Wednesday, October 28, 2009

DAVE-THE LOSS

ഡേവിഡ്‌ ഷെപ്പേര്‍ഡ്‌ അന്തരിച്ചു
ലണ്ടന്‍: ക്രിക്കറ്റ്‌ ലോകത്തിന്‌ ഒരിക്കലും മറക്കാനാവില്ല ഡേവിഡ്‌ ഷെപ്പേര്‍ഡ്‌ എന്ന കുടവയറുകാരനായ അമ്പയറെ. അദ്ദേഹം ഇനിയില്ല....... അര്‍ബുദവുമായി പോരാടിയിരുന്ന ഷെപ്പി ഇന്നലെ 68-ാം വയസ്സില്‍ ലോകത്തോട്‌ വിടപറഞ്ഞു. ആധുനിക ക്രിക്കറ്റിന്റെ അന്തസുള്ള മുഖമായിരുന്നു ഷെപ്പി. ആധികാരികതയില്‍ ഉയരുന്ന വിരലിനൊപ്പം നര്‍മ്മം ഒളിപ്പിച്ച കണ്ണുകളുമായി കളിക്കാരുടെയും ക്രിക്കറ്റ്‌ പ്രേമികളുടെയും ടെലിവിഷന്‍ ക്യാമറകളുടെയും പ്രിയപ്പെട്ട താരമായി മാറിയ ഷെപ്പിയെ പരാമര്‍ശിക്കാതെ ക്രിക്കറ്റ്‌ ചരിത്രമില്ല. 92 ടെസ്‌റ്റുകളാണ്‌ അദ്ദേഹം നിയന്ത്രിച്ചത്‌, മൂന്ന്‌ ലോകകപ്പ്‌ ഫൈനലുകള്‍ ഉള്‍പ്പെടെ 172 ഏകദിനങ്ങളും. ഇന്ത്യ ലോകകപ്പ്‌ സ്വന്തമാക്കിയ 1983 മുതല്‍ 2005 വരെയുള്ള 22 വര്‍ഷക്കാലം മൈതാനത്ത്‌ നിറഞ്ഞ്‌ നിന്ന താരങ്ങള്‍ക്കൊപ്പം ഷെപ്പിയും സൂപ്പര്‍ താരമായി നിലകൊണ്ടിരുന്നു. 1981 ലാണ്‌ അദ്ദേഹത്തിന്റെ അമ്പയര്‍ കരിയര്‍ ആരംഭിച്ചത്‌. ഫസ്‌റ്റ്‌ ക്ലാസ്‌ അമ്പയറിംഗില്‍ നിന്നും അദ്ദേഹം രാജ്യാന്തര അമ്പയറായത്‌ 83 ലെ ലോകകപ്പില്‍. കപില്‍ദേവിന്റെ ചെകുത്താന്‍ സംഘം ക്ലൈവ്‌ ലോയിഡിന്റെ കരിബീയന്‍ സിംഹങ്ങളെ വിഴുങ്ങുമ്പോള്‍ അതിനൊരു സാക്ഷി ഷെപ്പായിരുന്നു. 2005 ജൂണില്‍ വിന്‍ഡീസിലെ കിംഗ്‌സ്റ്റണില്‍ വിന്‍ഡീസ്‌-പാക്കിസ്‌താന്‍ പരമ്പരയിലെ അവസാന ടെസ്റ്റ്‌്‌ നിയന്ത്രിച്ചാണ്‌ അദ്ദേഹം മൈതാനത്തോട്‌ വിടപറഞ്ഞത്‌. അന്ന്‌ വിന്‍ഡീസ്‌ നായകന്‍ ബ്രയന്‍ ചാള്‍സ്‌ ലാറ ഷെപ്പിന്‌ ഒരു ബാറ്റ്‌ നല്‍കിയിരുന്നു. അതിലെ വരികള്‍ ഇപ്രകാരമായിരുന്നു-താങ്കളുടെ സേവനത്തിന്‌, ഓര്‍മ്മകള്‍ക്ക്‌, പ്രൊഫഷണലിസത്തിന്‌ നന്ദി....
രാജ്യാന്തര രംഗം വിട്ട ശേഷം അല്‍പ്പകാലം അദ്ദേഹം കൗണ്ടി ക്രിക്കറ്റിലുണ്ടായിരുന്നു. കൗണ്ടി ക്രിക്കറ്റില്‍ ഗ്ലൗസ്റ്റര്‍ഷെയറിനായി പതിനാറ്‌ വര്‍ഷം ബാറ്റ്‌സ്‌മാനായി വാണ ശേഷമാണ്‌ അദ്ദേഹം അമ്പയറിംഗിലേക്ക്‌ വന്നത്‌. 282 ഫസ്‌റ്റ്‌ ക്ലാസ്‌ മല്‍സരങ്ങളില്‍ കളിച്ച ഷെപ്പ്‌ 12 സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്‌. ഷെപ്പിന്റെ പിന്‍ഗാമികളായ വിന്‍ഡീസുകാരന്‍ സ്റ്റീവ്‌ ബക്‌നറും ദക്ഷിണാഫ്രിക്കക്കാരനായ റൂഡി കോയര്‍ട്‌സമുമാണ്‌ നിലവില്‍ ഏറ്റവും കൂടുതല്‍ ടെസ്‌റ്റുകളും ഏകദിനങ്ങളും നിയന്ത്രിച്ചവര്‍. ഇരുവരും ഷെപ്പിന്റെ ഓര്‍മ്മകളില്‍ മറക്കാത്ത അനുഭവങ്ങളാണ്‌ പങ്ക്‌ വെക്കുന്നത്‌. അമ്പയറിംഗ്‌ എന്ന ജോലിക്ക്‌ ആഡ്യത്വവും അന്തസ്സും നല്‍കിയ മഹാനായ വ്യക്തിയായിരുന്നു ഷെപ്പെന്ന്‌ ഇരുവരും അനുസ്‌മരിച്ചു. ഷെപ്പിനൊപ്പം ദീര്‍ഘകാലം കളി നിയന്ത്രിച്ച ഡിക്കി ബേര്‍ഡും ദു:ഖിതനാണ്‌. ദീര്‍ഘകാലം മണിക്കൂറുകള്‍ ഒപ്പം ചെലവഴിച്ച പ്രിയപ്പട്ട കൂട്ടുകാരന്റെ വിയോഗം നല്‍കുന്നത്‌ ചെറിയ വേദനയല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഐ.സി.സി പ്രസിഡണ്ട്‌ ഡേവിഡ്‌ മോര്‍ഗന്‍ ഉള്‍പ്പെടെ ക്രിക്കറ്റ്‌ ലോകത്തെ പ്രമുഖരെല്ലാം ഷെപ്പിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
ഇന്ന്‌ കളി
കോഴിക്കോട്‌: വിസൂത്‌ പുന്‍പെംഗ്‌ എന്ന തായ്‌ലാന്‍ഡ്‌ സ്‌ട്രൈക്കര്‍ക്ക്‌ കളിക്കാനുളള മതിയായ രേഖകള്‍ ലഭിക്കാത്തത്‌ വിവ കേരളക്ക്‌ നിര്‍ണ്ണായക പോരാട്ടത്തിന്‌ മുമ്പ്‌ തിരിച്ചടിയായി. ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ സ്‌പോര്‍ട്ടിംഗ്‌ ഗോവയെ നേരിടുന്ന വിവയുടെ പ്രതീക്ഷകള്‍ മുന്‍നിരയില്‍ കളിക്കാനെത്തിയ വിസുതിലായിരുന്നു. എന്നാല്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്നും കളിക്കാനുളള അനുമതിപത്രം ഇത്‌ വരെ തായ്‌ താരത്തിന്‌ ലഭിച്ചിട്ടില്ല. ഫെഡറേഷനില്‍ നിന്നും എന്‍. ഒ.സി ലഭിച്ചാല്‍ മാത്രമാണ്‌ താരത്തിന്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭിക്കുകയുള്ളു. മൂന്ന്‌ ദിവസം മുമ്പ്‌ ടീമിനൊപ്പം ചേര്‍ന്ന വിസൂത്‌ ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നു. കളിച്ച മൂന്ന്‌ മല്‍സരങ്ങളിലും പരാജയത്തിന്റെ കയ്‌പ്പൂനീര്‍ കുടിച്ച ടീമില്‍ പക്ഷേ ഇന്ന്‌ പാട്രിക്‌ ശിശുപാലന്‍, സി.സിറാജുദ്ദിനും കളിക്കുന്നുണ്ട്‌. ചിരാഗിനെതിരായ മല്‍സരത്തില്‍ പൊരുതിത്തോറ്റ വിവക്ക്‌ ആദ്യ വിജയത്തിനുളള കനകാവസരമാണിന്ന്‌. വിവയെ പോലെ സ്‌പോര്‍ട്ടിംഗ്‌ ഗോവയും ചാമ്പ്യന്‍ഷിപ്പില്‍ തപ്പിതടയുകയാണ്‌. പൂനെ എഫ്‌.സിക്കെതിരെ സമ്പാദിക്കാനായ സമനില വഴി ലഭിച്ച ഒരു പോയന്റാണ്‌ അവരുടെ സമ്പാദ്യം. പതിനാല്‌ ടീമുകള്‍ കളിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സ്‌പോര്‍ട്ടിംഗ്‌ പതിമൂന്നാം സ്ഥാനത്തും വിവ പതിനാലാമതുമാണ്‌. അവസാന സ്ഥാനക്കാരുടെ പോരാട്ടം ഫ്‌ളഡ്‌ലിറ്റിന്‌ കീഴില്‍ വൈകീട്ട്‌ 6-30 നാണ്‌ ആരംഭിക്കുന്നത്‌.
വിവ സംഘത്തിലെ പ്രതിഭാശാലിയാണ്‌ സി.സിറാജുദ്ദിന്‍ എന്ന കോട്ടക്കല്‍ സ്വദേശി. ഫാറുഖ്‌ കോളജ്‌ സംഘത്തിലുടെ മുഖ്യധാരയില്‍ വന്ന സിറാജ്‌ കാലിക്കറ്റ്‌ വാഴ്‌സിറ്റിക്കായി കളിച്ചാണ്‌ കഴിഞ്ഞ സീസണില്‍ വിവയിലെത്തിയത്‌. വിവയുടെ ഹോം മല്‍സരങ്ങള്‍ ആരംഭിക്കുന്നതിന്‌ മുമ്പ്‌ യുണിവേഴ്‌സല്‍ ടീമുമായി നടന്ന സന്നാഹ മല്‍സരത്തിനിടെ പരുക്കേറ്റ മുന്‍നിരക്കാരന്‍ പരുക്കില്‍ നിന്ന്‌ പൂര്‍ണ്ണ മോചിതനായിട്ടുണ്ട്‌. പാട്രിക്‌ ശിശുപാലിന്റെ സാന്നിദ്ധ്യവും കോച്ച്‌ ഏ.എം ശ്രീധരന്‌ ആശ്വാസം നല്‍കുന്നുണ്ട്‌. ചിരാഗിനെതിരായ മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ഡിഫന്‍ഡറായ ബെല്ലോ റസാക്കിനെ മുന്‍നിരയില്‍ കളിപ്പിച്ച തന്ത്രം വിജയകരമായിരുന്നതിനാല്‍ ഇന്ന്‌ തുടക്കം മുതല്‍ റസാക്കിന്റെ സേവനം മുന്‍നിരയില്‍ ലഭിക്കാനാണ്‌ സാധ്യത. റസാക്ക്‌ മുന്‍നിരയിലേക്ക്‌ വന്നാല്‍ അത്‌ ഡിഫന്‍സിനെ ബാധിക്കുമോ എന്ന ആശങ്കയും കോച്ചിനുണ്ട്‌. ഇന്ത്യന്‍ ക്യാമ്പിലേക്ക്‌ സെലക്ഷന്‍ ലഭിച്ചതിന്റെ ആഹ്ലാദത്തിലുളള നായകന്‍ സക്കീര്‍ മികച്ച ഫോമിലാണിപ്പോള്‍. ചിരാഗിനെതിരായ മല്‍സരത്തില്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട സക്കീറിനൊപ്പം ആദ്യ ഇലവനില്‍ ഷാഹിന്‍ ലാല്‍ മേലോളി, കെ.നൗഷാദ്‌, റൂബന്‍ സാനിയോ, ചാള്‍സ്‌ ഡിസ, ബിമല്‍ ബറൂവ, ഷിബിന്‍ ലാല്‍, സുര്‍ജിത്‌, കര്‍മ എന്നിവരെല്ലാം കളിക്കും. വിദേശ താരങ്ങളായ എലീജ, നതാലി അദിസെ അമോസ്‌, മൈക്കല്‍ തായോ എന്നിവരിലാണ്‌ സ്‌പോര്‍ട്ടിംഗ്‌ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്‌. ഇത്‌ വരെ ക്ലിക്ക്‌ ചെയ്യാന്‍ കഴിയാത്തതിന്റെ പ്രശ്‌നം മാത്രമാണ്‌ ടീമിനുളളതെന്ന്‌ കോച്ച്‌ റോയ്‌ ബരാറ്റോ പറഞ്ഞു.
എലീജയും അമോസോയും ചാമ്പ്യന്‍ഷിപ്പില്‍ ഓരോ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തവരാണ്‌. ഡിഫന്‍സാണ്‌ പ്രശ്‌നമെന്ന്‌ ക്യാപ്‌റ്റന്‍ ബിബിയാനോ സമ്മതിക്കുന്നു. വിവ മുന്‍നിരക്കാര്‍ മുന്നേറിയാല്‍ അത്‌ തന്റെ ടീമിനെ ബാധിക്കുമെന്ന ഭയവും നായകനുണ്ട്‌.

ടിക്കറ്റുകള്‍ രാവിലെ പത്ത്‌ മുതല്‍
ഇന്ന്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന വിവ കേരള-സ്‌പോര്‍ട്ടിംഗ്‌ ഗോവ ഐ ലീഗ്‌ മല്‍സരത്തിന്റെ ടിക്കറ്റുകള്‍ രാവിലെ പത്ത്‌ മുതല്‍ സ്‌റ്റേഡിയം പരിസരത്തുള്ള ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ ആസ്ഥാനത്ത്‌ നിന്ന്‌ ലഭിക്കുമെന്ന്‌ സെക്രട്ടറി സി.ഹരിദാസ്‌ അറിയിച്ചു. ടിക്കറ്റ്‌ നിരക്ക്‌്‌ ഗ്രാന്‍ഡ്‌ സ്‌റ്റാന്‍ഡ്‌ -100, ഗ്യാലറി 30.

ബിസിനസ്‌
വെല്ലിംഗ്‌ടണ്‍: ന്യൂസിലാന്‍ഡ്‌ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി ആവര്‍ത്തിച്ചഭ്യര്‍ത്ഥിച്ചു-പക്ഷേ ദേശീയ ടീമിന്റെ കോച്ചാവാന്‍ തല്‍ക്കാലം താനില്ലെന്ന ഉറച്ച നിലപാടിലാണ്‌ സ്റ്റീഫന്‍ ഫ്‌ളെമിംഗ്‌ എന്ന കിവി ടീമിന്റെ മുന്‍ നായകന്‍. ആന്‍ഡി മോള്‍സ്‌ പരിശീലക സ്ഥാനം വിട്ടതിനെ തുടര്‍ന്നാണ്‌ കിവി ടീമിന്റെ തലപ്പത്ത്‌ ആളില്ലാതെ വന്നിരിക്കുന്നത്‌. വെട്ടോരി ഉള്‍പ്പെടെ പല സീനിയര്‍ താരങ്ങളും ക്രിക്കറ്റ്‌ നിരൂപകരും ഫ്‌ളെമിംഗാണ്‌ അനുയോജ്യനായ പരിശീലകന്‍ എന്ന്‌ പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക്‌ കോച്ചിംഗ്‌ പരിചയമില്ലെന്നും ഇപ്പോള്‍ നടത്തുന്ന ബിസിനസുമായി മുന്നോട്ട്‌ പോയി, കുടുംബത്തൊടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനോടാണ്‌ താല്‍പ്പര്യമെന്നും പറഞ്ഞ്‌ ഫ്‌ളെമിംഗ്‌ ഒഴിഞ്ഞുമാറിയിരിക്കയാണ്‌. ഇപ്പോള്‍ കിവി ടീമില്‍ കളിക്കുന്നവരെല്ലാം തന്റെ സമകാലികരാണെന്നും അവരെ പഠിപ്പിക്കാന്‍ മാത്രമുള്ള ക്രിക്കറ്റ്‌ തന്നില്‍ ഇല്ലെന്നുമാണ്‌ ഫ്‌ളെമിംഗ്‌ പറയുന്നത്‌. ഫ്‌ളെമിംഗ്‌ ജോലി വേണ്ടെന്ന്‌ പറഞ്ഞ സാഹചര്യത്തില്‍ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ജോണ്‍ റൈറ്റിന്‌ സാധ്യതയേറിയിട്ടുണ്ട്‌. ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റിലെ ഹൈ പെര്‍ഫോര്‍മന്‍സ്‌ ഡയരക്ടറാണിപ്പോള്‍ റൈറ്റ്‌. സ്‌റ്റീവ്‌ റിക്‌സണാണ്‌ മറ്റൊരു ചോയിസ്‌. ന്യൂസിലാന്‍ഡ്‌ ടീം പാക്കിസ്‌താനെതിരായ ഏകദിന പരമ്പര കളിക്കാന്‍ ഇപ്പോള്‍ ദുബായിലാണ്‌.
ഡെംപോ ഒന്നാമത്‌്‌
ലുഥിയാന: ഐ ലീഗ്‌ ഫുട്‌ബോളില്‍ ഇന്നലെ നടന്ന മൂന്ന്‌ മല്‍സരങ്ങളില്‍ രണ്ടിലും സമനില. ഇന്ത്യന്‍ താരം സുനില്‍ ചേത്രിയുടെ മികവില്‍ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവയാണ്‌ മൂന്ന്‌ പോയന്റ്‌്‌ സ്വന്തമാക്കി ടേബിളില്‍ ഒന്നാം സ്ഥാനത്ത്‌ വന്നത്‌. ജെ.സി.ടി മില്‍സിനെ ഡെംപോ വീഴ്‌ത്തിയപ്പോള്‍ കൂപ്പറേജില്‍ മുംബൈക്കാര്‍ തമ്മിലുളള പോരാട്ടത്തില്‍ മുംബൈ എഫ്‌.സിയും എയര്‍ ഇന്ത്യയും 2-2 ല്‍ പിരിഞ്ഞു. മഡ്‌ഗാവില്‍ നടന്ന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ 1-1 ല്‍ തളച്ച പൂനെ എഫ്‌.സിയാണ്‌ തിളങ്ങിയത്‌. ആവേശകരമായിരുന്നു ജെ.സി.ടി-ഡെംപോ അങ്കം. തുല്യ ശക്തികളുടെ അങ്കത്തില്‍ ആദ്യ ഗോള്‍ പിറന്നത്‌ നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍. ജോകീം അബ്രാഞ്ചസാണ്‌ ഡെംപോയുടെ കരുത്തിന്‌ തെളിവായത്‌. ചേത്രിയുടെ പെനാല്‍ട്ടി ഗോള്‍ എഴുപത്തിയഞ്ചാം മിനുട്ടിലായിരുന്നു. ജെ.സി.ടിയുടെ ആശ്വാസ ഗോള്‍ ബാല്‍ജിത്‌ സിംഗ്‌ സെയ്‌നി നേടി. ഡെംപോ പ്ലേ മേക്കര്‍ റോബര്‍ട്ടോ മെന്‍ഡസ്‌ സില്‍വയാണ്‌ കളിയിലെ കേമന്‍. ജയത്തോടെ അഞ്ച്‌ മല്‍സരങ്ങളില്‍ നിന്ന്‌ ഡെംപോക്ക്‌ പതിനൊന്ന്‌ പോയന്റായി. ചിരാഗ്‌ യുനൈറ്റഡിനും ഇത്രയും പോയന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയുടെ ആനുകൂല്യ.ം ഗോവക്കാര്‍ക്കാണ്‌. മഡ്‌ഗാവില്‍ തകര്‍പ്പന്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗോളടീ വിരന്‍ ഒഡാഫെ ഒനാകെ ഒകോലിയുടെ ഗോളില്‍ നാല്‍പ്പത്തിനാലാം മിനുട്ടില്‍ ലീഡ്‌ നേടിയിരുന്നു. പക്ഷേ രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച പൂനെ എഴുപത്തിയാറാം മിനുട്ടില്‍ എഡ്‌മാര്‍ ഫിഗേരയിലുടെ തിരിച്ചടിച്ചു. പത്ത്‌ മിനുട്ടിനിടെ മൂന്ന്‌ ഗോളുകല്‍ പിറന്ന മുംബൈ അങ്കം ആവേശകരമായിരുന്നു. അഭിഷേക്‌ യാദവ്‌, എന്‍.ഡി ഒപാര എന്നിവരായിരുന്നു താരങ്ങള്‍. നാല്‍പ്പത്തിമൂന്നാം മിനുട്ടില്‍ ഒപാര എയര്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. ഈ ഗോള്‍ പിന്‍ബലത്തില്‍ എണ്‍പതാം മിനുട്ട്‌ വരെ ചിത്രത്തില്‍ എയര്‍ ഇന്ത്യ മാത്രമായിരുന്നു. മുന്‍ ഇന്ത്യന്‍ താരം അഭിഷേക്‌ യാദവിന്റെ മികവില്‍ മുംബൈ എഫ്‌.സി തിരിച്ചടിച്ചതോടെ കളി മാറി. എണ്‍പത്തിയെട്ടാം മിനുട്ടില്‍ അഭിഷേക്‌ രണ്ടാം ഗോളും നേടിയപ്പോള്‍ മുംബൈ വിജയിക്കുമെന്ന്‌ തോന്നി. എന്നാല്‍ അടുത്ത മിനുട്ടില്‍ അനുവദിക്കപ്പെട്ട പെനാല്‍ട്ടി കിക്ക്‌ ഒപാര ഗോളാക്കി മാറ്റിയപ്പോള്‍ മുംബൈ എഫ്‌.സിയുടെ വിജയമോഹം പൊലിഞ്ഞു. ഇന്ന്‌ ലീഗില്‍ മൂന്ന്‌ മല്‍സരങ്ങള്‍. ഈസ്റ്റ്‌ ബംഗാള്‍-സാല്‍ഗോക്കര്‍, വിവ കേരള-സ്‌പോര്‍ട്ടിംഗ്‌ ഗോവ, ഷില്ലോംഗ്‌ ലാജോംഗ്‌ എഫ്‌.സി-മോഹന്‍ ബഗാന്‍.
ഇന്ത്യ തിരിച്ചടിച്ചു
നാഗ്‌പ്പൂര്‍: ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ ബാറ്റിംഗ്‌ മികവില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക്‌ തകര്‍പ്പന്‍ വിജയം. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ നാല്‌ റണ്‍സിന്‌ തോറ്റ ഇന്ത്യ നാഗ്‌പ്പൂരിലെ പുതിയ മൈതാനത്ത്‌ നടന്ന ആദ്യ രാജ്യാന്തര മല്‍സരത്തില്‍ റണ്‍സിന്റെ ആധികാരിക വിജയമാണ്‌ സ്വന്തമാക്കിയത്‌. 107 പന്തില്‍ നിന്നും 124 റണ്‍സുമായി ഓസ്‌ട്രേലിയക്കെതിരെ തന്റെ കന്നി സെഞ്ച്വറി സ്വന്തമാക്കിയ എം.എസ്‌ ധോണിയാണ്‌ കളിയിലെ കേമന്‍. പരമ്പരയിലെ അടുത്ത മല്‍സരം ശനിയാഴ്‌ച്ച ഡല്‍ഹിയില്‍ നടക്കും. പകല്‍ രാത്രി മല്‍സരത്തില്‍ ടോസ്‌ അനുകൂലമായി വന്നിട്ടും ബൗളിംഗ്‌ തെരഞ്ഞെടുത്ത റിക്കി പോണ്ടിംഗിന്റെ തീരുമാനമാണ്‌ കാര്യങ്ങള്‍ ഇന്ത്യക്ക്‌ അനുകൂലമാക്കിയത്‌.
ഏഴ്‌ വിക്കറ്റിന്‌ 354 റണ്‍സാണ്‌ ഇന്ത്യ സ്വന്തമാക്കിയത്‌. ഓസ്‌ട്രേലിയക്കെതിരെ ഏകദിനങ്ങളില്‍ ഇന്ത്യ സ്വന്തമാക്കിയ ഉയര്‍ന്ന സ്‌ക്കോറിന്‌ പിന്നണിയില്‍ നായകന്‍ തന്നെയായിരുന്നു. ഗൗതം ഗാംഭീര്‍, സുരേഷ്‌ റൈന എന്നിവര്‍ക്കൊപ്പം ധോണി പടുത്തുയര്‍ത്തിയ സെഞ്ച്വറി സഖ്യങ്ങള്‍ ഇന്ത്യക്ക്‌ വലിയ ആയുധമായി. മറുപടിയില്‍ സീമര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ ഓസീസ്‌ മുന്‍നിരക്കാര്‍ക്ക്‌ ചെറുത്തുനില്‍പ്പിന്‌ കഴിഞ്ഞില്ല.
ധോണിയായിരുന്നു കളം വാണത്‌. സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേന്ദര്‍ സേവാഗും യുവരാജ്‌ സിംഗും കാര്യമായ സംഭാവനകള്‍ നല്‍കാതെ മടങ്ങിയപ്പോള്‍ ആദ്യം ഗാംഭീറിനൊപ്പം ഇന്നിംഗ്‌സിന്‌ ദിശബോധ നല്‍കിയ നായകന്‍ അവസാനത്തില്‍ റൈനക്കൊപ്പം അടിച്ചുതകര്‍ത്തു. നാല്‌ വിക്കറ്റിന്‌ 238 റണ്‍സ്‌ എന്ന ഘട്ടത്തില്‍ ധോണി ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ 39 ഓവറിലെത്തിയിരുന്നു. പവര്‍ പ്ലേ ഓവറുകളില്‍ 47 റണ്‍സ്‌ പിറന്നപ്പോള്‍ റണ്‍റേറ്റ്‌ കുത്തനെ ഉയര്‍ന്നു.
80 പന്തില്‍ നിന്നും 76 റണ്‍സ്‌ നേടിയ ഗാംഭീര്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കരുത്ത്‌ പ്രകടമാക്കി. നതാന്‍ ഹൗറിറ്റ്‌സിന്റെ ഡയരക്ട്‌ ത്രോയില്‍ റണ്ണൗട്ടായി ഗാംഭീര്‍ മടങ്ങിയതിന്‌ ശേഷമെത്തിയ റൈന 50 പന്തില്‍ നിന്ന്‌ 62 റണ്‍സ്‌ വാരിക്കൂട്ടി. മിച്ചല്‍ ജോണ്‍സണ്‍, ഹില്‍ഫാന്‍ഹസ്‌ എന്നി സീമര്‍മാരാണ്‌ ഇന്ത്യന്‍ ആക്രമണത്തിന്‌ ഇരയായവര്‍. ബാറ്റിംഗ്‌ പവര്‍ പ്ലേ സമയത്ത്‌ മിച്ചല്‍ ജോണ്‍സന്റെ ഓവറില്‍ 16, ഹില്‍ഫാന്‍ഹസിന്റെ ഓവറില്‍ 18 റണ്‍സ്‌ എന്നിങ്ങനെ പിറന്നപ്പോള്‍ സ്‌ക്കോര്‍ 300 കടന്നു.
പരുക്ക്‌ മൂലം ബ്രെട്ട്‌ ലീ പുറത്തായതിനെ തുടര്‍ന്ന്‌ പുതിയ പന്തെടുത്ത ഹില്‍ഫാന്‍ഹസിനെ സേവാഗ്‌ നാലുപാടും പായിച്ചിരുന്നു. മറുഭാഗത്ത്‌ സച്ചിന്‍ നാല്‌ റണ്‍സുമായി പീറ്റര്‍ സിഡിലിന്റെ പന്തില്‍ സ്ലിപ്പില്‍ പിടിനല്‍കി. ജോണ്‍സണ്‍ പായിച്ച സ്ലോ ബോളില്‍ സേവാഗ്‌ മടങ്ങുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ 67 റണ്‍സുണ്ടായിരുന്നു. വിരാത്‌ കോഹ്‌ലിക്ക്‌ പകരം ടീമിലെത്തിയ യുവരാജ്‌ സിംഗിന്‌ നല്ല തുടക്കം ലഭിച്ചു. പക്ഷേ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല.
ധോണി ഷോ
നാഗ്‌പ്പൂര്‍: ഇന്നലെ നേരിട്ട ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ നായകന്‍ എം.എസ്‌ ധോണി ഭാഗ്യവാനായിരുന്നു.... ഹില്‍ഫാന്‍ഹസിന്റെ ബൗണ്‍സറില്‍ നിന്ന്‌ അദ്ദേഹം രക്ഷപ്പെട്ടത്‌ ഇഞ്ചുകളുടെ വിത്യാസത്തില്‍. പന്ത്‌ ധോണിയുടെ ഹെല്‍മറ്റിലാണ്‌ തട്ടിയത്‌. ബൗണ്‍സര്‍ വരുന്നത്‌ കണ്ടപ്പോള്‍ ധോണി തല ചെരിച്ചിരുന്നു. പന്ത്‌ നേരെ തറച്ചത്‌ ഹെല്‍മറ്റിന്റെ പിറകില്‍. അല്‍പ്പം മാറിയിരുന്നെങ്കില്‍ അദ്ദേഹത്തിന്‌ ഗുരുതരമായ പരുക്കേല്‍ക്കുമായിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ മിച്ചല്‍ ജോണ്‍സണുമായി കൂട്ടിയിടിച്ച്‌ ധോണി വീണു. ഇവിടെയും അദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിന്നെയായിരുന്നു ബാറ്റിംഗ്‌. ഗൗതം ഗാംഭീര്‍, സുരേഷ്‌ റൈന എന്നിവര്‍ക്കൊപ്പം സെഞ്ച്വറി സഖ്യങ്ങള്‍. പല റെക്കോര്‍ഡുകളും ഇന്നലെ ധോണിയുടെ പേരിലായി. അദ്ദേഹം നേടിയ 124 റണ്‍സ്‌ ഓസ്‌ട്രേലിയക്കെതിരെ ഒരു നായകന്റെ ഉയര്‍ന്ന വ്യക്തിഗത സമ്പാദ്യമാണ്‌. ലങ്കന്‍ നായകനായിരുന്നപ്പോള്‍ സനത്‌ ജയസൂര്യ നേടിയ 122 റണ്‍സിന്റെ റെക്കോര്‍ഡാണ്‌ തകര്‍ക്കപ്പെട്ടത്‌. ഓസ്‌ട്രേലിയക്കെതിരെ ഒരു വിക്കറ്റ്‌ കീപ്പറുടെ ഉയര്‍ന്ന സമ്പാദ്യവും ഇത്‌ തന്നെ. കമറാന്‍ അക്‌മല്‍ എന്ന പാക്കിസ്‌താന്‍ വിക്കറ്റ്‌ കീപ്പര്‍ അബുദാബിയില്‍ പുറത്താവാതെ നേടിയ 116 റണ്‍സാണ്‌ ധോണിക്ക്‌ വഴി മാറിയത്‌.

സ്‌ക്കോര്‍ക്കാര്‍ഡ്‌
ഇന്ത്യ: സേവാഗ്‌-സി-ഹില്‍ഫാന്‍ഹസ്‌-ബി-ജോണ്‍സണ്‍-40, സച്ചിന്‍-സി-വൈറ്റ്‌-ബി-സിഡില്‍-4, ഗാംഭീര്‍-റണ്ണൗട്ട്‌-76, യുവരാജ്‌-സി ആന്‍ഡ്‌ ബി-ഹില്‍ഫാന്‍ഹസ്‌-23, ധോണി-സി-പെയിനെ-ബി-ജോണ്‍സണ്‍-124, റൈന-സി-പെയിനെ-ബി-ജോണ്‍സണ്‍-62, ഹര്‍ഭജന്‍-നോട്ടൗട്ട്‌-1, പ്രവീണ്‍-റണ്ണൗട്ട്‌-1, എക്‌സ്‌ട്രാസ്‌-23, ആകെ ഏഴ്‌ വിക്കറ്റിന്‌ 354. വിക്കറ്റ്‌ പതനം: 1-21 (സച്ചിന്‍), 2-67 (സേവാഗ്‌), 3-97 (യുവി), 4-216 (ഗൗതം), 5-352 (എം.എസ്‌), 6-353 (റൈന), 7-354 (പ്രവീണ്‍). ബൗളിംഗ്‌: ഹില്‍ഫാന്‍ഹസ്‌ 10-0-83-1, സിഡില്‍ 10-0-55-1, ജോണ്‍സണ്‍ 10-0-75-3, ഹൗറിറ്റ്‌സ്‌ 10-0-54-0, വോഗ്‌സ്‌ 5-0-33-0, വാട്ട്‌സണ്‍ 5-0-47-0.
ഓസ്‌ട്രേലിയ: വാട്ട്‌സണ്‍-സി-സച്ചിന്‍-ബി-ഇഷാന്ത്‌-19, പെയിനെ-ബി-പ്രവീണ്‍-8, പോണ്ടിംഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-പ്രവീണ്‍-12, വൈറ്റ്‌-സി-റൈന-ബി- ഹര്‍ഭജന്‍-23, ഹസി
വിക്കറ്റ്‌ പതനം:1-20 (പെയിനെ), 2-41 (വാട്ടസണ്‍), 3-45 (റിക്കി), 4-93 (വൈറ്റ്‌)

മരുന്നടിച്ചിരുന്നു
ലണ്ടന്‍: ആന്ദ്രെ അഗാസിയുടെ ജീവചരിത്രത്തില്‍ മരുന്നടിയുടെ കുറ്റസമ്മതം... 1997 ല്‍ താന്‍ മരുന്നടിച്ചതായാണ്‌ അഗാസിയുടെ വാക്കുകള്‍. എട്ട്‌ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ അമേരിക്കന്‍ താരം 2006 ലാണ്‌ രാജ്യാന്തര രംഗം വിട്ടത്‌. ക്രിസ്റ്റല്‍ മെറ്റ എന്ന ഉത്തേജക പൊടിയാണ്‌ അഗാസി ഉപയോഗിച്ചിരുന്നത്‌. 1997 അഗാസിയുടെ കരിയറിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു. പരുക്കുകള്‍ അലട്ടിയ വര്‍ഷത്തില്‍ കാര്യമായ നേട്ടങ്ങളൊന്നും അദ്ദേഹത്തിന്‌ ലഭിച്ചിരുന്നില്ല. ലോക റാങ്കിംഗില്‍ അദ്ദേഹം 141 ലേക്ക്‌ താണതും ഈ വര്‍ഷമായിരുന്നു. അതേ വര്‍ഷം മരുന്നടിക്ക്‌ അഗാസി പിടിക്കപ്പെട്ടിരുന്നു. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ഡോപ്പ്‌ ടെസ്റ്റ്‌ ഫലം മോശമാണെന്ന്‌ പറഞ്ഞപ്പോള്‍ അഗാസി ഏ.ടി.പിക്ക്‌ മാപ്പുമായി കത്തെഴുതി. മുന്‍ കോച്ചിന്റെ പ്രേരണയാലാണ്‌ പൗഡര്‍ ഉപയോഗിച്ചതെന്നും മാപ്പ്‌ നല്‍കണമെന്നും അല്ലാത്തപക്ഷം തന്റെ കരിയര്‍ ഇല്ലാതാവുമെന്നും എഴുതിയപ്പോള്‍ അധികാരികള്‍ കണ്ണടച്ചു. ഓപ്പണ്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്‌തകത്തിലെ വരികള്‍ തീര്‍ച്ചയായും അഗാസിയെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എക്കാലത്തെയും ഏറ്റവും മികച്ച ടെന്നിസ്‌ താരങ്ങളിലൊരാള്‍ എന്ന ഖ്യാതിയാണ്‌ സ്‌റ്റെഫിഗ്രാഫിന്റെ ഭര്‍ത്താവിന്‌ നഷ്ടമാവുന്നത്‌.
മൂന്നാം കിട ടീമിനോട്‌ റയല്‍ നാല്‌ ഗോളുകള്‍ വാങ്ങി
മാഡ്രിഡ്‌: സൂപ്പര്‍ താരങ്ങളുടെ റയല്‍ മാഡ്രിഡിന്‌ കിംഗ്‌സ്‌ കപ്പില്‍ നാണം കെട്ട തോല്‍വി. തേര്‍ഡ്‌ ഡിവിഷന്‍ ടീമായ അല്‍കോര്‍കോണ്‍ നാല്‌ ഗോളിനാണ്‌ റയലിനെ തരിപ്പണമാക്കിയത്‌. കൃസ്റ്റിയാനോ റൊണാള്‍ഡോ, കക്ക എന്നിവരൊഴികെ ബാക്കിയെല്ലാ സൂപ്പര്‍ താരങ്ങളും പങ്കെടുത്ത മല്‍സരത്തിലാണ്‌ റയലിന്‌ ഏറ്റവും വലിയ അപമാനമുണ്ടായത്‌. രണ്ടാഴ്‌ച്ച മുമ്പ്‌ സ്‌പാനിഷ്‌ ലീഗില്‍ ഗറ്റാഫെയോടും കഴിഞ്ഞയാഴ്‌ച്ച യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഏ.സി മിലാനോടും തകര്‍ന്ന റയലിനെ മൂന്നാം കിട ടീം തകര്‍ത്ത സാഹചര്യത്തില്‍ കോച്ച്‌ പെലിഗ്രിനിയുടെ തൊപ്പി തെറിക്കുമെന്നുറപ്പാണ്‌. അദ്ദേഹം ജനങ്ങളോട്‌ പരസ്യമായി തന്നെ ഇന്നലെ മാപ്പ്‌ ചോദിച്ചു.

ബാറ്റണ്‍ റിലേ ഇന്ന്‌
ലണ്ടന്‍: എലിസബത്ത്‌ രാജ്ഞിയുടെയും രാഷ്ട്രപതി പ്രതിഭാ പാട്ടിലിന്റെയും സാന്നിദ്ധ്യത്തില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ബാറ്റണ്‍ റിലേക്ക്‌ ഇന്ന്‌ തുടക്കം. അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന ഗെയിംസിന്റെ പ്രധാന ഔപചാരിക ചടങ്ങാണിത്‌. ചടങ്ങില്‍ സംബന്ധിക്കാന്‍ ഇന്ത്യന്‍ കായിക ലോകത്തെ പ്രധാനികളെല്ലാം ലണ്ടനില്‍ എത്തിയിട്ടുണ്ട്‌. മില്‍ഖാസിംഗ്‌ മുതല്‍ സാനിയ മിര്‍സ വരെയുളളവര്‍ റിലേയില്‍ പങ്കെടുക്കും. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയഷന്‍ തലവനും സംഘാടകസമിതി ചെയര്‍മാനുമായ സുരേഷ്‌ കല്‍മാഡിയും ഡല്‍ഹി ഗെയിംസ്‌ സി.ഇ.ഒ മൈക്‌ ഹൂപ്പറുമെല്ലാം ചടങ്ങിനുണ്ട്‌.

No comments: