Saturday, March 28, 2009

SORRY INDIA

മൂന്നാം ദിവസവും ന്യൂസിലാന്‍ഡിന്‌ സ്വന്തം
നേപ്പിയര്‍: രണ്ടാം ടെസ്‌റ്റിന്റെ മൂന്നാം ദിവസവും തകര്‍പ്പന്‍ പ്രകടനം നടത്തിയ ന്യൂസിലാന്‍ഡ്‌ ഇന്ത്യക്കെതിരെ വിജയത്തിലേക്ക്‌. സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്‌സ്‌ 305 റണ്‍സില്‍ അവസാനിപ്പിച്ച ആതിഥേയര്‍ ഫോളോ ഓണ്‍ ചെയ്യുന്ന ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ക്യാപ്‌റ്റന്‍ വിരേന്ദര്‍ സേവാഗിന്റെ വിലപ്പെട്ട വിക്കറ്റും സ്വന്തമാക്കി പിടിമുറുക്കിയിരിക്കുന്നു. ഇപ്പോഴും 267 റണ്‍സിന്‌ പിറകില്‍ നില്‍ക്കുന്ന ഇന്ത്യക്ക്‌ ഈ ടെസ്റ്റിനെ രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌. ഇന്നിംഗ്‌സ്‌ തോല്‍വി എന്ന വലിയ നാണക്കേടിന്‌ മുന്നില്‍ നില്‍ക്കുന്ന ടീമിനെ രക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണിപ്പോള്‍. ബാറ്റിംഗിനെ തുണക്കുന്ന പിച്ചായിട്ട്‌്‌ പോലും അച്ചടക്കത്തോടെയുളള ബൗളിംഗിലും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ ആലസ്യത്തിലും നാട്ടുകാരുടെ പിന്തുണയിലും കിവീസ്‌ മുന്നേറുകയാണ്‌. ആദ്യ രണ്ട്‌ ദിവസത്തിലും പ്രകടിപ്പിക്കാനായ ആത്മവിശ്വസമാണ്‌ ഇന്നലെയും ടീമിനെ തുണച്ചത്‌. രാവിലെ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും നിലയുറപ്പിച്ച്‌ കളിക്കവെ പതറാതെ പന്തെറിഞ്ഞ ജിതന്‍ പട്ടേല്‍ വിലപ്പെട്ട ബ്രേക്ക്‌ ത്രൂ നല്‍കി. പക്ഷേ രാഹുല്‍ ദ്രാവിഡും വി.വി.എസ്‌ ലക്ഷ്‌മണും ലഞ്ച്‌ വരെ പൊരുതിനിന്നു. ഒരു ഘട്ടത്തിലും ഒന്നും വിട്ടുകൊടുക്കാതെ കരുക്കള്‍ നീക്കിയ ഡാനിയല്‍ വെട്ടോരിക്ക്‌്‌ ദ്രാവിഡിന്റെ അശ്രദ്ധ അവസരമായി. 83 റണ്‍സുമായി മുന്‍ നായകന്‍ പുറത്തായതോടെ വാലറ്റത്തിന്റെ വരവായി. ദിനേശ്‌ കാര്‍ത്തിക്കിനെയും ഹര്‍ഭജനെയും സഹീര്‍ഖാനെയുമെല്ലാം പുറത്താക്കാന്‍ പുതിയ പന്ത്‌ ധാരാളമായിരുന്നു. ഫോളോ ഓണിന്‌ മടിക്കാതിരുന്ന വെട്ടോരിക്ക്‌ മൂന്നാം ദിവസത്തിന്റെ അവസാനത്തില്‍ മറ്റൊരു അലസമായ ഷോട്ടില്‍ സേവാഗ്‌ വിക്കറ്റ്‌ നല്‍കിയതോടെയാണ്‌ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ സമ്മര്‍ദ്ദത്തിലായിരിക്കുന്നത്‌.
രാവിലെ സച്ചിനിലും ദ്രാവിഡിലുമായിരുന്നു ഇന്ത്യന്‍ പ്രതീക്ഷകള്‍. ഒന്നര മണിക്കൂറോളം ഈ അനുഭവ സമ്പന്നര്‍ അപകടം ഒഴിവാക്കി പിടിച്ചുനിന്നു. സ്‌പിന്നര്‍മാര്‍ക്കെതിരെ ക്ഷമയോടെ കളിച്ച ദ്രാവിഡ്‌ പേസര്‍മാരെയും കരുതലോടെയാണ്‌ നേരിട്ടത്‌. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌ എന്നിവര്‍ക്കെതിരായ പരമ്പരയില്‍ റണ്‍സ്‌ നേടാന്‍ വിഷമിച്ച ദ്രാവിഡ്‌ പക്ഷേ സ്വതസിദ്ധമായ ഷോട്ടുകളുമായി കളം നിറഞ്ഞപ്പോള്‍ ഇന്ത്യ രക്ഷപ്പെടുമെന്നാണ്‌ കരുതിയത്‌. 110 പന്തില്‍ നിന്ന്‌ ദ്രാവിഡ്‌്‌ അര്‍ദ്ധശതകം തികച്ചതും സച്ചിന്‌ പിഴച്ചു. നല്ല ഷോട്ടുകളുമായി കളിച്ച സച്ചിന്‍ ജിതന്‍ പട്ടേലിന്റെ പന്തില്‍ അര്‍ദ്ധമനസ്സോടെ ബാറ്റ്‌ വെച്ചതാണ്‌ വിനയായത്‌.
സച്ചിന്‌ പകരം വന്ന ലക്ഷ്‌മണ്‍ കനത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഇന്നിംഗ്‌സിനെ നേരെയാക്കാനുളള ദൗത്യത്തില്‍ അദ്ദേഹം ദ്രാവിഡിന്‌ ഉറച്ച പിന്തുണ നല്‍കി. വെട്ടോരി എല്ലാ ബൗളര്‍മാരെയും മാറ്റി മാറ്റി പരീക്ഷിച്ചിട്ടും രക്ഷയില്ലാതെ വന്നു. ഒടുവില്‍ ജെസി റൈഡറുടെ ജെന്റില്‍ മിലിട്ടറി പേസില്‍ വെറുതെ ഔട്ടാവുകയായിരുന്നു ബാംഗ്ലൂര്‍കാരന്‍. വൈഡായി പോവുന്ന പന്തില്‍ അനാവശ്യമായി ബാറ്റ്‌ വെച്ചു. ദ്രാവിഡ്‌ പുറത്താവുമ്പോള്‍ സ്‌ക്കോര്‍ അഞ്ച്‌ വിക്കറ്റിന്‌ 246.
യുവരാജ്‌ സിംഗ്‌ പതിനൊന്ന്‌ പന്തുകള്‍ മാത്രമാണ്‌ പിടിച്ചുനിന്നത്‌. പക്ഷേ ക്രിസ്‌ മാര്‍ട്ടിന്‌ ടെസ്റ്റ്‌ ക്രിക്കറ്റിലെ നൂറ്റിയമ്പതാമത്‌ വിക്കറ്റ്‌ സമ്മാനിച്ച്‌ അദ്ദേഹം പൂജ്യനായി മടങ്ങി.
അവസാന സെഷനില്‍ അവശേഷിക്കുന്ന നാല്‌ ഇന്ത്യന്‍ വിക്കറ്റുകള്‍ നേടുന്നതിലും ന്യൂസിലാന്‍ഡ്‌ വിജയിച്ചു. പുതിയ പന്തുമായി ദിനേശ്‌ കാര്‍ത്തിക്കിനെ വിറപ്പിക്കുന്നതില്‍ ക്രിസ്‌ മാര്‍ട്ടിന്‍ വിജയിച്ചു. ധോണിക്ക്‌ പകരം അവസരം ലഭിച്ച തമിഴ്‌നാട്ടുകാരന്‍ പന്ത്‌ സ്ലിപ്പ്‌ ഫീല്‍ഡറുടെ കരങ്ങളിലേക്ക്‌ നല്‍കി. ഒബ്രിയാന്റെ പന്തില്‍ രണ്ട്‌ ബൗണ്ടറികളുമായി തന്റെ ഭാഗം സംരക്ഷിച്ച ലക്ഷ്‌മണ്‍ മാര്‍ട്ടിന്റെ പന്തില്‍ വീണതോടെ ചിത്രംവ്യക്തമാവാന്‍ തുടങ്ങി. പതിനൊന്ന്‌ പന്തില്‍ ഒരു സിക്‌സറുമായി 18 റണ്‍സ്‌ നേടിയ ഹര്‍ഭജനെയും സഹീറിനെയും പുറത്താക്കിയ ഒബ്രിയാന്‍ ഇന്ത്യന്‍ ഒന്നാം ഇന്നിംഗസിന്‌ അന്ത്യമിട്ടു. 314 റണ്‍സിന്റെ വലിയ ലീഡാണ്‌ കിവിസിന്‌ ലഭിച്ചത്‌. ഫോളോ ഓണിന്‌ ഇന്ത്യയെ അയക്കാന്‍ വെട്ടോരി മടിച്ചതേയില്ല.

തേര്‍ഡ്‌ ഐ
ഹാമില്‍ട്ടണില്‍ പത്ത്‌ വിക്കറ്റിന്റെ മഹാവിജയം ആഘോഷിച്ച ഒരു ടീം അടുത്ത മല്‍സരത്തില്‍ തകര്‍ന്നടിയുന്നത്‌ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച്‌ പുതിയ സംഭവമല്ല. ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോറിന്റെ പകുതി നേടാന്‍ പോലും ഇന്ത്യക്കായില്ല. 314 റണ്‍സിന്റെ വലിയ ലീഡാണ്‌ ന്യൂസിലാന്‍ഡ്‌ നേടിയത്‌-ഇത്‌ വരെ ഇന്ത്യക്കെതിരെ ഒരു ടെസ്‌റ്റിലും ഇത്ര വലിയ ലീഡ്‌ സ്വന്തമാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. 1990 ലെ പരമ്പരയില്‍ ക്രൈസ്‌റ്റ്‌ചര്‍ച്ചില്‍ നടന്ന ടെസ്റ്റില്‍ 295 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ അവര്‍ നേടിയിരുന്നു-ഇതായിരുന്നു ഇത്‌ വരെയുളള വലിയ ലീഡ്‌. ആ ചരിത്രമാണ്‌ നേപ്പിയറില്‍ മാറിയിരിക്കുന്നത. ടെസ്‌റ്റ്‌്‌ ലോക റാങ്കിംഗില്‍ മൂന്നാമത്‌ നില്‍ക്കുന്ന ഒരു ടീമിനെ ശരിക്കും കളി പഠിപ്പിക്കുകയായിരുന്നു റാങ്കിംഗില്‍ ഏഴാമതുളള ടീം. ഒരു തരത്തിലുമുളള ആലസ്യം മൂന്നാം ദിവസവും കിവിക്കാര്‍ പ്രകടിപ്പിച്ചില്ല.വ്യക്തമായ ഗെയിം പ്ലാനില്‍ ഉറച്ചുനിന്നാണ്‌ അവര്‍ പൊരുതിയത്‌. കിവി പോരാട്ടവീര്യത്തിന്റെ വ്യക്തമായ തെളിവായിരുന്നു ക്രിസ്‌ മാര്‍ട്ടിന്‍. മൂന്നാം ദിവസം ചായ സെഷന്‌ തൊട്ട്‌ മുമ്പ്‌ യുവരാജ്‌സിംഗിനെ പുറത്താക്കിയ ക്രിസ്‌ മാര്‍ട്ടിന്‍ ഇടവേള സമയത്ത്‌ പവിലിയനിലേ ശിതളിമയിലേക്ക്‌ പോവാതെ മക്‌ലീന്‍ പാര്‍ക്കില്‍ കോച്ചിനൊപ്പം ബൗളിംഗ്‌്‌ പരിശീലനത്തിലായിരുന്നു. ഭക്ഷണം കഴിച്ച്‌ വിശ്രമിക്കാന്‍ നില്‍ക്കാതെ ഉറച്ച ബാറ്റിംഗ്‌ ട്രാക്കിലും ബാറ്റ്‌സ്‌മാന്മാരെ വീഴ്‌ത്താനുളള തന്ത്രങ്ങളെ പഠിക്കുകയായിരുന്നു അവര്‍.ന്യൂസിലാന്‍ഡ്‌ 619 റണ്‍സ്‌ നേടിയപ്പോള്‍ തന്നെ പിച്ച്‌ ബാറ്റിംഗിനെ തുണക്കുമെന്നുറപ്പായിരുന്നു. നല്ല പാര്‍ട്ട്‌ണര്‍ഷിപ്പുകളായിരുന്നു ഇന്ത്യക്ക്‌ പ്രധാനം. കിവി സ്‌ക്കോറിന്റെ അടിത്തറ കൂട്ടുകെട്ടുകളാണെന്ന്‌ മനസ്സിലാക്കി പിടിച്ചുനില്‍ക്കാന്‍ ദ്രാവിഡും സച്ചിനും ലക്ഷമ്‌ണുമെല്ലാം ശ്രമിച്ചുവെന്നത്‌ സത്യം. പക്ഷേ കിവി സ്‌ക്കോര്‍ സമ്മാനിച്ച സമ്മര്‍ദ്ദത്തില്‍ അവര്‍ക്ക്‌ സ്വതന്ത്രമായി ബാറ്റ്‌ ചെയ്യാന്‍ കഴിഞ്ഞില്ല.
മനസാ ഒരു സമനിലയാണ്‌ ഇന്ത്യ ആഗ്രഹിച്ചത്‌. ന്യൂസിലാന്‍ഡാവട്ടെ വിജയത്തിന്‌ ദാഹിച്ചാണ്‌ കളിക്കുന്നത്‌. അവിടെയാണ്‌ മാറ്റം കണ്ടത്‌. ഫീല്‍ഡിംഗ്‌ ക്രമീകരണത്തില്‍ വെട്ടോരി കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയില്ല. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ കരുത്ത്‌ അറിയുന്നതിനാല്‍ നിര്‍ണ്ണായക സ്ഥാനങ്ങളില്ലെല്ലാം ആളുകളുണ്ടായിരുന്നു. അവരെല്ലാം എല്ലാ ഘട്ടത്തിലും ജാഗ്രതയും പുലര്‍ത്തി. ജിതന്‍ പട്ടേലിന്റെ ഓരോവറില്‍ സച്ചിന്‍ 14 റണ്‍സ്‌ നേടിയിട്ടും ആ ബൗളറെ വെട്ടോരി പിന്‍വലിച്ചില്ല. അടുത്ത ഓവറില്‍ മനോഹരമായ ഒരു പന്തില്‍ സച്ചിനെ പുറത്താക്കാന്‍ പട്ടേലിനായി.
രണ്ടര മണിക്കൂറോളം ദ്രാവിഡും ലക്ഷ്‌മണും പൊരുതിയപ്പോഴും കിവി ബൗളര്‍മാര്‍ നിരാശരായിരുന്നില്ല. അച്ചടക്കം നിലനിര്‍ത്തിയ അവര്‍ ലഞ്ചിനും ചായക്കുമിടയിലുളള 25 ഓവറില്‍ 55 റണ്‍സ്‌ മാത്രമാണ്‌ നല്‍കിയത്‌. ഇന്ന്‌ കനത്ത സമ്മര്‍ത്തിലായിരിക്കും ഇന്ത്യ. ചിലപ്പോള്‍ കളി ഇന്ന്‌്‌ തന്നെ അവസാനിക്കാനും മതി. ഒമ്പത്‌ വിക്കറ്റ്‌ ഇന്ത്യയുടെ കൈവശമുണ്ട്‌. ഈ ഒമ്പതില്‍ മൂന്ന്‌ പേര്‍ മാത്രമാണ്‌ വിശ്വസ്‌തര്‍ എന്ന സത്യത്തിലൂന്നിയാല്‍ ഒരു കിവി ജയം-അതും ഇന്നിംഗ്‌സിന്‌ സാധ്യമായാല്‍ അല്‍ഭുതപ്പെടാനില്ല.

സ്‌ക്കോര്‍ബോര്‍ഡ്‌
ന്യൂസിലാന്‍ഡ്‌- ഒന്നാം ഇന്നിംഗ്‌സ്‌-619 ഡിക്ലയേര്‍ഡ്‌. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സി-വെട്ടോരി-ബി-പട്ടേല്‍-16, സേവാഗ്‌-സി-മക്കുലം-ബി-വെട്ടോരി-34, ദ്രാവിഡ്‌-സി-മക്കുലം-ബി-റൈഡര്‍-83, ഇഷാന്ത്‌-എല്‍.ബി.ഡബ്ല്യൂ-ബി-വെട്ടോരി-0, സച്ചിന്‍-സി-ടെയ്‌ലര്‍-ബി-പട്ടേല്‍-49, ലക്ഷ്‌മണ്‍-സി-മകിന്റോഷ്‌-ബി-മാര്‍ട്ടിന്‍-76, യുവരാജ്‌-സി-മകിന്റോഷ്‌-ബി-മാര്‍ട്ടിന്‍-0, കാര്‍ത്തിക്‌-സി-റൈഡര്‍-ബി-മാര്‍ട്ടിന്‍-6, ഹര്‍ഭജന്‍-സി-മാര്‍ട്ടിന്‍-ബി-ഒബ്രിയാന്‍-18, സഹീര്‍-സി-റൈഡര്‍-ബി-ഒബ്രിയാന്‍-8, മുനാഫ്‌-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-15, ആകെ 93.5 ഓവറില്‍ 305.
വിക്കറ്റ്‌ പതനം: 1-48 (സേവാഗ്‌), 2-73 (ഗാംഭീര്‍), 3-78 (ഇഷാന്ത്‌), 4-165 (സച്ചിന്‍), 5-246 (ദ്രാവിഡ്‌), 6-253 (യുവരാജ്‌), 7-270 (കാര്‍ത്തിക്‌), 8-291 (ലക്ഷ്‌മണ്‍), 9-305 (ഹര്‍ഭജന്‍), 10-305 (സഹീര്‍). ബൗളിംഗ്‌: മാര്‍ട്ടിന്‍ 24-5-89-3, ഫ്രാങ്ക്‌ളിന്‍ 15-4-34-0, വെട്ടോരി 19-5-45-2, ഒബ്രിയാന്‍ 13.5-4-66-2, ജിതന്‍ 19-2-60-3, റൈഡര്‍ 3-1-3-1.
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-നോട്ടൗട്ട്‌-14, സേവാഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-ജിതന്‍-22, ദ്രാവിഡ്‌-നോട്ടൗട്ട്‌-11, എക്‌സ്‌ട്രാസ്‌-0, ആകെ 17 ഓവറില്‍ ഒരു വിക്കറ്റിന്‌ 47. വിക്കറ്റ്‌ പതനം: 1-30 (സേവാഗ്‌), ബൗളിംഗ്‌: ക്രിസ്‌മാര്‍ട്ടിന്‍ 3-1-6-0, ഒബ്രിയാന്‍ 5-1-10-0, ഫ്രാങ്ക്‌ളിന്‍ 3-0-11-0, ജിതന്‍ 3-1-14-1, റൈഡര്‍ 1-0-5-0, വെട്ടോരി 2-1-1-0

ജപ്പാന്‍, കൊറിയ മുന്നോട്ട്‌
സെയ്‌താമ: ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ ഏഷ്യന്‍ ഘട്ടത്തില്‍ കരുത്തരായ ജപ്പാന്‍, ഉത്തര കൊറിയ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവര്‍ക്ക്‌ വിജയം. ഗ്രൂപ്പ്‌ എ പോരാട്ടത്തില്‍ ജപ്പാന്‍ ഏക ഗോളിന്‌ ബഹറൈനെയും ഉസ്‌ബെക്കുകാര്‍ നാല്‌ ഗോളിന്‌ ഖത്തറിനെയും തോല്‍പ്പിച്ചപ്പോള്‍ ഉത്തര കൊറിയ രണ്ട്‌ ഗോളിന്‌ യു.എ.ഇയെ പരാജയപ്പെടുത്തി. ഏഷ്യാകപ്പ്‌ സോക്കറില്‍ ബഹറൈനോടേറ്റ പരാജയത്തിന്‌ മധുരമായി പകരം വീട്ടിയ ജപ്പാന്‌ വേണ്ടി കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൂപ്പര്‍താരം ഷന്‍സുകെ നകമുറയാണ്‌ നിര്‍ണ്ണായക ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഗോള്‍രഹിതമായ ആദ്യ പകുതിക്ക്‌ ശേഷം നാല്‍പ്പത്തിയേഴാം മിനുട്ടില്‍ മുന്‍നിരക്കാരന്‍ കൈജീ തമാട്ടയെ ഫൗള്‍ ചെയ്‌തതിന്‌ പെനാല്‍ട്ടി ബോക്‌സിനരികില്‍ നിന്നും ലഭിച്ച ഫ്രീകിക്കാണ്‌ നകമുറ ഗോളാക്കി മാറ്റിയത്‌. സ്‌ക്കോട്ടിഷ്‌ ലീഗില്‍ സെല്‍റ്റിക്കിനായി കളിക്കുന്ന നകമുറയുടെ ഷോട്ട്‌ ബഹറൈന്‍ ഡിഫന്‍ഡര്‍ അബ്ദുല്ല മര്‍സൂഖിന്റെ കാലുകളില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. തുടക്കം മുതല്‍ മൂന്ന്‌ മുന്‍നിരക്കാരുമായി ജപ്പാന്‍ ആക്രമിച്ചു കയറുകയായിരുന്നു. ആദ്യപകുതിയില്‍ അവര്‍ക്ക്‌ ലഭിച്ച സുവര്‍ണ്ണാവസരം ഇരുപത്തിയഞ്ചാം മിനുട്ടില്‍ പാഴായി. എന്‍ഡോ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നുമുയര്‍ന്ന പന്ത്‌ ക്യാപ്‌റ്റന്‍ യൂജി നകസാവ ഹെഡ്‌ ചെയ്‌തെങ്കിലും ഡിഫന്‍ഡര്‍ മുഹമ്മദ്‌ ഹുബൈല്‍ ഗോള്‍ലൈന്‍ സേവിലൂടെ ബഹറൈനെ രക്ഷപ്പെടുത്തി.
ജയത്തോടെ ഗ്രൂപ്പ്‌ എ യില്‍ ജപ്പാന്‍ ഒന്നാമതായി. അഞ്ച്‌ മല്‍സരങ്ങളില്‍ നിന്ന്‌ 11 പോയന്റാണ്‌ അവര്‍ സമ്പാദിച്ചിരിക്കുന്നത്‌.പത്ത്‌ പോയന്റുമായി ഓസ്‌ട്രേലിയ രണ്ടാമതാണ്‌. ബഹറൈന്‌ നാല്‌ പോയന്റ്‌്‌ മാത്രമാണുള്ളത്‌. ഗ്രൂപ്പില്‍ നിന്ന്‌ ആദ്യ രണ്ട്‌ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ്‌ ഫൈനല്‍ റൗണ്ട്‌. മൂന്നാം സ്ഥാനക്കാര്‍ക്ക്‌ പ്ലേ ഓഫ്‌ അവസരമുണ്ട്‌. അടുത്ത മല്‍സരത്തില്‍ ജൂണ്‍ ആറിന്‌ ജപ്പാന്‍ ഉസ്‌ബെക്കിനെയും ഏപ്രില്‍ ഒന്നിന്‌ സ്വന്തം മൈതാനത്ത്‌ ഖത്തര്‍ ബഹറൈനെയും നേരിടും. യു.എ.ഇ യെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തി ഉത്തര കൊറിയ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റിന്‌ അരികിലാണ്‌. ഗോള്‍ പിറക്കാതിരുന്ന ഒന്നാം പകുതിക്ക്‌ ശേഷം അമ്പത്തിയൊന്നാം മിനുട്ടില്‍ പാക്‌ നാം ചോലാണ്‌ കൊറിയക്കായി ആദ്യ ഗോള്‍ നേടിയത്‌. അവസാന മിനുട്ടില്‍ മുന്‍ ഇന്‍ ഗുക്‌ രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്‌തു. ബി ഗ്രൂപ്പില്‍ ഈ ജയത്തോടെ കൊറിയക്ക്‌ പത്ത്‌ പോയന്റായി. ദക്ഷിണ കൊറിയയാണ്‌ ഗ്രൂപ്പില്‍ ഒന്നാമത്‌.
താഷ്‌ക്കന്റില്‍ നടന്ന ഗ്രൂപ്പ്‌ എ അങ്കത്തില്‍ ഇത്‌ വരെ ജയം ലഭിക്കാതിരുന്ന ഉസ്‌ബെക്കിസ്ഥാന്‍ നാല്‌ ഗോളിന്‌ ഖത്തറിനെ മുക്കി. ഇടവേളയില്‍ രണ്ട്‌ ഗോളിന്‌ മുന്നിലായിരുന്നു ഉസ്‌ബെക്കുകാര്‍. ഈ തോല്‍വി ഖത്തറിന്‌ കനത്ത ആഘാതമാണ്‌. ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ എന്ന അവരുടെ സ്വപ്‌നത്തിന്‌ നേരെയാണ്‌ ഉസ്‌ബെക്കുകാര്‍ വാതിലടച്ചത്‌.

കക്കയില്ല
ക്വിറ്റോ: ലോകകപ്പ്‌ ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ ഇന്ന്‌ ഇക്വഡോറുമായി കളിക്കുന്ന ബ്രസീലിന്‌ കനത്ത ആഘാതമായി മധ്യനിരക്കാരനും പ്ലേ മേക്കറുമായ കക്ക പുറത്ത്‌. പരുക്ക്‌ കാരണം കക്ക ഇന്ന്‌ കളിക്കില്ല. പക്ഷേ ബുധനാഴ്‌ച്ച പെറുവിനെതിരെ നടക്കുന്ന മല്‍സരത്തില്‍ അദ്ദേഹം പങ്കെടുക്കും. ബ്രസീലിന്‌ ബാലികേറാമലയായ നഗരമാണ്‌ ക്വിറ്റോ. സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരത്തിലുളള ഈ നഗരത്തില്‍ കഴിഞ്ഞ രണ്ട്‌ തവണയും ബ്രസീല്‍ തോല്‍ക്കുകയായിരുന്നു. രണ്ട്‌ മല്‍സരത്തിലും ടീം ഓരോ ഗോള്‍ വാങ്ങി. പരാഗ്വേ മുന്നില്‍ നില്‍ക്കുന്ന ഗ്രൂപ്പില്‍ ഇപ്പോള്‍ പത്ത്‌ മല്‍സരങ്ങളില്‍ നിന്നായി ലഭിച്ച പതിനേഴ്‌ പോയന്റുമായി ബ്രസീല്‍ രണ്ടാമതാണ്‌. 23 പോയന്റാണ്‌ പരാഗ്വേക്ക്‌.
ഇടത്‌ കാലില്‍ പരുക്കുളള കക്കയെ ഇപ്പോള്‍ കളിപ്പിക്കുന്നത്‌ ഗുണം ചെയ്യില്ലെന്നാണ്‌ ടീം ഡോക്ടര്‍ ജോസ്‌ ലുയിസ്‌ റിങ്കോ പറയുന്നത്‌. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പരുക്കിന്റെ പിടിയിലാണ്‌ ഏ.സി മിലാന്‍ താരം. കോച്ച്‌ ഡുംഗെയുടെ കൂടി അഭിപ്രായം തേടിയാണ്‌ കക്കയെ മാറ്റിനിര്‍ത്തുന്നതെന്നും കോച്ച്‌ വ്യക്തമാക്കി.
സമനിലകള്‍
കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ സമനിലകളുടെ ദിനം. ഇന്നലെ വിവിധ വേദികളിലായി നടന്ന നാല്‌ മല്‍സരങ്ങളും സമനിലയില്‍ അവസാനിച്ചു. ലുധിയാനയില്‍ നടന്ന ജെ.സി.ടി-മോഹന്‍ ബഗാന്‍ മല്‍സരം 1-1 ലും കൊല്‍ക്കത്തയില്‍ നടന്ന ചിരാഗ്‌ യുനൈറ്റഡ്‌-ഡെംപോ മല്‍സരം 0-0 ത്തിലും മുംബൈയില്‍ നടന്ന എയര്‍ ഇന്ത്യ-ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ മല്‍സരം 1-1 ലും മഡ്‌ഗാവില്‍ നടന്ന സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌-മഹീന്ദ്ര യുനൈറ്റഡ്‌ മല്‍സരം 2-2 ലും അവസാനിച്ചു. 21 മല്‍സരങ്ങളില്‍ നിന്ന്‌ 43 പോയന്റ്‌ നേടിയ ചര്‍ച്ചിലാണ്‌ ഇപ്പോള്‍ ടേബിളില്‍ ലീഡ്‌ ചെയ്യുന്നത്‌. 40 പോയന്റുള്ള സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ രണ്ടാമതും 37 പോയന്റുമായി ബഗാന്‍ മൂന്നാമതും നില്‍ക്കുന്നു.
വെടി
ബ്രിഡ്‌ജ്‌ടൗണ്‍: എട്ട്‌ സിക്‌സറുകള്‍, അഞ്ച്‌ ബൗണ്ടറികള്‍-നേരിട്ട 43 പന്തില്‍ നിന്ന്‌ 80 റണ്‍സ്‌ നേടിയ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ തച്ചുടച്ചു. പരമ്പരയില്‍ ഇതോടെ വിന്‍ഡീസ്‌ 2-1 ന്റെ ലീഡ്‌ നേടി. മഴ മൂലം 44 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 117 റണ്‍സ്‌ മാത്രമാണ്‌ നേടിയത്‌. ഡ്വിന്‍ ബ്രാവോ 19 റണ്‍സ്‌ മാത്രം നല്‍കി നാല്‌ വിക്കറ്റ്‌ നേടിയപ്പോള്‍ ഫിഡല്‍ എഡ്‌വാര്‍ഡ്‌സ്‌ 28 റണ്‍സിന്‌ മുന്ന്‌ വിക്കറ്റ്‌ നേടി. ഇംഗ്ലീഷ്‌ ബാറ്റിംഗ്‌ നിരയില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. 14.4 ഓവറില്‍ രണ്ട്‌ വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ വിന്‍ഡീസ്‌ അനായാസം ലക്ഷ്യത്തിലെത്തി.
മഹാജയം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: തോല്‍വി മുഖത്ത്‌ നിന്നും തട്ടുതകര്‍പ്പന്‍ പ്രകടനവുമായി ദക്ഷിണാഫ്രിക്ക ഓസ്‌ട്രലിയക്കെതിരായ 20-20 മല്‍സരത്തില്‍ നാല്‌ വിക്കറ്റിന്റെ നാടകീയ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസീസ്‌ മൈക്‌ ഹസി പുറത്താവാതെ നേടിയ 88 റണ്‍സിന്റെ മികവില്‍ ഏഴ്‌ വിക്കറ്റിന്‌ 166 റണ്‍സ്‌ നേടിയിരുന്നു. മറുപടിയില്‍ ആദ്യ അഞ്ച്‌്‌ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായ ദക്ഷിണാഫ്രിക്ക തോല്‍വി ഉറപ്പിച്ചിരുന്നു. പക്ഷേ മാര്‍ക്‌ ബൗച്ചറും ആല്‍ബി മോര്‍ക്കലും അസാധ്യമെന്ന്‌ തോന്നിയ വിജയം സാധ്യമാക്കി. ഓസീസ്‌ എറിഞ്ഞ 16, 17 ഓവറുകളില്‍ നിന്നായി 36 റണ്‍സ്‌ വാരിക്കൂട്ടിയാണ്‌ ബൗച്ചറും മോര്‍ക്കലും ടീമിനെ വിജയിപ്പിച്ചത്‌. മോര്‍ക്കല്‍ 37 റണ്‍സ്‌ നേടിയപ്പോള്‍ ബൗച്ചര്‍ പുറത്താവാതെ 36 റണ്‍സ്‌ സ്വന്തമാക്കി. നിര്‍ണ്ണായകമായ അവസാന രണ്ട്‌ ഓവറുകളില്‍ പുതിയ ബൗളര്‍മാരായ ഷെയിന്‍ ഹാര്‍വുഡിനും ബ്രെട്ട്‌ ഗ്രീവ്‌സിനുമാണ്‌ പോണ്ടിംഗ്‌ അവസരം നല്‍കിയത്‌. പക്ഷേ ഇവര്‍ക്ക്‌ ഒന്നും ചെയ്യാനായില്ല. 14 റണ്‍സാണ്‌ ഹാര്‍വുഡ്‌ നല്‍കിയത്‌. ഗ്രീവ്‌സിനെതിരെ തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ച്‌ ബൗച്ചര്‍ വിജയമുറപ്പിക്കുകയും ചെയ്‌തു.
നല്ലത്‌
കൊളംബോ: ഒരു ടീമിന്‌ ഒന്നിലധികം നായകര്‍ എന്ന ജോണ്‍ ബുക്കാനന്റെ ആശയത്തെ കുമാര്‍ സങ്കക്കാര സ്വാഗതം ചെയ്യുന്നു. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ടീമിന്‌ ഇത്തവണ സൗരവ്‌ ഗാംഗുലി മാത്രമല്ല കൂടുതല്‍ നാകയരുണ്ടാവുമെന്ന്‌ കഴിഞ്ഞ ദിവസം ടീമിന്റെ കോച്ചായ ബുക്കാനന്‍ പറഞ്ഞത്‌ വലിയ വിവാദമായിരുന്നു. സൗരവിന്റെ ആരാധകര്‍ ബുക്കാനനെതിരെ തിരിഞ്ഞിരിക്കുന്ന സമയത്താണ്‌ ഐ.പി.എല്ലില്‍ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ താരമായ സങ്കരക്കാര തന്റെ നിലപാട്‌ വ്യക്തമാക്കുന്നത്‌. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പോടെ ലങ്കന്‍ ദേശീയ ടീമിന്റെ നായകനായി മാറുന്ന സങ്കക്കാര പറയുന്നത്‌ എല്ലാവര്‍ക്കും അവസരം നല്‍കുന്നത്‌ നല്ലതാണെന്നാണ്‌. പക്ഷേ ശരിക്കുമുളള ആശയവിനിമയം നടത്തണം. 20-20 ക്രിക്കറ്റ്‌ എന്നത്‌ ക്രിക്കറ്റിന്റെ ആവേശ രൂപമാണ്‌. ആ ആവേശത്തിനൊപ്പം സഞ്ചരിക്കാന്‍ ബുക്കാനന്റെ ആശയത്തിന്‌ കഴിയുമെന്നാണ്‌ സങ്ക പറയുന്നത്‌.

ഇന്നത്തെ മല്‍സരങ്ങള്‍
ലാറ്റിമേരിക്ക: ഇക്വഡോര്‍-ബ്രസീല്‍, പെറു-ചിലി
ആഫ്രിക്ക: മൊസാബിക്‌-നൈജീരിയ, ഘാന-ബെനിന്‍, ഐവറി കോസ്‌റ്റ്‌-മലാവി, ഈജിപ്‌ത്‌ -സാംബിയ

No comments: