Tuesday, March 3, 2009

BLACK CRICKET DAY


ലോകം ആശങ്കയില്‍
പാക്കിസ്‌താനില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിന്‌ നേരിട്ട ദുര്യോഗത്തില്‍ കായിക ലോകം ആശങ്കയില്‍. ഇന്നലെ ലാഹോറില്‍ നിര്‍ഭാഗ്യകരമായ സംഭവമുണ്ടാവുമ്പോള്‍ ന്യൂസിലാന്‍ഡിലെ നേപ്പിയറില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുളള ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം നടക്കുകയായിരുന്നു. മഴ മൂലം മല്‍സരം അല്‍പ്പസമയം തടസ്സപ്പെട്ട വേളയിലാണ്‌ ഇരു ടീമിലെയും താരങ്ങള്‍ വാര്‍ത്തയറിയുന്നത്‌. ഉടന്‍ തന്നെ എല്ലാവരും ഒത്തുചേര്‍ന്നു. കറുത്ത ബാഡ്‌ജ്‌ ധരിച്ചാണ്‌ പിന്നീട്‌ എല്ലാവരും കളിക്കാനിറങ്ങിയത്‌.
ഏറ്റവും ദാരുണമായ വാര്‍ത്തയാണ്‌ താന്‍ ശ്രവിച്ചതെന്ന്‌ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ്‌ ധോണി പറഞ്ഞു. നിരപരാധികള്‍ ആരും ആക്രമിക്കപ്പെടരുത്‌. ക്രിക്കറ്റ്‌ താരങ്ങള്‍ കളിക്കാനായാണ്‌ എത്തിയത്‌. അവരുടെ നേരെ ആക്രമണം നടത്തുന്നത്‌ അപലനീയമാണ്‌. എല്ലാവരും പറയാറുണ്ട്‌ സ്‌പോര്‍ട്‌സ്‌ താരങ്ങളെ ഒരിക്കലും ആരും ലക്ഷ്യം വെക്കുകയില്ലെന്ന്‌. പക്ഷേ വിദേശ പര്യടനങ്ങളില്‍ താരങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ സൗകര്യമുണ്ട്‌. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ധോണി പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം റദ്ദ്‌്‌ ചെയ്‌ത സര്‍ക്കാരിനോട്‌ ധോണി നന്ദി പറയുന്നു. ഈ ദാരുണ സംഭവം ചിലപ്പോള്‍ ഞങ്ങളെയായിരിക്കാം കാത്തുനിന്നത്‌. ഇന്ത്യന്‍ സര്‍ക്കാരാണ്‌ ഞങ്ങളുടെ പര്യടനം വേണ്ടെന്ന്‌ വെച്ചത്‌. കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കാന്‍ ഭരണക്കൂടം താല്‍പ്പര്യമെടുക്കണമെന്നും ധോണി അഭ്യര്‍ത്ഥിച്ചു.
സംഭവത്തെ ന്യൂസിലാന്‍ഡ്‌ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിയും അപലപിച്ചു. പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ കനത്ത ആഘാതമായിരിക്കും സംഭവമെന്ന്‌ വെട്ടോരി അഭിപ്രായപ്പെട്ടു. ഈ ദുര്യോഗങ്ങളില്‍ നിന്നും പാക്കിസ്‌താന്‍ ടീമിന്‌ എളുപ്പത്തില്‍ കരകയറാന്‍ കഴയില്ല. തങ്ങളുടേതല്ലാത്ത കാരണത്താലാണ്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ഇപ്പോള്‍ വേട്ടയാടപ്പെടുന്നത്‌. താരങ്ങള്‍ക്ക്‌ കൂടുതല്‍ പരുക്കില്ല എന്നതാണ്‌ സന്തോഷകരമായ കാര്യം. എനിക്ക്‌ ശ്രീലങ്കന്‍ ടീമില്‍ നല്ല സുഹൃത്തുക്കളുണ്ട്‌. ഇവിടെ കളിക്കുന്ന ഇന്ത്യന്‍ ടീമിലെ പലരും ലങ്കക്കാരുടെ അടുത്ത മിത്രങ്ങളാണ്‌. എല്ലാവരും ഏറ്റവും എളുപ്പം സുഖം പ്രാപിക്കട്ടെ എന്നാണ്‌ തന്റെ പ്രാര്‍ത്ഥനയെന്നും വെട്ടോരി പറഞ്ഞു.

രക്ഷിച്ചത്‌ ഡ്രൈവര്‍
ലാഹോര്‍: ശ്രീലങ്കന്‍ ക്രിക്കറ്റ്‌ താരങ്ങളുടെ ജീവന്‍ സംരക്ഷിച്ചത്‌ ടീം ബസ്സിന്റെ ധൈര്യവാനായ ഡ്രൈവര്‍... ഗദ്ദാഫി സ്‌റ്റേഡിയത്തിലേക്ക്‌ വരുകയായിരുന്ന ബസ്സ്‌ ആക്രമിക്കപ്പെട്ടപ്പോള്‍ ഭാഗ്യത്തിന്‌ ഡ്രൈവര്‍ക്ക്‌ പരുക്കേറ്റില്ല. ഡ്രൈവറുടെ മുന്നിലെ ഗ്ലാസുകള്‍ തകര്‍ന്നിട്ടും മന: സാന്നിദ്ധ്യം കൈവിടാതെ അദ്ദേഹം ബസ്സ്‌ മൈതാനം വരെ ഓടിച്ചു. മൈതാനത്തെത്തിയതും ബസ്സില്‍ നിന്ന്‌ താരങ്ങളെല്ലാം ഡ്രസ്സിംഗ്‌ റൂമിലേക്‌്‌ ഓടുകയായിരുന്നു.
ക്യാപ്‌റ്റന്‍ മഹേല ജയര്‍ദ്ധനെ, വൈസ്‌ ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാര, തിലാന്‍ സമരവീര, തരംഗ പരണവിതാന,അജാന്ത മെന്‍ഡിസ്‌, സുരംഗ ലക്‌മാല്‍, ചാമിന്ദ വാസ്‌, അസിസ്‌റ്റന്‍ഡ്‌ കോച്ച്‌ പോള്‍ ഫാര്‍ബസ്‌ എന്നിവരാണ്‌ ബസ്സിന്‌ മുന്നിലുണ്ടായിരുന്നത്‌. ഇവര്‍ക്കാണ്‌ ആക്രമണത്തില്‍ പരുക്കേറ്റത്‌.
രാവിലെ എട്ടരയോടെയാണ്‌ താരങ്ങള്‍ ഹോട്ടലില്‍ നിന്നും പുറപ്പെട്ടത്‌. ലാഹോര്‍ ടെസ്‌റ്റിന്റെ മൂന്നാം ദിവസത്തെ മല്‍സരത്തില്‍ പങ്കെടുക്കാനായി തിരിച്ച താരങ്ങളെല്ലാം ആഹ്ലാദത്തിലായിരുന്നു. ആദ്യ രണ്ട്‌ ദിവസം നന്നായി ബാറ്റ്‌ ചെയ്യാന്‍ കഴിഞ്ഞതിന്റെ ആവേശത്തില്‍ എല്ലാവരും സംസാരിച്ചുനീങ്ങവെയാണ്‌ ആക്രമണം നടന്നത്‌. ഗദ്ദാഫി സ്‌റ്റേഡിയത്തിന്‌ അരികില്‍ ബസ്സ്‌ എത്തിയപ്പോള്‍ സ്‌ഫോടനം ശബ്ദവും വെടിയൊച്ചയും കേള്‍ക്കുകയായിരുന്നു. ബസ്സിന്റെ മുന്നില്‍ പോലീസ്‌ വാഹനമുണ്ടായിരുന്നു. പോലീസ്‌ വാഹനത്തിന്‌ നേരെയാണ്‌ ആദ്യം ആക്രമണം നടന്നത്‌.
ഉടന്‍ തന്നെ ബസ്സിന്‌ നേരെ വെടിവെപ്പ്‌ തുടര്‍ച്ചയായി നടന്നു. എല്ലാവരോടും എത്രയും വേഗം നിലത്ത്‌ കിടക്കാനാണ്‌ മഹേല ഉള്‍പ്പെടെയുളളവര്‍ അഭ്യര്‍ത്ഥിച്ചത്‌. ഡ്രൈവറോട്‌ ബസ്സ്‌ നിര്‍്‌ത്താതെ ഓടിക്കാനും എല്ലാവരും പറഞ്ഞു. അതിനിടെ ബസ്സിന്‌ നേരെ പായിച്ച ഒരു ഗ്രനേഡ്‌ ലക്ഷ്യം തെറ്റി അടുത്തുളള ഇലക്ട്രിക്‌ പോസ്‌റ്റില്‍ തട്ടി വലിയ സ്‌ഫോടനമുണ്ടായി. ബുള്ളറ്റുകള്‍ പല തവണ ബസ്സില്‍ പതിച്ചു. പുറത്ത്‌ ഭയാനകമായ ശബ്ദങ്ങളും. ആരും ഒന്നും മിണ്ടാതെ നിലത്ത്‌ കിടന്നു. ബസ്സ്‌ അതിവേഗതയില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ ബസ്സിന്റെ മുന്‍ ഭാഗത്ത്‌ ഡ്രൈവര്‍ ഇരുന്ന സ്ഥലത്തിനരികില്‍ രണ്ട്‌ ബുള്ളറ്റുകള്‍ തറച്ചു. ഭാഗ്യത്തിന്‌ ഡ്രൈവര്‍ക്ക്‌ പരുക്കേറ്റില്ല. അദ്ദേഹം പരിഭ്രാന്തി പ്രകടിപ്പിക്കാതെ ഡ്രൈവിംഗ്‌ തുടര്‍ന്നു.
തീവ്രവാദി സംഘത്തില്‍ ധആരാളം പേരുണ്ടായിരുന്നതായാണ്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞത്‌. എല്ലാവും നല്ല വണ്ണം ഡ്രസ്സ്‌ ചെയ്‌തിരുന്നു. എല്ലാവരുടെ കൈവശവും ആയുധങ്ങളുണ്ടായിരുന്നു. മുംബൈ ആക്രമണകാരികള്‍ ഉപയോഗിച്ച അതേ രീതിയിലായിരുന്നു ആക്രമണം.
സംഭവത്തിന്‌ ശേഷം ഓസ്‌ട്രേലിയന്‍ റേഡിയോയുമായി സംസാരിച്ച ലങ്കന്‍ വിക്കറ്റ്‌ കീപ്പര്‍ കുമാര്‍ സങ്കക്കാര ഡ്രൈവര്‍ക്കാണ്‌ നന്ദി പറയുന്നത്‌. ഡ്രൈവര്‍ ബസ്സ്‌ നിര്‍ത്തിയിരുന്നെങ്കില്‍ എല്ലാവരുടെയും അവസാനം സംഭവിക്കുമായിരുന്നു. ബസ്സിന്‌ തുടര്‍ച്ചയായി വെടിയേറ്റിട്ടും ഒട്ടും പരിഭ്രാന്തി പ്രകടിപ്പിക്കാതെ അദ്ദേഹം ബസ്സോടിച്ചു. ആ ധൈര്യത്തിന്റെ കാരുണ്യത്തിലാണ്‌ തങ്ങളുടെ ജീവിതമെന്ന്‌ സങ്കക്കാര പറഞ്ഞു. എന്താണ്‌ സംഭവിക്കുന്നത്‌ എന്നും ആദ്യം മനസ്സിലായില്ല. എത്രയും വേഗം മൈതാനത്ത്‌ എത്തുകയായിരുന്നു ലക്ഷ്യം. അതിനിടെയാണ്‌ സ്‌ഫോടന ശബ്ദവും ബഹളവും കേട്ടത്‌. ഉടന്‍ തന്നെ ഞങ്ങളെല്ലാവരും സീറ്റുകളില്‍ നിന്നും താഴോട്ടിറങ്ങി കമിഴ്‌ന്നു കിടന്നു. വലിയ ശബ്ദങ്ങള്‍ക്കിടയിലും ഡ്രൈവര്‍ കുലുങ്ങാതെ ബസ്സ്‌ മുന്നോട്ട്‌ കൊണ്ട്‌ പോയി.
എന്റെ ചുമലിലാണ്‌ ബുള്ളറ്റിന്റെ കഷ്‌ണം തെറിച്ചുവീണത്‌. മഹേലക്കും ബുളറ്റിന്റെ കഷ്‌ണം തറച്ചാണ്‌ പരുക്കേറ്റത്‌. സമരവീരക്കാണ്‌ ബുളറ്റ്‌ കൊണ്ടത്‌. ഞങ്ങളെല്ലാം പേടിച്ചു പോയത്‌ പരണവിതാനയെ കണ്ട്‌പ്പോഴായിരുന്നു. അവന്റെ നെഞ്ചില്‍ നിന്ന്‌ രക്തം വാര്‍ന്നൊലിക്കുകയായിരുന്നു. ബസ്സ്‌്‌ മൈതാനത്ത്‌ എത്തിയപ്പോഴാണ്‌ ശ്വാസം നേരെ വീണത.്‌ ഡ്രസ്സിംഗ്‌ റൂമിലെത്തിയ ഉടന്‍ സമരവീരയെയും പരണവിതാനയെയും ആശുപത്രയിലേക്ക്‌ കൊണ്ടു പോയി. ഇരുവരുടെയും പരുക്ക്‌ ഗുരുതമല്ലെന്ന്‌ പിന്നീടാണ്‌ അറിഞ്ഞതെന്നും വിക്കറ്റ്‌ കീപ്പര്‍ പറഞ്ഞു.
ഗദ്ദാഫി സ്റ്റേഡിയത്തില്‍ നിന്നും പ്രത്യേക ഹെലികോപ്‌ടറില്‍ ലങ്കന്‍ താരങ്ങളെ പാക്കിസ്‌താന്‍ വ്യോമ കേന്ദ്രത്തിലേക്ക്‌ കൊണ്ട്‌ പോയി. അവിടെ നിന്നും രാത്രിയോടെ ശ്രീലങ്ക അയച്ച പ്രത്യേക വിമാനത്തില്‍ താരങ്ങള്‍ സ്വന്തം നാട്ടിലേക്ക്‌ മടങ്ങി.

ആക്രമണം ആസുത്രിതം
ലാഹോര്‍: വളരെ വ്യക്തമായ ആസുത്രണവുമായാണ്‌ തീവ്രവാദികള്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക്‌ നേരെ ആക്രമണം നടത്തിയത്‌. ഒരു തരത്തിലും താരങ്ങള്‍ രക്ഷപ്പെടരുതെന്നായിരുന്നു തീവ്രവാദികളുടെ പ്ലാന്‍. മൂന്ന്‌ പോലീസ്‌ വാഹനങ്ങള്‍ ലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസ്സിനെ അനുഗമിച്ചിരുന്നു. ആക്രമണം നടത്തണമെങ്കില്‍ ആദ്യം പോലീസ്‌ വാഹനങ്ങളെ ഇല്ലാതാക്കാണമെന്ന ലക്ഷ്യത്തില്‍ വരുന്ന വഴിയില്‍ സ്‌ഫോടനം നടത്തി ശ്രദ്ധ തിരിക്കാനായിരുന്നു പരിപാടി. വരുന്ന വഴിയില്‍ സ്‌ഫോടനം നടത്തിയാല്‍ ബസ്സ്‌ വേറെ മാര്‍ഗ്ഗത്തില്‍ പോവുമെന്നും അവിടെ വെച്ച്‌ ആക്രമണം നടത്താമെന്നുമായിരുന്നു പരിപാടികള്‍. ആദ്യം പോലീസ്‌ വാഹനത്തിന്‌ നേരെയായിരുന്നു ആക്രമണം. ഇതില്‍ അഞ്ച്‌ പോലീസുകാര്‍ കൊല്ലപ്പെട്ടു. പോലീസ്‌ വാഹനം ആക്രമിക്കപ്പെട്ടതും ബസ്സിന്റെ ഡ്രൈവര്‍ സാഹസത്തിന്‌ മുതിര്‍ന്നില്ല. അദ്ദേഹം ദിശ മാറ്റാതെ ബസ്സ്‌ മുന്നോട്ട്‌്‌ എടുത്തു. ബസ്സ്‌ വേറെ വഴിയില്‍ വിട്ടാല്‍ അവിടെ വെച്ച്‌ ആക്രമണം നടത്താന്‍ പരിപാടിയുണ്ടായിരുന്നു. ബസ്സ്‌ മുന്നോട്ട്‌ എടുത്തപ്പോള്‍ ആയുധധാരികളായ ആക്രമണകാരികള്‍ ബസ്സിന്‌ നേരെ നിരന്തരം നിറയൊഴിച്ചു. പക്ഷേ ബസ്സ്‌ ഡ്രൈവര്‍ പതറാതെ മുനോട്ട്‌ പോയി. ബസ്സ്‌ തുളച്ചുകയറിയ ബുള്ളറ്റുകളാണ്‌ ലങ്കന്‍ താരങ്ങള്‍ക്ക്‌്‌ പരുക്കേല്‍പ്പിച്ചത്‌.

ഭീകരം
രാവിലെ ലാഹോറില്‍ നടന്ന ആക്രമണത്തിന്‌ ശേഷം വൈകീട്ട്‌ പാക്‌ വ്യോമ കേന്ദ്രത്തില്‍ നിന്നും നാട്ടിലേക്ക്‌ തിരിക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിന്റെ കോച്ച്‌ ട്രെവര്‍ ബേലിസ്‌ തന്റെ ദുരനുഭവം വിവരിക്കുന്നു
സത്യം-ഇത്‌ തിരിച്ചുകിട്ടിയ ജീവിതമാണ്‌. എല്ലാ നന്ദിയും ഞങ്ങളുടെ ധീരനായ ഡ്രൈവര്‍ക്ക്‌....എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ ഒരു നിമിഷം ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിരുന്നില്ല. ഗദ്ദാഫി സ്റ്റേഡിയത്തിന്‌ സമീപത്തായി ബസ്സ്‌ എത്തിയപ്പോഴായിരുന്നു ആക്രമണം. തുടക്കത്തില്‍ വലിയ ശബ്‌ദം കേട്ടു. പിന്നെ ബസ്സിന്‌ മുകളിലേക്ക്‌്‌ എന്തെല്ലാമോ വന്നു വീഴുന്നത്‌ പോലെ തോന്നി. അപ്പോഴേക്കും എല്ലാവരും സീറ്റുകള്‍ വിട്ട്‌ നിലത്ത്‌ കമിഴ്‌ന്നു കിടന്നു. ഗ്രൗണ്ടിന്റെ അരികിലെത്താനായതിനാല്‍ ഡ്രൈവറോട്‌ ബസ്‌ നിര്‍ത്തരുതെന്ന്‌ ഞങ്ങളെല്ലാം അഭ്യര്‍ത്ഥിച്ചു. ധാരാളം കാറുകളിലായിട്ടാണ്‌ അക്രമികള്‍ എത്തിയതെന്ന്‌ തോന്നുന്നു. ആ കാറുകളെയെല്ലാം പിന്നിട്ടാണ്‌ ഡ്രൈവര്‍ ഞങ്ങളെയുമായി മുന്നോട്ട്‌ പോയത്‌.
ഞാന്‍ ബസ്സിന്റെ പിറകിലാണ്‌ ഇരുന്നിരുന്നത്‌. അത്‌ കൊണ്ട്‌ തന്നെ പലതും കാണാന്‍ കഴിഞ്ഞില്ല. മുന്നിലിരുന്നവര്‍ പറഞ്ഞാണ്‌ കാര്യങ്ങള്‍ അറിഞ്ഞത്‌. കാറുകള്‍ ബസ്സിന്‌ മുന്നിലേക്ക്‌ നിര്‍ത്തി ഗതാഗതം സ്‌തംംഭിപ്പിച്ച്‌ ആക്രമണം നടത്താനായിരുന്നു അവരുടെ പരിപാടി. നാലു ഭാഗത്ത്‌ നിന്നും നിറയൊഴിക്കലായിരുന്നു. എന്തോ ഭാഗ്യത്തിന്‌ ഡ്രൈവര്‍ക്ക്‌ പരുക്കേറ്റില്ല. അതിനാല്‍ ഞങ്ങള്‍ രക്ഷപ്പെട്ടു.
സത്യം പറയാം-ആരും പരിഭ്രാന്തി പ്രകടിപ്പിച്ചിരുന്നില്ല. എല്ലാവരും നിലത്ത്‌ കമിഴ്‌ന്നു കിടന്നു. ആറ്‌ പേര്‍ക്ക്‌്‌ പരുക്കേറ്റു. ഭാഗ്യത്തിന്‌ ആര്‍ക്കും ഗുരുതരമായ പരുക്കില്ല. സമരവീരക്കായിരുന്നു ചെറിയ പരുക്ക്‌. ബുളറ്റിന്റെ കഷ്‌ണം സമരവീരയുടെ നെഞ്ചിലാണ്‌ തറച്ചത്‌. ഞങ്ങളുടെ പുതിയ ഓപ്പണര്‍ പരണവിതാനയെ കണ്ടപ്പോഴാണ്‌ ഞെട്ടിയത്‌. അവന്റെ ദേഹത്താകമാനം രക്തമായിരുന്നു.
ഇപ്പോള്‍ ഞങ്ങളെല്ലാം നാട്ടില്‍ നിന്നുള്ള വിമാനവും കാത്ത്‌ പാക്കിസ്‌താന്‍ വ്യോമ കേന്ദ്രത്തില്‍ നില്‍ക്കുകയാണ്‌. പരണവിതാനയും സമരവീരയും ഇപ്പോള്‍ ആരോഗ്യവാന്മാരാണ്‌. രണ്ട്‌ പേര്‍ക്കും വലിയ പ്രയാസങ്ങളില്ല. രണ്ട്‌ മണിക്കൂറോളം രണ്ട്‌ പേരും ആശുപത്രിയാലിയിരുന്നു. എന്റെ അസിസ്‌റ്റന്‍ഡ്‌ കോച്ചിനുംചെറിയ പരുക്കുണ്ട്‌. എന്തായാലും രക്ഷപ്പെട്ടല്ലോ-ദൈവത്തിനും ഡ്രൈവര്‍ക്കും നന്ദി. ഇനി തല്‍
ക്കാലം ഈ നാട്ടിലേക്കില്ല.

ലോകകപ്പ്‌ അവതാളത്തില്‍
ലാഹോര്‍: 2011ലെ ലോകകപ്പിന്‌ ഇന്ത്യ, ബംഗ്ലാദേശ്‌, ശ്രീലങ്ക എന്നിവര്‍ക്കൊപ്പം സംയുക്ത ആതിഥേയത്വം വഹിക്കുന്ന പാക്കിസ്‌താനില്‍ മല്‍സരങ്ങള്‍ നടത്തുന്ന കാര്യത്തില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്‌ (ഐ.സി.സി) താല്‍പ്പര്യമില്ല. പാക്കിസ്‌താനില്‍ കളിക്കുന്നതിനോട്‌ നേരത്തെ തന്നെ പല ടീമുകളും വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുമുണ്ട്‌. കഴിഞ്ഞ വര്‍ഷം പാക്കിസ്‌താനിലെ വേദികളില്‍ നിശ്ചയിച്ചിരുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി മല്‍സരങ്ങള്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുടെ എതിര്‍പ്പ്‌ മൂലമാണ്‌ മാറ്റിവെച്ചത്‌. പുതിയ സാഹചര്യത്തില്‍ പാക്കിസ്‌താനിലെ ഒരു വേദിയിലും കളിക്കാന്‍ ഒരു ടീമും തയ്യാറാവില്ല. എന്നാല്‍ ലോകകപ്പിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ലെന്നാണ്‌ ഐ.സി.സി കേന്ദ്രങ്ങള്‍ ദുബായില്‍ പറഞ്ഞത്‌.
കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ഒരു വിദേശ ടീമും പാക്കിസ്‌താനില്‍ മല്‍സരത്തിനായി വരുന്നില്ല. ജനുവരിയിലെ ഇന്ത്യന്‍ പര്യടനം മുംബൈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്‌ റദ്ദാക്കിയത്‌. ഇന്ത്യക്ക്‌ പകരമായാണ്‌ ലങ്കന്‍ ടീം പാക്കിസ്‌താനിലെത്തിയത്‌. അവര്‍ക്കാണ്‌ ദാരുണാനുഭവങ്ങളുണ്ടായത്‌. അതേ സമയം 2011 ലെ ലോകകപ്പ്‌ ഇന്ത്യക്ക്‌ അനുവദിക്കാന്‍ ഐ.സി.സി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. പാക്കിസ്‌താനിലേക്ക്‌ ടീമുകളെ അയക്കാന്‍ ഐ.സി.സിക്ക്‌ താല്‍പ്പര്യമില്ല. പാക്കിസ്‌താനിലേക്ക്‌ അടുത്ത അഞ്ച്‌ വര്‍ഷത്തേക്ക്‌ ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

പാക്കിസ്‌താന്‍ ദുരന്തഭൂമി
കഴിഞ്ഞ ഒമ്പത്‌ വര്‍ഷത്തിനിടെ ലോക ക്രിക്കറ്റിന്‌ പാക്കിസ്‌താന്റെ സംഭാവന ആശങ്കകള്‍ മാത്രമായിരുന്നു. പാക്‌ ക്രിക്കറ്റ്‌ പിന്നിട്ട നാള്‍വഴിയിലൂടെ

2001 സെപ്‌തംബര്‍: ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ്‌ ടീം അവസാന നിമിഷം പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കുന്നു. സെപ്‌തംബര്‍ പതിനൊന്നിലെ ആക്രമണത്തിന്‌ ശേഷം അഫ്‌ഗാനിസ്ഥാനു നേരെ അമേരിക്ക പ്രഖ്യാപിച്ച യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്‌താനില്‍ കളിക്കുന്നത്‌ സുരക്ഷിതമല്ല എന്ന വിശദീകരണത്തിലാണ്‌ ന്യൂസിലാന്‍ഡ്‌ പിന്മാറിയത്‌. വിന്‍ഡീസും ഓസ്‌ട്രേലിയയും പാക്‌ പര്യടനത്തല്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചു. ഇരുവരും നിക്ഷ്‌പക്ഷ വേദികളില്‍ കളിച്ചു.
മെയ്‌ 2002: പാക്കിസ്‌താന്‍ പര്യടനത്തനിടെ ന്യൂസിലാന്‍ഡ്‌ ടീം താമസിച്ച കറാച്ചിയിലെ ഹോട്ടലിന്‌ സമീപം വലിയ സ്‌ഫോടനമുണ്ടാവുന്നു. ഉടന്‍ തന്നെ പരമ്പര റദ്ദാക്കി കിവി ടീം മടങ്ങുന്നു.
2008 മാര്‍ച്ച്‌: സുരക്ഷാ കാരണങ്ങളാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീം പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കുന്നു.
2008 ഓക്ടോബര്‍: സുരക്ഷാ പ്രശ്‌നത്തില്‍ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ടീം പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കുന്നു.
2008 ഡിസംബര്‍: മുംബൈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുന്നു.
2009 ഫെബ്രുവരി: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി മല്‍സരങ്ങള്‍ പാക്കിസ്‌താനില്‍ നടത്താന്‍ കഴിയില്ലെന്ന്‌ ഐ.സി.സി വ്യക്തമാക്കുന്നു.
2009 മാര്‍ച്ച്‌: ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിനും നേരെ ആക്രമണം. ആറ്‌ താരങ്ങള്‍ക്ക്‌ പരുക്ക്‌. പരമ്പര റദ്ദാക്കി ലങ്ക നാട്ടിലേക്ക്‌ മടങ്ങുന്നു.
2009 മാര്‍ച്ച്‌: പാക്കിസ്‌താനില്‍ 2011 ലെ ലോകകപ്പ്‌ മല്‍സരങ്ങള്‍ നടത്തില്ലെന്ന്‌ ഐ.സി.സി വ്യക്തമാക്കുന്നു.

നേപ്പിയര്‍: കായിക ലോകം ലാഹോര്‍ സംഭവങ്ങളില്‍ വിറങ്ങലിച്ച ദിനത്തില്‍ നേപ്പിയറിലെ മക്‌ലീന്‍ പാര്‍ക്കില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഡെക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമത്തിന്റെ പിന്‍ബലത്തില്‍ 53 റണ്‍സിന്റെ വിജയവുമായി പരമ്പരയില്‍ ലീഡ്‌ കരസ്ഥമാക്കി. മഴ മൂലം 38 ഓവറായി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യന്‍ ടീം നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 273 റണ്‍സ്‌ നേടിയപ്പോള്‍ 28 ഓവറില്‍ ഒമ്പത്‌ വിക്കറ്റിന്‌ 162 റണ്‍സ്‌ നേടാനാണ്‌ ആതിഥേയര്‍ക്ക്‌ കഴിഞ്ഞത്‌. ഇന്ത്യന്‍ ഇന്നിംഗ്‌സിന്‌ കരുത്തേകി 84 റണ്‍സുമായി പുറത്താവാതെ നിന്ന നായകന്‍ മഹേന്ദ്രസിംഗ്‌ ധോണിയാണ്‌ കളിയിലെ കേമന്‍.
മഴ കാരണം രണ്ടര മണിക്കൂര്‍ നഷ്ടമായ മല്‍സരത്തില്‍ 89 പന്തില്‍ നിന്ന്‌ പുറത്താവാതെ 84 റണ്‍സ്‌ നേടിയ ധോണിയായിരുന്നു ഇന്ത്യന്‍ ഹീറോ. 56 പന്തില്‍ നിന്ന്‌ 77 റണ്‍സ്‌ നേടിയ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ്‌ നല്‍കിയ തകര്‍പ്പന്‍ തുടക്കം ഉപയോഗപ്പെടുത്തിയ ധോണിക്ക്‌ 39 പന്തില്‍ നിന്ന്‌ 66 റണ്‍സുമായി സുരേഷ്‌ റൈന ഉറച്ച പിന്തുണ നല്‍കി. സേവാഗിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിട്ട സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 20 റണ്‍സിന്‌ പുറത്തായി. 10 പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറിയും ഒരു സിക്‌സറുമായി യൂസഫ്‌ പത്താന്‍ അവസാനത്തില്‍ ധോണിക്കൊപ്പം അരങ്ങ്‌തകര്‍ത്തു.
മറുപടിയില്‍ വീണ്ടും മഴ പെയ്‌തപ്പോള്‍ ഡെക്‌വര്‍ത്ത്‌ ലൂയിസ്‌ നിയപ്രകാരം ന്യൂസിലാന്‍ഡിന്റെ വിജയലക്ഷ്യം 28 ഓവറില്‍ 216 റണ്‍സാക്കി കുറച്ചു. എന്നാല്‍ 64 റണ്‍സ്‌ നേടിയ മാര്‍ട്ടിന്‍ ഗുട്‌പില്‍ മാത്രമാണ്‌ പിടിച്ചുനിന്നത്‌. നാല്‌ പന്തിനിടെ മൂന്ന്‌ വിക്കറ്റ്‌ നേടിയ ഹര്‍ഭജന്‍സിംഗാണ്‌ ഇന്ത്യന്‍ ബൗര്‍ളമാരില്‍ തിളങ്ങിയത്‌. പരമ്പരയിലെ അടുത്ത മല്‍സരം വെള്ളിയാഴ്‌ച്ച വെല്ലിംഗ്‌ടണില്‍ നടക്കും.
സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ: സേവാഗ്‌-സി-ടെയ്‌ലര്‍-ബി-വെട്ടോരി-77, സച്ചിന്‍-സി-മക്കുലം-ബി-ബട്‌ലര്‍-20, ധോണി-നോട്ടൗട്ട്‌-84, യുവരാജ്‌-റണ്ണൗട്ട്‌-2, റൈന-സി-ഒബ്രിയാന്‍-ബി-എലിയട്ട്‌-66, യൂസഫ്‌-നോട്ടൗട്ട്‌-20, എക്‌സ്‌ട്രാസ്‌-4, ആകെ 38 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 273. വിക്കറ്റ്‌ പതനം: 1-69 (സച്ചിന്‍), 2-121 (സേവാഗ്‌), 3-131 (യുവരാജ്‌) 4-241 (റൈന). ബൗളിംഗ്‌: മില്‍സ്‌ 7-0-69-0, ഒബ്രിയാന്‍ 8-1-52-0, ബട്‌ലര്‍ 8-1-42-1, ഓരം 2-0-19-0, വെട്ടോരി 8-0-42-1, റൈഡര്‍ 3-0-27-0, എലിയട്ട്‌ 2-0-20-1
ന്യൂസിലാന്‍ഡ്‌: റൈഡര്‍-സി-സേവാഗ്‌-ബി-പ്രവീണ്‍-11, മക്കുലം-സി-ഹര്‍ഭജന്‍-ബി-പ്രവീണ്‍-0, ഗുട്‌പില്‍-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-64, ടെയ്‌ലര്‍-സി-സച്ചിന്‍-ബി-യുസഫ്‌-31, എലിയട്ട്‌-റണ്ണൗട്ട്‌-11, ഓരം-സി-ധോണി-ബി-യുവരാജ്‌-0, ബ്രൂം-സ്‌റ്റംമ്പ്‌ഡ്‌ ധോണി-ബി-ഹര്‍ഭജന്‍-2, വെട്ടോരി-നോട്ടൗട്ട്‌-26, മില്‍സ്‌-സി-സേവാഗ്‌-ബി-ഹര്‍ഭജന്‍-0, ബട്‌ലര്‍-സി-പട്ടേല്‍-ബി-സഹീര്‍-0, ഒബ്രിയാന്‍-നോട്ടൗട്ട്‌-3, എക്‌സ്‌ട്രാസ്‌-14. ആകെ 28 ഓവറില്‍ ഒമ്പത്‌ വിക്കറ്റിന്‌ 162. വിക്കറ്റ്‌ പതനം: 1-0 (മക്കുലം), 2-23 (റൈഡര്‍), 3-81 (ടെയ്‌ലര്‍, 4-111 (എലിയട്ട്‌), 5-111 (ഓരം), 6-132 (ഗുട്‌പില്‍), 7-132 (ബ്രൂം), 8-132 (മില്‍സ്‌), 9-132 (ബട്ട്‌ലര്‍). ബൗളിംഗ്‌: സഹീര്‍ 6-1-19-1, പ്രവീണ്‍ 6-1-28-2, മുനാഫ്‌ 2-0-14-0, യുവരാജ്‌ 6-0-42-1, യൂസഫ്‌ 4-0-22-1. ഹര്‍ഭജന്‍ 4-0-27-3.

No comments: