുന്ന മല്‍സരത്തില്‍ നാട്ടുകാരുടെ പിന്തുണയാണ്‌ സ്‌പെയിനിന്റെ പ്രതീക്ഷ. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബെല്‍ജിയം ബോസ്‌നിയ ഹെര്‍സഗോവിനയെ എതിരിടും. ഗ്രൂപ്പ്‌ ആറില്‍ ഇന്ന്‌ മല്‍സരങ്ങളില്ല.പക്ഷേ ഏഴില്‍ ഫ്രാന്‍സിന്‌ നിര്‍ണ്ണായക അങ്കമുണ്ട്‌. ഗ്രൂപ്പില്‍ ഒന്നാമത്‌ നില്‍ക്കുന്ന ലിത്വാനിയയാണ്‌ എതിരാളികള്‍. സെര്‍ബിയയെ എതിരിടുന്ന റുമേനിയക്കും വിജയിക്കേണ്ടതുണ്ട്‌.
ഗ്രൂപ്പ്‌ എട്ടില്‍ കളിക്കുന്ന ഇറ്റലിക്ക്‌ മോണ്ടിനിഗ്രോയാണ്‌ പ്രതിയോഗി. എളുപ്പമുളള മല്‍സരമാണെങ്കിലും ലോക ചാമ്പ്യന്മാരുടെ സംഘത്തില്‍ പരുക്ക്‌ കാരണം പല പ്രമുഖരും കളിക്കുന്നില്ല. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ അയര്‍ലാന്‍ഡ്‌ ബള്‍ഗേറിയയുമായി കളിക്കും.ഗ്രൂപ്പ്‌ ഒമ്പതില്‍ ചാമ്പ്യന്മാരായ ഹോളണ്ട്‌ ഇന്ന്‌ സ്‌ക്കോട്ട്‌ലാന്‍ഡുമായി കളിക്കുന്നത്‌ ഫൈനല്‍ റൗണ്ട്‌ ഉറപ്പിക്കാനാണ്‌.

ലാറ്റിനമേരിക്കയില്‍ തീപ്പാറും
ലാറ്റിനമേരിക്കയില്‍ ഇന്ന്‌ മൂന്ന്‌ മല്‍സരങ്ങള്‍. അര്‍ജന്റീന വെനിസ്വേലയുമായി നാളെ രണ്ട്‌ മല്‍സരങ്ങള്‍. ബ്രസീല്‍ ഇക്വഡോറിനെതിരെ
റിയോ: ലോക സോക്കറിലെ അജയ്യരായ ബ്രസീലും അര്‍ജന്റീനയും കളിക്കുന്ന ലാറ്റിനമേരിക്കയില്‍ ഇന്നും നാളെയും ഗംഭീര അങ്കങ്ങളാണ്‌. ഇന്ന്‌ നടക്കുന്ന മല്‍സരങ്ങളില്‍ ഉറുഗ്വേ പരാഗ്വയെയും അര്‍ജന്റീന വെനിസ്വേലയെയും കൊളംബിയ ബൊളിവിയയെയും എതിരിടുമ്പോള്‍ നാളെ ഇക്വഡോര്‍ ബ്രസീലുമായും പെറു ചിലിയുമായും കളിക്കും.
ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്‌ കളിക്കുന്ന പരാഗ്വേയെ ഇന്ന്‌ വെള്ളം കുടിപ്പിക്കാനാണ്‌ ലോകകപ്പ്‌്‌ മുന്‍ ജേതാതക്കളായ ഉറുഗ്വേ കളിക്കുന്നത്‌. ലാറ്റിനമേരിക്കയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക്‌ ടിക്കറ്റ്‌ ഉറപ്പിക്കണമെങ്കില്‍ ഉറുഗ്വേക്ക്‌ ഇനിയുള്ള കളികളില്‍ തോല്‍ക്കാന്‍ പാടില്ല. ഇപ്പോള്‍ നാലാം സ്ഥാനത്താണ്‌ ടീം. 2004 ലാണ്‌ അവസാനമായി സ്വന്തം മണ്ണില്‍ ഒരു ലോകകപ്പ്‌ യോഗ്യതാ മല്‍സരം ഉറുഗ്വേ പരാജയപ്പെട്ടത്‌-2004 ല്‍ പെറുവിനെതിരെ. തോല്‍വിക്ക്‌ ശേഷം സ്വന്തം തട്ടകത്തിലെ മല്‍സരങ്ങളില്ലെല്ലാം ഉറുഗ്വേ ജയിച്ചിട്ടുണ്ട്‌. ഡിയാഗോ മറഡോണ പരിശീലിപ്പിക്കുന്ന അര്‍ജന്റീനിയന്‍ സംഘം സ്വന്തം മൈതാനത്ത്‌ വെനിസ്വേലയെ എതിരിടുമ്പോള്‍ വലിയ വിജയമാണ്‌ കൊതിക്കുന്നത്‌. സ്വന്തം മൈതാനത്ത്‌ നടക്കുന്ന മല്‍സരങ്ങളില്‍ അര്‍ജന്റീനയെ തോല്‍പ്പിക്കുക പ്രയാസമാണ്‌. ഇതിനകം രാജ്യത്ത്‌ നടന്ന 47 യോഗ്യതാ മല്‍സരങ്ങളില്‍
ഒന്നില്‍ മാത്രമാണ്‌ മറഡോണയുടെ സംഘം തോറ്റത്‌-അതും 1993 ല്‍. ഇന്നത്തെ കളിയില്‍ സൂപ്പര്‍ താരങ്ങളെല്ലാം കളിക്കുമ്പോള്‍ കോച്ച്‌ മറഡോണ ആവേശത്തിലാണ്‌. തുല്യ ശക്തികളായ പെറുവും ചിലിയും തമ്മിലുള്ള അങ്കത്തിലും തീപ്പാറും.
നാളെ ബ്രസീലിന്‌ കാഠിന്യമുളള കളിയാണ്‌. ഇക്വഡോറില്‍ വിജയിക്കുക എളുപ്പമല്ല എന്ന സത്യം കോച്ച്‌ ഡുംഗെ തിരിച്ചറിയുന്നുണ്ട്‌.
ജപ്പാന്‍ പ്രതികാരത്തിന്‌
സെയ്‌താമ: രണ്ട്‌ മാസം മുമ്പ്‌ ഏ.എഫ്‌.സി ഏഷ്യന്‍ കപ്പ്‌ യോഗ്യതാ റൗണ്ടിലേറ്റ പരാജയത്തിന്‌ പകരം വിട്ടാന്‍ ഇറങ്ങുകയാണ്‌ ഇന്ന്‌ ജപ്പാന്‍. ഈ മല്‍സരമുള്‍പ്പെടെ നാല്‌ കളികളാണ്‌ ഇന്ന്‌ ഏഷ്യയില്‍ നടക്കുന്നത്‌. ഇറാന്‍ സ്വന്തം മൈതാനത്ത്‌ സൗദിയുമായി കളക്കുമ്പോള്‍ ഉസ്‌ബെക്കിസ്ഥാന്‍ ഖത്തറിനെയും ഉത്തര കൊറിയ-യു.എ.ഇയും നേരിടും. രണ്ട്‌ ഗ്രൂപ്പുകളിലായാണ്‌ ഏഷ്യയില്‍ യോഗ്യതാ ഘട്ടത്തിന്റെ അവസാന റൗണ്ട്‌. ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരാണ്‌ ഗ്രൂപ്പില്‍ മുന്നിട്ടു നില്‍ക്കുന്നത്‌. ഇവര്‍ രണ്ട്‌ പേരും ഇന്ന്‌ കളിക്കുന്നില്ല.
ബഹറൈനെതിരെ തകര്‍പ്പന്‍ വിജയമാണ്‌ തന്റെ ടീം ലക്ഷ്യമിടുന്നതെന്ന്‌ ജപ്പാന്‍ കോച്ച്‌ തോകി ഒകാഡ പറഞ്ഞു. ബഹറൈന്‍ പ്രതിരോധ സോക്കറായിരിക്കും കളിക്കുക എന്നത്‌ വ്യക്തമാണ്‌. എന്നാല്‍ കഴിവിന്റെ നൂറ്‌ ശതമാനം പുറത്തെടുക്കാന്‍ എന്റെ താരങ്ങള്‍ക്ക്‌ കഴിഞ്ഞാല്‍ തീര്‍ച്ചയായും വലിയ വിജയം സ്വായത്തമാക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഷുന്‍സുകെ നകമുറെ ഉള്‍പ്പെടുന്ന പ്രമുഖരില്‍ പലരും ഇന്ന്‌ കളിക്കുന്നില്ല.
ടെഹ്‌റാനില്‍ നടക്കുന്ന ഇറാന്‍-സൗദി അങ്കത്തില്‍ പ്രമുഖരെല്ലാം കളിക്കുന്നുണ്ട്‌. ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ ഉറപ്പിക്കാനുളള ശ്രമത്തില്‍ സൗദിക്കെതിരെ വലിയ വിജയമാണ്‌ താന്‍ ലക്ഷ്യമിടുന്നതെന്ന്‌ ഇറാന്‍ കോച്ച്‌ അലി ദായ്‌ പറഞ്ഞു. ഗ്രൂപ്പ്‌ ബി യില്‍ ആറ്‌ പോയന്റുമായി മൂന്നാം സ്ഥാനത്താണ്‌ ഇറാന്‍. ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിവരാണ്‌ ഗ്രൂപ്പിലെ ആദ്യ രണ്ട്‌ സ്ഥാനക്കാര്‍. രണ്ട്‌ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ്‌ വന്‍കരയില്‍ നിന്നുളള ഫൈനല്‍ റൗണ്ട്‌ ടിക്കറ്റ്‌.

ഇന്നത്തെ മല്‍സരങ്ങള്‍
യൂറോപ്പ്‌
വെയില്‍സ്‌-ഫിന്‍ലാന്‍ഡ്‌, ലക്‌സംബര്‍ഗ്ഗ്‌-ലാത്‌വിയ, റഷ്യ-അസര്‍ ബെയ്‌ജാന്‍, ഉത്തര അയര്‍ലാന്‍ഡ്‌-പോളണ്ട്‌, മോള്‍ദോവ-സ്വിറ്റ്‌സര്‍ലാന്‍ഡ്‌, മാള്‍ട്ട-ഡെന്മാര്‍ക്ക്‌, ജര്‍മനി-ലൈഞ്ചസ്‌റ്റിന്‍, അര്‍മീനിയ-എസ്‌റ്റോണിയ, അല്‍ബേനിയ-ഹംഗറി, പോര്‍ച്ചുഗല്‍-സ്വിഡന്‍, സ്ലോവേനിയ-ചെക്‌ റിപ്പബ്ലിക്‌, ബെല്‍ജിയം-ബോസ്‌നിയ ഹെര്‍സഗോവീന, റൂമേനിയ-സെര്‍ബിയ, ഇസ്രാഈല്‍-ഗ്രീസ്‌, ലിത്വാനിയ-ഫ്രാന്‍സ്‌, സ്‌പെയിന്‍-തുര്‍ക്കി
ഏഷ്യ: ഉസ്‌ബെക്കിസ്ഥാന്‍-ഖത്തര്‍, ഉത്തര കൊറിയ-യു.എ.ഇ, ഇറാന്‍-സൗദി അറേബ്യ, ജപ്പാന്‍-ബഹറൈന്‍
ലാറ്റിനമേരിക്ക: ഉറുഗ്വേ-പരാഗ്വേ, അര്‍ജന്റീന-വെനിസേ്വല, കൊളംബിയ-ബൊളിവിയ.
ആഫ്രിക്ക: റുവാന്‍ഡ-അള്‍ജീരിയ, ടോംഗോ-കാമറൂണ്‍, കെനിയ-ടുണീഷ്യ, ബുര്‍ക്കിനോ ഫാസോ-ഗുനിയ, മൊറോക്കോ-ഗാബോണ്‍, സുഡാന്‍-മാലി.
കോണ്‍കാകാഫ്‌: മെക്‌സിക്കോ-കോസ്‌റ്റാറിക്ക, ട്രിനിഡാഡ്‌-ഹോണ്ടുറാസ്‌, എല്‍സാവഡോര്‍-അമേരിക്ക

കിവി കണ്‍ട്രോള്‍
നേപ്പിയര്‍: ഹാമില്‍ട്ടണില്‍ ഒരാഴ്‌ച്ച മുമ്പ്‌ തകര്‍ന്നടിഞ്ഞ കിവി ബാറ്റിംഗ്‌ സംഹാരതാണ്ഡവം പൂണ്ട രണ്ട്‌ ദിനങ്ങള്‍ക്ക്‌ ശേഷം നേപ്പിയര്‍ ടെസ്റ്റില്‍ ഇന്ത്യ വെള്ളം കുടിക്കുന്നു. ജെസി റൈഡറുടെ കന്നി ടെസ്‌റ്റ്‌ ഡബിള്‍ സെഞ്ച്വറിയുടെ (201) കരുത്തില്‍ ഒമ്പത്‌ വിക്കറ്റിന്‌ 619 റണ്‍സ്‌ എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌ത ആതിഥേയര്‍ സന്ദര്‍ശകരുടെ മൂന്ന്‌ വിക്കറ്റ്‌ 79 റണ്‍സിനിടെ സ്വന്തമാക്കി മല്‍സരത്തില്‍ പിടിമുറുക്കിയിരിക്കുന്നു. ഇപ്പോഴും 540 റണ്‍സ്‌ പിറകിലുളള ഇന്ത്യയെ രക്ഷിക്കാന്‍ ക്രിസിലുളള സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും അസാമാന്യ പ്രകടനം തന്നെ നടത്തേണ്ടി വരും. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഇത്‌ മൂന്നാം തവണ മാത്രം 600 റണ്‍സ്‌ പിന്നിടുന്ന ന്യൂസിലാന്‍ഡ്‌ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ സഹീര്‍ഖാന്‍ ഒഴികെ മറ്റെല്ലാവരും ദയനീയതയാണ്‌ പ്രകടിപ്പിച്ചത്‌. ഹാമില്‍ട്ടണില്‍ കിവി ബാറ്റ്‌സ്‌മാന്മാര്‍ക്കെതിരെ നന്നായി പന്തെറിഞ്ഞ ഹര്‍ഭജന്‍ സിംഗ്‌ ഇവിടെ റണ്‍സ്‌ നല്‍കുന്നതിലാണ്‌ മല്‍സരിച്ചത്‌. വലിയ സമ്മര്‍ദ്ദത്തില്‍ അവസാന സെഷനില്‍ ബാറ്റ്‌ പിടിച്ച ഇന്ത്യക്ക്‌ ആലസ്യത്തിന്‌ വീണ്ടും വില നല്‍കേണ്ടി വന്നു.
പുതിയ പന്തില്‍ സീമര്‍മാരെ മനോഹരമായി നേരിട്ട ക്യാപ്‌റ്റന്‍ സേവാഗ്‌ ഒമ്പതാം ഓവറില്‍ പന്തെടുത്ത വെട്ടോരിയെ കണ്ടപ്പോള്‍ സ്വയം മറന്നതാണ്‌ വലിയ തിരിച്ചടിയായത്‌. വൈഡ്‌ പന്തിന്‌ ബാറ്റ്‌ വെച്ച നായകന്‍ വിക്കറ്റ്‌ കീപ്പര്‍ക്ക്‌ പിടിനല്‍കി. രണ്ടാം ദിവസത്തെ പോരാട്ടം അവസാനിക്കാന്‍ 25 മിനുട്ട്‌ മാത്രം ബാക്കിനില്‍ക്കെയാണ്‌ വെട്ടോരി തന്റെ സ്‌പിന്‍ പാര്‍ട്ട്‌ണറായ ജിതന്‍ പട്ടേലിന്‌ പന്ത്‌ നല്‍കിയത്‌. ആദ്യ ഓവറില്‍ തന്നെ ഗാംഭീര്‍ വീഴുകയും ചെയ്‌തു. നൈറ്റ്‌ വാച്ച്‌്‌മാനായി എത്തിയ ഇഷാന്ത്‌ ശര്‍മ്മ 13 പന്തുകള്‍ നേരിട്ടു. പക്ഷേ വെട്ടോരിയുടെ ആം ബോളില്‍ ശര്‍മ്മക്ക്‌ പിഴച്ചു.
രാവിലെ മുതല്‍ കണ്ടത്‌ കിവീസ്‌ സര്‍വാധിപത്യമായിരുന്നു. റൈഡറും ഫ്രാങ്ക്‌ളിനും ചേര്‍ന്ന്‌ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. ആദ്യ ദിവസത്തെ പ്രകടനം പോലെ പന്തുകളെ ബഹുമാനിക്കുന്നതിലും ആക്രമിക്കുന്നതിലും റൈഡര്‍ കാട്ടിയ സംയമനത്തില്‍ അദ്ദേഹത്തിന്‌ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കാനായി. 52 റണ്‍സ്‌ നേടിയ ഫ്രാങ്ക്‌ളിന്‍ റണ്ണൗട്ടായത്‌ ഇന്ത്യക്ക്‌ ആശ്വസമായില്ല. റൈഡര്‍ തന്റെ ആക്രമണം തുടര്‍ന്ന്‌ 201 വരെയെത്തി.
റൈഡര്‍ പുറത്തായ ശേഷം ആക്രമണം മക്കുലം ഏറ്റെടുത്തു.140 പന്തില്‍ നിന്ന്‌ 115 റണ്‍സാണ്‌ അദ്ദേഹം നേടിയത്‌. ക്യാപ്‌റ്റന്‍ വെട്ടോരി 55 റണ്‍സ്‌ നേടി. ഇന്ത്യക്കായി സഹീറും ഇഷാന്തും മൂന്ന്‌ വിക്കറ്റ്‌ നേടി.

ന്യൂസിലാന്‍ഡ്‌ -ഒന്നാം ഇന്നിംഗ്‌സ്‌: മകിന്റോഷ്‌ -സി-കാര്‍ത്തിക്‌-ബി-ഇഷാന്ത്‌-12, ഗുപ്‌ടില്‍-സി-സേവാഗ്‌-ബി-സഹീര്‍-8, ഹൗ-ബി-സഹീര്‍-1, ടെയ്‌ലര്‍-സി-യുവരാജ്‌-ബി-ഹര്‍ഭജന്‍-151, റൈഡര്‍-ബി-സഹീര്‍-201, ഫ്രാങ്ക്‌ളിന്‍-റണ്ണൗട്ട്‌-52, മക്കുലം-സി-സച്ചിന്‍-ബി-ഇഷാന്ത്‌-115, വെട്ടോരി-ബി-ഇഷാന്ത്‌-55, ജിതന്‍ പട്ടേല്‍-സി-ഇഷാന്ത്‌-ബി-ഹര്‍ഭജന്‍-1, ഒബ്രിയാന്‍-നോട്ടൗട്ട്‌-1, എക്‌സ്‌ട്രാസ്‌-22 ആകെ 154.4 ഓവറില്‍ ഒമ്പത്‌ വിക്കറ്റിന്‌ 619 റണ്‍സ്‌ ഡിക്ലയേര്‍ഡ്‌്‌ വിക്കറ്റ്‌ പതനം: 1-21 (മകിന്റോഷ്‌), 2-22 (ഹൗ), 3-23 (ഗുപ്‌ടില്‍), 4-294 (ടെയ്‌ലര്‍).5-415 (ഫ്രാങ്ക്‌ളിന്‍), 6-477 (റൈഡര്‍), 7-605 (വെട്ടോരി), 8-618 (മക്കുലം), 9-619 (ജിതന്‍). ബൗളിംഗ്‌: സഹീര്‍ 34-6-129-3, ഇഷാന്ത്‌ 27-5-95-3, മുനാഫ്‌ 28-3-128-0, ഹര്‍ഭജന്‍ 41.4-7-120-2, സേവാഗ്‌ 12-0-73-0, യുവരാജ്‌ 12-0-59-0
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സി-വെട്ടോരി-ബി-ജിതന്‍-16, സേവാഗ്‌-സി-മക്കുലം-ബി-വെട്ടോരി-34, ദ്രാവിഡ്‌-നോട്ടൗട്ട്‌-21,ഇഷാന്ത്‌-എല്‍.ബി.ഡബ്ല്യൂ-ബി-വെട്ടോരി-0, സച്ചിന്‍-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-8, ആകെ 23 ഓവറില്‍ മൂന്ന വിക്കറ്റിന്‌ 79. വിക്കറ്റ്‌ പതനം: 1-48 (സേവാഗ്‌), 2-73 (ഗാംഭീര്‍), 3-78 (ഇഷാന്ത്‌). ബൗളിംഗ്‌: മാര്‍ട്ടിന്‍ 6-1-26-0, ഫ്രാങ്ക്‌ളിന്‍ 5-1-15-0, വെട്ടോരി 5-1-16-2, ഒബ്രിയാന്‍ 3-2-9-0, ജിതന്‍ 4-1-6-1.

തേര്‍ഡ്‌ ഐ
ശരിയായ ആലസ്യം
ഒരു വിജയം വഴി ലഭിച്ച ആത്മവിശ്വാസത്തെ ആലസ്യമാക്കി മാറ്റാന്‍ ഇന്ത്യയോളം മികവ്‌ തെളിയിച്ചവരില്ല. സമീപകാല പ്രകടനം മാത്രം വിലയിരുത്തിയാല്‍ ഈ ആലസ്യം കാണാം. ശ്രീലങ്കക്കെതിരെ ഈയിടെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ നാല്‌ മല്‍സരങ്ങളിലും ജയിച്ചപ്പോള്‍ അഞ്ചാം മല്‍സരത്തില്‍ തകര്‍ന്നടിഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലും ഇത്‌ കണ്ടു. ആദ്യ നാല്‌ മല്‍സരങ്ങളില്‍ മികവ്‌ പ്രകടിപ്പിച്ച ശേഷം അവസാന മല്‍സരത്തില്‍ വലിയ തോല്‍വി രുചിച്ചു. ഹാമില്‍ട്ടണ്‍ ടെസ്‌റ്റ്‌ നാല്‌ ദിവസത്തിനകം സ്വന്തമാക്കാന്‍ ടീമിനെ സഹായിച്ച ബൗളര്‍മാരാണോ നേപ്പിയറില്‍ പന്തെറിഞ്ഞത്‌ എന്ന്‌ സന്ദേഹിക്കുന്നവരെ കുറ്റം പറയാനാവില്ല. അത്രമാത്രം ആലസ്യം ബൗളിംഗിലും ഫീല്‍ഡിഗിലും പ്രകടമായിരുന്നു. ആദ്യ ദിവസത്തെ ദയനീയതക്ക്‌ ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ സേവാഗ്‌ പറഞ്ഞിരുന്നു ഫീല്‍ഡിംഗാണ്‌ ചതിച്ചതെന്ന്‌. പക്ഷേ രണ്ടാം ദിവസത്തിലും ഇന്ത്യന്‍ ഫീല്‍ഡിംഗ്‌ പരിതാപകരമായി. ഹര്‍ഭജന്‍ സിംഗിന്റെ ബൗളിംഗായിരുന്നു വേദനാജനകം. ദിശാ ബോധമില്ലാതെ അടി വാങ്ങാനായുളള ബൗളിംഗ്‌. ജെസി റൈഡര്‍ ക്രീസില്‍ നിലയുറപ്പിച്ച താരമാണെന്ന്‌ മനസ്സിലാക്കാതെ ഓഫ്‌ സ്റ്റംമ്പിന്‌ പുറത്ത്‌ മോഹിപ്പിക്കുന്ന പന്തുകള്‍ നല്‍കാന്‍ ബാജിയിലെ അനുഭവസമ്പന്‍ കാട്ടിയ വിഢിത്തത്തില്‍ ധാരാളം അതിര്‍ത്തി ഷോട്ടുകള്‍ പിറന്നു.
ഒന്നാം ദിവസത്തിലെന്ന പോലെ രണ്ടാം ദിവസത്തിലും ന്യൂസിലാന്‍ഡിന്‌ കരുത്തായത്‌ കൂട്ടുകെട്ടുകളാണ്‌. ജെയിംസ്‌ ഫ്രാങ്ക്‌ളിനൊപ്പം റൈഡര്‍ 121 റണ്‍സ്‌ നേടിയപ്പോള്‍ മക്കുലവുമൊത്ത്‌ റൈഡര്‍ 62 റണ്‍സ്‌ സ്വന്തമാക്കി. പിന്നെ വെട്ടോരിയും മക്കുലവും ചേര്‍ന്ന്‌ 121 റണ്‍സ്‌ നേടി. ഇന്ത്യ ബാറ്റ്‌ ചെയ്‌തപ്പോള്‍ സേവാഗ്‌ പതിവ്‌ പോലെ കളിച്ചു. പക്ഷേ പുറത്തായതാവട്ടെ ആലസ്യത്തിന്റെ പര്യായമാവുന്ന ഷോട്ടില്‍. ഗാംഭീറും ഉത്തരവാദിത്ത്വം കാട്ടിയില്ല.
ഈ മല്‍സരത്തെ രക്ഷിക്കാന്‍ ഇനി സച്ചിനും ദ്രാവിഡിനും മാത്രമാണ്‌ കഴിയുക. അനുഭവസമ്പന്നരായ രണ്ട്‌ ബാറ്റ്‌സ്‌മാന്മാരില്‍ നിന്നും വലിയ ഇന്നിംഗ്‌സ്‌ പിറക്കാത്തപക്ഷം നിസ്സംശയം പറയാം-ഇന്ത്യ തോല്‍ക്കും.
അറിയാമായിരുന്നു
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ കോച്ച്‌ ജോണ്‍ ബുക്കാനനും ടീമിന്റെ നായകനായിരുന്ന സൗരവ്‌ ഗാംഗുലിയും തമ്മിലുളള വാചകമടി തുടരുന്നു. ടീമിന്‌ ഒന്നിലധികം നായകരെ നിയോഗിക്കുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന സൗരവിന്റെ വെളിപ്പെടുത്തല്‍ സത്യ വിരുദ്ധമാണെന്നാണ്‌ ബുക്കാനന്‍ പറയുന്നത്‌. പത്രസമ്മേളനം വിളിച്ച്‌ കാര്യങ്ങള്‍ പറയും മുമ്പ്‌ സൗരവുമായി ഈ കാര്യം ചര്‍ച്ച ചെയ്‌തിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണില്‍ തന്നെ ഈ കാര്യം സൗരവുമായി ചര്‍ച്ച ചെയ്‌തിരുന്നുവെന്നാണ്‌ ബുക്കാനന്‍ പറയുന്നത്‌. അതേ സമയം കൊല്‍ക്കത്തയില്‍ ബുക്കാനനെതിരെ പ്രതിഷേധം തുടരുകയാണ്‌. അദ്ദേഹത്തിന്റെ കോലങ്ങള്‍ ഇന്നലെയും സൗരവിന്റെ ആരാധകര്‍ അഗ്നിക്കിരയാക്കി.
കളിക്കാം
പോര്‍ട്ട്‌ എലിസബത്ത്‌: വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡും താരങ്ങളും തമ്മിലുളള പിണക്കം ഇപ്പോള്‍ നടന്നുവരുന്ന ഇംഗ്ലണ്ട്‌-വിന്‍ഡീസ്‌ ഏകദിന പരമ്പരയെയും, വിന്‍ഡീസ്‌ ടീമിന്റെ ഇംഗ്ലീഷ്‌ പര്യടനത്തെയും ബാധിക്കില്ലെന്ന്‌ വിന്‍ഡീസ്‌ നായകന്‍ ക്രിസ്‌ ഗെയില്‍. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലുടെ പരിഹരിക്കാന്‍ കഴിയുമെന്നാണ്‌ തന്റെ വിശ്വാസമെന്ന്‌ ക്യാപ്‌റ്റന്‍ പറഞ്ഞു. പരമ്പരയെ ബാധിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിയിട്ടില്ല-ഗെയില്‍ വ്യക്തമാക്കി. പ്രതിഫലത്തിന്റെ കാര്യത്തിലാണ്‌ താരങ്ങളും ക്രിക്കറ്റ്‌ ബോര്‍ഡും ഇടഞ്ഞ്‌ നില്‍ക്കുന്നത്‌. വാഗ്‌ദാനം ചെയ്യപ്പെട്ട പ്രതിഫലം നല്‍കാത്തപക്ഷം ഇംഗ്ലീഷ്‌ പര്യടനത്തിന്‌ തങ്ങളുണ്ടാവില്ലെന്ന്‌ ടീമിലെ അഞ്ച്‌ താരങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കളി പ്രധാനം
ലണ്ടന്‍: ഇംഗ്ലണ്ടിന്‌ വേണ്ടി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരമെന്ന ബഹുമതി സ്വന്തമാക്കുകയല്ല മറിച്ച്‌ ഇംഗ്ലണ്ടിനെ അടുത്ത ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിലെത്തിക്കുകയാണ്‌ പ്രധാനമെന്ന്‌ ഡേവിഡ്‌ ബെക്കാം. ഇന്ന്‌ സ്ലോവാക്യക്കെതിരെ നടക്കുന്ന സൗഹൃദ മല്‍സരത്തില്‍ ബെക്കാം കളിക്കുന്നുണ്ട്‌. ഈ മല്‍സരത്തോടെ അദ്ദേഹം രാജ്യത്തിനായി 109 മല്‍സരങ്ങള്‍ പൂര്‍ത്തിയാവും. ഇപ്പോള്‍ 108 മല്‍സരങ്ങളുമായി ബോബ്‌ മൂറിന്റെ റെക്കോര്‍ഡിനൊപ്പമാണ്‌ ബെക്കാം. ഇന്നത്തെ കളിയോടെ പീറ്റര്‍ ഷില്‍ട്ടണ്‌ ശേഷം രാജ്യത്തിനായി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരമെന്ന ബഹുമതി അദ്ദേഹത്തിന്‌ സ്വന്തമാവും.

Thursday, March 26, 2009

JUNIOR ZIZOOO


ജൂനിയര്‍ സിദാന്‍ സ്‌പെയിനിന്‌ വേണ്ടി
മാഡ്രിഡ്‌്‌: സൈനുദ്ദീന്‍ സിദാന്‍ എന്ന ലോക ഫുട്‌ബോളിലെ മാന്ത്രികന്റെ മികവുമായി ഇതാ മകന്‍ എന്‍സോ സിദാന്‍... ഇന്നലെ പതിനാല്‌ വയസ്സ്‌ തികഞ്ഞ എന്‍സോയിലെ ഫുട്‌ബോളര്‍ നാളെയുടെ താരമാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന്‌ തീര്‍ത്ത്‌ പറയുന്നവരുടെ വാക്കുകള്‍ ശരിവെക്കാന്‍ കൊച്ചു സിദാന്‍ രാജ്യാന്തര സോക്കറിന്റെ തിരക്കിലേക്ക്‌ വരുകയാണ്‌. സ്‌പെയിന്‍ അണ്ടര്‍-15 ടീമില്‍ ഇപ്പോള്‍ തന്നെ അംഗമാണ്‌ എന്‍സോ. കഴിഞ്ഞ എട്ട്‌ വര്‍ഷമായി സ്‌പെയിനില്‍ തുടരുന്ന അദ്ദേഹത്തെ റാഞ്ചാന്‍ വന്‍കിട ക്ലബുകള്‍ ഇപ്പോള്‍ തന്നെ രംഗത്തുണ്ട്‌.
ഫ്രാന്‍സ്‌ ലോകത്തിന്‌ സമ്മാനിച്ച സോക്കര്‍ വിരുന്നാണ്‌ സിദാനെങ്കില്‍ അദ്ദേഹത്തിന്റെ മകന്‍ സ്‌പെയിനിന്‌ വേണ്ടി ലോകത്തോളം ഉയരുമെന്ന്‌ പറയുന്നവരില്‍ സ്‌പാനിഷ്‌ ദേശീയ ടീമിന്റെ മുന്‍ നായകന്‍ റൗള്‍ ഗോണ്‍സാലസ്‌ ഉള്‍പ്പെടെയുളള കരുത്തരുണ്ട്‌. അള്‍ജീരിയയില്‍ നിന്നും കുടിയേറ്റ കുടുംബമായി ഫ്രാന്‍സിലെത്തി, കാല്‍പ്പന്തിന്റെ വിസ്‌മയ കരുത്തില്‍ ലോകത്തിന്റെ മനസ്സില്‍ കയറിയ സിദാന്‍ ദീര്‍ഘകാലമായി സ്‌പെയിനിലാണ്‌ താമസിക്കുന്നത്‌. റയല്‍ മാഡ്രിഡിന്‌ വേണ്ടി കളിക്കുന്ന സമയത്താണ്‌ അദ്ദേഹം ഭാര്യയുടെ നാടായ സ്‌പെയിനിലെ സ്ഥിരക്കാരനായത്‌. മകന്‍ ലോകത്തോളം ഉയരുമോ എന്ന ചോദ്യത്തിന്‌ സിസുവിന്റെ മറുപടി രസകരമായിരുന്നു. ലോകത്തോളം ഉയരാന്‍ അവന്‌ എല്ലാവരും സമയം കൊടുക്കുക. റയല്‍ മാഡ്രിഡിന്റെ യൂത്ത്‌ ടീമില്‍ അംഗമായ എന്‍സോയില്‍ പിതാവിന്റെ അനന്യമായ ഗുണഗണങ്ങളുണ്ട്‌-പന്തിനെ അമ്മാനമാടുന്ന കരുത്ത്‌. സ്വന്തം കാലില്‍ പന്ത്‌ കിട്ടിയാല്‍ അദ്ദേഹം എതിരാളികളെ വട്ടം കറക്കും. തന്റെ മകന്‌ എന്‍സോ എന്ന്‌ പേര്‌ സിദാന്‍ നല്‍കിയത്‌ തന്നെ ഉറുഗ്വേയുടെ ഇതിഹാസ താരമായിരുന്ന എന്‍സോ ഫ്രാന്‍സിസ്‌്‌ കോളിയെ ഓര്‍മ്മിക്കാനാണ്‌. കുട്ടിക്കാലം മുതല്‍ സിദാന്റെ ആരാധന പാത്രമായിരുന്നു ഫ്രാന്‍സിസ്‌കോളി.

തിരിച്ചടികള്‍
നേപ്പിയര്‍: തിരിച്ചടികളുടെ ദിനമായിരുന്നു ഇന്ത്യക്ക്‌ ഇന്നലെ.... മക്‌ലീന്‍ പാര്‍ക്കില്‍ ടെസ്റ്റ്‌ ക്രിക്കറ്റിലെ നൂറാം വിജയം തേടിയിറങ്ങിയ ടീമിനൊപ്പം കരുത്തനായ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി ഉണ്ടായിരുന്നില്ല... കലശലായ പുറം വേദന കാരണം നായകന്‍ അവസാന നിമിഷം പിന്മാറിയപ്പോള്‍ കപ്പിത്താന്റെ കുപ്പായത്തില്‍ ടോസിനിറങ്ങിയത്‌ വീരേന്ദര്‍ സേവാഗ്‌. ടോസിന്റെ രൂപത്തിലായിരുന്നു രണ്ടാം തിരിച്ചടി-നാണയഭാഗ്യം ഡാനിയല്‍ വെട്ടോരിക്കായിരുന്നു. പ്രവചനാതീതമായ പിച്ചില്‍ മൂന്ന്‌ വിക്കറ്റുകള്‍ ഇന്ത്യക്ക്‌ പെട്ടെന്ന്‌ നേടാനായി. പക്ഷേ മറ്റൊരു തിരിച്ചടിയായി ഫീല്‍ഡര്‍മാര്‍ രണ്ട്‌ ക്യാച്ചുകള്‍ നിലത്തിട്ടു. പിറകെ നാലാം വിക്കറ്റില്‍ 271 റണ്‍സിന്റെ റെക്കോര്‍ഡ്‌ കൂട്ടുകെട്ടുമായി റോസ്‌ ടെയ്‌ലറും ജെസി റൈഡറും അരങ്ങ്‌ വാണു- രണ്ടാം ടെസ്‌റ്റ്‌ ഒന്നാം ദിനം പിന്നിട്ടപ്പോള്‍ ഇന്ത്യ ആഗ്രഹിച്ചത്‌ പോലെയല്ല കാര്യങ്ങള്‍. ഹാമില്‍ട്ടണില്‍ തകര്‍ന്നടിഞ്ഞ കിവീസാണ്‌ ഡ്രൈവിംഗ്‌ സീറ്റില്‍. ഒന്നാം ഇന്നിംഗ്‌സില്‍ നാല്‌ വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ 351 റണ്‍സാണ്‌ കിവീസ്‌ വാരിക്കൂട്ടിയിരിക്കുന്നത്‌. 151 റണ്‍സുമായി റോസ്‌ ടെയ്‌ലര്‍ മനോഹരമായി ബാറ്റ്‌ ചെയ്‌തപ്പോള്‍ പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സെഞ്ച്വറിയുമായി (137) ജെസി റൈഡര്‍ ക്രീസിലുണ്ട്‌.
ഒന്നാം ടെസ്റ്റിലെ ഭയാനകമായ തകര്‍ച്ചയില്‍ പരിതപിച്ചു നില്‍ക്കുകയായിരുന്ന ഡാനിയല്‍ വെട്ടോരി ടോസ്‌ നേടിയപ്പോള്‍ എന്ത്‌ ചെയ്യണമെന്ന സംശയത്തിലായിരുന്നു. പേസ്‌ പിച്ചാണ്‌ ഒരുക്കുകയെന്ന്‌ പറഞ്ഞെങ്കിലും ഉപരിതലത്തില്‍ കാണപ്പെട്ട പച്ചപ്പ്‌ വളരെ വേഗം അകന്നപ്പോള്‍ കാര്യങ്ങള്‍ ബാറ്റ്‌സ്‌മാന്‌ അനുകൂലമായി മാറി.
കിവി സ്‌ക്കോര്‍ 21 ലും 22 ലും 23 ലും വിക്കറ്റുകള്‍ സ്വന്തമാക്കി ഇന്ത്യ അതിവേഗം നൂറാം ടെസ്‌റ്റ്‌ വിജയത്തിലേക്ക്‌ കുതിക്കുന്ന ഘട്ടത്തിലാണ്‌ കാര്യങ്ങള്‍ പെട്ടെന്ന്‌ മാറിയത്‌. ഇഷാന്ത്‌ ശര്‍മ്മയുടെ പന്തില്‍ ദിനേശ്‌ കാര്‍ത്തികിന്റെ ക്യാച്ചില്‍ മകിന്റോഷാണ്‌ ആദ്യം പുറത്തായത്‌. തട്ടിമുട്ടി നിന്ന ഓപ്പണര്‍ ഒരു ഘട്ടത്തില്‍ പോലും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നില്ല. നേരിട്ട 27 പന്തുകളില്‍ നിന്നായി രണ്ട്‌ ബൗണ്ടറികള്‍ നേടിയത്‌ മാത്രമായിരുന്നു സമ്പാദ്യം. പുതിയ ബാറ്റ്‌സ്‌മാന്‍ ഹൗ പതിനൊന്ന്‌ പന്തുകള്‍ നേരിട്ടു. സഹീറിന്റെ മഹത്വം അംഗീകരിച്ച്‌ പെട്ടെന്ന്‌ മടങ്ങി. മാര്‍ട്ടിന്‍ ഗുപ്‌ടില്‍ ഹാമില്‍ട്ടണില്‍ ചെയ്‌ത അതേ തെറ്റ്‌ ആവര്‍ത്തിച്ചു-സ്ലിപ്പില്‍ സേവാഗിന്‌ ക്യാച്ച്‌ നല്‍കി സഹീറിന്‌ രണ്ടാം വിക്കറ്റ്‌ നല്‍കി. മൂന്‍നിരക്കാരായ മൂന്ന്‌ പേര്‍ മടങ്ങുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 23 റണ്‍സ്‌ മാത്രം.
മല്‍സരം സ്വന്തം നിയന്ത്രണത്തിലേക്ക്‌ വരുന്ന ഘട്ടത്തിലാണ്‌ റോസ്‌ ടെയ്‌ലര്‍ എത്തിയത്‌. മൂന്ന്‌ വിക്കറ്റുകള്‍ നഷ്ടമായ സമ്മര്‍ദ്ദത്തില്‍ പ്രതിരോധ ക്രിക്കറ്റിന്‌ ശ്രമിക്കാത ആക്രമണത്തിലുടെ പ്രതികരിക്കാനുളള അദ്ദേഹത്തിന്റെ തീരുമാനമാണ്‌ കിവീസിന്‌ അനുഗ്രഹമായത്‌. വ്യക്തിഗത സ്‌ക്കോര്‍ നാലില്‍ നില്‍ക്കുമ്പോള്‍ ടെയ്‌ലര്‍ നല്‍കിയ അവസരം വിശ്വസ്‌തനായ യുവരാജ്‌ പാഴാക്കിയപ്പോള്‍ മുനാഫിന്റെ അടുത്ത ഓവറില്‍ മൂന്ന്‌ തവണയാണ്‌ ടെയ്‌ലര്‍ പന്തിനെ അതിര്‍ത്തി കടത്തിയത്‌. പല ഘട്ടങ്ങളിലും സഹീറും ഇഷാന്തും മുനാഫും നിര്‍ഭാഗ്യവാന്മാരായിരുന്നു. ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്തുകള്‍ ഫീല്‍ഡര്‍മാരില്ലാത്ത സ്ഥലങ്ങളിലാണ്‌ പതിച്ചത്‌. 92 ല്‍ നില്‍ക്കുമ്പോള്‍ ടെയ്‌ലര്‍ നല്‍കിയ വിഷമകരമായ ക്യാച്ച്‌ രാഹുല്‍ ദ്രാവിഡിനും കൈപിടിയിലാക്കാനായില്ല. ടെയ്‌ലര്‍ക്ക്‌ ഉറച്ച പിന്തുണയാണ്‌ റൈഡര്‍ നല്‍കിയത്‌. ഹാമില്‍ട്ടണില്‍ പ്രകടിപ്പിച്ച കരുത്ത്‌ റൈഡര്‍ക്ക്‌ നല്‍കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. നാലാം വിക്കറ്റില്‍ ഇവര്‍ നേടിയ 271 റണ്‍സ്‌ കിവി റെക്കോര്‍ഡാണ്‌. ഇന്ത്യക്കെതിരെ നാലാം വിക്കറ്റില്‍ ഏതൊരു ടീമിന്റെയും ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ട്‌്‌കെട്ടും ഇതാണ്‌. ഇരുപത്തിയാറ്‌ വര്‍ഷം മുമ്പ്‌ പോര്‍ട്ട്‌ ഓഫ്‌ സപെയിനില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ അവരുടെ മൂന്ന്‌ വിക്കറ്റുകള്‍ കേവലം ഒരു റണ്ണിന്‌ നേടിയ ഇന്ത്യ പിന്നീട്‌ ലാറി ഗോംസിനും ക്ലൈവ്‌്‌ ലോയിഡിനും തിരിച്ചുവരവിനുള്ള അവസരം ഒരുക്കിയത്‌ പോലെയായി കാര്യങ്ങള്‍.
സ്‌ക്കോര്‍ബോര്‍ഡ്‌
ന്യൂസിലാന്‍ഡ്‌ -ഒന്നാം ഇന്നിംഗ്‌സ്‌: മകിന്റോഷ്‌ -സി-കാര്‍ത്തിക്‌-ബി-ഇഷാന്ത്‌-12, ഗുപ്‌ടില്‍-സി-സേവാഗ്‌-ബി-സഹീര്‍-8, ഹൗ-ബി-സഹീര്‍-1, ടെയ്‌ലര്‍-സി-യുവരാജ്‌-ബി-ഹര്‍ഭജന്‍-151, റൈഡര്‍-നോട്ടൗട്ട്‌-137, ഫ്രാങ്ക്‌ളിന്‍-നോട്ടൗട്ട്‌-26, എക്‌സ്‌ട്രാസ്‌-16, ആകെ 90 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 351. വിക്കറ്റ്‌ പതനം: 1-21 (മകിന്റോഷ്‌), 2-22 (ഹൗ), 3-23 (ഗുപ്‌ടില്‍), 4-294 (ടെയ്‌ലര്‍). ബൗളിംഗ്‌: സഹീര്‍ 23-4-94-2, ഇഷാന്ത്‌ 17-4-61-1, മുനാഫ്‌ 18-2-78-0, ഹര്‍ഭജന്‍ 26-6-61-1, സേവാഗ്‌ 5-0-34-0, യുവരാജ്‌ 1-0-14-0

തേര്‍ഡ്‌ ഐ
സിംപിള്‍ ഗെയിം
ജെസി ഡാനിയല്‍ റൈഡര്‍ എന്ന കിവി ഓള്‍റൗണ്ടര്‍ക്ക്‌ പ്രായം 24 മാത്രം. നേപ്പിയറില്‍ ഇന്ത്യക്കെതിരെ കളിക്കുന്നത്‌ ഏഴാം ടെസ്റ്റ്‌ മാത്രം. ഹാമില്‍ട്ടണിലായിരുന്നു കന്നി സെഞ്ച്വറി. ഇന്നലെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി സ്വന്തമാക്കിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരം ന്യൂസിലാന്‍ഡിന്റെ നാളത്തെ താരമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ബാറ്റിംഗിലെ അനായാസ സമീപനവും, മൈതാനത്തെ ജാഗ്രതയും റൈഡറെ വിത്യസ്‌തനാക്കുന്നു. ഇന്നലെ എത്രയെളുപ്പമായാണ്‌ അദ്ദേഹം ബാറ്റ്‌ ചെയ്‌തത്‌. ന്യൂസിലാന്‍ഡിന്റെ മൂന്ന്‌ വിക്കറ്റുകള്‍ കേവലം 23 റണ്‍സിനിടെ വീണ ശേഷം റോസ്‌ ടെയ്‌ലര്‍ക്കൊപ്പം ക്രിസിലെത്തിയ റൈഡര്‍ ഒരു തരത്തിലുളള പരിഭ്രാന്തിയും കാട്ടിയില്ല. സിംപിളായിരുന്നു അദ്ദേഹത്തിന്റെ ശൈലി. വിക്കറ്റിന്‌ നേരെ വരുന്ന പന്തുകള്‍ പ്രതിരോധിക്കുക, കൈകള്‍ സ്വതന്ത്രമാക്കാന്‍ ലഭിക്കുന്ന അവസരം മനോഹരമായി ഉപയോഗപ്പെടുത്തുക. 220 പന്തുകള്‍ അദ്ദേഹം മക്‌ലീന്‍ പാര്‍ക്കില്‍ നേരിട്ടു. 17 ബൗണ്ടറികളും ഒരു സിക്‌സറും. ശരിക്കുമൊരു ബാറ്റിംഗ്‌ കലാകാരനെ പോലെ സമചിത്തതയും അതേ സമയം ആക്രമണവും സമന്വയിപ്പിച്ച ഇന്നിംഗ്‌സ്‌. പുറത്താവാതെ ക്രീസില്‍ നില്‍ക്കുന്ന റൈഡര്‍ തന്നെയാണ്‌ മല്‍സരത്തിന്റെ രണ്ടാം ദിവസത്തിലും ഇന്ത്യക്ക്‌ തലവേദന. കാരണമുണ്ട്‌-സാഹസികനാവാന്‍ അദ്ദേഹമില്ല. ഹര്‍ഭജന്‍സിംഗിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ക്കും ഫസ്റ്റ്‌ സ്ലിപ്പിനുമിടയിലുടെ നല്‍കിയ ഒരവസരം മാത്രമാണ്‌ റൈഡറുടെ ബാറ്റിംഗില്‍ കണ്ട പിഴവ്‌. ഈ പിഴവ്‌ പക്ഷേ ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കായില്ല.
നായകന്‍ ധോണിയുടെ അഭാവം പകല്‍പോലെ പ്രകടമായിരുന്നു. ആത്മവിശ്വാസത്തോടെ തന്ത്രങ്ങള്‍ മെനയുന്ന ധോണിയുടെ പരുക്കും സേവാഗിന്റെ നായകത്വവും മൈതാനത്തിലെ പല ചലനങ്ങളിലും പ്രകടമായിരുന്നു. ധോണിയിലെ നായകന്‌ കീഴില്‍ ആക്രമണവീര്യത്തില്‍ പന്തെറിയുന്ന സഹീറിന്‌ ആ കരുത്ത്‌ തുടക്കത്തില്‍ മാത്രമാണ്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്‌. തുടക്കത്തില്‍ തന്നെ മൂന്ന്‌ വിക്കറ്റുകള്‍ നേടാനായിട്ടും പിടിമുറുക്കാന്‍ സേവാഗിനായില്ല. ഹാമില്‍ട്ടണില്‍ ആറ്‌ വിക്കറ്റുകള്‍ നഷ്ടമായിട്ടും ആക്രമണ ബാറ്റിംഗില്‍ തിരിച്ചെത്തിയ കിവീസ്‌ അതേ തന്ത്രമാണ്‌ ഇവിടെയും നടപ്പാക്കിയത്‌.
റോസ്‌ ടെയ്‌ലര്‍ക്ക്‌ ഏകദിന പരമ്പരയിലും ഹാമില്‍ട്ടണ്‍ ടെസ്റ്റിലും കാര്യമായ സംഭാവനകള്‍ ടീമിന്‌ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ആ സമ്മര്‍ദ്ദത്തില്‍ അദ്ദേഹം പ്രതിരോധ വക്താവായിരുന്നെങ്കില്‍ ഇന്നലെ ഇന്ത്യക്ക്‌്‌ കാര്യങ്ങള്‍ എളുപ്പമാവുമായിരുന്നു. പക്ഷേ അപകടം മനസ്സിലാക്കിയ ടെയ്‌ലര്‍ തുടക്കം മുതല്‍ ആക്രമിച്ചു. തിരിച്ചടിക്ക്‌ നല്ല മരുന്ന്‌ ആക്രമണമാണ്‌ എന്ന സത്യത്തില്‍ ടെയ്‌ലര്‍ വമ്പന്‍ ഷോട്ടുകള്‍ പായിച്ചപ്പോള്‍ സാധാരണ കൂറ്റന്‍ ഷോട്ടുകള്‍ ഇടതടവില്ലാതെ പായിക്കാറുളള റൈഡര്‍ പക്വമതിയായി.
ഇന്ന്‌ ഇന്ത്യക്ക്‌ പലതും ചെയ്യാനുണ്ട്‌. ഫീല്‍ഡിംഗില്‍ ആലസ്യമകറ്റണം. രാവിലെ ലഭിക്കുന്ന അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തണം. കാര്യങ്ങള്‍ പിടിവിട്ടാല്‍ എല്ലാം പ്രയാസകരമാവും.

യു.എസ്‌ 20:20
ലാഹോര്‍: 20-20 ക്രിക്കറ്റിന്റെ ആവേശത്തിലേക്ക്‌ അമേരിക്കയും. ക്രിക്കറ്റിനെ അകറ്റിനിര്‍ത്തുന്ന അമേരിക്കയിലേക്ക്‌ അതിവേഗ ക്രിക്കറ്റിന്റെ ആവേശത്തെ അവതരിപ്പിക്കാന്‍ രംഗത്ത്‌ വന്നിരിക്കുന്നത്‌ അമേരിക്കന്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ എന്റര്‍ടെയിന്‍മെന്റ്‌ ഗ്രൂപ്പാണ്‌. പാക്കിസ്‌താന്‍ മുന്‍ ക്യാപ്‌റ്റന്‍ ഇന്‍സമാം ഉള്‍ഹഖ്‌ ഉള്‍പ്പെടെയുള്ള പ്രമുഖരെ അമേരിക്കന്‍ കമ്പനി സമീപിച്ചിട്ടുണ്ട്‌. ന്യൂയോര്‍ക്ക്‌ സിറ്റിയിലെ ബേസ്‌ ബോള്‍ മൈതാനം ക്രിക്കറ്റ്‌ മൈതാനമാക്കി മാറ്റി അവിടെ ചാമ്പ്യന്‍ഷിപ്പ്‌ നടത്താനാണ്‌ പരിപാടി. ഇന്‍സമാമാണ്‌ ഈ കാര്യം സ്ഥീരികരിച്ചത്‌. എന്നാല്‍ നിലവില്‍ ഐ.സി.എല്ലുമായി കരാറുള്ള ഇന്‍സിക്കും സംഘത്തിനും ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌ അനുമതി ലഭിച്ചാല്‍ മാത്രമാണ്‌ ഈ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനാവുക.
മടക്കം
ലാഹോര്‍: മുഹമ്മദ്‌ യൂസഫ്‌, അബ്ദുള്‍ റസാക്ക്‌, ഇംറാന്‍ ഫര്‍ഹാത്ത്‌, ഇംറാന്‍ നസീര്‍, മുഹമ്മദ്‌ സമി, റാണ നവീദ്‌ എന്നീ വിമത പാക്‌ താരങ്ങള്‍ ദേശീയ ക്രിക്കറ്റിലേക്ക്‌ തിരിച്ചുവരുന്നു. പാക്കിസ്‌താന്‍ ദേശീയ ടീമിന്റെ നായകനായ യൂനസ്‌ഖാന്റെ താല്‍പ്പര്യ പ്രകാരമാണ്‌ ഇവരുടെ തിരിച്ചുവരവ്‌. വിമത ഇന്ത്യന്‍ ക്രിക്കറ്റ്‌്‌ ലീഗുമായുളള ബന്ധം അവസാനിപ്പിച്ച്‌ ഇവര്‍ ഉടനടി തിരിച്ചെത്തുമെന്നാണ്‌ പാക്‌ പത്രമായ ദി ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. അടുത്തമാസം പാക്കിസ്‌താന്‍ ദുബായില്‍ വെച്ച്‌ ഓസ്‌ട്രേലിയയുമായി കളിക്കുന്നുണ്ട്‌. ഈ ഏകദിന പരമ്പരയിലേക്ക്‌ മുഹമ്മദ്‌ യൂസഫിന്റെ സേവനം യൂനസ്‌ തേടിയിട്ടുണ്ട്‌. ഷുഹൈബ്‌ മാലിക്‌ പാക്കിസ്‌താന്‍ ദേശീയ ടീമിന്റെ നായകനായപ്പോഴാണ്‌ യൂസഫ്‌ തെറ്റിപിരിഞ്ഞതും ഐ.സി.എല്ലുമായി അടുത്തതും. മാലിക്കിനെതിരെ പരസ്യമായി പ്രതികരിക്കാനും യൂസഫ്‌ തയ്യാറായിരുന്നു. എന്നാല്‍ മാലിക്കിന്‌ പകരം യൂനസ്‌ നായകനായതോടെ കാര്യങ്ങള്‍ മാറി. യൂനസും യൂസഫും അടുത്ത മിത്രങ്ങളാണ്‌. ഇരുവരും ഇതിനകം പലവട്ടം കൂടിക്കാഴ്‌ച്ച നടത്തിക്കഴിഞ്ഞു.
യൂസഫ്‌ ഐ.സി.എല്‍ വിട്ടാല്‍ പക്ഷേ കപില്‍ദേവും സംഘവും കോടതി കയറുമെന്നുറപ്പാണ്‌.
ഗുരുതരമല്ല
നേപ്പിയര്‍: പുറം വേദന കാരണം നേപ്പിയര്‍ ടെസ്റ്റില്‍ നിന്നും അവസാന നിമിഷം പിന്മാറിയ ക്യാപ്‌റ്റന്‍ എം.എസ്‌ ധോണി വെല്ലിംഗ്‌ടണില്‍ നടക്കുന്ന മൂന്നാം ടെസ്‌റ്റില്‍ കളിക്കും. ഇന്നലെ എം.ആര്‍.ഐ സ്‌കാനിംഗിന്‌ വിധേയനായ ധോണിക്ക്‌ അടുത്ത മല്‍സരത്തില്‍ കളിക്കാനാവുമെന്ന്‌ താല്‍കാലിക നായകന്‍ വിരേന്ദര്‍ സേവാഗാണ്‌ വ്യക്തമാക്കിയത്‌. ധോണിയുടെ പുറംവേദന സംബന്ധിച്ചച സൂചന കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‍ തലേദിവസം രാത്രിയില്‍ സേവാഗിനോട്‌ സൂചിപ്പിച്ചിരുന്നു. ചിലപ്പോള്‍ ടീമിന്റെ നായകനായി ഇറങ്ങേണ്ടി വരുമെന്ന സൂചനയും കോച്ച്‌ നല്‍കിയതായി സേവാഗ്‌ പറഞ്ഞു. 2005-06 സീസണില്‍ ന്യൂസിലാന്‍ഡിനെതിരെ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റില്‍ അന്നത്തെ നായകന്‍ രാഹുല്‍ ദ്രാവിഡിന്‌ പരുക്കേറ്റതിനെ തുടര്‍ന്ന്‌ സേവാഗ്‌ ടീമിനെ നയിക്കുകയും വിജയിപ്പിക്കുകയും ചെയ്‌തിരുന്നു.
മാപ്പ്‌
റിയോ: തനിക്കെതിരെ ഉത്തേജകാരോപണം ഉന്നയിച്ച ഫുട്‌ബോള്‍ രാജാവ്‌ പെലെക്ക്‌ മാപ്പ്‌ നല്‍കുന്നതായി ബ്രസീലിയന്‍ താരം റൊണാള്‍ഡിഞ്ഞോ. മരുന്നടിയുടെ വക്താവാണ്‌ റൊണാള്‍ഡിഞ്ഞോയെന്ന്‌ പെലെ പറഞ്ഞത്‌ വന്‍ വിവാദമാവുകയും പെലെക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ റൊണാള്‍ഡിഞ്ഞോ ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു. മരുന്നടിയുമായി എനിക്കൊരു ബന്ധവുമില്ല. മരുന്നും ഞാനും തമ്മില്‍ ബന്ധമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ബ്രസീല്‍ ടീമില്‍ കാണുമായിരുന്നില്ല. അനാവശ്യ പരാമര്‍ശം നടത്തി പെലെ സ്വയം ചെറുതാവുകയാണ്‌ ചെയ്‌തത്‌-റൊണാള്‍ഡിഞ്ഞോ പറഞ്ഞു.
അറിഞ്ഞില്ല
ന്യൂഡല്‍ഹി: തന്നോട്‌ ആലോചിക്കാതെയാണ്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ടീമിന്‌ ഒന്നിലധികം നായകരെ പ്രഖ്യാപിച്ചതെന്ന്‌ സൗരവ്‌ ഗാംഗുലി. പത്രങ്ങളില്‍ നിന്നാണ്‌ ആ കാര്യം ഞാനറിയുന്നത്‌. ഒരു ഘട്ടത്തിലും തന്നോട്‌ ഇത്‌ ആലോചിച്ചിരുന്നില്ല. ഈ വിഷയത്തില്‍ ടീം ഉടമ ഷാറൂഖ്‌ ഖാന്റേതായിരിക്കും അന്തിമ തീരുമാനം. ക്രിക്കറ്റെന്നാല്‍ താരങ്ങള്‍ക്ക്‌ കരുത്തും സുരക്ഷയും നല്‍കുകയാണ്‌. അതാണ്‌ പ്രധാനം. മൂന്നോ നാലോ നായകര്‍ക്ക്‌ കീഴില്‍ കളിച്ചുളള പരിചയം തനിക്കില്ലെന്നും ദാദ വ്യക്തമാക്കി.

ഏഷ്യ റെഡി
ദുബായ്‌: ചെറിയ ഇടവേളക്ക്‌ ശേഷം ലോകകപ്പ്‌ യോഗ്യതാ റൗണ്ടുകളുടെ ആരവം വീണ്ടും. വിവിധ വന്‍കരകളിലായി നാളെ മുതല്‍ ദക്ഷിണാഫ്രിക്കയിലേക്കുളള ടിക്കറ്റുകള്‍ തേടി ടീമുകള്‍ യാത്ര ആരംഭിക്കുകയാണ്‌. ഏറ്റവും വലിയ വന്‍കരയായ ഏഷ്യയില്‍ നിന്നും ലോക സോക്കറിന്റെ നെറുകയിലേക്കുളള യാത്രക്കായി പത്ത്‌ ടീമുകള്‍ രംഗത്തുണ്ട്‌. ഇവരില്‍ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരാണ്‌ മുന്‍പന്തിയില്‍. പക്ഷേ ഇവര്‍ നാളെ കളിക്കുന്നില്ല. ഗ്രൂപ്പ്‌ എ യില്‍ നാളെ ജപ്പാന്‍ ബഹറൈനെയും, ഉസ്‌ബെക്കിസ്ഥാന്‍ ഖത്തറിനെയും ബി ഗ്രൂപ്പില്‍ ഉത്തര കൊറിയ യു.എ.ഇയെയും ഇറാന്‍ സൗദി അറേബ്യയെയും നേരിടുന്നു.
ടെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇറാന്‍-സൗദി പോരാട്ടത്തിനാണ്‌ അറബ്‌ ലോകം കാത്തിരിക്കുന്നത്‌. ഫൈനല്‍ റൗണ്ട്‌ സാധ്യത നിലനിര്‍ത്താന്‍ രണ്ട്‌ ടീമുകള്‍ക്കും വിജയം നിര്‍ബന്ധമാണ്‌. സ്വന്തം മൈതാനത്ത്‌ കളിക്കുന്നതിന്റെ നേരിയ മുന്‍ത്തൂക്കം അലി ദായുടെ ടീമിനുണ്ട്‌. ഗ്രൂപ്പ്‌ ബി യില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന യു.എ.ഇക്ക്‌ ഉത്തര കൊറിയക്കെതിരെ ജയിച്ചാല്‍ മാത്രമാണ്‌ എന്തെങ്കിലും പ്രതീക്ഷ. താഷ്‌ക്കന്റില്‍ നടക്കുന്ന ഉസ്‌ബെക്‌-ഖത്തര്‍ പോരാട്ടത്തിലും തീപ്പാറും. രണ്ട്‌ ടീമുകള്‍ക്കും ഇത്‌ വരെ പ്രതീക്ഷക്കൊത്തുയരാന്‍ കഴിഞ്ഞിട്ടില്ല. സെയ്‌താമയിലെ ലോകകപ്പ്‌ സ്‌റ്റേഡിയത്തില്‍ വെച്ചാണ്‌ ജപ്പാന്‍ ബഹറൈനുമായി കളിക്കുന്നത്‌.

രാജഗോപാല്‍ ലോക സ്‌പോര്‍ട്‌സ്‌ അവാര്‍ഡ്‌ പാനലില്‍
ലണ്ടന്‍: 209 ലെ പത്താമത്‌ ലോറസ്‌ ലോക സ്‌പോര്‍ട്‌സ്‌ അവാര്‍ഡുകള്‍ക്ക്‌ കായികതാരങ്ങളെ നിര്‍ദ്ദേശിക്കാനുളള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്‌പോര്‍ട്‌സ്‌ ലേഖകരുടെ ഇന്റര്‍നാഷണല്‍ മീഡിയ സെലക്ഷന്‍ പാനലിലേക്ക്‌ ഇന്ത്യയില്‍ നിന്നും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വി.രാജഗോപാലിനെ ലോക സ്‌പോര്‍ട്‌സ്‌ അക്കാദമി ചെയര്‍മാന്‍ എഡ്വിന്‍ മോസസ്‌ വീണ്ടും നോമിനേറ്റ്‌്‌ ചെയ്‌തു. മികച്ച പുരുഷ-വനിതാ താരങ്ങള്‍ ഉള്‍പ്പെടെ ആറ്‌്‌ കാറ്റഗറികളിലേക്കാണ്‌ 130 രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരടങ്ങുന്ന മീഡിയാ പാനല്‍ നാമനിര്‍ദ്ദേശം നടത്തുക. അഞ്ച്‌ ഒളിംപിക്‌സുകളും നാല്‌ ഏഷ്യന്‍ ഗെയിംസുകളും ഉള്‍പ്പെടെ നിരവധി രാജ്യാന്തര കായികമാമാങ്കങ്ങള്‍ മാതൃഭൂമിക്ക്‌ വേണ്ടി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുളള രാജഗോപാല്‍ തുടക്കം മുതല്‍ ലോക സ്‌പോര്‍ട്‌സ്‌ മീഡിയാ പാനലില്‍ അംഗമാണ്‌. അവാര്‍ഡ്‌ നോമിനികളുടെയും ഓസ്‌ക്കാര്‍ മാതൃകയില്‍ അവാര്‍ഡ്‌ ദാനം നടത്തുന്ന നഗരത്തിന്റെയും വിവരങ്ങള്‍ ഏപ്രില്‍ 16 ന്‌ പ്രഖ്യാപിക്കും.

Wednesday, March 25, 2009

MOIDU MOULAVI AWARD TO KAMAL


അക്ഷരം അവാര്‍ഡുകള്‍ സമ്മാനിച്ചു
കോഴിക്കോട്‌: മൊയ്‌തു മൗലവി സ്‌മാരക അക്ഷരം അവാര്‍ഡുകള്‍ സമ്മാനിച്ചു. മികച്ച സ്‌പോര്‍ട്‌സ്‌ റിപ്പോര്‍ട്ടര്‍ക്കുളള പുരസ്‌ക്കാരം ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍ മുന്‍ സംസ്ഥാന വനം മന്ത്രി അഡ്വ.എ സുജനപാലില്‍ നിന്നും ഏറ്റുവാങ്ങി. ചന്ദ്രിക സ്‌പോര്‍ട്ടിംഗ്‌ അറീനയില്‍ പ്രസിദ്ധീകരിച്ച ഒളിംപിക്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവ്‌ അഭിനവ്‌ ബിന്ദ്രയെക്കുറിച്ച്‌ ദി റിയല്‍ ഇന്ത്യന്‍ എന്ന ഡയരക്ട്‌്‌ ഡ്രൈവിലെ കോളമാണ്‌ കമാലിനെ അവാര്‍ഡിര്‍ഹനാക്കിയത്‌. വിവിധ മാധ്യമ പുരസ്‌ക്കാരങ്ങള്‍ ഹരിദാസന്‍ പാലയില്‍ (മംഗളം), പി.പത്‌നമാഭന്‍ നമ്പൂതിരി (കേരളാ കൗമുദി), ദീപക്‌ ധര്‍മ്മടം (അമൃത ടി.വി), സെബിന്‍ എസ്‌ കൊട്ടാരം (മലയാള മനോരമ) എം.കെ രമേഷ്‌ കുമാര്‍ (ജന്മഭൂമി), ശ്രീമനോജ്‌ കുമാര്‍ ടി.കെ (ഏ.സി.വി), സജീഷ്‌ തറയില്‍
(ജില്ലാ വാര്‍ത്തകള്‍), രമേഷ്‌ കോട്ടൂളി (ജനയുഗം), കെ.കെ സന്തോഷ്‌ (മാതൃഭൂമി), ബോബി സി മാത്യൂ, പ്രീത (ആകാശവാണി), സഗീര്‍ (മാധ്യമം), രാജേഷ്‌ മാങ്കാവ്‌ (സ്‌പൈഡര്‍ നെറ്റ്‌) എന്നിവര്‍ സ്വീകരിച്ചു. പ്രശസ്‌ത സേവനത്തിന്‌ കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്‌ ഓഫീസ്‌ സെക്രട്ടറി എം.ഉണ്ണികൃഷ്‌ണനെ ചടങ്ങില്‍ ആദരിച്ചു.
അക്ഷരം പ്രസിഡണ്ട്‌ അഡ്വ.എം രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരനും പ്രത്ര പ്രവര്‍ത്തകനുമായ യു.എ ഖാദര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. എ. സുജനപാല്‍ മുഖ്യാതിഥിയായിരുന്നു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി, മലയാള മനോരമ റസിഡന്‍ഡ്‌ എഡിറ്റര്‍ കെ.അബൂബക്കര്‍, അസിസ്‌റ്റന്‍ഡ്‌ എഡിറ്റര്‍ പി.ദാമോധരന്‍, പ്രമുഖ സ്‌പോര്‍ട്‌സ്‌ ലേഖകന്‍ ഭാസി മലാപ്പറമ്പ്‌, ഗായകന്‍ ഒ.അബൂട്ടി, എം.ഇ ബാലകൃഷ്‌ണ മാരാര്‍ എന്നിവര്‍ സംസാരിച്ചു.

ഹാപ്പി നേപ്പിയര്‍
നേപ്പിയര്‍: 1967,68- ഈ സീസണിന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ചരിത്രത്തില്‍ പ്രാധാന്യമുണ്ട്‌. ഇന്ത്യ ന്യൂസിലാന്‍ഡില്‍ വെച്ച്‌ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കിയ സീസണ്‍. 67 ന്‌ ശേഷം പലവട്ടം ഇന്ത്യന്‍ ടീം കിവി മണ്ണിലെത്തി. പക്ഷേ പരമ്പര സ്വന്തമാക്കി മടങ്ങാന്‍ കഴിഞ്ഞില്ല. 2003 ലായിരുന്നു അവസാന പര്യടനം. സൗരവ്‌ ഗാംഗുലി നയിച്ച അന്നത്തെ സംഘത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും സഹീര്‍ഖാനും വി.വി.എസ്‌ ലക്ഷമണുമെല്ലാമുണ്ടായിരുന്നു. പക്ഷേ ടെസ്‌റ്റ്‌ പരമ്പരയില്‍ മാത്രമല്ല ഏകദിന പരമ്പരയിലും ഇന്ത്യ തകര്‍ന്നു. തകര്‍ന്നുവെന്ന്‌ മാത്രമല്ല ഒരു മല്‍സരത്തിന്റെ രണ്ട്‌ ഇന്നിംഗ്‌സിലും 100 റണ്‍സ്‌ പോലും നേടാന്‍ കഴിയാത്ത രീതിയില്‍ അപമാനിതരായാണ്‌ ഗാംഗുലിയും സംഘവും മടങ്ങിയത്‌. പക്ഷേ ആ നാണക്കേടെല്ലാം മഹേന്ദ്രസിംഗ്‌ ധോണിയുടെ പുത്തന്‍ സംഘം ഇല്ലാതാക്കിയിരിക്കുന്നു. ഏകദിന പരമ്പര സ്വന്തമാക്കിയതിന്‌ പിറകെ ഹാമില്‍ട്ടണില്‍ നടന്ന ഒന്നാം ടെസ്റ്റിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ ചരിത്രത്തിലേക്കുളള യാത്രയിലാണ്‌. ഇന്ന്‌ ഇവിടെ മക്‌ലീന്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ചാല്‍ പരമ്പര സ്വന്തം. 67 ലെ വിജയം മറന്ന്‌ 2009 നെ ഓര്‍മ്മിക്കാം. മല്‍സരം ജയിച്ചാല്‍ മറ്റൊരു സവിശേഷതയുണ്ട്‌-ഇന്ത്യയുടെ നൂറാം ടെസ്‌റ്റ്‌ വിജയമായിരിക്കുമത്‌. നൂറാം വിജയം സ്വായത്തമായാല്‍ ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയെ പിറകിലാക്കി രണ്ടാം സ്ഥാനവും സ്വന്തമാക്കാം.
ധോണിയുടെ സംഘത്തിന്‌ ഇന്ന്‌ ഭയപ്പെടാനുണ്ട്‌-പേസര്‍മാരെ തുണക്കുന്നതാണ്‌ പിച്ച്‌. ന്യൂസിലാന്‍ഡ്‌ കോച്ചിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ്‌ പേസ്‌ പിച്ച്‌ ഒരുക്കിയിരിക്കുന്നത്‌. ഇത്‌ പക്ഷേ തിരിഞ്ഞ്‌ കുത്തുമോ എന്ന ഭയം കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിക്കുണ്ട്‌. കാരണം കിവി സംഘത്തിലെ സീമര്‍മാരേക്കാള്‍ അപകടകാരികളാണ്‌ ഇന്ത്യന്‍ സംഘത്തിലെ സീമര്‍മാര്‍. ഹാമില്‍ട്ടണില്‍ സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മ്മയും മുനാഫ്‌ പട്ടേലും അരങ്ങ്‌ തകര്‍ത്തപ്പോള്‍ സ്‌പിന്നര്‍ എന്ന നിലയില്‍ വെട്ടോരിയെ എത്രയോ പിറകിലാക്കാന്‍ ഹര്‍ഭജന്‍ സിംഗിന്‌ കഴിഞ്ഞിരുന്നു.
ഹാമില്‍ട്ടണില്‍ കിവി സീമര്‍മാരെല്ലാം പരാജയമായിരുന്നു. പ്രധാന സീമറായ കൈല്‍ മില്‍സിന്‌ ഇന്ത്യന്‍ മുന്‍നിരയുടെ പ്രഹരശേഷിയെ തടയാനായില്ലെന്ന്‌ മാത്രമല്ല, ധാരാളം അടിയും വാങ്ങി. ഇന്ന്‌ മില്‍സിന്‌ പകരം സ്‌പിന്നര്‍ ജിതന്‍ പട്ടേലിനെ കളിപ്പിക്കുന്ന കാര്യം വെട്ടോരി ആലോചിക്കുന്നുണ്ട്‌. ക്രിസ്‌ മാര്‍ട്ടിന്‍, ഒബ്രിയാന്‍ എന്നി സീമര്‍മാര്‍ക്കും നിലവാരം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ടോസ്‌ നേടിയാല്‍ രാവിലെ ലഭിക്കുന്ന ആനുകൂല്യവും, പിച്ചിലെ പച്ചപ്പ്‌ നല്‍കുന്ന മുന്‍ത്തൂക്കവും ഉപയോഗപ്പെടുത്തുമെന്നാണ്‌ വെട്ടോരി പറയുന്നത്‌.
മാര്‍ട്ടിന്റെ വേഗതയും സ്വിംഗുമാണ്‌ ക്യാപ്‌റ്റന്‍ നോട്ടമിട്ടിരിക്കുന്നത്‌. അനുഭവ സമ്പത്തുളള മാര്‍ട്ടിന്‌ തുടക്കത്തില്‍ വിക്കറ്റ്‌്‌ ലഭിക്കാനായാല്‍ ആ താളത്തില്‍ പന്തെറിയാനാവും. ഇന്ത്യന്‍ മുന്‍നിരയുടെ പ്രഹരശേഷിയെ തളര്‍ത്താന്‍ ഏറ്റവും നല്ല ആയുധം വീരേന്ദര്‍ സേവാഗിനെ എളുപ്പം പുറത്താക്കുകയാണെന്ന സത്യം അദ്ദേഹം സമ്മതിക്കുന്നു. ഹാമില്‍ട്ടണ്‍ ടെസ്റ്റില്‍ സേവാഗ്‌ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായിട്ടും അത്‌ ഉപയോഗപ്പെടുത്താന്‍ ബൗളര്‍മാര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. ടെസ്റ്റ്‌ ക്രിക്കറ്റില്‍ രണ്ട്‌ ട്രിപ്പിള്‍ സെഞ്ച്വറി സ്വന്തമാക്കിയ സേവാഗ്‌ ഇവിടെ മറ്റൊരു ട്രിപ്പിള്‍ ലക്ഷ്യമിടുന്നുണ്ട്‌. രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗാംഭീര്‍ എന്നിവരും ഫോമിലാണ്‌. പക്ഷേ തുടക്കത്തില്‍ സേവാഗ്‌ വീണാല്‍ അത്‌ ഇന്ത്യന്‍ സ്‌ക്കോറിംഗിനെ ബാധിക്കും. സേവാഗ്‌ ഫോമിലെത്തിയാല്‍ ഈ ടെസ്‌റ്റിനെ കുറിച്ചും ന്യൂസലാന്‍ഡിന്‌ പ്രതീക്ഷയുണ്ടാവില്ല. ബൗളിംഗില്‍ മാത്രമല്ല കിവി ബാറ്റിംഗിലും പ്രശ്‌നങ്ങളുണ്ട്‌. മുന്‍നിരക്കരായ മകിന്റോഷിനും റോസ്‌ ടെയ്‌ലര്‍ക്കും ഹാമില്‍ട്ടണില്‍ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജെസി റൈഡറും വെട്ടോരിയും മക്കുലവും മാത്രമാണ്‌ ബാറ്റിംഗില്‍ മികവ്‌ പ്രകടിപ്പിച്ചത്‌.
ആദ്യ ടെസ്റ്റ്‌ സ്വന്തമക്കാന്‍ കഴിഞ്ഞെങ്കിലും അലസത പ്രകടിപ്പിക്കില്ലെന്ന്‌ ധോണി പറഞ്ഞു. ടീമില്‍ കാര്യമായ മാറ്റമുണ്ടാവില്ല. 2000 ത്തിന്‌ ശേഷം ഇന്ത്യക്ക്‌ കൂടുതല്‍ വിദേശ വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. പക്ഷേ പരമ്പര നേട്ടത്തിന്‌ കഴിയാറില്ല. ആദ്യ ടെസ്‌റ്റില്‍ പലപ്പോഴും ജയിച്ചിട്ടും പരമ്പര നേട
ാന്‍ കഴിയാത്ത ടീം എന്ന അപഖ്യാതി മാറ്റാനും ശ്രമിക്കും. 2006-07 സീസണിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട്‌ നടന്ന രണ്ട്‌ ടെസ്റ്റുകളില്‍ പരാജിതരായി പരമ്പര തോറ്റു. ഈ അവസ്ഥ ആവര്‍ത്തിക്കില്ലെന്നാണ്‌ ധോണി പറയുന്നത്‌.
ഈ സീസണില്‍ തന്നെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌ എന്നിവരെ ഇന്ത്യ തോല്‍പ്പിച്ചത്‌ ആധികാരികമായിട്ടാണെന്നും ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്നുമാണ്‌ ക്യാപ്‌റ്റന്‍ വ്യക്തമാക്കുന്നത്‌. മല്‍സരം പുലര്‍ച്ചെ നാല്‌ മുതല്‍ സെറ്റ്‌ മാക്‌സില്‍.


ഉദ്‌ഘാടനം കേപ്‌ടൗണില്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഏപ്രില്‍ 18ന്‌ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പിന്റെ ഉദ്‌ഘാടന ചടങ്ങുകളും ആദ്യ മല്‍സരവും കേപ്‌ടൗണില്‍ നടക്കും. ഏപ്രില്‍ പത്തിന്‌ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ചാമ്പ്യന്‍ഷിപ്പ്‌ അവസാന നിമിഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ അധികാരികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ്‌ 18 ലേക്ക്‌ മാറ്റിയത്‌. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര അവസാനിക്കുന്നത്‌ ഏപ്രില്‍ 17 നാണ്‌. ഒരു രാജ്യാന്തര പരമ്പര നടക്കുമ്പോള്‍ ഐ.പി.എല്‍ തുടങ്ങുന്നത്‌ കാണികളുടെ വരവിനെ ബാധിക്കുമെന്ന ദക്ഷിണാഫ്രിക്കന്‍ നിര്‍ദ്ദേശം ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അംഗീകരിക്കുകായിരുന്നു.
കേപ്‌ടൗണിന്‌ പുറമെ ജോഹന്നാസ്‌ബര്‍ഗ്ഗ്‌, ഡര്‍ബന്‍, സെഞ്ചൂറിയന്‍, പോര്‍ട്ട്‌ എലിസബത്ത്‌, ഈസ്‌റ്റ്‌ ലണ്ടന്‍ എന്നിവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍. ആദ്യ മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്‌ കളിക്കുമെന്നുറപ്പാണ്‌.
അഞ്ചാഴ്‌ച്ചയാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ ദീര്‍ഘിക്കുക. ആകെ 59 മല്‍സരങ്ങള്‍. മെയ്‌ 24 ന്‌ ഫൈനല്‍. എട്ട്‌ ടീമുകളില്‍ നിന്നായി നാന്നൂറോളം താരങ്ങളും ഒഫീഷ്യലുകളും ചാമ്പ്യന്‍ഷിപ്പിനെത്തും. ഇവര്‍ക്കായുള്ള വിസ, താമസ സൗകര്യങ്ങള്‍ ഒരുക്കാനുളള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചാമ്പ്യന്‍ഷിപ്പിന്‌ വാഗ്‌ദാനം ചെയ്‌തതായി മോഡി വ്യക്തമാക്കി. അനുകൂല കാലാവസ്ഥക്കൊപ്പം സര്‍ക്കാര്‍ നല്‍കിയ പിന്തുണയാണ്‌ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചത്‌. താരങ്ങളുടെയും ടീമിന്റെയും സുരക്ഷയാണ്‌ പ്രധാനം. ഈ കാര്യമാണ്‌ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. താരങ്ങള്‍ക്കും മാച്ച്‌ ഒഫീഷ്യലുകള്‍ക്കമുളള വിസകള്‍ തടസ്സമില്ലാതെ നല്‍കുമെന്നും ഭരണക്കൂടം അറിയിച്ചിട്ടുണ്ട്‌. ഇംഗ്ലണ്ടില്‍ കാലാവസ്ഥയും ഭാരിച്ച ചെലവും മൈതാനങ്ങളുടെ അസൗകര്യവുമെല്ലാം തടസ്സമായിരുന്നെങ്കിലും ഇംഗ്ലീഷ്‌ സര്‍ക്കാരിന്‌ അവസാന നിമിഷത്തില്‍ ചാമ്പ്യന്‍ഷിപ്പിനോട്‌ താല്‍പ്പര്യമുണ്ടായിരുന്നുവെന്ന്‌ മോഡി വെളിപ്പെടുത്തി. ജി-20 രാജ്യ തലവന്മാരുടെ ഉച്ചകോടി അടുത്തയാഴ്‌ച്ച ഇംഗ്ലണ്ടില്‍ നടക്കുന്നുണ്ട്‌. അതിന്‌ ശേഷം രാജ്യത്ത്‌ കാര്യമായ രാജ്യാന്തര പരിപാടികള്‍ ഇല്ലാത്തതിനാല്‍ സുരക്ഷാ കര്യത്തില്‍ ഭയപ്പെടാനില്ലായിരുന്നു. എന്നാല്‍ കാലാവസ്ഥയുടെ കാര്യത്തിലുളള അനിശ്ചിതത്വമാണ്‌ പ്രധാന തടസ്സമായി നിന്നത്‌.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ താരമായ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ ചാമ്പ്യന്‍ഷിപ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടത്താനുളള തീരുമാനത്തെ സ്വാഗതം ചെയ്‌തു. എവിടെയാണെങ്കിലും ക്രിക്കറ്റ്‌ മുന്നോട്ട്‌ പോവണം. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരാണ്‌ ദക്ഷിണാഫ്രിക്കക്കാര്‍-അദ്ദേഹം പറഞ്ഞു. തുടക്കം മുതല്‍ ഇംഗ്ലണ്ടിനൊപ്പം നിന്നിരുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ ടീമിന്റെ ഉടമ വിജയ്‌ മല്ലിയ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌തു. താന്‍ ഇംഗ്ലണ്ടിനെ പിന്തുണക്കാന്‍ കാരണം ഇംഗ്ലീഷുകാരുടെ ക്രിക്കറ്റ്‌ സ്‌നേഹം അറിയുന്നത്‌ കൊണ്ടാണെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ കാലാവസ്ഥ പ്രശ്‌നമാണ്‌. ഇംഗ്ലണ്ടില്‍ വിമാനചെലവും യാത്രകളും എളുപ്പമാണ്‌. ഇന്ത്യയിലെ ഒരു വേദിയില്‍ നിന്നും അടുത്ത വേദിയിലേക്ക്‌ യാത്ര ചെയ്യാന്‍ മണിക്കൂറുകള്‍ വേണം. ഇംഗ്ലണ്ടില്‍ ആ പ്രശ്‌നമില്ലെന്നും മല്ലിയ പറഞ്ഞു.

രാഷ്ട്രീയമരുത്‌
ഐ.പി.എല്‍ മല്‍സരങ്ങള്‍ കടല്‍ കടക്കുന്നത്‌ വേദനാജനകമാണ്‌... ഇന്ത്യയുടെ സ്വന്തം ചാമ്പ്യന്‍ഷിപ്പ്‌ അതിന്റേതായ കരുത്തില്‍ ഇവിടെയാണ്‌ നടക്കുക. ഒരു വര്‍ഷം മുമ്പ്‌ അത്‌ കണ്ടതാണ്‌. പക്ഷേ ഇത്തവണ പ്രത്യേക സാഹചര്യങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ്‌ ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റാന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റിയും നിര്‍ബന്ധിതരായിരിക്കുന്നു. പൊതു തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ ചാമ്പ്യന്‍ഷിപ്പിന്‌ സുരക്ഷ ഉറപ്പു നല്‍കാനാവില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ കടല്‍ കടക്കാന്‍ കാരണം. പക്ഷേ നിര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ ഈ നീക്കത്തില്‍ ചിലരെങ്കിലും രാഷ്‌ട്രീയം കാണുന്നു. അവരുടെ ലക്ഷ്യം വോട്ടാണ്‌. ക്രിക്കറ്റിലൂടെ വോട്ട്‌ തേടാനുള്ള നീക്കത്തിലെ പൊള്ളത്തരങ്ങള്‍ ആരായാലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ക്രിക്കറ്റെന്നാല്‍ ഇന്ന്‌ മല്‍സരങ്ങള്‍ മാത്രമല്ല-സുരക്ഷാ പ്രശ്‌നം കൂടിയായിരിക്കുന്നു. ലോകോത്തര താരങ്ങള്‍ കളിക്കുമ്പോള്‍ മല്‍സരങ്ങള്‍ക്കും വേദികള്‍ക്കും താരങ്ങള്‍ക്കും മതിയായ സുരക്ഷ ഉറപ്പ്‌ നല്‍കാനാവാത്തപക്ഷം അത്‌ രാജ്യാന്തര ബന്ധങ്ങളെ ബാധിക്കും. ഏറ്റവും നല്ല ഉദാഹരണമായി ലാഹോര്‍ നമുക്ക്‌ മുന്നിലുണ്ട്‌. ലാഹോര്‍ സംഭവത്തിലൂടെ പാക്കിസ്‌താന്‍ ഒറ്റപ്പെട്ടിരിക്കുന്നു. അത്തരം സംഭവങ്ങള്‍ ഐ.പി.എല്ലിനിടെ ഇവിടെ നടന്നാല്‍ അത്‌ ഇന്ത്യയെയും നമ്മുടെ മഹത്തായ പാരമ്പര്യത്തെയും ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ്‌ ആഭ്യന്തര മന്ത്രാലയം യുക്തമായ തീരുമാനമെടുത്തതും അത്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെ അറിയിച്ചതും. ക്രിക്കറ്റ്‌ ബോര്‍ഡിന്റെ അമരക്കാരനായ ശരത്‌ പവാര്‍ കേന്ദ്ര സര്‍ക്കാരിലെ പ്രമുഖനായതിനാല്‍ ഐ.പി.എല്‍ വിഷയത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കാണില്ല എന്നുറപ്പാണ്‌. മല്‍സര സുരക്ഷക്ക്‌ പ്രഥമ പരിഗണന നല്‍കിയാണ്‌ ആഭ്യന്തര മന്ത്രാലയം നീങ്ങിയത്‌. വിവിധ സംസ്ഥാന ഭരണക്കൂടങ്ങളുടെ ഇംഗീതവും തേടിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്‌ നടക്കുന്ന തെരഞ്ഞെടുപ്പിന്‌ എല്ലാ സുരക്ഷയും ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണക്കൂടത്തിനുളളതിനാല്‍ ക്രിക്കറ്റിനെക്കാള്‍ രാജ്യത്തിന്റെ സുരക്ഷയെ കുറിച്ച്‌ അവര്‍ ആലോചിച്ചതില്‍ കുറ്റം പറയാനാവില്ല.
ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ഡല്‍ഹി ക്രിക്കറ്റിനെ നയിക്കുന്ന അരുണ്‍ ജെയ്‌റ്റിലിയുമെല്ലാം ഐ.പി.എല്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റിയതില്‍ വേദന പ്രകടിപ്പിക്കുന്നത്‌ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റിനേക്കാള്‍ രാഷട്രീയ സ്‌പിരിറ്റിലാണ്‌.
രാജ്യാന്തര ക്രിക്കറ്റ്‌ കലണ്ടറില്‍ മാറ്റങ്ങള്‍ വരുത്തുക അസാധ്യമാണ്‌. അതിനാല്‍ ചാമ്പ്യന്‍ഷിപ്പ്‌ തിയ്യതികള്‍ വലുതായി മാറ്റാനും കഴിയില്ല. ഈ സാഹചര്യത്തിലെ വേദി മാറ്റത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡോ, സര്‍ക്കാരോ കുറ്റക്കാരല്ല. അന്തിമമായി ക്രിക്കറ്റാണ്‌ വിജയി.... എവിടെയായാലും ക്രിക്കറ്റ്‌ വിജയകരമായി നടക്കട്ടെ...

ബിസി
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ലോക കായിക രംഗത്തിന്റെ ആസ്ഥാനമാവുകയാണ്‌ ദക്ഷിണാഫ്രിക്ക....ലോകകപ്പ്‌ ഫുട്‌ബോള്‍ അടുത്ത വര്‍ഷം നടക്കുന്നത്‌ ദക്ഷിണാഫ്രിക്കയിലാണ്‌. ഇതാദ്യമായാണ്‌ ഒരു ആഫ്രിക്കന്‍ രാജ്യത്തില്‍ ലോകകപ്പ്‌ ഫുട്‌ബോള്‍ നടക്കാന്‍ പോവുന്നത്‌. ലോകകപ്പിന്‌ മുന്നൊരുക്കമായി കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഈ വര്‍ഷം നടക്കുന്നു. ഫുട്‌ബോളിനെ കൂടാതെ ത്രിരാഷ്‌ട്ര റഗ്‌ബി പരമ്പര ഉടന്‍ തുടങ്ങുകയാണ്‌. ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ പരമ്പരക്ക്‌ ശേഷം ഏകദിന പരമ്പര തുടങ്ങുന്നു. അതിനിടെയാണ്‌ ഇപ്പോള്‍ അപ്രതീക്ഷിതമായി ഐ.പി.എല്‍ മഹാമാമാങ്കം ലഭിച്ചരിക്കുന്നത്‌. ഒട്ടും പ്രതീക്ഷിക്കാതെയാണ്‌ ഐ.പി.എല്‍ വേദിയായി ദക്ഷിണാഫ്രിക്ക തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. ഏപ്രില്‍ 18 മുതല്‍ ചാമ്പ്യന്‍ഷിപ്പിന്‌ കൊടി ഉയരുമ്പോള്‍ ക്രിക്കറ്റ്‌ ലോകത്തെ ചര്‍ച്ചകളില്‍ ദക്ഷിണാഫ്രിക്ക മാത്രമായിരിക്കും.
ഐ.പി.എല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നതില്‍ ഏറ്റവും സന്തോഷം ഗ്രയീം സ്‌മിത്തിനും ഡാലെ സ്റ്റെനിനുമാണ്‌. തന്റെ ചെറുപ്പകാലത്ത്‌ ദക്ഷിണാഫ്രിക്കക്കാരന്‌ ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന്‌ സ്റ്റെന്‍ പറയുന്നു. മല്‍സരങ്ങള്‍ക്ക്‌ ടെലിവിഷന്‍ കവറേജ്‌ കുറവായിരുന്നു. എന്നാല്‍ ഇന്ന്‌ എല്ലാം തല്‍സമയം ആസ്വദിക്കാന്‍ പുതിയ തലമുറക്ക്‌ കഴിയുന്നു. ഐ.പി.എല്‍ മല്‍സരങ്ങളിലൂടെ തന്റെ തലമുറയിലെ കൂട്ടുകാര്‍ക്ക്‌ ക്രിക്കറ്റിന്റെ പുതിയ രൂപം തല്‍സമയം ആസ്വദിക്കാന്‍ കഴിയുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമാണ്‌ സ്‌റ്റെന്‍. രാഹുല്‍ ദ്രാവിഡ്‌, കെവിന്‍ പീറ്റേഴ്‌സണ്‍ തുടങ്ങിയ കരുത്തര്‍ ടീമിലുണ്ട്‌.
ബൗള്‍ഡ്‌
കൊല്‍ക്കത്ത: ഷാറൂഖ്‌ ഖാന്റെ ഉടമസ്ഥതയിലുളള, ജോണ്‍ ബുക്കാനന്‍ മുഖ്യ പരിശീലകനായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ടീമിന്റെ സ്ഥിരം അമരക്കാരനായി ഇനി സൗരവ്‌ ഗാംഗുലിക്ക്‌ തുടരാനാവില്ല. ടീമിന്‌ സ്ഥിരം നായകനുണ്ടാവില്ല എന്ന്‌ ഇന്നലെ ബുക്കാനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്‌ സൗരവ്‌ ഗാംഗുലിയെ തന്നെ സാക്ഷിയാക്കിയാണ്‌..! ടീമിന്റെ ഭാവിക്കായി നാലോ, അഞ്ചോ നായകര്‍ ടീമിന്‌ ഉണ്ടാവുമെന്നാണ്‌ ബുക്കാനന്‍ പറഞ്ഞത്‌. ഇതെല്ലാം കേട്ട്‌ അല്‍പ്പം നിരാശയോടെ ഇരുന്ന സൗരവിനോട്‌ മാധ്യമ പ്രവര്‍ത്തകര്‍ നിരാശയുണ്ടോ എന്ന്‌ ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി നല്‍കിയില്ല. പകരം പ്രതികരിച്ച ബുക്കാനന്‍ സൗരവിന്‌ നിരാശയുണ്ടാവുമെന്നും അദ്ദേഹം കൊല്‍ക്കത്തയുടെ രാജകുമാരനല്ലേ എന്നും ചോദിക്കുകയായിരുന്നു. ടീമിന്റെ കോച്ച്‌ ബുക്കാനനാണെന്നും അദ്ദേഹത്തിനാണ്‌ തീരുമാനത്തിന്‌ അധികാരമെന്നും എല്ലാവരും നന്നായി കളിക്കുകയാണ്‌ പ്രധാനമെന്നും ഗാംഗുലി പറഞ്ഞു. ഗാംഗുലിയുടെ നേതൃപാടവത്തിലുളള സംശയം കൊണ്ടല്ല അദ്ദേഹത്തെ സ്ഥിരം നായകനാക്കാത്തതെന്ന്‌ ബുക്കാനന്‍ വ്യക്തമാക്കി. സൗരവ്‌ ഓള്‍റൗണ്ടറാണ്‌. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലുമെല്ലാം ശ്രദ്ധിക്കേണ്ടി വരും. ഒരു നായകനാവുമ്പോള്‍ ഇതെല്ലാം ഭാരമാവും. 20-20 ക്രിക്കറ്റില്‍ എല്ലാം പെട്ടെന്നായിരിക്കും. സൗരവിന്റെ അനുഭവ സമ്പത്തും നിര്‍ദ്ദേശങ്ങളും ടീമിന്‌ ആവശ്യമാണ്‌. ക്യാപ്‌റ്റനും കോച്ചും തമ്മില്‍ ആശയവിനിമയത്തില്‍ തടസ്സങ്ങള്‍ പാടില്ല. സൗരവിന്റെ അഭിപ്രായത്തിനും ഗെയിലിന്റെ അഭിപ്രായത്തിനും മക്കുലത്തിന്റെ അഭിപ്രായത്തിനുമെല്ലാം കാതോര്‍ക്കണം. എല്ലാം പ്രധാനമാണ്‌. സൗരവ്‌ ആദ്യ ഇലവനിലുണ്ടാവുമോ എന്നത്‌ ഇപ്പോഴത്തെ ചോദ്യമല്ല. മല്‍സരത്തിനായി തയ്യാറെടുക്കണം. അതാണ്‌ പ്രധാനം. വേദികള്‍ അറിയണം. എതിരാളികളെ അറിയണം-കോച്ച്‌ വ്യക്തമാക്കി.

Tuesday, March 24, 2009

S.A LEAGUE

ദക്ഷിണാഫഅരിക്ക
മുംബൈ: വിജയം ലളിത്‌ മോഡിക്ക്‌ തന്നെ...! ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ആഗ്രഹിച്ചത്‌ പോലെ തന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടക്കും. ഏപ്രില്‍ പത്തിന്‌ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ്‌ മെയ്‌ 24 ന്‌ അവസാനിക്കും. ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്ക തലവന്‍ ജെറാര്‍ഡ്‌ മജോളയുമായി ഇന്നലെ മോഡി നടത്തിയ ചര്‍ച്ചയിലാണ്‌ അന്തിമ തീരുമാനമുണ്ടായത്‌. കാലാവസ്ഥയും സമയവുമാണ്‌ ദക്ഷിണാഫ്രിക്കയെ വേദിയാക്കാന്‍ കാരണമെന്ന്‌ മോഡി പറഞ്ഞു. ഐ.പി.ല്‍ മല്‍സരങ്ങള്‍ വിദേശത്ത്‌ നടത്താന്‍ ധാരണയായപ്പോള്‍ ഇംഗ്ലണ്ടിനെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ മോഡിയും സംഘവും ദക്ഷിണാഫ്രിക്കക്കായി നടത്തിയ ചര്‍ച്ചകളാണ്‌ വിജയം വരിച്ചത്‌. ഇന്ത്യന്‍ സമയം നാല്‌ മണിക്ക്‌ തന്നെ മല്‍സരങ്ങള്‍ ആരംഭിക്കും. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ പ്രസന്ന കാലാവസ്ഥയായതിനാല്‍ മല്‍സരങ്ങള്‍ തടസ്സമില്ലാതെ നടത്താന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഇംഗ്ലണ്ടിന്റെ കാര്യത്തില്‍ സമയത്തിനൊപ്പം കാലാവസ്ഥയും പ്രതികൂലഘടകമായിരുന്നു. ഇന്ത്യയിലെ നാല്‌ മണിയെന്നാല്‍ ഇംഗ്ലണ്ടിലെ 11-30 മണിയാണ്‌. ഈ സമയത്ത്‌ കളി ആസ്വദിക്കാന്‍ കാണികളെ ലഭിക്കില്ല. ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ ഇംഗ്ലണ്ടില്‍ നല്ല മഴക്കാലമാണ്‌. ഇംഗ്ലണ്ടില്‍ മല്‍സരങ്ങള്‍ നടത്തിയാല്‍ 90 ശതമാനം മല്‍സരങ്ങളെയും മഴ ബാധിക്കുമെന്ന റിപ്പോര്‍ട്ടുമുണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ എല്ലാ മല്‍സരങ്ങള്‍ക്കും ഉയര്‍ന്ന സുരക്ഷ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. കൂടാതെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്‌ ടീമിന്‌ ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ മല്‍സരങ്ങളില്ലാത്തതിനാല്‍ ഗ്രൗണ്ടുകളുടെ കാര്യത്തിലും പ്രയാസമില്ല. ഐ.പി.എല്ലില്‍ കളിക്കുന്ന ടീമുകളില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുള്ളതിനാല്‍ കാണികളുടെ കാര്യത്തിലും സംശയം വേണ്ടെന്ന്‌ മോഡി പറയുന്നു.
ഐ.പി.എല്‍ മല്‍സരങ്ങള്‍ വിദേശത്ത്‌ നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍്‌ട്രോള്‍ ബോര്‍ഡ്‌ ഉന്നതാധികാര യോഗം തീരുമാനിച്ച സാഹചര്യത്തില്‍ അല്‍പ്പം പിറകോട്ട്‌ നിന്ന ദക്ഷിണാഫ്രിക്ക ഇന്നലെയോടെയാണ്‌ ചാമ്പ്യന്‍ഷിപ്പിനായി രംഗത്ത്‌ വന്നത്‌. ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെല്ലാം അണിനിരക്കുന്ന ചാമ്പ്യന്‍ഷിപ്പിന്‌ വന്‍ ജനസമ്മതി ഉറപ്പാണെന്ന്‌ മനസ്സിലാക്കിയാണ്‌ ജെറാര്‍ഡ്‌ മജോള രംഗത്ത്‌ വന്നത്‌. ദക്ഷിണാഫ്രിക്ക ഔദ്യോഗികമായ താല്‍പ്പര്യമെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്‌ വിനയായി ധാരാളം കാരണങ്ങളും നിരന്നു. മഴയും കാലാവസ്ഥയും മല്‍സരത്തിരക്കും കൗണ്ടി സിസണിന്റെ തുടക്കവുമെല്ലാം ഇംഗ്ലണ്ടില്‍ മല്‍സരങ്ങള്‍ നടത്തുന്നതിന്‌ വിഘാതമായപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ തടസ്സങ്ങളൊന്നുമുണ്ടായിരുന്നില്ല.
ഇംഗ്ലണ്ടില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക്‌ മല്‍സരങ്ങളെ മാറ്റാന്‍ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റിയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഇവയാണ്‌:
1- സാമ്പത്തിക ലാഭം
ഇംഗ്ലണ്ടില്‍ മല്‍സരങ്ങള്‍ നടത്താനുളള സാമ്പത്തിക ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ പകുതി മാത്രം മതി ദക്ഷിണാഫ്രിക്കയില്‍ ചാമ്പ്യന്‍ഷിപ്പ്‌ നടത്താന്‍. ടീമുകളുടെ താമസം, പരിശീലനം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കായി ഭീമമായ തുകയാണ്‌ ഇംഗ്ലണ്ടില്‍ വേണ്ടി വരുക. വിദേശത്താണ്‌ മല്‍സരങ്ങളെങ്കില്‍ ചെലവിന്റെ കാര്യത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സഹായിക്കേണ്ടി വരുമെന്ന്‌ ഐ.പി.എല്‍ ടീം ഉടമസ്ഥര്‍ സൂചിപ്പിച്ചിരുന്നു. ഇംഗ്ലണ്ടില്‍ കൗണ്ടി സീസണ്‍ ആരംഭിക്കുന്നതിനാല്‍ ഹോട്ടലുകളില്‍ താമസസൗകര്യം ലഭിക്കാന്‍ പ്രയാസമാണ്‌. മൈതാനങ്ങളോടനുബന്ധിച്ചുളള ഹോട്ടലുകളെല്ലാം നേരത്തെ തന്നെ ബുക്ക്‌ ചെയ്‌തവയാണ്‌. ഭക്ഷണകാര്യത്തിലും ഭാരിച്ച ചെലവ്‌ വരും. മൈതാനങ്ങള്‍ ലഭ്യമാവാനും പ്രയാസമാണ്‌. ദക്ഷിണാഫ്രിക്കയില്‍ ഏപ്രില്‍, മെയ്‌ മാസങ്ങള്‍ പൊതുവേ തിരക്ക്‌ കുറഞ്ഞ സീസണാണ്‌. ഹോട്ടലുകളില്‍ തിരക്ക്‌ കുറവായിരിക്കും. മൈതാനങ്ങളുടെ ലഭ്യതയും ഉറപ്പു വരുത്താം.
സമയം
ടെലിവിഷന്‍ സമയമാണ്‌ ഐ.പി.എല്‍ മല്‍സരങ്ങളുടെ ജനപ്രീതിക്ക്‌ നിദാനം. ഈ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ച്ചക്കും സംഘാടകര്‍ തയ്യാറല്ല. മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലാണ്‌ നടക്കുന്നതെങ്കിലും ഇന്ത്യന്‍ സമയത്തിന്‌ മല്‍സരങ്ങള്‍ നടത്തണമെന്നതായിരുന്നു എല്ലാവരുടെയും ആവശ്യം. ഇന്ത്യയില്‍ വൈകീട്ട്‌ നാല്‌ മണിക്കാണ്‌ മല്‍സരങ്ങളെങ്കില്‍ ഇംഗ്ലണ്ടില്‍ അത്‌ രാവിലെ 11-30 ആണ്‌. ഈ ഇംഗ്ലീഷ്‌ സമയത്ത്‌ മൈതാനങ്ങളില്‍ കളിക്കായി ആരാധകര്‍ എത്തുന്ന കാര്യം സംശയത്തിലാണ്‌. പക്ഷേ ഇന്ത്യയിലെ നാല്‌ മണിയെന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ അത്‌ ഉച്ചക്ക്‌ 12.30 ആണ്‌. ഈ സമയക്രമത്തില്‍ മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ ആളുകളെ ലഭിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഐ.പി.എല്‍ ആദ്യ സീസണ്‍ വന്‍ വിജയമാവാന്‍ കാരണം ടെലിവിഷന്‍ കവറേജായിരുന്നു. എല്ലാ മല്‍സരങ്ങളും അനുകൂല സമയത്തില്‍ തല്‍സമയം സംപ്രേഷണം ചെയ്‌തിരുന്നു. മൂന്ന്‌ മണിക്കൂര്‍ മാത്രമാണ്‌ മല്‍സരങ്ങള്‍ ദീര്‍ഘിച്ചിരുന്നത്‌. ചെറിയ സമയത്തില്‍ വലിയ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ അത്‌ ആസ്വദിക്കാന്‍ യുവത പ്രത്യേക താല്‍പ്പര്യമെടുത്തു.
ആഭ്യന്തര സീസണ്‍
ഇംഗ്ലണ്ടില്‍ ആഭ്യന്തര സീസണ്‍ ഏപ്രില്‍ ആദ്യത്തിലാണ്‌ ആരംഭിക്കുന്നത്‌. കൗണ്ടി ക്രിക്കറ്റ്‌ എന്നാല്‍ അത്‌ ഇംഗ്ലീഷ്‌ ക്രിക്കറ്റിന്റെ ജീവനാണ്‌. എന്നാല്‍ ഏപ്രില്‍ ആദ്യത്തോടെ ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര സീസണ്‍ അവസാനിക്കുകയാണ്‌. കൗണ്ടി ക്രിക്കറ്റിന്റെ സമയത്ത്‌ ഇംഗ്ലണ്ടില്‍ മൈതാനങ്ങള്‍ ലഭിക്കാന്‍ പ്രയാസമാണ്‌. വിവിധ കൗണ്ടികള്‍ക്ക്‌ സ്വന്തമാണ്‌ ഓരോ മൈതാനവും. ഈ മൈതാനങ്ങളാവട്ടെ പലതും വളരെ ചെറുതാണ്‌. കൂടുതല്‍ കാണികള്‍ക്ക്‌ ഇരിപ്പിട സൗകര്യവുമില്ല. ദക്ഷിണാഫ്രിക്കയിലാവട്ടെ ഈ പ്രശ്‌നങ്ങളില്ല. പ്രഥമ 20-20 ലോകകപ്പ്‌ ദക്ഷിണാഫ്രിക്ക വിജയകരമായാണ്‌ നടത്തിയത്‌. അതിനാല്‍ മൈതാനങ്ങളുടെ കാര്യത്തില്‍ സംശയങ്ങള്‍ക്ക്‌ വകയില്ല. കൗണ്ടി ക്രിക്കറ്റിന്‌ പുറമെ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ടീം ഇംഗ്ലീഷ്‌ പര്യടനത്തിനായി അടുത്ത മാസം വരുന്നുണ്ട്‌. ഇപ്പോള്‍ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീം വിന്‍ഡീസ്‌ പര്യടനത്തിലാണ്‌. ഈ പര്യടനം അവസാനിക്കുന്നതും ഇംഗ്ലണ്ടില്‍ പരമ്പര തുടങ്ങുന്നു. ലോര്‍ഡ്‌സ്‌ ഉള്‍പ്പെടെ പ്രധാന വേദികളില്ലെല്ലാം മല്‍സരങ്ങളുണ്ട്‌.
കാലാവസ്ഥ
ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യമാണ്‌ ഐ.പി.എല്ലിന്റെ കരുത്ത്‌. ഏപ്രില്‍ പത്തിന്‌ തുടങ്ങി മെയ്‌ 23 ല്‍ അവസാനിക്കുന്ന ചാമ്പ്യന്‍ഷിപ്പ്‌ ദിവസങ്ങളില്‍ എല്ലാ സൂപ്പര്‍ താരങ്ങളുടെയും സാന്നിദ്ധ്യം ഉറപ്പിക്കാന്‍ കഴിയില്ല. എങ്കിലും നിലവിലെ ഷെഡ്യൂളില്‍ കൂടുതല്‍ താരങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാണ്‌. ഇംഗ്ലീഷ്‌ താരങ്ങളായ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, കെവിന്‍ പീറ്റേഴ്‌സണ്‍ തുടങ്ങിയവര്‍ എല്ലാ മല്‍സരങ്ങളിലും ഉണ്ടാവില്ലെങ്കിലും വിന്‍ഡീസിനെതിരായ പരമ്പര തുടങ്ങുന്നതിന്‌ മുമ്പ്‌ ഇവര്‍ കളിക്കാനുണ്ടാവും. പല ഓസീസ്‌ താരങ്ങളുടെ കാര്യത്തിലും സംശയമുണ്ട്‌. പാക്കിസ്‌താന്‍ താരങ്ങള്‍ ഇത്തവണ പങ്കെുടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ നിശ്ചിത തിയ്യതിക്കുളളില്‍ തന്നെ ചാമ്പ്യന്‍ഷിപ്പ്‌ വിജയകരമായി നടത്തണം. അതിന്‌ മല്‍സര ക്രമത്തില്‍ തടസ്സങ്ങള്‍ പാടില്ല. ഇംഗ്ലണ്ടില്‍ ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ മഴക്ക്‌ സാധ്യതയുണ്ട്‌. പല മല്‍സരങ്ങളെയും മഴ ബാധിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഈ പ്രശ്‌നമില്ല. പ്രസന്നമായ കാലാവസ്ഥയാണ്‌ ഏപ്രില്‍, മെയ്‌ മാസങ്ങളില്‍.
വ്യക്തിബന്ധം
ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ലളിത്‌ മോഡിയും ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്ക ചിഫ്‌ എക്‌സിക്യൂട്ടീവ്‌ ജെറാര്‍ഡ്‌ മജോളയും അടുത്ത സുഹൃത്തുക്കളാണ്‌. ഇവരുടെ സൗഹൃദമാണ്‌ ദക്ഷിണാഫ്രിക്കയില്‍ മല്‍സരങ്ങള്‍ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചത്‌. ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ നിശ്ചിത ദിവസങ്ങളില്‍ മല്‍സരങ്ങള്‍ നടത്താനാവുമോ എന്ന കാര്യത്തില്‍ നേരത്തെ സംശയം ഉയര്‍ന്നപ്പോള്‍ തന്നെ മോഡി ദക്ഷിണാഫ്രിക്കയുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യയില്‍ തന്നെ മല്‍സരങ്ങള്‍ നടത്തുമെന്ന്‌ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്ന മോഡി അന്തിമഘട്ടത്തിലാണ്‌ നിലപാട്‌ മാറ്റിയത്‌. ഈ മാറ്റത്തിന്‌ മുമ്പ്‌ അദ്ദേഹം മജോളയുമായി ബന്ധപ്പെട്ട്‌ സംസാരിച്ചിരുന്നു. കൂടാതെ കഴിഞ്ഞ സീസണില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും സംയുക്തമായി 20-20 ചാമ്പ്യന്‍സ്‌ ലീഗും ഉദ്ദേശിച്ചിരുന്നു. മജോളയും മോഡിയും തമ്മിലുളള വ്യക്തിബന്ധം കാരണം മല്‍സരങ്ങള്‍ തീരുമാനിക്കുന്നതിലും വേദികള്‍ തീരുമാനിക്കുന്നതിലും തടസ്സങ്ങള്‍ ഉണ്ടായില്ല.
വേദി സംബന്ധിച്ച്‌ അനിശ്ചിതത്വം അവസാനിച്ചതോടെ ഇനി മല്‍സര തയ്യാറെടുപ്പാണ്‌. തയ്യാറെടുപ്പിന്റെ കാര്യത്തില്‍ ആനുകൂല്യം മുംബൈ ഇന്ത്യന്‍സിനാണ്‌. അവരുടെ സഹ പരിശീലകനായ ഷോണ്‍ പൊള്ളോക്കിന്‌ കീഴില്‍ ടീമിലെ ഒരു സംഘം ഇപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്കയിലുണ്ട്‌.

നേപ്പിയര്‍ ടെസ്റ്റിന്‌ നാളെ തുടക്കം
നേപ്പിയര്‍: നാല്‌ പതിറ്റാണ്ടിന്‌ ശേഷം ന്യൂസിലാന്‍ഡില്‍ വെച്ച്‌ ന്യൂസിലാന്‍ഡിനെതിരെ ഒരു പരമ്പര സ്വന്തമാക്കാന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ ഇന്ത്യന്‍ സംഘം നാളെ മുതല്‍ മക്‌ലീന്‍ പാര്‍ക്കില്‍ ഇറങ്ങുന്നു. ഹാമില്‍ട്ടണില്‍ ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി പരമ്പരയില്‍ ലീഡ്‌ ചെയ്യുന്ന ഇന്ത്യക്ക്‌ രണ്ടാം ടെസ്റ്റ്‌ സ്വന്തമാക്കിയാല്‍ പരമ്പര നേടാം. ഹാമില്‍ട്ടണിലെ സിദാന്‍ പാര്‍ക്ക്‌ പോലെ മക്‌ലീന്‍ പാര്‍ക്കിനും വലുപ്പം കുറവാണ്‌. ബാറ്റിംഗിനെ അനുകൂലിക്കുന്ന സാഹചര്യമുണ്ട്‌. അതിനാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക്‌ അനുകൂലമാവുമെന്നാണ്‌ കരുതപ്പെടുന്നത്‌.
നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം നാലിനാണ്‌ മല്‍സരം ആരംഭിക്കുന്നത്‌. ഹാമില്‍ട്ടണില്‍ കളിച്ച അതേ സംഘത്തെ തന്നെ ഇന്ത്യ നിലനിര്‍ത്തും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ കിവി രണ്ടാം ഇന്നിംഗ്‌സ്‌ ഫീല്‍ഡിംഗിനിടെ കൈവിരലിന്‌ ചെറിയ പരുക്കേറ്റിരുന്നു. എന്നാല്‍ പരുക്കില്‍ നിന്ന്‌ പൂര്‍ണ്ണ മുക്തനായ സച്ചിന്‍ ഇന്നലെ പരിശീലനത്തില്‍ സജീവമായിരുന്നു. വിരേന്ദര്‍ സേവാഗ്‌ മാത്രമാണ്‌ ഹാമില്‍ട്ടണില്‍ ബാറ്റിംഗ്‌ വിഷയത്തില്‍ അല്‍പ്പം പിറകോട്ട്‌ പോയത്‌. ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ തുടക്കമിട്ട അദ്ദേഹം നിര്‍ണ്ണായക ഘട്ടത്തില്‍ ഗൗതം ഗാംഭീറുമായുള്ള ധാരണാപിശകില്‍ റണ്ണൗട്ടാവുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ വിരു ബാറ്റിംഗിന്‌ വന്നിരുന്നുമില്ല. വീരു മിന്നിയാല്‍ ഇന്ത്യക്ക്‌ നല്ല തുടക്കം ലഭിക്കും. ഇന്നലെ പരിശീലനത്തിനിടെ കൂറ്റന്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച ഡല്‍ഹിക്കാരന്‍ വ്യക്തമായ മുന്നറിയിപ്പാണ്‌ പ്രതിയോഗികള്‍ക്ക്‌ നല്‍കുന്നത്‌. രാഹുല്‍ ദ്രാവിഡ്‌ കഷ്ടകാലത്തെ അതിജിവിക്കുകയാണ്‌. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌ എന്നിവര്‍ക്കെതിരായ പരമ്പരയില്‍ റണ്‍സിനായി വിഷമിച്ച മുന്‍ നായകന്‍ ഹാമില്‍ട്ടണ്‍ ടെസ്‌റ്റിന്റെ രണ്ട്‌ ഇന്നിംഗ്‌സിലും പ്രതിരോധ മികവ്‌ കാട്ടിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിലവിലുളള ഫോമില്‍ അദ്ദേഹമാണ്‌ കിവി ബൗളര്‍മാരുടെ നോട്ടപ്പുള്ളി. ധോണി, യുവരാജ്‌ എന്നിവരില്‍ നിന്നും വാലറ്റക്കാരില്‍ നിന്നും ചെറിയ സംഭാവനകള്‍ ലഭിക്കുന്ന കാര്യത്തിലും സംശയമില്ല.
ബൗളിംഗ്‌ സംഘത്തില്‍ സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മ്മയും മുനാഫ്‌ മൂസ്സ പട്ടേലും ഹര്‍ഭജന്‍ സിംഗും തുടരും. കിവികളുടെ പ്രധാന തലവേദന ബൗളിംഗാണ്‌. ബൗളര്‍മാരില്‍ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നതാവട്ടെ ടീമിലെ സീനിയര്‍ സീമറായ കൈല്‍ മില്‍സും. ഇന്ത്യന്‍ ടീം കിവി പര്യടനത്തിനായി എത്തിയപ്പോള്‍ ന്യൂസിലാന്‍ഡ്‌ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി ആശങ്കയോടെ സംസാരിച്ചത്‌ മില്‍സിന്റെ പരുക്കിനെ ക്കുറിച്ചായിരുന്നു. പരുക്കില്‍ നിന്ന്‌ മുക്തനായി മില്‍സ്‌ വന്നപ്പോള്‍ ആഹ്ലാദത്തോടെ പ്രതികരിച്ച വെട്ടോരി പക്ഷേ ഇപ്പോള്‍ തീര്‍ത്തും നിരാശനാണ്‌. ഏകദിന പരമ്പരക്ക്‌ പിറകെ ഹാമില്‍ട്ടണ്‍ ടെസ്റ്റിലും മില്‍സിന്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ബ്രെന്‍ഡ്‌ ആര്‍ല്‍ എന്ന യുവസീമര്‍ക്ക്‌ പരുക്കേറ്റതിനാല്‍ മാത്രമാണ്‌ നേപ്പിയര്‍ ടെസ്റ്റിനുളള സംഘത്തില്‍ മില്‍സിന്‌ ഇടം ലഭിച്ചത്‌ തന്നെ. ജേക്കബ്‌ ഓരത്തിന്റെ പരുക്കും മില്‍സിനിപ്പോള്‍ അനുഗ്രഹമായിരിക്കുന്നു. ഹാമില്‍്‌ടണില്‍ 119 റണ്‍സ്‌ വഴങ്ങിയ അദ്ദേഹത്തിന്‌ ഹര്‍ഭജന്റെ വിക്കറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌.
കനത്ത സമ്മര്‍ദ്ദം തന്നിലുണ്ടെന്ന്‌ മില്‍സ്‌ സമ്മതിക്കുന്നു. ടീമിന്റെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരുകയാണ്‌ പ്രധാനം. അതിന്‌ ഇത്‌ വരെ കഴിഞ്ഞിട്ടില്ല. തീര്‍ച്ചയായും രണ്ടാം ടെസ്റ്റില്‍ മെച്ചപ്പെട്ട പ്രകടനമാണ്‌ നായകന്‍ വെട്ടോരിക്ക്‌ മില്‍സ്‌ വാഗ്‌ദാനം ചെയ്യുന്നത്‌.

ഒരവസരം
ലാഹോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ വിദേശത്ത്‌ നടത്താനുളള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റര്‍മാര്‍ക്ക്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ പുന:പരിശോധിക്കണമെന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ ഷുഹൈബ്‌ അക്തര്‍. മുംബൈ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പാക്കിസ്‌താന്‍ താരങ്ങള്‍ സുരക്ഷിതരല്ല എന്ന കാരണം ചൂണ്ടിക്കാട്ടി പാക്‌ താരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കരുതെന്ന്‌ പാക്കിസ്‌താന്‍ വിദേശകാര്യ മന്ത്രാലയമാണ്‌ നിര്‍്‌ദ്ദേശിച്ചിരുന്നത്‌. ഇത്‌ കാരണം വിവിധ ഐ.പി.എല്‍ ടീമുകളില്‍ നിന്നും പാക്‌ താരങ്ങളെ ഒഴിവാക്കിയിരുന്നു. എന്നാല്‍ സാഹചര്യം മാറിയതിനാല്‍ പാക്‌ താരങ്ങളെ ഐ.പി.എല്ലില്‍ കളിക്കാന്‍ അനുവദിക്കണമെന്നാണ്‌ അക്തര്‍ പറയുന്നത്‌. മല്‍സരങ്ങള്‍ ഇന്ത്യയില്ലല്ല നടക്കുന്നത്‌. അതിനാല്‍ സുരക്ഷാ പ്രശ്‌നങ്ങളില്ല. വിദേശത്ത്‌ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ പാക്‌ താരങ്ങള്‍ക്ക്‌ കളിക്കാം-അക്തര്‍ പറയുന്നു. എന്നാല്‍ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ലളിത്‌ മോഡി നല്‍കുന്നത്‌ നല്ല സൂചനയല്ല. എല്ലാ ടീമുകളും താരങ്ങളെ പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനാല്‍ ഇനി പാക്‌ താരങ്ങളെ ഉള്‍പ്പെടുത്താന്‍ പ്രയാസമാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌. എങ്കിലും തന്റെ കാര്യത്തില്‍ എല്ലാം അവസാനിച്ചിട്ടില്ലെന്ന്‌ അക്തര്‍ പറയുന്നു. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ടീം അംഗമായ അക്തര്‍ ഇപ്പോഴും കളിക്കാന്‍ റെഡിയാണ്‌. ഇന്ത്യയില്‍ ഐ.പി.എല്‍ നടക്കുന്നില്ല എന്നത്‌ ഇന്ത്യക്ക്‌ നാണക്കേടാണ്‌. എന്നാല്‍ പുതിയ നീക്കം തന്നെ പോലുള്ളവര്‍ക്ക്‌ ഗുണം ചെയ്യുമെന്ന്‌ റാവല്‍പിണ്ടി എക്‌സ്‌പ്രസ്സ്‌ പറയുന്നു. കഴിഞ്ഞ സീസണില്‍ വിവാദങ്ങളാല്‍ അക്തറിന്‌ തുടക്കത്തില്‍ തന്റെ ടീമിന്‌ വേണ്ടി കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സിസണിന്റെ പകുതിയിലെത്തിയ അക്തര്‍ ആദ്യ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ 11 റണ്‍സ്‌ മാത്രം നല്‍കി നാല്‌ വിക്കറ്റ്‌ നേടി. പിന്നെ രണ്ട്‌ മല്‍സരങ്ങള്‍ കൂടി മാത്രമാണ്‌ കളിക്കാനായത്‌.
പിന്മാറ്റം
ലണ്ടന്‍: ശനിയാഴ്‌ച്ച സ്ലോവാക്യക്കെതിരെ നടക്കുന്ന സൗഹൃദ മല്‍സരത്തിനും അടുത്തയാഴ്‌ച്ച നടക്കുന്ന ഉക്രൈനെതിരായ ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തിനുമുളള ഇംഗ്ലണ്ട്‌ ദേശീയ ടീമില്‍ നിന്ന്‌ ലെഡ്‌ലി കിംഗ്‌ പിന്മാറി. കാല്‍മുട്ടിലെ പരുക്കാണ്‌ പ്രശ്‌നം. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ടോട്ടന്‍ഹാമിനായി കളിക്കുന്ന കിംഗിനെ ദേശീയ ടീമിന്റെ കോച്ച്‌ ഫാബിയാ കാപ്പലോ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പലരും ആശ്ചര്യപ്പെട്ടിരുന്നു. പരുക്ക്‌ കാരണം ക്ലബിനായി പോലും കളിക്കാത്ത കിംഗിനെ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനമുയരുകയും ചെയ്‌തിരുന്നു. മാസങ്ങളോളം അദ്ദേഹത്തിന്‌ വിശ്രമം വേണ്ടി വരുമെന്നാണ്‌ കരുതുന്നത്‌.
നിരാശ
നേപ്പിയര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നടത്തുന്നതില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ നിരാശ. ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ്‌ സച്ചിന്‍. ഇന്ത്യയില്‍ കളിക്കുന്നതായിരുന്നു ആവേശകരം. ഹോം ആന്‍ഡ്‌ എവേ അടിസ്ഥാനത്തില്‍ കളിക്കുമ്പോള്‍ നല്ല പിന്തുണയും ഉറപ്പായിരുന്നു. എന്നാല്‍ നാട്ടില്‍ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ ലഭിക്കുന്ന പിന്തുണ വിദേശത്ത്‌ ലഭിക്കില്ല. 20-20 ക്രിക്കറ്റെന്നാല്‍ അത്‌ ആവേശമാണ്‌. താരങ്ങള്‍ക്ക്‌ മാത്രമല്ല കാണികള്‍ക്കും ആവേശമുണ്ടാവും. വിദേശത്ത്‌ കളിക്കുമ്പോള്‍ കാണികളുടെ നിറഞ്ഞ പിന്തുണ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന സച്ചിന്റെ അഭിപ്രായ പ്രകടനം തന്നെയാണ്‌ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ നായകന്‍ യുവരാജ്‌ സിംഗിനും. ന്യൂസിലാന്‍ഡിനെതിരെ വലിയ പരമ്പരയില്‍ കളിച്ചതിനല്‍ ഐ.പി.എല്‍ മല്‍സരങ്ങളുടെ സമയത്ത്‌ ഇന്ത്യന്‍ ടീമിനൊപ്പം കുടുംബത്തെയും അനുവദിക്കുമെന്നാണ്‌ കരുതുന്നതെന്നും യുവി പറഞ്ഞു.

Monday, March 23, 2009

GREAT LIVER


ലിവര്‍ ലാഭം
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകളില്‍ ഈയാഴ്‌ച്ചത്തെ നേട്ടക്കാര്‍ തീര്‍ച്ചയായും ലിവര്‍പൂള്‍ തന്നെ....! ഫ്രഞ്ച്‌ ലീഗില്‍ ലിയോണും ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാനും സ്‌പാനിഷ്‌ ലീഗില്‍ ബാര്‍സിലോണയും തകര്‍പ്പന്‍ വിജയങ്ങളുമായി കിരീടത്തോട്‌ അടുത്തപ്പോള്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ വിജയത്തില്‍ ലിവര്‍പൂള്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ തൊട്ടുപിറകില്‍ എത്തിനില്‍ക്കുന്നു. മാഞ്ചസ്റ്റര്‍ 65 ല്‍ നില്‍ക്കുമ്പോള്‍ ലിവര്‍ 64 ലാണ്‌. ഇനി എന്തും സംഭവിക്കാവുന്ന അവസ്ഥ. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്‌ പറ്റിയ അതേ ആഘാതം ജര്‍മന്‍ ബുണ്ടേല്‍സ്‌ ലിഗില്‍ ഹെര്‍ത്താ ബെര്‍ലിനും സംഭവിച്ചിരിക്കുന്നു. പോയ വാരത്തിലെ യൂറോപ്യന്‍ ലീഗുകളിലൂടെ സ്‌പോര്‍ട്‌സ്‌ ചന്ദ്രിക നടത്തുന്ന ഓട്ടപ്രദക്ഷിണം:
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌
ശനിയാഴ്‌ച്ച രാത്രിയിലെ രണ്ട്‌ മല്‍സരങ്ങളില്‍ നോട്ടമിട്ടിരിക്കുകയായിരുന്നു ലിവര്‍പൂള്‍ കോച്ച്‌ റാഫേല്‍ ബെനിറ്റസും നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡും. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ഫുള്‍ഹാമിനെ നേരിട്ട മല്‍സരത്തിന്റെ തല്‍സമയ ടെലിവിഷന്‍ ചിത്രങ്ങള്‍ക്ക്‌ മുന്നിലിരുന്ന ലിവര്‍പൂള്‍ സംഘത്തിന്റെ ആഹ്ലാദം ചെറുതായിരുന്നില്ല. രണ്ട്‌ ഗോളുകള്‍ക്കാണ്‌ പേരുകേട്ട പ്രതിയോഗികളെ ഫുള്‍ഹാമിന്റെ യുവനിര തകര്‍ത്തത്‌. പോരാത്തതിന്‌ സൂപ്പര്‍ താരങ്ങളായ പോള്‍ ഷോള്‍സും വെയിന്‍ റൂണിയും ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്താവുകയും ചെയ്‌തു. ഈ മല്‍സരത്തിന്‌ തൊട്ട്‌ പിറകെയായിരുന്നു ചെല്‍സി ടോട്ടന്‍ഹാമിനെ എതിരിട്ടത്‌. ലിവര്‍പൂള്‍ ആഗ്രഹിച്ചത്‌ പോലെ തന്നെ ഈ മല്‍സരഫലവും പോസീറ്റിവായിരുന്നു. ടോട്ടന്‍ഹാം ഒരു ഗോളിന്‌ കരുത്തരെ മറിച്ചിട്ടു. പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക്‌ കുതിക്കാന്‍ ഇതിലും വലിയ അവസരമില്ലെന്ന്‌ മനസ്സിലാക്കിയ ബെനിറ്റസ്‌ സ്വന്തം കുട്ടികളോട്‌ പറഞ്ഞത്‌ ഒരു കാര്യം മാത്രം-ഗോ ആന്‍ഡ്‌ കില്‍. അത്‌ തന്നെ സംഭവിച്ചു. അഞ്ച്‌ ഗോളിന്റെ മാസ്‌മരിക വിജയമാണ്‌ ആസ്‌റ്റണ്‍വില്ലക്കെതിരെ ലിവര്‍ സ്വന്തമാക്കിയത്‌. പ്രീമിയര്‍ ലീഗിലെ നിലവിലെ അഞ്ചാം സ്ഥാനക്കാരാണ്‌ വില്ലക്കാര്‍ എന്നോര്‍ക്കണം. അവരുടെ വലയില്‍ മൂന്ന്‌ തവണ പന്ത്‌ നിക്ഷേപിച്ചത്‌ സൈനുദ്ദിന്‌ സിദാന്‍ ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരക്കാരന്‍ എന്ന്‌ വിശേഷിപ്പിച്ച സ്റ്റീവന്‍ ജെറാര്‍ഡ്‌. തുടര്‍ച്ചയായി ഗോള്‍വേട്ട നടത്തുന്നവരായ ലിവറിനെ പിടിച്ചുകെട്ടാന്‍ ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍. ഒരാഴ്‌ച്ച മുമ്പ്‌ മാഞ്ചസ്റ്ററിന്റെ വലയില്‍ നാല്‌ ഗോളുകളാണ്‌ ലിവര്‍ നിക്ഷേപിച്ചത്‌. അതിന്‌ മുമ്പ്‌ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ പ്രി ക്വാര്‍ട്ടറില്‍ സ്‌പാനിഷ്‌ കരുത്തരായ റയല്‍ മാഡ്രിഡിന്റെ വലയില്‍ രണ്ട്‌ പാദങ്ങളിലായി അഞ്ച്‌ ഗോളുകളാണ്‌ അവര്‍ അടിച്ചുകൂട്ടിയത്‌. ഇപ്പോഴിതാ വില്ലക്കാരുടെ വലയിലും അഞ്ച്‌ ഗോള്‍. ജെറാര്‍ഡും ഫെര്‍ണാണ്ടോ ടോറസും ഒരുമിക്കുമ്പോള്‍ എതിര്‍
പ്രതിരോധനിരക്കാര്‍ വിയര്‍ക്കുന്ന കാഴ്‌ച്ചയാണ്‌ കാണുന്നത്‌. ജെറാര്‍ഡ്‌ സാധാരണ കൂട്ടുകാര്‍ക്ക്‌ അവസരങ്ങള്‍ സൃഷടിക്കുന്ന താരമാണ്‌. ഫുട്‌ബോള്‍ ഭാഷിയിലെ പ്ലേ മേക്കര്‍. എന്നാല്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇംഗ്ലീഷുകാരനോളം മറ്റ്‌ മിടുക്കരില്ല. ജെറാര്‍ഡിന്റെ പാസുകളാണ്‌ ടോറസ്‌ ഗോളുകളാക്കി മാറ്റാറുളളത്‌. ഈ ഫോമില്‍ ലിവറിനെ ഇനി പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയാണ്‌. നാലാം സ്ഥാനക്കാരായ ആഴ്‌സനലും ഫോമിലാണ്‌. ന്യൂകാസില്‍ യുനൈറ്റഡിനെ 3-1നാണ്‌ അവര്‍ തകര്‍ത്തത്‌. ഇംഗ്ലണ്ടില്‍ നിന്നുമുളള അടുത്ത സീസണിലെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ബെര്‍ത്ത്‌ നോട്ടമിട്ടാണ്‌ ആഴ്‌സന്‍ വെംഗറുടെ ടീം മുന്നേറുന്നത്‌.
ന്യൂകാസിലിന്‌ പരാജയം കനത്ത ആഘാതമാണ്‌. മൈക്കല്‍ ഓവന്‍ കളിക്കുന്ന ടീം ഇപ്പോള്‍ തരംതാഴ്‌ത്തല്‍ ലിസ്‌റ്റിലാണ്‌. ആകെ 29 പോയന്റാണ്‌്‌ അവര്‍ സമ്പാദിച്ചിരിക്കുന്നത്‌. മിഡില്‍സ്‌ ബോറോ (27), വെസ്‌റ്റ്‌ ബ്രോം (24) എന്നിവരാണ്‌ തരം താഴ്‌ത്തല്‍ ഭീഷണി നേരിടുന്ന മറ്റുളളവര്‍. ടോപ്‌ സ്‌ക്കോറര്‍പ്പട്ടികയില്‍ ഇപ്പോഴും മാറ്റമില്ല. ചെല്‍സിയുടെ ഫ്രഞ്ച്‌ താരം നിക്കോളാസ്‌ അനേല്‍ക്ക 15 ഗോളുകളുമായി ഒന്നാമത്‌ നില്‍ക്കുന്നു. 13 ഗോളുകളുമായി സ്‌റ്റീവന്‍ ജെറാര്‍ഡ്‌, കൃസ്‌റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ്‌ പിറകില്‍. അടുത്തയാഴ്‌്‌ച്ചയില്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ പ്രീമിയര്‍ ലീഗില്‍ കാര്യമായ മല്‍സരങ്ങളില്ല.
ഫ്രഞ്ച്‌ ലീഗ്‌
ലിയോണും മാര്‍സലിയും തമ്മിലുള്ള കനത്ത അങ്കമാണ്‌ ഫ്രഞ്ച്‌ ലീഗില്‍ നടക്കുന്നത്‌. തൊട്ട്‌്‌ പിറകെ ആര്‍ക്കും പിടി നല്‍കാതെ ബോറോഡോക്‌സുമുണ്ട്‌. 56 പോയന്റാണ്‌്‌ ലിയോണ്‍ ഇത്‌ വരെ നേടിയിരിക്കുന്നത്‌. മാര്‍സലിക്ക്‌ 55 ഉം ബോറോഡോക്‌സിന്‌ 53 ഉം പോയിന്റുണ്ട്‌. ശനിയാഴ്‌ച്ച നടന്ന മല്‍സരത്തില്‍ മാര്‍സലി രണ്ട്‌ ഗോളിന്‌ നാന്റസിനെ പരാജയപ്പെടുത്തിയപ്പോള്‍ ഞായറാഴ്‌ച്ച കളിച്ച ലിയോണ്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. കഴിഞ്ഞ രണ്ട്‌ വാരങ്ങളിലായി നിലവാരമില്ലാത്ത സോക്കറുമായി സ്വയം താഴോട്ട്‌്‌ പോയ ചാമ്പ്യന്മാര്‍ പക്ഷേ സോച്ചക്‌സിനെതിരെ രണ്ട്‌ ഗോള്‍ വിജയവുമായി ലീഡ്‌ നിലനിര്‍ത്തി. ജയിച്ചെങ്കിലും കിരീടത്തിന്റെ കാര്യത്തില്‍ ഇപ്പോളും ലിയോണിന്‌ ഉറപ്പില്ല. ലീഗിലെ ആദ്യ ആറ്‌ സ്ഥാനക്കാര്‍ ഏതാണ്ട്‌ ഒപ്പത്തിനൊപ്പമാണ്‌. മാര്‍സലിക്കും ബോറോഡോക്‌സിനും പിറകെ ടോളൂസ്‌, ലിലി, പാരിസ്‌ സെന്റ്‌ ജര്‍മന്‍ എന്നിവരും തകര്‍പ്പന്‍ ഫോമിലാണ്‌ കളിക്കുന്നത്‌.
ഇറ്റാലിയന്‍ ലീഗ്‌
കരുത്തരായ ഏ.സ്‌ റോമക്കെതിരെ 1-4 ന്റെ വന്‍ ജയം യുവന്തസ്‌ ആഘോഷിച്ചത്‌ ശനിയാഴ്‌ച്ചയായിരുന്നു. ഞായറാഴ്‌ച്ചയായിരുന്നു ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്റെ മല്‍സരം. പ്രതിയോഗികള്‍ റെജീന. സമര്‍ദ്ദത്തിന്‌ ഇടം നല്‍കാതെ മനോഹരമായ മൂന്ന്‌ ഗോളുകളുമായി ഇന്‍ര്‍ ജയിച്ചുകയറി. എന്ന്‌ മാത്രമല്ല തൊട്ടരികിലെ എതിരാളികള്‍ക്കെതിരെ ഏഴ്‌ പോയന്റിന്റെ ലീഡ്‌ നിലനിര്‍ത്തുകയും ചെയ്‌തു. ഇന്ററിനിപ്പോള്‍ 69 പോയന്റാണുളളത്‌. യുവന്തസിന്‌ 62 ഉം. മൂന്നാം സ്ഥാനത്ത്‌ ഏ.സി മിലാനാണ്‌, 55 പോയിന്റ്‌.
സ്‌പാനിഷ്‌ ലാ ലീഗ്‌
സ്‌പെയിനില്‍ ബാര്‍സിലോണും റയല്‍ മാഡ്രിഡും തമ്മിലുളള കുടിപ്പക തുടരുകയാണ്‌. ഇന്നലെ ബാര്‍സക്കാര്‍ ആറ്‌ ഗോളുകള്‍ മലാഗയുടെ വലയില്‍ അടിച്ചു കയറ്റിയതോടെ കാര്യങ്ങള്‍ അവര്‍ക്ക്‌ അനുകൂലമായി മാറുകയാണ്‌. റയല്‍ മാഡ്രിഡ്‌ മൂന്ന്‌ ഗോളിന്‌ അല്‍മേരിയയെ പരാജയപ്പെടുത്തിയതിന്‌ പിറകെയാണ്‌ ലയണല്‍ മെസ്സിയും സംഘവും അരങ്ങ്‌ തകര്‍ത്തത്‌. 69 പോയന്റാണ്‌ ബാര്‍സക്ക്‌. റയലിന്‌ 63 ഉം. മൂന്നാം സ്ഥാനത്ത്‌ 54 പോയിന്റുമായി സെവിയെയാണ്‌. ചാമ്പ്യന്‍ഷിപ്പ്‌ ടോപ്‌ സ്‌ക്കോറര്‍ പട്ടിക പരിശോധിച്ചാലും ബാര്‍സയുടെ ആധിപത്യം വ്യക്തം. ആദ്യ സ്ഥാനത്ത്‌ 23 ഗോളുകള്‍ നേടിയ സാമുവല്‍ ഇറ്റോ എന്ന കാമറൂണുകാരനാണ്‌.
ബുണ്ടേല്‍സ്‌ ലീഗ്‌
ജര്‍മനിയില്‍ ചാമ്പ്യന്മാര്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഒരു രൂപവും പറയാനായിട്ടില്ല. ഹെര്‍ത്താ ബെര്‍ലിനും ബയേണ്‍ മ്യൂണിച്ചും ഹാംബര്‍ഗ്ഗും ഏകദേശം ഒപ്പത്തിനൊപ്പമാണ്‌. ശനിയാഴ്‌ച്ച നടന്ന മല്‍സരത്തില്‍ സ്റ്റട്ട്‌ഗര്‍ട്ടിനോട്‌ രണ്ട്‌ ഗോളിന്‌ തോറ്റിട്ടും 49 പോയിന്റുള്ള ഹെര്‍ത്താ ബെര്‍ലിനാണ്‌ ഒന്നാമത്‌. കാള്‍റൂഷിനെ ഒരു ഗോളിന്‌ പരാജയപ്പെടുത്തിയ ബയേണ്‍ 48 പോയിന്റുമായി രണ്ടാമതാണ്‌. ഷാല്‍ക്കെയെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തിയ ഹാംബര്‍ഗ്ഗ്‌ 48 പോയിന്റുമായി പിറകെയുണ്ട്‌. അര്‍മീനിയ ബില്‍ഫെല്‍ഡിനോട്‌ തോറ്റ വോള്‍ഫ്‌ബര്‍ഗ്ഗിനും 48 പോയിന്റുണ്ട്‌.


രാഷട്രീയം വേണ്ടെന്ന്‌ ചിദംബരം
ന്യൂഡല്‍ഹി: ഐ.പി.എല്‍ വിവാദത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം. ഐ.പി.എല്‍ മല്‍സരങ്ങള്‍ വിദേശത്ത്‌ നടക്കുന്നത്‌ ഇന്ത്യക്ക്‌ അപമാനമാണെന്ന ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതികരണത്തില്‍ പ്രതികരിക്കവെ ഗുജറാത്ത്‌ കലാപമാണോ അതോ ഐ.പിഎല്‍ മല്‍സരങ്ങള്‍ മാറ്റുന്നതാണോ രാജ്യത്തിന്‌ അപമാനമെന്ന്‌ അദ്ദേഹം ചോദിച്ചു. ഐ.പി.എല്ലിന്റെ കാര്യത്തില്‍ ഒരു രാഷ്ട്രീയവുമില്ല. തെരഞ്ഞെടുപ്പ്‌ സമയമായതിനാല്‍ മല്‍സരങ്ങളുടെ കാര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ മാത്രമാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ സംസഥാന സര്‍ക്കാരുകളോട്‌ നിര്‍ദ്ദേശിച്ചത്‌. എന്നാല്‍ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സമയത്ത്‌ മല്‍സരങ്ങള്‍ നടത്തുന്നതിനോട്‌ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍പ്പാണ്‌ പ്രകടിപ്പിച്ചത്‌. ഇത്‌ കാരണത്താലാണ്‌ ആഭ്യന്തര മന്ത്രാലയം വ്യക്തമായ നിലപാട്‌ സ്വീകരിച്ചത്‌. ബി.ജെ.പി ഭരിക്കുന്ന കര്‍ണ്ണാടക പോലും മല്‍സരങ്ങളുടെ സുരക്ഷാ കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഐ.പി.എല്‍ എന്നാല്‍ സ്‌പോര്‍ട്‌സും വ്യവസായവുമാണ്‌. ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്‌. മല്‍സരങ്ങള്‍ വിദേശത്ത്‌ നടത്താന്‍ സര്‍ക്കാരല്ല, ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡാണ്‌ തീരുമാനിച്ചത്‌. ഇതില്‍ സര്‍ക്കാരിന്‌ പങ്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചിദംബരം പറഞ്ഞു.

ത്രിശങ്കു
മുംബൈ: ഐ.പി.എല്‍ മല്‍സരങ്ങള്‍ വിദേശത്ത്‌ വെച്ച്‌ നടത്താന്‍ തീരുമാനിച്ച ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അധികൃതര്‍ക്ക്‌ അനുയോജ്യമായ വേദി സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കാനാവുന്നില്ല. ഇന്നലെ വേദി നിശ്ചയിക്കുമെന്ന്‌ പറഞ്ഞെങ്കിലും ഇത്‌ വരെ അന്തിമ തീരുമാനമായിട്ടില്ല. ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക എന്നി ക്രിക്കറ്റ്‌ ബോര്‍ഡുകളുടെ സഹകരണമാണ്‌ ബി.സി.സി.ഐ തേടിയത്‌. എന്നാല്‍ രണ്ട്‌ പേരും വളരെ പെട്ടെന്ന്‌ ഒരു മേജര്‍ ചാമ്പ്യന്‍ഷിപ്പിന്‌ ആതിഥ്യമരുളാനുള്ള പ്രയാസങ്ങളാണ്‌ മുന്‍വെച്ചിരിക്കുന്നത്‌. ഇന്ത്യന്‍ ബോര്‍ഡിലാവട്ടെ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കുമായി തര്‍ക്കങ്ങളും നടക്കുന്നുണ്ട്‌. ഏപ്രില്‍ പത്തിന്‌ ചാമ്പ്യന്‍ഷിപ്പ്‌ ആരംഭിക്കാനാണ്‌ ഗവേണിംഗ്‌ കമ്മിറ്റി തീരുമാനം. ഏപ്രില്‍ ആദ്യത്തോടെ ഇംഗ്ലണ്ടില്‍ കൗണ്ടി സീസണ്‍ ആരംഭിക്കുകയാണ്‌. ഇംഗ്ലണ്ടിലെ മിക്ക വേദികളും ഓരോ കൗണ്ടികള്‍ക്ക്‌ സ്വന്തമാണ്‌. സ്വന്തം മല്‍സരങ്ങള്‍ മാറ്റിവെച്ച്‌ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്കായി കൗണ്ടികള്‍ തയ്യാറാവാന്‍ പ്രയാസമാണ്‌. ഈ കാര്യമാണ്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെ തളര്‍ത്തുന്നത്‌. ജൂണില്‍ ഇംഗ്ലണ്ടില്‍ വെച്ചാണ്‌ 20-20 ലോകകപ്പ്‌ നടക്കുന്നത്‌. ലോകകപ്പിനുളള നല്ല മുന്നൊരുക്കമായിരിക്കും ഐ.പി.എല്‍ എന്ന്‌ തിരിച്ചറിയുമ്പോഴും കൗണ്ടികളുടെ തീരുമാനത്തിന്‌ കാതോര്‍ക്കുകയാണ്‌ ഇ.സി.ബി.
ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്ക തുടക്കം മുതല്‍ പറയുന്നത്‌ അനുബന്ധ വേദിയായി മാത്രം തങ്ങളെ കണ്ടാല്‍ മതിയെന്നാണ്‌. ഇതില്‍ നിന്ന്‌ തന്നെ അവരുടെ മനസ്സിലിരുപ്പ്‌ വ്യക്തമാണ്‌. ഇംഗ്ലണ്ടിന്‌ പ്രയാസങ്ങളുണ്ടാവുന്ന പക്ഷം മാത്രമേ ദക്ഷിണാഫ്രിക്കയെ പരിഗണിക്കാവുവെന്ന്‌ ജെറാര്‍ഡ്‌ മജോള ഉള്‍പ്പെടെയുളള ഉന്നതര്‍ പറഞ്ഞിട്ടുണ്ട്‌. സമയമാണ്‌ എല്ലാവര്‍ക്കും പ്രയാസമുണ്ടാക്കുന്നത്‌. ഏപ്രില്‍ പത്തിലേക്ക്‌ ഇനി അധികം ദിവസങ്ങളില്ല. ഇംഗ്ലിഷ്‌ പര്യടനത്തിനായി വിന്‍ഡീസ്‌ ടീം വരുന്നുണ്ട്‌. ഏപ്രില്‍ മുതലാണ്‌ പരമ്പര ആരംഭിക്കുന്നത്‌. ഈ മല്‍സരങ്ങളുടെ നടത്തിപ്പിനാണ്‌ ഇ.സി.ബി മുഖ്യ പരിഗണന നല്‍കുന്നത്‌. അതേ സമയം ഐ.പി.എല്‍ മല്‍സരങ്ങളില്‍ കെവിന്‍ പീറ്റേഴ്‌സണ്‍, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ തുടങ്ങിയ ഇംഗ്ലീഷ്‌ സൂപ്പര്‍ താരങ്ങള്‍ കളിക്കുന്നതിനാല്‍ കാണികളുടെ പങ്കാളിത്തകാര്യത്തില്‍ ഇ.സി.ബിക്ക്‌ സംശയവുമില്ല. ഇന്ത്യന്‍ ആരാധകര്‍ക്കായി, സമയക്രമം ക്രമീകരിക്കുന്നതിലും ഇ.സി.ബിക്ക്‌ എതിര്‍പ്പില്ല.
ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റിയില്‍ ഇംഗ്ലണ്ടിനായും ദക്ഷിണാഫ്രിക്കക്കായും വാദം നടക്കുന്നതും പ്രശ്‌നമായിട്ടുണ്ട്‌.

ധോണി പറയുന്നു
ഇംഗ്ലണ്ട്‌
ഓക്‌ലാന്‍ഡ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ വിദേശത്ത്‌ വെച്ച്‌ നടത്താനുളള ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ നീക്കത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും ടീം മാനേജ്‌മെന്റിനും കാര്യമായ എതിര്‍പ്പില്ല. ഒരു ഉപാധിയാണ്‌ ബൗളിംഗ്‌ കോച്ച്‌ വെങ്കടേഷ്‌ പ്രസാദ്‌ ഉള്‍പ്പെടെയുളളവര്‍ മുന്‍വെക്കുന്നത്‌-മല്‍സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്തിയാല്‍ മതി. അതിന്‌ പ്രത്യേക കാരണവുമുണ്ട്‌. ജൂണില്‍ 20-20 ലോകകപ്പ്‌ നടക്കുന്നത്‌ ഇംഗ്ലണ്ടിലാണ്‌. ഇന്ത്യ നിലവിലെ ലോക ചാമ്പ്യന്മാരാണ്‌. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ്‌ മുന്‍നിര്‍ത്തി സാഹചര്യങ്ങളെ പഠിക്കാനും മൈതാനങ്ങളുമായി പരിചയപ്പെടാനുമെല്ലാം കഴിയുമെന്നാണ്‌ പ്രസാദ്‌ പറയുന്നത്‌.
ഇംഗ്ലണ്ടില്‍ മല്‍സരങ്ങള്‍ നടത്തുന്നതിനോടാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെക്രട്ടറിയും ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അധിപനുമായ എന്‍. ശ്രീനിവാസനും താല്‍പ്പര്യം. ഇപ്പോള്‍ ന്യൂസിലാന്‍ഡില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന്‌ ചെറിയ യാത്ര കൊണ്ട്‌ ഇംഗ്ലണ്ടിലെത്താം. അവിടെ കളിച്ച ശേഷം അവിടെ വെച്ച്‌ തന്നെ ലോകകപ്പിലും പങ്കെടുക്കാം. ഇംഗ്ലണ്ടില്‍ ധാരാളം ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികളുമുണ്ട്‌. ഇതും കൂടാതെ മുംബൈ ആക്രമണത്തില്‍ ഇന്ത്യക്കൊപ്പം നിന്ന രാജ്യവുമാണ്‌ ഇംഗ്ലണ്ടെന്ന്‌ ശ്രീനിവാസന്‍ പറയുന്നു.
ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാനായ ലളിത്‌ മോഡി ദക്ഷിണാഫ്രിക്കയെയാണ്‌ പിന്തുണക്കുന്നത്‌. കാലാവസ്ഥയും സമയവുമാണ്‌ അദ്ദേഹം ഇതിന്‌ പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത്‌. കൂടാതെ ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്ക ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ജെറാര്‍ഡ്‌ മജോളയുമായി മോഡിക്ക്‌ അടുത്ത വ്യക്തിബന്ധവുമുണ്ട്‌. ഇംഗ്ലണ്ടില്‍ സമയവും പ്രശ്‌നമാണ്‌. ഇന്ത്യന്‍ സമയം വൈകീട്ട്‌ നാല്‌ മണിക്ക്‌ മല്‍സരങ്ങള്‍ ആരംഭിക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ സമയം രാവിലെ 11.30 ആണ്‌. ഈ സമയത്ത്‌ ആരാണ്‌ മല്‍സരങ്ങള്‍ ആസ്വദിക്കാനുണ്ടാവുക എന്നത്‌ ചോദ്യമാണ്‌. ദക്ഷിണാഫ്രിക്കയിലാണെങ്കില്‍ ഈ പ്രശ്‌നമില്ല.

ചന്ദര്‍ജയം
പ്രോവിഡന്‍സ്‌: അനുഭവ സമ്പന്നനായ ശിവനാരായണ്‍ ചന്ദര്‍പോളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന്‌ 21 റണ്‍സ്‌ ജയം. ഇതോടെ പരമ്പര 1-1 ലെത്തി. നിറഞ്ഞ്‌ കവിഞ്ഞ പ്രോവിഡന്‍സ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ എട്ട്‌ വിക്കറ്റിന്‌ 264 റണ്‍സാണ്‌ സ്വന്തമാക്കിയത്‌. പുറത്താവാതെ 112 റണ്‍സ്‌ നേടിയ ചന്ദര്‍പോളായിരുന്നു ഇന്നിംഗ്‌സിന്റെ നെട്ടെല്ല്‌. മറുപടിയില്‍ ഇംഗ്ലണ്ടിന്‌ വേണ്ടി നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ 105 റണ്‍സ്‌ നേടിയെങ്കിലും 243 റണ്‍സാണ്‌ സന്ദര്‍ശകര്‍ക്ക്‌ നേടാനായത്‌. നല്ല തുടക്കം വിന്‍ഡീസിന്‌ ലഭിച്ചിരുന്നില്ല. തുടക്കത്തില്‍ തന്നെ സിമണ്‍സിന്റെയും നായകന്‍ ക്രിസ്‌ ഗെയിലിന്റെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും രാം നരേഷ്‌ സര്‍വനും (74), ചന്ദര്‍പോളും പിടിച്ചുകയറി. സ്‌ക്കോര്‍ 157 ല്‍ നില്‍ക്കുമ്പോള്‍ സര്‍വന്‍ പുറത്തായപ്പോഴാണ്‌ ഇംഗ്ലണ്ട്‌ ശ്വാസം നേരെ വിട്ടത്‌. ഇംഗ്ലീഷ്‌ മറുപടിയും പതര്‍ച്ചയിലായിരുന്നു. സ്‌ട്രോസ്‌ പൊരുതിയപ്പോള്‍ മറുഭാഗത്ത്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ വീണു. കെവിന്‍ പീറ്റേഴ്‌സണ്‍ (12), ഒവൈസ്‌ ഷാ (22), പോള്‍ കോളിംഗ്‌വുഡ്‌ (1) എന്നിവരെല്ലാം നിരാശപ്പെടുത്തി.
ഓരമില്ല
നേപ്പിയര്‍: ഇന്ത്യക്കെതിരെ ഇവിടെ 26ന്‌ ആരംഭിക്കുന്ന രണ്ടാം ടെസ്‌റ്റിനുളള കിവി സംഘത്തിലും ഓള്‍റൗണ്ടര്‍ ജേക്കബ്‌ ഓരമില്ല. പരുക്ക്‌ കാരണം ആദ്യ ടെസ്റ്റില്‍ നിന്ന്‌ സ്വയം പിന്മാറിയ ഓരം രണ്ടാം ടെസ്‌റ്റിലേക്കും തന്നെ പരിഗണിക്കരുതെന്ന്‌ വ്യക്തമാക്കിയിരുന്നു. ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി ഓരത്തിനായി ശക്തമായി ശ്രമിച്ചെങ്കിലും അഞ്ച്‌ മല്‍സര ക്രിക്കറ്റിലേക്ക്‌ ആരോഗ്യപരമായി തിരിച്ചെത്താന്‍ കഴിയില്ലെന്നാണ്‌ ഓരം അറിയിച്ചത്‌. അതേ സമയം പരുക്കേറ്റ ഡാനിയല്‍ ഫ്‌ളൈന്‍, ലയന്‍ ഒബ്രിയാന്‍ എന്നിവരെ നിലനിര്‍ത്തി. ഓഫ്‌ സ്‌പിന്നര്‍ ജിതന്‍ പട്ടേലിനും ടീമില്‍ സ്ഥാനമുണ്ട്‌. ടീം ഇതാണ്‌: ഡാനിയല്‍ വെട്ടോരി, ഡാനിയല്‍ ഫ്‌ളൈന്‍, ജെയിംസ്‌ ഫ്രാങ്ക്‌ളിന്‍, മാര്‍ട്ടിന്‍ ഗുപ്‌ടില്‍, ടിം മകിന്റോഷ്‌, ബ്രെന്‍ഡന്‍ മക്കുലം, ക്രിസ്‌ മാര്‍ട്ടിന്‍, കൈല്‍ മില്‍സ്‌, ലയന്‍ ഒബ്രിയാന്‍, ജിതന്‍ പട്ടേല്‍, ജെസി റൈഡര്‍, റോസ്‌ ടെയ്‌ലര്‍.
ബാക്‌
കേപ്‌ടൗണ്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുളള ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഗ്രയിം സ്‌മിത്ത്‌ തന്നെ നയിക്കും. ഒന്നാം ടെസ്റ്റിനിടെ പരുക്ക്‌ പറ്റി പുറത്ത്‌ പോയ സ്‌മിത്ത്‌ ആരോഗ്യവാനായി തിരിച്ചെത്തിയിട്ടുണ്ട്‌. മൂന്നാം ടെസ്‌റ്റില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കാനുളള ശ്രമത്തിലാണ്‌. നീല്‍ മക്കന്‍സിയെ ഏകദിന ടീമില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ടീം ഇതാണ്‌: ഗ്രയീം സ്‌മിത്ത്‌, ഹര്‍ഷല്‍ ഗിബ്‌സ്‌, ഹാഷിം അംല, എബി ഡി വില്ലിയേഴ്‌സ്‌, ജാക്‌ കാലിസ്‌, ജെ.പി ഡുമിനി, വാന്‍ ജര്‍സ്‌വാല്‍ഡ്‌, മാര്‍ക്‌ ബൗച്ചര്‍, ആല്‍ബി മോര്‍ക്കല്‍, മോര്‍ണി മോര്‍ക്കല്‍, ജോഹാന്‍ ബോത്ത, ഡാലെ സ്‌റ്റെന്‍, വെയിനെ പാര്‍നല്‍, മക്കായ എന്‍ടിനി.