Monday, March 23, 2009

GREAT LIVER


ലിവര്‍ ലാഭം
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകളില്‍ ഈയാഴ്‌ച്ചത്തെ നേട്ടക്കാര്‍ തീര്‍ച്ചയായും ലിവര്‍പൂള്‍ തന്നെ....! ഫ്രഞ്ച്‌ ലീഗില്‍ ലിയോണും ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാനും സ്‌പാനിഷ്‌ ലീഗില്‍ ബാര്‍സിലോണയും തകര്‍പ്പന്‍ വിജയങ്ങളുമായി കിരീടത്തോട്‌ അടുത്തപ്പോള്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ വിജയത്തില്‍ ലിവര്‍പൂള്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ തൊട്ടുപിറകില്‍ എത്തിനില്‍ക്കുന്നു. മാഞ്ചസ്റ്റര്‍ 65 ല്‍ നില്‍ക്കുമ്പോള്‍ ലിവര്‍ 64 ലാണ്‌. ഇനി എന്തും സംഭവിക്കാവുന്ന അവസ്ഥ. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്‌ പറ്റിയ അതേ ആഘാതം ജര്‍മന്‍ ബുണ്ടേല്‍സ്‌ ലിഗില്‍ ഹെര്‍ത്താ ബെര്‍ലിനും സംഭവിച്ചിരിക്കുന്നു. പോയ വാരത്തിലെ യൂറോപ്യന്‍ ലീഗുകളിലൂടെ സ്‌പോര്‍ട്‌സ്‌ ചന്ദ്രിക നടത്തുന്ന ഓട്ടപ്രദക്ഷിണം:
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌
ശനിയാഴ്‌ച്ച രാത്രിയിലെ രണ്ട്‌ മല്‍സരങ്ങളില്‍ നോട്ടമിട്ടിരിക്കുകയായിരുന്നു ലിവര്‍പൂള്‍ കോച്ച്‌ റാഫേല്‍ ബെനിറ്റസും നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡും. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ഫുള്‍ഹാമിനെ നേരിട്ട മല്‍സരത്തിന്റെ തല്‍സമയ ടെലിവിഷന്‍ ചിത്രങ്ങള്‍ക്ക്‌ മുന്നിലിരുന്ന ലിവര്‍പൂള്‍ സംഘത്തിന്റെ ആഹ്ലാദം ചെറുതായിരുന്നില്ല. രണ്ട്‌ ഗോളുകള്‍ക്കാണ്‌ പേരുകേട്ട പ്രതിയോഗികളെ ഫുള്‍ഹാമിന്റെ യുവനിര തകര്‍ത്തത്‌. പോരാത്തതിന്‌ സൂപ്പര്‍ താരങ്ങളായ പോള്‍ ഷോള്‍സും വെയിന്‍ റൂണിയും ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്താവുകയും ചെയ്‌തു. ഈ മല്‍സരത്തിന്‌ തൊട്ട്‌ പിറകെയായിരുന്നു ചെല്‍സി ടോട്ടന്‍ഹാമിനെ എതിരിട്ടത്‌. ലിവര്‍പൂള്‍ ആഗ്രഹിച്ചത്‌ പോലെ തന്നെ ഈ മല്‍സരഫലവും പോസീറ്റിവായിരുന്നു. ടോട്ടന്‍ഹാം ഒരു ഗോളിന്‌ കരുത്തരെ മറിച്ചിട്ടു. പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക്‌ കുതിക്കാന്‍ ഇതിലും വലിയ അവസരമില്ലെന്ന്‌ മനസ്സിലാക്കിയ ബെനിറ്റസ്‌ സ്വന്തം കുട്ടികളോട്‌ പറഞ്ഞത്‌ ഒരു കാര്യം മാത്രം-ഗോ ആന്‍ഡ്‌ കില്‍. അത്‌ തന്നെ സംഭവിച്ചു. അഞ്ച്‌ ഗോളിന്റെ മാസ്‌മരിക വിജയമാണ്‌ ആസ്‌റ്റണ്‍വില്ലക്കെതിരെ ലിവര്‍ സ്വന്തമാക്കിയത്‌. പ്രീമിയര്‍ ലീഗിലെ നിലവിലെ അഞ്ചാം സ്ഥാനക്കാരാണ്‌ വില്ലക്കാര്‍ എന്നോര്‍ക്കണം. അവരുടെ വലയില്‍ മൂന്ന്‌ തവണ പന്ത്‌ നിക്ഷേപിച്ചത്‌ സൈനുദ്ദിന്‌ സിദാന്‍ ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരക്കാരന്‍ എന്ന്‌ വിശേഷിപ്പിച്ച സ്റ്റീവന്‍ ജെറാര്‍ഡ്‌. തുടര്‍ച്ചയായി ഗോള്‍വേട്ട നടത്തുന്നവരായ ലിവറിനെ പിടിച്ചുകെട്ടാന്‍ ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍. ഒരാഴ്‌ച്ച മുമ്പ്‌ മാഞ്ചസ്റ്ററിന്റെ വലയില്‍ നാല്‌ ഗോളുകളാണ്‌ ലിവര്‍ നിക്ഷേപിച്ചത്‌. അതിന്‌ മുമ്പ്‌ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ പ്രി ക്വാര്‍ട്ടറില്‍ സ്‌പാനിഷ്‌ കരുത്തരായ റയല്‍ മാഡ്രിഡിന്റെ വലയില്‍ രണ്ട്‌ പാദങ്ങളിലായി അഞ്ച്‌ ഗോളുകളാണ്‌ അവര്‍ അടിച്ചുകൂട്ടിയത്‌. ഇപ്പോഴിതാ വില്ലക്കാരുടെ വലയിലും അഞ്ച്‌ ഗോള്‍. ജെറാര്‍ഡും ഫെര്‍ണാണ്ടോ ടോറസും ഒരുമിക്കുമ്പോള്‍ എതിര്‍
പ്രതിരോധനിരക്കാര്‍ വിയര്‍ക്കുന്ന കാഴ്‌ച്ചയാണ്‌ കാണുന്നത്‌. ജെറാര്‍ഡ്‌ സാധാരണ കൂട്ടുകാര്‍ക്ക്‌ അവസരങ്ങള്‍ സൃഷടിക്കുന്ന താരമാണ്‌. ഫുട്‌ബോള്‍ ഭാഷിയിലെ പ്ലേ മേക്കര്‍. എന്നാല്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇംഗ്ലീഷുകാരനോളം മറ്റ്‌ മിടുക്കരില്ല. ജെറാര്‍ഡിന്റെ പാസുകളാണ്‌ ടോറസ്‌ ഗോളുകളാക്കി മാറ്റാറുളളത്‌. ഈ ഫോമില്‍ ലിവറിനെ ഇനി പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയാണ്‌. നാലാം സ്ഥാനക്കാരായ ആഴ്‌സനലും ഫോമിലാണ്‌. ന്യൂകാസില്‍ യുനൈറ്റഡിനെ 3-1നാണ്‌ അവര്‍ തകര്‍ത്തത്‌. ഇംഗ്ലണ്ടില്‍ നിന്നുമുളള അടുത്ത സീസണിലെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ബെര്‍ത്ത്‌ നോട്ടമിട്ടാണ്‌ ആഴ്‌സന്‍ വെംഗറുടെ ടീം മുന്നേറുന്നത്‌.
ന്യൂകാസിലിന്‌ പരാജയം കനത്ത ആഘാതമാണ്‌. മൈക്കല്‍ ഓവന്‍ കളിക്കുന്ന ടീം ഇപ്പോള്‍ തരംതാഴ്‌ത്തല്‍ ലിസ്‌റ്റിലാണ്‌. ആകെ 29 പോയന്റാണ്‌്‌ അവര്‍ സമ്പാദിച്ചിരിക്കുന്നത്‌. മിഡില്‍സ്‌ ബോറോ (27), വെസ്‌റ്റ്‌ ബ്രോം (24) എന്നിവരാണ്‌ തരം താഴ്‌ത്തല്‍ ഭീഷണി നേരിടുന്ന മറ്റുളളവര്‍. ടോപ്‌ സ്‌ക്കോറര്‍പ്പട്ടികയില്‍ ഇപ്പോഴും മാറ്റമില്ല. ചെല്‍സിയുടെ ഫ്രഞ്ച്‌ താരം നിക്കോളാസ്‌ അനേല്‍ക്ക 15 ഗോളുകളുമായി ഒന്നാമത്‌ നില്‍ക്കുന്നു. 13 ഗോളുകളുമായി സ്‌റ്റീവന്‍ ജെറാര്‍ഡ്‌, കൃസ്‌റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ്‌ പിറകില്‍. അടുത്തയാഴ്‌്‌ച്ചയില്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ പ്രീമിയര്‍ ലീഗില്‍ കാര്യമായ മല്‍സരങ്ങളില്ല.
ഫ്രഞ്ച്‌ ലീഗ്‌
ലിയോണും മാര്‍സലിയും തമ്മിലുള്ള കനത്ത അങ്കമാണ്‌ ഫ്രഞ്ച്‌ ലീഗില്‍ നടക്കുന്നത്‌. തൊട്ട്‌്‌ പിറകെ ആര്‍ക്കും പിടി നല്‍കാതെ ബോറോഡോക്‌സുമുണ്ട്‌. 56 പോയന്റാണ്‌്‌ ലിയോണ്‍ ഇത്‌ വരെ നേടിയിരിക്കുന്നത്‌. മാര്‍സലിക്ക്‌ 55 ഉം ബോറോഡോക്‌സിന്‌ 53 ഉം പോയിന്റുണ്ട്‌. ശനിയാഴ്‌ച്ച നടന്ന മല്‍സരത്തില്‍ മാര്‍സലി രണ്ട്‌ ഗോളിന്‌ നാന്റസിനെ പരാജയപ്പെടുത്തിയപ്പോള്‍ ഞായറാഴ്‌ച്ച കളിച്ച ലിയോണ്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. കഴിഞ്ഞ രണ്ട്‌ വാരങ്ങളിലായി നിലവാരമില്ലാത്ത സോക്കറുമായി സ്വയം താഴോട്ട്‌്‌ പോയ ചാമ്പ്യന്മാര്‍ പക്ഷേ സോച്ചക്‌സിനെതിരെ രണ്ട്‌ ഗോള്‍ വിജയവുമായി ലീഡ്‌ നിലനിര്‍ത്തി. ജയിച്ചെങ്കിലും കിരീടത്തിന്റെ കാര്യത്തില്‍ ഇപ്പോളും ലിയോണിന്‌ ഉറപ്പില്ല. ലീഗിലെ ആദ്യ ആറ്‌ സ്ഥാനക്കാര്‍ ഏതാണ്ട്‌ ഒപ്പത്തിനൊപ്പമാണ്‌. മാര്‍സലിക്കും ബോറോഡോക്‌സിനും പിറകെ ടോളൂസ്‌, ലിലി, പാരിസ്‌ സെന്റ്‌ ജര്‍മന്‍ എന്നിവരും തകര്‍പ്പന്‍ ഫോമിലാണ്‌ കളിക്കുന്നത്‌.
ഇറ്റാലിയന്‍ ലീഗ്‌
കരുത്തരായ ഏ.സ്‌ റോമക്കെതിരെ 1-4 ന്റെ വന്‍ ജയം യുവന്തസ്‌ ആഘോഷിച്ചത്‌ ശനിയാഴ്‌ച്ചയായിരുന്നു. ഞായറാഴ്‌ച്ചയായിരുന്നു ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്റെ മല്‍സരം. പ്രതിയോഗികള്‍ റെജീന. സമര്‍ദ്ദത്തിന്‌ ഇടം നല്‍കാതെ മനോഹരമായ മൂന്ന്‌ ഗോളുകളുമായി ഇന്‍ര്‍ ജയിച്ചുകയറി. എന്ന്‌ മാത്രമല്ല തൊട്ടരികിലെ എതിരാളികള്‍ക്കെതിരെ ഏഴ്‌ പോയന്റിന്റെ ലീഡ്‌ നിലനിര്‍ത്തുകയും ചെയ്‌തു. ഇന്ററിനിപ്പോള്‍ 69 പോയന്റാണുളളത്‌. യുവന്തസിന്‌ 62 ഉം. മൂന്നാം സ്ഥാനത്ത്‌ ഏ.സി മിലാനാണ്‌, 55 പോയിന്റ്‌.
സ്‌പാനിഷ്‌ ലാ ലീഗ്‌
സ്‌പെയിനില്‍ ബാര്‍സിലോണും റയല്‍ മാഡ്രിഡും തമ്മിലുളള കുടിപ്പക തുടരുകയാണ്‌. ഇന്നലെ ബാര്‍സക്കാര്‍ ആറ്‌ ഗോളുകള്‍ മലാഗയുടെ വലയില്‍ അടിച്ചു കയറ്റിയതോടെ കാര്യങ്ങള്‍ അവര്‍ക്ക്‌ അനുകൂലമായി മാറുകയാണ്‌. റയല്‍ മാഡ്രിഡ്‌ മൂന്ന്‌ ഗോളിന്‌ അല്‍മേരിയയെ പരാജയപ്പെടുത്തിയതിന്‌ പിറകെയാണ്‌ ലയണല്‍ മെസ്സിയും സംഘവും അരങ്ങ്‌ തകര്‍ത്തത്‌. 69 പോയന്റാണ്‌ ബാര്‍സക്ക്‌. റയലിന്‌ 63 ഉം. മൂന്നാം സ്ഥാനത്ത്‌ 54 പോയിന്റുമായി സെവിയെയാണ്‌. ചാമ്പ്യന്‍ഷിപ്പ്‌ ടോപ്‌ സ്‌ക്കോറര്‍ പട്ടിക പരിശോധിച്ചാലും ബാര്‍സയുടെ ആധിപത്യം വ്യക്തം. ആദ്യ സ്ഥാനത്ത്‌ 23 ഗോളുകള്‍ നേടിയ സാമുവല്‍ ഇറ്റോ എന്ന കാമറൂണുകാരനാണ്‌.
ബുണ്ടേല്‍സ്‌ ലീഗ്‌
ജര്‍മനിയില്‍ ചാമ്പ്യന്മാര്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ഒരു രൂപവും പറയാനായിട്ടില്ല. ഹെര്‍ത്താ ബെര്‍ലിനും ബയേണ്‍ മ്യൂണിച്ചും ഹാംബര്‍ഗ്ഗും ഏകദേശം ഒപ്പത്തിനൊപ്പമാണ്‌. ശനിയാഴ്‌ച്ച നടന്ന മല്‍സരത്തില്‍ സ്റ്റട്ട്‌ഗര്‍ട്ടിനോട്‌ രണ്ട്‌ ഗോളിന്‌ തോറ്റിട്ടും 49 പോയിന്റുള്ള ഹെര്‍ത്താ ബെര്‍ലിനാണ്‌ ഒന്നാമത്‌. കാള്‍റൂഷിനെ ഒരു ഗോളിന്‌ പരാജയപ്പെടുത്തിയ ബയേണ്‍ 48 പോയിന്റുമായി രണ്ടാമതാണ്‌. ഷാല്‍ക്കെയെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തിയ ഹാംബര്‍ഗ്ഗ്‌ 48 പോയിന്റുമായി പിറകെയുണ്ട്‌. അര്‍മീനിയ ബില്‍ഫെല്‍ഡിനോട്‌ തോറ്റ വോള്‍ഫ്‌ബര്‍ഗ്ഗിനും 48 പോയിന്റുണ്ട്‌.


രാഷട്രീയം വേണ്ടെന്ന്‌ ചിദംബരം
ന്യൂഡല്‍ഹി: ഐ.പി.എല്‍ വിവാദത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം. ഐ.പി.എല്‍ മല്‍സരങ്ങള്‍ വിദേശത്ത്‌ നടക്കുന്നത്‌ ഇന്ത്യക്ക്‌ അപമാനമാണെന്ന ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതികരണത്തില്‍ പ്രതികരിക്കവെ ഗുജറാത്ത്‌ കലാപമാണോ അതോ ഐ.പിഎല്‍ മല്‍സരങ്ങള്‍ മാറ്റുന്നതാണോ രാജ്യത്തിന്‌ അപമാനമെന്ന്‌ അദ്ദേഹം ചോദിച്ചു. ഐ.പി.എല്ലിന്റെ കാര്യത്തില്‍ ഒരു രാഷ്ട്രീയവുമില്ല. തെരഞ്ഞെടുപ്പ്‌ സമയമായതിനാല്‍ മല്‍സരങ്ങളുടെ കാര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ മാത്രമാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ സംസഥാന സര്‍ക്കാരുകളോട്‌ നിര്‍ദ്ദേശിച്ചത്‌. എന്നാല്‍ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സമയത്ത്‌ മല്‍സരങ്ങള്‍ നടത്തുന്നതിനോട്‌ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍പ്പാണ്‌ പ്രകടിപ്പിച്ചത്‌. ഇത്‌ കാരണത്താലാണ്‌ ആഭ്യന്തര മന്ത്രാലയം വ്യക്തമായ നിലപാട്‌ സ്വീകരിച്ചത്‌. ബി.ജെ.പി ഭരിക്കുന്ന കര്‍ണ്ണാടക പോലും മല്‍സരങ്ങളുടെ സുരക്ഷാ കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഐ.പി.എല്‍ എന്നാല്‍ സ്‌പോര്‍ട്‌സും വ്യവസായവുമാണ്‌. ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്‌. മല്‍സരങ്ങള്‍ വിദേശത്ത്‌ നടത്താന്‍ സര്‍ക്കാരല്ല, ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡാണ്‌ തീരുമാനിച്ചത്‌. ഇതില്‍ സര്‍ക്കാരിന്‌ പങ്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചിദംബരം പറഞ്ഞു.

ത്രിശങ്കു
മുംബൈ: ഐ.പി.എല്‍ മല്‍സരങ്ങള്‍ വിദേശത്ത്‌ വെച്ച്‌ നടത്താന്‍ തീരുമാനിച്ച ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അധികൃതര്‍ക്ക്‌ അനുയോജ്യമായ വേദി സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കാനാവുന്നില്ല. ഇന്നലെ വേദി നിശ്ചയിക്കുമെന്ന്‌ പറഞ്ഞെങ്കിലും ഇത്‌ വരെ അന്തിമ തീരുമാനമായിട്ടില്ല. ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക എന്നി ക്രിക്കറ്റ്‌ ബോര്‍ഡുകളുടെ സഹകരണമാണ്‌ ബി.സി.സി.ഐ തേടിയത്‌. എന്നാല്‍ രണ്ട്‌ പേരും വളരെ പെട്ടെന്ന്‌ ഒരു മേജര്‍ ചാമ്പ്യന്‍ഷിപ്പിന്‌ ആതിഥ്യമരുളാനുള്ള പ്രയാസങ്ങളാണ്‌ മുന്‍വെച്ചിരിക്കുന്നത്‌. ഇന്ത്യന്‍ ബോര്‍ഡിലാവട്ടെ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കുമായി തര്‍ക്കങ്ങളും നടക്കുന്നുണ്ട്‌. ഏപ്രില്‍ പത്തിന്‌ ചാമ്പ്യന്‍ഷിപ്പ്‌ ആരംഭിക്കാനാണ്‌ ഗവേണിംഗ്‌ കമ്മിറ്റി തീരുമാനം. ഏപ്രില്‍ ആദ്യത്തോടെ ഇംഗ്ലണ്ടില്‍ കൗണ്ടി സീസണ്‍ ആരംഭിക്കുകയാണ്‌. ഇംഗ്ലണ്ടിലെ മിക്ക വേദികളും ഓരോ കൗണ്ടികള്‍ക്ക്‌ സ്വന്തമാണ്‌. സ്വന്തം മല്‍സരങ്ങള്‍ മാറ്റിവെച്ച്‌ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്കായി കൗണ്ടികള്‍ തയ്യാറാവാന്‍ പ്രയാസമാണ്‌. ഈ കാര്യമാണ്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെ തളര്‍ത്തുന്നത്‌. ജൂണില്‍ ഇംഗ്ലണ്ടില്‍ വെച്ചാണ്‌ 20-20 ലോകകപ്പ്‌ നടക്കുന്നത്‌. ലോകകപ്പിനുളള നല്ല മുന്നൊരുക്കമായിരിക്കും ഐ.പി.എല്‍ എന്ന്‌ തിരിച്ചറിയുമ്പോഴും കൗണ്ടികളുടെ തീരുമാനത്തിന്‌ കാതോര്‍ക്കുകയാണ്‌ ഇ.സി.ബി.
ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്ക തുടക്കം മുതല്‍ പറയുന്നത്‌ അനുബന്ധ വേദിയായി മാത്രം തങ്ങളെ കണ്ടാല്‍ മതിയെന്നാണ്‌. ഇതില്‍ നിന്ന്‌ തന്നെ അവരുടെ മനസ്സിലിരുപ്പ്‌ വ്യക്തമാണ്‌. ഇംഗ്ലണ്ടിന്‌ പ്രയാസങ്ങളുണ്ടാവുന്ന പക്ഷം മാത്രമേ ദക്ഷിണാഫ്രിക്കയെ പരിഗണിക്കാവുവെന്ന്‌ ജെറാര്‍ഡ്‌ മജോള ഉള്‍പ്പെടെയുളള ഉന്നതര്‍ പറഞ്ഞിട്ടുണ്ട്‌. സമയമാണ്‌ എല്ലാവര്‍ക്കും പ്രയാസമുണ്ടാക്കുന്നത്‌. ഏപ്രില്‍ പത്തിലേക്ക്‌ ഇനി അധികം ദിവസങ്ങളില്ല. ഇംഗ്ലിഷ്‌ പര്യടനത്തിനായി വിന്‍ഡീസ്‌ ടീം വരുന്നുണ്ട്‌. ഏപ്രില്‍ മുതലാണ്‌ പരമ്പര ആരംഭിക്കുന്നത്‌. ഈ മല്‍സരങ്ങളുടെ നടത്തിപ്പിനാണ്‌ ഇ.സി.ബി മുഖ്യ പരിഗണന നല്‍കുന്നത്‌. അതേ സമയം ഐ.പി.എല്‍ മല്‍സരങ്ങളില്‍ കെവിന്‍ പീറ്റേഴ്‌സണ്‍, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ തുടങ്ങിയ ഇംഗ്ലീഷ്‌ സൂപ്പര്‍ താരങ്ങള്‍ കളിക്കുന്നതിനാല്‍ കാണികളുടെ പങ്കാളിത്തകാര്യത്തില്‍ ഇ.സി.ബിക്ക്‌ സംശയവുമില്ല. ഇന്ത്യന്‍ ആരാധകര്‍ക്കായി, സമയക്രമം ക്രമീകരിക്കുന്നതിലും ഇ.സി.ബിക്ക്‌ എതിര്‍പ്പില്ല.
ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റിയില്‍ ഇംഗ്ലണ്ടിനായും ദക്ഷിണാഫ്രിക്കക്കായും വാദം നടക്കുന്നതും പ്രശ്‌നമായിട്ടുണ്ട്‌.

ധോണി പറയുന്നു
ഇംഗ്ലണ്ട്‌
ഓക്‌ലാന്‍ഡ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ വിദേശത്ത്‌ വെച്ച്‌ നടത്താനുളള ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ നീക്കത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും ടീം മാനേജ്‌മെന്റിനും കാര്യമായ എതിര്‍പ്പില്ല. ഒരു ഉപാധിയാണ്‌ ബൗളിംഗ്‌ കോച്ച്‌ വെങ്കടേഷ്‌ പ്രസാദ്‌ ഉള്‍പ്പെടെയുളളവര്‍ മുന്‍വെക്കുന്നത്‌-മല്‍സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്തിയാല്‍ മതി. അതിന്‌ പ്രത്യേക കാരണവുമുണ്ട്‌. ജൂണില്‍ 20-20 ലോകകപ്പ്‌ നടക്കുന്നത്‌ ഇംഗ്ലണ്ടിലാണ്‌. ഇന്ത്യ നിലവിലെ ലോക ചാമ്പ്യന്മാരാണ്‌. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ്‌ മുന്‍നിര്‍ത്തി സാഹചര്യങ്ങളെ പഠിക്കാനും മൈതാനങ്ങളുമായി പരിചയപ്പെടാനുമെല്ലാം കഴിയുമെന്നാണ്‌ പ്രസാദ്‌ പറയുന്നത്‌.
ഇംഗ്ലണ്ടില്‍ മല്‍സരങ്ങള്‍ നടത്തുന്നതിനോടാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെക്രട്ടറിയും ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അധിപനുമായ എന്‍. ശ്രീനിവാസനും താല്‍പ്പര്യം. ഇപ്പോള്‍ ന്യൂസിലാന്‍ഡില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന്‌ ചെറിയ യാത്ര കൊണ്ട്‌ ഇംഗ്ലണ്ടിലെത്താം. അവിടെ കളിച്ച ശേഷം അവിടെ വെച്ച്‌ തന്നെ ലോകകപ്പിലും പങ്കെടുക്കാം. ഇംഗ്ലണ്ടില്‍ ധാരാളം ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികളുമുണ്ട്‌. ഇതും കൂടാതെ മുംബൈ ആക്രമണത്തില്‍ ഇന്ത്യക്കൊപ്പം നിന്ന രാജ്യവുമാണ്‌ ഇംഗ്ലണ്ടെന്ന്‌ ശ്രീനിവാസന്‍ പറയുന്നു.
ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാനായ ലളിത്‌ മോഡി ദക്ഷിണാഫ്രിക്കയെയാണ്‌ പിന്തുണക്കുന്നത്‌. കാലാവസ്ഥയും സമയവുമാണ്‌ അദ്ദേഹം ഇതിന്‌ പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത്‌. കൂടാതെ ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്ക ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ജെറാര്‍ഡ്‌ മജോളയുമായി മോഡിക്ക്‌ അടുത്ത വ്യക്തിബന്ധവുമുണ്ട്‌. ഇംഗ്ലണ്ടില്‍ സമയവും പ്രശ്‌നമാണ്‌. ഇന്ത്യന്‍ സമയം വൈകീട്ട്‌ നാല്‌ മണിക്ക്‌ മല്‍സരങ്ങള്‍ ആരംഭിക്കുമ്പോള്‍ ഇംഗ്ലണ്ടില്‍ സമയം രാവിലെ 11.30 ആണ്‌. ഈ സമയത്ത്‌ ആരാണ്‌ മല്‍സരങ്ങള്‍ ആസ്വദിക്കാനുണ്ടാവുക എന്നത്‌ ചോദ്യമാണ്‌. ദക്ഷിണാഫ്രിക്കയിലാണെങ്കില്‍ ഈ പ്രശ്‌നമില്ല.

ചന്ദര്‍ജയം
പ്രോവിഡന്‍സ്‌: അനുഭവ സമ്പന്നനായ ശിവനാരായണ്‍ ചന്ദര്‍പോളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന്‌ 21 റണ്‍സ്‌ ജയം. ഇതോടെ പരമ്പര 1-1 ലെത്തി. നിറഞ്ഞ്‌ കവിഞ്ഞ പ്രോവിഡന്‍സ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ എട്ട്‌ വിക്കറ്റിന്‌ 264 റണ്‍സാണ്‌ സ്വന്തമാക്കിയത്‌. പുറത്താവാതെ 112 റണ്‍സ്‌ നേടിയ ചന്ദര്‍പോളായിരുന്നു ഇന്നിംഗ്‌സിന്റെ നെട്ടെല്ല്‌. മറുപടിയില്‍ ഇംഗ്ലണ്ടിന്‌ വേണ്ടി നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ 105 റണ്‍സ്‌ നേടിയെങ്കിലും 243 റണ്‍സാണ്‌ സന്ദര്‍ശകര്‍ക്ക്‌ നേടാനായത്‌. നല്ല തുടക്കം വിന്‍ഡീസിന്‌ ലഭിച്ചിരുന്നില്ല. തുടക്കത്തില്‍ തന്നെ സിമണ്‍സിന്റെയും നായകന്‍ ക്രിസ്‌ ഗെയിലിന്റെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും രാം നരേഷ്‌ സര്‍വനും (74), ചന്ദര്‍പോളും പിടിച്ചുകയറി. സ്‌ക്കോര്‍ 157 ല്‍ നില്‍ക്കുമ്പോള്‍ സര്‍വന്‍ പുറത്തായപ്പോഴാണ്‌ ഇംഗ്ലണ്ട്‌ ശ്വാസം നേരെ വിട്ടത്‌. ഇംഗ്ലീഷ്‌ മറുപടിയും പതര്‍ച്ചയിലായിരുന്നു. സ്‌ട്രോസ്‌ പൊരുതിയപ്പോള്‍ മറുഭാഗത്ത്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ വീണു. കെവിന്‍ പീറ്റേഴ്‌സണ്‍ (12), ഒവൈസ്‌ ഷാ (22), പോള്‍ കോളിംഗ്‌വുഡ്‌ (1) എന്നിവരെല്ലാം നിരാശപ്പെടുത്തി.
ഓരമില്ല
നേപ്പിയര്‍: ഇന്ത്യക്കെതിരെ ഇവിടെ 26ന്‌ ആരംഭിക്കുന്ന രണ്ടാം ടെസ്‌റ്റിനുളള കിവി സംഘത്തിലും ഓള്‍റൗണ്ടര്‍ ജേക്കബ്‌ ഓരമില്ല. പരുക്ക്‌ കാരണം ആദ്യ ടെസ്റ്റില്‍ നിന്ന്‌ സ്വയം പിന്മാറിയ ഓരം രണ്ടാം ടെസ്‌റ്റിലേക്കും തന്നെ പരിഗണിക്കരുതെന്ന്‌ വ്യക്തമാക്കിയിരുന്നു. ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി ഓരത്തിനായി ശക്തമായി ശ്രമിച്ചെങ്കിലും അഞ്ച്‌ മല്‍സര ക്രിക്കറ്റിലേക്ക്‌ ആരോഗ്യപരമായി തിരിച്ചെത്താന്‍ കഴിയില്ലെന്നാണ്‌ ഓരം അറിയിച്ചത്‌. അതേ സമയം പരുക്കേറ്റ ഡാനിയല്‍ ഫ്‌ളൈന്‍, ലയന്‍ ഒബ്രിയാന്‍ എന്നിവരെ നിലനിര്‍ത്തി. ഓഫ്‌ സ്‌പിന്നര്‍ ജിതന്‍ പട്ടേലിനും ടീമില്‍ സ്ഥാനമുണ്ട്‌. ടീം ഇതാണ്‌: ഡാനിയല്‍ വെട്ടോരി, ഡാനിയല്‍ ഫ്‌ളൈന്‍, ജെയിംസ്‌ ഫ്രാങ്ക്‌ളിന്‍, മാര്‍ട്ടിന്‍ ഗുപ്‌ടില്‍, ടിം മകിന്റോഷ്‌, ബ്രെന്‍ഡന്‍ മക്കുലം, ക്രിസ്‌ മാര്‍ട്ടിന്‍, കൈല്‍ മില്‍സ്‌, ലയന്‍ ഒബ്രിയാന്‍, ജിതന്‍ പട്ടേല്‍, ജെസി റൈഡര്‍, റോസ്‌ ടെയ്‌ലര്‍.
ബാക്‌
കേപ്‌ടൗണ്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുളള ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഗ്രയിം സ്‌മിത്ത്‌ തന്നെ നയിക്കും. ഒന്നാം ടെസ്റ്റിനിടെ പരുക്ക്‌ പറ്റി പുറത്ത്‌ പോയ സ്‌മിത്ത്‌ ആരോഗ്യവാനായി തിരിച്ചെത്തിയിട്ടുണ്ട്‌. മൂന്നാം ടെസ്‌റ്റില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കാനുളള ശ്രമത്തിലാണ്‌. നീല്‍ മക്കന്‍സിയെ ഏകദിന ടീമില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ടീം ഇതാണ്‌: ഗ്രയീം സ്‌മിത്ത്‌, ഹര്‍ഷല്‍ ഗിബ്‌സ്‌, ഹാഷിം അംല, എബി ഡി വില്ലിയേഴ്‌സ്‌, ജാക്‌ കാലിസ്‌, ജെ.പി ഡുമിനി, വാന്‍ ജര്‍സ്‌വാല്‍ഡ്‌, മാര്‍ക്‌ ബൗച്ചര്‍, ആല്‍ബി മോര്‍ക്കല്‍, മോര്‍ണി മോര്‍ക്കല്‍, ജോഹാന്‍ ബോത്ത, ഡാലെ സ്‌റ്റെന്‍, വെയിനെ പാര്‍നല്‍, മക്കായ എന്‍ടിനി.

No comments: