Wednesday, October 21, 2009

BARCA LOSS

ബ്രസീല്‍ ചിറകില്‍ ചിരാഗ്‌
കോഴിക്കോട്‌:സുബ്രതോ ഭട്ടാചാര്‍ജി എന്ന ഇന്ത്യന്‍ ഫുട്‌ബോളിലെ ഒരു കാലത്തെ അതികായന്‍ തന്റെ പ്രിയപ്പെട്ട വേദിയിലേക്ക്‌ ഒരിക്കല്‍ക്കൂടി എത്തിയിരിക്കുന്നു-കളിക്കാരനായല്ല, പരിശീലകനായി. ഐ ലീഗ്‌ ഫുട്‌ബോളില്‍ നാളെ വിവ കേരളയെ നേരിടുന്ന ചിരാഗ്‌ യുനൈറ്റഡിന്റെ കോച്ചായി എത്തിയിരിക്കുന്ന സുബ്രതോയുടെ സന്തോഷം ഒരിക്കല്‍ക്കൂടി കോഴിക്കോട്‌ കാണാനായതിലാണ്‌.... സുന്ദരമായ തന്റെ ഓര്‍മ്മകളിലുടെ പഥസഞ്ചലനം നടത്തി കൊണ്ട്‌ അദ്ദേഹം തന്റെ മലയാളിയായ നായകന്‍ ഡെന്‍സണ്‍ ദേവസദാസിന്റെ ചുമലില്‍ തട്ടിപറയുന്നു-എന്റെ പ്രിയപ്പെട്ട വേദിയില്‍ നീയും ടീമും തിളങ്ങണം. വിവയെ നേരിടാനുളള സുബ്രതോയുടെ സംഘം ഇന്നലെ ഉച്ചയോടെയാണ്‌ നഗരത്തിലെത്തിയത്‌. കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലെത്തി, അവിടെ നിന്നും ജെറ്റ്‌ എയര്‍വേയ്‌സില്‍ കരിപ്പൂരിലെത്തിയ ടീം ഇന്നലെ മുഴുവന്‍ യാത്രാക്ഷീണം അകറ്റുകയായിരുന്നു. ഇന്ന്‌ വൈകീട്ട്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തും. ടീമിന്റെ കരുത്ത്‌ മുന്‍നിരയില്‍ കളിക്കുന്ന രണ്ട്‌ ബ്രസീലുകാരാണെന്ന്‌ സുബ്രതോയും ഡെന്‍സണും സമ്മതിക്കുന്നു. കൊല്‍ക്കത്ത ഫുട്‌ബോളിനും ഇന്ത്യന്‍ ഫുട്‌ബോളിനും പരിചിതനായ എഡ്‌മില്‍സണൊപ്പം ബ്രസീലില്‍ നിന്നുള്ള പുതിയ റിക്രൂട്ടായ ജോഷിമറും കളിക്കുമ്പോള്‍ ചിരാഗ്‌ മുന്‍നിരയുടെ പ്രഹരശേഷിക്ക്‌ പത്തരമാറ്റാണ്‌. കൊല്‍ക്കത്ത സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ മോഹന്‍ ബഗാനെ പോലുളളവര്‍ ഇത്‌ അനുഭവിച്ചറിഞ്ഞതുമാണ്‌. ബഗാനെ അവരുടെ തട്ടകത്തില്‍ വെച്ച്‌ 2-3ന്‌ തോല്‍പ്പിച്ചാണ്‌ ചിരാഗ്‌ വാര്‍ത്തകളില്‍ കയറിയത്‌. വിവയെ പോലെ സെക്കന്‍ഡ്‌ ഡിവിഷനില്‍ നിന്നും പ്രൊമോട്ട്‌ ചെയ്യപ്പെട്ട്‌ ഫസ്‌റ്റ്‌ ഡിവിഷനിലെത്തിയ ചിരാഗാണ്‌ ഇപ്പോള്‍ ഐ ലീഗ്‌ പോയന്റ്‌ ടേബിളില്‍ കൊല്‍ക്കത്തയിലെ രണ്ട്‌ പ്രബലരായ ബഗാനെയും ഈസ്റ്റ്‌ ബംഗാളിനെയും പിറകിലാക്കി കുതിക്കുന്നത്‌. മൂന്ന്‌ മല്‍സരങ്ങളില്‍ ഒന്നില്‍ പോലും ടീം തോറ്റിട്ടില്ല. രണ്ട്‌ വിജയങ്ങള്‍-ഒരു സമനില. ഗോള്‍ വേട്ടയുടെ കാര്യത്തില്‍ എഡ്‌മില്‍സണും ജോഷിമറും ഒപ്പത്തിനൊപ്പമാണ്‌. രണ്ട്‌ പേരും മൂന്ന്‌ ഗോളുകള്‍ വീതം സ്‌ക്കോര്‍ ചെയ്‌തിട്ടുണ്ട്‌. നാളെ വിവയെ നേരിടുമ്പോള്‍ പക്ഷേ ഈ രണ്ട്‌ വിദേശികള്‍ക്ക്‌ മാത്രമായിരിക്കും അവസരം. മധ്യനിരയില്‍ കളിക്കുന്ന നൈജീരിയക്കാരന്‍ ഡൂവിന്‌ സസ്‌പെന്‍ഷന്‍ കാരണം കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ പന്ത്‌ തട്ടാനാവില്ല.
തോല്‍ക്കാതിരിക്കുക എന്നതാണ്‌ എവേ മല്‍സരങ്ങളിലെ ടീമിന്റെ ലക്ഷ്യമെന്ന്‌ സുബ്രതോ വ്യക്തമാക്കി. പോയന്റ്‌ നഷ്‌ടമാവാതിരിക്കാനുളള ഗെയിമായിരിക്കും വിവക്കെതിരെ കളിക്കുക. സ്വന്തം തട്ടകത്ത്‌ കളിക്കുമ്പോള്‍ വിവക്ക്‌ കാണികളുടെ പിന്തുണ ഉറപ്പാണ്‌. കൂടാതെ ഇതിനകം കളിച്ച രണ്ട്‌ മല്‍സരങ്ങളിലും അവര്‍ മികച്ച പ്രകടനമാണ്‌ നടത്തിയതും. കോഴിക്കോട്ടെ മൈതാനത്തെക്കുറിച്ച്‌ നല്ലത്‌ മാത്രമേ പറയാനുളളുവെന്നും സുബ്രതോ പറഞ്ഞു. 1975 മുതല്‍ ഇവിടെ കളിച്ചുളള പരിചയമുണ്ട്‌ സൂബ്രതോക്ക്‌. 78 ലെ നാഗ്‌ജി ഫൈനല്‍ അദ്ദേഹം മറന്നിട്ടില്ല. മോഹന്‍ ബഗാന്‌ വേണ്ടി പതിനാറാം നമ്പര്‍ കുപ്പായത്തില്‍ സ്ഥിരമായി കളിച്ചിട്ടുളള സുബ്രതോ ആ കാലത്തെ കളി പ്രേമികളുടെ ഇഷ്ടതാരമായിരുന്നു. പ്രതിരോധത്തില്‍ പാറ പോലെ ഉറച്ചുനില്‍ക്കുന്ന അദ്ദേഹത്തിന്റെ ഇഷ്ടവിനോദം പെനാല്‍ട്ടി കിക്കുകളായിരുന്നു. ആ കാലം മറക്കാനാവില്ലെന്നും പരിശീലകന്‍ എന്ന നിലയില്‍ ഇപ്പോഴും താരങ്ങള്‍ക്ക്‌ പകര്‍ന്നു നല്‍കുന്നത്‌ പഴയ അനുഭവ സമ്പത്താണെന്നും സ്‌പോര്‍ട്‌സ്‌ ചന്ദ്രികയുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സംഘാടക സമിതിക്ക്‌ വേണ്ടി റിസപ്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി.ജെ റോബിന്‍, കണ്‍വീനര്‍ എം.മോഹനന്‍ തുടങ്ങിയവര്‍ ടീമിനെ സ്വീകരിച്ചു. മല്‍സരങ്ങളുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഹരിദാസ്‌ അറിയിച്ചു. മൈതാനം മല്‍സരത്തിന്‌ സജ്ജമായിട്ടുണ്ട്‌. ഇന്ന്‌ രണ്ട്‌്‌ ടീമുകളും പരിശീലനം നടത്തും. ടീമിന്റെ ഡ്രസ്സിംഗ്‌ റൂം ആധുനിക രീതിയിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ബാത്ത്‌്‌റൂമുകളും ഷവറുകളുമെല്ലാം ഡ്രസ്സിംഗ്‌ റൂമില്‍ ഒരുക്കിയിട്ടുണ്ട്‌്‌. ഗ്യാലറികളും മുഖം മിനുക്കുന്നുണ്ട്‌. നാളെ വൈകീട്ട്‌ ആറ്‌ മണിക്ക്‌ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദാണ്‌ മല്‍സരങ്ങള്‍ ഔപചാരികമായി ഉദ്‌ഘാടനം ചെയ്യുന്നത്‌. ടിക്കറ്റുകള്‍ (ഗ്യാലറി 30, ഗ്രാന്‍ഡ്‌ സ്‌്‌റ്റാന്‍ഡ്‌ 100) നാളെ ഉച്ചതിരിഞ്ഞ്‌ രണ്ട്‌ മണി മുതല്‍ കെ.ഡി.എഫ്‌. എ ഓഫീസില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കണ്ണൂരില്‍ നിന്നും കൊല്‍ക്കത്തയുടെ നായകന്‍
കോഴിക്കോട്‌: ഡെന്‍സണ്‍ ദേവദാസ്‌ എന്ന ചിരാഗ്‌ യുനൈറ്റഡിന്റെ നായകന്‌ പരിശീലകനായ സുബ്രതോ ഭട്ടാചാര്‍ജി നൂറില്‍ നൂറ്‌ മാര്‍ക്ക്‌ നല്‍കുമ്പോള്‍ അത്‌ കേരളാ ഫുട്‌ബോളിനുളള അംഗീകാരമാണ്‌. മലയാളിയാണ്‌ ഡെന്‍സണ്‍. കണ്ണൂരിലെ ബര്‍ണ്ണശ്ശേരിക്കാരന്‍. മൂന്ന്‌ വര്‍ഷം വിവ കേരളയുടെ താരമായിരുന്നു. മൂന്ന്‌ വര്‍ഷം മുമ്പാണ്‌ വിവ വിട്ട്‌ കൊല്‍ക്കത്തയിലേക്ക്‌ ഈ മധ്യനിരക്കാരന്‍ ചേക്കേറിയത്‌. ഇപ്പോള്‍ ചിരാഗിന്റെ നായകന്‍. ബ്രസീലുകാരെയും നൈജീരിയക്കാരെയുമെല്ലാം നയിക്കുന്ന നായകന്‍. ഇന്നലെ കോഴിക്കോട്ടെത്തിയപ്പോള്‍ നായകന്റെ ആദ്യ ജോലി ഹോട്ടല്‍ റിസപ്‌ഷനില്‍ നിന്നും സ്വന്തം വിദേശ, അന്യസംസ്ഥാന താരങ്ങള്‍ക്ക്‌ എത്രയുമെളുപ്പം മുറി തരപ്പെടുത്തുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരോട്‌ പോലും സംസാരിക്കാന്‍ നില്‍ക്കാതെ കൂട്ടുകാരുടെ യാത്രാക്ഷീണം മനസ്സിലാക്കി അവരെ മുറിയിലെത്തിക്കാന്‍ ശ്രമിച്ച ഡെന്‍സണ്‍ പഴയ ടീമിനെതിരായ മല്‍സരം സഗൗരവമാണ്‌ കാണുന്നത്‌. ഇത്‌ വരെ ഐ ലീഗില്‍ ഞങ്ങള്‍ തോറ്റിട്ടില്ല. കൊല്‍ക്കത്തയില്‍ വെച്ച്‌ ബഗാനെ തോല്‍പ്പിക്കാനായത്‌ വലിയ നേട്ടമായിരുന്നു. ആ ആത്മവിശ്വാസമാണ്‌ ഇവിടെയും പ്രചോദനം. രണ്ട്‌ ബ്രസീലുകാര്‍ മുന്‍നിരയില്‍ കളിക്കുന്നുണ്ട്‌. രണ്ട്‌ പേരും ഗോളടിക്കാന്‍ മിടുക്കരാണ്‌. വിവയെ നേരിടുമ്പോള്‍ മധ്യനിരയില്‍ നൈജീരിയക്കാരന്‍ ഡൂ ഇല്ലാത്തതില്‍ പക്ഷേ നായകന്‌ നിരാശയുണ്ട്‌. തുടര്‍ച്ചയായി രണ്ട്‌ കളികളില്‍ മഞ്ഞകാര്‍ഡ്‌ കണ്ടതിനാല്‍ സസ്‌പെന്‍ഷനിലാണ്‌ ഡൂ.
ബഗാനെതിരായ മല്‍സരത്തില്‍ കളിയിലെ കേമന്‍പ്പട്ടം സ്വന്തമാക്കിയ ഡെന്‍സണ്‍ വിവയെ ദുര്‍ബലരായി കാണുന്നില്ല. അവര്‍ കളിച്ച രണ്ട്‌ മല്‍സരങ്ങളും തോറ്റു എന്നത്‌ സത്യം. പക്ഷേ രണ്ട്‌ പ്രതിയോഗികളും ശക്തരായിരുന്നു. ആദ്യ ഹോം മല്‍സരത്തില്‍ മെച്ചപ്പെട്ട പ്രകടനം അവര്‍ നടത്തുമെന്ന കാര്യത്തില്‍ ഡെന്‍സണ്‌ സംശയമില്ല. സുബ്രതോയെ പോലെ അനുഭവ സമ്പന്നനായ ഒരു മുന്‍താരത്തിന്റെ ശീക്ഷണത്തില്‍ കളിക്കുമ്പോഴുളള കരുത്തും ടീമിന്റെ ഊര്‍ജ്ജമായി ഡെന്‍സണ്‍ വിശേഷിപ്പിക്കുന്നു.

ചിത്രം
കായിക രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന്‌ റോട്ടറി ക്ലബിന്റെ വൊക്കേഷണല്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ സ്വന്തമാക്കിയ അരുണ്‍ കെ നാണു. കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ്‌ എഡ്യുക്കേഷന്‍ പ്രൊമോഷന്‍ ട്രസ്‌റ്റിന്റെ (സെപ്‌റ്റ്‌ ) ചെയര്‍മാനായ അരുണ്‍ ഫുട്‌ബോള്‍ രംഗത്തെ കുരുന്നു പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക്‌ ഉന്നത പരിശീലനം നല്‍കുന്ന വലിയ ദൗത്യമാണ്‌ വിജയകരമായി നടപ്പിലാക്കുന്നത്‌. ഈ ശ്രമത്തിനാണ്‌ പുരസ്‌ക്കാരം. കോഴിക്കോട്‌ യു.എ.ഇ എക്‌സ്‌ചേഞ്ചില്‍ ഉദ്യോഗസ്ഥനാണ്‌ അരുണ്‍.

കേരളം മികവ്‌ പ്രകടിപ്പിക്കുമെന്ന്‌ നാസര്‍ മച്ചാന്‍
സുല്‍ത്താന്‍ ബത്തേരി: പുതിയ ആഭ്യന്തര സീസണില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കേരളത്തിന്റെ രഞ്‌ജി ടീമിന്‌ കഴിയുമെന്ന്‌ മാനേജര്‍ നാസര്‍ മച്ചാന്‍. പുതിയ പദവിയില്‍ അവരോധിതനായ ശേഷം സ്‌പോര്‍ട്‌സ്‌ ചന്ദ്രികയുമായി സംസാരിക്കവെ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്‌ നയിക്കുന്ന കേരളാ സംഘത്തില്‍ അനുഭവസമ്പന്നരായ സീനിയര്‍ താരങ്ങളുണ്ടെന്നും അവര്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ടിട്ടുളള യുവതാരങ്ങള്‍ നാളെയുടെ വാഗ്‌ദാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീശാന്തിനെ കൂടാതെ മുന്‍ ക്യാപ്‌റ്റന്മാരായ ശ്രീകുമാര്‍ നായര്‍, സോണി ചെറുവത്തുര്‍, മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍ തുടങ്ങിയവര്‍ കേരളത്തിനായി സീസണില്‍ കളിക്കുന്നുണ്ട്‌. തലശ്ശേരിയിലെ കോണാര്‍വയല്‍ സ്‌റ്റേഡിയത്തില്‍ ആന്ധ്രക്കെതിരെയാണ്‌ കേരളത്തിന്റെ ആദ്യ മല്‍സരം.
കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിയംഗം, ക്രിക്കറ്റ്‌ ഡവലെപ്പ്‌മെന്റ്‌ കമ്മിറ്റിയംഗം, പര്‍ച്ചേസ്‌ കമ്മിറ്റി ചെയര്‍മാന്‍, നോര്‍ത്ത്‌ സോണ്‍ കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുളള നാസര്‍ ബത്തേരി ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അടുത്ത മാസം മൂന്നിനാണ്‌ കേരളത്തിന്റെ ആദ്യ മല്‍സരം.

മല്‍സരഫലങ്ങള്‍
ഏ.സെഡ്‌ 1- ആഴ്‌സനല്‍ 1, റൂബന്‍ കസാന്‍ 2- ബാര്‍സിലോണ 1, ഫിയോറന്റീന 4- ഡെബ്രിസാന്‍ 3, ഇന്റര്‍ മിലാന്‍ 2-ഡൈനാമോ കീവ്‌ 2, ലിയോണ്‍ 2- ലിവര്‍പൂള്‍ 1, ഒളിംപിയാക്കസ്‌ 2- സ്റ്റാന്‍ഡേര്‍ഡ്‌ ലീഗ്‌ 1, ഉനിറിയ ഉര്‍സിസെനി 4- റേഞ്ചേഴ്‌സ്‌ 1, സെവിയെ 3- വി.എഫ്‌.ബി സ്റ്റട്ട്‌ഗര്‍ട്ട്‌ 1

ബാര്‍സക്കും ലിവര്‍പൂളിനും തോല്‍വി
ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ ബാര്‍സിലോണക്കും മുന്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിനും യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ മൂന്നാം റൗണ്ട്‌ പോരാട്ടങ്ങളില്‍ ദയനീയ തോല്‍വി. സ്വന്തം മൈതാനത്താണ്‌ രണ്ട്‌ കരുത്തരും തോല്‍വിയറിഞ്ഞത്‌. നുവോ കാമ്പില്‍ നവാഗതരായ റൂബിന്‍ കസാന്‌ മുന്നിലാണ്‌ ബാര്‍സയുടെ സൂപ്പര്‍ സംഘം വീണത്‌. സ്‌ക്കോര്‍ 2-1. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ സുതര്‍ലാന്‍ഡിനോട്‌ തോറ്റതിന്റെ നാണക്കേട്‌ മാറും മുമ്പ്‌ ലിവര്‍പൂളിന്റെ മുഖത്തടിച്ചത്‌ ഫ്രഞ്ച്‌ ചാമ്പ്യന്മാരായിരുന്ന ലിയോണ്‍. സ്‌ക്കോര്‍ 2-1. എട്ട്‌ ഗ്രൂപ്പ്‌ മല്‍സരങ്ങളില്‍ നിന്നായി 31 ഗോളുകള്‍ പിറന്ന ദിവസത്തില്‍ പ്രതീക്ഷിക്കപ്പെട്ട കരുത്ത്‌ പ്രകടിപ്പിച്ചത്‌ സ്‌പാനിഷ്‌ ടീമായ സെവിയെ മാത്രം. ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ ഗ്രൂപ്പ്‌ എഫില്‍ ഭാഗ്യത്തിന്റെ സമനിലയുമായി രക്ഷപ്പെട്ടപ്പോള്‍ ആഴ്‌സനലും സമനിലയുടെ ആശ്വാസത്തിലാണ്‌. അല്‍കമറാണ്‌ ഗണ്ണേഴ്‌സിനെ 1-1 ല്‍ തളച്ചത്‌. കാര്യങ്ങള്‍ ഈ വിധം പോവുമ്പോള്‍ അടുത്ത റൗണ്ട്‌ മല്‍സരങ്ങളില്‍ വിജയിക്കാനാവാത്തപക്ഷം ലിവര്‍പൂളും ഇന്റര്‍ മിലാനും തുടക്കത്തില്‍ തന്നെ പുറത്താവുന്ന അവസ്ഥയാണ്‌.
തകര്‍പ്പന്‍ വിജയമാണ്‌ സ്വന്തം മൈതാനത്ത്‌ ബാര്‍സ പ്രതീക്ഷിച്ചത്‌. തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തെ സാക്ഷികളാക്കി ലയണല്‍ മെസിയും സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചുമെല്ലാം പന്ത്‌ തട്ടുന്നതിന്‌ മുമ്പ്‌ തന്നെ റഷ്യന്‍ ചാമ്പ്യന്മാരായ റൂബിന്‍ കസാന്‍ ബാര്‍സാ വലയില്‍ പന്തെത്തിച്ചിരുന്നു. കിക്കോഫില്‍ നിന്നും രണ്ടാം മിനുട്ടിലായിരുന്നു ഗോള്‍. അലക്‌സാണ്ടര്‍ റസന്‍സേവിന്റെ ലോംഗ്‌ റേഞ്ചര്‍ ബാര്‍സയുടെ വലയില്‍ പതിക്കുമ്പോള്‍ മെസി പന്ത്‌ തൊട്ടിരുന്നില്ല. പതിവുളള വേഗതയാര്‍ന്ന പാസുകളുമായി എതിര്‍ ഡിഫന്‍സിനെ കീറിമുറിക്കാന്‍ ബാര്‍സയുടെ മുന്‍നിരക്കാര്‍ക്ക്‌ കഴിഞ്ഞില്ല. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ലീഡില്‍ മുന്നേറിയ കസാന്‌ പക്ഷേ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തിരിച്ചടിയേറ്റു. ഇബ്രാഹീമോവിച്ചിന്റെ മികവിലാണ്‌ ബാര്‍സ സമനില നേടിയത്‌. എന്നാല്‍ കളിയുടെ നിയന്ത്രണം വീണ്ടെടുത്ത കസാന്‍ എഴുപത്തിമൂന്നാം മിനുട്ടില്‍ വിജയഗോള്‍ നേടി. ഗോകന്‍ഡിസ്‌ കാര്‍കന്‍ഡിസായിരുന്നു സ്‌ക്കോറര്‍. സമനിലക്കായി ബാര്‍സ രണ്ടും കല്‍പ്പിച്ച്‌ മുന്നേറിയെങ്കെിലും ഭാഗ്യം അവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. അവസാന മിനുട്ടില്‍ ഇബ്രാഹീമോവിച്ചിന്റെ ഷോട്ട്‌ ക്രോസ്‌ ബാറില്‍ തട്ടി പുറത്തായി.
ഗ്രൂപ്പ്‌ ജിയിലെ റേഞ്ചേഴ്‌സ്‌-ഉനിറിയ ഉര്‍സിസെനി മല്‍സരം ആവേശകരമായിരുന്നു. രണ്ടാം മിനുട്ടില്‍ തന്നെ റേഞ്ചേഴ്‌സ്‌ മുന്നിലെത്തി. പക്ഷേ പിന്നെ കാണാനായത്‌ ഉനിറിയ നാല്‌ ഗോളുകള്‍ തുടരെ പായിക്കുന്നതാണ്‌. പ്രീമിയര്‍ ലീഗിലെ ദയനീയത ലിവര്‍പൂള്‍ ചാമ്പ്യന്‍സ്‌ ലീഗിലും ആവര്‍ത്തിച്ചു. അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ക്കായില്ല. തട്ടിമുട്ടിയുള്ള സമനിലയാണ്‌ അവര്‍ ലക്ഷ്യമിട്ടത്‌. എന്നാല്‍ തൊണ്ണൂറ്റിയൊന്നാം മിനുട്ടില്‍ ലിയോണിന്റെ സീസര്‍ ഡെല്‍ഗാഡോ നേടിയ ഗോള്‍ റെഡ്‌സിന്റെ എല്ലാ കണക്ക്‌ക്കൂട്ടലുകളും തെറ്റിച്ചു. ചാമ്പ്യന്‍സ്‌ ലീഗില്‍ എങ്ങനെ ജയിക്കാമെന്നത്‌ പോലും മറന്നിരിക്കയാണ്‌ ഇന്റര്‍മിലാന്‍. ഉക്രൈന്‍ ചാമ്പ്യന്മാരായ ഡൈനാമോ കീവിനെതിരെ അവര്‍ക്ക്‌ വ്യക്തമായ സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ പ്രതിരോധത്തിലെ പിഴവുകളില്‍ സമനില കൊണ്ട്‌ തടിതപ്പി. സെവിയെ സ്വന്തം മികവ്‌ പ്രകടമാക്കിയാണ്‌ സ്‌റ്റട്ട്‌ഗര്‍ട്ടിനെതിരെ ആധികാരിക വിജയം നേടിയത്‌.

സ്‌പിന്‍ പ്രശ്‌നം
മുംബൈ: ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ തന്റെ ടീമിന്‌ പ്രശ്‌നമുണ്ടാക്കുമെന്ന കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്‌ സംശയമില്ല. ഇന്ത്യന്‍ പിച്ചുകളില്‍ സ്‌പിന്നര്‍മാര്‍ക്ക്‌ വ്യക്തമായ മുന്‍ത്തൂക്കം ബൗളിംഗില്‍ ലഭിക്കും. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാരില്‍ പലരും സ്‌പിന്നിനെ കളിച്ച്‌ പരിചയമില്ലാത്തവരാണ്‌. ഈ പ്രശ്‌നം മറികടക്കാന്‍ കഴിഞ്ഞാല്‍ പരമ്പര ആവേശകരമാവുമെന്ന്‌ പോണ്ടിംഗ്‌ അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും മികച്ച രണ്ട്‌ ടീമുകള്‍ തമ്മിലുളള പരമ്പര തീര്‍ച്ചയായും കാണികള്‍ക്ക്‌ ആവേശമേകും. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഇന്ത്യയുമായുളള ഓസീസ്‌ ശത്രുതക്ക്‌ ഇപ്പോള്‍ വര്‍ദ്ധിത വീര്യമുണ്ട്‌. കഴിഞ്ഞ കൂറെ വര്‍ഷമായി ഇന്ത്യ-ഓസീസ്‌ മല്‍സരങ്ങള്‍ക്ക്‌ ലഭിക്കുന്ന പിന്തുണ ഈ പരമ്പരയിലും ഉണ്ടാവുമെന്നും പോണ്ടിംഗ്‌ പറഞ്ഞു. ഞായറാഴ്‌ച്ചയാണ്‌ പരമ്പരയിലെ ആദ്യ മല്‍സരം.

ബഗാന്‌ വിജയം
കൊല്‍ക്കത്ത: കൊല്‍ക്കത്ത പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ മോഹന്‍ ബഗാന്‍ ഒരു ഗോളിന്‌ കാളിഘട്ടിനെയും ഈസ്‌റ്റ്‌ ബംഗാള്‍ നാല്‌ ഗോളിന്‌ ഈസ്‌്‌റ്റേണ്‍ റെയില്‍വേയെയും പരാജയപ്പെടുത്തി. ഇന്ന്‌ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌ കല്‍ക്കട്ട പോര്‍ട്ട്‌ ട്രസ്‌റ്റിന നേരിടും.
പ്രതീക്ഷ
ജോര്‍ജ്‌ടൗണ്‍: വിന്‍ഡീസ്‌ ക്രിക്കറ്റിലെ പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിക്കുമെന്ന്‌ മുന്‍ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയിലിന്‌ പ്രതീക്ഷ. അടുത്ത മാസം നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെയുളള മികച്ച ടീമായിരിക്കും പോവുകയെന്നും അദ്ദേഹം പ്രത്യാശിച്ചു. വിന്‍ഡീസ്‌ സീനിയര്‍ താരങ്ങളും ക്രിക്കറ്റ്‌ ബോര്‍ഡും തമ്മിലുളള പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ നവാഗതരുടെ വിന്‍ഡീസ്‌ ടീമാണ്‌ കളിച്ചത്‌. വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ടീമിനെ നയിക്കുന്നതില്‍ തനിക്ക്‌ സന്തോഷമുണ്ടെന്നും എന്നാല്‍ തന്റെ അര്‍പ്പണത്തെ സംശയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പിരിച്ചുവിട്ടു
ജയ്‌പ്പൂര്‍: രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷനെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പിരിച്ചുവിട്ടു. തമ്മിലടി എല്ലാ സീമകളും ലംഘിച്ചതിനെ തുടര്‍ന്നാണ്‌ ഈ നടപടി. ലളിത്‌ മോഡി നയിക്കുന്ന വിഭാഗവും സഞ്‌ജയ്‌ ദീക്ഷിത്‌ നയിക്കുന്ന വിഭാഗവും തമ്മിലുള്ള തമ്മിലടിയില്‍ രാജസ്ഥാന്‍ ക്രിക്കറ്റില്‍ തുറന്ന പോരാണിപ്പോള്‍ നടക്കുന്നത്‌. രഞ്‌ജി ക്രിക്കറ്റിന്‌ പോലും രണ്ട്‌ വിഭാഗവും സ്വന്തം ടീമുകളെ അയച്ച സാഹചര്യത്തിലാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ശക്തമായ നടപടി.

No comments: