യൂറോപ്പ് പ്രഷര്‍
ലണ്ടന്‍: സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലാണ് യൂറോപ്പ്. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പിലേക്ക് വന്‍കരയില്‍ നിന്നും ഇത് വരെ ടിക്കറ്റുറപ്പാക്കിയവര്‍ മൂന്ന് പേരാണ്. പതിമൂന്ന് ടീമുകള്‍ക്ക് ഫൈനല്‍ റൗണ്ട് ടിക്കറ്റുള്ള വന്‍കരയില്‍ നിന്നും ഇറ്റലി, ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലാന്‍ഡ്, സെര്‍ബിയ, സ്ലോവാക്യ എന്നിവരും ഏറെക്കുറെ ടിക്കറ്റ് ഉറപ്പാക്കിയിട്ടുണ്ട്. അപ്പോഴും എട്ട് ടീമുകള്‍ മാത്രമേ ആവുന്നുള്ളു. അവശേഷിക്കുന്ന അഞ്ച് ബെര്‍ത്തുകളുടെ കാര്യത്തില്‍ തീര്‍പ്പറിയാന്‍ കാത്തിരിക്കണം. ഇന്നും അത് കഴിഞ്ഞ്‌് ബുധനാഴ്‌ച്ചയുമായാണ് അവസാന റൗണ്ട് മല്‍സരങ്ങള്‍. ഈ മല്‍സരങ്ങള്‍ക്ക് ശേഷം ഓരോ റൗണ്ടിലെയും ഏറ്റവും മികച്ച രണ്ടാം സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫ്‌് സാധ്യത നില്‍ക്കുന്നു. നാല് പേര്‍ക്കാണ് പ്ലേ ഓഫ് ടിക്കറ്റ്. ഇവര്‍ ആരാണെന്നറിയാന്‍ നവംബര്‍ 18 വരെ കാത്തിരിക്കണം. നിലവിലെ ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് ഒരു പോയന്റ്‌് സ്വന്തമാക്കിയാല്‍ ടിക്കറ്റായി. ഗ്രൂപ്പ് നാലില്‍ ഇന്ന് നടക്കുന്ന ജര്‍മനി-റഷ്യ മല്‍സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഫൈനല്‍ റൗണ്ട് ടിക്കറ്റ് ഉറപ്പാണ്. വിവിധ ഗ്രൂപ്പുകളില്‍ ഇന്ന് നടക്കുന്ന മല്‍സരങ്ങളും ടീമുകളുടെ സാധ്യതകളും ഇപ്രകാരം:
ഗ്രൂപ്പ് 1: ഡെന്മാര്‍ക്കാണ് ഗ്രൂപ്പില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇന്ന് അവരുടെ എതിരാളികള്‍ അയല്‍ക്കാരായ സ്വീഡനാണ്. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ ഗ്രൂപ്പ് ഒന്നില്‍ നിന്നും ഡെന്മാര്‍ക്ക് ഫൈനല്‍ റൗണ്ടിലെത്തും. ഇത് വരെ ഒരു കളിയിലും തോല്‍ക്കാത്തവരാണ് ഡാനിഷ് ടീം. ഇന്ന് സ്വീഡന് മുന്നില്‍ വിയര്‍ത്താലും അവര്‍ക്ക് ആശങ്കപ്പെടാനില്ല. ഗ്രൂപ്പിലെ അവസാന മല്‍സരം ദുര്‍ബലരായ അല്‍ബേനിയയുമായാണ്. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ മതി. പക്ഷേ സമ്മര്‍ദ്ദം പോര്‍ച്ചുഗലിനാണ്. ഇന്ന് അവരുടെ പ്രതിയോഗികള്‍ ശക്തരായ ഹംഗറിയാണ്. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ മാത്രമാണ് കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ ചാമ്പ്യന്‍ സംഘത്തിന് എന്തെങ്കിലും സാധ്യത അവശേഷിക്കുന്നത്. ഇപ്പോഴും ഡെന്മാര്‍ക്കില്‍ നിന്നും അഞ്ച് പോയന്റ്‌് അകലെയാണ് പറങ്കിപ്പട. ഇന്ന് ഹംഗറിയെയും അവസാന മല്‍സരത്തിലും ജയിച്ചാല്‍ മാത്രമാണ് സാധ്യത.
ഗ്രൂപ്പ് 2: സ്വിറ്റ്‌സര്‍ലാന്‍ഡിന് ഗ്രൂപ്പില്‍ നിന്ന് ടിക്കറ്റ് ഏറെക്കുറെ ഉറപ്പാണ്. ഇന്ന് അവരുടെ പ്രതിയോഗികള്‍ ലക്‌സംബര്‍ഗ്ഗാണ്. ഈയിടെയാണ് ലക്‌സംബര്‍ഗ്ഗുകാര്‍ ഇസ്രാഈലിനെതിരായ മല്‍സരത്തില്‍ ഏഴ് ഗോളുകള്‍ വാങ്ങിയത്. ഈ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാര്‍ക്കായാണ് കാര്യമായ മല്‍സരം നടക്കുന്നത്. മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസും ഇസ്രാഈലും തമ്മിലാണ് ഇതിനായുളള അങ്കം. ഏതന്‍സില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ഗ്രീസ് ലാത്‌വിയയുമായാണ് കളിക്കുന്നത്. ഈ മല്‍സരം ജയിച്ചാല്‍ ഗ്രീസിന് രണ്ടാം സ്ഥാനം നിലനിര്‍ത്താനാവും. എന്നാല്‍ ഗ്രീസ് സമനില വഴങ്ങിയല്‍ ഇസ്രാഈലിന് സാധ്യത വര്‍ദ്ധിക്കും.
ഗ്രൂപ്പ് 3: സ്ലോവാക്യക്ക് ഗ്രൂപ്പില്‍ നിന്ന് ടിക്കറ്റ് സ്വന്തമാക്കാന്‍ ഒരു പോയന്റ്‌് മാത്രം മതി. പക്ഷേ ഇന്നത്തെ പ്രതിയോഗികള്‍ സ്ലോവേനിയയാണ്. യോഗ്യതാ റൗണ്ടിലെ ആദ്യ പാദത്തില്‍ ഇരു ടീമുകളും കളിച്ചപ്പോള്‍ വിജയം സ്ലോവേനിയക്കായിരുന്നു. ഒരു സമനിലയില്‍ ടിക്കറ്റ് ഉറപ്പായതിനാല്‍ സ്ലോവാക്യ പ്രതിരോധ ഫുട്‌ബോളിനായിരിക്കും ഊന്നല്‍ നല്‍കുകയെന്ന് കോച്ച് വ്‌ലാഡിമിര്‍ മൈസ് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പില്‍ നിന്നും പ്ലേ ഓഫ് ടിക്കറ്റ് തേടി ഉത്തര അയര്‍ലാന്‍ഡ്, ചെക് റിപ്പബ്ലിക്, പോളണ്ട് എന്നിവരെല്ലാമുണ്ട്. ഇവരെല്ലാം ഏകദേശം ഒപ്പത്തിനൊപ്പമാണ്. ഇന്ന് പോളണ്ട് ചെക് റിപ്പബ്ലിക്കുമായി കളിക്കുന്നുണ്ട്.
ഗ്രൂപ്പ് 4: റഷ്യയോ അല്ലെങ്കില്‍ ജര്‍മനിക്കോ ആണ് ഈ ഗ്രൂപ്പില്‍ നിന്ന് ടിക്കറ്റ്. ഇന്ന് ഇവര്‍ മോസ്‌ക്കോയില്‍ കളിക്കുന്നുണ്ട്. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ ആരായാലും ഗ്രൂപ്പില്‍ ഒന്നാമന്മാരാവും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനായി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ആന്ദ്രെ അര്‍ഷവിനാണ് റഷ്യയുടെ തുരുപ്പ് ചീട്ട്. മോസ്‌ക്കോയിലെ ലുസനിക്കി സ്‌റ്റേഡിയത്തിലാണ് മല്‍സരം. സ്വന്തം മൈതാനത്ത് ശക്തരായ പ്രതിയോഗികള്‍ക്കെതിരെ ആധികാരിക വിജയം തന്നെ സ്വന്തമാക്കാനാണ് റഷ്യന്‍ കോച്ച് ഗസ് ഹിഡിങ്കിന്റെ നീക്കം. ഇന്ന് ഒരു സമനില സ്വന്തമാക്കിയാല്‍ അത് ജര്‍മനിക്ക് ഗുണം ചെയ്യും. അവരുടെ അവസാന മല്‍സരം ദുര്‍ബലരായ ഫിന്‍ലാന്‍ഡുമായാണ്.
ഗ്രൂപ്പ് 5: ഈ ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി സ്‌പെയിന്‍ യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തിനായി ബോസ്‌നിയ-ഹെര്‍സഗോവീനയാണ് ശക്തമായി രംഗത്തുള്ളത്. ഇന്ന് എസ്‌റ്റോണിയക്കെതിരെയാണ് ബോസ്‌നിയ കളിക്കുന്നത്. പ്രതീക്ഷകളില്‍ തന്നെയാണ് തുര്‍ക്കിയും. അടുത്ത രണ്ട് മല്‍സരങ്ങളില്‍ ജയിച്ചാല്‍ അവര്‍ക്കും രണ്ടാം സ്ഥാനത്ത് വരാനുള്ള സാധ്യത നിലനില്‍ക്കുന്നു
ഗ്രൂപ്പ് 6: ഇംഗ്ലണ്ട് ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്ന ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനക്കാര്‍ക്കായി ആന്ദ്രെ ഷെവ്‌ചെങ്കോവിന്റെ ഉക്രൈനും ക്രൊയേഷ്യയുമാണ്‌് മല്‍സരിക്കുന്നത്. ഉക്രൈന്‍ ഇന്ന് ഫാബിയോ കാപ്പലോയുടെ ഇംഗ്ലണ്ടുമായാണ് കളിക്കുന്നത്.
ഗ്രൂപ്പ് 7: ഫ്രാന്‍സിനാണ് ഈ ഗ്രൂപ്പില്‍ ടെന്‍ഷന്‍. ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി സെര്‍ബിയ ടിക്കറ്റ് ഉറപ്പാക്കിയിട്ടുണ്ട്. ഫ്രാന്‍സിന്റെ ഇന്നത്തെ പ്രതിയോഗികള്‍ ഫറോ ഐലന്‍ഡാണ്. ഈ മല്‍സരത്തില്‍ മാത്രമല്ല 13 ലെ അവസാന മല്‍സരത്തിലും ജയിച്ചാല്‍ മാത്രമാണ് ഫ്രാന്‍സിന് പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നത്.
ഗ്രൂപ്പ് 8: ചാമ്പ്യന്മാരായ ഇറ്റലിക്ക് ഇന്ന് റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡിനെതിരെ ഒരു പോയന്റ്‌് സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ടിക്കറ്റ് ഉറപ്പാണ്.
ഇന്നത്തെ മല്‍സരങ്ങള്‍
യൂറോപ്പ്: ഗ്രൂപ്പ് 1. ഡെന്മാര്‍ക്ക്-സ്വീഡന്‍, പോര്‍ച്ചുഗല്‍-ഹംഗറി. ഗ്രൂപ്പ് 2.ലക്‌സംബര്‍ഗ്ഗ്-സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇസ്രാഈല്‍-മോള്‍ദോവ, ഗ്രീസ്-ലാത്‌വിയ. ഗ്രൂപ്പ് 3. സ്ലോവാക്യ-സ്ലോവേനിയ, ചെക് റിപ്പബ്ലിക്-പോളണ്ട്. ഗ്രൂപ്പ് 4. ഫിന്‍ലാന്‍ഡ്-വെയില്‍സ്, റഷ്യ-ജര്‍മനി, ലൈഞ്ചസ്റ്റിന്‍-അസര്‍ബെയ്‌ജാന്‍. ഗ്രൂപ്പ് 5. എസ്റ്റോണിയ-ബോസ്‌നിയ ഹെര്‍സഗോവീന, ബെല്‍ജിയം-തുര്‍ക്കി, അര്‍മീനിയ-സ്‌പെയിന്‍. ഗ്രൂപ്പ് 6. ബെലാറൂസ്-കസാക്കിസ്ഥാന്‍, ഉക്രൈന്‍-ഇംഗ്ലണ്ട്. ഗ്രൂപ്പ് 7. സെര്‍ബിയ-റുമേനിയ, ഓസ്‌ട്രിയ-ലിത്വാനിയ, ഫ്രാന്‍സ്-ഫറോ ഐലന്‍ഡ്‌സ്. ഗ്രൂപ്പ് 8. മോണ്ടിനിഗ്രോ-ജോര്‍ജിയ. സൈപ്രസ്-ബള്‍ഗേറിയ, റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡ്-ഇറ്റലി.
ലാറ്റിനമേരിക്ക: ഇക്വഡോര്‍-ഉറുഗ്വേ, കൊളംബിയ-ചിലി, അര്‍ജന്റീന-പെറു, വെനിസ്വേല-പരാഗ്വേ.
പ്ലേ ഓഫ്‌്: ബഹറൈന്‍-ന്യൂസിലാന്‍ഡ്.
ആഫ്രിക്ക:സാംബിയ-ഈജിപ്‌ത്, മലാവി-ഐവറി കോസ്‌റ്റ്, കാമറൂണ്‍-ടോംഗോ,ഗാബോണ്‍-മൊറോക്കോ, ബെനിന്‍-ഘാന, നൈജീരിയ-മൊസംബിക്, ടൂണിഷ്യ-കെനിയ, ഗുയാന-ബുര്‍ക്കിനോ ഫാസോ, മലി-സുഡജാന്‍, അള്‍ജീരിയ-റുവാണ്ട.
കോണ്‍കാകാഫ്: മെക്‌സിക്കോ-എല്‍സാവഡോര്‍, കോസ്‌റ്റാറിക്ക-ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, ഹോണ്ടുറാസ്-അമേരിക്ക
പ്രതീക്ഷയോടെ ബഹറൈന്‍
മനാമ: ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഓസ്‌ട്രേലിയ എന്നീ നാല് ടീമുകളെ കൂടാതെ ഏഷ്യയില്‍ നിന്ന് അഞ്ചാമതൊരു ടീം ലോകകപ്പിനെത്തുമോ എന്ന ചോദ്യത്തിന് മുന്നില്‍ പ്ലേ ഓഫ് പോരാട്ടത്തിന്റെ ആദ്യ പാദത്തില്‍ ബഹറൈന്‍ ഇന്ന് ഓഷ്യാന ജേതാക്കളായ ന്യൂസിലാന്‍ഡുമയി കളിക്കുന്നു. നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ബഹറൈന് തന്നെയാണ് മുന്‍ത്തൂക്കം. ഇത് വരെ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട് വരെ ബഹറൈന്‍ എത്തിയിട്ടില്ല. കിവീസിനെ തോല്‍പ്പിക്കാനായാല്‍ ലോകകപ്പ് ഫൈനല്‍ റൗണ്ടിനെത്തുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ബഹുമതിയും ബഹറൈനുണ്ടാവും. അതേ സമയം 1982 ലെ ലോകകപ്പിന് ശേഷം ആദ്യമായി ഫൈനല്‍ റൗണ്ട് കളിക്കാനുളള അവസരമാണ് കിവീസിന് കൈവരുന്നത്. ഓഷ്യാനയില്‍ നിന്നും ഓസ്‌ട്രേലിയ ഏഷ്യയിലേക്ക് ചേക്കേറിയതിനാല്‍ വന്‍കരയില്‍ നിന്നും വലിയ എതിര്‍പ്പില്ലാതെയാണ് കിവീസ് ചാമ്പ്യന്മാരായത്. ഏകദേശം ഒരു വര്‍ഷം മുമ്പ് തന്നെ അവര്‍ യോഗ്യതാ റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. കൂറെ കാലമായി രാജ്യാന്തര മല്‍സരങ്ങള്‍ കളിക്കാത്തത് ടീമിനെ ബാധിച്ചാല്‍ അത് മുതലെടുക്കാന്‍ ബഹറൈന് കഴിയും. 2009 ലെ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിലാണ് ന്യൂസിലാന്‍ഡ് അവസാനമായി കളിച്ചത്. കിവി ടീമിന് മണലാരണ്യത്തിലെ കാലാവസ്ഥയും പരിചിതമല്ല. ഒരാഴ്‌ച്ച മുമ്പ് തന്നെ അവര്‍ ദുബായിലെത്തി പരിശീലനം നടത്തിയത് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണം. സൗദിക്കെതിരെ സൗഹൃദ മല്‍സരത്തില്‍ നേടിയ അഞ്ച് ഗോളിന്റെ വിജയമാണ് കിവീസിന് പ്രതീക്ഷ നല്‍കുന്നത്. യോഗ്യത റൗണ്ടിലെ വാശിയേറിയ പോരാട്ടങ്ങളുടെ ആത്മവീര്യത്തിലാണ് ബഹറൈന്‍. സ്വന്തം മൈതാനത്തവര്‍ അധികം തോറ്റിട്ടില്ല. നിര്‍ഭാഗ്യത്തിനാണ് ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവരോട് ഇവിടെ തോറ്റത്.
ലാറ്റിനമേരിക്കയില്‍ പ്രഷര്‍ കുക്കര്‍
ബ്യൂണസ് അയേഴ്‌സ്: ലാറ്റിനമേരിക്ക ഇപ്പോള്‍ ഉറങ്ങാറില്ല. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന വന്‍കര കാത്തിരിക്കുന്ന രണ്ട് ദിവസങ്ങളില്‍ ഒന്ന് ഇന്നാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ന് വന്‍കരയില്‍ നടക്കുന്നത് നാല് മല്‍സരങ്ങള്‍. നാലും ഒന്നിനൊന്ന് നിര്‍ണ്ണായകം. സ്വന്തം മല്‍സരം മാത്രമല്ല മറ്റ് ടീമുകളും മല്‍സരങ്ങളിലേക്കും താരങ്ങളും പരിശീലകരും കണ്ണും നട്ടിരിക്കയാണ്. ബ്രസീലും പരാഗ്വേയുമാണ് ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ് ഇതിനകം സ്വന്തമാക്കിയവര്‍. ഇനിയും രണ്ട് പേര്‍ക്ക് നേരിട്ട് അവസരമുണ്ട്. ഒരു ടീമിന് പ്ലേ ഓഫ് ചാന്‍സും. നിലവില്‍ ചിലി, ഇക്വഡോര്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ഇന്നത്തെ മല്‍സരത്തില്‍ കൊളംബിയയെ തോല്‍പ്പിച്ചാല്‍ ചിലിക്ക് ടിക്കറ്റ് ഉറപ്പാണ്. ഉറുഗ്വേയെ പരാജയപ്പെടുത്തിയാല്‍ ഇക്വഡോറിനും സാധ്യത സജീവമാക്കാം. അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന അര്‍ജന്റീന സ്വന്തം മൈതാനത്ത് പെറുവിനെയാണ് നേരിടുന്നത്. ഈ മല്‍സരത്തിലെ ജയം മാത്രമല്ല ഇക്വഡോറിന്റെ തോല്‍വിയും അര്‍ജന്റീന ആഗ്രഹിക്കുന്നു. ഇത് കൂടാതെ ഉറുഗ്വേ, കൊളംബിയ, വെനിസ്വേല എന്നിവര്‍ക്കെല്ലാം സാധ്യത നിലനില്‍ക്കുന്നതിനാല്‍ എല്ലാവര്‍ക്കും പോരാട്ടങ്ങള്‍ നിര്‍ണ്ണായകമാണ്. പെറുവും ബൊളിവിയയും മാത്രമാണ് ഇപ്പോള്‍ സാധ്യതാപ്പട്ടികയില്‍ ഇല്ലാത്തവര്‍.
സമ്മര്‍ദ്ദത്തിന്റെ മതിലകത്താണ് മറഡോണയും അര്‍ജന്റീനയും. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ വന്‍ മാര്‍ജിനില്‍ പെറുവിനെ തോല്‍പ്പിക്കുക മാത്രമാണ് അവര്‍ക്ക് ചെയ്യാനുള്ളത്. ബാക്കിയെല്ലാം വിധിക്ക് വിടുക. പാബ്ലോ ഐമര്‍, പലെര്‍മോ, വെറോണ്‍ എന്നീ വെറ്ററന്മാര്‍ക്കൊപ്പം ലയണല്‍ മെസി, അഗ്വിറോ,മസ്‌കരാനസ് തുടങ്ങിയ യുവതാരങ്ങളെയും അണിനിരത്തിയായിരിക്കും മറഡോണ കളിക്കുക. പെറു ഗ്രൂപ്പിലെ ദുര്‍ബലരാണെങ്കിലും സമ്മര്‍ദ്ദത്തില്‍ കളിച്ച് അടിപതറരുതെന്നാണ് കോച്ച് പറയുന്നത്. ബ്യൂണസ് അയേഴ്‌സില്‍ ഇതിന് മുമ്പ് ഏഴ് തവണ പെറു വന്നിട്ടുണ്ട്. ഇതില്‍ ആറ് തവണയും തോല്‍ക്കാനായിരുന്നു വിധി. 1969 ല്‍ നേടാനായ സമനില മാത്രമായിരുന്നു അവരുടെ നേട്ടം. ഭയപ്പെടൊനൊന്നുമില്ലെന്നാണ് മറഡോണ പറയുന്നത്. താരങ്ങളെല്ലാം ഫോമിലാണ്. ഘാനക്കെതിരെ നടന്ന സൗഹൃദ മല്‍സരത്തില്‍ ജയിക്കാനായതും മെസിയെ പോലുളളവര്‍ ഫോമില്‍ നില്‍ക്കുന്നതുമാണ് മറഡോണക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെയാണ് അര്‍ജന്റീന-പെറു മല്‍സരം. റിവര്‍പ്ലേറ്റ് സ്‌റ്റേഡിയത്തിലേക്ക് കണ്ണും നട്ടിരിക്കുന്നവരില്‍ ലോകം തന്നെയുണ്ട്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദേശീയ സംഘത്തില്‍ തിരിച്ചെത്തിയ പാബ്ലോ ഐമറിലാണ് എല്ലാവരും പ്രതീക്ഷയര്‍പ്പിക്കുന്നത്.
ഇക്വഡോറിന്റെ തോല്‍വിയും മറഡോണ ആഗ്രഹിക്കുന്നു. ഉറുഗ്വേക്കെതിരായ മല്‍സരത്തില്‍ ഇക്വഡോര്‍ വിജയിക്കുന്നപക്ഷം അത് അര്‍ജന്റീനയെയാണ് ബാധിക്കുക. ഇന്ന് അര്‍ജന്റീന തോറ്റാല്‍ അത് ഇക്വഡോറിനും തുണയാവും. കൊളംബിയയും വെനിസ്വേലയും പ്രതീക്ഷകളില്‍ തന്നെയാണ്. ലാറ്റിനമേരിക്കയില്‍ നിന്ന് ഇത് വരെ ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടാത്തവരാണ് വെനിസ്വേല. ഇന്ന് പരാഗ്വയുമായാണ് അവര്‍ കളിക്കുന്നത്. ഇന്ന് ജയിച്ചാല്‍ അവര്‍ക്കും സാധ്യതയുണ്ട്. ബ്രസീലിന്റെ മല്‍സരം നാളെ ബൊളിവിയുമായാണ്.
പോയന്റ്‌് നില
ബ്രസീല്‍-33, പരാഗ്വേ 30, ചിലി 27, ഇക്വഡോര്‍ 23, അര്‍ജന്റീന 22, ഉറുഗ്വേ 21, വെനിസ്വേല 21, കൊളംബിയ 20, ബൊളീവിയ 12, പെറു 10.
അമേരിക്ക ടിക്കറ്റിന്
ന്യൂയോര്‍ക്ക്: കോണ്‍കാഫില്‍ നിന്ന് ഇത് വരെ ആര്‍ക്കും ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ് ലഭിച്ചിട്ടില്ല. പക്ഷേ ഇന്ന് അമേരിക്കക്ക് സാധ്യതയുണ്ട്-ഹോണ്ടുറാസിനെ തോല്‍പ്പിക്കണം. മൂന്ന് ടീമുകള്‍ക്കാണ് വന്‍കരയില്‍ നിന്ന് നേരിട്ട് എന്‍ട്രി. നാലാം സ്ഥാനക്കര്‍ക്ക് പ്ലേ ഓഫ് അവസരമുണ്ട്. ഇന്ന് അമേരിക്ക ഹോണ്ടുറാസിനെ നേരിടുന്നത് അവരുടെ തട്ടകത്ത് വെച്ചാണ്. ഇപ്പോള്‍ ഗ്രൂപ്പില്‍ രണ്ടാമതുള്ള മെക്‌സിക്കോ സ്വന്തം വേദിയില്‍ എല്‍സാവഡോറുമായി കളിക്കുമ്പോള്‍ കോസ്‌റ്റാറിക്കയുടെ പ്രതിയോഗികള്‍ ട്രിനിഡാഡാണ്. എട്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അമേരിക്ക (16), മെക്‌സിക്കോ (15), ഹോണ്ടുറാസ് (13) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. 12 പോയന്റുമായി കോസ്‌റ്റാറിക്ക നാലാമതാണ്.
ഈജിപ്‌തിന് നിര്‍ണ്ണായകം
കെയ്‌റോ: ഒന്നിലധികം തവണ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട് കളിച്ചവരാണ് ഈജിപ്‌ത്. പലവട്ടം ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് സ്വന്തമാക്കിയവര്‍. പക്ഷേ ഇത്തവണ വിയര്‍ക്കുകയാണ് ഫറോവക്കാര്‍. ഇന്നവര്‍ നിര്‍ണ്ണായക ലോകകപ്പ് പോരാട്ടത്തില്‍ നേരിടുന്നത് അട്ടിമറിക്കാരായ സാംബിയയെ. ഇരുവരും ആദ്യവട്ടം കണ്ടപ്പോള്‍ മല്‍സരം 1-1 ലായിരുന്നു. അതിന് ശേഷം അപ്രതീക്ഷിതമായി അള്‍ജീരിയക്ക് മുന്നില്‍ തകര്‍ന്നിരുന്നു ഈജിപ്‌ത്.
ചിരാഗ് ജയിച്ചു
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ നവാഗതരായ ചിരാഗ് യുനൈറ്റഡ് കുതിക്കുന്നു. സാള്‍ട്ട്‌ലെക്ക് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മല്‍സരത്തിലവര്‍ മുംബൈ എഫ്.സിയെ 2-1ന് വീഴ്‌ത്തി. ബ്രസീലുകാരന്‍ എഡ്‌മില്‍സമാണ് ചിരാഗിന്റെ രണ്ട് ഗോളുകളും സ്‌ക്കോര്‍ ചെയ്‌തത്. പെനാല്‍ട്ടി കിക്കില്‍ നിന്നും കെയിനെ വിന്‍സന്റ് മുംബൈയുടെ ആശ്വാസ ഗോള്‍ കരസ്ഥമാക്കി.
രാജിയില്ല
ബ്യൂണസസ് അയേഴ്‌സ്: ഇന്ന് റിവര്‍പ്ലേറ്റ് സ്‌റ്റേഡിയത്തില്‍ നിര്‍ണ്ണായക ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ പെറുവിനെ നേരിടുന്ന അര്‍ജന്റീനയുടെ കോച്ച് ഡിയാഗോ മറഡോണ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്ക് ശേഷം താന്‍ രംഗം വിടുമെന്ന് ഇത് വരെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ തെറ്റായി വിഖ്യാനിക്കുകയുമാണെന്നാണ് അദ്ദേഹത്തിന്റെ പരാതി. യോഗ്യതാ മല്‍സരങ്ങള്‍ക്ക് ശേഷം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിസേഷന്‍ പ്രസിഡണ്ടിനെ കാണുമെന്നാണ് പറഞ്ഞത്. അല്ലാതെ രാജി വെക്കുമെന്നോ, പരാതി നല്‍കുമെന്നോ പറഞ്ഞിട്ടില്ല. ദേശീയ ടീമിന്റെ പരിശീലകനായിരിക്കുന്നത് വലിയ ബഹുമതിയാണ്. ഈ ജോലിക്ക് താന്‍ പോരെങ്കില്‍ ആ കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും മറഡോണ പറഞ്ഞു.
ഡും ഡും ഡുമിനി
ബാംഗ്ലൂര്‍: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍, ഒരു വര്‍ഷം മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിച്ച കിവി വിക്കറ്റ് കീപ്പര്‍ ബ്രന്‍ഡന്‍ മക്കലം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ഞെട്ടിക്കുന്ന സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ നാട്ടുകാരായ കാണികള്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേ അവസ്ഥയില്‍ തന്നെയായിരുന്നു കഴിഞ്ഞ ദിവസവും അവര്‍. ചാമ്പ്യന്‍സ് ലീഗ് 20-20 യിലെ ആദ്യ മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് അനായാസ വിജയം നേടുമെന്നാണ് ആരാധകര്‍ കരുതിയത്. പക്ഷേ ജെ.പി ഡുമിനി എന്ന ദക്ഷിണാഫ്രിക്കക്കാരന്‍ ക്രീസില്‍ അല്‍ഭുതമായി. പുറത്താവാതെ 99 റണ്‍സ് നേടിയ ഡും ഡും ഡുമിനിയുടെ ചിറകില്‍ കോബ്രാസ് മല്‍സരം അഞ്ച് വിക്കറ്റിന് സ്വന്തമാക്കി. അവസാന ഓവര്‍ വരെ ആവേശം കത്തിയ മല്‍സരത്തില്‍ എവിടെയാണ് പിഴച്ചത് എന്ന് ചോദിച്ചപ്പോള്‍ റോയല്‍ നായകന്‍ അനില്‍ കുംബ്ലെ ഫീല്‍ഡിംഗിനെയാണ് പഴി ചാരിയത്. നിറം പകര്‍ന്ന ഉദ്‌ഘാടന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചത് മാത്രമായി ആതിഥേയ കാണികള്‍ക്കുളള നേട്ടം.
ഓസീസ് വിജയം
ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് 20-20 ക്രിക്കറ്റിന്റെ ഉദ്‌ഘാടന മല്‍സരത്തില്‍ ബാറ്റാണ് വിജയിച്ചതെങ്കില്‍ ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ പന്തിന് മേല്‍കൈ. 53 റണ്‍സിന് ന്യൂ സൗത്ത് വെയില്‍സ് ഈഗിള്‍സിനെ പരാജയപ്പെടുത്തിയപ്പോള്‍ തിളങ്ങിയത് ബൗളര്‍മാര്‍. ആദ്യം ബാറ്റ് ചെയ്‌തത് സൈമണ്‍ കാറ്റിച്ച് നയിച്ച വെയില്‍സായിരുന്നു. കാറ്റിച്ച് 53 റണ്‍സ് നേടിയിട്ടും ഇന്നിംഗ്‌സിന്റെ അവസാനത്തില്‍ ഈഗിള്‍സ് ബൗളര്‍മാര്‍ കരുത്ത് കാട്ടിയപ്പോള്‍ അവരുടെ സ്‌ക്കോര്‍ 144 ല്‍ നിയന്ത്രിക്കപ്പെട്ടു. മറുപടിയില്‍ സ്റ്റ്യൂവര്‍ട്ട് ക്ലാര്‍ക്ക് എന്ന ഓസീസ സീമര്‍ മിന്നിയപ്പോള്‍ ഈഗിള്‍സിന് ഒമ്പത് വിക്കറ്റിന് 91 റണ്‍സാണ് നേടാനായത്. റ്യാന്‍ മക്‌ലാറന്‍ 40 റണ്‍സ് നേടിയിട്ടും കോട്‌ലയിലെ ഏറ്റവും ചെറിയ 20-20 സ്‌ക്കോറിനാണ് ഈഗിള്‍സ് പുറത്തായത്.
No comments:
Post a Comment