Friday, March 13, 2009

IPL FIASCO




വീണ്ടും മാറ്റം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ പുതുക്കിയ മല്‍സര ഷെഡ്യൂളിന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ല. പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഷെഡ്യൂള്‍ പുതുക്കാന്‍ ആഭ്യന്തര മന്ത്രാലയം ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റിക്ക്‌ നിര്‍ദ്ദേശം നല്‍കി. പൊതു തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ മുമ്പ്‌ തന്നെ ഐ.പി.എല്‍ മല്‍സരഷെഡ്യൂള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, സുരക്ഷാ കാരണങ്ങളാല്‍ ഈ ഷെഡ്യൂള്‍ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പുതുക്കിയ ഷെഡ്യൂള്‍ മാര്‍ച്ച്‌ ഏഴിന്‌ ആഭ്യന്തര മന്ത്രാലയത്തിന്‌ നല്‍കിയിരുന്നു. ഈ ഷെഡ്യൂളിലാണ്‌ വീണ്ടും മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്‌. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ്‌ ആഭ്യന്തര മന്ത്രാലയം ഇടപ്പെട്ടത്‌. ഡല്‍ഹി, പശ്ചിമ ബംഗാള്‍, ആന്ധ്ര പ്രദേശ്‌, പഞ്ചാബ്‌ സംസ്ഥാനങ്ങളാണ്‌ ഷെഡ്യൂളില്‍ മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്‌. ഹൈദരാബാദ്‌ ആസ്ഥാനമായുള്ള ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ മല്‍സരങ്ങള്‍ ഹൈദരാബാദിലും വിശാഖപ്പട്ടണത്തുമാണ്‌. എന്നാല്‍ ആന്ധ്ര സര്‍ക്കാര്‍ മല്‍സര ഷെഡ്യൂളില്‍ അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്‌. ഏപ്രില്‍ 16 നും 23 നുമാണ്‌ ആന്ധ്രയില്‍ പോളിംഗ്‌. ഡല്‍ഹിയില്‍ മെയ്‌ 7 നാണ്‌ പോളിംഗ്‌. ബംഗാള്‍ ഏപ്രില്‍ 30 നും മെയ്‌ 7 നും പഞ്ചാബ്‌ മെയ്‌ 7 നും 13 നും ബൂത്തിലേക്ക്‌ പോവും. സംസ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം അവഗണിക്കാന്‍ കഴിയില്ലയെന്നാണ്‌ ആഭ്യന്തര മന്ത്രാലയം പറയുന്നത്‌. പോളിംഗിന്‌ പോലീസ്‌, അര്‍ദ്ധസൈനിക, സൈനീക സഹായം ആവശ്യമായി വരും. ഐ.പി.എല്‍ മല്‍സരങ്ങള്‍ക്കും സുരക്ഷ ആവശ്യമാണ്‌. രണ്ട്‌ കാര്യങ്ങള്‍ക്കുമായി വിന്യസിക്കാന്‍ മാത്രമുളള പോലീസ്‌ സന്നാഹം സംസ്ഥാനങ്ങള്‍ക്കില്ല. പോളിംഗിന്‌ 48 മണിക്കൂര്‍ മുമ്പ്‌ മല്‍സരം പാടില്ല എന്നാണ്‌ ആഭ്യന്തര മന്ത്രാലയം നേരത്തെ നിര്‍ദ്ദേശിച്ചത്‌. ഇതില്‍ മാറ്റമില്ല.
പ്രതിസന്ധി
മെല്‍ബണ്‍: ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ സെലക്ടര്‍മാര്‍ സുഖകരമായ പ്രതിസന്ധി മുഖത്താണ്‌. ദക്ഷിണാഫ്രിക്കക്കെതിരെ തുടര്‍ച്ചയായി മൂന്ന്‌ ടെസ്റ്റുകള്‍ വിജയിച്ച്‌ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ഓസീസ്‌ സംഘത്തിലേക്ക്‌ പരുക്കേറ്റ പ്രമുഖരായ ബ്രെട്ട്‌ ലീ, സ്റ്റ്യൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌ എന്നിവരെ എങ്ങനെ ഉള്‍പ്പെടുത്തുമെന്നാണ്‌ ആന്‍ഡ്ര്യൂ ഹിഡിച്ചും സംഘവും ആലോചിക്കുന്നത്‌. തല്‍ക്കാലം പ്രശ്‌നങ്ങളില്ല. ലീയും ക്ലാര്‍ക്കും പരുക്കേറ്റ്‌ ചികില്‍സയിലാണ്‌. അവരുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ അയച്ചത്‌ മിച്ചല്‍ ജോണ്‍സന്റെ നേതൃത്ത്വത്തിലുളള യുവസംഘത്തെയാണ്‌. പീറ്റര്‍ സിഡില്‍, ഹില്‍ഫാന്‍ഹസ്‌ തുടങ്ങിയവര്‍ പക്ഷേ അക്ഷരാര്‍ത്ഥത്തില്‍ മിന്നി. മിച്ചല്‍ നയിച്ച യുവനിര ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്മാരെ വിറപ്പിച്ചു. വാണ്ടറേഴ്‌സിലും ഡര്‍ബനിലും കണ്ടത്‌ യുവസീമര്‍മാരുടെ മാന്ത്രികതയായിരുന്നു. അടുത്ത ആഷസ്‌ പരമ്പരയില്‍ ലീയും ക്ലാര്‍ക്കും തിരിച്ചുവരുമ്പോള്‍ ആരെ തഴയുമെന്ന ആശങ്കയുണ്ട്‌. ടീമിലേക്ക്‌ ശക്തനായി തിരിച്ചുവരാനുള്ള ആഗ്രഹം ലീ പ്രകടിപ്പിച്ചിട്ടുണ്ട്‌. മിച്ചല്‍ ജോണ്‍സണൊപ്പം പുതിയ പന്ത്‌ പങ്കിട്ട്‌ പ്രതിയോഗികളെ വിറപ്പിക്കാന്‍ താന്‍ തയ്യാറെടുത്തതായി അദ്ദേഹം പറഞ്ഞു.
ഐ.പി.എല്‍ കരുത്ത്‌
ലണ്ടന്‍: ഏകദിന ക്രിക്കറ്റിലും, 20-20 ക്രിക്കറ്റിലും ഇന്ത്യ വമ്പന്‍ ശക്തിയായി മാറിയത്‌ ഐ.പി.എല്‍ മല്‍സരങ്ങള്‍ മൂലമാണെന്ന്‌ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ഇംഗ്ലീഷ്‌ ടീമിന്‌ കൂടുതല്‍ കരുത്ത്‌ ലഭിക്കണമെങ്കില്‍ ഇത്തരത്തിലുളള ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കണം. അല്ലെങ്കില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കണം. ഏപ്രില്‍ പത്ത്‌ മുതല്‍ ആരംഭിക്കുന്ന ഐ.പി.എല്ലിന്റെ രണ്ടാം എഡിഷനില്‍ പീറ്റേഴ്‌സണ്‍ ഉള്‍പ്പെടെ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, പോള്‍ കോളിംഗ്‌വുഡ്‌, ഒവൈാസ്‌ ഷാ, രവി ബോപ്പാര തുടങ്ങിയവര്‍ കളിക്കുന്നുണ്ട്‌.

No comments: