Tuesday, October 13, 2009

THE LAST CHANCE...

രണ്ട്‌ ടിക്കറ്റിന്‌ തകര്‍പ്പന്‍ അങ്കങ്ങള്‍
ലണ്ടന്‍: ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ അവസാനിക്കുന്ന ഇന്ന്‌ യൂറോപ്പില്‍ നടക്കുന്നത്‌ 24 മല്‍സരങ്ങള്‍. ഇത്രയും മല്‍സരങ്ങളില്‍ നിന്നായി ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ നേരിട്ട്‌്‌ ലഭിക്കുന്നത്‌ രണ്ട്‌ ടീമുകള്‍ക്ക്‌, പ്ലേ ഓഫ്‌ ബെര്‍ത്ത്‌ നാല്‌ ടീമുകള്‍ക്ക്‌...... യൂറോപ്പിലെ രണ്ട്‌, മൂന്ന്‌ ഗ്രൂപ്പുകളിലെ ജേതാക്കള്‍ക്കാണ്‌ നേരിട്ട്‌ ബെര്‍ത്ത്‌. ബാക്കി ആറ്‌ ഗ്രൂപ്പിലെയും ജേതാക്കളായിട്ടുണ്ട്‌. ഇവര്‍ ടിക്കറ്റും സ്വന്തമാക്കിക്കഴിഞ്ഞു. ഡെന്മാര്‍ക്ക്‌ (ഗ്രൂപ്പ്‌-1), ജര്‍മനി (ഗ്രൂപ്പ്‌ -4), സ്‌പെയിന്‍ (ഗ്രൂപ്പ്‌-5), ഇംഗ്ലണ്ട്‌ (ഗ്രൂപ്പ്‌ -6), സെര്‍ബിയ (ഗ്രൂപ്പ്‌-7), ഇറ്റലി (ഗ്രൂപ്പ്‌-8) എന്നിവരാണ്‌ ഒന്നാമന്മാരായി ഇതിനകം യോഗ്യത നേടിയത്‌. ഗ്രൂപ്പ്‌ രണ്ടില്‍ സ്വിറ്റ്‌സര്‍ലാന്‍ഡും ഗ്രീസും തമ്മിലാണ്‌ ഒന്നാം സ്ഥാനത്തിനായി പോരാട്ടം. ടിക്കറ്റിന്‌ ഒരു സമനില മാത്രം ആവശ്യമായ സ്വിസുകാര്‍ ഇന്ന്‌ സ്വന്തം മൈതാനത്ത്‌ ഇസ്രാഈലിനെയും ഗ്രിസ്‌ ലക്‌സംബര്‍ഗ്ഗിനെയുമാണ്‌ നേരിടുന്നത്‌. വിജയിക്കുന്നവര്‍ക്ക്‌ ഗ്രൂപ്പ്‌ ജേതാക്കളാവാം. ഗ്രൂപ്പ്‌ മൂന്നില്‍ സ്ലോവാക്യയും, സ്ലോവേനിയയുമാണ്‌ ടിക്കറ്റിനായി രംഗത്ത്‌. രണ്ട്‌ പേര്‍ക്കും ഇന്ന്‌ എവേ മല്‍സരങ്ങളാണ്‌. സ്ലോവേനിയ സാന്‍ മറീനോയയും സ്ലോവാക്യ പോളണ്ടിനെയുമാണ്‌ എതിരിടുന്നത്‌. ഇന്നത്തെ വിജയികള്‍ക്കാണ്‌ ഗ്രൂപ്പില്‍ സാധ്യത.
പ്ലേ ഓഫ്‌ ടിക്കറ്റ്‌ നാല്‌ പേര്‍ക്ക്‌ ലഭിക്കും. സ്വന്തം ഗ്രൂപ്പിലെ ഏറ്റവും മികച്ച രണ്ടാം സ്ഥാനക്കാരായി റഷ്യ (ഗ്രൂപ്പ്‌-4), ബോസ്‌നിയ ഹെര്‍സഗോവീന (ഗ്രൂപ്പ്‌ -5), ഫ്രാന്‍സ്‌ (ഗ്രൂപ്പ്‌ -78), റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌ (ഗ്രൂപ്പ്‌-8) എന്നിവര്‍ ഇതിനകം പ്ലേ ഓഫ്‌ ടിക്കറ്റ്‌ ഉറപ്പാക്കിയിട്ടുണ്ട്‌. ബാക്കി നാല്‌ ഗ്രൂപ്പിലെ ഏറ്റവും മികച്ച രണ്ടാം സ്ഥാനക്കാര്‍ ആരെല്ലാമാണ്‌ എന്ന്‌ ഇന്നറിയാം. ഗ്രൂപ്പ്‌ ഒന്നില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനാണ്‌ സാധ്യത. ഇന്നത്തെ ഹോം മല്‍സരത്തില്‍ മാള്‍ട്ടയെ തോല്‍പ്പിച്ചാല്‍ പോര്‍ച്ചുഗലിന്‌ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം ഉറപ്പാണ്‌. ഗ്രൂപ്പ്‌ രണ്ടില്‍ പ്രശ്‌നങ്ങളുണ്ട്‌. സ്വിസ്‌, ഇസ്രാഈല്‍, ഗ്രീസ്‌ എന്നിവര്‍ രംഗത്തുണ്ട്‌. മൂന്നിലെ പ്ലേ ഓഫ്‌ ടിക്കറ്റിന്റെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്‌. സ്ലോവാക്യ, സ്ലോവേനിയ, ചെക്‌ റിപ്പബ്ലിക്‌, ഉത്തര അയര്‍ലാന്‍ഡ്‌ തുടങ്ങിയവര്‍ക്കെല്ലാം സാധ്യതയുണ്ട്‌.
ഗ്രൂപ്പ്‌ ഒന്നില്‍ ഇന്ന്‌ മാള്‍ട്ടയെ നേരിടുന്ന പോര്‍ച്ചുഗല്‍ സംഘത്തില്‍ റൊണാള്‍ഡോ പരുക്ക്‌ കാരണം കളിക്കുന്നില്ല. പക്ഷേ പ്രതിയോഗികള്‍ ദുര്‍ബലരായതിനാല്‍ കാര്‍ലോസ്‌ ക്വിറസിന്റെ സംഘത്തിന്‌ തലവേദനയില്ല. ഇത്‌ വരെ ഒരു കളിയും ജയിക്കാത്തവരാണ്‌ മാള്‍ട്ട. 22 ഗോളും വാങ്ങിയിട്ടുണ്ട്‌. ഇതേ ഗ്രൂപ്പില്‍ കളിക്കുന്ന സ്വീഡന്‍ പോര്‍ച്ചുഗലിന്റെ തോല്‍വിയാണ്‌ കൊതിക്കുന്നത്‌. കഴിഞ്ഞ മല്‍സരത്തില്‍ ഡെന്മാര്‍ക്കിനോട്‌ തോറ്റതോടെ സ്വീഡന്റെ വഴി അടഞ്ഞിട്ടുണ്ട്‌. ഇന്ന്‌ അവസാന മല്‍സരത്തില്‍ അല്‍ബേനിയയെ തോല്‍പ്പിച്ചാല്‍ അവര്‍ പിന്നെ മറ്റ്‌ മല്‍സരങ്ങള്‍ക്കായി കാത്തുനില്‍ക്കണം.
ഗ്രൂപ്പ്‌ രണ്ടില്‍ ഇസ്രാഈലിനെതിരെ സ്വിറ്റ്‌സര്‍ലാന്‍ഡിന്‌ ഒരു സമനില മാത്രം മതി. പക്ഷേ ഇസ്രാഈല്‍ നമല്ല ഫോമിലാണ്‌. അവര്‍ക്ക്‌ ജയിച്ചാല്‍ മാത്രമാണ്‌ പ്ലേ ഓഫ്‌ സാധ്യത. അതിനാല്‍ ബേസിലില്‍ നടക്കുന്ന മല്‍സരത്തില്‍ തീപ്പാറും. ഇതേ ഗ്രൂപ്പില്‍ കളിക്കുന്ന തുര്‍ക്കിയും വലിയ പ്രതീക്ഷയിലാണ്‌. അവരുടെ പ്രതിയോഗികള്‍ ലക്‌സംബര്‍ഗ്ഗാണ്‌. ഗ്രൂപ്പ്‌ മൂന്നില്‍ പ്ലേ ഓഫിന്‌ നാല്‌ പേര്‍ക്കാണ്‌ തുല്യ സാധ്യത., സ്ലോവാക്യ, സ്ലോവേനിയ, ഉത്തര അയര്‍ലാന്‍ഡ്‌, ചെക്‌ റിപ്പബ്ലിക്‌ എന്നിവര്‍ പ്രതീക്ഷകളിലാണ്‌. ഗ്രൂപ്പിലെ ജേതാക്കളെയും നിശ്ചയിക്കപ്പട്ടിട്ടില്ലാത്തതിനാല്‍ കാര്യങ്ങള്‍ കുഴഞ്ഞ്‌ മറിഞ്ഞ്‌ കിടപ്പാണ്‌. ഗ്രൂപ്പ്‌ ആറില്‍ ഉക്രൈന്‌ ഇന്ന്‌ അന്‍ഡോറയെ തോല്‍പ്പിച്ചാല്‍ മാത്രം മതി.

കോസ്‌റ്റാറിക്ക വരുമോ
ന്യൂയോര്‍ക്ക്‌: കോസ്‌റ്റാറിക്കയോ അതോ ഹോണ്ടുറാസോ...? കോണ്‍കാകാഫില്‍ നിന്നും ലോകകപ്പ്‌ ടിക്കറ്റ്‌ സ്വന്തമാക്കുന്ന മൂന്നാമത്തെ ടീം ആരാണെന്ന്‌ ഇന്നറിയാം. അമേരിക്കയും (19), മെക്‌സിക്കോയും (18) ടിക്കറ്റ്‌ സ്വന്തമാക്കിയതിനാല്‍ ഇനി മേഖലയില്‍ നിന്നും ഒരു ബെര്‍ത്ത്‌ മാത്രമാണ്‌ ശേഷിക്കുന്നത്‌. നിലവില്‍ കോസ്‌റ്റാറിക്ക 15 പോയന്റുമായി മൂന്നാമതും 13 പോയന്റുമായി ഹോണ്ടുറാസ്‌ നാലാമതുമാണ്‌. ഇന്ന്‌ ഹോണ്ടുറാസിന്റെ എതിരാളികള്‍ പുറത്താക്കപ്പെട്ട എല്‍സാവഡോറാണ്‌. കോസ്‌റ്റാറിക്കയാവട്ടെ ശക്തരായ അമേരിക്കയുമായാണ്‌ കളിക്കുന്നത്‌. ഹോണ്ടുറാസിന്‌ ജയിച്ചാല്‍ ടിക്കറ്റ്‌ എറെക്കുറെ ഉറപ്പാണ്‌. ഹോണ്ടുറാസ്‌ ജയിക്കുകയും കോസ്‌റ്റാറിക്ക സമനില നേടുകയും ചെയ്‌താല്‍ ഇരുവരും പോയന്റ്‌്‌ നിലയില്‍ ഒപ്പം വരും. അപ്പോള്‍ ഗോള്‍ ശരാശരി മാനദണ്‌ഠമാവും. അങ്ങനെയാണെങ്കില്‍ ഹോണ്ടുറാസ്‌ കയറും. കോസ്‌റ്റാറിക്ക നാലാമതാവും. ലാറ്റിനമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരായിരിക്കും പ്ലേ ഓഫ്‌ എതിരാളികള്‍. അത്‌ ചിലപ്പോള്‍ അര്‍ജന്റീനയാവാം, ഉറുഗ്വേയാവാം, അല്ലെങ്കില്‍ ഇക്വഡോറാവാം....

പ്ലീസ്‌.... മെസി
മോണ്ടിവീഡിയോ (ഉറുഗ്വേ): ലോകം കാത്തിരിക്കുകയാണ്‌..... കടന്നുകയറുമോ അര്‍ജന്റീന..? ഗോളടിക്കുമോ ലയണല്‍ മെസി...? മറഡോണയുടെ സംഘത്തിന്റെ വിധി നാളെ പുലര്‍ച്ചെയോടെയറിയാം......! കഴിഞ്ഞ രണ്ട്‌ ലോകകപ്പിലും പ്ലേ ഓഫ്‌ വഴിയില്‍ ഫൈനല്‍ റൗണ്ട്‌ കളിച്ച ഉറുഗ്വേയാണ്‌ പ്രതിയോഗികള്‍. രണ്ട്‌ ടീമുകളും തമ്മിലുള്ള അകലം ഒരു പോയന്റില്‍ മാത്രമാണ്‌. ഇന്നത്തെ മല്‍സരത്തില്‍ ജയിക്കുന്നവര്‍ക്ക്‌ ഗ്രൂപ്പില്‍ നാലാം സ്ഥാനവും അത്‌ വഴി നേര്‍ വഴിക്കുളള ടിക്കറ്റും സ്വന്തമാക്കാം.
ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 3-30 ന്‌ നടക്കുന്ന മല്‍സരത്തില്‍ വ്യക്തമായ സാധ്യതകള്‍ തന്റെ ടീമിനാണെന്ന്‌ ഉറുഗ്വേ കോച്ച്‌ ഓസ്‌കാര്‍ ടബറസ്‌ അവകാശപ്പെടുമ്പോള്‍ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനമ്പില്‍ ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ മറഡോണ. ദുര്‍ബലരായ പെറുവിനെതിരായ മല്‍സരത്തില്‍ തട്ടിമുട്ടി മുന്നേറിയ അര്‍ജന്റീനയുടെ സൂപ്പര്‍ സംഘം ഇത്‌ വരെ പതിവ്‌ ഫോമിലേക്ക്‌ വന്നിട്ടില്ല. ടീമിനെ എന്നും തുണച്ചിട്ടുളള റിവര്‍പ്ലേറ്റ്‌ മൈതാനത്ത്‌ പെറുവിനെ തോല്‍പ്പിക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നിരുന്നു അര്‍ജന്റീന. വെറ്ററന്‍ താരം മാര്‍ട്ടിന്‍ പലെര്‍മോ നേടിയ ഭാഗ്യ ഗോളില്‍ രക്ഷപ്പെട്ട ടീമിന്റെ പ്രശ്‌നം പലതാണ്‌. ഒരു രാജ്യാന്തര മല്‍സരത്തില്‍ മൂന്ന്‌ പെനാല്‍ട്ടി കിക്കുകള്‍ പാഴാക്കിയ ചരിത്രമുള്ള പലെര്‍മോയെ മറഡോണ അഭയം തേടിയത്‌ ലയണല്‍ മെസി ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയത്‌ കൊണ്ടാണ്‌. പെറുവിനെതിരെ സബ്‌സ്റ്റിറ്റിയൂട്ട്‌ ബെഞ്ചില്‍ നിന്നുമിറങ്ങിയ പലെര്‍മോക്ക്‌ ഇന്നും ആദ്യ ഇലവനില്‍ സ്ഥാനമുണ്ടാവില്ല. മുന്‍നിരയില്‍ മെസിക്കൊപ്പം ഗോണ്‍സാലോ ഹിഗ്വിനാണ്‌ കളിക്കുക. ഈ സഖ്യത്തിന്‌ അപകടകാരികളാവാന്‍ കഴിയുന്നില്ല. കാര്‍ലോസ്‌ ടെവസിനെ പുറത്തിരിത്തിയുള്ള പരീക്ഷണം മറഡോണ തുടരുമോ എന്ന്‌ കണ്ടറിയുകയും വേണം. സസ്‌പെന്‍ഷന്‍ കാരണം കഴിഞ്ഞ മല്‍സരത്തില്‍ കളിക്കാന്‍ കഴിയാതിരുന്ന മധ്യനിരക്കാരന്‍ ജുവാന്‍ സെബാസ്‌റ്റിയന്‍ വെറോണ്‍ ഇന്ന്‌ കളിക്കുന്നത്‌ ടീമിന്‌ ആശ്വാസമാണ്‌. മെസി ഇന്ന്‌ പ്രതീക്ഷ കാക്കുമെന്നാണ്‌ അര്‍ജന്റീനയും ലോകവുമെല്ലാം കരുതുന്നത്‌.
