Monday, March 30, 2009

BRAZIL ESCAPE

ബ്രസീല്‍ രക്ഷപ്പെട്ടു
ക്വിറ്റോ: സത്യം-ബ്രസീല്‍ രക്ഷപ്പെട്ടിരിക്കുന്നു.... സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള വേദിയില്‍, പരിചയമില്ലാത്ത കാലാവസ്ഥയില്‍, സാഹചര്യങ്ങളില്‍ വട്ടം തിരിഞ്ഞ ബ്രസീലുകാര്‍ ഇക്വഡോറിനെതിരായ സമനിലയില്‍ നന്ദി പറയേണ്ടത്‌ ജൂലിയസ്‌ സീസര്‍ എന്ന ഡിഫന്‍ഡറോട്‌. തിരമാല കണക്കെ ആഞ്ഞടിച്ച ഇക്വഡോറുകാരില്‍ നിന്നും ടീമിനെ സമനിലയുമായി രക്ഷിച്ചത്‌ മറ്റാരുമായിരുന്നില്ല. ഇന്നലെ ലാറ്റിനമേരിക്കയില്‍ നടന്ന രണ്ട്‌ യോഗ്യതാ മല്‍സരങ്ങളും കഴിഞ്ഞതോടെ പോയന്റ്‌്‌ ടേബിളില്‍ ബ്രസീല്‍ നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. പരാഗ്വേ , അര്‍ജന്റീന, ചിലി എന്നിവരാണ്‌ ആദ്യ മൂന്ന്‌ സ്ഥാനങ്ങളില്‍. പെറുവിനെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്കാണ്‌ ഇന്നലെ ചിലി തകര്‍ത്തത്‌.
ബ്രസീലിയന്‍ താരങ്ങള്‍ക്ക്‌ എന്നും തലവേദനയായിട്ടുളള വേദിയാണ്‌ ക്വിറ്റോ. അതിവേഗതയില്‍ കളിച്ചാല്‍ ആദ്യ പകുതിയോടെ തളരും, പതുക്കെ കളിച്ചാല്‍ ടീമിന്‌ താളം ലഭിക്കുകയുമില്ല. ഈ പ്രയാസങ്ങള്‍ എപ്പോഴും ഇവിടെ ബ്രസീല്‍ നേരിട്ടുണ്ട്‌. ഇത്‌ കാരണമാണ്‌ കഴിഞ്ഞ രണ്ട്‌ തവണ ഇവിടെ വന്നപ്പോഴും പരാജയപ്പെട്ടത്‌. ഇത്തവണ കോച്ച്‌ ഡുംഗെ സ്വീകരിച്ച സമീപനം വിത്യസ്‌തമായിരുന്നില്ല-കടന്നാക്രമണം വേണ്ട. പക്ഷേ ഇക്വഡോറുകാര്‍ ഒന്നിന്‌ പിറകെ ഒന്നായി ആക്രമണം നടത്തിയപ്പോള്‍ പലപ്പോഴും ബ്രസീല്‍ ഗോള്‍മുഖം വിറച്ചു. ജൂലിയസ്‌ സീസര്‍ എന്ന ഡിഫന്‍ഡറുടെ ജാഗ്രതയാണ്‌ പലപ്പോഴും ടീമിനെ തുണച്ചത്‌. ആദ്യ ം ഗോളടിച്ചത്‌ ബ്രസീലാണ്‌. സബ്‌സ്‌റ്റിറ്റിയൂട്ട്‌ ജൂലിയോ ബാപ്‌റ്റിസ്റ്റ മൈതാനത്തിറങ്ങി ഒന്നാം മിനുട്ടില്‍ തന്നെ ഗോളടിച്ചപ്പോള്‍ കളി അവസാനിക്കാന്‍ ഒരു മിനുട്ട്‌ മാത്രം ശേഷിക്കെ സബ്‌സ്‌റ്റിറ്റിയൂട്ട്‌ കൃസ്‌റ്റിയന്‍ നോബോവ ഇക്വഡോറിനെ ഒപ്പമെത്തിച്ചു. മല്‍സര ശേഷം സംസാരിക്കവെ ഭാഗ്യമാണ്‌ തന്റെ ടീമിനെ തുണച്ചതെന്ന്‌ ബ്രസീല്‍ കോച്ച്‌ ഡുംഗെ സമ്മതിക്കുകയും ചെയ്‌തു.
പെറുവിനെതിരെ ചിലി അപാര ഫോമിലായിരുന്നു. എതിരാളികളുടെ മൈതാനത്ത്‌ കളിച്ചിട്ടും വന്‍ വിജയം നേടാനായതോടെ അവരുടെ ഫൈനല്‍ റൗണ്ട്‌ പ്രതീക്ഷകളും സജീവമായിരിക്കുന്നു. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ പെറുവിന്റെ നെറ്റ്‌ ചലിപ്പിച്ച അലക്‌സിസ്‌ സാഞ്ചസാണ്‌ മല്‍സര ഹീറോ. രണ്ടാം ഗോള്‍ ഹുംബര്‍ട്ടോ സാവുസിന്റെ ബൂട്ടില്‍ നിന്നായിരുന്നു. കളി അവസാനിക്കാന്‍ 20 മിനുട്ട്‌ ശേഷിക്കവെ മതിയാസ്‌ ഫെര്‍ണാണ്ടസ്‌ മൂന്നാം ഗോളും നേടി.
പത്ത്‌്‌ ടീമുകള്‍ മല്‍സരിക്കുന്ന ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ എല്ലാ ടീമുകളും പതിനൊന്ന്‌ മല്‍സരങ്ങളാണ്‌ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. ഒന്നാം സ്ഥാനത്തുളള പരാഗ്വേക്ക്‌ 23 പോയന്റാണുളളത്‌. അര്‍ജന്റീനയും ചിലിയും 19 ല്‍ നില്‍ക്കുന്നു. ബ്രസീലിന്‌ 18 പോയന്റാണുളളത്‌. ഉറുഗ്വേ 16 ലും കൊളംബിയ 14 ലും നില്‍ക്കുന്നു.
ശനിയാഴ്‌ച്ച നടന്ന മല്‍സരത്തില്‍ ഡിയാഗോ മറഡോണ പരിശീലിപ്പിച്ച അര്‍ജന്റീന നാല്‌ ഗോളിന്‌ വെനിസ്വേലയെയും ഉറുഗ്വേ രണ്ട്‌ ഗോളിന്‌ പരാഗ്വേയെയും കൊളംബിയ ഇതേ മാര്‍ജിനില്‍ ബൊളീവിയയെയും തോല്‍പ്പിച്ചിരുന്നു.
യോഗ്യതാ റൗണ്ട്‌ ഇന്നും തുടരും. ഇന്നത്തെ അങ്കം വെനിസ്വേലയും കൊളംബിയയും തമ്മിലാണ്‌. നാളെ ബൊളീവിയ അര്‍ജന്റീനയയും ഇക്വഡോര്‍ പരാഗ്വേയെയും ചിലി ഉറുഗ്വയെയും ബ്രസീല്‍ പെറുവിനെയും നേരിടും.

പോയന്റ്‌്‌ ടേബിള്‍
(ലാറ്റിനമേരിക്കയില്‍ എല്ലാ ടീമുകളും 11 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍. ആദ്യ നാല്‌ സ്ഥാനക്കാര്‍ക്കാണ്‌ ലോകകപ്പ്‌ ഫൈനല്‍ ബെര്‍ത്ത്‌. അഞ്ചാം സ്ഥാനത്തുള്ള ടീമിന്‌ പ്ലേ ഓഫ്‌ യോഗ്യതയുണ്ട്‌. എതിരാളികള്‍ കോണ്‍കാകാഫിലെ നാലാം സ്ഥാനക്കാരായിരിക്കും)
പരാഗ്വേ- 23
അര്‍ജന്റീന-19
ചിലി-19
ബ്രസീല്‍-18
ഉറുഗ്വേ-16
കൊളംബിയ -14
ഇക്വഡോര്‍-13
വെനിസ്വേല-10
ബൊളീവിയ-9
പെറു-7

ആഫ്രിക്കയില്‍ അട്ടിമറികള്‍ തുടരുന്നു
കെയ്‌റോ: ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ കാര്യമായ അട്ടിമറികള്‍. അധികമാരുമറിയാത്ത ടോംഗോ കാമറൂണിനെയും ഗാബോണ്‍ മൊറോക്കോയെയും തോല്‍പ്പിച്ചതിന്‌ പിറകെ ഇന്നലെ നട
ന്ന മല്‍സരത്തില്‍ കരുത്തരായ ഈജിപ്‌തിനെ സാംബിയ 1-1 ല്‍ തളച്ചു. കെയ്‌റോ സ്‌റ്റേഡിയത്തില്‍ അരലക്ഷത്തോളം ഈജിപ്‌ഷ്യന്‍ ആരാധകരെ സാക്ഷിനിര്‍ത്തി നടന്ന മല്‍സരത്തിലാണ്‌ സാംബിയ അല്‍ഭുതം കാട്ടിയത്‌. തുടക്കത്തില്‍ ലീഡ്‌ നേടിയ ഈജിപ്‌തിനെ തകര്‍പ്പന്‍ പ്രത്യാക്രമണങ്ങളുമായാണ്‌ സാംബിയക്കാര്‍ പിടിച്ചുനിര്‍ത്തിയത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ വിഗാന്‌ വേണ്ടി കളിക്കുന്ന അമര്‍ സാക്കിയുടെ ഗോളില്‍ ഇരുപത്തിയേഴാം മിനുട്ടിലാണ്‌ ഈജിപ്‌ത്‌ ലീഡ്‌ നേടിയത്‌. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡിഫന്‍ഡര്‍ ഡെന്നിസ്‌ ബാന്‍ഡ സാംബിയക്കായി സമനില നേടി. സ്വന്തം മൈതാനത്ത്‌ തകര്‍പ്പന്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ വന്‍കരാ ജേതാക്കള്‍ രണ്ടാം പകുതിയില്‍ തീര്‍ത്തും മങ്ങുകയായിരുന്നു.
ആറ്‌ തവണ വന്‍കരാ ചാമ്പ്യന്മാരായിട്ടും ഈജിപ്‌തിന്‌ ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ പലപ്പോഴും വലിയ തലവേദനയായിരുന്നു. 1960 മുതല്‍ ആഫ്രിക്കയില്‍ നിന്നും യോഗ്യതാ റൗണ്ട്‌ ആരംഭിച്ചതിന്‌ ശേഷം ഒരേ ഒരു തവണയാണ്‌ ഈജിപ്‌തിന്‌ ഫൈനല്‍ റൗണ്ട്‌ കളിക്കാനായത്‌-പത്തൊമ്പത്‌ വര്‍ഷം മുമ്പ്‌ ഇറ്റലിയില്‍. ഇത്തവണ കരുത്തുറ്റ ടീമിനെയാണ്‌ ഈജിപ്‌ത്‌ അണിനിരത്തുന്നത്‌. എന്നിട്ടും 70,000 ത്തിലധികം കാണികളുടെ പിന്തുണയിലും ടീമിന്‌ ജയിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്‌.
എങ്ങനെയെങ്കിലും വിജയിക്കാന്‍ കോച്ച്‌ ഹസന്‍ ഷഹസാദ സൂപ്പര്‍ താരങ്ങളായ മുഹമ്മദ്‌ അബ്ദുറിക്കയെയും അഹമ്മദ്‌ ഹൊസാമിനെയും രംഗത്തിറക്കിയിട്ടും സാംബിയന്‍ ഡിഫന്‍സ്‌്‌ വഴങ്ങിയില്ല.
നാളെ നടക്കുന്ന മല്‍സരങ്ങള്‍
ലാറ്റിമേരിക്ക: ബൊളിവിയ-അര്‍ജന്റീന, ഇക്വഡോര്‍-പരാഗ്വേ, ചിലി-ഉറുഗ്വേ, ബ്രസീല്‍-പെറു
യൂറോപ്പ്‌: ലാത്ത്‌വിയ-ലക്‌സംബര്‍ഗ്ഗ്‌, ഹംഗറി-മാള്‍ട്ട, ലൈഞ്ചസ്റ്റിന്‍-റഷ്യ, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്‌-സ്ലോവേനിയ, വെയില്‍സ്‌-ജര്‍മനി, ഡെന്മാര്‍ക്ക്‌-അല്‍ബേനിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്‌-മോള്‍ദോവ, പോളണ്ട്‌-സാന്‍മറീനോ, ചെക്‌ റിപ്പബ്ലിക്‌-സ്ലോവാക്യ, ഗ്രീസ്‌-ഇസ്രാഈല്‍.

ഐവറികോസ്‌റ്റില്‍ സ്‌റ്റേഡിയം തകര്‍ന്ന്‌ 19 മരണം
അബിദ്‌ജാന്‍ (ഐവറികോസ്‌റ്റ്‌): ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്‌റ്റില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയം തകര്‍ന്ന്‌ 19 പേര്‍ മരിച്ചു. 132 പേര്‍ക്ക്‌ പരുക്കുണ്ട്‌. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്‌. ഐവറി കോസ്‌റ്റും മലാവിയും തമ്മിലുളള ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തിനിടെ ഞായറാഴ്‌ച്ച വൈകുന്നേരമാണ്‌ സംഭവം. അബിദാജാന്‍ നഗരത്തിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സ്വന്തം ടീമിന്റെ പ്രകടനം കാണാനെത്തിയവരാണ ്‌ദുരന്തത്തിനിരയായത്‌. മല്‍സരത്തിന്റെ മണിക്കൂറുകള്‍ മുമ്പ്‌ തന്നെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. ടിക്കറ്റ്‌ ലഭിക്കാത്ത ആയിരകണക്കിന്‌ ആരാധകരുണ്ടാക്കിയ പ്രശ്‌നങ്ങളാണ്‌ സ്‌റ്റേഡിയത്തിന്റെ ഒരു ഗേറ്റ്‌ തകരാന്‍ കാരണമായതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. സംഭവത്തില്‍ ഫിഫ പ്രസിഡണ്ട്‌ സെപ്‌ ബ്ലാറ്റര്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ടിക്കറ്റ്‌ ലഭിക്കാത്ത ആരാധകര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന്‌്‌ പോലീസ്‌ ടിയര്‍ ഗ്യാസ്‌ പ്രയോഗിച്ചിരുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ തലങ്ങും വിലങ്ങും ആളുകള്‍ ഓടുന്നതിനിടെയാണ്‌ ദുരന്തം.
അഞ്ച്‌ ഗോളിന്‌ മലാവിയെ തരിപ്പണമാക്കി ഐവറികോസ്‌റ്റ്‌ വിജയം ആഘോഷിച്ചെങ്കിലും നാട്ടിലെ ദുരന്തം ടീമിനും താരങ്ങള്‍ക്കും ആഘാതമായി. യൂറോപ്യന്‍ ലീഗുകളില്‍ ഐവറി കോസ്‌റ്റിനായി കളിക്കുന്ന സൂപ്പര്‍ താരങ്ങളെല്ലാം മല്‍സരത്തിനുണ്ടായിരുന്നു. ഇവരുടെ പ്രകടനം കാണാനാണ്‌ എല്ലാവരുമെത്തിയത്‌. ഐവറിക്കാര്‍ ദൈവമായി കരുതുന്ന ചെല്‍സിക്കാരന്‍ ദിദിയര്‍ ദ്രോഗ്‌ബെ, ചെല്‍സിക്കായി തന്നെ കളിക്കുന്ന സലോമാന്‍ കാലു, ആഴ്‌സനലിന്റെ ഇമാനുവല്‍ എബൗ, കാലേ ടൂര്‍ എന്നിവരെല്ലാം രാജ്യത്തിനായി കളിക്കാനുണ്ടായിരുന്നു. ഇവരുടെ പ്രകടനം കാണാതെ തങ്ങള്‍ തിരിച്ച്‌ പോവില്ലെന്നായാരുന്നു ടിക്കറ്റ്‌ ലഭിക്കാത്ത ആരാധകര്‍ വിളിച്ചു പറഞ്ഞത്‌. മല്‍സരം നടക്കുമ്പോള്‍ ഇവര്‍ നിരന്തരമായി ബഹളം വെക്കുകയായിരുന്നു.
പലവട്ടം പറഞ്ഞിട്ടും കാണികള്‍ പിരിഞ്ഞു പോവാത്തതാണ്‌ വലിയ പ്രശ്‌നമായതെന്ന്‌്‌ രാജ്യത്തെ സോക്കര്‍ ഫെഡറേഷന്‍ വ്യക്തമാക്കി.
അടുത്ത വര്‍ഷം ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ കനത്ത ആഘാതം കൂടിയാണ്‌ ഈ സംഭവം. ദക്ഷിണാഫ്രിക്കയിലാണ്‌ ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ നടക്കുന്നത്‌. ഇവിടെയും കാണികളുടെ ബഹളവും കലാപവും പതിവ്‌ സംഭവമാണ്‌.
35,000 പേര്‍ക്കായിരുന്നു സ്‌റ്റേഡിയത്തില്‍ ഇരിപ്പിടം. എന്നാല്‍ ഇതിന്റെ ഇരട്ടിയാളുകള്‍ പുറത്ത്‌ ടിക്കറ്റ്‌ ലഭിക്കാതെ നില്‍ക്കുകയായിരുന്നുവെന്ന്‌ ഐവറി കോസ്‌റ്റിന്റെ സ്‌പോര്‍ട്‌സ്‌ മന്ത്രി ഡാഗോബര്‍ട്ട്‌ ബാന്‍സിയോ പറഞ്ഞു. സ്‌റ്റേഡിയത്തിന്റെ ഗേറ്റ്‌ അടച്ചപ്പോള്‍ ഇവര്‍ ഗെയിറ്റ്‌ തളളുകയും മതിലില്‍ നിരന്തരം ഇടിക്കുകയുമായിരുന്നു. തുടര്‍ച്ചയായുളള തളളലില്‍ ഒരു ഗേറ്റ്‌ തകര്‍ന്നു. തുടര്‍ന്നാണ്‌ മതിലും വീണത്‌.

ലക്ഷ്‌മണ്‍ സിന്ദാബാദ്‌
നേപ്പിയര്‍: നാലാം ദിവസം ഗൗതം ഗാംഭിറായിരുന്നെങ്കില്‍ ഇന്നലെ വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്‌മണിന്റെ ഊഴമായിരുന്നു. പുറത്താവാതെ ലക്ഷ്‌മണ്‍ സ്വന്തമാക്കിയ 124 റണ്‍സിന്റെ കരുത്തില്‍ രണ്ടാം ടെസ്റ്റില്‍ സമനില സ്വന്തമാക്കി ഇന്ത്യ മാനം കാത്തു. ഫോളോ ഓണ്‍ ചെയ്‌ത ഇന്ത്യ നാല്‌ വിക്കറ്റിന്‌ 476 റണ്‍സ്‌ എന്ന ഘട്ടത്തില്‍ കിവി നായകന്‍ ഡാനിയല്‍ വെട്ടോരി സമനില സമ്മതിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. സ്‌ക്കോര്‍ ചുരുക്കത്തില്‍: ന്യൂസിലാന്‍ഡ്‌-ഒന്നാം ഇന്നിംഗ്‌സ്‌ എട്ടിന്‌ 619 ഡിക്ലയേര്‍ഡ്‌. (ജെസി റൈഡര്‍ 201, റോസ്‌ ടെയലര്‍-151, ബ്രെന്‍ഡന്‍ മക്കുലം 115, ഡാനിയല്‍ വെട്ടോരി 55, ജെയിംസ്‌ ഫ്രാങ്ക്‌ളിന്‍ 52). ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ 305 (രാഹുല്‍ ദ്രാവിഡ്‌-83, വി.വി.എസ്‌ ലക്ഷ്‌മണ്‍ 76). രണ്ടാം ഇന്നിംഗ്‌സ്‌-നാല്‌ വിക്കറ്റിന്‌ 476 (ഗൗതം ഗാംഭീര്‍-137, വി.വി.എസ്‌ ലക്ഷ്‌മണ്‍ പുറത്താവാതെ 124, സച്ചിന്‍-64, യുവരാജ്‌ പുറത്താവാതെ 54).
ബാറ്റിംഗിനെ അഞ്ച്‌ ദിവസവും തുണച്ച മക്‌ലീന്‍ പാര്‍ക്കില്‍ അവസാന ദിവസത്തില്‍ ഇന്ത്യയുടെ എട്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തുക എന്നത്‌ കിവി ബൗളര്‍മാരെ സംബന്ധിച്ച്‌ സാഹസിക ദൗത്യമായിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ എന്തെങ്കിലും പിഴവുകള്‍ വരുത്തുക മാത്രമായിരുന്നു രക്ഷ. ഗൗതം ഗാംഭീറും യുവരാജ്‌ സിംഗും പിഴവു കാട്ടി-പക്ഷേ അത്‌ മുതലാക്കാന്‍ കിവി ഫീല്‍ഡര്‍മാര്‍ക്ക്‌ കഴിഞ്ഞില്ല. രണ്ട്‌ വിക്കറ്റുകളാണ്‌ ഇന്നലെ നിലം പതിച്ചത്‌. സച്ചിന്‍ 64 ലും ഗാംഭീര്‍ 137 ലും വീണു. പകരം വന്ന ലക്ഷ്‌മണും യുവരാജും കിവി ബൗളര്‍മാര്‍ക്കോ ഫീല്‍ഡര്‍മാര്‍ക്കോ പ്രതീക്ഷ നല്‍കിയതേയില്ല. ആദ്യ ടെസ്റ്റില്‍ പത്ത്‌ വിക്കറ്റ്‌ വിജയം ആസ്വദിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിട്ടു നില്‍ക്കുകയാണ്‌. പരമ്പരയിലെ അവസാന മല്‍സരം വെള്ളിയാഴ്‌ച്ച മുതല്‍ വെല്ലിംഗ്‌ടണില്‍ ആരംഭിക്കും. കിവി ഒന്നാം ഇന്നിംഗ്‌സില്‍ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയ റൈഡറാണ്‌ കളിയിലെ കേമന്‍.
തേര്‍ഡ്‌ ഐ
നേപ്പിയര്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം. ഇന്ത്യ ഫോളോ ഓണ്‍ ചെയ്യുകയാണ്‌. അവസാന സെഷനില്‍ ക്യാപ്‌റ്റന്‍ വിരേന്ദര്‍ സേവാഗ്‌ അനാവശ്യ ഷോട്ടില്‍ ജിതന്‍ പട്ടേലിന്‌ വിക്കറ്റ്‌ നല്‍കി ന്യൂസിലാന്‍ഡുകാര്‍ക്ക്‌ ആഘോത്തിന്‌ അവസരമൊരുക്കി പവിലിയനിലേക്ക്‌ മടങ്ങുന്നു. പതിവ്‌ പോലെ ഓരോ ദിവസത്തെയും മല്‍സരത്തിന്റെ അവസാനത്തില്‍ ഇരു ടീമിലെയും ഏതെങ്കിലും ഒരു താരം പത്രക്കാരെ കാണാറുണ്ട്‌. അന്ന്‌ ഇന്ത്യയെ പ്രതിനിധീകരിച്ചത്‌ വി.വി.എസ്‌ ലക്ഷ്‌മണായിരുന്നു. ഇന്ത്യ ഈ കളി തോല്‍ക്കില്ലേ എന്ന ചോദ്യത്തിന്‌ ലക്ഷ്‌മണ്‍ നല്‍കിയ മറുപടി മല്‍സരം സമനിലയിലാവുമെന്നായിരുന്നു. ആരും അത്‌ വിശ്വസിച്ചില്ല. അതിന്‌ കാരണവുമുണ്ടായിരുന്നു-രണ്ട്‌ ദിവസം ബാക്കിനില്‍ക്കുന്ന മല്‍സരത്തില്‍ ഫോളോ ഓണ്‍ ചെയ്യുന്ന ടീമിന്‌ ക്യാപ്‌റ്റനെയും നഷ്‌ടമായ ഘട്ടത്തില്‍ സമനിലയെന്ന ലക്ഷ്യം അല്‍ഭുതമായിരുന്നു. പക്ഷേ ലക്ഷ്‌മണ്‍ പറഞ്ഞ വാക്കുകള്‍ പ്രാവര്‍ത്തികമാക്കി. 2000-01 ലെ കൊല്‍ക്കത്ത ടെസ്‌റ്റില്‍ ഓസ്‌ട്രേലിയക്കാര്‍ക്കെതിരെ പ്രകടിപ്പിച്ച ആ മന: സാന്നിദ്ധ്യം പോലെ പ്രതിരോധത്തിന്റെയും ആക്രണമത്തിന്റെയും സ്‌പെഷ്യല്‍ ഇന്നിംഗ്‌സാണ്‌ ലക്ഷ്‌മണ്‍ കാഴ്‌ച്ചവെച്ചത്‌. ആദ്യ ഇന്നിംഗ്‌സില്‍ 17 പന്ത്‌ കളിച്ചിട്ടും പൂജ്യനായി മടങ്ങേണ്ടി വന്ന യുവരാജിലെ സമ്മര്‍ദ്ദം മനസ്സിലാകി അദ്ദേഹത്തെ പരമാവധി ബാറ്റിംഗ്‌ ക്രീസില്‍ നിന്ന്‌ അകറ്റിയുളള വെറ്ററന്‍ താരത്തിന്റെ ഇന്നിംഗ്‌സാണ്‌ ഇന്ത്യയെ തുണച്ചത്‌. ഗൗതം ഗാംഭീര്‍, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ ഇന്നിംഗ്‌സുകള്‍ മറന്ന്‌ കൊണ്ടല്ല ഈ പ്രതികരണം. ഇന്നലെ രാവിലെ തന്നെ ക്രീസിലെത്തിയ ലക്ഷ്‌മണ്‍ വേഗം പുറത്തായിരുന്നെങ്കില്‍ എല്ലാം പെട്ടെന്ന്‌ അവസാനിക്കുമായിരുന്നു. ലക്ഷ്‌മണ്‍ പുറത്തായാല്‍ പിന്നെ ബാറ്റിംഗ്‌ വിലാസമുളളത്‌ ദിനേശ്‌ കാര്‍ത്തികിന്‌ മാത്രമാണല്ലോ...
ന്യൂസിലാന്‍ഡിന്‌ പിഴച്ചത്‌ ശൗര്യത്തിലാണ്‌... ആദ്യ മൂന്ന്‌ ദിവസങ്ങളില്‍ പ്രകടിപ്പിച്ച ശൗര്യം അവസാന രണ്ട്‌ ദിവസങ്ങളില്‍ ആവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല. ബൗളര്‍മാര്‍ തളര്‍ന്നിരുന്നു. തുടര്‍ച്ചയായി എറിയേണ്ടി വന്നപ്പോള്‍ ആര്‍ക്കും കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ മുന്‍നിരയെ പുറത്താക്കാന്‍ കഴിഞ്ഞാല്‍ മാത്രമായിരുന്നു സാധ്യത. യുവരാജ്‌സിംഗ്‌ ക്രീസില്‍ വരുമ്പോള്‍ ഇന്ത്യയുടെ ലീഡ്‌ 42 റണ്‍സ്‌ മാത്രമായിരുന്നു. പുതിയ പന്തെടുക്കാന്‍ ആ ഘട്ടത്തല്‍ വെട്ടോരിക്ക്‌ അവകാശമുണ്ടായിരുന്നു-35 ഓവറുകളും ബാക്കി. പക്ഷേ ലക്ഷ്‌മണും യുവരാജും ആക്രമിച്ചു. എളുപ്പത്തില്‍ ണ്‍സ്‌ നേടി. അതോടെ മല്‍സരം നിശ്ചിത സമയത്തിന്‌ മുമ്പ്‌ സമനിലയില്‍ അവസാനിക്കുമെന്നുറപ്പായി.
ഇനി വെല്ലിംടണിലേക്കാണ്‌. ഹാമില്‍ട്ടണില്‍ മഹാവിജയം നേടിയ ടീം ഇന്ത്യ എന്ത്‌ കൊണ്ട്‌ ഇവിടെ പിറകിലായി എന്ന്‌ ചിന്തിക്കാന്‍ നാല്‌ ദിവസമുണ്ട്‌. ക്യാപ്‌റ്റന്‍ എം.എസ്‌ ധോണി തിരിച്ചെത്തുമ്പോള്‍ ആലസ്യത്തെ ഗൗരവത്തില്‍ തന്നെ വെടിയാന്‍ ഗാരി കിര്‍സ്‌റ്റണ്‍ നിര്‍ദ്ദേശം നല്‍കേണ്ടിയിരിക്കുന്നു. സമനിലയോടെ മാനം കാക്കാന്‍ കഴിഞ്ഞെങ്കിലും ഐ.സി.സി റാങ്കിംഗില്‍ വിലപ്പെട്ട പോയന്റാണ്‌ നഷ്ടമായിരിക്കുന്നത്‌ എന്ന സത്യം കിര്‍സ്‌റ്റണ്‍ മറക്കില്ലെന്ന്‌ കരുതാം.

സ്‌ട്രോസ്‌ ക്ലാസ്‌
്‌ബ്രിഡ്‌ജ്‌ടൗണ്‍: മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസ്‌ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയിലിന്റെ പ്രഹരത്തില്‍ ഇംഗ്ലണ്ട്‌ തകര്‍ന്നടിഞ്ഞതാണ്‌. പക്ഷേ അതേ നാണയത്തില്‍ തിരിച്ചടിച്ച്‌ നാലാം ഏകദിനത്തില്‍ ഒമ്പത്‌ വിക്കറ്റിന്റെ വിജയവുമായി ഇംഗ്ലണ്ട്‌ പരമ്പരയില്‍ ഒപ്പമെത്തി. മൂന്നാം മല്‍സരത്തിലെ ഹീറോ വിന്‍ഡീസ്‌ നായകനായിരുന്നെങ്കില്‍ നാലാം മല്‍സരത്തിലെ ഹീറോ ഇംഗ്ലീഷ്‌ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസായിരുന്നു. മഴ മൂലം ഓവറുകള്‍ വെട്ടിചുരുക്കേണ്ടി വന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌തത്‌ വിന്‍ഡീസ്‌. 50 ഓവര്‍ കളിച്ച ആതിഥേയര്‍ ഒമ്പത്‌ വിക്കറ്റിന്‌ 239 റണ്‍സാണ്‌ നേടിയത്‌. 69 റണ്‍സ്‌ നേടിയ ഡ്വിന്‍ ബ്രാവോയാണ്‌ ടോപ്‌ സ്‌ക്കോറര്‍. വിന്‍ഡീസ്‌ ഇന്നിംഗ്‌സിന്‌ ശേഷം മഴ തകര്‍ത്തു പെയ്‌തപ്പോള്‍ ഡെക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമം നടപ്പിലാക്കി. 20 ഓവറില്‍ ഇംഗ്ലീഷ്‌ വിജയലക്ഷ്യം 135 റണ്‍സാക്കി. അവസരം ഉപയോഗപ്പെടുത്തിയ സ്‌ട്രോസ്‌ 61 പന്തില്‍ നിന്നും 79 റണ്‍സുമായി എത്തിയപ്പോള്‍ അദ്ദേഹത്തെ പിടിച്ചുകെട്ടാന്‍ ആര്‍ക്കുമായില്ല. ഒമ്പത്‌ ബൗണ്ടറികളും ഒരു സിക്‌സറും നായകന്‍ പായിച്ചു. ലയണല്‍ ബേക്കറിന്റെ ഒരോവറിലെ നാല്‌ പന്തുകളാണ്‌ തുടര്‍ച്ചയായി സ്‌ട്രോസ്‌ അതിര്‍ത്തി കടത്തിയത്‌. പരമ്പര ആര്‍ക്കെന്ന്‌ നിശ്ചയിക്കുന്ന അന്തിമ മല്‍സരം അടുത്തയാഴ്‌ച്ച സെന്റ്‌്‌ ലൂസിയയില്‍.
ഓസീ
സെഞ്ചൂറിയന്‍: തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയക്കെതിരായ 20:20 പരമ്പര 2-0 ത്തിന്‌ സ്വന്തമാക്കി. ആദ്യ മല്‍സരത്തില്‍ നാടകീയ വിജയം നേടിയ ആതിഥേയര്‍ ഇന്നലെ 17 റണ്‍സിന്റെ ആധികാരിക വിജയമാണ്‌ നേടിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക അഞ്ച്‌ വിക്കറ്റിന്‌ 156 റണ്‍സാണ്‌ നേടിയത്‌. ഓസ്‌ട്രേലിയന്‍ മറുപടിയാവട്ടെ 139 ല്‍ അവസാനിച്ചു. 27 റണ്‍സ്‌ വീതം നേടിയ ഹസിയും ക്ലാര്‍ക്കും മാത്രമാണ്‌ പിടിച്ചുനിന്നത്‌. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌ പരാജയമായി. ദക്ഷിണാഫ്രിക്കയുടെ പുതിയ സീമര്‍ യൂസഫ്‌ അബ്ദുല്ലക്ക്‌ മുന്നിലാണ്‌ റിക്കി വീണത്‌.
വീണ്ടും
ലാഹോര്‍: രണ്ട്‌ മാസം മുമ്പാണ്‌ എല്ലാം മതിയാക്കി ജാവേദ്‌ മിയാന്‍ദാദ്‌ പതിവ്‌ പൊട്ടിത്തെറിയോടെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പടികള്‍ ഇറങ്ങിയത്‌. പക്ഷേ ജാവേദ്‌ തിരിച്ചുവരുകയാണ്‌-പി.സി.ബി ഡയരക്ടറായി. നാളെ അദ്ദേഹം ചുമതലയേല്‍ക്കും. അദ്ദേഹത്തിന്റെ ഡിമാന്‍ഡുകളെല്ലാം പി.സി.ബി തലവന്‍ ഇജാസ്‌ ഭട്ട്‌ അംഗീകരിച്ചതായി പി.സി.ബി ഡയരക്ടറായ വസീം ബാരി അറിയിച്ചു. തനിക്ക്‌ കൂടുതല്‍ പ്രതിഫലവും ക്രിക്കറ്റ്‌ കാര്യങ്ങളില്‍ കൂടുതല്‍ അധികാരവുമാണ്‌ ജാവേദ്‌ ആവശ്യപ്പെട്ടത്‌. അത്‌ അംഗീകരിച്ചതിനുളള തെളിവാണ്‌ അദ്ദേഹത്തിന്റെ തിരിച്ചുവരവ്‌.
റെഡി
ഡര്‍ബന്‍: പ്രഥമ ഐ.പി.എല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്‌ കിരീടം നിലനിര്‍ത്താനുളള ലക്ഷ്യത്തില്‍ കരുത്തോടെ വരുന്നു. ഷെയിന്‍ വോണ്‍ നയിക്കന്ന സംഘം വലിയ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നൊരുക്കമായി ദക്ഷിണാഫ്രിക്കന്‍ ചാമ്പ്യന്മാരായ കോബ്രാസുമായി സന്നാഹ മല്‍സരം പ്രഖ്യാപിച്ചിരിക്കുന്നു. ഏപ്രില്‍ 11,12 തിയ്യതികളിലാണ്‌ മല്‍സരങ്ങള്‍. ഹര്‍ഷല്‍ ഗിബ്‌സ്‌, ജെ.പി ഡുമിനി, ജസ്റ്റിന്‍ ഓണ്‍ടോംഗ്‌ തുടങ്ങിയ പ്രബലര്‍ കോബ്രാസ്‌്‌ സംഘത്തിലുണ്ട്‌.

No comments: