Saturday, October 10, 2009

CAPTAIN SREESANTH

ശ്രീശാന്ത്‌ നായകന്‍
കൊച്ചി: രഞ്‌ജി ട്രോഫി ക്രിക്കറ്റിനുളള കേരളാ ടീമിനെ മുന്‍ ഇന്ത്യന്‍ താരം ശ്രീകുമാരന്‍ ശ്രീശാന്ത്‌ നയിക്കും. ഇന്നലെ ഇവിടെ പ്രഖ്യാപിക്കപ്പെട്ട ടീമില്‍ പതിനഞ്ച്‌ വയസ്സ്‌ മാത്രം പ്രായമുള്ള സഞ്‌ജു സാംസണ്‍ എന്ന താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സീനിയര്‍ താരങ്ങളായ ടിനു യോഹന്നാന്‍, മുന്‍ നായകന്‍ സോണി ചെറുവത്തുര്‍, നിയാസ്‌ തുടങ്ങിയവര്‍ ടീമിലുണ്ട്‌. ദേശീയ ശ്രദ്ധയില്‍ നിന്നും അകന്നുപോയ ശ്രീശാന്തിന്‌ മുഖ്യ ധാരയിലേക്ക്‌ വരാനുളള മറ്റൊരവസരമാണ്‌ കൈവന്നിരിക്കുന്നത്‌. ഈയിടെ നടന്ന ഇറാനി ട്രോഫിയില്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ പിടിക്കപ്പെട്ട ശ്രീശാന്തില്‍ നിന്നും മെച്ചപ്പെട്ട പ്രകടനവും പെരുമാറ്റവുമാണ്‌ കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. സീസണ്‍ മുഴുവന്‍ ശ്രീശാന്തിന്റെ സേവനം ടീമിന്‌ ലഭിക്കും. രോഹന്‍ പ്രേമിനാണ്‌ ഉപനായകപദം നല്‍കിയിരിക്കുന്നത്‌.
മാപ്പ്‌
ലണ്ടന്‍: റഫറിയുടെ ആരോഗ്യത്തെ പരാമര്‍ശിച്ച്‌ നടത്തിയ മോശം വാക്കുകള്‍ക്ക്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ പരിശീലകന്‍ അലക്‌സ്‌ ഫെര്‍ഗൂസണ്‍ മാപ്പ്‌ ചോദിച്ചു. പ്രീമിയര്‍ ലീഗില്‍ സുതര്‍ലാന്‍ഡിനെതിരായ മല്‍സരത്തിന്‌ ശേഷം സംസാരിക്കവെ സ്‌ക്കോട്ട്‌ലാന്‍ഡുകാരനായ റഫറി അലന്‍ വിലിക്ക്‌ വലിയ മല്‍സരം നിയന്ത്രിക്കാനുളള ആരോഗ്യമില്ലെന്ന്‌ ഫെര്‍ഗ്ഗി പറഞ്ഞത്‌ വന്‍ വിവാദമായിരുന്നു. മല്‍സരം 2-2 ല്‍ കലാശിച്ചതിന്‌ ശേഷമായിരുന്നു ഫെര്‍ഗ്ഗി തുറന്നടിച്ചത്‌. ഏത്‌ സാഹചര്യത്തിലാണ്‌ അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന്‌ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ ഫെര്‍ഗ്ഗിയോട്‌ വിശദീകരണം ചോദ്ദിച്ചതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തിന്റെ ഖേദ പ്രകടനം. കളി നിയന്ത്രിക്കുന്നവര്‍ക്ക്‌ കളിക്കാരോളം ചുറുചുറുക്ക്‌ വേണമെന്ന്‌ പറഞ്ഞ ഫെര്‍ഗ്ഗി ഈ കാര്യത്തില്‍ വിദേശ ലീഗുകളാണ്‌ ഭേദമെന്നും പറഞ്ഞിരുന്നു.

പെരുമാറ്റം ശ്രീശാന്തിന്‌ പ്രശ്‌നം
ഡല്‍ഹി: മൈതാനത്തും മൈതാനത്തിന്‌ പുറത്തും നന്നായി പെരുമാറാന്‍ കഴിയാത്തപക്ഷം ശ്രീശാന്തിന്‌ ഇന്ത്യക്ക്‌ വേണ്ടി കളിക്കാന്‍ കഴിയില്ലെന്ന്‌ അലന്‍ ഡൊണാള്‍ഡ്‌. ശ്രീശാന്തിന്റെ ഇംഗ്ലീഷ്‌ കൗണ്ടി ടീമായ വാര്‍വിക്ക്‌ ഷെയറിന്റെ പരിശീലകനാണ്‌ ദക്ഷിണാഫ്രിക്കയുടെ ഈ ഇതിഹാസ സീമര്‍. ഇവിടെ നടക്കുന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ 20-20 ക്രിക്കറ്റിന്റെ കമന്ററി സംഘത്തില്‍ അംഗമായ ഡൊണാള്‍ഡ്‌ ശ്രീശാന്തിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും സമീപനത്തിലുമെല്ലാം മാറ്റമാണ്‌ ആവശ്യപ്പെടുന്നത്‌. ഈ സീസണില്‍ ബ്രെട്ട്‌്‌്‌ ലീ, മോര്‍ണി മോര്‍ക്കല്‍ തുടങ്ങിയ മുഖ്യ സീമര്‍മാരുടെ സേവനം വാര്‍വിക്ക്‌ഷെയറിന്‌ ലഭിക്കില്ല എന്ന്‌ മനസ്സിലാക്കിയപ്പോള്‍ ഡൊണാള്‍ഡാണ്‌ പകരക്കാരനായി ശ്രീശാന്തിന്റെ നാമം ടീം മാനേജ്‌മെന്റിനോട്‌ പറഞ്ഞത്‌. എന്നാല്‍ ചെറിയ കാലയളവില്‍ മാത്രം വാര്‍വിക്ക്‌ഷെയറിലുണ്ടായിരുന്നിട്ടും തനിക്ക്‌ പോലും പല കാര്യത്തിലും ശ്രീശാന്തിനോട്‌ വിയോജിക്കേണ്ടി വന്നതായി അദ്ദേഹം വെളിപ്പെടുത്തി. പത്ത്‌ മല്‍സരങ്ങളാണ്‌ വാര്‍വിക്ക്‌ഷെയറിനായി ശ്രീശാന്ത്‌ കളിച്ചത്‌. ഇതില്‍ 22 വിക്കറ്റുകളും സ്വന്തമാക്കി. 2006 ലെ ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ജോഹന്നാസബര്‍ഗ്ഗ്‌ ടെസ്‌റ്റില്‍ ശ്രീശാന്ത്‌ പ്രകടിപ്പിച്ച കരുത്ത്‌ ഡൊണാള്‍ഡ്‌ നേരില്‍ കണ്ടിരുന്നു. ഇന്ത്യ നാടകീയ വിജയം കരസ്ഥമാക്കിയ ആ മല്‍സരത്തില്‍ കേരളാ സീമര്‍ അഞ്ച്‌ വിക്കറ്റ്‌ സ്വന്തമാക്കിയിരുന്നു. എന്നാല്‍ അന്ന്‌ കണ്ട ശ്രീശാന്തില്‍ നിന്ന്‌ ഇന്നത്തെ ശ്രീശാന്ത്‌ പല കാര്യങ്ങളും പഠിച്ചിട്ടില്ല. പരിശീലന രീതികളില്‍ തന്നെ ആദ്യം മാറ്റം വരുത്തണം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രതയും ബോധവും നിര്‍ബന്ധമാണ്‌. മൈതാനത്ത്‌ കാര്യങ്ങള്‍ തനിക്ക്‌ അനുകൂലമല്ലെങ്കില്‍ പൊട്ടിത്തെറിക്കുന്ന രീതിയും മാറ്റണം. കളിക്കാരെല്ലാം ആക്രമണോല്‍സുകരാണ്‌. അത്‌ മൈതാനത്ത്‌ വേണം. പക്ഷേ ആക്രമണോത്സുകത അമിതമായാല്‍ അത്‌ പ്രശ്‌നമാവും. പലപ്പോഴും ശ്രീശാന്തിന്റെ പെരുമാറ്റത്തില്‍ സഹതാരങ്ങളും ടീം മാനേജ്‌മെന്റും സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടിട്ടുണ്ട്‌. ശരീരഭാഷ മാത്രമല്ല, മൈതാനത്ത്‌ മനസ്സും പക്വത നേടണം. കളത്തിന്‌ പുറത്ത്‌ നന്നായി പെരുമാറുമ്പോള്‍ തന്നെ കളത്തിലും അത്‌ വേണം. ഓരോ മല്‍സരം കഴിയും തോറും ഖേദപ്രകടനം നടത്തുന്നത്‌ നല്ലതിനല്ലെന്നും ഡൊണാള്‍ഡ്‌ പറഞ്ഞു.

മെസി സൂപ്പര്‍ താരം
കോഴിക്കോട്‌: ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളുടെ നിര്‍ണ്ണായകഘട്ട മല്‍സരങ്ങളില്‍ അരങ്ങ്‌ തകര്‍ക്കുക അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെന്ന്‌ വായനക്കാര്‍. സ്‌പോര്‍ട്‌സ്‌ ചന്ദ്രിക നടത്തിയ ഇ-മെയില്‍ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 63 ശതമാനം മെസിക്കൊപ്പമാണ്‌. 34 ശതമാനം പേര്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോക്ക്‌ വോട്ട്‌ ചെയ്‌തപ്പോള്‍ മൂന്ന്‌ ശതമാനം പേര്‍ പറയുന്നത്‌ രണ്ട്‌ പേര്‍ക്കും സ്വന്തം ടീമിനെ രക്ഷിക്കാന്‍ കഴിയില്ലെന്നാണ്‌. അര്‍ജന്റീനയും പോര്‍ച്ചുഗലും ലോകകപ്പ്‌ യോഗ്യതാ ഘട്ടത്തില്‍ അതിസമര്‍ദ്ദത്തിലാണ്‌. അര്‍ജന്റീനക്ക്‌ ഇനിയുളള രണ്ട്‌ മല്‍സരങ്ങളിലും ജയിക്കാന്‍ കഴിയാത്തപക്ഷം അവരുടെ സാധ്യത തന്നെ ഇല്ലാതാവും. പോര്‍ച്ചുഗലിനും അവസാന രണ്ട്‌ മല്‍സരങ്ങളും നിര്‍ണ്ണായകമാണ്‌. എന്നാല്‍ മെസി മാജിക്‌ അര്‍ജന്റീനയെ തുണക്കുമെന്നാണ്‌ വായനക്കാര്‍ പ്രതീക്ഷിക്കുന്നത്‌. അര്‍ജന്റീനയില്ലാതെ എന്ത്‌ ലോകകപ്പ്‌ എന്നാണ്‌ നിലമ്പൂരിലെ കുഞ്ഞുമോന്‍ പൊങ്ങല്ലൂര്‍ ചോദിക്കുന്നത്‌. ഇതേ ചോദ്യമാണ്‌ പി.വി അസ്‌ഹര്‍ മാവുര്‍, അസ്‌ഹര്‍ അലി ചെലവൂര്‍, ശാന്തികൃഷ്‌ണ കലങ്കോട്‌, സാജിദ്‌ പി, ഹരികുമാര്‍ കൊടിഞ്ഞി, അശ്വിന്‍ വട്ടക്കിണര്‍, മുഹമ്മദ്‌ ഊരയില്‍, കൃഷ്‌ണകുമാര്‍ മാഹി, ചന്ദ്രകാന്ത്‌ സുബോധ്‌, മനോഹരന്‍ മാവിലാട്‌, അഷ്‌റഫ്‌ മാങ്കാവ്‌, സത്യചന്ദ്രന്‍ താമരശ്ശേരി തുടങ്ങിയവര്‍ ഉന്നയിക്കുന്നത്‌. എല്ലാവര്‍ക്കും അര്‍ജന്റീന നിര്‍ബന്ധമാണ്‌. എന്നാല്‍ അവരുടെ കോച്ച്‌ മറഡോണയുടെ ശൈലിയോട്‌ പലര്‍ക്കും യോജിപ്പില്ല. റൊണാള്‍ഡോയില്ലാതെ ലോകകപ്പ്‌ അരങ്ങേറുമ്പോള്‍ അത്‌ ഫുട്‌ബോളിന്റെ ആസ്വാദ്യതയെ ബാധിക്കുമെന്നാണ്‌ ശങ്കരന്‍ കീഴ്‌പ്പറ്റം, മുഹമ്മദ്‌ മൂന്നാര്‍, മാത്യൂ താഴത്തില്‍, അഷ്‌റഫ്‌ പൊട്ടക്കുഴി, അഷ്‌റഫ്‌ അഹമ്മദ്‌, നൂറുദ്ദിന്‍ കാഞ്ഞിരോട്‌ തുടങ്ങിയവര്‍ പറയുന്നത്‌. എന്തായാലും കാത്തിരിക്കാം. ഇനി മണിക്കൂറുകള്‍ മാത്രം-ആരായിരിക്കും താരമെന്ന്‌ ഉടനറിയാം.

യുവ ക്രിക്കറ്റര്‍ കൊല്ലപ്പെട്ടു
മീററ്റ്‌: തികച്ചും നിര്‍ഭാഗ്യകരമായ സംഭവത്തില്‍ ഇന്ത്യന്‍ അണ്ടര്‍-19 ക്രിക്കറ്റ്‌ ടീം അംഗമായിരുന്ന ഗഗന്‍ദീപ്‌ സിംഗ്‌ കൊല്ലപ്പെട്ടു. ഇവിടെ ഒരു ഹോട്ടലില്‍ വെള്ളിയാഴ്‌ച്ച രാത്രിയില്‍ നടന്ന വെടിവെപ്പിലാണ്‌ ദുരന്തം. പതിനെട്ടുകാരനായ ഗഗന്‍ ഇവിടെ നടക്കുന്ന സി.കെ നായിഡു അണ്ടര്‍ 22 ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഉത്തര്‍ പ്രദേശിനായി കളിക്കാന്‍ എത്തിയതായിരുന്നു. സഹതാരങ്ങള്‍ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കവെ അജ്ഞാതന്റെ വെടിയേറ്റ്‌ ഗഗന്‍ തല്‍സമയം മരിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ വ്യക്തമാക്കി. ഹോട്ടലുടമയും അജ്ഞാതനായ തോക്കുധാരിയും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ്‌ വെടിവെപ്പ്‌ നടന്നത്‌. ഹോട്ടലുടമയും കൊലപ്പെട്ടിട്ടുണ്ട്‌. തോക്കുധാരിയെ പിന്നീട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആറ്‌ മാസം മുമ്പ്‌ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ അണ്ടര്‍ 19 ടീം അംഗമായ ഗഗന്‍ ലെഫ്‌റ്റ്‌ ആം സ്‌പിന്നറാണ്‌. പരമ്പരയില്‍ ഒരു ടെസ്റ്റും ഒരു ഏകദിനവും അദ്ദേഹം കളിച്ചിരുന്നു. ഉത്തര്‍ പ്രദേശിന്റെ അണ്ടര്‍-15, 17, 19 ടീമുകളില്‍ അംഗമായ ഗഗന്‍ ഭാവിയുടെ ഇന്ത്യന്‍ താരമാവുമായിരുന്നെന്ന്‌ യു.പി ടീമിന്റെ കോച്ചായ ഗ്യാനേന്ദ്ര പാണ്ഡെ പറഞ്ഞു. യു.പിക്ക്‌ മാത്രമല്ല ദേശീയ ക്രിക്കറ്റിനും ഈ സംഭവം കനത്ത ആഘാതമാണെന്ന്‌ അദ്ദേഹം പറഞ്ഞു. രാഹുല്‍ ചൗധരി എന്നയാളാണ്‌ ഹോട്ടലില്‍ വെടിവെപ്പ്‌ നടത്തിയതെന്ന്‌ പിന്നീട്‌ പോലീസ്‌ അറിയിച്ചു. ഇയാളെയും പത്ത്‌ പേരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഹെഡ്‌ കോണ്‍സ്‌റ്റബിളിന്റെ മകനാണത്രെ രാഹുല്‍.

സൂപ്പര്‍ പുടിക്‌
ഹൈദരാബാദ്‌: രാജിവ്‌ ഗാന്ധി സ്‌റ്റേഡിയത്തിലെത്തിയ ആയിരകണക്കിന്‌ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ ഇന്നലെ ആദ്യ മല്‍സരത്തില്‍ പിന്തുണക്കാന്‍ ആതിഥേയ ടീമുണ്ടായിരുന്നില്ല. പക്ഷേ ടിക്കറ്റിനായി മുടക്കിയ പണം അവര്‍ക്ക്‌ നഷ്ടമായില്ല. തട്ടുതകര്‍പ്പന്‍ ഷോട്ടുകള്‍ നിറഞ്ഞ ആദ്യ പോരാട്ടത്തില്‍ കേപ്‌ കോബ്രാസ്‌ ന്യൂസിലാന്‍ഡ്‌ ടീമായ ഒട്ടാഗോയെ 54 റണ്‍സിന്‌ മുക്കിയ കാഴ്‌ച്ച രസകരമായിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്‌ഘാടന മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ അവസാന ഓവര്‍ പോരാട്ടത്തില്‍ ജെ.പി ഡുമിനിയുടെ കരുത്തില്‍ മാത്രം മറിച്ചിട്ട കോബ്രാസ്‌ ഇന്നലെ നായകന്‍ ആന്‍ഡ്ര്യൂ പുട്ടിക്കിന്റെ മികവിലാണ്‌ തകര്‍ത്തത്‌. ചാമ്പ്യന്‍സ്‌ ലീഗ്‌ ചരിത്രത്തിലെ ആദ്യ സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ച പുട്ടിക്‌ പുറത്താവാതെ 104 റണ്‍സ്‌നേടിയപ്പോള്‍ ടീം വാരിക്കൂട്ടിയത്‌ നാല്‌ വിക്കറ്റിന്‌ 193 റണ്‍സ്‌. പുട്ടിക്കിനെ കൂടാതെ ജസ്‌റ്റിന്‍ ഓണ്‍ടോംഗ്‌ എന്ന ദക്ഷിണാഫ്രിക്കന്‍ ദേശീയ താരം പുറത്താവാതെ 39 റണ്‍സ്‌ നേടിയപ്പോള്‍ ഡുമിനി നല്ല ഫോമില്‍ 32 റണ്‍സ്‌ നേടി. മറുപടിയില്‍ നതാന്‍ മക്കലം നേടിയ 38 റണ്‍സ്‌ മാത്രമാണ്‌ ഒട്ടാഗോ ആകെ നേടിയ 139 റണ്‍സില്‍ കാര്യമായി നിന്നത്‌.
രണ്ട്‌ ടീമിലും ഏഴ്‌ വീതം രാജ്യാന്തര താരങ്ങളുണ്ടായിരുന്നു. പക്ഷേ ബാറ്റിംഗാണ്‌ മാറ്റമായത്‌. കോബ്രാസ്‌ ഒരു ഘട്ടത്തിലും തിരിഞ്ഞ്‌ നോക്കിയില്ല. സ്വന്തം ഇന്നിംഗ്‌സ്‌ പത്ത്‌ ഓവര്‍ പിന്നിടുമ്പോള്‍ അവരുടെ സ്‌ക്കോര്‍ രണ്ട്‌ വിക്കറ്റിന്‌ 79 റണ്‍സായിരുന്നു. മറുപടിയില്‍ ഒട്ടാഗോക്കും ഈ സ്‌ക്കോറിലെത്താനായി. പക്ഷേ അഞ്ച്‌ വിക്കറ്റുകള്‍ പോയിരുന്നു.

ഈജിപ്‌തിന്‌ ആയുസ്സ്‌
ചിലിയബോബെ (സാംബിയ): ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ ആഫ്രിക്കന്‍ തലത്തില്‍ വന്‍കരാ ചാമ്പ്യന്മാരാ ഈജിപ്‌തിന്‌ ആയുസ്സ്‌. ഇന്നലെ നടന്ന മല്‍സരത്തില്‍ സാംബിയയെ ഒരു ഗോളിന്‌ കീഴടക്കാന്‍ കഴിഞ്ഞതോടെ ഈജിപ്‌ത്‌ സാധ്യത നിലനിര്‍ത്തി. ആഫ്രിക്കന്‍ നാഷന്‍സ്‌ കപ്പ്‌ ജേതാക്കളായ ഈജിപ്‌ത്‌ ഇത്‌ വരെ അപകടഘട്ടത്തിലായിരുന്നു. സ്വന്തം മൈതാനത്ത്‌ നടന്ന മല്‍സരത്തില്‍ സാംബിയക്ക്‌ മുന്നില്‍ സമനില വഴങ്ങുകയും പിന്നെ അള്‍ജീരിയയോട്‌ തോല്‍ക്കുകയും ചെയ്‌തത്‌ ടീമിനെ ബാധിച്ചിരുന്നു. എന്നാല്‍ ഇന്നലെ മെച്ചപ്പെട്ട പ്രകടനവുമായി ടീം കരുത്ത്‌ കാട്ടി. അറുപത്തിയെട്ടാം മിനുട്ടില്‍ ഹുസ്‌നി ആബിദ്‌ റാബോയാണ്‌ വിജയഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഗ്രൂപ്പ്‌ ഇയില്‍ നടന്ന മലാവി -ഐവറികോസ്‌റ്റ്‌ മല്‍സരം 1-1 ല്‍ അവസാനിച്ചു.
വിജയത്തോടെ ഈജിപ്‌ത്‌ ഗ്രൂപ്പ്‌ സിയില്‍ അള്‍ജീരിയക്കൊപ്പമെത്തി. രണ്ട്‌ ടീമുകള്‍ക്കുമിപ്പോള്‍ പത്ത്‌ പോയന്റായി. എന്നാല്‍ അള്‍ജിരിയ നാല്‌ മല്‍സരങ്ങള്‍ മാത്രമാണ്‌ കളിച്ചത്‌. ഈജിപ്‌ത്‌ അഞ്ച്‌ മല്‍സരങ്ങളില്‍ പങ്കെടുത്തു. സാംബിയ, റുവാണ്ട എന്നിവരാണ്‌ ഗ്രൂപ്പിലെ മറ്റ്‌ ടീമുകള്‍. സാംബിയക്ക്‌ നാലും റുവാണ്ടക്ക്‌ ഒന്നും പോയന്റാണുള്ളത്‌. അള്‍ജീരിയ ഇന്ന്‌ റുവാണ്ടുയുമായി കളിക്കുന്നുണ്ട്‌. ഈ മല്‍സരത്തില്‍ അള്‍ജിരിയക്കാര്‍ ജയിക്കുമെന്നിരിക്കെ ഈജിപ്‌തിന്റെ ടെന്‍ഷന്‍ ഉടനൊന്നും അവസാനിക്കില്ല.
കഴിഞ്ഞ രണ്ട്‌ ലോകകപ്പിലും വന്‍കരയെ പ്രതിനിധീകരിച്ചവരാണ്‌ ഈജിപ്‌ത്‌. 2006 ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിന്‌ അവര്‍ എത്തിയത്‌ കാമറൂണ്‍, ഐവറികോസ്റ്റ്‌ തുടങ്ങിയവര്‍ക്കൊപ്പമാണ്‌. 2002 ല്‍ മൊറോക്കോ, സെനഗല്‍ തുടങ്ങിവര്‍ക്കൊപ്പമായിരുന്നു ഫൈനല്‍ റൗണ്ട്‌. ഇത്തവണ ദുര്‍ബലരുടെ ഗ്രൂപ്പില്‍ അകപ്പെട്ടപ്പോള്‍ എളുപ്പത്തില്‍ ജയിക്കാമെന്നാണ്‌ അവര്‍ കരുതിയത്‌. ഈ ആലസ്യമാണ്‌ ടീമിനെ ബാധിച്ചതും. നിലവില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്‌തിന്റെ നിരയില്‍ അമര്‍ സാകി, മുഹമ്മദ്‌ അബ്ദുറിക്ക തുടങ്ങിയ ലോകോത്തര താരങ്ങളുമുണ്ട്‌.
ഗ്രൂപ്പ്‌ ഇയില്‍ നിന്നും ഏകദേശം ടിക്കറ്റുറപ്പാക്കിയവരാണ്‌ ഐവറികോസ്‌റ്റ്‌. അഞ്ച്‌ മല്‍സരങ്ങളില്‍ നിന്ന്‌ അവര്‍ക്ക്‌ 13 പോയന്റുണ്ട്‌.

സെമി
അലക്‌സാണ്ടറിയ: ഫിഫ അണ്ടര്‍ 20 ലോകകപ്പിന്റെ ആദ്യ സെമിയില്‍ ആഫ്രിക്കയുടെ ഘാനയും യൂറോപ്പിന്റെ ഹംഗറിയും ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ ഘാന കൊറിയയെ തോല്‍പ്പിച്ചപ്പോള്‍ ഷൂട്ടൗട്ട്‌ പോരാട്ടത്തില്‍ ഹംഗറി ഇറ്റലിയെ തോല്‍പ്പിച്ചു. ചൊവാഴ്‌ച്ചയാണ്‌ സെമി.

No comments: