Tuesday, October 27, 2009

AUSSI PRESSURE

പരുക്കില്‍ ഓസീസ്‌, പ്രതീക്ഷയില്‍ ഇന്ത്യ
നാഗ്‌പ്പൂര്‍:ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനായി ഇന്നിറങ്ങുന്ന ഓസ്‌ട്രേലിയ പരുക്കിന്റെ ഭീഷണിയില്‍....ഫാസ്‌റ്റ്‌ ബൗളര്‍ ബ്രെട്ട്‌ ലീ, ഓള്‍റൗണ്ടര്‍ ജെയിംസ്‌ ഹോപ്‌സ്‌ എന്നിവര്‍ ഇന്ന്‌ കളിക്കുന്നില്ല. മറ്റൊരു സീമര്‍ മിച്ചല്‍ ജോണ്‍സന്റെ കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. മൈക്കല്‍ ക്ലാര്‍ക്കിനും കാലം ഫെര്‍ഗൂസണും നേരത്തെ തന്നെ പരുക്കിന്റെ പിടിയിലാണ്‌. ഇന്ന്‌ ഇവിടെ നടക്കുന്ന പകല്‍ രാത്രി പോരാട്ടത്തില്‍ പതിനൊന്ന്‌ താരങ്ങളെ ഇറക്കാനുളള പ്രയാസത്തിലാണ്‌ ഓസ്‌ട്രേലിയന്‍ കോച്ച്‌ ടീം നെല്‍സണ്‍. അതേ സമയം ഇന്ത്യന്‍ ക്യാമ്പില്‍ തിരിച്ചടിക്കാനുളള ആവേശം യുവരാജ്‌ സിംഗിന്റെ വരവോടെ ഉയര്‍ന്നിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിനിടെ പരുക്കേറ്റ യുവരാജ്‌ പൂര്‍ണ്ണ സുഖം പ്രാപിച്ചതോടെ ഇന്ന്‌ കളിക്കുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌. യുവരാജ്‌ വരുമ്പോള്‍ ആദ്യ ഇലവനില്‍ വിരാത്‌ കോഹ്‌ലി, രവീന്ദു ജഡേജ എന്നിവരില്‍ ഒരാള്‍ പുറത്താവും. ബറോഡയില്‍ നടന്ന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ പ്രശ്‌നങ്ങളുടെ നടുക്കടലിലായിരുന്നു ഇന്ത്യ. നാല്‌ റണ്‍സിന്‌ മാത്രമാണ്‌ തോറ്റതെങ്കിലും ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലുമെല്ലാം ടീം ദയനീയതയാണ്‌ പ്രകടിപ്പിച്ചത്‌. ആശിഷ്‌ നെഹ്‌റ, ഇഷാന്ത്‌ ശര്‍മ്മ, പ്രവീണ്‍ കുമാര്‍, ഹര്‍ഭജന്‍സിംഗ്‌ എന്നിവരടങ്ങുന്ന ബൗളിംഗ്‌ നിരക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ഭജനാണ്‌ വലിയ നിരാശ സമ്മാനിച്ചത്‌. സ്‌പിന്നര്‍മാര്‍ക്ക്‌ തിളങ്ങാനാവുന്ന പിച്ചായിട്ടും കാര്യമായ സംഭാവന ടീമിന്‌ നല്‍കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഇഷാന്ത്‌ മുന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയെന്നത്‌ സത്യം. അദ്ദേഹത്തിനും ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാരുടെ കൂറ്റന്‍ ഷോട്ടുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രവീണാണ്‌ ഏറെ ശിക്ഷിക്കപ്പെട്ടത്‌. ബൗളര്‍മാരുടെ കാര്യത്തില്‍ ഇന്നും മാറ്റത്തിന്‌ സാധ്യതയില്ല. ബാറ്റിംഗില്‍ മുന്‍നിരക്കാര്‍ എല്ലാം മറന്നിരുന്നു. വീരേന്ദര്‍ സേവാഗ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ക്യാപ്‌റ്റന്‍ ധോണി എന്നിവരെല്ലാം പരാജിതരായപ്പോള്‍ മുന്‍നിരക്കാരില്‍ പിടിച്ചുനിന്നത്‌ ഗൗതം ഗാംഭീര്‍ മാത്രമായിരുന്നു. ഇന്ത്യ വിജയത്തിന്റെ അരികിലേക്ക്‌ നീങ്ങിയത്‌ വാലറ്റത്തില്‍ ഹര്‍ഭജന്‍ സിംഗും പ്രവീണ്‍ കുമാറും നടത്തിയ പ്രകടനത്തിലാണ്‌. ഫീല്‍ഡിംഗും ആകെ പാളിയിരുന്നു. വിരാത്‌ കോഹ്‌ലി, രവിന്ദു ജഡേജ എന്നീ യുവതാരങ്ങള്‍ മികച്ച ഫീല്‍ഡര്‍മാരാണെങ്കിലും യുവരാജിനെ പോലെ ടീമിനെ ഉണര്‍ത്താന്‍ ഇവര്‍ക്കായിരുന്നില്ല. ഇന്നത്തെ മല്‍സരത്തില്‍ വിജയിക്കാനാവാത്ത പക്ഷം ടീമിന്‌ പരമ്പരയില്‍ തിരിച്ചുവരാന്‍ പ്രയാസമാണെന്ന സത്യം ധോണി മനസ്സിലാക്കുന്നുണ്ട്‌.
പോണ്ടിംഗ്‌ മുഖ്യ താരങ്ങളുടെ പരുക്കില്‍ വേവലാതി പരസ്യമായി പ്രകടിപ്പിക്കുന്നില്ല. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാര്‍ എന്ന നിലയില്‍ യുവതാരങ്ങളെ പ്രചോദിപ്പിച്ച്‌, അവരിലെ പോരാട്ടവീര്യം ഉയര്‍ത്താനാണ്‌ അദ്ദേഹത്തിന്റെ നീക്കം. ടീം പെയിനെയെ പോലുളള യുവതാരങ്ങള്‍ ഇന്ത്യന്‍ ബൗളിംഗിനെ പഠിച്ചുകഴിഞ്ഞു. ബ്രെട്ട്‌ ലീ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന സമയമാണിത്‌. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ സേവനം നഷ്ടമാവുന്നത്‌ ആഘാതമാണ്‌. ഇന്ത്യയില്‍ നടന്ന ചാമ്പ്യന്‍സ്‌ ട്രോഫി 20-20 യില്‍ ന്യൂ സൗത്ത്‌ വെയില്‍സിന്‌ വേണ്ടി മിന്നല്‍ പ്രകടനമാണ്‌ ലീ നടത്തിയിരുന്നത്‌. ഫൈനല്‍ പോരാട്ടത്തില്‍ ട്രിനിഡാഡിനെ പരാജയപ്പെടുത്തുന്നതില്‍ ബാറ്റ്‌ കൊണ്ടും പന്ത്‌ കൊണ്ടും ലീയാണ്‌ മികച്ചുനിന്നത്‌. പേശീവലിവാണ്‌ ലീയെ തളര്‍ത്തുന്നത്‌. ഹോപ്‌സിന്റെ കണങ്കാലിനാണ്‌ പരുക്ക്‌. ബറോഡ ഏകദിനത്തില്‍ പരുക്കേറ്റ മിച്ചല്‍ ജോണ്‍സണ്‍ ഇന്നലെ പരിശീലനത്തില്‍ സജീവമായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്‌ ആദ്യ ഇലവനില്‍ സ്ഥാനം നല്‍കുമെന്നാണ്‌ കോച്ച്‌ വ്യക്തമാക്കിയിരിക്കുന്നത്‌.
നാഗ്‌പ്പൂരിന്‌ സമീപമുളള ജംതയിലെ പുതിയ മൈതാനത്ത്‌ നടക്കുന്ന ആദ്യ രാജ്യാന്തര ഏകദിന മല്‍സരം കൂടിയാണ്‌ ഇന്ന്‌ നടക്കുന്നത്‌. ഈ മൈതാനത്ത്‌ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്‌റ്റ്‌ പരമ്പരയിലെ ഒരു മല്‍സരം നടന്നിരുന്നുവെങ്കിലും കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. നാഗ്‌പ്പൂര്‍ നഗരത്തില്‍ നിന്നും പതിനാറ്‌ കീലോമീറ്റര്‍ അകലെയാണ്‌ ജംത. അതിനാല്‍ തന്നെ കാണികള്‍ എത്തിപ്പെടാന്‍ പ്രയാസമാണ്‌. ഇന്ന്‌ പകല്‍ രാത്രി മല്‍സരമായതിനാല്‍ കാണികളുടെ എണ്ണത്തില്‍ കുറവ്‌ വരില്ല എന്നാണ്‌ സംഘാടകര്‍ കരുതുന്നത്‌.
ബറോഡ ഏകദിനത്തില്‍ 11 പന്തില്‍ 13 റണ്‍സ്‌ സ്വന്തമാക്കിയ വിരേന്ദര്‍ സേവാഗില്‍ നിന്നും അദ്ദേഹത്തിന്റെ തനത്‌ ശൈലിയിലുള്ള തകര്‍പ്പന്‍ ഇന്നിംഗ്‌സാണ്‌ കാണികള്‍ പ്രതീക്ഷിക്കുന്നത്‌. മല്‍സരത്തിലെ ആദ്യ രണ്ട്‌ പന്തുകളില്‍ മികച്ച ഷോട്ടുകള്‍ പായിച്ച സേവാഗിന്‌ നല്ല തുടക്കം ലഭിച്ചാല്‍ അത്‌ ഇന്ത്യക്ക്‌ വലിയ സഹായമാവും. പകല്‍ രാത്രി മല്‍സരമായതിനാല്‍ ടോസ്‌ നിര്‍ണ്ണായകമാണ്‌. ടോസ്‌ ലഭിച്ചാല്‍ ആദ്യം ബാറ്റിംഗ്‌ എന്ന ലക്ഷ്യത്തിലേക്കായിരിക്കും നായകര്‍ നീങ്ങുക. യുവരാജ്‌ സിംഗ്‌ സ്വന്തം ദിവസങ്ങളില്‍ ആര്‍ക്കും പിടിച്ചാല്‍ കിട്ടാത്ത താരമാണ്‌. പരുക്കുമായി അല്‍പ്പനാളുകള്‍ പുറത്തിരുന്ന പരിചയസമ്പന്നനായ താരം മധ്യനിരയില്‍ തിരിച്ചെത്തുന്നത്‌ ഇന്ത്യക്ക്‌ ആശ്വാസം പകരും.
ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുക്കുന്നതില്‍ ബറോഡയില്‍ രണ്ട്‌ ടീമുകളും പരാജയമായിരുന്നു. ഓസ്‌ട്രേലിയ 43 മുതല്‍ 47 ഓവര്‍ വരെയുള്ള സമയത്താണ്‌ ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുത്തത്‌. 33 റണ്‍സ്‌ മാത്രമാണ്‌ പവര്‍ പ്ലോ ഓവറുകളില്‍ അവര്‍ക്ക്‌ നേടാനായത്‌. മൂന്ന്‌ വിക്കറ്റുകളും നഷ്ടമായി. ഇന്ത്യ 35 മുതല്‍ 40 വരെയുള്ള ഓവറുകളിലാണ്‌ പവര്‍ പ്ലേ തെരഞ്ഞെടുത്തത്‌. ആദ്യ പന്തില്‍ തന്നെ ഫോമിലുള്ള ബാറ്റ്‌സ്‌മാന്‍ ഗാംഭീറിനെ നഷ്ടമായെന്ന്‌ മാത്രമല്ല 32 റണ്‍സ്‌ മാത്രമാണ്‌ ഈ ഘട്ടത്തില്‍ ടീമിന്‌ നേടാനായത്‌. ഓസ്‌ട്രേലിയക്കാരെ പോലെ മൂന്ന്‌ വിക്കറ്റും ബലി നല്‍കേണ്ടി വന്നു.
ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്‌്‌ നിരാശപ്പെടുത്തിയ ബറോഡയില്‍ ഓസീസ്‌ സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സ്‌ അവസരോചിതമായി പന്തെറിഞ്ഞിരുന്നു. ധോണി-ഗാംഭീര്‍ സഖ്യം നന്നായി മുന്നേറവെ ബൗള്‍ ചെയ്യാനെത്തിയ സന്ദര്‍ഭത്തില്‍ ഏഴ്‌ ഓവറുകള്‍ എറിഞ്ഞ ഹൗറിറ്റ്‌സ്‌ 15 റണ്‍സ്‌ മാത്രമാണ്‌ നല്‍കിയത്‌. ഒരു വിക്കറ്റും വീഴ്‌ത്തി.
ഇന്ത്യയുടെ അവസാന ഇലവനെ ഇത്‌ വരെ തെരഞ്ഞെടുത്തിട്ടില്ല. യുവരാജ്‌ സിംഗ്‌ മടങ്ങിവരുമ്പോള്‍ കോഹ്‌ലി, ജഡേജ എന്നിവരില്‍ ഒരാള്‍ പുറത്താവും. ബറോഡയില്‍ ശിക്ഷ വാങ്ങിയ പ്രവീണ്‍ കുമാറിന്‌ പകരം മുനാഫ്‌ പട്ടേല്‍ വരാനും സാധ്യതയുണ്ട്‌. ഓസീസ്‌ ടീമില്‍ ലി, ഹോപ്‌സ്‌ എന്നിവര്‍ക്ക്‌ പകരം ഡഗ്‌ ബോളിഗ്നര്‍,ഷോണ്‍ മാര്‍ഷ്‌്‌ എന്നിവര്‍ കളിക്കാനാണ്‌ സാധ്യത. മല്‍സരം ഉച്ചതിരിഞ്ഞ്‌ 2-30 മുതല്‍ ദൂരദര്‍ശനിലും നിയോ സ്‌പോര്‍ട്‌സിലും.

പോര്‍ച്ചുഗല്‍ തന്ത്രങ്ങളുമായി സ്‌പോര്‍ട്ടിംഗ്‌
കോഴിക്കോട്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ ആദ്യ വിജയം തേടിയെത്തിയ സ്‌പോര്‍ട്ടിംഗ്‌ ഗോവക്കായി തന്ത്രങ്ങള്‍ മെനയുന്നത്‌ പോര്‍ച്ചുഗലില്‍ നിന്നുളള പരിശീലകന്‍ റോയ്‌ ബരാറ്റോ.. നാളെ കോര്‍പ്പ
റേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തിനായി ഇന്നലെ വൈകിട്ട്‌ നഗരത്തിലെത്തിയ ടീമിന്റെ കരുത്ത്‌ പരിശീലകനാണ്‌. ക്യാപ്‌റ്റന്‍ ബിബിയാനോ ഉള്‍പ്പെടെയുളള സീനിയര്‍ താരങ്ങള്‍ ടീമിന്റെ സാധ്യതകളെക്കുറിച്ച്‌ പറയാന്‍ ധൈര്യപ്പെട്ടില്ല. എല്ലാം കോച്ച്‌ പറയുമെന്ന്‌ പറഞ്ഞ്‌ താരങ്ങളും ടീം മാനേജറും മുങ്ങിയപ്പോള്‍ ആധികാരികമായ മറുപടികളുമായാണ്‌ ബരാറ്റോ വന്നത്‌. ഇതിനകം ലീഗില്‍ മൂന്ന്‌ മല്‍സരങ്ങള്‍ കളിച്ച ടീമിന്റെ സമ്പാദ്യം പൂനെ എഫ്‌.സിയുമായി ലഭിച്ച സമനിലയില്‍ നിന്നുള്ള ഒരു പോയന്റാണ്‌. പക്ഷേ അതൊന്നും ബരാറ്റോ കാര്യമാക്കുന്നില്ല. പ്രൊഫഷണല്‍ ഫുട്‌ബോളും പോസീറ്റിവ്‌ ഫുട്‌ബോളുമാണ്‌ അദ്ദേഹത്തിന്റെ മനസ്സില്‍. തോല്‍വികള്‍ കാര്യമാക്കുന്നില്ല. വിവക്കെതിരെ ജയിക്കാനാണ്‌ വന്നത്‌. പ്രതിരോധത്തിലെ പാളിച്ചകളാണ്‌ തോല്‍വികള്‍ക്ക്‌ കാരണമായത്‌.
വിവ നല്ല ടീമാണ്‌. ചര്‍ച്ചിലുമായുളള അവരുടെ മല്‍സരം കണ്ടിരുന്നു. സ്വന്തം മൈതാനത്ത്‌ കളിക്കുമ്പോള്‍ തീര്‍ച്ചയായും ആക്രമണമായിരിക്കും അവരുടെ മുദ്രാവാക്യം. ഫള്‌ഡ്‌ലിറ്റിന്‌ നടക്കുന്ന മല്‍സരമായതിനാല്‍ കൂടുതല്‍ ആവേശത്തിലാണ്‌ ബരാറ്റോ. പകല്‍ മല്‍സരങ്ങളില്‍ കളിക്കുമ്പോള്‍ സ്വാഭാവികമായും താരങ്ങള്‍ വേഗം ക്ഷീണിതരാവും. രാത്രിയില്‍ ക്ഷീണമില്ലാതെ കളിക്കാമെന്നും അത്‌ ടീമിന്‌ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പോര്‍ച്ചുഗല്‍കാരനായ ബരാറ്റോ പ്രൊഫഷണല്‍ പരിശീലകനാണ്‌. ദീര്‍ഘകാലം ആഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്കയിലും നമീബിയയിലും സിംബാബ്‌വെയിലുമെല്ലാം പരിശീലക ജിവിതം നയിച്ചാണ്‌ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്‌.
കനത്ത മഴയില്‍ ലീഗിലെ ആദ്യ മല്‍സരം കളിക്കാന്‍ കഴിയാതിരുന്ന സ്‌പോര്‍ട്ടിംഗ്‌ രണ്ടാം മല്‍സരത്തില്‍ സ്വന്തം മൈതാനത്ത്‌ ലാജോംഗ്‌ എഫ്‌.സിക്ക്‌ മുന്നില്‍ ഒരു ഗോളിന്‌ തോറ്റിരുന്നു. രണ്ടാം മല്‍സരത്തില്‍ പുനെ എഫ്‌.സിയുമായി 2-2 സമനില വഴങ്ങി. മൂന്നാം മല്‍സരത്തില്‍ നാട്ടുകാരായ സാല്‍ഗോക്കറിന്‌ മുന്നില്‍ പൊരുതികളിച്ചിട്ടും 2-3ന്‌ തോല്‍ക്കുകയായിരുന്നു.
സംഘാടക സമിതിക്ക്‌ വേണ്ടി സി.ജെ റോബിന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ ടീമിനെ സ്വീകരിച്ചു. ഇന്ന്‌ വൈകീട്ട്‌ ടീം മൈതാനത്ത്‌ പരിശീലനത്തിനിറങ്ങും. നാളെ 6-30 നാണ്‌ മല്‍സരം. വിവ കേരള ടീമിന്റെ പുതിയ തായ്‌ലാന്‍ഡ്‌ താരം വിസുത്‌ പുന്‍പെംഗ്‌ ഇന്നലെ ടീമിനൊപ്പം അല്‍പ്പസമയം ചെലവഴിച്ചു.
റാഫി മിന്നിയിട്ടും മഹീന്ദ്രക്ക്‌ സമനില
മുംബൈ: കൂപ്പറേജ്‌ സ്‌റ്റേഡിയത്തില്‍ ഇന്നലെ കാസര്‍ക്കോടുകാരന്‍ മുഹമ്മദ്‌ റാഫിയുടെ ദിനമായിരുന്നു. ഐ ലീഗ്‌ ഫുട്‌ബോളില്‍ മഹീന്ദ്ര യുനൈറ്റഡിനായി കളിച്ച റാഫി ഇരുപകുതികളിലായി സ്‌ക്കോര്‍ ചെയ്‌ത ഒരു ജോഡി ഗോളുകള്‍ പക്ഷേ മഹീന്ദ്രയെ തുണച്ചില്ല. ചിരാഗ്‌ യുനൈറ്റഡിനെതിരായ മല്‍സരത്തില്‍ അവര്‍ പോയന്റ്‌്‌ പങ്കിട്ടു. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ വിവ കേരളയെ ഒരു ഗോളിന്‌ കീഴടക്കി ഇവിടെയെത്തിയ ചിരാഗ്‌ സംഘത്തിന്‌ തുടക്കത്തില്‍ തന്നെ പിഴച്ചിരുന്നു. പക്ഷേ സുബ്രതോ ഭട്ടാചാര്യയുടെ ടീം പോരാട്ടവീര്യം അവസാന നിമിഷം വരെ നിലനിര്‍ത്തി.
മുപ്പത്തിയൊമ്പതാം മിനുട്ടിലായിരുന്നു റാഫിയുടെ ആദ്യ ഗോള്‍. ഈ ഗോളിന്‌ ആദ്യ പകുതിക്ക്‌ പിരിഞ്ഞ ജീപ്പുകാര്‍ക്ക്‌ പക്ഷേ അമ്പത്തിയാറാം മിനുട്ടില്‍ സമനില വഴങ്ങേണ്ടി വന്നു. ജോസിമര്‍ ഡാസില്‍വ മാര്‍ട്ടിനസിന്റെ ബൂട്ടില്‍ നിന്നായിരുന്നു മിന്നല്‍ സമനില ഗോള്‍. അടുത്ത മിനുട്ടില്‍ തന്നെ അജയന്‍ നല്‍കിയ പാസുമായി മുന്നേറിയ റാഫി വീണ്ടും ടീമിന്‌ ലീഡ്‌ നല്‍കി. മല്‍സരം അവസാനിക്കാന്‍ 12 മിനുട്ട്‌ ശേഷിക്കെ ജോഷിമര്‍ തന്നെ ഒരിക്കല്‍ക്കൂടി ചിരാഗിന്റെ രക്ഷകനായി. റാഫിയാണ്‌ കളിയിലെ കേമന്‍. സമനിലയോടെ ചിരാഗ്‌ 11 പോയന്റുമായി ഐ ലീഗ്‌ ടേബിളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഇന്ന്‌ മൂന്ന്‌ മല്‍സരങ്ങള്‍
ജെ.സി.ടി മില്‍സ്‌-ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌
ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌-പൂനെ എഫ്‌.സി
എയര്‍ ഇന്ത്യ-മുംബൈ എഫ്‌.സി

പറങ്കിതന്തച്രം
കോഴിക്കോട്‌: ചുഗവാമ എന്ന നൈജീരിയക്കാരന്‌ കീഴില്‍ ദേശീയ ഫുട്‌ബോളില്‍ ഒരു കാലത്ത്‌ നിറഞ്ഞ്‌ നിന്ന സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഗോവ ഇടക്കാലത്തെ തകര്‍ച്ചയില്‍ നിന്നും തിരിച്ചുവരവിന്‌ ശ്രമിക്കുന്നത്‌ മറ്റൊരു വിദേശ പരിശീലകന്‌ കീഴില്‍.... പോര്‍ച്ചുഗലുകാരനായ റോയ്‌ ബരാറ്റോക്ക്‌ ടീമിനെ ഉയരങ്ങളിലെത്തിക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. 1999 ല്‍ രൂപികൃതമായ സ്‌പോര്‍ട്ടിംഗിന്റെ സുവര്‍ണ്ണകാലം ചുഗവാമക്ക്‌ കീഴിലായിരുന്നു. ഡുഡു ഒമാഗമി എന്ന മുന്‍നിരക്കാരന്റെ കരുത്തില്‍ സ്‌പോര്‍ട്ടിംഗ്‌ സൂപ്പര്‍ കപ്പ്‌ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കിയത്‌ കോഴിക്കോട്ട്‌ വെച്ചായിരുന്നു. എസ്‌.ബി.ടി ഉള്‍പ്പെടെയുളള ടീമുകള്‍ ദേശീയ ലീഗ്‌ കളിച്ചിരുന്ന സമയത്ത്‌ ടീമിന്റെ തുരുപ്പുചീട്ടായിരുന്നു ഡുഡു എന്ന പത്താം നമ്പറുകാരന്‍. പക്ഷേ ബരാറ്റോക്ക്‌ അങ്ങനെയൊരു ആയുധമില്ല. നാല്‌ വിദേശ താരങ്ങള്‍ ടീമിലുണ്ട്‌. പക്ഷേ ആര്‍ക്കും ഇത്‌ വരെയങ്ങ്‌ മിന്നാന്‍ കഴിഞ്ഞിട്ടില്ല. പൂനെ എഫ്‌.സിയുമായി സമനില കൈവരിച്ച മല്‍സരത്തിലാണ്‌ ടീമിന്റെ പോരാട്ടവീര്യം പ്രകടമായത്‌. പ്രൊഫഷണലിസമാണ്‌ ബരാറ്റോയുടെ ആയുധം. ആദ്യമായി കോഴിക്കോട്ട്‌ വന്ന കോച്ച്‌ അറിയാത്ത കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ തയ്യാറല്ല. മൂന്ന്‌ വര്‍ഷം മുമ്പ്‌ ഇവിടെ വെച്ചാണ്‌ സ്‌പോര്‍ട്ടിംഗ്‌ സൂപ്പര്‍ കപ്പ്‌ നേടിയതെന്ന കാര്യത്തില്‍ അഭിപ്രായത്തിന്‌ അദ്ദേഹം മുതിര്‍ന്നില്ല. ഭൂതകാലത്തെക്കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്നും പറയാനില്ലെന്നുമായിരുന്നു പ്രതികരണം. വിവ ടീമിന്റെ പുതിയ തായ്‌ റിക്രൂട്ടിനെക്കുറിച്ച്‌ ചോദിച്ചപ്പോഴും കാണാത്ത കാര്യങ്ങളില്‍ അഭിപ്രായത്തിനിലെന്ന പ്രൊഫഷണല്‍ മറുപടിയാണ്‌ വന്നത്‌. ഫുട്‌ബോളിലെ തന്ത്രം വിജയിക്കാനാണ്‌. വിജയം നടപ്പാക്കുകയാണ്‌ പരമ പ്രധാനമെന്ന്‌ പറയുന്ന പരിശീലകന്‌ കീഴില്‍ സ്‌പോര്‍ട്ടിംഗ്‌ മുന്നേറിയാല്‍ അല്‍ഭുതപ്പെടാനില്ല.

വയസ്സന്മാര്‍ ഇല്ല
സ്റ്റോക്ക്‌ഹോം: സ്വിഡിഷ്‌ ഫുട്‌ബോളില്‍ ഒരു കാലഘട്ടം അവസാനിക്കുകയാണ്‌..... ദീര്‍ഘകാലം ടീമിനെ സേവിച്ച പരിശീലകന്‍ ലാര്‍സ്‌ ലാജര്‍ബാകും മുന്‍നിരക്കാരന്‍ ഹെന്‍ട്രിക്‌ ലാര്‍സണും ഇനി ദേശീയ കുപ്പായത്തിലുണ്ടാവില്ല. അടുത്ത വര്‍ഷം ദക്ഷിണാഫ്രക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിന്‌ യോഗ്യത നേടാന്‍ കഴിയാതെ സ്വീഡന്‍ പുറത്തായപ്പോള്‍ രാജ്യാന്തര രംഗം വിട്ട ലാര്‍സണ്‌ പിറകെ ശനിയാഴ്‌ച്ച നടക്കുന്ന സൗഹൃദ മല്‍സരത്തോടെ ലാജര്‍ബാക്കും വിടപറയുകയാണ്‌. 90 കള്‍ മുതല്‍ രണ്ട്‌്‌ പേരും സ്വിഡിഷ്‌ ടീമിനൊപ്പമുണ്ട്‌. പത്തൊമ്പത്‌ വര്‍ഷത്തോളമായി ലാജര്‍ബാക്‌ സ്വിഡന്റെ തന്ത്രങ്ങളുടെ ആശാനാണ്‌. ഇവര്‍ക്ക്‌ രണ്ട്‌ പേര്‍ക്കും കിഴിലാണ്‌ സ്വീഡന്‍ ലോകത്തോളം വളര്‍ന്നത്‌. 1994 ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പ്‌ ഓര്‍മ്മയുളളവര്‍ ഒരിക്കലും ലാര്‍സണെ മറക്കില്ല. ബള്‍ഗേറിയക്കെതിരായ ലൂസേഴ്‌സ്‌ ഫൈനലില്‍ നാല്‌ ഗോളിന്‌ സ്വീഡന്‍ ജയിച്ചപ്പോള്‍ വിജയത്തിന്‌ പിന്നില്‍ ലാര്‍സണായിരുന്നു. 2003 ല്‍ രാജ്യത്തെ അമ്പത്‌ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളറെ ജനങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതും ലാര്‍സണായിരുന്നു. എന്തെല്ലാം വിമര്‍ശനങ്ങളുണ്ടായാലും ലാജര്‍ബാക്കായിരുന്നു സ്വിഡന്റെ ഏറ്റവും മികച്ച കോച്ചെന്ന്‌്‌ നിസ്സംശയം പറയാനാവും. 2000 മുതല്‍ 2008 വരെയുളള കാലയളവായിരുന്നു അദ്ദേഹത്തിന്റെ സുവര്‍ണ്ണ കാലഘട്ടം. 2008 ല്‍ നടന്ന യൂറോ കപ്പില്‍ സ്വിഡന്റെ പ്രകടനം മോശമായപ്പോള്‍ ടീമിലെ വയസ്സന്മാരെയാണ്‌ എല്ലാവരും വിമര്‍ശിച്ചത്‌. ആദ്യ റൗണ്ടില്‍ തന്നെ ടീം പുറത്തായത്‌ പരിശീലകന്‍ സീനിയര്‍ താരങ്ങള്‍ക്ക്‌ മാത്രം അവസരം നല്‍കിയത്‌ കൊണ്ടാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. എന്നാല്‍ സ്വീഡിഷ്‌ ഫുട്‌ബോള്‍ ഫെഡറേഷന്‍ ലാജര്‍ബാക്കില്‍ തന്നെ വിശ്വാസമര്‍പ്പിച്ചു. പക്ഷേ ഇത്തവണ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ ടീം പതറിയത്‌ കോച്ചിന്‌ വിനയായി. ശക്തരുടെ ഗ്രൂപ്പിലായിരുന്നു ഇത്തവണ സ്വിഡന്‍ കളിച്ചത്‌. ഡെന്മാര്‍ക്കും പോര്‍ച്ചുഗലും വലിയ ടീമുകളായിരുന്നു. ഗ്രൂപ്പില്‍ നിന്ന്‌ ഡെന്മാര്‍ക്ക്‌ ഒന്നാമന്മാരായി ലോകകപ്പ്‌ ടിക്കറ്റ്‌ നേടിയപ്പോള്‍ പ്ലേ ഓഫ്‌ ബെര്‍ത്ത്‌ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടക്കായിരുന്നു. യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരത്തില്‍ സ്വീഡന്‍ 4-1ന്‌ അല്‍ബേനിയയെ തകര്‍ത്തിരുന്നു.
ലാര്‍സണ്‍ ചിലപ്പോള്‍ സ്വിഡിഷ്‌ ദേശീയ ടീമിന്റെ കോച്ചായി വരാന്‍ സാധ്യതയുണ്ട്‌. സ്വീഡിഷ്‌ താരവും ബാര്‍സിലോണയുടെ മുന്‍നിരക്കാരനുമായ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌ ലാര്‍സണെ ദേശീയ പരിശീലകനാക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നല്‍ തല്‍ക്കലം ദേശീയ. ടീമിനൊപ്പമില്ലെന്ന പക്ഷത്താണത്രെ ലാര്‍സണ്‍. പരിശീലകനാവണമെങ്കില്‍ ആ ജോലി പഠിക്കണമെന്നാണ്‌ കക്ഷി പറയുന്നത്‌.

No comments: