Friday, March 6, 2009





മൊയ്‌തു മൗലവി പുരസ്‌ക്കരം കമാല്‍ വരദൂരിന്‌
കോഴിക്കോട്‌: സ്വതന്ത്രസമര സേനാനിയും അല്‍ അമീന്‍ പത്രാധിപരുമായിരുന്ന ഇ.മൊയ്‌തു മൗലവിയുടെ സ്‌മരണക്കായി അഖില കേരളാ കലാസാഹിത്യ സാംസ്‌കാരിക രംഗം ഏര്‍പ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അക്ഷരം അവാര്‍ഡിന്‌ ചന്ദ്രിക സ്‌പോര്‍ടസ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍ അര്‍ഹനായി. സ്‌പോര്‍ട്‌സ്‌ റിപ്പോര്‍ട്ടിംഗ്‌ വിഭാഗത്തിലാണ്‌ പുരസ്‌ക്കാരം. ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ വേളയില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം സ്വന്തമാക്കിയ അഭിനവ്‌ ബിന്ദ്രയെക്കുറിച്ചെഴുതിയ ദി റിയല്‍ ഇന്ത്യന്‍ എന്ന ലേഖനത്തിനാണ്‌ അവാര്‍ഡ്‌. പത്രപ്രവര്‍ത്തന രംഗത്തെ 25 വര്‍ഷത്തെ സേവനത്തിനുള്ള അക്ഷരരത്‌നം അവാര്‍ഡിന്‌ മംഗളം ന്യൂസ്‌ എഡിറ്റര്‍ ഹരിദാസ്‌ പാലയിലും ചലച്ചിത്ര ലേഖനത്തിന്‌ മലയാള മനോരമയിലെ സെബിന്‍ എസ്‌ കൊട്ടാരവും നര്‍മ്മ വിമര്‍ശനത്തിന്‌ കേരളാ കൗമുദിയിലെ പി.പത്മനാഭന്‍ നമ്പൂതിരിയും ഫോട്ടോഗ്രാഫിക്ക്‌ മാതൃഭൂമിയിലെ കെ.കെ സന്തോഷും കാര്‍ട്ടൂണിന്‌ മാധ്യമത്തിലെ സഗീറും റേഡിയോ വിഭാഗത്തില്‍ ആകാശവാണിയിലെ ബോബി സി മാത്യൂവും വി. പ്രീതയും സി. മാത്യൂവും ലെിവിഷന്‍ വിഭാഗത്തില്‍ അമൃതയിലെ ദീപക്‌ ധര്‍മ്മടവും ജനകീയ വാര്‍ത്തക്ക്‌ ജന്മഭൂമിയിലെ എം.കെ രമേഷ്‌ കൂമാറും പ്രാദേശിക കേബിള്‍ ചാനല്‍ വിഭാഗത്തില്‍ ഏ.സി.വിയിലെ ശ്രീമനോജും പ്രാദേശിക വികസന റിപ്പോര്‍ട്ടിംഗിന്‌ ജില്ലാ വാര്‍ത്തകളിലെ തറയില്‍ സജീവ്‌ കുമാറും അന്വേഷണാത്മക വാര്‍ത്താധിഷ്‌ഠിത പരിപാടിക്ക്‌ സ്‌പൈഡര്‍ നെറ്റിലെ രാജേഷ്‌ മാങ്കാവും, സ്‌പെഷ്യല്‍ ഫോട്ടോഗ്രാഫി അവാര്‍ഡിന്‌ ജനയുഗത്തിലെ രമേഷ്‌ കോട്ടൂളിയും അര്‍ഹരായി.
മികച്ച സ്‌പോര്‍ട്‌സ്‌ ലേഖകനുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം രണ്ട്‌്‌ തവണ നേടിയ കമാല്‍ മുഷ്‌ത്താഖ്‌ സ്‌പോര്‍ട്‌സ്‌ അവാര്‍ഡും രണ്ട്‌ വട്ടം സ്വന്തമാക്കിയിട്ടുണ്ട്‌. റോട്ടറി ക്ലബിന്റെ എക്‌സലന്‍സി അവാര്‍ഡ്‌ കഴിഞ്ഞ വര്‍ഷം നേടിയ കമാല്‍ ദോഹ ഏഷ്യന്‍ ഗെയിംസ്‌, ദൂബായ്‌ ഓപ്പണ്‍ ടെന്നിസ്‌ ഉള്‍പ്പെടെ നിരവധി രാജ്യാന്തര മല്‍സരങ്ങള്‍ റിപ്പോര്‍ട്ട്‌്‌്‌ ചെയ്‌തിട്ടുണ്ട്‌. കോഴിക്കോട്‌ രാമകൃഷ്‌ണാമിഷന്‍ സ്‌ക്കൂള്‍ അധ്യാപികയായ സാജിതയാണ്‌ ഭാര്യ. അമല്‍ കമാല്‍, അതുല്‍ കമാല്‍, അംന കമാല്‍ എന്നിവര്‍ കുട്ടികള്‍.

മഴ ചതിച്ചു
വെല്ലിംഗ്‌ടണ്‍: തുടര്‍ച്ചയായ മഴ മൂലം ഇന്ത്യ-ന്യൂസിലാന്‍ഡ്‌ ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ നാല്‌ വിക്കറ്റിന്‌ 188 റണ്‍സ്‌ എന്ന നിലയില്‍ നില്‍ക്കവെ പെയ്‌ത കനത്ത മഴയില്‍ മല്‍സരം ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ ബാറ്റ്‌ ചെയ്യുന്നതിനിടെ മൂന്ന്‌ തവണ മഴ കാരണം മല്‍സരം തടസ്സപ്പെട്ടിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ 28. 4 ഓവറില്‍ നില്‍ക്കവെ പെയ്‌ത മഴയെ തുടര്‍
ന്നാണ്‌ മല്‍സരം ഉപേക്ഷിക്കാനുളഅ തീരുമാനം അമ്പയര്‍മാര്‍ കൈകൊണ്ടത്‌. നേപ്പിയറില്‍ നടന്ന ആദ്യ മല്‍സരത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിലാണ്‌.
സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സേവാഗും തട്ടുതകര്‍പ്പന്‍ തുടക്കമാണ്‌ ഇന്ത്യ നല്‍കിയത്‌. നേപ്പിയറില്‍ നിര്‍ത്തിയിടത്ത്‌ നിന്ന്‌ തുടങ്ങിയ സേവാഗ്‌ മിന്നുന്ന ഫോമിലായിരുന്നു. 35 പന്തില്‍ നിന്ന്‌ 54 റണ്‍സ്‌ നേടിയ അദ്ദേഹം അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്താവുകയായിരുന്നു. പാഡില്‍ തട്ടി വിക്കറ്റ്‌ കീപ്പറുടെ കരങ്ങളിലെത്തിയ പന്തില്‍ അമ്പയര്‍ ഇവാന്‍ വാട്‌കിനാണ്‌ തെറ്റായ തീരുമാനമെടുത്തത്‌. സേവാഗ്‌ ക്രിസിലുളളപ്പോള്‍ സെക്കന്‍ഡ്‌ ഗിയറിലായിരുന്ന സച്ചിന്‍ കൂട്ടുകാരന്റെ പുറത്താവലിനെ തുടര്‍ന്ന്‌ ടോപ്പ്‌ ഗിയറില്‍ ബാറ്റ്‌ ചെയ്‌തു. മല്‍സരം 19 ഓവര്‍ പിന്നിടുമ്പോള്‍ സേവാഗിന്റെ നഷ്‌ടത്തില്‍ ഇന്ത്യ 130 റണ്‍സ്‌ നേടിയിരുന്നു.
തുടക്കത്തില്‍ സേവാഗിനെ ഭാഗ്യം തുണച്ചു. കൈല്‍ മില്‍സിന്റെ പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ പായിച്ച ഷോട്ട്‌്‌ ഒബ്രിയാന്റെ കരങ്ങളിലെത്തിയിരുന്നു. എന്നാല്‍ പന്തിനെ നിയന്ത്രിക്കാന്‍ ഫീല്‍ഡര്‍ക്കായില്ല. ഈ ഭാഗ്യം ഉപയോഗപ്പെടുത്തിയാണ്‌ ഡല്‍ഹിക്കാരന്‍ തകര്‍പ്പന്‍ ലോഫ്‌റ്റഡ്‌ ഷോട്ടുകള്‍ സ്വതസിദ്ധമായ ശൈലിയില്‍ പായിച്ചത്‌. പത്താമത്‌ ഓവറില്‍ പേശീവലിവിനെ തുടര്‍ന്ന്‌ സേവാഗിന്‌ വേണ്ടി റണ്ണറായി സുരേഷ്‌ റൈന ഇറങ്ങി. സേവാഗ്‌ ക്രിസിലുളളപ്പോള്‍ ബൗളിംഗ്‌ പവര്‍ പ്ലേ എടുക്കാതിരുന്ന കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി ഓപ്പണറുടെ മടക്കത്തില്‍ പവര്‍ പ്ലേ ഓവറുകളിലേക്ക്‌ വന്നെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അനായാസം ബൗളര്‍മാരെ കശക്കി. സച്ചിനും ഗാംഭീറും ഫോമില്‍ കളിക്കവെയാണ്‌ മഴ മൂലം ആദ്യം മല്‍സരം നിര്‍ത്തിയത്‌. വീണ്ടും കളി തുടര്‍ന്നപ്പോള്‍ സച്ചിനെ ഇന്ത്യക്ക്‌ നഷ്ടമായി. പിറകെ യുവരാജും ഗാംഭീറും മടങ്ങി.
മല്‍സരം 34 ഓവറുകളാക്കി വെട്ടിചുരുക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ ധോണിയും റൈനയുമായിരുന്നു ക്രീസില്‍. പക്ഷേ മഴ മല്‍സരം തുടരാന്‍ അനുവദിച്ചില്ല. പരമ്പരയിലെ മൂന്നാം മല്‍സരം ഞായറാഴ്‌ച്ച ക്രൈസ്റ്റ്‌ ചര്‍ച്ചില്‍ നടക്കും.

ഐ.പി. എല്‍ മാറ്റമില്ല
മുംബൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പ്‌ മുന്‍നിശ്ചയപ്രകാരം ഏപ്രില്‍ പത്തിന്‌ ആരംഭിച്ച്‌ മെയ്‌ 24 ന്‌ അവസാനിക്കും. എന്നാല്‍ വേദികളിലും മല്‍സര ക്രമത്തിലും ചെറിയ മാറ്റങ്ങള്‍ വരും. പൊതുതെരഞ്ഞെടുപ്പ്‌ മുന്‍നിര്‍ത്തിയാണ്‌ പുതിയ മല്‍സരക്രമത്തിന്‌ രൂപംനല്‍കുന്നത്‌. വോട്ടെടുപ്പ്‌ ദിനമായ മെയ്‌ 16ന്‌്‌ മല്‍സരങ്ങളുണ്ടാവില്ല. പുതുക്കിയ ഷെഡ്യൂള്‍ ഉടന്‍ പുറത്തിറക്കുമെന്ന്‌്‌ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി യോഗത്തിന്‌ ശേഷം ചെയര്‍മാന്‍ ലളിത്‌ മോഡി വ്യക്തമാക്കി.
ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീം ആക്രമിക്കപ്പെട്ടതും, ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതും ഐ.പി.എല്‍ മല്‍സരങ്ങളുടെ നടത്തിപ്പ്‌ സംബന്ധിച്ച്‌ സംശയങ്ങളുയര്‍ത്തിയിരുന്നു. പൊതു തെരഞ്ഞെടുപ്പ്‌ സമയമായതിനാല്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക്‌ ഉന്നത സുരക്ഷ നല്‍കാനാവില്ലെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ പ്രസ്‌താവനയുമായപ്പോള്‍ മല്‍സരങ്ങള്‍ നീട്ടിവെക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാവുമെന്നാണ്‌ കരുതിയത്‌. ഇന്ത്യയില്‍ നിന്നും മല്‍സരങ്ങള്‍ വിദേശ വേദികളിലേക്ക്‌ മാറ്റുമെന്ന പ്രചാരണവുമുണ്ടായിരുന്നു. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റ്‌ കലണ്ടറിലെ തിരക്ക്‌ നിലനില്‍ക്കുന്നതിനാല്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ മാറ്റിയാല്‍, പിന്നെ അനുയോജ്യമായ സമയം ലഭിക്കില്ലെന്ന വസ്‌തുത സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയാണ്‌ നേരത്തെ പ്രഖ്യാപിച്ച ദിവസങ്ങള്‍ക്കിടെ തന്നെ മല്‍സരങ്ങള്‍ നടത്താന്‍
ഗവേണിംഗ്‌ കമ്മിറ്റി തീരുമാനിച്ചത്‌.
ലാഹോറില്‍ ശ്രീലങ്കന്‍ ടീമിനെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മല്‍സരത്തിന്റെ സുരക്ഷ പൂര്‍ണ്ണമായും ഉറപ്പ്‌ വരുത്തും. ഇന്ത്യയില്‍ കളിക്കുന്നതിനോട്‌ താരങ്ങള്‍ക്ക്‌ എതിര്‍പ്പില്ല. ഇന്ത്യ സുരക്ഷിത വേദിയാണ്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ പോലീസിനെയും സൈന്യത്തിന്റെയും സേവനം കൂടുതല്‍ ആവശ്യമാണ്‌. പക്ഷേ ഐ.പി.എല്‍ മല്‍സരങ്ങളുമായി സഹകരിക്കാമെന്ന്‌ ആഭ്യന്തര മന്ത്രി ഉറപ്പ്‌ നല്‍കിയതായി മോഡി വ്യക്തമാക്കി. ലാഹോര്‍ സംഭവത്തെ തുടര്‍ന്ന്‌ ഉപഭൂഖണ്‌ഠത്തില്‍ കളിക്കുന്ന കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌ ഉള്‍പ്പെടെയുള്ളവര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ ഇതിന്‌ സ്ഥീരീകരണം നല്‍കാന്‍ മോഡി തയ്യാറായില്ല. എല്ലാ ടീമുകളോടും താരങ്ങളോടും സ്‌പോണ്‍സര്‍മാരോടും കാണികളോടും വ്യക്തമാക്കാനുളളത്‌ മല്‍സരങ്ങള്‍ മുന്‍ നിശ്ചയപ്രകാരം തന്നെ നടക്കുമെന്നാണ്‌. ഈ കാര്യത്തില്‍ മാറ്റമില്ല. മല്‍സരവേദികളുടെ കാര്യത്തിലും പ്രയാസങ്ങളില്ല. പതിനെട്ടോളം വേദികള്‍ ഇപ്പോള്‍ തന്നെ കൈവശമുണ്ട്‌. അതത്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌്‌ തിയ്യതികള്‍ നോക്കിയായിരിക്കും പുതിയ മല്‍സരക്രമം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പും ഐ.പി.എല്‍ മല്‍സരങ്ങളും തമ്മില്‍ കൂടികുഴയരുതെന്നാണ്‌ ആഭ്യന്തരമന്ത്രി ചിദംബരം വ്യക്തമാക്കിയതെന്ന്‌ മോഡി വിശദീകരിച്ചു. പുതിയ മല്‍സരക്രമം തീരുമാനിക്കുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളുമായി ബന്ധപ്പെടും. തെരഞ്ഞെടുപ്പ്‌ തിയ്യതികള്‍ പ്രഖ്യാപിക്കുന്നതിന്‌ മുമ്പ്‌ ഐ.പി.എല്‍ മല്‍സരക്രമം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത തരത്തിലായിരിക്കും പുതിയ മല്‍സരക്രമമെന്നും അദ്ദേഹം പറഞ്ഞു. പോളിംഗ്‌ നടക്കുന്ന വേദികളില്‍ പോളിംഗ്‌ ദിവസും തലേ ദിവസവും മല്‍സരമുണ്ടാവില്ല. മെയ്‌ 16 നാണ്‌ വോട്ടെണ്ണല്‍ നടക്കുന്നത്‌. അന്ന്‌ ഒരു വേദിയിലും മല്‍സരങ്ങളുണ്ടാവില്ല. മല്‍സര സുരക്ഷ ഇന്ത്യയില്‍ പ്രശ്‌നമല്ലെന്നും മോഡി പറഞ്ഞു. എല്ലാ വേദികളിലും ഉന്നത സുരക്ഷ നല്‍കാനാവും. ഈ കാര്യത്തില്‍ ഐ.പി.എല്‍ സുരക്ഷാ കമ്മിറ്റി ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. മല്‍സരം ഒരു സാഹചര്യത്തിലും വിദേശവേദികളിലേക്ക്‌ മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



കായിക മാന്ദ്യം
പരമ്പരയുടെ നാലാം ഭാഗം
വിവാദങ്ങള്‍ക്കാണ്‌ ഇന്ന്‌ വില... ദുബായ്‌ ഓപ്പണ്‍ ടെന്നിസില്‍ വീനസ്‌ വില്ല്യംസ്‌ ലോക ഒന്നാം നമ്പര്‍ താരമായ അനുജത്തി സറീനാ വില്ല്യംസിനെ തോല്‍പ്പിച്ചതിനേക്കാള്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചത്‌ ഇസ്രാഈലി വനിതാ താരമായ ഷഹര്‍ പീറിന്‌ യു.എ.ഇ സര്‍ക്കര്‍ വിസ നിഷേധിച്ചതിനായിരുന്നു. യൂറോപ്യന്‍ മാധ്യമങ്ങളിലുള്‍പ്പെടെ പീര്‍ നിറഞ്ഞ്‌ നിന്നു. വനിതാ താരത്തിന്‌ വിസ നിഷേധിക്കപ്പെട്ടപ്പോള്‍ ഇസ്രാഈലില്‍ നിന്നുളള പുരുഷതാരം ആന്‍ഡി റാമിന്‌ വിസ നല്‍കിയതാവട്ടെ വലിയ വാര്‍ത്തയായതുമില്ല.
ഗാസയില്‍ ഇസ്രാഈല്‍ തുടരുന്ന നരഹത്യയില്‍ അറബ്‌ ലോകത്തിനുളള പ്രതിഷേധം മുന്‍നിര്‍ത്തിയാണ്‌ ലോക റാങ്കിംഗില്‍ ആദ്യ പതിനഞ്ചില്‍ വരെയെത്തിയ പീറീന്‌ വിസ നല്‍കാതിരുന്നത്‌. ഫലസ്‌തീനികള്‍ ഉള്‍പ്പെടെ അറേബ്യന്‍ മേഖലയില്‍ നിന്നുളള ആയിരകണക്കിനാളുകള്‍ യു.എ.ഇയില്‍ നിവസിക്കുന്നുണ്ട്‌. ഇവര്‍ പരസ്യമായി പ്രതിഷേധിച്ചാല്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്ലാമര്‍ ഇല്ലാതാവുമെന്ന ഭയത്തില്‍ വിസ നിഷേധിക്കപ്പെട്ടപ്പോള്‍ ഈ നീക്കത്തിനെതിരെ വനിതാ ടെന്നിസ്‌ അസോസിയേഷന്‍ ശക്തമായി രംഗത്തിറങ്ങി. മൂന്ന്‌ കോടിയോളം രൂപയാണ്‌ ഡബ്ല്യൂ.ടി.എ ദുബായ്‌ സംഘാടകര്‍ക്ക്‌ പിഴയായി വിധിച്ചത്‌. ഈ ആഘാതത്തില്‍ നിന്നും മുക്തരാവാനാണ്‌ ആന്‍ഡി റാമിന്‌ വിസ നല്‍കിയത്‌.
കനത്ത സുരക്ഷയായിരുന്നു ചാമ്പ്യന്‍ഷിപ്പിന്‌. റാമിന്റെ കളികളില്‍ ലൈന്‍ ജഡ്‌ജ്‌മാരായി ഒരു അറബ്‌ വംശജനെയും നിയോഗിച്ചില്ല. റാമിന്റെ ദേശീയത പരസ്യമായി പ്രഖ്യാപിക്കരുതെന്ന്‌ അമ്പയറോട്‌ നിര്‍ദ്ദേശിക്കുകയും ചെയ്‌തിരുന്നു. ഇത്‌ വരെ ദുബായ്‌ ഓപ്പണ്‍ ടെന്നിസില്‍ ഒരു ഇസ്രാഈലുകാരും കളിച്ചിട്ടില്ല. ആദ്യമായി കളിക്കുന്ന ഇസ്രാഈലുകാരന്‍ എന്നതായിരുന്നു റാമിന്റെ വിശേഷണം. എന്നാല്‍ റാമിന്റെ ദേശീയത വാര്‍ത്തയാക്കരുതെന്ന്‌ സംഘാടകര്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കാന്‍ മറന്നില്ല.
ദുബായില്‍ എത്തിയത്‌ മുതല്‍ റാമിന്‌ ചുറ്റും പോലീസായിരുന്നു. അദ്ദേഹത്തിന്‌ മൊബൈല്‍ ഫോണ്‍ പോലും അനുവദിച്ചിരുന്നില്ല. റാമിന്റെ മല്‍സരം കാണാനെത്തിയവരെയും സൂക്ഷ്‌മ പരിശോധനക്ക്‌ ശേഷമാണ്‌ സ്‌റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചത്‌. ക്യാമറകളോ, വാട്ടര്‍ ബോട്ടിലുകളോ, മൊബൈല്‍ ഫോണുകളോ അനുവദിച്ചില്ല. മെറ്റല്‍ ഡിറ്റക്‌റ്റര്‍ പരിശോധനയുമുണ്ടായിരുന്നു. കനത്ത സുരക്ഷാ പരിശോധനകള്‍ കാരണം ഇസ്രാഈലുകാരന്റെ മല്‍സരം ആരംഭിക്കാന്‍ പലപ്പോഴും വൈകിയിരുന്നു.
ഇത്തരത്തിലുളള ദേശീയ പ്രശ്‌നങ്ങളൊന്നും യു.എ.ഇയില്‍ ഇല്ലെന്നതാണ്‌ സത്യം. എല്ലാ രാജ്യക്കാര്‍ക്കും എല്ലാ സ്വാതന്ത്ര്യവുമുണ്ട്‌. വെള്ളിയാഴ്‌ച്ചകളിലെ ജുമുഅ സമയത്ത്‌ എല്ലാ വിഭാഗക്കാരും കടകളടക്കാന്‍ ബാധ്യസ്ഥരാണ്‌. റാസല്‍ഖൈമയില്‍ പക്ഷേ അഞ്ച്‌സമയ ബാങ്ക്‌ വിളികളില്‍ തന്നെ എല്ലാവരും കടകള്‍ അടക്കാറുണ്ട്‌. ദുബായിലും അബുദാബിയിലും ഷാര്‍ജയിലുമൊന്നും ഈ നിയന്ത്രണമില്ല. ഷോപ്പിംഗ്‌ മാളുകളിലും കടലോരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമൊന്നും കര്‍ക്കശമായ സുരക്ഷാ പരിശോധനകളില്ല.
അബുദാബിയിലെ ഷെയിക്ക്‌ സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്‍ മസ്‌ജിദ്‌ മനോഹരമായ കാഴ്‌ച്ചയാണ്‌. താജ്‌മഹലിനെ അനുസ്‌മരിപ്പിക്കുന്ന, വാസ്‌തുശില്‍പ്പകലയിലെ ഈ അറേബ്യന്‍ അല്‍ഭുതം ആസ്വദിക്കാന്‍ ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും അവസരമുണ്ട്‌. ഗ്രാന്‍ഡ്‌ മോസ്‌ക്ക്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പള്ളി കാണാന്‍ ഞങ്ങളെത്തിയത്‌ രാത്രിയിലായിരുന്നു. ഇഷാ നമസ്‌ക്കാരത്തിന്റെ തിരക്കിലമര്‍ന്ന മസ്‌ജിദിന്റെ വാസ്‌തുശില്‍പ്പകലയിലെ ആഗോളീകരണം അല്‍ഭുതരകരമാണ്‌. ഇന്ത്യ, തുര്‍ക്കി, ഇറാന്‍, ചൈന, ഗ്രീസ്‌, ഇറ്റലി, ജര്‍മനി, മൊറോക്കോ തുടങ്ങിയ രാജ്യങ്ങുടെ വാസ്‌തുശില്‍പ്പകലാ വൈദഗദ്ധ്യം മസ്‌ജിദിന്റെ ചുവരുകളില്‍ കാണാം. വെളുത്ത മാര്‍ബിള്‍ കൊണ്ടാണ്‌ മസ്‌ജിദ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. നിലത്ത്‌ വിരിച്ചിരിക്കുന്ന പരവതാനി ഏകദേശം 7, 119 സ്‌ക്വയര്‍ മീറ്ററോളം വരുമത്രെ. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടി പരവതാനിയാണിത്‌.
മസ്‌ജിദിലേക്ക്‌ വനിതകള്‍ക്ക്‌ പ്രവേശനമുണ്ട്‌-പക്ഷേ എല്ലാവരും പര്‍ദ്ദയണിയണം. മസ്‌ജിദിന്‌ അരികിലുളള ഷെയിക്‌ സായിദിന്റെ ഖബര്‍സ്ഥാന്‍ കാണാനും തിരക്കാണ്‌.
എല്ലാ തരം ഭക്ഷണങ്ങളും ദുബായില്‍ സുലഭമാണ്‌. പക്ഷേ തിരക്ക്‌ ഇറാനിയന്‍ ക്ലബിലെ ഇറാനിയന്‍ ഭക്ഷണത്തിനാണ്‌. നമ്മുടെ നാട്ടിലേത്‌ പോലെ മിനുട്ടുകള്‍ കൊണ്ട്‌ ഇവിടെ ഭക്ഷണം കഴിക്കാന്‍ കഴിയില്ല. മോറീസണ്‍ ഗ്രൂപ്പിന്റെ തലവന്‍ രാജു മേനോന്റെ അതിഥികളായി ഞങ്ങള്‍ ഇറാനിയന്‍ ക്ലബില്‍ ഉച്ചഭക്ഷണത്തിന്‌ പോയപ്പോള്‍ അവിടെയും മലയാളസാന്നിദ്ധ്യം. ഞങ്ങള്‍ക്ക്‌ ഭക്ഷണം വിളമ്പിയത്‌ കൊല്ലത്തുകാരനായ കുമാറായിരുന്നു. രണ്ട്‌ മണിക്കൂര്‍ വേണ്ടി വന്നു ഇറാനിന്‍ മെന്യൂവില്‍ നിന്ന്‌ മോചനം നേടാന്‍.(തുടരും).

താല്‍കാലികം
മിലാന്‍: ഈ വര്‍ഷം ജൂലൈ 15 വരെ ഡേവിഡ്‌ ബെക്കാമിന്‌ ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാനില്‍ തുടരാം. ജൂലൈയില്‍ ലോസാഞ്ചലസ്‌ ഗ്യാലക്‌സിയിലേക്ക്‌ മടങ്ങുന്ന അദ്ദേഹത്തിന്‌ വേണമെങ്കില്‍ നവംബറില്‍ തിരിച്ചുവരാം. ഏ.സി മിലാന്‍ അധികൃതരും ലോസാഞ്ചലസ്‌ ഗ്യാലക്‌സി അധികൃതരും തമ്മില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്‌ ഈ ധാരണ. 2007 ജനുവരിയില്‍ ഗ്യാലക്‌സിയില്‍ അംഗമായ ബെക്കാം ഈ വര്‍ഷം ജനുവരിയിലാണ്‌ ലോണ്‍ അടിസ്ഥാനത്തില്‍ മിലാനില്‍ കളിക്കാനെത്തിയത്‌. മുന്‍ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ ഇറ്റാലിയന്‍ ലീഗില്‍ തിളങ്ങിയതോടെ അദ്ദേഹത്തെ നിലനിര്‍ത്താന്‍ ഏ.സി മിലാന്‍ രംഗത്തിറങ്ങി. ബെക്കാമിനും ഇവിടെ തുടരനായിരുന്നു താല്‍പ്പര്യം. ജനുവരി മുതല്‍ മാര്‍ച്ച്‌ 8 വരെയായിരുന്നു ലോണ്‍ കാലാവധി. ലോണ്‍ കാലാവധിക്ക്‌ മുമ്പായി ബെക്കാം തിരിച്ചുവരണമെന്ന വാശിയില്‍ ഗ്യാലക്‌സി ഉറച്ചുനിന്നപ്പോള്‍ പരസ്‌പര ചര്‍ച്ചകള്‍ നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ താല്‍കാലിക ധാരണ.

ഓസീസ്‌ ഭദ്രം
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഓസട്രേലിയക്ക്‌ തകര്‍പ്പന്‍ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോര്‍. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത സന്ദര്‍ശകര്‍ നാല്‌ വിക്കറ്റിന്‌ 303 റണ്‍സ്‌ സ്വന്തമാക്കി. പുതിയ ഓപ്പണര്‍ ഫിലിപ്പ്‌്‌ ഹ്യൂഗ്‌സ്‌ 115 റണ്‍സ്‌ നേടിയപ്പോള്‍, സൈമണ്‍ കാറ്റിച്ചും (108) അരങ്ങ്‌ തകര്‍ത്തു. ഓപ്പണിംഗ്‌ വിക്കറ്റില്‍ പിറന്നത്‌ 184 റണ്‍സാണ്‌. മൈക്‌ ഹസി (37), എം.ജെ നോര്‍ത്ത്‌ (17) എന്നിവരാണ്‌ ക്രീസില്‍. പോണ്ടിംഗ്‌ (9), മൈക്കല്‍ ക്ലാര്‍ക്ക്‌ (3) എന്നിവര്‍ വേഗം പുറത്തായി. പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0 ത്തിന്‌ മുന്നിട്ടുനില്‍ക്കുകയാണ്‌.
ഇംഗ്ലണ്ട്‌ പൊരുതുന്നു
ട്രിനിഡാഡ്‌: പരമ്പരയില്‍ ഒപ്പമെത്താന്‍ വിജയം നിര്‍ബന്ധമായ ഇംഗ്ലണ്ട്‌ വിന്‍ഡിസിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ നഷ്ടത്തില്‍ പൊരുതുന്നു. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്യുന്ന സന്ദര്‍ശകര്‍ക്ക്‌ സ്‌ക്കോര്‍ബോര്‍ഡില്‍ 26 റണ്‍സ്‌ മാത്രമുളളപ്പോഴാണ്‌ കുക്കിനെ നഷ്ടമായത്‌. നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസും ഒവൈസ്‌ ഷായുമാണ്‌ ക്രീസില്‍.

2 comments:

0000 സം പൂജ്യന്‍ 0000 said...

Congratulations Mr.Kamaal !
good going!
i am following your blog . best sports blog in Malayalam

KAMALVARADOOR said...

tks mr sampujyan