Saturday, March 7, 2009

VEERU FEAR




മഴയെ ഭയന്ന്‌
ക്രൈസ്‌റ്റ്‌ചര്‍ച്ച്‌: മഴ ഇവിടെയും ചതിക്കുമോ...? നേപ്പിയറിലും വെല്ലിംഗ്‌ടണിലും വില്ലനായി അവതരിച്ച മഴയെ ഭയന്ന്‌ ഇന്ത്യ-ന്യൂസിലാന്‍ഡ്‌ ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരം ഇന്നിവിടെ നടക്കുന്നു. കാലാവസ്ഥാ ചതിക്കുഴി ഇവിടെയുമുണ്ട്‌. നേരിയ മഴക്ക്‌ സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പക്ഷേ കഴിഞ്ഞ അല്‍പ്പം ദിവസങ്ങളിലായി ക്രൈസ്റ്റ്‌ചര്‍ച്ചില്‍ സുഖകരമായ കാലാവസ്ഥയാണ്‌. ഞായറിലെ അവധി ദിനത്തില്‍ മഴ മാറി നിന്നാല്‍ തകര്‍പ്പന്‍ പോരാട്ടം കാണാനാവുമെന്നാണ്‌ പ്രതീക്ഷ.
നേപ്പിയറില്‍ മഴ കാരണം 28 ഓവറുകളാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യ 53 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ വെല്ലിംഗ്‌ടണില്‍ തുടര്‍ച്ചയായി പെയ്‌ത മഴയില്‍ മല്‍സരം അപൂര്‍ണ്ണമായി. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ 28.4 ഓവറില്‍ നില്‍ക്കുമ്പോഴാണ്‌ മഴ പെയ്‌തതും കളി അവസാനിപ്പിച്ചതും.
ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ മാരകമായ പ്രഹര ശേഷിയാണ്‌ കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിയെ ഭയപ്പെടുത്തുന്നത്‌. ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെ തനിക്ക്‌ വല്ലാതെ പേടിയുണ്ടെന്ന്‌ വെട്ടോരി പരസ്യമായി പറഞ്ഞുകഴിഞ്ഞു. നേപ്പിയറിലും വെല്ലിംഗ്‌ടണിലും അപാരമായ കരുത്തിലാണ്‌ ഡല്‍ഹിക്കാരന്‍ കളിച്ചത്‌. കിവി സംഘത്തിലെ ഏറ്റവും മികച്ച ബൗളര്‍ സ്‌പിന്നറായ വെട്ടോരിയാണ്‌. പക്ഷേ വെട്ടോരിക്ക്‌ പന്ത്‌ ലഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ പേസര്‍മാരെ പ്രഹരിച്ച്‌ സേവാഗ്‌ കിവീസിനെ ബാക്ക്‌ഫൂട്ടിലാക്കുകയാണ്‌. നേപ്പിയറിലായിരുന്നു സേവാഗിന്റെ സംഹാരം. തട്ടുതകര്‍പ്പന്‍ ഷോട്ടുകളുമായി അദ്ദേഹം കളം വാഴുകയായിരുന്നു. സേവാഗിനെ തളക്കാന്‍ എന്താണ്‌ ചെയ്യുക എന്ന ചോദ്യത്തിന്‌ വെട്ടോരിക്ക്‌ ഉത്തരമില്ല. ടീമിലെ ഫാസ്‌റ്റ്‌ ബൗളര്‍മാരായ കൈല്‍ മില്‍സും ഒബ്രിയാനുമെല്ലാം സേവാഗിന്‌ മുന്നില്‍ ആയുധം വെച്ച്‌ കീഴടങ്ങുന്നതാണ്‌ കണ്ടത്‌. ചെറിയ മൈതാനമായതിനാല്‍ സേവാഗിന്‌ കാര്യങ്ങള്‍ വളരെ എളുപ്പമാണ്‌. വെല്ലിംഗ്‌ടണില്‍ സച്ചിനെയായിരുന്നു കിവീസിന്‌ ഭയം. പക്ഷേ സേവാഗിന്റെ കരുത്ത്‌ മനസ്സിലാക്കി സച്ചിന്‍ സപ്പോര്‍ട്ടീവ്‌ റോളിലായി. സേവാഗ്‌ പുറത്തായതിന്‌ ശേഷം സച്ചിന്‍ പ്രഹരശേഷി പുറത്തെടുത്തു. സേവാഗിനെയും സച്ചിനെയും പെട്ടെന്ന്‌ പുറത്താക്കിയാല്‍ ഇന്ത്യന്‍ ബാറ്റിംഗിന്‌ കടിഞ്ഞാണിടാന്‍ കഴിയുമെന്നാണ്‌ വെട്ടോരി കരുതുന്നത്‌. ഇന്ത്യ മൂന്നാം നമ്പറില്‍ ആരെ ഇറക്കുമെന്ന കാര്യത്തിലും ന്യൂസിലാന്‍ഡിന്‌ ധാരണയില്ല. നേപ്പിയറില്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി തന്നെ മൂന്നാമത്‌ വന്നപ്പോള്‍ വെല്ലിംഗ്‌ടണില്‍ ആ സ്ഥാനത്ത്‌ ഗൗതം ഗാംഭിറായിരുന്നു.
കിവി ബൗളര്‍മാര്‍ക്ക്‌ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്താന്‍ ഇത്‌ വരെ കഴിഞ്ഞിട്ടില്ല. 20-20 പരമ്പരയില്‍ അമിതാവേശത്തിലാണ്‌ ഇന്ത്യ വീണത്‌. എന്നാല്‍ ആ വീഴ്‌ച്ചകളില്‍ പാഠം ഉള്‍കൊണ്ടാണ്‌ അവര്‍ ഏകദിന പരമ്പരയില്‍ കളിക്കുന്നത്‌. ടീമിലെ അനുഭവസമ്പന്നരായ കൈല്‍ മില്‍സും ജേക്കബ്‌ ഓരവും പ്രതീക്ഷ കാത്താല്‍ വലിയ സ്‌ക്കോറില്‍ നിന്ന്‌ ഇന്ത്യയെ തടയാനാവും.
ഇന്ത്യക്ക്‌ വലിയ പ്രശ്‌നങ്ങളില്ല. ഇഷാന്ത്‌ ശര്‍മ്മക്ക്‌ ഇന്നും വിശ്രമം നല്‍കാനാണ്‌ സാധ്യത. കിവി ബാറ്റ്‌സ്‌മാന്മാരില്‍ ആരും ഇത്‌ വരെ ഇന്ത്യന്‍ ബൗളിംഗിനുമേല്‍ ആധിപത്യം സ്ഥാപിച്ചിട്ടില്ല. എങ്കിലും മാര്‍ട്ടിന്‍ ഗുട്‌പിലിനെ പോലുളളവര്‍ സമര്‍ത്ഥരാണ്‌. നേപ്പിയറില്‍ 28 പന്തില്‍ നിന്ന്‌ 41 റണ്‍സ്‌ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഓപ്പണിംഗ്‌ ബാറ്റ്‌സ്‌മാനായ ബ്രെന്‍ഡന്‍ മക്കുലം ഇത്‌ വരെ പരുക്കില്‍ നിന്ന്‌ പൂര്‍ണ്ണ മുക്തനായിട്ടില്ല. അതിനാല്‍ വിക്കറ്റ്‌ കീപ്പര്‍ സ്ഥാനം പീറ്റര്‍ മക്‌ലാഷിന്‌ തന്നെയായിരിക്കും.
ഈ വേദിയില്‍ നടന്ന 20-20 മല്‍സരത്തില്‍ മൊത്തം 24 സിക്‌സറുകള്‍ പിറന്നിരുന്നു. കാലാവസ്ഥ അനുവദികുന്നപക്ഷം അതേ സിക്‌സര്‍ മാലപ്പടക്കം ഇന്നും കാണാം. ഇന്ത്യന്‍ നിരയിലെ സേവാഗും ധോണിയും റൈനയും യൂസഫും കിവി നിരയിലെ ഗുട്‌പിലും മക്കുലവും ഓരവുമെല്ലാം പന്തിനെ പ്രഹരിക്കാന്‍ മിടുക്കരാണ്‌. മല്‍സരം ഇന്ത്യന്‍ സമയം രാവിലെ 6-00 മുതല്‍. സോണി സെറ്റ്‌ മാക്‌സിലും ദൂരദര്‍ശനിലും തല്‍സമയം.

കായിക മാന്ദ്യം-5
സാഹസിക സ്‌പോര്‍ട്‌സിന്റെ ശക്തരായ വക്താക്കളാണ്‌ അറേബ്യന്‍ രാജ്യങ്ങള്‍...യു.എ.ഇ യില്‍ എട്ട്‌ ദിവസമാണ്‌ ഞങ്ങളുണ്ടായിരുന്നത്‌. ദുബായ്‌, ഷാര്‍ജാ, അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ കാണാനായത്‌ സാഹസികതയോടുള്ള യുവതയുട സ്‌നേഹവും ആഭിമുഖ്യവുമായിരുന്നു. രാജ്യാന്തര താരങ്ങള്‍ പങ്കെടുത്ത ദുബായ്‌ ഓപ്പണ്‍ ടെന്നിസിന്‌ കാണികള്‍ കുറവായിരുന്നെങ്കില്‍ കുതിര പന്തയത്തിനും ഒട്ടകയോട്ട മല്‍സരത്തിനും മോട്ടോര്‍ സ്‌പോര്‍ട്‌സിനും പവര്‍ ബോട്ടിംഗിനുമെല്ലാം മല്‍സരാര്‍ത്ഥികളുടെയും കാണികളുടെയും പ്രവാഹമായിരുന്നു.
അന്നും ഇന്നും യു.എ.ഇയിലെ നമ്പര്‍ വണ്‍ ഗെയിം ഫുട്‌ബോളാണ്‌. അതില്‍ മാറ്റമില്ല. ദുബായ്‌ സ്‌പോര്‍ട്‌സ്‌ ചാനലില്‍ നഗരത്തിലെ ഫുട്‌ബോള്‍ ലീഗിന്റെ തല്‍സമയസംപ്രേക്ഷണം ഏകദേശം എല്ലാ ദിവസങ്ങളിലുമുണ്ട്‌. ഇന്ത്യയില്‍ നടക്കുന്ന ഐ ലീഗ്‌ ഫുട്‌ബോളിലെ മല്‍സരവേദികളില്‍ കാണപ്പെടുന്ന ശൂന്യമായ കസേരകള്‍ പോലെ ദുബായ്‌ വേദികളിലും പ്രാദേശിക ഫുട്‌ബോളിന്‌ ആവേശം കുറവാണെങ്കിലും ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗും സ്‌പാനിഷ്‌ ലീഗുമെല്ലാം ഇവിടെ പ്രധാന ചര്‍ച്ചയാണ്‌. എല്ലാ പത്രങ്ങള്‍ക്കും നാലും ആറും സ്‌പോര്‍ട്‌സ്‌ പേജുകളുണ്ട്‌. എല്ലാത്തിലും പ്രഥമ സ്ഥാനം ഫുട്‌ബോളിന്‌ തന്നെ.
ദുബായ്‌ റേസിംഗ്‌ ക്ലബില്‍ ഹ്രസ്വസന്ദര്‍ശനം നടത്തിയപ്പോഴാണ്‌ അവരുടെ കരുത്തും നിലവാരവുമറിയുന്നത്‌. കുതിരയോട്ട മല്‍സരത്തില്‍ ഏറെ പ്രശസ്‌തമാണ്‌ ദുബായ്‌ ലോകപ്പ്‌. ലോകകപ്പിലെ വിജയികള്‍ക്ക്‌ പ്രതിഫലമായി നല്‍കുന്നത്‌ ഉദ്ദേശം പത്ത്‌ കോടിയോളം രൂപയാണ്‌. ലോകത്തിലെ ഏറ്റവും മികച്ച ജോക്കികളാണ്‌ ലോകകപ്പില്‍ പങ്കെടുക്കുന്നത്‌. പകല്‍ വെളിച്ചത്തിലാണ്‌ സാധാരണ കുതിരപ്പന്തയം നടത്താറുളളത്‌. എന്നാല്‍ ദുബായ്‌ റേസിംഗ്‌ ക്ലബിന്‌ കീഴില്‍ ഫ്‌ളഡ്‌ലിറ്റ്‌ കുതിരപ്പന്തയ സ്റ്റേഡിയമുണ്ട്‌. 15,000 പേര്‍ക്കാണ്‌ ഇരിപ്പിടം.
ഒട്ടകയോട്ടമാണ്‌ ദുബായ്‌ നഗരത്തിന്റെ പരമ്പരാഗത കായികമല്‍സരം. മരുഭൂമിയിലെ പ്രധാന വാഹനമായിരുന്ന ഒട്ടകത്തെ അണിയിച്ചൊരുക്കി നടത്തുന്ന മല്‍സരങ്ങള്‍ സാധാരണ ഗതിയില്‍ വ്യാഴം, ശനി ദിവസങ്ങളിലാണ്‌. അഞ്ച്‌ മുതല്‍ പത്ത്‌ കീലോമീറ്ററോളം ദൂരത്തിലാണ്‌ മല്‍സരം. പ്രവേശനം പല വേദികളിലും സൗജജന്യമാണ്‌.
ഓട്ടോമൊബൈല്‍ ആന്‍ഡ്‌ ടൂറിംഗ്‌ ക്ലബിന്റെ നേതൃത്ത്വത്തില്‍ നടക്കുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ മല്‍സരങ്ങളിലാണ്‌ അറേബ്യന്‍ യുവാക്കളെ കൂടുതലായി കണ്ടത്‌. യൂറോപ്യന്മാര്‍ക്കായിരുന്നു മുമ്പെല്ലാം ഈ മല്‍രങ്ങളില്‍ താല്‍പ്പര്യമെങ്കില്‍ ഇപ്പോള്‍ പുതുപുത്തന്‍ ബൈക്കുകളിലും കാറുകളിലും അറേബ്യന്‍ യുവാക്കളാണ്‌ ചെത്തിപ്പറക്കുന്നത്‌. ദുബായ്‌ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഷെയിക്‌ സായിദ്‌ റോഡിലൂടെ പറപറക്കുന്ന വാഹനങ്ങളുടെ ഇരട്ടി വേഗതയിലാണ്‌ മോട്ടോര്‍ മല്‍സരങ്ങള്‍ നടക്കുന്നത്‌.
അബുദാബിയില്‍ നിന്ന്‌ ഷെയിക്‌ സായിദ്‌്‌ റോഡിലൂടെ ദുബായിലേക്ക്‌ വരുമ്പോള്‍ കാറിന്റെ ഡ്രൈവിംഗ്‌ സീറ്റില്‍ സഹോദരന്‍ ജാസിദായിരുന്നു. 120-140 കീലോമീറ്റര്‍ വേഗതയില്‍ പറക്കുകയായിരുന്നു കാര്‍. ഈ വേഗതയില്‍ പുതുമയില്ലെന്നാണ്‌ വര്‍ഷങ്ങളായി ഇവിടെയുളള ജാസിദ്‌ പറഞ്ഞത്‌. ഷെയിക്‌ സായിദ്‌ റോഡാണ്‌ ദുബായിലെ ഏറ്റവും വേഗതയേറിയ പാത. ഇ-11 എന്നാണ്‌ റോഡിന്റെ ഔദ്യോഗിക നാമധേയം. അബുദാബിയില്‍ തുടങ്ങി ദുബായിലുടെ റാസല്‍ഖൈമ വരെ നീളുന്ന അതിവിശാലപാതയാണിത്‌.
സാമ്പത്തിക മാന്ദ്യമൊന്നും റോഡില്‍ പ്രകടമല്ല. ദുബായ്‌ നഗരത്തിലെ ഗതാഗത തിരക്ക്‌ കുറക്കാന്‍ മെട്രോ റെയിലും വരുന്നുണ്ട്‌. റെയില്‍ പാത ഏകദേശം പൂര്‍ത്തിയായി. സ്‌റ്റേഷന്‍ നിര്‍മ്മാണമാണ്‌ പൂര്‍ത്തിയാവുന്നത്‌. ഉടന്‍ തന്നെ മെട്രോ റെയില്‍ പദ്ധതി സഫലമാവുമ്പോള്‍ നഗരത്തിന്‌ അത്‌ പുതിയ രക്ഷാ മാര്‍ഗ്ഗമാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഗതാഗത നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കപ്പെടുന്നതില്‍ അധികൃതര്‍ പുലര്‍ത്തുന്ന ജാഗ്രതയെ അംഗീകരിക്കണം. എലാ റോഡുകളിലും വാഹനങ്ങള്‍ക്ക്‌ വേഗതാ നിയന്ത്രണമുണ്ട്‌. അത്‌ ലംഘിച്ചാല്‍ ഉടനടി ക്യാമറയില്‍ പിടിക്കപ്പെടും. വലിയ പിഴയും നല്‍കേണ്ടി വരും. പാലങ്ങളുടെ ടോള്‍ കാര്യത്തിലും ഇത്‌ തന്നെ. വാഹനങ്ങളുടെ മുകളില്‍ പതിക്കുന്ന പ്രത്യേക സ്റ്റിക്കറിലൂടെ ടോള്‍ പിരിക്കപ്പെടുന്നു. സ്റ്റിക്കറില്ലാതെ ടോള്‍ ഗേറ്റിലൂടെ സഞ്ചരിച്ചാല്‍ കൈയോടെ പിടിക്കപ്പെടും. നമ്മുടെ നാടുകളിലെ റോഡുകളില്‍ പ്രധാന വില്ലന്മാരായ ഓട്ടോറിക്ഷകളും ടൂ വീലറുകളും ഇവിടെയില്ലാത്തതിനാല്‍ ധൈര്യത്തില്‍ വാഹനമോടിക്കാം.
യു.എ.ഇയില്‍ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ സ്വന്തമാക്കുക എളുപ്പമല്ല. ലൈസന്‍സ്‌ കിട്ടിയാല്‍ ജീവിക്കാന്‍ അത്‌ മതിയെന്നാണ്‌ എല്ലാവരും പറയുന്നത്‌. അറേബ്യന്‍ രാജ്യങ്ങളില്‍ അധിവസിക്കുന്ന പ്രവാസി ലോകത്തിന്റെ അത്താണിയാണ്‌ കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്ററുകള്‍. കെ.എം.സി.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സന്നദ്ധ-സേവന-സാമുഹിക-സാംസ്‌കാരിക സംഘടനകള്‍ മലയാളികള്‍ക്ക്‌ അഭിമാനമാണ്‌. ദുബായ്‌ കെ.എം.സി.സിക്ക്‌ നേതൃത്ത്വം നല്‍കുന്ന മലയാളിയായ ഇബ്രാഹീം എളേറ്റില്‍ നഗരത്തിലെ നിറസ്സാന്നിദ്ധ്യമാണ്‌.
സാമ്പത്തിക മാന്ദ്യം പ്രവാസികളെ ബാധിച്ചിരിക്കുന്നുവെങ്കിലും യു.എ.ഇ ഭരണക്കൂടത്തിന്റെ ശക്തമായ ഇടപെടലുകള്‍ വഴി സാമ്പത്തിക രംഗത്തെ പ്രയാസങ്ങള്‍ സമീപഭാവിയില്‍ തന്നെ പരിഹരിക്കാന്‍ കഴിയുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ സി.എച്ച്‌ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കാനിരിക്കുന്ന ഡയാലിസിസ്‌ സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ്‌ എളേറ്റിലും കെ.എം.സി.സിയും. അതിനിടെ മീഡിലിസ്റ്റ്‌ ചന്ദ്രികയുടെയും പ്രവാസി ചന്ദ്രികയുടെയും പ്രവര്‍ത്തനങ്ങളുമായി തിരക്കിലമരുന്ന അദ്ദേഹത്തിന്‌ കരുത്തായി സേവനസ്സന്നദ്ധരായ ആയിരക്കണക്കന്‌ മലയാളികളുണ്ട്‌.
ദുബായ്‌ ഓപ്പണ്‍ ടെന്നിസില്‍ തുടങ്ങി സാമ്പത്തിക മാന്ദ്യത്തിന്റെ നേര്‍കാഴ്‌ച്ചകള്‍ കണ്ട്‌ നാട്ടിലേക്ക്‌ മടങ്ങുമ്പോള്‍ മനസ്സില്‍ തെളിഞ്ഞത്‌ എമിറേറ്റ്‌സ്‌ എയര്‍വേയ്‌സിന്റെ പരസ്യവാചകമാണ്‌- ദുബായ്‌ ഒരു സ്വപ്‌നഭൂമിയാണ്‌... വേഗതയുടെ രാജകൊട്ടാരം. കണ്ടാലും കണ്ടാലും മതിവരാത്ത രാജഭൂമി.
കഴിഞ്ഞ വര്‍ഷം റാക്‌ എയര്‍വേയ്‌സിന്റെ അതിഥികളായി റാസല്‍ഖൈമയും മറ്റ്‌ എമിറേറ്റ്‌സുകളും സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ദുബായ്‌ സ്‌പോര്‍ട്‌സ്‌ സിറ്റിയായിരുന്നു അല്‍ഭുതമായി തോന്നിയത്‌. ഇത്തവണ മറ്റ്‌ കായികവേദികള്‍ കണ്ടപ്പോള്‍ ഈ നഗരത്തിന്റെയും ഭരണക്കൂടത്തിന്റെയും കായിക തല്‍പ്പരതക്ക്‌ അതിരുകളില്ലെന്ന സത്യമാണ്‌ ബോധ്യമായത്‌. (അവസാനിച്ചു)

റെഡി
പാറ്റ്‌ന: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ (ഐ.പി.എല്‍) കളിക്കാന്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ തയ്യാറാണെന്നും ടീമിന്റെ പരിശീലനം ഈ മാസം 16 ന്‌ ആരംഭിക്കുമെന്നും നായകന്‍ സൗരവ്‌ ഗാംഗുലി. ലാഹോറില്‍ ശ്രീലങ്കന്‍ ടീമിനെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ ഭീഷണി നേരിടുന്നതായി ഗാംഗുലി കരുതുന്നില്ല. ഇന്ത്യ തികച്ചും സുരക്ഷിതമായ വേദിയാണ്‌. ഇവിടെ അത്തരം പ്രയാസങ്ങളുണ്ടാവില്ല. പാക്കിസ്‌താനിലെ സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്റെ ക്രിക്കറ്റ്‌ ഭാവിയെ ബാധിക്കും. എന്നാല്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ പഴയ കരുത്തോടെ നടത്താനാവും. ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം സന്തുലിതമാണ്‌. ക്യാപ്‌റ്റന്‍ ധോണി ബാറ്റിംഗ്‌ ഓര്‍ഡറില്‍ മുന്നോട്ട്‌ വരണം. താന്‍ ടീമിന്റെ നായകനായിരുന്നപ്പോള്‍ ധോണിക്ക്‌ പ്രൊമോഷന്‍ നല്‍കിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2011 ലെ ലോകകപ്പില്‍ കളിക്കുമെന്നാണ്‌ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡേവിസ്‌ ലീഡ്‌
കാവോസിയുംഗ്‌ (ചൈനീസ്‌ തായ്‌പെയ്‌): ലിയാന്‍ഡര്‍ പെയ്‌സ്‌-മഹേഷ്‌ ഭൂപതി എന്നിവരുടെ അനുഭവ സമ്പത്തില്‍ ചൈനീസ്‌ തായ്‌പെയ്‌ക്കെതിരായ ഡേവിസ്‌ കപ്പ്‌ ടെന്നിസില്‍ ഇന്ത്യക്ക്‌ 2-1 ന്റെ ലീഡ്‌. ആദ്യ ദിനത്തിലെ സിംഗിള്‍സ്‌ മല്‍സരങ്ങളില്‍ ഇരു ടീമുകളും ഒപ്പം നിന്നപ്പോള്‍ ഇന്നലെ നടന്ന ഡബിള്‍സില്‍ പെയ്‌സ്‌-ഭൂപതി സഖ്യം വെല്ലുവിളികളെ അതിജയിച്ച്‌ 6-4, 7-6, 6-7 (2), 6-2 എന്ന സ്‌ക്കോറിന്റെ വിജയം നേടി. ആദ്യ രണ്ട്‌ സെറ്റിലും കാര്യമായ വെല്ലുവിളി നേരിടാതിരുന്ന ഇന്ത്യന്‍ ജോഡി മൂന്നാം സെറ്റില്‍ തായ്‌ താരങ്ങളായ സംഗ്‌ ഹുവ യാംഗ്‌, ചു ഹുവാന്‍ യി എന്നിവരുടെ കരുത്ത്‌ നേരിട്ടറിഞ്ഞു. തകര്‍പ്പന്‍ പ്രകടനത്തില്‍ ആതിഥേയ ജോഡി മൂന്നാം സെറ്റ്‌ നേടി. അടുത്ത സെറ്റിലും ഇവര്‍ പോരാട്ടവീര്യം പ്രകടിപ്പിച്ചു. പക്ഷേ ഇന്ത്യന്‍ താരങ്ങള്‍ അനുഭവസമ്പത്ത്‌ ആയുധമാക്കി. റിവേഴസ്‌ സിംഗിള്‍സ്‌ മല്‍സരങ്ങള്‍ ഇന്ന്‌ നടക്കും.
പെണ്‍ വിജയം
ബൗറാള്‍ (ഓസ്‌ട്രേലിയ): വനിതാ ക്രിക്കറ്റ്‌ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ പാക്കിസ്‌താനെ പത്ത്‌ വിക്കറ്റിന്‌ നാണം കെടുത്തി. ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താനെ 29 ഓവറില്‍ കേവലം 57 റണ്‍സിന്‌ പുറത്താക്കിയ ഇന്ത്യ പത്ത്‌ ഓവറില്‍ വിക്കറ്റ്‌ നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. പാക്‌ ഇന്നിംഗ്‌സില്‍ രണ്ടക്കം കണ്ടവര്‍ രണ്ട്‌ പേരായിരുന്നു. സന മീറും (17), ബിസ്‌മാ മറൂഫും(11). ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയ പത്ത്‌ എക്‌സ്‌ട്രാ റണ്‍സായിരുന്നു ഇന്നിംഗ്‌സിലെ മൂന്നാം ടോപ്‌ സ്‌ക്കോറര്‍.
സമനില
ലിനാറസ്‌ (സ്‌പെയിന്‍): ലിനാറസ്‌ ചെസില്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്‌ സമനില. പതിമൂന്നാം റൗണ്ടില്‍ റഷ്യയില്‍ നിന്നുള്ള അലക്‌സാണ്ടര്‍ ഗ്രെഷ്‌ചുക്കാണ്‌ ഇന്ത്യന്‍ താരത്തെ തളച്ചത്‌. ഇന്ന്‌ നടക്കുന്ന അവസാന മല്‍സരത്തില്‍ വിജയിച്ചാലും ആനന്ദിന്‌ കിരീടം ഉറപ്പിക്കാനാവില്ല.

ദക്ഷിണാഫ്രിക്ക വിറക്കുന്നു
ഡര്‍ബന്‍: കിംഗ്‌സ്‌ മീഡില്‍ ഇന്നലെ മിച്ചല്‍ ജോണ്‍സന്റെ ദിവസമായിരുന്നു. ബ്രെട്ട്‌ ലീയുടെ അഭാവത്തില്‍ ഓസീസ്‌ പേസ്‌ പടയെ നയിക്കുന്ന ജോണ്‍സന്റെ വേഗതക്ക്‌ മുന്നില്‍ തളര്‍ന്ന ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലും വെള്ളം കുടിക്കുന്നു.
ഒന്നാം ഇന്നിംഗ്‌സില്‍ 352 റണ്‍സ്‌ സ്വന്തമാക്കിയ ശേഷം മല്‍സരത്തിന്റെ രണ്ടാം ദിവസം രണ്ടാം സെഷനിലാണ്‌ ജോണ്‍സണ്‍ ആതിഥേയരെ വിറപ്പിച്ചത്‌. സ്‌ക്കോര്‍ബോര്‍ഡില്‍ അക്കമാവുന്നതിന്‌ മുമ്പ്‌ തന്നെ വിലപ്പെട്ട രണ്ട്‌ വിക്കറ്റുകള്‍. നീല്‍ മക്കന്‍സിയും ഹാഷിം അംലയും മടങ്ങുമ്പോള്‍ കിംഗ്‌സ്‌മീഡിലെ കാണികള്‍ തരിച്ചുനില്‍ക്കുകയായിരുന്നു. രണ്ട്‌ പേരുടെ വീഴ്‌ച്ചയില്‍ എന്ത്‌ ചെയ്യണമെന്നറിയാതെ നില്‍കുകയായിരുന്ന ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്തിനെ പരുക്കുമായി പവിലിയനിലേക്ക്‌ തിരിച്ചയക്കുന്നതിലും ജോണ്‍സണ്‍ വിജയിച്ചു. അതിവേഗതയില്‍ വന്ന ജോണ്‍സന്റെ പന്ത്‌ തട്ടി വലത്‌ കൈവിരല്‍ മുറിഞ്ഞ സ്‌മിത്തിന്‌ പരമ്പരയില്‍ ഇനി കളിക്കാനാവുമോ എന്ന കാര്യം സംശയത്തിലാണ്‌. ഇവിടെയും അവസാനിച്ചില്ല ജോണ്‍സണ്‍ വീര്യം. ആഫ്രിക്കന്‍ സംഘത്തിലെ അനുഭവസമ്പന്നനായ ജാക്‌ കാലിസിനെയും ജോണ്‍സണ്‍ പരുക്കുമായി തിരിച്ചയച്ചു. മുഖത്ത്‌ പന്ത്‌ തട്ടിയ കാലിസ്‌ രക്തമൊലിച്ചാണ്‌ മടങ്ങിയത്‌. 28 റണ്‍സുമായി കളിക്കുന്ന ജെ.പി ഡുമിനിയിലാണ്‌ ടീമിന്റെ പ്രതീക്ഷകള്‍. നാല്‌ വിക്കറ്റിന്‌ 64 റണ്‍സാണ്‌ ടീമിന്റെ ആകെ സമ്പാദ്യം.
രണ്ട്‌ മാസം മുമ്പ്‌ നടന്ന സിഡ്‌നി ടെസ്റ്റില്‍ ജോണ്‍സന്റെ പന്തില്‍ ഇടത്‌ കൈക്ക്‌ പരുക്കുമായി നാട്ടിലേക്ക്‌ മടങ്ങിയ താരമാണ്‌ സ്‌മിത്ത്‌. ഇപ്പോള്‍ അദ്ദേഹത്തിന്റെ വലത്‌ കൈക്കും പരുക്കേറ്റിരിക്കുന്നു.
ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ തന്നെ ജോണ്‍സണ്‍ പ്രകടിപ്പിച്ച കരുത്തില്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മറുപടി ഉണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‌ വന്നപ്പോള്‍ നിറം മങ്ങിയ ജോണ്‍സണ്‍ ബൗളിംഗ്‌ കോച്ച്‌ ട്രോയ്‌ കൂലിയുടെ നിര്‍ദ്ദേശ പ്രകാരം ശൈലി മാറ്റിയതാണ്‌ ഗുണകരമായത്‌. മക്കന്‍സിക്ക്‌ ജോണ്‍സന്റെ പന്തില്‍ മറുപടിയുണ്ടായിരുന്നില്ല. രണ്ട്‌ പന്തിന്‌ ശേഷം അംല വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങുകയും ചെയ്‌തു.
എബി ഡി വില്ലിയേഴ്‌സിനെ ഹില്‍ഫാന്‍ഹസ്‌ പുറത്താക്കിയപ്പോള്‍ കാലിസ്‌-ഡുമിനി സഖ്യം നടത്തിയ രക്ഷാ ശ്രമം തന്റെ രണ്ടാം വരവില്‍ ജോണ്‍സണ്‍ ഇല്ലാതാക്കി. നേരത്തെ ഒന്നാം ഇന്നിംഗ്‌സല്‍ കൂറ്റന്‍ സ്‌ക്കോര്‍ നേടാനുള്ള ഓസീസ്‌ നീക്കം മക്കായ എന്‍ടിനി തടയുകയായിരുന്നു.
വീണ്ടും സ്‌ട്രോസ്‌
ട്രിനിഡാഡ്‌: പരമ്പരയിലെ തന്റെ മൂന്നാം സെഞ്ച്വറിയുമായി നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ മിന്നിയപ്പോള്‍ വിന്‍ഡീസിനെതിരായ അഞ്ചാം ടെസ്‌റ്റില്‍ ഇംഗ്ലണ്ടിന്‌ നല്ല തുടക്കം. ആദ്യദിനം രണ്ട്‌ വിക്കറ്റിന്‌ 258 റണ്‍സാണ്‌ സന്ദര്‍ശകര്‍ നേടിയിരിക്കുന്നത്‌.
സമനിലകള്‍
കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന രണ്ട്‌ മല്‍സരങ്ങളും സമനിലയില്‍ അവസാനിച്ചു. മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗിനെ ചിരാഗ്‌ യുനൈറ്റഡ്‌ 2-2 ല്‍ നിയന്ത്രിച്ചപ്പോള്‍ ജെ.സി.ടി-എയര്‍ ഇന്ത്യ മല്‍സരം 1-1 ല്‍ അവസാനിച്ചു.

1 comment:

Unknown said...

hi kamal some times we cannot read the malayalam words pls be noted my comment