Monday, March 2, 2009

kiwi war

ഏകദിന പരമ്പരക്ക്‌ ഇന്ന്‌ തുടക്കം
നേപ്പിയര്‍: 20-20 പരമ്പരയിലെ അപ്രതീക്ഷിത പരാജയങ്ങള്‍ മറന്ന്‌ മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന ഇന്ത്യന്‍ സംഘം ന്യൂസിലാന്‍ഡിനെതിരായ പഞ്ചമല്‍സര ഏകദിന പരമ്പരിലെ ആദ്യ പോരാട്ടത്തിനായി ഇന്നിറങ്ങുന്നു. മക്‌ലീന്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം ഇന്ന്‌ രാവിലെ ആറിനാണ്‌ മല്‍സരം ആരംഭിക്കുന്നത്‌. അനുഭവസമ്പന്നനായ സച്ചിന്‍ ടെണ്ടുല്‍ക്കറുിടെ സാന്നിദ്ധ്യമാണ്‌ ഇന്ത്യന്‍ സംഘത്തിന്‌ കരുത്തേകുന്നത്‌. 20-20 പരമ്പരയില്‍ കളിക്കാതിരുന്ന സച്ചിനായിരിക്കും ഇന്ന്‌ വീരേന്ദര്‍ സേവാഗിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സിന്‌ തുട
ക്കമിടുക. ഗൗതം ഗാംഭീര്‍ മൂന്നാം നമ്പറില്‍ കളിക്കും. 20-20 പരമ്പരയില്‍ കളിച്ച രവീന്ദു ജഡേജക്ക്‌്‌ പകരം സച്ചിന്‍ കളിക്കുമ്പോള്‍ ചുമലിന്‌ പരുക്കേറ്റ ഇഷാന്ത്‌ ശര്‍മ്മക്ക്‌ പകരം മുനാഫ്‌ പട്ടേലോ പ്രവീണ്‍ കുമാറോ കളിക്കും. ടീമില്‍ മറ്റ്‌ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടാവില്ലെന്ന്‌ ധോണി സൂചിപ്പിച്ചു.
20-20 പരമ്പരയിലെ പരാജയം നല്‍കിയ പാഠങ്ങള്‍ ടീം മറക്കില്ലെന്ന്‌ ക്യാപ്‌റ്റന്‍ വ്യക്തമാക്കി. അമിതാക്രമണ ത്വരയായിരുന്നു രണ്ട്‌ 20-20 മല്‍സരങ്ങളിലും ടീമിനെ ചതിച്ചത്‌. സമീപകാലത്ത്‌ ഇന്ത്യന്‍ ടീമിന്റെ വിജയങ്ങളില്ലെല്ലാം നിര്‍ണ്ണായക സ്വാധീനമായത്‌ സേവാഗ്‌-ഗാംഭീര്‍ ഓപ്പണിംഗ്‌ ജോഡിയായിരുന്നു. എന്നാല്‍ ഗാംഭീറിന്‌ ഇത്‌ വരെ കിവി കാലാവസ്ഥയുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ല. അമിതാക്രമണത്തിന്‌ തുനിഞ്ഞാണ്‌ രണ്ട്‌ മല്‍സരങ്ങളിലും അദ്ദേഹം പുറത്തായത്‌. സച്ചിന്‍ ടീമില്‍ തിരിച്ചെത്തിയതോടെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തിനെ ഉപയോഗപ്പെടുത്താനാണ്‌ ധോണിയുടെ നീക്കം. സച്ചിനും സേവാഗും ഓപ്പണിംഗില്‍ വരുമ്പോള്‍ പുതിയ പന്തിലെ ഭീഷണി അകറ്റാനാവുമെന്ന പ്രതീക്ഷയിലാണ്‌ കോച്ച്‌ ഗാരി കിര്‍സ്‌റ്റണും. സച്ചിന്‍ ഈ പരമ്പരയില്‍ ആദ്യമായാണ്‌ കളിക്കുന്നതെങ്കിലും അദ്ദേഹത്തിന്‌ കിവി മണ്ണില്‍ നല്ല റെക്കോര്‍ഡുണ്ട്‌. 1994 ല്‍ തന്റെ ആദ്യ കിവി പര്യടനത്തില്‍ തന്നെ ഈഡന്‍പാര്‍ക്കിനെ വിസ്‌മയിപ്പിച്ച്‌ കൊണ്ട്‌ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ 49 പന്തില്‍ നിന്ന്‌ 82 റണ്‍സ്‌ സ്വന്തമാക്കിയിരുന്നു. അന്നത്തെ സച്ചിനില്‍ നിന്നും ഇന്നത്തെ സച്ചിന്‍ മാറിയിട്ടുണ്ടെങ്കിലും ഓപ്പണിംഗില്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യത്തെ ഉപയോഗപ്പെടുത്താന്‍ സൂപ്പര്‍ താരത്തിന്‌ കഴിയുന്ന പക്ഷം ഇന്ത്യന്‍ സ്‌ക്കോറിനെ നിയന്ത്രിക്കാന്‍ ന്യൂസിലാന്‍ഡ്‌ പ്രയാസപ്പെടും. കഴിഞ്ഞ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ അമ്പയര്‍മാരുടെ മോശം തീരുമാനങ്ങള്‍ പലവട്ടം പുറത്തായ സച്ചിന്‍ കളി നിയന്ത്രക്കുന്നവരില്‍ നിന്ന്‌ നീതിയാണ്‌ പ്രതീക്ഷിക്കുന്നത്‌. സുരേഷ്‌ റൈന, യുവരാജ്‌ സിംഗ്‌, യൂസഫ്‌ പത്താന്‍, ധോണി എന്നിവരാണ്‌ മധ്യനിരക്ക്‌ കരുത്ത്‌ പകരുന്നത്‌. യുവരാജ്‌ സിംഗ്‌ 20-20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. സച്ചിനും സേവാഗും നല്ല തുടക്കം നല്‍കുന്ന പക്ഷം അത്‌ ഉപയോഗപ്പെടുത്തി കളിക്കാന്‍ മധ്യനിരക്കാവും. ബൗളിംഗില്‍ സഹീര്‍ഖാനൊപ്പം പുതിയ പന്ത്‌ പങ്കിടാന്‍ മുനാഫ്‌ പട്ടേലിന്‌ അവസരം ലഭിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇര്‍ഫാന്‍ പത്താന്‍, ഹര്‍ഭജന്‍ സിംഗ്‌ എന്നിവരുടെ ബൗളിംഗ്‌ കരുത്തും ടീം ഉപയോഗപ്പെടുത്തും.
കിവി ക്യാമ്പില്‍ ആത്മവിശ്വാസമുണ്ട്‌. 20-20 പരമ്പരയിലെ ജയത്തിന്‌ ശേഷം ആഹ്ലാദവാനായാണ്‌ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി പ്രതികരിക്കുന്നത്‌. പക്ഷേ ഇന്ത്യക്കാണ്‌ അദ്ദേഹം പരമ്പരയില്‍ മുന്‍ത്തൂക്കം നല്‍കുന്നത്‌.
പുതിയ താരങ്ങളുടെ കരുത്തിലാണ്‌ വെട്ടോരി തന്ത്രങ്ങള്‍ മെനയുന്നത്‌. ജെസി റെയ്‌ഡര്‍, മാര്‍ട്ടിന്‍ ഗുട്‌പില്‍, റോസ്‌ ടെയ്‌ലര്‍, ബ്രെന്‍ഡന്‍ മക്കുലം എന്നിവരെല്ലാം ഇന്ത്യന്‍ ബൗളിംഗിനെ പഠിച്ചുകഴിഞ്ഞിരിക്കുന്നു. കടന്നാക്രമണത്തിന്‌ ശ്രമിക്കാതെ പക്വതയുളള ക്രിക്കറ്റായിരിക്കും ന്യൂസിലാന്‍ഡ്‌ കാഴ്‌ച്ചവെക്കുകയെന്നാണ്‌ വെട്ടോരി പറയുന്നത്‌ . പരുക്കില്‍നിന്നും മുക്തനായി കൈല്‍ മില്‍സ്‌ ബൗളിംഗിന്‌ ചുക്കാന്‍ പിടിക്കാനെത്തുന്നതും വെട്ടോരിക്ക്‌ സന്തോഷം നല്‍കുന്നു. 20-20 പരമ്പരയിലെ രണ്ട്‌ മല്‍സരത്തിലും മില്‍സിന്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇയാന്‍ ബട്ട്‌ലര്‍, ടീം സൗത്തി എന്നിവരാണ്‌ ഫാസ്റ്റ്‌ ബൗളിംഗിന്‌ കരുത്ത്‌ പകരുന്നത്‌. സ്‌പെഷ്യലിസ്റ്റ്‌ സ്‌പിന്നര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ തളക്കാന്‍ വെട്ടോരിക്കാവും.

ഉയര്‍ന്ന സ്‌ക്കോറിന്‌ സാധ്യത
നേപ്പിയര്‍: മക്‌ലീന്‍ പാര്‍ക്കില്‍ ഇന്ന്‌ നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ്‌ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ റണ്‍ മഴക്ക്‌ സാധ്യത. ബാറ്റിംഗിന്‌ അനുയോജ്യമായ ഉറച്ച ട്രാക്കാണ്‌ ഒരുക്കിയിരിക്കുന്നത്‌. ചെറിയ മഴക്ക്‌ സാധ്യതയുണ്ടെന്ന കാലാവസ്ഥാ റിപ്പോര്‍ട്ട്‌ മാത്രമാണ്‌ ആശങ്ക നല്‍കുന്നത്‌. മക്‌ലീന്‍ പാര്‍ക്കിലെ ശരാശരി സ്‌ക്കോര്‍ 280 ന്‌ പുറത്താണ്‌. പകലും രാത്രിയുമായി നടക്കുന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്യുന്ന ടീമിനെ 300 ന്‌ താഴെ റണ്‍സില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ രണ്ടാമത്‌ ബാറ്റ്‌ ചെയ്യുന്നവര്‍ക്ക്‌ ജയിക്കാന്‍ കഴിയുമെന്നാണ്‌ കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി പറയുന്നത്‌.
മക്‌ലീന്‍ പാര്‍ക്കില്‍ ഇന്ത്യക്ക്‌ നല്ല റെക്കോര്‍ഡില്ല. കളിച്ച നാല്‌ മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ്‌ വിജയിച്ചത്‌.

കായിക മാന്ദ്യം
ദുബായ്‌ ഓപ്പണ്‍ ടെന്നിസ്‌ ചാമ്പ്യന്‍ഷിപ്പിലെ മല്‍സരങ്ങള്‍ക്ക്‌ സാക്ഷിയായ ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍ മല്‍സരങ്ങളെക്കുറിച്ചും, ലോക സാമ്പത്തിക മാന്ദ്യം യു.എ.ഇക്ക്‌ സമ്മാനിക്കുന്ന വ്യാകുലതകളെക്കുറിച്ചും പ്രതിപാദിക്കുന്ന പരമ്പര -കായിക മാന്ദ്യം-ഇന്ന്‌ മുതല്‍ സ്‌പോര്‍ട്‌സ്‌ ചന്ദ്രികയില്‍ വായിക്കുക.

ദുബായ്‌ ഏവിയേഷന്‍ ക്ലബിലെ ടെന്നിസ്‌ സെന്ററില്‍ സാക്ഷാല്‍ സറീന വില്ല്യംസ്‌..... ലോക വനിതാ ടെന്നിസിനെ അടക്കിവാഴുന്ന സറീനയുടെ പ്രതിയോഗി ചേച്ചി വീനസ്‌ വില്ല്യംസ്‌്‌... ടെന്നിസിനെ സ്‌നേഹിക്കുന്നവര്‍ക്ക്‌ മനം നിറയാന്‍ ഈ സൂപ്പര്‍ സഹോദരീ സാന്നിദ്ധ്യം ധാരാളം. പക്ഷേ ബാര്‍ക്ലേയ്‌സ്‌ ദുബായ്‌ ഓപ്പണ്‍ ടെന്നിസ്‌ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ വില്ല്യംസ്‌ സഹോദരിമാര്‍ മല്‍സരിച്ചിട്ടും 5000 ത്തോളം വരുന്ന കസേരകള്‍ നിറഞ്ഞില്ല. വില്ല്യംസ്‌ സഹോദരിമാരുടെ സെമിക്ക്‌്‌ സാക്ഷികളായത്‌ രണ്ടായിരത്തോളം പേര്‍ മാത്രം. വി.ഐ.പി സീറ്റുകളിലും പ്രസ്സ്‌ ബോക്‌സിലും രാജകുടുംബത്തിനായി അനുവദിക്കപ്പെട്ട സീറ്റുകളിലും മാത്രം അല്‍പ്പം പേര്‍...
1993 ല്‍ ആരംഭിച്ച മണലാരണ്യത്തിലെ ഏറ്റവും വലിയ ടെന്നിസ്‌ ചാമ്പ്യന്‍ഷിപ്പിന്‌ ഇതാദ്യമായാണ്‌ ഈ തണുത്ത പ്രതികരണമെന്ന്‌ ദീര്‍ഘകാമായി മല്‍സരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഖലീജ്‌ ടൈംസിന്റെ മഹര്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ പ്രശ്‌നത്തിന്റെ വിരല്‍ നീളുന്നത്‌ ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക്‌....
അതിവേഗതയുടെ ജീവിത ചലനങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്ന ദുബായ്‌ സാമ്പത്തികമാന്ദ്യത്തിന്റെ തളര്‍ച്ചയിലാണ്‌. നിര്‍മ്മാണമേഖലയില്‍ തുടങ്ങിയിരിക്കുന്ന മന്ദത നാനാമേഖലകളിലേക്കും വ്യാപിക്കുന്നതിന്റെ സാക്ഷ്യപത്രമായിരുന്നു ഏവിയേഷന്‍ ക്ലബ്‌ സെന്റര്‍ കോര്‍ട്ടില്‍ കണ്ടത്‌. ഫെബ്രുവരി 15 മുതല്‍ 21 വരെ നടന്ന വനിതാ ചാമ്പ്യന്‍ഷിപ്പിലും 23 മുതല്‍ 28 വരെ അരങ്ങേറിയ പുരുഷ ചാമ്പ്യന്‍ഷിപ്പിലും കണ്ട ആരാധക മാന്ദ്യത്തില്‍ സംഘാടകര്‍ പോലും നിരാശയോടെ കൈമലര്‍ത്തുന്നു.
ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ തന്നെ സാനിയ മിര്‍സ പുറത്തായത്‌ ഇന്ത്യക്കാരെ അകറ്റി. റോജര്‍ ഫെഡ്‌ററും റാഫേല്‍ നദാലും ആന്‍ഡി റോഡിക്കുമെല്ലാം മാറിനിന്നത്‌ വിദേശികളെയും ബാധിച്ചു. കാണികള്‍ അകന്നെങ്കിലും ചാമ്പ്യന്‍ഷിപ്പിന്‌ ആഘോഷ പൊലിമ കുറഞ്ഞിരുന്നില്ല. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ മല്‍സരങ്ങളുടെ പ്രായോജകരായ ബാര്‍ക്ലേയ്‌സ്‌ സ്‌പോണ്‍സര്‍ ചെയ്‌ത ചാമ്പ്യന്‍ഷിപ്പായതിനാല്‍ ആദ്യാവസാനം എല്ലാം ഗംഭീരമായിരുന്നു.
ഏ.ടി.പി ടൂറില്‍ തുടര്‍ച്ചയായി മൂന്ന്‌ തവണ ഏറ്റവും മികച്ച വേദിയായി തെരഞ്ഞെടുക്കപ്പെട്ട ദുബായ്‌ ടെന്നിസ്‌ സ്റ്റേഡിയം തന്നെ സുന്ദരമായ കാഴ്‌ച്ചയാണ്‌. ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകള്‍ക്കായി ഒരുക്കുന്ന അത്യാധുനിക സജജീകരണങ്ങളില്‍ കളിക്കാന്‍ കഴിയുമ്പോള്‍ ലോകോത്തര താരങ്ങളെല്ലാം സന്തോഷവാന്മാരാണ്‌. സ്‌റ്റേഡിയം ഒരു ദിവസം പോലും നിറഞ്ഞ്‌്‌ കവിഞ്ഞില്ല എന്ന നിരാശയാണ്‌ വീനസ്‌ വില്ല്യംസിനെപോലുളളവര്‍ പ്രകടിപ്പിച്ചത്‌. നല്ല ഫോമിലായിരുന്നു വീനസ്‌. സറീനെ തോല്‍്‌പ്പിക്കാനായതും ഫൈനലില്‍ ഫ്രാന്‍സില്‍ നിന്നുളള പ്രതിയോഗി വീര്‍ജിനിയ റസാനോയെ ഏപക്ഷീയ മല്‍സരത്തില്‍ പുറന്തളളാനായതുമെല്ലാം അമേരിക്കന്‍ താരത്തിന്‌ സന്തോഷം സമ്മാനിക്കുമ്പോള്‍ തന്നെ ഏഷ്യന്‍ കാണികള്‍ ടെന്നിസില്‍ നിന്ന്‌ അകലുന്നുവോ എന്ന ആശങ്കയാണ്‌ ഫൈനലിന്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വീനസ്‌ പ്രകടിപ്പിച്ചത്‌.
ഫുട്‌ബോളിനും ക്രിക്കറ്റിനുമാണ്‌ യു.എ.ഇ യില്‍ ജനകീയത... ഫുട്‌ബോള്‍ സമ്മാനിക്കുന്ന ആനന്ദത്തോളം വലുതായി യു.എ.ഇയില്‍ മറ്റൊന്നില്ല. എമിറേറ്റ്‌സ്‌ എയര്‍വേയ്‌സിന്റെ അതിഥിയായാണ്‌ ഞാന്‍ ഭാര്യാസമേതം ദൂബായില്‍ എത്തിയത്‌. ദുബായ്‌ മറീനക്ക്‌ സമീപമുളള ഹോട്ടല്‍ ഹാര്‍ബര്‍ എന്ന 58 നിലയുള്ള അതിവിശാല പഞ്ചനക്ഷത്ര സൗധത്തിലായിരുന്നു താമസം. ഹോട്ടലില്‍ നിറയെ ടെന്നിസ്‌ കാണാനെത്തിയ വിദേശികളായിരുന്നു. ദിവസവും നടക്കുന്ന നാല്‌ മല്‍സരങ്ങള്‍ ആസ്വദിക്കാനായി ഇവരെല്ലാം കുടുംബ സമേതമാണ്‌ പുറപ്പെടുന്നത്‌. ഈ ആവേശം പക്ഷേ തദ്ദേശികളിലോ പ്രവാസികളിലോ കണ്ടില്ല. രാജ്യത്ത്‌ നിലനില്‍ക്കുന്ന സാമ്പത്തിക പ്രയാസങ്ങളില്‍ ആകുലപ്പെട്ട്‌ അല്‍പ്പമധികം മുന്‍കരുതലോടെയാണ്‌ എല്ലാവരും നീങ്ങുന്നത്‌. ഹോട്ടല്‍ ഹാര്‍ബറിന്‌ സമീപം നാല്‌ വലിയ സൗധങ്ങള്‍ ഉയരുന്നുണ്ട്‌. പക്ഷേ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അടിയന്തിരമായി നിര്‍ത്തിവെച്ചിരിക്കയാണ്‌. മലയാളികള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം തൊഴിലാളികളും നാട്ടിലേക്ക്‌ മടങ്ങാന്‍ നിര്‍ബന്ധിതരായി. ഐ.ടി മേഖലയിലെ പല വലിയ സ്ഥാപനങ്ങളും നിലനില്‍പ്പിനായുളള പോരാട്ടത്തില്‍ ജീവനക്കാരുടെ അംഗസംഖ്യ വെട്ടിചുരുക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ പ്രതിഫലത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തുന്നു. ഇതിനിടെയാണ്‌ ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ ബഹളത്തില്‍ ദുബായ്‌ ഓപ്പണ്‍ ആരംഭിച്ചത്‌.
മുപ്പത്‌ ദിര്‍ഹമായിരുന്നു പ്രാഥമിക റൗണ്ടിന്റെ സാധാരണ ടിക്കറ്റ്‌ നിരക്ക്‌. പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി, ഫൈനല്‍ മല്‍സരങ്ങളില്‍ ടിക്കറ്റ്‌ നിരക്കില്‍ മാറ്റങ്ങളുണ്ടായിരുന്നു.(തുടരും)

എഗെയിന്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: വാണ്ടറേഴ്‌്‌സില്‍ ഇന്നലെ മൂന്ന്‌ സാധ്യതകളും ശക്തമായി നിലനിന്നിരുന്നു....ഒന്നുങ്കില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ വിജയം, അല്ലെങ്കില്‍ ഒരു ഓസ്‌ട്രേലിയന്‍ വിജയം, അതുമല്ലെങ്കില്‍ ഒരു സമനില.....
ഒന്നാം ടെസ്‌റ്റിന്റെ അവസാന ദിവസത്തില്‍ ജാക്‌ കാലിസും ഹാഷിം അംലയും ബാറ്റ്‌ ചെയ്യാന്‍ വരുമ്പോള്‍ കാണികള്‍ ആകാംക്ഷയില്‍ പൊതിഞ്ഞ ആശങ്കയിലായിരുന്നു. പക്ഷേ ആദ്യ രണ്ട്‌ സെഷനോടെ ചിത്രം വ്യക്തമായി-അച്ചടക്കമുളള ബൗളിംഗുമായി ഓസ്‌ട്രേലിയക്കാര്‍ ദക്ഷിണാഫ്രിക്കയെ വരിഞ്ഞ്‌ മുറുക്കി ഒന്നാം ടെസ്റ്റ്‌ 162 റണ്‍സിന്‌ സ്വന്തമാക്കി. അന്തിമ ദിനത്തിലെ 90 ഓവറുകളില്‍ നിന്നായി 276 റണ്‍സായിരുന്നു ആതിഥേര്‍ക്ക്‌ ആവശ്യം. പക്ഷേ സമ്മര്‍ദ്ദത്തിനടിപ്പെട്ട്‌ എല്ലാവരും കുടാരം കയറി. ഒരു മാസം മുമ്പ്‌ മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ വെച്ച്‌ ഇതേ സാഹചര്യത്തില്‍ ടീമിനെ വിസ്‌മയവിജയത്തിലേക്ക്‌ നയിച്ച ജെ.പി ഡുമിനി പുറത്തായതോടെ ചായക്ക്‌ ശേഷം കേവലം എട്ട്‌ മിനുട്ടിനിടെ ഓസ്‌ട്രേലിയന്‍ ആവേശത്തിന്‌ വിജയാന്ത്യമായി. ഓസ്‌ട്രേലിയയെ തറപറ്റിച്ചാണ്‌ ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തിയത്‌. ഒന്നാം റാങ്കുകാര്‍ക്കുളള ലോക കിരീടം സ്വന്തമാക്കാന്‍ വിലപ്പെട്ട അല്‍പ്പം പോയന്റ്‌ കൂടി വേണ്ട സാഹചര്യത്തിലാണ്‌ ഇപ്പോള്‍ പരാജയം പിണഞ്ഞിരിക്കുന്നത്‌.
112 റണ്‍സിന്‌ നാല്‌ വിക്കറ്റ്‌ നേടിയ മിച്ചല്‍ ജോണ്‍സണാണ്‌ ദക്ഷിണാഫ്രിക്കയുടെ അന്തകനായത്‌. മാജിക്‌ സ്‌പെല്ലുമായി പീറ്റര്‍ സിഡില്‍ നല്‍കിയ പിന്തുണയും വിജയത്തിന്‌ കരുത്തായി. ബ്രെട്ട്‌ ലീ എന്ന അതിവേഗക്കാരനില്ലാതെ, മൂന്ന്‌ കന്നിക്കാരുമായാണ്‌ വാണ്ടറേഴ്‌സില്‍ റിക്കി പോണ്ടിംഗിന്റെ സംഘം ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചത്‌. മല്‍സരത്തിന്റെ നാലാം ദിവസം വളരെയേറെ പ്രതീക്ഷകളുണ്ടായിരുന്നു ആതിഥേയര്‍ക്ക്‌. ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ്‌ പരാജയം മറന്ന്‌ രണ്ടാം ഇന്നിംഗ്‌സില്‍ നായകന്‍ ഗ്രയീം സ്‌മിത്തും നീല്‍ മക്കന്‍സിയും നല്‍കിയ നല്ല തുടക്കത്തില്‍ ശരാശരി മികവ്‌ അവസാന ദിവസത്തില്‍ പ്രകടിപ്പിച്ചാല്‍ തന്നെ ട
ീമിന്‌ ജയിക്കാമായിരുന്നു. കാലിസ്‌-അംല സഖ്യമായിരുന്നു വെല്ലുവിളി. തുടക്കത്തില്‍ തന്നെ ഈ സഖ്യത്തെ വിറപ്പിച്ച ഹില്‍ഫാന്‍ഹസ്‌ കാര്യങ്ങള്‍ ആതിഥേയര്‍ക്ക്‌ എളുപ്പമല്ലെന്ന്‌ തെളിയിച്ചു. 76 വിലപ്പെട്ട റണ്‍സ്‌ സ്വന്തമാക്കിയ ഈ സഖ്യത്തെ പീറ്റര്‍ സീഡില്‍ തകര്‍ത്തത്‌ വരാനിരിക്കുന്ന ദുരന്തങ്ങളുടെ തുട
ക്കമായിരുന്നു. ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡിന്റെ വേഗതയില്‍ എബി ഡി വില്ലിയേഴ്‌സ്‌ മടങ്ങി. അടുത്ത പത്ത്‌ ഓവറില്‍ പത്ത്‌ റണ്‍ മാത്രമാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ സമ്പാദിക്കാനായത്‌. പുതിയ പന്തെടുത്തപ്പോള്‍ ആദ്യ ഓവറില്‍ തന്നെ ജോണ്‍സന്റെ പന്തില്‍ കാലിസ്‌ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങിയതാണ്‌. പക്ഷേ കാലിസ്‌ അമ്പയറുടെ അപ്പീല്‍ അംഗീകരിച്ചില്ല. തുടര്‍ന്ന്‌ തേര്‍ഡ്‌ അമ്പയര്‍ ഇടപ്പെട്ടപ്പോള്‍ തീരുമാനം കാലിസിന്‌ തന്നെ അനുകൂലമായി. പക്ഷേ അധികസമയം തുടരാന്‍ കാലിസിന്‌ കഴിഞ്ഞില്ല. ഡുമിനിയുടെ ചെറുത്തുനില്‍പ്പിലായിരുന്നു പിന്നെ പ്രതീക്ഷകള്‍. ഉച്ചഭക്ഷണത്തിന്‌ ശേഷം ഡുമിനിക്കും പിടിച്ചുനില്‍ക്കാനായില്ല.....


സെഞ്ച്വറി ബഹളം
ലാഹോര്‍: പാക്കിസ്‌താന്‍-ശ്രീലങ്ക രണ്ടാം ടെസ്റ്റിലും സെഞ്ച്വറി ബഹളം.. ബാറ്റ്‌സ്‌മാന്മാരുടെ സര്‍വാധിപത്യത്തില്‍ സമനിലയില്‍ കലാശിച്ച ആദ്യ ടെസ്റ്റിലെന്ന പോലെയാണ്‌ രണ്ടാം ടെസ്‌റ്റിലും കാര്യങ്ങള്‍ നീങ്ങുന്നത്‌. തിലാന്‍ സമരവീര (214), കുമാര്‍ സങ്കക്കാര (104), തിലകരത്‌നെ ദില്‍ഷാന്‍ (145) എന്നിവരുടെ സെഞ്ച്വറികളില്‍ 606 റണ്‍സാണ്‌ ലങ്ക സ്വന്തമാക്കിയിരിക്കുന്നത്‌. മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ഖുറം മന്‍സുറിന്റെ അര്‍ദ്ധ സെഞ്ച്വറിയില്‍ പാക്കിസ്‌താന്‍ ഒരു വിക്കറ്റിന്‌ 110 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. സെഞ്ച്വറി ബഹളത്തില്‍ പാക്‌ സീമര്‍ ഉമര്‍ ഗുല്‍ ആറ്‌ വിക്കറ്റ്‌ നേടിയത്‌ മാത്രമാണ്‌ വാര്‍ത്ത. ഒന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ സമരവീര പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഇരട്ടശതകം തികച്ചപ്പോള്‍ അതേ കരുത്തിലായിരുന്നു ദില്‍ഷാന്റെ പ്രകടനം.

സമനില
ബാര്‍ബഡോസ്‌: ബാറ്റിംഗ്‌ കരുത്തില്‍ ഇംഗ്ലണ്ട്‌-വിന്‍ഡീസ്‌ നാലാം ടെസ്‌റ്റും സമനിലയിലേക്ക്‌.. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട്‌ സ്വന്തമാക്കിയ വലിയ സ്‌ക്കോറിനെതിരെ (ആറ്‌ വിക്കറ്റിന്‌ 600 റണ്‍സ്‌ ഡിക്ലയേര്‍ഡ്‌) വിന്‍ഡീസ്‌ രാം നരേഷ്‌ സര്‍വന്റെ (291) മികവില്‍ ഒമ്പത്‌ വിക്കറ്റിന്‌ 749 റണ്‍സ്‌ സ്വന്തമാക്കിയതോടെയാണ്‌ സമനിലയുടെ ചിത്രം വ്യക്തമായത്‌. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ നാടകീയ ജയം സ്വന്തമാക്കിയ ക്രിസ്‌ ഗെയിലിന്റെ ആതിഥേയ സംഘമാണ്‌ പരമ്പരയില്‍ ഇപ്പോഴും മുന്നില്‍. പരമ്പരയിലെ അവസാന മല്‍സരം അടുത്തയാഴ്‌്‌ച ബ്രയന്‍ലാറയുടെ നാടായ ട്രിനിഡാഡില്‍ നടക്കും.

റയല്‍ അടുക്കുന്നു
മാഡ്രിഡ്‌: സ്‌പാനിഷ്‌ ലീഗില്‍ ബാര്‍സിലോണയുടെ കുതിപ്പ്‌ തടയാനുളള നീക്കങ്ങളില്‍ റയല്‍ മാഡ്രിഡിന്‌ നിര്‍ണ്ണായക വിജയം. ബാര്‍സ അത്‌ലറ്റികോ മാഡ്രിഡിനോട്‌ തോറ്റ ആഴ്‌ച്ചയില്‍ എസ്‌പാനിയോളിനെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തി റയല്‍ തൊട്ടടുത്ത പ്രതിയോഗിയുമായുള്ള ദൂരം നാല്‌ പോയന്റാക്കി കുറച്ചു. ലീഗില്‍ ബാര്‍സക്കിപ്പോള്‍ 60 പോയന്റുണ്ട്‌. റയലിന്‌ 56 ഉം. യുവേഫ ചാമ്പ്യന്‍സ്‌ ലീഗിലെ നിരാശ മറന്ന്‌ കളിച്ചാണ്‌ റൗള്‍ ഗോണ്‍സാലസിന്റെ ടീം നിര്‍ണ്ണായക വിജയം നേടിയത്‌.
ഇംഗ്ലീഷ്‌്‌ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ പിറകോട്ടാണ്‌. മിഡില്‍സ്‌ബോറോക്കെതിരായ മല്‍സരത്തില്‍ രണ്ട്‌ ഗോളിന്റെ പരാജയം പിണഞ്ഞതോടെ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ അരികിലെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്‌ ലിവര്‍പൂള്‍. മാഞ്ചസ്റ്ററിനിപ്പോള്‍ 62 പോയന്റുണ്ട്‌. ചെല്‍സിക്കും ലിവര്‍പൂളിനും 55 വീതം.
ഇറ്റാലിയന്‍ ലീഗില്‍ യുവന്തസിന്‌ മാത്രമാണ്‌ ഈയാഴ്‌ച്ച നല്ല വിജയം ലഭിച്ചത്‌. നാപ്പോളിക്കെതിരെ അവര്‍ ഏകഗോള്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ഏ.സി മിലാന്‍ 1-2 ന്‌ സാംപദോറിയയോട്‌ പരാജയപ്പെട്ടു.

No comments: