Saturday, October 24, 2009
PAZHAZHIRAJA_THE CLASSIC
ഇതാണ് സിനിമ....! തികവാര്‍ന്ന പശ്ചാത്തലം, ചടുലമായ സംഭാഷണങ്ങള്‍, സൂക്ഷ്‌മമായ സംവിധാനം, അതിഭാവുകത്വമില്ലാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍, സാങ്കേതികതയുടെ വിസ്‌മയങ്ങള്‍, ക്യാമറയില്‍ തെളിയുന്ന പ്രകൃതി മനോഹാരിത- പഴശ്ശിരാജ എന്ന ചലച്ചിത്രം ശരിക്കുമൊരു വിസ്‌മയമാണ്....
വയനാടന്‍ കാടുകളില്‍ ഒളിയുദ്ധമുറയുമായി ബ്രിട്ടിഷുകാര്‍ക്കെതിരെ മരണം വരെ പോരാടിയ കേരളവര്‍മ്മ പഴശ്ശിരാജയുടെ കഥയറിയാത്തവരായി ആരുമില്ല. ഇന്ത്യന്‍ സ്വതന്ത്ര സമര ചരിത്രത്തിലെ വീരോചിത പോരാട്ടത്തിന്റെ പേജില്‍ നിന്നുമാണ് എം.ടി വാസുദേവന്‍ നായരുടെ തൂലികയില്‍ പഴശ്ശിരാജ വെള്ളിത്തിരയില്‍ പുനര്‍ജനിച്ചത്. പഴശ്ശിയുടെ ദൃശ്യഭാഷയിലുടെ തലക്കല്‍ ചന്തുവിനെയും എടച്ചേരി കുങ്കനെയും കൈതേരി അമ്പുവിനെയുമെല്ലാം പുതിയ തലമുറക്ക് പരിചയപ്പെടാനായി.
ഹരിഹരന്‍ അന്ന അനുഭവസമ്പന്നായ സംവിധായകനിലുടെ മലയാള സിനിമക്ക് ലഭിച്ചിരിക്കുന്നത് അതിന്റെ മഹത്തായ ഗതകാലമാണ്... സൂപ്പര്‍ താരങ്ങളുടെയും ഫാന്‍സ് അസോസിയേഷനുകളുടെയും പിടിയില്‍ അകപ്പെട്ട് നട്ടം തിരിയുന്ന മലയാള സിനിമക്ക് പുതിയ മുഖം നല്‍കിയിരിക്കുന്നു പഴശ്ശി രാജ എന്ന കാര്യത്തില്‍ സംശയമില്ല. ഇരുപത്തിയെട്ട് കോടിയോളം മുതല്‍ മുടക്കി ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ഈ ചരിത്ര ചിത്രത്തിന്റെ മഹാവിജയം നല്‍കുന്നത് വ്യക്തമായ സൂചനയാണ്-പ്രേക്ഷകനിഷ്ടം നല്ല സിനിമയാണ്. നല്ല കഥയാണ്, അഭിനയമാണ്, ആഖ്യാനവും ആവിഷ്‌ക്കാരവുമാണ്. സൂപ്പര്‍ താരങ്ങളുടെ ഗിമിക്‌സും അവര്‍ക്ക് ചുറ്റും വളിപ്പടിച്ച് നടക്കുന്ന തമാശക്കാരും, അടിയും പാട്ടുമെല്ലാം സിനിമയുടെ വിജയത്തിന്റെ അവിഭാജ്യ ഘടകങ്ങളല്ല. നല്ല സിനിമക്കൊപ്പം നന്മയുണ്ട്. നന്മക്കൊപ്പം പ്രേക്ഷകരുമുണ്ട്.
പഴശ്ശിരാജ ഒരിക്കലുമൊരു മമ്മുട്ടി ചിത്രമല്ല, ഹരിഹരന്‍ ചിത്രമോ, എം.ടി ചിത്രമോ, ഗോകുലം ഗോപാലന്‍ ചിത്രമോ, റസുല്‍ പുക്കുട്ടി ചിത്രമോ അല്ല. നല്ല കഥയില്‍ വിരിഞ്ഞ മഹത്തായ കലാസൃഷ്‌ടി. മമ്മുട്ടി എന്ന സൂപ്പര്‍ താരമാണ്‌് ചിത്രത്തിന്റെ മുഖം എന്നത് വ്യക്തം. പക്ഷേ ചിത്രത്തില്‍ പഴശ്ശിയായി വേഷമിടുന്ന മമ്മുട്ടിയെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത് മുതല്‍ ചിത്രത്തിലുടനീളം ഒരു അസാമാന്യ കഴിവും നായകന് നല്‍കുന്നില്ല. അതിഭാവുകത്വമുളള സംഭാഷണങ്ങളില്ല, നെടുനീളന്‍ വാചകക്കസര്‍ത്തില്ല, ഗിമിക്കുകളോ, വര്‍ണ്ണ പൊലിമയോ ഇല്ല. വളരെ സൂക്ഷ്‌മമായ അഭിനയത്തിലുടെ തനിക്ക് മാത്രം ചേരുന്ന വേഷങ്ങള്‍ തനിക്ക് മാത്രമേ വിജയിപ്പിക്കാനാവു എന്ന് മമ്മുട്ടി തെളിയിക്കുന്നുണ്ട്. സമീപകാലത്തായി മമ്മുട്ടി അവതരിപ്പിക്കുന്ന നായക വേഷങ്ങളെല്ലാം അതിഭാവുകത്വത്തിന്റെ താരപ്പതിപ്പാണ്. രാജമാണിക്ക്യം എന്ന സിനിമയുടെ വിജയത്തിലുടെ മമ്മുട്ടി ഗുലാനായും മായാ ബസാറായുമെല്ലാം തരം താണപ്പോള്‍ പ്രേക്ഷകന് നഷ്ടപ്പെട്ടത് കരുത്തനായ അഭിനേതാവിനെയായിരുന്നു. പഴശ്ശിയിലുടെ മമ്മുട്ടിയെ മലയാളത്തിന് തിരിച്ചു ലഭിച്ചിരിക്കുന്നു. സുന്ദരനായിരുന്നോ ചരിത്രത്തിലെ പഴശ്ശി എന്ന ചോദ്യം തല്‍ക്കാലം മാറ്റിനിര്‍ത്താം. പഴശ്ശി ധീരനും വീരനും തന്ത്രശാലിയുമായിരുന്നു. മമ്മുട്ടിക്ക് പ്രായം അമ്പതെല്ലാം പിന്നിട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ശരീരവും ശരീരഭാഷയും ഇപ്പോഴും പൗരുഷത്തിന്റെ ശക്തമായ തെളിവുകളാണ്. മമ്മുട്ടി ഫാന്‍സുകാര്‍ ആഗ്രഹിക്കുന്ന തരത്തിലുളള സൂപ്പറിസം ചിത്രത്തില്ലില്ല. പക്ഷേ തന്റെ റോള്‍ മനോഹരമാക്കാന്‍ മമ്മുട്ടി അനുഭവിച്ച ത്യാഗങ്ങള്‍ ഓരോ ഫ്രെയിമിയിലും വ്യക്തമാണ്. ഭാവാഭിനയത്തിന്റെ കാര്യത്തില്‍ മമ്മുട്ടിയെക്കാള്‍ അല്‍പ്പം മുന്നില്‍ നില്‍ക്കുന്നത് ശരത് കുമാറാണ്. പഴശ്ശിരാജയുടെ സൈന്യത്തലവനായ എടച്ചേരി കുങ്കന്റെ വേഷമണിയുന്ന ശരത് കുമാര്‍ പല ആക്ഷന്‍ രംഗങ്ങളിലും മമ്മുട്ടിയെ കടത്തിവെട്ടുന്നുണ്ട്. ശരത് കുമാര്‍ മാത്രമല്ല മനോജ് കെ ജയനും ജഗതീ ശ്രീകുമാറും തിലകനും കനിഹയും പത്മപ്രിയയുമെല്ലാം സ്വന്തം ഭാഗങ്ങള്‍ മനോഹരമാക്കുന്നുണ്ട്.
ഒരു സൂപ്പര്‍ താരം നായകനാവുമ്പോള്‍ സിനിമയുടെ ആഖ്യാനത്തെയും കഥയുടെ ഗമനത്തെയും ബാധിക്കാത്ത തരത്തില്‍ തിരക്കഥാകൃത്തും സംവിധായകനും ആഗ്രഹിക്കുന്ന തരത്തിലേക്ക് സിനിമയെ എത്തിക്കാനാവുമെന്നതിന്റെ തെളിവായി ചരിത്രത്തില്‍ ഈ സിനിമക്ക് സ്ഥാനമുണ്ടാവും. മമ്മുട്ടിയും മോഹന്‍ലാലും നായകന്മാരാവുമ്പോള്‍ എല്ലാം നിശ്ചയിക്കുന്നത് അവരാണെന്ന ആരോപണം കാലങ്ങളായി മലയാള സിനിമയിലുണ്ട്. നായികമാരെയും എന്തിന് സഹനടന്മാരെ പോലും സൂപ്പര്‍ താരങ്ങളാണ് നിശ്ചയിക്കാറുളളത്. പശ്ശിരാജയില്‍ നായക കഥാപാത്രം അവതരിപ്പിക്കേണ്ടത് മമ്മുട്ടി മാത്രമാണെന്ന് ആദ്യം പ്രഖ്യാപിച്ചത് എം.ടി യായിരുന്നു. തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്നാണ് മറ്റ് നടന്മാരെ തീരുമാനിച്ചത്. പഴശ്ശിരാജയില്‍ മമ്മുട്ടിയെ അവതരിപ്പിക്കുന്നത് കോളിളക്കങ്ങളോടെയല്ല. ഭയാനകമായ പശ്ചാത്തല സംഗീതവും, കുതിര കുളമ്പടിയും ഹുങ്കാര ശബ്ദങ്ങളൊന്നുമില്ലാതെയാണ് പഴശ്ശിരാജ കടന്നുവരുന്നത്-ഇരുട്ടില്‍ നിന്നും പതുക്കെ വെളിച്ചത്തിലേക്ക് വരുന്ന മമ്മുട്ടിയിലെ നായക കഥാപാത്രത്തിന് ഒരു ആംഗിളിലും അമിത പ്രാധാന്യം നല്‍കിയിട്ടില്ല.
റസൂല്‍ പുക്കുട്ടി എന്ന ഓസ്‌ക്കാര്‍ ജേതാവിന്റെ സാന്നിദ്ധ്യം നല്‍കുന്ന മാറ്റം ചിത്രത്തിന്റെ അനേകം പ്ലസുകളില്‍ ഒന്നാണ്. നമ്മുടെ തിയേറ്ററുകളിലെ ശബ്ദ സംവിധാനത്തില്‍ പുക്കുട്ടിയുടെ മികവ് തിരിച്ചറിയാന്‍ പറ്റുന്നില്ലെങ്കിലും പല സീനുകളിലും പശ്ചാത്തല സംഗീതവും ശബ്ദലേഖനവും വേറിട്ട് നില്‍ക്കുന്നു. ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച മൂന്ന് ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. വയനാടിനെ പ്രകീര്‍ത്തിക്കുന്ന ആദ്യഗാനത്തിലെ വരികളും ചിത്രീകരണവും അപാരമാണെങ്കില്‍ യുദ്ധരംഗങ്ങള്‍ അതിലേറെ മിഴിവ് പകരുന്നതായിരുന്നു. വനാന്തരത്തില്‍ വെച്ചുളള ചിത്രീകരണത്തിന് എല്ലാവരും സഹിച്ച ത്യാഗങ്ങളില്‍ മഹത്തായ ഒരു സിനിമയാണ് പിറന്നിരിക്കുന്നത്. എല്ലാവരും സിനിമക്ക് പിന്നണിയിലെ പ്രമുഖരെ മാത്രം പ്രകീര്‍ത്തിക്കുമ്പോള്‍ ലൈറ്റ്‌ബോയ് ഉള്‍പ്പെടെ പഴശ്ശിരാജ യാഥാര്‍ത്ഥ്യമാക്കുന്നതിന് പിറകില്‍ പ്രവര്‍ത്തിച്ച രണ്ടായിരത്തോളം കലാകാരന്മാരുടയും സാങ്കേതിക പ്രവര്‍ത്തകരുടെയും അര്‍പ്പണവും സേവനവും വിസ്‌മരിക്കാനാവില്ല. ഗോകുലം ഗോപാലന്‍ എന്ന വ്യക്തിയെ കേരളം സ്‌മരിക്കുന്നത് വ്യവസായ പ്രമുഖനായിട്ടായിരിക്കില്ല- പഴശ്ശിരാജ എന്ന ചരിത്ര സിനിമയുടെ ശക്തനായ നിര്‍മ്മാതാവായിട്ടായിരിക്കും. വര്‍ഷങ്ങള്‍ ദീര്‍ഘിച്ച ചിത്രീകരണത്തിനൊടുവില്‍ പുറത്തിറങ്ങിയ പഴശ്ശിരാജ തീര്‍ച്ചയായും മലയാള സിനിമയുടെ പുതിയ ചരിത്രമാണ്. പനോരമ സെലക്ഷന്‍ കാര്യത്തില്‍ പതിവ് പോലെ നടക്കുന്ന അന്തര്‍നാടകങ്ങള്‍ ഈ ചിത്രത്തെ ബാധിക്കുന്നില്ല. എവിടെ മലയാളിയുണ്ടോ, അവര്‍ക്കെല്ലാം അഭിമാനിക്കാവുന്ന ചിത്രമാണിത്.
Subscribe to:
Post Comments (Atom)
2 comments:
You are absolutely right.This film is a boost to the 'Malayalee' proud.
great work!!! we expect more from you,,keep going..
Post a Comment