Saturday, October 24, 2009

BARODA START

ഇന്ന്‌ തുടക്കം
ബറോഡ: വീണ്ടും ഏകദിന ക്രിക്കറ്റ്‌ നാളുകള്‍... ലോക ക്രിക്കറ്റിലെ രണ്ട്‌ കരുത്തര്‍ തമ്മിലുളള ഏഴ്‌ മല്‍സരം ദീര്‍ഘിക്കുന്ന ഏകദിന പരമ്പരക്ക്‌ ഇന്നിവിടെ തുടക്കം. രാവിലെ ഒമ്പത്‌ മുതല്‍ ആരംഭിക്കുന്ന മല്‍സരം നിയോ സ്‌പോര്‍ട്‌സിലും ദൂരദര്‍ശനിലും തല്‍സമയമുണ്ട്‌. ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുളള ഓസ്‌ട്രേലിയയും രണ്ടാമതുളള ഇന്ത്യയും തമ്മില്‍ നടക്കുന്ന പരമ്പര ചിലപ്പോള്‍ റാങ്കിംഗ്‌ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കും. പരമ്പരയിലെ അഞ്ച്‌ മല്‍സരങ്ങളില്‍ വിജയിച്ചാല്‍ ഇന്ത്യക്ക്‌ ഒന്നാം റാങ്ക്‌ തിരിച്ചുപിടിക്കാനാവും. ആദ്യ മല്‍സരം മുന്‍നിര്‍ത്തി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ രണ്ട്‌ ക്യാപ്‌റ്റന്മാരും പ്രതീക്ഷകളിലാണ്‌. ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ പ്രതീക്ഷ നല്‍കുന്നത്‌ രണ്ട്‌ ഘടകങ്ങളാണ്‌- വിരേന്ദര്‍ സേവാഗും യുവരാജ്‌ സിംഗും ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സാന്നിദ്ധ്യവും കാണികളുടെ പിന്തുണയും. ടീമിന്‌ തലവേദനയാവുന്ന ബൗളിംഗ്‌ പ്രശ്‌നത്തില്‍ പക്ഷേ നായകന്‍ പ്രതികരിച്ചില്ല. ഓസ്‌ട്രേലിയന്‍ ടീം തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നതാണ്‌ റിക്കി പോണ്ടിംഗ്‌ പോസീറ്റിവായി കാണുന്നത്‌. ഗ്ലെന്‍ മക്‌ഗ്രാത്തും ആദം ഗില്‍ക്രൈസ്‌റ്റും മാത്യൂ ഹെയ്‌ഡനുമെല്ലാം ഒറ്റയടിക്ക്‌ ടീം വിട്ടപ്പോള്‍ ടീമിന്റെ ബാലന്‍സ്‌ തകര്‍ന്നിരുന്നു. അവര്‍ക്ക്‌ പകരം വന്നവരിപ്പോള്‍ നിലയുറപ്പിച്ചിട്ടുണ്ട്‌. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തകര്‍പ്പന്‍ വിജയവും ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലെ മികവും അദ്ദേഹം ഉയര്‍ത്തികാണിക്കുന്നു.
ബാറ്റിംഗിനെ തുണക്കുന്നതാണ്‌ ട്രാക്ക്‌. ബാറ്റിംഗില്‍ ഓസീസിനേക്കാള്‍ നേരിയ മുന്‍ത്തൂക്കം ഇന്ത്യക്കുണ്ട്‌. യുവരാജ്‌ സിംഗ്‌ ഇന്ന്‌ കളിക്കുന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറുമായിരിക്കും ഇന്നിംഗ്‌സിന്‌ തുടക്കമിടുന്നത്‌. സേവാഗ്‌ അല്‍പ്പകാലം പരുക്കുമായി പുറത്തായിരുന്നു. ചാമ്പ്യന്‍സ്‌ ട്രോഫി മല്‍സരങ്ങള്‍ നഷ്ടമായ ഡല്‍ഹിക്കാരന്‍ ഇപ്പോള്‍ ആരോഗ്യം തെളിയിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ ടീമിന്‌ മികച്ച തുടക്കം നല്‍കുന്നതില്‍ പലപ്പോഴും വിജയിച്ചിട്ടുളള സേവാഗിനൊപ്പം ഗാംഭീറിനും കരുത്ത്‌ തെളിയിക്കേണ്ടതുണ്ട്‌. 2008 ലെ തകര്‍പ്പന്‍ ഇന്നിംഗ്‌സുകളുടെ പേരില്‍ ടീമില്‍ തുടരുന്ന ഗാംഭീറിന്‌ ഈ വര്‍ഷം ഇത്‌ വരെ വലിയ സംഭാവനകള്‍ ടീമിന്‌ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ സമ്മര്‍ദ്ദം അദ്ദേഹത്തിലുണ്ട്‌. രാഹുല്‍ ദ്രാവിഡിന്റെ സ്ഥാനത്ത്‌ മൂന്നാം നമ്പറില്‍ സുരേഷ്‌ റൈനക്കായിരിക്കും സാധ്യത. ദ്രാവിഡിനെ ടീമില്‍ നിന്നും തഴഞ്ഞതിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഈ സ്ഥാനത്ത്‌ വരുന്ന റൈനയിലും സമ്മര്‍ദ്ദമുണ്ടാവും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ്‌ ധോണി എന്നിവരാണ്‌ അടുത്ത സ്ഥാനങ്ങളില്‍ വരുന്നത്‌. സച്ചിനും ബ്രെട്ട്‌ ലീയും തമ്മിലുളള പോരാട്ടമായി ഈ പരമ്പരയെ വിശേഷിപ്പിക്കുന്നവരുണ്ട്‌. സമീപകാലത്തായി തകര്‍പ്പന്‍ ഇന്നിംഗ്‌സുകള്‍ കാഴ്‌ച്ചവെച്ചിട്ടുണ്ട്‌ സച്ചിന്‍. പരുക്കില്‍ നിന്നും മുക്തനായാണ്‌ അദ്ദേഹവും എത്തിയിരിക്കുന്നത്‌. മുന്‍നിരയിലെ ഈ അഞ്ച്‌ ബാറ്റ്‌സ്‌മാന്മാരില്‍ നിന്ന്‌ കാര്യമായ സംഭാവന ലഭിച്ചാല്‍ വലിയ സ്‌ക്കോര്‍ നേടാനാവും. ഓള്‍റൗണ്ടറായ രവീന്ദു ജഡേജക്കും ആദ്യ ഇലവനില്‍ സ്ഥാനം നല്‍കാന്‍ സാധ്യതയുണ്ട്‌.
ബൗളിംഗാണ്‌ ഇന്ത്യക്കും ധോണിക്കും തലവേദന. സഹീര്‍ഖാന്‍ ഇപ്പോഴും വിശ്രമിക്കുന്ന സാഹചര്യത്തില്‍ ആശിഷ്‌ നെഹ്‌റ, മുനാഫ്‌ പട്ടേല്‍, ഇഷാന്ത്‌ ശര്‍മ്മ എന്നിവര്‍ക്കാണ്‌ സാധ്യത. പക്ഷേ നെഹ്‌റക്ക്‌ ഇത്‌ വരെ ആക്രമണകാരിയായ സീമറാവാന്‍ കഴിഞ്ഞിട്ടില്ല. ഓസ്‌ട്രേലിയക്കാര്‍ അദ്ദേഹത്തെ എളുപ്പം കൈകാര്യം ചെയ്യും. മുനാഫ്‌ പട്ടേല്‍ തിരിച്ചുവരവിന്റെ പാതയിലാണ്‌. അദ്ദേഹത്തിന്റെ മീഡിയം പേസും പക്ഷേ അപകടമല്ല. ഇഷാന്ത്‌ ശര്‍മ്മ വലിയ സമ്മര്‍ദ്ദത്തിലാണ്‌. സമീപകാലത്തായി ടീമിനായി ഒരു സംഭാവനകളും നല്‍കാന്‍ അദ്ദേഹത്തിനായിട്ടില്ല. പഴയ കരുത്തിലേക്ക്‌ ഡല്‍ഹിക്കാരന്‌ വരാനായാല്‍ അദ്ദേഹത്തിന്‌ ടീമിലെ സ്ഥാനം നിലനിര്‍ത്താനാവും. ഹര്‍ഭജന്‍സിംഗ്‌ തന്നെയാണ്‌ പ്രധാന സ്‌പിന്നര്‍. അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ ഭാജിക്ക്‌ കഴിയണം.
ഓസ്‌ട്രേലിയന്‍ ടീമിന്‌ ബാറ്റിംഗില്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭാവം പ്രശ്‌നമായിരിക്കും. പരുക്ക്‌ കാരണം വിശ്രമിക്കുന്ന ടീമിന്റെ വൈസ്‌ ക്യാപ്‌റ്റന്‍ കൂടിയായ ക്ലാര്‍ക്ക്‌ പരമ്പരയിലെ ആദ്യ മല്‍സരങ്ങളില്‍ കളിക്കാന്‍ സാധ്യത കുറവാണ്‌. പക്ഷേ ടീം പെയിനെയെ പോലുളള കരുത്തരായ യുവതാരങ്ങളുണ്ട്‌. നായകന്‍ പോണ്ടിംഗ്‌, മൈക്‌ ഹസി എന്നിവരാണ്‌ ബാറ്റിംഗിലെ വിശ്വസ്‌തര്‍. ഇവര്‍ക്കൊപ്പം യുവതാരങ്ങളാണ്‌ അണിനിരക്കുന്നത്‌. ഇവരിലാര്‍ക്കും ഇന്ത്യന്‍ പിച്ചുകളില്‍ അധികം പരിചയമില്ല. പെയിനെയും ഷെയിന്‍ വാട്ട്‌സണുമായിരിക്കും ഇന്നിംഗ്‌സിന്‌ തുടക്കമിടുക. വാട്ട്‌സണ്‍ പ്രഥമ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അനുഭവസമ്പത്തുണ്ട്‌. ഷോണ്‍ മാര്‍ഷ്‌്‌ എന്ന കരുത്തനും ടീമിലുണ്ട്‌.
ബൗളിംഗാണ്‌ ഓസീസിന്റെ കരുത്ത്‌. കഴിഞ്ഞ ദിവസം സമാപിച്ച ചാമ്പ്യന്‍സ്‌ ലീഗ്‌ 20-20 യില്‍ കിരീടം സ്വന്തമാക്കിയ ന്യൂ സൗത്ത്‌ വെയില്‍സിന്റെ കരുത്തന്‍ ബ്രെട്ട്‌ ലീ, നതാന്‍ ഹൗറിറ്റ്‌സ്‌, ടീം ബൊളീഗ്‌നര്‍ തുടങ്ങിയവര്‍ക്കൊപ്പം മിച്ചല്‍ ജോണ്‍സണ്‍,സ്‌റ്റിയൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌്‌ എന്നിവരെല്ലാമുണ്ട്‌.

ധോണിക്ക്‌ പരുക്ക്‌
ബറോഡ: പരുക്കില്‍ നിന്ന്‌ ഇന്ത്യന്‍ ടീമിന്‌ മോചനമില്ല.... ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയാണ്‌ പുതിയ കാഷ്വാലിറ്റി. ഇന്നലെ പരിശീലനത്തിനിടെ മുനാഫ്‌ പട്ടേലിന്റെ പന്ത്‌ കാലിനേറ്റ ധോണി പിന്നെ പരിശീലനത്തിന്‌ നിന്നില്ല. പരുക്ക്‌ സാരമുളളതല്ല എന്നാണ്‌ കരുതപ്പെടുന്നത്‌. പക്ഷേ ഇന്ന്‌ രാവിലെ മാത്രമേ അദ്ദേഹത്തിന്‌ കളിക്കാനാവുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവു. ഇന്ത്യന്‍ ടീമില്‍ റിസര്‍വ്‌ വിക്കറ്റ്‌്‌ കീപ്പറില്ല. ധോണിക്ക്‌ പരുക്കേറ്റാല്‍ അത്‌ വലിയ പ്രശ്‌നമാവും. പരുക്കില്‍ നിന്ന്‌ മുക്തരായി വിരേന്ദര്‍ സേവാഗ്‌,യുവരാജ്‌ ഇപ്പോഴാണ്‌ തിരിച്ചെത്തിയത്‌. സഹീര്‍ഖാന്‍ ഇപ്പോഴും ചികില്‍സയിലാണ്‌.

അത്‌ വെറുതെ
ലാഹോര്‍: പാക്കിസ്‌താന്‍ 20-20 ടീമിന്റെ നായകന്‍ ഷാഹിദ്‌ അഫ്രീദി നയം വ്യക്തമാക്കുന്നു-യൂനസ്‌ഖാനുമായി ഒരു പ്രശ്‌നവുമില്ല. പാക്കിസ്‌താന്‍ ടീമിനെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ യൂനസാണ്‌. ഞാനും യൂനസും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. എല്ലാം ചിലരുടെ കെട്ടുകഥകളാണ്‌....... പാക്കിസ്‌താനിലെ ഏറ്റവും പ്രമുഖ പത്രമായ ഡോണിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അഫ്രീദി ചില സത്യങ്ങള്‍ വ്യക്തമാക്കുന്നത്‌. എന്നെയും യൂനസിനെയും ബന്ധപ്പെടുത്തിയുളള കഥകള്‍ വായിച്ച്‌ മടുത്തു. ചിലര്‍ ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞ്‌്‌ നടക്കുകയാണ്‌. ഞാന്‍ ഈയിടെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ ഇജാസ്‌ ഭട്ടിനെ സന്ദര്‍ശിച്ചതാണ്‌ എല്ലാവരും നിറം പിടിപ്പിച്ച വാര്‍ത്തയാക്കിയത്‌. ഞാന്‍ ചെയര്‍മാനെ കണ്ടു എന്നത്‌ സത്യം. അത്‌ ക്യാപ്‌റ്റന്‍സി ചോദിക്കാനല്ല. 20-20 ടീമുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാനാണ്‌. കഴിഞ്ഞ 15 വര്‍ഷമായി ഞാനും യൂനസും അടുത്ത സുഹൃത്തുക്കളാണ്‌. ഞങ്ങള്‍ വളരെ അടുത്ത്‌്‌ സംസാരിക്കുന്നു. ടീമിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഏന്തെങ്കിലും പ്രശ്‌നങ്ങള്‍ ഞങ്ങള്‍ തമ്മിലുണ്ടെങ്കില്‍ അത്‌ പരിഹരിക്കാനുളള പക്വതയും ഞങ്ങള്‍ക്കുണ്ട്‌. 20-20 ലോകകപ്പ്‌ പാക്കിസ്‌താന്‍ സ്വന്തമാക്കിയത്‌ യൂനസിന്‌ കീഴിലാണ്‌. പിന്നെ അദ്ദേഹത്തിലെ നായകനെ ചോദ്യം ചെയ്യേണ്ടതില്ല. പാക്കിസ്‌താന്‍ ടീമിനെ നയിക്കാന്‍ ഏറെ അനുയോജ്യന്‍ യൂനസാണ്‌. രാജ്യത്തിന്‌ നിരവധി കിരീടങ്ങള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിനാവും. അഭ്യൂഹങ്ങള്‍ അടിച്ചറക്കാന്‍ ചിലര്‍ മിടുക്കരാണ്‌. അവരാണ്‌ ടീമില്‍ കുഴപ്പമുണ്ടാക്കുന്നത്‌. പാക്കിസ്‌താന്‍ ടീമിന്റെ നായകസ്ഥാനത്ത്‌ നിന്ന്‌ യൂനസിനെ പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നത്‌ സത്യമാണ്‌. ഇത്തരം പ്രശ്‌നങ്ങളെ പക്വമായി നേരിടണം. വലിയ പരമ്പരകള്‍ കളിക്കുമ്പോള്‍ ടീമില്‍ ചിലപ്പോള്‍ അസ്വാരസ്യങ്ങളുണ്ടാവാം. അത്‌ സ്വാഭാവികവുമാണ്‌. ക്രിക്കറ്റിന്‌ മറ്റ്‌ ഗെയിമുകളില്‍ നിന്നുളള മാറ്റം എല്ലാവരും ഒത്തൊരുമിച്ച്‌ നിന്നാല്‍ മാത്രമേ മുന്നോട്ട്‌ പോവാനാവു. ഇവിടെ ക്യാപ്‌റ്റനും ടീം മാനേജ്‌മെന്റും സ്വന്തം റോളുകള്‍ ഭംഗിയാക്കണം. പതിമൂന്ന്‌ വര്‍ഷമായി ഞാന്‍ രാജ്യാന്തര ക്രിക്കറ്റ്‌ കളിക്കുന്നു. അനുഭവങ്ങള്‍ എനിക്ക്‌ നല്‍കുന്ന പാഠങ്ങളാണ്‌ എന്റെ കരുത്ത്‌. ടീമിലെ പ്രശ്‌നങ്ങളും നമ്മുടെ വാക്കുകളുമല്ല പ്രധാനം. ടീമിന്റെ വിജയമാണ്‌.
ടീമിന്റെ വിജയത്തില്‍ നിങ്ങള്‍ നല്‍കുന്ന സംഭാവനയാണ്‌ പ്രധാനം. ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലേക്കാണ്‌ ടീമിന്റെ ശ്രദ്ധ. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ അവര്‍ ഞങ്ങളെ തോല്‍പ്പിച്ചിരുന്നു. ഇതിന്‌ തിരിച്ചടി നല്‍കണം. വെട്ടോരി, ബോണ്ട്‌, മില്‍സ്‌ തുടങ്ങിയവര്‍ അണിനിരക്കുന്ന കിവി ടീം ശക്തരുടേതാണ്‌. 20-20 ടീമിന്റെ നായകന്‍ എന്ന നിലയില്‍ അടുത്ത വര്‍ഷത്തെ ലോകകപ്പ്‌ മുന്‍നിര്‍ത്തി കൂടുതല്‍ യുവതാരങ്ങളെ വാര്‍ത്തെടുക്കുകയാണ്‌ പ്രധാനം-അഫ്രീദി പറഞ്ഞു.

ശ്രീശാന്തിനെ പുറത്താക്കിയേക്കും
തലശ്ശേരി: രഞ്‌ജി ട്രോഫി ക്രിക്കറ്റിനുളള കേരളാ ടീമിന്റെ നായകസ്ഥാനത്ത്‌ നിന്നും എസ്‌.ശ്രീശാന്തിനെ മാറ്റിയേക്കും. ഇത്‌ വരെ അദ്ദേഹം പരിശീലന ക്യാമ്പില്‍ പങ്കെടുക്കാത്തത്‌ കേരളാ ക്രിക്കറ്റ്‌ അസോസിയേഷനെ ചൊടിപ്പിച്ചിട്ടുണ്ട്‌. ക്യാമ്പ്‌ ആരംഭിച്ചിട്ട്‌ ആഴ്‌ച്ച പിന്നിട്ടിട്ടും ഇത്‌ വരെ ശ്രീശാന്ത്‌ ക്യാമ്പില്‍ എത്തിയിട്ടില്ല. അടുത്ത മാസം മൂന്നിന്‌്‌ ആന്ധ്രപ്രദേശുമായി കൊണാര്‍ വയല്‍ സ്റ്റേഡിയത്തിലാണ്‌ കേരളത്തിന്റെ ആദ്യ മല്‍സരം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ശ്രീശാന്ത്‌ ഇത്‌ വരെ കെ.സി.എ യുമായി ബന്ധപ്പെട്ടിട്ടില്ല. കോഴിക്കോട്ട്‌ ഒരു വനിതാ കോളജിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ മണിക്കൂറുകള്‍ ചെലവഴിച്ച ശ്രീശാന്തിന്‌ പകരം സീനിയര്‍ താരങ്ങളായ മുന്‍ ക്യാപ്‌റ്റന്മാര്‍- സോണി ചെറുവത്തുര്‍, ശ്രീകുമാരന്‍ നായര്‍ എന്നിവരിലൊരാള്‍ നായകനാവുമെന്നാണ്‌ കരുതപ്പെടുന്നത്‌.
കെ.സി.എ യുമായി നല്ല ബന്ധത്തില്ലല്ല ശ്രീശാന്ത്‌. തനിക്ക്‌ വേണ്ടി കെ.സി.എ ഒന്നും ചെയ്‌തിട്ടില്ല എന്ന പരാതിയുമായാണ്‌ അദ്ദേഹം നടക്കുന്നത്‌. ഇറാനി ട്രോഫി മല്‍സരത്തില്‍ ധവാല്‍ കുല്‍ക്കര്‍ണിയുമായി വഴക്കിടുകയും അതില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അന്ത്യശാസനം നല്‍കുകയും ചെയ്‌തിട്ടും കെ.സി.എ പ്രതികരിച്ചിട്ടില്ലെന്നാണ്‌ ശ്രീശാന്ത്‌ പറയുന്നത്‌. എന്നാല്‍ ഈ സംഭവത്തില്‍ കെ.സി.എ ക്ക്‌്‌ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ്‌ സെക്രട്ടറി ടി.സി മാത്യുവിന്റെ നിലപാട്‌. ക്രിക്കറ്റ്‌ ബോര്‍ഡാണ്‌ അന്ത്യശാസനം നല്‍കിയത്‌.

പ്രീമിയര്‍ ലീഗില്‍ ഇന്ന്‌ സൂപ്പര്‍ സണ്‍ഡേ
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ തകര്‍പ്പന്‍ പോരാട്ടം. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ലിവര്‍പൂളുമായി കളിക്കുന്നു. ലിവര്‍പൂളിന്റെ ആന്‍ഫില്‍ഡിലെ മൈതാനത്താണ്‌ മല്‍സരം. ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ തന്നെയാണിപ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. ലിവര്‍പൂളാവട്ടെ തപ്പിതടയുകയാണ്‌. കഴിഞ്ഞയാഴ്‌ച്ചയിലെ പ്രീമിയര്‍ ലീഗ്‌ മല്‍സരത്തില്‍ സുതര്‍ലാന്‍ഡിനോട്‌ തോറ്റ ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ്‌ ലീഗിലും തകര്‍ന്നിരുന്നു. ഇന്നത്തെ ഹോം മല്‍സരത്തില്‍ ക്യാപ്‌റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ്‌, സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസ്‌ എന്നിവര്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്‌. മാഞ്ചസ്‌റ്റര്‍ സംഘത്തില്‍ അവരുടെ സൂപ്പര്‍ താരം വെയിന്‍ റൂണി കളിക്കുന്ന കാര്യത്തിലും സംശയമുണ്ട്‌. കഴിഞ്ഞ രണ്ട്‌ മല്‍സരത്തിലും പരുക്ക്‌ കാരണം റൂണിക്ക്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡാരന്‍ ഫ്‌ളെച്ചറുടെ കാര്യത്തിലും സംശയമുണ്ട്‌. ഇന്നും തോറ്റാല്‍ ലിവറിന്‌ അത്‌ വലിയ ആഘാതാമാവുമെന്ന കാര്യത്തില്‍ സംശയമില്ല. തോല്‍വി പിണഞ്ഞാല്‍ മാഞ്ചസ്‌റ്ററും ലിവറും തമ്മിലുളള അന്തരം പത്ത്‌ പോയന്റിന്റേതാവും.

വിവ സമ്മര്‍ദ്ദത്തില്‍
കോഴിക്കോട്‌:കളിച്ച മൂന്ന്‌ മല്‍സരങ്ങളിലും തോല്‍വി. പോയന്റ്‌ ടേബിളില്‍ ഇത്‌ വരെ അക്കൗണ്ട്‌ തുറക്കാന്‍ കഴിയാത്ത ഏക ടീമെന്ന അപഖ്യാതിയില്‍ നില്‍ക്കുന്ന വിവ കേരള കടുത്ത സമ്മര്‍ദ്ദത്തില്‍. ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌്‌ ഗോവക്കെതിരായ മല്‍സരത്തില്‍ രണ്ട്‌ ഗോളിനും മോഹന്‍ ബഗാനെതിരെ കൊല്‍ക്കത്തയില്‍ ഇതേ മാര്‍ജിനില്‍ തോല്‍ക്കുകയും ചെയ്‌ത വിവ ആദ്യം ഹോം മല്‍സരത്തില്‍ ചിരാഗ്‌ യുനൈറ്റഡിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും തോല്‍ക്കുകയായിരുന്നു. പതിനാല്‌ ടീമുകള്‍ പങ്കെടുക്കുന്ന ലീഗില്‍ അവസാന സ്ഥാനത്താണിപ്പോള്‍ വിവ. ഒരു മല്‍സരവും തോല്‍ക്കാത്ത ചിരാഗ്‌ ഒന്നാം സ്ഥാനത്തും നില്‍ക്കുന്നു. മുന്‍നിരയില്‍ കരുത്തനായ താരമില്ലാത്തതാണ്‌ ടീമിന്റെ പ്രശ്‌നമെന്ന്‌ കോച്ച്‌ ഏ.എം ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. തായ്‌ലാന്‍ഡില്‍ നിന്നുമെത്തിയ താരത്തിന്‌ അടുത്ത മല്‍സരത്തില്‍ കളിക്കാനായാല്‍ അത്‌ ചിലപ്പോള്‍ ഗുണം ചെയ്യുമെന്നാണ്‌ കരുതപ്പെടുന്നത്‌.
ഇന്ന്‌ ലീഗില്‍ രണ്ട്‌ മല്‍സരങ്ങള്‍ നടക്കുന്നുണ്ട്‌. ഗോവന്‍ അങ്കത്തില്‍ സ്‌പോര്‍ട്ടിംഗ്‌ സാല്‍ഗോക്കറുമായി കളിക്കുമ്പോള്‍ കൊല്‍ക്കത്താ അങ്കത്തില്‍ ഈസ്‌റ്റ്‌്‌ ബംഗാളും മോഹന്‍ ബഗാനും മുഖാമുഖം വരുന്നു. സാള്‍ട്ട്‌ ലെക്ക്‌ സ്‌റ്റേഡിയത്തിലെ ഈ അങ്കത്തിന്‌ പതിവില്‍ കവിഞ്ഞ പ്രാധാന്യമുണ്ട്‌. ബഗാനില്‍ നിന്നും ഈ സീസണില്‍ ഈസ്റ്റ്‌ ബംഗാളിലേക്ക്‌ ചേക്കേറിയ ഇന്ത്യന്‍ നായകന്‍ ബൂട്ടിയയുടെ പ്രകടനമായിരിക്കും ശ്രദ്ധിക്കപ്പെടുക. ബഗാനും ബൂട്ടിയയും തമ്മിലുളള തര്‍ക്കം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഐ ലീഗ്‌ മുന്‍നിര്‍ത്തി അദ്ദേഹത്തിന്‌ ഈസ്റ്റ്‌ ബംഗാളില്‍ കളിക്കാന്‍ താല്‍കാലികാനുമതി നല്‍കുകയായിരുന്നു.
ബഗാന്‍ ഇത്‌ വരെ തപ്പിതടയുന്ന പ്രകടനമാണ്‌ നടത്തിയത്‌. ചിരാഗിനോട്‌ പോലും തോറ്റ ടീമിന്‌ കാര്യമായ നേട്ടം സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ല. കൊല്‍ക്കത്ത സീനിയര്‍ ഡിവിഷന്‍ ലീഗില്‍ ചില വിജയങ്ങള്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞതാണ്‌ നേട്ടം.

No comments: