Wednesday, October 14, 2009

GHANA WITH BRAZIL

ഘാനയും ബ്രസീലും
കെയ്‌റോ,(ഈജിപ്‌ത്‌): വന്യമായ ആഫ്രിക്കന്‍ കരുത്തിന്റെ പ്രതിനിധികളായ ഘാനയും സുന്ദരമായ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ പ്രതീകമായ ബ്രസീലും തമ്മിലുള്ള ഫൈനല്‍ നാളെ.... ഫിഫ അണ്ടര്‍ 20 ലോകകപ്പിന്റെ ആവേശകരമായ സെമി ഫൈനല്‍ പോരാട്ടങ്ങളില്‍ ബ്രസീല്‍ ഏക ഗോളിന്‌ കോസ്‌റ്റാറിക്കയെ പരാജയപ്പെടുത്തിയപ്പോള്‍ ഹംഗറിയെ 2-3 ന്‌ തോല്‍പ്പിച്ചാണ്‌ ഘാന ടിക്കറ്റ്‌ നേടിയത്‌. ലയണല്‍ മെസിയെ പോലുളള സൂപ്പര്‍ താരങ്ങളെ ഫുട്‌ബോള്‍ ലോകത്തിന്‌ സമ്മാനിച്ച ചാമ്പ്യന്‍ഷിപ്പാണ്‌ അണ്ടര്‍ 20 ലോകകപ്പ്‌. ഇത്തവണയും അതിന്‌ മാറ്റമില്ല. ഘാനയുടെ ആദം ബല്‍തൂജിയും അബികു കുന്‍ഷയും ഹംഗറിയുടെ വ്‌ലാഡിമിര്‍ കോമാനും ബ്രസീല്‍ ഗോള്‍ക്കീപ്പര്‍ റാഫേലുമെല്ലാം ഇപ്പോള്‍ തന്നെ വന്‍ ക്ലബുകളുടെ നോട്ടപ്പുള്ളികളായി കഴിഞ്ഞു. ഇന്നലെ പുലര്‍ച്ചെ നടന്ന സെമിയില്‍ അലന്‍ കാര്‍ദിക്കിന്റെ ഗോളിലാണ്‌ ബ്രസീല്‍ പൊരുതിക്കളിച്ച കോസ്‌റ്റാറിക്കക്കാരെ പരാജയപ്പെടുത്തിയത്‌. ക്യാപ്‌റ്റന്‍ കോമാന്‍, മധ്യനിരയിലെ കരുത്തനായ കൃസ്‌റ്റിയന്‍ നെമാത്ത്‌ എന്നിവരെ കൂടാതെ കളിച്ച ഹംഗറിക്ക്‌ ഘാനയെ പിടിച്ചുകെട്ടാന്‍ ആദ്യ പകുതിയില്‍ കഴിഞ്ഞിരുന്നില്ല. രണ്ട്‌ ഗോളിന്റെ വ്യക്തമായ ലീഡില്‍ ഇടവേളക്ക്‌ പിരിഞ്ഞ ആഫ്രിക്കക്കാര്‍ പക്ഷേ മല്‍സരത്തിന്റെ അവസാനത്തില്‍ തളര്‍ന്നു. ഈ അവസരം ഉപയോഗപ്പെടുത്തി ഹംഗറി തിരിച്ചുവന്നെങ്കിലും കെയ്‌റോ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ എന്തും കൊണ്ടും വിജയം അര്‍ഹിച്ചത്‌ ഘാനയായിരുന്നു.
സെമി ഫൈനല്‍ പോരാട്ടങ്ങള്‍ നാല്‌ വന്‍കരകള്‍ തമ്മിലായിരുന്നു. ആദ്യ സെമിയില്‍ ആഫ്രിക്കയും (ഘാന), യൂറോപ്പും (ഹംഗറി) കളിച്ചപ്പോള്‍ രണ്ടാം സെമി ലാറ്റിനമേരിക്കയും (ബ്രസീല്‍) കോണ്‍കാകാഫും (കോസ്‌റ്റാറിക്ക) തമ്മിലായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇത്‌ വരെ തോല്‍വിയറിയാതെ മുന്നേറിയ ഘാനക്കാര്‍ സുന്ദരമായ ആക്രമണ ഫുട്‌ബോളിന്റെ വന്യമായ മുഖമാണ്‌ ഹംഗറിക്കെതിരെ കാഴ്‌ച്ചവെച്ചത്‌. ആദ്യ പകുതിയില്‍ അവര്‍ മാത്രമായിരുന്നു ചിത്രത്തില്‍. ഹംഗേറിയന്‍ ഡിഫന്‍സിനെ കാഴ്‌ച്ചക്കാരാക്കിയായിരുന്നു ഡൊമിനിക്‌ അദിയ രണ്ട്‌ ഗോളുകളും സ്‌ക്കോര്‍ ചെയ്‌തത്‌. കോമാനും നെമാത്തും ഇല്ലാതിരുന്നത്‌ ഹംഗറിക്കാരെ ശരിക്കും ബാധിച്ചപ്പോള്‍ ഘാനക്കാര്‍ക്ക്‌ കാര്യങ്ങളെല്ലാം എളുപ്പമായി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ കഴിഞ്ഞത്‌ ഹംഗറിക്കാര്‍ക്ക്‌ ആവേശമേകി. എങ്ങനെയെങ്കിലും സമനില നേടുക എന്ന ലക്ഷ്യത്തില്‍ സ്വന്തം ഡിഫന്‍സില്‍ വന്ന വിളളലുകള്‍ അവര്‍ ശ്രദ്ധിച്ചില്ല. അദിയ തുടക്കമിട്ട നീക്കത്തില്‍ പന്ത്‌ ലഭിച്ച ഓപോകു അദിമാംഗ്‌ മാര്‍ക്ക്‌ ചെയ്യപ്പെടാതെ നിന്ന സഹതാരം ഖുനേഷിക്ക്‌ പന്ത്‌ കൈമാറിയപ്പോള്‍ ഘാനയുടെ മൂന്നാം ഗോള്‍ പിറന്നു. എന്നാല്‍ ഇവിടെയും ഹംഗറി വിട്ടുകൊടുത്തില്ല. ഒരു ഗോള്‍ കൂടി അവര്‍ മടക്കി. 2-3 ല്‍ മല്‍സരം നില്‍ക്കവെ എങ്ങനെയെങ്കിലുമുള്ള സമനിലക്കായി അവര്‍ ചെലുത്തിയ സമ്മര്‍ദ്ദം ഘാനയുടെ പെനാല്‍ട്ടി ബോക്‌സില്‍ പരിഭ്രാന്തി സൃഷ്ടിച്ചു എന്നത്‌ സത്യം. പക്ഷേ വല ചലിപ്പിക്കാന്‍ ഹംഗറിക്കാര്‍ക്കായില്ല.
രണ്ടാം സെമിയില്‍ ആദ്യ പകുതിയില്‍ മുഴുവന്‍ അപകടകാരികളായ ബ്രസീലുകാരെ തളക്കുന്നതില്‍ വിജയിച്ച കോസ്‌റ്റാറിക്കക്ക്‌ അറുപത്തിയേഴാം മിനുട്ടിലാണ്‌ പിഴച്ചത്‌. അലന്‍ കാര്‍കഗെക്കിന്റെ ഗോള്‍ ബ്രസീലിന്റെ കരുത്തിനുളള തെളിവായെങ്കില്‍ ആ നിമിഷം മുതലാണ്‌ ആക്രമണം തങ്ങള്‍ക്ക്‌ വശമുണ്ടെന്ന്‌ കോസ്‌റ്റാറിക്ക തെളിയിച്ചത്‌. യു.എ.ഇക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ട്‌ മികവില്‍ വിജയിച്ച കോസ്‌റ്റാറിക്കക്കാര്‍ക്ക്‌ പക്ഷേ ബ്രസീല്‍ ഡിഫന്‍സിനെ കീറിമുറിക്കാനുളള ഊര്‍ജ്ജമുണ്ടായിരുന്നില്ല.
നാളെ കെയ്‌റോ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കാന്‍ പോവുന്നത്‌ 2003 ലെ ഫൈനലിന്റെ ആവര്‍ത്തനമാണ്‌. അന്ന്‌ ബ്രസീലും ഘാനയും തമ്മിലാണ്‌ നേര്‍ക്കുനേര്‍ വന്നത്‌. സിഡ്‌നിയില്‍ നടന്ന ആ ഫൈനലില്‍ 2-1 ന്റെ വിജയം നേടിയ ബ്രസീലിന്‌ ആ വിജയം ആവര്‍ത്തിക്കുക എളുപ്പമാവില്ല. അത്രമാത്രം കരുത്തരാണ്‌ ഘാന.

രാജിക്ക്‌ പിറകില്‍ അഫ്രീദി
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ സ്ഥാനത്ത്‌ നിന്ന്‌ യൂനസ്‌ഖാന്‍ രാജിക്കത്ത്‌ നല്‍കിയതിന്‌ പിറകില്‍ ടീമിലെ സീനിയര്‍ താരം ഷാഹിദ്‌ അഫ്രീദിയുമായുളള അസ്വാരസ്യമെന്ന്‌ സൂചനകള്‍. പന്തയ വിവാദത്തില്‍ തന്റെയും ടീമിന്റെയും പേര്‌ നിരന്തരം വലിച്ചിഴക്കുന്നതിലെ വേദന പ്രകടിപ്പിച്ചാണ്‌ കഴിഞ്ഞ ദിവസം യൂനസ്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ ഇജാസ്‌ ഭട്ടിന്‌ രാജിക്കത്ത്‌ നല്‍കിയതെങ്കിലും അടിസ്ഥാന കാരണങ്ങള്‍ ടീമിലെ പടലപിണക്കങ്ങള്‍ തന്നെയാണ്‌. കഴിഞ്ഞ ദിവസം യൂനസും ടീം കോച്ച്‌ ഇന്‍ത്തികാബ്‌ ആലവും പാക്കിസ്‌താന്‍ പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ ഹാജരായിരുന്നു. ഈ കൂടിക്കാഴ്‌ച്ചയുടെ തലേദിവസം അഫ്രീദി പി.സി.ബി തലവനുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്‌ച്ചയാണത്രെ യൂനസിനെ രാജി നല്‍കാന്‍ പ്രേരിപ്പിച്ചത്‌. പാക്കിസ്‌താന്‍ ടീമില്‍ യൂനസിനെക്കാളും സീനിയര്‍ താരം അഫ്രീദിയാണ്‌. എന്നാല്‍ ഇത്‌ വരെ അദ്ദേഹത്തെ നായക സ്ഥാനത്തേക്ക്‌ പരിഗണിച്ചിട്ടില്ല. നിലവില്‍ 20-20 ടീമിന്റെ കപ്പിത്താനായ അഫ്രീദി ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ സെമിയിലെ തോല്‍വിക്ക്‌ ശേഷം നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. കിവിസീനെതിരായ സെമിയില്‍ പാക്കിസ്‌താന്‍ തോല്‍ക്കാന്‍ കാരണം താനുള്‍പ്പെടെയുളളവര്‍ വിട്ട ക്യാച്ചുകളാണെന്ന്‌ യൂനസ്‌ പറഞ്ഞപ്പോള്‍ നായകന്റെ പോരായ്‌മകളാണ്‌ അഫ്രീദി ചൂണ്ടിക്കാട്ടിയത്‌. ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുക്കുന്നതില്‍ യൂനസ്‌ വരുത്തിയ വീഴ്‌ച്ചയായിരുന്നു അഫ്രീദിയുടെ പരാമര്‍ശ വിഷയം.
യൂനസിന്റെ രാജി ഇത്‌ വരെ സ്വീകരിച്ചിട്ടില്ല. ഒരു പത്താനിയായ തനിക്ക്‌ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ്‌ തന്റെ പേരില്‍ പറയപ്പെടുന്നതെന്നും ഇത്‌ കാരണം കുടുംബത്തോടും കൂട്ടുകാരോടുമൊന്നും സംസാരിക്കാന്‍ പോലും കഴിയില്ലെന്നും അത്‌ കൊണ്ടാണ്‌ രാജി നല്‍കിയതെന്നും പറഞ്ഞ യൂനസ്‌ ഇനി പി.സി.ബിക്ക്‌ എല്ലാം തീരുമാനിക്കാമെന്ന്‌ വ്യക്തമാക്കി വാതില്‍ തുറന്നിട്ടിരിക്കയാണ്‌. അഫ്രീദി പി.സി.ബി തലവനെ കണ്ടതാണ്‌ തന്റെ രാജിക്ക്‌ പിറകിലെന്ന്‌ പറയുന്നതില്‍ കഴമ്പില്ല എന്നാണ്‌ അദ്ദേഹം വിശദീകരിക്കുന്നത്‌. നിലവിലുളള സാഹചര്യത്തില്‍ അഫ്രീദി ടെസ്റ്റ്‌-ഏകദിന ടീമിന്റെ നാകനാവാന്‍ പി.സി.ബി മുതിരില്ല. പക്വതകുറവ്‌ തന്നെയാാണ്‌ അഫ്രീദിയുടെ പ്രശ്‌നം. പാക്കിസ്‌താന്‌ 20-20 ലോകകപ്പ്‌ സമ്മാനിച്ച നായകന്‍ എന്ന നിലയില്‍ മാത്രമല്ല ശക്തനായ നായകന്‍ എന്ന ഖ്യാതി നേരത്തെ തന്നെ യൂനസിനുണ്ട്‌.
2007 ലെ ലോകകപ്പിന്‌ ശേഷം ഇന്‍സമാമുല്‍ ഹഖ്‌ നായകസ്ഥാനവും ക്രിക്കറ്റും വിട്ടപ്പോള്‍ അഫ്രീദി കരുതിയത്‌ തനിക്ക്‌ വേണ്ടി നായകവാതില്‍ തുറക്കപ്പെടുമെന്നാണ്‌. എന്നാല്‍ അപ്രതീക്ഷിത നീക്കത്തില്‍ ഷുഹൈബ്‌ മാലിക്കാണ്‌ നായകനായത്‌. പിന്നെ മാലിക്കിന്‌ പകരം യൂനസ്‌ വന്നു. യൂനസിന്‌ പകരം അഫ്രീദി വരുമോ-കാത്തിരിക്കാം.

മുനാഫ്‌ തിരിച്ചുവരുന്നു
ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ഏഴ്‌ മല്‍സര ഏകദിന പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ ഇന്ന്‌ പ്രഖ്യാപിക്കുമ്പോള്‍ വലം കൈയ്യന്‍ സീമര്‍ മുനാഫ്‌ മുസ്സ പട്ടേല്‍ തിരിച്ചുവരവിന്‌. ഇറാനി ട്രോപി മല്‍സരത്തില്‍ കളിയിലെ കേമന്‍പ്പട്ടം സ്വന്തമാക്കിയ മുനാഫ്‌ ഇന്ത്യന്‍ സംഘത്തിലുണ്ടാവുമെന്നാണ്‌ വ്യക്തമായ സൂചനകള്‍. ആര്‍.പി സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ എന്നി സീമര്‍മാര്‍ നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ മുനാഫിനെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നുണ്ട്‌. പരുക്ക്‌ കാരണം ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന യുവരാജ്‌ സിംഗ്‌, വിരേന്ദര്‍ സേവാഗ്‌ എന്നിവര്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെ കാര്യത്തില്‍ ഉറപ്പില്ല. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ മുന്‍നിരക്ക്‌ കരുത്ത്‌ പകരാനാണ്‌ ദ്രാവിഡിനെ ഉള്‍പ്പെടുത്തിയത്‌. ഇവിടെ സേവാഗും യുവരാജും തിരിച്ചുവരുമ്പോള്‍ ദ്രാവിഡിനെ നിലനിര്‍ത്താന്‍ സാധ്യതയില്ല. സഹീര്‍ഖാന്‍ പുറത്ത്‌ തന്നെ നില്‍ക്കുമ്പോള്‍ ആശിഷ്‌ നെഹ്‌റക്കൊപ്പം മുനാഫിന്റെ അനുഭവ സമ്പത്തായിരിക്കും പരിഗണിക്കപ്പെടുക. യൂസഫ്‌ പത്താന്റെ കാര്യവും സംശയത്തിലാണ്‌. സ്‌പിന്നര്‍മാരായി ഹര്‍ഭജന്‍സിംഗും അമിത്‌ മിശ്രയും സ്ഥാനം നിലനിര്‍ത്തുമ്പോള്‍ പ്രവീണ്‍ കുമാറിന്റെ കാര്യത്തിലും എതിര്‍പ്പുണ്ടാവില്ല.

മോഡി അനഭിമതനാവുന്നു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ പ്രതിഭാസമായ ലളിത്‌ മോഡിക്കെതിരെ സ്വന്തം ക്യാമ്പില്‍ നിന്ന്‌്‌ തന്നെ ശബ്ദമുയരുന്നു. ഐ.പി.എല്‍ ക്രിക്കറ്റിലൂടെ ഉന്നതങ്ങളിലെത്തിയ മോഡിയെന്ന രാജസ്ഥാന്‍കാരന്റെ ചാമ്പ്യന്‍സ്‌ ലീഗ്‌ ആശയം വേണ്ടത്ര്‌ ക്ലിക്ക്‌ ചെയ്യപ്പെട്ടില്ലെങ്കിലും ഇതാദ്യമായി അദ്ദേഹത്തിന്റെ ഗ്രൂപ്പില്‍ നിന്ന്‌ തന്നെ ശബ്ദമുയര്‍ന്നിരിക്കുന്നത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ വൃത്തങ്ങളില്‍ സംസാരമായിരിക്കുന്നു. ഐ.പി.എല്‍ ക്രിക്കറ്റ്‌ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ യുവതാരങ്ങളെ മടിയന്മാരാക്കി മാറ്റിയതായി ബി.സി.സി.ഐ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ പ്രൊഫസര്‍ രത്‌നാങ്കര്‍ ഷെട്ടി തുറന്നടിച്ചപ്പോള്‍ അതില്‍ കാര്യമില്ലെന്ന മറുപടിയുമായി മോഡിയും രംഗത്ത്‌ വന്നു.
മോഡിയുടെ രാജസ്ഥാനില്‍ ആകെ പ്രശ്‌നങ്ങളാണ്‌. ഈയിടെ നടന്ന അസോസിയേഷന്‍ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന്‌ അദ്ദേഹം വിജയിച്ച പാനലിനെ ഇല്ലാതാക്കാന്‍ ശ്രമം നടത്തി. അവര്‍ക്ക്‌ അധികാരമില്ലെന്ന്‌ പറഞ്ഞ്‌ വാര്‍ത്തകളില്‍ സ്ഥാനവും നേടി. കഴിഞ്ഞ ദിവസം മോഡി പക്ഷം രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ പിരിച്ചുവിട്ടതായി സ്വയം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇത്തവണ രഞ്‌ജി മല്‍സരങ്ങള്‍ക്ക്‌ രാജസ്ഥാനില്‍ നിന്ന്‌ രണ്ട്‌ ടീമുകളുണ്ടാവുമെന്നും പറയപ്പെട്ടിരുന്നു.
ഐ.പി.എല്ലില്‍ കളിച്ച്‌ പണമുണ്ടാക്കുക എന്നത്‌ മാത്രമാണ്‌ ഇപ്പോള്‍ യുവതാരങ്ങളുടെ താല്‍പ്പര്യമെന്ന്‌ ഷെട്ടി പറഞ്ഞത്‌ പ്രശ്‌നമാവുമെന്നുറപ്പാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ സെക്രട്ടറിയായ എന്‍. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ടീമാണ്‌ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌. ക്രിക്കറ്റ്‌ തലവനായ ശരത്‌ പവാറും ലളിത്‌ മോഡിയുടെ പക്ഷത്താണ്‌. ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ തമ്മിലടി ഉണ്ടാവാതിരിക്കാന്‍ ഇപ്പോള്‍ തന്നെ പരിഹാര ശ്രമം ആരംഭിച്ചിട്ടുണ്ട്‌.

ഫൈനല്‍ മുംബൈയില്‍
ന്യൂഡല്‍ഹി: 2011 ല്‍ ഇന്ത്യയും ബംഗ്ലാദേശും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഫൈനല്‍ പോരാട്ടം മുംബൈയില്‍. ഇന്ത്യക്ക്‌ ആകെ അനുവദിച്ച 29 മല്‍സരങ്ങളുടെ വേദികളും ഇന്നലെ ചേര്‍ന്ന പ്രാദേശിക സംഘാടക സമിതി തീരുമാനിച്ചു. മൂന്ന്‌ രാജ്യങ്ങളിലായി മൊത്തം 49 മല്‍സരങ്ങളാണ്‌ നടക്കുന്നതെന്നും ഇന്ത്യക്ക്‌ ഫൈനല്‍ കൂടാതെ ഒരു സെമി ഫൈനലും, ക്വാര്‍ട്ടര്‍ ഫൈനലും ലഭിക്കുമെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കി. ഇന്ത്യക്ക്‌ അനുവദിച്ച സെമിഫൈനല്‍ മൊഹാലിയിലായിരിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ അഹമ്മദാബാദിലും. ഇതേ വേദികളില്‍ പ്രാഥമീക ലീഗ്‌ മല്‍സരങ്ങളും നടക്കുന്നുണ്ട്‌. ന്യൂഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍, നാഗ്‌പ്പൂര്‍, കൊല്‍ക്കത്ത എന്നീ വേദികളിലും മല്‍സരങ്ങളുണ്ട്‌. കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇന്ത്യയുടെ ഓരോ മല്‍സരങ്ങള്‍ ഉള്‍പ്പെടെ ആകെ നാല്‌ മല്‍സരങ്ങള്‍ വീതം നടക്കും. നാഗ്‌പ്പൂര്‍, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും ഇന്ത്യയുടെ മല്‍സരങ്ങള്‍ നടക്കും. ജയ്‌പ്പൂരില്‍ മല്‍സരങ്ങളില്ല. ശ്രീലങ്കയില്‍ പന്ത്രണ്ടും ബംഗ്ലാദേശില്‍ എട്ടും മല്‍സരങ്ങളാണ്‌ നടക്കുന്നത്‌.
വിവ സ്വന്തം തട്ടകത്ത്‌
കോഴിക്കോട്‌: കളിച്ച രണ്ട്‌ മല്‍സരങ്ങളിലും പിണഞ്ഞ തോല്‍വിയുടെ നിരാശ പ്രകടിപ്പിക്കാതെ വിവ കേരള സ്വന്തം മൈതാനത്ത്‌ പരിശീലനം തുടങ്ങി. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ഫ്‌ളഡ്‌ലിറ്റ്‌ സ്‌റ്റേഡിയത്തില്‍ 23 ന്‌ നടക്കുന്ന ഐ ലീഗ്‌ മല്‍സരത്തില്‍ ചിരാഗ്‌ യുനൈറ്റഡാണ്‌ വിവയുടെ പ്രതിയോഗികള്‍. രണ്ട്‌ തോല്‍വികള്‍ നല്‍കിയ പാഠങ്ങള്‍ മുഖവിലക്കെടുത്തായിരിക്കും ടീമിന്റെ ആദ്യം ഹോം മാച്ചെന്ന്‌ കോച്ച്‌ ഏ.എം ശ്രീധരന്‍ പറഞ്ഞു. സാല്‍ഗോക്കറിനെതിരായ ആദ്യ മല്‍സരം മഴയില്‍ ഒലിച്ചപ്പോള്‍ ചര്‍ച്ചില്‍, മോഹന്‍ ബഗാന്‍ എന്നിവര്‍ക്കതിരായ മല്‍സരങ്ങളില്‍ രണ്ട്‌ ഗോളുകള്‍ വീതം വിവ വഴങ്ങിയിരുന്നു. ബഗാനെതിരെ ക്യാപ്‌റ്റന്‍ സക്കീറും ഗോള്‍ക്കീപ്പര്‍ ഷാഹിന്‍ ലാലും കളിക്കാതിരുന്നതാണ്‌ വിനയായതെന്ന്‌ ശ്രീധരന്‍ പറഞ്ഞു. ഇവിടെ സ്വന്തം കാണികളുടെ പിന്‍ബലമുണ്ട്‌. പരിചിതമായ സാഹചര്യമാണ്‌. ഫ്‌ളഡ്‌ലിറ്റുകള്‍ക്ക്‌ കീഴില്‍ കളിക്കുന്നതും ഗുണം ചെയ്യുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ആഘോഷങ്ങള്‍ക്ക്‌ ആരാധകര്‍
കോഴിക്കോട്‌: അവസാനിക്കുന്നത്‌ ലോകകക്ക്‌ യോഗ്യതാ റൗണ്ടാണ്‌... ഫൈനല്‍ റൗണ്ട്‌ അടുത്ത വര്‍ഷമാണ്‌ ആരംഭിക്കാന്‍ പോവുന്നത്‌. പക്ഷേ അര്‍ജന്റീനയുടെ പിന്തുണക്കാര്‍ ആഘോഷപുറപ്പാടിലാണ്‌. ടീം ലോകകപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ യോഗ്യത നേടുന്നപക്ഷം ഇന്ന്‌ മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും മധുരപലഹാര വിതരണവും പായസ വിതരണവുമെല്ലാം പ്ലാന്‍ ചെയ്‌തിട്ടുണ്ട്‌. സ്വന്തം ടീം ജയിക്കുമെന്ന്‌ തന്നെയാണ്‌ അര്‍ജന്റീനിയന്‍ ഫാന്‍സിന്റെ പ്രതീക്ഷ. പുലര്‍ച്ചെ നടക്കുന്ന ഉറുഗ്വേക്കെതിരായ മല്‍സരത്തിന്റെ തല്‍സമയം സംപ്രഷണം ഒരു ചാനലുമില്ലാത്ത നിരാശ എല്ലാവര്‍ക്കുമുണ്ട്‌. ഇന്റര്‍നെറ്റ്‌ സൈറ്റുകള്‍ക്ക്‌ മുന്നില്‍ പുലരുവോളം ഇരിക്കാനാണ്‌ പരിപാടി. പെറുവിനെതിരായ അര്‍ജന്റീനയുടെ മല്‍സരം ഗള്‍ഫില്‍ നിന്നും ഡിഫേര്‍ഡ്‌ ലൈവായി സംപ്രേഷണം ചെയ്‌ത ഒരു മലയാളം ചാനലിന്റെ കാരുണ്യവും ഫുട്‌ബോള്‍ പ്രേമികള്‍ തേടുന്നുണ്ട്‌.

No comments: