Friday, March 20, 2009

THE REAL MASTER


ദി മാസ്‌റ്റര്‍
ഹാമില്‍ട്ടണ്‍: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റിലെ നാല്‍പ്പത്തിരണ്ടാമത്‌ സെഞ്ച്വറി കുറിച്ച ദിവസത്തില്‍ ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. 241 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ സ്വന്തമാക്കിയ സന്ദര്‍ശകര്‍ രണ്ടാം ഇന്നിംഗ്‌സില്‍ ന്യൂസിലാന്‍ഡിന്റെ മൂന്ന്‌ വിലപ്പെട്ട വിക്കറ്റുകള്‍ 75 റണ്‍സിനിടെ സ്വന്തമാക്കിയിട്ടുണ്ട്‌. അല്‍ഭുതങ്ങള്‍ സംഭവിക്കാത്തപക്ഷം വ്യക്തമായ മാര്‍ജിനിലുളള ഇന്ത്യന്‍ വിജയത്തിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. ഇപ്പോഴും 166 റണ്‍സിന്റെ കമ്മിയില്‍ കളിക്കുന്ന ആതിഥേയര്‍ക്ക്‌ ഇന്ന്‌ രാവിലെയുളള മണിക്കൂറുകള്‍ നിര്‍ണ്ണായകമായിരിക്കും.
രണ്ടാം ദിവസം റണ്‍സ്‌ നേടാന്‍ പ്രയാസപ്പെട്ട ഇന്ത്യ ഇന്നലെ രണ്ട്‌്‌ സെഷനിലായി 242 റണ്‍സാണ്‌ അടിച്ചെടുത്തത്‌. അവസാന സെഷനില്‍ കിവീസിന്റെ രണ്ട്‌ ഓപ്പണര്‍മാരെയും, നൈറ്റ്‌വാച്ച്‌മാന്‍ കൈല്‍ മില്‍സിനെയും പുറത്താക്കുന്നതില്‍ വിജയിക്കാനായെന്ന്‌ മാത്രമല്ല മുനാഫ്‌ പട്ടേലിന്റെ റിവേഴ്‌സ്‌ സ്വിംഗുകളും ഹര്‍ഭജന്റെ ഓഫ്‌ കട്ടറുകളും അപകടരമാവുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ അനുകൂലമല്ല.
168 പന്തില്‍ നിന്നും സെഞ്ച്വറി സ്വന്തമാക്കിയ സച്ചിനായിരുന്നു മൂന്നാം ദിവസത്തെ താരം. രാവിലെ തന്നെ യുവരാജ്‌സിംഗിന്റെ വിക്കറ്റ്‌ നഷ്ടമായെങ്കിലും നായകന്‍ മഹേന്ദ്രസിംഗ്‌ ധോണിയെ സാക്ഷിയാക്കിയായിരുന്നു മാസ്‌റ്റര്‍ ബാറ്റ്‌സ്‌മാന്റെ മാസ്‌റ്റര്‍ പ്രകടനം. ന്യൂസിലാന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ സെഞ്ച്വറി സ്വന്തമാക്കിയ സച്ചിന്‍ അതേ കരുത്താണ്‌ ഇന്നലെ പ്രകടിപ്പിച്ചത്‌. പക്ഷേ ന്യൂസിലാന്‍ഡ്‌ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ്‌ ചെയ്യവെ ഫീല്‍ഡിംഗിനിടെ സച്ചിന്റെ വിരലിന്‌ പരുക്കേറ്റത്‌ ഇന്ത്യന്‍ ക്യാമ്പിനെ അലട്ടുന്നുണ്ട്‌. പരുക്ക്‌ ഗുരുതരമല്ലെന്നാണ്‌ ആദ്യ റിപ്പോര്‍ട്ട്‌.
രണ്ടാം ദിവസത്തെ തന്റെ ബാറ്റിംഗില്‍ സച്ചിന്‌ തന്നെ സംതൃപ്‌തിയുണ്ടായിരുന്നില്ല. അത്‌ മനസ്സിലാക്കി തന്നെ ബൗളര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെയാണ്‌ അദ്ദേഹം ഇന്നലെ കളിച്ചത്‌. 115 റണ്‍സിന്റെ സച്ചിന്‍-ധോണി സഖ്യത്തില്‍ തകര്‍പ്പന്‍ ഷോട്ടുകള്‍ ധാരാളമായിരുന്നു. ക്രിസ്‌ മാര്‍ട്ടിന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ മനോഹരമായ രണ്ട്‌ ബൗണ്ടറികളുമായി യുവരാജ്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. മാര്‍ട്ടിന്റെ അടുത്ത ഓവറില്‍ സുന്ദരമായ കവര്‍ ഡ്രൈവില്‍ സച്ചിന്‍ കൈയ്യടി നേടിയപ്പോള്‍ ഒബ്രിയാന്റെ പന്തിലെ കട്ട്‌ ഷോട്ട്‌ അതിലും മനോഹരമായിരുന്നു. പക്ഷേ യുവരാജിന്‌ പന്ത്‌ ജഡ്‌ജ്‌ ചെയ്യുന്നതില്‍ പറ്റിയ വലിയ വീഴ്‌ച്ച മാര്‍ട്ടിനും കിവീസിനും അനുഗ്രഹമായി. മാര്‍ട്ടിന്റെ പന്ത്‌ ഓഫ്‌ സ്‌റ്റംമ്പിന്‌ പുറത്ത്‌ പോവുമെന്ന്‌ കരുതിയ യുവരാജ്‌ മുന്നോട്ടാഞ്ഞ കൈകള്‍ പിന്‍വലിക്കുകയായിരുന്നു. പക്ഷേ പന്ത്‌ ഓഫ്‌ സ്റ്റംമ്പും തകര്‍ത്താണ്‌ പാഞ്ഞത്‌.
പകരമെത്തിയ ധോണി ആദ്യ പന്തില്‍ തന്നെ പുറത്താവുമായിരുന്നു. ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത്‌ ഇന്ത്യന്‍ ഭാഗ്യത്തിന്‌ മൂന്നാം സ്ലിപ്പ്‌ ഫീല്‍ഡറുടെ തൊട്ട്‌ മുന്നിലാണ്‌ വീണത്‌. ഒബ്രിയാന്റെ പന്ത്‌ കവറിലൂടെ ബൗണ്ടറി കടത്തി 99 ലെത്തിയ സച്ചിനിലേക്കായിരുന്നു എല്ലാ കണ്ണുകളും. തൊണ്ണൂറുകളിലെ സമ്മര്‍ദ്ദം അദ്ദേഹത്തെ പക്ഷേ ബാധിച്ചില്ല. ജെയിംസ്‌ ഫ്രാങ്ക്‌ളിന്റെ പന്ത്‌ ഓണ്‍ സൈഡിലേക്ക്‌ തട്ടി സച്ചിന്‍ മൂന്നക്കത്തിലെത്തി....
സെഞ്ച്വറിക്ക്‌ ശേഷമായിരുന്നു സച്ചിന്റെ ആക്രമണം. രണ്ടാം ദിവസത്തില്‍ അഞ്ച്‌ മെയ്‌ഡനുകള്‍ പായിച്ച ജെസി റൈഡര്‍ക്കായിരുന്നു കൂടുതല്‍ പ്രഹരം. സച്ചിന്റെ ഇംഗീതം മനസ്സിലാക്കിയ ധോണി പ്രതിരോധത്തിലായിരുന്നു. ക്രീസ്‌ വിടാനും ബൗളര്‍മാരെ ഭയപ്പെടുത്താനും നായകന്‍ മുതിര്‍ന്നില്ല. ലഞ്ചിന്‌ ശേഷം സച്ചിന്റെ ചൂട്‌ കാര്യമായി അറിഞ്ഞത്‌ അത്‌ വരെ അച്ചടക്കത്തോടെ പന്തെറിഞ്ഞ വെട്ടോരിയായിരുന്നു. വെട്ടോരിയെ അതിര്‍ത്തിയിലേക്ക്‌ പായിച്ച്‌ കരിയറില്‍ പതിനെട്ടാം തവണ സച്ചിന്‍ 150 ലെത്തി. ഒബ്രിയാന്റെ പന്തില്‍ ധോണിയെ പിടികൂടിയ ജെസി റൈഡര്‍ സ്വന്തം ടീമിനെ രക്ഷിച്ചെങ്കിലും പിന്നെ സഹീര്‍ഖാന്റെ ഊഴമായിരുന്നു. സച്ചിന്‍ സ്ലിപ്പില്‍ പിടി നല്‍കി മടങ്ങിയ ശേഷം കൈല്‍ മില്‍സിന്റെ ഒരോവറില്‍ മൂന്ന്‌ തവണയാണ്‌സഹീര്‍ പന്തിനെ അതിര്‍ത്തി കടത്തിയത്‌. 45 പന്തില്‍ നിന്ന്‌ സഹീര്‍ 50 ലെത്തി.
ന്യൂസിലാന്‍ഡ്‌ രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ചപ്പോള്‍ മൂന്ന്‌ പന്തുകള്‍ മാത്രമാണ്‌ ഓപ്പണര്‍ മകിന്റോഷിന്‌ കളിക്കാനായത്‌. സഹീറിന്റെ പന്തില്‍ ഓപ്പണറെ സച്ചിന്‍ സംശയകരമായി പിടികൂടുകയായിരുന്നു. മാര്‍ട്ടിന്‍ ഗുപ്‌ടിലും ഫ്‌ളൈനും ചേര്‍ന്നുളള രണ്ടാം വിക്കറ്റ്‌ അപകടം ഒഴിവാക്കുന്നതില്‍ വിജയിച്ചെങ്കിലും അവസാനത്തില്‍ രണ്ട്‌ വിക്കറ്റുകള്‍ വീണത്‌ ടീമിന്‌ തിരിച്ചടിയായി. കന്നി ടെസ്‌റ്റില്‍ തന്നെ അര്‍ദ്ധസെഞ്ച്വറിക്ക്‌ അരികിലെത്തിയ ഗുപ്‌ടില്‍ ഹര്‍ഭജന്റെ പന്തില്‍ അലസ ഷോട്ടിന്‌ ശ്രമിച്ചപ്പോള്‍ പന്ത്‌ സേവാഗിന്റെ കരങ്ങളിലെത്തി. മൂന്നാം ദിവസത്തെ അവസാന പന്തിലാണ്‌ നൈറ്റ്‌വാച്ച്‌്‌മാന്‍ കൈല്‍ മില്‍സിനെ മുനാഫ്‌ വിക്കറ്റിന്‌ മുന്നില്‍ കുരുക്കിയത്‌.
സ്‌ക്കോര്‍ബോര്‍ഡ്‌
ന്യൂസിലാന്‍ഡ്‌-ഒന്നാം ഇന്നിംഗ്‌സ്‌-279. ഇന്ത്യ-ഒന്നാം ഇന്നിംഗ്‌സ്‌-ഗാംഭീര്‍-സി-മക്കുലം-ബി-മാര്‍ട്ടിന്‍-72, സേവാഗ്‌-റണ്ണൗട്ട്‌-24, ദ്രാവിഡ്‌-ബി-ഒബ്രിയാന്‍-66, സച്ചിന്‍-സി-ടെയ്‌ലര്‍-ബി-ഒബ്രിയാന്‍-160, ലക്ഷ്‌മണ്‍-സി-ടെയ്‌ലര്‍-ബി-മാര്‍ട്ടിന്‍-30, യുവരാജ്‌-ബി-മാര്‍ട്ടിന്‍-22, ധോണി-സി-മക്കുലം-ബി-ഒബ്രിയാന്‍-47, ഹര്‍ഭജന്‍-സി-വെട്ടോരി-ബി-മില്‍സ്‌-16, സഹീര്‍-നോട്ടൗട്ട്‌-51, ഇഷാന്ത്‌-സി-മക്കുലം-ബി-വെട്ടോരി-6, മുനാഫ്‌-സി-മാര്‍ട്ടിന്‍-ബി-വെട്ടോരി-9, എക്‌സ്‌ട്രാസ്‌-17, ആകെ 152.4 ഓവറില്‍ 520. വിക്കറ്റ്‌ പതനം: 1-37 (സേവാഗ്‌), 2-142 (ഗാംഭീര്‍), 3-177 (ദ്രാവിഡ്‌), 4-238 (ലക്ഷ്‌മണ്‍), 5-314 (യുവരാജ്‌), 6-429 (ധോണി), 7-443 (സച്ചിന്‍), 8-457 (ഹര്‍ഭജന്‍), 9-492 (ഇഷാന്ത്‌), 10-520 (മുനാഫ്‌).
ബൗളിംഗ്‌: ക്രിസ്‌ മാര്‍ട്ടിന്‍ 30-9-98-3, മില്‍സ്‌ 22-4-98-1, ഒബ്രിയാന്‍ 33-7-103-3, ഫ്രാങ്ക്‌ളിന്‍ 23-1-98-0, വെട്ടോരി 35.4-8-90-2, റൈഡര്‍ 9-5-24-0.
ന്യൂസിലാന്‍ഡ്‌ രണ്ടാം ഇന്നിംഗ്‌സ്‌: മകിന്റോഷ്‌-സി-സച്ചിന്‍-ബി-സഹീര്‍-0, ഗുപ്‌ടില്‍-സി-സേവാഗ്‌-ബി-ഹര്‍ഭജന്‍-48, ഫ്‌ളൈന്‍-നോട്ടൗട്ട്‌-24, മില്‍സ്‌-എല്‍.ബി.ഡബ്ല്യൂ-ബി-മുനാഫ്‌-2, എക്‌സ്‌ട്രാസ്‌-1, ആകെ 31 ഓവറില്‍ മൂന്ന്‌ വിക്കറ്റിന്‌ 75. വിക്കറ്റ്‌ പതനം: 1-0 (മകിന്റോഷ്‌), 2-68 (ഗുപ്‌ടില്‍), 3-75 (മില്‍സ്‌). ബൗളിംഗ്‌: സഹീര്‍ 8-3-14-1, ഇഷാന്ത്‌ 9-2-34-0, മുനാഫ്‌ 5-1-14-1, ഹര്‍ഭജന്‍ 6-1-8-1, യുവരാജ്‌ 3-1-4-0.

തേര്‍ഡ്‌ ഐ
ന്യൂസിലാന്‍ഡിന്റെ ബൗളിംഗ്‌ ദൗര്‍ബല്യമാണോ അതോ സച്ചിന്റെ ബാറ്റിംഗ്‌ മികവാണോ ഇന്നലെ സിദാന്‍ പാര്‍ക്കില്‍ കണ്ടത്‌...? ഈ സംശയം ഉന്നയിച്ചത്‌ ന്യൂസിലാന്‍ഡിന്റെ മുന്‍ നായകന്‍ മാര്‍ട്ടിന്‍ ക്രോയാണ്‌. ഈ സംശയത്തിന്‌ മറുപടി നല്‍കിയ രവിശാസ്‌ത്രി സച്ചിനാണ്‌ 100 ല്‍ 100 മാര്‍ക്കുമിട്ടത്‌. ശാസ്‌ത്രി സ്വന്തം വാദത്തിന്‌ ഉപോത്‌പലകമായി നിരത്തിയത്‌ സച്ചിന്റെ ബാറ്റില്‍ നിന്നും പാഞ്ഞ ഷോട്ടുകളായിരുന്നു കവര്‍ ഡ്രൈവുകള്‍, ഓണ്‍ ഡ്രൈവുകള്‍, ലോഫ്‌റ്റഡ്‌ ഡ്രൈവുകള്‍-എല്ലാ ഷോട്ടുകളിലും കാണാനായത്‌ പഴയ സച്ചിനെയാണെന്ന ശാസ്‌്‌ത്രിയുടെ വാദം സത്യമാണ്‌-ന്യൂസിലാന്‍ഡില്‍ കാണാനാവുന്നത്‌ പഴയ സച്ചിനെയാണ്‌. ഏകദിന പരമ്പരയില്‍ അത്‌ കണ്ടതാണ്‌. ഇപ്പോഴിതാ ടെസ്‌റ്റ്‌ പരമ്പരയിലും അദ്ദേഹം കൗമാര കാലത്തെ ഓര്‍മ്മിപ്പിക്കുന്നു. രണ്ടാം ദിവസത്തില്‍ കണ്ട സച്ചിന്‍ പന്തിനെയും പിച്ചിനെയും പഠിക്കുന്ന ബാറ്റ്‌സ്‌മാനായിരുന്നു. 13 ല്‍ നില്‍ക്കുമ്പോള്‍ നല്‍കിയ അവസരത്തില്‍ നിന്നും അദ്ദേഹം മാറിയതിന്റെ വ്യക്തമായ തെളിവായിരുന്നു മൂന്നാം ദിവസത്തെ ബാറ്റിംഗ്‌. അവസരങ്ങള്‍ നല്‍കാതെ, ബൗളറെയും പിച്ചിനെയും പഠിച്ചുളള സുഭഗ ഷോട്ടുകള്‍. കിവി ബൗളിംഗില്‍ ദൗര്‍ബല്യങ്ങള്‍ പ്രകടമായിരുന്നു. പണ്ട്‌ റിച്ചാര്‍ഡ്‌ ഹാഡ്‌ലിയെ പോലുളളവര്‍, പിന്നീട്‌ ഷെയിന്‍ ബോണ്ടിനെ പോലുള്ളവര്‍ അരങ്ങ്‌ തകര്‍ത്ത മൈതാനങ്ങളിലൂടെ വിക്കറ്റ്‌ വേട്ട നടത്താനുളള മികവ്‌ ക്രിസ്‌ മാര്‍ട്ടിനും ഒബ്രിയാനും ജെയിംസ്‌ ഫ്രാങ്ക്‌ളിനുമൊന്നുമില്ലെന്ന സത്യം അംഗീകരിക്കാം. പക്ഷേ കിവി പിച്ചുകള്‍ എന്നും ബൗളര്‍മാര്‍ക്കൊപ്പം നിന്നവയാണെന്ന വസ്‌തുതയിലാണ്‌ സച്ചിനെ പോലുളളവരുടെ മികവ്‌ അംഗീകരിക്കപ്പെടുന്നത്‌. 2003 ല്‍ സൗരവ്‌ ഗാംഗുലിയുടെ ഇന്ത്യ ഇവിടെ പര്യടനം നടത്തിയപ്പോള്‍ ടെസ്‌റ്റ്‌ മല്‍സരങ്ങള്‍ മൂന്നിലധികം ദിവസം ദീര്‍ഘിച്ചിരുന്നില്ല. ചില ഇന്നിംഗ്‌സുകളില്‍ സ്‌ക്കോര്‍ 100 പോലും കടന്നിരുന്നില്ല.
കാര്യങ്ങള്‍ ഇപ്പോള്‍ ശരിക്കും ഇന്ത്യന്‍ നിയന്ത്രണത്തിലാണ്‌. ചിലപ്പോള്‍ മല്‍സരം ഇന്ന്‌ ആദ്യ സെഷനില്‍ തന്നെ അവസാനിച്ചേക്കാം. അത്രമാത്രം പിന്തുണ ബൗളര്‍മാര്‍ക്ക്‌ ആദ്യ മണിക്കൂറുകളില്‍ ലഭിക്കും. റിവേഴ്‌സ്‌ സ്വിംഗില്‍ ഇന്നലെ മുനാഫ്‌ എറിഞ്ഞ അഞ്ച്‌ ഓവറുകള്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ ശരിക്കും വെല്ലുവിളിയായിരുന്നു. ഹര്‍ഭജനും നല്ല പിന്തുണ ലഭിക്കുന്നുണ്ട്‌. മൂന്ന്‌ ബാറ്റ്‌സ്‌മാന്മാരെയാണ്‌ ഇന്നലെ ന്യൂസിലാന്‍ഡിന്‌ നഷ്ടമായത്‌. ഇനി കളിക്കാനുളളവരില്‍ വലിയ ഇന്നിംഗ്‌സുകളുടെ പരിചയമുളളവര്‍ കുറവാണ്‌. റോസ്‌ ടെയ്‌ലര്‍, ജെസി റൈഡര്‍ എന്നിവര്‍ക്ക്‌ അനുഭവസമ്പത്ത്‌ കുറവാണ്‌. ഈ രണ്ട്‌ വിക്കറ്റുകള്‍ നേടാനായാല്‍ മല്‍സരം നാലാം ദിവസത്തില്‍ തന്നെ സമാപിക്കും. പക്ഷേ ഇന്നലെ സഹീര്‍ഖാനെ പോലുളളവര്‍ നടത്തിയ ബാറ്റിംഗ്‌ നടത്താന്‍ കിവി സംഘത്തിലും ആളുകളുണ്ട്‌. ഫ്രാങ്ക്‌ളിനും വെട്ടോരിയുമെല്ലാം പന്തിനെ പ്രഹരിക്കാന്‍ മിടുക്കരാണ്‌. ഇവര്‍ക്ക്‌ അവസരങ്ങള്‍ നല്‍കരുത്‌. മല്‍സരം അഞ്ചാം ദിവസത്തിലേക്ക്‌ ദീര്‍ഘിച്ചാല്‍ അത്‌ ഇന്ത്യക്കായിരിക്കും വെല്ലുവിളി.

No comments: