Friday, March 13, 2009

ഫുട്‌ബോള്‍ സന്തോഷമായി അബൂക്ക അവാര്‍ഡ്‌ദാനം


കോഴിക്കോട്‌: ടി.അബൂബക്കര്‍ മെമ്മോറിയല്‍ ട്രസ്‌റ്റിന്റെ അബൂക്ക അവാര്‍ഡ്‌ദാനം ആശങ്കയുടെ ഫുട്‌ബോള്‍ ചിന്തകള്‍ക്ക്‌ സന്തോഷമേകിയ സായാഹ്നമായി.... കേരളാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ ടി.പി ദാസന്‍, കോഴിക്കോട്‌ മേയര്‍ എം.ഭാസ്‌ക്കരന്‍, കോഴിക്കോട്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌
മണ്ണില്‍ മുഹമ്മദ്‌, മുന്‍ ഗോള്‍ക്കീപ്പറായ ഇ.എന്‍.സുധീര്‍, കാലിക്കറ്റ്‌ വാഴ്‌സിറ്റി മുന്‍ പരിശീലകനായ സി.പി.എം.ഉസ്‌മാന്‍ കോയ, പ്രശസ്‌ത ഫുട്‌ബോള്‍ കളിയെഴുത്തുകാരന്‍ ഭാസി മലാപ്പറമ്പ്‌ എന്നിവരുടെ സാന്നിദ്ധ്യവും ഫുട്‌ബോള്‍ മരിക്കുന്നു എന്ന വിലാപത്തില്‍ കാര്യമില്ലെന്ന ബന്ധപ്പെട്ടവരുടെ വിശദീകരണവും ഫുട്‌ബോളിനെ മാത്രം സ്‌നേഹിക്കുന്നവര്‍ക്ക്‌ അവിസ്‌മരണീയമായ അനുഭവമായി.
ചടങ്ങിന്‌ സ്വാഗതമേകിയ സി.പി.എം ഉസ്‌മാന്‍ കോയ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിന്ന്‌ ഫുട്‌ബോള്‍ അകലുന്നതിലെ വേദനക്കൊപ്പം എന്തെങ്കിലും ചെയ്യാന്‍ കോര്‍പ്പറേഷന്‍ ഭരണക്കൂടവും സ്‌പോര്‍ട്‌സ്‌ കൗണ്‍സിലും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും രംഗത്ത്‌ വരണമെന്ന്‌്‌ അഭ്യര്‍ത്ഥിച്ചതോടെയാണ്‌ വിശദീകരണങ്ങള്‍ വന്നത്‌. അദ്ധ്യക്ഷനായിരുന്ന ട്രസ്‌റ്റ്‌ സെക്രട്ടറി ഭാസി മലാപ്പറമ്പ്‌ ഫുട്‌ബോളിനെ രക്ഷപ്പെടുത്താന്‍ ബാധ്യസ്ഥരായവര്‍ ഇവിടെയുണ്ടെന്നും അവര്‍ ഇടപെടേണ്ട സമയം അതിക്രമിച്ചുവെന്നും പറഞ്ഞപ്പോള്‍ അവാര്‍ഡദാനത്തിനെത്തിയ മേയര്‍ എം.ഭാസ്‌ക്കരന്‍ നിലപാട്‌ വ്യക്തമാക്കി.
ഫുട്‌ബോളിനെ ഇല്ലാതാക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ വ്യക്തമാക്കിയ മേയര്‍ സ്‌റ്റേഡിയം പൂര്‍ണ്ണമായി ക്രിക്കറ്റിനായി കൊടുത്തിട്ടില്ലെന്നും വര്‍ഷത്തില്‍ ആറ്‌ മാസമെങ്കിലും സ്‌റ്റേഡിയിയം ഫുട്‌ബോളിനുളളതാണെന്നും വ്യക്തമാക്കി. ഫുട്‌ബോളില്ല, ഫുട്‌ബോളില്ല എന്ന വിലാപത്തില്‍ കാര്യമില്ല. സെവന്‍സ്‌ ടൂര്‍ണ്ണമെന്റുകളിലൂടെ ഇവിടെ ഫുട്‌ബോള്‍ നിലനില്‍ക്കുന്നുണ്ട്‌. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ ഒരുമിക്കുമ്പോള്‍ മല്‍സരങ്ങള്‍ നടക്കുന്നു. പക്ഷേ ഇവിടെ വിലാപങ്ങള്‍ നടത്തുന്നവര്‍ ഫുട്‌ബോളിനായി മുന്നിട്ടിറങ്ങുന്നില്ല. സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ നടത്തുന്നതിനോട്‌ എതിര്‍പ്പില്ല. താല്‍പ്പര്യമുളളവര്‍ മുന്നിട്ടിറങ്ങണം. ഫ്‌ളഡ്‌ലിറ്റ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവാസന ഘട്ടത്തിലാണ്‌. ഒരാഴ്‌ച്ച സമയത്തില്‍ കാലുകള്‍ സ്ഥാപിക്കാനാവും. രണ്ട്‌ മാസത്തിനകം ഫ്‌ളഡ്‌ലിറ്റ്‌ സൗകര്യങ്ങള്‍ പൂര്‍ണ്ണ സജ്ജമാവും. ഗ്രാന്‍ഡ്‌ സ്റ്റാന്‍ഡ്‌ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും. പത്ത്‌ കോടിയുടെ പദ്ധതിയുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറായിട്ടുണ്ട്‌. ഫുട്‌ബോളിന്‌ മാത്രമായി സ്‌റ്റേഡിയം എന്ന വാദം അംഗീകരിക്കാനാവില്ലെന്ന്‌ കൊച്ചി ജവഹര്‍ സ്‌റ്റേഡിയത്തെ ഉദാഹരിച്ച്‌ മേയര്‍ പറഞ്ഞപ്പോള്‍ ചടങ്ങിലെ മുഖ്യാതിഥി ടി.പി ദാസന്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഫുട്‌ബോള്‍ വികസനത്തിന്‌ പ്രതിജ്ഞാബദ്ധമാണെന്നാണ്‌ പറഞ്ഞത്‌. സേട്ട്‌ നാഗ്‌ജി ചാമ്പ്യന്‍ഷിപ്പ്‌ പുന:സ്ഥാപിക്കപ്പെടണം. സ്‌പോണ്‍സര്‍മാരെ ലഭിക്കുന്നി്‌ലെങ്കില്‍ സഹായങ്ങള്‍
ക്ക്‌ കൗണ്‍സില്‍ ഒരുക്കമാണ്‌. ഫുട്‌ബോള്‍ വികസനത്തിനായി കൗണ്‍സില്‍ നടത്തുന്ന നീക്കങ്ങള്‍ മാധ്യമങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കന്നു. വിഷന്‍ ഏഷ്യാ പദ്ധതിയിലൂടെ ഇവിടെ ഫുട്‌ബോള്‍ വിപ്ലവം തന്നെ നടക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
അവാര്‍ഡ്‌ ജേതാവ്‌ സുധീറിനെ പൊന്നാട അണിയിച്ച മണ്ണില്‍ മുഹമ്മദ്‌ രാഷ്ട്രീയക്കാരുടെ വിശദീകരണങ്ങളില്‍ തനിക്ക്‌ വിശ്വാസമില്ലെന്ന്‌ തീര്‍ത്തുപ്പറഞ്ഞു. പെട്ടെന്ന്‌ ഫള്‌ഡ്‌ലിറ്റ്‌ സൗകര്യങ്ങള്‍ സ്‌റ്റേഡിയത്തില്‍ വരുമെന്ന മേയറുടെ പ്രഖ്യാപനത്തില്‍ കാര്യമില്ല. ഇതിന്‌ ഔദ്യോഗികതടസ്സങ്ങള്‍ വരും. ഇലക്ട്രിക്‌ കണക്ഷന്‍ ലഭിക്കാനും ജനറേറ്റുകള്‍ സ്ഥാപിക്കാനും മാസങ്ങളെടുക്കും. സര്‍ക്കാര്‍ പലതും ചെയ്യുന്നു എന്ന്‌ പറയുന്നു. പക്ഷേ മിക്ക പദ്ധതികളും കടലാസില്‍ തന്നെയാണ്‌. കെ.ഡി.എഫ്‌.എ ഫുട്‌ബോള്‍ വികസനകാര്യത്തില്‍ പിറകോട്ടില്ല. പുതിയ മൈതാനം ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തും.നാല്‌ വര്‍ഷത്തെ കാലാവധിയില്‍ ജില്ലാ കമ്മിറ്റി വിടവാങ്ങുമ്പോള്‍ ആര്‍ക്കും കടം നല്‍കാനുളള അവസ്ഥയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സുധീര്‍ എന്ന ഗോള്‍ക്കീപ്പറുടെ ഗതകാല മികവിനെ മുന്‍ റഫറിയായ പി.ജമാലുദ്ദിന്‍ വര്‍ണ്ണിച്ചപ്പോള്‍ ട്രസ്‌റ്റ്‌ വൈസ്‌ ചെയര്‍മാനും മലയാള മനോരമ റസിഡന്‍ഡ്‌ എഡിറ്ററുമായ കെ.അബൂബക്കര്‍ കോഴിക്കോടന്‍ ഫുട്‌ബോളിന്‌ സംഘാടകന്‍ എന്ന നിലയില്‍ ടി.അബൂബക്കര്‍ നല്‍കിയ സേവനങ്ങളെ പ്രകീര്‍ത്തിച്ചു. ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്ററും കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്‌ സെക്രട്ടറിയുമായ കമാല്‍ വരദൂര്‍, ഫുട്‌ബോള്‍ പ്ലെയേഴ്‌സ്‌ അസോസിയേഷന്‍ സെക്രട്ടറി ടി. പ്രസാദ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തന്റെ മികവിനെ അംഗീകരിച്ച ട്രസ്റ്റിനോട്‌ നന്ദി പറഞ്ഞ അവാര്‍ഡ്‌ ജേതാവ്‌ സുധീര്‍ കോഴിക്കോടന്‍ ഫുട്‌ബോളിനെ സേവിക്കാനുളള താല്‍പ്പര്യം അറിയിക്കാനും മറന്നില്ല. ട്രസ്റ്റ്‌ അംഗമായ എ.കബീര്‍ദാസ്‌ ചടങ്ങിന്‌ നന്ദി പറഞ്ഞു. രണ്ട്‌ മിക്കൂറോളം ദീര്‍ഘിച്ച പരിപാടി കഴിഞ്ഞ്‌ പിരിയുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ സന്തോഷത്തിലായിരുന്നു-എല്ലാ വാക്കുകളും സത്യമാവാനുളള പ്രാര്‍ത്ഥനയിലും.

അടി
ഓക്‌ലാന്‍ഡ്‌: വീണ്ടുമൊരു ചെറിയ മൈതാനം... ഫ്‌ളാറ്റ്‌ പിച്ചും. ഇന്ത്യ-ന്യൂസിലാന്‍ഡ്‌ പരമ്പരയിലെ അവസാന ഏകദിനത്തിലും ബാറ്റിംഗ്‌ വെടിക്കെട്ടിനാണ്‌ സര്‍വ സാധ്യതകളും. പരമ്പര തൂത്ത്‌ വാരുകയാണ്‌ ഇന്ത്യന്‍ ലക്ഷ്യം. അതിനാല്‍ തന്നെ ടീമില്‍ കാര്യമായ അഴിച്ചുപണിയുണ്ടാവില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ വിശ്രമം അനുവദിക്കുമ്പോള്‍ ഇത്‌ വരെ ഒരു മല്‍സരങ്ങളിലും അവസരം ലഭിക്കാതിരുന്ന ഇര്‍ഫാന്‍ പത്താന്‍, ദിനേശ്‌ കാര്‍ത്തിക്‌, പ്രഗ്യാന്‍ ഒജ എന്നിവരില്‍ ആര്‍ക്കെങ്കിലും അവസാന ഇലവനില്‍ സ്ഥാനം ലഭിക്കുമോ എന്ന ചോദ്യത്തിന്‌ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. കിവി ടീമില്‍ ഓള്‍റൗണ്ടര്‍ സ്‌ക്കോട്ട്‌ സ്‌റ്റൈറിസ്‌ തിരിച്ചെത്തിയിട്ടുണ്ട്‌.
പരമ്പര സ്വന്തമാക്കിയതിനാല്‍ ഇന്ത്യന്‍ ക്യാമ്പില്‍ അസ്വസ്ഥതകളില്ല. പക്ഷേ ശ്രീലങ്കയില്‍ സംഭവിച്ച പിഴവ്‌ ആവര്‍ത്തിക്കരുത്‌ എന്ന മുന്നറിയിപ്പ്‌ കിര്‍സ്റ്റണ്‍ നല്‍കുന്നു. ലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ നാല്‌ മല്‍സരത്തിലും ഇന്ത്യ ജയിച്ചപ്പോള്‍ അഞ്ചാം മല്‍സരത്തില്‍ ദുര്‍ബലമായ ടീമിനെയാണ്‌ കളിപ്പിച്ചത്‌. ഈ അവസരം ലങ്ക മുതലാക്കി. ഇന്ത്യ തോറ്റു. ഇവിടെ അത്‌ സംഭവിക്കരുതെന്നാണ്‌ കിര്‍സ്‌റ്റണ്‍ പറയുന്നത്‌. വിജയാവേശം നിലനിര്‍ത്തണം. ടെസ്റ്റ്‌ പരമ്പര വരുന്നതിനാല്‍ ടീമിന്റെ ആത്മവിശ്വാസം നിലനിര്‍ത്തണമെന്നാണ്‌ കോച്ച്‌ വ്യക്തമാക്കുന്നത്‌.
പരമ്പരയില്‍ ഇന്ത്യ 3-0 ത്തിന്‌ മുന്നിലാണ്‌. ഒരു മല്‍സരം മഴ കാരണം പാതിവഴിയില്‍ ഒഴിവാക്കുകയായിരുന്നു. ഈ നാല്‌ മല്‍സരങ്ങളിലും തകര്‍പ്പന്‍ ബാറ്റിംഗ്‌ പ്രകടനമാണ്‌ ഇന്ത്യ നടത്തിയത്‌. വീരേന്ദര്‍ സേവാഗും സച്ചിന്‍ ടെണ്ടുല്‍ക്കറും മഹേന്ദ്രസിംഗ്‌ ധോണിയും യുവരാജ്‌ സിംഗുമെല്ലാം കത്തിയാളിയ മല്‍സരങ്ങള്‍. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ പ്രഹരശേഷിയില്‍ അതിര്‍ത്തികള്‍ ഇല്ലാതാക്കുമ്പോള്‍ പേടിയോടെയാണ്‌ എല്ലാ മല്‍സരങ്ങളിലും കിവി ബൗളര്‍മാര്‍ പന്തെറിഞ്ഞത്‌.
ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയിലെ തീകൊള്ളിയായ യൂസഫ്‌ പത്താന്‌ ഇത്‌ വരെ ചെറിയ മൈതാനങ്ങളെ ഉപയോഗപ്പെടുത്താന്‍ അവസരം കിട്ടിയിട്ടില്ല. അതിനാല്‍ ഇന്ന്‌ അദ്ദേഹത്തിന്‌ ബാറ്റിംഗ്‌ ഓര്‍ഡറില്‍ പ്രൊമോഷന്‍ നല്‍കാന്‍ സാധ്യതയുണ്ട്‌. മുന്‍നിരക്കാര്‍ വന്‍ ഫോമില്‍ കളിക്കുന്നതിനാല്‍ ഏഴാം നമ്പറില്‍ വരുന്ന യൂസഫിന്‌ തന്റെ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. പന്തിനെ ഉയര്‍ത്തിടിക്കാന്‍ യൂസഫിനോളം മികവ്‌ സേവാഗിന്‌ പോലുമില്ലെന്ന്‌ കിര്‍സ്‌റ്റണ്‍ തന്നെ സമ്മതിക്കുന്നുണ്ട്‌.
കാലാവസ്ഥ ചിലപ്പോള്‍ വില്ലനായേക്കാം. കഴിഞ്ഞ രണ്ട്‌ ദിവസമായി ഇവിടെ പ്രവചിക്കാനാവാത്ത വിധമാണ്‌ സൂര്യന്റെ കളികള്‍. ഇന്നലെ മഴയുണ്ടായിരുന്നു. പക്ഷേ ഇന്ന്‌ ശക്തമായ മഴക്ക്‌ സാധ്യതയില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കളിയുടെ തല്‍സമയ സംപ്രേഷണം ദൂരദര്‍ശനിലും സോണി സെറ്റ്‌ മാക്‌സിലും രാവിലെ ആറ്‌ മുതല്‍.

ഇന്ന്‌ ഇംഗ്ലീഷ്‌ പോര്‌
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ പ്രിക്വാര്‍ട്ടര്‍ ഫൈനലുകളില്‍ കണ്ടത്‌ ഇംഗ്ലീഷ്‌ സര്‍വാധിപത്യമായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌, മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂള്‍, കരുത്തരായ ചെല്‍സി, ആഴ്‌സനല്‍ എന്നിവര്‍ ക്വാര്‍ട്ടര്‍ ഘട്ടത്തിലെത്തിയ ആഹ്ലാദത്തില്‍ കഴിയുന്ന ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ പ്രേമികള്‍ക്ക്‌ ഇന്ന്‌ സ്വന്തം പ്രീമിയര്‍ ലീഗില്‍ കരുത്തുറ്റ പോരാട്ടത്തിന്‌ സാക്ഷികളാവാം.
പ്രീമിയര്‍ ലീഗ്‌ കിരീടം ഇത്തവണ എങ്ങോട്ട്‌ പോവുമെന്ന്‌ നിശചയിക്കുന്ന പോരാട്ടമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന അങ്കത്തിലിന്ന്‌ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ലിവര്‍പൂളുമായി കളിക്കുന്നു. പോയന്റ്‌ ടേബിളില്‍ തൊട്ടരികിലെ പ്രതിയോഗികളായ ലിവര്‍പൂള്‍, ചെല്‍സി എന്നിവരേക്കാള്‍ ഏഴ്‌ പോയന്റിന്റെ വ്യക്തമായ ലീഡ്‌ മാഞ്ചസ്‌റ്ററിനുണ്ട്‌. ഇന്ന്‌്‌ ലിവര്‍പൂളിനെ തോല്‍പ്പിക്കാനായാല്‍ മാഞ്ചസ്റ്ററിന്‌ തന്നെ കിരീടം ഉറപ്പാവും. അതേ സമയം തോല്‍വിയാണെങ്കില്‍ ലിവര്‍പൂളിനും ചെല്‍സിക്കും പ്രതീക്ഷ കൈവരും.
കഴിഞ്ഞ 19 വര്‍ഷത്തിനിടെ തങ്ങളുടെ ആദ്യ പ്രിമീയര്‍ ലീഗ്‌ കിരീടം ഇത്തവണ റാഫേല്‍ ബെനിറ്റസിന്റെ ലിവര്‍പൂള്‍ സ്വപ്‌നം കണ്ടതാണ്‌. അത്തരമൊരു തുടക്കമാണ്‌ അവര്‍ക്ക്‌ ലഭിച്ചതും. പക്ഷേ ക്രിസ്‌തുമസ്‌ അവധിക്ക്‌ ശേഷം ടീം അക്ഷരാര്‍ത്ഥത്തില്‍ പിറകിലായി. തോല്‍വികളും സമനിലകളുമായി ലിവര്‍പൂള്‍ തപ്പിതടഞ്ഞപ്പോള്‍ മാഞ്ചസ്‌റ്റര്‍ ആകെ മാറി. തുടര്‍ച്ചയായ വിജയങ്ങളില്‍ അവര്‍ ശക്തമായ തിരിച്ചുവരവ്‌ നടത്തി. ജപ്പാനില്‍ നടന്ന ഫിഫ ലോക ക്ലബ്‌ ഫുട്‌ബോള്‍ വിജയം നല്‍കിയ ആവേശത്തില്‍ പിന്നീട്‌ റെഡ്‌സ്‌ തോല്‍വിയറിഞ്ഞിട്ടില. ഇന്നത്തെ അങ്കം മാഞ്ചസ്‌റ്റിന്റെ മൈതാനത്താണ്‌. സ്വന്തം മൈതാനത്ത്‌ റെഡ്‌സിന്‌ തോല്‍വികളുടെ ചരിത്രമില്ല.
ചാമ്പ്യന്‍സ്‌ ലീഗില്‍ തട്ടുതകര്‍പ്പന്‍ പ്രകടനമാണ്‌ ലിവര്‍പൂള്‍ നടത്തിയത്‌. കരുത്തരായ മറയല്‍ മാഡ്രിഡിനെതിരെ ഇരു പാദങ്ങളിലായി അഞ്ച്‌ ഗോളിന്റെ ഏകപക്ഷീയ വിജയം അവര്‍ ആസ്വദിച്ചു. ക്യാപ്‌റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ്‌, സ്‌പാനിഷ്‌ മുന്‍നിരക്കാരന്‍ ഫെര്‍ണാണ്ടോ ടോറസ്‌, അര്‍ജന്റീനക്കാരന്‍ മസ്‌കുരാനസ്‌ എന്നിവരെല്ലാം കളിയുടെ ഗതിയെ മാറ്റിയെഴുതാന്‍ കരുത്തുള്ളവരാണ്‌. നല്ല തുടക്കം ലഭിച്ചാല്‍ അത്‌ ഉപയോഗപ്പെടുത്തുമെന്നാണ്‌ ബെനിറ്റസ്‌ പറയുന്നത്‌. വിജയത്തില്‍ കുറഞ്ഞതൊന്നും ടീം ആഗ്രഹിക്കുന്നില്ല. വിജയിക്കണം. അത്‌ മാത്രമാണ്‌ പ്രധാനം-അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റര്‍ സംഘത്തില്‍ നിറയെ സൂപ്പറുകളാണ്‌. യൂറോപ്പിലെ ഏറ്റവും മികച്ച താരം കൃസ്റ്റിയാനോ റൊണാള്‍ഡോ, വെയിന്‍ റൂണി, പാര്‍ക്‌ ജി സംഗ്‌ തുടങ്ങിയ വമ്പന്മാര്‍. ലീഗിലെ ഈ സീസണിലെ പോരാട്ടമായാണ്‌ ഇംഗ്ലീഷ്‌ മാധ്യമങ്ങള്‍ ഇന്നത്തെ മല്‍സരത്തെ വിശേഷിപ്പിക്കുന്നത്‌.

No comments: