Thursday, October 29, 2009

SUPER VIVA

കോഴിക്കോട്‌: വിവ വിവയായി......... ആദ്യ മൂന്ന്‌ മല്‍സരങ്ങളില്‍ ഗോളടിക്കാന്‍ മറന്ന വിവ കേരള ഇന്നലെ നേടിയത്‌ നാല്‌ ഗോളുകള്‍.... ഗോവയില്‍ നിന്നെത്തിയ സ്‌പോര്‍ട്ടിംഗിനെ 2-4 ന്‌ തകര്‍ത്ത്‌ ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ ആദ്യ വിജയവും മൂന്ന്‌ പോയന്റും സ്വന്തമാക്കിയപ്പോള്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ സാക്ഷികളായെത്തിയത്‌ പതിനാറായിരത്തോളം പേര്‍..... ഘാനക്കാരന്‍ റൂബന്‍ സന്യാവോ കളം നിറഞ്ഞ മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടാനായത്‌ മാത്രമായി സ്‌പോര്‍ട്ടിംഗിന്റെ നേട്ടം. ഇരുപത്തിനാലുകാരനായ റൂബന്‍ നേടിയ രണ്ട്‌്‌ തകര്‍പ്പന്‍ ഗോളുകളും സിറാജുദ്ദിനും അനീഷും നേടിയ അവസരവാദ ഗോളുകളും വിവക്ക്‌ കരുത്തായി മാറിയപ്പോള്‍ സന്തോഷത്തില്‍ കോച്ച്‌ ഏ.എം ശ്രീധരന്‍ പറഞ്ഞു-ഇനി ഞങ്ങള്‍ ജയിക്കും. കഴിഞ്ഞ മല്‍സരങ്ങളില്ലെല്ലാം ഗോളടിക്കാന്‍ മറന്ന വിവ ഇന്നലെയും തുടക്കത്തില്‍ ഗോള്‍ വഴങ്ങിയപ്പോള്‍ പതിവ്‌ ചിത്രമാവുമെന്നാണ്‌ കരുതിയത്‌. പക്ഷേ റൂബനും ക്യാപ്‌റ്റന്‍ സക്കീറും ബെല്ലോ റസാക്കും ചാള്‍സ്‌ ഡിസയും അവസരത്തിനൊത്തുയര്‍ന്ന ദിനത്തില്‍ കളി കാണാനെത്തിയവര്‍ നിരാശരായില്ല...
നാലാം മിനുട്ടിലായിരുന്നു മല്‍സരത്തിലെ ആദ്യ ഗോള്‍. ചിരാഗിനെതിരായ മല്‍സരത്തിലെന്ന പോല വിവ ഡിഫന്‍സ്‌ നിലയുറപ്പിക്കും മുമ്പ്‌ പന്ത്‌ വലയിലെത്തിയ കാഴ്‌ച്ച എല്ലാവരെയും നിരാശപ്പെടുത്തി. വലത്‌ വിംഗിലുടെ ഓടിക്കയറിയ സ്‌പോര്‍ട്ടിംഗ്‌ ക്യാപ്‌റ്റന്‍ ബിബിയാനോ ഫെര്‍ണാസിന്റെ മികവിനേക്കാള്‍ വിവ ഗോള്‍ക്കീപ്പര്‍ ഷാഹിന്‍ലാലിന്റെ പിഴവാണ്‌ ടീമിനെ ചതിച്ചത്‌. ഗോള്‍ക്കീപ്പര്‍ അഡ്വാന്‍സ്‌ ചെയ്‌തപ്പോള്‍ വല ഒഴിഞ്ഞ്‌ കിടന്നു. ബിബിയാനോയുടെ ഷോട്ട്‌ എതിര്‍പ്പില്ലാതെ വലയിലെത്തി. ചിരാഗിനെതിരായ മല്‍സരത്തിലും ഇതേ പിഴവായിരുന്നു വിവയെ തോല്‍പ്പിച്ചത്‌. ഗോള്‍ക്കീപ്പര്‍ അഡ്വാന്‍സ്‌ ചെയ്‌തപ്പോള്‍ വല സംരക്ഷിക്കാന്‍ ആരുമില്ലാതെ വന്നു. ഈ അവസരമാണ്‌ ജോഷിമര്‍ ഉപയോഗപ്പെടുത്തിയത്‌.
പതിമൂന്ന്‌ മിനുട്ട്‌ കാത്തുനില്‍ക്കേി വന്നു വിവയുടെ സമനില ഗോള്‍ കാണാന്‍. പതിനഞ്ചാം നമ്പറുകാരന്‍ കര്‍മ്മയാണ്‌ ഗോള്‍നീക്കത്തിന്‌ തുടക്കമിട്ടത്‌. കാണികളുടെ ആരവത്തില്‍ കര്‍മയില്‍ നിന്നും പന്ത്‌ പന്ത്‌ പാട്രിക്‌ ശിശുപാലിന്‌. ര്‌ സ്‌പോര്‍ട്ടിംഗ്‌ ഡിഫന്‍ഡര്‍മാര്‍ക്കിടയിലുടെ പന്ത്‌ ക്യാപ്‌റ്റന്‍ എം.പി സക്കീറിലെത്തി. നായകന്‍ നല്‍കിയ ത്രൂപാസ്‌ സ്വീകരിച്ച പത്താം നമ്പറുകാരന്‍ റൂബന്‍ സന്യാവോയുടെ തകര്‍പ്പന്‍ ഷോട്ടില്‍ സ്‌പോര്‍ട്ടിംഗ്‌ ഗോള്‍ക്കീപ്പര്‍ ഫെലിക്‌സ്‌ ഡിസൂസ നിസ്സഹായനായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ വിവ നേടുന്ന ആദ്യ ഗോളായിരുന്നു ഇത്‌. നേരത്തെ കളിച്ച മൂന്ന്‌ മല്‍സരങ്ങളില്‍ നിന്നായി അഞ്ച്‌ ഗോളുകള്‍ വാങ്ങിയ ശേഷമുള്ള ആദ്യ സ്വന്തം ഗോളില്‍ ഗ്യാലറികള്‍ ഇളകി മറിഞ്ഞു. പതിമൂന്നായിരത്തോളം പേര്‍ നിറഞ്ഞ സ്റ്റേഡിയത്തിലെ ആരവങ്ങളില്‍ താമസിയാതെ വിവ ലീഡും നേടി. പരുക്കില്‍ നിന്നും മുക്തനായി വന്ന ഏഴാം നമ്പറുകാരന്‍ സിറാജുദ്ദിനായിരുന്നു സ്‌ക്കോറര്‍.
സക്കീറിന്റെ കഠിനാദ്ധ്വാനത്തില്‍ പന്ത്‌ കര്‍മ്മക്ക്‌. ഇടത്‌ വിംഗില്‍ നിന്നും അദ്ദേഹത്തിന്റെ മനോഹരമായ ക്രോസ്‌ സിറാജ്‌ ഭംഗിയായി കണക്ട്‌ ചെയ്‌തു. ഫാറുഖ്‌ കോളജ്‌ ടീം വഴി വിവയിലെത്തിയ കോട്ടക്കല്‍ സ്വദേശിയുടെ മികവില്‍ പിന്നെ കാണാനായത്‌ വിവയുടെ സമ്മര്‍ദ്ദമായിരുന്നു. പക്ഷേ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല.
രണ്ടാം പകുതിയില്‍ സിറാജിന്‌ പകരം മുഹമ്മദ്‌ മര്‍സൂക്കാണ്‌ കളിച്ചത്‌. പക്ഷേ ഗോള്‍ തിരിച്ചടിക്കാനുള്ള സ്‌പോര്‍ട്ടിംഗ്‌ തന്ത്രങ്ങളില്‍ മല്‍സരം വിവയുടെ ഹാഫില്‍ മാത്രമായി. ഡിഫന്‍സില്‍ മികവ്‌ പ്രകടിപ്പിച്ച ബെല്ലോ റസാക്കും ചാള്‍സ്‌ ഡിസയും പതറിയില്ല. ആദ്യ പകുതിയില്ലെന്ന പോലെ അവര്‍ പരസ്‌പര ഒത്തിണക്കത്തില്‍ കളിച്ചപ്പോള്‍ നതാനില്‍ അമോസ, ജോസഫ്‌ പെരേര എന്നിവരുടെ ശ്രമങ്ങള്‍ പാഴായി. സ്‌പോര്‍ട്ടിംഗ്‌ സമ്മര്‍ദ്ദം ചെലുത്തവെ അവരുടെ വലയില്‍, കളിയുടെ ഗതിക്ക്‌ വിപരീതമായി ഗോളെത്തി. അറുപത്തിമൂന്നാം മിനുട്ടില്‍ റൂബന്‍ സന്യാവോ കുതിച്ചു കയറിയത്‌ കാര്യമായി എതിര്‍പ്പില്ലാതെ. പെനാല്‍ട്ടി ബോക്‌സിന്‌ പുറത്ത്‌ നിന്ന്‌ അദ്ദേഹം പായിച്ച തകര്‍പ്പന്‍ ഷോട്ട്‌ ഗോള്‍ക്കീപ്പര്‍ക്ക്‌ കൈകള്‍ക്കൂള്ളില്‍ നിയന്ത്രിക്കാനായില്ല. ഡിഫളക്ട്‌ ചെയ്‌ത പന്ത്‌ തൃശുരുകാരന്‍ അനീഷിന്റെ തലയില്‍ നിന്നും വലയിലെത്തി. അടുത്ത മിനുട്ടില്‍ സന്യാവോ നാലാം ഗോളും നേടിയെന്ന്‌ തോന്നി. സക്കീറില്‍ നിന്നും സ്വീകരിച്ച പന്തുമായി വലത്‌ വിംഗില്‍ നിന്നും അദ്ദേഹം നല്‍കിയ ക്രോസ്‌ ഇഞ്ചുകളുടെ വിത്യാസത്തില്‍ അകന്നു. പിറകെ സക്കീറിന്റെ ഷോട്ടും സന്യാവോയുടെ വോളിയും പുറത്തായപ്പോള്‍ സ്‌പോര്‍ട്ടിംഗ്‌ രക്ഷപ്പെടുകയായിരുന്നു. തിരിച്ചടിക്കാനുള്ള അവരുടെ മോഹങ്ങള്‍ക്ക്‌ അതിനിടെ ചിറക്‌ വന്നു. വിവ ബോക്‌സിലെ കൂട്ടപൊരിച്ചിലില്‍ തട്ടിമുട്ടി സ്‌പോര്‍ട്ടിംഗ്‌ മധ്യനിരക്കാരന്‍ മൈക്കല്‍ തായോ പന്ത്‌ വലയിലാക്കി. 2-3 ല്‍ ഒരു ഗോള്‍ കൂടി എന്ന ലക്ഷ്യത്തിലേക്ക്‌ സ്‌പോര്‍ട്ടിംഗ്‌്‌ ഗോള്‍ക്കീപ്പര്‍ ഉള്‍പ്പെടെയുളളവര്‍ കയറിയപ്പോള്‍ വിവ നാലാം ഗോളും മല്‍സരവും ഉറപ്പാക്കി. റൂബന്റെ മികവാണ്‌ അവസാന ഗോളില്‍ പ്രതിഫലിച്ചത്‌. മധ്യവരയോളം കടന്നുകയിറയ സ്‌പോര്‍ട്ടിംഗ്‌ ഗോള്‍ക്കീപ്പര്‍ ഫെലിക്‌സ്‌ ഡിസൂസയുടെ അഹങ്കാരത്തിന്‌ സുന്ദരമായ പ്ലേസിംഗ്‌ ഷോട്ടിലുളള മറുപടി.
മാന്‍ ഓഫ്‌ ദ മാച്ചിനെ തെരഞ്ഞെടുക്കാന്‍ മുഹമ്മദ്‌ നജീബ്‌, പ്രേംനാഥ്‌ ഫിലിപ്പ്‌, യു.ഷറഫലി എന്നിവരടങ്ങുന്ന പാനലിന്‌ പ്രയാസപ്പെടേണ്ടി വന്നില്ല-റൂബന്‍. അടുത്ത മല്‍സരം തിങ്കളാഴ്‌ച്ച ഇന്ത്യന്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയ നയിക്കുന്ന ഈസ്റ്റ്‌ ബംഗാളുമായി.

തേര്‍ഡ്‌
ഗോളുകളാണ്‌ ഫുട്‌ബോളിനെ പ്രിയങ്കരമാക്കുന്നത്‌... ആസ്വാദനത്തിന്റെ ഉന്നത തലങ്ങളിലേക്ക്‌ കാല്‍പ്പന്ത്‌ കളി മാറുന്നതും വലയിലേക്ക്‌ പന്ത്‌ എത്തുമ്പോള്‍... ഐ ലീഗില്‍ ഇന്നലെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ പിറന്നത്‌ ആറ്‌ ഗോളുകള്‍.... വിരസമായിട്ടും മല്‍സരത്തിന്‌ ജീവന്‍ നല്‍കിയത്‌ ഈ ഗോളുകളായിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്നവര്‍ക്ക്‌ സ്വപ്‌ന തുല്യമായ ഗോളുകള്‍ കാണാം. ഇന്ത്യന്‍ ഫുട്‌ബോളിലെ ഗോളുകള്‍ക്ക്‌ സൗന്ദര്യ ശാസ്‌ത്രത്തില്‍ ഇടമുണ്ടാവില്ല. വിവയുടെ ഇത്‌ വരെയുള്ള പ്രശ്‌നം ഗോളടിക്കാന്‍ ആരുമില്ലാത്തതായിരുന്നില്ല-ഗോളടിക്കാന്‍ അവര്‍ക്ക്‌ കഴിയാത്തതായിരുന്നു. ഇന്നലെ സ്വന്തമാക്കിയ വിജയത്തിനൊപ്പം, നേടാനായ ഗോളുകളും ടീമിന്‌ നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. താരങ്ങളുടെ മികവല്ല, ദിവസം നല്‍കുന്ന ഊര്‍ജ്ജമാണ്‌ കളിയിലെ കണക്കുകള്‍ മാറ്റിമറിക്കുന്നത്‌. ഘാനക്കാരനായ റൂബന്‍ സന്യാവോ വിവയുടെ എല്ലാ മല്‍സരങ്ങളിലും കളിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്നലെ കളിക്കൊപ്പം ഗോളുകളും അദ്ദേഹത്തെ തേടിയെത്തി. തര്‍ക്കമില്ലാതെ പറയാം-മല്‍സരത്തിലെ താരം റൂബന്‍ തന്നെ. അദ്ദേഹം സ്വന്തമാക്കിയ വിവയുടെ നാലാം ഗോള്‍ മാത്രം മതി ആ താരത്തിലെ ക്ലാസ്‌ വ്യക്തമാവാന്‍. ഗോള്‍ക്കീപ്പര്‍ മൂന്നോട്ട്‌ കയറിയ സന്ദര്‍ഭത്തില്‍ മധ്യവരക്ക്‌ അരികില്‍ നിന്നുമുള്ള പ്ലേസിംഗ്‌ ഷോട്ട്‌ ലക്ഷ്യം തെറ്റാതെ വലയിലെത്തി. ആഫ്രിക്കന്‍ താരങ്ങളുടെ സവിശേഷത അവരുടെ സ്റ്റാമിനയാണ്‌. ഒരു ഘട്ടത്തിലും അവര്‍ തളരുന്നില്ല. റൂബനും ബെല്ലോ റസാക്കും ചാള്‍സ്‌ ഡിസയും എണ്ണയിട്ട യന്ത്രങ്ങളെ പോലെയായിരുന്നു.
സ്‌പോര്‍ട്ടിംഗ്‌്‌ നായകന്‍ ബിബിയാനോ നേടിയ മല്‍സരത്തിലെ ആദ്യ ഗോള്‍ രസകരമായിരുന്നില്ല. പക്ഷേ റൂബന്‍ നേടിയ വിവയുടെ ആദ്യ ഗോള്‍ സുന്ദരമായിരുന്നു. ശരിക്കും മാജിക്‌ ടച്ചുള്ള ഗോള്‍. സിറാജ്‌ നേടിയ വിവയുടെ രണ്ടാം ഗോളും മനോഹരമായിരുന്നു. അനീഷിന്റെ മൂന്നാം ഗോള്‍ ശരാശരിയായിരുന്നെങ്കില്‍ റൂബന്റെ നാലാം ഗോളാണ്‌ കാണികള്‍ക്ക്‌്‌ ശരിക്കും വിരുന്നായത്‌. ഒരൊറ്റ മല്‍സരത്തിലെ തകര്‍പ്പന്‍ വിജയത്തിലുടെ വിവക്ക്‌ ലഭിച്ചിരിക്കുന്നത്‌ മൂന്ന്‌ പോയന്റ്‌്‌ മാത്രമല്ല, ചാമ്പ്യന്‍ഷിപ്പില്‍ പൊരുതാനുള്ള ഊര്‍ജ്ജമാണ്‌. മൂന്ന്‌ കളികളില്‍ ഗോളടിക്കാന്‍ മറന്നവര്‍ ഒരൊറ്റ മല്‍സരത്തില്‍ നേടിയത്‌ നാല്‌ ഗോളുകള്‍. അതും തായ്‌ലാന്‍ഡില്‍ നിന്നുമെത്തിയ മുന്‍നിരക്കാരന്‍ വിസൂതിനെ കൂടാതെ. അടുത്ത മല്‍സരത്തില്‍ നിറം മങ്ങിയ ഈസ്‌റ്റ്‌ ബംഗാളാണ്‌ വിവയുടെ പ്രതിയോഗികള്‍. ഇന്ത്യന്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയ കളിക്കുന്ന ടീമാണെങ്കിലും കൊല്‍ക്കത്തക്കാര്‍ക്ക്‌ പഴയ പ്രതാപമില്ല. പക്ഷേ വിവക്ക്‌ വലിയ പ്രശ്‌നമാവുക നായകന്‍ സക്കീറിന്റെ അഭാവമായിരിക്കും. തുടര്‍ച്ചയായി രണ്ട്‌ കളികളില്‍ മഞ്ഞകാര്‍ഡ്‌ കണ്ട സക്കീറിന്‌ അടുത്ത മല്‍സരം പുറത്തിരിക്കേി വരും.
ഇനി കളി മാറുമെന്ന കാര്യത്തില്‍ സംശയമില്ല...ഗോളടിക്കാന്‍ വിവ പഠിച്ചിരിക്കുന്നു. അവരെ തുണക്കാന്‍ വലിയ ജനക്കൂട്ടവുമുണ്ടാവും-പ്രതീക്ഷകളോടെ തിങ്കളാഴ്‌ച്ചക്കായി കാത്തിരിക്കാം.

സക്കീര്‍ പുറത്ത്‌
കോഴിക്കോട്‌: സ്‌പോര്‍ട്ടിംഗ്‌ ഗോവക്കെതിരായ 2-4 ന്റെ തകര്‍പ്പന്‍ ജയത്തിലും വിവ ക്യാമ്പില്‍ നിരാശ. ഈസ്‌റ്റ്‌ ബംഗാളിനെതിരായ അടുത്ത മല്‍സരത്തില്‍ അവരുടെ പ്ലേ മേക്കറും നായകനുമായ എം.പി സക്കീറിന്‌ കളിക്കാനാവില്ല. രണ്ട്‌ കളികളില്‍ മഞ്ഞക്കാര്‍ഡ്‌ കണ്ട സക്കീര്‍ ഈസ്റ്റ്‌ ബംഗാളിനെതിരെ തിങ്കളാഴ്‌ച്ച നടക്കുന്ന മല്‍സരത്തില്‍ പുറത്തിരിക്കണം. ചിരാഗ്‌ യുനൈറ്റഡിനെതിരായ മല്‍സരത്തില്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട സക്കീറായിരുന്നു ഇന്നലെയും കളം നിറഞ്ഞത്‌. റൂബന്‍ സന്യാവോ നേടിയ രണ്ട്‌ ഗോളുകള്‍ക്ക്‌ അവസരമൊരുക്കിയത്‌ സക്കീറായിരുന്നു.
കളി മാറുമെന്ന്‌ ശ്രീധരന്‍
കോഴിക്കോട്‌: തകര്‍പ്പന്‍ വിജയം വഴി വിവയുടെ കളി മാറുമെന്ന്‌ കോച്ച്‌ ഏ.എം ശ്രീധരന്‍. നാല്‌ ഗോളുകളാണ്‌ നേടാനായത്‌. എല്ലാം മികച്ച ഗോളുകള്‍. സ്‌പോര്‍ട്ടിംഗ്‌ ഗോവ മാരകമായ കളി പുറത്തെടുത്തിട്ടും തന്റെ താരങ്ങള്‍ നിലവാരം നിലനിര്‍ത്തിയാണ്‌ കളിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. അടുത്ത മല്‍സരത്തില്‍ സക്കീര്‍ ഇല്ലാത്തത്‌ തിരിച്ചടിയാണ്‌. പക്ഷേ തായ്‌ലാന്‍ഡുകാരന്‍ വിസുത്‌ ഉള്‍പ്പെടെയുളളവര്‍ക്ക്‌ കളിക്കാനാവുമെന്ന്‌ ശ്രീധരന്‍ പറഞ്ഞു. ടീമിന്റെ ആദ്യ വിജയത്തില്‍ വിവ ചെയര്‍മാന്‍ ഭാസ്‌ക്കരനും സെക്രട്ടറി ലിയാഖത്ത്‌ അലിയും സന്തോഷം പ്രകടിപ്പിച്ചു.

ബഗാന്‍ ജയിച്ചു, ഈസ്റ്റ്‌ ബംഗാളിന്‌ സമനില
കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്‍ മോഹന്‍ ബഗാന്‍ 2-1ന്‌ ലാജോംഗ്‌ എഫ്‌.സി ഷില്ലോംഗിനെ കീഴടക്കിയപ്പോള്‍ പരിശീലകനില്ലാതെ തപ്പിതടയുന്ന ഈസ്റ്റ്‌ ബംഗാളിനെ സാല്‍ഗോക്കര്‍ 1-1 ല്‍ തളച്ചു. ആവേശകരമായിരുന്നു ലാജോംഗ്‌-ബഗാന്‍ മല്‍സരം. ഗോള്‍ പിറക്കാതിരുന്ന ആദ്യ പകുതിക്ക്‌ ശേഷം ഐബര്‍ കോന്‍ജി ഷില്ലോംഗിനെ മുന്നിലെത്തിച്ചു. പക്ഷേ പത്ത്‌ മിനുട്ടിനകം ചിദി എദ്ദെ ബഗാന്‌ സമനില സമ്മാനിച്ചു. മൂന്ന്‌ മിനുട്ടിന്‌ ശേഷം എണ്ണം പറഞ്ഞ ഫ്രികിക്കില്‍ മാര്‍ക്കോസ്‌ അലക്‌സാണ്ടറോ പെരേര ബഗാന്റെ വിജയമുറപ്പിച്ചു. പോയന്റ്‌്‌ ടേബിളില്‍ ഇപ്പോഴും ഡെംപോ തന്നെയാണ്‌ മുന്നില്‍. അഞ്ച്‌ കളികളില്‍ നിന്ന്‌ അവര്‍ക്ക്‌ 11 പോയന്റുണ്ട്‌. വിജയത്തോടെ ബഗാന്‍ നാലാം സ്ഥാനത്തേക്ക്‌ വന്നപ്പോള്‍ ഇത്‌ വരെ അവസാന സ്ഥാനത്തായിരുന്ന വിവ കേരള മൂന്ന്‌ പോയന്റുമായി പതിമൂന്നിലെത്തി.

ബാറ്റണ്‍ ഇന്ത്യക്ക്‌
ലണ്ടന്‍: ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ കൗണ്ട്‌ ഡൗണ്‍ തുടങ്ങി..... ബക്കിംഗ്‌ഹാം പാലസില്‍ ഇന്നലെ നടന്ന ചടങ്ങില്‍ ക്യൂന്‍സ്‌ ബാറ്റണ്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ എലിസബത്ത്‌ രാഞ്‌ജിയില്‍ നിന്നും സ്വീകരിച്ചു. ബാറ്റണ്‍ റിലേ ആരംഭിച്ചതോടെ ഗെയിംസിന്റെ ഒരുക്കങ്ങള്‍ ധ്രുതഗതിയിലായി. ബക്കിംഗ്‌ഹാം പാലസില്‍ നിന്നും രാഷ്ട്രപതി സ്വീകരിച്ച ബാറ്റണ്‍ പിന്നീട്‌ ഇന്ത്യന്‍ കായികരംഗത്തെ പ്രമുഖരിലുടെ മുന്നേറി. ഒളിംപിക്‌സ്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവ്‌ അഭിനവ്‌ ബിന്ദ്ര, ബോക്‌സര്‍ വിജേന്ദര്‍ സിംഗ്‌, ഗുസ്‌തിക്കാരന്‍ സുശീല്‍ കുമാര്‍, ടെന്നിസ്‌ താരം സാനിയ മിര്‍സ, മുന്‍ ഇതിഹാസം മില്‍ഖാ സിംഗ്‌, ക്രിക്കറ്റര്‍ കപില്‍ദേവ്‌, ഹോക്കി താരം ദിലിപ്‌ ടിര്‍ക്കെ, വെയ്‌്‌റ്റ്‌ ലിഫ്‌ടര്‍ കര്‍ണ്ണം മല്ലേശ്വരി തുടങ്ങിയവര്‍ റിലേയില്‍ പങ്കെടുത്തു.

No comments: