Saturday, March 21, 2009

BIG INDIA


ചരിത്രം
ഹാമില്‍ട്ടണ്‍: മുപ്പത്തിമൂന്ന്‌ വര്‍ഷത്തെ കാത്തിരിപ്പിന്‌ ശേഷം ന്യൂസിലാന്‍ഡില്‍ ഇന്ത്യക്ക്‌ ഒരു ടെസ്റ്റ്‌ വിജയം-അതും പത്ത്‌ വിക്കറ്റിന്റെ രാജകീയതയില്‍.... 63 റണ്‍സിന്‌ ആറ്‌ വിക്കറ്റ്‌ സ്വന്തമാക്കിയ ഹര്‍ഭജന്‍സിംഗിന്റെ സ്‌പിന്നില്‍ സിദാന്‍ പാര്‍ക്കില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ മല്‍സരം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിയുണ്ടായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 241 റണ്‍സിന്റെ ലീഡ്‌ കരസ്ഥമാക്കിയ സന്ദര്‍ശകര്‍ കിവി രണ്ടാം ഇന്നിംഗ്‌സ്‌ 279 റണ്‍സില്‍ അവസാനിപ്പിച്ചാണ്‌ വന്‍ വിജയം ആഘോഷിച്ചത്‌. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റിംഗിനെ സെഞ്ച്വറിയുമായി കരുത്തേകിയ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കറാണ്‌ കളിയിലെ കേമന്‍.
വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ബ്രെന്‍ഡന്‍ മക്കുലം, ഡാനിയല്‍ ഫ്‌ളൈന്‍ എന്നിവരുടെ ചെറുത്തുനില്‍
പ്പില്‍ ഇന്നിംഗ്‌സ്‌ പരാജയം ഒഴിവാക്കിയ കിവീസിന്‌ ആസന്നമായ പതനം അഞ്ചാം ദിവസത്തിലേക്ക്‌ കൊണ്ടു പോവാന്‍ കഴിഞ്ഞില്ല. എട്ടാം വിക്കറ്റില്‍ മക്കുലവും വാലറ്റക്കാരന്‍ ലൈയന്‍ ഒബ്രിയാനും ചേര്‍ന്നുള്ള 76 റണ്‍സിന്റെ സഖ്യം തകര്‍ക്കപ്പെട്ടതോടെ ഇന്ത്യ ജയത്തിലേക്ക്‌ ഓടിയടുക്കുകയായിരുന്നു. 39 റണ്‍സിന്റെ വിജയലക്ഷ്യം കേവലം 32 പന്തില്‍ ഇന്ത്യ സ്വായത്തമാക്കി. വീരേന്ദര്‍ സേവാഗിനെ രംഗത്തിറക്കാതെ ഗൗതം ഗാംഭീര്‍, രാഹുല്‍ ദ്രാവിഡ്‌ എന്നിവരിലൂടെയാണ്‌ ഇന്ത്യ വിജയം വരിച്ചത്‌.
അമ്പയര്‍മാരുടെ പിഴവുകളാണ്‌ ഇന്നിംഗ്‌സ്‌ തോല്‍വിയില്‍ നിന്നും കിവീസിനെ കരകയറ്റിയത്‌. വ്യക്തിഗത സ്‌ക്കോര്‍ മൂന്നില്‍ നില്‍ക്കുമ്പോള്‍ മുനാഫ്‌ പട്ടേലിന്റെ പന്തില്‍ മക്കുലം വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങിയിരുന്നു. പക്ഷേ അമ്പയര്‍ വിരലുയര്‍ത്തിയില്ല. 67 ല്‍ നില്‍ക്കുമ്പോള്‍ ഹര്‍ഭജന്റെ പന്തില്‍ വന്ന ബാറ്റ്‌ ആന്‍ഡ്‌ പാഡ്‌ ക്യാച്ചും അംഗീകരിക്കപ്പെട്ടില്ല. രണ്ട്‌ ലൈഫുകള്‍ക്ക്‌ ശേഷം പക്ഷേ പിന്നീട്‌ മക്കുലം തിരിഞ്ഞ്‌ നോക്കിയില്ല. മനോഹരമായ ബാറ്റിംഗില്‍ അദ്ദേഹം ഇന്ത്യക്ക്‌ പിടികൊടുക്കാതെ മുന്നേറി. ഒന്നാം ഇന്നിംഗ്‌സില്‍ കിവി മുന്‍നിരയിലെ ആറ്‌ വിക്കറ്റുകള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ സ്വന്തമാക്കിയതിന്‌ ശേഷം വാലറ്റത്ത്‌ ഡാനിയല്‍ വെട്ടോരിയും ജെസി റൈഡറും പിടിച്ചുനിന്നത്‌ പോലെ ഇന്നലെ മക്കുലവും ഒബ്രിയാനും പൊരുതിയപ്പോള്‍ ഹര്‍ഭജന്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വിയര്‍ത്തു. ഒബ്രിയാനെ ബാറ്റിംഗ്‌ ക്രീസില്‍ നിന്ന്‌ സംരക്ഷിച്ചുളള മക്കുലത്തിന്റെ ശ്രമം ഹര്‍ഭജന്‍ അവസാനിച്ചപ്പോഴാണ്‌ ഇന്ത്യന്‍ വിജയം നാലാം ദിവസം തന്നെ സാധ്യമായത്‌. 45 പന്തില്‍ നിന്ന്‌ 14 റണ്‍സ്‌ നേടിയ ഒബ്രിയാന്‍ വിവാദ സാഹചര്യത്തിലാണ്‌ പുറത്തായത്‌. ഹര്‍ഭജന്റെ ബാറ്റിലും പാഡിലും തട്ടിയും പന്ത്‌ ലക്ഷ്‌മണ്‍ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. അമ്പയറുടെ തീരുമാനത്തില്‍ ഒബ്രിയാന്‍ പ്രതിഷേധിച്ചപ്പോള്‍ മൂന്നാം അമ്പയറാണ്‌ അന്തിമ തീരുമാനമെടുത്തത്‌.
കനത്ത സമ്മര്‍ദ്ദത്തില്‍ ആക്രമണ ബാറ്റിംഗുമായാണ്‌ നാലാം ദിവസം ന്യൂസിലാന്‍ഡ്‌ ആരംഭിച്ചത്‌. രാവിലെ ബൗളര്‍മാരെ പിന്തുണക്കുന്ന സാഹചര്യത്തില്‍ പോലും ഫ്‌ളൈന്‍ സഹീര്‍ഖാനെ ഒന്നിലധികം തവണ അതിര്‍ത്തി കടത്തി. പക്ഷേ മറുഭാഗത്ത്‌ റോസ്‌ ടെയ്‌ലര്‍ ഇഷാന്തിന്റെ പന്തുകള്‍ക്ക്‌ മുന്നില്‍ പതറി. ആദ്യ ഇന്നിംഗ്‌സില്‍ ടെയ്‌്‌ലറുടെ സ്റ്റംമ്പ്‌ പറത്തിയ ഇഷാന്ത്‌ അതേ രീതിയില്‍ വിറപ്പിക്കുന്ന പന്തുകളാണ്‌ പായിച്ചത്‌. ഫ്‌ളൈന്‍ പക്ഷേ അനായാസമായി ബാറ്റ്‌ ചെയ്‌തു. മുനാഫിന്‌ ധോണി പന്ത്‌ നല്‍കിയപ്പോള്‍ ആദ്യ ഓവറില്‍ തന്നെ രണ്ട്‌ തവണ പന്തിനെ ഫ്‌ളൈന്‍ അതിര്‍ത്തി കടത്തി.
കിവി സ്‌ക്കോര്‍ നാല്‍പ്പത്തിരണ്ടാമത്‌ ഓവറിലാണ്‌ 100 കടന്നത്‌. ഇഷാന്തിനെ അതിര്‍ത്തി കടത്തി നേരി
ട്ട 118-ാമത്‌ പന്തില്‍ ഫ്‌ളൈന്‍ അര്‍ദ്ധശതകവും തികച്ചു. 289 പന്തില്‍ നിന്ന്‌ നാല്‌ റണ്ണുമായി ടെയ്‌ലര്‍ മുനാഫിന്റെ പന്തില്‍ സേവാഗിന്‌ പിടി നല്‍കിയതോടെയാണ്‌ ഇന്ത്യക്ക്‌ മല്‍സരത്തിലേക്ക്‌ തിരിച്ചുവരാനായത്‌. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ റൈഡര്‍ സഹീറിന്റെ പന്തില്‍ ഒരു സിക്‌സറും ബൗണ്ടറിയും സ്വന്തമാക്കിയെങ്കിലും ലഞ്ചിന്‌ തൊട്ട്‌ മുമ്പ്‌ ഹര്‍ഭജന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങി. 55 ല്‍ നില്‍ക്കുമ്പോള്‍ ഫ്‌ളൈന്‍ നല്‍കിയ അവസരം ധോണി പാഴാക്കിയത്‌ ഇന്ത്യക്ക്‌ തിരിച്ചടിയായില്ല. ലഞ്ചിന്‌ ശേഷം ഫ്‌ളൈന്‍, വെട്ടോരി, ജെയിംസ്‌ ഫ്രാങ്ക്‌ളിന്‍ എന്നിവര്‍ പെട്ടെന്ന്‌ പുറത്തായി.
ധോണി പുതിയ പന്തെടുത്തപ്പോഴാണ്‌ മക്കുലവും ഒബ്രിയാനും പിടിച്ചുനിന്നത്‌. ഈ സഖ്യത്തെ വീഴ്‌ത്തി ടീമിനെ മല്‍സരത്തിലേക്കും വിജയത്തിലേക്കും നയിച്ച ഹര്‍ഭജന്‍ ഇന്നിംഗ്‌സില്‍ മൊത്തം 28 ഓവറുകളില്‍ നിന്നായി ആറ്‌്‌ വിക്കറ്റാണ്‌ വീഴ്‌ത്തിയത്‌-ന്യൂസിലാന്‍ഡില്‍ ഒരു ഇന്ത്യന്‍ സ്‌പിന്നറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനം.

സ്‌ക്കോര്‍ബോര്‍ഡ്‌
ന്യൂസിലാന്‍ഡ്‌ ഒന്നാം ഇന്നിംഗ്‌സ്‌-279. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ 520. ന്യൂസിലാന്‍ഡ്‌ രണ്ടാം ഇന്നിംഗ്‌സ്‌: മകിന്റോഷ്‌-സി-സച്ചിന്‍-ബി-സഹീര്‍-0, ഗുപ്‌ടില്‍-സി-സേവാഗ്‌-ബി-ഹര്‍ഭജന്‍-48, ഫ്‌ളൈന്‍-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-67, മില്‍സ്‌-എല്‍.ബി.ഡബ്ല്യൂ-ബി-മുനാഫ്‌-2, ടെയ്‌ലര്‍-സി-സേവാഗ്‌-ബി-മുനാഫ്‌-4, റൈഡര്‍-എല്‍.ബി.ഡബ്ല്യൂ-ബി-ഹര്‍ഭജന്‍-21, ഫ്രാങ്ക്‌ളിന്‍-സി-മുനാഫ്‌-ബി-ഹര്‍ഭജന്‍-14, മക്കുലം-സി-ലക്ഷ്‌മണ്‍-ബി-യുവരാജ്‌-84, വെട്ടോരി-സി-ധോണി-ബി-ഹര്‍ഭജന്‍-21, ഒബ്രിയാന്‍-സി-ലക്ഷ്‌മണ്‍-ബി-ഹര്‍ഭജന്‍-14, മാര്‍ട്ടിന്‍-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌ 4, ആകെ 102.3 ഓവില്‍ 279.
വിക്കറ്റ്‌ പതനം: 1-0 (മകിന്റോഷ്‌), 2-68 (ഗുപ്‌ടില്‍), 3-75 (മില്‍സ്‌), 4-110 (ടെയ്‌ലര്‍), 5-132 (റൈഡര്‍), 6-154 (ഫ്രാങ്ക്‌ളിന്‍),7-161 (ഫ്‌ളൈന്‍), 8-199 (വെട്ടോരി),9-275 (ഒബ്രിയാന്‍), 10-279 (മക്കുലം). ബൗളിംഗ്‌: സഹീര്‍ 28-7-79-1, ഇഷാന്ത്‌ 22-7-62-0, മുനാഫ്‌ 17-2-60-2, ഹര്‍ഭജന്‍ 28-2-63-6, യുവരാജ്‌ 7.3-2-11-1.
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-നോട്ടൗട്ട്‌-30, ദ്രാവിഡ്‌-നോട്ടൗട്ട്‌-8, എക്‌സ്‌ട്രാസ്‌-1. ആകെ 5.2 ഓവറില്‍ വിക്കറ്റ്‌ പോവാതെ 39. ബൗളിംഗ്‌: മാര്‍ട്ടിന്‍ 3-0-17-0, മില്‍സ്‌ 2.2-0-21-0.

തേര്‍ഡ്‌ ഐ
ഹര്‍ഭജന്‍സിംഗിന്റെ പേരിലുളള പ്രധാന ആക്ഷേപം വിദേശ പിച്ചുകളിലെ അദ്ദേഹത്തിന്റെ പ്രകടനമായിരുന്നു. ഇന്ത്യന്‍ ടീമിലെ നമ്പര്‍ വണ്‍ സ്‌പെഷ്യലിസ്റ്റ്‌ സ്‌പിന്നറായിട്ടും വിദേശത്ത്‌ വെച്ച്‌ അദ്ദേഹത്തിന്‌ ടീമിനായി എന്താണ്‌ ചെയ്യാന്‍ കഴിയുന്നത്‌ എന്ന ചോദ്യത്തിന്‌ ഇത്‌ വരെ വ്യക്തമായ ഉത്തരം നല്‍കാന്‍ ആര്‍ക്കുമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഗാലിയില്‍ ശ്രീലങ്കക്കെതിരെ നടന്ന ടെസ്‌റ്റില്‍ പത്ത്‌ വിക്കറ്റ്‌ നേടാനായതാണ്‌ വിദേശത്ത്‌ ബാജിയുടെ ഏറ്റവും മികച്ച പ്രകടനം. പക്ഷേ ലങ്കയിലെ പിച്ചുകള്‍ ഇന്ത്യക്ക്‌ തുല്യമായതിനാലും മുത്തയ്യ മുരളീധരനെ പോലുളളവര്‍ അവിടെ നടത്തുന്ന മികവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹര്‍ഭജന്റെ ഗാലി പ്രകടനം അത്ര കേമമായിരുന്നില്ല. പക്ഷേ ഹാമില്‍ട്ടണിലെ സിദാന്‍ പാര്‍ക്കിനെ ഇനി ധൈര്യസമേതം ഹര്‍ഭജന്‌ ഉദാഹരിക്കാം. പണ്ട്‌ ഏരപ്പള്ളി പ്രസ്സന്നയും, ആര്‍.ജി നദ്‌കര്‍ണിയുമെല്ലാം ഇന്ത്യന്‍ സ്‌പിന്നിന്റെ ശൗര്യം കാട്ടിയ വേദിയിലാണ്‌ ഇപ്പോള്‍ ഹര്‍ഭജനും കരുത്ത്‌ പ്രകടിപ്പിച്ചിരിക്കുന്നത്‌. 76 ലെ പര്യടനത്തില്‍ പ്രസന്ന എട്ട്‌ വിക്കറ്റ്‌ സ്വന്തമാക്കിയതും 68 ലെ പര്യടനത്തില്‍ നദ്‌കര്‍ണി ആറ്‌ വിക്കറ്റ്‌ നേടിയതും കിവി മണ്ണിലെ ഏറ്റവും മികച്ച ഇന്ത്യന്‍ പ്രകടനങ്ങളായിരുന്നു.
പിച്ചില്‍ നിന്ന്‌ വലിയ പിന്തുണ ഹര്‍ഭജന്‌ ലഭിച്ചിരുന്നില്ല. പക്ഷേ കിവി ബാറ്റ്‌സ്‌മാന്മാര്‍ അദ്ദേഹത്തെ കാര്യമായി ഭയപ്പെട്ടു. ആറ്‌ വിക്കറ്റുകള്‍ ബാജി നേടിയത്‌ ബാറ്റ്‌സ്‌മാന്മാരുടെ ഭയത്തിലാണ്‌. സൗരവ്‌ ഗാംഗുലിക്ക്‌ കീഴില്‍ 2001 ല്‍ ഓസ്‌ട്രേലിയക്കെതിരെ നടത്തിയ മാസ്‌മരികതയിലാണ്‌ ഹര്‍ഭജന്‍ താരമായി വന്നത്‌. പക്ഷേ ഓസ്‌ട്രേലിയക്കാര്‍ അദ്ദേഹത്തെ പഠിച്ചതിനാല്‍ വലിയ പ്രകടനങ്ങള്‍ കങ്കാരുകള്‍ക്കെതിരെ ആവര്‍ത്തിക്കാന്‍ പിന്നീട്‌ ബാജിക്ക്‌ കഴിഞ്ഞിരുന്നില്ല. ക്രിസ്‌ വിട്ട്‌ പ്രഹരിക്കാനും, പാഡ്‌ കൊണ്ട്‌ ബാജിയെ നേരിടാനും ഓസ്‌ടേലിയക്കാര്‍ പഠിച്ചത്‌ അല്‍പ്പം സമയമെടുത്താണ്‌. പക്ഷേ കിവി ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ ബാജിയെ തീരെ പരിചയമുണ്ടായിരുന്നില്ല. സ്റ്റീഫന്‍ ഫ്‌ളെമിംഗിനും നതാന്‍ ആസിലിനും ക്രെയിഗ്‌ മാക്‌മിലനുമെല്ലാം ബാജിയെ അറിയാം. അവരെല്ലാം പെട്ടെന്ന്‌ കളി മതിയാക്കിയതിന്‌ ശേഷം വന്ന ഗുപ്‌ടിലിനും ടെയ്‌ലറും റൈഡറുമെല്ലാം പഞ്ചാബിയുടെ തന്ത്രങ്ങള്‍ ഇതാദ്യമായാണ്‌ അറിയുന്നത്‌.
ഹര്‍ഭജന്‍ ഇന്നലെ നേടിയ വിക്കറ്റുകള്‍ പരിശോധിച്ചാലറിയാം ബാറ്റ്‌സ്‌മാന്മാരുടെ ഭയം. എല്ലാവരും ക്രീസില്‍ നിന്നാണ്‌ സ്‌പിന്നറെ നേരിട്ടത്‌. ബാറ്റ്‌സ്‌മാന്മാര്‍ ആക്രമിക്കില്ല എന്നുറപ്പുള്ളതിനാല്‍ ബാജിക്ക്‌ തന്റെ തന്ത്രങ്ങള്‍ മെനയാന്‍ എളുപ്പമായി. ആത്മവിശ്വാസത്തോടെ പന്തെറിയാനുമായി. സ്‌പിന്നറെ ഡിഫന്‍ഡ്‌ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്‌. ചുറ്റിലും ഫീല്‍ഡര്‍മാര്‍ നില്‍ക്കുമ്പോള്‍ പന്തിനെ തടയാന്‍ അത്രയും ടെക്‌നിക്‌സ്‌ വേണം. അതില്ലാതെയാണ്‌ എല്ലാവരും കളിച്ചത്‌.
ഹര്‍ഭജന്‌ അദ്ദേഹത്തിന്റെ ബൗളിംഗ്‌ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ ലഭിക്കണം. എങ്കില്‍ മാത്രമാണ്‌ കരുത്തനായി പന്തെറിയാന്‍ അദ്ദേഹത്തിനാവു. ഈ അടിസ്ഥാനകാര്യവും പല കിവിക്കാരും മനസ്സിലാക്കിയില്ല. ടീം നന്നായി പോവുമ്പോള്‍ മാത്രമാണ്‌ ഹര്‍ഭജന്‌ മുന്നേറാനാവുക എന്ന സത്യവും കിവിക്കാര്‍ മനസ്സിലാക്കിയില്ല. ടീം പതറുമ്പോള്‍ സാധാരണ ഹര്‍ഭജനും പതറാറുണ്ട്‌. അനില്‍ കുംബ്ലെയുടെ പിന്തുണയിലാണ്‌ ബാജി വളര്‍ന്നത്‌. കുംബ്ലെ വിരമിച്ച സാഹചര്യത്തില്‍ ടീമിലെ സീനിയര്‍ സ്‌പിന്നര്‍ എന്ന സ്ഥാനം ഏറ്റെടുക്കാനും വിജയിപ്പിക്കാനും അദ്ദേഹത്തിനാവുന്നത്‌ തീര്‍ച്ചയായും ഗുണകരമാണ്‌...

റെക്കോര്‍ഡുകള്‍
ഹാമില്‍ട്ടണിലെ ഇന്ത്യന്‍ നേട്ടങ്ങള്‍
1-വിദേശത്ത്‌ ഇന്ത്യ നേടുന്ന രണ്ടാമത്‌ പത്ത്‌ വിക്കറ്റ്‌ വിജയമാണ്‌ ഹാമില്‍ട്ടണില്‍ കണ്ടത്‌. 2005 സെപ്‌തംബറില്‍ ഹരാരെയില്‍ വെച്ച്‌ സിംബാബ്‌വെക്കെതിരെ നേടിതായിരുന്നു വിദേശ മണ്ണിലെ ഇന്ത്യയുടെ ആദ്യ പത്ത്‌ വിക്കറ്റ്‌ വിജയം.
2-ന്യൂസിലാന്‍ഡില്‍ വെച്ച്‌ ന്യൂസിലാന്‍ഡിനെ ഇന്ത്യ തോല്‍പ്പിക്കുന്നത്‌ ഇത്‌ അഞ്ചാമത്‌ തവണയാണ്‌. 1976 ജനുവരിയിലായിരുന്നു അവസാനവിജയം. വിദേശത്ത്‌ ഇന്ത്യന്‍ ടീം നേടുന്ന മുപ്പത്തിരണ്ടാമത്തെ ടെസ്റ്റ്‌്‌ വിജയം കൂടിയാണിത്‌.
3-63 റണ്‍സിന്‌ ആറ്‌ വിക്കറ്റ്‌ നേടിയ ഹര്‍ഭജന്റെ മികവ്‌ വിദേശത്ത്‌ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ്‌. കിവി മണ്ണില്‍ ഒരു ഇന്ത്യന്‍ സ്‌പിന്നറുടെ ഏറ്റവും മികച്ച റെക്കോര്‍ഡ്‌ പ്രസന്നയുടെ പേരിലാണ്‌. 76 ലെ പര്യടനത്തില്‍ അദ്ദേഹം 76 റണ്‍സിന്‌ എട്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയിട്ടുണ്ട്‌. 68 ലെ പര്യടനത്തില്‍ ആര്‍.ജി നദ്‌കര്‍ണി 43 റണ്‍സിന്‌ ആറ്‌ വിക്കറ്റ്‌ നേടിയതാണ്‌ രണ്ടാമത്തെ മികച്ച പ്രകടനം. ഹര്‍ഭജന്റേത്‌്‌ ഒരു ഇന്ത്യന്‍ സ്‌പിന്നറുടെ ന്യൂസിലാന്‍ഡിലെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണ്‌.

കോച്ചിന്‌ തെറ്റി
ഗുയാന: വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ടീമിനെ പരിശീലിപ്പിക്കുന്ന ഓസ്‌ട്രേലിയന്‍ കോച്ച്‌ ജോണ്‍ ഡൈസണ്‌ പറ്റിയ വലിയ അമളിയില്‍ ഇംഗ്ലണ്ടിന്‌ ആദ്യ ഏകദിനത്തില്‍ ഒരു റണ്‍ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ഏഴ്‌ വിക്കറ്റിന്‌ 270 റണ്‍സാണ്‌ നേടിയത്‌. മറുപടിയില്‍ മഴയും വെളിച്ചക്കുറവും പ്രശ്‌നമായപ്പോള്‍ ഇന്നിംഗ്‌സിന്റെ അവസാനത്തില്‍ സ്വന്തം ടീമിനെ തിരിച്ചുവിളിക്കാന്‍ ഡൈസണ്‍ കാട്ടിയ തിടുക്കം ഇംഗ്ലണ്ടിന്‌ അവസരം നല്‍കുകയായിരുന്നു. 22 പന്തില്‍ നിന്ന്‌ ജയിക്കാന്‍ 27 റണ്‍സ്‌ വേണ്ട ഘട്ടത്തിലായിരുന്നു കോച്ച്‌ സ്വന്തം താരങ്ങളെ മടക്കിവിളിച്ചത്‌. വെളിച്ചക്കുറവാണ്‌ കോച്ച്‌ പ്രശ്‌നമാക്കിയത്‌. എന്നാല്‍ ആ സമയത്ത്‌ വെളിച്ചം വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്നു. ടീമിന്‌ വിജയിക്കാനും കഴിയുമായിരുന്നു. ഡെക്‌വര്‍ത്ത്‌ നിയമത്തിന്റെ ആനുകൂല്യം ഈ ഘട്ടത്തില്‍ ഇംഗ്ലണ്ടിനാണെന്ന്‌ തിരിച്ചറിയാന്‍ ഡൈസണ്‍ മറന്നു. കളി പിന്നെ നടന്നതുമില്ല-ഇംഗ്ലണ്ടിന്‌ വിജയിക്കാനുമായി. വിന്‍ഡീസ്‌ ഇന്നിംഗ്‌സിലെ നാല്‍പ്പത്തിയേഴാമത്‌ ഓവര്‍ തുടങ്ങുമ്പോള്‍ ഡെക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം വിന്‍ഡീസിനായിരുന്നു മുന്‍ത്തൂക്കം. എന്നാല്‍ സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡ്‌ എറിഞ്ഞ മൂന്നാം പന്തില്‍ ധനേഷ്‌ രാംദിന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങിയപ്പോള്‍ കോച്ച്‌ ഡൈസണ്‍ ബാറ്റ്‌സ്‌മാന്മാരെ തിരിച്ചുവിളിക്കുകയായിരുന്നു. തന്റെ ടീമിനാണ്‌ ഈ ഘട്ടത്തില്‍ മുന്‍ത്തൂക്കമെന്ന്‌ കരുതിയായിരുന്നു ഡൈസന്റെ നീക്കം. ഇംഗ്ലീഷ്‌ താരങ്ങളും ആകെ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ നിയമം നടപ്പിലാക്കി വിധി പ്രഖ്യാപിച്ചപ്പോഴാണ്‌ ഇംഗ്ലീഷ്‌ താരങ്ങള്‍ ചിരിച്ചതും വിന്‍ഡീസ്‌ താരങ്ങള്‍ തലയില്‍ കൈവെച്ചതും. പ്രശ്‌നത്തില്‍ താനാണ്‌ തെറ്റുകാരനെന്നും ടീമിനോട്‌ മാപ്പ്‌ പറയുകയല്ലാതെ രക്ഷയില്ലെന്നും ഡൈസണ്‍ പറഞ്ഞു.
കഴിഞ്ഞ പത്ത്‌ ഏകദിന തോല്‍വികള്‍ക്ക്‌ ശേഷമാണ്‌ ഇംഗ്ലണ്ടിന്റെ ഈ വിജയം. പോള്‍ കോളിംഗ്‌വുഡ്‌ (69), ഒവൈസ്‌ ഷാ (62) എന്നിവരുടെ കരുത്തിലാണ്‌ ഇംഗ്ലണ്ട്‌ മികച്ച സ്‌ക്കോര്‍ സ്വന്തമാക്കിയത്‌. രാം നരേഷ്‌ സര്‍വന്‍ (57), ലെന്‍ഡല്‍ സിമണ്‍സ്‌ (62) എന്നിവരുടെ കരുത്തില്‍ വിന്‍ഡീസ്‌ തിരിച്ചടിക്കുകയും ചെയ്‌തിരുന്നു എന്നാല്‍ മഴ നിയമത്തെ പഠിക്കുന്നതിലെ വിന്‍ഡീസ്‌ പിഴവ്‌ ഇംഗ്ലണ്ടിന്‌ കാര്യങ്ങള്‍ എളുപ്പമാക്കി.
സെഞ്ച്വറി വേട്ട
കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കക്കാരുടെ സെഞ്ച്വറി വേട്ടയില്‍ ഓസ്‌ട്രേലിയന്‍ ബൗളിംഗ്‌ നിലംപരിശായി. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ മൂന്ന്‌ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ 651 റണ്‍സാണ്‌ ആതിഥേയര്‍ നേടിയത്‌. 150 റണ്‍സ്‌ നേടിയ ഓപ്പണര്‍ ആഷ്‌വെല്‍ പ്രിന്‍സിന്‌ പിറകെ ക്യാപ്‌റ്റന്‍ ജാക്‌ കാലിസ്‌ 102 റണ്‍സ്‌ നേടിയപ്പോള്‍ എബി ഡി വില്ലിയേഴ്‌സ്‌ 163 റണ്‍സ്‌ സ്വന്തമാക്കി. വാലറ്റക്കാരന്‍ ആബി മോര്‍ക്കല്‍ 58 റണ്‍സും നേടിയപ്പോഴാണ്‌ ആഫ്രിക്കന്‍ സ്‌ക്കോര്‍ പടുകൂറ്റനായി മാറിയത്‌. ആദ്യ ഇന്നിഗ്‌സില്‍ 209 റണ്‍സ്‌ മാത്രം നേടിയ ഓസ്‌ട്രേലിയ കനത്ത സമ്മര്‍ദ്ദത്തില്‍ രണ്ടാം ഇന്നിംഗ്‌സ്‌ ബാറ്റിംഗ്‌ ആരംഭിച്ചിരിക്കയാണ്‌. അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ ഒരു വിക്കറ്റിന്‌ 69 റണ്‍സ്‌ എന്ന നിലയിലാണ്‌ സന്ദര്‍ശകര്‍. 32 റണ്‍സ്‌ നേടിയ ഓപ്പണര്‍ ഫിലിപ്പ്‌ ഹ്യൂഗ്‌സാണ്‌ പുറത്തായത്‌.

ഇന്ത്യ മൂന്നാമത്‌
സിഡ്‌നി: ഐ.സി.സി വനിതാ ലോകകപ്പില്‍ ഇന്ത്യക്ക്‌ മൂന്നാം സ്ഥാനം. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയെ മൂന്ന്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തിയാണ്‌ ഇന്ത്യ കരുത്ത്‌ കാട്ടിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയക്കാര്‍ സ്വന്തം മൈതാനത്ത്‌ 142 റണ്‍സാണ്‌ നേടിയത്‌. ഏഴ്‌ വിക്കറ്റ്‌ നഷ്‌ത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ഇന്ന്‌ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. 52 റണ്‍സ്‌ നേടിയ റോട്ടണ്‍ മാത്രമാണ്‌ ഓസീ ഇന്നിംഗ്‌സില്‍ പിടിച്ചുനിന്നത്‌. ഇന്ത്യയുടെ പ്രധാന താരങ്ങളായ അഞ്‌ജും ചോപ്രയും മിഥലി രാജും തുടക്കത്തില്‍ പുറത്തായ ശേഷം ക്യാപ്‌റ്റന്‍ തുലാന്‍ ഗോസ്വാമി, റുമേലി ഥര്‍ എന്നിവരാണ്‌ ടീമിനെ കരകയറ്റിയത്‌. ഇന്ന്‌ നടക്കുന്ന കിവി-ഇംഗ്ലണ്ട്‌ കലാശപ്പോരാട്ടം ആവേശകരമാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇത്‌ വരെ ഇംഗ്ലണ്ട്‌ ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വിയറിഞ്ഞിട്ടില്ല. കിവികളാവട്ടെ തകര്‍പ്പന്‍ ഫോമിലുമാണ്‌.

ഐ.പി.എല്‍ ഇന്ന്‌ അടിയന്തിര യോഗം
മുംബൈ: ഐ.പി.എല്‍ രണ്ടാം എഡിഷന്റെ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാവാന്‍ സാധ്യത. പൊതു തെരഞ്ഞെടുപ്പ്‌ കാരണം പ്രതിസന്ധി മുഖത്ത്‌ നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഭാവിയെക്കുറിച്ച്‌ തീരുമാനിക്കാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ അടിയന്തിര പ്രവര്‍ത്തക സമിതി ഇന്ന്‌ ഇവിടെ വിളിച്ചിട്ടുണ്ട്‌. ചെയര്‍മാന്‍ ലളിത്‌ മോഡി ഉള്‍പ്പെടെ എല്ലാ പ്രമുഖരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌. ഏപ്രില്‍ പത്തിന്‌ ആരംഭിക്കാന്‍ നിശ്ചയിച്ച ചാമ്പ്യന്‍ഷിപ്പിന്റെ ഭാവി ഇപ്പോള്‍ ഇരുളടഞ്ഞ്‌ കിടക്കുകയാണ്‌. രണ്ട്‌ വഴികളാണ്‌ സംഘാടകര്‍ക്ക്‌ മുന്നിലുളളത്‌. ഒന്നുങ്കില്‍ ചാമ്പ്യന്‍ഷിപ്പിന്റെ ദിവസങ്ങള്‍ വെട്ടിക്കുറക്കുക. അല്ലെങ്കില്‍ സുരക്ഷ വാഗ്‌ദാനം ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മല്‍സരങ്ങള്‍ നടത്തുക.
മല്‍സരങ്ങള്‍ വെട്ടിചുരുക്കുന്നതിനോട്‌ ഗവേണിംഗ്‌ കമ്മിറ്റിക്ക്‌ താല്‍പ്പര്യക്കുറവുണ്ട്‌. ഒരു ദിവസം മൂന്ന്‌ മല്‍സരങ്ങള്‍ നടത്തിയാല്‍ അത്‌ പ്രശ്‌നമാവുമെന്നാണ്‌ മോഡി ഉള്‍പ്പെടെയുളളവര്‍ പറയുന്നത്‌. ടെലിവിഷന്‍ സംപ്രേഷണ കാര്യത്തിലും പ്രയാസമുണ്ടാവും. സുരക്ഷ വാഗ്‌ദാനം ചെയ്യുന്ന സംസ്ഥാനങ്ങളില്‍ മല്‍സരങ്ങള്‍ നടത്തിയാല്‍ കാണികളുടെ പങ്കാളിത്തം വേണ്ട വിധമുണ്ടാവുമോ എന്ന വിഷയമുണ്ട്‌. ഹോം ആന്‍ഡ്‌ എവേ ഫോര്‍മാറ്റിലാണ്‌ മല്‍സരങ്ങള്‍ നടത്താറുളളത്‌. ടീമുകള്‍ക്ക്‌ ഹോം വേദികളില്‍ മല്‍സരിക്കാനാണ്‌ താല്‍പ്പര്യവും.
42 ഷെഡ്യൂളുകളാണ്‌ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്‌. ഇതില്‍ എതിന്‌ അംഗീകാരം നല്‍കിയാലും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ്‌ പ്രധാനം.

1 comment:

ജിവി/JiVi said...

പ്രിയ കമാല്‍,

രിച്ചാര്‍ഡ് ഹാഡ്ലിയോടൊപ്പം ന്യൂസിലാന്റിനുവേണ്ടി ന്യൂ ബോള്‍ പങ്കിട്ടെടുത്തിരുന്ന ഇവാന്‍ ചാറ്റ്ഫീല്‍ഡ് ഇപ്പോള്‍ ഹാമില്‍ട്ടണില്‍ ടാക്സി ഡ്രൈവറാണെന്ന് റിപ്പോര്‍ട്ട് കണ്ടു. ക്രിക്കറ്റില്‍നിന്നും വിരമിച്ച ശേഷം കൊറിയര്‍ ഡെലിവറി, ഫാസ്റ്റ് ഫുഡ് ഡെലിവറി ഇങ്ങനെ പല ജോലികള്‍ അദ്ദേഹം ചെയ്യുകയുണ്ടായത്രെ! നമ്മളൊക്കെ ക്രിക്കറ്റ് കളി കണ്ടുതുടങ്ങിയ കാലത്തെ ഈ ഹീറോകള്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു എന്ന് ഒന്ന് അന്വേഷിച്ച് പറയാമോ. ഉദ്ദേശിക്കുന്നത് ഒരു പരമ്പര.

അതല്ല ഇതു പറയാനുള്ള കാരണം. ചാറ്റ്ഫീല്‍ഡിന്റെ പുതിയ ജോലിയും ഇന്ത്യയുടെ ഇപ്പോഴത്തെ വിജയവും താരതമ്യം ചെയ്യുമ്പോള്‍ അതങ്ങനെ സംഭവിച്ചില്ലെങ്കില്‍ അതാണ് ഒരു അദ്ഭുതം.