Friday, March 27, 2009

WORLD IS SOCCER

ബലാബലം
ഫുട്‌ബോള്‍ ലോകം ഇന്നും നാളെയുമായി ലോകകപപ്‌ യോഗ്യതാ റൗണ്ടിന്‍രെ ആവേശത്തിലേക്ക്‌.
യൂറോപ്പില്‍ ഇന്ന്‌ നടക്കുന്നത്‌ 20 യോഗ്യതാ മല്‍സരങ്ങള്‍. ഇറ്റലിക്കും ഫ്രാന്‍സിനും നിര്‍ണ്ണായകം
ലണ്ടന്‍: തല്‍ക്കാലം യൂറോപ്പ്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗും സ്‌പാനിഷ്‌ ലീഗും ഇറ്റാലിയന്‍ ലീഗുമെല്ലാം മറക്കുന്നു.....ഈയാഴ്‌ച്ച ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങളുടേതാണ്‌. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന വന്‍കരയില്‍ ഇന്ന്‌ 20 മല്‍സരങ്ങളാണ്‌ നടക്കുന്നത്‌. ഇതില്‍ കരുത്തരും ദുര്‍ബലരുമുണ്ട്‌്‌. ഇത്‌ വരെ നടന്ന മല്‍സരങ്ങളില്‍ ഒന്നില്‍ പോലും പരാജയമറിയാത്ത ഇംഗ്ലണ്ടും ഹോളണ്ടും സ്‌പെയിനും മൈതാനത്തിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ പന്ത്‌ തട്ടാന്‍ കഴിയില്ലേ എന്ന ആശങ്കയില്‍ നില്‍ക്കുന്ന ഇറ്റലിക്കും ഫ്രാന്‍സിനുമെല്ലാം പിടിപ്പത്‌ ജോലി വരും. കരുത്തരായ മോണ്ടിനിഗ്രോയാണ്‌ ഇറ്റലിയുടെ പ്രതിയോഗികളെങ്കില്‍ ഫ്രാന്‍സിന്‌ നേരെ കളിക്കുന്നത്‌ ലിത്വാനിയയാണ്‌. നാല്‍പ്പത്‌ വര്‍ഷത്തിന്‌ ശേഷം ഇതാദ്യമായി ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ പ്രതീക്ഷയുളള ഇസ്രാഈല്‍ ഗ്രീസിനെ എതിരിടുന്ന പോരാട്ടത്തിനും വിലയുണ്ട്‌. യൂറോപ്യന്‍ ഗ്രൂപ്പ്‌ രണ്ടില്‍ കാര്യങ്ങള്‍ ഇത്‌ വരെ ഇസ്രാഈലിന്‌ അനുകൂലമായിരുന്നു. പക്ഷേ ഈയാഴ്‌ച്ച നടക്കുന്ന രണ്ട്‌ മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്താനായാല്‍ മാത്രമാണ്‌ രക്ഷ. വിവിധ യൂറോപ്യന്‍ ഗ്രൂപ്പുകളിലെ ചിത്രം ഇതാണ്‌ :
ഗ്രൂപ്പില്‍ ഒന്നില്‍ മുന്നിട്ട്‌ നില്‍ക്കുന്ന ഡെന്മാര്‍ക്കിന്‌ ഇന്ന്‌ താരതമ്യേന ദുര്‍ബലരായ പ്രതിയോഗികളാണ്‌-മാള്‍ട്ട. ആധികാരികത പ്രകടിപ്പിച്ച്‌ ഗ്രൂപ്പിലെ ആധിപത്യം നിലനിര്‍ത്തുകയാണ്‌ ഡാനിഷ്‌ ലക്ഷ്യം. ഗ്രൂപ്പിലെ ശക്തമായ പോരാട്ടം പോര്‍ച്ചുഗലും സ്വിഡനും തമ്മിലുള്ളതായിരിക്കും. കൃസ്‌റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങള്‍ പോര്‍ച്ചുഗീസ്‌ സംഘത്തിലുണ്ട്‌. പക്ഷേ മല്‍സരം നടക്കുന്നത്‌ സ്റ്റോക്ക്‌ഹോമിലായതിനാല്‍ കാര്യങ്ങള്‍ പറങ്കികള്‍ക്ക്‌ എളുപ്പമാവില്ല. ഏ.ഇ.കെ ഏതന്‍സിനായി കളിക്കുന്ന മുന്‍നിരക്കാരന്‍ എഡിനോയു ഇന്ന്‌ പോര്‍ച്ചുഗീസ്‌ സംഘത്തിലുണ്ട്‌. ഗ്രൂപ്പിലെ മൂന്നാമത്‌ മല്‍സരം ടിറാനയില്‍ ഹംഗറിയും അല്‍ബേനിയയും തമ്മിലാണ്‌.
ഗ്രീസും ഇസ്രാഈലും കളിക്കുന്ന ഗ്രൂപ്പ്‌ രണ്ടില്‍ സ്വിറ്റ്‌്‌സര്‍ലാന്‍ഡ്‌ മാനത്തിനായുള്ള പോരാട്ടത്തില്‍ മോള്‍ദോവയുമായി കളിക്കുന്നു. സെപ്‌തംബറില്‍ നടന്ന യോഗ്യതാ മല്‍സരത്തില്‍ ലക്‌സംബര്‍ഗ്ഗിനോട്‌ പരാജയപ്പെട്ട സ്വിസുകാര്‍ മോള്‍ദോവക്കെതിരെ വലിയ വിജയമാണ്‌ ലക്ഷ്യമിടുന്നത്‌.
ഗ്രൂപ്പ്‌ മൂന്നിലെ ഒന്നാം സ്ഥാനക്കാരായ സ്ലോവാക്യക്ക്‌ ഇന്ന്‌ മല്‍സരമില്ല. അവര്‍ക്ക്‌ പിറകെ ഏഴ്‌ പോയന്റുമായി നാല്‌ ടീമുകള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. അവര്‍ നാല്‌ പേരും ഇന്ന്‌ കളിക്കുന്നുണ്ട്‌. ഉത്തര അയര്‍ലാന്‍ഡ്‌ പോളണ്ടുമായി കളിക്കുമ്പോള്‍ സ്ലേവേന്യ ചെക്‌ റിപ്പബ്ലിക്കിനെ എതിരിടും.
ഗ്രൂപ്പ്‌ നാലില്‍ കരുത്തരായ ജര്‍മനി, റഷ്യ, വെയില്‍സ്‌ എന്നിവര്‍ക്ക്‌ ഇന്ന്‌ ജയിക്കാനാവുന്ന മല്‍
സരങ്ങളാണ്‌. ജര്‍മനി ലൈഞ്ചസ്റ്റിനുമായി കളിക്കുമ്പോള്‍ റഷ്യ അസര്‍ ബെയ്‌ജാനെയും വെയില്‍സ്‌ ഫിന്‍ലാന്‍ഡിനെയും നേരിടും. കഴിഞ്ഞ രണ്ട്‌ സന്നാഹ മല്‍സരങ്ങളിലെ പരാജയത്തിന്റെ വെളിച്ചത്തില്‍ ജര്‍മന്‍കാര്‍ ജാഗ്രതയിലാണ്‌.
യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഗ്രൂപ്പ്‌ അഞ്ചിലെ ഒരു മല്‍സരത്തിലും ഇത്‌ വരെ പരാജയമറിഞ്ഞിട്ടില്ല. പക്ഷേ ഇന്നത്തെ എതിരാളികള്‍ തുര്‍ക്കിയാണ്‌. കഴിഞ്ഞ നാല്‌ മല്‍സരങ്ങളില്‍ തോല്‍വിയറിയാത്തവരാണ്‌ തുര്‍ക്കി. മാഡ്രിഡില്‍ നടക്കുന്ന മല്‍സരത്തില്‍ നാട്ടുകാരുടെ പിന്തുണയാണ്‌ സ്‌പെയിനിന്റെ പ്രതീക്ഷ. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ബെല്‍ജിയം ബോസ്‌നിയ ഹെര്‍സഗോവിനയെ എതിരിടും. ഗ്രൂപ്പ്‌ ആറില്‍ ഇന്ന്‌ മല്‍സരങ്ങളില്ല.പക്ഷേ ഏഴില്‍ ഫ്രാന്‍സിന്‌ നിര്‍ണ്ണായക അങ്കമുണ്ട്‌. ഗ്രൂപ്പില്‍ ഒന്നാമത്‌ നില്‍ക്കുന്ന ലിത്വാനിയയാണ്‌ എതിരാളികള്‍. സെര്‍ബിയയെ എതിരിടുന്ന റുമേനിയക്കും വിജയിക്കേണ്ടതുണ്ട്‌.
ഗ്രൂപ്പ്‌ എട്ടില്‍ കളിക്കുന്ന ഇറ്റലിക്ക്‌ മോണ്ടിനിഗ്രോയാണ്‌ പ്രതിയോഗി. എളുപ്പമുളള മല്‍സരമാണെങ്കിലും ലോക ചാമ്പ്യന്മാരുടെ സംഘത്തില്‍ പരുക്ക്‌ കാരണം പല പ്രമുഖരും കളിക്കുന്നില്ല. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ അയര്‍ലാന്‍ഡ്‌ ബള്‍ഗേറിയയുമായി കളിക്കും.ഗ്രൂപ്പ്‌ ഒമ്പതില്‍ ചാമ്പ്യന്മാരായ ഹോളണ്ട്‌ ഇന്ന്‌ സ്‌ക്കോട്ട്‌ലാന്‍ഡുമായി കളിക്കുന്നത്‌ ഫൈനല്‍ റൗണ്ട്‌ ഉറപ്പിക്കാനാണ്‌.

ലാറ്റിനമേരിക്കയില്‍ തീപ്പാറും
ലാറ്റിനമേരിക്കയില്‍ ഇന്ന്‌ മൂന്ന്‌ മല്‍സരങ്ങള്‍. അര്‍ജന്റീന വെനിസ്വേലയുമായി നാളെ രണ്ട്‌ മല്‍സരങ്ങള്‍. ബ്രസീല്‍ ഇക്വഡോറിനെതിരെ
റിയോ: ലോക സോക്കറിലെ അജയ്യരായ ബ്രസീലും അര്‍ജന്റീനയും കളിക്കുന്ന ലാറ്റിനമേരിക്കയില്‍ ഇന്നും നാളെയും ഗംഭീര അങ്കങ്ങളാണ്‌. ഇന്ന്‌ നടക്കുന്ന മല്‍സരങ്ങളില്‍ ഉറുഗ്വേ പരാഗ്വയെയും അര്‍ജന്റീന വെനിസ്വേലയെയും കൊളംബിയ ബൊളിവിയയെയും എതിരിടുമ്പോള്‍ നാളെ ഇക്വഡോര്‍ ബ്രസീലുമായും പെറു ചിലിയുമായും കളിക്കും.
ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്‌ കളിക്കുന്ന പരാഗ്വേയെ ഇന്ന്‌ വെള്ളം കുടിപ്പിക്കാനാണ്‌ ലോകകപ്പ്‌്‌ മുന്‍ ജേതാതക്കളായ ഉറുഗ്വേ കളിക്കുന്നത്‌. ലാറ്റിനമേരിക്കയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക്‌ ടിക്കറ്റ്‌ ഉറപ്പിക്കണമെങ്കില്‍ ഉറുഗ്വേക്ക്‌ ഇനിയുള്ള കളികളില്‍ തോല്‍ക്കാന്‍ പാടില്ല. ഇപ്പോള്‍ നാലാം സ്ഥാനത്താണ്‌ ടീം. 2004 ലാണ്‌ അവസാനമായി സ്വന്തം മണ്ണില്‍ ഒരു ലോകകപ്പ്‌ യോഗ്യതാ മല്‍സരം ഉറുഗ്വേ പരാജയപ്പെട്ടത്‌-2004 ല്‍ പെറുവിനെതിരെ. തോല്‍വിക്ക്‌ ശേഷം സ്വന്തം തട്ടകത്തിലെ മല്‍സരങ്ങളില്ലെല്ലാം ഉറുഗ്വേ ജയിച്ചിട്ടുണ്ട്‌. ഡിയാഗോ മറഡോണ പരിശീലിപ്പിക്കുന്ന അര്‍ജന്റീനിയന്‍ സംഘം സ്വന്തം മൈതാനത്ത്‌ വെനിസ്വേലയെ എതിരിടുമ്പോള്‍ വലിയ വിജയമാണ്‌ കൊതിക്കുന്നത്‌. സ്വന്തം മൈതാനത്ത്‌ നടക്കുന്ന മല്‍സരങ്ങളില്‍ അര്‍ജന്റീനയെ തോല്‍പ്പിക്കുക പ്രയാസമാണ്‌. ഇതിനകം രാജ്യത്ത്‌ നടന്ന 47 യോഗ്യതാ മല്‍സരങ്ങളില്‍
ഒന്നില്‍ മാത്രമാണ്‌ മറഡോണയുടെ സംഘം തോറ്റത്‌-അതും 1993 ല്‍. ഇന്നത്തെ കളിയില്‍ സൂപ്പര്‍ താരങ്ങളെല്ലാം കളിക്കുമ്പോള്‍ കോച്ച്‌ മറഡോണ ആവേശത്തിലാണ്‌. തുല്യ ശക്തികളായ പെറുവും ചിലിയും തമ്മിലുള്ള അങ്കത്തിലും തീപ്പാറും.
നാളെ ബ്രസീലിന്‌ കാഠിന്യമുളള കളിയാണ്‌. ഇക്വഡോറില്‍ വിജയിക്കുക എളുപ്പമല്ല എന്ന സത്യം കോച്ച്‌ ഡുംഗെ തിരിച്ചറിയുന്നുണ്ട്‌.
ജപ്പാന്‍ പ്രതികാരത്തിന്‌
സെയ്‌താമ: രണ്ട്‌ മാസം മുമ്പ്‌ ഏ.എഫ്‌.സി ഏഷ്യന്‍ കപ്പ്‌ യോഗ്യതാ റൗണ്ടിലേറ്റ പരാജയത്തിന്‌ പകരം വിട്ടാന്‍ ഇറങ്ങുകയാണ്‌ ഇന്ന്‌ ജപ്പാന്‍. ഈ മല്‍സരമുള്‍പ്പെടെ നാല്‌ കളികളാണ്‌ ഇന്ന്‌ ഏഷ്യയില്‍ നടക്കുന്നത്‌. ഇറാന്‍ സ്വന്തം മൈതാനത്ത്‌ സൗദിയുമായി കളക്കുമ്പോള്‍ ഉസ്‌ബെക്കിസ്ഥാന്‍ ഖത്തറിനെയും ഉത്തര കൊറിയ-യു.എ.ഇയും നേരിടും. രണ്ട്‌ ഗ്രൂപ്പുകളിലായാണ്‌ ഏഷ്യയില്‍ യോഗ്യതാ ഘട്ടത്തിന്റെ അവസാന റൗണ്ട്‌. ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവരാണ്‌ ഗ്രൂപ്പില്‍ മുന്നിട്ടു നില്‍ക്കുന്നത്‌. ഇവര്‍ രണ്ട്‌ പേരും ഇന്ന്‌ കളിക്കുന്നില്ല.
ബഹറൈനെതിരെ തകര്‍പ്പന്‍ വിജയമാണ്‌ തന്റെ ടീം ലക്ഷ്യമിടുന്നതെന്ന്‌ ജപ്പാന്‍ കോച്ച്‌ തോകി ഒകാഡ പറഞ്ഞു. ബഹറൈന്‍ പ്രതിരോധ സോക്കറായിരിക്കും കളിക്കുക എന്നത്‌ വ്യക്തമാണ്‌. എന്നാല്‍ കഴിവിന്റെ നൂറ്‌ ശതമാനം പുറത്തെടുക്കാന്‍ എന്റെ താരങ്ങള്‍ക്ക്‌ കഴിഞ്ഞാല്‍ തീര്‍ച്ചയായും വലിയ വിജയം സ്വായത്തമാക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഷുന്‍സുകെ നകമുറെ ഉള്‍പ്പെടുന്ന പ്രമുഖരില്‍ പലരും ഇന്ന്‌ കളിക്കുന്നില്ല.
ടെഹ്‌റാനില്‍ നടക്കുന്ന ഇറാന്‍-സൗദി അങ്കത്തില്‍ പ്രമുഖരെല്ലാം കളിക്കുന്നുണ്ട്‌. ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ ഉറപ്പിക്കാനുളള ശ്രമത്തില്‍ സൗദിക്കെതിരെ വലിയ വിജയമാണ്‌ താന്‍ ലക്ഷ്യമിടുന്നതെന്ന്‌ ഇറാന്‍ കോച്ച്‌ അലി ദായ്‌ പറഞ്ഞു. ഗ്രൂപ്പ്‌ ബി യില്‍ ആറ്‌ പോയന്റുമായി മൂന്നാം സ്ഥാനത്താണ്‌ ഇറാന്‍. ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിവരാണ്‌ ഗ്രൂപ്പിലെ ആദ്യ രണ്ട്‌ സ്ഥാനക്കാര്‍. രണ്ട്‌ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ്‌ വന്‍കരയില്‍ നിന്നുളള ഫൈനല്‍ റൗണ്ട്‌ ടിക്കറ്റ്‌.

ഇന്നത്തെ മല്‍സരങ്ങള്‍
യൂറോപ്പ്‌
വെയില്‍സ്‌-ഫിന്‍ലാന്‍ഡ്‌, ലക്‌സംബര്‍ഗ്ഗ്‌-ലാത്‌വിയ, റഷ്യ-അസര്‍ ബെയ്‌ജാന്‍, ഉത്തര അയര്‍ലാന്‍ഡ്‌-പോളണ്ട്‌, മോള്‍ദോവ-സ്വിറ്റ്‌സര്‍ലാന്‍ഡ്‌, മാള്‍ട്ട-ഡെന്മാര്‍ക്ക്‌, ജര്‍മനി-ലൈഞ്ചസ്‌റ്റിന്‍, അര്‍മീനിയ-എസ്‌റ്റോണിയ, അല്‍ബേനിയ-ഹംഗറി, പോര്‍ച്ചുഗല്‍-സ്വിഡന്‍, സ്ലോവേനിയ-ചെക്‌ റിപ്പബ്ലിക്‌, ബെല്‍ജിയം-ബോസ്‌നിയ ഹെര്‍സഗോവീന, റൂമേനിയ-സെര്‍ബിയ, ഇസ്രാഈല്‍-ഗ്രീസ്‌, ലിത്വാനിയ-ഫ്രാന്‍സ്‌, സ്‌പെയിന്‍-തുര്‍ക്കി
ഏഷ്യ: ഉസ്‌ബെക്കിസ്ഥാന്‍-ഖത്തര്‍, ഉത്തര കൊറിയ-യു.എ.ഇ, ഇറാന്‍-സൗദി അറേബ്യ, ജപ്പാന്‍-ബഹറൈന്‍
ലാറ്റിനമേരിക്ക: ഉറുഗ്വേ-പരാഗ്വേ, അര്‍ജന്റീന-വെനിസേ്വല, കൊളംബിയ-ബൊളിവിയ.
ആഫ്രിക്ക: റുവാന്‍ഡ-അള്‍ജീരിയ, ടോംഗോ-കാമറൂണ്‍, കെനിയ-ടുണീഷ്യ, ബുര്‍ക്കിനോ ഫാസോ-ഗുനിയ, മൊറോക്കോ-ഗാബോണ്‍, സുഡാന്‍-മാലി.
കോണ്‍കാകാഫ്‌: മെക്‌സിക്കോ-കോസ്‌റ്റാറിക്ക, ട്രിനിഡാഡ്‌-ഹോണ്ടുറാസ്‌, എല്‍സാവഡോര്‍-അമേരിക്ക

കിവി കണ്‍ട്രോള്‍
നേപ്പിയര്‍: ഹാമില്‍ട്ടണില്‍ ഒരാഴ്‌ച്ച മുമ്പ്‌ തകര്‍ന്നടിഞ്ഞ കിവി ബാറ്റിംഗ്‌ സംഹാരതാണ്ഡവം പൂണ്ട രണ്ട്‌ ദിനങ്ങള്‍ക്ക്‌ ശേഷം നേപ്പിയര്‍ ടെസ്റ്റില്‍ ഇന്ത്യ വെള്ളം കുടിക്കുന്നു. ജെസി റൈഡറുടെ കന്നി ടെസ്‌റ്റ്‌ ഡബിള്‍ സെഞ്ച്വറിയുടെ (201) കരുത്തില്‍ ഒമ്പത്‌ വിക്കറ്റിന്‌ 619 റണ്‍സ്‌ എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌ത ആതിഥേയര്‍ സന്ദര്‍ശകരുടെ മൂന്ന്‌ വിക്കറ്റ്‌ 79 റണ്‍സിനിടെ സ്വന്തമാക്കി മല്‍സരത്തില്‍ പിടിമുറുക്കിയിരിക്കുന്നു. ഇപ്പോഴും 540 റണ്‍സ്‌ പിറകിലുളള ഇന്ത്യയെ രക്ഷിക്കാന്‍ ക്രിസിലുളള സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും അസാമാന്യ പ്രകടനം തന്നെ നടത്തേണ്ടി വരും. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഇത്‌ മൂന്നാം തവണ മാത്രം 600 റണ്‍സ്‌ പിന്നിടുന്ന ന്യൂസിലാന്‍ഡ്‌ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ സഹീര്‍ഖാന്‍ ഒഴികെ മറ്റെല്ലാവരും ദയനീയതയാണ്‌ പ്രകടിപ്പിച്ചത്‌. ഹാമില്‍ട്ടണില്‍ കിവി ബാറ്റ്‌സ്‌മാന്മാര്‍ക്കെതിരെ നന്നായി പന്തെറിഞ്ഞ ഹര്‍ഭജന്‍ സിംഗ്‌ ഇവിടെ റണ്‍സ്‌ നല്‍കുന്നതിലാണ്‌ മല്‍സരിച്ചത്‌. വലിയ സമ്മര്‍ദ്ദത്തില്‍ അവസാന സെഷനില്‍ ബാറ്റ്‌ പിടിച്ച ഇന്ത്യക്ക്‌ ആലസ്യത്തിന്‌ വീണ്ടും വില നല്‍കേണ്ടി വന്നു.
പുതിയ പന്തില്‍ സീമര്‍മാരെ മനോഹരമായി നേരിട്ട ക്യാപ്‌റ്റന്‍ സേവാഗ്‌ ഒമ്പതാം ഓവറില്‍ പന്തെടുത്ത വെട്ടോരിയെ കണ്ടപ്പോള്‍ സ്വയം മറന്നതാണ്‌ വലിയ തിരിച്ചടിയായത്‌. വൈഡ്‌ പന്തിന്‌ ബാറ്റ്‌ വെച്ച നായകന്‍ വിക്കറ്റ്‌ കീപ്പര്‍ക്ക്‌ പിടിനല്‍കി. രണ്ടാം ദിവസത്തെ പോരാട്ടം അവസാനിക്കാന്‍ 25 മിനുട്ട്‌ മാത്രം ബാക്കിനില്‍ക്കെയാണ്‌ വെട്ടോരി തന്റെ സ്‌പിന്‍ പാര്‍ട്ട്‌ണറായ ജിതന്‍ പട്ടേലിന്‌ പന്ത്‌ നല്‍കിയത്‌. ആദ്യ ഓവറില്‍ തന്നെ ഗാംഭീര്‍ വീഴുകയും ചെയ്‌തു. നൈറ്റ്‌ വാച്ച്‌്‌മാനായി എത്തിയ ഇഷാന്ത്‌ ശര്‍മ്മ 13 പന്തുകള്‍ നേരിട്ടു. പക്ഷേ വെട്ടോരിയുടെ ആം ബോളില്‍ ശര്‍മ്മക്ക്‌ പിഴച്ചു.
രാവിലെ മുതല്‍ കണ്ടത്‌ കിവീസ്‌ സര്‍വാധിപത്യമായിരുന്നു. റൈഡറും ഫ്രാങ്ക്‌ളിനും ചേര്‍ന്ന്‌ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. ആദ്യ ദിവസത്തെ പ്രകടനം പോലെ പന്തുകളെ ബഹുമാനിക്കുന്നതിലും ആക്രമിക്കുന്നതിലും റൈഡര്‍ കാട്ടിയ സംയമനത്തില്‍ അദ്ദേഹത്തിന്‌ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കാനായി. 52 റണ്‍സ്‌ നേടിയ ഫ്രാങ്ക്‌ളിന്‍ റണ്ണൗട്ടായത്‌ ഇന്ത്യക്ക്‌ ആശ്വസമായില്ല. റൈഡര്‍ തന്റെ ആക്രമണം തുടര്‍ന്ന്‌ 201 വരെയെത്തി.
റൈഡര്‍ പുറത്തായ ശേഷം ആക്രമണം മക്കുലം ഏറ്റെടുത്തു.140 പന്തില്‍ നിന്ന്‌ 115 റണ്‍സാണ്‌ അദ്ദേഹം നേടിയത്‌. ക്യാപ്‌റ്റന്‍ വെട്ടോരി 55 റണ്‍സ്‌ നേടി. ഇന്ത്യക്കായി സഹീറും ഇഷാന്തും മൂന്ന്‌ വിക്കറ്റ്‌ നേടി.

ന്യൂസിലാന്‍ഡ്‌ -ഒന്നാം ഇന്നിംഗ്‌സ്‌: മകിന്റോഷ്‌ -സി-കാര്‍ത്തിക്‌-ബി-ഇഷാന്ത്‌-12, ഗുപ്‌ടില്‍-സി-സേവാഗ്‌-ബി-സഹീര്‍-8, ഹൗ-ബി-സഹീര്‍-1, ടെയ്‌ലര്‍-സി-യുവരാജ്‌-ബി-ഹര്‍ഭജന്‍-151, റൈഡര്‍-ബി-സഹീര്‍-201, ഫ്രാങ്ക്‌ളിന്‍-റണ്ണൗട്ട്‌-52, മക്കുലം-സി-സച്ചിന്‍-ബി-ഇഷാന്ത്‌-115, വെട്ടോരി-ബി-ഇഷാന്ത്‌-55, ജിതന്‍ പട്ടേല്‍-സി-ഇഷാന്ത്‌-ബി-ഹര്‍ഭജന്‍-1, ഒബ്രിയാന്‍-നോട്ടൗട്ട്‌-1, എക്‌സ്‌ട്രാസ്‌-22 ആകെ 154.4 ഓവറില്‍ ഒമ്പത്‌ വിക്കറ്റിന്‌ 619 റണ്‍സ്‌ ഡിക്ലയേര്‍ഡ്‌്‌ വിക്കറ്റ്‌ പതനം: 1-21 (മകിന്റോഷ്‌), 2-22 (ഹൗ), 3-23 (ഗുപ്‌ടില്‍), 4-294 (ടെയ്‌ലര്‍).5-415 (ഫ്രാങ്ക്‌ളിന്‍), 6-477 (റൈഡര്‍), 7-605 (വെട്ടോരി), 8-618 (മക്കുലം), 9-619 (ജിതന്‍). ബൗളിംഗ്‌: സഹീര്‍ 34-6-129-3, ഇഷാന്ത്‌ 27-5-95-3, മുനാഫ്‌ 28-3-128-0, ഹര്‍ഭജന്‍ 41.4-7-120-2, സേവാഗ്‌ 12-0-73-0, യുവരാജ്‌ 12-0-59-0
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സി-വെട്ടോരി-ബി-ജിതന്‍-16, സേവാഗ്‌-സി-മക്കുലം-ബി-വെട്ടോരി-34, ദ്രാവിഡ്‌-നോട്ടൗട്ട്‌-21,ഇഷാന്ത്‌-എല്‍.ബി.ഡബ്ല്യൂ-ബി-വെട്ടോരി-0, സച്ചിന്‍-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-8, ആകെ 23 ഓവറില്‍ മൂന്ന വിക്കറ്റിന്‌ 79. വിക്കറ്റ്‌ പതനം: 1-48 (സേവാഗ്‌), 2-73 (ഗാംഭീര്‍), 3-78 (ഇഷാന്ത്‌). ബൗളിംഗ്‌: മാര്‍ട്ടിന്‍ 6-1-26-0, ഫ്രാങ്ക്‌ളിന്‍ 5-1-15-0, വെട്ടോരി 5-1-16-2, ഒബ്രിയാന്‍ 3-2-9-0, ജിതന്‍ 4-1-6-1.

തേര്‍ഡ്‌ ഐ
ശരിയായ ആലസ്യം
ഒരു വിജയം വഴി ലഭിച്ച ആത്മവിശ്വാസത്തെ ആലസ്യമാക്കി മാറ്റാന്‍ ഇന്ത്യയോളം മികവ്‌ തെളിയിച്ചവരില്ല. സമീപകാല പ്രകടനം മാത്രം വിലയിരുത്തിയാല്‍ ഈ ആലസ്യം കാണാം. ശ്രീലങ്കക്കെതിരെ ഈയിടെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ നാല്‌ മല്‍സരങ്ങളിലും ജയിച്ചപ്പോള്‍ അഞ്ചാം മല്‍സരത്തില്‍ തകര്‍ന്നടിഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലും ഇത്‌ കണ്ടു. ആദ്യ നാല്‌ മല്‍സരങ്ങളില്‍ മികവ്‌ പ്രകടിപ്പിച്ച ശേഷം അവസാന മല്‍സരത്തില്‍ വലിയ തോല്‍വി രുചിച്ചു. ഹാമില്‍ട്ടണ്‍ ടെസ്‌റ്റ്‌ നാല്‌ ദിവസത്തിനകം സ്വന്തമാക്കാന്‍ ടീമിനെ സഹായിച്ച ബൗളര്‍മാരാണോ നേപ്പിയറില്‍ പന്തെറിഞ്ഞത്‌ എന്ന്‌ സന്ദേഹിക്കുന്നവരെ കുറ്റം പറയാനാവില്ല. അത്രമാത്രം ആലസ്യം ബൗളിംഗിലും ഫീല്‍ഡിഗിലും പ്രകടമായിരുന്നു. ആദ്യ ദിവസത്തെ ദയനീയതക്ക്‌ ശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ സേവാഗ്‌ പറഞ്ഞിരുന്നു ഫീല്‍ഡിംഗാണ്‌ ചതിച്ചതെന്ന്‌. പക്ഷേ രണ്ടാം ദിവസത്തിലും ഇന്ത്യന്‍ ഫീല്‍ഡിംഗ്‌ പരിതാപകരമായി. ഹര്‍ഭജന്‍ സിംഗിന്റെ ബൗളിംഗായിരുന്നു വേദനാജനകം. ദിശാ ബോധമില്ലാതെ അടി വാങ്ങാനായുളള ബൗളിംഗ്‌. ജെസി റൈഡര്‍ ക്രീസില്‍ നിലയുറപ്പിച്ച താരമാണെന്ന്‌ മനസ്സിലാക്കാതെ ഓഫ്‌ സ്റ്റംമ്പിന്‌ പുറത്ത്‌ മോഹിപ്പിക്കുന്ന പന്തുകള്‍ നല്‍കാന്‍ ബാജിയിലെ അനുഭവസമ്പന്‍ കാട്ടിയ വിഢിത്തത്തില്‍ ധാരാളം അതിര്‍ത്തി ഷോട്ടുകള്‍ പിറന്നു.
ഒന്നാം ദിവസത്തിലെന്ന പോലെ രണ്ടാം ദിവസത്തിലും ന്യൂസിലാന്‍ഡിന്‌ കരുത്തായത്‌ കൂട്ടുകെട്ടുകളാണ്‌. ജെയിംസ്‌ ഫ്രാങ്ക്‌ളിനൊപ്പം റൈഡര്‍ 121 റണ്‍സ്‌ നേടിയപ്പോള്‍ മക്കുലവുമൊത്ത്‌ റൈഡര്‍ 62 റണ്‍സ്‌ സ്വന്തമാക്കി. പിന്നെ വെട്ടോരിയും മക്കുലവും ചേര്‍ന്ന്‌ 121 റണ്‍സ്‌ നേടി. ഇന്ത്യ ബാറ്റ്‌ ചെയ്‌തപ്പോള്‍ സേവാഗ്‌ പതിവ്‌ പോലെ കളിച്ചു. പക്ഷേ പുറത്തായതാവട്ടെ ആലസ്യത്തിന്റെ പര്യായമാവുന്ന ഷോട്ടില്‍. ഗാംഭീറും ഉത്തരവാദിത്ത്വം കാട്ടിയില്ല.
ഈ മല്‍സരത്തെ രക്ഷിക്കാന്‍ ഇനി സച്ചിനും ദ്രാവിഡിനും മാത്രമാണ്‌ കഴിയുക. അനുഭവസമ്പന്നരായ രണ്ട്‌ ബാറ്റ്‌സ്‌മാന്മാരില്‍ നിന്നും വലിയ ഇന്നിംഗ്‌സ്‌ പിറക്കാത്തപക്ഷം നിസ്സംശയം പറയാം-ഇന്ത്യ തോല്‍ക്കും.
അറിയാമായിരുന്നു
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ കോച്ച്‌ ജോണ്‍ ബുക്കാനനും ടീമിന്റെ നായകനായിരുന്ന സൗരവ്‌ ഗാംഗുലിയും തമ്മിലുളള വാചകമടി തുടരുന്നു. ടീമിന്‌ ഒന്നിലധികം നായകരെ നിയോഗിക്കുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന സൗരവിന്റെ വെളിപ്പെടുത്തല്‍ സത്യ വിരുദ്ധമാണെന്നാണ്‌ ബുക്കാനന്‍ പറയുന്നത്‌. പത്രസമ്മേളനം വിളിച്ച്‌ കാര്യങ്ങള്‍ പറയും മുമ്പ്‌ സൗരവുമായി ഈ കാര്യം ചര്‍ച്ച ചെയ്‌തിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണില്‍ തന്നെ ഈ കാര്യം സൗരവുമായി ചര്‍ച്ച ചെയ്‌തിരുന്നുവെന്നാണ്‌ ബുക്കാനന്‍ പറയുന്നത്‌. അതേ സമയം കൊല്‍ക്കത്തയില്‍ ബുക്കാനനെതിരെ പ്രതിഷേധം തുടരുകയാണ്‌. അദ്ദേഹത്തിന്റെ കോലങ്ങള്‍ ഇന്നലെയും സൗരവിന്റെ ആരാധകര്‍ അഗ്നിക്കിരയാക്കി.
കളിക്കാം
പോര്‍ട്ട്‌ എലിസബത്ത്‌: വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡും താരങ്ങളും തമ്മിലുളള പിണക്കം ഇപ്പോള്‍ നടന്നുവരുന്ന ഇംഗ്ലണ്ട്‌-വിന്‍ഡീസ്‌ ഏകദിന പരമ്പരയെയും, വിന്‍ഡീസ്‌ ടീമിന്റെ ഇംഗ്ലീഷ്‌ പര്യടനത്തെയും ബാധിക്കില്ലെന്ന്‌ വിന്‍ഡീസ്‌ നായകന്‍ ക്രിസ്‌ ഗെയില്‍. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലുടെ പരിഹരിക്കാന്‍ കഴിയുമെന്നാണ്‌ തന്റെ വിശ്വാസമെന്ന്‌ ക്യാപ്‌റ്റന്‍ പറഞ്ഞു. പരമ്പരയെ ബാധിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിയിട്ടില്ല-ഗെയില്‍ വ്യക്തമാക്കി. പ്രതിഫലത്തിന്റെ കാര്യത്തിലാണ്‌ താരങ്ങളും ക്രിക്കറ്റ്‌ ബോര്‍ഡും ഇടഞ്ഞ്‌ നില്‍ക്കുന്നത്‌. വാഗ്‌ദാനം ചെയ്യപ്പെട്ട പ്രതിഫലം നല്‍കാത്തപക്ഷം ഇംഗ്ലീഷ്‌ പര്യടനത്തിന്‌ തങ്ങളുണ്ടാവില്ലെന്ന്‌ ടീമിലെ അഞ്ച്‌ താരങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
കളി പ്രധാനം
ലണ്ടന്‍: ഇംഗ്ലണ്ടിന്‌ വേണ്ടി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരമെന്ന ബഹുമതി സ്വന്തമാക്കുകയല്ല മറിച്ച്‌ ഇംഗ്ലണ്ടിനെ അടുത്ത ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടിലെത്തിക്കുകയാണ്‌ പ്രധാനമെന്ന്‌ ഡേവിഡ്‌ ബെക്കാം. ഇന്ന്‌ സ്ലോവാക്യക്കെതിരെ നടക്കുന്ന സൗഹൃദ മല്‍സരത്തില്‍ ബെക്കാം കളിക്കുന്നുണ്ട്‌. ഈ മല്‍സരത്തോടെ അദ്ദേഹം രാജ്യത്തിനായി 109 മല്‍സരങ്ങള്‍ പൂര്‍ത്തിയാവും. ഇപ്പോള്‍ 108 മല്‍സരങ്ങളുമായി ബോബ്‌ മൂറിന്റെ റെക്കോര്‍ഡിനൊപ്പമാണ്‌ ബെക്കാം. ഇന്നത്തെ കളിയോടെ പീറ്റര്‍ ഷില്‍ട്ടണ്‌ ശേഷം രാജ്യത്തിനായി ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരമെന്ന ബഹുമതി അദ്ദേഹത്തിന്‌ സ്വന്തമാവും.

No comments: