Tuesday, October 6, 2009

USHA HUMILIATED

പാക്കിസ്‌താനില്‍ വീണ്ടും പന്തയവിവാദം
കറാച്ചി: പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ വീണ്ടും പന്തയവിവാദത്തിന്റെ ദുര്‍ഗന്ധം...! പ്രതിക്കൂട്ടില്‍ ക്യാപ്‌റ്റന്‍ യൂനസ്‌ഖാനും കോച്ച്‌ ഇന്‍ത്തികാബ്‌ ആലവുമാണ്‌. ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്‌ എന്നിവരോട്‌ തോറ്റത്‌ മനപൂര്‍വ്വമാണെന്നാണ്‌ ആരോപണം. പാക്കിസ്‌താന്‍ പാര്‍ലമെന്ററി സംഘത്തിന്റെ തലവന്‍ ജാംഷദ്‌ഖാന്‍ ദസ്‌തിയാണ്‌ ടീമിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്‌. ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവനെയും ടീം ക്യാപ്‌റ്റനെയും പാര്‍ലമെന്റ്‌്‌ മുമ്പാകെ കൊണ്ടുവരുമെന്ന രാവിലെ മുന്നറിയിപ്പ്‌്‌്‌ നല്‍കിയ അദ്ദേഹം പക്ഷേ തന്റെ പ്രസ്‌താവന വൈകീട്ട്‌്‌ പിന്‍വലിച്ചിട്ടുണ്ട്‌. പ്രാഥമിക ഗ്രൂപ്പിലെ അവസാന മല്‍സരത്തല്‍ ഓസ്‌ട്രേലിയക്കെതിരെ അവസാന പന്തിലാണ്‌ പാക്കിസ്‌താന്‍ രണ്ട്‌ വിക്കറ്റിന്‌ പരാജയപ്പെട്ടത്‌. ഈ മല്‍സരത്തില്‍ പാക്കിസ്‌താന്‍ ജയിച്ചിരുന്നെങ്കില്‍ ഗ്രൂപ്പില്‍ നിന്ന്‌ പാക്കിസ്‌താനൊപ്പം ഇന്ത്യയും സെമി ഫൈനലില്‍ പ്രവേശിക്കുമായിരുന്നു. ഇന്ത്യയെ പുറത്താക്കാന്‍ യൂനസ്‌ഖാനും സംഘവും ബോധപൂര്‍വ്വം തോല്‍വി സമ്മതിക്കുകയായിരുന്നു എന്ന ആരോപണത്തെക്കാള്‍ ഗുരുതരമാണ്‌ സെമിയില്‍ ന്യൂസിലാന്‍ഡിനോടേറ്റ തോല്‍വിയിലെ ചിത്രം. വ്യക്തമായ വിജയസാധ്യതയുണ്ടായിരുന്ന ഈ മല്‍സരത്തില്‍ യൂനസ്‌ഖാന്‍ എളുപ്പമായ ഒരു ക്യാച്ച്‌ വിട്ടതാണ്‌ സംശയത്തിന്‌ ബലമേകുന്നത്‌. കിവി ടീമിന്റെ വിജയശില്‍പ്പിയായി പിന്നീട്‌ മാറിയ ഗ്രാന്‍ഡ്‌ എലിയട്ട്‌ നല്‍കിയ അവസരമാണ്‌ യുനസ്‌ വിട്ടുകളഞ്ഞത്‌. പാക്കിസ്‌താന്‍ ടീം ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുത്ത അവസരത്തെ ചൊല്ലിയും ഭിന്നാഭിപ്രായമുണ്ട്‌. 45 മുതല്‍ 50 വരെയുളള അഞ്ച്‌ ഓവറുകളിലാണ്‌ ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുത്തത്‌. ഈ ഘട്ടത്തില്‍ മുഖ്യ ബാറ്റ്‌സ്‌മാന്മാര്‍ ആരും ക്രീസിലുണ്ടായിരുന്നില്ല. പ്രതീക്ഷിക്കപ്പെട്ട റണ്‍സ്‌ നേടാനും ടീമിനായില്ല. പാക്കിസ്‌താന്‍ ബാറ്റ്‌ ചെയ്യുമ്പോള്‍ ഉമര്‍ അക്‌മലിനെ അമ്പയര്‍ സൈമണ്‍ ടഫല്‍ സംശയകരമായ സാഹചര്യത്തില്‍ പുറത്താക്കിയത്‌ മാറ്റിനിര്‍ത്തിയാല്‍ ടീമിന്റെ തോല്‍വിക്ക്‌ കാരണം മുഖ്യതാരങ്ങള്‍ തന്നെയാണെന്നാണ്‌ പാര്‍ലമെന്ററി സംഘത്തലവന്‍ പറയുന്നത്‌.
ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ ടീം തോറ്റത്‌ വ്യക്തമായ ലക്ഷ്യത്തിലേക്കായിരുന്നുവെന്ന്‌ ജാംഷദ്‌ ഖാന്‍ ആരോപിക്കുന്നു. ടീം അവരുടെ കരുത്തിനനുസൃതമായി കളിച്ചില്ല. ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ ജയിക്കാനായിരുന്നില്ല ടീം കളിച്ചത്‌. തോല്‍ക്കാനായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ക്യാപ്‌റ്റനെയും കോച്ചിനെയും പുറത്താക്കിയതായും അതിനിടെ വാര്‍ത്തയുണ്ടായിരുന്നു.
പാക്കിസ്‌താന്‍ ടീമില്‍ പ്രശ്‌്‌നങ്ങള്‍ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്‌. യൂനസ്‌ഖാനെതിരെ പലരും ക്രിക്കറ്റ്‌ ബോര്‍ഡിന്‌ പരാതി നല്‍കിയതായും പറയപ്പെടുന്നു. ഇന്‍സമാമുല്‍ഹഖ്‌ 2007 ലെ ലോകകപ്പിന്‌ ശേഷം വിരമിച്ചപ്പോള്‍ നായകനാവാന്‍ നിയോഗിക്കപ്പെട്ട യൂനസ്‌ തനിക്ക്‌ ക്യാപ്‌റ്റന്‍സി വേണ്ടെന്ന്‌ പറഞ്ഞതും സ്ഥാനം സ്വീകരിക്കാതിരുന്നതും വലിയ വിവാദമായിരുന്നു. തുടര്‍ന്ന്‌ ഷുഹൈബ്‌ മാലിക്കിനെയാണ്‌ രണ്ട്‌ വര്‍ഷത്തേക്ക്‌ ക്യാപ്‌റ്റനാക്കിയത്‌. ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പിന്‌ തൊട്ട്‌ മുമ്പാണ്‌ മാലിക്കിനെ മാറ്റി പകരം യൂനസിനെ നായകനാക്കിയത്‌. ലോകകപ്പില്‍ പാക്കിസ്‌താന്‍ ടീം കിരീടം സ്വന്തമാക്കിയപ്പോള്‍ യൂനസ്‌ വാഴ്‌ത്തപ്പെട്ടു. എന്നാല്‍ 20-20 ക്രിക്കറ്റിലേക്ക്‌ താനില്ലെന്ന്‌ വ്യക്തമാക്കി വാര്‍ത്തയില്‍ വന്ന യൂനസ്‌ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിക്കായി ദക്ഷിണാഫ്രിക്കയിലേക്ക്‌ പുറപ്പെടും മുമ്പ്‌ പറഞ്ഞത്‌ കൊല്ലപ്പെട്ട മുന്‍ കോച്ച്‌ ബോബ്‌ വൂള്‍മര്‍ക്കായി കപ്പ്‌ സ്വന്തമാക്കുമെന്നാണ്‌.
എന്നാല്‍ ഇന്നലെ കറാച്ചിയില്‍ തിരിച്ചെത്തിയ യൂനസ്‌ പാക്കിസ്‌താന്റെ സെമി ഫൈനല്‍ തോല്‍വിയില്‍ അതിയായ നിരാശ പ്രകടിപ്പിച്ചു. ന്യൂസിലാന്‍ഡിനെതിരായ സെമിയില്‍ ആ ക്യാച്ച്‌ നിലത്തുപോയത്‌ ജീവിതത്തില്‍ മറക്കാന്‍ കഴിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. സെമിയില്‍ തോറ്റതിന്‌ പല കാരണങ്ങളുമുണ്ടായിരുന്നു. അതിലൊന്ന്‌ ഞാന്‍ വിട്ട ക്യാച്ചായിരുന്നു. പിന്നെ റണ്ണൗട്ട്‌ അവസരങ്ങള്‍ പലതും കിട്ടി. അതും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. രാജ്യത്തിന്‌ വിലയേറിയ കിരീടം സമ്മാനിക്കാന്‍ കൊതിച്ച ടീമിന്‌ അത്‌ കഴിയാത്തതില്‍ വലിയ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും സംഭവം ഗുരുതരമായി തന്നെ ഐ.സി.സിയുടെ പന്തയവിരുദ്ധ വിഭാഗം കണ്ടിട്ടുണ്ട്‌. അവര്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്‌. യൂനസ്‌ നിലത്തിട്ട ആ ക്യാച്ച്‌ പണം വാങ്ങിയാണോ എന്നതാണ്‌ ഉത്തരമില്ലാത്ത ചോദ്യം. ഈ മാസം 13 ന്‌ സംഭവത്തില്‍ പാക്കിസ്‌താന്‍ ടീം മാനേജ്‌മെന്റ്‌്‌ പാക്കിസ്‌താന്‍ സെനറ്റിന്‌ മുന്നില്‍ വിശദീകരണവും നല്‍കണം.

അഫ്രീദി യൂനസിനെതിരെ
കറാച്ചി: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ സെമിയില്‍ ന്യൂസിലാന്‍ഡിനെതിരെ പാക്കിസ്‌താന്‍ പരാജയപ്പെടാന്‍ കാരണം ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുത്തതിലെ വീഴ്‌ച്ചയാണെന്നാരോപിച്ച്‌ ഷാഹിദ്‌ അഫ്രീദി ടീമിന്റെ നായകന്‍ യൂനസ്‌ഖാനെതിരെ പരോക്ഷമായി രംഗത്ത്‌ വന്നു. കഴിഞ്ഞ ദിവസം ടീം നാട്ടില്‍ തിരിച്ചെത്തിയ വേളയിലാണ്‌ അഫ്രീദി നായകനെതിരെ തിരിഞ്ഞത്‌. മല്‍സരത്തിലെ അമ്പയറിംഗ്‌ മോശമായിരുന്നു. പാക്കിസ്‌താന്‍ ടീമിന്റെ പ്രകടനവും നിലവാരത്തില്‍ വന്നില്ല. ബാറ്റിംഗ്‌ പവര്‍ പ്ലേ അവസാന ഓവറുകളിലാണ്‌ തെരഞ്ഞെടുത്തത്‌. ഈ ഘട്ടത്തില്‍ അംഗീകൃത ബാറ്റ്‌സ്‌മാന്മാര്‍ ആരും ക്രീസിലുണ്ടായിരുന്നില്ല. 35 റണ്‍സാണ്‌ ബാറ്റിംഗ്‌ പവര്‍ പ്ലേയില്‍ ടീമിന്‌ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്‌. അതേ സമയം ബാറ്റിംഗ്‌ പവര്‍ പ്ലേ വ്യക്തമായി ഉപയോഗപ്പെടുത്തിയാണ്‌ കിവീസ്‌ വിജയിച്ചതെന്നും അഫ്രീദി പറഞ്ഞു. പാക്കിസ്‌താന്‍ ടീമിലെ പിണക്കങ്ങളുടെ തുടര്‍ക്കഥയായാണ്‌ അഫ്രീദിയുടെ അഭിപ്രായത്തെ ക്രിക്കറ്റ്‌ ലോകം കാണുന്നത്‌. പാക്കിസ്‌താന്‍ ദേശീയ ടീമില്‍ യൂനസിനെക്കാള്‍ സീനിയറാണ്‌ അഫ്രീദി. പക്ഷേ ഇത്‌ വരെ ടീമിന്റെ നായകസ്ഥാനം അദ്ദേഹത്തിന്‌ ലഭിച്ചിട്ടില്ല. നിലവില്‍ പാക്കിസ്‌താന്‍ 20-20 ടീമിന്റെ നായകനാണ്‌ അഫ്രീദി.

ഉഷ വിവാദം
സര്‍ക്കാര്‍ ഉത്തരവാദിയല്ല
ഭോപ്പാല്‍: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌ മീറ്റിനെത്തിയ പി.ടി ഉഷക്കും സംഘത്തിനുമുണ്ടായ ദുരനുഭവത്തില്‍ അതിയായ ഖേദം പ്രകടിപ്പിച്ച മധ്യപ്രദേശ്‌ സ്‌പോര്‍ട്‌സ്‌ മന്ത്രി തുകോജി റാവു പവാര്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിരപരാധികളാണെന്ന്‌ പറഞ്ഞു. ഉഷ ഓപ്പണ്‍ മീറ്റിന്‌ വരുന്ന കാര്യം പോലും സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ല. ഉഷയോ അല്ലെങ്കില്‍ മല്‍സരത്തിന്റെ സംഘാടകരായ സായിയോ ഉഷയുടെ ആഗമനം അറിയിച്ചിരുന്നെങ്കില്‍ ഇതിഹാസ താരത്തെ സംസ്ഥാന അതിഥിയായി പരിഗണിക്കുമായിരുന്നെന്ന്‌ മീറ്റ്‌ ഉദ്‌ഘാടനം ചെയ്യവെ അദ്ദേഹം വ്യക്തമാക്കി. സംഭവത്തിനുത്തരവാദി സായിയാണ്‌. ഉഷയെ പോലെ ഉന്നതയായ ഒരു അത്‌ലറ്റിന്‌ എല്ലാവിധ സൗകര്യങ്ങളും സായ്‌ ഒരുക്കേണ്ടതാണ്‌. സംഭവത്തില്‍ സര്‍ക്കാരിന്‌ വലിയ നിരാശയുണ്ട്‌. ഉഷയെ നഗരത്തിലെത്തിയ ഹോട്ടലിലേക്ക്‌ മാറ്റിയിട്ടുണ്ടെന്നും പുതിയ സൗകര്യങ്ങളില്‍ അവര്‍ സംതൃപ്‌തി പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു.

ഉഷയോടും ക്രൂരത
ഭോപ്പാല്‍: രാജ്യം ദര്‍ശിച്ച ഏറ്റവും മികച്ച അത്‌ലറ്റായ പി.ടി ഉഷയെ സ്‌പോര്‍ട്‌സ്‌ അതോരിറ്റി ഓഫ്‌ ഇന്ത്യ (സായ്‌) അപമാനിച്ചു... ഇവിടെ നടക്കുന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌ മീറ്റില്‍ പങ്കെടുക്കാന്‍ തന്റെ ശിഷ്യര്‍ക്കൊപ്പമെത്തിയ ഉഷക്ക്‌ ആവശ്യമായ താമസ-ഭക്ഷണ സൗകര്യങ്ങള്‍ നല്‍കാതെ വേദനിപ്പിച്ച സായ്‌ ഉദ്യോഗസ്ഥര്‍ ട്രാക്ക്‌ റാണിയുടെ ആവശ്യങ്ങള്‍ക്ക്‌ നേരെ മുഖം തിരിക്കുകയും ചെയ്‌തു. സംഭവം മാധ്യമങ്ങള്‍ വഴി രാജ്യം അറിഞ്ഞപ്പോള്‍ മാപ്പപേക്ഷയുമായി സായ്‌ രംഗത്ത്‌ വരുകയും മധ്യപ്രദേശ്‌ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലില്‍ ഉന്നത സൗകര്യങ്ങള്‍ നല്‍കുകയും ചെയ്‌തു.
മീറ്റില്‍ പങ്കെടുക്കാനായി ഉഷയും, ഉഷാ സ്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സിലെ അഞ്ച്‌ താരങ്ങളും ഞായറാഴ്‌ച്ചയാണ്‌ ഇവിടെയെത്തിയത്‌. എന്നാല്‍ കോച്ചായ ഉഷക്കും അഞ്ച്‌ കുട്ടികള്‍ക്കുമായി ഒരു ചെറിയ മുറിയാണ്‌ സംഘാടകര്‍ നല്‍കിയത്‌. വേണമെങ്കില്‍ ഇവിടെ താമസിച്ചോളാനും പറഞ്ഞു. പ്രയാസങ്ങള്‍ പലവട്ടം പറഞ്ഞിട്ടും അത്‌ കേള്‍ക്കാന്‍ സായ്‌ സംഘാടകര്‍ തയ്യാറായില്ല. ഭക്ഷണം എവിടെയാണെന്ന കാര്യത്തിലും വ്യക്തമായ ഉത്തരം സംഘാടകര്‍ നല്‍കിയില്ല. ഒടുവില്‍ മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ തന്റെ വേദന വിവരിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞ ഉഷയെ സാന്ത്വനിപ്പിക്കാന്‍ മന്ത്രിമാര്‍ തന്നെ രംഗത്ത്‌ വന്നു. എന്‍.ഡി.ടി.വി ഉള്‍പ്പെടെ ദേശീയ ദൃശ്യ മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യമാണ്‌ സംഭവത്തിന്‌ നല്‍കിയത്‌. എന്‍.ഡി.ടി.വിയുമായി സംസാരിക്കവെയാണ്‌ ഉഷ പൊട്ടിക്കരഞ്ഞത്‌. ഉഷയും സംഘവും വിമാനത്താവളത്തില്‍ എത്തിയത്‌ മുതല്‍ അവഗണനയായിരുന്നു. ഉഷയെ സ്വീകരിക്കാന്‍ ആരുമെത്തിയിരുന്നില്ല. വിമാനത്താവളത്തിലുളള സംഘാടകര്‍ കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌ ഗില്ലിനെ സ്വീകരിക്കാനുള്ള ബഹളത്തിലായിരുന്നു. സായ്‌ സെന്ററില്‍ എത്തിയപ്പോഴാണ്‌ റും ഇല്ലാത്ത കാര്യം അറിയുന്നത്‌. മറ്റ്‌ അഞ്ച്‌ അത്‌ലറ്റുകള്‍ക്കൊപ്പം താമസിക്കാനായിരുന്നു നിര്‍ദ്ദേശം. സായ്‌ സെന്ററില്‍ മന്ത്രി പങ്കെടുക്കുന്ന ചടങ്ങുണ്ടായിരുന്നു. അത്‌ കഴിയും വരെ കാത്ത്‌ നില്‍ക്കാനായിരുന്നു നിര്‍ദ്ദേശം. തുടര്‍ന്ന്‌ വേദനയോടെ സായ്‌ സെന്റര്‍ വിട്ട ഉഷ നഗരത്തിലെ കോഫീ ഹൗസിലെത്തുകയായിരുന്നു. അവിടെ ഭര്‍ത്താവ്‌ ശ്രീനിവാസന്‍ നേരത്തെ മുറി ബുക്ക്‌ ചെയ്‌തതിനാല്‍ മാത്രം രക്ഷപ്പെട്ടു. അല്ലാത്തപക്ഷം താന്‍ തെരുവിലാകുമായിരുന്നെന്ന്‌ ഉഷ പറഞ്ഞു.
സ്‌പോര്‍ട്‌സ്‌്‌്‌ ചന്ദ്രികയുമായി ഇന്നലെ ഫോണില്‍ സംസാരിക്കവെ സംഭവം താന്‍ മറക്കാന്‍ ആഗ്രഹിക്കുന്നതായി ഉഷ പറഞ്ഞു. വളരെ വേദനയുണ്ട്‌ എന്നെ പോലെ ഒരാള്‍ക്ക്‌്‌ നേരിടേണ്ട വന്ന അനുഭവത്തില്‍. ഇങ്ങനെയായിരിക്കരുത്‌ നമ്മുടെ കായികരംഗം. സംഘാടകരുടെ ക്ഷണം സ്വീകരിച്ചാണ്‌ ഞാന്‍ വന്നത്‌. പക്ഷേ ഒരു സൗകര്യവും അവര്‍ ഒരുക്കിയിരുന്നില്ല. അതല്ല എന്നെ വേദനിപ്പിച്ചത്‌. അവരുടെ നിലപാടാണ്‌ ഏറ്റവും മോശമായത്‌. ഇത്‌ കൊണ്ടാണ്‌ നമ്മള്‍ കായികരംഗത്ത്‌ എവിടെയുമെത്താത്തത്‌- ഉഷ പറഞ്ഞു.
സംഭവത്തില്‍ മധ്യപ്രദേശ്‌ വ്യവസായ മന്ത്രി കൈലാസ്‌ വിജയ്‌ വാര്‍ഗിയ ഖേദം പ്രകടിപ്പിച്ചു. ഉഷയോട്‌ അദ്ദഹം മാപ്പ്‌ പറയുകയും ചെയ്‌തു. പിന്നീട്‌ നഗരത്തിലെ വലിയ ഹോട്ടലില്‍ ഉഷക്കും കുട്ടികള്‍ക്കും താമസസൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്‌തു.
സംഭവം മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന്‌ ഒളിംപ്യന്‍ മില്‍ഖാസിംഗ്‌ പറഞ്ഞു. രാജ്യം ആദരിക്കുന്ന കായിക താരങ്ങളോട്‌ സംഘാടകര്‍ പ്രകടിപ്പിക്കുന്ന അനാദരവിന്റെ അവസാന ഉദാഹരണമാണിത്‌്‌. പക്ഷേ ഈ സംഭവവും എല്ലാവരും അതിവേഗം മറക്കുമെന്നും മില്‍ഖ പറഞ്ഞു. കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌ ഗിലുംസംഭവത്തില്‍ വിഷമം പ്രകടിപ്പിച്ചു. ഉഷയെ പോലെ ഒരു താരത്തിന്‌ ഈ ഗതി വന്നതിനെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

തെറ്റുകാരല്ലെന്ന്‌ സായ്‌
ഭേപ്പാല്‍: പി.ടി.ഉഷ ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌ മീറ്റിന്‌ വരുന്ന കാര്യത്തില്‍ തങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ ഉണ്ടായിരുന്നില്ലെന്ന്‌ സ്‌പോര്‍ട്‌സ്‌ അതോരിറ്റി ഓഫ്‌ ഇന്ത്യയുടെ ഭോപ്പാല്‍ സെന്റര്‍ ഡയരക്ടര്‍ ആര്‍.കെ നായിഡു. സംഭവത്തിനുത്തരവാദികള്‍ സായിയാണെന്ന മധ്യപ്രദേശ്‌ സര്‍ക്കാരിന്റെ അഭിപ്രായത്തിന്‌ പിറകെയാണ്‌ സായ്‌ സ്വന്തം ഭാഗം ന്യായീകരിച്ചത്‌. ഉഷ വരുന്നതായി തങ്ങള്‍ക്ക്‌ അറിയില്ല. ഉഷക്കൊപ്പം മൂന്ന്‌ ശിഷ്യരുണ്ടായിരുന്നു. ഇവര്‍ക്കായി നാല്‌ ബെഡുളള ഏ.സി റൂമാണ്‌ ഒരുക്കിയത്‌. അര്‍ജുന അവാര്‍ഡ്‌ ജേതാക്കളെല്ലാം താമസിക്കുന്ന സ്ഥലം തന്നെയാണ്‌ ഉഷക്കും നല്‍കിയത്‌. ദേശീയ കോച്ച്‌ എന്ന നിലയിലാണ്‌ ഉഷ ഇവിടെ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉഷ കരയാറില്ല
പി.ടി ഉഷയെന്ന അത്‌ലറ്റിനെ, മാതാവിനെ, പരിശീലകയെ വര്‍ഷങ്ങളായി എനിക്ക്‌ പരിചയമുണ്ട്‌. 1984 ലെ ലോസാഞ്ചലസ്സ്‌ ഒളിംപിക്‌സില്‍ തലനാരിഴ വിത്യാസത്തിന്‌ മെഡല്‍ നഷ്ടപ്പെട്ട വേളയില്‍ പോലും പരസ്യമായി ഉഷ ക്യാമറകള്‍ക്ക്‌ മുന്നില്‍ കരഞ്ഞിരുന്നില്ല. ചോദ്യങ്ങള്‍ക്ക്‌ വ്യക്തമായ മറുപടിയും നിര്‍ദ്ദേശങ്ങളുമായി എല്ലാവരോടും വലുപ്പ-ചെറുപ്പമില്ലാതെ പെരുമാറുന്ന ഉഷ ഇന്നലെ കണ്ണീരടക്കാന്‍ പാടുപ്പെട്ട കാഴ്‌ച്ച വേദനിക്കുന്നതായിരുന്നു. വര്‍ഷങ്ങളുടെ കായിക സപര്യയില്‍ മറക്കാനും പൊറുക്കാനും ക്ഷമിക്കാനുമെല്ലാം ഉഷ പഠിച്ചിട്ടുണ്ട്‌. കായിക ജിവീതം ആരംഭിച്ചത്‌ മുതല്‍ നേരിടേണ്ട വന്ന യാതനകളും വേദനകളും ഇത്‌ വരെ പരസ്യമായി ആരോടും അവര്‍ പറഞ്ഞിട്ടില്ല. ഉഷയെന്ന പേര്‌ കേള്‍ക്കുമ്പോള്‍ വിമര്‍ശനത്തിന്റെ അമ്പുകള്‍ പായിക്കുന്നവര്‍ക്ക്‌ മുന്നില്‍ പോലും സ്വന്തം നിലപാടുകള്‍ വിശദീകരിക്കുമ്പോള്‍ ഉഷ പതറാറില്ല. ആ ഉഷ ക്യാമറകള്‍ക്ക്‌ മുന്നില്‍ കരഞ്ഞെങ്കില്‍ അത്രമാത്രം അവര്‍ വിഷമിച്ചിരിക്കും.
മേരി കോം എന്ന വനിതാ ബോക്‌സര്‍ ജയ്‌പ്പൂരില്‍ നടക്കുന്ന ദേശീയ ബോക്‌സിംഗ്‌ ചാമ്പ്യന്‍ഷിപ്പിന്റെ സൗകര്യങ്ങളെക്കുറിച്ച്‌ പൊട്ടിത്തെറിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ ഉഷക്കും മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വരേണ്ടി വന്നത്‌. ലോക തലത്തില്‍ ഖ്യാതിയുളള മേരി കോമിന്‌ ചെറിയ ഒരു മുറിയാണ്‌ സംഘാടകര്‍ നല്‍കിയത്‌. ഭക്ഷണ കാര്യത്തില്‍ പോലും ആ താരത്തിന്‌ അവരര്‍ഹിക്കുന്ന ബഹുമാനം നല്‍കിയില്ല. പക്ഷേ ഒരു കാര്യത്തില്‍ സംഘാടകരും ഒഫീഷ്യലുകളും ജാഗ്രത കാണിച്ചു-മേരിയെ സസ്‌പെന്‍ഡ്‌ ചെയ്യുന്നതില്‍. മല്‍സരത്തിനിടെ റഫറിക്കെതിരെ പ്രതികരിച്ചതിനാണ്‌ മേരിയെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ഇന്ത്യന്‍ കായികരംഗത്ത്‌ മുടക്കമില്ലാതെ നടക്കുന്നത്‌ ഇത്തരം സസ്‌പെന്‍ഷനുകളാണ്‌. നിയമത്തിന്റെ ഇഴ കീറി സസ്‌പെന്‍ഷന്റെ വഴി തെരഞ്ഞെടുക്കാന്‍ നമ്മുടെ സംഘാടകര്‍ക്കും സ്‌പോര്‍ട്‌സ്‌ അതോരിറ്റി ഓഫ്‌ ഇന്ത്യക്കുമെല്ലാം വലിയ താല്‍പ്പര്യമാണ്‌. ഇന്ത്യയുടെ സമഗ്ര കായിക വികസനത്തിനായി 1984 ല്‍ രൂപികരിക്കപ്പെട്ടതാണ്‌ സായിയെ. ഈ സംഘടനയുടെ ഇത്‌ വരെയുളള നേട്ടമെന്തെന്ന്‌്‌ ചോദിച്ചാല്‍ ഒരു പറ്റം വെളളാനകളും അവര്‍ താരങ്ങളുടെയും മേളകളുടെയും പേരില്‍ അടിച്ചുമാറ്റുന്ന ലക്ഷങ്ങളുമാണ്‌. ഇന്ത്യന്‍ കായികരഗം അനുദിനം പിറകോട്ട്‌ പോവുന്നതിലും രാജ്യാന്തര തലത്തില്‍ രാജ്യം അവഗണിക്കപ്പെടുന്നതിലും സായിക്ക്‌ നിരാശയോ വേദനയോ ഇല്ല. ഒളിംപിക്‌സും ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത്‌ ഗെയിംസുമെല്ലാം കലണ്ടര്‍ വര്‍ഷത്തിലെ അനുഷ്‌ഠാന കലകളാണവര്‍ക്ക്‌. ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌ മീറ്റ്‌ നടത്തുകയെന്നത്‌ മാത്രമാണ്‌ അവരുടെ ദൗത്യം. അവിടെ കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും ഒരുക്കേണ്ട സൗകര്യങ്ങളോ, മൈതാനത്തിന്റെ നിലവാരമോ ഒന്നും വിഷയമല്ല.
ഉഷയെന്ന വലിയ പ്രതിഭ അപമാനിക്കപ്പെട്ടത്‌ കൊണ്ട്‌ മാത്രമാണ്‌ ഭോപ്പാല്‍ സംഭവം വാര്‍ത്തയായതും പെട്ടെന്ന്‌ നടപടി വന്നതും. ഉഷ ഒരു പരിശീലകയായതിനാല്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന്‌ പറയാം. പക്ഷേ ഒരു താരത്തിന്‌ ഇങ്ങനെ പ്രതികരിക്കാന്‍ കഴിയില്ല. പ്രതികരിച്ചാല്‍ ബ്ലാക്‌ ലിസ്റ്റില്‍ വരും. പിന്നെ ആ താരത്തിന്റെ കഥ കഴിയും. പുതിയ സംഭവത്തിന്‌ അനന്തര നടപടിയുണ്ടാവില്ല. മാപ്പും ഖേദവുമെല്ലാം വന്നുകഴിഞ്ഞു. ഇനി എല്ലാവരും എല്ലാം മറക്കുക. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ പതിവ്‌ പോലെ ഇത്തരം ഖേദത്തിലും മാപ്പിലും എല്ലാം അവസാനിക്കും. ഒരു തെറ്റ്‌ ഉഷ ചെയ്‌തിട്ടുണ്ട്‌. ട്രാക്കില്‍ നിന്ന്‌ വിരമിച്ചതിന്‌ ശേഷം വീട്ടമ്മയായി മാറണമായിരുന്നു. രാജ്യത്തെയും കായിക രംഗത്തെയുമെല്ലം ഓര്‍ത്ത്‌ തനിക്ക്‌ ലഭിക്കാത്ത ഒളിംപിക്‌ മെഡല്‍ തേടി ഒരു സ്‌ക്കുള്‍ തുടങ്ങിയതും കുട്ടികളെ വളര്‍ത്തുന്നതുമെല്ലാം സായ്‌ ഉദ്യോഗസ്ഥരുടെ കണക്കില്‍ കുറ്റകരമായ അപരാധമാണ്‌. അവര്‍ക്ക്‌ വേണ്ടത്‌ എല്ലാം സഹിച്ച്‌, ഒന്നും മിണ്ടാതെ സായ്‌ സേവനം നടത്തുന്നവരെയാണ്‌..! ഇപ്പോള്‍ തന്നെ സായിയും അത്‌ലറ്റിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയും കൈകള്‍ കഴുകിയിട്ടുണ്ട്‌. കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ്‌ എന്ന മനോഹരമായ പദമാണ്‌ രണ്ട്‌ കൂട്ടരും ഉപയോഗിച്ചിരിക്കുന്നത്‌. ഈ ഗ്യാപ്പ്‌ തന്നെയാണ്‌ കാലാകാലമായി നമ്മുടെ കായികലോകത്തെ ബാധിക്കുന്നതും......
വിവക്ക്‌ തോല്‍വി
വാസ്‌ക്കോ: വിവ കേരളയുടെ ഐ ലീഗ്‌ അരങ്ങേറ്റം തോല്‍വിയോടെ. രണ്ട്‌ ഗോളിനവര്‍ ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്‌ മുന്നില്‍ മുട്ടുമടക്കി. ക്യാപ്‌റ്റന്‍ ഒഡാഫെ ഒനാകെ ഒകോലി, റൈസന്‍ഗമി വുഷും എന്നിവരാണ്‌ ചര്‍ച്ചിലിനായി ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ലീഗിലെ ആദ്യ മല്‍സരത്തില്‍ മഹീന്ദ്ര യുനൈറ്റഡിന്‌ മുന്നില്‍ സമനില വഴങ്ങേണ്ടി വന്ന ചര്‍ച്ചിലിന്‌ ലീഗിലെ ആദ്യ വിജയമാണിത്‌.
രണ്ട്‌ ഗോളിന്‌ പരാജയപ്പെട്ടെങ്കിലും ചാമ്പ്യന്മാര്‍ക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ്‌ വിവ കാഴ്‌ച്ചവെച്ചത്‌-വിശേഷിച്ച്‌ രണ്ടാം പകുതിയില്‍. പലപ്പോഴും മാരകമായ കളിക്ക്‌ മുതിര്‍ന്ന ചര്‍ച്ചിലിന്‌ മല്‍സരത്തിനിടെ അവരുടെ നായകന്‍ ഒഡാഫെയെ ചുവപ്പ്‌ കാര്‍ഡിലുടെ നഷ്ടമാവുകയും ചെയ്‌തു. കാര്യമായ മല്‍സര പ്രാക്ടീസ്‌ ഇല്ലാത്തതാണ്‌ വിവയെ ബാധിച്ചത്‌. ഒരാഴ്‌ച്ച മുമ്പ്‌ ഗോവയിലെത്തിയ ടീമിന്‌ മഴയില്‍ ആദ്യ മല്‍സരം നഷ്ടമായിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം പരിശീലനം പോലും കാര്യമായി നടത്താന്‍ കഴിയാതെയാണ്‌ ടീം ചര്‍ച്ചിലിനെതിരെ കളിക്കാനിറങ്ങിയത്‌. പക്ഷേ ആദ്യ പകുതിയില്‍ അല്‍പ്പം പിറകോട്ട്‌ പോയ ടീം രണ്ടാം പകുതിയില്‍ മികച്ച പ്രകടനം നടത്തി. അനീഷിനും കര്‍മക്കും റൂബനും തുറന്ന അവസരങ്ങളും ലഭിച്ചു. ടീമിന്റെ പ്രകടനത്തില്‍ കോച്ച്‌ ഏ.എം ശ്രീധരന്‍ സന്തോഷം പ്രകടിപ്പിച്ചു. തോറ്റെങ്കില്‍ പോലും ചര്‍ച്ചിലിനെ പോലെ വലിയ ഒരു ടീമിനെതിരെ മെച്ചപ്പെട്ട പ്രകടനമാണ്‌ തന്റെ യുവതാരങ്ങള്‍ നടത്തിയതെന്ന്‌ കോച്ച്‌ പറഞ്ഞു. കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാനുമായാണ്‌ വിവയുടെ അടുത്ത മല്‍സരം. ഐ ലീഗില്‍ ഇന്ന്‌ നടക്കുന്ന മല്‍സരങ്ങളില്‍ മഹീന്ദ്ര യുനൈറ്റഡ്‌ ഈസ്റ്റ്‌ ബംഗാളിനെയും ഡെംപോ ഗോവ സാല്‍ഗോക്കറിനെയും നേരിടും.

ഗ്രേറ്റ്‌ ഓസീസ്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഓസ്‌ടല്രേിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌ ചാമ്പ്യന്‍സ്‌ ട്രോഫി കിരീടം ടീമിലെ യുവതാരങ്ങള്‍ക്ക്‌ സമ്മാനിക്കുന്നു. യുവതാരങ്ങളുടെ മികവിലാണ്‌ ടീം കപ്പ്‌ സ്വന്തമാക്കിയതെന്ന്‌ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 18 മാസത്തിനിടെ വിജയങ്ങളും പരാജയങ്ങളുമായി ടീം കയറ്റിറക്കങ്ങളിലായിരുന്നു. എന്നാല്‍ നിര്‍ണ്ണായക ഘട്ടത്തില്‍ എങ്ങനെ കളിക്കാമെന്ന്‌ എല്ലാവര്‍ക്കുമറിയാം. അതാണ്‌ ഞങ്ങളുടെ വിജയരഹസ്യം-അദ്ദേഹം പറഞ്ഞു. ന്യൂസിലാന്‍ഡിനെ ആറ്‌ വിക്കറ്റിന്‌ തോല്‍പ്പിച്ചാണ്‌ ഓസീസ്‌ ചാമ്പ്യന്‍സ്‌ ട്രോഫി നിലനിര്‍ത്തിയത്‌. കളിയിലെ കേമന്‍ പട്ടം സെഞ്ച്വറിക്കാരന്‍ ഷെയിന്‍ വാട്ട്‌സണ്‍ നേടിയപ്പോള്‍ പരമ്പരയിലെ താരമായി പോണ്ടിംഗ്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മാക്‌ വരുന്നു
ന്യൂഡല്‍ഹി: ഗ്ലെന്‍ മക്‌ഗ്രാത്ത്‌ എന്ന അതികായന്‍ വീണ്ടും വരുന്നു. ചാമ്പ്യന്‍സ്‌ ലീഗ്‌ 20-20 ക്രിക്കറ്റില്‍ വിരേന്ദര്‍ സേവാഗ്‌ നയിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ കുപ്പായത്തിലാണ്‌ മക്‌ഗ്രാത്ത്‌ കളിക്കുന്നത്‌. പരുക്ക്‌ മൂലം അവസാന നിമിഷം പിന്മാറിയ കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിക്ക്‌ പകരമാണ്‌ മാക്‌ വരുന്നത്‌. പരുക്ക്‌ കാരണം ഇംഗ്ലീഷ്‌ ഓള്‍റൗണ്ടര്‍ പോള്‍ കോളിംഗ്‌വുഡ്‌ ഡല്‍ഹി സംഘത്തില്‍ കളിക്കുന്നില്ല. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്‌മാന്‍ എബി ഡി വില്ലിയേഴ്‌സിന്റെ സേവനവും ഡല്‍ഹിക്കുണ്ടാവില്ല. നാളെയാണ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ ആരംഭിക്കുന്നത്‌.
സ്‌പെയിന്‍ പുറത്ത്‌
അലക്‌സാണ്ടറിയ: ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ നിന്ന്‌്‌ സ്‌പെയിനും പരാഗ്വേയും പുറത്തായി. ഇന്നലെ നടന്ന പ്രി ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ഇറ്റലി 3-1ന്‌ സ്‌പെയിനിനെ തകര്‍ത്തപ്പോള്‍ കൊറിയക്കാര്‍ മൂന്ന്‌ ഗോളിന്‌ പരാഗ്വേയെ തുരത്തി. ഇന്ന്‌ ഘാന ദക്ഷിണാഫ്രിക്കയെയും ഈജിപ്‌ത്‌ കോസ്‌റ്റാറിക്കയെയും ഹംഗറി ചെക്ക്‌ റിപ്പബ്ലിക്കിനെയും നേരിടും.

No comments: