Wednesday, March 4, 2009

മറക്കില്ല, ഒരിക്കലും


മറക്കില്ല, ഒരിക്കലും
ലാഹോറില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ട ശ്രീലങ്കന്‍ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാര നാട്ടില്‍ തിരിച്ചെത്തിയ ശേഷം മാര്‍ച്ച്‌ മൂന്നിലെ ലാഹോര്‍ പ്രഭാതത്തെ അനുസ്‌മരിക്കുന്നു.

ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ എനിക്ക്‌ ജീവനേകിയത്‌ മുഹമ്മദ്‌ ഖലീലാണ്‌-ഞങ്ങളുടെ ബസ്‌ ഡ്രൈവര്‍. ഖലീലിനെ സ്‌തുതിക്കാതെ ഇതെഴുതാനാവില്ല. അദ്ദേഹത്തിന്റെ കരുത്തും ആത്മസംയമനവുമാണ്‌ ശ്രീലങ്കന്‍ ടീമിനെ രക്ഷിച്ചത്‌. ഗദ്ദാഫി സ്റ്റേഡിയത്തിനരികിലെ വലിയ ജംഗ്‌ഷനില്‍ വെച്ച്‌ പന്ത്രണ്ടോളം വരുന്ന ആയുധധാരികളായ തീവ്രവാദികള്‍ ബസ്സിനു നേരെ നിരന്തരം വെടിയുതിര്‍ത്തപ്പോള്‍ പതറാതെ ബസ്സുമായി കുതിച്ച ഖലീലിന്റെ ധൈര്യത്തിലാണ്‌ ഞങ്ങള്‍ക്കെല്ലാം ജീവന്‍ തിരിച്ചുകിട്ടിയത്‌. ബസ്സിന്റെ ടയറിലേക്കായിരുന്നു തുടക്കത്തിലെ വെടികള്‍ മുഴുവനും... പക്ഷേ ഖലീല്‍-അവന്‍ കരുത്തനായിരുന്നു.
എനിക്ക്‌ മനസ്സിലാവാത്ത ഒരു സത്യമുണ്ട്‌-എന്തിനാണിങ്ങനെ തീവ്രവാദികള്‍ പെരുമാറുന്നത്‌. സ്‌പോര്‍ട്‌സ്‌താരങ്ങള്‍, ക്രിക്കറ്റര്‍മാര്‍ എന്താണ്‌ പിഴച്ചത്‌..? ലോകം മുഴുവന്‍ പറഞ്ഞിരുന്നു സ്‌പോര്‍ട്‌സ്‌ താരങ്ങളെ ആരും ആക്രമിക്കില്ലെന്ന്‌. ആ വിശ്വാസത്തിലായിരുന്നു ഇത്‌ വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചത്‌. ഇപ്പോള്‍ തോന്നുന്നു എല്ലാം വെറുതെയുള്ള വിചാരങ്ങളാണെന്ന്‌. തീവ്രവാദികള്‍ ക്രിക്കറ്റര്‍മാരെയും ലക്ഷ്യമിടുന്നുണ്ട്‌ എന്ന സത്യമറിയുമ്പോള്‍ വേദന തോന്നുന്നു. പാക്കിസ്‌താന്‍ മികച്ച പാരമ്പ്യരമുളള, ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന രാജ്യമാണ്‌. അവിടെ ഞങ്ങളെല്ലാം സുരക്ഷിതരാണ്‌ എന്നാണ്‌ കരുതിയത്‌.
ചൊവാഴ്‌ച്ച രാവിലെ എല്ലാം പതിവ്‌ പോലെയായിരുന്നു. താരങ്ങളുടെ ഹൈഡ്രേഷന്‍ നില അറിയാന്‍ രാവിലെ ഫിറ്റ്‌നസ്‌ ട്രെയിനര്‍ക്ക്‌ മുന്നില്‍ അല്‍പ്പസമയം. അതിന്‌ ശേഷം എട്ടരയോടെ കാപ്പി കഴിച്ചു. ഉടന്‍ തന്നെ സ്‌റ്റേഡിയത്തിലേക്ക്‌ തിരിച്ചു. മൂന്നാം ദിവസത്തെ മല്‍സരവും എങ്ങനെ പരമ്പര സ്വന്തമാക്കാം എന്ന ചിന്തയുമായിരുന്നു എല്ലാവരുടെയും മനസ്സില്‍. പാകിസ്‌താന്റെ 19 വിക്കറ്റുകള്‍ ഉറച്ച ബാറ്റിംഗ്‌ ട്രാക്കില്‍ സ്വന്തമാക്കി മല്‍സരം നേടുക എന്നത്‌ എളുപ്പമുളള കാര്യമായിരുന്നില്ല. ഹോട്ടലില്‍ നിന്നും പുറപ്പെടുമ്പോള്‍ ഞങ്ങളുടെ ബസ്സിന്‌ മുന്നില്‍ പോലീസിന്റെ മൂന്ന്‌ അകമ്പടി വാഹനങ്ങള്‍. മോട്ടോര്‍ ബൈക്കിലും പോലീസുണ്ടായിരുന്നു. പോലീസ്‌ വാഹനത്തിന്റെ സൈറണ്‍ ശബ്‌ദത്തില്‍ റോഡില്‍ ഞങ്ങളുടെ ബസ്സിന്‌ തടസ്സങ്ങളുണ്ടായിരുന്നില്ല. ലാഹോര്‍ ഷോപ്പിംഗിനെക്കുറിച്ചും, മല്‍സരത്തെക്കുറിച്ചുമുളള ചര്‍ച്ചകളുമായി ബസ്‌ സ്‌റ്റേഡിയത്തിന്‌ അരികിലെ ജംഗ്‌ഷനില്‍ എത്തിയപ്പോള്‍ പടക്കം പൊട്ടുന്നത്‌ പോലെ വലിയ ഒരു ശബ്ദം കേട്ടു. ഉടന്‍ തന്നെ ബസ്‌ നില്‍ക്കുകയും ചെയ്‌തു. ഞങ്ങളില്‍ ചിലര്‍ സീറ്റില്‍ നിന്ന്‌ ചാടിയെഴുന്നേറ്റ്‌ എന്താണ്‌ സംഭവിക്കുന്നത്‌ എന്നറിയാന്‍ നോക്കി. നമ്മളെയാണ്‌ അവര്‍ വെടിവെക്കുന്നത്‌ എന്ന്‌ മുന്‍ സീറ്റിലുളളവര്‍ പറഞ്ഞതും എല്ലാവരും താഴെ കമിഴ്‌ന്നുകിടന്നു. വെടിയൊച്ചകള്‍ ഉറക്കെ കേള്‍ക്കാമായിരുന്നു. പൊട്ടിത്തെറികളും സ്‌ഫോടന ശബ്ദങ്ങളുമായി ആകെ സംഘര്‍ഷഭരിതം. രണ്ട്‌ മിനുട്ടോളം ബസ്സ്‌ അവിടെ തന്നെ കിടന്നു. അപകടം മനസ്സിലാക്കി ഖലീല്‍ ബസ്‌ മുന്നോട്ടെടുത്തു. വേഗം പോവാന്‍ ഞങ്ങളെല്ലാം അദ്ദേഹത്തോട്‌ പറഞ്ഞ്‌ കൊണ്ടേയിരുന്നു. ഞാന്‍ തിലാന്‍ സമരവിരക്കും തരംഗ പരണവിതാനക്കും അരികിലായിരുന്നു. കാര്യങ്ങള്‍ അറിയാന്‍ വെറുതെ തല ഉയര്‍ത്തി നോക്കിയപ്പോള്‍ എന്റെ ചെവിക്ക്‌ അരികിലൂടെ ഒരു ബുള്ളറ്റ്‌ മൂളി പറന്നു. ആരും ഭയന്ന്‌ നിലവിളിക്കുകയോ ബഹളം വെക്കുകയോ ചെയ്‌തിരുന്നില്ല. എല്ലാവരും പ്രാര്‍ത്ഥഥനയോടെ കിടക്കുകയായിരുന്നു.
ബസ്‌ മന്നോട്ട്‌ എടുത്തപ്പോള്‍ ഒരു ബുള്ളറ്റ്‌ ഖലീലിന്റെ അരികിലെ ഗ്ലാസ്‌ തകര്‍ത്തു. മുന്നില്‍ നടക്കുന്നതെല്ലാം അദ്ദേഹം കാണുന്നുണ്ടായിരുന്നു. എന്നിട്ടും ധൈര്യം കൈവിടാതെ ഖലീല്‍ ബസുമായി കുതിച്ചു. ഖലില്‍ ഭയന്നിരുന്നെങ്കില്‍ ഇന്ന്‌ ഞങ്ങളാരും ഈ ഭൂമുഖത്ത്‌ ഉണ്ടാവുമായിരുന്നില്ല. ബസിനെ ലക്ഷ്യമിട്ട്‌ ഒരു റോക്കറ്റ്‌ അല്‍പ്പം കൊണ്ടാണ്‌ പിഴച്ച്‌ അരികിലെ ഇലക്ട്രിക്‌ പോസ്‌റ്റില്‍ തറച്ചത്‌.
ബസ്‌ മുന്നോട്ട്‌ പോകവെ പരണവിതാന തന്റെ നെഞ്ചില്‍ ബുള്ളറ്റ്‌ കൊണ്ടതായി പരാതിപ്പെട്ടു. ദേഹമാസകലം രക്തവുമായി അവന്‍ നിലത്ത്‌ വീണപ്പോള്‍ ഞാനാകെ ഭയന്നു. സമരവീരയുടെ കാലിലും ബുള്ളറ്റ്‌ ഏറ്റിരുന്നു. ബുള്ളറ്റിന്റെ ലോഹകഷ്‌ണം എന്റെ ചുമലിലും പതിച്ചിരുന്നു. ബസ്‌ സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചതും ഞങ്ങളെല്ലാം ഡ്രസ്സിംഗ്‌ റൂമിലേക്ക്‌ ഓടുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘമെത്തി. മഹേലക്കും അജാന്തക്കും അസിസ്‌റ്റന്‍ഡ്‌ കോച്ച്‌ പോള്‍ ഫാര്‍ബസിനുമെല്ലാം പരുക്കുണ്ടായിരുന്നു.
ഈ പരമ്പര പ്രഖ്യാപിച്ചപ്പോള്‍ തന്നെ പാക്കിസ്‌താനിലെ സുരക്ഷാ സൗകര്യങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ക്കെല്ലാംസംശയമുണ്ടായിരുന്നു. ഈ കാര്യം ക്രിക്കറ്റ്‌ ബോര്‍ഡുമായി സംസാരിക്കുകയും ചെയ്‌തിരുന്നു. വലിയ ഒരു പരമ്പരായിരുന്നു ഞങ്ങളുടെ ബോര്‍ഡ്‌ ആവശ്യപ്പെട്ടത്‌. രണ്ട്‌ ടെസ്‌റ്റും അഞ്ച്‌ ഏകദിനങ്ങളും. പക്ഷേ ഞങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരമാണ്‌ പരമ്പരയിലെ മല്‍സരങ്ങള്‍ കുറച്ചത്‌. ഞങ്ങള്‍ക്കെല്ലാം രാഷ്ട്രത്തലവന്മാര്‍ക്ക്‌ നല്‍കുന്ന സുരക്ഷയാണ്‌ പാക്കിസ്‌താനില്‍ വാഗ്‌ദാനം ചെയ്‌തത്‌. അതില്‍ ഞങ്ങള്‍ സംതൃപ്‌തരുമായിരുന്നു. പാക്കിസ്‌താനില്‍ ക്രിക്കറ്റ്‌ കളിക്കാനുളള അമിത താല്‍പ്പര്യത്തില്‍ സുരക്ഷാകാര്യത്തില്‍ ഞങ്ങള്‍ കാര്യമായ ജാഗ്രത പുലര്‍ത്തിയിരുന്നില്ല എന്നതാണ്‌ സത്യം. ഭാവിയില്‍ ഇങ്ങനെ സംഭവിക്കില്ല-സുരക്ഷാ കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ച്ചക്കും ഞങ്ങള്‍ ഒരുക്കമല്ല. ക്രിക്കറ്റ്‌ ബോര്‍ഡുകള്‍ മാത്രമല്ല സുരക്ഷാ പാലനത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടത്‌-താരങ്ങള്‍ക്കും സുരക്ഷാ കാര്യങ്ങളില്‍ വിശദീകരണങ്ങള്‍ നല്‍കണം.
ഞാന്‍ ഇനി പാക്കിസ്‌താനിലേക്ക്‌ തിരിച്ചു പോവുമോ എന്നതാണ്‌ വലിയ ചോദ്യം..? ഇപ്പോള്‍ എന്റെ ഉത്തരം ഇല്ല എന്നാണ്‌. ഞാന്‍ പോവാന്‍ താല്‍പ്പര്യമെടുത്താലും കുടുംബം വിടില്ല. ഭാര്യയും അമ്മയും കുട്ടികളുമെല്ലാം ഇപ്പോഴും അങ്കലാപ്പിലാണ്‌. എന്നെ തിരിച്ചുകിട്ടിയ സന്തോഷത്തിലും അവരുടെ മുഖത്ത്‌ അമ്പരപ്പാണ്‌..

