ഉയരങ്ങളില്‍ ഉന്നതര്‍
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകള്‍ ഒരാഴ്‌ച്ച കൂടി പിന്നിട്ടപ്പോള്‍ പല പ്രമുഖര്‍ക്കും കാലിടറി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ചെല്‍സി പരാജപ്പെട്ടപ്പോള്‍ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നാം സ്ഥാനത്തെത്തി. സ്‌പെയിനില്‍ ചാമ്പ്യന്മാരായ ബാര്‍സിലോണ സീസണില്‍ ഇതാദ്യമായി പോയന്റ്‌് പങ്ക്‌് വെച്ചപ്പോള്‍ റയല്‍ മാഡ്രിഡ് മികച്ച വിജയവുമായി ബാര്‍സക്ക് അരികിലെത്തി. യൂറോപ്പിലെ വിവിധ ലീഗുകളിലുടെ:
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും തമ്മിലുള്ള പോരാട്ടം ശക്തമാവുന്നതിന്റെ തെളിവുകളാണ് പ്രീമിയര്‍ ലീഗില്‍ കണ്ടത്. ശക്തരായ ആസ്റ്റണ്‍വില്ലക്ക് മുന്നില്‍ ചെല്‍സി പരാജയപ്പെട്ടപ്പോള്‍ മാഞ്ചസ്‌റ്റര്‍ അവസരം ഉപയോഗപ്പെടുത്തി ബോള്‍ട്ടണെ തോല്‍പ്പിച്ച് ഒന്നാമതെത്തി. 22 പോയന്റാണിപ്പോള്‍ റെഡ്‌സിന്. ചെല്‍സിക്ക് 21 ഉം. ടോട്ടന്‍ഹാം 19 പോയന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. പ്രമുഖ ടീമുകളില്‍ ലിവര്‍പൂളിന്റെ തോല്‍വിയാണ് വാര്‍ത്തയായത്. ചെല്‍സിക്ക് മുന്നില്‍ രണ്ട് ഗോളിന് തോറ്റതിന്റെ നാണക്കേട് മാറും മുമ്പ് ഈയാഴ്‌ച്ച സുതര്‍ലാന്‍ഡാണ് റാഫേല്‍ ബെനിറ്റസിന്റെ സംഘത്തെ വീഴ്‌ത്തിയത്. ആഴ്‌സനല്‍ 3-1 ന് ബിര്‍മിംഗ്‌ഹാമിനെ വീഴ്‌ത്തി കരുത്ത് കാട്ടി.
സ്‌പാനിഷ് ലീഗ്: സീസണില്‍ തുടര്‍ച്ചയായി ആറ് വിജയങ്ങളുമായി മുന്നേറിയ ബാര്‍സക്ക് സൂപ്പര്‍ താരങ്ങളുടെ സജീവ സാന്നിദ്ധ്യത്തിലും വലന്‍സിയക്കെതിരെ വിജയിക്കാന്‍ കഴിഞ്ഞില്ല. ഗോളുകള്‍ പിറക്കാതിരുന്ന ഈ മല്‍സരത്തിന് പിറകെ നടന്ന പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് വല്ലഡോളിഡിനെ 4-2ന് കീഴടക്കി. റയല്‍ വിജയത്തില്‍ നിറഞ്ഞുനിന്നത് രണ്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത ക്യാപ്‌റ്റന്‍ റൗള്‍ ഗോണ്‍സാലസായിരുന്നു. ക്ലബിന് വേണ്ടി റൗള്‍ കളിക്കുന്ന 711-ാമത്തെ മല്‍സരമായിരുന്നു ഇത്. ഇതോടെ റയലിന് വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുന്ന താരമെന്ന ബഹുമതി അദ്ദേഹം സ്വന്തമാക്കി. 710 മല്‍സരങ്ങള്‍ കളിച്ച മാനാലോ സാഞ്ചസിന്റെ റെക്കോര്‍ഡാണ് റൗളിന് വഴി മാറിയത്. ശക്തരായ സെവിയെക്ക് തിരിച്ചടിയേറ്റു. ജുവാന്‍ റോഡ്രിഗസിന്റെ ഗോളില്‍ ഡിപ്പോര്‍ട്ടീവോയാണ് സെവിയെയെ തോല്‍പ്പിച്ചത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്‌പെയിനിനെ പ്രതിനിധീകരിക്കുന്ന ടീമായ അത്‌ലറ്റികോ മാഡ്രിഡ് ദയനീയത തുടരുകയാണ്. ഒസാസുനക്കെതിരായ മല്‍സരത്തില്‍ മൂന്ന് ഗോളിന് തോറ്റതോടെ അവര്‍ പോയന്റ്‌് ടേബിളില്‍ പതിനഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടേബിളിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ ഇവരാണ്: ബാര്‍സിലോണ -19, റയല്‍ മാഡ്രിഡ്-18, സെവിയെ-15.
ജര്‍മന്‍ ബുണ്ടേല്‍സ് ലീഗ്: 21 പോയന്റ് വീതം സ്വന്തമാക്കി ബയര്‍ ലെവര്‍കൂസണും ഹാംബര്‍ഗ്ഗുമാണ് ടേബിളില്‍ ഒന്നാമത്. ഇന്നലെ ഇരുവരും മുഖാമുഖം വന്നപ്പോള്‍ ആരും ആക്രമണത്തിന് മുതിരാത്തതിനെ തുടര്‍ന്ന് മല്‍സരത്തില്‍ ഗോള്‍ പിറന്നില്ല. അതേ സമയം തകര്‍പ്പന്‍ പ്രകടനം നടത്തിയ വെര്‍ഡര്‍ ബ്രെഹ്മന്‍ രണ്ട് ഗോളിന് ഹോഫന്‍ ഹൈമിനെയും ഷാല്‍ക്കെ 2-1ന് സ്‌റ്റട്ട്‌ഗര്‍ട്ടിനെയും ബയേണ്‍ മ്യൂണിച്ച് 2-1ന് ഫ്രൈബര്‍ഗ്ഗിനെയും കീഴടക്കി.
ഇറ്റാലിയന്‍ ലീഗ്: ഇന്റര്‍മിലാന്‍ 19 പോയന്റുമായി ചാമ്പ്യന്മാരെ പോലെ മുന്നേറുകയാണ് ഇറ്റലിയില്‍. ഇത് വരെ മുന്നില്‍ നിന്നിരുന്ന സാംപദോറിയോ 17 പോയന്റുമായി രണ്ടാം സ്ഥാനത്തായപ്പോള്‍ യുവന്തസ് 15 പോയന്റില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്നലെ നടന്ന മല്‍സരത്തില്‍ ഇന്റര്‍ തകര്‍പ്പന്‍ വിജയമാണ് ജിനോവക്കെതിരെ സ്വായത്തമാക്കിയത്. അഞ്ച് ഗോളുകളാണ് അവര്‍ സ്‌ക്കോര്‍ ചെയ്‌തത്.
ഫ്രഞ്ച് ലീഗ്: ഒളിംപിക് ലിയോണ്‍, മോണ്ടിപലേര്‍ എന്നിവര്‍ 20 പോയന്റുമായി ഫ്രാന്‍സില്‍ ലീഡ് തുടരുന്നു. പക്ഷേ ലിയോണിന് സീസണിലെ ആദ്യ തോല്‍വി പിണഞ്ഞു. ഷോക്‌സിന് മുന്നില്‍ അവര്‍ രണ്ട് ഗോളിന് പരാജയപ്പെട്ടപ്പോള്‍ ബോറോഡോക്‌സ് ഒരു ഗോളിന് ഓക്‌സിറിനെ തോല്‍പ്പിച്ചു.
ഫ്രാന്‍സിന് മുന്നില്‍ അയര്‍ലാന്‍ഡ്
സൂറിച്ച്: യൂറോപ്പില്‍ പ്ലേ ഓഫ് ചിത്രമായി.... ഫ്രാന്‍സിന്റെ പ്രതിയോഗിള്‍ ശക്തരായ റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡ്. കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് മുന്നില്‍ വരുന്നത് ബോസ്‌നിയ ഹെര്‍സഗോവീന എന്ന അട്ടിമറിക്കാര്‍. ഗ്രീസിന് കാര്യങ്ങള്‍ എളുപ്പമല്ല. പ്രതിയോഗികള്‍ ആന്ദ്രെ ഷെവ്‌ചെങ്കോവിന്റെ ഉക്രൈന്‍. റഷ്യയുടെ മോഹങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളിയുമായി വരുന്നത് സ്ലോവേനിയ. അടുത്ത മാസം 14 നാണ് പ്ലേ ഓഫ് ആദ്യപാദം. 18ന് രണ്ടം പാദം നടക്കും. ഇതോടെ യൂറോപ്പില്‍ നിന്നും ലോകകപ്പ് പ്രതിനിധികളുടെ ചിത്രം പൂര്‍ണമ്മായറിയാം. ഇതിനകം ഡെന്മാര്‍ക്ക്, സ്ലോവാക്യ, ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി, സെര്‍ബിയ എന്നിവര്‍ നേരിട്ട് യോഗ്യത നേടിക്കഴിഞ്ഞു.
ഇന്നലെ ഫിഫയുടെ ആസ്ഥാനത്തായിരുന്നു പ്ലേ ഓഫ് നറുക്കെടുപ്പ്. പുതിയ ഫിഫ റാങ്കിംഗില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലുള്ള ഫ്രാന്‍സ് (9), പോര്‍ച്ചുഗല്‍ (10), റഷ്യ (12), ഗ്രീസ് (16) എന്നിവര്‍ സീഡിംഗ് ടീമുകളായപ്പോള്‍ ഇവരുടെ പേരുകള്‍ ഒരു പാത്രത്തിലായിരുന്നു. സീഡ് ചെയ്യപ്പെടാത്ത ഉക്രൈന്‍(22), റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് (34), ബോസ്‌നിയ ഹെര്‍സഗോവീന (42), സ്ലോവേനിയ (49) എന്നിവരുടേതെല്ലാം മറ്റൊരു പാത്രത്തിലും. നറുക്കെടുപ്പിന് സാക്ഷികളായി ഫിഫ പ്രസിഡണ്ട് സെപ് ബ്ലാറ്റര്‍, സെക്രട്ടറി ജനറല്‍ ജെറോം വാല്‍കെ, ദക്ഷിണാഫ്രിക്കന്‍ താരം സ്‌റ്റീവന്‍ പീനര്‍ എന്നിവരെക്കൂടാതെ പോര്‍ച്ചുഗലിന്റെ കോച്ച് കാര്‍ലോസ് ക്വിറസ്, സ്ലോവേനിയന്‍ കോച്ച് മെറ്റ്‌ജാക് കെക്, ബോസ്‌നിയ ഹെര്‍സഗോവീന കോച്ച് മിറോസ്ലാവ് ബ്ലാസെവിച്ച്, ഉക്രൈന്‍ പരിശീലകന്‍ അലക്‌സി മില്‍ചെങ്കോ എന്നിവരുണ്ടായിരുന്നു.
ഫ്രാന്‍സിന് ശക്തമായ വെല്ലുവിളി
സൂറിച്ച്: നിലവില്‍ ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സിനാണ് പ്ലേ ഓഫ് നറുക്കെടുപ്പില്‍ വലിയ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത്. അവരുടെ പ്രതിയോഗികളായ റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡ് മികച്ച ഫോമില്‍ കളിക്കുന്ന അപകടകാരികളുടെ സംഘമാണ്. ഇന്നലെ നറുക്കെടുപ്പില്‍ സീഡിംഗ് പ്രകാരം ആദ്യം ഫ്രാന്‍സിന്റെ പ്രതിയോഗിയെയാണ് നറുക്കെടുപ്പിലൂടെ എടുത്തത്. ദേശീയ ടീമിന്റെ മുന്‍ പരിശീലകനും ഇപ്പോള്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ ഡയരക്ടറുമായ ജെറാര്‍ഡ് ഹൂളിയറുടെ മുഖം എതിരാളികളുടെ പേര് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ മ്ലാനമായി. തട്ടിമുട്ടിയാണ് സ്വന്തം ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി ഫ്രാന്‍സ് യോഗ്യത നേടിയത്. തിയറി ഹെന്‍ട്രി, ഫ്രാങ്ക് റിബറി തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാമുണ്ടായിട്ടും മുന്‍ ലോക ചാമ്പ്യന്മാര്‍ക്ക് ദുര്‍ബലരായ പ്രതിയോഗികള്‍ക്ക് മുന്നില്‍ പോലും ആധികാരികത പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോച്ച് റെയ്‌മോണ്ട് ഡൊമന്‍ച്ചെ പലപ്പോഴും സമ്മര്‍ദ്ദത്തിന്റെ പിടിയിലുമായി. കോച്ചിനെതിരെ ദേശീയ തലത്തില്‍ ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്. അതേ സമയം പോര്‍ച്ചുഗലിന് ബോസ്‌നിയ വലിയ എതിരാളികളാവില്ല എന്നാണ് കരുതപ്പെടുന്നത്. റൊണാള്‍ഡോ പരുക്കില്‍ നിന്നും മുക്തനായി പ്ലേ ഓഫില്‍ കളിക്കുമ്പോള്‍ കോച്ച് കാര്‍ലോസ് ക്വിറസിന്റെ മുഖത്ത് പ്രതീക്ഷയുണ്ട്. ഗ്രീസിനെ മറികടക്കാന്‍ തന്റെ ടീമിന് കഴിയുമെന്നണ് ഉക്രൈന്റെ സൂപ്പര്‍താരം ഷെവ്‌ചെങ്കോ പറയുന്നത്.
വിജയം യൂനസിന്
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് യൂനസ്‌ഖാന്‍ തന്നെ. അദ്ദേഹം നല്‍കിയ രാജി പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് തള്ളിയതായി ചെയര്‍മാന്‍ ഇജാസ് ഭട്ട് വ്യക്തമാക്കി. യൂനസ് മുന്‍വെച്ച പല ഉപാധികളും തത്വത്തില്‍ പി.സി.ബി അംഗീകരിക്കുകയും ചെയ്‌തതോടെ പാക്കിസ്‌താന്‍ ക്രിക്കറ്റിനെ ചുറ്റിപ്പറ്റിയുളള വിവാദത്തില്‍ വിജയം യൂനസിന് സ്വന്തമായി. 2011 ലെ ലോകകപ്പ് വരെ തന്നെ നായകസ്ഥാനത്ത് നിലനിര്‍ത്തണമെന്ന യൂനസിന്റെ ആവശ്യമാണ് ഉപാധികളില്ലാതെ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമായിട്ടില്ലെങ്കിലും ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ ഇന്നലെ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭട്ട് ഒരു കാര്യം വ്യക്തമാക്കി-ആരോഗ്യം അനുവദിക്കുന്ന പക്ഷം 2011 ലെ ലോകകപ്പ് വരെ പാക്കിസ്‌താന്‍ ടീമിനെ നയിക്കുക യൂനസായിരിക്കും. അദ്ദേഹം ടീമിലുണ്ടെങ്കില്‍ സ്വാഭാവികമായും മറ്റൊരു നായകന്‍ ടീമിനുണ്ടാവില്ലെന്നും ഭട്ട് പറഞ്ഞു. ടീമിലെ പ്രശ്‌നങ്ങളാണ് രാജി നല്‍കാന്‍ യൂനസിനെ പ്രേരിപ്പിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ പാക്കിസ്‌താന്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് പുറത്തായിരുന്നു. കിവീസിനെതിരായ തോല്‍വിയില്‍ പന്തയാരോപണം ഉന്നയിക്കപ്പെടുകയും പാക്കിസ്‌താന്‍ പാരലമെന്ററി കമ്മിറ്റി മുമ്പാകെ യൂനസ് ഹാജരാവുകയും ചെയ്‌ത സന്ദര്‍ഭത്തിലായിരുന്നു രാജി. തനിക്ക് നായകസ്ഥാനം വേണ്ടെന്ന് വ്യക്തമാക്കിയ യൂനസ് കപ്പിത്താന്‍പ്പട്ടം സ്വീകരിക്കാന്‍ വ്യക്തമായ രണ്ട് ഉപാധികളാണ് വെച്ചത്. 2011 ലെ ലോകകപ്പ് വരെ തന്നെ നായകസ്ഥാനത്ത് നിലനിര്‍ത്തണം. അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നതില്‍ ക്യാപ്‌റ്റന് വ്യക്തമായ പങ്കുണ്ടാവണം. അന്തിമ ഇലവന്റെ കാര്യത്തില്‍ ക്യാപ്‌റ്റനും കോച്ചിനുമായിരിക്കണം അന്തിമ തീരുമാനം. നിലവില്‍ ക്യാപ്‌റ്റന്‍, കോച്ച് എന്നിവരെ കൂടാതെ ടീം മാനേജര്‍, വൈസ് ക്യാപ്‌റ്റന്‍, ദേശീയ സെലക്ടര്‍ എന്നിവര്‍ ടീം മാനേജ്‌മെന്റിന്റെ ഭാഗമാണ്. ഇവരുമായി ആലോചിച്ചായിരിക്കും അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നത്. ഈ സങ്കീര്‍ണ്ണത ഒഴിവാക്കണമെന്ന യൂനസിന്റെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
കോച്ച് ഇന്‍ത്തികാബ് ആലത്തിന്റെ നടപടികളിലും യൂനസിന് അസംതൃപ്‌തിയുണ്ട്. അതിനാല്‍ പരിശീലക സ്ഥാനത്ത് ചിലപ്പോള്‍ മാറ്റമുണ്ടാവും. യൂനസിനെതിരെ ചരട് വലിക്കുന്ന ഷാഹിദ് അഫ്രീദി, ഷുഹൈബ് മാലിക് എന്നിവര്‍ക്കും കനത്ത ആഘാതമായിരിക്കയാണ് പി.സി.ബി തീരുമാനം. 2010 ല്‍ നടക്കുന്ന അടുത്ത 20-20 ലോകകപ്പ് വരെ ടീമിന്റെ നായകസ്ഥാനം അഫ്രീദിക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്.
ആസിഫിന് ദുബായ് വിസ നല്‍കില്ല
ലാഹോര്‍: പാക്കിസ്‌താന്റെ വിവാദ സീമര്‍ മുഹമ്മദ് ആസിഫിന് അടുത്ത മാസം നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ഏകദിന-20:20 പരമ്പരകള്‍ നഷ്ടമാവും. ന്യൂട്രല്‍ വേദികളായ ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ വെച്ചാണ് പരമ്പര നടക്കുന്നത്. യു.എ.ഇ യിലേക്ക് വരാന്‍ ആസിഫിന് അനുമതിയില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം ടീമിലുണ്ടാവില്ല. ഉത്തേജക വിവാദത്തില്‍ പെട്ട് ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട ആസിഫ് ഈയിടെയാണ് ദേശീയ ടീമില്‍ തിരിച്ചെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഒരു മല്‍സരം അദ്ദേഹം കളിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയില്‍ നടന്ന പ്രഥമ ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച് മടങ്ങവെ ദുബായ് വിമാനത്താവളത്തില്‍ കറുപ്പുമായി ആസിഫ് പിടിക്കപ്പെട്ടിരുന്നു. 19 ദിവസത്തോളം അദ്ദേഹം ജയിലിലുമായി. ഈ സംഭവത്തില്‍ പാക്കിസ്‌താന്‍ നയതന്ത്രമന്ത്രാലയം ഇടപെട്ട് അദ്ദേഹത്തെ രക്ഷപ്പെടുത്തിയെങ്കിലും യു.എ.ഇ ഭരണക്കൂടം ആസിഫിന്റെ പാസ്‌പോര്‍ട്ടില്‍ നോ എന്‍ട്രി രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കാന്‍ ഇത് വരെ ആസിഫിന് യു.എ.ഇ അനുമതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറാവില്ല.
പര്‍വേസിന് വേണ്ടി ഉമര്‍ അബ്ദുല്ല
ശ്രീനഗര്‍: ജമ്മു കാശ്‌മീര്‍ ക്രിക്കറ്റ് കാരം പര്‍വേസ് റസൂല്‍ കര്‍ണ്ണാടകയില്‍ വെച്ച് അപമാനിക്കപ്പെട്ട സംഭവത്തെ ഗുരുതരമായാണ് കാണുന്നതെന്ന് കാശ്‌മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. ഈ കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ആര്‍ക്കോ വേണ്ടി പര്‍വേസിനെ ബലിയാടാക്കിയതാണ്. ഇപ്പോള്‍ തന്നെ വേണ്ടത്ര തരത്തില്‍ കശ്‌മീരികള്‍ അപമാനിക്കപ്പെടുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ജനങ്ങളുടെ മനോവീര്യം തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റിനിടെ സ്‌ഫോടക വസ്‌തുകള്‍ കൈവശം വെച്ചു എന്ന കുറ്റമാരോപിച്ച് പര്‍വേസ് റസൂല്‍ എന്ന യുവ ക്രിക്കറ്ററെ പോലീസ് പിടികൂടിയിരുന്നു. വ്യക്തമായ പരിശോധനയില്‍ പര്‍വേസ് നിരപരാധിയാണെന്ന് തെളിഞ്ഞെങ്കിലും ഇത്തരം അപമാനിക്കല്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മധ്യസ്ഥനായി ഗില്‍
ന്യൂഡല്‍ഹി: ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയും , ഗെയിംസ് ഫെഡറേഷന്‍ സി.ഇ.ഒ മൈക് ഹൂപ്പറും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര കായിക മന്ത്രി എം. എസ് ഗില്‍ ഇടപെടുന്നു. ഈ മാസം 29 ന് ലണ്ടനില്‍ എലിസബത്ത് രാജ്ഞിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ബാറ്റണ്‍ റിലേയില്‍ പങ്കെടുക്കാന്‍ താന്‍ പോവുന്നുണ്ടെന്നും ഈ അവസരത്തില്‍ ഫെഡറേഷന്‍ തലവന്‍ മൈക് ഫെന്നലിനെ കാണുമെന്നും ഗില്‍ വ്യക്തമാക്കി. രണ്ട് ഭാഗവും കേള്‍ക്കും. ആര്‍ക്കും പരുക്കേല്‍ക്കാതെ തീരുമാനമെടുക്കും. സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചതെന്നും ഗില്‍ പറഞ്ഞു. ഹൂപ്പറിനെതിരെ കല്‍മാഡി തുറന്നടിച്ചത് വന്‍വാര്‍ത്തയും വിവാദവുമായിരുന്നു.
ഗെയിലിനെതിരെ ബോള്‍ട്ടിന്റെ സിക്‌സര്‍
ജമൈക്ക: ട്രാക്കില്‍ മാത്രമല്ല ക്രിക്കറ്റ് ക്രീസിലും തനിക്ക് തിളങ്ങാനാവുമെന്ന് തെളിയിച്ചിരിക്കുന്നു ലോകത്തിലെ അതിവേഗ ഓട്ടക്കാരനായ ഉസൈന്‍ ബോള്‍ട്ട്. കഴിഞ്ഞ ദിവസം ഇവിടെ നടന്ന ചാരിറ്റി ക്രിക്കറ്റ് മല്‍സരത്തില്‍ സെന്റ് ആന്‍ഡ്ര്യൂ ആള്‍ സ്‌റ്റാര്‍സ് ഇലവനെ നയിച്ചിറങ്ങിയ ബോള്‍ട്ട് വിന്‍ഡീസ് ക്യാപ്‌റ്റനായിരുന്ന ക്രിസ് ഗെയിലിന്റെ സംഘത്തെ ഞെട്ടിക്കുന്ന ഓള്‍റൗണ്ട് പ്രകടനമാണ് നടത്തിയത്. ക്രിസ് ഗെയിലിന്റെ പന്തില്‍ സിക്‌സര്‍ പറത്തിയ ബോള്‍ട്ട് ബൗളറായി വന്നപ്പോള്‍ ഗെയിലിന്റെ വിക്കറ്റും സ്വന്തമാക്കി. നാല് ടീമുകള്‍ പങ്കെടുത്ത 15 ഓവര്‍ ചാരിറ്റി മല്‍സരത്തിലാണ് ക്രിക്കറ്റിലും ട്രാക്കിലെയും സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്തത്. ചെറിയ പ്രായത്തില്‍ തന്നെ ക്രിക്കറ്റ് പ്രേമിയായിരുന്ന ബോള്‍ട്ട് തനിക്കിപ്പോഴും ഇഷ്‌ടപ്പെട്ട ഗെയിമാണ് ക്രിക്കറ്റെന്നും വ്യക്തമാക്കി.
100, 200 മീറ്ററുകളിലെ ലോക ചാമ്പ്യനായ ബോള്‍ട്ടായിരുന്നു ചാരിറ്റി മല്‍സരത്തിലെ ശ്രദ്ധാ കേന്ദ്രം. ഗെയിലിനെ കൂടാതെ രാം നരേഷ് സര്‍വന്‍, മുന്‍ താരം കര്‍ട്‌ലി അംബ്രോസ് തുടങ്ങിയവരെല്ലാം പങ്കെടുത്ത മല്‍സരങ്ങള്‍ ആസ്വദിക്കാനെത്തിയവര്‍ക്ക് മുമ്പിലാണ് ബോള്‍ട്ട് സിക്‌സര്‍ പായിച്ചത്. തന്റെ ഏറ്റവും മികച്ച ഷോട്ട് അതായിരുന്നുവെന്ന് ബോള്‍ട്ട് പറഞ്ഞു. പത്ത് പന്തില്‍ നിന്ന് 13 റണ്‍സ് നേടിയ ബോള്‍ട്ട് റണ്ണൗട്ടാവുകയായിരുന്നു. ഗെയിലിന്റെ ടീം ബാറ്റിംഗിന് വന്നപ്പോള്‍ തുടക്കത്തില്‍ തന്നെ താന്‍ ഗെയിലിന് മുന്നറിയിപ്പ് നല്‍കിയതായി ബോള്‍ട്ട് പറഞ്ഞു. എന്നാല്‍ അദ്ദേഹം അത് കാര്യമാക്കിയില്ല. എന്റെ പേസില്‍ അദ്ദേഹം വീഴുകയും ചെയ്‌തു-വഖാര്‍ യൂനസ് എന്ന പാക് സീമറെ ഇഷ്ടപ്പെടുന്ന ബോള്‍ട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
No comments:
Post a Comment