ആല്‍ഫിയോ ബാസില്‍ എന്ന മുന്‍ കോച്ചിന്‌ കീഴില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയ മെസിക്ക്‌ മറഡോണക്ക്‌ കീഴില്‍ ഇത്‌ വരെ ക്ലിക്‌ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. യോഗ്യതാ റൗണ്ടില്‍ ബാസിലിന്റെ അര്‍ജന്റീന ശരാശരിക്കാരായിരുന്നു. ഗ്രൂപ്പില്‍ ടീം മൂന്നാം സ്ഥാനത്തേക്ക്‌ വന്നപ്പോഴാണ്‌ അദ്ദേഹത്തെ പുറത്താക്കിയത്‌. പത്ത്‌ യോഗ്യതാ മല്‍സരങ്ങളാണ്‌ ബാസിലിന്‌ കീഴില്‍ അര്‍ജന്റീന കളിച്ചത്‌. അദ്ദേഹം പുറത്താക്കപ്പെടുമ്പോള്‍ അര്‍ജന്റീനയും ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായിരുന്ന പരാഗ്വേയും തമ്മിലുളള അകലം ഏഴ്‌ പോയന്റായിരുന്നു. പകരം വന്ന മറഡോണയുടെ കീഴിലാവട്ടെ ടീം തകരുന്ന കാഴ്‌ച്ചയാണ്‌ കണ്ടത്‌. ബൊളിവിയയോട്‌ ആറ്‌ ഗോളുകളാണ്‌ ടീം വാങ്ങിയത്‌. തുടര്‍ച്ചയായ തോല്‍വികളില്‍ ടീം ഇല്ലാതായപ്പോള്‍ പ്രതിക്കൂട്ടില്‍ മറഡോണ മാത്രമായിരുന്നു. ഇത്‌ വരെ മെസിയോ, ടെവസോ ആക്രമിക്കപ്പെട്ടിരുന്നില്ല. നിരാശാജനകമായിരുന്നു ഇത്‌ വരെ മെസിയുടെ പ്രകടനം. ഇന്നത്തെ അവസന നിര്‍ണ്ണായക അങ്കത്തില്‍ രാജ്യത്തിന്‌ വേണ്ടി ഒരു ഗോളടിക്കാന്‍ അദ്ദേഹത്തിനായാല്‍ അത്‌ വലിയ നേട്ടമായിരിക്കും. കാരണം മറുഭാഗത്ത്‌ കളിക്കുന്ന ഉറുഗ്വേ സംഘത്തില്‍ ശക്തനായ ഒരു ഗോള്‍വേട്ടക്കാരനുണ്ട്‌- ഡിയാഗോ ഫോര്‍ലാന്‍.
വന്‍കരയില്‍ ഇന്ന്‌ നാല്‌ മല്‍സരങ്ങള്‍ കൂടി നടക്കുന്നുണ്ട്‌. യോഗ്യത നേടിയവരായ ബ്രസീല്‍ സ്വന്തം മൈതാനത്ത്‌ വെനിസ്വേലയെ നേരിടുന്നത്‌ കഴിഞ്ഞ മല്‍സരത്തിലെ തോല്‍വി മറക്കാനാണെങ്കില്‍ പരാഗ്വേ-കൊളംബിയ മല്‍സരത്തിനു കാര്യമായ പ്രസക്തിയില്ല. യോഗ്യത നേടിയ മറ്റൊരു ടീമായ ചിലി ഇക്വഡോറുമായാണ്‌ കളിക്കുന്നത്‌. ഇക്വഡോറിന്‌ നേരിയ സാധ്യതയുളളതിനാല്‍ അവര്‍ക്ക്‌ മല്‍സരം നിര്‍ണ്ണായകമാണ്‌. വലിയ മാര്‍ജിനില്‍ അവര്‍ വിജയിച്ചാല്‍ അര്‍ജന്റീന-ഉറുഗ്വേ മല്‍സരഫലത്തെ ആശ്രയിച്ചിരിക്കും അവരുടെ വഴി. പുറത്ത്‌ പോയ ബൊളിവിയയും പെറുവും തമ്മിലുള്ള മല്‍സരത്തിന്‌ പ്രസക്തിയില്ല. ഒത്തുകളി ഒഴിവാക്കാന്‍ ഇന്ന്‌ എല്ലാ മല്‍സരങ്ങളും ഒരേ സമയത്താണ്‌.
ഗള്‍ഫഇല്‍ തല്‍സമയം
കോഴിക്കോട്‌: ഫുട്‌ബോള്‍ ലോകത്തെ ആകാംക്ഷയുടെ കുന്തമുനയില്‍ നിര്‍ത്തി ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക്‌ വീണ്ടും നിരാശ. അര്‍ജന്റീനയുടെ മല്‍സരത്തിന്‌ കാതോര്‍ക്കുന്നവര്‍ക്ക്‌ മുന്നില്‍ ഒരു ചാനലും വാതില്‍ തുറന്നിട്ടില്ല. ഇന്ത്യയിലെ ഒരു ചാനലിലും മല്‍സരം തല്‍സമയമില്ല. എന്നാല്‍ ഗള്‍ഫില്‍ സ്‌കൈ സ്‌പോര്‍ട്‌സ്‌ വഴി തല്‍സമയം മല്‍സരം കാണാം. ചില ഇന്ത്യന്‍ ചാനലുകള്‍ ഇത്‌ നിയമവിരുദ്ധമായി കോപ്പിയടിച്ച്‌ കാണിക്കുന്നുണ്ട്‌. ഇന്ത്യന്‍ സമയം വ്യാഴം പുലര്‍ച്ചെ 3-30 നാണ്‌ അര്‍ജന്റീനയുടെ കളി. മല്‍സരത്തിന്റെ തല്‍സമയ റിപ്പോര്‍ട്ട്‌ ഫിഫയുടെ വെബ്‌ സൈറ്റില്‍ ലഭ്യമാണ്‌. ഫിഫ ഡോട്ട്‌ കോമില്‍ പ്രവേശിച്ചാല്‍ ഫുട്‌ബോള്‍ ലൈവ്‌ കമന്ററി എന്ന ഓപ്‌ഷനില്‍ ക്ലിക്‌ ചെയ്‌താല്‍ മതി. ഏത്‌ വന്‍കരയിലെയും മല്‍സരത്തിന്റെ തല്‍സമയ റിപ്പോര്‍ട്ട്‌ ലഭിക്കും.
ബഹറൈന്‍ സമ്മര്‍ദ്ദത്തില്‍
വെല്ലിംഗ്‌ടണ്‍: സ്വന്തം മൈതാനത്ത്‌ ലഭിച്ച സുവര്‍ണ്ണാവസരം പാഴാക്കിയ ബഹറൈന്‍ ലോകകപ്പ്‌ പ്ലേ ഓഫിന്റെ രണ്ടാം പാദത്തിലിന്ന്‌ ന്യൂസിലാന്‍ഡുമായി അവരുടെ മൈതാനത്ത്‌ കളിക്കുന്നു. മനാമയില്‍ മൂന്ന്‌ ദിവസം മുമ്പ്‌ നടന്ന ആദ്യപാദം ഗോള്‍ രഹിത സമനിലയിലായിരുന്നു. ഇന്ന്‌ പ്രതീകൂലമായ കാലാവസ്ഥയിലാണ്‌ ബഹറൈന്‍ കളിക്കുന്നത്‌. ന്യൂസിലാന്‍ഡിനാണ്‌ വ്യക്തമായ സാധ്യത. ഇന്നും മല്‍സരം സമനിലയില്‍ അവസാനിച്ചാല്‍ ഷൂട്ടൗട്ട്‌ വിജയിയെ നിശ്ചയിക്കും. അതേ സമയം ഒരു ഗോളടിച്ചാണ്‌ സമനിലയെങ്കില്‍ എവേ ഗോള്‍ നിയമത്തില്‍ ബഹറൈന്‍ കയറും.
ആഫ്രിക്കയിലും പോരാട്ടം കനക്കും
കെയ്‌റോ: ഘാനയും ഐവറി കോസ്‌റ്റും കാമറൂണും ടിക്കറ്റ്‌ ഉറപ്പാക്കിയ ആഫ്രിക്കയില്‍ ഇന്ന്‌ അവസാന റൗണ്ടിലെ പത്ത്‌ പോരാട്ടങ്ങള്‍. ഇന്ന്‌ നടക്കുന്ന മല്‍സരങ്ങളില്‍ നിര്‍ണ്ണായകം ഈജിപ്‌ത്‌-അള്‍ജിരിയ അങ്കമാണ്‌. ഗ്രൂപ്പില്‍ അള്‍ജിരിയ 13 പോയന്റുമായി മുന്നില്‍ നില്‍ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ഈജിപ്‌തിന്‌ 10 പോയന്റുണ്ട്‌. ഇന്നത്തെ മല്‍സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ ഈജിപ്‌തിന്‌ കയറാം. അല്ലാത്തപക്ഷം അള്‍ജിരിയക്ക്‌ ടിക്കറ്റ്‌ ലഭിക്കും. നൈജീരിയ അപകട കടമ്പയിലാണ്‌. ഇന്നതെ പ്രതിയോഗികള്‍ കെനിയ. പക്ഷേ ഗ്രൂപ്പില്‍ ടൂണീഷ്യയാണ്‌ മുന്നില്‍.

No comments: