Monday, October 26, 2009

BARCA......................


ബാര്‍സാ വേട്ട
മാഡ്രിഡ്‌: സ്‌പാനിഷ്‌ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി ബാര്‍സിലോണ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. നുവോ കാംപില്‍ റയല്‍ സരഗോസയെ 6-1 ന്‌ തകര്‍ത്തുവിട്ട പോരാട്ടത്തില്‍ സെയ്‌തോ കൈത ഹാട്രിക്‌ കരസ്ഥമാക്കിയപ്പോള്‍ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചിന്റെ ബൂട്ടില്‍ നിന്ന്‌ രണ്ട്‌ ഗോളുകള്‍ പിറന്നു. റയല്‍ മാഡ്രിഡ്‌ ദുര്‍ബലരായ സ്‌പോര്‍ട്ടിംഗ്‌ ഗിജോണിന്‌ മുന്നില്‍ ടോളടിക്കാന്‍ മറന്ന ആഴ്‌ച്ചയിലാണ്‌ ബാര്‍സ ഗോള്‍വേട്ട നടത്തിയത്‌. കഴിഞ്ഞയാഴ്‌ച്ച ബാര്‍സക്ക്‌ നിരാശയുടേതായിരുന്നു. ലീഗ്‌ മല്‍സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ തകരുകയും ചെയ്‌തിരുന്നു. പരാജയങ്ങളെ മറന്നുളള മിന്നല്‍ പോരാട്ടം വഴി ടേബിളിലിപ്പോള്‍ ബാര്‍സക്ക്‌ 22 പോയന്റായി. റയല്‍ 19 ലും സെവിയെ 16 ലും അടുത്ത രണ്ട്‌ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. മറ്റ്‌ മല്‍സരങ്ങളില്‍ റയല്‍ വല്ലഡോളിഡ്‌ നാല്‌ ഗോളിന്‌ ഡിപ്പോര്‍ട്ടീവോയെ തകര്‍ത്തപ്പോള്‍ വലന്‍സിയ മൂന്ന്‌ ഗോളിന്‌ അല്‍മേരിയയെ തോല്‍പ്പിച്ചു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ചെല്‍സി 24 പോയന്റുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ചെല്‍സി അഞ്ച്‌ ഗോളിന്‌ ബ്ലാക്‌ബേര്‍ണിനെ തകര്‍ത്ത ദിവസം കഴിഞ്ഞപ്പോള്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ ലിവര്‍പൂളിന്‌ മുന്നില്‍ തോല്‍ക്കേണ്ടി വന്നതായിരുന്നു വാര്‍ത്ത. മാഞ്ചസ്‌റ്റര്‍ സിറ്റി-ഫുള്‍ഹാം മല്‍സരം 2-2 ല്‍ അവസാനിച്ചു.
ഇറ്റലിയില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ 2-1ന്‌ കറ്റാനിയയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്ത്‌ തുടരുമ്പോള്‍ ഏ.സി മിലാന്‍ 2-1ന്‌ ചീവിയോയെ പരാജയപ്പെടുത്തി.
അവസാനം
കൊല്‍ക്കത്ത: ഈസ്‌റ്റ്‌ ബംഗാളില്‍ സുഭാഷ്‌ ഭൗമിക്കിന്റെ കാലം അവസാനിക്കുന്നു. ഐ ലീഗ്‌ ഫുട്‌ബോളില്‍ ബന്ധവൈരികളായ മോഹന്‍ ബഗാനോട്‌ തകര്‍ന്ന പശ്ചാത്തലത്തില്‍ ടീമിന്റെ പരിശീലക സ്ഥാനത്ത്‌ മാറ്റങ്ങള്‍ നിര്‍ബന്ധമാണെന്ന നിലപാടിലാണ്‌ ഈസ്റ്റ്‌ ബംഗാള്‍. പുതിയ സീസണില്‍ പരാജയങ്ങളുടെ കൂടാരത്തിലാണ്‌ ഈസ്‌റ്റ്‌ ബംഗള്‍, ഡ്യൂറാന്‍ഡ്‌ കപ്പിലും ഐ.എഫ്‌.എ ഷീല്‍ഡിലും ടീം തകര്‍ന്നടിഞ്ഞു, കൊല്‍ക്കത്ത സൂപ്പര്‍ ഡിവിഷനിലും കാര്യമായ നേട്ടങ്ങള്‍ ഇത്‌ വരെ ടീമിന്‌ സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്‌ച്ച സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം കാണികളെ സാക്ഷിനിര്‍ത്തി ബഗാനെതിരെ നടന്ന മല്‍സരത്തിലും ടീം തകര്‍ന്ന പശ്ചാത്തലത്തില്‍ കോച്ചിനെതിരെ ശക്തമായ നിലപാടെടുക്കാനാണ്‌ തീരുമാനം. ബഗാനെതിരായ മല്‍സരത്തില്‍ അഞ്ച്‌ ഗോളുകളാണ്‌ ഈസ്‌റ്റ്‌ ബംഗാള്‍ വഴങ്ങിയത്‌. ഐ ലീഗില്‍ ടീമിന്റെ അടുത്ത മല്‍സരം 29ന്‌ വ്യാഴാഴ്‌ച്ച കൊല്‍ക്കത്തയില്‍ സാല്‍ഗോക്കര്‍ ഗോവക്കെതിരെയാണ്‌. ഈ മല്‍സരത്തില്‍ ടീമിന്റെ ചുമതല ഇപ്പോള്‍ അസിസ്‌റ്റന്‍ഡ്‌ കോച്ചായ തുഷാര്‍ രക്ഷിതിന്‌ നല്‍കാനാണ്‌ സാധ്യത. ഭൗമിക്കിന്‌ പകരം കരുത്തനായ പുതിയ കോച്ചിനെ തേടുകയാണ്‌ മാനേജ്‌മെന്റ്‌്‌. പുതിയ കോച്ചിനെ കണ്ടെത്താന്‍ സമയമെടുക്കുന്നപക്ഷം ടീമിന്റെ ചുമതല മുന്‍ ഇന്ത്യന്‍ താരം കൂടിയായ തുഷാറിന്‌ നല്‍കാനും ധാരണയായിട്ടുണ്ട്‌. ബഗാനെതിരായ മല്‍സരത്തിലെ തോല്‍വിക്ക്‌ ശേഷം സംസാരിക്കവെ ടീമിന്റെ ദയനീയതയില്‍ തനിക്ക്‌ പങ്കുണ്ടെന്നും ഉടന്‍ തന്നെ രാജി നല്‍കുമെന്നും വ്യക്തമാക്കിയ ഭൗമിക്‌ ഇത്‌ വരെ പക്ഷേ രാജിക്കത്ത്‌ നല്‍കിയിട്ടില്ല.

അമ്പയര്‍മാര്‍ക്ക്‌ വേണ്ടി സച്ചിന്‍
മുംബൈ: ക്രിക്കറ്റ്‌ മല്‍സര തീരുമാനങ്ങളില്‍ നൂറ്‌ ശതമനം സത്യം പുലരാന്‍ അമ്പയര്‍മാരുടെ സഹായത്തിന്‌ ഉന്നത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അമ്പയര്‍മാര്‍ മൈതാനത്ത്‌ കനത്ത സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോള്‍ അവരെ സഹായിക്കാന്‍ സാങ്കേതികതയെ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഹോട്ട്‌ സ്‌പോട്ട്‌ പോലുളള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ ബാറ്റ്‌ ആന്‍ഡ്‌ പാഡ്‌ ക്യാച്ച്‌ ഉള്‍പ്പെടെയുളള വിഷമകരമായ തീരുമാനങ്ങള്‍ എളുപ്പമാക്കാം. ഓരോ തീരുമാനവും മൂന്നാം അമ്പയര്‍ക്ക്‌ റഫര്‍ ചെയ്യുന്നതിന്‌ പകരം സാങ്കേതികതയെ ഉപയോഗപ്പെടുത്തിയാല്‍ തീരുമാനങ്ങള്‍ പൂര്‍ണ്ണതലത്തില്‍ ശരിയാവും. ഒരു മല്‍സരത്തിനിടെ തന്നെ അമ്പയര്‍മാരെ റൊട്ടേറ്റ്‌ ചെയ്യുന്നതും നല്ലതാണ്‌. കുറച്ച്‌ സമയം മൈതാനത്ത്‌ ജോലി ചെയ്യുന്ന അമ്പയര്‍ക്ക്‌ വിശ്രമം നല്‍കി ബദല്‍ അമ്പയര്‍മാര്‍ക്ക്‌ അവസരം നല്‍കുന്നപക്ഷം അമ്പയര്‍മാര്‍ക്ക്‌ സ്വന്തം ജോലിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാവും. സംശയകരമായ കാര്യങ്ങള്‍ തേര്‍ഡ്‌ അമ്പയര്‍ക്ക്‌ റഫര്‍ ചെയ്യുമ്പോള്‍ അവിടെ നിന്നുള്ള തീരുമാനം പൂര്‍ണ്ണ തോതില്‍ ശരിയാവണമെന്നില്ല. അമ്പയര്‍മാരെ സഹായിക്കാന്‍ സാങ്കേതികതയെ ഉപയോഗപ്പെടുത്താം. ഉദാഹരണത്തിന്‌ നോബോള്‍ ശ്രദ്ധിക്കാന്‍ ടെന്നിസ്‌ മല്‍സരങ്ങളില്‍ ഉപയോഗിക്കുന്നത്‌ പോലുളള യന്ത്രങ്ങള്‍ നല്ലതാണ്‌. ബാറ്റ്‌ ആന്‍ഡ്‌ പാഡ്‌ ക്യാച്ചുകളുടെ കാര്യത്തില്‍ ഹോട്ട്‌ സ്‌പോട്ട്‌ ഉപയോഗപ്പെടുത്താം. അങ്ങനെ വരുമ്പോള്‍ അമ്പയര്‍മാര്‍ക്ക്‌ ലെഗ്‌ ബിഫോര്‍ തീരുമാനങ്ങളില്‍ മാത്രം ശ്രദ്ധിക്കാന്‍ കഴിയും.

സ്‌പോര്‍ട്ടിംഗ്‌ ഇന്നെത്തും
കോഴിക്കോട്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയെ നേരിടാനായി സ്‌പോര്‍ട്ടിംഗ്‌ ഗോവ ഇന്നെത്തും. പോയന്റ്‌്‌ ടേബിളില്‍ പതിമൂന്നാം സ്ഥാനത്ത്‌ സ്‌പോര്‍ട്ടിംഗ്‌ നില്‍ക്കുമ്പോള്‍ വിവ പതിനാല്‌ ടീമുകള്‍ മല്‍സരിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ അവസാന സ്ഥാനത്താണ്‌. രണ്ട്‌ ടീമുകളും ഇത്‌ വരെ മൂന്ന്‌ മല്‍സരങ്ങള്‍ വീതമാണ്‌ കളിച്ചത്‌. വിവ എല്ലാ മല്‍സരങ്ങളും പരാജയപ്പെട്ടപ്പോള്‍ സ്‌പോര്‍ട്ടിംഗിന്‌ ആശ്വസിക്കന്‍ ഒരു സമനിലയുണ്ട്‌. രണ്ട്‌ സീസണ്‍ മുമ്പ്‌ ലീഗിലെ ഒന്നാം നമ്പര്‍ ടീമായിരുന്ന സ്‌പോര്‍ട്ടിംഗിന്‌ കഴിഞ്ഞ സീസണ്‍ തിരിച്ചടികളുടേതായിരുന്നു.
നാല്‌ മല്‍സരങ്ങളില്‍ നിന്ന്‌ 10 പോയന്റ്‌്‌ സ്വന്തമാക്കിയ ചിരാഗ്‌ യുനൈറ്റഡാണ്‌ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. മൂന്ന്‌ മല്‍സരങ്ങള്‍ വിജയിച്ച ചിരാഗ്‌ ഗോള്‍വേട്ടയിലും മുന്‍പന്തിയിലാണ്‌. മുന്‍ ചാമ്പ്യന്മാരായ ഡെംപോ സ്‌പോര്‍ട്‌്‌സ്‌ ക്ലബ്‌ ഗോവ എട്ട്‌ പോയന്റുമായി രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുമ്പോള്‍ ജെ.സി.ടിക്കും മഹീന്ദ്ര യുനൈറ്റഡിനും അത്ര തന്നെ പോയന്റുണ്ട്‌. ചിരാഗിനെതിരായ പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ വിവ. മല്‍സരത്തില്‍ ഒരു ഗോളിന്‌ പരാജയപ്പെട്ടെങ്കിലും തകര്‍പ്പന്‍ പ്രകടനമാണ്‌ ടീം നടത്തിയത്‌. തുടക്കത്തില്‍ വീണ ഗോള്‍ മാറ്റിനിര്‍ത്തിയാല്‍ വിവ മാത്രമായിരുന്നു ചിത്രത്തില്‍. മുന്‍നിരയില്‍ ഗോള്‍വേട്ടക്കാരനായ ഒരു സ്‌ട്രൈക്കര്‍ ഇല്ലാത്തതായിരുന്നു ടീമിനെ അലട്ടിയത്‌. ഈ കുറവ്‌ നികത്താന്‍ തായ്‌ലാന്‍ഡില്‍ നിന്നും പുതിയ മുന്‍നിരക്കാരന്‍-വിസുത്‌ പുന്‍പെംഗ്‌ ടീമിലെത്തിയിട്ടുണ്ട്‌. അദ്ദേഹം വ്യാഴാഴ്‌ച്ച നടക്കുന്ന മല്‍സരത്തില്‍ കളിക്കുമെന്ന്‌ ടീം മാനേജ്‌മെന്റ്‌ സൂചിപ്പിച്ചിട്ടുണ്ട്‌. സ്‌പോര്‍ട്‌സ്‌ ചന്ദ്രികയുമായി സംസാരിക്കവെ കഴിഞ്ഞ മല്‍സരങ്ങള്‍ ടീമിന്‌ നല്‍കുന്നത്‌ ആത്മവിശ്വാസമാണെന്ന്‌ കോച്ച്‌ ഏ.എം ശ്രീധരന്‍ പറഞ്ഞു. തായ്‌ലാന്‍ഡ്‌ ദേശീയ ടീമില്‍ അംഗമാണ്‌ വിസുത്‌. ജൂനിയര്‍, യൂത്ത്‌ തലങ്ങളില്‍ ദേശീയ ടീമിനെ പ്രതിനിധീകരിച്ച താരം ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ക്ലബകളില്‍ പരിശീലനം നേടിയിട്ടുണ്ട്‌.
ഐ ലീഗ്‌ പോയന്റ്‌്‌ ടേബിള്‍
( പതിനാല്‌ ടീമുകളാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കുന്നത്‌. ഇവരില്‍ അവസാന സ്ഥാനത്തുള്ള സ്‌പോര്‍ട്ടിംഗ്‌ ഗോവ, വിവ കേരല എന്നിവരൊഴികെ ബാക്കിയെല്ലാ ടീമുകളും നാല്‌ മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി. വിവയും സ്‌പോര്‍ട്ടിംഗും മൂന്ന്‌ മല്‍സരങ്ങളാണ്‌ കളിച്ചത്‌)
1-ചിരാഗ്‌ യുനൈറ്റഡ്‌, കൊല്‍ക്കത്ത-10
2-ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌, ഗോവ-8
3-ജെ.സി.ടി മില്‍സ്‌, ഫഗ്‌വാര-8
4-മഹീന്ദ്ര യുനൈറ്റഡ,്‌ മുംബൈ-8
5-മോഹന്‍ ബഗാന്‍, കൊല്‍ക്കത്ത-6
6- ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌, ഗോവ-6
7- ഷില്ലോംഗ്‌ ലാജോംഗ്‌ എഫ്‌.സി-6
8-സാല്‍ഗോക്കര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ,്‌ ഗോവ-4
9-എയര്‍ ഇന്ത്യ, മുംബൈ-4
10- പൂനെ എഫ്‌.സി-3
11-ഈസ്റ്റ്‌ ബംഗാള്‍, കൊല്‍ക്കത്ത-2
12-മുംബൈ എഫ്‌.സി-2
13- സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌, ഗോവ-1
14-വിവ കേരള -0

ബൂട്ടിയക്ക്‌ പരുക്ക്‌
കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ തപ്പിതടയുന്ന ഈസ്റ്റ്‌ ബംഗാളിന്‌ കനത്ത ആഘാതമായി ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയക്ക്‌ പരുക്ക്‌. പേശീവലിവ്‌ മൂലം മോഹന്‍ ബഗാനെതിരായ മല്‍സരത്തില്‍ കാഴ്‌ച്ചക്കാരനായ ബൂട്ടിയക്ക്‌ ഇനി എന്ന്‌ കളിക്കാനാവുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഈ സീസണിന്റെ മധ്യേയാണ്‌ ബഗാന്‍ വിട്ട്‌ വിവാദ സാഹചര്യത്തില്‍ ബൂട്ടിയ ഈസ്‌റ്റ്‌ ബംഗാളിലെത്തിയത്‌. എന്നാല്‍ മഹീന്ദ്രക്കെതിരായ ഐ ലീഗ്‌ മല്‍സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ നായകന്‍ പൂര്‍ണ്ണ വിശ്രമത്തിലാണിപ്പോള്‍. ഐ ലീഗില്‍ ഈസ്‌റ്റ്‌ ബംഗാളിപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്‌. നാല്‌ മല്‍സരങ്ങളില്‍ നിന്ന്‌ ആകെ ലഭിച്ചിരിക്കുന്നത്‌ രണ്ട്‌ പോയന്റ്‌്‌ മാത്രമാണ്‌. ഞായറാഴ്‌ച്ച സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ മോഹന്‍ ബഗാനുമായുളള മല്‍സരത്തില്‍ സ്വന്തം ടീം അഞ്ച്‌ ഗോളുകള്‍ വാങ്ങുന്നത്‌ കണ്ടിരുന്ന ബൂട്ടിയ ടീമിന്റെ പ്രകടനത്തില്‍ നിരാശനാണ്‌. പരിശീലക സ്ഥാനത്ത്‌ നിന്ന്‌ സുഭാഷ്‌ ഭൗമിക്‌ പുറത്താവുമെന്നുറപ്പായിരിക്കെ അടുത്ത മല്‍സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മാത്രമാണ്‌ നായകന്‍. കഴിഞ്ഞ സീസണില്‍ ബഗാനെ നയിച്ച ബൂട്ടിയ വിവാദ സാഹചര്യത്തില്‍ അവിടെ നിന്നും പടിയിറങ്ങിയതാണ്‌. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ബൂട്ടിയ പങ്കെടുത്തത്‌ മുതല്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ ഒടുവില്‍ അദ്ദേഹത്തിന്റെ രാജിയില്‍ കലാശിക്കുകയായിരുന്നു. കരാര്‍ ലംഘിച്ച ബൂട്ടിയക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട്‌ ബഗാന്‍ മാനേജ്‌മെന്റ്‌ അഖിലേന്ത്യ ഫുട്‌്‌ബോള്‍ ഫെഡറേഷനെ സമീപിക്കുകയും അവര്‍ മാധ്യസ്ഥ ചര്‍ച്ചക്ക്‌ പ്രശ്‌നം വിടുകയും ചെയ്‌തിരുന്നു. ഇന്ത്യയിലെ മൈതാനഘങ്ങളില്‍ കളിക്കുമ്പോള്‍ ഒരു താരത്തിന്റെ ആരോഗ്യത്തിനും നൂറ്‌ ശതമാനം ഗ്യാരണ്ടിയില്ലെന്ന്‌ തന്റെ പരുക്കിനെക്കുറിച്ച്‌ സംസാരിക്കവെ ബൂട്ടിയ പറഞ്ഞു. മുംബൈയില്‍ മഹീന്ദ്രക്കെതിരെ കളിക്കുമ്പോള്‍ മൈതാനത്തെ സാഹചര്യങ്ങള്‍ മോശമായിരുന്നു. മൈതാനം മെച്ചപ്പെട്ട നിലവാരത്തിലുളളതാണെങ്കില്‍ താരങ്ങളുടെ പ്രകടനവും മെച്ചപ്പെടും. എന്നാല്‍ ഇത്തരം കാര്യങ്ങല്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന്‌ ബൂട്ടിയ പരാതിപ്പെട്ടു. പരുക്ക്‌ കാരണം ലണ്ടനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ബാറ്റണ്‍ കൈമാറ്റ ചടങ്ങിലും ബൂട്ടിയക്ക്‌ പങ്കെടുക്കാന്‍ കഴിയില്ല. രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ഉള്‍പ്പെടെയുളള പ്രമുഖര്‍ ബാറ്റണ്‍ കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്‌.

ചിദ്ദി വീണ്ടും
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ മറന്നിരുന്നു ചിദ്ദി എദ്ദെയെന്ന നൈജീരിയക്കാരനെ..... ഇന്ത്യയിലെത്തിയ ഉടന്‍ ഗോള്‍ വേട്ടയുമായി കൊല്‍ക്കത്തയിലും ഗോവയിലും നിറഞ്ഞുനിന്ന താരം പക്ഷേ കഴിഞ്ഞ രണ്ട്‌ സീസണില്‍ ഗോളടിക്കാന്‍ മറന്നിരുന്നു. പക്ഷേ മോഹന്‍ ബഗാന്റെ കോച്ചായ കരീം ബെഞ്ചാരിഫക്ക്‌ ചിദ്ദിയില്‍ വിശ്വാസമുണ്ടായിരുന്നു. മൂന്ന്‌ ദിവസം മുമ്പ്‌ സാള്‍ട്ടെല്‌ക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന കൊല്‍ക്കത്ത സീനിയര്‍ ഡിവിഷന്‍ ലീഗില്‍ കാളിഘട്ടിനെതിരായ പോരാട്ടത്തില്‍ തുറന്ന അവസരങ്ങള്‍ പലതും പാഴാക്കിയിട്ടും ചിദ്ദിയെ കോച്ച്‌ നിര്‍ണ്ണായക ഐ ലീഗ്‌ മല്‍സരത്തില്‍ മുന്‍നിരയില്‍ തന്നെ കളിപ്പിച്ചത്‌ ഈസ്റ്റ്‌ ബംഗാളിനാണ്‌ വിനയായത്‌. ബഗാന്‍ 5-3ന്‌ ജയിച്ച തകര്‍പ്പന്‍ മല്‍സരത്തില്‍ ബഗാന്റെ നാല്‌ ഗോളുകളും നേടിയത്‌ ചിദി. കറുത്ത താരത്തിന്റെ കരുത്തില്‍ ബഗാന്‍ കൊല്‍ക്കത്തയിലെ വലിയ ഒരു റെക്കോര്‍ഡും സ്വന്തമാക്കി. സാള്‍ട്ട്‌ലെക്കില്‍ മുപ്പത്തിയഞ്ച്‌ വര്‍ഷം മുമ്പ്‌ ബഗാനെതിരെ അഞ്ച്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത്‌ ഈസ്‌റ്റ്‌ ബംഗാള്‍ തകര്‍പ്പന്‍ വിജയം ആഘോഷിച്ചിരുന്നു. ഈ ഗോള്‍ റെക്കോര്‍ഡ്‌ ഇത്‌ വരെ തകര്‍ക്കപ്പെട്ടിരുന്നില്ല. ഈസ്‌റ്റ്‌ ബംഗാളിന്റെ വലയില്‍ തന്നെ അഞ്ച്‌ ഗോളുകള്‍ നിക്ഷേപിച്ച്‌ ബഗാന്‍ റെക്കോര്‍ഡിനൊപ്പമെത്തിയപ്പോള്‍ കളിയിലെ കേമന്‍പ്പട്ടവും മറ്റാര്‍ക്കുമായിരുന്നില്ല. കൊല്‍ക്കത്ത ഡെര്‍ബി ശരിക്കും ആഫ്രിക്കന്‍ താരങ്ങള്‍ തമ്മിലായിരുന്നു. ഈസ്റ്റ്‌ ബംഗാളിന്റെ മുന്‍നിരയില്‍ കളിച്ച യാക്കൂബ്‌ യൂസഫ്‌ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തിരുന്നു.
കൊല്‍ക്കത്ത ഫുട്‌ബോള്‍ സമീപകാലത്ത്‌ കണ്ട ഏറ്റവും മികച്ച മല്‍സരമാണ്‌ കഴിഞ്ഞ ദിവസം നടന്നത്‌. കളി കാണാന്‍ ഒരു ലക്ഷത്തിലധികം പേര്‍. മാറ്റുരക്കാന്‍ ഇന്ത്യയിലെ മികച്ച ഫുട്‌ബോളര്‍മാര്‍. എട്ട്‌ ഗോളുകള്‍... മല്‍സരത്തിന്റെ ഒമ്പതാം മിനുട്ടില്‍ ഈസ്‌റ്റ്‌ ബംഗാളാണ്‌ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. പതിനേഴാം മിനുട്ടില്‍ ചിദി ബഗാന്‌ വേണ്ടി ഗോള്‍ മടക്കി. ഇരുപത്തിരണ്ടാം മിനുട്ടില്‍ മനീഷ്‌ മൈതാനി ബഗാന്‌ ലീഡ്‌ നല്‍കി. മുപ്പത്തിമൂന്നാം മിനുട്ടില്‍ ചിദിയുടെ രണ്ടാം ഗോള്‍. 35, 44 മിനുട്ടുകളില്‍ യാക്കൂബ്‌ യൂസഫിന്റെ രണ്ട്‌ ഗോളുകള്‍. രണ്ടാം പകുതിയില്‍ ചിദ്ദി എദ്ദെ രണ്ട്‌ ഗോളുകള്‍ കൂടി സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ ബഗാന്‍ ആരാധകര്‍ക്ക്‌ ആഘോഷത്തിന്‌ കാത്തുനില്‍ക്കേണ്ടി വന്നില്ല.

ഗില്‍ മൈതാനത്ത്‌
ന്യൂഡല്‍ഹി: കേന്ദ്ര കായികമന്ത്രി എം.എസ്‌ ഗില്‍ ഇന്നലെ ഓഫീസിലായിരുന്നില്ല... രാവിലെ മുതല്‍ നാല്‌ മണിക്കൂര്‍ അദ്ദേഹം ഡല്‍ഹിയിലെ പ്രധാനപ്പെട്ട സ്‌റ്റേഡിയങ്ങളിലായിരുന്നു. അടുത്ത വര്‍ഷം ഇവിടെ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ വേദികള്‍ പരിശോധിക്കാനെത്തിയ ഗില്ലിനൊപ്പം രാജ്യത്തെ കായിക പ്രമുഖരെല്ലാമുണ്ടായിരുന്നു. സംഘാടക സമിതി നേതാക്കളായ സുരേഷ്‌ കല്‍മാഡി, രണ്‍ധീര്‍സിംഗ്‌, ലളിത്‌ ഭാനോട്ട്‌ തുടങ്ങിയവര്‍ മന്ത്രിക്ക്‌ നെഹ്‌റു സ്‌റ്റേഡിയത്തിലും താല്‍ക്കത്തോറയിലും എസ്‌.ജി മുഖര്‍ജി സ്‌റ്റേഡിയത്തിലും കാര്യങ്ങള്‍ വീശദീകരിച്ചു. പക്ഷേ ഒരിടത്തും മാധ്യമ പ്രവര്‍ത്തകരെ കാര്യമായി അനുവദിച്ചില്ല. ഗില്‍ ഒരുക്കങ്ങള്‍ കാണാനെത്തിയതില്‍ കാര്യമുണ്ട്‌. നാളെ അദ്ദേഹം കോമണ്‍വെല്‍ത്ത്‌ ബാറ്റണ്‍ കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കാനായി ലണ്ടനിലേക്ക്‌ പോവുകയാണ്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ അധികാരികളെ ഒരുക്കങ്ങളെക്കുറിച്ച്‌ അറിയിക്കണം.
സുരേഷ്‌ കല്‍മാഡിയും ഗെയിംസ്‌ സി.ഇ.ഒ മൈക്‌ ഹൂപ്പറും തമ്മിലുളള ശീതസമരം അവസാനിപ്പിക്കേണ്ട
ബാധ്യതയും ഗില്ലിനുണ്ട്‌. ലണ്ടനില്‍ വെച്ച്‌ ഗില്‍ ഗെയിംസ്‌ ഫെഡറേഷന്‍ പ്രസിഡണ്ട്‌ മൈക്‌ ഹെന്നിനുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്‌. പ്രശ്‌നങ്ങളെല്ലാം രമ്യമായി പരഹിരിക്കാന്‍ കഴിയുമെന്ന ശുഭാപ്‌തി വിശ്വാസത്തില്‍ ഗില്‍ വിമാനം കയറുമ്പോള്‍ അരികില്‍ കല്‍മാഡിയും രണ്‍ധീറുമെല്ലാമുണ്ടാവും.

ടീമുകള്‍ നാഗ്‌പ്പൂരില്‍
നാഗ്‌പ്പൂര്‍: നാളെ ഇവിടെ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തിനായി ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകളെത്തി. വിദര്‍ഭ ക്രിക്കറ്റ്‌ അസോസിയേഷന്റെ പുതിയ മൈതാനത്ത്‌ നടക്കുന്ന ആദ്യ ഏകദിനമെന്ന പ്രാധാന്യത്തിനൊപ്പം പകല്‍ രാത്രി പോരാട്ടത്തിന്റെ ആവേശവും നുകരാം. ബറോഡയില്‍ നടന്ന ആദ്യമല്‍സരത്തില്‍ പൊരുതിത്തോറ്റ ഇന്ത്യയാണ്‌ സമ്മര്‍ദ്ദത്തില്‍. പകല്‍ രാത്രി മല്‍സരമായതിനാല്‍ ടോസ്‌ നിര്‍ണ്ണായകമാണെന്ന്‌ ഇന്ത്യന്‍ നായകന്‍ എം.എസ്‌ ധോണി പറഞ്ഞു. ബറോഡയില്‍ ബൗളിംഗ്‌ പാളിയിരുന്നു. ഹര്‍ഭജന്‍സിംഗ്‌ ഉള്‍പ്പെടെ പ്രമുഖരെല്ലാം നിരാശപ്പെടുത്തി. പക്ഷേ ബൗളിംഗ്‌ ലൈനപ്പില്‍ വലിയ മാറ്റത്തിന്‌ ധോണി മുതിരില്ല. ആശിഷ്‌ നെഹ്‌റ,പ്രവീണ്‍ കുമാര്‍, ഇശാന്ത്‌ ശര്‍മ്മ എന്നിവര്‍ക്കൊപ്പം ഹര്‍ഭജനുമുണ്ടാവും. പരുക്കില്‍ നിന്നും മുക്തനായി വരുന്ന യുവരാജ്‌ സിംഗിന്‌ ആദ്യ ഇലവനില്‍ അവസരം നല്‍കാന്‍ സാധ്യതയുണ്ട്‌.

അവര്‍ വീണ്ടും, ജയം സംപ്രാസിന്‌
മാനില,(ഫിലിപ്പൈന്‍സ്‌):ഏഴ്‌ വര്‍ഷം മുമ്പാണ്‌ അവസാനമായി അവര്‍ ഒരു ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിച്ചത്‌.... 6-3, 6-4,5-7, 6-4 എന്ന സ്‌ക്കോറിന്‌ അന്ന്‌ വിജയം സ്വന്തമാക്കിയ പീറ്റ്‌ സംപ്രാസ്‌ ഏഴ്‌ വര്‍ഷത്തിന്‌ ശേഷം ആന്ദ്രെ അഗാസിക്കെതിരായ പോരാട്ടത്തില്‍ ജയം തനിക്കു തന്നെയാണെന്ന്‌ ആവര്‍ത്തിച്ചു തെളിയിച്ചു. ലോക ടെന്നിസിലെ രണ്ട്‌ അതികായര്‍ ഇന്നലെ ഇവിടെ പ്രദര്‍ശന മല്‍സരത്തില്‍ കളിച്ചപ്പോള്‍ ആവേശപ്പോരാട്ടം മൂന്ന്‌ സെറ്റ്‌ ദീര്‍ഘിച്ചു. 3-6, 6-3, 10-8 എന്ന സ്‌ക്കോറിന്‌ സംപ്രാസ്‌ ജയിക്കുകയും ചെയ്‌തു. 14 ഗ്രാന്‍ഡ്‌ സ്ലാമുകള്‍ നേടിയ സംപ്രാസും എട്ട്‌ ഗ്രാന്‍ഡ്‌ സ്ലാമുകള്‍ സ്വന്തമാക്കിയ അഗാസിയും തമ്മിലുളള അങ്കം കാണാന്‍ നിറയെ ജനക്കൂട്ടമായിരുന്നു.

No comments: