Friday, October 30, 2009
OFFER ZAKEER
സക്കീര്‍ കണ്‍ഫ്യൂഷനില്‍
കോഴിക്കോട്: വിവ കേരളയുടെ നായകന്‍ എം.പി സക്കീര്‍ ആകെ കണ്‍ഫ്യൂഷനിലാണ്....! ഓഫറുകളുടെ പെരുമഴക്കാലത്തില്‍ ഇരുപത്തിമൂന്നുകാരനായ മധ്യനിരക്കാരന്‍ മുന്നോട്ടുള്ള വ്യക്തമായ വഴി തേടുന്ന തിരക്കിലാണിപ്പോള്‍. ഐ ലീഗ് ഫുട്‌ബോളില്‍ സക്കീര്‍ പ്രകടിപ്പിക്കുന്ന മികവില്‍ അദ്ദേഹത്തിന് വന്‍ ഓഫറുകളുടെ കാലമാണിപ്പോള്‍... നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്നും നിത്യേന വിളികളാണ് സക്കീറിന്.. സാല്‍ഗോക്കറും ചിരാഗ് യുനൈറ്റഡും മോഹവിലകള്‍ പറഞ്ഞിട്ടുണ്ട്. അതിനിടെ കെ.എസ്.ഇ.ബി യില്‍ നിന്നും നിയമന ഉത്തരവും വന്നിരിക്കുന്നു... ചെറിയ പ്രായത്തില്‍ തന്നെ തനിക്ക് നായകപദവി ഉള്‍പ്പെടെ എല്ലാ പിന്തുണയും നല്‍കുന്ന വിവ വിട്ടുപോവാനും മനസ്സ് അനുവദിക്കുന്നില്ല....
ഇന്നലെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ സ്‌പോര്‍ട്‌സ് ചന്ദ്രികയുമായി മനസ്സ് തുറക്കവെ രാജ്യത്തിനായി കളിക്കുകയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്ന നാളുകള്‍ അതിവിദൂരമല്ലെന്ന വിശ്വാസമാണ് സക്കീര്‍ പ്രകടിപ്പിച്ചത്. സാഫ് കപ്പിനും ഏ.എഫ്.സി ചാലഞ്ച് കപ്പിനും ഏഷ്യന്‍ ഗെയിംസിനുമുളള ഇന്ത്യന്‍ അണ്ടര്‍ 23 ടീമിലേക്കുള്ള ക്ഷണവും കാത്തിരിക്കുന്ന അരിക്കോട്ടുകാരനിലെ ഫുട്‌ബോളര്‍ക്ക് ഏത് ഉയരവും കീഴടക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വിവയുടെ പരിശീലകന്‍ ഏ.എം ശ്രീധരനും സംശയമില്ല.
ഐ ലീഗ് ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സുമായിട്ടായിരുന്നു ഐ ലീഗില്‍ ഇത്തവണ വിവയുടെ ആദ്യ മല്‍സരം. രണ്ട് ഗോളിന് പരാജയപ്പെട്ട ആ മല്‍സരത്തിന് ശേഷമാണ് ചര്‍ച്ചില്‍ അലിമാവോയുടെ സംഘം സക്കീറിനെ നോട്ടമിട്ടത്. ഗോവയിലെ വാസ്‌ക്കോയിലുളള തിലക് മൈതാനത്താണ് വിവ കളിച്ചത്. ആ മല്‍സരത്തിന് ശേഷം സാല്‍ഗോക്കറില്‍ നിന്നും ക്ഷണമുണ്ടായി. ചിരാഗ് യുനൈറ്റഡുമായി കോഴിക്കോട്ട് നടന്ന കളിയിലെ കേമന്‍ സക്കീറായിരുന്നു. ചിരാഗുകാര്‍ക്കും സക്കീറിനെ അതിയായി ഇഷ്‌ടപ്പെട്ടു. അവരും ഇപ്പോള്‍ പിറകെയുണ്ട്. വലിയ ഓഫറുകളാണ് രണ്ട് ക്ലബുകളും നല്‍കിയിരിക്കുന്നത്. അതിനിടെയാണ് കെ.എസ്.ഇ.ബി നിയമന ഉത്തരവും നല്‍കിയിരിക്കുന്നത്.
വിവയുടെ എല്ലാമാണ് സക്കീര്‍. ഈ പ്ലേ മേക്കറെ ആശ്രയിച്ചാണ് ടീം മുന്നേറുന്നത് തന്നെ. തിങ്കളാഴ്‌ച്ച ഈസ്‌റ്റ് ബംഗാളിനെതിരെ നടക്കുന്ന മല്‍സരത്തില്‍ സസ്‌പെന്‍ഷന്‍ കാരണം സക്കീറിന് കളിക്കാനാവാത്ത പ്രശ്‌നത്തില്‍ ഇപ്പോള്‍ തന്നെ വേവലാതി പുലര്‍ത്തുന്ന കോച്ച് ശ്രീധരന് തന്റെ നായകനെ വിട്ടുകൊടുക്കാന്‍ തെല്ലും താല്‍പ്പര്യമില്ല. പക്ഷേ വിവയെ പോലുളള ചെറിയ ടീമുകള്‍ നേരിടുന്ന വലിയ പ്രശ്‌നമാണിതെന്ന് ടീം മാനേജ്‌മെന്റ്‌് പറയുന്നു. വിവയിലുടെ വളര്‍ന്ന പല താരങ്ങളും ഇപ്പോള്‍ വന്‍കിട ക്ലബുകളുടെ താരങ്ങളാണ്. സലീലും ലാലുവുമെല്ലാം വിവയില്‍ നിന്നും ചേക്കേറിയിപ്പോള്‍ ഒ.എന്‍.ജി.സിക്കായി കളിക്കുന്നു. ചിരാഗിന്റെ നായകന്‍ ഡെന്‍സണ്‍ ദേവദാസിനെ പോലുളളവരും വിവയുടെ താരങ്ങളായിരുന്നു. രാജ്യത്തിന്റെ നിറമണിയണമെങ്കില്‍ കൊല്‍ക്കത്തയിലെയും ഗോവയിലെയും വലിയ ടീമുകളില്‍ കളിക്കണമെന്ന സത്യം സക്കീര്‍ തിരിച്ചറിയുന്നുണ്ട്. അദ്ദേഹത്തിന് ക്ഷീണമായത് മോഹന്‍ ബഗാനെതിരെ കൊല്‍ക്കത്തയില്‍ നടന്ന മല്‍സരത്തില്‍ കളിക്കാന്‍ കഴിയാത്തതാണ്. പനി മൂലം അന്ന് നാട്ടിലേക്ക് മടങ്ങാന്‍ സക്കീറും ഗോള്‍ക്കീപ്പര്‍ ഷാഹിന്‍ലാലും നിര്‍ബന്ധിതരായി. ബഗാനെതിരെ കളിച്ചിരുന്നെങ്കില്‍ തനിക്ക് ഇന്ത്യന്‍ ക്യാമ്പിലേക്ക് ക്ഷണം ലഭിക്കുമായിരുന്നുവെന്ന് വിശ്വസിക്കുന്ന സക്കീറിന് ഈസ്‌റ്റ് ബംഗാളിനെതിരായ മല്‍സരം നഷ്ടമാവുന്നതില്‍ നിരാശയുണ്ട്. വലിയ മല്‍സരങ്ങള്‍ നിര്‍ഭാഗ്യകരമായി നഷ്ടമാവുമ്പോള്‍ ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ വരാന്‍ കഴിയാത്തത് വലിയ വേദനയാണെന്ന് അദ്ദേഹം പറഞ്ഞു. ചിരാഗിനെതിരായ മല്‍സരത്തില്‍ വെറുതെയാണ് റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയതെന്ന് സക്കീര്‍ പറയുന്നു. അര്‍ഹമായ പെനാല്‍ട്ടി നിഷേധിച്ചപ്പോള്‍ നായകന്‍ എന്ന നിലയില്‍ റഫറിയോട് കാര്യം ചോദിച്ചതിനായിരുന്നു ബുക്കിംഗ്. സ്‌പോര്‍ട്ടിംഗിനെതിരായ മല്‍സരത്തിലും താന്‍ മഞ്ഞകാര്‍ഡ് ലഭിക്കാന്‍ മാത്രമുളള ഫൗള്‍ ചെയ്‌തതായി സക്കീര്‍ കരുതുന്നില്ല.
വിവയുടെ പ്രകടനത്തില്‍ നായകന്‍ സംതൃപ്‌തനാണ്. ആദ്യ മൂന്ന് മല്‍സരങ്ങളില്‍ പരാജയപ്പെട്ടത് നിര്‍ഭാഗ്യം മൂലമാണ്. ഇപ്പോള്‍ ആദ്യ വിജയം ലഭിച്ചിരിക്കുന്നു. ഇനി ടീമിന് മുന്നേറാനാവും. റൂബന്‍ ഫോമിലായിട്ടുണ്ട്. പിന്‍നിരയില്‍ ബെല്ലോ റസാക്കും സംഘവുമുണ്ട്. തായ്‌ലാന്‍ഡുകാരനായ വിസൂതിന്റെ സേവനുമാവുമ്പോള്‍ പേടിക്കാനില്ലെന്ന് പറയുമ്പോഴും ഈസ്‌റ്റ് ബംഗാളിനെതിരായ മല്‍സരം പുറത്തിരുന്ന കാണേണ്ടതിന്റെ വേദനയിലാണ് സക്കീര്‍.
വെടിനിര്‍ത്തി
ലണ്ടന്‍: സുരേഷ് കല്‍മാഡി ഇനി മുതല്‍ ഡീസന്റാണ്....! മൈക് ഹൂപ്പറുമായോ, കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനിലെ ആരുമായോ അദ്ദേഹത്തിന് ഇനി ശത്രുതയില്ല. അടുത്ത വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് മനോഹരമായി നടത്തണമെന്നത് മാത്രമാണ് അദ്ദേഹത്തിന്റെ അഭിലാഷം. അതിനായി പഴയതെല്ലാം മറക്കാന്‍ കല്‍മാഡി തീരുമാനിച്ചിരിക്കുന്നു. തന്റെ തീരുമാനം ഇന്നലെ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്‌തു. എന്താണ് മനം മാറ്റത്തിന് കാരണമെന്ന് ചോദിച്ചപ്പോള്‍ എല്ലാം നല്ലതിന് മാത്രമാണെന്ന മറുപടിയും നല്‍കിയ അദ്ദേഹത്തിന്റെ ലക്ഷ്യത്തില്‍ ഇനി ഗെയിംസ് മാത്രമാണ്. രണ്ടാഴ്‌ച്ച മുമ്പാണ് അദ്ദേഹം ഗെയിംസ് സി.ഇ.ഒ ആയ ഹൂപ്പര്‍ക്കെതിരെ ഉറഞ്ഞുതുള്ളിയത്. ഹൂപ്പറിനെ വെച്ച് ഗെയിംസ് നടത്താനാവില്ലെന്ന് പറയാന്‍ മോശമായ വാക്കുകളാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തലവന്‍ ഉപയോഗിച്ചത്. അതിന് ശേഷം ലളിത് ഭാനോട്ടിനെ ഉപയോഗപ്പെടുത്തി ഹൂപ്പറിനെ അപമാനിക്കാനും ശ്രമമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ബാറ്റണ്‍ കൈമാറ്റ ചടങ്ങിനെത്തിയപ്പോള്‍ കേന്ദ്ര കായികമന്ത്രി എം.എസ് ഗില്ലിന്റെ സാന്നിദ്ധ്യത്തില്‍ കല്‍മാഡിയും ഗെയിംസ് ഫെഡറേഷന്‍ പ്രസിഡണ്ട് മൈക് ഹെന്നിനും മൈക് ഹൂപ്പറും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ യോഗത്തിലാണ് വെടിനിര്‍ത്താന്‍ തീരുമാനിച്ചത്.
സുഖ്‌വീന്ദറിന് പുതിയ ദൗത്യം
മുംബൈ: പതിനേഴ് വര്‍ഷമായി ജെ.സി.ടി മില്‍സ് ഫഗ്‌വാരയുടെ പരിശീലകനായിരുന്ന സുഖ്‌വീന്ദര്‍ സിംഗ് തല്‍ക്കാലം ക്ലബ് വിടുന്നു. അദ്ദേഹത്തിന് പുതിയ ജോലി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് മാറ്റം. സാഫ് കപ്പിനും ഏ.എഫ്.സി ചാലഞ്ച് കപ്പിനും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ അണ്ടര്‍ 23 ടീമിന്റെ പരിശീലകനായി സുഖ്‌വീന്ദറിനെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തതിന് പിറകെയാണ് അദ്ദേഹം ക്ലബ് വിടാന്‍ തീരുമാനിച്ചത്. ദേശീയ സീനിയര്‍ ടീമിന്റെ പരിശീലകനായിരുന്ന സുഖ്‌വിന്ദറിനെ 2005 ലാണ് കാരണമില്ലതെ ഫെഡറേഷന്‍ പുറത്താക്കിയത്. അതിന് ശേഷം ക്ലബുമായി കഴിഞ്ഞ സുഖ്‌വീന്ദറിനെ വീണ്ടും തിരിച്ചുവിളിക്കാന്‍ കാരണം ദേശീയ കോച്ച് ബോബ് ഹൂട്ടന്റെ ശുപാര്‍ശയാണ്. വരാനിരിക്കുന്ന മേജര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ അണ്ടര്‍ 23 ടീമിനെ അയക്കാനാണ് ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ടീമിന്റെ ക്യാമ്പ് അടുത്ത മാസം 11 മുതല്‍ ഗോവയില്‍ ആരംഭിക്കും. മലയാളികളായി മഹീന്ദ്ര യുനൈറ്റഡിന്റെ എന്‍.പി പ്രദീപ്, വിവ കേരളയുടെ സബിത്ത് എന്നിവരാണ് ക്യാമ്പുിലുളളത്. ഇവരില്‍ സബിത്ത് പരുക്കുമായി ചികില്‍സയിലാണ്. അദ്ദേഹത്തിന് ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.
ഇന്ന് ഐ ലീഗ് ഫുട്‌ബോളില്‍ ജെ.സി.ടി മഹീന്ദ്ര യുനൈറ്റഡുമായി കളിക്കുന്നുണ്ട്. ഈ മല്‍സരത്തില്‍ ജെ.സി.ടിക്കൊപ്പം സുഖിയുണ്ടാവും. അതിന് ശേഷം പരിശീലക സ്ഥാനം അദ്ദേഹം പര്‍മീന്ദര്‍ സിംഗിന് കൈമാറും. ജെ.സി.ടി വിടുന്നതില്‍ വലിയ സങ്കടമുണ്ടെന്നും എന്നാല്‍ പുതിയ കരാര്‍ കാലാവധി ഒരു വര്‍ഷമാണെന്നും അതിന് ശേഷം തനിക്ക് ക്ലബിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്നുമാണ് അദ്ദേഹം കരുതുന്നത്.
ലീ മടങ്ങുന്നു
ഡല്‍ഹി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മല്‍സരങ്ങളിലും ഓസീസ് ഫാസ്‌റ്റ് ബൗളര്‍ ബ്രെട്ട് ലീക്ക് കളിക്കാന്‍ കഴിയില്ല. കൈക്കുഴയിലെ പരുക്ക് കാരണം അദ്ദേഹം ഇന്ന് നാട്ടിലേക്ക് മടങ്ങും. വിന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയും ചിലപ്പോള്‍ ലീക്ക് നഷ്ടമാവും. ഇന്ത്യക്കെതിരെ ബറോഡയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ മാത്രമാണ് ലീ കളിച്ചത്.
ഡല്‍ഹി ഷോ
ന്യൂഡല്‍ഹി: ഇന്ന് ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം അങ്കം. പകല്‍ രാത്രി മല്‍സരത്തില്‍ പരുക്കില്‍ വിയര്‍ത്തുനില്‍ക്കുകയാണ് റിക്കി പോണ്ടിംഗിന്റെ സംഘം. ബ്രെട്ട് ലീയും ജെയിംസ് ഹോപ്‌സും ടീം പെയിനെയും മൈക്കല്‍ ക്ലാര്‍ക്കുമൊന്നുമില്ലാതെ വലഞ്ഞിരിക്കുന്ന സംഘത്തിലേക്ക് പുതിയ താരമായി രണ്ട് പേര്‍ വന്നിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ഗ്രഹാം മനോയും മോയിസസ് ഹെന്‍ട്രിക്‌സും. രണ്ട് പേരും ഇന്നലെ ഉച്ചതിരിഞ്ഞാണ് എത്തിയത്. ഇവരില്‍ ഗ്രഹാം ഇന്ന് കളിക്കും. ഏഴ് മല്‍സരങ്ങല്‍ ദീര്‍ഘിക്കുന്ന പരമ്പരയിപ്പോള്‍ 1-1 ലാണ്. ബറോഡയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ നാല് റണ്‍സിന് പരാജയപ്പെട്ട ഇന്ത്യ നാഗ്‌പ്പൂരില്‍ 99 റണ്‍സിന് തിരിച്ചടിച്ചിരുന്നു.
ഇന്ന് ഇന്ത്യന്‍ സംഘത്തില്‍ മാറ്റമില്ലെന്ന് ക്യാപ്‌റ്റന്‍ എം.എസ് ധോണി അറിയിച്ചു. സച്ചിന് റണ്‍സ് കണ്ടെത്താന്‍ കഴിയാത്തത് മാത്രമാണ് ഇന്ത്യന്‍ ക്യാമ്പിനെ അലട്ടുന്നത്. ഓസീസ് ക്യാമ്പില്‍ പ്രശ്‌നങ്ങളുടെ പെരുമഴയാണ്. ഏഴ് പ്രമുഖര്‍ പരുക്കില്‍ കളിക്കുന്നില്ല. ഏറ്റവും ഒടുവില്‍ പരുക്കില്‍ തളര്‍ന്നത് വിക്കറ്റ് കീപ്പറും ഓപ്പണിംഗ് ബാറ്റ്‌സ്‌മാനുമായ ടീം പെയിനെയാണ്. നാഗ്‌പ്പൂര്‍ മല്‍സരത്തിനിടെ പരുക്കേറ്റ പെയിനെ നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് അധികം രാജ്യാന്തര അനുഭവമില്ലാത്ത ഗ്രഹാം എത്തിയിരിക്കുന്നത്. പെയിനെയുടെ ഓപ്പണിംഗ് സ്ഥാനത്ത് ഷോണ്‍ മാര്‍ഷും കളിക്കും. ലെഫ്‌റ്റ് ആം സീമര്‍ മിച്ചല്‍ ജോണ്‍സന്റെ ആരോഗ്യത്തിലും സംശയം നിലനില്‍ക്കെ പോണ്ടിംഗ് ആശങ്കയിലാണ്.
ഇന്നലെ ടീമിന് ലഭിച്ച പ്രാക്ടീസ് പിച്ച് നിലവാരമില്ലാത്തതാണെന്ന് പരാതിപ്പെട്ട പോണ്ടിംഗ് നിരന്തരമായ മല്‍സരങ്ങള്‍ താരങ്ങളെ തളര്‍ത്തുകയാണെന്നും പറഞ്ഞു. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞയുടനാണ് ഇന്ത്യക്കെതിരായ പരമ്പര വന്നിരിക്കുന്നത്. അതിനിടെ ചാമ്പ്യന്‍സ് ലീഗ് 20-20 ചാമ്പ്യന്‍ഷിപ്പും നടന്നു. സുദീര്‍ഘ മല്‍സരങ്ങളില്‍ കളിക്കുമ്പോള്‍ മുഖ്യതാരങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക വലിയ ജോലിയാണെന്ന് പോണ്ടിംഗ് പറഞ്ഞപ്പോള്‍ ധോണി ആഹ്ലാദത്തിലാണ്. നാഗ്‌പ്പൂരില്‍ നേടാനായ സെഞ്ച്വറി മാത്രമല്ല, തന്റെ സംഘത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല എന്നതും നായകന് ആശ്വാസം നല്‍കുന്നു.
ഡല്‍ഹിയിലിപ്പോള്‍ നല്ല തണ്ണുപ്പാണ്. സന്ധ്യയായാല്‍ മഞ്ഞ് വീഴ്‌ച്ചയുമുണ്ടാവും. ഈ സമയത്ത് ബൗളിംഗ് ദുഷ്‌ക്കരമാവുമെന്നിരിക്കെ ടോസ് വലിയ സ്വാധീനം ചെലുത്തും. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 250 റണ്‍സിലപ്പുറം നേടാനായാല്‍ വിജയിക്കാനാവുമെന്നാണ് മുന്‍ ക്രിക്കറ്റര്‍ അജയ് ജഡേജ വിലയിരുത്തുന്നത്. മല്‍സരം ഉച്ചതിരിഞ്ഞ് 2-30 മുതല്‍ ദൂരദര്‍ശനിലും നിയോ സ്‌പോര്‍ട്‌സിലും.
സൂപ്പര്‍ മല്‍സരം
ലണ്ടന്‍: ഫിഫ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരത്തിന് ഇത്തവണ സൂപ്പര്‍ പോരാട്ടം. കൃസ്‌റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസി, ജോണ്‍ ടെറി, സ്‌റ്റീവന്‍ ജെറാര്‍ഡ്, വെയിന്‍ റൂണി, ഫ്രാങ്ക് ലംപാര്‍ഡ്, ആന്‍ഡ്രിയാസ് ഇനിയസ്‌റ്റ, സാവി, ഫെര്‍ണാണ്ടോ ടോറസ്, മൈക്കല്‍ ബലാക്, ജിയാന്‍ ലുക്ക ബഫണ്‍, ഇകാര്‍ കാസിയാസ്, ഡിയാഗോ, ദിദിയര്‍ ദ്രോഗ്‌ബെ, മൈക്കല്‍ എസീന്‍, സാമുവല്‍ ഇറ്റോ, തിയറി ഹെന്‍ട്രി, സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്, കക്ക, ലൂയിസ് ഫാബിയാനോ, കാര്‍ലോസ് പുയോള്‍, ഫ്രാങ്ക് റിബറി, ഡേവിഡ് വിയ എന്നിവര്‍ക്കാണ് നോമിനേഷന്‍. വിജയി ആരാണെന്ന് ഡിസംബര്‍ 21 ന് രാത്രി അറിയാം.
പ്രീമിയര്‍ ലീഗില്‍ ഇന്ന്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് ഒമ്പത് മല്‍സരങ്ങള്‍. അവ ഇപ്രകാരം: ആഴ്‌സനല്‍-ടോട്ടന്‍ഹാം, ബോള്‍ട്ടണ്‍-ചെല്‍സി, ബര്‍ണ്‍ലി-ഹള്‍, എവര്‍ട്ടണ്‍-ആസ്‌റ്റണ്‍വില്ല, ഫുള്‍ഹാം -ലിവര്‍പൂള്‍, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്-ബ്ലാക്‌ബേര്‍ണ്‍, പോര്‍ട്‌സ്‌മൗത്ത്-വിഗാന്‍, സ്‌റ്റോക്ക് സിറ്റി-വോള്‍വര്‍ ഹാംടണ്‍, സുതര്‍ലാന്‍ഡ്-വെസ്‌റ്റ് ഹാം.
സ്‌പാനിഷ് ലീഗില്‍ ഇന്ന്: അത്‌ലറ്റികോ ബില്‍ബാവോ-അത്‌ലറ്റികോ മാഡ്രിഡ്, ഒസാസുന-ബാര്‍സിലോണ, റയല്‍ മാഡ്രിഡ്-ഗറ്റാഫെ, സിറെക്‌സ്-സെവിയെ.
ഇറ്റാലിയന്‍ ലീഗ്: ഏ.സി മിലാന്‍-പാര്‍മ, യുവന്തസ്-നാപ്പോളി.
റൈഡര്‍ ഈസ്‌റ്റ് ബംഗാള്‍ കോച്ച്
കൊല്‍ക്കത്ത: ഈസ്‌റ്റ് ബംഗാളിന്റെ ശനിദശ അകറ്റാന്‍ ബെല്‍ജിയത്തില്‍ നിന്നും പുതിയ കോച്ച്-ഫിലിപ്പ് റൈഡര്‍. സുഭാഷ് ഭൗമിക്കിന് പകരം വരുന്ന റൈഡറും ടീമിന്റെ നെടും തൂണായ ഇന്ത്യന്‍ നായകന്‍ ബൈജൂംഗ് ബൂട്ടിയയും തമ്മില്‍ നല്ല ബന്ധമാണ്. രണ്ട് പേരും 2005-06 സീസണില്‍ ഒരുമിച്ചിരുന്നു. ഐ ലീഗ് ഫുട്‌ബോളില്‍ വിവ കേരളയെ നേരിടാന്‍ ഈസ്‌റ്റ് ബംഗാള്‍ ടീം ഇന്ന് കോഴിക്കോട്ടെത്തും. റൈഡറും ബൂട്ടിയയും ടീമിനൊപ്പമുണ്ടാവും.
Subscribe to:
Post Comments (Atom)
No comments:
Post a Comment