Monday, October 5, 2009

RONALDINHO AGAIN>>>


യൂറോപ്പ്‌- ഉന്നതര്‍ കുതിക്കുന്നു
ലണ്ടന്‍: യൂറോപ്പില്‍ ഇത്‌ ലോകകപ്പ്‌ വാരമാണ്‌.... ഈയാഴ്‌ച്ചയാണ്‌ ലോകകപ്പ്‌ യോഗ്യതാ റൗണ്ടിലെ നിര്‍ണ്ണായക മല്‍സരങ്ങള്‍ ആരംഭിക്കുന്നത്‌. യൂറോപ്പില്‍ മാത്രമല്ല, ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം ഉന്നത ടീമുകള്‍ വിലപ്പെട്ട മല്‍സരങ്ങള്‍ക്കായി ഒരുങ്ങുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ക്ക്‌ ഈയാഴ്‌ച്ചയിലെ ലീഗ്‌ മല്‍സരങ്ങള്‍ സ്വന്തം മികവ്‌ തെളിയിക്കുന്നതിനും കരുത്തിനെ പോളിഷ്‌ ചെയ്യുന്നതിനുമുള്ള അവസരമായിരുന്നു പോയ ദിവസങ്ങളിലെ മല്‍സരങ്ങള്‍. റയല്‍ മാഡ്രിഡ്‌, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, യുവന്തസ്‌, ബയേണ്‍ മ്യൂണിച്ച്‌, ബോറോഡോക്‌സ്‌ തുടങ്ങിയ പ്രബലര്‍ സ്വന്തം ലീഗുകളില്‍ തോറ്റത്‌്‌ ഈ ടീമുകളില്‍ കളിക്കുന്ന സൂപ്പര്‍ താരങ്ങള്‍ക്കും അവരുടെ ദേശീയ ടീമുകള്‍ക്കും ആഘാതമായി.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌: പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെ ചെല്‍സി നേടിയ രണ്ട്‌ ഗോള്‍ വിജയമായിരുന്നു പ്രധാന സംഭവം. ഈ മല്‍സരം ചെല്‍സിക്കൊപ്പം ഫ്രാന്‍സിനും ആവേശം നല്‍കുന്നുണ്ട്‌. ലോകകപ്പ്‌ യോഗ്യതാ ഘട്ടത്തില്‍ തപ്പിതടയുന്ന ഫ്രഞ്ച്‌ ടീമിന്‌ ഉണര്‍വ്‌ നല്‍കുന്ന പ്രകടനമാണ്‌ അവരുടെ താരമായ നിക്കോളാസ്‌ അനേല്‍ക്ക ചെല്‍സിയുടെ കുപ്പായത്തില്‍ നടത്തിയത്‌. അനേല്‍ക്ക മാത്രമല്ല, ചെല്‍സി സംഘത്തിലെ ഫ്രഞ്ച്‌ താരമായ ഫ്‌ളോറന്‍ഡ്‌ മലൂദയും മികച്ച പ്രകടനമാണ്‌ നടത്തിയത്‌. രണ്ട്‌ ഗോളിന്റെ ചെല്‍സി വിജയത്തില്‍ അവര്‍ക്ക്‌ ലീഗില്‍ ഒന്നാം സ്ഥാനമായി. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാവട്ടെ സ്വന്തം മൈതാനത്ത്‌ നടന്ന മല്‍സരത്തില്‍ പത്ത്‌ പേരുമായി കളിച്ച സുതര്‍ലാന്‍ഡുമായി സമനില വഴങ്ങിയതാണ്‌ ചെല്‍സിക്ക്‌ നേട്ടമായത്‌. ഗോള്‍വേട്ടക്കാരായി മാറുന്ന ആഴ്‌സനല്‍ 6-2ന്‌ ബ്ലാക്‌ബര്‍ണ്‍ റോവേഴ്‌സിനെ തകര്‍ത്തതും വാര്‍ത്തയായി. മിക്ക മല്‍സരങ്ങളിലും ഗോള്‍വേട്ടക്കാരുടെ രൂപത്തിലാണ്‌ ഗണ്ണേഴ്‌സ്‌. ലീഗിലെ ഏഴ്‌ മല്‍സരത്തിനിടെ 24 ഗോളുകളാണ്‌ അവര്‍ സ്‌ക്കോര്‍ ചെയ്‌തിരിക്കുന്നത്‌. സൂപ്പര്‍ ടീമുകള്‍ക്കൊപ്പം ലീഗിലെ മുന്‍നിരയില്‍ തുടരുന്ന ടോട്ടന്‍ഹാമിന്‌ പക്ഷേ സമനിലയുടെ ആഘാതമേറ്റു. ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സിന്‌ മുന്നിലാണ്‌ രണ്ട്‌ ഗോള്‍ വീതമടിച്ച്‌ ടോട്ടന്‍ കുരുങ്ങിയത്‌. പ്രീമിയര്‍ ലീഗിലെ ആദ്യ മൂന്ന്‌ സ്ഥാനക്കാര്‍ ഇവരാണ്‌: 1-ചെല്‍സി (21), 2-മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ (19), 3-ടോട്ടന്‍ഹാം (16). അവസാന മൂന്ന്‌ സ്ഥാനക്കാര്‍ ഇവരാണ്‌: ഹള്‍ സിറ്റി (7), വെസ്‌റ്റ്‌ ഹാം യുനൈറ്റഡ്‌ (5), പോര്‍ട്‌സ്‌മൗത്ത്‌ (3). ലീഡിംഗ്‌ സ്‌ക്കോറര്‍മാര്‍: ഡാരന്‍ ബെന്‍ഡ്‌, ഫെര്‍ണാണ്ടോ ടോറസ്‌ (എട്ട്‌ ഗോള്‍ വീതം).
സ്‌പാനിഷ്‌ ലീഗ്‌: റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സംഘത്തിനേറ്റ പരാജയമായിരുന്നു ലീഗീലെ പ്രധാന സംഭവം. വിലയുള്ള താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പരുക്ക്‌ കാരണം കളിക്കാതിരുന്നപ്പോള്‍ സെവിയെക്ക്‌ 2-1 ന്റെ വിജയമാണ്‌ ലഭിച്ചത്‌. ലീഗില്‍ റയലിന്റെ ആദ്യ പരാജയമാണിത്‌. ഈ പരാജയത്തിലുടെ ഒന്നാം സ്ഥാനവും അവര്‍ക്ക്‌ നഷ്‌ടമായി. ചാമ്പ്യന്മാരായ ബാര്‍സിലോണയാണ്‌ ഒന്നാം സ്ഥാനത്ത്‌ വന്നിരിക്കുന്നത്‌. പെഡ്രോ റോഡ്രിഗസിന്റെ ഗോളില്‍ ബാര്‍സ അല്‍മേരിയയെ തോല്‍പ്പിച്ചിരുന്നു. ബെര്‍ണബുവിലെ സ്വന്തം മൈതാനത്ത്‌, ആവേശമില്ലാത്ത പ്രകടനമാണ്‌ റയല്‍ നടത്തിയത്‌. അതാണ്‌ അവര്‍ക്ക്‌ വിനയായതും. കരീം ബെന്‍സാമയും കക്കയുമെല്ലാം നിറം മങ്ങി. അത്‌ലറ്റികോ ബില്‍ബാവോയും വല്ലഡോളിഡും തമ്മിലുളള 2-2 മല്‍സരത്തില്‍ പുതിയ റെക്കോര്‍ഡ്‌ പിറന്നതായിരുന്നു ലീഗിലെ കൗതുകം. പതിനാറ്‌ വയസ്സും 289 ദിവസവും പിന്നിട്ട ഇര്‍ മുനൈന്‍ എന്ന കൊച്ചുതാരത്തിന്റെ ബൂട്ടില്‍ നിന്നാണ്‌ അത്‌ലറ്റികോ ബില്‍ബാവോയുടെ ഒരു ഗോള്‍ പിറന്നത്‌. സ്‌പാനിഷ്‌ ലീഗ്‌ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ ഗോളാണിത്‌. ലീഗില്‍ ആദ്യ മൂന്ന്‌ സ്ഥാനക്കാര്‍ ഇവരാണ്‌: 1-ബാര്‍സിലോണ (18), 2-റയല്‍ മാഡ്രിഡ്‌, 3- സെവിയെ (രണ്ട്‌ പേര്‍ക്കും 15 വീതം) അവസാന മൂന്ന്‌ സ്ഥാനക്കാര്‍: മലാഗ (4), വില്ലാ റയല്‍ (3), ഡിപ്പോര്‍ട്ടീവോ (2). ലീഡിംഗ്‌ സ്‌ക്കോറര്‍മാര്‍: ഡേവിഡ്‌ വിയ (6), ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ, സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്‌, ലയണല്‍ മെസി (മൂന്ന്‌ പേരും അഞ്ച്‌ വീതം).
ഇറ്റാലിയന്‍ സീരിയ എ: ബ്രസീലിന്റെ മുന്‍ സൂപ്പര്‍ താരം റൊണാള്‍ഡിഞ്ഞോയായിരുന്നു ഇറ്റാലിയന്‍ ലീഗിലെ താരം. തപ്പിതടയുന്ന ഏ.സി മിലാന്റെ മധ്യനിരക്കാരന്‍ നേടിയ ഗോളില്‍ മുന്‍ ചാമ്പ്യന്മാര്‍ മറ്റൊരു തോല്‍വിയില്‍ നിന്നും രക്ഷപ്പെട്ടു. അറ്റാലാന്റക്കെതിരായ മല്‍സരത്തിന്റെ അവസാനഘട്ടം വരെ ഏ.സി മിലാന്‍ ഒരു ഗോളിന്‌ പിറകിലായിരുന്നു. ലോംഗ്‌ വിസിലിന്‌ തൊട്ട്‌ മുമ്പാണ്‌ സീസണിലെ തന്റെ ആദ്യ ഗോള്‍ റൊണാള്‍ഡിഞ്ഞോ നേടിയത്‌. മറ്റൊരു മല്‍സരത്തില്‍ ചാമ്പ്യന്മാരായ ഇന്റര്‍ ഇഞ്ച്വറി ടൈമിലെ ഗോളില്‍ ഉദിനസിനെ 2-1ന്‌ വീഴ്‌ത്തി. അതേ സമയം പോയന്റ്‌ ടേബിളില്‍ ഒന്നാമതുള്ള സാംപദോറിയോ പാര്‍മക്കെതിരായ മല്‍സരത്തില്‍ 1-1 സമനില വഴങ്ങി. യുവന്തസിനാവട്ടെ ഞെട്ടിക്കുന്ന തോല്‍വിയുമുണ്ടായി. പലെര്‍മോയാണ്‌ രണ്ട്‌ ഗോളിന്‌ കരുത്തരെ വീഴ്‌ത്തിയത്‌. പോയന്റ്‌്‌ ടേബിള്‍ ഇപ്രകാരം: 1- ഇന്റര്‍ മിലാന്‍, സാംപദോറിയോ (16 വീതം),2- യുവന്തസ്‌ (14). അവസാന മൂന്ന്‌ സ്ഥാനക്കാര്‍: കറ്റാനിയ (4), അറ്റ്‌ലാന്റ, ലിവോര്‍ണോ (മൂന്ന്‌ വീതം). ടോപ്‌ സ്‌ക്കോറര്‍മാര്‍: അന്റോണിയോ ഡിനതാലെ (9), ഫ്രാന്‍സിസ്‌ക്കോ ടോട്ടി (6).
ഫ്രഞ്ച്‌ ലീഗ്‌: ഫ്രാന്‍സിലും ഒന്നാം സ്ഥാനത്ത്‌ മാറ്റമുണ്ടായി. ഇത്‌ വരെ ഒന്നാമതായിരുന്ന ബോറോഡോക്‌സിന്‌ ആദ്യ തോല്‍വി പിണഞ്ഞപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ലിയോണ്‍ നിര്‍ണ്ണായക വിജയവുമായി ഒന്നാം സ്ഥാനത്ത്‌ വന്നു. സെന്റ്‌ എത്തിനെയാണ്‌ ബോറോഡോക്‌സിനെ 3-1ന്‌ തകര്‍ത്തത്‌. നിലവിലെ ചാമ്പ്യന്മാരായ ബോറോഡോക്‌സ്‌ കഴിഞ്ഞ 17 മല്‍സരങ്ങളില്‍ തോല്‍വിയിറിഞ്ഞിരുന്നില്ല. ബോറോഡോക്‌സിന്റെ തോല്‍വി ഉപയോഗപ്പെടുത്തി ലിയോണ്‍ 2-1ന്‌ ലെന്‍ഡസിനെ തോല്‍പ്പിച്ച്‌ ലീഡ്‌ നേടി. ദക്ഷിണ ഫ്രാന്‍സിലെ രണ്ട്‌ പ്രബലര്‍ തമ്മിലുളള പോരാട്ടത്തില്‍ മൊണാക്കോ 2-1ന്‌ മാര്‍സലിയെ തോല്‍പ്പിച്ചു. പോയന്റ്‌ ടേബിള്‍ ഇപ്രകാരം:1- ലിയോണ്‍ (20), 2-ബോറോഡോക്‌സ്‌ (19), 3-മോണ്ട്‌ പിലര്‍ (17). അവസാന മൂന്ന്‌ സ്ഥാനക്കാര്‍: 1-നൈസ്‌ (8), 2-ലി മാന്‍സ്‌ (7), 3-ഗ്രിനബിള്‍(0).
ബുണ്ടേല്‍സ്‌ ലീഗ: ജര്‍മനിയില്‍ ബയര്‍ ലെവര്‍കൂസണ്‍, ഹാംബര്‍ഗ്ഗ്‌ എന്നിവരാണ്‌ മുന്നേറുന്നത്‌. ചാമ്പ്യന്മാരായ വോള്‍ഫ്‌സ്‌ ബര്‍ഗിനെ ബോം 1-1 ല്‍ തളച്ചതായിരുന്നു പ്രധാന വാര്‍ത്ത. ബയേണ്‍ മ്യൂണിച്ചിനും പരാജയം പിണഞ്ഞു. പോയന്റ്‌ നില ഇപ്രകാരം: 1-ബയര്‍ ലെവര്‍കൂസണ്‍, ഹംബര്‍ഗ്ഗ്‌ (20 വീതം), 2-ഷാല്‍ക്കെ (16). അവസാന മൂന്ന്‌ സ്ഥാനക്കാര്‍: കോളോന്‍, നുറന്‍ബര്‍ഗ്ഗ്‌ (അഞ്ച്‌ വീതം), ഹെര്‍ത്താ ബെര്‍ലിന്‍ (3). ടോപ്‌ സ്‌ക്കോറര്‍മാര്‍: 1-സ്‌റ്റെഫാന്‍ കിസലിംഗ്‌ (6), ക്ലോഡിയോ പസാറോ (5).

ഫിഫ അണ്ടര്‍ 20
അലക്‌സാണ്ടറിയ (ഈജിപ്‌ത്‌): ഫിഫ അണ്ടര്‍ 20 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പില്‍ പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ മികച്ച സംഘങ്ങള്‍. ശക്തരായ ബ്രസീലും സ്‌പെയിനും ഇറ്റലിയും ഹംഗറിയും ചെക്ക്‌ റിപ്പബ്ലിക്കും കടന്നു കയറിയപ്പോള്‍ ആതിഥേയര്‍ക്ക്‌ സന്തോഷിക്കാന്‍ ഈജിപ്‌തുമുണ്ട്‌. ഏഷ്യന്‍ പ്രതിനിധികളായി കൊറിയയും യു.എ.ഇയുമുണ്ട്‌. പരാഗ്വേയും കൊറിയയും തമ്മിലാണ്‌ ആദ്യ പ്രി ക്വാര്‍ട്ടര്‍. മറ്റ്‌ മല്‍സരങ്ങളില്‍ ഘാന ദക്ഷിണാഫ്രിക്കയെയും സ്‌പെയിന്‍ ഇറ്റലിയെയും ഹംഗറി ചെക്‌ റിപ്പബ്ലിക്കിനെയും ബ്രസീല്‍ സ്വന്തം വന്‍കരക്കാരായ ഉറുഗ്വയെയും നേരിടുമ്പോള്‍ ജര്‍മനിയുടെ പ്രതിയോഗികള്‍ നൈജീരിയയാണ്‌. ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ യു.എ.ഇക്ക്‌ വെല്ലുവിളി വെനിസ്വേലയാണ്‌. ഈജിപ്‌തിന്‌ മുന്നില്‍ കോസ്‌റ്റാറിക്ക. ഗ്രൂപ്പ്‌ എയില്‍ എല്ലാവരയും അല്‍ഭുതപ്പെടുത്തിയ ടീമാണ്‌ ഈജിപ്‌ത്‌. രണ്ട്‌ വിജയങ്ങളില്‍ നിന്നുള്ള ആറ്‌ പോയന്റുമായി അവര്‍ ഗ്രൂപ്പില്‍ ഒന്നാമതാണ്‌ വന്നത്‌. പരാഗ്വേ അഞ്ച്‌ പോയന്റുമായി കടന്നപ്പോള്‍ മികച്ച മൂന്നാം സ്ഥാനക്കാരെന്ന നിലയിലാണ്‌ ഇറ്റലി കടന്നത്‌. ഗ്രൂപ്പ്‌ ബി യില്‍ നിന്ന്‌ കളിച്ച എല്ലാ മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം നേടി ഒമ്പത്‌്‌ പോയന്റുമായാണ്‌ സ്‌പെയിന്‍ കരുത്ത്‌ കാട്ടിയത്‌. വെനിസ്വേല രണ്ട്‌ മല്‍സരങ്ങള്‍ ജയിച്ചപ്പോള്‍ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയില്‍ നൈജീരിയയും കടന്നുകയറി. ഗ്രൂപ്പ്‌ സിയില്‍ അമേരിക്ക പരാജയപ്പെട്ടപ്പോള്‍ ജര്‍മനി (7), കൊറിയ റിപ്പബ്ലിക്‌ (4) എന്നിവരാണ്‌ പ്രി ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ സ്വന്തമാക്കിയത്‌. ഡി ഗ്രൂപ്പില്‍ ഘാനയും ഉറുഗ്വേയും ഏഴ്‌ പോയന്റ്‌ വീതം നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ തകര്‍ച്ച ശ്രദ്ധിക്കപ്പെട്ടു. ഒരു സമനില മാത്രമാണ്‌ ഇംഗ്ലീഷുകാര്‍ക്ക്‌ സമ്പാദിക്കാന്‍ കഴിഞ്ഞത്‌. ഇ ഗ്രൂപ്പില്‍ ബ്രസീലും ചെക്‌ റിപ്പബ്ലിക്കും ഏഴ്‌ പോയന്റ്‌ വീതം നേടിയപ്പോള്‍ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയില്‍ കോസ്‌റ്റാറിക്കയും കടന്നുകയറി. കളിച്ച എല്ലാ മല്‍സരങ്ങളിലും തോല്‍വി പിണഞ്ഞ ഓസ്‌ട്രേലിയ പുറത്തായി. എഫ്‌ ഗ്രൂപ്പില്‍ ഹംഗറി ആറ്‌ പോയന്റുമായി ഒന്നാമതായപ്പോള്‍ യു.എ.ഇ, ദക്ഷിണാഫ്രിക്ക എന്നിവര്‍ നാല്‌ വീതം പോയന്റ്‌ സ്വന്തമാക്കി. ഇന്ന്‌ നടക്കുന്ന പ്രി ക്വാര്‍ട്ടറുകളില്‍ സ്‌പെയിന്‍ ഇറ്റലിയെയും പരാഗ്വേ കൊറിയ റിപ്പബ്ലിക്കിനെയും എതിരിടും.

ഐ ലീഗ്‌
കോഴിക്കോട്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയുടെ ഹോം മല്‍സരങ്ങള്‍ കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട്‌ 6-30 മുതലായിരിക്കും ആരംഭിക്കുക. പുതിയ ഫ്‌ളഡ്‌ലിറ്റുകള്‍ക്ക്‌ കീഴിലായിരിക്കും വിവയുടെ കളികള്‍. ആദ്യ മല്‍സരം ഈ മാസം 23 ന്‌ കൊല്‍ക്കത്ത ചിരാഗ്‌ യുനൈറ്റഡുമായാണ്‌. കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി എളമരം കരീം ഉദ്‌ഘാടനം ചെയ്‌ത ഫ്‌ളഡ്‌ലിറ്റുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവുക ഐ ലീഗ്‌ മല്‍സരങ്ങളിലായിരിക്കും. പ്രാദേശിക മല്‍സരങ്ങള്‍ക്കും ദേശീയ മല്‍സരങ്ങള്‍ക്കും രാജ്യാന്തര മല്‍സരങ്ങള്‍ക്കുമായി വിത്യസ്‌ത പവറിലുളള ലൈറ്റുകളാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. ദേശീയ മല്‍സരങ്ങള്‍ക്കായുളള വെളിച്ചമായിരിക്കും ഐ ലീഗിന്‌ ഉപയോഗിക്കുക. ഐ ലീഗില ഒരു മല്‍സരത്തിനായി ഒന്നര ലക്ഷം രൂപയാണ്‌ പ്രാദേശിക സംഘാടകരായ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‌്‌ ചെലവ്‌ വരുക. ഫ്‌ളഡ്‌ലിറ്റുകള്‍ക്ക്‌ കീഴില്‍ മല്‍സരം നടക്കുമ്പോള്‍ മല്‍സരം കാണാന്‍ സോക്കര്‍ പ്രേമികളുടെ പൂര്‍ണ്ണ പിന്തുണയാണ്‌ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മല്‍സരത്തില്‍ മേയേഴ്‌സ്‌ ഇലവനും കെ.എഫ്‌.എ ഇലവനും ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം കാണാനായി മൂവായിരത്തോളം പേര്‍ എത്തിയിരുന്നു. മല്‍സരങ്ങളില്‍ പങ്കെടുത്ത കേരളത്തിന്റെ സന്തോഷ്‌ ട്രോഫി, അണ്ടര്‍ 21 താരങ്ങള്‍ക്കുളള ഉപഹാരങ്ങള്‍ പി.എം.എ സലാം എം.എല്‍.എ, മേയര്‍ എം. ഭാസ്‌ക്കരന്‍, കെ.ഡി.എഫ്‌.എ പ്രസിഡണ്ട്‌ മുഹമ്മദ്‌ മണ്ണില്‍, കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ കമാല്‍ വരദൂര്‍, കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്‌ പ്രസിഡണ്ട്‌ ആര്‍.മധുശങ്കര്‍, കെ.എഫ്‌.എ സെക്രട്ടറി കെ.പി സണ്ണി തുടങ്ങിയവര്‍ വിതരണം ചെയ്‌തു.

ഇന്ന്‌ വിവ ചര്‍ച്ചിലുമായി
മഡ്‌ഗാവ്‌: ഗോവയില്‍ കനത്ത മഴക്ക്‌ ശമനമായതോടെ വിവ കേരള ഐ ലീഗ്‌ ഫുട്‌ബോളില്‍ തങ്ങളുടെ ആദ്യ മല്‍സരത്തിനായി ഇന്നിറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരും ഐ.എഫ്‌.എ ഷീല്‍ഡ്‌, ഡ്യൂറാന്‍ഡ്‌ കപ്പ്‌ ജേതാക്കളുമായ മുസ്ലിം പവര്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ്‌ പ്രതിയോഗികള്‍. വാസ്‌ക്കോയിലെ തിലക്‌ മൈതാനത്ത്‌ വൈകീട്ട്‌ നാലിന്‌ നടക്കുന്ന മല്‍സരത്തില്‍ ഏറ്റവും മികച്ച പ്രകടനമാണ്‌ വിവ നായകന്‍ സക്കീറും കോച്ച്‌ ഏ.എം ശ്രീധരനും വാഗ്‌ദാനം ചെയ്യുന്നത്‌. ഫത്തോര്‍ഡയിലെ നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു മല്‍സരം ഉദ്ദേശിച്ചിരുന്നത്‌. എന്നാല്‍ മഴക്ക്‌ ശേഷം നെഹ്‌റു സ്‌റ്റേഡിയം ഇപ്പോഴും പൂര്‍ണ്ണ തലത്തില്‍ മല്‍സര യോഗ്യമായിട്ടില്ലാത്തതിനാലാണ്‌ മല്‍സരം വാസ്‌ക്കോയിലെ തിലക്‌ മൈതാനത്ത്‌ നടത്തുന്നതെന്ന്‌ ഗോവന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സാവിയോ മേസിസ്‌ അറിയിച്ചു. നാളെ നടക്കുന്ന ഡെംപോ-സാല്‍ഗോക്കര്‍, സ്‌പോര്‍ട്ടിംഗ്‌-ലാംജോംഗ്‌ എഫ്‌.സി മല്‍സരങ്ങളും തിലക്‌ മൈതാനത്തായിരിക്കും. സാല്‍ഗോക്കറുമായിട്ടായിരുന്നു വിവയുടെ ആദ്യ മല്‍സരം ഷെഡ്യൂള്‍ ചെയ്‌തിരുന്നത്‌. എന്നാല്‍ ഒക്ടോബര്‍ മൂന്നിലെ മല്‍സരം കനത്ത മഴ കാരണം നടന്നില്ല. ഈ മല്‍സരം ഇനി എന്ന്‌ നടക്കുമെന്ന കാര്യത്തില്‍ വ്യക്തമായ മറുപടി ഇത്‌ വരെ ഗോവന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കിയിട്ടില്ല. ചര്‍ച്ചിലിനെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ കാര്യങ്ങള്‍ വിവക്ക്‌ എളുപ്പമാവില്ല. പ്രഹര ശേഷിയുളള ടീമാണ്‌ ചര്‍ച്ചില്‍. ഒഡാഫെ ഒനാകെ എന്ന മുന്‍നിരക്കാരന്‍ മാത്രം മതി അപകടം വിതറാന്‍. വിവയാവട്ടെ കാര്യമായ മാച്ച്‌ പ്രാക്ടീസില്ലാതെയാണ്‌ വലിയ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തിനിറങ്ങുന്നത്‌. ഐ ലീഗിന്‌ മുമ്പ്‌ ഒരു മേജര്‍ ചാമ്പ്യന്‍ഷിപ്പിലും വിവ കളിച്ചിട്ടില്ല. സാല്‍ഗോക്കറിനെതിരായ ആദ്യ മല്‍സരം നഷ്ടമായതോടെ ടീമിനെ വിലയിരുത്താനും കോച്ച്‌ ശ്രീധരനായിട്ടില്ല. പ്രതികൂല കാലാവസ്ഥയില്‍ മല്‍സരങ്ങള്‍ തടസ്സപ്പെടുന്നതിന്റെ നിരാശയാണ്‌ കോച്ച്‌ പ്രകടിപ്പിക്കുന്നത്‌. ഇന്നത്തെ മല്‍സരത്തില്‍ മുന്‍നിരക്കാരന്‍ വി.കെ ഷിബിന്‍ലാലിന്റെ സേവനം ടീമിനുണ്ടാവില്ല. പനിബാധിതനാണ്‌ ഷിബിന്‍.
ബഗാന്‌ തോല്‍വി
കൊല്‍ക്കത്ത: ഐ ലീഗിലെ ആദ്യ മല്‍സരത്തല്‍ സ്വന്തം മൈതാനമായ സാള്‍ട്ട്‌ലെക്കില്‍ മോഹന്‍ ബഗാന്‌ തോല്‍വി. നാട്ടുകാരായ ചിരാഗ്‌ യുനൈറ്റഡാണ്‌ 3-2 ന്റെ അട്ടിമറി നടത്തിയത്‌. ജോസിമാര്‍ രണ്ട്‌ ഗോളുകള്‍ നേടിയപ്പോള്‍ പുതിയ താരമായ എഡ്‌മില്‍സണ്‍ ഒരു ഗോള്‍ നേടി. നിലവാരമില്ലാത്ത പ്രകടനം നടത്തിയ ബഗാന്‌ വേണ്ടി മാര്‍കോസ്‌, രാകേഷ്‌ മാസി എന്നിവരാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. നാല്‍പ്പതാം മിനുട്ടില്‍ സുര്‍കുമാര്‍ സിംഗ്‌ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്തായതിനെ തുടര്‍ന്ന്‌ പത്ത്‌ പേരുമായാണ്‌ ബഗാന്‍ കളിച്ചത്‌.

ക്രിക്കറ്റ്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ടോസിന്റെ ആനുകൂല്യം കളഞ്ഞ്‌ കുളിച്ച പ്രകടനമാണ്‌ ന്യൂസിലാന്‍ഡ്‌ നടത്തിയത്‌. സെഞ്ചൂറിയനില്‍ കാര്യങ്ങളൊന്നും അവര്‍ക്ക്‌ അനുകൂലമായില്ല. പരുക്ക്‌ കാരണം നായകന്‍ ഡാനിയല്‍ വെട്ടോരിയെ നഷ്‌ടമായതായിരുന്നു ആദ്യ ആഘാതം. ടോസ്‌ നേടിയപ്പോഴാവട്ടെ അതിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതില്‍ താല്‍കാലിക നായകനായ ബ്രെന്‍ഡന്‍ മക്കലത്തിനും പ്രമുഖ ബാറ്റ്‌സ്‌മന്മാരായ റോസ്‌ ടെയ്‌ലര്‍ക്കും ഗ്രാന്‍ഡ്‌ ഇലിയട്ടിനുമൊന്നും കഴിഞ്ഞില്ല. അച്ചടക്കമുള്ള ബൗളിംഗുമായി ഓസ്‌ട്രേലിയക്കാര്‍ എതിരാളികളെ വരച്ച വരയില്‍ നിര്‍ത്തി. ബ്രെട്ട്‌ ലീയും പീറ്റര്‍ സിഡിലും മിച്ചല്‍ ജോണ്‍സണും ഷെയിന്‍ വാട്ട്‌സണും സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സുമെല്ലാം കിവി ബാറ്റിംഗ്‌നിരയുടെ പതര്‍ച്ച പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി.
മക്കലവും റെഡ്‌മോണ്ടുമാണ്‌ ഇന്നിംഗ്‌സിന്‌ തുടക്കമിടാനെത്തിയത്‌. അനുഭവസമ്പന്നനായ മക്കലത്തെ ലീയും സിഡിലും വിറപ്പിച്ചപ്പോള്‍ കൈകള്‍ സ്വതന്ത്രമാക്കാന്‍ കിവി വിക്കറ്റ്‌ കീപ്പര്‍ക്ക്‌ അവസരം ലഭിച്ചില്ല. പതിനാല്‌ പന്തുകളാണ്‌ അദ്ദേഹം നേരിട്ടത്‌. ഒരു റണ്‍ പോലും സ്‌ക്കോര്‍ ചെയ്യാന്‍ കഴിയാതെ ക്യാപ്‌റ്റന്‍ മടങ്ങുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡിലെ സമ്പാദ്യം അഞ്ച്‌ റണ്‍...! മാര്‍ട്ടിന്‍ ഗുപ്‌ടിലിനും ബൗളിംഗിനുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. തട്ടിമുട്ടി കളിച്ച ഇവര്‍ അല്‍പ്പസമയം പിടിച്ചുനിന്നത്‌ മാത്രം മിച്ചം. സ്‌ക്കോ ബോര്‍ഡില്‍ അമ്പത്‌ റണ്‍സ്‌ പിന്നിടുമ്പോള്‍ കിവി ഇന്നിംഗ്‌സ്‌ പതിനാറ്‌ ഓവര്‍ പിന്നിട്ടിരുന്നു. മൂന്ന്‌ ബൗണ്ടറികള്‍ പായിച്ച റെഡ്‌മോണ്ട്‌ ഹൗറിറ്റ്‌സിനെ കണ്ടപ്പോള്‍ കൂറ്റന്‍ ഷോട്ടിനായി ശ്രമിച്ചപ്പോള്‍ വിക്കറ്റ്‌ കീപ്പര്‍ ടീം പെയിനെ കണ്ണഞ്ചിപ്പിക്കുന്ന സ്റ്റംമ്പിംഗ്‌ നടത്തി. വിക്കറ്റുകളുടെ ഘോഷയാത്ര ഇവിടെ ആരംഭിച്ചു. 64 പന്തില്‍ 40 റണ്‍സുമായി പ്രതീക്ഷ നല്‍കിയ ഗുപ്‌ടില്‍ ഹൗറിറ്റ്‌സിന്‌ സ്വന്തം ബൗളിംഗില്‍ എളുപ്പമുളള ക്യാച്ച്‌ നല്‍കി. സ്‌പിന്നിന്‌ അനുകൂലമായി വന്ന പിച്ചില്‍ ഇല്ലാത്ത ആക്രമണത്വര കാട്ടിയതിന്‌ റോസ്‌ ടെയ്‌ലര്‍ക്ക്‌ കനത്ത വില നല്‍കേണ്ടി വന്നു. മിച്ചല്‍ ജോണ്‍സണ്‌്‌ മല്‍സരത്തിലെ ആദ്യ വിക്കറ്റ്‌ നല്‍കാന്‍ പോയന്റില്‍ മൈക്‌ ഹസിയുടെ തകര്‍പ്പന്‍ ക്യാച്ച്‌ കണ്ടു. പാക്കിസ്‌താനെതിരായ സെമിയില്‍ ടീമിന്റെ നട്ടെല്ലായി മാറിയ ഗ്രാന്‍ഡ്‌ എലിയട്ടിന്റെ ഇന്നിംഗ്‌സിന്‌ അമ്പത്‌ പന്തുകളുടെ ആയുസ്സ്‌ മാത്രമാണുണ്ടായിരുന്നത്‌.
പ്രതീക്ഷകളുടെ ഭാരവുമായി ക്രീസില്‍ വന്ന നീല്‍ ബ്രൂമും ജെയിംസ്‌ ഫ്രാങ്ക്‌ളിനും ആക്രമണത്തിനൂന്നല്‍ നല്‍കിയപ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടു. ബാറ്റിംഗ്‌ പവര്‍ പ്ലേ ഘട്ടത്തില്‍ ബ്രൂം തകര്‍പ്പനടകിള്‍ പായിച്ചപ്പോഴാണ്‌ സ്‌ക്കോര്‍ബോര്‍ഡില്‍ 150 പിറന്നത്‌. പക്ഷേ വാട്ട്‌സന്റെ വൈഡ്‌ പന്തിന്‌ സാഹസികമായി ബാറ്റ്‌ വെച്ച്‌ ബ്രൂം റണ്ണൗട്ടായതോടെ വാലറ്റതകര്‍ച്ചക്ക്‌ തുടക്കമായി.

No comments: