Saturday, October 31, 2009

NO BHOOTIA

ബൂട്ടിയ ഇല്ല
കോഴിക്കോട്‌: പ്രശ്‌നങ്ങളുടെ പാളയത്തില്‍ നിന്നും ഈസ്റ്റ്‌ ബംഗാള്‍ എത്തിയിരിക്കുന്നത്‌ ഇന്ത്യന്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയ, വിദേശ കോച്ച്‌ ഫിലിപ്പ്‌ റൈഡര്‍ എന്നിവരെ കൂടാതെ. കാലിലെ പരുക്ക്‌ ഭേദമാവാത്തതിനാല്‍ ബൂട്ടിയ കൊല്‍ക്കത്തയില്‍ തന്നെ തങ്ങുമ്പോള്‍ റൈഡര്‍ പത്ത്‌ ദിവസത്തിനകം മാത്രമേ പരിശീലക സ്ഥാനം ഏറ്റെടുക്കുകയുള്ളു. രണ്ട്‌ പ്രധാനികള്‍ ഇല്ലാത്ത ടീമിന്റെ നായകന്‍ ഇന്ത്യന്‍ താരം സയ്യദ്‌ റഹീം നബിയാണ്‌. പരിശീലകനായി മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ തുഷാര്‍ രക്ഷിതും. രണ്ട്‌ പേര്‍ക്കും വിവയെ നേരിടാനുളള മാനസിക കരുത്തില്ല.
അഞ്ച്‌ മല്‍സരങ്ങളില്‍ നിന്ന്‌ മൂന്ന്‌ പോയന്റ്‌ മാത്രം സമ്പാദ്യമുള്ള ഈസ്റ്റ്‌ ബംഗാള്‍ ടേബിളിലപ്പോള്‍ പന്ത്രണ്ടാം സ്ഥാനത്താണ്‌. തട്ടിമുട്ടിയുള്ള മൂന്ന്‌ സമനിലകളിലാണ്‌ മൂന്ന്‌ പോയന്റ്‌ ലഭിച്ചിരിക്കുന്നത്‌. ഇത്‌ വരെ ഒരു മല്‍സരം പോലും ജയിക്കാത്ത ടീമിനെ തേടി രണ്ട്‌ കൂറ്റന്‍ പരാജയങ്ങളുമെത്തിയിരുന്നു.
സീസണ്‍ തുടങ്ങിയത്‌ മുതല്‍ തോല്‍വികളുടെയും വിവാദങ്ങളുടെയും ലോകത്തായിരുന്ന ഈസ്‌റ്റ്‌ ബംഗാളിന്‌ ആകെ കിട്ടിയ നേട്ടമായിരുന്നു ബൂട്ടിയ. മോഹന്‍ ബഗാനില്‍ നിന്നും തെറ്റിപിരിഞ്ഞെത്തിയ ബൂട്ടിയയെ ഈസ്റ്റ്‌ ബംഗാളുകാര്‍ രണ്ട്‌ കൈയ്യും നീട്ടി സ്വീകരിച്ചെങ്കിലും പരുക്കില്‍ തളര്‍ന്ന ഇന്ത്യന്‍ നായകന്‌ ഐ ലീഗില്‍ രണ്ട്‌ മല്‍സരങ്ങള്‍ മാത്രമാണ്‌ കളിക്കാനായത്‌. ഒന്നിലും സ്‌ക്കോര്‍ ചെയ്യാനും കഴിഞ്ഞില്ല. കണങ്കാലിലെ പരുക്കില്‍ അടുത്ത രണ്ട്‌ മല്‍സരങ്ങള്‍ കൂടി ബൂട്ടിയക്ക്‌ നഷ്‌ടമാവാനാണ്‌ സാധ്യതകള്‍. കാലിലെ വേദന കാരണം ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ബാറ്റണ്‍ കൈമാറ്റ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടിട്ടും അദ്ദേഹത്തിന്‌ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
പരിശീലകനായി നിയോഗിതനായ ബെല്‍ജിയം സ്വദേശി ഫിലിപ്പ്‌ റൈഡര്‍ ഈ മാസം പത്തിനാണ്‌ ചുമതലയേല്‍ക്കുന്നത്‌. അത്‌ വരെ സുഭാഷ്‌ ഭൗമിക്കിന്റെ അസിസ്‌റ്റന്‍ഡായ തുഷാര്‍ രക്ഷിതിനാണ്‌ ചുമതല. റൈഡറും ബൂട്ടിയയും ഒരുമിക്കുമ്പോള്‍ ടീമിന്‌ ഉയരങ്ങളിലെത്താനാവുമെന്ന പ്രതീക്ഷ പുലര്‍ത്തിയ തുഷാര്‍ രക്ഷിത്‌ വിവ കേരളയെ അവരുടെ മൈതാനത്ത്‌ തളക്കുക എളുപ്പമുളള ജോലിയല്ല എന്ന സത്യവും അംഗീകരിക്കുന്നു.
വിദേശ താരങ്ങള്‍ നിലവാരത്തിനൊത്തുയരാത്തതാണ്‌ ടീമിന്റെ പ്രശ്‌നമായി നായകന്‍ നബി ചൂണ്ടിക്കാട്ടുന്നത്‌. അനുഭവസമ്പന്നനായ യൂസഫ്‌ യാക്കുബിനൊപ്പം ഓസ്‌ട്രേലിയയില്‍ നിന്നും മിഥോവിച്ച്‌, ഘാനയില്‍ നിന്ന്‌ ഹാരല്‍ ഹാന്നന്‍ എന്നിവരെല്ലാമുണ്ട്‌. പക്ഷേ ടീമെന്ന നിലയില്‍ ഒരുമിച്ച്‌ പൊരുതാന്‍ ഇവര്‍ക്കാവുന്നില്ല. യാക്കൂബ്‌ കൊല്‍ക്കത്താ സാള്‍ട്ട്‌ലെക്കില്‍ നടന്ന പോരാട്ടത്തില്‍ മോഹന്‍ ബഗാനെതിരെ രണ്ട്‌ തകര്‍പ്പന്‍ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം സാല്‍ഗോക്കറിനെതിരായ മല്‍സരത്തില്‍ മങ്ങി. കാലില്‍ പന്ത്‌ കിട്ടിയാല്‍ മാന്ത്രികനാവുന്ന യാക്കൂബ്‌ തിളങ്ങിയാല്‍ വിവയെ നിയന്ത്രിക്കാമെന്ന്‌ നബി കരുതുന്നു.
സീസണിന്റെ തുടക്കത്തില്‍ തന്നെ ഡ്യൂറാന്‍ഡ്‌ കപ്പിലും ഐ.എഫ്‌.എ ഷീല്‍ഡിലും തകര്‍ന്ന ഈസ്റ്റ്‌ ബംഗാളിന്‌ ഐ ലീഗിലെ ആദ്യ മല്‍സരം കന്നിക്കാരായ പൂനെ എഫ്‌.സിയുമായിട്ടായിരുന്നു. ബഗാനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ബൂട്ടിയയെ ലഭിച്ച സമയത്തായിരുന്നു പൂനെ എഫ്‌.സിയുമായുള്ള മല്‍സരം. പക്ഷേ ആ കളിയില്‍ ടീം ഗോളടിക്കാന്‍ മറന്നു. രണ്ടാം മല്‍സരത്തില്‍ മഹീന്ദ്രയോട്‌ 3-2 ന്‌ പരാജയപ്പെട്ടു. മൂന്നാം മല്‍സരം സ്വന്തം മൈതാനമായ സാള്‍ട്ട്‌ലെക്കില്‍ നടന്നിട്ടും ജെ.സി.ടിക്ക്‌ മുന്നില്‍ വിറച്ചു. നാലാം മല്‍സരത്തില്‍ ബദ്ധവൈരികളായ മോഹന്‍ ബഗാനോടായിരുന്നു വലിയ പരാജയം. അഞ്ച്‌ ഗോളുകളാണ്‌ ആ മല്‍സരത്തില്‍ നബിയുടെ ടീം വാങ്ങിയത്‌. മൂന്ന്‌ ഗോളുകള്‍ ടീം അടിച്ചെങ്കിലും ആ മല്‍സരത്തോടെ പരിശീലക സ്ഥാനത്ത്‌ നിന്ന്‌ സുഭാഷ്‌ ഭൗമിക്‌ തെറിച്ചു. തുഷാര്‍ രക്ഷിതിന്‌ കീഴില്‍ ഗോവയില്‍ സാല്‍ഗോക്കറുമായി കളിച്ചപ്പോഴും സമനിലയായിരുന്നു.
സമനിലകള്‍ ടീമിനെ തളര്‍ത്തുന്നതായി ക്യാപ്‌റ്റന്‍ സമ്മതിച്ചു. പൂര്‍ണ്ണ കരുത്തില്‍ ഇത്‌ വരെ കളിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ സംശയമില്ലെന്ന്‌ സമ്മതിക്കുമ്പോഴും ഈസ്‌റ്റ്‌ ബംഗാളിനെ പോലെ ഒരു ടീം തപ്പിതടയുന്നതില്‍ നിരാശയുണ്ടെന്ന്‌ പറഞ്ഞ ബംഗാളുകാരന്‍ വിവ ശക്തരായ പ്രതിയോഗികളാണെന്നും സമ്മതിച്ചു. ഗോവയില്‍ നിന്നുമെത്തിയ ടീമിനെ സംഘാടക സമിതിക്ക്‌ വേണ്ടി സി.ജെ റോബിനും കൃഷ്‌ണകുമാറും സ്വീകരിച്ചു. ടീം ഇന്ന്‌ വൈകീട്ട്‌ മൈതാനത്ത്‌ പരിശീലനം നടത്തും. നാളെ വൈകീട്ട്‌ 6-30 നാണ്‌ മല്‍സരം. ടിക്കറ്റുകള്‍ അന്ന്‌ രാവിലെ പത്ത്‌ മുതല്‍ കെ.ഡി.എഫ്‌.എ കൗണ്ടറില്‍ നിന്നും ലഭിക്കും.
മഹീന്ദ്ര തളര്‍ന്നു
മുംബൈ: ഐ ലീഗ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സ്വന്തം മൈതാനമായിട്ടും ജെ.സി.ടി മില്‍സിനെതിരെ മഹീന്ദ്ര യുനൈറ്റഡ്‌ ഗോളടിക്കാന്‍ മറന്നു. കൂപ്പറേജില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ കോച്ചായി തെരഞ്ഞെടുക്കപ്പെട്ട ജെ.സി.ടി പരിശീലകന്‍ സുഖ്‌വീന്ദര്‍ സിംഗ്‌ പടിയിറങ്ങും മുമ്പ്‌ സ്വന്തം ക്ലബിന്‌ ഒരു വിജയം സമ്മാനിക്കാന്‍ സമര്‍ത്ഥമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പക്ഷേ ഫലവത്തായില്ല. ഇരു പകുതികളിലായി ആറോളം സുവര്‍ണ്ണാവസരങ്ങള്‍ പാഴാക്കിയ മഹിന്ദ്രക്കായി മൈതാനം നിറഞ്ഞ്‌ കളിച്ച സുബൈര്‍ അലിയാണ്‌ കളിയിലെ കേമന്‍.
ടീമിന്റെ പ്രകടനത്തില്‍ കോച്ച്‌ ഡേവിഡ്‌ ബൂത്ത്‌ നിരാശനാണ്‌. ജയിച്ചിരുന്നെങ്കില്‍ ഡെംപോ, ചിരാഗ്‌ എന്നിവരെ പിറകിലാക്കി ടേബിളില്‍ ഒന്നാം സ്ഥാനത്ത്‌ എത്താന്‍ ടീമിന്‌്‌ കഴിയുമായിരുന്നു. ആറ്‌ കളികളില്‍ നിന്നായി ഇപ്പോള്‍ പത്ത്‌ പോയന്റാണ്‌ ടീമിന്റെ സമ്പാദ്യം. ഇന്നലെ സുബൈര്‍ അലി, ഡിഫന്‍ഡര്‍മാരായ ഡെന്‍സില്‍ ഫ്രാങ്കോ, ഡി.രവണന്‍ എന്നിവരുടെ സേവനം ടീമിന്‌ ലഭിച്ചിരുന്നു. അവസാന മല്‍സരത്തില്‍ സസ്‌പെന്‍ഷന്‍ കാരണം ഇവര്‍ക്ക്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. സുബൈര്‍ പൊരുതി നിന്നിട്ടും വേണ്ട പിന്തുണ മധ്യനിരക്കാരില്‍ നിന്നും ലഭിച്ചില്ല. ഈ സീസണില്‍ ജെ.സി.ടിക്കായി കരുത്ത്‌ പ്രകടിപ്പിക്കുന്ന ബാല്‍ജിംത്‌ സിംഗ്‌ സാഹ്നിക്ക്‌ ഇന്നലെ മോശം ദിനമായതും മഹീന്ദ്രയുടെ ഭാഗ്യമായി. ആറ്‌ കളികളില്‍ നിന്ന്‌ ആറ്‌ ഗോളുകളാണ്‌ ഇതിനകം സാഹ്‌നി സ്‌ക്കോര്‍ ചെയ്‌തത്‌.
ഐ ലീഗില്‍ ഇന്ന്‌ രണ്ട്‌ മല്‍സരങ്ങള്‍
എയര്‍ ഇന്ത്യ-ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌
പൂനെ എഫ്‌.സി-ഡെംപോ ഗോവ

ടോപ്‌ ഗണ്ണേഴ്‌സ്‌
ലണ്ടന്‍: ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ ടോട്ടനെതിരെ ആഴ്‌സനല്‍ നടത്തിയത്‌. തുടക്കത്തില്‍ തുല്യതയിലായ മല്‍സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിലാണ്‌ ആഴ്‌സനല്‍ അരങ്ങ്‌ തകര്‍ത്തത്‌. ഇടവേളക്ക്‌ ഒരു മിനുട്ട്‌ ശേഷിക്കുമ്പോഴായിരുന്നു ആദ്യ ഗോള്‍. റോബിന്‍ വാന്‍ പര്‍സിയുടെ മുന്നേറ്റത്തില്‍ നിന്നും വലയുടെ ഇടത്‌ മൂലയില്‍ പന്തെത്തി. സെക്കന്‍ഡുകള്‍ക്കകം തികച്ചും അപ്രതിക്ഷിതമായി ഗണ്ണേഴ്‌സ്‌ രണ്ടാം ഗോളും നേടി. സെസ്‌ക്‌ ഫാബ്രിഗസായിരുന്നു സ്‌ക്കോറര്‍. പതിനഞ്ച്‌ വാര അകലെ നിന്നുളള മിന്നല്‍ ഷോട്ടില്‍ ടോട്ടന്‍ ഗോള്‍ക്കീപ്പര്‍ നിസ്സഹായനായി. രണ്ടാം പകുതിയില്‍ ആഴ്‌സനലിന്റെ വിജയമുറപ്പിച്ച ഗോള്‍ വാന്‍ പര്‍സി തന്നെ സ്വന്തമാക്കി. എഡ്വാര്‍ഡോയെ ഫൗള്‍ ചെയ്‌തതിന്‌ അനുവദിക്കപ്പെട്ട ഫ്രി കിക്കാണ്‌ പര്‍സി ഗോളാക്കി മാറ്റിയത്‌. വിജയത്തോടെ പത്ത്‌ മല്‍സരങ്ങളില്‍ നിന്നായി 22 പോയന്റുമായി ആഴ്‌സനല്‍ ടേബിളില്‍ ചെല്‍സിക്ക്‌ പിറകെ രണ്ടാം സ്ഥാനത്തെത്തി. 22 പോയന്റുളള ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ രാത്രിയില്‍ ബ്ലാക്‌ബേര്‍ണുമായി കളിക്കുന്നുണ്ട്‌.

യൂറോപ്പില്‍ ഇന്ന്‌
പ്രീമിയര്‍ ലീഗ്‌: ബിര്‍മിംഗ്‌ഹാം സിറ്റി-മാഞ്ചസ്റ്റര്‍ സിറ്റി.
സ്‌പാനിഷ്‌ ലീഗ്‌: ഡിപ്പോര്‍ട്ടീവോ-സ്‌പോര്‍ട്ടിംഗ്‌ ഗിജോണ്‍, എസ്‌പാനിയോള്‍ -വല്ലഡോളിഡ്‌, മലാഗ-വലന്‍സിയ, മയോര്‍ക്ക-റേസിംഗ്‌ സാന്‍ഡര്‍, റയല്‍ സരഗോസ-അല്‍മേരിയ, വില്ലാ റയല്‍-ടെനറിഫെ.
ഇറ്റാലിയന്‍ ലീഗ്‌: കാഗിലാരി-അറ്റ്‌ലാന്റ, ചിവിയോ-ഉദിനസ്‌, ഫിയോറന്റീന-കറ്റാനിയ, ലിവോര്‍ണോ-ഇന്റര്‍ മിലാന്‍, പലെര്‍മോ-ജിനോവ, റോമ-ബോളോഗ്ന, സാംപദോറിയോ-ബാരി, സിയന്ന-ലാസിയോ.

ക്രിക്കറ്റ്‌
ന്യൂഡല്‍ഹി: ഫിറോസ്‌ ഷാ കോട്‌ലയിലെ മഞ്ഞിലും ഇന്ത്യക്ക്‌ വിജയസ്‌മിതം. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരം ആറ്‌ വിക്കറ്റിന്‌ സ്വന്തമാക്കി ഇന്ത്യ ഏഴ്‌ മല്‍സര പരമ്പരയില്‍ 2-1 ന്‌ ലീഡ്‌ നേടി. ടോസ്‌ നേടി ആദ്യം ബാറ്റ്‌്‌ ചെയ്‌ത ഓസീസ്‌ 235 റണ്‍സാണ്‌ നേടിയത്‌. മൈക്‌ ഹസിയുടെ കരുത്തില്‍ പിറന്ന ഈ സ്‌ക്കോറിനെ ഇന്ത്യ മറികടന്നത്‌ നായകന്‍ എം. എസ്‌ ധോണിയുടെയും യുവരാജ്‌ സിംഗിന്റെയും മികവില്‍. മൂന്ന്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌്‌ വീണ ശേഷം ധോണി-യുവി സഖ്യത്തിന്റെ കോട്ട തകര്‍ക്കാന്‍ ഓസീസ്‌ ബൗളര്‍മാര്‍ക്കായില്ല. 148 റണ്‍സാണ്‌ നാലാം വിക്കറ്റില്‍ ഇവര്‍ നേടിയത്‌. നിറഞ്ഞ്‌ കവിഞ്ഞ സ്‌റ്റേഡിയത്തെ സാക്ഷിയാക്കി നടന്ന മല്‍സരത്തിലെ ഹീറോ ധോണി തന്നെയായിരുന്നു.
ഓസീസ്‌ ഇന്നിംഗ്‌സില്‍ നിറഞ്ഞു നിന്നത്‌ അനുഭവസമ്പന്നനായ മൈക്‌ ഹസിയാണ്‌. ബറോഡയിലും നാഗ്‌പ്പൂരിലും ഇന്ത്യന്‍ സ്‌പിന്നര്‍മാരെ സധൈര്യം നേരിടുന്നതില്‍ സാഹസിക മിടുക്ക്‌ കാണിച്ച ഹസി ഫിറോസ്‌ ഷാ കോട്‌ലയിലെ പ്രതികൂല സാഹചര്യത്തിലും ഇന്ത്യയുടെ നാല്‌ സ്‌പിന്നര്‍മാരെ പ്രതിരോധിച്ച്‌ പുറത്താവാതെ നേടിയ 81 റണ്‍സ്‌ അദ്ദേഹത്തിന്റെ ഏകദിന ഇന്നിംഗ്‌സുകളിലെ ഏറ്റവും മികച്ച ഒന്നായിരുന്നു. പരുക്കില്‍ തളര്‍ന്ന ഓസ്‌ട്രേലിയക്ക്‌ അനുഭവ സമ്പന്നരായ റിക്കി പോണ്ടംഗ്‌, ഷെയിന്‍ വാട്ട്‌സണ്‍, മൈക്‌ ഹസി എന്നിവരിലായിരുന്നു കാര്യമായ പ്രതീക്ഷകള്‍. മൂന്ന്‌ പേരും കോട്‌ലയിലെ പിച്ചിനെ ബഹുമാനിച്ച്‌ കളിച്ചപ്പോള്‍ 227 റണ്‍സാണ്‌ നേടാനായത്‌. നേരത്തെ ടോസ്‌ ലഭിച്ചപ്പോള്‍ പോണ്ടിംഗ്‌ പറഞ്ഞത്‌ 220 റണ്‍സിനപ്പുറം നേടാനായാല്‍ അത്‌ നല്ല സ്‌ക്കോറായിരിക്കുമെന്നാണ്‌. ആ ലക്ഷ്യത്തിലേക്കാണ്‌ അദ്ദേഹം കളിച്ചതും.
327 ഏകദിനങ്ങള്‍ കളിച്ചിട്ടുളള പോണ്ടിംഗ്‌ ഇത്‌ രണ്ടാം തവണ ഓപ്പണറുടെ കുപ്പായത്തില്‍ കളിച്ചത്‌ സവിശേഷതയായിരുന്നു. വിക്കറ്റ്‌ കീപ്പറും ഓപ്പണറുമായ ടീം പെയിനെ പരുക്കേറ്റ്‌ മടങ്ങിയ സാഹചര്യത്തില്‍ ഷോണ്‍ മാര്‍ഷിനായിരിക്കും ഓപ്പണറുടെ കുപ്പായം എന്നാണ്‌ കരുതിയത്‌. എന്നാല്‍ മാര്‍ഷ്‌ ഓപ്പണറായാല്‍ മധ്യനിരക്ക്‌ അനുഭവസമ്പത്ത്‌ കുറയുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ്‌ പോണ്ടിംഗ്‌ വാട്ട്‌സണൊപ്പം തുടക്കത്തില്‍ തന്നെ വന്നത്‌. പിച്ചിനെ പേടിച്ചുള്ള ഇന്നിംഗ്‌സായിരുന്നു ഓപ്പണര്‍മാര്‍ നടത്തിയത്‌. കാര്യമായ സാഹസത്തിന്‌ മുതിരാതെ പൊരുതിയുള്ള ഇന്നിംഗ്‌സില്‍ പോണ്ടിംഗിന്‌ അര്‍ദ്ധസെഞ്ച്വറി പിന്നിടാനായി.
പാഡ്‌ കൊണ്ടായിരുന്നു പോണ്ടിംഗ്‌ ബാറ്റിംഗ്‌. മുന്‍ പാദത്തില്‍ പാഡുയര്‍ത്തിയുള്ള അദ്ദേഹത്തിന്റെ അപരിചിതമായ ഇന്നിംഗ്‌സില്‍ പക്ഷേ ചില നല്ല ഷോട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ സീമര്‍മാര്‍ ലെഗ്‌ ബിഫോര്‍ അപ്പിലുകള്‍ നിരന്തരം നടത്തിയെങ്കിലും സ്‌പിന്നര്‍മാര്‍ വന്നപ്പോഴാണ്‌ കളി മാറിയത്‌. ഓസീസ്‌ ഇന്നിംഗ്‌സ്‌ പതിനേഴാം ഓവറിലെത്തിയപ്പോള്‍ യുവരാജ്‌ സിംഗിന്റെ പന്തില്‍ വാട്ട്‌സണ്‍ പുറത്തായി. 72 റണ്‍സ്‌ ഒന്നാം വിക്കറ്റില്‍ പോണ്ടിംഗിനൊപ്പം നേടിയ ശേഷമായിരുന്നു വാട്ട്‌സണ്‍ പുറത്തായത്‌. പിറകെ 128 ല്‍ പോണ്ടിംഗും മടങ്ങി. ജഡേജക്കായിരുന്നു ഓസീസ്‌ നായകന്റെ വിലപ്പെട്ട വിക്കറ്റ്‌. മൈക്‌ ഹസി ഒരു ഭാഗത്ത്‌ പോരാട്ടം തുടര്‍ന്നപ്പോള്‍ ക്രെയിഗ്‌ വൈറ്റ്‌ പൂജ്യനായി. വോഗ്‌സിനും ഹെന്‍ട്രിക്‌സിനും സ്‌പിന്നര്‍മാരെ നേരിട
ാനായില്ല. ഒമ്പത്‌ ഓവര്‍ എറിഞ്ഞ ജഡേജ 41 റണ്‍സിന്‌ രണ്ട്‌ പേരെ പുറത്താക്കിയപ്പോള്‍ സീമര്‍മാര്‍ക്ക്‌ ഇരകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
കോട്‌ലയില്‍ രാത്രിയിലുള്ള ഇന്ത്യന്‍ ബാറ്റിംഗ്‌ ദുഷ്‌ക്കരമായിരുന്നു. സേവാഗ്‌-സച്ചിന്‍ സഖ്യം 37 ല്‍ തകര്‍ന്നു. മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ സേവാഗ്‌ സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ നിസ്സഹായനായി. 51 ല്‍ സച്ചിന്‍ റണ്ണൗട്ടായത്‌ അടുത്ത ആഘാതമായി. 32 റണ്‍സുമായി ഫോമില്‍ കളിച്ച മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ രണ്ട്‌ ബൗണ്ടറികള്‍ നേടിയിരുന്നു. ഗാംഭിറിനെ ഹൗറിറ്റ്‌സ്‌ വേഗത്തില്‍ പുറത്താക്കിയപ്പോള്‍ പിച്ച്‌ ഇന്ത്യക്ക്‌ മുന്നില്‍ വില്ലനാവുമെന്ന്‌ തോന്നി. അവിടെ വെച്ചാണ്‌ നായകന്‍ ധോണിയും ഉപനായകന്‍ യുവരാജും ഒരുമിച്ചത്‌.
സ്‌ക്കോര്‍ക്കാര്‍ഡ്‌
ഓസ്‌ട്രേലിയ: വാട്ട്‌സണ്‍-സ്‌റ്റംമ്പ്‌ഡ്‌ ധോണി-ബി-യുവരാജ്‌-41, പോണ്ടിംഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-ജഡേജ-59, ഹസി-നോട്ടൗട്ട്‌-81,വൈറ്റ്‌-സി-ധോണി-ബി-റൈന-0,വോഗ്‌സ്‌-സി-പ്രവീണ്‍-ബി-ഹര്‍ഭജന്‍-17, ഹെന്‍ട്രിക്‌സ്‌-ബി-ജഡേജ-12, മിച്ചല്‍-നോട്ടൗട്ട്‌-9, എക്‌സട്രാസ്‌ 10, ആകെ അഞ്ച്‌ വിക്കറ്റിന്‌ 229. വിക്കറ്റ്‌ പതനം: 1-72( വാട്ടസണ്‍), 2-128 (പോണ്ടിംഗ്‌), 3-129 (വൈറ്റ്‌), 4-172 (വോഗ്‌സ്‌), 5-200 (ഹെന്‍ട്രിക്‌സ്‌), ബൗളിംഗ്‌: പ്രവീണ്‍ 5-1-16-0, നെഹ്‌റ 9-0-51-0, ഇഷാന്ത്‌ 5-0-24-0, ജഡേജ 9-1-41-2, ഹര്‍ഭജന്‍ 10-0-37-1, യുവരാജ്‌ 8-0-30-1, റൈന 4-0-23-1. ഇന്ത്യ: സേവാഗ്‌ -ബി-മിച്ചല്‍-11, സച്ചിന്‌-റണ്ണൗട്ട്‌-32, ഗംഭീര്‍-ബി-ഹൗറിറ്റ്‌സ്‌-6, യുവി-എല്‍.ബി.ഡബ്ല്യ-ബി-ഹെന്‍ട്രിക്‌സ്‌-78, ധോണി-നോട്ടൗട്ട്‌-710, റൈന-നോട്ടൗട്ട്‌-95, എക്‌സ്‌ട്രാസ്‌-24, ആകെ നാല്‌ വിക്കറ്റിന്‌ 230. വിക്കറ്റ്‌ പതനം: 1-37 (സേവാഗ്‌), 2-51 (സച്ചിന്‍), 3-53 (ഗാംഭീര്‍), 4-201 (യുവി). ബൗളിംഗ്‌: മിച്ചല്‍ 9.2-2-43-1. സിഡില്‍ 10-0-41-0, ബൊളിഗ്‌നര്‍ 10-0-25-0, ഹെന്‍ട്രിക്‌സ്‌ 8-0-51-1, ഹൗറിറ്റ്‌സ്‌ 10-0-48-1, വോഗ്‌സ്‌ 1-0-13-0.

No comments: