Saturday, October 31, 2009

NO BHOOTIA

ബൂട്ടിയ ഇല്ല
കോഴിക്കോട്‌: പ്രശ്‌നങ്ങളുടെ പാളയത്തില്‍ നിന്നും ഈസ്റ്റ്‌ ബംഗാള്‍ എത്തിയിരിക്കുന്നത്‌ ഇന്ത്യന്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയ, വിദേശ കോച്ച്‌ ഫിലിപ്പ്‌ റൈഡര്‍ എന്നിവരെ കൂടാതെ. കാലിലെ പരുക്ക്‌ ഭേദമാവാത്തതിനാല്‍ ബൂട്ടിയ കൊല്‍ക്കത്തയില്‍ തന്നെ തങ്ങുമ്പോള്‍ റൈഡര്‍ പത്ത്‌ ദിവസത്തിനകം മാത്രമേ പരിശീലക സ്ഥാനം ഏറ്റെടുക്കുകയുള്ളു. രണ്ട്‌ പ്രധാനികള്‍ ഇല്ലാത്ത ടീമിന്റെ നായകന്‍ ഇന്ത്യന്‍ താരം സയ്യദ്‌ റഹീം നബിയാണ്‌. പരിശീലകനായി മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ തുഷാര്‍ രക്ഷിതും. രണ്ട്‌ പേര്‍ക്കും വിവയെ നേരിടാനുളള മാനസിക കരുത്തില്ല.
അഞ്ച്‌ മല്‍സരങ്ങളില്‍ നിന്ന്‌ മൂന്ന്‌ പോയന്റ്‌ മാത്രം സമ്പാദ്യമുള്ള ഈസ്റ്റ്‌ ബംഗാള്‍ ടേബിളിലപ്പോള്‍ പന്ത്രണ്ടാം സ്ഥാനത്താണ്‌. തട്ടിമുട്ടിയുള്ള മൂന്ന്‌ സമനിലകളിലാണ്‌ മൂന്ന്‌ പോയന്റ്‌ ലഭിച്ചിരിക്കുന്നത്‌. ഇത്‌ വരെ ഒരു മല്‍സരം പോലും ജയിക്കാത്ത ടീമിനെ തേടി രണ്ട്‌ കൂറ്റന്‍ പരാജയങ്ങളുമെത്തിയിരുന്നു.
സീസണ്‍ തുടങ്ങിയത്‌ മുതല്‍ തോല്‍വികളുടെയും വിവാദങ്ങളുടെയും ലോകത്തായിരുന്ന ഈസ്‌റ്റ്‌ ബംഗാളിന്‌ ആകെ കിട്ടിയ നേട്ടമായിരുന്നു ബൂട്ടിയ. മോഹന്‍ ബഗാനില്‍ നിന്നും തെറ്റിപിരിഞ്ഞെത്തിയ ബൂട്ടിയയെ ഈസ്റ്റ്‌ ബംഗാളുകാര്‍ രണ്ട്‌ കൈയ്യും നീട്ടി സ്വീകരിച്ചെങ്കിലും പരുക്കില്‍ തളര്‍ന്ന ഇന്ത്യന്‍ നായകന്‌ ഐ ലീഗില്‍ രണ്ട്‌ മല്‍സരങ്ങള്‍ മാത്രമാണ്‌ കളിക്കാനായത്‌. ഒന്നിലും സ്‌ക്കോര്‍ ചെയ്യാനും കഴിഞ്ഞില്ല. കണങ്കാലിലെ പരുക്കില്‍ അടുത്ത രണ്ട്‌ മല്‍സരങ്ങള്‍ കൂടി ബൂട്ടിയക്ക്‌ നഷ്‌ടമാവാനാണ്‌ സാധ്യതകള്‍. കാലിലെ വേദന കാരണം ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ബാറ്റണ്‍ കൈമാറ്റ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടിട്ടും അദ്ദേഹത്തിന്‌ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
പരിശീലകനായി നിയോഗിതനായ ബെല്‍ജിയം സ്വദേശി ഫിലിപ്പ്‌ റൈഡര്‍ ഈ മാസം പത്തിനാണ്‌ ചുമതലയേല്‍ക്കുന്നത്‌. അത്‌ വരെ സുഭാഷ്‌ ഭൗമിക്കിന്റെ അസിസ്‌റ്റന്‍ഡായ തുഷാര്‍ രക്ഷിതിനാണ്‌ ചുമതല. റൈഡറും ബൂട്ടിയയും ഒരുമിക്കുമ്പോള്‍ ടീമിന്‌ ഉയരങ്ങളിലെത്താനാവുമെന്ന പ്രതീക്ഷ പുലര്‍ത്തിയ തുഷാര്‍ രക്ഷിത്‌ വിവ കേരളയെ അവരുടെ മൈതാനത്ത്‌ തളക്കുക എളുപ്പമുളള ജോലിയല്ല എന്ന സത്യവും അംഗീകരിക്കുന്നു.
വിദേശ താരങ്ങള്‍ നിലവാരത്തിനൊത്തുയരാത്തതാണ്‌ ടീമിന്റെ പ്രശ്‌നമായി നായകന്‍ നബി ചൂണ്ടിക്കാട്ടുന്നത്‌. അനുഭവസമ്പന്നനായ യൂസഫ്‌ യാക്കുബിനൊപ്പം ഓസ്‌ട്രേലിയയില്‍ നിന്നും മിഥോവിച്ച്‌, ഘാനയില്‍ നിന്ന്‌ ഹാരല്‍ ഹാന്നന്‍ എന്നിവരെല്ലാമുണ്ട്‌. പക്ഷേ ടീമെന്ന നിലയില്‍ ഒരുമിച്ച്‌ പൊരുതാന്‍ ഇവര്‍ക്കാവുന്നില്ല. യാക്കൂബ്‌ കൊല്‍ക്കത്താ സാള്‍ട്ട്‌ലെക്കില്‍ നടന്ന പോരാട്ടത്തില്‍ മോഹന്‍ ബഗാനെതിരെ രണ്ട്‌ തകര്‍പ്പന്‍ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം സാല്‍ഗോക്കറിനെതിരായ മല്‍സരത്തില്‍ മങ്ങി. കാലില്‍ പന്ത്‌ കിട്ടിയാല്‍ മാന്ത്രികനാവുന്ന യാക്കൂബ്‌ തിളങ്ങിയാല്‍ വിവയെ നിയന്ത്രിക്കാമെന്ന്‌ നബി കരുതുന്നു.
സീസണിന്റെ തുടക്കത്തില്‍ തന്നെ ഡ്യൂറാന്‍ഡ്‌ കപ്പിലും ഐ.എഫ്‌.എ ഷീല്‍ഡിലും തകര്‍ന്ന ഈസ്റ്റ്‌ ബംഗാളിന്‌ ഐ ലീഗിലെ ആദ്യ മല്‍സരം കന്നിക്കാരായ പൂനെ എഫ്‌.സിയുമായിട്ടായിരുന്നു. ബഗാനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ബൂട്ടിയയെ ലഭിച്ച സമയത്തായിരുന്നു പൂനെ എഫ്‌.സിയുമായുള്ള മല്‍സരം. പക്ഷേ ആ കളിയില്‍ ടീം ഗോളടിക്കാന്‍ മറന്നു. രണ്ടാം മല്‍സരത്തില്‍ മഹീന്ദ്രയോട്‌ 3-2 ന്‌ പരാജയപ്പെട്ടു. മൂന്നാം മല്‍സരം സ്വന്തം മൈതാനമായ സാള്‍ട്ട്‌ലെക്കില്‍ നടന്നിട്ടും ജെ.സി.ടിക്ക്‌ മുന്നില്‍ വിറച്ചു. നാലാം മല്‍സരത്തില്‍ ബദ്ധവൈരികളായ മോഹന്‍ ബഗാനോടായിരുന്നു വലിയ പരാജയം. അഞ്ച്‌ ഗോളുകളാണ്‌ ആ മല്‍സരത്തില്‍ നബിയുടെ ടീം വാങ്ങിയത്‌. മൂന്ന്‌ ഗോളുകള്‍ ടീം അടിച്ചെങ്കിലും ആ മല്‍സരത്തോടെ പരിശീലക സ്ഥാനത്ത്‌ നിന്ന്‌ സുഭാഷ്‌ ഭൗമിക്‌ തെറിച്ചു. തുഷാര്‍ രക്ഷിതിന്‌ കീഴില്‍ ഗോവയില്‍ സാല്‍ഗോക്കറുമായി കളിച്ചപ്പോഴും സമനിലയായിരുന്നു.
സമനിലകള്‍ ടീമിനെ തളര്‍ത്തുന്നതായി ക്യാപ്‌റ്റന്‍ സമ്മതിച്ചു. പൂര്‍ണ്ണ കരുത്തില്‍ ഇത്‌ വരെ കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സംശയമില്ലെന്ന്‌ സമ്മതിക്കുമ്പോഴും ഈസ്‌റ്റ്‌ ബംഗാളിനെ പോലെ ഒരു ടീം തപ്പിതടയുന്നതില്‍ നിരാശയുണ്ടെന്ന്‌ പറഞ്ഞ ബംഗാളുകാരന്‍ വിവ ശക്തരായ പ്രതിയോഗികളാണെന്നും സമ്മതിച്ചു. ഗോവയില്‍ നിന്നുമെത്തിയ ടീമിനെ സംഘാടക സമിതിക്ക്‌ വേണ്ടി സി.ജെ റോബിനും കൃഷ്‌ണകുമാറും സ്വീകരിച്ചു. ടീം ഇന്ന്‌ വൈകീട്ട്‌ മൈതാനത്ത്‌ പരിശീലനം നടത്തും. നാളെ വൈകീട്ട്‌ 6-30 നാണ്‌ മല്‍സരം. ടിക്കറ്റുകള്‍ അന്ന്‌ രാവിലെ പത്ത്‌ മുതല്‍ കെ.ഡി.എഫ്‌.എ കൗണ്ടറില്‍ നിന്നും ലഭിക്കും.
മഹീന്ദ്ര തളര്‍ന്നു
മുംബൈ: ഐ ലീഗ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സ്വന്തം മൈതാനമായിട്ടും ജെ.സി.ടി മില്‍സിനെതിരെ മഹീന്ദ്ര യുനൈറ്റഡ്‌ ഗോളടിക്കാന്‍ മറന്നു. കൂപ്പറേജില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ കോച്ചായി തെരഞ്ഞെടുക്കപ്പെട്ട ജെ.സി.ടി പരിശീലകന്‍ സുഖ്‌വീന്ദര്‍ സിംഗ്‌ പടിയിറങ്ങും മുമ്പ്‌ സ്വന്തം ക്ലബിന്‌ ഒരു വിജയം സമ്മാനിക്കാന്‍ സമര്‍ത്ഥമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പക്ഷേ ഫലവത്തായില്ല. ഇരു പകുതികളിലായി ആറോളം സുവര്‍ണ്ണാവസരങ്ങള്‍ പാഴാക്കിയ മഹിന്ദ്രക്കായി മൈതാനം നിറഞ്ഞ്‌ കളിച്ച സുബൈര്‍ അലിയാണ്‌ കളിയിലെ കേമന്‍.
ടീമിന്റെ പ്രകടനത്തില്‍ കോച്ച്‌ ഡേവിഡ്‌ ബൂത്ത്‌ നിരാശനാണ്‌. ജയിച്ചിരുന്നെങ്കില്‍ ഡെംപോ, ചിരാഗ്‌ എന്നിവരെ പിറകിലാക്കി ടേബിളില്‍ ഒന്നാം സ്ഥാനത്ത്‌ എത്താന്‍ ടീമിന്‌്‌ കഴിയുമായിരുന്നു. ആറ്‌ കളികളില്‍ നിന്നായി ഇപ്പോള്‍ പത്ത്‌ പോയന്റാണ്‌ ടീമിന്റെ സമ്പാദ്യം. ഇന്നലെ സുബൈര്‍ അലി, ഡിഫന്‍ഡര്‍മാരായ ഡെന്‍സില്‍ ഫ്രാങ്കോ, ഡി.രവണന്‍ എന്നിവരുടെ സേവനം ടീമിന്‌ ലഭിച്ചിരുന്നു. അവസാന മല്‍സരത്തില്‍ സസ്‌പെന്‍ഷന്‍ കാരണം ഇവര്‍ക്ക്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. സുബൈര്‍ പൊരുതി നിന്നിട്ടും വേണ്ട പിന്തുണ മധ്യനിരക്കാരില്‍ നിന്നും ലഭിച്ചില്ല. ഈ സീസണില്‍ ജെ.സി.ടിക്കായി കരുത്ത്‌ പ്രകടിപ്പിക്കുന്ന ബാല്‍ജിംത്‌ സിംഗ്‌ സാഹ്നിക്ക്‌ ഇന്നലെ മോശം ദിനമായതും മഹീന്ദ്രയുടെ ഭാഗ്യമായി. ആറ്‌ കളികളില്‍ നിന്ന്‌ ആറ്‌ ഗോളുകളാണ്‌ ഇതിനകം സാഹ്‌നി സ്‌ക്കോര്‍ ചെയ്‌തത്‌.
ഐ ലീഗില്‍ ഇന്ന്‌ രണ്ട്‌ മല്‍സരങ്ങള്‍
എയര്‍ ഇന്ത്യ-ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌
പൂനെ എഫ്‌.സി-ഡെംപോ ഗോവ

ടോപ്‌ ഗണ്ണേഴ്‌സ്‌
ലണ്ടന്‍: ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ ടോട്ടനെതിരെ ആഴ്‌സനല്‍ നടത്തിയത്‌. തുടക്കത്തില്‍ തുല്യതയിലായ മല്‍സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിലാണ്‌ ആഴ്‌സനല്‍ അരങ്ങ്‌ തകര്‍ത്തത്‌. ഇടവേളക്ക്‌ ഒരു മിനുട്ട്‌ ശേഷിക്കുമ്പോഴായിരുന്നു ആദ്യ ഗോള്‍. റോബിന്‍ വാന്‍ പര്‍സിയുടെ മുന്നേറ്റത്തില്‍ നിന്നും വലയുടെ ഇടത്‌ മൂലയില്‍ പന്തെത്തി. സെക്കന്‍ഡുകള്‍ക്കകം തികച്ചും അപ്രതിക്ഷിതമായി ഗണ്ണേഴ്‌സ്‌ രണ്ടാം ഗോളും നേടി. സെസ്‌ക്‌ ഫാബ്രിഗസായിരുന്നു സ്‌ക്കോറര്‍. പതിനഞ്ച്‌ വാര അകലെ നിന്നുളള മിന്നല്‍ ഷോട്ടില്‍ ടോട്ടന്‍ ഗോള്‍ക്കീപ്പര്‍ നിസ്സഹായനായി. രണ്ടാം പകുതിയില്‍ ആഴ്‌സനലിന്റെ വിജയമുറപ്പിച്ച ഗോള്‍ വാന്‍ പര്‍സി തന്നെ സ്വന്തമാക്കി. എഡ്വാര്‍ഡോയെ ഫൗള്‍ ചെയ്‌തതിന്‌ അനുവദിക്കപ്പെട്ട ഫ്രി കിക്കാണ്‌ പര്‍സി ഗോളാക്കി മാറ്റിയത്‌. വിജയത്തോടെ പത്ത്‌ മല്‍സരങ്ങളില്‍ നിന്നായി 22 പോയന്റുമായി ആഴ്‌സനല്‍ ടേബിളില്‍ ചെല്‍സിക്ക്‌ പിറകെ രണ്ടാം സ്ഥാനത്തെത്തി. 22 പോയന്റുളള ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ രാത്രിയില്‍ ബ്ലാക്‌ബേര്‍ണുമായി കളിക്കുന്നുണ്ട്‌.

യൂറോപ്പില്‍ ഇന്ന്‌
പ്രീമിയര്‍ ലീഗ്‌: ബിര്‍മിംഗ്‌ഹാം സിറ്റി-മാഞ്ചസ്റ്റര്‍ സിറ്റി.
സ്‌പാനിഷ്‌ ലീഗ്‌: ഡിപ്പോര്‍ട്ടീവോ-സ്‌പോര്‍ട്ടിംഗ്‌ ഗിജോണ്‍, എസ്‌പാനിയോള്‍ -വല്ലഡോളിഡ്‌, മലാഗ-വലന്‍സിയ, മയോര്‍ക്ക-റേസിംഗ്‌ സാന്‍ഡര്‍, റയല്‍ സരഗോസ-അല്‍മേരിയ, വില്ലാ റയല്‍-ടെനറിഫെ.
ഇറ്റാലിയന്‍ ലീഗ്‌: കാഗിലാരി-അറ്റ്‌ലാന്റ, ചിവിയോ-ഉദിനസ്‌, ഫിയോറന്റീന-കറ്റാനിയ, ലിവോര്‍ണോ-ഇന്റര്‍ മിലാന്‍, പലെര്‍മോ-ജിനോവ, റോമ-ബോളോഗ്ന, സാംപദോറിയോ-ബാരി, സിയന്ന-ലാസിയോ.

ക്രിക്കറ്റ്‌
ന്യൂഡല്‍ഹി: ഫിറോസ്‌ ഷാ കോട്‌ലയിലെ മഞ്ഞിലും ഇന്ത്യക്ക്‌ വിജയസ്‌മിതം. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരം ആറ്‌ വിക്കറ്റിന്‌ സ്വന്തമാക്കി ഇന്ത്യ ഏഴ്‌ മല്‍സര പരമ്പരയില്‍ 2-1 ന്‌ ലീഡ്‌ നേടി. ടോസ്‌ നേടി ആദ്യം ബാറ്റ്‌്‌ ചെയ്‌ത ഓസീസ്‌ 235 റണ്‍സാണ്‌ നേടിയത്‌. മൈക്‌ ഹസിയുടെ കരുത്തില്‍ പിറന്ന ഈ സ്‌ക്കോറിനെ ഇന്ത്യ മറികടന്നത്‌ നായകന്‍ എം. എസ്‌ ധോണിയുടെയും യുവരാജ്‌ സിംഗിന്റെയും മികവില്‍. മൂന്ന്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌്‌ വീണ ശേഷം ധോണി-യുവി സഖ്യത്തിന്റെ കോട്ട തകര്‍ക്കാന്‍ ഓസീസ്‌ ബൗളര്‍മാര്‍ക്കായില്ല. 148 റണ്‍സാണ്‌ നാലാം വിക്കറ്റില്‍ ഇവര്‍ നേടിയത്‌. നിറഞ്ഞ്‌ കവിഞ്ഞ സ്‌റ്റേഡിയത്തെ സാക്ഷിയാക്കി നടന്ന മല്‍സരത്തിലെ ഹീറോ ധോണി തന്നെയായിരുന്നു.
ഓസീസ്‌ ഇന്നിംഗ്‌സില്‍ നിറഞ്ഞു നിന്നത്‌ അനുഭവസമ്പന്നനായ മൈക്‌ ഹസിയാണ്‌. ബറോഡയിലും നാഗ്‌പ്പൂരിലും ഇന്ത്യന്‍ സ്‌പിന്നര്‍മാരെ സധൈര്യം നേരിടുന്നതില്‍ സാഹസിക മിടുക്ക്‌ കാണിച്ച ഹസി ഫിറോസ്‌ ഷാ കോട്‌ലയിലെ പ്രതികൂല സാഹചര്യത്തിലും ഇന്ത്യയുടെ നാല്‌ സ്‌പിന്നര്‍മാരെ പ്രതിരോധിച്ച്‌ പുറത്താവാതെ നേടിയ 81 റണ്‍സ്‌ അദ്ദേഹത്തിന്റെ ഏകദിന ഇന്നിംഗ്‌സുകളിലെ ഏറ്റവും മികച്ച ഒന്നായിരുന്നു. പരുക്കില്‍ തളര്‍ന്ന ഓസ്‌ട്രേലിയക്ക്‌ അനുഭവ സമ്പന്നരായ റിക്കി പോണ്ടംഗ്‌, ഷെയിന്‍ വാട്ട്‌സണ്‍, മൈക്‌ ഹസി എന്നിവരിലായിരുന്നു കാര്യമായ പ്രതീക്ഷകള്‍. മൂന്ന്‌ പേരും കോട്‌ലയിലെ പിച്ചിനെ ബഹുമാനിച്ച്‌ കളിച്ചപ്പോള്‍ 227 റണ്‍സാണ്‌ നേടാനായത്‌. നേരത്തെ ടോസ്‌ ലഭിച്ചപ്പോള്‍ പോണ്ടിംഗ്‌ പറഞ്ഞത്‌ 220 റണ്‍സിനപ്പുറം നേടാനായാല്‍ അത്‌ നല്ല സ്‌ക്കോറായിരിക്കുമെന്നാണ്‌. ആ ലക്ഷ്യത്തിലേക്കാണ്‌ അദ്ദേഹം കളിച്ചതും.
327 ഏകദിനങ്ങള്‍ കളിച്ചിട്ടുളള പോണ്ടിംഗ്‌ ഇത്‌ രണ്ടാം തവണ ഓപ്പണറുടെ കുപ്പായത്തില്‍ കളിച്ചത്‌ സവിശേഷതയായിരുന്നു. വിക്കറ്റ്‌ കീപ്പറും ഓപ്പണറുമായ ടീം പെയിനെ പരുക്കേറ്റ്‌ മടങ്ങിയ സാഹചര്യത്തില്‍ ഷോണ്‍ മാര്‍ഷിനായിരിക്കും ഓപ്പണറുടെ കുപ്പായം എന്നാണ്‌ കരുതിയത്‌. എന്നാല്‍ മാര്‍ഷ്‌ ഓപ്പണറായാല്‍ മധ്യനിരക്ക്‌ അനുഭവസമ്പത്ത്‌ കുറയുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ്‌ പോണ്ടിംഗ്‌ വാട്ട്‌സണൊപ്പം തുടക്കത്തില്‍ തന്നെ വന്നത്‌. പിച്ചിനെ പേടിച്ചുള്ള ഇന്നിംഗ്‌സായിരുന്നു ഓപ്പണര്‍മാര്‍ നടത്തിയത്‌. കാര്യമായ സാഹസത്തിന്‌ മുതിരാതെ പൊരുതിയുള്ള ഇന്നിംഗ്‌സില്‍ പോണ്ടിംഗിന്‌ അര്‍ദ്ധസെഞ്ച്വറി പിന്നിടാനായി.
പാഡ്‌ കൊണ്ടായിരുന്നു പോണ്ടിംഗ്‌ ബാറ്റിംഗ്‌. മുന്‍ പാദത്തില്‍ പാഡുയര്‍ത്തിയുള്ള അദ്ദേഹത്തിന്റെ അപരിചിതമായ ഇന്നിംഗ്‌സില്‍ പക്ഷേ ചില നല്ല ഷോട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ സീമര്‍മാര്‍ ലെഗ്‌ ബിഫോര്‍ അപ്പിലുകള്‍ നിരന്തരം നടത്തിയെങ്കിലും സ്‌പിന്നര്‍മാര്‍ വന്നപ്പോഴാണ്‌ കളി മാറിയത്‌. ഓസീസ്‌ ഇന്നിംഗ്‌സ്‌ പതിനേഴാം ഓവറിലെത്തിയപ്പോള്‍ യുവരാജ്‌ സിംഗിന്റെ പന്തില്‍ വാട്ട്‌സണ്‍ പുറത്തായി. 72 റണ്‍സ്‌ ഒന്നാം വിക്കറ്റില്‍ പോണ്ടിംഗിനൊപ്പം നേടിയ ശേഷമായിരുന്നു വാട്ട്‌സണ്‍ പുറത്തായത്‌. പിറകെ 128 ല്‍ പോണ്ടിംഗും മടങ്ങി. ജഡേജക്കായിരുന്നു ഓസീസ്‌ നായകന്റെ വിലപ്പെട്ട വിക്കറ്റ്‌. മൈക്‌ ഹസി ഒരു ഭാഗത്ത്‌ പോരാട്ടം തുടര്‍ന്നപ്പോള്‍ ക്രെയിഗ്‌ വൈറ്റ്‌ പൂജ്യനായി. വോഗ്‌സിനും ഹെന്‍ട്രിക്‌സിനും സ്‌പിന്നര്‍മാരെ നേരിട
ാനായില്ല. ഒമ്പത്‌ ഓവര്‍ എറിഞ്ഞ ജഡേജ 41 റണ്‍സിന്‌ രണ്ട്‌ പേരെ പുറത്താക്കിയപ്പോള്‍ സീമര്‍മാര്‍ക്ക്‌ ഇരകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കോട്‌ലയില്‍ രാത്രിയിലുള്ള ഇന്ത്യന്‍ ബാറ്റിംഗ്‌ ദുഷ്‌ക്കരമായിരുന്നു. സേവാഗ്‌-സച്ചിന്‍ സഖ്യം 37 ല്‍ തകര്‍ന്നു. മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ സേവാഗ്‌ സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ നിസ്സഹായനായി. 51 ല്‍ സച്ചിന്‍ റണ്ണൗട്ടായത്‌ അടുത്ത ആഘാതമായി. 32 റണ്‍സുമായി ഫോമില്‍ കളിച്ച മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ രണ്ട്‌ ബൗണ്ടറികള്‍ നേടിയിരുന്നു. ഗാംഭിറിനെ ഹൗറിറ്റ്‌സ്‌ വേഗത്തില്‍ പുറത്താക്കിയപ്പോള്‍ പിച്ച്‌ ഇന്ത്യക്ക്‌ മുന്നില്‍ വില്ലനാവുമെന്ന്‌ തോന്നി. അവിടെ വെച്ചാണ്‌ നായകന്‍ ധോണിയും ഉപനായകന്‍ യുവരാജും ഒരുമിച്ചത്‌.
സ്‌ക്കോര്‍ക്കാര്‍ഡ്‌
ഓസ്‌ട്രേലിയ: വാട്ട്‌സണ്‍-സ്‌റ്റംമ്പ്‌ഡ്‌ ധോണി-ബി-യുവരാജ്‌-41, പോണ്ടിംഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-ജഡേജ-59, ഹസി-നോട്ടൗട്ട്‌-81,വൈറ്റ്‌-സി-ധോണി-ബി-റൈന-0,വോഗ്‌സ്‌-സി-പ്രവീണ്‍-ബി-ഹര്‍ഭജന്‍-17, ഹെന്‍ട്രിക്‌സ്‌-ബി-ജഡേജ-12, മിച്ചല്‍-നോട്ടൗട്ട്‌-9, എക്‌സട്രാസ്‌ 10, ആകെ അഞ്ച്‌ വിക്കറ്റിന്‌ 229. വിക്കറ്റ്‌ പതനം: 1-72( വാട്ടസണ്‍), 2-128 (പോണ്ടിംഗ്‌), 3-129 (വൈറ്റ്‌), 4-172 (വോഗ്‌സ്‌), 5-200 (ഹെന്‍ട്രിക്‌സ്‌), ബൗളിംഗ്‌: പ്രവീണ്‍ 5-1-16-0, നെഹ്‌റ 9-0-51-0, ഇഷാന്ത്‌ 5-0-24-0, ജഡേജ 9-1-41-2, ഹര്‍ഭജന്‍ 10-0-37-1, യുവരാജ്‌ 8-0-30-1, റൈന 4-0-23-1. ഇന്ത്യ: സേവാഗ്‌ -ബി-മിച്ചല്‍-11, സച്ചിന്‌-റണ്ണൗട്ട്‌-32, ഗംഭീര്‍-ബി-ഹൗറിറ്റ്‌സ്‌-6, യുവി-എല്‍.ബി.ഡബ്ല്യ-ബി-ഹെന്‍ട്രിക്‌സ്‌-78, ധോണി-നോട്ടൗട്ട്‌-710, റൈന-നോട്ടൗട്ട്‌-95, എക്‌സ്‌ട്രാസ്‌-24, ആകെ നാല്‌ വിക്കറ്റിന്‌ 230. വിക്കറ്റ്‌ പതനം: 1-37 (സേവാഗ്‌), 2-51 (സച്ചിന്‍), 3-53 (ഗാംഭീര്‍), 4-201 (യുവി). ബൗളിംഗ്‌: മിച്ചല്‍ 9.2-2-43-1. സിഡില്‍ 10-0-41-0, ബൊളിഗ്‌നര്‍ 10-0-25-0, ഹെന്‍ട്രിക്‌സ്‌ 8-0-51-1, ഹൗറിറ്റ്‌സ്‌ 10-0-48-1, വോഗ്‌സ്‌ 1-0-13-0.

Friday, October 30, 2009

OFFER ZAKEER


സക്കീര്‍ കണ്‍ഫ്യൂഷനില്‍
കോഴിക്കോട്‌: വിവ കേരളയുടെ നായകന്‍ എം.പി സക്കീര്‍ ആകെ കണ്‍ഫ്യൂഷനിലാണ്‌....! ഓഫറുകളുടെ പെരുമഴക്കാലത്തില്‍ ഇരുപത്തിമൂന്നുകാരനായ മധ്യനിരക്കാരന്‍ മുന്നോട്ടുള്ള വ്യക്തമായ വഴി തേടുന്ന തിരക്കിലാണിപ്പോള്‍. ഐ ലീഗ്‌ ഫുട്‌ബോളില്‍ സക്കീര്‍ പ്രകടിപ്പിക്കുന്ന മികവില്‍ അദ്ദേഹത്തിന്‌ വന്‍ ഓഫറുകളുടെ കാലമാണിപ്പോള്‍... നിലവിലെ ഐ ലീഗ്‌ ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്നും നിത്യേന വിളികളാണ്‌ സക്കീറിന്‌.. സാല്‍ഗോക്കറും ചിരാഗ്‌ യുനൈറ്റഡും മോഹവിലകള്‍ പറഞ്ഞിട്ടുണ്ട്‌. അതിനിടെ കെ.എസ്‌.ഇ.ബി യില്‍ നിന്നും നിയമന ഉത്തരവും വന്നിരിക്കുന്നു... ചെറിയ പ്രായത്തില്‍ തന്നെ തനിക്ക്‌ നായകപദവി ഉള്‍പ്പെടെ എല്ലാ പിന്തുണയും നല്‍കുന്ന വിവ വിട്ടുപോവാനും മനസ്സ്‌ അനുവദിക്കുന്നില്ല....
ഇന്നലെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ്‌ ചന്ദ്രികയുമായി മനസ്സ്‌ തുറക്കവെ രാജ്യത്തിനായി കളിക്കുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്ന നാളുകള്‍ അതിവിദൂരമല്ലെന്ന വിശ്വാസമാണ്‌ സക്കീര്‍ പ്രകടിപ്പിച്ചത്‌. സാഫ്‌ കപ്പിനും ഏ.എഫ്‌.സി ചാലഞ്ച്‌ കപ്പിനും ഏഷ്യന്‍ ഗെയിംസിനുമുളള ഇന്ത്യന്‍ അണ്ടര്‍ 23 ടീമിലേക്കുള്ള ക്ഷണവും കാത്തിരിക്കുന്ന അരിക്കോട്ടുകാരനിലെ ഫുട്‌ബോളര്‍ക്ക്‌ ഏത്‌ ഉയരവും കീഴടക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വിവയുടെ പരിശീലകന്‍ ഏ.എം ശ്രീധരനും സംശയമില്ല.
ഐ ലീഗ്‌ ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സുമായിട്ടായിരുന്നു ഐ ലീഗില്‍ ഇത്തവണ വിവയുടെ ആദ്യ മല്‍സരം. രണ്ട്‌ ഗോളിന്‌ പരാജയപ്പെട്ട ആ മല്‍സരത്തിന്‌ ശേഷമാണ്‌ ചര്‍ച്ചില്‍ അലിമാവോയുടെ സംഘം സക്കീറിനെ നോട്ടമിട്ടത്‌. ഗോവയിലെ വാസ്‌ക്കോയിലുളള തിലക്‌ മൈതാനത്താണ്‌ വിവ കളിച്ചത്‌. ആ മല്‍സരത്തിന്‌ ശേഷം സാല്‍ഗോക്കറില്‍ നിന്നും ക്ഷണമുണ്ടായി. ചിരാഗ്‌ യുനൈറ്റഡുമായി കോഴിക്കോട്ട്‌ നടന്ന കളിയിലെ കേമന്‍ സക്കീറായിരുന്നു. ചിരാഗുകാര്‍ക്കും സക്കീറിനെ അതിയായി ഇഷ്‌ടപ്പെട്ടു. അവരും ഇപ്പോള്‍ പിറകെയുണ്ട്‌. വലിയ ഓഫറുകളാണ്‌ രണ്ട്‌ ക്ലബുകളും നല്‍കിയിരിക്കുന്നത്‌. അതിനിടെയാണ്‌ കെ.എസ്‌.ഇ.ബി നിയമന ഉത്തരവും നല്‍കിയിരിക്കുന്നത്‌.
വിവയുടെ എല്ലാമാണ്‌ സക്കീര്‍. ഈ പ്ലേ മേക്കറെ ആശ്രയിച്ചാണ്‌ ടീം മുന്നേറുന്നത്‌ തന്നെ. തിങ്കളാഴ്‌ച്ച ഈസ്‌റ്റ്‌ ബംഗാളിനെതിരെ നടക്കുന്ന മല്‍സരത്തില്‍ സസ്‌പെന്‍ഷന്‍ കാരണം സക്കീറിന്‌ കളിക്കാനാവാത്ത പ്രശ്‌നത്തില്‍ ഇപ്പോള്‍ തന്നെ വേവലാതി പുലര്‍ത്തുന്ന കോച്ച്‌ ശ്രീധരന്‌ തന്റെ നായകനെ വിട്ടുകൊടുക്കാന്‍ തെല്ലും താല്‍പ്പര്യമില്ല. പക്ഷേ വിവയെ പോലുളള ചെറിയ ടീമുകള്‍ നേരിടുന്ന വലിയ പ്രശ്‌നമാണിതെന്ന്‌ ടീം മാനേജ്‌മെന്റ്‌്‌ പറയുന്നു. വിവയിലുടെ വളര്‍ന്ന പല താരങ്ങളും ഇപ്പോള്‍ വന്‍കിട ക്ലബുകളുടെ താരങ്ങളാണ്‌. സലീലും ലാലുവുമെല്ലാം വിവയില്‍ നിന്നും ചേക്കേറിയിപ്പോള്‍ ഒ.എന്‍.ജി.സിക്കായി കളിക്കുന്നു. ചിരാഗിന്റെ നായകന്‍ ഡെന്‍സണ്‍ ദേവദാസിനെ പോലുളളവരും വിവയുടെ താരങ്ങളായിരുന്നു. രാജ്യത്തിന്റെ നിറമണിയണമെങ്കില്‍ കൊല്‍ക്കത്തയിലെയും ഗോവയിലെയും വലിയ ടീമുകളില്‍ കളിക്കണമെന്ന സത്യം സക്കീര്‍ തിരിച്ചറിയുന്നുണ്ട്‌. അദ്ദേഹത്തിന്‌ ക്ഷീണമായത്‌ മോഹന്‍ ബഗാനെതിരെ കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ കളിക്കാന്‍ കഴിയാത്തതാണ്‌. പനി മൂലം അന്ന്‌ നാട്ടിലേക്ക്‌ മടങ്ങാന്‍ സക്കീറും ഗോള്‍ക്കീപ്പര്‍ ഷാഹിന്‍ലാലും നിര്‍ബന്ധിതരായി. ബഗാനെതിരെ കളിച്ചിരുന്നെങ്കില്‍ തനിക്ക്‌ ഇന്ത്യന്‍ ക്യാമ്പിലേക്ക്‌ ക്ഷണം ലഭിക്കുമായിരുന്നുവെന്ന്‌ വിശ്വസിക്കുന്ന സക്കീറിന്‌ ഈസ്‌റ്റ്‌ ബംഗാളിനെതിരായ മല്‍സരം നഷ്ടമാവുന്നതില്‍ നിരാശയുണ്ട്‌. വലിയ മല്‍സരങ്ങള്‍ നിര്‍ഭാഗ്യകരമായി നഷ്ടമാവുമ്പോള്‍ ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ വരാന്‍ കഴിയാത്തത്‌ വലിയ വേദനയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ചിരാഗിനെതിരായ മല്‍സരത്തില്‍ വെറുതെയാണ്‌ റഫറി മഞ്ഞക്കാര്‍ഡ്‌ ഉയര്‍ത്തിയതെന്ന്‌ സക്കീര്‍ പറയുന്നു. അര്‍ഹമായ പെനാല്‍ട്ടി നിഷേധിച്ചപ്പോള്‍ നായകന്‍ എന്ന നിലയില്‍ റഫറിയോട്‌ കാര്യം ചോദിച്ചതിനായിരുന്നു ബുക്കിംഗ്‌. സ്‌പോര്‍ട്ടിംഗിനെതിരായ മല്‍സരത്തിലും താന്‍ മഞ്ഞകാര്‍ഡ്‌ ലഭിക്കാന്‍ മാത്രമുളള ഫൗള്‍ ചെയ്‌തതായി സക്കീര്‍ കരുതുന്നില്ല.
വിവയുടെ പ്രകടനത്തില്‍ നായകന്‍ സംതൃപ്‌തനാണ്‌. ആദ്യ മൂന്ന്‌ മല്‍സരങ്ങളില്‍ പരാജയപ്പെട്ടത്‌ നിര്‍ഭാഗ്യം മൂലമാണ്‌. ഇപ്പോള്‍ ആദ്യ വിജയം ലഭിച്ചിരിക്കുന്നു. ഇനി ടീമിന്‌ മുന്നേറാനാവും. റൂബന്‍ ഫോമിലായിട്ടുണ്ട്‌. പിന്‍നിരയില്‍ ബെല്ലോ റസാക്കും സംഘവുമുണ്ട്‌. തായ്‌ലാന്‍ഡുകാരനായ വിസൂതിന്റെ സേവനുമാവുമ്പോള്‍ പേടിക്കാനില്ലെന്ന്‌ പറയുമ്പോഴും ഈസ്‌റ്റ്‌ ബംഗാളിനെതിരായ മല്‍സരം പുറത്തിരുന്ന കാണേണ്ടതിന്റെ വേദനയിലാണ്‌ സക്കീര്‍.
വെടിനിര്‍ത്തി
ലണ്ടന്‍: സുരേഷ്‌ കല്‍മാഡി ഇനി മുതല്‍ ഡീസന്റാണ്‌....! മൈക്‌ ഹൂപ്പറുമായോ, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷനിലെ ആരുമായോ അദ്ദേഹത്തിന്‌ ഇനി ശത്രുതയില്ല. അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ മനോഹരമായി നടത്തണമെന്നത്‌ മാത്രമാണ്‌ അദ്ദേഹത്തിന്റെ അഭിലാഷം. അതിനായി പഴയതെല്ലാം മറക്കാന്‍ കല്‍മാഡി തീരുമാനിച്ചിരിക്കുന്നു. തന്റെ തീരുമാനം ഇന്നലെ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്‌തു. എന്താണ്‌ മനം മാറ്റത്തിന്‌ കാരണമെന്ന്‌ ചോദിച്ചപ്പോള്‍ എല്ലാം നല്ലതിന്‌ മാത്രമാണെന്ന മറുപടിയും നല്‍കിയ അദ്ദേഹത്തിന്റെ ലക്ഷ്യത്തില്‍ ഇനി ഗെയിംസ്‌ മാത്രമാണ്‌. രണ്ടാഴ്‌ച്ച മുമ്പാണ്‌ അദ്ദേഹം ഗെയിംസ്‌ സി.ഇ.ഒ ആയ ഹൂപ്പര്‍ക്കെതിരെ ഉറഞ്ഞുതുള്ളിയത്‌. ഹൂപ്പറിനെ വെച്ച്‌ ഗെയിംസ്‌ നടത്താനാവില്ലെന്ന്‌ പറയാന്‍ മോശമായ വാക്കുകളാണ്‌ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ തലവന്‍ ഉപയോഗിച്ചത്‌. അതിന്‌ ശേഷം ലളിത്‌ ഭാനോട്ടിനെ ഉപയോഗപ്പെടുത്തി ഹൂപ്പറിനെ അപമാനിക്കാനും ശ്രമമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ബാറ്റണ്‍ കൈമാറ്റ ചടങ്ങിനെത്തിയപ്പോള്‍ കേന്ദ്ര കായികമന്ത്രി എം.എസ്‌ ഗില്ലിന്റെ സാന്നിദ്ധ്യത്തില്‍ കല്‍മാഡിയും ഗെയിംസ്‌ ഫെഡറേഷന്‍ പ്രസിഡണ്ട്‌ മൈക്‌ ഹെന്നിനും മൈക്‌ ഹൂപ്പറും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ യോഗത്തിലാണ്‌ വെടിനിര്‍ത്താന്‍ തീരുമാനിച്ചത്‌.
സുഖ്‌വീന്ദറിന്‌ പുതിയ ദൗത്യം
മുംബൈ: പതിനേഴ്‌ വര്‍ഷമായി ജെ.സി.ടി മില്‍സ്‌ ഫഗ്‌വാരയുടെ പരിശീലകനായിരുന്ന സുഖ്‌വീന്ദര്‍ സിംഗ്‌ തല്‍ക്കാലം ക്ലബ്‌ വിടുന്നു. അദ്ദേഹത്തിന്‌ പുതിയ ജോലി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ്‌ മാറ്റം. സാഫ്‌ കപ്പിനും ഏ.എഫ്‌.സി ചാലഞ്ച്‌ കപ്പിനും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ അണ്ടര്‍ 23 ടീമിന്റെ പരിശീലകനായി സുഖ്‌വീന്ദറിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തതിന്‌ പിറകെയാണ്‌ അദ്ദേഹം ക്ലബ്‌ വിടാന്‍ തീരുമാനിച്ചത്‌. ദേശീയ സീനിയര്‍ ടീമിന്റെ പരിശീലകനായിരുന്ന സുഖ്‌വിന്ദറിനെ 2005 ലാണ്‌ കാരണമില്ലതെ ഫെഡറേഷന്‍ പുറത്താക്കിയത്‌. അതിന്‌ ശേഷം ക്ലബുമായി കഴിഞ്ഞ സുഖ്‌വീന്ദറിനെ വീണ്ടും തിരിച്ചുവിളിക്കാന്‍ കാരണം ദേശീയ കോച്ച്‌ ബോബ്‌ ഹൂട്ടന്റെ ശുപാര്‍ശയാണ്‌. വരാനിരിക്കുന്ന മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ അണ്ടര്‍ 23 ടീമിനെ അയക്കാനാണ്‌ ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പുതിയ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്‌. ടീമിന്റെ ക്യാമ്പ്‌ അടുത്ത മാസം 11 മുതല്‍ ഗോവയില്‍ ആരംഭിക്കും. മലയാളികളായി മഹീന്ദ്ര യുനൈറ്റഡിന്റെ എന്‍.പി പ്രദീപ്‌, വിവ കേരളയുടെ സബിത്ത്‌ എന്നിവരാണ്‌ ക്യാമ്പുിലുളളത്‌. ഇവരില്‍ സബിത്ത്‌ പരുക്കുമായി ചികില്‍സയിലാണ്‌. അദ്ദേഹത്തിന്‌ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.
ഇന്ന്‌ ഐ ലീഗ്‌ ഫുട്‌ബോളില്‍ ജെ.സി.ടി മഹീന്ദ്ര യുനൈറ്റഡുമായി കളിക്കുന്നുണ്ട്‌. ഈ മല്‍സരത്തില്‍ ജെ.സി.ടിക്കൊപ്പം സുഖിയുണ്ടാവും. അതിന്‌ ശേഷം പരിശീലക സ്ഥാനം അദ്ദേഹം പര്‍മീന്ദര്‍ സിംഗിന്‌ കൈമാറും. ജെ.സി.ടി വിടുന്നതില്‍ വലിയ സങ്കടമുണ്ടെന്നും എന്നാല്‍ പുതിയ കരാര്‍ കാലാവധി ഒരു വര്‍ഷമാണെന്നും അതിന്‌ ശേഷം തനിക്ക്‌ ക്ലബിലേക്ക്‌ തിരിച്ചുവരാന്‍ കഴിയുമെന്നുമാണ്‌ അദ്ദേഹം കരുതുന്നത്‌.

ലീ മടങ്ങുന്നു
ഡല്‍ഹി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മല്‍സരങ്ങളിലും ഓസീസ്‌ ഫാസ്‌റ്റ്‌ ബൗളര്‍ ബ്രെട്ട്‌ ലീക്ക്‌ കളിക്കാന്‍ കഴിയില്ല. കൈക്കുഴയിലെ പരുക്ക്‌ കാരണം അദ്ദേഹം ഇന്ന്‌ നാട്ടിലേക്ക്‌ മടങ്ങും. വിന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ്‌ പരമ്പരയും ചിലപ്പോള്‍ ലീക്ക്‌ നഷ്ടമാവും. ഇന്ത്യക്കെതിരെ ബറോഡയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ മാത്രമാണ്‌ ലീ കളിച്ചത്‌.

ഡല്‍ഹി ഷോ
ന്യൂഡല്‍ഹി: ഇന്ന്‌ ഫിറോസ്‌ ഷാ കോട്‌ലയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം അങ്കം. പകല്‍ രാത്രി മല്‍സരത്തില്‍ പരുക്കില്‍ വിയര്‍ത്തുനില്‍ക്കുകയാണ്‌ റിക്കി പോണ്ടിംഗിന്റെ സംഘം. ബ്രെട്ട്‌ ലീയും ജെയിംസ്‌ ഹോപ്‌സും ടീം പെയിനെയും മൈക്കല്‍ ക്ലാര്‍ക്കുമൊന്നുമില്ലാതെ വലഞ്ഞിരിക്കുന്ന സംഘത്തിലേക്ക്‌ പുതിയ താരമായി രണ്ട്‌ പേര്‍ വന്നിട്ടുണ്ട്‌. വിക്കറ്റ്‌ കീപ്പര്‍ ഗ്രഹാം മനോയും മോയിസസ്‌ ഹെന്‍ട്രിക്‌സും. രണ്ട്‌ പേരും ഇന്നലെ ഉച്ചതിരിഞ്ഞാണ്‌ എത്തിയത്‌. ഇവരില്‍ ഗ്രഹാം ഇന്ന്‌ കളിക്കും. ഏഴ്‌ മല്‍സരങ്ങല്‍ ദീര്‍ഘിക്കുന്ന പരമ്പരയിപ്പോള്‍ 1-1 ലാണ്‌. ബറോഡയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ നാല്‌ റണ്‍സിന്‌ പരാജയപ്പെട്ട ഇന്ത്യ നാഗ്‌പ്പൂരില്‍ 99 റണ്‍സിന്‌ തിരിച്ചടിച്ചിരുന്നു.
ഇന്ന്‌ ഇന്ത്യന്‍ സംഘത്തില്‍ മാറ്റമില്ലെന്ന്‌ ക്യാപ്‌റ്റന്‍ എം.എസ്‌ ധോണി അറിയിച്ചു. സച്ചിന്‌ റണ്‍സ്‌ കണ്ടെത്താന്‍ കഴിയാത്തത്‌ മാത്രമാണ്‌ ഇന്ത്യന്‍ ക്യാമ്പിനെ അലട്ടുന്നത്‌. ഓസീസ്‌ ക്യാമ്പില്‍ പ്രശ്‌നങ്ങളുടെ പെരുമഴയാണ്‌. ഏഴ്‌ പ്രമുഖര്‍ പരുക്കില്‍ കളിക്കുന്നില്ല. ഏറ്റവും ഒടുവില്‍ പരുക്കില്‍ തളര്‍ന്നത്‌ വിക്കറ്റ്‌ കീപ്പറും ഓപ്പണിംഗ്‌ ബാറ്റ്‌സ്‌മാനുമായ ടീം പെയിനെയാണ്‌. നാഗ്‌പ്പൂര്‍ മല്‍സരത്തിനിടെ പരുക്കേറ്റ പെയിനെ നാട്ടിലേക്ക്‌ മടങ്ങിയ സാഹചര്യത്തിലാണ്‌ അധികം രാജ്യാന്തര അനുഭവമില്ലാത്ത ഗ്രഹാം എത്തിയിരിക്കുന്നത്‌. പെയിനെയുടെ ഓപ്പണിംഗ്‌ സ്ഥാനത്ത്‌ ഷോണ്‍ മാര്‍ഷും കളിക്കും. ലെഫ്‌റ്റ്‌ ആം സീമര്‍ മിച്ചല്‍ ജോണ്‍സന്റെ ആരോഗ്യത്തിലും സംശയം നിലനില്‍ക്കെ പോണ്ടിംഗ്‌ ആശങ്കയിലാണ്‌.
ഇന്നലെ ടീമിന്‌ ലഭിച്ച പ്രാക്ടീസ്‌ പിച്ച്‌ നിലവാരമില്ലാത്തതാണെന്ന്‌ പരാതിപ്പെട്ട പോണ്ടിംഗ്‌ നിരന്തരമായ മല്‍സരങ്ങള്‍ താരങ്ങളെ തളര്‍ത്തുകയാണെന്നും പറഞ്ഞു. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി കഴിഞ്ഞയുടനാണ്‌ ഇന്ത്യക്കെതിരായ പരമ്പര വന്നിരിക്കുന്നത്‌. അതിനിടെ ചാമ്പ്യന്‍സ്‌ ലീഗ്‌ 20-20 ചാമ്പ്യന്‍ഷിപ്പും നടന്നു. സുദീര്‍ഘ മല്‍സരങ്ങളില്‍ കളിക്കുമ്പോള്‍ മുഖ്യതാരങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക വലിയ ജോലിയാണെന്ന്‌ പോണ്ടിംഗ്‌ പറഞ്ഞപ്പോള്‍ ധോണി ആഹ്ലാദത്തിലാണ്‌. നാഗ്‌പ്പൂരില്‍ നേടാനായ സെഞ്ച്വറി മാത്രമല്ല, തന്റെ സംഘത്തിന്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല എന്നതും നായകന്‌ ആശ്വാസം നല്‍കുന്നു.
ഡല്‍ഹിയിലിപ്പോള്‍ നല്ല തണ്ണുപ്പാണ്‌. സന്ധ്യയായാല്‍ മഞ്ഞ്‌ വീഴ്‌ച്ചയുമുണ്ടാവും. ഈ സമയത്ത്‌ ബൗളിംഗ്‌ ദുഷ്‌ക്കരമാവുമെന്നിരിക്കെ ടോസ്‌ വലിയ സ്വാധീനം ചെലുത്തും. ആദ്യം ബാറ്റ്‌ ചെയ്യുന്ന ടീമിന്‌ 250 റണ്‍സിലപ്പുറം നേടാനായാല്‍ വിജയിക്കാനാവുമെന്നാണ്‌ മുന്‍ ക്രിക്കറ്റര്‍ അജയ്‌ ജഡേജ വിലയിരുത്തുന്നത്‌. മല്‍സരം ഉച്ചതിരിഞ്ഞ്‌ 2-30 മുതല്‍ ദൂരദര്‍ശനിലും നിയോ സ്‌പോര്‍ട്‌സിലും.

സൂപ്പര്‍ മല്‍സരം
ലണ്ടന്‍: ഫിഫ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പുരസ്‌ക്കാരത്തിന്‌ ഇത്തവണ സൂപ്പര്‍ പോരാട്ടം. കൃസ്‌റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി, ജോണ്‍ ടെറി, സ്‌റ്റീവന്‍ ജെറാര്‍ഡ്‌, വെയിന്‍ റൂണി, ഫ്രാങ്ക്‌ ലംപാര്‍ഡ്‌, ആന്‍ഡ്രിയാസ്‌ ഇനിയസ്‌റ്റ, സാവി, ഫെര്‍ണാണ്ടോ ടോറസ്‌, മൈക്കല്‍ ബലാക്‌, ജിയാന്‍ ലുക്ക ബഫണ്‍, ഇകാര്‍ കാസിയാസ്‌, ഡിയാഗോ, ദിദിയര്‍ ദ്രോഗ്‌ബെ, മൈക്കല്‍ എസീന്‍, സാമുവല്‍ ഇറ്റോ, തിയറി ഹെന്‍ട്രി, സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, കക്ക, ലൂയിസ്‌ ഫാബിയാനോ, കാര്‍ലോസ്‌ പുയോള്‍, ഫ്രാങ്ക്‌ റിബറി, ഡേവിഡ്‌ വിയ എന്നിവര്‍ക്കാണ്‌ നോമിനേഷന്‍. വിജയി ആരാണെന്ന്‌ ഡിസംബര്‍ 21 ന്‌ രാത്രി അറിയാം.
പ്രീമിയര്‍ ലീഗില്‍ ഇന്ന്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ ഒമ്പത്‌ മല്‍സരങ്ങള്‍. അവ ഇപ്രകാരം: ആഴ്‌സനല്‍-ടോട്ടന്‍ഹാം, ബോള്‍ട്ടണ്‍-ചെല്‍സി, ബര്‍ണ്‍ലി-ഹള്‍, എവര്‍ട്ടണ്‍-ആസ്‌റ്റണ്‍വില്ല, ഫുള്‍ഹാം -ലിവര്‍പൂള്‍, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌-ബ്ലാക്‌ബേര്‍ണ്‍, പോര്‍ട്‌സ്‌മൗത്ത്‌-വിഗാന്‍, സ്‌റ്റോക്ക്‌ സിറ്റി-വോള്‍വര്‍ ഹാംടണ്‍, സുതര്‍ലാന്‍ഡ്‌-വെസ്‌റ്റ്‌ ഹാം.
സ്‌പാനിഷ്‌ ലീഗില്‍ ഇന്ന്‌: അത്‌ലറ്റികോ ബില്‍ബാവോ-അത്‌ലറ്റികോ മാഡ്രിഡ്‌, ഒസാസുന-ബാര്‍സിലോണ, റയല്‍ മാഡ്രിഡ്‌-ഗറ്റാഫെ, സിറെക്‌സ്‌-സെവിയെ.
ഇറ്റാലിയന്‍ ലീഗ്‌: ഏ.സി മിലാന്‍-പാര്‍മ, യുവന്തസ്‌-നാപ്പോളി.

റൈഡര്‍ ഈസ്‌റ്റ്‌ ബംഗാള്‍ കോച്ച്‌
കൊല്‍ക്കത്ത: ഈസ്‌റ്റ്‌ ബംഗാളിന്റെ ശനിദശ അകറ്റാന്‍ ബെല്‍ജിയത്തില്‍ നിന്നും പുതിയ കോച്ച്‌-ഫിലിപ്പ്‌ റൈഡര്‍. സുഭാഷ്‌ ഭൗമിക്കിന്‌ പകരം വരുന്ന റൈഡറും ടീമിന്റെ നെടും തൂണായ ഇന്ത്യന്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയയും തമ്മില്‍ നല്ല ബന്ധമാണ്‌. രണ്ട്‌ പേരും 2005-06 സീസണില്‍ ഒരുമിച്ചിരുന്നു. ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയെ നേരിടാന്‍ ഈസ്‌റ്റ്‌ ബംഗാള്‍ ടീം ഇന്ന്‌ കോഴിക്കോട്ടെത്തും. റൈഡറും ബൂട്ടിയയും ടീമിനൊപ്പമുണ്ടാവും.

Thursday, October 29, 2009

SUPER VIVA

കോഴിക്കോട്‌: വിവ വിവയായി......... ആദ്യ മൂന്ന്‌ മല്‍സരങ്ങളില്‍ ഗോളടിക്കാന്‍ മറന്ന വിവ കേരള ഇന്നലെ നേടിയത്‌ നാല്‌ ഗോളുകള്‍.... ഗോവയില്‍ നിന്നെത്തിയ സ്‌പോര്‍ട്ടിംഗിനെ 2-4 ന്‌ തകര്‍ത്ത്‌ ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ ആദ്യ വിജയവും മൂന്ന്‌ പോയന്റും സ്വന്തമാക്കിയപ്പോള്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ സാക്ഷികളായെത്തിയത്‌ പതിനാറായിരത്തോളം പേര്‍..... ഘാനക്കാരന്‍ റൂബന്‍ സന്യാവോ കളം നിറഞ്ഞ മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടാനായത്‌ മാത്രമായി സ്‌പോര്‍ട്ടിംഗിന്റെ നേട്ടം. ഇരുപത്തിനാലുകാരനായ റൂബന്‍ നേടിയ രണ്ട്‌്‌ തകര്‍പ്പന്‍ ഗോളുകളും സിറാജുദ്ദിനും അനീഷും നേടിയ അവസരവാദ ഗോളുകളും വിവക്ക്‌ കരുത്തായി മാറിയപ്പോള്‍ സന്തോഷത്തില്‍ കോച്ച്‌ ഏ.എം ശ്രീധരന്‍ പറഞ്ഞു-ഇനി ഞങ്ങള്‍ ജയിക്കും. കഴിഞ്ഞ മല്‍സരങ്ങളില്ലെല്ലാം ഗോളടിക്കാന്‍ മറന്ന വിവ ഇന്നലെയും തുടക്കത്തില്‍ ഗോള്‍ വഴങ്ങിയപ്പോള്‍ പതിവ്‌ ചിത്രമാവുമെന്നാണ്‌ കരുതിയത്‌. പക്ഷേ റൂബനും ക്യാപ്‌റ്റന്‍ സക്കീറും ബെല്ലോ റസാക്കും ചാള്‍സ്‌ ഡിസയും അവസരത്തിനൊത്തുയര്‍ന്ന ദിനത്തില്‍ കളി കാണാനെത്തിയവര്‍ നിരാശരായില്ല...
നാലാം മിനുട്ടിലായിരുന്നു മല്‍സരത്തിലെ ആദ്യ ഗോള്‍. ചിരാഗിനെതിരായ മല്‍സരത്തിലെന്ന പോല വിവ ഡിഫന്‍സ്‌ നിലയുറപ്പിക്കും മുമ്പ്‌ പന്ത്‌ വലയിലെത്തിയ കാഴ്‌ച്ച എല്ലാവരെയും നിരാശപ്പെടുത്തി. വലത്‌ വിംഗിലുടെ ഓടിക്കയറിയ സ്‌പോര്‍ട്ടിംഗ്‌ ക്യാപ്‌റ്റന്‍ ബിബിയാനോ ഫെര്‍ണാസിന്റെ മികവിനേക്കാള്‍ വിവ ഗോള്‍ക്കീപ്പര്‍ ഷാഹിന്‍ലാലിന്റെ പിഴവാണ്‌ ടീമിനെ ചതിച്ചത്‌. ഗോള്‍ക്കീപ്പര്‍ അഡ്വാന്‍സ്‌ ചെയ്‌തപ്പോള്‍ വല ഒഴിഞ്ഞ്‌ കിടന്നു. ബിബിയാനോയുടെ ഷോട്ട്‌ എതിര്‍പ്പില്ലാതെ വലയിലെത്തി. ചിരാഗിനെതിരായ മല്‍സരത്തിലും ഇതേ പിഴവായിരുന്നു വിവയെ തോല്‍പ്പിച്ചത്‌. ഗോള്‍ക്കീപ്പര്‍ അഡ്വാന്‍സ്‌ ചെയ്‌തപ്പോള്‍ വല സംരക്ഷിക്കാന്‍ ആരുമില്ലാതെ വന്നു. ഈ അവസരമാണ്‌ ജോഷിമര്‍ ഉപയോഗപ്പെടുത്തിയത്‌.
പതിമൂന്ന്‌ മിനുട്ട്‌ കാത്തുനില്‍ക്കേി വന്നു വിവയുടെ സമനില ഗോള്‍ കാണാന്‍. പതിനഞ്ചാം നമ്പറുകാരന്‍ കര്‍മ്മയാണ്‌ ഗോള്‍നീക്കത്തിന്‌ തുടക്കമിട്ടത്‌. കാണികളുടെ ആരവത്തില്‍ കര്‍മയില്‍ നിന്നും പന്ത്‌ പന്ത്‌ പാട്രിക്‌ ശിശുപാലിന്‌. ര്‌ സ്‌പോര്‍ട്ടിംഗ്‌ ഡിഫന്‍ഡര്‍മാര്‍ക്കിടയിലുടെ പന്ത്‌ ക്യാപ്‌റ്റന്‍ എം.പി സക്കീറിലെത്തി. നായകന്‍ നല്‍കിയ ത്രൂപാസ്‌ സ്വീകരിച്ച പത്താം നമ്പറുകാരന്‍ റൂബന്‍ സന്യാവോയുടെ തകര്‍പ്പന്‍ ഷോട്ടില്‍ സ്‌പോര്‍ട്ടിംഗ്‌ ഗോള്‍ക്കീപ്പര്‍ ഫെലിക്‌സ്‌ ഡിസൂസ നിസ്സഹായനായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ വിവ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്‌. നേരത്തെ കളിച്ച മൂന്ന്‌ മല്‍സരങ്ങളില്‍ നിന്നായി അഞ്ച്‌ ഗോളുകള്‍ വാങ്ങിയ ശേഷമുള്ള ആദ്യ സ്വന്തം ഗോളില്‍ ഗ്യാലറികള്‍ ഇളകി മറിഞ്ഞു. പതിമൂന്നായിരത്തോളം പേര്‍ നിറഞ്ഞ സ്റ്റേഡിയത്തിലെ ആരവങ്ങളില്‍ താമസിയാതെ വിവ ലീഡും നേടി. പരുക്കില്‍ നിന്നും മുക്തനായി വന്ന ഏഴാം നമ്പറുകാരന്‍ സിറാജുദ്ദിനായിരുന്നു സ്‌ക്കോറര്‍.
സക്കീറിന്റെ കഠിനാദ്ധ്വാനത്തില്‍ പന്ത്‌ കര്‍മ്മക്ക്‌. ഇടത്‌ വിംഗില്‍ നിന്നും അദ്ദേഹത്തിന്റെ മനോഹരമായ ക്രോസ്‌ സിറാജ്‌ ഭംഗിയായി കണക്ട്‌ ചെയ്‌തു. ഫാറുഖ്‌ കോളജ്‌ ടീം വഴി വിവയിലെത്തിയ കോട്ടക്കല്‍ സ്വദേശിയുടെ മികവില്‍ പിന്നെ കാണാനായത്‌ വിവയുടെ സമ്മര്‍ദ്ദമായിരുന്നു. പക്ഷേ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല.
രണ്ടാം പകുതിയില്‍ സിറാജിന്‌ പകരം മുഹമ്മദ്‌ മര്‍സൂക്കാണ്‌ കളിച്ചത്‌. പക്ഷേ ഗോള്‍ തിരിച്ചടിക്കാനുള്ള സ്‌പോര്‍ട്ടിംഗ്‌ തന്ത്രങ്ങളില്‍ മല്‍സരം വിവയുടെ ഹാഫില്‍ മാത്രമായി. ഡിഫന്‍സില്‍ മികവ്‌ പ്രകടിപ്പിച്ച ബെല്ലോ റസാക്കും ചാള്‍സ്‌ ഡിസയും പതറിയില്ല. ആദ്യ പകുതിയില്ലെന്ന പോലെ അവര്‍ പരസ്‌പര ഒത്തിണക്കത്തില്‍ കളിച്ചപ്പോള്‍ നതാനില്‍ അമോസ, ജോസഫ്‌ പെരേര എന്നിവരുടെ ശ്രമങ്ങള്‍ പാഴായി. സ്‌പോര്‍ട്ടിംഗ്‌ സമ്മര്‍ദ്ദം ചെലുത്തവെ അവരുടെ വലയില്‍, കളിയുടെ ഗതിക്ക്‌ വിപരീതമായി ഗോളെത്തി. അറുപത്തിമൂന്നാം മിനുട്ടില്‍ റൂബന്‍ സന്യാവോ കുതിച്ചു കയറിയത്‌ കാര്യമായി എതിര്‍പ്പില്ലാതെ. പെനാല്‍ട്ടി ബോക്‌സിന്‌ പുറത്ത്‌ നിന്ന്‌ അദ്ദേഹം പായിച്ച തകര്‍പ്പന്‍ ഷോട്ട്‌ ഗോള്‍ക്കീപ്പര്‍ക്ക്‌ കൈകള്‍ക്കൂള്ളില്‍ നിയന്ത്രിക്കാനായില്ല. ഡിഫളക്ട്‌ ചെയ്‌ത പന്ത്‌ തൃശുരുകാരന്‍ അനീഷിന്റെ തലയില്‍ നിന്നും വലയിലെത്തി. അടുത്ത മിനുട്ടില്‍ സന്യാവോ നാലാം ഗോളും നേടിയെന്ന്‌ തോന്നി. സക്കീറില്‍ നിന്നും സ്വീകരിച്ച പന്തുമായി വലത്‌ വിംഗില്‍ നിന്നും അദ്ദേഹം നല്‍കിയ ക്രോസ്‌ ഇഞ്ചുകളുടെ വിത്യാസത്തില്‍ അകന്നു. പിറകെ സക്കീറിന്റെ ഷോട്ടും സന്യാവോയുടെ വോളിയും പുറത്തായപ്പോള്‍ സ്‌പോര്‍ട്ടിംഗ്‌ രക്ഷപ്പെടുകയായിരുന്നു. തിരിച്ചടിക്കാനുള്ള അവരുടെ മോഹങ്ങള്‍ക്ക്‌ അതിനിടെ ചിറക്‌ വന്നു. വിവ ബോക്‌സിലെ കൂട്ടപൊരിച്ചിലില്‍ തട്ടിമുട്ടി സ്‌പോര്‍ട്ടിംഗ്‌ മധ്യനിരക്കാരന്‍ മൈക്കല്‍ തായോ പന്ത്‌ വലയിലാക്കി. 2-3 ല്‍ ഒരു ഗോള്‍ കൂടി എന്ന ലക്ഷ്യത്തിലേക്ക്‌ സ്‌പോര്‍ട്ടിംഗ്‌്‌ ഗോള്‍ക്കീപ്പര്‍ ഉള്‍പ്പെടെയുളളവര്‍ കയറിയപ്പോള്‍ വിവ നാലാം ഗോളും മല്‍സരവും ഉറപ്പാക്കി. റൂബന്റെ മികവാണ്‌ അവസാന ഗോളില്‍ പ്രതിഫലിച്ചത്‌. മധ്യവരയോളം കടന്നുകയിറയ സ്‌പോര്‍ട്ടിംഗ്‌ ഗോള്‍ക്കീപ്പര്‍ ഫെലിക്‌സ്‌ ഡിസൂസയുടെ അഹങ്കാരത്തിന്‌ സുന്ദരമായ പ്ലേസിംഗ്‌ ഷോട്ടിലുളള മറുപടി.
മാന്‍ ഓഫ്‌ ദ മാച്ചിനെ തെരഞ്ഞെടുക്കാന്‍ മുഹമ്മദ്‌ നജീബ്‌, പ്രേംനാഥ്‌ ഫിലിപ്പ്‌, യു.ഷറഫലി എന്നിവരടങ്ങുന്ന പാനലിന്‌ പ്രയാസപ്പെടേണ്ടി വന്നില്ല-റൂബന്‍. അടുത്ത മല്‍സരം തിങ്കളാഴ്‌ച്ച ഇന്ത്യന്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയ നയിക്കുന്ന ഈസ്റ്റ്‌ ബംഗാളുമായി.

തേര്‍ഡ്‌
ഗോളുകളാണ്‌ ഫുട്‌ബോളിനെ പ്രിയങ്കരമാക്കുന്നത്‌... ആസ്വാദനത്തിന്റെ ഉന്നത തലങ്ങളിലേക്ക്‌ കാല്‍പ്പന്ത്‌ കളി മാറുന്നതും വലയിലേക്ക്‌ പന്ത്‌ എത്തുമ്പോള്‍... ഐ ലീഗില്‍ ഇന്നലെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ പിറന്നത്‌ ആറ്‌ ഗോളുകള്‍.... വിരസമായിട്ടും മല്‍സരത്തിന്‌ ജീവന്‍ നല്‍കിയത്‌ ഈ ഗോളുകളായിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്നവര്‍ക്ക്‌ സ്വപ്‌ന തുല്യമായ ഗോളുകള്‍ കാണാം. ഇന്ത്യന്‍ ഫുട്‌ബോളിലെ ഗോളുകള്‍ക്ക്‌ സൗന്ദര്യ ശാസ്‌ത്രത്തില്‍ ഇടമുണ്ടാവില്ല. വിവയുടെ ഇത്‌ വരെയുള്ള പ്രശ്‌നം ഗോളടിക്കാന്‍ ആരുമില്ലാത്തതായിരുന്നില്ല-ഗോളടിക്കാന്‍ അവര്‍ക്ക്‌ കഴിയാത്തതായിരുന്നു. ഇന്നലെ സ്വന്തമാക്കിയ വിജയത്തിനൊപ്പം, നേടാനായ ഗോളുകളും ടീമിന്‌ നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. താരങ്ങളുടെ മികവല്ല, ദിവസം നല്‍കുന്ന ഊര്‍ജ്ജമാണ്‌ കളിയിലെ കണക്കുകള്‍ മാറ്റിമറിക്കുന്നത്‌. ഘാനക്കാരനായ റൂബന്‍ സന്യാവോ വിവയുടെ എല്ലാ മല്‍സരങ്ങളിലും കളിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്നലെ കളിക്കൊപ്പം ഗോളുകളും അദ്ദേഹത്തെ തേടിയെത്തി. തര്‍ക്കമില്ലാതെ പറയാം-മല്‍സരത്തിലെ താരം റൂബന്‍ തന്നെ. അദ്ദേഹം സ്വന്തമാക്കിയ വിവയുടെ നാലാം ഗോള്‍ മാത്രം മതി ആ താരത്തിലെ ക്ലാസ്‌ വ്യക്തമാവാന്‍. ഗോള്‍ക്കീപ്പര്‍ മൂന്നോട്ട്‌ കയറിയ സന്ദര്‍ഭത്തില്‍ മധ്യവരക്ക്‌ അരികില്‍ നിന്നുമുള്ള പ്ലേസിംഗ്‌ ഷോട്ട്‌ ലക്ഷ്യം തെറ്റാതെ വലയിലെത്തി. ആഫ്രിക്കന്‍ താരങ്ങളുടെ സവിശേഷത അവരുടെ സ്റ്റാമിനയാണ്‌. ഒരു ഘട്ടത്തിലും അവര്‍ തളരുന്നില്ല. റൂബനും ബെല്ലോ റസാക്കും ചാള്‍സ്‌ ഡിസയും എണ്ണയിട്ട യന്ത്രങ്ങളെ പോലെയായിരുന്നു.
സ്‌പോര്‍ട്ടിംഗ്‌്‌ നായകന്‍ ബിബിയാനോ നേടിയ മല്‍സരത്തിലെ ആദ്യ ഗോള്‍ രസകരമായിരുന്നില്ല. പക്ഷേ റൂബന്‍ നേടിയ വിവയുടെ ആദ്യ ഗോള്‍ സുന്ദരമായിരുന്നു. ശരിക്കും മാജിക്‌ ടച്ചുള്ള ഗോള്‍. സിറാജ്‌ നേടിയ വിവയുടെ രണ്ടാം ഗോളും മനോഹരമായിരുന്നു. അനീഷിന്റെ മൂന്നാം ഗോള്‍ ശരാശരിയായിരുന്നെങ്കില്‍ റൂബന്റെ നാലാം ഗോളാണ്‌ കാണികള്‍ക്ക്‌്‌ ശരിക്കും വിരുന്നായത്‌. ഒരൊറ്റ മല്‍സരത്തിലെ തകര്‍പ്പന്‍ വിജയത്തിലുടെ വിവക്ക്‌ ലഭിച്ചിരിക്കുന്നത്‌ മൂന്ന്‌ പോയന്റ്‌്‌ മാത്രമല്ല, ചാമ്പ്യന്‍ഷിപ്പില്‍ പൊരുതാനുള്ള ഊര്‍ജ്ജമാണ്‌. മൂന്ന്‌ കളികളില്‍ ഗോളടിക്കാന്‍ മറന്നവര്‍ ഒരൊറ്റ മല്‍സരത്തില്‍ നേടിയത്‌ നാല്‌ ഗോളുകള്‍. അതും തായ്‌ലാന്‍ഡില്‍ നിന്നുമെത്തിയ മുന്‍നിരക്കാരന്‍ വിസൂതിനെ കൂടാതെ. അടുത്ത മല്‍സരത്തില്‍ നിറം മങ്ങിയ ഈസ്‌റ്റ്‌ ബംഗാളാണ്‌ വിവയുടെ പ്രതിയോഗികള്‍. ഇന്ത്യന്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയ കളിക്കുന്ന ടീമാണെങ്കിലും കൊല്‍ക്കത്തക്കാര്‍ക്ക്‌ പഴയ പ്രതാപമില്ല. പക്ഷേ വിവക്ക്‌ വലിയ പ്രശ്‌നമാവുക നായകന്‍ സക്കീറിന്റെ അഭാവമായിരിക്കും. തുടര്‍ച്ചയായി രണ്ട്‌ കളികളില്‍ മഞ്ഞകാര്‍ഡ്‌ കണ്ട സക്കീറിന്‌ അടുത്ത മല്‍സരം പുറത്തിരിക്കേി വരും.
ഇനി കളി മാറുമെന്ന കാര്യത്തില്‍ സംശയമില്ല...ഗോളടിക്കാന്‍ വിവ പഠിച്ചിരിക്കുന്നു. അവരെ തുണക്കാന്‍ വലിയ ജനക്കൂട്ടവുമുണ്ടാവും-പ്രതീക്ഷകളോടെ തിങ്കളാഴ്‌ച്ചക്കായി കാത്തിരിക്കാം.

സക്കീര്‍ പുറത്ത്‌
കോഴിക്കോട്‌: സ്‌പോര്‍ട്ടിംഗ്‌ ഗോവക്കെതിരായ 2-4 ന്റെ തകര്‍പ്പന്‍ ജയത്തിലും വിവ ക്യാമ്പില്‍ നിരാശ. ഈസ്‌റ്റ്‌ ബംഗാളിനെതിരായ അടുത്ത മല്‍സരത്തില്‍ അവരുടെ പ്ലേ മേക്കറും നായകനുമായ എം.പി സക്കീറിന്‌ കളിക്കാനാവില്ല. രണ്ട്‌ കളികളില്‍ മഞ്ഞക്കാര്‍ഡ്‌ കണ്ട സക്കീര്‍ ഈസ്റ്റ്‌ ബംഗാളിനെതിരെ തിങ്കളാഴ്‌ച്ച നടക്കുന്ന മല്‍സരത്തില്‍ പുറത്തിരിക്കണം. ചിരാഗ്‌ യുനൈറ്റഡിനെതിരായ മല്‍സരത്തില്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട സക്കീറായിരുന്നു ഇന്നലെയും കളം നിറഞ്ഞത്‌. റൂബന്‍ സന്യാവോ നേടിയ രണ്ട്‌ ഗോളുകള്‍ക്ക്‌ അവസരമൊരുക്കിയത്‌ സക്കീറായിരുന്നു.
കളി മാറുമെന്ന്‌ ശ്രീധരന്‍
കോഴിക്കോട്‌: തകര്‍പ്പന്‍ വിജയം വഴി വിവയുടെ കളി മാറുമെന്ന്‌ കോച്ച്‌ ഏ.എം ശ്രീധരന്‍. നാല്‌ ഗോളുകളാണ്‌ നേടാനായത്‌. എല്ലാം മികച്ച ഗോളുകള്‍. സ്‌പോര്‍ട്ടിംഗ്‌ ഗോവ മാരകമായ കളി പുറത്തെടുത്തിട്ടും തന്റെ താരങ്ങള്‍ നിലവാരം നിലനിര്‍ത്തിയാണ്‌ കളിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. അടുത്ത മല്‍സരത്തില്‍ സക്കീര്‍ ഇല്ലാത്തത്‌ തിരിച്ചടിയാണ്‌. പക്ഷേ തായ്‌ലാന്‍ഡുകാരന്‍ വിസുത്‌ ഉള്‍പ്പെടെയുളളവര്‍ക്ക്‌ കളിക്കാനാവുമെന്ന്‌ ശ്രീധരന്‍ പറഞ്ഞു. ടീമിന്റെ ആദ്യ വിജയത്തില്‍ വിവ ചെയര്‍മാന്‍ ഭാസ്‌ക്കരനും സെക്രട്ടറി ലിയാഖത്ത്‌ അലിയും സന്തോഷം പ്രകടിപ്പിച്ചു.

ബഗാന്‍ ജയിച്ചു, ഈസ്റ്റ്‌ ബംഗാളിന്‌ സമനില
കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്‍ മോഹന്‍ ബഗാന്‍ 2-1ന്‌ ലാജോംഗ്‌ എഫ്‌.സി ഷില്ലോംഗിനെ കീഴടക്കിയപ്പോള്‍ പരിശീലകനില്ലാതെ തപ്പിതടയുന്ന ഈസ്റ്റ്‌ ബംഗാളിനെ സാല്‍ഗോക്കര്‍ 1-1 ല്‍ തളച്ചു. ആവേശകരമായിരുന്നു ലാജോംഗ്‌-ബഗാന്‍ മല്‍സരം. ഗോള്‍ പിറക്കാതിരുന്ന ആദ്യ പകുതിക്ക്‌ ശേഷം ഐബര്‍ കോന്‍ജി ഷില്ലോംഗിനെ മുന്നിലെത്തിച്ചു. പക്ഷേ പത്ത്‌ മിനുട്ടിനകം ചിദി എദ്ദെ ബഗാന്‌ സമനില സമ്മാനിച്ചു. മൂന്ന്‌ മിനുട്ടിന്‌ ശേഷം എണ്ണം പറഞ്ഞ ഫ്രികിക്കില്‍ മാര്‍ക്കോസ്‌ അലക്‌സാണ്ടറോ പെരേര ബഗാന്റെ വിജയമുറപ്പിച്ചു. പോയന്റ്‌്‌ ടേബിളില്‍ ഇപ്പോഴും ഡെംപോ തന്നെയാണ്‌ മുന്നില്‍. അഞ്ച്‌ കളികളില്‍ നിന്ന്‌ അവര്‍ക്ക്‌ 11 പോയന്റുണ്ട്‌. വിജയത്തോടെ ബഗാന്‍ നാലാം സ്ഥാനത്തേക്ക്‌ വന്നപ്പോള്‍ ഇത്‌ വരെ അവസാന സ്ഥാനത്തായിരുന്ന വിവ കേരള മൂന്ന്‌ പോയന്റുമായി പതിമൂന്നിലെത്തി.

ബാറ്റണ്‍ ഇന്ത്യക്ക്‌
ലണ്ടന്‍: ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ കൗണ്ട്‌ ഡൗണ്‍ തുടങ്ങി..... ബക്കിംഗ്‌ഹാം പാലസില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ക്യൂന്‍സ്‌ ബാറ്റണ്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ എലിസബത്ത്‌ രാഞ്‌ജിയില്‍ നിന്നും സ്വീകരിച്ചു. ബാറ്റണ്‍ റിലേ ആരംഭിച്ചതോടെ ഗെയിംസിന്റെ ഒരുക്കങ്ങള്‍ ധ്രുതഗതിയിലായി. ബക്കിംഗ്‌ഹാം പാലസില്‍ നിന്നും രാഷ്ട്രപതി സ്വീകരിച്ച ബാറ്റണ്‍ പിന്നീട്‌ ഇന്ത്യന്‍ കായികരംഗത്തെ പ്രമുഖരിലുടെ മുന്നേറി. ഒളിംപിക്‌സ്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവ്‌ അഭിനവ്‌ ബിന്ദ്ര, ബോക്‌സര്‍ വിജേന്ദര്‍ സിംഗ്‌, ഗുസ്‌തിക്കാരന്‍ സുശീല്‍ കുമാര്‍, ടെന്നിസ്‌ താരം സാനിയ മിര്‍സ, മുന്‍ ഇതിഹാസം മില്‍ഖാ സിംഗ്‌, ക്രിക്കറ്റര്‍ കപില്‍ദേവ്‌, ഹോക്കി താരം ദിലിപ്‌ ടിര്‍ക്കെ, വെയ്‌്‌റ്റ്‌ ലിഫ്‌ടര്‍ കര്‍ണ്ണം മല്ലേശ്വരി തുടങ്ങിയവര്‍ റിലേയില്‍ പങ്കെടുത്തു.

TOP GUN

ആഴ്‌സനല്‍ തകര്‍ത്തു
ലന്‍: കാര്‍ലിംഗ്‌ കപ്പ്‌ ഫുട്‌ബോളില്‍ നിന്നും കരുത്തരായ ലിവര്‍പൂളിന്‌ നാലാം റൗില്‍ തന്നെ മടക്കടിക്കറ്റ്‌... ഇംഗ്ലീഷ്‌ ഫുട്‌ബോളിലെ ചിര വൈരികളുടെ പോരാട്ടത്തില്‍ ആഴ്‌സനല്‍ 2-1 ന്‌ ലിവര്‍പൂളിനെ പരാജയപ്പെടുത്തി അടുത്ത റൗിലെത്തി. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പ്രീമിയര്‍ ലീഗ്‌ പോരാട്ടത്തില്‍ ശക്തരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി കരുത്ത്‌ പ്രകടിപ്പിച്ച റാഫേല്‍ ബെനിറ്റസിന്റെ പടക്ക്‌ ഇന്നലെ അതേ മികവ്‌ ആവര്‍ത്തിക്കാനായില്ല. ലഭിച്ച ര്‌ സുവര്‍ണ്ണാവസരങ്ങളും ഗോളാക്കി മാറ്റി ഗണ്ണേഴ്‌സ്‌ അവസരവാദികളാവുകയും ചെയ്‌തു. കാര്‍ലിംഗ്‌ കപ്പിലെ മറ്റ്‌ മല്‍സരങ്ങളില്‍ ചെല്‍സി മറുപടിയില്ലാത്ത നാല്‌ ഗോളിന്‌ ബോള്‍ട്ടണ്‍ വാറേഴ്‌സിനെ മുക്കിയപ്പോള്‍ മാഞ്ചസ്‌റ്റര്‍ സിറ്റി 5-1ന്‌ സ്‌കുതോര്‍പ്പയെ കീഴടക്കി.
ഈയിടെ ഈജിപ്‌തില്‍ നടന്ന ഫിഫ അര്‍ 20 ലോകകപ്പില്‍ സ്‌പെയിനിന്‌ വേി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഫ്രാന്‍ മെറിന്‍ഡയുടെ തകര്‍പ്പന്‍ ഗോളില്‍ ഒന്നാം പകുതിയുടെ തുടക്കത്തില്‍ തന്നെ ആഴ്‌സനല്‍ ലീഡ്‌ നേടി. പതിനെട്ട്‌ വാര അകലെ നിന്നുളള സ്‌പാനിഷ്‌ താരത്തിന്റെ മിന്നല്‍ ഷോട്ടില്‍ ഗോള്‍മുഖം കുലുങ്ങി. ഇതേ കരുത്തില്‍ തന്നെയായിരുന്നു. ലിവര്‍പൂളിന്റെ സമനില ഗോള്‍. ഇരുപത്തിയഞ്ച്‌ വാര അകലെ നിന്നുമുളള എമിലിയാനോ ഇന്‍സുവയുടെ ഷോട്ടായിരുന്നു ഗോളായി മാറിയത്‌. ആദ്യ പകുതിയില്‍ 1-1 ല്‍ പിരിഞ്ഞ മല്‍സരത്തിന്റെ രാം പകുതിയിലും കുതിപ്പില്‍ മുന്നില്‍ ആഴ്‌സനലായിരുന്നു. നിക്കോളാസ്‌ ബെന്‍ഡറിന്റെ അവസരവാദ ഗോള്‍ ര്‌ ടീമുകളും തമ്മിലുളള വിത്യാസവുമായി. സാധാരണ ഗതിയില്‍ കാര്‍ലിംഗ്‌ കപ്പില്‍ പ്രമുഖ ടീമുകള്‍ യുവതാരങ്ങള്‍ക്കാണ്‌ അവസരം നല്‍കാറുളളത്‌. എന്നാല്‍ ഇത്തവണ ആഴ്‌സന്‍ വെംഗറും റാഫേല്‍ ബെനിറ്റസും സീനിയര്‍ താരങ്ങള്‍ക്കാണ്‌ നിര്‍ണ്ണായക മല്‍സരത്തില്‍ പ്രാധാന്യം നല്‍കിയത്‌. ആല്‍ബെര്‍ട്ടോ അഖിലാനി എന്ന ഇറ്റാലിയന്‍ യുവതാരം ലിവര്‍പൂളിനായി ആദ്യ മല്‍സരം കളിക്കുകയും അര്‍ഹമായ ഒരു പെനാല്‍ട്ടിക്ക്‌ അരികിലെത്തുകയും ചെയ്‌തിരുന്നു. പക്ഷേ റഫറിയുടെ അംഗീകാരം പെനാല്‍ട്ടിക്കുായിരുന്നില്ല. മറ്റ്‌ മല്‍സരഫലങ്ങള്‍ ഇപ്രകാരം: ചെല്‍സി 4-ബോള്‍ട്ടണ്‍ 0, മാഞ്ചസ്‌റ്റര്‍ സിറ്റി 5-സ്‌കുതോര്‍പ്പ്‌ 1, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ 2-ബേര്‍സലി 0, ബ്ലാക്‌ബേര്‍ണ്‍ 5- പീറ്റര്‍ബറോ 2, പോര്‍ട്‌സ്‌മൗത്ത്‌ 4- സ്റ്റോക്ക്‌ സിറ്റി 0, സുതര്‍ലാന്‍ഡ്‌ 0-ആസ്‌റഅറണ്‍വില്ല 0,ടോട്ടന്‍ഹാം 2-എവര്‍ട്ടണ്‍ 0.

റൈറ്റ്‌ സീറ്റ്‌
വെല്ലിംഗ്‌ടണ്‍:ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ്‌ ടീമിന്റെ പുതിയ കോച്ചായി ജോണ്‍ റൈറ്റ്‌ നിയമിക്കപ്പെടാന്‍ വ്യക്തമായ സാധ്യത. ആന്‍ഡി മോര്‍സിനെ പരീശിലക സ്ഥാനന്ത്‌ നിന്ന്‌ പുറത്താക്കിയതിന്‌ ശേഷം പുതിയ കോച്ചിനെ തേടുന്ന കിവി മാനേജ്‌മെന്റിന്‌ മുന്നില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനായ റൈറ്റിന്റെ നാമം മാത്രമാണുള്ളത്‌. സ്റ്റീഫന്‍ ഫ്‌ളെമിംഗ്‌, ടോം മുഡി, ഗ്രെഗ്‌ ഷെപ്പേര്‍ഡ്‌ എന്നിവരെയാണ്‌ കിവി ക്രിക്കറ്റ്‌ ബോര്‍ഡ്‌ സമീപിച്ചത്‌. ഇവരില്‍ ഫ്‌ളെമിംഗ്‌ വളരെ വ്യക്തമായി തനിക്ക്‌ പുതിയ ജോലിയില്‍ താല്‍പ്പര്യമില്ലെന്ന്‌ അറിയിച്ചിട്ടു്‌. ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി ഉള്‍പ്പെടെയുളളവര്‍ പറഞ്ഞിട്ടും ഫ്‌്‌ളെമിംഗിന്റെ മനസ്സ്‌ മാറിയിട്ടില്ല. പുതിയ ബിസിനസും കുടുംബവുമാണ്‌ തനിക്ക്‌ പ്രധാനമെന്ന്‌ അദ്ദേഹം വ്യക്തമാക്കിയിട്ടു്‌. ഓസ്‌ട്രേലിയക്കാരനായ ടോം മുഡി ന്യൂസിലാന്‍ഡിലേക്ക്‌ വരാന്‍ തല്‍പ്പരനല്ല. ഗ്രെഗ്‌ ഷെപ്പേര്‍ഡിനും താല്‍പ്പര്യക്കുറവു്‌, ഈ സാഹചര്യത്തിലാണ്‌ ഇപ്പോള്‍ ടീമിന്റെ ഹൈ പെര്‍ഫോര്‍മന്‍സ്‌ മാനേജരായ റൈറ്റിലേക്ക്‌ കാര്യങ്ങള്‍ മാറുന്നത്‌. കിവി ക്രിക്കറ്റ്‌ ബോര്‍ഡിന്റെ മുന്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ മാര്‍ട്ടിന്‍ സ്‌നെഡന്‍ ഈ കാര്യത്തില്‍ തന്റെ പിന്തുണ റൈറ്റിന്‌ അനുകൂലമായി പ്രഖ്യാപിച്ചുകഴിഞ്ഞു.

ടെന്നിസ്‌ ലോകത്തിന്‌ നിരാശ
ന്യൂയോര്‍ക്ക്‌: വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആന്ദ്രെ അഗാസി സത്യം പറഞ്ഞുവെന്നസ്‌ ശരി-പക്ഷേ അത്‌ വേിയിരുന്നില്ലെന്നാണ്‌ ടെന്നിസ്‌ ലോകം അഭിപ്രായപ്പെടുന്നത്‌. 1997 ല്‍ താന്‍ ഉത്തേജക മരുന്ന്‌ ഉപയോഗിച്ചിരുന്നുവെന്നും അന്ന്‌ കള്ളം പറഞ്ഞാണ്‌ രക്ഷപ്പെട്ടതെന്നുമുളള അഗാസിയുടെ കുറ്റസമ്മതം അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ജീവചരിത്രത്തിലാണുള്ളത്‌. എന്നാല്‍ ടെന്നിസ്‌ ലോകം ഇഷ്ടപ്പെടുകയും മഹാന്മാരായ താരങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടുകയും ചെയ്‌ത അഗാസി രാജ്യാന്തര രംഗം വിട്ട ശേഷം നടത്തുന്ന ഈ കുറ്റസമ്മതത്തില്‍ കാര്യമില്ല. അദ്ദേഹത്തിന്‌ പഴയ കാര്യങ്ങള്‍ മറക്കുകയായിരുന്നു നല്ലതെന്ന്‌ ഒപ്പം കളിച്ച താരങ്ങള്‍ തന്നെ പറയുന്നു. 97 ല്‍ ഉത്തേജക മരുന്ന്‌ ഉപയോഗത്തിന്‌ ഒരു ഡോക്ടര്‍ അഗാസിയെ പിടികൂടുകയും ഏ.ടി.പിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുകയും ചെയ്‌തിരുന്നു. അന്ന്‌ അഗാസി നിരുപാധിക മാപ്പുമായി ഏ.ടി.പിയെ സമീപിച്ചപ്പോള്‍ അവര്‍ സംഭവത്തെ മായ്‌ച്ചുകളഞ്ഞു. എന്നാലിപ്പോള്‍ അഗാസി നടത്തിയ വെളിപ്പെടുത്തലില്‍ ഏ.ടി.പി പോലും പ്രതിക്കൂട്ടിലാണ്‌. എന്നാല്‍ ഏ.ടി.പി പരയുന്നത്‌ തങ്ങള്‍ ആരെയും വെറുതെ വിടില്ല എന്നാണ്‌. അഗാസിയുടെ കാര്യത്തില്‍ സ്വതന്ത്ര ട്രിബ്യൂണലാണ്‌ വിധി പറഞ്ഞത്‌. ഒരു അഗാസി കുറ്റം സമ്മതിച്ചു, ഇങ്ങനെ എത്ര അഗാസിമാര്‍ ടെന്നിസ്‌ ഭരണാധികാരികളുടെ മൗനാവുജനുവാദത്തില്‍ മല്‍സര രംഗം വാണു എന്നതാണ്‌ ഇപ്പോഴുളള ചോദ്യം.
അവര്‍ തന്നെ
നാഗ്‌പ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അടുത്ത ര്‌ മല്‍സരങ്ങള്‍ക്കുമുളള ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. രാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ 99 റണ്‍സിന്‌ തോല്‍പ്പിച്ച അതേ സംഘത്തെ നിലനിര്‍ത്തുന്നതായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ക്രിസ്‌ ശ്രീകാന്ത്‌ അറിയിച്ചു. പരമ്പരയിലെ മൂന്നാം മല്‍സരം നാളെ ഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ വെച്ചാണ്‌. ടീം: എം.എസ്‌ ധോണി (ക്യാപ്‌റ്റന്‍), വിരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, സച്ചിന്‍ ടെുല്‍ക്കര്‍, ഹര്‍ഭജന്‍സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ, മുനാഫ്‌ പട്ടേല്‍, അമിത്‌ മിശ്ര, വിരാത്‌ കോഹ്‌ലി, രവീന്ദു ജഡേജ, പ്രവീണ്‍ കുമാര്‍,ആശിഷ്‌ നെഹ്‌റ, സുരേഷ്‌ റൈന,സുദീപ്‌ ത്യാഗി, യുവരാജ്‌സിംഗ്‌. നാഗ്‌പ്പൂര്‍ മല്‍സരത്തിലൂടെ പഴയ ധോണിയെ തിരിച്ചു ലഭിച്ചതതായി ശ്രീകാന്ത്‌ പറഞ്ഞു. ഓസ്‌ട്രേലിയ പോലെ ഒരു ടീമിനെ 99 റണ്‍സിന്‌ തോല്‍പ്പിക്കുക എളുപ്പമുളള കാര്യമല്ല. എല്ലാവരും മെച്ചപ്പെട്ട പ്രകടനമാണ്‌ നടത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പെയിനെക്ക്‌ പെയിന്‍, നാട്ടിലേക്ക്‌ മടക്കം
നാഗ്‌പ്പൂര്‍:ഇന്ത്യന്‍ പര്യടനത്തിനിടെ ഓസ്‌ട്രേലിയക്ക്‌ മറ്റൊരു കാഷ്വാലിറ്റി... വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ടീം പെയിനെ ഒടിഞ്ഞ വിരലുമായി നാട്ടിലേക്ക്‌ മടങ്ങി. അദ്ദേഹത്തിന്‌ പകരം നാളെ ഡല്‍ഹിയില്‍ നടക്കുന്ന പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ആര്‌ കളിക്കുമെന്ന്‌ വ്യക്തമല്ല. ഓസീസ്‌ ടീമില്‍ റിസര്‍വ്‌ വിക്കറ്റ്‌ കീപ്പറില്ല. നാഗ്‌പ്പൂര്‍ ഏകദിനത്തിനിടെ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ എട്ടാം ഓവറില്‍ പീറ്റര്‍ സിഡിലിന്റെ ബൗണ്‍സര്‍ തടയുന്നതിനിടെയാണ്‌ പെയിനെക്ക്‌ പരുക്കേറ്റത്‌. ഉടന്‍ തന്നെ ഫിസിയോ അദ്ദേഹം പരിചരിക്കുകയും ഇന്നിംഗിഗ്‌സിലുടനീളം പെയിനെ വിക്കറ്റ്‌ സംരക്ഷിക്കുകയും ചെയ്‌തിരുന്നു. ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സ്‌ ആരംഭിച്ചപ്പോള്‍ അദ്ദേഹം ഓപ്പണറായി ബാറ്റ്‌ ചെയ്യാനെത്തുകയും ചെയ്‌തു. പതിനാല്‌ പന്തില്‍ എട്ട്‌ റണ്‍സുമായി അദ്ദേഹം മടങ്ങി. സീനിയര്‍ വി്‌കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്‍ പരുക്കുമായി ചികില്‍സയിലാണ്‌. പുതിയ വിക്കറ്റ്‌ കീപ്പര്‍ ആരായാലും മൂന്നാം ഏകദിനത്തില്‍ കളിക്കാന്‍ സാധ്യത കുറവാണ്‌. ടീമിനൊപ്പം സഞ്ചരിക്കുന്ന സെലക്ടറായ ഡേവിഡ്‌ ബൂണ്‍ ഈ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്ര്യൂ ഹിഡിച്ചുമായി സംസാരിച്ചിട്ടു്‌. പരുക്ക്‌ കാരണം ബ്രെട്ട്‌ ലീ, മൈക്കല്‍ ക്ലാര്‍ക്‌, ജെയിംസ്‌ ഹോപ്‌സ്‌ എന്നിവര്‍ ഇപ്പോള്‍ തന്നെ ടീമില്ലില്ല.

Wednesday, October 28, 2009

DAVE-THE LOSS

ഡേവിഡ്‌ ഷെപ്പേര്‍ഡ്‌ അന്തരിച്ചു
ലണ്ടന്‍: ക്രിക്കറ്റ്‌ ലോകത്തിന്‌ ഒരിക്കലും മറക്കാനാവില്ല ഡേവിഡ്‌ ഷെപ്പേര്‍ഡ്‌ എന്ന കുടവയറുകാരനായ അമ്പയറെ. അദ്ദേഹം ഇനിയില്ല....... അര്‍ബുദവുമായി പോരാടിയിരുന്ന ഷെപ്പി ഇന്നലെ 68-ാം വയസ്സില്‍ ലോകത്തോട്‌ വിടപറഞ്ഞു. ആധുനിക ക്രിക്കറ്റിന്റെ അന്തസുള്ള മുഖമായിരുന്നു ഷെപ്പി. ആധികാരികതയില്‍ ഉയരുന്ന വിരലിനൊപ്പം നര്‍മ്മം ഒളിപ്പിച്ച കണ്ണുകളുമായി കളിക്കാരുടെയും ക്രിക്കറ്റ്‌ പ്രേമികളുടെയും ടെലിവിഷന്‍ ക്യാമറകളുടെയും പ്രിയപ്പെട്ട താരമായി മാറിയ ഷെപ്പിയെ പരാമര്‍ശിക്കാതെ ക്രിക്കറ്റ്‌ ചരിത്രമില്ല. 92 ടെസ്‌റ്റുകളാണ്‌ അദ്ദേഹം നിയന്ത്രിച്ചത്‌, മൂന്ന്‌ ലോകകപ്പ്‌ ഫൈനലുകള്‍ ഉള്‍പ്പെടെ 172 ഏകദിനങ്ങളും. ഇന്ത്യ ലോകകപ്പ്‌ സ്വന്തമാക്കിയ 1983 മുതല്‍ 2005 വരെയുള്ള 22 വര്‍ഷക്കാലം മൈതാനത്ത്‌ നിറഞ്ഞ്‌ നിന്ന താരങ്ങള്‍ക്കൊപ്പം ഷെപ്പിയും സൂപ്പര്‍ താരമായി നിലകൊണ്ടിരുന്നു. 1981 ലാണ്‌ അദ്ദേഹത്തിന്റെ അമ്പയര്‍ കരിയര്‍ ആരംഭിച്ചത്‌. ഫസ്‌റ്റ്‌ ക്ലാസ്‌ അമ്പയറിംഗില്‍ നിന്നും അദ്ദേഹം രാജ്യാന്തര അമ്പയറായത്‌ 83 ലെ ലോകകപ്പില്‍. കപില്‍ദേവിന്റെ ചെകുത്താന്‍ സംഘം ക്ലൈവ്‌ ലോയിഡിന്റെ കരിബീയന്‍ സിംഹങ്ങളെ വിഴുങ്ങുമ്പോള്‍ അതിനൊരു സാക്ഷി ഷെപ്പായിരുന്നു. 2005 ജൂണില്‍ വിന്‍ഡീസിലെ കിംഗ്‌സ്റ്റണില്‍ വിന്‍ഡീസ്‌-പാക്കിസ്‌താന്‍ പരമ്പരയിലെ അവസാന ടെസ്റ്റ്‌്‌ നിയന്ത്രിച്ചാണ്‌ അദ്ദേഹം മൈതാനത്തോട്‌ വിടപറഞ്ഞത്‌. അന്ന്‌ വിന്‍ഡീസ്‌ നായകന്‍ ബ്രയന്‍ ചാള്‍സ്‌ ലാറ ഷെപ്പിന്‌ ഒരു ബാറ്റ്‌ നല്‍കിയിരുന്നു. അതിലെ വരികള്‍ ഇപ്രകാരമായിരുന്നു-താങ്കളുടെ സേവനത്തിന്‌, ഓര്‍മ്മകള്‍ക്ക്‌, പ്രൊഫഷണലിസത്തിന്‌ നന്ദി....
രാജ്യാന്തര രംഗം വിട്ട ശേഷം അല്‍പ്പകാലം അദ്ദേഹം കൗണ്ടി ക്രിക്കറ്റിലുണ്ടായിരുന്നു. കൗണ്ടി ക്രിക്കറ്റില്‍ ഗ്ലൗസ്റ്റര്‍ഷെയറിനായി പതിനാറ്‌ വര്‍ഷം ബാറ്റ്‌സ്‌മാനായി വാണ ശേഷമാണ്‌ അദ്ദേഹം അമ്പയറിംഗിലേക്ക്‌ വന്നത്‌. 282 ഫസ്‌റ്റ്‌ ക്ലാസ്‌ മല്‍സരങ്ങളില്‍ കളിച്ച ഷെപ്പ്‌ 12 സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്‌. ഷെപ്പിന്റെ പിന്‍ഗാമികളായ വിന്‍ഡീസുകാരന്‍ സ്റ്റീവ്‌ ബക്‌നറും ദക്ഷിണാഫ്രിക്കക്കാരനായ റൂഡി കോയര്‍ട്‌സമുമാണ്‌ നിലവില്‍ ഏറ്റവും കൂടുതല്‍ ടെസ്‌റ്റുകളും ഏകദിനങ്ങളും നിയന്ത്രിച്ചവര്‍. ഇരുവരും ഷെപ്പിന്റെ ഓര്‍മ്മകളില്‍ മറക്കാത്ത അനുഭവങ്ങളാണ്‌ പങ്ക്‌ വെക്കുന്നത്‌. അമ്പയറിംഗ്‌ എന്ന ജോലിക്ക്‌ ആഡ്യത്വവും അന്തസ്സും നല്‍കിയ മഹാനായ വ്യക്തിയായിരുന്നു ഷെപ്പെന്ന്‌ ഇരുവരും അനുസ്‌മരിച്ചു. ഷെപ്പിനൊപ്പം ദീര്‍ഘകാലം കളി നിയന്ത്രിച്ച ഡിക്കി ബേര്‍ഡും ദു:ഖിതനാണ്‌. ദീര്‍ഘകാലം മണിക്കൂറുകള്‍ ഒപ്പം ചെലവഴിച്ച പ്രിയപ്പട്ട കൂട്ടുകാരന്റെ വിയോഗം നല്‍കുന്നത്‌ ചെറിയ വേദനയല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഐ.സി.സി പ്രസിഡണ്ട്‌ ഡേവിഡ്‌ മോര്‍ഗന്‍ ഉള്‍പ്പെടെ ക്രിക്കറ്റ്‌ ലോകത്തെ പ്രമുഖരെല്ലാം ഷെപ്പിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
ഇന്ന്‌ കളി
കോഴിക്കോട്‌: വിസൂത്‌ പുന്‍പെംഗ്‌ എന്ന തായ്‌ലാന്‍ഡ്‌ സ്‌ട്രൈക്കര്‍ക്ക്‌ കളിക്കാനുളള മതിയായ രേഖകള്‍ ലഭിക്കാത്തത്‌ വിവ കേരളക്ക്‌ നിര്‍ണ്ണായക പോരാട്ടത്തിന്‌ മുമ്പ്‌ തിരിച്ചടിയായി. ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ സ്‌പോര്‍ട്ടിംഗ്‌ ഗോവയെ നേരിടുന്ന വിവയുടെ പ്രതീക്ഷകള്‍ മുന്‍നിരയില്‍ കളിക്കാനെത്തിയ വിസുതിലായിരുന്നു. എന്നാല്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്നും കളിക്കാനുളള അനുമതിപത്രം ഇത്‌ വരെ തായ്‌ താരത്തിന്‌ ലഭിച്ചിട്ടില്ല. ഫെഡറേഷനില്‍ നിന്നും എന്‍. ഒ.സി ലഭിച്ചാല്‍ മാത്രമാണ്‌ താരത്തിന്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭിക്കുകയുള്ളു. മൂന്ന്‌ ദിവസം മുമ്പ്‌ ടീമിനൊപ്പം ചേര്‍ന്ന വിസൂത്‌ ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നു. കളിച്ച മൂന്ന്‌ മല്‍സരങ്ങളിലും പരാജയത്തിന്റെ കയ്‌പ്പൂനീര്‍ കുടിച്ച ടീമില്‍ പക്ഷേ ഇന്ന്‌ പാട്രിക്‌ ശിശുപാലന്‍, സി.സിറാജുദ്ദിനും കളിക്കുന്നുണ്ട്‌. ചിരാഗിനെതിരായ മല്‍സരത്തില്‍ പൊരുതിത്തോറ്റ വിവക്ക്‌ ആദ്യ വിജയത്തിനുളള കനകാവസരമാണിന്ന്‌. വിവയെ പോലെ സ്‌പോര്‍ട്ടിംഗ്‌ ഗോവയും ചാമ്പ്യന്‍ഷിപ്പില്‍ തപ്പിതടയുകയാണ്‌. പൂനെ എഫ്‌.സിക്കെതിരെ സമ്പാദിക്കാനായ സമനില വഴി ലഭിച്ച ഒരു പോയന്റാണ്‌ അവരുടെ സമ്പാദ്യം. പതിനാല്‌ ടീമുകള്‍ കളിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സ്‌പോര്‍ട്ടിംഗ്‌ പതിമൂന്നാം സ്ഥാനത്തും വിവ പതിനാലാമതുമാണ്‌. അവസാന സ്ഥാനക്കാരുടെ പോരാട്ടം ഫ്‌ളഡ്‌ലിറ്റിന്‌ കീഴില്‍ വൈകീട്ട്‌ 6-30 നാണ്‌ ആരംഭിക്കുന്നത്‌.
വിവ സംഘത്തിലെ പ്രതിഭാശാലിയാണ്‌ സി.സിറാജുദ്ദിന്‍ എന്ന കോട്ടക്കല്‍ സ്വദേശി. ഫാറുഖ്‌ കോളജ്‌ സംഘത്തിലുടെ മുഖ്യധാരയില്‍ വന്ന സിറാജ്‌ കാലിക്കറ്റ്‌ വാഴ്‌സിറ്റിക്കായി കളിച്ചാണ്‌ കഴിഞ്ഞ സീസണില്‍ വിവയിലെത്തിയത്‌. വിവയുടെ ഹോം മല്‍സരങ്ങള്‍ ആരംഭിക്കുന്നതിന്‌ മുമ്പ്‌ യുണിവേഴ്‌സല്‍ ടീമുമായി നടന്ന സന്നാഹ മല്‍സരത്തിനിടെ പരുക്കേറ്റ മുന്‍നിരക്കാരന്‍ പരുക്കില്‍ നിന്ന്‌ പൂര്‍ണ്ണ മോചിതനായിട്ടുണ്ട്‌. പാട്രിക്‌ ശിശുപാലിന്റെ സാന്നിദ്ധ്യവും കോച്ച്‌ ഏ.എം ശ്രീധരന്‌ ആശ്വാസം നല്‍കുന്നുണ്ട്‌. ചിരാഗിനെതിരായ മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ഡിഫന്‍ഡറായ ബെല്ലോ റസാക്കിനെ മുന്‍നിരയില്‍ കളിപ്പിച്ച തന്ത്രം വിജയകരമായിരുന്നതിനാല്‍ ഇന്ന്‌ തുടക്കം മുതല്‍ റസാക്കിന്റെ സേവനം മുന്‍നിരയില്‍ ലഭിക്കാനാണ്‌ സാധ്യത. റസാക്ക്‌ മുന്‍നിരയിലേക്ക്‌ വന്നാല്‍ അത്‌ ഡിഫന്‍സിനെ ബാധിക്കുമോ എന്ന ആശങ്കയും കോച്ചിനുണ്ട്‌. ഇന്ത്യന്‍ ക്യാമ്പിലേക്ക്‌ സെലക്ഷന്‍ ലഭിച്ചതിന്റെ ആഹ്ലാദത്തിലുളള നായകന്‍ സക്കീര്‍ മികച്ച ഫോമിലാണിപ്പോള്‍. ചിരാഗിനെതിരായ മല്‍സരത്തില്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട സക്കീറിനൊപ്പം ആദ്യ ഇലവനില്‍ ഷാഹിന്‍ ലാല്‍ മേലോളി, കെ.നൗഷാദ്‌, റൂബന്‍ സാനിയോ, ചാള്‍സ്‌ ഡിസ, ബിമല്‍ ബറൂവ, ഷിബിന്‍ ലാല്‍, സുര്‍ജിത്‌, കര്‍മ എന്നിവരെല്ലാം കളിക്കും. വിദേശ താരങ്ങളായ എലീജ, നതാലി അദിസെ അമോസ്‌, മൈക്കല്‍ തായോ എന്നിവരിലാണ്‌ സ്‌പോര്‍ട്ടിംഗ്‌ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്‌. ഇത്‌ വരെ ക്ലിക്ക്‌ ചെയ്യാന്‍ കഴിയാത്തതിന്റെ പ്രശ്‌നം മാത്രമാണ്‌ ടീമിനുളളതെന്ന്‌ കോച്ച്‌ റോയ്‌ ബരാറ്റോ പറഞ്ഞു.
എലീജയും അമോസോയും ചാമ്പ്യന്‍ഷിപ്പില്‍ ഓരോ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തവരാണ്‌. ഡിഫന്‍സാണ്‌ പ്രശ്‌നമെന്ന്‌ ക്യാപ്‌റ്റന്‍ ബിബിയാനോ സമ്മതിക്കുന്നു. വിവ മുന്‍നിരക്കാര്‍ മുന്നേറിയാല്‍ അത്‌ തന്റെ ടീമിനെ ബാധിക്കുമെന്ന ഭയവും നായകനുണ്ട്‌.

ടിക്കറ്റുകള്‍ രാവിലെ പത്ത്‌ മുതല്‍
ഇന്ന്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന വിവ കേരള-സ്‌പോര്‍ട്ടിംഗ്‌ ഗോവ ഐ ലീഗ്‌ മല്‍സരത്തിന്റെ ടിക്കറ്റുകള്‍ രാവിലെ പത്ത്‌ മുതല്‍ സ്‌റ്റേഡിയം പരിസരത്തുള്ള ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആസ്ഥാനത്ത്‌ നിന്ന്‌ ലഭിക്കുമെന്ന്‌ സെക്രട്ടറി സി.ഹരിദാസ്‌ അറിയിച്ചു. ടിക്കറ്റ്‌ നിരക്ക്‌്‌ ഗ്രാന്‍ഡ്‌ സ്‌റ്റാന്‍ഡ്‌ -100, ഗ്യാലറി 30.

ബിസിനസ്‌
വെല്ലിംഗ്‌ടണ്‍: ന്യൂസിലാന്‍ഡ്‌ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി ആവര്‍ത്തിച്ചഭ്യര്‍ത്ഥിച്ചു-പക്ഷേ ദേശീയ ടീമിന്റെ കോച്ചാവാന്‍ തല്‍ക്കാലം താനില്ലെന്ന ഉറച്ച നിലപാടിലാണ്‌ സ്റ്റീഫന്‍ ഫ്‌ളെമിംഗ്‌ എന്ന കിവി ടീമിന്റെ മുന്‍ നായകന്‍. ആന്‍ഡി മോള്‍സ്‌ പരിശീലക സ്ഥാനം വിട്ടതിനെ തുടര്‍ന്നാണ്‌ കിവി ടീമിന്റെ തലപ്പത്ത്‌ ആളില്ലാതെ വന്നിരിക്കുന്നത്‌. വെട്ടോരി ഉള്‍പ്പെടെ പല സീനിയര്‍ താരങ്ങളും ക്രിക്കറ്റ്‌ നിരൂപകരും ഫ്‌ളെമിംഗാണ്‌ അനുയോജ്യനായ പരിശീലകന്‍ എന്ന്‌ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക്‌ കോച്ചിംഗ്‌ പരിചയമില്ലെന്നും ഇപ്പോള്‍ നടത്തുന്ന ബിസിനസുമായി മുന്നോട്ട്‌ പോയി, കുടുംബത്തൊടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനോടാണ്‌ താല്‍പ്പര്യമെന്നും പറഞ്ഞ്‌ ഫ്‌ളെമിംഗ്‌ ഒഴിഞ്ഞുമാറിയിരിക്കയാണ്‌. ഇപ്പോള്‍ കിവി ടീമില്‍ കളിക്കുന്നവരെല്ലാം തന്റെ സമകാലികരാണെന്നും അവരെ പഠിപ്പിക്കാന്‍ മാത്രമുള്ള ക്രിക്കറ്റ്‌ തന്നില്‍ ഇല്ലെന്നുമാണ്‌ ഫ്‌ളെമിംഗ്‌ പറയുന്നത്‌. ഫ്‌ളെമിംഗ്‌ ജോലി വേണ്ടെന്ന്‌ പറഞ്ഞ സാഹചര്യത്തില്‍ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ജോണ്‍ റൈറ്റിന്‌ സാധ്യതയേറിയിട്ടുണ്ട്‌. ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റിലെ ഹൈ പെര്‍ഫോര്‍മന്‍സ്‌ ഡയരക്ടറാണിപ്പോള്‍ റൈറ്റ്‌. സ്‌റ്റീവ്‌ റിക്‌സണാണ്‌ മറ്റൊരു ചോയിസ്‌. ന്യൂസിലാന്‍ഡ്‌ ടീം പാക്കിസ്‌താനെതിരായ ഏകദിന പരമ്പര കളിക്കാന്‍ ഇപ്പോള്‍ ദുബായിലാണ്‌.
ഡെംപോ ഒന്നാമത്‌്‌
ലുഥിയാന: ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മൂന്ന്‌ മല്‍സരങ്ങളില്‍ രണ്ടിലും സമനില. ഇന്ത്യന്‍ താരം സുനില്‍ ചേത്രിയുടെ മികവില്‍ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവയാണ്‌ മൂന്ന്‌ പോയന്റ്‌്‌ സ്വന്തമാക്കി ടേബിളില്‍ ഒന്നാം സ്ഥാനത്ത്‌ വന്നത്‌. ജെ.സി.ടി മില്‍സിനെ ഡെംപോ വീഴ്‌ത്തിയപ്പോള്‍ കൂപ്പറേജില്‍ മുംബൈക്കാര്‍ തമ്മിലുളള പോരാട്ടത്തില്‍ മുംബൈ എഫ്‌.സിയും എയര്‍ ഇന്ത്യയും 2-2 ല്‍ പിരിഞ്ഞു. മഡ്‌ഗാവില്‍ നടന്ന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ 1-1 ല്‍ തളച്ച പൂനെ എഫ്‌.സിയാണ്‌ തിളങ്ങിയത്‌. ആവേശകരമായിരുന്നു ജെ.സി.ടി-ഡെംപോ അങ്കം. തുല്യ ശക്തികളുടെ അങ്കത്തില്‍ ആദ്യ ഗോള്‍ പിറന്നത്‌ നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍. ജോകീം അബ്രാഞ്ചസാണ്‌ ഡെംപോയുടെ കരുത്തിന്‌ തെളിവായത്‌. ചേത്രിയുടെ പെനാല്‍ട്ടി ഗോള്‍ എഴുപത്തിയഞ്ചാം മിനുട്ടിലായിരുന്നു. ജെ.സി.ടിയുടെ ആശ്വാസ ഗോള്‍ ബാല്‍ജിത്‌ സിംഗ്‌ സെയ്‌നി നേടി. ഡെംപോ പ്ലേ മേക്കര്‍ റോബര്‍ട്ടോ മെന്‍ഡസ്‌ സില്‍വയാണ്‌ കളിയിലെ കേമന്‍. ജയത്തോടെ അഞ്ച്‌ മല്‍സരങ്ങളില്‍ നിന്ന്‌ ഡെംപോക്ക്‌ പതിനൊന്ന്‌ പോയന്റായി. ചിരാഗ്‌ യുനൈറ്റഡിനും ഇത്രയും പോയന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയുടെ ആനുകൂല്യ.ം ഗോവക്കാര്‍ക്കാണ്‌. മഡ്‌ഗാവില്‍ തകര്‍പ്പന്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗോളടീ വിരന്‍ ഒഡാഫെ ഒനാകെ ഒകോലിയുടെ ഗോളില്‍ നാല്‍പ്പത്തിനാലാം മിനുട്ടില്‍ ലീഡ്‌ നേടിയിരുന്നു. പക്ഷേ രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച പൂനെ എഴുപത്തിയാറാം മിനുട്ടില്‍ എഡ്‌മാര്‍ ഫിഗേരയിലുടെ തിരിച്ചടിച്ചു. പത്ത്‌ മിനുട്ടിനിടെ മൂന്ന്‌ ഗോളുകല്‍ പിറന്ന മുംബൈ അങ്കം ആവേശകരമായിരുന്നു. അഭിഷേക്‌ യാദവ്‌, എന്‍.ഡി ഒപാര എന്നിവരായിരുന്നു താരങ്ങള്‍. നാല്‍പ്പത്തിമൂന്നാം മിനുട്ടില്‍ ഒപാര എയര്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. ഈ ഗോള്‍ പിന്‍ബലത്തില്‍ എണ്‍പതാം മിനുട്ട്‌ വരെ ചിത്രത്തില്‍ എയര്‍ ഇന്ത്യ മാത്രമായിരുന്നു. മുന്‍ ഇന്ത്യന്‍ താരം അഭിഷേക്‌ യാദവിന്റെ മികവില്‍ മുംബൈ എഫ്‌.സി തിരിച്ചടിച്ചതോടെ കളി മാറി. എണ്‍പത്തിയെട്ടാം മിനുട്ടില്‍ അഭിഷേക്‌ രണ്ടാം ഗോളും നേടിയപ്പോള്‍ മുംബൈ വിജയിക്കുമെന്ന്‌ തോന്നി. എന്നാല്‍ അടുത്ത മിനുട്ടില്‍ അനുവദിക്കപ്പെട്ട പെനാല്‍ട്ടി കിക്ക്‌ ഒപാര ഗോളാക്കി മാറ്റിയപ്പോള്‍ മുംബൈ എഫ്‌.സിയുടെ വിജയമോഹം പൊലിഞ്ഞു. ഇന്ന്‌ ലീഗില്‍ മൂന്ന്‌ മല്‍സരങ്ങള്‍. ഈസ്റ്റ്‌ ബംഗാള്‍-സാല്‍ഗോക്കര്‍, വിവ കേരള-സ്‌പോര്‍ട്ടിംഗ്‌ ഗോവ, ഷില്ലോംഗ്‌ ലാജോംഗ്‌ എഫ്‌.സി-മോഹന്‍ ബഗാന്‍.
ഇന്ത്യ തിരിച്ചടിച്ചു
നാഗ്‌പ്പൂര്‍: ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ ബാറ്റിംഗ്‌ മികവില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക്‌ തകര്‍പ്പന്‍ വിജയം. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ നാല്‌ റണ്‍സിന്‌ തോറ്റ ഇന്ത്യ നാഗ്‌പ്പൂരിലെ പുതിയ മൈതാനത്ത്‌ നടന്ന ആദ്യ രാജ്യാന്തര മല്‍സരത്തില്‍ റണ്‍സിന്റെ ആധികാരിക വിജയമാണ്‌ സ്വന്തമാക്കിയത്‌. 107 പന്തില്‍ നിന്നും 124 റണ്‍സുമായി ഓസ്‌ട്രേലിയക്കെതിരെ തന്റെ കന്നി സെഞ്ച്വറി സ്വന്തമാക്കിയ എം.എസ്‌ ധോണിയാണ്‌ കളിയിലെ കേമന്‍. പരമ്പരയിലെ അടുത്ത മല്‍സരം ശനിയാഴ്‌ച്ച ഡല്‍ഹിയില്‍ നടക്കും. പകല്‍ രാത്രി മല്‍സരത്തില്‍ ടോസ്‌ അനുകൂലമായി വന്നിട്ടും ബൗളിംഗ്‌ തെരഞ്ഞെടുത്ത റിക്കി പോണ്ടിംഗിന്റെ തീരുമാനമാണ്‌ കാര്യങ്ങള്‍ ഇന്ത്യക്ക്‌ അനുകൂലമാക്കിയത്‌.
ഏഴ്‌ വിക്കറ്റിന്‌ 354 റണ്‍സാണ്‌ ഇന്ത്യ സ്വന്തമാക്കിയത്‌. ഓസ്‌ട്രേലിയക്കെതിരെ ഏകദിനങ്ങളില്‍ ഇന്ത്യ സ്വന്തമാക്കിയ ഉയര്‍ന്ന സ്‌ക്കോറിന്‌ പിന്നണിയില്‍ നായകന്‍ തന്നെയായിരുന്നു. ഗൗതം ഗാംഭീര്‍, സുരേഷ്‌ റൈന എന്നിവര്‍ക്കൊപ്പം ധോണി പടുത്തുയര്‍ത്തിയ സെഞ്ച്വറി സഖ്യങ്ങള്‍ ഇന്ത്യക്ക്‌ വലിയ ആയുധമായി. മറുപടിയില്‍ സീമര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ ഓസീസ്‌ മുന്‍നിരക്കാര്‍ക്ക്‌ ചെറുത്തുനില്‍പ്പിന്‌ കഴിഞ്ഞില്ല.
ധോണിയായിരുന്നു കളം വാണത്‌. സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേന്ദര്‍ സേവാഗും യുവരാജ്‌ സിംഗും കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങിയപ്പോള്‍ ആദ്യം ഗാംഭീറിനൊപ്പം ഇന്നിംഗ്‌സിന്‌ ദിശബോധ നല്‍കിയ നായകന്‍ അവസാനത്തില്‍ റൈനക്കൊപ്പം അടിച്ചുതകര്‍ത്തു. നാല്‌ വിക്കറ്റിന്‌ 238 റണ്‍സ്‌ എന്ന ഘട്ടത്തില്‍ ധോണി ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ 39 ഓവറിലെത്തിയിരുന്നു. പവര്‍ പ്ലേ ഓവറുകളില്‍ 47 റണ്‍സ്‌ പിറന്നപ്പോള്‍ റണ്‍റേറ്റ്‌ കുത്തനെ ഉയര്‍ന്നു.
80 പന്തില്‍ നിന്നും 76 റണ്‍സ്‌ നേടിയ ഗാംഭീര്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കരുത്ത്‌ പ്രകടമാക്കി. നതാന്‍ ഹൗറിറ്റ്‌സിന്റെ ഡയരക്ട്‌ ത്രോയില്‍ റണ്ണൗട്ടായി ഗാംഭീര്‍ മടങ്ങിയതിന്‌ ശേഷമെത്തിയ റൈന 50 പന്തില്‍ നിന്ന്‌ 62 റണ്‍സ്‌ വാരിക്കൂട്ടി. മിച്ചല്‍ ജോണ്‍സണ്‍, ഹില്‍ഫാന്‍ഹസ്‌ എന്നി സീമര്‍മാരാണ്‌ ഇന്ത്യന്‍ ആക്രമണത്തിന്‌ ഇരയായവര്‍. ബാറ്റിംഗ്‌ പവര്‍ പ്ലേ സമയത്ത്‌ മിച്ചല്‍ ജോണ്‍സന്റെ ഓവറില്‍ 16, ഹില്‍ഫാന്‍ഹസിന്റെ ഓവറില്‍ 18 റണ്‍സ്‌ എന്നിങ്ങനെ പിറന്നപ്പോള്‍ സ്‌ക്കോര്‍ 300 കടന്നു.
പരുക്ക്‌ മൂലം ബ്രെട്ട്‌ ലീ പുറത്തായതിനെ തുടര്‍ന്ന്‌ പുതിയ പന്തെടുത്ത ഹില്‍ഫാന്‍ഹസിനെ സേവാഗ്‌ നാലുപാടും പായിച്ചിരുന്നു. മറുഭാഗത്ത്‌ സച്ചിന്‍ നാല്‌ റണ്‍സുമായി പീറ്റര്‍ സിഡിലിന്റെ പന്തില്‍ സ്ലിപ്പില്‍ പിടിനല്‍കി. ജോണ്‍സണ്‍ പായിച്ച സ്ലോ ബോളില്‍ സേവാഗ്‌ മടങ്ങുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ 67 റണ്‍സുണ്ടായിരുന്നു. വിരാത്‌ കോഹ്‌ലിക്ക്‌ പകരം ടീമിലെത്തിയ യുവരാജ്‌ സിംഗിന്‌ നല്ല തുടക്കം ലഭിച്ചു. പക്ഷേ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല.
ധോണി ഷോ
നാഗ്‌പ്പൂര്‍: ഇന്നലെ നേരിട്ട ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ നായകന്‍ എം.എസ്‌ ധോണി ഭാഗ്യവാനായിരുന്നു.... ഹില്‍ഫാന്‍ഹസിന്റെ ബൗണ്‍സറില്‍ നിന്ന്‌ അദ്ദേഹം രക്ഷപ്പെട്ടത്‌ ഇഞ്ചുകളുടെ വിത്യാസത്തില്‍. പന്ത്‌ ധോണിയുടെ ഹെല്‍മറ്റിലാണ്‌ തട്ടിയത്‌. ബൗണ്‍സര്‍ വരുന്നത്‌ കണ്ടപ്പോള്‍ ധോണി തല ചെരിച്ചിരുന്നു. പന്ത്‌ നേരെ തറച്ചത്‌ ഹെല്‍മറ്റിന്റെ പിറകില്‍. അല്‍പ്പം മാറിയിരുന്നെങ്കില്‍ അദ്ദേഹത്തിന്‌ ഗുരുതരമായ പരുക്കേല്‍ക്കുമായിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ മിച്ചല്‍ ജോണ്‍സണുമായി കൂട്ടിയിടിച്ച്‌ ധോണി വീണു. ഇവിടെയും അദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നെയായിരുന്നു ബാറ്റിംഗ്‌. ഗൗതം ഗാംഭീര്‍, സുരേഷ്‌ റൈന എന്നിവര്‍ക്കൊപ്പം സെഞ്ച്വറി സഖ്യങ്ങള്‍. പല റെക്കോര്‍ഡുകളും ഇന്നലെ ധോണിയുടെ പേരിലായി. അദ്ദേഹം നേടിയ 124 റണ്‍സ്‌ ഓസ്‌ട്രേലിയക്കെതിരെ ഒരു നായകന്റെ ഉയര്‍ന്ന വ്യക്തിഗത സമ്പാദ്യമാണ്‌. ലങ്കന്‍ നായകനായിരുന്നപ്പോള്‍ സനത്‌ ജയസൂര്യ നേടിയ 122 റണ്‍സിന്റെ റെക്കോര്‍ഡാണ്‌ തകര്‍ക്കപ്പെട്ടത്‌. ഓസ്‌ട്രേലിയക്കെതിരെ ഒരു വിക്കറ്റ്‌ കീപ്പറുടെ ഉയര്‍ന്ന സമ്പാദ്യവും ഇത്‌ തന്നെ. കമറാന്‍ അക്‌മല്‍ എന്ന പാക്കിസ്‌താന്‍ വിക്കറ്റ്‌ കീപ്പര്‍ അബുദാബിയില്‍ പുറത്താവാതെ നേടിയ 116 റണ്‍സാണ്‌ ധോണിക്ക്‌ വഴി മാറിയത്‌.

സ്‌ക്കോര്‍ക്കാര്‍ഡ്‌
ഇന്ത്യ: സേവാഗ്‌-സി-ഹില്‍ഫാന്‍ഹസ്‌-ബി-ജോണ്‍സണ്‍-40, സച്ചിന്‍-സി-വൈറ്റ്‌-ബി-സിഡില്‍-4, ഗാംഭീര്‍-റണ്ണൗട്ട്‌-76, യുവരാജ്‌-സി ആന്‍ഡ്‌ ബി-ഹില്‍ഫാന്‍ഹസ്‌-23, ധോണി-സി-പെയിനെ-ബി-ജോണ്‍സണ്‍-124, റൈന-സി-പെയിനെ-ബി-ജോണ്‍സണ്‍-62, ഹര്‍ഭജന്‍-നോട്ടൗട്ട്‌-1, പ്രവീണ്‍-റണ്ണൗട്ട്‌-1, എക്‌സ്‌ട്രാസ്‌-23, ആകെ ഏഴ്‌ വിക്കറ്റിന്‌ 354. വിക്കറ്റ്‌ പതനം: 1-21 (സച്ചിന്‍), 2-67 (സേവാഗ്‌), 3-97 (യുവി), 4-216 (ഗൗതം), 5-352 (എം.എസ്‌), 6-353 (റൈന), 7-354 (പ്രവീണ്‍). ബൗളിംഗ്‌: ഹില്‍ഫാന്‍ഹസ്‌ 10-0-83-1, സിഡില്‍ 10-0-55-1, ജോണ്‍സണ്‍ 10-0-75-3, ഹൗറിറ്റ്‌സ്‌ 10-0-54-0, വോഗ്‌സ്‌ 5-0-33-0, വാട്ട്‌സണ്‍ 5-0-47-0.
ഓസ്‌ട്രേലിയ: വാട്ട്‌സണ്‍-സി-സച്ചിന്‍-ബി-ഇഷാന്ത്‌-19, പെയിനെ-ബി-പ്രവീണ്‍-8, പോണ്ടിംഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-പ്രവീണ്‍-12, വൈറ്റ്‌-സി-റൈന-ബി- ഹര്‍ഭജന്‍-23, ഹസി
വിക്കറ്റ്‌ പതനം:1-20 (പെയിനെ), 2-41 (വാട്ടസണ്‍), 3-45 (റിക്കി), 4-93 (വൈറ്റ്‌)

മരുന്നടിച്ചിരുന്നു
ലണ്ടന്‍: ആന്ദ്രെ അഗാസിയുടെ ജീവചരിത്രത്തില്‍ മരുന്നടിയുടെ കുറ്റസമ്മതം... 1997 ല്‍ താന്‍ മരുന്നടിച്ചതായാണ്‌ അഗാസിയുടെ വാക്കുകള്‍. എട്ട്‌ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ അമേരിക്കന്‍ താരം 2006 ലാണ്‌ രാജ്യാന്തര രംഗം വിട്ടത്‌. ക്രിസ്റ്റല്‍ മെറ്റ എന്ന ഉത്തേജക പൊടിയാണ്‌ അഗാസി ഉപയോഗിച്ചിരുന്നത്‌. 1997 അഗാസിയുടെ കരിയറിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു. പരുക്കുകള്‍ അലട്ടിയ വര്‍ഷത്തില്‍ കാര്യമായ നേട്ടങ്ങളൊന്നും അദ്ദേഹത്തിന്‌ ലഭിച്ചിരുന്നില്ല. ലോക റാങ്കിംഗില്‍ അദ്ദേഹം 141 ലേക്ക്‌ താണതും ഈ വര്‍ഷമായിരുന്നു. അതേ വര്‍ഷം മരുന്നടിക്ക്‌ അഗാസി പിടിക്കപ്പെട്ടിരുന്നു. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ഡോപ്പ്‌ ടെസ്റ്റ്‌ ഫലം മോശമാണെന്ന്‌ പറഞ്ഞപ്പോള്‍ അഗാസി ഏ.ടി.പിക്ക്‌ മാപ്പുമായി കത്തെഴുതി. മുന്‍ കോച്ചിന്റെ പ്രേരണയാലാണ്‌ പൗഡര്‍ ഉപയോഗിച്ചതെന്നും മാപ്പ്‌ നല്‍കണമെന്നും അല്ലാത്തപക്ഷം തന്റെ കരിയര്‍ ഇല്ലാതാവുമെന്നും എഴുതിയപ്പോള്‍ അധികാരികള്‍ കണ്ണടച്ചു. ഓപ്പണ്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്‌തകത്തിലെ വരികള്‍ തീര്‍ച്ചയായും അഗാസിയെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എക്കാലത്തെയും ഏറ്റവും മികച്ച ടെന്നിസ്‌ താരങ്ങളിലൊരാള്‍ എന്ന ഖ്യാതിയാണ്‌ സ്‌റ്റെഫിഗ്രാഫിന്റെ ഭര്‍ത്താവിന്‌ നഷ്ടമാവുന്നത്‌.
മൂന്നാം കിട ടീമിനോട്‌ റയല്‍ നാല്‌ ഗോളുകള്‍ വാങ്ങി
മാഡ്രിഡ്‌: സൂപ്പര്‍ താരങ്ങളുടെ റയല്‍ മാഡ്രിഡിന്‌ കിംഗ്‌സ്‌ കപ്പില്‍ നാണം കെട്ട തോല്‍വി. തേര്‍ഡ്‌ ഡിവിഷന്‍ ടീമായ അല്‍കോര്‍കോണ്‍ നാല്‌ ഗോളിനാണ്‌ റയലിനെ തരിപ്പണമാക്കിയത്‌. കൃസ്റ്റിയാനോ റൊണാള്‍ഡോ, കക്ക എന്നിവരൊഴികെ ബാക്കിയെല്ലാ സൂപ്പര്‍ താരങ്ങളും പങ്കെടുത്ത മല്‍സരത്തിലാണ്‌ റയലിന്‌ ഏറ്റവും വലിയ അപമാനമുണ്ടായത്‌. രണ്ടാഴ്‌ച്ച മുമ്പ്‌ സ്‌പാനിഷ്‌ ലീഗില്‍ ഗറ്റാഫെയോടും കഴിഞ്ഞയാഴ്‌ച്ച യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഏ.സി മിലാനോടും തകര്‍ന്ന റയലിനെ മൂന്നാം കിട ടീം തകര്‍ത്ത സാഹചര്യത്തില്‍ കോച്ച്‌ പെലിഗ്രിനിയുടെ തൊപ്പി തെറിക്കുമെന്നുറപ്പാണ്‌. അദ്ദേഹം ജനങ്ങളോട്‌ പരസ്യമായി തന്നെ ഇന്നലെ മാപ്പ്‌ ചോദിച്ചു.

ബാറ്റണ്‍ റിലേ ഇന്ന്‌
ലണ്ടന്‍: എലിസബത്ത്‌ രാജ്ഞിയുടെയും രാഷ്ട്രപതി പ്രതിഭാ പാട്ടിലിന്റെയും സാന്നിദ്ധ്യത്തില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ബാറ്റണ്‍ റിലേക്ക്‌ ഇന്ന്‌ തുടക്കം. അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന ഗെയിംസിന്റെ പ്രധാന ഔപചാരിക ചടങ്ങാണിത്‌. ചടങ്ങില്‍ സംബന്ധിക്കാന്‍ ഇന്ത്യന്‍ കായിക ലോകത്തെ പ്രധാനികളെല്ലാം ലണ്ടനില്‍ എത്തിയിട്ടുണ്ട്‌. മില്‍ഖാസിംഗ്‌ മുതല്‍ സാനിയ മിര്‍സ വരെയുളളവര്‍ റിലേയില്‍ പങ്കെടുക്കും. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയഷന്‍ തലവനും സംഘാടകസമിതി ചെയര്‍മാനുമായ സുരേഷ്‌ കല്‍മാഡിയും ഡല്‍ഹി ഗെയിംസ്‌ സി.ഇ.ഒ മൈക്‌ ഹൂപ്പറുമെല്ലാം ചടങ്ങിനുണ്ട്‌.

Tuesday, October 27, 2009

AUSSI PRESSURE

പരുക്കില്‍ ഓസീസ്‌, പ്രതീക്ഷയില്‍ ഇന്ത്യ
നാഗ്‌പ്പൂര്‍:ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനായി ഇന്നിറങ്ങുന്ന ഓസ്‌ട്രേലിയ പരുക്കിന്റെ ഭീഷണിയില്‍....ഫാസ്‌റ്റ്‌ ബൗളര്‍ ബ്രെട്ട്‌ ലീ, ഓള്‍റൗണ്ടര്‍ ജെയിംസ്‌ ഹോപ്‌സ്‌ എന്നിവര്‍ ഇന്ന്‌ കളിക്കുന്നില്ല. മറ്റൊരു സീമര്‍ മിച്ചല്‍ ജോണ്‍സന്റെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. മൈക്കല്‍ ക്ലാര്‍ക്കിനും കാലം ഫെര്‍ഗൂസണും നേരത്തെ തന്നെ പരുക്കിന്റെ പിടിയിലാണ്‌. ഇന്ന്‌ ഇവിടെ നടക്കുന്ന പകല്‍ രാത്രി പോരാട്ടത്തില്‍ പതിനൊന്ന്‌ താരങ്ങളെ ഇറക്കാനുളള പ്രയാസത്തിലാണ്‌ ഓസ്‌ട്രേലിയന്‍ കോച്ച്‌ ടീം നെല്‍സണ്‍. അതേ സമയം ഇന്ത്യന്‍ ക്യാമ്പില്‍ തിരിച്ചടിക്കാനുളള ആവേശം യുവരാജ്‌ സിംഗിന്റെ വരവോടെ ഉയര്‍ന്നിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിനിടെ പരുക്കേറ്റ യുവരാജ്‌ പൂര്‍ണ്ണ സുഖം പ്രാപിച്ചതോടെ ഇന്ന്‌ കളിക്കുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. യുവരാജ്‌ വരുമ്പോള്‍ ആദ്യ ഇലവനില്‍ വിരാത്‌ കോഹ്‌ലി, രവീന്ദു ജഡേജ എന്നിവരില്‍ ഒരാള്‍ പുറത്താവും. ബറോഡയില്‍ നടന്ന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ പ്രശ്‌നങ്ങളുടെ നടുക്കടലിലായിരുന്നു ഇന്ത്യ. നാല്‌ റണ്‍സിന്‌ മാത്രമാണ്‌ തോറ്റതെങ്കിലും ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലുമെല്ലാം ടീം ദയനീയതയാണ്‌ പ്രകടിപ്പിച്ചത്‌. ആശിഷ്‌ നെഹ്‌റ, ഇഷാന്ത്‌ ശര്‍മ്മ, പ്രവീണ്‍ കുമാര്‍, ഹര്‍ഭജന്‍സിംഗ്‌ എന്നിവരടങ്ങുന്ന ബൗളിംഗ്‌ നിരക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ഭജനാണ്‌ വലിയ നിരാശ സമ്മാനിച്ചത്‌. സ്‌പിന്നര്‍മാര്‍ക്ക്‌ തിളങ്ങാനാവുന്ന പിച്ചായിട്ടും കാര്യമായ സംഭാവന ടീമിന്‌ നല്‍കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഇഷാന്ത്‌ മുന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയെന്നത്‌ സത്യം. അദ്ദേഹത്തിനും ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാരുടെ കൂറ്റന്‍ ഷോട്ടുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രവീണാണ്‌ ഏറെ ശിക്ഷിക്കപ്പെട്ടത്‌. ബൗളര്‍മാരുടെ കാര്യത്തില്‍ ഇന്നും മാറ്റത്തിന്‌ സാധ്യതയില്ല. ബാറ്റിംഗില്‍ മുന്‍നിരക്കാര്‍ എല്ലാം മറന്നിരുന്നു. വീരേന്ദര്‍ സേവാഗ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ക്യാപ്‌റ്റന്‍ ധോണി എന്നിവരെല്ലാം പരാജിതരായപ്പോള്‍ മുന്‍നിരക്കാരില്‍ പിടിച്ചുനിന്നത്‌ ഗൗതം ഗാംഭീര്‍ മാത്രമായിരുന്നു. ഇന്ത്യ വിജയത്തിന്റെ അരികിലേക്ക്‌ നീങ്ങിയത്‌ വാലറ്റത്തില്‍ ഹര്‍ഭജന്‍ സിംഗും പ്രവീണ്‍ കുമാറും നടത്തിയ പ്രകടനത്തിലാണ്‌. ഫീല്‍ഡിംഗും ആകെ പാളിയിരുന്നു. വിരാത്‌ കോഹ്‌ലി, രവിന്ദു ജഡേജ എന്നീ യുവതാരങ്ങള്‍ മികച്ച ഫീല്‍ഡര്‍മാരാണെങ്കിലും യുവരാജിനെ പോലെ ടീമിനെ ഉണര്‍ത്താന്‍ ഇവര്‍ക്കായിരുന്നില്ല. ഇന്നത്തെ മല്‍സരത്തില്‍ വിജയിക്കാനാവാത്ത പക്ഷം ടീമിന്‌ പരമ്പരയില്‍ തിരിച്ചുവരാന്‍ പ്രയാസമാണെന്ന സത്യം ധോണി മനസ്സിലാക്കുന്നുണ്ട്‌.
പോണ്ടിംഗ്‌ മുഖ്യ താരങ്ങളുടെ പരുക്കില്‍ വേവലാതി പരസ്യമായി പ്രകടിപ്പിക്കുന്നില്ല. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാര്‍ എന്ന നിലയില്‍ യുവതാരങ്ങളെ പ്രചോദിപ്പിച്ച്‌, അവരിലെ പോരാട്ടവീര്യം ഉയര്‍ത്താനാണ്‌ അദ്ദേഹത്തിന്റെ നീക്കം. ടീം പെയിനെയെ പോലുളള യുവതാരങ്ങള്‍ ഇന്ത്യന്‍ ബൗളിംഗിനെ പഠിച്ചുകഴിഞ്ഞു. ബ്രെട്ട്‌ ലീ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന സമയമാണിത്‌. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ സേവനം നഷ്ടമാവുന്നത്‌ ആഘാതമാണ്‌. ഇന്ത്യയില്‍ നടന്ന ചാമ്പ്യന്‍സ്‌ ട്രോഫി 20-20 യില്‍ ന്യൂ സൗത്ത്‌ വെയില്‍സിന്‌ വേണ്ടി മിന്നല്‍ പ്രകടനമാണ്‌ ലീ നടത്തിയിരുന്നത്‌. ഫൈനല്‍ പോരാട്ടത്തില്‍ ട്രിനിഡാഡിനെ പരാജയപ്പെടുത്തുന്നതില്‍ ബാറ്റ്‌ കൊണ്ടും പന്ത്‌ കൊണ്ടും ലീയാണ്‌ മികച്ചുനിന്നത്‌. പേശീവലിവാണ്‌ ലീയെ തളര്‍ത്തുന്നത്‌. ഹോപ്‌സിന്റെ കണങ്കാലിനാണ്‌ പരുക്ക്‌. ബറോഡ ഏകദിനത്തില്‍ പരുക്കേറ്റ മിച്ചല്‍ ജോണ്‍സണ്‍ ഇന്നലെ പരിശീലനത്തില്‍ സജീവമായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്‌ ആദ്യ ഇലവനില്‍ സ്ഥാനം നല്‍കുമെന്നാണ്‌ കോച്ച്‌ വ്യക്തമാക്കിയിരിക്കുന്നത്‌.
നാഗ്‌പ്പൂരിന്‌ സമീപമുളള ജംതയിലെ പുതിയ മൈതാനത്ത്‌ നടക്കുന്ന ആദ്യ രാജ്യാന്തര ഏകദിന മല്‍സരം കൂടിയാണ്‌ ഇന്ന്‌ നടക്കുന്നത്‌. ഈ മൈതാനത്ത്‌ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‌റ്റ്‌ പരമ്പരയിലെ ഒരു മല്‍സരം നടന്നിരുന്നുവെങ്കിലും കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാഗ്‌പ്പൂര്‍ നഗരത്തില്‍ നിന്നും പതിനാറ്‌ കീലോമീറ്റര്‍ അകലെയാണ്‌ ജംത. അതിനാല്‍ തന്നെ കാണികള്‍ എത്തിപ്പെടാന്‍ പ്രയാസമാണ്‌. ഇന്ന്‌ പകല്‍ രാത്രി മല്‍സരമായതിനാല്‍ കാണികളുടെ എണ്ണത്തില്‍ കുറവ്‌ വരില്ല എന്നാണ്‌ സംഘാടകര്‍ കരുതുന്നത്‌.
ബറോഡ ഏകദിനത്തില്‍ 11 പന്തില്‍ 13 റണ്‍സ്‌ സ്വന്തമാക്കിയ വിരേന്ദര്‍ സേവാഗില്‍ നിന്നും അദ്ദേഹത്തിന്റെ തനത്‌ ശൈലിയിലുള്ള തകര്‍പ്പന്‍ ഇന്നിംഗ്‌സാണ്‌ കാണികള്‍ പ്രതീക്ഷിക്കുന്നത്‌. മല്‍സരത്തിലെ ആദ്യ രണ്ട്‌ പന്തുകളില്‍ മികച്ച ഷോട്ടുകള്‍ പായിച്ച സേവാഗിന്‌ നല്ല തുടക്കം ലഭിച്ചാല്‍ അത്‌ ഇന്ത്യക്ക്‌ വലിയ സഹായമാവും. പകല്‍ രാത്രി മല്‍സരമായതിനാല്‍ ടോസ്‌ നിര്‍ണ്ണായകമാണ്‌. ടോസ്‌ ലഭിച്ചാല്‍ ആദ്യം ബാറ്റിംഗ്‌ എന്ന ലക്ഷ്യത്തിലേക്കായിരിക്കും നായകര്‍ നീങ്ങുക. യുവരാജ്‌ സിംഗ്‌ സ്വന്തം ദിവസങ്ങളില്‍ ആര്‍ക്കും പിടിച്ചാല്‍ കിട്ടാത്ത താരമാണ്‌. പരുക്കുമായി അല്‍പ്പനാളുകള്‍ പുറത്തിരുന്ന പരിചയസമ്പന്നനായ താരം മധ്യനിരയില്‍ തിരിച്ചെത്തുന്നത്‌ ഇന്ത്യക്ക്‌ ആശ്വാസം പകരും.
ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുക്കുന്നതില്‍ ബറോഡയില്‍ രണ്ട്‌ ടീമുകളും പരാജയമായിരുന്നു. ഓസ്‌ട്രേലിയ 43 മുതല്‍ 47 ഓവര്‍ വരെയുള്ള സമയത്താണ്‌ ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുത്തത്‌. 33 റണ്‍സ്‌ മാത്രമാണ്‌ പവര്‍ പ്ലോ ഓവറുകളില്‍ അവര്‍ക്ക്‌ നേടാനായത്‌. മൂന്ന്‌ വിക്കറ്റുകളും നഷ്ടമായി. ഇന്ത്യ 35 മുതല്‍ 40 വരെയുള്ള ഓവറുകളിലാണ്‌ പവര്‍ പ്ലേ തെരഞ്ഞെടുത്തത്‌. ആദ്യ പന്തില്‍ തന്നെ ഫോമിലുള്ള ബാറ്റ്‌സ്‌മാന്‍ ഗാംഭീറിനെ നഷ്ടമായെന്ന്‌ മാത്രമല്ല 32 റണ്‍സ്‌ മാത്രമാണ്‌ ഈ ഘട്ടത്തില്‍ ടീമിന്‌ നേടാനായത്‌. ഓസ്‌ട്രേലിയക്കാരെ പോലെ മൂന്ന്‌ വിക്കറ്റും ബലി നല്‍കേണ്ടി വന്നു.
ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്‌്‌ നിരാശപ്പെടുത്തിയ ബറോഡയില്‍ ഓസീസ്‌ സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സ്‌ അവസരോചിതമായി പന്തെറിഞ്ഞിരുന്നു. ധോണി-ഗാംഭീര്‍ സഖ്യം നന്നായി മുന്നേറവെ ബൗള്‍ ചെയ്യാനെത്തിയ സന്ദര്‍ഭത്തില്‍ ഏഴ്‌ ഓവറുകള്‍ എറിഞ്ഞ ഹൗറിറ്റ്‌സ്‌ 15 റണ്‍സ്‌ മാത്രമാണ്‌ നല്‍കിയത്‌. ഒരു വിക്കറ്റും വീഴ്‌ത്തി.
ഇന്ത്യയുടെ അവസാന ഇലവനെ ഇത്‌ വരെ തെരഞ്ഞെടുത്തിട്ടില്ല. യുവരാജ്‌ സിംഗ്‌ മടങ്ങിവരുമ്പോള്‍ കോഹ്‌ലി, ജഡേജ എന്നിവരില്‍ ഒരാള്‍ പുറത്താവും. ബറോഡയില്‍ ശിക്ഷ വാങ്ങിയ പ്രവീണ്‍ കുമാറിന്‌ പകരം മുനാഫ്‌ പട്ടേല്‍ വരാനും സാധ്യതയുണ്ട്‌. ഓസീസ്‌ ടീമില്‍ ലി, ഹോപ്‌സ്‌ എന്നിവര്‍ക്ക്‌ പകരം ഡഗ്‌ ബോളിഗ്നര്‍,ഷോണ്‍ മാര്‍ഷ്‌്‌ എന്നിവര്‍ കളിക്കാനാണ്‌ സാധ്യത. മല്‍സരം ഉച്ചതിരിഞ്ഞ്‌ 2-30 മുതല്‍ ദൂരദര്‍ശനിലും നിയോ സ്‌പോര്‍ട്‌സിലും.

പോര്‍ച്ചുഗല്‍ തന്ത്രങ്ങളുമായി സ്‌പോര്‍ട്ടിംഗ്‌
കോഴിക്കോട്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ ആദ്യ വിജയം തേടിയെത്തിയ സ്‌പോര്‍ട്ടിംഗ്‌ ഗോവക്കായി തന്ത്രങ്ങള്‍ മെനയുന്നത്‌ പോര്‍ച്ചുഗലില്‍ നിന്നുളള പരിശീലകന്‍ റോയ്‌ ബരാറ്റോ.. നാളെ കോര്‍പ്പ
റേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിനായി ഇന്നലെ വൈകിട്ട്‌ നഗരത്തിലെത്തിയ ടീമിന്റെ കരുത്ത്‌ പരിശീലകനാണ്‌. ക്യാപ്‌റ്റന്‍ ബിബിയാനോ ഉള്‍പ്പെടെയുളള സീനിയര്‍ താരങ്ങള്‍ ടീമിന്റെ സാധ്യതകളെക്കുറിച്ച്‌ പറയാന്‍ ധൈര്യപ്പെട്ടില്ല. എല്ലാം കോച്ച്‌ പറയുമെന്ന്‌ പറഞ്ഞ്‌ താരങ്ങളും ടീം മാനേജറും മുങ്ങിയപ്പോള്‍ ആധികാരികമായ മറുപടികളുമായാണ്‌ ബരാറ്റോ വന്നത്‌. ഇതിനകം ലീഗില്‍ മൂന്ന്‌ മല്‍സരങ്ങള്‍ കളിച്ച ടീമിന്റെ സമ്പാദ്യം പൂനെ എഫ്‌.സിയുമായി ലഭിച്ച സമനിലയില്‍ നിന്നുള്ള ഒരു പോയന്റാണ്‌. പക്ഷേ അതൊന്നും ബരാറ്റോ കാര്യമാക്കുന്നില്ല. പ്രൊഫഷണല്‍ ഫുട്‌ബോളും പോസീറ്റിവ്‌ ഫുട്‌ബോളുമാണ്‌ അദ്ദേഹത്തിന്റെ മനസ്സില്‍. തോല്‍വികള്‍ കാര്യമാക്കുന്നില്ല. വിവക്കെതിരെ ജയിക്കാനാണ്‌ വന്നത്‌. പ്രതിരോധത്തിലെ പാളിച്ചകളാണ്‌ തോല്‍വികള്‍ക്ക്‌ കാരണമായത്‌.
വിവ നല്ല ടീമാണ്‌. ചര്‍ച്ചിലുമായുളള അവരുടെ മല്‍സരം കണ്ടിരുന്നു. സ്വന്തം മൈതാനത്ത്‌ കളിക്കുമ്പോള്‍ തീര്‍ച്ചയായും ആക്രമണമായിരിക്കും അവരുടെ മുദ്രാവാക്യം. ഫള്‌ഡ്‌ലിറ്റിന്‌ നടക്കുന്ന മല്‍സരമായതിനാല്‍ കൂടുതല്‍ ആവേശത്തിലാണ്‌ ബരാറ്റോ. പകല്‍ മല്‍സരങ്ങളില്‍ കളിക്കുമ്പോള്‍ സ്വാഭാവികമായും താരങ്ങള്‍ വേഗം ക്ഷീണിതരാവും. രാത്രിയില്‍ ക്ഷീണമില്ലാതെ കളിക്കാമെന്നും അത്‌ ടീമിന്‌ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പോര്‍ച്ചുഗല്‍കാരനായ ബരാറ്റോ പ്രൊഫഷണല്‍ പരിശീലകനാണ്‌. ദീര്‍ഘകാലം ആഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്കയിലും നമീബിയയിലും സിംബാബ്‌വെയിലുമെല്ലാം പരിശീലക ജിവിതം നയിച്ചാണ്‌ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്‌.
കനത്ത മഴയില്‍ ലീഗിലെ ആദ്യ മല്‍സരം കളിക്കാന്‍ കഴിയാതിരുന്ന സ്‌പോര്‍ട്ടിംഗ്‌ രണ്ടാം മല്‍സരത്തില്‍ സ്വന്തം മൈതാനത്ത്‌ ലാജോംഗ്‌ എഫ്‌.സിക്ക്‌ മുന്നില്‍ ഒരു ഗോളിന്‌ തോറ്റിരുന്നു. രണ്ടാം മല്‍സരത്തില്‍ പുനെ എഫ്‌.സിയുമായി 2-2 സമനില വഴങ്ങി. മൂന്നാം മല്‍സരത്തില്‍ നാട്ടുകാരായ സാല്‍ഗോക്കറിന്‌ മുന്നില്‍ പൊരുതികളിച്ചിട്ടും 2-3ന്‌ തോല്‍ക്കുകയായിരുന്നു.
സംഘാടക സമിതിക്ക്‌ വേണ്ടി സി.ജെ റോബിന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ ടീമിനെ സ്വീകരിച്ചു. ഇന്ന്‌ വൈകീട്ട്‌ ടീം മൈതാനത്ത്‌ പരിശീലനത്തിനിറങ്ങും. നാളെ 6-30 നാണ്‌ മല്‍സരം. വിവ കേരള ടീമിന്റെ പുതിയ തായ്‌ലാന്‍ഡ്‌ താരം വിസുത്‌ പുന്‍പെംഗ്‌ ഇന്നലെ ടീമിനൊപ്പം അല്‍പ്പസമയം ചെലവഴിച്ചു.
റാഫി മിന്നിയിട്ടും മഹീന്ദ്രക്ക്‌ സമനില
മുംബൈ: കൂപ്പറേജ്‌ സ്‌റ്റേഡിയത്തില്‍ ഇന്നലെ കാസര്‍ക്കോടുകാരന്‍ മുഹമ്മദ്‌ റാഫിയുടെ ദിനമായിരുന്നു. ഐ ലീഗ്‌ ഫുട്‌ബോളില്‍ മഹീന്ദ്ര യുനൈറ്റഡിനായി കളിച്ച റാഫി ഇരുപകുതികളിലായി സ്‌ക്കോര്‍ ചെയ്‌ത ഒരു ജോഡി ഗോളുകള്‍ പക്ഷേ മഹീന്ദ്രയെ തുണച്ചില്ല. ചിരാഗ്‌ യുനൈറ്റഡിനെതിരായ മല്‍സരത്തില്‍ അവര്‍ പോയന്റ്‌്‌ പങ്കിട്ടു. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ വിവ കേരളയെ ഒരു ഗോളിന്‌ കീഴടക്കി ഇവിടെയെത്തിയ ചിരാഗ്‌ സംഘത്തിന്‌ തുടക്കത്തില്‍ തന്നെ പിഴച്ചിരുന്നു. പക്ഷേ സുബ്രതോ ഭട്ടാചാര്യയുടെ ടീം പോരാട്ടവീര്യം അവസാന നിമിഷം വരെ നിലനിര്‍ത്തി.
മുപ്പത്തിയൊമ്പതാം മിനുട്ടിലായിരുന്നു റാഫിയുടെ ആദ്യ ഗോള്‍. ഈ ഗോളിന്‌ ആദ്യ പകുതിക്ക്‌ പിരിഞ്ഞ ജീപ്പുകാര്‍ക്ക്‌ പക്ഷേ അമ്പത്തിയാറാം മിനുട്ടില്‍ സമനില വഴങ്ങേണ്ടി വന്നു. ജോസിമര്‍ ഡാസില്‍വ മാര്‍ട്ടിനസിന്റെ ബൂട്ടില്‍ നിന്നായിരുന്നു മിന്നല്‍ സമനില ഗോള്‍. അടുത്ത മിനുട്ടില്‍ തന്നെ അജയന്‍ നല്‍കിയ പാസുമായി മുന്നേറിയ റാഫി വീണ്ടും ടീമിന്‌ ലീഡ്‌ നല്‍കി. മല്‍സരം അവസാനിക്കാന്‍ 12 മിനുട്ട്‌ ശേഷിക്കെ ജോഷിമര്‍ തന്നെ ഒരിക്കല്‍ക്കൂടി ചിരാഗിന്റെ രക്ഷകനായി. റാഫിയാണ്‌ കളിയിലെ കേമന്‍. സമനിലയോടെ ചിരാഗ്‌ 11 പോയന്റുമായി ഐ ലീഗ്‌ ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഇന്ന്‌ മൂന്ന്‌ മല്‍സരങ്ങള്‍
ജെ.സി.ടി മില്‍സ്‌-ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌
ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌-പൂനെ എഫ്‌.സി
എയര്‍ ഇന്ത്യ-മുംബൈ എഫ്‌.സി

പറങ്കിതന്തച്രം
കോഴിക്കോട്‌: ചുഗവാമ എന്ന നൈജീരിയക്കാരന്‌ കീഴില്‍ ദേശീയ ഫുട്‌ബോളില്‍ ഒരു കാലത്ത്‌ നിറഞ്ഞ്‌ നിന്ന സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഗോവ ഇടക്കാലത്തെ തകര്‍ച്ചയില്‍ നിന്നും തിരിച്ചുവരവിന്‌ ശ്രമിക്കുന്നത്‌ മറ്റൊരു വിദേശ പരിശീലകന്‌ കീഴില്‍.... പോര്‍ച്ചുഗലുകാരനായ റോയ്‌ ബരാറ്റോക്ക്‌ ടീമിനെ ഉയരങ്ങളിലെത്തിക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. 1999 ല്‍ രൂപികൃതമായ സ്‌പോര്‍ട്ടിംഗിന്റെ സുവര്‍ണ്ണകാലം ചുഗവാമക്ക്‌ കീഴിലായിരുന്നു. ഡുഡു ഒമാഗമി എന്ന മുന്‍നിരക്കാരന്റെ കരുത്തില്‍ സ്‌പോര്‍ട്ടിംഗ്‌ സൂപ്പര്‍ കപ്പ്‌ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കിയത്‌ കോഴിക്കോട്ട്‌ വെച്ചായിരുന്നു. എസ്‌.ബി.ടി ഉള്‍പ്പെടെയുളള ടീമുകള്‍ ദേശീയ ലീഗ്‌ കളിച്ചിരുന്ന സമയത്ത്‌ ടീമിന്റെ തുരുപ്പുചീട്ടായിരുന്നു ഡുഡു എന്ന പത്താം നമ്പറുകാരന്‍. പക്ഷേ ബരാറ്റോക്ക്‌ അങ്ങനെയൊരു ആയുധമില്ല. നാല്‌ വിദേശ താരങ്ങള്‍ ടീമിലുണ്ട്‌. പക്ഷേ ആര്‍ക്കും ഇത്‌ വരെയങ്ങ്‌ മിന്നാന്‍ കഴിഞ്ഞിട്ടില്ല. പൂനെ എഫ്‌.സിയുമായി സമനില കൈവരിച്ച മല്‍സരത്തിലാണ്‌ ടീമിന്റെ പോരാട്ടവീര്യം പ്രകടമായത്‌. പ്രൊഫഷണലിസമാണ്‌ ബരാറ്റോയുടെ ആയുധം. ആദ്യമായി കോഴിക്കോട്ട്‌ വന്ന കോച്ച്‌ അറിയാത്ത കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ തയ്യാറല്ല. മൂന്ന്‌ വര്‍ഷം മുമ്പ്‌ ഇവിടെ വെച്ചാണ്‌ സ്‌പോര്‍ട്ടിംഗ്‌ സൂപ്പര്‍ കപ്പ്‌ നേടിയതെന്ന കാര്യത്തില്‍ അഭിപ്രായത്തിന്‌ അദ്ദേഹം മുതിര്‍ന്നില്ല. ഭൂതകാലത്തെക്കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്നും പറയാനില്ലെന്നുമായിരുന്നു പ്രതികരണം. വിവ ടീമിന്റെ പുതിയ തായ്‌ റിക്രൂട്ടിനെക്കുറിച്ച്‌ ചോദിച്ചപ്പോഴും കാണാത്ത കാര്യങ്ങളില്‍ അഭിപ്രായത്തിനിലെന്ന പ്രൊഫഷണല്‍ മറുപടിയാണ്‌ വന്നത്‌. ഫുട്‌ബോളിലെ തന്ത്രം വിജയിക്കാനാണ്‌. വിജയം നടപ്പാക്കുകയാണ്‌ പരമ പ്രധാനമെന്ന്‌ പറയുന്ന പരിശീലകന്‌ കീഴില്‍ സ്‌പോര്‍ട്ടിംഗ്‌ മുന്നേറിയാല്‍ അല്‍ഭുതപ്പെടാനില്ല.

വയസ്സന്മാര്‍ ഇല്ല
സ്റ്റോക്ക്‌ഹോം: സ്വിഡിഷ്‌ ഫുട്‌ബോളില്‍ ഒരു കാലഘട്ടം അവസാനിക്കുകയാണ്‌..... ദീര്‍ഘകാലം ടീമിനെ സേവിച്ച പരിശീലകന്‍ ലാര്‍സ്‌ ലാജര്‍ബാകും മുന്‍നിരക്കാരന്‍ ഹെന്‍ട്രിക്‌ ലാര്‍സണും ഇനി ദേശീയ കുപ്പായത്തിലുണ്ടാവില്ല. അടുത്ത വര്‍ഷം ദക്ഷിണാഫ്രക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിന്‌ യോഗ്യത നേടാന്‍ കഴിയാതെ സ്വീഡന്‍ പുറത്തായപ്പോള്‍ രാജ്യാന്തര രംഗം വിട്ട ലാര്‍സണ്‌ പിറകെ ശനിയാഴ്‌ച്ച നടക്കുന്ന സൗഹൃദ മല്‍സരത്തോടെ ലാജര്‍ബാക്കും വിടപറയുകയാണ്‌. 90 കള്‍ മുതല്‍ രണ്ട്‌്‌ പേരും സ്വിഡിഷ്‌ ടീമിനൊപ്പമുണ്ട്‌. പത്തൊമ്പത്‌ വര്‍ഷത്തോളമായി ലാജര്‍ബാക്‌ സ്വിഡന്റെ തന്ത്രങ്ങളുടെ ആശാനാണ്‌. ഇവര്‍ക്ക്‌ രണ്ട്‌ പേര്‍ക്കും കിഴിലാണ്‌ സ്വീഡന്‍ ലോകത്തോളം വളര്‍ന്നത്‌. 1994 ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പ്‌ ഓര്‍മ്മയുളളവര്‍ ഒരിക്കലും ലാര്‍സണെ മറക്കില്ല. ബള്‍ഗേറിയക്കെതിരായ ലൂസേഴ്‌സ്‌ ഫൈനലില്‍ നാല്‌ ഗോളിന്‌ സ്വീഡന്‍ ജയിച്ചപ്പോള്‍ വിജയത്തിന്‌ പിന്നില്‍ ലാര്‍സണായിരുന്നു. 2003 ല്‍ രാജ്യത്തെ അമ്പത്‌ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളറെ ജനങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതും ലാര്‍സണായിരുന്നു. എന്തെല്ലാം വിമര്‍ശനങ്ങളുണ്ടായാലും ലാജര്‍ബാക്കായിരുന്നു സ്വിഡന്റെ ഏറ്റവും മികച്ച കോച്ചെന്ന്‌്‌ നിസ്സംശയം പറയാനാവും. 2000 മുതല്‍ 2008 വരെയുളള കാലയളവായിരുന്നു അദ്ദേഹത്തിന്റെ സുവര്‍ണ്ണ കാലഘട്ടം. 2008 ല്‍ നടന്ന യൂറോ കപ്പില്‍ സ്വിഡന്റെ പ്രകടനം മോശമായപ്പോള്‍ ടീമിലെ വയസ്സന്മാരെയാണ്‌ എല്ലാവരും വിമര്‍ശിച്ചത്‌. ആദ്യ റൗണ്ടില്‍ തന്നെ ടീം പുറത്തായത്‌ പരിശീലകന്‍ സീനിയര്‍ താരങ്ങള്‍ക്ക്‌ മാത്രം അവസരം നല്‍കിയത്‌ കൊണ്ടാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. എന്നാല്‍ സ്വീഡിഷ്‌ ഫുട്‌ബോള്‍ ഫെഡറേഷന്‍ ലാജര്‍ബാക്കില്‍ തന്നെ വിശ്വാസമര്‍പ്പിച്ചു. പക്ഷേ ഇത്തവണ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ ടീം പതറിയത്‌ കോച്ചിന്‌ വിനയായി. ശക്തരുടെ ഗ്രൂപ്പിലായിരുന്നു ഇത്തവണ സ്വിഡന്‍ കളിച്ചത്‌. ഡെന്മാര്‍ക്കും പോര്‍ച്ചുഗലും വലിയ ടീമുകളായിരുന്നു. ഗ്രൂപ്പില്‍ നിന്ന്‌ ഡെന്മാര്‍ക്ക്‌ ഒന്നാമന്മാരായി ലോകകപ്പ്‌ ടിക്കറ്റ്‌ നേടിയപ്പോള്‍ പ്ലേ ഓഫ്‌ ബെര്‍ത്ത്‌ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടക്കായിരുന്നു. യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരത്തില്‍ സ്വീഡന്‍ 4-1ന്‌ അല്‍ബേനിയയെ തകര്‍ത്തിരുന്നു.
ലാര്‍സണ്‍ ചിലപ്പോള്‍ സ്വിഡിഷ്‌ ദേശീയ ടീമിന്റെ കോച്ചായി വരാന്‍ സാധ്യതയുണ്ട്‌. സ്വീഡിഷ്‌ താരവും ബാര്‍സിലോണയുടെ മുന്‍നിരക്കാരനുമായ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌ ലാര്‍സണെ ദേശീയ പരിശീലകനാക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നല്‍ തല്‍ക്കലം ദേശീയ. ടീമിനൊപ്പമില്ലെന്ന പക്ഷത്താണത്രെ ലാര്‍സണ്‍. പരിശീലകനാവണമെങ്കില്‍ ആ ജോലി പഠിക്കണമെന്നാണ്‌ കക്ഷി പറയുന്നത്‌.

Monday, October 26, 2009

BARCA......................


ബാര്‍സാ വേട്ട
മാഡ്രിഡ്‌: സ്‌പാനിഷ്‌ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി ബാര്‍സിലോണ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. നുവോ കാംപില്‍ റയല്‍ സരഗോസയെ 6-1 ന്‌ തകര്‍ത്തുവിട്ട പോരാട്ടത്തില്‍ സെയ്‌തോ കൈത ഹാട്രിക്‌ കരസ്ഥമാക്കിയപ്പോള്‍ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചിന്റെ ബൂട്ടില്‍ നിന്ന്‌ രണ്ട്‌ ഗോളുകള്‍ പിറന്നു. റയല്‍ മാഡ്രിഡ്‌ ദുര്‍ബലരായ സ്‌പോര്‍ട്ടിംഗ്‌ ഗിജോണിന്‌ മുന്നില്‍ ടോളടിക്കാന്‍ മറന്ന ആഴ്‌ച്ചയിലാണ്‌ ബാര്‍സ ഗോള്‍വേട്ട നടത്തിയത്‌. കഴിഞ്ഞയാഴ്‌ച്ച ബാര്‍സക്ക്‌ നിരാശയുടേതായിരുന്നു. ലീഗ്‌ മല്‍സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ തകരുകയും ചെയ്‌തിരുന്നു. പരാജയങ്ങളെ മറന്നുളള മിന്നല്‍ പോരാട്ടം വഴി ടേബിളിലിപ്പോള്‍ ബാര്‍സക്ക്‌ 22 പോയന്റായി. റയല്‍ 19 ലും സെവിയെ 16 ലും അടുത്ത രണ്ട്‌ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. മറ്റ്‌ മല്‍സരങ്ങളില്‍ റയല്‍ വല്ലഡോളിഡ്‌ നാല്‌ ഗോളിന്‌ ഡിപ്പോര്‍ട്ടീവോയെ തകര്‍ത്തപ്പോള്‍ വലന്‍സിയ മൂന്ന്‌ ഗോളിന്‌ അല്‍മേരിയയെ തോല്‍പ്പിച്ചു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ചെല്‍സി 24 പോയന്റുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ചെല്‍സി അഞ്ച്‌ ഗോളിന്‌ ബ്ലാക്‌ബേര്‍ണിനെ തകര്‍ത്ത ദിവസം കഴിഞ്ഞപ്പോള്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ ലിവര്‍പൂളിന്‌ മുന്നില്‍ തോല്‍ക്കേണ്ടി വന്നതായിരുന്നു വാര്‍ത്ത. മാഞ്ചസ്‌റ്റര്‍ സിറ്റി-ഫുള്‍ഹാം മല്‍സരം 2-2 ല്‍ അവസാനിച്ചു.
ഇറ്റലിയില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ 2-1ന്‌ കറ്റാനിയയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്ത്‌ തുടരുമ്പോള്‍ ഏ.സി മിലാന്‍ 2-1ന്‌ ചീവിയോയെ പരാജയപ്പെടുത്തി.
അവസാനം
കൊല്‍ക്കത്ത: ഈസ്‌റ്റ്‌ ബംഗാളില്‍ സുഭാഷ്‌ ഭൗമിക്കിന്റെ കാലം അവസാനിക്കുന്നു. ഐ ലീഗ്‌ ഫുട്‌ബോളില്‍ ബന്ധവൈരികളായ മോഹന്‍ ബഗാനോട്‌ തകര്‍ന്ന പശ്ചാത്തലത്തില്‍ ടീമിന്റെ പരിശീലക സ്ഥാനത്ത്‌ മാറ്റങ്ങള്‍ നിര്‍ബന്ധമാണെന്ന നിലപാടിലാണ്‌ ഈസ്റ്റ്‌ ബംഗാള്‍. പുതിയ സീസണില്‍ പരാജയങ്ങളുടെ കൂടാരത്തിലാണ്‌ ഈസ്‌റ്റ്‌ ബംഗള്‍, ഡ്യൂറാന്‍ഡ്‌ കപ്പിലും ഐ.എഫ്‌.എ ഷീല്‍ഡിലും ടീം തകര്‍ന്നടിഞ്ഞു, കൊല്‍ക്കത്ത സൂപ്പര്‍ ഡിവിഷനിലും കാര്യമായ നേട്ടങ്ങള്‍ ഇത്‌ വരെ ടീമിന്‌ സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്‌ച്ച സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം കാണികളെ സാക്ഷിനിര്‍ത്തി ബഗാനെതിരെ നടന്ന മല്‍സരത്തിലും ടീം തകര്‍ന്ന പശ്ചാത്തലത്തില്‍ കോച്ചിനെതിരെ ശക്തമായ നിലപാടെടുക്കാനാണ്‌ തീരുമാനം. ബഗാനെതിരായ മല്‍സരത്തില്‍ അഞ്ച്‌ ഗോളുകളാണ്‌ ഈസ്‌റ്റ്‌ ബംഗാള്‍ വഴങ്ങിയത്‌. ഐ ലീഗില്‍ ടീമിന്റെ അടുത്ത മല്‍സരം 29ന്‌ വ്യാഴാഴ്‌ച്ച കൊല്‍ക്കത്തയില്‍ സാല്‍ഗോക്കര്‍ ഗോവക്കെതിരെയാണ്‌. ഈ മല്‍സരത്തില്‍ ടീമിന്റെ ചുമതല ഇപ്പോള്‍ അസിസ്‌റ്റന്‍ഡ്‌ കോച്ചായ തുഷാര്‍ രക്ഷിതിന്‌ നല്‍കാനാണ്‌ സാധ്യത. ഭൗമിക്കിന്‌ പകരം കരുത്തനായ പുതിയ കോച്ചിനെ തേടുകയാണ്‌ മാനേജ്‌മെന്റ്‌്‌. പുതിയ കോച്ചിനെ കണ്ടെത്താന്‍ സമയമെടുക്കുന്നപക്ഷം ടീമിന്റെ ചുമതല മുന്‍ ഇന്ത്യന്‍ താരം കൂടിയായ തുഷാറിന്‌ നല്‍കാനും ധാരണയായിട്ടുണ്ട്‌. ബഗാനെതിരായ മല്‍സരത്തിലെ തോല്‍വിക്ക്‌ ശേഷം സംസാരിക്കവെ ടീമിന്റെ ദയനീയതയില്‍ തനിക്ക്‌ പങ്കുണ്ടെന്നും ഉടന്‍ തന്നെ രാജി നല്‍കുമെന്നും വ്യക്തമാക്കിയ ഭൗമിക്‌ ഇത്‌ വരെ പക്ഷേ രാജിക്കത്ത്‌ നല്‍കിയിട്ടില്ല.

അമ്പയര്‍മാര്‍ക്ക്‌ വേണ്ടി സച്ചിന്‍
മുംബൈ: ക്രിക്കറ്റ്‌ മല്‍സര തീരുമാനങ്ങളില്‍ നൂറ്‌ ശതമനം സത്യം പുലരാന്‍ അമ്പയര്‍മാരുടെ സഹായത്തിന്‌ ഉന്നത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അമ്പയര്‍മാര്‍ മൈതാനത്ത്‌ കനത്ത സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോള്‍ അവരെ സഹായിക്കാന്‍ സാങ്കേതികതയെ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഹോട്ട്‌ സ്‌പോട്ട്‌ പോലുളള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ ബാറ്റ്‌ ആന്‍ഡ്‌ പാഡ്‌ ക്യാച്ച്‌ ഉള്‍പ്പെടെയുളള വിഷമകരമായ തീരുമാനങ്ങള്‍ എളുപ്പമാക്കാം. ഓരോ തീരുമാനവും മൂന്നാം അമ്പയര്‍ക്ക്‌ റഫര്‍ ചെയ്യുന്നതിന്‌ പകരം സാങ്കേതികതയെ ഉപയോഗപ്പെടുത്തിയാല്‍ തീരുമാനങ്ങള്‍ പൂര്‍ണ്ണതലത്തില്‍ ശരിയാവും. ഒരു മല്‍സരത്തിനിടെ തന്നെ അമ്പയര്‍മാരെ റൊട്ടേറ്റ്‌ ചെയ്യുന്നതും നല്ലതാണ്‌. കുറച്ച്‌ സമയം മൈതാനത്ത്‌ ജോലി ചെയ്യുന്ന അമ്പയര്‍ക്ക്‌ വിശ്രമം നല്‍കി ബദല്‍ അമ്പയര്‍മാര്‍ക്ക്‌ അവസരം നല്‍കുന്നപക്ഷം അമ്പയര്‍മാര്‍ക്ക്‌ സ്വന്തം ജോലിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാവും. സംശയകരമായ കാര്യങ്ങള്‍ തേര്‍ഡ്‌ അമ്പയര്‍ക്ക്‌ റഫര്‍ ചെയ്യുമ്പോള്‍ അവിടെ നിന്നുള്ള തീരുമാനം പൂര്‍ണ്ണ തോതില്‍ ശരിയാവണമെന്നില്ല. അമ്പയര്‍മാരെ സഹായിക്കാന്‍ സാങ്കേതികതയെ ഉപയോഗപ്പെടുത്താം. ഉദാഹരണത്തിന്‌ നോബോള്‍ ശ്രദ്ധിക്കാന്‍ ടെന്നിസ്‌ മല്‍സരങ്ങളില്‍ ഉപയോഗിക്കുന്നത്‌ പോലുളള യന്ത്രങ്ങള്‍ നല്ലതാണ്‌. ബാറ്റ്‌ ആന്‍ഡ്‌ പാഡ്‌ ക്യാച്ചുകളുടെ കാര്യത്തില്‍ ഹോട്ട്‌ സ്‌പോട്ട്‌ ഉപയോഗപ്പെടുത്താം. അങ്ങനെ വരുമ്പോള്‍ അമ്പയര്‍മാര്‍ക്ക്‌ ലെഗ്‌ ബിഫോര്‍ തീരുമാനങ്ങളില്‍ മാത്രം ശ്രദ്ധിക്കാന്‍ കഴിയും.

സ്‌പോര്‍ട്ടിംഗ്‌ ഇന്നെത്തും
കോഴിക്കോട്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയെ നേരിടാനായി സ്‌പോര്‍ട്ടിംഗ്‌ ഗോവ ഇന്നെത്തും. പോയന്റ്‌്‌ ടേബിളില്‍ പതിമൂന്നാം സ്ഥാനത്ത്‌ സ്‌പോര്‍ട്ടിംഗ്‌ നില്‍ക്കുമ്പോള്‍ വിവ പതിനാല്‌ ടീമുകള്‍ മല്‍സരിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ അവസാന സ്ഥാനത്താണ്‌. രണ്ട്‌ ടീമുകളും ഇത്‌ വരെ മൂന്ന്‌ മല്‍സരങ്ങള്‍ വീതമാണ്‌ കളിച്ചത്‌. വിവ എല്ലാ മല്‍സരങ്ങളും പരാജയപ്പെട്ടപ്പോള്‍ സ്‌പോര്‍ട്ടിംഗിന്‌ ആശ്വസിക്കന്‍ ഒരു സമനിലയുണ്ട്‌. രണ്ട്‌ സീസണ്‍ മുമ്പ്‌ ലീഗിലെ ഒന്നാം നമ്പര്‍ ടീമായിരുന്ന സ്‌പോര്‍ട്ടിംഗിന്‌ കഴിഞ്ഞ സീസണ്‍ തിരിച്ചടികളുടേതായിരുന്നു.
നാല്‌ മല്‍സരങ്ങളില്‍ നിന്ന്‌ 10 പോയന്റ്‌്‌ സ്വന്തമാക്കിയ ചിരാഗ്‌ യുനൈറ്റഡാണ്‌ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. മൂന്ന്‌ മല്‍സരങ്ങള്‍ വിജയിച്ച ചിരാഗ്‌ ഗോള്‍വേട്ടയിലും മുന്‍പന്തിയിലാണ്‌. മുന്‍ ചാമ്പ്യന്മാരായ ഡെംപോ സ്‌പോര്‍ട്‌്‌സ്‌ ക്ലബ്‌ ഗോവ എട്ട്‌ പോയന്റുമായി രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുമ്പോള്‍ ജെ.സി.ടിക്കും മഹീന്ദ്ര യുനൈറ്റഡിനും അത്ര തന്നെ പോയന്റുണ്ട്‌. ചിരാഗിനെതിരായ പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ വിവ. മല്‍സരത്തില്‍ ഒരു ഗോളിന്‌ പരാജയപ്പെട്ടെങ്കിലും തകര്‍പ്പന്‍ പ്രകടനമാണ്‌ ടീം നടത്തിയത്‌. തുടക്കത്തില്‍ വീണ ഗോള്‍ മാറ്റിനിര്‍ത്തിയാല്‍ വിവ മാത്രമായിരുന്നു ചിത്രത്തില്‍. മുന്‍നിരയില്‍ ഗോള്‍വേട്ടക്കാരനായ ഒരു സ്‌ട്രൈക്കര്‍ ഇല്ലാത്തതായിരുന്നു ടീമിനെ അലട്ടിയത്‌. ഈ കുറവ്‌ നികത്താന്‍ തായ്‌ലാന്‍ഡില്‍ നിന്നും പുതിയ മുന്‍നിരക്കാരന്‍-വിസുത്‌ പുന്‍പെംഗ്‌ ടീമിലെത്തിയിട്ടുണ്ട്‌. അദ്ദേഹം വ്യാഴാഴ്‌ച്ച നടക്കുന്ന മല്‍സരത്തില്‍ കളിക്കുമെന്ന്‌ ടീം മാനേജ്‌മെന്റ്‌ സൂചിപ്പിച്ചിട്ടുണ്ട്‌. സ്‌പോര്‍ട്‌സ്‌ ചന്ദ്രികയുമായി സംസാരിക്കവെ കഴിഞ്ഞ മല്‍സരങ്ങള്‍ ടീമിന്‌ നല്‍കുന്നത്‌ ആത്മവിശ്വാസമാണെന്ന്‌ കോച്ച്‌ ഏ.എം ശ്രീധരന്‍ പറഞ്ഞു. തായ്‌ലാന്‍ഡ്‌ ദേശീയ ടീമില്‍ അംഗമാണ്‌ വിസുത്‌. ജൂനിയര്‍, യൂത്ത്‌ തലങ്ങളില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച താരം ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ക്ലബകളില്‍ പരിശീലനം നേടിയിട്ടുണ്ട്‌.
ഐ ലീഗ്‌ പോയന്റ്‌്‌ ടേബിള്‍
( പതിനാല്‌ ടീമുകളാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്നത്‌. ഇവരില്‍ അവസാന സ്ഥാനത്തുള്ള സ്‌പോര്‍ട്ടിംഗ്‌ ഗോവ, വിവ കേരല എന്നിവരൊഴികെ ബാക്കിയെല്ലാ ടീമുകളും നാല്‌ മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി. വിവയും സ്‌പോര്‍ട്ടിംഗും മൂന്ന്‌ മല്‍സരങ്ങളാണ്‌ കളിച്ചത്‌)
1-ചിരാഗ്‌ യുനൈറ്റഡ്‌, കൊല്‍ക്കത്ത-10
2-ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌, ഗോവ-8
3-ജെ.സി.ടി മില്‍സ്‌, ഫഗ്‌വാര-8
4-മഹീന്ദ്ര യുനൈറ്റഡ,്‌ മുംബൈ-8
5-മോഹന്‍ ബഗാന്‍, കൊല്‍ക്കത്ത-6
6- ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌, ഗോവ-6
7- ഷില്ലോംഗ്‌ ലാജോംഗ്‌ എഫ്‌.സി-6
8-സാല്‍ഗോക്കര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ,്‌ ഗോവ-4
9-എയര്‍ ഇന്ത്യ, മുംബൈ-4
10- പൂനെ എഫ്‌.സി-3
11-ഈസ്റ്റ്‌ ബംഗാള്‍, കൊല്‍ക്കത്ത-2
12-മുംബൈ എഫ്‌.സി-2
13- സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌, ഗോവ-1
14-വിവ കേരള -0

ബൂട്ടിയക്ക്‌ പരുക്ക്‌
കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ തപ്പിതടയുന്ന ഈസ്റ്റ്‌ ബംഗാളിന്‌ കനത്ത ആഘാതമായി ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയക്ക്‌ പരുക്ക്‌. പേശീവലിവ്‌ മൂലം മോഹന്‍ ബഗാനെതിരായ മല്‍സരത്തില്‍ കാഴ്‌ച്ചക്കാരനായ ബൂട്ടിയക്ക്‌ ഇനി എന്ന്‌ കളിക്കാനാവുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഈ സീസണിന്റെ മധ്യേയാണ്‌ ബഗാന്‍ വിട്ട്‌ വിവാദ സാഹചര്യത്തില്‍ ബൂട്ടിയ ഈസ്‌റ്റ്‌ ബംഗാളിലെത്തിയത്‌. എന്നാല്‍ മഹീന്ദ്രക്കെതിരായ ഐ ലീഗ്‌ മല്‍സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ നായകന്‍ പൂര്‍ണ്ണ വിശ്രമത്തിലാണിപ്പോള്‍. ഐ ലീഗില്‍ ഈസ്‌റ്റ്‌ ബംഗാളിപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്‌. നാല്‌ മല്‍സരങ്ങളില്‍ നിന്ന്‌ ആകെ ലഭിച്ചിരിക്കുന്നത്‌ രണ്ട്‌ പോയന്റ്‌്‌ മാത്രമാണ്‌. ഞായറാഴ്‌ച്ച സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ മോഹന്‍ ബഗാനുമായുളള മല്‍സരത്തില്‍ സ്വന്തം ടീം അഞ്ച്‌ ഗോളുകള്‍ വാങ്ങുന്നത്‌ കണ്ടിരുന്ന ബൂട്ടിയ ടീമിന്റെ പ്രകടനത്തില്‍ നിരാശനാണ്‌. പരിശീലക സ്ഥാനത്ത്‌ നിന്ന്‌ സുഭാഷ്‌ ഭൗമിക്‌ പുറത്താവുമെന്നുറപ്പായിരിക്കെ അടുത്ത മല്‍സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മാത്രമാണ്‌ നായകന്‍. കഴിഞ്ഞ സീസണില്‍ ബഗാനെ നയിച്ച ബൂട്ടിയ വിവാദ സാഹചര്യത്തില്‍ അവിടെ നിന്നും പടിയിറങ്ങിയതാണ്‌. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ബൂട്ടിയ പങ്കെടുത്തത്‌ മുതല്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ ഒടുവില്‍ അദ്ദേഹത്തിന്റെ രാജിയില്‍ കലാശിക്കുകയായിരുന്നു. കരാര്‍ ലംഘിച്ച ബൂട്ടിയക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട്‌ ബഗാന്‍ മാനേജ്‌മെന്റ്‌ അഖിലേന്ത്യ ഫുട്‌്‌ബോള്‍ ഫെഡറേഷനെ സമീപിക്കുകയും അവര്‍ മാധ്യസ്ഥ ചര്‍ച്ചക്ക്‌ പ്രശ്‌നം വിടുകയും ചെയ്‌തിരുന്നു. ഇന്ത്യയിലെ മൈതാനഘങ്ങളില്‍ കളിക്കുമ്പോള്‍ ഒരു താരത്തിന്റെ ആരോഗ്യത്തിനും നൂറ്‌ ശതമാനം ഗ്യാരണ്ടിയില്ലെന്ന്‌ തന്റെ പരുക്കിനെക്കുറിച്ച്‌ സംസാരിക്കവെ ബൂട്ടിയ പറഞ്ഞു. മുംബൈയില്‍ മഹീന്ദ്രക്കെതിരെ കളിക്കുമ്പോള്‍ മൈതാനത്തെ സാഹചര്യങ്ങള്‍ മോശമായിരുന്നു. മൈതാനം മെച്ചപ്പെട്ട നിലവാരത്തിലുളളതാണെങ്കില്‍ താരങ്ങളുടെ പ്രകടനവും മെച്ചപ്പെടും. എന്നാല്‍ ഇത്തരം കാര്യങ്ങല്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന്‌ ബൂട്ടിയ പരാതിപ്പെട്ടു. പരുക്ക്‌ കാരണം ലണ്ടനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ബാറ്റണ്‍ കൈമാറ്റ ചടങ്ങിലും ബൂട്ടിയക്ക്‌ പങ്കെടുക്കാന്‍ കഴിയില്ല. രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ഉള്‍പ്പെടെയുളള പ്രമുഖര്‍ ബാറ്റണ്‍ കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്‌.

ചിദ്ദി വീണ്ടും
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ മറന്നിരുന്നു ചിദ്ദി എദ്ദെയെന്ന നൈജീരിയക്കാരനെ..... ഇന്ത്യയിലെത്തിയ ഉടന്‍ ഗോള്‍ വേട്ടയുമായി കൊല്‍ക്കത്തയിലും ഗോവയിലും നിറഞ്ഞുനിന്ന താരം പക്ഷേ കഴിഞ്ഞ രണ്ട്‌ സീസണില്‍ ഗോളടിക്കാന്‍ മറന്നിരുന്നു. പക്ഷേ മോഹന്‍ ബഗാന്റെ കോച്ചായ കരീം ബെഞ്ചാരിഫക്ക്‌ ചിദ്ദിയില്‍ വിശ്വാസമുണ്ടായിരുന്നു. മൂന്ന്‌ ദിവസം മുമ്പ്‌ സാള്‍ട്ടെല്‌ക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന കൊല്‍ക്കത്ത സീനിയര്‍ ഡിവിഷന്‍ ലീഗില്‍ കാളിഘട്ടിനെതിരായ പോരാട്ടത്തില്‍ തുറന്ന അവസരങ്ങള്‍ പലതും പാഴാക്കിയിട്ടും ചിദ്ദിയെ കോച്ച്‌ നിര്‍ണ്ണായക ഐ ലീഗ്‌ മല്‍സരത്തില്‍ മുന്‍നിരയില്‍ തന്നെ കളിപ്പിച്ചത്‌ ഈസ്റ്റ്‌ ബംഗാളിനാണ്‌ വിനയായത്‌. ബഗാന്‍ 5-3ന്‌ ജയിച്ച തകര്‍പ്പന്‍ മല്‍സരത്തില്‍ ബഗാന്റെ നാല്‌ ഗോളുകളും നേടിയത്‌ ചിദി. കറുത്ത താരത്തിന്റെ കരുത്തില്‍ ബഗാന്‍ കൊല്‍ക്കത്തയിലെ വലിയ ഒരു റെക്കോര്‍ഡും സ്വന്തമാക്കി. സാള്‍ട്ട്‌ലെക്കില്‍ മുപ്പത്തിയഞ്ച്‌ വര്‍ഷം മുമ്പ്‌ ബഗാനെതിരെ അഞ്ച്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത്‌ ഈസ്‌റ്റ്‌ ബംഗാള്‍ തകര്‍പ്പന്‍ വിജയം ആഘോഷിച്ചിരുന്നു. ഈ ഗോള്‍ റെക്കോര്‍ഡ്‌ ഇത്‌ വരെ തകര്‍ക്കപ്പെട്ടിരുന്നില്ല. ഈസ്‌റ്റ്‌ ബംഗാളിന്റെ വലയില്‍ തന്നെ അഞ്ച്‌ ഗോളുകള്‍ നിക്ഷേപിച്ച്‌ ബഗാന്‍ റെക്കോര്‍ഡിനൊപ്പമെത്തിയപ്പോള്‍ കളിയിലെ കേമന്‍പ്പട്ടവും മറ്റാര്‍ക്കുമായിരുന്നില്ല. കൊല്‍ക്കത്ത ഡെര്‍ബി ശരിക്കും ആഫ്രിക്കന്‍ താരങ്ങള്‍ തമ്മിലായിരുന്നു. ഈസ്റ്റ്‌ ബംഗാളിന്റെ മുന്‍നിരയില്‍ കളിച്ച യാക്കൂബ്‌ യൂസഫ്‌ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തിരുന്നു.
കൊല്‍ക്കത്ത ഫുട്‌ബോള്‍ സമീപകാലത്ത്‌ കണ്ട ഏറ്റവും മികച്ച മല്‍സരമാണ്‌ കഴിഞ്ഞ ദിവസം നടന്നത്‌. കളി കാണാന്‍ ഒരു ലക്ഷത്തിലധികം പേര്‍. മാറ്റുരക്കാന്‍ ഇന്ത്യയിലെ മികച്ച ഫുട്‌ബോളര്‍മാര്‍. എട്ട്‌ ഗോളുകള്‍... മല്‍സരത്തിന്റെ ഒമ്പതാം മിനുട്ടില്‍ ഈസ്‌റ്റ്‌ ബംഗാളാണ്‌ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. പതിനേഴാം മിനുട്ടില്‍ ചിദി ബഗാന്‌ വേണ്ടി ഗോള്‍ മടക്കി. ഇരുപത്തിരണ്ടാം മിനുട്ടില്‍ മനീഷ്‌ മൈതാനി ബഗാന്‌ ലീഡ്‌ നല്‍കി. മുപ്പത്തിമൂന്നാം മിനുട്ടില്‍ ചിദിയുടെ രണ്ടാം ഗോള്‍. 35, 44 മിനുട്ടുകളില്‍ യാക്കൂബ്‌ യൂസഫിന്റെ രണ്ട്‌ ഗോളുകള്‍. രണ്ടാം പകുതിയില്‍ ചിദ്ദി എദ്ദെ രണ്ട്‌ ഗോളുകള്‍ കൂടി സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ ബഗാന്‍ ആരാധകര്‍ക്ക്‌ ആഘോഷത്തിന്‌ കാത്തുനില്‍ക്കേണ്ടി വന്നില്ല.

ഗില്‍ മൈതാനത്ത്‌
ന്യൂഡല്‍ഹി: കേന്ദ്ര കായികമന്ത്രി എം.എസ്‌ ഗില്‍ ഇന്നലെ ഓഫീസിലായിരുന്നില്ല... രാവിലെ മുതല്‍ നാല്‌ മണിക്കൂര്‍ അദ്ദേഹം ഡല്‍ഹിയിലെ പ്രധാനപ്പെട്ട സ്‌റ്റേഡിയങ്ങളിലായിരുന്നു. അടുത്ത വര്‍ഷം ഇവിടെ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ വേദികള്‍ പരിശോധിക്കാനെത്തിയ ഗില്ലിനൊപ്പം രാജ്യത്തെ കായിക പ്രമുഖരെല്ലാമുണ്ടായിരുന്നു. സംഘാടക സമിതി നേതാക്കളായ സുരേഷ്‌ കല്‍മാഡി, രണ്‍ധീര്‍സിംഗ്‌, ലളിത്‌ ഭാനോട്ട്‌ തുടങ്ങിയവര്‍ മന്ത്രിക്ക്‌ നെഹ്‌റു സ്‌റ്റേഡിയത്തിലും താല്‍ക്കത്തോറയിലും എസ്‌.ജി മുഖര്‍ജി സ്‌റ്റേഡിയത്തിലും കാര്യങ്ങള്‍ വീശദീകരിച്ചു. പക്ഷേ ഒരിടത്തും മാധ്യമ പ്രവര്‍ത്തകരെ കാര്യമായി അനുവദിച്ചില്ല. ഗില്‍ ഒരുക്കങ്ങള്‍ കാണാനെത്തിയതില്‍ കാര്യമുണ്ട്‌. നാളെ അദ്ദേഹം കോമണ്‍വെല്‍ത്ത്‌ ബാറ്റണ്‍ കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കാനായി ലണ്ടനിലേക്ക്‌ പോവുകയാണ്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ അധികാരികളെ ഒരുക്കങ്ങളെക്കുറിച്ച്‌ അറിയിക്കണം.
സുരേഷ്‌ കല്‍മാഡിയും ഗെയിംസ്‌ സി.ഇ.ഒ മൈക്‌ ഹൂപ്പറും തമ്മിലുളള ശീതസമരം അവസാനിപ്പിക്കേണ്ട
ബാധ്യതയും ഗില്ലിനുണ്ട്‌. ലണ്ടനില്‍ വെച്ച്‌ ഗില്‍ ഗെയിംസ്‌ ഫെഡറേഷന്‍ പ്രസിഡണ്ട്‌ മൈക്‌ ഹെന്നിനുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്‌. പ്രശ്‌നങ്ങളെല്ലാം രമ്യമായി പരഹിരിക്കാന്‍ കഴിയുമെന്ന ശുഭാപ്‌തി വിശ്വാസത്തില്‍ ഗില്‍ വിമാനം കയറുമ്പോള്‍ അരികില്‍ കല്‍മാഡിയും രണ്‍ധീറുമെല്ലാമുണ്ടാവും.

ടീമുകള്‍ നാഗ്‌പ്പൂരില്‍
നാഗ്‌പ്പൂര്‍: നാളെ ഇവിടെ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തിനായി ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകളെത്തി. വിദര്‍ഭ ക്രിക്കറ്റ്‌ അസോസിയേഷന്റെ പുതിയ മൈതാനത്ത്‌ നടക്കുന്ന ആദ്യ ഏകദിനമെന്ന പ്രാധാന്യത്തിനൊപ്പം പകല്‍ രാത്രി പോരാട്ടത്തിന്റെ ആവേശവും നുകരാം. ബറോഡയില്‍ നടന്ന ആദ്യമല്‍സരത്തില്‍ പൊരുതിത്തോറ്റ ഇന്ത്യയാണ്‌ സമ്മര്‍ദ്ദത്തില്‍. പകല്‍ രാത്രി മല്‍സരമായതിനാല്‍ ടോസ്‌ നിര്‍ണ്ണായകമാണെന്ന്‌ ഇന്ത്യന്‍ നായകന്‍ എം.എസ്‌ ധോണി പറഞ്ഞു. ബറോഡയില്‍ ബൗളിംഗ്‌ പാളിയിരുന്നു. ഹര്‍ഭജന്‍സിംഗ്‌ ഉള്‍പ്പെടെ പ്രമുഖരെല്ലാം നിരാശപ്പെടുത്തി. പക്ഷേ ബൗളിംഗ്‌ ലൈനപ്പില്‍ വലിയ മാറ്റത്തിന്‌ ധോണി മുതിരില്ല. ആശിഷ്‌ നെഹ്‌റ,പ്രവീണ്‍ കുമാര്‍, ഇശാന്ത്‌ ശര്‍മ്മ എന്നിവര്‍ക്കൊപ്പം ഹര്‍ഭജനുമുണ്ടാവും. പരുക്കില്‍ നിന്നും മുക്തനായി വരുന്ന യുവരാജ്‌ സിംഗിന്‌ ആദ്യ ഇലവനില്‍ അവസരം നല്‍കാന്‍ സാധ്യതയുണ്ട്‌.

അവര്‍ വീണ്ടും, ജയം സംപ്രാസിന്‌
മാനില,(ഫിലിപ്പൈന്‍സ്‌):ഏഴ്‌ വര്‍ഷം മുമ്പാണ്‌ അവസാനമായി അവര്‍ ഒരു ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിച്ചത്‌.... 6-3, 6-4,5-7, 6-4 എന്ന സ്‌ക്കോറിന്‌ അന്ന്‌ വിജയം സ്വന്തമാക്കിയ പീറ്റ്‌ സംപ്രാസ്‌ ഏഴ്‌ വര്‍ഷത്തിന്‌ ശേഷം ആന്ദ്രെ അഗാസിക്കെതിരായ പോരാട്ടത്തില്‍ ജയം തനിക്കു തന്നെയാണെന്ന്‌ ആവര്‍ത്തിച്ചു തെളിയിച്ചു. ലോക ടെന്നിസിലെ രണ്ട്‌ അതികായര്‍ ഇന്നലെ ഇവിടെ പ്രദര്‍ശന മല്‍സരത്തില്‍ കളിച്ചപ്പോള്‍ ആവേശപ്പോരാട്ടം മൂന്ന്‌ സെറ്റ്‌ ദീര്‍ഘിച്ചു. 3-6, 6-3, 10-8 എന്ന സ്‌ക്കോറിന്‌ സംപ്രാസ്‌ ജയിക്കുകയും ചെയ്‌തു. 14 ഗ്രാന്‍ഡ്‌ സ്ലാമുകള്‍ നേടിയ സംപ്രാസും എട്ട്‌ ഗ്രാന്‍ഡ്‌ സ്ലാമുകള്‍ സ്വന്തമാക്കിയ അഗാസിയും തമ്മിലുളള അങ്കം കാണാന്‍ നിറയെ ജനക്കൂട്ടമായിരുന്നു.

Saturday, October 24, 2009

BARODA START

ഇന്ന്‌ തുടക്കം
ബറോഡ: വീണ്ടും ഏകദിന ക്രിക്കറ്റ്‌ നാളുകള്‍... ലോക ക്രിക്കറ്റിലെ രണ്ട്‌ കരുത്തര്‍ തമ്മിലുളള ഏഴ്‌ മല്‍സരം ദീര്‍ഘിക്കുന്ന ഏകദിന പരമ്പരക്ക്‌ ഇന്നിവിടെ തുടക്കം. രാവിലെ ഒമ്പത്‌ മുതല്‍ ആരംഭിക്കുന്ന മല്‍സരം നിയോ സ്‌പോര്‍ട്‌സിലും ദൂരദര്‍ശനിലും തല്‍സമയമുണ്ട്‌. ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുളള ഓസ്‌ട്രേലിയയും രണ്ടാമതുളള ഇന്ത്യയും തമ്മില്‍ നടക്കുന്ന പരമ്പര ചിലപ്പോള്‍ റാങ്കിംഗ്‌ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കും. പരമ്പരയിലെ അഞ്ച്‌ മല്‍സരങ്ങളില്‍ വിജയിച്ചാല്‍ ഇന്ത്യക്ക്‌ ഒന്നാം റാങ്ക്‌ തിരിച്ചുപിടിക്കാനാവും. ആദ്യ മല്‍സരം മുന്‍നിര്‍ത്തി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ രണ്ട്‌ ക്യാപ്‌റ്റന്മാരും പ്രതീക്ഷകളിലാണ്‌. ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ പ്രതീക്ഷ നല്‍കുന്നത്‌ രണ്ട്‌ ഘടകങ്ങളാണ്‌- വിരേന്ദര്‍ സേവാഗും യുവരാജ്‌ സിംഗും ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സാന്നിദ്ധ്യവും കാണികളുടെ പിന്തുണയും. ടീമിന്‌ തലവേദനയാവുന്ന ബൗളിംഗ്‌ പ്രശ്‌നത്തില്‍ പക്ഷേ നായകന്‍ പ്രതികരിച്ചില്ല. ഓസ്‌ട്രേലിയന്‍ ടീം തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നതാണ്‌ റിക്കി പോണ്ടിംഗ്‌ പോസീറ്റിവായി കാണുന്നത്‌. ഗ്ലെന്‍ മക്‌ഗ്രാത്തും ആദം ഗില്‍ക്രൈസ്‌റ്റും മാത്യൂ ഹെയ്‌ഡനുമെല്ലാം ഒറ്റയടിക്ക്‌ ടീം വിട്ടപ്പോള്‍ ടീമിന്റെ ബാലന്‍സ്‌ തകര്‍ന്നിരുന്നു. അവര്‍ക്ക്‌ പകരം വന്നവരിപ്പോള്‍ നിലയുറപ്പിച്ചിട്ടുണ്ട്‌. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തകര്‍പ്പന്‍ വിജയവും ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലെ മികവും അദ്ദേഹം ഉയര്‍ത്തികാണിക്കുന്നു.
ബാറ്റിംഗിനെ തുണക്കുന്നതാണ്‌ ട്രാക്ക്‌. ബാറ്റിംഗില്‍ ഓസീസിനേക്കാള്‍ നേരിയ മുന്‍ത്തൂക്കം ഇന്ത്യക്കുണ്ട്‌. യുവരാജ്‌ സിംഗ്‌ ഇന്ന്‌ കളിക്കുന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറുമായിരിക്കും ഇന്നിംഗ്‌സിന്‌ തുടക്കമിടുന്നത്‌. സേവാഗ്‌ അല്‍പ്പകാലം പരുക്കുമായി പുറത്തായിരുന്നു. ചാമ്പ്യന്‍സ്‌ ട്രോഫി മല്‍സരങ്ങള്‍ നഷ്ടമായ ഡല്‍ഹിക്കാരന്‍ ഇപ്പോള്‍ ആരോഗ്യം തെളിയിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ടീമിന്‌ മികച്ച തുടക്കം നല്‍കുന്നതില്‍ പലപ്പോഴും വിജയിച്ചിട്ടുളള സേവാഗിനൊപ്പം ഗാംഭീറിനും കരുത്ത്‌ തെളിയിക്കേണ്ടതുണ്ട്‌. 2008 ലെ തകര്‍പ്പന്‍ ഇന്നിംഗ്‌സുകളുടെ പേരില്‍ ടീമില്‍ തുടരുന്ന ഗാംഭീറിന്‌ ഈ വര്‍ഷം ഇത്‌ വരെ വലിയ സംഭാവനകള്‍ ടീമിന്‌ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ സമ്മര്‍ദ്ദം അദ്ദേഹത്തിലുണ്ട്‌. രാഹുല്‍ ദ്രാവിഡിന്റെ സ്ഥാനത്ത്‌ മൂന്നാം നമ്പറില്‍ സുരേഷ്‌ റൈനക്കായിരിക്കും സാധ്യത. ദ്രാവിഡിനെ ടീമില്‍ നിന്നും തഴഞ്ഞതിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഈ സ്ഥാനത്ത്‌ വരുന്ന റൈനയിലും സമ്മര്‍ദ്ദമുണ്ടാവും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ്‌ ധോണി എന്നിവരാണ്‌ അടുത്ത സ്ഥാനങ്ങളില്‍ വരുന്നത്‌. സച്ചിനും ബ്രെട്ട്‌ ലീയും തമ്മിലുളള പോരാട്ടമായി ഈ പരമ്പരയെ വിശേഷിപ്പിക്കുന്നവരുണ്ട്‌. സമീപകാലത്തായി തകര്‍പ്പന്‍ ഇന്നിംഗ്‌സുകള്‍ കാഴ്‌ച്ചവെച്ചിട്ടുണ്ട്‌ സച്ചിന്‍. പരുക്കില്‍ നിന്നും മുക്തനായാണ്‌ അദ്ദേഹവും എത്തിയിരിക്കുന്നത്‌. മുന്‍നിരയിലെ ഈ അഞ്ച്‌ ബാറ്റ്‌സ്‌മാന്മാരില്‍ നിന്ന്‌ കാര്യമായ സംഭാവന ലഭിച്ചാല്‍ വലിയ സ്‌ക്കോര്‍ നേടാനാവും. ഓള്‍റൗണ്ടറായ രവീന്ദു ജഡേജക്കും ആദ്യ ഇലവനില്‍ സ്ഥാനം നല്‍കാന്‍ സാധ്യതയുണ്ട്‌.
ബൗളിംഗാണ്‌ ഇന്ത്യക്കും ധോണിക്കും തലവേദന. സഹീര്‍ഖാന്‍ ഇപ്പോഴും വിശ്രമിക്കുന്ന സാഹചര്യത്തില്‍ ആശിഷ്‌ നെഹ്‌റ, മുനാഫ്‌ പട്ടേല്‍, ഇഷാന്ത്‌ ശര്‍മ്മ എന്നിവര്‍ക്കാണ്‌ സാധ്യത. പക്ഷേ നെഹ്‌റക്ക്‌ ഇത്‌ വരെ ആക്രമണകാരിയായ സീമറാവാന്‍ കഴിഞ്ഞിട്ടില്ല. ഓസ്‌ട്രേലിയക്കാര്‍ അദ്ദേഹത്തെ എളുപ്പം കൈകാര്യം ചെയ്യും. മുനാഫ്‌ പട്ടേല്‍ തിരിച്ചുവരവിന്റെ പാതയിലാണ്‌. അദ്ദേഹത്തിന്റെ മീഡിയം പേസും പക്ഷേ അപകടമല്ല. ഇഷാന്ത്‌ ശര്‍മ്മ വലിയ സമ്മര്‍ദ്ദത്തിലാണ്‌. സമീപകാലത്തായി ടീമിനായി ഒരു സംഭാവനകളും നല്‍കാന്‍ അദ്ദേഹത്തിനായിട്ടില്ല. പഴയ കരുത്തിലേക്ക്‌ ഡല്‍ഹിക്കാരന്‌ വരാനായാല്‍ അദ്ദേഹത്തിന്‌ ടീമിലെ സ്ഥാനം നിലനിര്‍ത്താനാവും. ഹര്‍ഭജന്‍സിംഗ്‌ തന്നെയാണ്‌ പ്രധാന സ്‌പിന്നര്‍. അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ ഭാജിക്ക്‌ കഴിയണം.
ഓസ്‌ട്രേലിയന്‍ ടീമിന്‌ ബാറ്റിംഗില്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭാവം പ്രശ്‌നമായിരിക്കും. പരുക്ക്‌ കാരണം വിശ്രമിക്കുന്ന ടീമിന്റെ വൈസ്‌ ക്യാപ്‌റ്റന്‍ കൂടിയായ ക്ലാര്‍ക്ക്‌ പരമ്പരയിലെ ആദ്യ മല്‍സരങ്ങളില്‍ കളിക്കാന്‍ സാധ്യത കുറവാണ്‌. പക്ഷേ ടീം പെയിനെയെ പോലുളള കരുത്തരായ യുവതാരങ്ങളുണ്ട്‌. നായകന്‍ പോണ്ടിംഗ്‌, മൈക്‌ ഹസി എന്നിവരാണ്‌ ബാറ്റിംഗിലെ വിശ്വസ്‌തര്‍. ഇവര്‍ക്കൊപ്പം യുവതാരങ്ങളാണ്‌ അണിനിരക്കുന്നത്‌. ഇവരിലാര്‍ക്കും ഇന്ത്യന്‍ പിച്ചുകളില്‍ അധികം പരിചയമില്ല. പെയിനെയും ഷെയിന്‍ വാട്ട്‌സണുമായിരിക്കും ഇന്നിംഗ്‌സിന്‌ തുടക്കമിടുക. വാട്ട്‌സണ്‍ പ്രഥമ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അനുഭവസമ്പത്തുണ്ട്‌. ഷോണ്‍ മാര്‍ഷ്‌്‌ എന്ന കരുത്തനും ടീമിലുണ്ട്‌.
ബൗളിംഗാണ്‌ ഓസീസിന്റെ കരുത്ത്‌. കഴിഞ്ഞ ദിവസം സമാപിച്ച ചാമ്പ്യന്‍സ്‌ ലീഗ്‌ 20-20 യില്‍ കിരീടം സ്വന്തമാക്കിയ ന്യൂ സൗത്ത്‌ വെയില്‍സിന്റെ കരുത്തന്‍ ബ്രെട്ട്‌ ലീ, നതാന്‍ ഹൗറിറ്റ്‌സ്‌, ടീം ബൊളീഗ്‌നര്‍ തുടങ്ങിയവര്‍ക്കൊപ്പം മിച്ചല്‍ ജോണ്‍സണ്‍,സ്‌റ്റിയൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌്‌ എന്നിവരെല്ലാമുണ്ട്‌.

ധോണിക്ക്‌ പരുക്ക്‌
ബറോഡ: പരുക്കില്‍ നിന്ന്‌ ഇന്ത്യന്‍ ടീമിന്‌ മോചനമില്ല.... ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയാണ്‌ പുതിയ കാഷ്വാലിറ്റി. ഇന്നലെ പരിശീലനത്തിനിടെ മുനാഫ്‌ പട്ടേലിന്റെ പന്ത്‌ കാലിനേറ്റ ധോണി പിന്നെ പരിശീലനത്തിന്‌ നിന്നില്ല. പരുക്ക്‌ സാരമുളളതല്ല എന്നാണ്‌ കരുതപ്പെടുന്നത്‌. പക്ഷേ ഇന്ന്‌ രാവിലെ മാത്രമേ അദ്ദേഹത്തിന്‌ കളിക്കാനാവുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവു. ഇന്ത്യന്‍ ടീമില്‍ റിസര്‍വ്‌ വിക്കറ്റ്‌്‌ കീപ്പറില്ല. ധോണിക്ക്‌ പരുക്കേറ്റാല്‍ അത്‌ വലിയ പ്രശ്‌നമാവും. പരുക്കില്‍ നിന്ന്‌ മുക്തരായി വിരേന്ദര്‍ സേവാഗ്‌,യുവരാജ്‌ ഇപ്പോഴാണ്‌ തിരിച്ചെത്തിയത്‌. സഹീര്‍ഖാന്‍ ഇപ്പോഴും ചികില്‍സയിലാണ്‌.

അത്‌ വെറുതെ
ലാഹോര്‍: പാക്കിസ്‌താന്‍ 20-20 ടീമിന്റെ നായകന്‍ ഷാഹിദ്‌ അഫ്രീദി നയം വ്യക്തമാക്കുന്നു-യൂനസ്‌ഖാനുമായി ഒരു പ്രശ്‌നവുമില്ല. പാക്കിസ്‌താന്‍ ടീമിനെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ യൂനസാണ്‌. ഞാനും യൂനസും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. എല്ലാം ചിലരുടെ കെട്ടുകഥകളാണ്‌....... പാക്കിസ്‌താനിലെ ഏറ്റവും പ്രമുഖ പത്രമായ ഡോണിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അഫ്രീദി ചില സത്യങ്ങള്‍ വ്യക്തമാക്കുന്നത്‌. എന്നെയും യൂനസിനെയും ബന്ധപ്പെടുത്തിയുളള കഥകള്‍ വായിച്ച്‌ മടുത്തു. ചിലര്‍ ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞ്‌്‌ നടക്കുകയാണ്‌. ഞാന്‍ ഈയിടെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ ഇജാസ്‌ ഭട്ടിനെ സന്ദര്‍ശിച്ചതാണ്‌ എല്ലാവരും നിറം പിടിപ്പിച്ച വാര്‍ത്തയാക്കിയത്‌. ഞാന്‍ ചെയര്‍മാനെ കണ്ടു എന്നത്‌ സത്യം. അത്‌ ക്യാപ്‌റ്റന്‍സി ചോദിക്കാനല്ല. 20-20 ടീമുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനാണ്‌. കഴിഞ്ഞ 15 വര്‍ഷമായി ഞാനും യൂനസും അടുത്ത സുഹൃത്തുക്കളാണ്‌. ഞങ്ങള്‍ വളരെ അടുത്ത്‌്‌ സംസാരിക്കുന്നു. ടീമിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഏന്തെങ്കിലും പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തമ്മിലുണ്ടെങ്കില്‍ അത്‌ പരിഹരിക്കാനുളള പക്വതയും ഞങ്ങള്‍ക്കുണ്ട്‌. 20-20 ലോകകപ്പ്‌ പാക്കിസ്‌താന്‍ സ്വന്തമാക്കിയത്‌ യൂനസിന്‌ കീഴിലാണ്‌. പിന്നെ അദ്ദേഹത്തിലെ നായകനെ ചോദ്യം ചെയ്യേണ്ടതില്ല. പാക്കിസ്‌താന്‍ ടീമിനെ നയിക്കാന്‍ ഏറെ അനുയോജ്യന്‍ യൂനസാണ്‌. രാജ്യത്തിന്‌ നിരവധി കിരീടങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിനാവും. അഭ്യൂഹങ്ങള്‍ അടിച്ചറക്കാന്‍ ചിലര്‍ മിടുക്കരാണ്‌. അവരാണ്‌ ടീമില്‍ കുഴപ്പമുണ്ടാക്കുന്നത്‌. പാക്കിസ്‌താന്‍ ടീമിന്റെ നായകസ്ഥാനത്ത്‌ നിന്ന്‌ യൂനസിനെ പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നത്‌ സത്യമാണ്‌. ഇത്തരം പ്രശ്‌നങ്ങളെ പക്വമായി നേരിടണം. വലിയ പരമ്പരകള്‍ കളിക്കുമ്പോള്‍ ടീമില്‍ ചിലപ്പോള്‍ അസ്വാരസ്യങ്ങളുണ്ടാവാം. അത്‌ സ്വാഭാവികവുമാണ്‌. ക്രിക്കറ്റിന്‌ മറ്റ്‌ ഗെയിമുകളില്‍ നിന്നുളള മാറ്റം എല്ലാവരും ഒത്തൊരുമിച്ച്‌ നിന്നാല്‍ മാത്രമേ മുന്നോട്ട്‌ പോവാനാവു. ഇവിടെ ക്യാപ്‌റ്റനും ടീം മാനേജ്‌മെന്റും സ്വന്തം റോളുകള്‍ ഭംഗിയാക്കണം. പതിമൂന്ന്‌ വര്‍ഷമായി ഞാന്‍ രാജ്യാന്തര ക്രിക്കറ്റ്‌ കളിക്കുന്നു. അനുഭവങ്ങള്‍ എനിക്ക്‌ നല്‍കുന്ന പാഠങ്ങളാണ്‌ എന്റെ കരുത്ത്‌. ടീമിലെ പ്രശ്‌നങ്ങളും നമ്മുടെ വാക്കുകളുമല്ല പ്രധാനം. ടീമിന്റെ വിജയമാണ്‌.
ടീമിന്റെ വിജയത്തില്‍ നിങ്ങള്‍ നല്‍കുന്ന സംഭാവനയാണ്‌ പ്രധാനം. ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലേക്കാണ്‌ ടീമിന്റെ ശ്രദ്ധ. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ അവര്‍ ഞങ്ങളെ തോല്‍പ്പിച്ചിരുന്നു. ഇതിന്‌ തിരിച്ചടി നല്‍കണം. വെട്ടോരി, ബോണ്ട്‌, മില്‍സ്‌ തുടങ്ങിയവര്‍ അണിനിരക്കുന്ന കിവി ടീം ശക്തരുടേതാണ്‌. 20-20 ടീമിന്റെ നായകന്‍ എന്ന നിലയില്‍ അടുത്ത വര്‍ഷത്തെ ലോകകപ്പ്‌ മുന്‍നിര്‍ത്തി കൂടുതല്‍ യുവതാരങ്ങളെ വാര്‍ത്തെടുക്കുകയാണ്‌ പ്രധാനം-അഫ്രീദി പറഞ്ഞു.

ശ്രീശാന്തിനെ പുറത്താക്കിയേക്കും
തലശ്ശേരി: രഞ്‌ജി ട്രോഫി ക്രിക്കറ്റിനുളള കേരളാ ടീമിന്റെ നായകസ്ഥാനത്ത്‌ നിന്നും എസ്‌.ശ്രീശാന്തിനെ മാറ്റിയേക്കും. ഇത്‌ വരെ അദ്ദേഹം പരിശീലന ക്യാമ്പില്‍ പങ്കെടുക്കാത്തത്‌ കേരളാ ക്രിക്കറ്റ്‌ അസോസിയേഷനെ ചൊടിപ്പിച്ചിട്ടുണ്ട്‌. ക്യാമ്പ്‌ ആരംഭിച്ചിട്ട്‌ ആഴ്‌ച്ച പിന്നിട്ടിട്ടും ഇത്‌ വരെ ശ്രീശാന്ത്‌ ക്യാമ്പില്‍ എത്തിയിട്ടില്ല. അടുത്ത മാസം മൂന്നിന്‌്‌ ആന്ധ്രപ്രദേശുമായി കൊണാര്‍ വയല്‍ സ്റ്റേഡിയത്തിലാണ്‌ കേരളത്തിന്റെ ആദ്യ മല്‍സരം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ശ്രീശാന്ത്‌ ഇത്‌ വരെ കെ.സി.എ യുമായി ബന്ധപ്പെട്ടിട്ടില്ല. കോഴിക്കോട്ട്‌ ഒരു വനിതാ കോളജിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ മണിക്കൂറുകള്‍ ചെലവഴിച്ച ശ്രീശാന്തിന്‌ പകരം സീനിയര്‍ താരങ്ങളായ മുന്‍ ക്യാപ്‌റ്റന്മാര്‍- സോണി ചെറുവത്തുര്‍, ശ്രീകുമാരന്‍ നായര്‍ എന്നിവരിലൊരാള്‍ നായകനാവുമെന്നാണ്‌ കരുതപ്പെടുന്നത്‌.
കെ.സി.എ യുമായി നല്ല ബന്ധത്തില്ലല്ല ശ്രീശാന്ത്‌. തനിക്ക്‌ വേണ്ടി കെ.സി.എ ഒന്നും ചെയ്‌തിട്ടില്ല എന്ന പരാതിയുമായാണ്‌ അദ്ദേഹം നടക്കുന്നത്‌. ഇറാനി ട്രോഫി മല്‍സരത്തില്‍ ധവാല്‍ കുല്‍ക്കര്‍ണിയുമായി വഴക്കിടുകയും അതില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അന്ത്യശാസനം നല്‍കുകയും ചെയ്‌തിട്ടും കെ.സി.എ പ്രതികരിച്ചിട്ടില്ലെന്നാണ്‌ ശ്രീശാന്ത്‌ പറയുന്നത്‌. എന്നാല്‍ ഈ സംഭവത്തില്‍ കെ.സി.എ ക്ക്‌്‌ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ്‌ സെക്രട്ടറി ടി.സി മാത്യുവിന്റെ നിലപാട്‌. ക്രിക്കറ്റ്‌ ബോര്‍ഡാണ്‌ അന്ത്യശാസനം നല്‍കിയത്‌.

പ്രീമിയര്‍ ലീഗില്‍ ഇന്ന്‌ സൂപ്പര്‍ സണ്‍ഡേ
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ തകര്‍പ്പന്‍ പോരാട്ടം. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ലിവര്‍പൂളുമായി കളിക്കുന്നു. ലിവര്‍പൂളിന്റെ ആന്‍ഫില്‍ഡിലെ മൈതാനത്താണ്‌ മല്‍സരം. ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ തന്നെയാണിപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. ലിവര്‍പൂളാവട്ടെ തപ്പിതടയുകയാണ്‌. കഴിഞ്ഞയാഴ്‌ച്ചയിലെ പ്രീമിയര്‍ ലീഗ്‌ മല്‍സരത്തില്‍ സുതര്‍ലാന്‍ഡിനോട്‌ തോറ്റ ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ്‌ ലീഗിലും തകര്‍ന്നിരുന്നു. ഇന്നത്തെ ഹോം മല്‍സരത്തില്‍ ക്യാപ്‌റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ്‌, സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസ്‌ എന്നിവര്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്‌. മാഞ്ചസ്‌റ്റര്‍ സംഘത്തില്‍ അവരുടെ സൂപ്പര്‍ താരം വെയിന്‍ റൂണി കളിക്കുന്ന കാര്യത്തിലും സംശയമുണ്ട്‌. കഴിഞ്ഞ രണ്ട്‌ മല്‍സരത്തിലും പരുക്ക്‌ കാരണം റൂണിക്ക്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡാരന്‍ ഫ്‌ളെച്ചറുടെ കാര്യത്തിലും സംശയമുണ്ട്‌. ഇന്നും തോറ്റാല്‍ ലിവറിന്‌ അത്‌ വലിയ ആഘാതാമാവുമെന്ന കാര്യത്തില്‍ സംശയമില്ല. തോല്‍വി പിണഞ്ഞാല്‍ മാഞ്ചസ്‌റ്ററും ലിവറും തമ്മിലുളള അന്തരം പത്ത്‌ പോയന്റിന്റേതാവും.

വിവ സമ്മര്‍ദ്ദത്തില്‍
കോഴിക്കോട്‌:കളിച്ച മൂന്ന്‌ മല്‍സരങ്ങളിലും തോല്‍വി. പോയന്റ്‌ ടേബിളില്‍ ഇത്‌ വരെ അക്കൗണ്ട്‌ തുറക്കാന്‍ കഴിയാത്ത ഏക ടീമെന്ന അപഖ്യാതിയില്‍ നില്‍ക്കുന്ന വിവ കേരള കടുത്ത സമ്മര്‍ദ്ദത്തില്‍. ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌്‌ ഗോവക്കെതിരായ മല്‍സരത്തില്‍ രണ്ട്‌ ഗോളിനും മോഹന്‍ ബഗാനെതിരെ കൊല്‍ക്കത്തയില്‍ ഇതേ മാര്‍ജിനില്‍ തോല്‍ക്കുകയും ചെയ്‌ത വിവ ആദ്യം ഹോം മല്‍സരത്തില്‍ ചിരാഗ്‌ യുനൈറ്റഡിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും തോല്‍ക്കുകയായിരുന്നു. പതിനാല്‌ ടീമുകള്‍ പങ്കെടുക്കുന്ന ലീഗില്‍ അവസാന സ്ഥാനത്താണിപ്പോള്‍ വിവ. ഒരു മല്‍സരവും തോല്‍ക്കാത്ത ചിരാഗ്‌ ഒന്നാം സ്ഥാനത്തും നില്‍ക്കുന്നു. മുന്‍നിരയില്‍ കരുത്തനായ താരമില്ലാത്തതാണ്‌ ടീമിന്റെ പ്രശ്‌നമെന്ന്‌ കോച്ച്‌ ഏ.എം ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. തായ്‌ലാന്‍ഡില്‍ നിന്നുമെത്തിയ താരത്തിന്‌ അടുത്ത മല്‍സരത്തില്‍ കളിക്കാനായാല്‍ അത്‌ ചിലപ്പോള്‍ ഗുണം ചെയ്യുമെന്നാണ്‌ കരുതപ്പെടുന്നത്‌.
ഇന്ന്‌ ലീഗില്‍ രണ്ട്‌ മല്‍സരങ്ങള്‍ നടക്കുന്നുണ്ട്‌. ഗോവന്‍ അങ്കത്തില്‍ സ്‌പോര്‍ട്ടിംഗ്‌ സാല്‍ഗോക്കറുമായി കളിക്കുമ്പോള്‍ കൊല്‍ക്കത്താ അങ്കത്തില്‍ ഈസ്‌റ്റ്‌്‌ ബംഗാളും മോഹന്‍ ബഗാനും മുഖാമുഖം വരുന്നു. സാള്‍ട്ട്‌ ലെക്ക്‌ സ്‌റ്റേഡിയത്തിലെ ഈ അങ്കത്തിന്‌ പതിവില്‍ കവിഞ്ഞ പ്രാധാന്യമുണ്ട്‌. ബഗാനില്‍ നിന്നും ഈ സീസണില്‍ ഈസ്റ്റ്‌ ബംഗാളിലേക്ക്‌ ചേക്കേറിയ ഇന്ത്യന്‍ നായകന്‍ ബൂട്ടിയയുടെ പ്രകടനമായിരിക്കും ശ്രദ്ധിക്കപ്പെടുക. ബഗാനും ബൂട്ടിയയും തമ്മിലുളള തര്‍ക്കം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഐ ലീഗ്‌ മുന്‍നിര്‍ത്തി അദ്ദേഹത്തിന്‌ ഈസ്റ്റ്‌ ബംഗാളില്‍ കളിക്കാന്‍ താല്‍കാലികാനുമതി നല്‍കുകയായിരുന്നു.
ബഗാന്‍ ഇത്‌ വരെ തപ്പിതടയുന്ന പ്രകടനമാണ്‌ നടത്തിയത്‌. ചിരാഗിനോട്‌ പോലും തോറ്റ ടീമിന്‌ കാര്യമായ നേട്ടം സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊല്‍ക്കത്ത സീനിയര്‍ ഡിവിഷന്‍ ലീഗില്‍ ചില വിജയങ്ങള്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞതാണ്‌ നേട്ടം.

PAZHAZHIRAJA_THE CLASSIC


ഇതാണ്‌ സിനിമ....! തികവാര്‍ന്ന പശ്ചാത്തലം, ചടുലമായ സംഭാഷണങ്ങള്‍, സൂക്ഷ്‌മമായ സംവിധാനം, അതിഭാവുകത്വമില്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍, സാങ്കേതികതയുടെ വിസ്‌മയങ്ങള്‍, ക്യാമറയില്‍ തെളിയുന്ന പ്രകൃതി മനോഹാരിത- പഴശ്ശിരാജ എന്ന ചലച്ചിത്രം ശരിക്കുമൊരു വിസ്‌മയമാണ്‌....
വയനാടന്‍ കാടുകളില്‍ ഒളിയുദ്ധമുറയുമായി ബ്രിട്ടിഷുകാര്‍ക്കെതിരെ മരണം വരെ പോരാടിയ കേരളവര്‍മ്മ പഴശ്ശിരാജയുടെ കഥയറിയാത്തവരായി ആരുമില്ല. ഇന്ത്യന്‍ സ്വതന്ത്ര സമര ചരിത്രത്തിലെ വീരോചിത പോരാട്ടത്തിന്റെ പേജില്‍ നിന്നുമാണ്‌ എം.ടി വാസുദേവന്‍ നായരുടെ തൂലികയില്‍ പഴശ്ശിരാജ വെള്ളിത്തിരയില്‍ പുനര്‍ജനിച്ചത്‌. പഴശ്ശിയുടെ ദൃശ്യഭാഷയിലുടെ തലക്കല്‍ ചന്തുവിനെയും എടച്ചേരി കുങ്കനെയും കൈതേരി അമ്പുവിനെയുമെല്ലാം പുതിയ തലമുറക്ക്‌ പരിചയപ്പെടാനായി.
ഹരിഹരന്‍ അന്ന അനുഭവസമ്പന്നായ സംവിധായകനിലുടെ മലയാള സിനിമക്ക്‌ ലഭിച്ചിരിക്കുന്നത്‌ അതിന്റെ മഹത്തായ ഗതകാലമാണ്‌... സൂപ്പര്‍ താരങ്ങളുടെയും ഫാന്‍സ്‌ അസോസിയേഷനുകളുടെയും പിടിയില്‍ അകപ്പെട്ട്‌ നട്ടം തിരിയുന്ന മലയാള സിനിമക്ക്‌ പുതിയ മുഖം നല്‍കിയിരിക്കുന്നു പഴശ്ശി രാജ എന്ന കാര്യത്തില്‍ സംശയമില്ല. ഇരുപത്തിയെട്ട്‌ കോടിയോളം മുതല്‍ മുടക്കി ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ഈ ചരിത്ര ചിത്രത്തിന്റെ മഹാവിജയം നല്‍കുന്നത്‌ വ്യക്തമായ സൂചനയാണ്‌-പ്രേക്ഷകനിഷ്ടം നല്ല സിനിമയാണ്‌. നല്ല കഥയാണ്‌, അഭിനയമാണ്‌, ആഖ്യാനവും ആവിഷ്‌ക്കാരവുമാണ്‌. സൂപ്പര്‍ താരങ്ങളുടെ ഗിമിക്‌സും അവര്‍ക്ക്‌ ചുറ്റും വളിപ്പടിച്ച്‌ നടക്കുന്ന തമാശക്കാരും, അടിയും പാട്ടുമെല്ലാം സിനിമയുടെ വിജയത്തിന്റെ അവിഭാജ്യ ഘടകങ്ങളല്ല. നല്ല സിനിമക്കൊപ്പം നന്മയുണ്ട്‌. നന്മക്കൊപ്പം പ്രേക്ഷകരുമുണ്ട്‌.
പഴശ്ശിരാജ ഒരിക്കലുമൊരു മമ്മുട്ടി ചിത്രമല്ല, ഹരിഹരന്‍ ചിത്രമോ, എം.ടി ചിത്രമോ, ഗോകുലം ഗോപാലന്‍ ചിത്രമോ, റസുല്‍ പുക്കുട്ടി ചിത്രമോ അല്ല. നല്ല കഥയില്‍ വിരിഞ്ഞ മഹത്തായ കലാസൃഷ്‌ടി. മമ്മുട്ടി എന്ന സൂപ്പര്‍ താരമാണ്‌്‌ ചിത്രത്തിന്റെ മുഖം എന്നത്‌ വ്യക്തം. പക്ഷേ ചിത്രത്തില്‍ പഴശ്ശിയായി വേഷമിടുന്ന മമ്മുട്ടിയെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്‌ മുതല്‍ ചിത്രത്തിലുടനീളം ഒരു അസാമാന്യ കഴിവും നായകന്‌ നല്‍കുന്നില്ല. അതിഭാവുകത്വമുളള സംഭാഷണങ്ങളില്ല, നെടുനീളന്‍ വാചകക്കസര്‍ത്തില്ല, ഗിമിക്കുകളോ, വര്‍ണ്ണ പൊലിമയോ ഇല്ല. വളരെ സൂക്ഷ്‌മമായ അഭിനയത്തിലുടെ തനിക്ക്‌ മാത്രം ചേരുന്ന വേഷങ്ങള്‍ തനിക്ക്‌ മാത്രമേ വിജയിപ്പിക്കാനാവു എന്ന്‌ മമ്മുട്ടി തെളിയിക്കുന്നുണ്ട്‌. സമീപകാലത്തായി മമ്മുട്ടി അവതരിപ്പിക്കുന്ന നായക വേഷങ്ങളെല്ലാം അതിഭാവുകത്വത്തിന്റെ താരപ്പതിപ്പാണ്‌. രാജമാണിക്ക്യം എന്ന സിനിമയുടെ വിജയത്തിലുടെ മമ്മുട്ടി ഗുലാനായും മായാ ബസാറായുമെല്ലാം തരം താണപ്പോള്‍ പ്രേക്ഷകന്‌ നഷ്ടപ്പെട്ടത്‌ കരുത്തനായ അഭിനേതാവിനെയായിരുന്നു. പഴശ്ശിയിലുടെ മമ്മുട്ടിയെ മലയാളത്തിന്‌ തിരിച്ചു ലഭിച്ചിരിക്കുന്നു. സുന്ദരനായിരുന്നോ ചരിത്രത്തിലെ പഴശ്ശി എന്ന ചോദ്യം തല്‍ക്കാലം മാറ്റിനിര്‍ത്താം. പഴശ്ശി ധീരനും വീരനും തന്ത്രശാലിയുമായിരുന്നു. മമ്മുട്ടിക്ക്‌ പ്രായം അമ്പതെല്ലാം പിന്നിട്ടിട്ടുണ്ട്‌. പക്ഷേ അദ്ദേഹത്തിന്റെ ശരീരവും ശരീരഭാഷയും ഇപ്പോഴും പൗരുഷത്തിന്റെ ശക്തമായ തെളിവുകളാണ്‌. മമ്മുട്ടി ഫാന്‍സുകാര്‍ ആഗ്രഹിക്കുന്ന തരത്തിലുളള സൂപ്പറിസം ചിത്രത്തില്ലില്ല. പക്ഷേ തന്റെ റോള്‍ മനോഹരമാക്കാന്‍ മമ്മുട്ടി അനുഭവിച്ച ത്യാഗങ്ങള്‍ ഓരോ ഫ്രെയിമിയിലും വ്യക്തമാണ്‌. ഭാവാഭിനയത്തിന്റെ കാര്യത്തില്‍ മമ്മുട്ടിയെക്കാള്‍ അല്‍പ്പം മുന്നില്‍ നില്‍ക്കുന്നത്‌ ശരത്‌ കുമാറാണ്‌. പഴശ്ശിരാജയുടെ സൈന്യത്തലവനായ എടച്ചേരി കുങ്കന്റെ വേഷമണിയുന്ന ശരത്‌ കുമാര്‍ പല ആക്ഷന്‍ രംഗങ്ങളിലും മമ്മുട്ടിയെ കടത്തിവെട്ടുന്നുണ്ട്‌. ശരത്‌ കുമാര്‍ മാത്രമല്ല മനോജ്‌ കെ ജയനും ജഗതീ ശ്രീകുമാറും തിലകനും കനിഹയും പത്മപ്രിയയുമെല്ലാം സ്വന്തം ഭാഗങ്ങള്‍ മനോഹരമാക്കുന്നുണ്ട്‌.
ഒരു സൂപ്പര്‍ താരം നായകനാവുമ്പോള്‍ സിനിമയുടെ ആഖ്യാനത്തെയും കഥയുടെ ഗമനത്തെയും ബാധിക്കാത്ത തരത്തില്‍ തിരക്കഥാകൃത്തും സംവിധായകനും ആഗ്രഹിക്കുന്ന തരത്തിലേക്ക്‌ സിനിമയെ എത്തിക്കാനാവുമെന്നതിന്റെ തെളിവായി ചരിത്രത്തില്‍ ഈ സിനിമക്ക്‌ സ്ഥാനമുണ്ടാവും. മമ്മുട്ടിയും മോഹന്‍ലാലും നായകന്മാരാവുമ്പോള്‍ എല്ലാം നിശ്ചയിക്കുന്നത്‌ അവരാണെന്ന ആരോപണം കാലങ്ങളായി മലയാള സിനിമയിലുണ്ട്‌. നായികമാരെയും എന്തിന്‌ സഹനടന്മാരെ പോലും സൂപ്പര്‍ താരങ്ങളാണ്‌ നിശ്ചയിക്കാറുളളത്‌. പശ്ശിരാജയില്‍ നായക കഥാപാത്രം അവതരിപ്പിക്കേണ്ടത്‌ മമ്മുട്ടി മാത്രമാണെന്ന്‌ ആദ്യം പ്രഖ്യാപിച്ചത്‌ എം.ടി യായിരുന്നു. തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്നാണ്‌ മറ്റ്‌ നടന്മാരെ തീരുമാനിച്ചത്‌. പഴശ്ശിരാജയില്‍ മമ്മുട്ടിയെ അവതരിപ്പിക്കുന്നത്‌ കോളിളക്കങ്ങളോടെയല്ല. ഭയാനകമായ പശ്ചാത്തല സംഗീതവും, കുതിര കുളമ്പടിയും ഹുങ്കാര ശബ്ദങ്ങളൊന്നുമില്ലാതെയാണ്‌ പഴശ്ശിരാജ കടന്നുവരുന്നത്‌-ഇരുട്ടില്‍ നിന്നും പതുക്കെ വെളിച്ചത്തിലേക്ക്‌ വരുന്ന മമ്മുട്ടിയിലെ നായക കഥാപാത്രത്തിന്‌ ഒരു ആംഗിളിലും അമിത പ്രാധാന്യം നല്‍കിയിട്ടില്ല.
റസൂല്‍ പുക്കുട്ടി എന്ന ഓസ്‌ക്കാര്‍ ജേതാവിന്റെ സാന്നിദ്ധ്യം നല്‍കുന്ന മാറ്റം ചിത്രത്തിന്റെ അനേകം പ്ലസുകളില്‍ ഒന്നാണ്‌. നമ്മുടെ തിയേറ്ററുകളിലെ ശബ്ദ സംവിധാനത്തില്‍ പുക്കുട്ടിയുടെ മികവ്‌ തിരിച്ചറിയാന്‍ പറ്റുന്നില്ലെങ്കിലും പല സീനുകളിലും പശ്ചാത്തല സംഗീതവും ശബ്ദലേഖനവും വേറിട്ട്‌ നില്‍ക്കുന്നു. ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച മൂന്ന്‌ ഗാനങ്ങളും ഒന്നിനൊന്ന്‌ മികച്ചതാണ്‌. വയനാടിനെ പ്രകീര്‍ത്തിക്കുന്ന ആദ്യഗാനത്തിലെ വരികളും ചിത്രീകരണവും അപാരമാണെങ്കില്‍ യുദ്ധരംഗങ്ങള്‍ അതിലേറെ മിഴിവ്‌ പകരുന്നതായിരുന്നു. വനാന്തരത്തില്‍ വെച്ചുളള ചിത്രീകരണത്തിന്‌ എല്ലാവരും സഹിച്ച ത്യാഗങ്ങളില്‍ മഹത്തായ ഒരു സിനിമയാണ്‌ പിറന്നിരിക്കുന്നത്‌. എല്ലാവരും സിനിമക്ക്‌ പിന്നണിയിലെ പ്രമുഖരെ മാത്രം പ്രകീര്‍ത്തിക്കുമ്പോള്‍ ലൈറ്റ്‌ബോയ്‌ ഉള്‍പ്പെടെ പഴശ്ശിരാജ യാഥാര്‍ത്ഥ്യമാക്കുന്നതിന്‌ പിറകില്‍ പ്രവര്‍ത്തിച്ച രണ്ടായിരത്തോളം കലാകാരന്മാരുടയും സാങ്കേതിക പ്രവര്‍ത്തകരുടെയും അര്‍പ്പണവും സേവനവും വിസ്‌മരിക്കാനാവില്ല. ഗോകുലം ഗോപാലന്‍ എന്ന വ്യക്തിയെ കേരളം സ്‌മരിക്കുന്നത്‌ വ്യവസായ പ്രമുഖനായിട്ടായിരിക്കില്ല- പഴശ്ശിരാജ എന്ന ചരിത്ര സിനിമയുടെ ശക്തനായ നിര്‍മ്മാതാവായിട്ടായിരിക്കും. വര്‍ഷങ്ങള്‍ ദീര്‍ഘിച്ച ചിത്രീകരണത്തിനൊടുവില്‍ പുറത്തിറങ്ങിയ പഴശ്ശിരാജ തീര്‍ച്ചയായും മലയാള സിനിമയുടെ പുതിയ ചരിത്രമാണ്‌. പനോരമ സെലക്ഷന്‍ കാര്യത്തില്‍ പതിവ്‌ പോലെ നടക്കുന്ന അന്തര്‍നാടകങ്ങള്‍ ഈ ചിത്രത്തെ ബാധിക്കുന്നില്ല. എവിടെ മലയാളിയുണ്ടോ, അവര്‍ക്കെല്ലാം അഭിമാനിക്കാവുന്ന ചിത്രമാണിത്‌.

Thursday, October 22, 2009

CALICUT CALLING

വിളക്കിന്‌ കീഴില്‍
കോഴിക്കോട്‌: കളിവിളക്ക്‌ തെളിയുകയാണ്‌....... ഇന്ന്‌ വൈകീട്ട്‌ 6-30 ന്‌ നാല്‌ ലോഹതൂണുകളില്‍ നിന്നും പ്രവഹിക്കുന്ന വെളിവെളിച്ചത്തില്‍ കാല്‍പ്പന്തിന്റെ നാട്ടില്‍ ആരവമുയരുകയാണ്‌.... ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയും ചിരാഗ്‌ യുനൈറ്റഡ്‌ കൊല്‍ക്കത്തയും മാറ്റുരക്കുമ്പോള്‍ കളിഭ്രാന്തിന്റെ നാട്ടില്‍ ഉല്‍സവത്തിന്റെ തിരി തെളിയുന്നു.... വര്‍ഷങ്ങളുടെ കാത്തിരിപ്പിന്‌ ശേഷമാണിപ്പോള്‍ പ്രകാശ പെരുമഴയില്‍ കളി നടക്കുന്നത്‌. പന്ത്‌ തട്ടിയും കളിയെഴുതിയും പരിചയമുളള കേന്ദ്രമന്ത്രി ഇ.അഹമ്മദാണ്‌ വെളിച്ചത്തിന്റെ വാതിലുകള്‍ കാണികള്‍ക്കായി തുറക്കുന്നത്‌. ആറ്‌ മണിക്കാണ്‌ ഉദ്‌ഘാടന ചടങ്ങ്‌. അര മണിക്കൂറിന്‌ ശേഷം മല്‍സരവും.
ഇന്നലെ രണ്ട്‌ ടീമുകളും മൈതാനത്ത്‌ പരിശീലനം നടത്തി. ഡെന്‍സണ്‍ ദേവദാസ്‌ നയിക്കുന്ന ചിരാഗ്‌ യുനൈറ്റഡ്‌ വൈകീട്ട്‌ നാല്‌ മണിക്കെത്തി മൈതാനത്തിന്റെ സ്വഭാവമറിഞ്ഞപ്പോള്‍ രാത്രി വെളിച്ചത്തിലായിരുന്നു വിവയുടെ കോച്ചിംഗ്‌.
സ്വന്തം മൈതാനത്ത്‌ ആദ്യമായി കളിക്കുന്ന വിവയാണ്‌ സമ്മര്‍ദ്ദത്തില്‍. അവര്‍ക്ക്‌ ജയം ഇവിടെ നിര്‍ബന്ധമാണ്‌. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും തോറ്റതിന്റെ ക്ഷീണത്തില്‍ ടേബിളില്‍ ഏറ്റവുമൊടുവിലാണിപ്പോള്‍ വിവ. പക്ഷേ സമ്മര്‍ദ്ദത്തിന്റെ കയത്തിലും യുവ ടീമില്‍ നിന്ന്‌ നല്ലത്‌ മാത്രമാണ്‌ കോച്ച്‌ ഏ.എം ശ്രീധരന്‍ പ്രതീക്ഷിക്കുന്നത്‌. ഇന്നലെ മൈതാനത്ത്‌ വെച്ച്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രികയുമായി സംസാരിക്കവെ കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളും തനിക്ക്‌ നല്‍കുന്നത്‌ വലിയ പ്രതീക്ഷയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ആദ്യ മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോടും രണ്ടാം മല്‍സരത്തില്‍ മോഹന്‍ ബഗാനോടുമാണ്‌ വിവ തോറ്റത്‌. രണ്ട്‌ മല്‍സരങ്ങളിലും രണ്ട്‌ വീതം ഗോളുകളാണ്‌ ടീം വഴങ്ങിയത്‌. രണ്ട്‌ മല്‍സരങ്ങളിലും വിവ കളിച്ചത്‌ മതിയായ പരിശീലനമില്ലാതെയായിരുന്നു. ചര്‍ച്ചിലിനെതിരായ മല്‍സരത്തിന്‌ ഒരാഴ്‌ച്ചയോളം ടീം ഗോവയില്‍ മഴ കാരണം പുറത്തിറങ്ങാന്‍ കഴിയാതെ നില്‍ക്കുകയായിരുന്നു. ഷെഡ്യൂള്‍ പ്രകാരം സാല്‍ഗോക്കറുമായിട്ടായിരുന്നു ആദ്യ മല്‍സരം. ഈ മല്‍സരം മഴ റാഞ്ചിയപ്പോള്‍ വാസ്‌ക്കോയിലെ തിലക്‌ മൈതാനത്ത്‌ വെച്ചായിരുന്നു ചര്‍ച്ചിലിനെ നേരിട്ടത്‌. ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്തിയ വിവ രണ്ടാം പകുതിയിലാണ്‌ തളര്‍ന്നത്‌. കൊല്‍ക്കത്താ സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു ബഗാനുമായുള്ള മല്‍സരം. ക്യാപ്‌റ്റന്‍ എം.പി സക്കീര്‍, ഗോള്‍ക്കീപ്പര്‍ ശിശുപാല്‍ എന്നിവര്‍ക്ക്‌ പനി പിടിപ്പെട്ടത്‌ കാരണം പൂര്‍ണ്ണ കരുത്തില്‍ ടീമിന്‌ കളിക്കാനായില്ല. ഇന്ന്‌ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. സക്കീര്‍ നയിക്കുന്ന സംഘത്തില്‍ മൂന്ന്‌ വിദേശികളും കളിക്കുന്നുണ്ട്‌. ബെല്ലോ റസാക്കും സംഘവും പരിശീലനത്തില്‍ പ്രകടിപ്പിക്കുന്ന ആവേശം മല്‍സരത്തില്‍ പ്രകടമാക്കിയാല്‍ തീര്‍ച്ചയായും പോയന്റ്‌്‌ ടേബിളില്‍ കടന്നു കയറാന്‍ ടീമിനാവുമെന്നാണ്‌ ശ്രീധരന്‍ കരുതുന്നത്‌.
സൂബ്രതോ ഭട്ടാചാര്യ എന്ന കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട പഴയ താരത്തിന്റെ ശിക്ഷണത്തില്‍ കളിക്കുന്ന ചിരാഗിന്റെ കരുത്ത്‌ മുന്‍നിരയില്‍ കളിക്കുന്ന ബ്രസീലുകാരായ എഡ്‌മില്‍സണും ജോഷിമറുമാണ്‌. ലീഗില്‍ മൂന്ന്‌ മല്‍സരങ്ങളില്‍ പങ്കെടുത്ത ചിരാഗ്‌ ഇത്‌ വരെ തോറ്റിട്ടില്ല. മോഹന്‍ ബഗാനെയും മുംബൈ എഫ്‌.സിയെയും തോല്‍പ്പിച്ച അവര്‍ എയര്‍ ഇന്ത്യയെ അവരുടെ മൈതാനത്ത്‌ തളക്കുകയും ചെയ്‌തിരുന്നു. മൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ ഏഴ്‌ പോയന്റുമായി അവര്‍ മുന്‍നിരയില്‍ നില്‍ക്കുകയാണിപ്പോള്‍. സമ്മര്‍ദ്ദം തെല്ലുമില്ലെന്നാണ്‌ സുബ്രതോ പറയുന്നത്‌. ചില താരങ്ങളുടെ പരുക്കാണ്‌ ചെറിയ പ്രശ്‌നം. എങ്കിലും നല്ല തുടക്കം ലഭിച്ചാല്‍ ടീമിന്‌ വിജയിക്കാനാവുമെന്ന്‌ അദ്ദേഹം പറഞ്ഞു. നൈജീരിയക്കാരന്‍ ഡു സസ്‌പെന്‍ഷന്‍ കാരണം കളിക്കുന്നില്ല. മധ്യനിരയില്‍ ക്യാപ്‌റ്റന്‍ ഡെന്‍സണ്‍ തന്നെയാണ്‌ കരുത്ത്‌. ബഗാനെതിരായ മല്‍സരത്തില്‍ കളിയിലെ കേമന്‍പ്പട്ടം സ്വന്തമാക്കിയ ഡെന്‍സണ്‍ തന്റെ പഴയ ടീമിനെയാണ്‌ ഇന്ന്‌ എതിരിടുന്നത്‌. കാണികളുടെ പിന്തുണ ഇന്ന്‌ ഡെന്‍സണ്‍ പ്രതീക്ഷിക്കുന്നില്ല. വിവക്കെതിരെ കളിക്കുമ്പോള്‍ സമ്മര്‍ദ്ദം തന്നെ വേട്ടയാടുന്നില്ലെന്നും നായകന്‍ പറഞ്ഞു. വിവയുടെ നായകനായ മലപ്പുറത്തുകാരന്‍ എം.പി സക്കീറിന്‌ സമ്മര്‍ദ്ദമുണ്ട്‌. സ്വന്തം നാട്ടുകാര്‍ക്ക്‌ മുന്നിലാണ്‌ കളിക്കുന്നത്‌. ചാമ്പ്യന്‍ഷിപ്പില്‍ ടീമിന്‌ നല്ല തുടക്കം ലഭിച്ചിട്ടില്ല. ഇവിടെ ആദ്യ മല്‍സരം തന്നെ ജയിച്ചാല്‍ കാണികളുടെ പിന്തുണ കൂടി ഉറപ്പാക്കാന്‍ സക്കീറിന്‌ കഴിയും. തമിഴ്‌നാട്ടില്‍ നിന്നുളള ഫിഫ റഫറി പ്രദീപ്‌ കുമാറാണ്‌ മല്‍സരം നിയന്ത്രിക്കുന്നത്‌. മാച്ച്‌ കമ്മീഷണര്‍ ജെ.പി സിംഗ്‌.

ടിക്കറ്റുകള്‍ 11 മുതല്‍
കോഴിക്കോട്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവയുടെ കേരളയുടെ ഹോം മല്‍സരങ്ങള്‍ക്കുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സിമിതി കണ്‍വീര്‍ പി. ഹരിദാസ്‌ അറിയിച്ചു. മൈതാനം സുസജ്ജമായി കഴിഞ്ഞു. ടിക്കറ്റ്‌ വില്‍പ്പന രാവിലെ 11 മുതല്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സ്‌റ്റേഡിയം പരിസരത്തുളള ഓഫീസില്‍ ആരംഭിക്കും. ഫെഡറല്‍ ബാങ്കിന്റെ സ്‌റ്റേഡിയത്തിന്‌ സമീപമുളള ശാഖയില്‍ നിന്നും ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്‌ സമിപമുളള ശാഖയില്‍ നിന്നും വൈകീട്ട്‌ നാല്‌ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കും. ഗ്രാന്‍ഡ്‌ സ്‌റ്റാന്‍ഡിന്‌ 100 രൂപയും ഗ്യാലറിക്ക്‌ 30 രുപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. സിസണ്‍ ടിക്കറ്റുകളില്ല. വൈകീട്ട്‌ ആറ്‌ മണിക്ക്‌ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. മേയര്‍ എം. ഭാസ്‌ക്കരനായിരിക്കും അദ്ധ്യക്ഷന്‍. 6-30 നാണ്‌ മല്‍സരം.
ഫ്‌ളഡ്‌ലിറ്റുകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമായിരിക്കും. ആറ്‌ മണിക്ക്‌ മുമ്പായി തന്നെ കളിവിളക്കുകള്‍ തെളിയും.
ആ പഴയ നാളുകള്‍
കോഴിക്കോട്‌: കൈയ്യില്‍ കടല പൊതിയുമായി, മൈതാനത്തെ പന്ത്‌ കളി ആസ്വദിക്കുന്ന കോഴിക്കോടിന്റെ ആ പഴയ ആസ്വാദന മുഖം-ഓര്‍മ്മയില്ലേ ഇത്‌....!
1984... തൊഴിലാളി ദിനമായ മെയ്‌ 1... സേട്ട്‌ നാഗ്‌ജി അമര്‍സി സ്‌മാരക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍.... ഏറ്റുമുട്ടുന്നവര്‍ കൊല്‍ക്കത്തയിലെ ചിരവൈരികളായ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗും മോഹന്‍ ബഗാനും. ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായരെല്ലാം ബൂട്ടണിഞ്ഞ മല്‍സരത്തില്‍ ഗോളുകള്‍ക്ക്‌ ക്ഷാമമായിരുന്നു. സ്‌റ്റേഡിയം നിറയെ കാണികള്‍... മൈതാനത്ത്‌ റഫറിയുടെ വിസിലുമായി ജമാലുദ്ദിന്‍... കളി അവസാന സെക്കന്‍ഡിലേക്ക്‌ നിങ്ങിയപ്പോള്‍ മുഹമ്മദന്‍സിന്‌ അനുകൂലമായി കോര്‍ണര്‍കിക്ക്‌. പ്രേം ദോര്‍ജിയുടെ കിക്ക്‌ ഉയര്‍ന്നു പൊന്തിയപ്പോള്‍ ജാംഷഡ്‌ നസീരി എന്ന ഇറാന്‍കാരന്‍ പന്തിന്‌ കൃത്യമായി തല വെച്ചു. പന്ത്‌ ബഗാന്‍ വലയില്‍ വീണതും റഫറിയുടെ ലോംഗ്‌ വിസില്‍..... ഫ്‌ളഡ്‌ലിറ്റിന്‌ കീഴില്‍ കോഴിക്കോട്ടെ ആസ്വാദകര്‍ മനം നിറയെ കണ്ട മല്‍സരമായിരുന്നു അത്‌. ആറ്‌ രൂപയായിരുന്നു അന്ന്‌ ടിക്കറ്റ്‌ വില. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലെ ഏറ്റവും വലിയ കലക്ഷനും അന്നായിരുന്നു.... ആ രാത്രികാല മല്‍സരങ്ങള്‍ നല്‍കിയ ആവേശത്തെ ഇന്നും വാരിപ്പുണരുന്നവര്‍ ഇവിടെയുണ്ട്‌. 1997 ലാണ്‌ അവസാനമായി രാത്രി വെളിച്ചത്തില്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ കളി നടന്നത്‌. സിസേഴ്‌സ്‌ കപ്പ്‌ ഫുട്‌ബോളില്‍ ധാക്കയില്‍ അബഹാനി ക്രീഡാ ചക്രയും എഫ്‌.സി കൊച്ചിനും തമ്മിലുളള മല്‍സരത്തോടെയാണ്‌ കളി വിളക്കുകള്‍ കണ്ണടച്ചത്‌. പന്ത്രണ്ട്‌ വര്‍ഷത്തിന്‌ ശേഷം വിളക്കുകള്‍ തെളിയുമ്പോള്‍ പഴയ ആവേശമാണ്‌ എല്ലാവരും പ്രതീക്ഷിക്കുന്നത്‌. ഇന്ന്‌ വിവക്കും ചിരാഗിനും കാണികളെ വിരൂന്നൂട്ടാനായാല്‍ സ്‌റ്റേഡിയം അടുത്ത മല്‍സരങ്ങളില്‍ നിറഞ്ഞ്‌ കവിയുമെന്ന കാര്യത്തില്‍ സംശയമില്ല...

റിബറിക്ക്‌ നഷ്‌ടം
പാരിസ്‌: ദക്ഷിണാഫ്രിക്കയിലേക്ക്‌ ടിക്കറ്റ്‌ തേടി അടുത്ത മാസം മധ്യത്തില്‍ റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡിനെതിരായ പ്ലേ ഓഫ്‌ പോരാട്ടത്തിനിറങ്ങുന്ന ഫ്രാന്‍സിന്‌ സൂപ്പര്‍ താരം ഫ്രാങ്ക്‌ റിബറിയുടെ സേവനം ലഭിക്കില്ല. കാല്‍മുട്ടിലെ പരുക്ക്‌ നിരന്തരം അലട്ടുന്നതിനാല്‍ ഒരു മാസത്തെ വിശ്രമത്തിന്‌ പോവുകയാണ്‌ റിബറി. ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിച്ചിനായി കളിക്കുന്ന റിബറിയെ ദീര്‍ഘകാലമായി കാല്‍മുട്ടിലെ വേദന കാര്യമായി അലട്ടുന്നു. പരുക്കില്‍ നിന്ന്‌ മുക്തി നേടാന്‍ റിബറിക്ക്‌ ഒരു മാസത്തെ വിശ്രമം നിര്‍ബന്ധമാണെന്നാണ്‌ ബയേണ്‍ കോച്ച്‌ ലൂയിസ്‌ വാന്‍ഗാല്‍ പറയുന്നത്‌. ഇപ്പോല്‍ സീസണ്‍ ആരംഭിച്ചിട്ടേയുളളു. വരാനിരിക്കുന്ന വലിയ മല്‍സരങ്ങള്‍ മുന്‍നിര്‍ത്തി റിബറിക്ക്‌ ആവശ്യമായ വിശ്രമമാണ്‌ ടീം നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. സൂപ്പര്‍ താരത്തിന്റെ അഭാവം ഫ്രഞ്ച്‌ ദേശീയ ടീമിനെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. യോഗ്യതാ മല്‍സരങ്ങളില്‍ തപ്പിതടഞ്ഞ ഫ്രാന്‍സ്‌ ഭാഗ്യത്തിന്റെ അകമ്പടിയിലാണ്‌ പ്ലേ ഓഫ്‌ ടിക്കറ്റ്‌ സ്വന്തമാക്കിയത്‌.

മല്‍സരഫലങ്ങള്‍
ബോറോഡോക്‌സ്‌ 2- ബയേണ്‍ മ്യൂണിച്ച്‌ 1, ചെല്‍സി 4- അത്‌ലറ്റികോ മാഡ്രിഡ്‌ 0, സി.എസ്‌.കെ.ഇ മോസ്‌ക്കോ 0-മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ 1, എഫ്‌.സി പോര്‍ട്ടോ 2- അപോല്‍ നിക്കോഷ്യ 1, എഫ്‌.സി സൂറിച്ച്‌ 0- മാര്‍സലി 1, യുവന്തസ്‌ 1- മക്കാബി ഹൈഫ 0, റയല്‍ മാഡ്രിഡ്‌ 2- ഏ.സി മിലാന്‍ 3, വോള്‍ഫ്‌സ്‌ബര്‍ഗ്ഗ്‌ 0-ബെസികിറ്റാസ്‌ 0

റയലും വിണു
മാഡ്രിഡ്‌: ബാര്‍സിലോണക്ക്‌ പിറകെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ സ്‌പാനിഷ്‌ കരുത്തരായ റയല്‍ മാഡ്രിഡിനും പരാജയം. സാന്‍ഡിയാഗോ ബെര്‍ണബുവിലെ തിങ്ങിനിറഞ്ഞ മൈതാനത്തെ സാക്ഷിയക്കി ഇറ്റലിക്കാരായ ഏ.സി മിലാനാണ്‌ ഞെട്ടിപ്പിക്കുന്ന 3-2 വിജയം ആഘോഷിച്ചത്‌. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളായ ഇകാര്‍ കാസിയാസിന്‌ വന്‍ വിഡ്ഡിത്തങ്ങള്‍ സംഭവിച്ച ദിനത്തില്‍ മിലാന്‍ അവസരങ്ങള്‍ മനോഹരമായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഒരു ഗോളിന്‌ സി.എസ്‌.കെ.ഇ മോസ്‌ക്കോയെയും ചെല്‍സി മറുപടിയില്ലാത്ത നാല്‌ ഗോളിന്‌ അത്‌ലറ്റികോ മാഡ്രിഡിനെയും തകര്‍ത്തപ്പോള്‍ ജര്‍മന്‍ ശക്തരായ ബയേണ്‍ മ്യൂണിച്ചിനും ആഘാതമേറ്റു. ഫ്രഞ്ച്‌ ചാമ്പ്യന്മാരായ ബോറോഡോക്‌സാണ്‌ ബയേണിനെ മറിച്ചിട്ടത്‌.
ബെര്‍ണബുവില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തകര്‍പ്പന്‍ പ്രകടനമാണ്‌ നടന്നത്‌. ഇടക്ക്‌ പെയ്‌ത മഴ പോലും മല്‍സരത്തെ ബാധിച്ചില്ല. റയല്‍ സംഘത്തില്‍ ചാമ്പ്യന്‍ താരമായ കൃസ്റ്റിയാനോ റൊണാള്‍ഡോ ഉണ്ടായിരുന്നില്ല. പരുക്കില്‍ നിന്നും മുക്തനായി കക്ക തിരിച്ചെത്തിയപ്പോള്‍ പത്തൊമ്പതാം മിനുട്ടില്‍ ആദ്യ ഗോള്‍ പിറന്നു. മിലാന്‍ ഗോള്‍ക്കീപ്പര്‍ ദീദക്ക്‌ പറ്റിയ പിഴവില്‍ നിന്നും നായകന്‍ റൗളാണ്‌ ഗോളടിച്ചത്‌. റൗളിന്റെ ലോംഗ്‌ ഷോട്ട്‌ കുത്തിയകറ്റുന്നതില്‍ ദിദക്ക്‌ പിഴക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ഈ ഗോളിന്‌ ലീഡ്‌ ചെയ്‌ത റയലിന്‌ പക്ഷേ രണ്ടാം പകുതിയില്‍ ആകെ പിഴച്ചു. ഒന്നാം പകുതിയില്‍ ദീദക്ക്‌ പറ്റിയ പിഴവ്‌ രണ്ടാം പകുതിയില്‍ കാസിയാസ്‌ ആവര്‍ത്തിക്കുന്നതാണ്‌ കണ്ടത്‌. ആന്ദ്രെ പിര്‍ലോയുടെ അപകടരമല്ലാത്ത ഷോട്ട്‌ അനായാസമായി പിടിക്കാന്‍ അടുത്ത കാസിയാസിന്‌ പൂര്‍ണ്ണമായി പിഴച്ചു. 35 വാര അകലെ നിന്നുമുളള ഷോട്ടിന്‌ മുന്നില്‍ കാസിയാസിന്റെ കണക്ക്‌ക്കൂട്ടലാണ്‌ പിഴച്ചത്‌. പിന്നീട്‌ കണ്ടത്‌ അലക്‌സാണ്ടറോ പാറ്റോയുടെ മികവാണ്‌. മാസിമോ അംബ്രോസിനി തൊടുത്ത ലോംഗ്‌ ക്രോസിനെ റീഡ്‌ ചെയ്യുന്നതിലും കാസിയാസിന്‌ പിഴച്ചു. പന്ത്‌ ലഭിച്ച പാറ്റോക്ക്‌ ലീഡ്‌ നേടാന്‍ എളുപ്പമായി. പക്ഷേ റോയ്‌സ്‌റ്റണിലുടെ റയല്‍ സമനില നേടി. റൗളിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. മല്‍സരത്തിന്റെ അവസാന ഘട്ടത്തില്‍ ക്ലിയറന്‍സ്‌ സിഡ്രോഫ്‌ നല്‍കിയ ക്രോസ്‌ ഉപയോഗപ്പെടുത്തി പാറ്റോയാണ്‌ വിജയ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌.
ഗ്രൂപ്പ്‌ എയില്‍ നടന്ന മല്‍സരത്തില്‍ ബയേണിനെ തോല്‍പ്പിക്കാന്‍ ആക്രമണ ഫുട്‌ബോളാണ്‌ ബോറോഡോക്‌സ്‌ പുറത്തെടുത്തത്‌. ജോര്‍ജിയോ ചിലിനിയുടെ ഗോളിലാണ്‌ യുവന്തസ്‌ മക്കാബി ഹൈഫയെ തോല്‍പ്പിച്ചത്‌. ഗ്രൂപ്പ്‌ ബിയില്‍ ഏക ഗോളിന്റെ വിജയം മാഞ്ചസ്‌റ്ററിന്‌ സമ്മാനിച്ചത്‌ അന്റോണിയോ വലന്‍സിയയാണ്‌. ഡി ഗ്രൂപ്പില്‍ ചെല്‍സി അത്‌ലറ്റികോ മാഡ്രിഡിനെ ഇല്ലാതാക്കുകയായിരുന്നു. സലോമാന്‍ കാലു രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ ഫ്രാങ്ക്‌ ലംപാര്‍ഡും ലൂയിസ്‌ പെരയും വല ചലിപ്പിച്ചു.

സീമ നിരാശപ്പെടുത്തി
ചെന്നൈ: വനിതാ ഡിസ്‌ക്കസ്‌ ത്രോയിലെ ദേശീയ റെക്കോര്‍ഡുകാരി സീമാ ആന്റില്‍ വീണ്ടും നിരാശപ്പെടുത്തി. ഇവിടെ നടക്കുന്ന ദേശീയ സീനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ സീമക്ക്‌ ലഭിച്ചത്‌ നാലാം സ്ഥാനം. പഞ്ചാബിന്റെ ഹര്‍വീന്ദര്‍ കൗര്‍ 58.71 മീറ്ററെറിഞ്ഞ്‌ ഒന്നാം സ്ഥാനം നേടിയപ്പോള്‍ കൃഷ്‌ണ പുനിയ രണ്ടാം സ്ഥാനവും സരോജ്‌ സിഹാഗ്‌ മൂന്നാം സ്ഥാനവും സ്വന്തമാക്കി. പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ കെ.പി ബിമിന്‍ സ്വര്‍ണ്ണം നേടി. നിലവിലെ ജേതാവായ താര്‍ഖണ്ഡിന്റെ ഗജാനന്‍ ഉപാധ്യയെയാണ്‌ ബിമിന്‍ പിറകിലാക്കിയത്‌. കേരളത്തിന്റെ തന്നെ ബിനിഷ്‌ ജേക്കബിനാണ്‌ വെങ്കലം.
ശ്രീശാന്ത്‌ മുങ്ങി
കോഴിക്കോട്‌: രഞ്‌ജി ട്രോഫി ക്രിക്കറ്റിനുളള കേരളാ ടീമിന്റെ നായകന്‍ എസ്‌.ശ്രീശാന്ത്‌ ടീമിന്റെ കോച്ചിംഗ്‌ ക്യാമ്പില്‍ പങ്കെടുക്കാത്തത്‌ വിവാദമാവുന്നു. തലശ്ശേരിയില്‍ ക്യാമ്പ്‌ ആരംഭിച്ചിട്ട്‌ ദിവസങ്ങളായി. കോഴിക്കോട്‌ ഒരു വനിതാ കോളജിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വേളയില്‍ ക്യാമ്പ്‌ സന്ദര്‍ശിച്ച്‌ മടങ്ങിയ നായകന്‍ ഇപ്പോള്‍ ചെന്നൈയിലാണ്‌. കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്റെ അനുമതിയില്ലാതെ നായകന്‍ മുങ്ങിയത്‌. അടുത്ത മാസം മൂന്നിന്‌ ആന്ധ്രയുമായാണ്‌ കേരളത്തിന്റെ ആദ്യ മല്‍സരം ആരംഭിക്കുന്നത്‌.

യുവിയുടെ പിതാവിന്‌ തോല്‍വി
ചണ്ഡിഗര്‍: ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ്‌ സിംഗിന്റെ പിതാവ്‌ യോഗ്‌രാജ്‌ സിംഗിന്‌ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി. പഞ്ചഗുള സീറ്റില്‍ മല്‍സരിച്ച ക്രിക്കറ്റര്‍ കൂടിയായ യോഗ്‌രാജ്‌ കോണ്‍ഗ്രസ്സിലെ ദേവേന്ദര്‍ കുമാര്‍ ബന്‍സാലിനോടാണ്‌ പരാജയപ്പെട്ടത്‌. ഓം പ്രകാശ്‌ ചൗട്ടാലയുടെ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ ടിക്കറ്റില്‍ മല്‍സരിച്ച യോഗ്‌രാജ്‌ വോട്ടിംഗിന്റെ തുടക്കത്തില്‍ നാലാം സ്ഥാനത്തായിരുന്നു. പിതാവിന്‌ വേണ്ടി വോട്ട്‌ പിടിക്കാന്‍ യുവരാജ്‌ വന്നിരുന്നില്ല. പക്ഷേ പിതാവിന്റെ തെരഞ്ഞെടുപ്പ്‌ പോസ്‌റ്ററുകളില്‍ നിറയെ മകനുണ്ടായിരുന്നു.