ക്ലാസ് അങ്കങ്ങള്‍
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന്് റയല്‍ മാഡ്രിഡിനും യുവന്തസിനും ജീവന്മരണ പോരാട്ടങ്ങള്‍. പ്രി ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ തോല്‍വി പിണഞ്ഞ റയല്‍ മാഡ്രിഡ് ഇന്ന് റിട്ടേണ്‍ മല്‍സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂളിനെ അവരുടെ തട്ടകത്താണ് എതിരിടുന്നത്. ആദ്യ പാദ മല്‍സരത്തില്‍ ഒരു ഗോളിന് സ്വന്തം മൈതാനത്ത് തോല്‍വി പിണഞ്ഞ റയലിന് ഇന്നത്തെ മല്‍സരത്തില്‍ രണ്ട് ഗോളിനെങ്കിലും ജയിക്കാനായാല്‍ മാത്രമാണ് ക്വാര്‍ട്ടര്‍ ടിക്കറ്റ് നേടാനാവുക. കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് ലീഗ് പോരാട്ടത്തില്‍ അത്ലറ്റികോ മാഡ്രിഡിന്് മുന്നില്‍ വെള്ളം കുടിച്ച റയലിന് കാര്യങ്ങള്‍ എളുപ്പമല്ല.
ചെല്‍സിക്കെതിരെ ഒരു ഗോളിന് ആദ്യ പാദത്തില്‍ പരാജയപ്പെട്ട യുവന്തസിന് ഇന്ന് സ്വന്തം മൈതാനത്ത് കളിക്കുന്നതിന്റെ ആനുകൂല്യമുണ്ട്. ഇറ്റാലിയന്‍ സീരിയ എയില്‍ ഇന്നലെ മികച്ച വിജയം യുവന്തസ് ആഘോഷിക്കുകയും ചെയ്തിരുന്നു.
ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ബയേണ്‍ മ്യൂണിച്ച് സ്പോര്‍ട്ടിംഗിനെയും പനാത്തിനായിക്കോസ് വില്ലാ റയലിനെയും നേരിടും. ആദ്യ പാദ മല്‍സരത്തില്‍ അഞ്ച് ഗോളിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ബയേണിനെ മറിച്ചിടാന്‍ സ്പോര്‍ട്ടിംഗിന് കഴിയുന്ന കാര്യം സംശയത്തിലാണ്. പനാത്തിനായിക്കോസ്- വില്ലാ റയല്‍ മല്‍സരം ആദ്യപാദത്തില്‍ 1-1 ലായിരുന്നു.
നാളെ നടക്കുന്ന രണ്ടാം പാദ പ്രി ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ബാര്‍സിലോണ ഫ്രഞ്ച് ചാമ്പ്യന്മാരായ ലിയോണിനെയും പോര്‍ച്ചുഗലിലെ എഫ്.സി പോര്‍ട്ടോ അത്ലറ്റികോ മാഡ്രിഡിനെയും ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെയും ഇറ്റലിയിലെ ഏ.എസ് റോമ ആഴ്സനലിനെയും നേരിടും. ബാര്‍സ-ലിയോണ്‍ ആദ്യപാദം 1-1 ലാണ് അവസാനിച്ചത്. പോര്‍ട്ടോ-അത്ലറ്റികോ മാഡ്രിഡ് മല്‍സരം 2-2 ലും മാഞ്ചസ്റ്റര്‍-ഇന്റര്‍ മല്‍സരം 0-0 ത്തിലുമാണ് കലാശിച്ചത്. റോമക്കെതിരെ ആദ്യപാദ പോരാട്ടത്തില്‍ ആഴ്സനല്‍ ഒരു ഗോളിന് ജയിച്ചിരുന്നു.
ബട്ട്ലര്‍,സൗത്തി പുറത്ത്
ഹാമില്ട്ടണ്: നാളെ ഇവിടെ ഇന്ത്യക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാം മല്
സരത്തിനുളള ന്യൂസിലാന്‍ഡ് ടീമില്‍ നിന്നും ഫാസ്റ്റ് ബൗളര്‍മാരായ ഇയാന്‍ ബട്ട്ലര്‍, ടീം സൗത്തി എന്നിവരെ ഒഴിവാക്കി. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മൂന്നം ഏകദിനത്തിനിടെ പേശീവലിവ് അനുഭവപ്പെട്ട ബട്ട്ലര്‍ക്ക് ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ബട്ലര്ക്ക് പകരം 20-20 ടീമില്‍ അംഗമായിരുന്ന ഇവാന് തോംപ്സണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരാല് ആക്രമിക്കപ്പെട്ട മറ്റൊരു സീമര്‍ ടീം സൗത്തിയെ നാലാം മല്‍സരത്തില്‍ നിന്ന് തഴഞ്ഞിട്ടുണ്ട്. പത്ത് ഓവറില്‍ 105 റണ്‍സാണ് സൗത്തി വഴങ്ങിയത്. ഒരു വിക്കറ്റും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. തന്റെ മൂന്നാം കുഞ്ഞിന്റെ ജനന സമയത്ത് ആശുപത്രിയില്‍ വേണമെന്ന നിര്‍ബന്ധത്തില്‍ മൂന്നാം മല്‍സരം കളിക്കാതിരുന്ന ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോരി ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. അദ്ദേഹം തന്നെയായിരിക്കും ടീമിനെ നയിക്കുക. ബ്രെന്‍ഡന്‍ മക്കുലം ബാറ്റ്സ്്മാന് എന്ന നിലയില്‍ ടീമില്‍ തുടരും. വിക്കറ്റ് കീപ്പിംഗ് ഗ്ലൗസുകള്‍ പീറ്റര്‍ മക്ലാഷിന് തന്നെയായിരിക്കും. പരമ്പരയില്‍ 0-2 ന് പിറകില്‍ നില്ക്കുന്ന ന്യൂസിലാന്‍ഡിന് അടുത്ത രണ്ട്് മല്‍സരങ്ങളില്‍ വിജയിച്ചാല്‍ മാത്രമാണ് മാനം കാക്കാനാവുക. നേപ്പിയറില്‍ നടന്ന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ വെല്ലിംഗ്ടണിലെ രണ്ടാം മല്‍സരം മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. മഴയുടെ ഇടപെടല്‍ ഇല്ലാതെ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മല്‍സരമാവട്ടെ ബാറ്റ്സ്മാന്മാരുടെ റണ്‍ ആഘോഷത്തില്‍ ഇന്ത്യക്ക് അനുകൂലമായാണ് കലാശിച്ചത്.
കിവി ടീം ഇതാണ്: ഡാനിയല്‍ വെട്ടോരി (ക്യാപ്റ്റന്‍), ഗ്രാന്‍ഡ് എലിയട്ട്, മാര്ട്ടിന് ഗുട്പില്‍, ബ്രെന്‍ഡന്‍ മക്കുലം, പീറ്റര്‍ മക്ലാഷിന്, കൈല്‍ മില്‍സ്, ലയാന് ഒബ്രിയാന്, ജേക്കബ് ഓരം, ജീതന്‍ പട്ടേല്‍, ജെസി റെയ്ഡര്‍, റോസ് ടെയ്ലര്, ഇവാന് തോംസണ്‍.
ക്രൈസ്റ്റ്ചര്‍ച്ച് മല്‍സരത്തിനിടെ പേശീവലിവ് അനുഭവപ്പെട്ട് ബാറ്റിംഗിനിടെ മടങ്ങിയ ഇന്ത്യന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ നാളെ കളിക്കും. അദ്ദേഹം പരുക്കില്‍ നിന്ന് പൂര്ണ്ണമുക്തനായിട്ടുണ്ട്. ഓരോവറില്‍ രണ്ട് ബീമറുകള്‍ പായിച്ചതിന് ശിക്ഷിക്കപ്പെട്ട മുനാഫ് പട്ടേലിന് പകരം ഇര്ഫാന് പത്താനായിരിക്കും അവസരം. മല്‍സരം ഇന്ത്യന്‍ സമയം രാവിലെ ആറിന് ആരംഭിക്കും. ദൂരദര്‍ശനിലും സോണി സെറ്റ് മാക്സിലും തല്‍സമയം.
ബാലികേറാമല
ഡര്ബന്:വിജയം വരിക്കാന്‍ ആവശ്യമായ 547 റണ്‍സ് ദക്ഷിണാഫ്രിക്കന്‍ അജണ്ടയിലില്ല.. മാനം കാക്കുക മാത്രമാണ് ലക്ഷ്യം. ഇനി ഒരു ദിവസം കൂടി ബാക്കിനില്‍ക്കെ എങ്ങനെയെങ്കിലും പൊരുതി നിന്ന് മല്‍സരം സമനിലയിലാക്കാനുളള ആതിഥേയത തന്ത്രങ്ങള്‍ മനസ്സിലാക്കി പന്തെറിയുന്ന ഓസ്ട്രേലിയക്കാര്‍ പരമ്പര നഷ്ടമാവില്ല എന്നുറപ്പ് വരുത്താനുളള ശ്രമത്തിലാണ്.
കിംഗ്സ് മീഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം നല്കുന്ന സൂചനകള്‍ ആതിഥേയര്‍ക്ക് അനുകൂലമല്ല. അഞ്ച് വിക്കറ്റിന് 331 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത പോണ്ടിംഗ് നാലാം ദിവസത്തിന്റെ രണ്ടാം സെഷനില്‍ രണ്ട് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ സ്വന്തമാക്കി കഴിഞ്ഞു. കൈവിരല്‍ മുറിഞ്ഞ നിലയില്‍ ആശുപത്രിയിലുളള നായകന് ഗ്രയീം സ്മിത്തിന് പരമ്പരയില്‍ ഇനി കളിക്കന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കെ ബാലികേറാമലക്ക് മുന്നിലാണ് ദക്ഷിണാഫ്രിക്ക.
ഫിലിപ്പ് ഹ്യൂഗ്സ് എന്ന കന്നിക്കാരന് ഓപ്പണറുടെ വീര്യത്തില്‍ ഇന്നലെ രാവിലെ ആധികാരികമായാണ് ഓസ്ട്രേലിയ തുടങ്ങിയത്. ജോഹന്നാസബര്ഗ്ഗില് നടന്ന ഒന്നാം ടെസ്റ്റില്‍ മൂന്ന് കന്നിക്കാരെ കളിപ്പിച്ച് ആധികാരിക വിജയം നേടിയ ഓസ്ട്രേലിയ ഡര്‍ബനിലെ ആദ്യ മൂന്ന് ദിവസവും സ്വന്തമാക്കിയിരുന്നു. നാലാം ദിവസത്തിലും ആധിപത്യം പ്രകടിപ്പിക്കാന്‍ തന്നെയാണ് പോണ്ടിംഗ് ഡിക്ലറേഷന്‍ നല്‍കാതെ ബാറ്റിംഗ് തുടര്‍ന്നത്. ഹ്യൂഗ്സ് 20-20 ക്രിക്കറ്റിലെ ലാഘവമാണ് പ്രകടിപ്പിച്ചത്. മക്കായ എന്‍ടിനിയെയും ഡാലെ സ്്റ്റെനിനെയം അനായാസം നേരിട്ട് 150 പിന്നിട്ട യുവതാരം രണ്ട് തവണ ഭാഗ്യത്തില്‍ രക്ഷപ്പെട്ടു. പക്ഷേ ഹ്യൂഗ്സിന്റെ സാഹസികതക്ക് ഒടുവില്‍ സ്റ്റെന്‍ തന്നെ അന്ത്യമിട്ടപ്പോള്‍ അടുത്ത ബാറ്റ്സ്മാന് നോര്‍ത്തിന് പിടിച്ചുനില്‍ക്കാനായില്ല. രണ്ട് വിക്കറ്റുകള്‍ പെട്ടെന്ന് നിലംപതിച്ചപ്പോള്‍ പോണ്ടിംഗ് ഡിക്ലറേഷന്‍ നല്കി.
സ്മിത്തിന് കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നീല്‍ മക്കന്സിക്കൊപ്പം ഹാഷിം അംലയാണ് ഓപ്പണറുടെ കുപ്പായത്തില്‍ കളിച്ചത്. ലഞ്ചിന് മുമ്പ് നിര്‍ണ്ണായകമായ 17 ഓവറുകള്‍ ഇവര്‍ പിടിച്ചുനിന്നു. മക്കന്‍സി യഥാര്‍ത്ഥ ടെസ്റ്റ് ഓപ്പണറുടെ പ്രതിരോധാത്മകതയില് ഉറച്ചുനിന്നപ്പോള്‍ അംല മോശം പന്തുകളെ തെരഞ്ഞെടുത്ത് പ്രഹരിച്ചു. ലഞ്ചിന് പിരിയുമ്പോള്‍ 54 പന്തില്‍ നിന്ന് ഒമ്പത് റണ്‍സുമായി മക്കന്‍സിയും 25 റണ്‍സുമായി അംലയും നിന്നപ്പോള്‍ ആതിഥേയ കാണികള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ആഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ വിറപ്പിച്ച മിച്ചല്‍ ജോണ്‍സണും ഹില്ഫാന്ഹസിനും ആ താളം ആവര്‍ത്തിക്കാനായില്ല.
ഉച്ചഭക്ഷണത്തിന് ശേഷം പീറ്റര്‍ സിഡിലിന്റെ ഊഴമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ രണ്ട് ഓപ്പണര്‍മാരും പെട്ടെന്ന് കുടാരം കയറി. ഇന്നിംഗ്സിലെ ഇരുപത്തിമൂന്നാമത് ഓവറില്‍ മക്കന്‍സി വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാദ്ദിന് പിടി നല്കി. ആറ് ഓവറുകള്‍ക്ക് ശേഷം അംലയുടെ ആലസ്യത്തില്‍ ഓസ്ട്രേലിയക്ക് രണ്ടാം വിക്കറ്റ് ലഭിച്ചു. വൈഡ് ബോളില്‍ ബാറ്റ് വെച്ച അംല സ്ലിപ്പില്‍ റിക്കി പോണ്ടിംഗിന് ക്യാച്ച് നല്കി. ചായസമയം വരെ ജാക് കാലിസും എബി ഡി വില്ലിയേഴ്സും പിടിച്ചുനിന്നു.
ഇംഗ്ലണ്ടിന് രക്ഷയില്ല
ട്രിനിഡാഡ്: 2004 ന് ശേഷം സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നതിന്റെ അരികിലാണ് വിന്‍ഡീസ്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ സന്ദര്‍ശകരുടെ പടുകൂറ്റന്‍ സ്ക്കോറിനെതിരെ നാല് വിക്കറ്റിന് 349 റണ്‍സുമായി ആതിഥേയര്‍ സമനിലയിലേക്ക് നീങ്ങുകയാണ്. പോള്‍ കോളിംഗ്വുഡ് (161), ക്യാപ്റ്റന്‍ ആന്‍ഡ്ര്യൂ സ്ട്രോസ് (142), വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയര്‍ (131 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റിന് 546 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. മറുപടിയില്‍ പേശീവലിവ് മൂലം ക്യാപ്റ്റന്‍ ക്രിസ് ഗെയിലിന്റെ സേവനം നഷ്ടമായ വിന്‍ഡീസിന് വേണ്ടി യുവ ബാറ്റ്സ്മാന് ബ്രെന്‍ഡന്‍ നാഷും അനുഭവസമ്പന്നനായ ശിവനാരായണ്‍ ചന്ദര്‍പോളുമാണ് പൊരുതുന്നത്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 349 റണ്‍സാണ് അവര്‍ നേടിയിരിക്കുന്നത്.
112 ടെസ്റ്റിന്റെ അനുഭവസമ്പത്തുള്ള ചന്ദര്‍പോളും യുവതാരമായ നാഷും നടത്തിയ ചെറുത്തുനില്‍പ്പില്‍ ഇംഗ്ലീഷ് ബൗളര്‍മാരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഇടം കൈയ്യന്മാരായ രണ്ട് പേരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രതിരോധ തന്ത്രങ്ങളുമായി കളം വാണപ്പോള്‍ പലപ്പോഴും പരാതികള്‍ മാത്രമായിരുന്നു ഇംഗ്ലീഷ് ബൗളര്‍മാരുടെ ആയൂധം. രണ്ട് തവണ എല്‍.ബി അപ്പീലുകള്‍ തളളപ്പെട്ടപ്പോള്‍ ഫീല്‍ഡിംഗ് ടീം തേര്‍ഡ് അമ്പയറുടെ സഹായം തേടി. എന്നാല്‍ ഇത് രണ്ടും അംഗീകരിക്കപ്പെട്ടില്ല. അല്‍പ്പം ആവേശം കാണിച്ച നാഷ് 167 പന്തുകള്‍ വിജയകരമായി നേരിടുന്നതിനിടെ 12 തവണ പന്തിനെ അതിര്‍ത്തി കടത്തി.
പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ വിന്‍ഡീസ് ഇപ്പോള്‍ 1-0 ത്തിന് മുന്നിലാണ്.
പാക് വനിതകള്‍ക്ക് അട്ടിമറി ജയം
മെല്‍ബണ്‍: ഐ.സി.സി വനിതാ ലോകകപ്പില്‍ പാക്കിസ്താന് അട്ടിമറി വിജയം. ആദ്യ മല്‍സരത്തില്‍ ഇന്ത്യക്ക് മുന്നില്‍ തകര്‍ന്ന പാക് ടീം ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ 57 റണ്‍സിന് ശ്രീലങ്കയെ തരിപ്പണമാക്കി സൂപ്പര്‍ സിക്സ് സാധ്യതകള്‍ നിലനിര്‍ത്തി. ഇന്ത്യക്കെതിരായ മല്‍സരത്തില്‍ അമ്പേ തകര്‍ന്നുപ്പോയ പാക്കിസ്താന് ലങ്കക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് ഏഴ് വിക്കറ്റിന് 161 റണ്‍സാണ് നേടിയത്. മറുപടിയില്‍ 39.4 ഓവറില്‍ ലങ്ക 104 റണ്‍സിന് പുറത്തായി. ശ്രീലങ്കക്കെതിരെ കഴിഞ്ഞ 19 മല്‍സരങ്ങളില്‍ നിന്നായി പാക്കിസ്താന് നേടുന്ന ആദ്യ വിജയം കൂടിയാണിത്. എട്ട് ഓവറുകളില്‍ 33 റണ്‍സ് മാത്രം നല്കി മൂന്ന് വിക്കറ്റുകള്‍ നേടിയ പാക് സീമര്‍ ഖാനിത ജലീലാണ് കളിയിലെ മികച്ചതാരം.
ഹംപി മുന്നോട്ട്
ഇസ്ത്താംബൂള്‍ (തുര്‍ക്കി): ഗ്രാന്‍ഡ് മാസ്റ്ററും ടോപ് സീഡുമായ ഇന്ത്യയുടെ കൊണേരു ഹംപി ഫിഡേ ഗ്രാന്‍ഡ് പ്രി ചെസ്സില്‍ മുന്നേറുന്നു. ഇന്നലെ നടന്ന രണ്ടാം റൗണ്ട് മല്‍സരത്തില്‍ അര്‍മീനിയയില്‍ നിന്നുള്ള എലീന ഡാനിയേലയെയാണ് ഹൈദരാബാദുകാരിയായ ഹംപി പരാജയപ്പെടുത്തിയത്. ആദ്യ മല്‍സരത്തില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പിയ ക്രാംലിംഗിനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ താരത്തിനിപ്പോള്‍ രണ്ട് മല്‍സരങ്ങളില്‍ നിന്ന് രണ്ട് പോയന്റുണ്ട്.
ഇറ്റലിയില്‍ സേഫ്
മിലാന്: യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകള്‍ ഒരാഴ്ച്ച കൂടി പിന്നിട്ടപ്പോള്‍ ഇറ്റലിയില്‍ വന്‍കിടക്കാര്‍ക്കെല്ലാം ഭദ്രമായ വിജയം. സ്പെയിനില്‍ റയല്‍ മാഡ്രിഡ് സ്വന്തം മൈതാനത്ത് സമനില വഴങ്ങിയപ്പോള്‍ അത്ലറ്റികോ ബീല്ബാവോയെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ബാര്‍സിലോണ മുന്നോട്ടുളള കുതിപ്പ് ഇടവേളക്ക് ശേഷം തുടര്‍ന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും മുന്നേറ്റം തുടരുകയാണ്.
ഇറ്റലി: സീരിയ എ യില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്, മുന്‍ ചാമ്പ്യന്മാരായ ഏ.സി മിലാന്, യുവന്തസ് എന്നിവര്‍ മൂന്ന് പോയന്റുകള്‍ വീതം സ്വന്തമാക്കി. സാള്‍ട്ടന്‍ ഇബ്രാഹീമോവിച്ച്, മരിയോ ബര്‍ത്തോളി എന്നിവരുടെ ഗോളുകളില്‍ ഇന്റര്‍ ജീനോവയെ 2-0 ത്തിന് പരാജയപ്പെടുത്തിയപ്പോള്‍ മല്‍സരമവസാനിക്കാന്‍ പത്ത് മിനുട്ട് മാത്രം ശേഷിക്കെ ജോര്‍ജിയോ ചെലനിയുടെ ഗോളില്‍ യുവന്തസ് പൊരുതിക്കളിച്ച ടോറീനോയെ വീഴ്ത്തി. ഫിലിപ്പോ ഇന്‍സാഗിയുടെ ഹാട്രിക്കില്‍ ഏ.സി മിലാന് മൂന്ന് ഗോളിന് അറ്റ്ലാന്റയെ പരാജയപ്പെടുത്തി.
സ്പെയിന്: തുടര്‍ച്ചയായ രണ്ട് കളികളിലെ പരാജയത്തോടെ ചാമ്പ്യന്പ്പട്ടത്തിലേക്കുള്ള യാത്രയില്‍ ആശങ്ക സമ്മാനിച്ച ബാര്‍സിലോണ തകര്‍പ്പന്‍ പ്രകടനവും വിജയവുമായി മുന്നേറിയപ്പോള്‍ പത്ത് മല്‍സരങ്ങളിലെ വിജയക്കുതിപ്പ് തുടരാന്‍ റയല്‍ മാഡ്രിഡിനായില്ല. ബാര്‍സ രണ്ട് ഗോളിന് അത്ലറ്റികോ ബീല്ബാവോയെ പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ സ്വന്തം മൈതാനത്ത് അത്ലറ്റികോ മാഡ്രിഡിന് മുന്നില്‍ സമനില വഴങ്ങി. 63 പോയന്റാണ് ഇപ്പോള്‍ ബാര്‍സയുടെ സമ്പാദ്യം. റയലിന് 57 പോയന്റുണ്ട്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ബെര്ത്തിനായുളള ശ്രമത്തില്‍ സെവിയെ 2-1 ന് അല്‍മേരിയയെ പരാജയപ്പെടുത്തി. മറ്റ് മല്‍സരങ്ങളില്‍ വില്ലാ റയല്‍ ഒരു ഗോളിന് എസ്പാനിയോളിനെ പരാജയപ്പെടുത്തിയപ്പോള്‍ ഡീപ്പോര്‍ട്ടീവോ 5-3ന് റേസിംഗ് സാന്‍ഡറിനെയും മലാഗ 2-1 ന് ഗറ്റാഫെയെയും പരാജയപ്പെടത്തി. വന്‍ അട്ടിമറി നടത്തിയവര്‍ നുമാന്സിയയാണ്. തരം താഴ്ത്തലിന്റെ വക്കിലുളള അവര്‍ കരുത്തരായ വലന്‍സിയയെ 2-1 ന് മറിച്ചിട്ടു.
ജര്‍മനി: ബുണ്ടേല്‍സ് ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ച് 5-1ന് ഹാനോവറിനെ തകര്‍ത്തു. ടേബിളില്‍ ഒന്നാമത് നില്ക്കുന്ന ഹെര്‍ത്താ ബെര്‍ലിന്‍ 3-1 ന് കോട്ട്ബസിനെ തകര്‍ത്തപ്പോള്‍ വെര്‍ഡര്‍ ബ്രെഹ്മനും ഹോഫന്‍ഹൈമും തമ്മിലുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
ഫ്രാന്‍സ്: ഫ്രഞ്ച് ലീഗില്‍ 53 പോയന്റുമായി ഒളിംപിക് ലിയോണും 52 പോയന്റുമായി പാരീസ് സെന്റ് ജര്‍മ്മനും ചാമ്പ്യന്പ്പട്ടത്തിലേക്കുളള യാത്രയില്‍ ഒപ്പത്തിനൊപ്പമാണ്. 49 പോയന്റുമായി ഒളിംപിക് മാര്‍സലിയും രംഗത്തുണ്ട്.
2 comments:
പാക് വനിതകള്‍ക്ക് അട്ടിമറി ജയം....!!!!
ഇതുകൊണ്ടൊന്നും ഒരു കാര്യം ഇല്ല സ്വന്തമായി ഒരു സുരക്ഷിതത്വം അവര്‍ക്കും ഇല്ലല്ലോ .
പിന്നെ അന്തു ജയം
ആശംസകള്‍
We don't have extra time to read essays. i like your colmun ab dlove to read it. But why don't you reduce the length of articles in blog.Who has that much time Kamal Saheb? Pls reduce the length of aricle an dmake it more beautiful.
Plssssssssssssssssssssssssssssss
Fahad
Post a Comment