ലങ്കന്‍ ടീം നാട്ടില്‍ തിരിച്ചെത്തി
കൊളംബോ: ഒരിക്കലും കാണാത്ത കാഴ്‌ച്ചകള്‍ക്കായിരുന്നു ഇന്നലെ പുലര്‍ച്ചെ കൊളംബോ വിമാനത്താവളം സാക്ഷ്യം വഹിച്ചത്‌.... ലാഹോറില്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ ലങ്കന്‍ താരങ്ങളെയും വഹിച്ചുളള പ്രത്യേക വിമാനം എത്തിയതും കരച്ചിലും ഏങ്ങലടികളുടെയും വേദനാജനകമായ അന്തരീക്ഷമായിരുന്നു. എല്ലാ കളിക്കാരുടെയും കുടുംബങ്ങള്‍ വിമാനത്താവളത്തിലുണ്ടായിരുന്നു. സ്വന്തം പ്രിയപ്പെട്ടവരെ ജീവനോടെ തിരിച്ചുകിട്ടിയ ആഹ്ലാദത്തില്‍ എല്ലാവരും സ്വയം മറന്നു.
ഇങ്ങനെ ഒരു തിരിച്ചുവരവ്‌ ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനെ പറഞ്ഞു. നൂറുകണക്കിന്‌ മാധ്യമ പ്രതിനിധികളുടെ നടുവില്‍ നിന്ന്‌ സംസാരിക്കവെ പലപ്പോഴും മഹേല പതറി. അദ്ദേഹത്തിന്‌ വാക്കുകള്‍ ലഭിച്ചില്ല. ക്യാപ്‌റ്റന്‍ എന്ന നിലയില്‍ തന്റെ അവസാന പരമ്പരയില്‍ കളിച്ച മഹേലക്ക്‌ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ആക്രമിക്കപ്പെട്ട ബസ്സിലെ ഭയവിഹ്വല നിമിഷങ്ങളില്‍ ജീവന്‍ തിരിച്ചുകിട്ടുമെന്ന്‌ ആരും കരുതിയിരുന്നില്ലെന്ന്‌ നായകന്‍ പറഞ്ഞു. ശ്രീലങ്കന്‍ താരങ്ങള്‍ക്ക്‌ വെടിവെപ്പും റോക്കറ്റ്‌-ഗ്രനേഡ്‌ ആക്രമണങ്ങളും ബഹളവും പുതിയ സംഭവമല്ല. സ്വന്തം നാട്ടിലെ അനിഷ്ടസംഭവങ്ങള്‍ക്ക്‌ മുന്നില്‍ പലവട്ടം വേദനയോടെ ദൃക്‌സാക്ഷികളാവേണ്ടി വന്നതിനാല്‍ വെടിവെപ്പിന്റെ ബഹളത്തില്‍ ആരും പതറിയിരുന്നില്ല. പക്ഷേ മിനുട്ടുകളോളം വെടിവെപ്പ്‌ തുടര്‍ന്നപ്പോള്‍ എന്താണ്‌ സംഭവിക്കാന്‍ പോവുന്നത്‌ എന്ന്‌ മനസ്സിലായില്ല. അനിഷ്ട സാഹചര്യങ്ങളില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിച്ചു. അതാണ്‌ തുണയായത്‌. എല്ലാവരും കുട്ടികള്‍ക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയാണ്‌ കളിക്കുന്നത്‌. അവരില്ലാതെ മുന്നോട്ട്‌ പോവാനാവില്ല. ലാഹോര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഗൗരവത്തോടെ കാര്യങ്ങള്‍ കാണണമെന്നാണ്‌ എനിക്ക്‌ നിര്‍ദ്ദേശിക്കാനുളളത്‌. മുന്‍കരുതലുകള്‍ തീര്‍ച്ചയായും വേണം-അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തില്‍ കുമാര്‍ സങ്കക്കാരയുടെ ഭാര്യ പൊട്ടികരയുകയായിരുന്നു. ലങ്കന്‍ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റന്‍ വളരെ ശാന്തനായാണ്‌ പെരുമാറിയത്‌. പക്ഷേ കുടുംബാഗങ്ങള്‍ അദ്ദേഹത്തെ പൊതിഞ്ഞപ്പോള്‍ സങ്കയും പതറി. കാലിന്‌ വെടിയേറ്റ ബാറ്റ്‌സ്‌മാന്‍ തിലാന്‍ സമരവീരയെ സ്‌ട്രെച്ചറിലാണ്‌ വിമാനത്താവളത്തില്‍ നിന്നും കൊളംബോയിലെ സ്വകാര്യ ആശപത്രിയിലേക്ക്‌ കൊണ്ട്‌്‌ പോയത്‌. വൈകീട്ട്‌ അദ്ദേഹം ശസ്‌ത്രക്രിയക്ക്‌ വിധേയനായി. വെടിയേറ്റ പുരാണവിതാനയെയും ആശുപത്രിയിലേക്ക്‌ മാറ്റി.
താരങ്ങളുടെ പരിഭ്രാന്ത്രി അകന്നിട്ടില്ലെന്നും പത്ത്‌ ദിവസത്തെ വിശ്രമത്തോടെ അവര്‍ എല്ലാം മറക്കുമെന്നാണ്‌ കരുതുന്നതെന്നും ലങ്കന്‍ കായിക മന്ത്രാലയത്തിന്റെ ഡയരക്ടര്‍ ജനറല്‍ ഗീതാന്‍ജന മെന്‍ഡിസ്‌ പറഞ്ഞു.
ടെസ്‌റ്റ്‌ ക്രിക്കറ്റിലും ഏകദിന ക്രിക്കറ്റിലും ഏറ്റവുമധികം വിക്കറ്റുകള്‍ സ്വന്തമാക്കിയ മുത്തയ്യ മുരളിധരന്റെ മുഖത്ത്‌ പതിവ്‌ പുഞ്ചിരിയായിരുന്നു. ബസ്സിലേക്ക്‌ തുടര്‍ച്ചയായി ബുളളറ്റുകള്‍ വന്നപ്പോള്‍ എല്ലാവരും ഭയന്നിരുന്നു. ജീവനോടെ തിരിച്ചെത്താന്‍ കഴിഞ്ഞത്‌ മഹാഭാഗ്യമാണെന്ന്‌ മുരളി പറഞ്ഞു.
അതിനിടെ പാക്കിസ്‌താനില്‍ തീവ്രവാദികള്‍ക്കായുളള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്‌. നാല്‍പ്പതോളം പേരെ സംശയത്തിന്റെ പേരില്‍ പിടികൂടിയിട്ടുണ്ട്‌. ലാഹോര്‍ ആക്രമണ സംഭവത്തിന്‌ പിറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക്‌ വലിയ ഇനാം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്‌.

പൂര്‍വ ജിവിത്തിലെ പുണ്യം
കൊളംബോ: ഞാനൊരു ബുദ്ധമത വിശ്വാസിയാണ്‌... പൂര്‍വകാല ജീവിതത്തില്‍ എനിക്ക്‌ വിശ്വാസമുണ്ട്‌. ലാഹോറില്‍ നിന്നും ഇവിടെ ജീവനോടെ തിരിച്ചെത്താനയത്‌ പൂര്‍വകാല ജീവിതത്തില്‍ ചെയ്‌ത പുണ്യങ്ങള്‍ കൊണ്ടായിരിക്കാം-ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധനയുടെ വാക്കുകള്‍... കണ്ണീര്‍വാര്‍ത്തു നില്‍ക്കുകയായിരുന്ന ഭാര്യയുടെ കരം പിടിച്ചപ്പോള്‍ ജീവിതത്തിലേക്കുളള രണ്ടാം വരവായാണ്‌ ഇതെന്ന്‌ തോന്നി. എല്ലാവര്‍ക്കും കുറച്ച്‌ നാളെങ്കിലും കുടുംബത്തോടൊപ്പം ചെലവഴിക്കണം. എങ്കില്‍ മാത്രമാണ്‌ എല്ലാം മറക്കാനാവുക-മഹേല പറഞ്ഞു.
വിമാനത്താവളത്തില്‍ കരഞ്ഞ്‌ നില്‍ക്കുകയായിരുന്ന സുരംഗ ലക്‌മാലിന്റെ മാതാപിതാക്കള്‍ മകനെ കണ്ടതും നിയന്ത്രണം വിട്ടു. ഞങ്ങളുടെ ഏകമകനാണ്‌ ഇവന്‍. ഇവന്‌ പരുക്കേറ്റു എന്നറിഞ്ഞ നിമിഷം മുതല്‍ അന്നപാനിയങ്ങള്‍ ഞങ്ങള്‍ കഴിച്ചിട്ടില്ല-പിതാവ്‌ ആല്‍ബെര്‍ട്ട്‌ പറഞ്ഞു.

ലങ്കന്‍ ബോര്‍ഡ്‌ പ്രതിക്കൂട്ടില്‍
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനെതിരെ താരങ്ങളും നാട്ടിലെ മാധ്യമങ്ങളും രംഗത്ത്‌. ലാഹോര്‍ സംഭവത്തില്‍ നിന്നും ബോര്‍ഡിന്‌ ഓടിയൊളികാന്‍ കഴിയില്ലെന്നാണ്‌ താരങ്ങള്‍ തന്നെ പറയുന്നത്‌. പാക്കിസ്‌താനിലെ സുരക്ഷാ കാര്യങ്ങളില്‍ എല്ലാ രാജ്യങ്ങള്‍ക്കും സംശയങ്ങളുണ്ടായിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമെല്ലാം പാക്‌ സന്ദര്‍ശനം ബഹിഷ്‌ക്കരിച്ചപ്പോള്‍ കാര്യമായ മുന്‍കരുതലുകളും പഠനവും നടത്താതെയാണ്‌ ലങ്കന്‍ ബോര്‍ഡ്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ചതെന്നാണ്‌ ആരോപണം. അര്‍ജുന രണതുംഗെ നയിച്ച ബോര്‍ഡായിരുന്നു പാക്‌ പര്യടനത്തിന്‌ അനുമതി നല്‍കിയത്‌. വലിയ പരമ്പരക്കായിരുന്നു ആദ്യം ബോര്‍ഡ്‌ തീരുമാനമെടുത്തത്‌. എന്നാല്‍ താരങ്ങള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചപ്പോള്‍ ആദ്യം മൂന്ന്‌ മല്‍സര ഏകദിന പരമ്പരയും പിന്നെ രണ്ട്‌ മല്‍സര ടെസ്റ്റ്‌്‌ പരമ്പരയും നിശ്ചയിക്കുകയായിരുന്നു. പാക്കിസ്‌താന്‍ ഭരണക്കൂടം പ്രാഥമിക സുരക്ഷ പോലും ഉറപ്പുവരുത്തിയിരുന്നില്ല എന്നതിന്‌ തെളിവാണ്‌ റോഡിലെ ആക്രമണമെന്ന്‌ ലങ്കന്‍ പത്രങ്ങള്‍ കുറ്റപ്പെടുത്തുന്നു. 12 അംഗങ്ങള്‍ വരുന്ന അക്രമിസംഘം റോഡില്‍ പ്രത്യക്ഷപ്പെട്ടതും ആക്രമണം നടത്തിയതും സുരക്ഷാ പാലനത്തിലെ വലിയ വീഴ്‌ച്ചയാണ്‌. ഏത്‌ രാജ്യത്തേക്കും ടീമിനെ അയക്കുമ്പോള്‍ താരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത്‌ അതത്‌ സര്‍ക്കാരാണെന്നും പത്രങ്ങള്‍ കുറ്റപ്പെടുത്തുമ്പോള്‍ ലങ്കന്‍ ബോര്‍ഡും സര്‍ക്കാരും പ്രതികരിച്ചിട്ടില്ല.

ക്രിസ്‌ ബ്രോഡ്‌ തുറന്നടിക്കുന്നു
ലണ്ടന്‍: തലനാരിഴക്കാണ്‌ താന്‍ രക്ഷപ്പെട്ടതെന്ന്‌ പാക്കിസ്‌താന്‍-ശ്രീലങ്ക ടെസ്റ്റ്‌ പരമ്പരയിലെ മാച്ച്‌ റഫറി ക്രിസ്‌ ബ്രോഡ്‌. ലാഹോറില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ ശേഷം സംസാരിക്കവെ പാക്കിസ്‌താനിലെ സുരക്ഷ ഒരു തരത്തിലും മതിപ്പുളവാക്കിയിരുന്നില്ലെന്ന്‌ ബ്രോഡ്‌ പറഞ്ഞു. ലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസിന്‌ തൊട്ട്‌ പിറകെ ചെറിയ വാനിലാണ്‌ ബ്രോഡും സംഘവും സഞ്ചരിച്ചത്‌. വാനിന്റെ ഡ്രൈവര്‍ വെടിയേറ്റ്‌ മരിച്ചപ്പോള്‍ വാനിലുണ്ടായിരുന്ന പാക്കിസ്‌താന്‍ അമ്പയര്‍ക്ക്‌ പരുക്കേറ്റിരുന്നു. തങ്ങളുടെ വാഹനം ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു പോലീസുകാരന്‍ പോലും അരികിലുണ്ടായിരുന്നില്ലെന്ന്‌ ബ്രോഡ്‌ പറഞ്ഞു. ടെലിവിഷന്‍ ചിത്രങ്ങളില്‍ നിന്ന്‌ ഇത്‌ വ്യക്തമാണ്‌. പരമ്പര ആരംഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ സുരക്ഷാ കാര്യത്തിലെ പിഴവുകള്‍ താന്‍ ചൂണ്ടികാട്ടിയിരുന്നെന്നും എന്നാല്‍ പാക്കിസ്‌താന്‍ ഇത്‌ കാര്യമാക്കിയിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കായിക മാന്ദ്യം
പരമ്പര-രണ്ടാം ഭാഗം
കാഴ്‌ച്ചകളുടെ മായാലോകമാണ്‌ ദുബായ്‌. അംബരചുംബികളായ കെട്ടിടങ്ങളായിരുന്നു ഒരു കാലത്ത്‌ നഗരത്തിന്റെ ആകര്‍ഷണമെങ്കില്‍ ഇന്ന്‌ അതിവിശാലതയുടെ ഷോപ്പിംഗ്‌ മാളുകളാണ്‌ വിദേശികളെയും സ്വദേശികളെയും ആഹ്ലാദത്തോടെ ക്ഷണിക്കുന്നത്‌. പക്ഷേ സാമ്പത്തിക മാന്ദ്യത്തിന്റെ കഠിന വേനലില്‍ ഷോപ്പിംഗ്‌ മാളുകളിലും ബഹളം കുറവായി വരുന്നു. മാന്ദ്യം തങ്ങളെ ബാധിച്ചിട്ടില്ലെന്ന്‌ തെളിയിക്കാന്‍ ദുബായ്‌ സര്‍ക്കര്‍ തിരക്കിട്ട്‌ ഉദ്‌ഘാടനം നടത്തിയ മാള്‍ ഓഫ്‌ ദുബായ്‌ വറുതിയുടെ സാക്ഷ്യപത്രമെന്നോണം ശരാശരി ബഹളം പോലുമില്ലാതെ നില്‍ക്കുന്നു. ഇവിടുത്തെ പ്രധാന ആകര്‍ഷണമായ വലിയ അക്വേറിയം കാണാന്‍ എത്തുന്നവര്‍ക്ക്‌ പക്ഷേ ഷോപ്പിംഗിന്‌ താല്‍പ്പര്യമില്ല. മാള്‍ ഓഫ്‌ ദുബായിലെ ഗോള്‍ഡ്‌ സൂക്കില്‍ അമ്പതോളം സ്വര്‍ണ്ണ,വജ്രാഭരണ കടകളുണ്ട്‌. പക്ഷേ ആരും ആ വഴി സഞ്ചരിക്കുന്നില്ല.
ദുബായ്‌ ഓപ്പണ്‍ ടെന്നിസിനെത്തിയ താരങ്ങളില്‍ ചിലരും കാണികളില്‍ ചിലരും നടത്തിയ ഷോപ്പിംഗ്‌ മാത്രമായിരുന്നു നേരിയ ആശ്വാസമെന്ന്‌ കടയുടമകളില്‍ ഒരാളായ ഈജിപ്‌തുകാരന്‍ ഇബ്‌നു മൂസ പറഞ്ഞു. യു.എ.ഇയില്‍ അവധിദിന ബഹളമുള്ള വ്യാഴം, വെളളി രാത്രികളില്‍ ദുബായ്‌ നഗരത്തിലെ ഏറ്റവും തിരക്കേറിയ ദേരയിലെ മീനാ ബസാറില്‍ പോലും പതിവ്‌ ബഹളമില്ല.
അബുദാബിയിലെ മറീന മാളിലും ദുബായിലെ ബര്‍ജുമാന്‍ മാളിലും ദേരയിലെ സിറ്റി സെന്ററിലും ഇബിന്‍ബത്തൂത്ത മാളിലും മാള്‍ ഓഫ്‌ മദീനയിലും മാള്‍ ഓഫ്‌ എമിറേറ്റ്‌സിലും, അറ്റ്‌ലാന്റസിലും, പാം ജുമൈറയിലും അല്‍ ഐനില്‍ പുതുതായി തുറന്ന ബവാദി മാളിലുമെല്ലാം ഷോപ്പുടമകള്‍ നിരാശയോടെ നില്‍ക്കുന്ന കാഴ്‌ച്ചയില്‍ യു.എ.ഇ ഭരണക്കൂടം നല്‍കുന്ന വാഗ്‌ദാനങ്ങള്‍ മാത്രമാണ്‌ ആശ്വാസം. നിരാശയുടെ നാളുകള്‍ വളരെ പെട്ടെന്ന്‌ അകലുമെന്നാണ്‌ ഭരണക്കൂടം പറയുന്നത്‌.
ദുബായ്‌ വിമാനത്താവളത്തില്‍ ഞങ്ങളെ സ്വീകരിക്കാനെത്തിയ അറേബ്യന്‍ അഡ്വഞ്ചേഴ്‌സിന്റെ ഉഗാണ്ടകായിയായ ട്രാവല്‍ സഹായി ബാബ്‌റ പറഞ്ഞത്‌ നഗരത്തെ ആസ്വദിക്കാന്‍ പറ്റിയ സമയമല്ല ഇതെന്നായിരുന്നു. വിമാനത്താവളത്തില്‍ നിന്നും ഹോട്ടല്‍ ഹാര്‍ബറിലേക്കുളഅള കാര്‍ യാത്രക്കിടെ പാക്കിസ്‌താന്‍കാരനായ ഡ്രൈവര്‍ മാലിക്കിന്‌ പറയാനുള്ളതും മറ്റൊന്നായിരുന്നില്ല.
ഹോട്ടല്‍ ഹാര്‍ബറിലെ അതിവിശാലമായ മുറിയില്‍ നിന്നും നോക്കിയാല്‍ ദുബായ്‌ തുറമുഖത്തിന്റെ വശ്യസൗന്ദര്യം പൂര്‍ണ്ണമായും നുകരാം. ഹോട്ടല്‍ ഹാര്‍ബറിന്‌ സമീപത്താണ്‌ ഹോട്ടല്‍ ലാ മെറീഡിയന്‍. വിദേശികളെ കൊണ്ട്‌ തിങ്ങിനിറയുന്ന ഈ ഹോട്ടലിലും തിരക്ക്‌ കുറവാണെന്ന്‌ ഞങ്ങളുടെ ഗൈഡും ഡ്രൈവറുമായ തമിഴ്‌നാട്ടുകാരന്‍ മീരാന്‍ പറഞ്ഞു. ഡിണ്ടിഗല്‍ സ്വദേശിയാണ്‌ മീരാന്‍. ഇരുപത്‌ വര്‍ഷമായി പ്രവാസ ജീവിതം. വലിയ തുക പ്രതിഫലം ലഭിക്കുമെന്ന്‌ കരുതിയാണ്‌ മീരാന്‍ ഇവിടെ എത്തിയത്‌. തുടക്കത്തില്‍ രണ്ടായിരത്തോളം ദിര്‍ഹം വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്നു. പക്ഷേ മാന്ദ്യത്തില്‍ രാജ്യം അമരുമ്പോള്‍ ഇപ്പോള്‍ മീരാന്‌ ലഭിക്കുന്നത്‌ പ്രതിമാസം 320 ദിര്‍ഹം മാത്രം.
ദുബായ്‌ ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ കിരീടം സ്വന്തമാക്കിയത്‌ സെര്‍ബുകാരനായ നോവാക്‌ ജോകോവിച്ചായിരുന്നു. റോജര്‍ ഫെഡ്‌ററും റാഫേല്‍ നദാലുമെല്ലാം വിട്ടുനിന്നത്‌ കാരണം ഗ്ലാമര്‍ കുറഞ്ഞ ചാമ്പ്യന്‍ഷിപ്പിനെത്തിയവരില്‍ പ്രധാനിയായ ജോകോവിച്ച്‌ പ്രതീക്ഷിച്ച വിജയമാണ്‌ നേടിയത്‌. ഡേവിഡ്‌ ഫെറര്‍ക്കെതിരായ കലാശപ്പോരാട്ടത്തില്‍ പക്ഷേ ജോകോവിച്ചിന്റെ പ്രകടനം കാണാന്‍ അധികം കാണികളുണ്ടായിരുന്നില്ല. സെര്‍ബ്‌ പതാകയുമായി വന്ന പത്തോളം പേര്‍ മാത്രമായിരുന്നു ചാമ്പ്യന്‍ താരത്തിന്‌ ആശ്വാസം. ദുബായ്‌ ഓപ്പണ്‍ നടക്കുമ്പോള്‍ മീരാനെ പോലുളള ഡ്രൈവര്‍മാര്‍ക്ക്‌ സാധാരണ തിരക്കേറിയ ജോലിയായിരുന്നു. ഇത്തവണ ടെന്നിസ്‌ മല്‍സരങ്ങള്‍ക്കായി തനിക്ക്‌ കാര്യമായ ഓര്‍ഡറുകള്‍ ലഭിച്ചില്ലെന്ന്‌ അദ്ദേഹം വീശദീകരിക്കുന്നു.
അല്‍ ഐനിലെ പ്രശസ്‌്‌തമായ അല്‍ മയാര്‍ ഡിസ്‌ട്രിബ്യൂഷന്‍ ഗ്രൂപ്പിന്റെ തലവനായ കോഴിക്കോട്‌ കാപ്പാട്‌ സ്വദേശി കുട്ടിമാപ്പിളകത്ത്‌ അബൂബക്കര്‍ മുസ്‌തഫക്കും പറയാനുള്ളത്‌ മാന്ദ്യം ബാധിച്ച വിപണിയെക്കുറിച്ചാണ്‌. പക്ഷേ ദുബായിലെ ചാര്‍ട്ടേണ്ട്‌ അകൗണ്ടന്റ്‌ സ്ഥാപനമായ മോറീസണ്‍ മേനോന്‍ ഗ്രൂപ്പിന്റെ തലവനായ രാജു മേനോന്‍ പറയുന്നത്‌ മാന്ദ്യം കാരണം തന്റെ സ്ഥാപനത്തിന്‌ ജോലി ഭാരം വര്‍ദ്ധിച്ചുവെന്നാണ്‌. (തുടരും)

No comments: