Monday, October 12, 2009

DIAGO PROBLEM


യാനം
കാരന്തുര്‍ മര്‍ക്കസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ സയന്‍സ്‌ അധ്യാപകന്‍ നിയാസ്‌ ചോല രചനയും സംവിധാനവും നിര്‍വഹിച്ച ചന്ദ്രയാന്‍ പഠനപ്പാട്ടുകളുടെ സീ.ഡി പ്രകാശനം ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ കമാല്‍ വരദൂരിന്‌ നല്‍കി നിര്‍വഹിക്കുന്നു. സമീപം നിയാസ്‌ ചോല, മേഖലാ ശാസ്‌ത്ര കേന്ദ്രം ഡയരക്ടര്‍ വി.എസ്‌ രാമചന്ദ്രന്‍, പ്രൊഫസര്‍ ഏ.കെ അബ്ദുള്‍ ഹമീദ്‌.

തേര്‍ഡ്‌ ഐ-കമാല്‍ വരദൂര്‍
ആക്രമിക്കാന്‍ ലൈസന്‍സ്‌ നല്‍കുക
റിവര്‍പ്ലേറ്റ്‌ സ്റ്റേഡിയത്തിലെ അര്‍ജന്റീനയുടെ പ്രകടനം ഒരു കാര്യം ഉറപ്പ്‌ നല്‍കുന്നു-അവര്‍ അതിസമ്മര്‍ദ്ദത്തിന്റെ നിലയില്ലാകയത്തിലാണ്‌. നാളെ മോണ്ടിവീഡിയോയില്‍ വെച്ച്‌ ഉറുഗ്വേയുമായി കളിക്കുമ്പോള്‍ ഇതേ ടെന്‍ഷന്‍ പ്രകടിപ്പിച്ചാല്‍ തോല്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഡിയാഗോ മറഡോണയെന്ന അനുഭവ സമ്പന്നനും യൂറോപ്യന്‍ ലീഗില്‍ വലിയ മല്‍സരങ്ങള്‍ മാത്രം കളിക്കുന്ന ലയണല്‍ മെസിയെ പോലുള്ള സൂപ്പര്‍ താരങ്ങളും എന്തിനാണിങ്ങനെ ടെന്‍ഷനടിക്കുന്നത്‌...? പ്രൊഫഷണല്‍ പരിശീലകരും താരങ്ങളും സമ്മര്‍ദ്ദത്തിന്റെ നെഞ്ചിടിപ്പിലാണ്‌ ഓരോ മല്‍സരങ്ങളും കളിക്കുന്നത്‌. വലിയ മല്‍സരങ്ങളില്‍ കളിക്കുമ്പോള്‍ പക്വതയാണ്‌ പ്രധാന ആയുധം. പക്ഷേ ഇതൊന്നും അര്‍ജന്റീനയില്‍ കാണുന്നില്ല. പെറുവിനെ പോലെ തീര്‍ത്തും ദുര്‍ബലരായ ഒരു ടീമിനെതിരെ എന്ത്‌ മാത്രം വിയര്‍ത്താണ്‌ അര്‍ജന്റീന കളിച്ചത്‌...! ഒടുവില്‍ ഭാഗ്യത്തിന്റെ അകമ്പടിയില്‍ മാത്രമാണ്‌ ജയിച്ചത്‌. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പിലെ പത്ത്‌ ടീമുകളില്‍ ഏറ്റവും ദുര്‍ബലരാണ്‌ പെറു. അവരുടെ എവേ മല്‍സരങ്ങളുടെ റെക്കോര്‍ഡ്‌ പരിശോധിച്ചാലറിയാം ദയനീയതയുടെ ആഴം. അവര്‍ ഈ സീസണില്‍ കളിച്ച എട്ട്‌ ഏവേ മല്‍സരങ്ങളിലും തോറ്റവരാണ്‌. ഈ കളികളില്‍ നിന്നായി 24 ഗോളുകള്‍ വാങ്ങിയപ്പോള്‍ അടിച്ചത്‌ രണ്ടേ രണ്ട്‌ ഗോളുകളാണ്‌. ആ രണ്ട്‌ ഗോളില്‍ ഒന്ന്‌ അര്‍ജന്റീനക്കെതിരെയും.....
സ്വന്തം മൈതാനത്താണ്‌ അര്‍ജന്റീന കളിച്ചത്‌. സാഹചര്യങ്ങളെല്ലാം അവര്‍ക്ക്‌ നൂറ്‌ ശതമാനം അനുകൂലമായിരുന്നു. നിറയെ കാണികള്‍, ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്ക്‌ നടുവില്‍ പരിചിതമായ മൈതാനവും കാലാവസ്ഥയും. രണ്ടാം പകുതിയില്‍ കനത്ത്‌ പെയ്‌ത മഴ പോലും അര്‍ജന്റീനക്ക്‌ പരിചയമുള്ളതായിരുന്നു. പക്ഷേ ഈ ആനുകൂല്യങ്ങളിലും ടീം പതറി. ഇവിടെയാണ്‌ നാളെ നടക്കുന്ന മല്‍സരത്തിന്റെ പ്രാധാന്യം. നാളെയും കാര്യങ്ങള്‍ അര്‍ജന്റീനക്കാണ്‌ അനുകൂലം. തോല്‍ക്കാതിരുന്നാല്‍ അവര്‍ക്ക്‌ ഒന്നുങ്കില്‍ നേരിട്ട്‌ യോഗ്യത നേടാം, അല്ലെങ്കില്‍ തീര്‍ച്ചയായും പ്ലേ ഓഫ്‌. പെറുവിനെതിരായ മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ എത്ര കിണഞ്ഞ്‌ പരിശ്രമിച്ചിട്ടും ഒരു ഗോള്‍ സ്വന്തമാക്കാന്‍ കഴിയാത്ത അര്‍ജന്റീന രണ്ടാം പകുതിയില്‍ ഒരു ഗോള്‍ നേടി. ഈ ഗോളിന്‌ ശേഷം അവരുടെ താരങ്ങള്‍ കാണിച്ച പരിഭാന്ത്രിയിലാണ്‌ പെറു സമനില ഗോള്‍ നേടിയത്‌. ഇഞ്ച്വറി ടൈമില്‍ മാര്‍ട്ടിന്‍ പലെര്‍മോയുടെ ഭാഗ്യ ഗോള്‍ പിറന്നില്ലായിരുന്നെങ്കില്‍ എന്താവുമായിരിക്കും തങ്ങളുടെ അവസ്ഥ എന്ന ടെന്‍ഷനിലാണ്‌ മെസി പോലും കളിച്ചത്‌. പലെര്‍മോയുടെ ഗോളില്‍ മറഡോണ നടത്തിയ ഗ്രൗണ്ട്‌ സ്‌ക്കേറ്റിംഗ്‌ കണ്ടില്ലേ-അതിലുണ്ട്‌ അവരുടെ ആഹ്ലാദത്തിന്റെ നില. പലെര്‍മോയാണ്‌ വിജയഗോള്‍ നേടിയത്‌ എന്നത്‌ സത്യം. ആ ഗോള്‍ നേടിയിരുന്നില്ലെങ്കില്‍ ഈ മുപ്പത്തിനാലുകാരന്‍ വില്ലനാവുമായിരുന്നു. കാരണം മറഡോണയുടെ താല്‍പ്പര്യത്തില്‍ മാത്രമാണ്‌ അദ്ദേഹം ടീമിലെത്തിയത്‌. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ പലെര്‍മോ കളിച്ചിരുന്നു. ഗോള്‍ നേടാന്‍ കഴിയാത്ത ഓരോ നിമിഷത്തിലും സമ്മര്‍ദ്ദമായിരുന്നു. ഒടുവില്‍ പലെര്‍മോ മറഡോണയുടെ ഭാഷയില്‍ വിശുദ്ധനായി.....
92 മിനുട്ട്‌ ദീര്‍ഘിച്ച മല്‍സരത്തില്‍ അര്‍ജന്റീന മാത്രമായിരുന്നു മൈതാനത്ത്‌. 67 ഗോള്‍ നീക്കങ്ങള്‍ അവര്‍ നടത്തി. പിറന്നാതവട്ടെ രണ്ട്‌ ഗോളുകള്‍. ഇവിടെയാണ്‌ മെസിയെ പോലെ അനുഭവസമ്പന്നരായ താരങ്ങളിലെ സമ്മര്‍ദ്ദം മനസ്സിലാക്കേണ്ടത്‌. സ്‌പാനിഷ്‌ ലീഗില്‍ ബാര്‍സിലോണക്കായി ഗോളുകള്‍ അടിച്ചുക്കൂട്ടുന്ന താരമാണ്‌ മെസി. പക്ഷേ ദേശീയ ടീമിനായി അദ്ദേഹത്തിന്‌ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ബാര്‍സക്ക്‌ കളിക്കുമ്പോള്‍ സമ്മര്‍ദ്ദം പങ്കിടാന്‍ സൂപ്പര്‍ താരങ്ങള്‍ നിരവധിയുണ്ട്‌. ഇവിടെ എല്ലാം തന്റെ ചുമലില്‍ വരുമെന്ന മാനസികഭാരത്തില്‍ മെസിക്ക്‌ പന്തിനെ വലയിലെത്തിക്കാന്‍ കഴിയുന്നില്ല. സമ്മര്‍ദ്ദത്തിലാണ്‌ മറഡോണയെന്നതിന്‌ അദ്ദേഹത്തിന്റെ ഒരു നീക്കം മാത്രം ഉദാഹരിച്ചാല്‍ മതി-ഒരു ഗോള്‍ ലീഡ്‌ നേടിയ ശേഷം അദ്ദേഹം മുന്‍നിരയില്‍ നിന്നും ഹിഗ്വിനെ പിന്‍വലിച്ചു. പകരം ഡി മെഷില്‍സിനെ വലത്‌ ബാക്കായി രംഗത്തിറക്കി പ്രതിരോധത്തിലൂന്നി. ഈ നീക്കമാണ്‌ പെറുവിന്‌ ഉണര്‍വ്‌ നല്‍കിയത്‌. നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന സത്യത്തില്‍ നിന്നും അവര്‍ തകര്‍ത്തുകളിച്ചു. ഒന്നാം പകുതിയില്‍ ഗോള്‍ പിറക്കാതിരുന്നത്‌ മറഡോണയെ ക്ഷുഭിതനാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇടവേളയിലെ വാക്കുകള്‍ താരങ്ങളുടെ സമ്മര്‍ദ്ദം ഇരട്ടിപ്പിച്ചു.
അര്‍ജന്റീനയില്‍ നിന്നും തീര്‍ത്തും വിത്യസ്‌തമായ പ്രകടനമാണ്‌ ഇക്വഡോറിനെതിര ഉറുഗ്വേ നടത്തിയത്‌. എവേ മല്‍സരത്തിന്റെ തുടക്കത്തില്‍ ഇവര്‍ ഒരു ഗോളിന്‌ പിറകിലായിരുന്നു. പക്ഷേ അത്‌ കാര്യമാക്കാതെ, സമ്മര്‍ദ്ദത്തിന്റെ പുതിപ്പിനുള്ളില്‍ അകപ്പെടാതെ ആക്രമണ സോക്കറുമായി അവര്‍ മുന്നേറി, രണ്ട്‌ ഗോളും വിജയവും നേടി. ഉറുഗ്വേ മുന്‍നിരയില്‍ അപകടകാരികളായ രണ്ട്‌്‌ പേരുണ്ട്‌-ഫോര്‍ലാനും സോറസും. റിസര്‍വ്‌ ബെഞ്ചില്‍ കവാനി, അബ്രു തുടങ്ങിയവരും. ഇത്‌ വരെയുളള കണക്കുകള്‍ പരിശോധിച്ചാല്‍ ലാറ്റിനമേരിക്കയിലെ പത്ത്‌ ടീമുകളില്‍ സ്വന്തം മൈതാനത്ത്‌ ഏറ്റവുമധികം ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തവര്‍ ഉറുഗ്വേക്കാരാണ്‌. ഈ ഘടകം മാത്രം മതി അര്‍ജന്റീനിയന്‍ സമ്മര്‍ദ്ദം ഇരട്ടിപ്പിക്കാന്‍.
ഒരു സമനില അത്‌ തന്നെ അര്‍ജന്റീനക്ക്‌ ധാരാളമാണ്‌-പക്ഷേ ഇക്വഡോര്‍ ചിലിക്കെതിരെ അഞ്ച്‌ ഗോളിന്റെ വിജയം നേടരുത്‌. അര്‍ജന്റീന തോല്‍ക്കുകയും ഇക്വഡോര്‍ ചിലിയെ തോല്‍പ്പിക്കുകയും ചെയ്‌താല്‍ കാര്യങ്ങള്‍ അപകടത്തിലാവും.
നാളെ മോണ്ടിവിഡീയോയിലെ കാലാവസ്ഥ പ്രവചനം മറഡോണക്ക്‌ സ്‌ക്കേറ്റിംഗ്‌ അനുവദിക്കില്ല. ചെറിയ മഴക്ക്‌ മാത്രമാണ്‌ സാധ്യത. അതിരുവിട്ട്‌ ആഹ്ലാദിക്കണമെങ്കില്‍ ഡീഗോ ടെന്‍ഷനെ പോക്കറ്റിലിടണം. ആക്രമിക്കാന്‍ സ്വന്തം താരങ്ങള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കണം. അവിടെ വിജയമുണ്ട്‌-ലോകകപ്പ്‌ ബെര്‍ത്തും.

മുസ്ലിം മുഖമല്ല, പൊതുമുഖം
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മുസ്സിം മുഖമല്ല താനെന്ന്‌ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ എം.പി. കോണ്‍ഗ്രസ്സ്‌ വലിയ പ്രസ്ഥാനമാണ്‌. ആ വലിയ കുടുംബത്തിലെ ജനകീയ മുഖമാണ്‌ താന്‍. മൊറാദാബാദില്‍ പാര്‍ട്ടി തന്നെ അവതരിപ്പിച്ചത്‌ മുസ്ലിം എന്ന പരിഗണനയില്ലല്ല-ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തി എന്ന രീതിയിലാണ്‌. എന്‍.ഡി.ടി.വിയുടെ യുവര്‍ കോള്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കവെയാണ്‌ ഇന്ത്യന്‍ ക്രിക്കറ്റിലെ മാന്ത്രികതാരം രാഷ്ട്രിയ ഉത്തരങ്ങളുമായി മനസ്സ്‌ തുറന്നത്‌. ടെലിവിഷന്‍ പ്രേക്ഷകരും അസ്‌ഹറിന്റെ ഭാര്യ സംഗീതാ ബിജലാനിയും അടുത്ത സുഹൃത്ത്‌ ഹര്‍ഷ ഭോഗ്‌ലെയും മകന്‍ അബ്ബാസുമെല്ലാം ചോദ്യങ്ങളുമായി പ്രത്യക്ഷപ്പെട്ട ഒരു മണിക്കൂര്‍ മുഖാമുഖം കൃത്യമായ ഉത്തരങ്ങളില്‍ സമ്പന്നമായിരുന്നു.
ക്രിക്കറ്റ്‌ ക്യാപ്‌റ്റനായ അസ്‌ഹറില്‍ നിന്നും രാഷ്ട്രീയക്കാരനായ അസ്‌ഹറിലേക്കുളള മാറ്റത്തില്‍ സ്വീകാര്യമായ ജോലി എന്തെന്നായിരുന്നു സംഗീതക്ക്‌ അറിയാനുണ്ടായിരുന്നത്‌. ക്രിക്കറ്റില്‍ തന്നെ തെരഞ്ഞെടുക്കുന്നത്‌ കേവലം അഞ്ച്‌ പേരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണെങ്കില്‍ മൊറാദാബാദിലെ മൂന്ന്‌ ലക്ഷത്തോളം വരുന്ന പൊതുജനങ്ങളാണ്‌ തന്നെ പാര്‍ലമെന്റംഗമാക്കിയതെന്നും അതിനാല്‍ രാഷ്ട്രീയ വിജയം തന്നെയാണ്‌ പ്രധാനമെന്നുമായിരുന്നു ഭാര്യയോട്‌ അസ്‌ഹറിന്റെ മറുപടി. അസ്‌ഹര്‍ എന്ന വ്യക്തിയിലെ ഗുണങ്ങളാണ്‌ തന്നെ അദ്ദേഹത്തിലേക്ക്‌ ആകര്‍ഷിച്ചതെന്നും നല്ല ഭര്‍ത്താവാണ്‌ അദ്ദേഹമെന്നും സംഗീത പറഞ്ഞപ്പോള്‍ രാഷ്ട്രീയ ജീവിതത്തിലും കുടുംബ ജീവിതത്തിലും സംഗീത നല്‍കുന്ന പിന്തുണക്ക്‌ നന്ദി പറഞ്ഞ അസ്‌ഹര്‍ തന്റെ വ്യക്തി ജീവിതത്തിന്‌ നേരെ പലരും കല്ലെറിഞ്ഞത്‌ അവരുടെ ലാഭത്തിന്‌ വേണ്ടിയാണെന്നും പറഞ്ഞു. ആദ്യ ഭാര്യയില്‍ നിന്നും സംഗീതയിലേക്കുളള മാറ്റത്തില്‍ ചിലര്‍ പറഞ്ഞ കഥകള്‍ ശുദ്ധ അസംബന്ധമായിരുന്നുവെന്നും അസ്‌ഹര്‍ പറഞ്ഞു.
അരങ്ങേറ്റത്തില്‍ തന്നെ മൂന്ന്‌ ടെസ്റ്റ്‌ സെഞ്ച്വറികളുമായി ലോക റെക്കോര്‍ഡ്‌ കുറിച്ച്‌ പപ്പയോട്‌ മകന്‍ അബാസിന്റെ ചോദ്യവും രസകരമായിരുന്നു. ആദ്യ മൂന്ന്‌ സെഞ്ച്വറികളില്‍ ഏറ്റവും പ്രിയപ്പെട്ടത്‌ ഏതെന്ന ചോദ്യമായിരുന്നു അബാസ്‌ ഉന്നയിച്ചത്‌. കന്നി ടെസ്‌റ്റിലെ കന്നി സെഞ്ച്വറി തന്നെയായിരുന്നു ഏറ്റവും പ്രിയപ്പെട്ടതെന്ന്‌ പറഞ്ഞ അസ്‌ഹര്‍ മകനോട്‌ അതിന്റെ കാരണവും വിശദീകരിച്ചു. ആദ്യ ടെസ്‌റ്റ്‌ കളിക്കുന്നതിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ആ സമ്മര്‍ദ്ദത്തില്‍ 347 പന്തുകള്‍ നേരിട്ടാണ്‌ സെഞ്ച്വറിയിലെത്തിയത്‌. അത്‌ കൊണ്ട്‌ തന്നെ കന്നി ടെസ്റ്റും കന്നി സെഞ്ച്വറിയും ഒരിക്കലും മറക്കാനാവില്ല.
അസ്‌ഹറിന്റെ കൂട്ടുകാരനും ക്രിക്കറ്റ്‌ കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്‌ലെ പണ്ട്‌ കോളജ്‌ കാലത്ത്‌ ക്രിക്കറ്റ്‌ കളിച്ചു നടന്നിരുന്ന കാലത്തെയാണ്‌ അനുസ്‌മരിച്ചത്‌. പരസ്‌പരം കളിച്ചതും, തട്ടുകടയില്‍ ചായ കുടിച്ചതും, വഴക്കടിച്ചതുമെല്ലാം ഓര്‍മ്മയുളള അസ്‌ഹറിലെ രാഷ്ട്രീയക്കാരന്‌ സെഞ്ച്വറിയടിക്കാനാവുമോ എന്നതായിരുന്നു ഭോഗ്‌ലെയുടെ ചോദ്യം. തന്റെ ജീവചരിത്രകാരനായ ഭോഗ്‌ലെയുടെ പുതിയ ഹെയര്‍ സ്റ്റൈലിനെ അഭിനന്ദിച്ച്‌ തുടങ്ങിയ അസ്‌ഹര്‍ വന്ന വഴികള്‍ മറക്കാനാവില്ലെന്നും രാഷ്ട്രീയത്തില്‍ ജനങ്ങളെ സേവിച്ച്‌ സെഞ്ച്വറി നേടാന്‍ തനിക്കാവുമെന്നും പറഞ്ഞു. ക്രിക്കറ്റില്‍ പന്തയവിവാദത്തില്‍ അകപ്പെട്ട അസ്‌ഹറിന്‌ രാഷ്‌ട്രിയത്തിലെ കളങ്കരഹിതനായി നില്‍ക്കാനാവുമോ എന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിന്‌ ക്രിക്കറ്റില്‍ ഒരു കളങ്കവും തനിക്കുണ്ടായിട്ടില്ലെന്നാണ്‌ പറഞ്ഞത്‌. പന്തയവിവാദത്തില്‍ തനിക്കൊരു പങ്കുമില്ലെന്ന്‌ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്‌തു. മകന്‍ അബാസ്‌ ഇപ്പോള്‍ ൈഹദരാബാദ്‌ രഞ്‌ജി ടീം അംഗമാണ്‌. മകന്‌ തന്റെ ശൈലി കിട്ടിയില്ലെന്നും അവന്‍ ക്രിസ്‌ ഗെയില്‍ ശൈലിക്കാരനാണെന്നും പറഞ്ഞ പിതാവ്‌ ഒരു കാര്യം തുറന്നടിച്ചു-തന്റെ കൈക്കുഴ മാജിക്‌ യാദൃശ്ചികമായിരുന്നെന്ന്‌. ആദ്യ ടെസ്റ്റില്‍ കളിച്ചപ്പോള്‍ കൈക്കുഴയുടെ കരുത്തില്‍ ചില നല്ല ഷോട്ടുകള്‍ പായിക്കാനായി. അപ്പോഴാണ്‌ മനസ്സിലായത്‌ ഈ ഷോട്ടുകള്‍ എളുപ്പത്തില്‍ കളിക്കാമെന്ന്‌. അങ്ങനെയാണ്‌ താനൊരു റിസ്റ്റി ബാറ്റ്‌സ്‌മാനായത്‌. ഇന്ത്യന്‍ ടീമിന്റെ നായകനായതും യാദൃശ്ചികമായിട്ടായിരുന്നു. ദക്ഷിണ മേഖലയുടെ നായകനായി നില്‍ക്കുമ്പോള്‍ ഒരു ദിവസം രാജ്‌സിംഗ്‌ ദുംഗാര്‍പ്പൂര്‍ (അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍) അരികില്‍ വന്ന്‌ നായകനാവുമോ എന്ന്‌ ചോദിച്ചു. മിയാ ബനേഗാ ക്യാപ്‌റ്റന്‍-എന്ന്‌ നിങ്ങളെല്ലാം പറയുന്നത്‌ പോലെയുളള ചോദ്യം. ഞാനിപ്പോള്‍ ക്യാപ്‌റ്റനാണ്‌ എന്ന്‌ മറുപടി നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു-ഇന്ത്യന്‍ ടീമിന്റെ നായകനാവണം. ആദ്യം ആശ്ചര്യം തോന്നി-പിന്നെ സന്തോഷവും-സ്വതസിദ്ധമായ ശൈലിയില്‍ അസ്‌ഹര്‍ പറഞ്ഞു.

വിവക്ക്‌ വീണ്ടും തോല്‍വി
കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളക്ക്‌ തുടര്‍ച്ചയായ രണ്ടാം തോല്‍വി. ആദ്യ മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട്‌ രണ്ട്‌ ഗോളിന്‌ പരാജയപ്പെട്ട കേരളാ ടീം ഇന്നലെ സാള്‍ട്ട്‌ലെക്ക്‌ സ്റ്റേഡിയത്തില്‍ അതേ മാര്‍ജിനില്‍ മുന്‍ ചാമ്പ്യന്മാരായ മോഹന്‍ ബഗാനോട്‌ പരാജയപ്പെട്ടു. ഗോള്‍ രഹിതമായ ഒന്നാം പകുതിക്ക്‌ ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്‌നേഹാഷിഷ്‌ ചക്രവര്‍ത്തി ബഗാന്റെ ആദ്യ ഗോള്‍ നേടി. വിവ ഡിഫന്‍സിന്റെ പിഴവിലായിരുന്നു സ്‌നേഹാഷിഷിന്റെ ഗോള്‍. ഇഞ്ച്വറി ടൈമില്‍ മനീഷ്‌ മതാനി രണ്ടാം ഗോളും നേടി. ഇരു പകുതികളിലായി മികച്ച പ്രകടനം നടത്തിയ സ്‌നേഹാഷിഷാണ്‌ കളിയിലെ കേമന്‍.
സാള്‍ട്ട്‌ലെക്കില്‍ കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളിലും പരാജയം രുചിച്ചവരായിരുന്നു ബഗാന്‍. ചിരാഗ്‌ യുനൈറ്റഡിന്‌ മുന്നില്‍ തകര്‍ന്ന ബഗാന്‌ സീനിയര്‍ താരങ്ങളുടെ സേവനം ഇന്നലെയും കാര്യമായുണ്ടായിരുന്നില്ല. പക്ഷേ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ വിവക്കായില്ല. പിന്‍നിരയില്‍ സുര്‍കുമാര്‍ സിംഗും രാകേഷ്‌ മാസിയും സംഗ്രാം മാന്‍ഡിയും ഉറച്ച്‌ നിന്ന്‌ പൊരുതിയപ്പോള്‍ വിവയുടെ മുന്‍നിരക്കാര്‍ക്ക്‌ തുളച്ചു കയറാന്‍ കഴിഞ്ഞില്ല. ബഗാന്‍ മുന്‍നിരയില്‍ സ്‌നേഹാഷിഷും ചിദി എദ്ദെയും തമ്മിലുളള ധാരണയില്‍ പലപ്പോഴും വിവ ഗോള്‍ വലയം ഭാഗ്യത്തിനാണ്‌ രക്ഷപ്പെട്ടത്‌.

മക്‌ഗ്രാത്ത്‌ വീണ്ടും
ഡല്‍ഹി: എട്ട്‌ മാസമായി ക്രിക്കറ്റും ഗ്ലെന്‍ മക്‌ഗ്രാത്തും തമ്മില്‍ ഒരു ബന്ധവുമുണ്ടായിരുന്നില്ല. പന്ത്‌ തന്നെ തൊട്ടിരുന്നില്ല എന്നത്‌ സത്യം. പക്ഷേ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ മാനേജര്‍ അടിയന്തിരമായി ഡല്‍ഹിയില്‍ ചാമ്പ്യന്‍സ്‌ ലീഗിനായി എത്തണമെന്ന്‌ പറഞ്ഞപ്പോള്‍ മക്‌ഗ്രാത്ത്‌ തന്നെ ഞെട്ടി. ഡാനിയല്‍ വെട്ടോരിക്ക്‌ പരുക്ക്‌ കാരണം വരാന്‍ കഴിയാതെ വന്നപ്പോഴാണ്‌ ഡെവിള്‍സ്‌ തങ്ങളുടെ വിദേശ താരമായി മക്‌ഗ്രാത്തിനെ തെരഞ്ഞെടുത്തത്‌. മക്‌ഗ്രാത്ത്‌ ഫിറോസ്‌ ഷാ കോട്‌ലയില്‍ എത്തിയതിന്‌ ശേഷമാണ്‌ പരിശീലനം നടത്തിയത്‌. ഡെവിള്‍സിന്റെ ആദ്യ മല്‍സര തോല്‍വിയില്‍ അദ്ദേഹം പങ്കാളിയായിരുന്നില്ല. ഞായറാഴ്‌ച്ച വയംബക്കെതിരായ മല്‍സരത്തില്‍ കളിച്ച മക്‌ഗ്രാത്ത്‌ അനുഭവസമ്പത്തിന്റെ കരുത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ്‌ നടത്തിയത്‌. ലൈനും ലെംഗ്‌ത്തുമുള്ള പന്തുകള്‍. കൃത്യമായ സ്ഥലങ്ങളില്‍ പന്ത്‌ പിച്ച്‌ ചെയ്യിപ്പിച്ച്‌്‌ അദ്ദേഹം ബാറ്റ്‌സ്‌മാന്മാരെ വരിഞ്ഞുമുറുക്കി ഏവരെയും ആശ്ചര്യപ്പെടുത്തി. നാല്‌ ഓവറില്‍ 20 റണ്‍സ്‌ മാത്രം വഴങ്ങി രണ്ട്‌ വിക്കറ്റുകളാണ്‌ അദ്ദേഹം വീഴ്‌ത്തിയത്‌. മല്‍സരത്തിന്‌ ശേഷം സംസാരിക്കവെ തനിക്ക്‌ തന്നെ ഈ പ്രകടനത്തില്‍ അല്‍ഭുതമുണ്ടെന്നാണ്‌ 39-കാരന്‍ പറഞ്ഞത്‌. 50 റണ്‍സിന്‌ വിജയിച്ച ഡെവിള്‍സ്‌ സൂപ്പര്‍ എട്ട്‌ ഏകദേശം ഉറപ്പാക്കിയിട്ടുണ്ട്‌. ഇന്ന്‌ നടക്കുന്ന വിക്ടോറിയ-വയംബ മല്‍സരത്തില്‍ കാര്യമായ അട്ടിമറി നടക്കാത്തപക്ഷം സേവാഗും സംഘവും അടുത്ത റൗണ്ടിലെത്തും.
സമയം വില്ലന്‍
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത വര്‍ഷത്തെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രണ്ടംഗ സ്വതന്ത്ര പാനലിനെ നിയോഗിക്കാന്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ തീരുമാനിച്ചു. ഡല്‍ഹിയിലെ ഒരുക്കങ്ങള്‍ കഴിഞ്ഞ നാല്‌ ദിവസങ്ങളിലായി വിലയിരുത്തിയ മൈക്കല്‍ ഫെന്നലിന്റെ നേതൃത്ത്വത്തിലുളള സംഘത്തിന്‌ കാര്യങ്ങളില്‍ സംതൃപ്‌തിയില്ല. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌ ഉള്‍പ്പെടെയുളള പ്രമുഖരെ കണ്ടതിന്‌ ശേഷം ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ സമയമാണ്‌ ഡല്‍ഹിക്ക്‌ മുന്നിലെ വില്ലനെന്നും എന്നാല്‍ ഒത്തുപിടിച്ചാല്‍ എല്ലാം സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട്‌ വര്‍ഷം മുമ്പ്‌ സംഘാടകരോട്‌ പറഞ്ഞത്‌ സമയത്തെക്കുറിച്ച്‌ ബോധമുണ്ടാവണമെന്നാണ്‌. ഇപ്പോള്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോള്‍ സമയമാണ്‌ പ്രധാന ശത്രുവെന്ന്‌ ഫെന്നല്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ടും സംഘാടക സമിതി തലവനുമായ സുരേഷ്‌ കല്‍മാഡി എല്ലാ ഒരുക്കങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന്‌ പതിവ്‌ പോലെ വ്യക്തമാക്കി.
വീണ്ടും നാണക്കേട്‌
ന്യൂഡല്‍ഹി: വെയ്‌റ്റ്‌ലിഫ്‌ടിംഗില്‍ ഇന്ത്യക്ക്‌ വീണ്ടും നാണക്കേട്‌. ഇന്ത്യയുടെ രണ്ട്‌ വനിതാ ഭാരോദ്വഹകര്‍ ഉത്തേകമടിക്ക്‌ പിടിയിലായി. ശൈലജ (75 കി.ഗ്രാം), വിക്കി (56 കി.ഗ്രാം) എന്നിവരെയാണ്‌ ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയും ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡയും പിടികൂടിയത്‌. രണ്ട്‌ പേരും ഇത്‌ രണ്ടാം തവണയാണ്‌ മരുന്നടിക്ക്‌ പിടിക്കപ്പെടുന്നത്‌. ആജീവനാന്ത വിലക്കും ഇവര്‍ക്ക്‌ ഉറപ്പാണ്‌. ഇന്ത്യന്‍ വെയ്‌റ്റ്‌ലിഫ്‌ടിംഗ്‌ ഫെഡറേഷനും വിലക്ക്‌ വരാന്‍ സാധ്യതയുണ്ട്‌.
സാനിയക്ക്‌ ജയം
ഒസാക്ക: ജപ്പാന്‍ ഓപ്പണ്‍ ടെന്നിസ്‌ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സക്ക്‌ തകര്‍പ്പന്‍ വിജയം. ആദ്യ റൗണ്ട്‌ പോരാട്ടത്തില്‍ സാനിയ ഇസ്രാഈലിന്റെ ഷഹര്‍ പീറിനെ തകര്‍ത്തു. സ്‌ക്കോര്‍ 3-6,6-3,6-4

ബ്രസീലിന്‌ തോല്‍വി
ലാപാസ്‌, ബൊളിവിയ): ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ പോരാട്ടങ്ങളിലെ ബ്രസീലിന്റെ അപരാജിത യാത്രക്ക്‌ ബൊളിവിയ സ്വന്തം മൈതാനത്ത്‌ അന്ത്യമിട്ടു. 2-1ന്‌ അവര്‍ മഞ്ഞപ്പടയെ തോല്‍പ്പിച്ചു. നേരത്തെ തന്നെ ലോകകപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ യോഗ്യത നേടിയതിനാല്‍ ബ്രസീല്‍ കോച്ച്‌ ഡുംഗെ രണ്ടാം നിര ടീമിനെയാണ്‌ അണിനിരത്തിയത്‌. എഡ്‌ഗാര്‍ ഒലിവിറസ്‌, മാര്‍സിലോ മോറീനോ എന്നിവരാണ്‌ ബൊളിവിയയുടെ ഗോളുകല്‍ നേടിയത്‌. നില്‍മര്‍ ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടി. കാലാവസ്ഥ തന്നെയാണ്‌ ബ്രസീലിനെ ചതിച്ചത്‌.
ഇന്നലെ നടന്ന ലോകകപ്പ്‌ യോഗ്യതാ മല്‍സരഫലങ്ങള്‍
ആഫ്രിക്ക: അള്‍ജീരിയ 3-റുവാണ്ട 1, മാലി 1- സുഡാന്‍ 0, ടുണീഷ്യ 1- കെനിയ 0, നൈജീരിയ 1-മൊസംബിക്‌ 0, ഗുനിയ 1-ബുര്‍ക്കിനോഫാസോ 2, ബെനിന്‍ 1-ഘാന 0.
ലാറ്റിനമേരിക്ക ബൊളിവിയ 2-ബ്രസീല്‍ 1.
നാളത്തെ മല്‍സരങ്ങള്‍
ലാറ്റിനമേരിക്ക: പെറു-ബൊളിവിയ, ബ്രസീല്‍-വെനിസ്വേല, പരാഗ്വേ-കൊളംബിയ, ഉറുഗ്വേ-അര്‍ജന്റീന,ചിലി-ഇക്വഡോര്‍
യൂറോപ്പ്‌: ജര്‍മനി-ഫിന്‍ലാന്‍ഡ്‌, പോര്‍ച്ചുഗല്‍-മാള്‍ട്ട, സ്വിറ്റ്‌സര്‍ലാന്‍ഡ്‌-ഇസ്രാഈല്‍,പോളണ്ട്‌-സ്ലോവാക്യ, സാന്‍മറീനോ-സ്ലേവേനിയ, ചെക്‌ റിപ്പബ്ലിക്‌-നോര്‍തേണ്‍ അയര്‍ലാന്‍ഡ്‌, സ്വിഡന്‍-അല്‍ബേനിയ, ഡെന്മാര്‍ക്ക്‌-ഹംഗറി,ലാത്വിയ-മോള്‍ദോവ, ഗ്രീസ്‌-ലക്‌സംബര്‍ഗ്ഗ്‌, അന്‍ഡോറ-ഉക്രൈന്‍,ലൈഞ്ചസ്‌റ്റിന്‍-വെയില്‍സ്‌, ബോസ്‌നിയ-സ്‌പെയിന്‍, ഇംഗ്ലണ്ട്‌-ബെലാറൂസ്‌, ഇറ്റലി-സൈപ്രസ്‌, തുര്‍ക്കി-അര്‍മീനിയ, ലിത്വാനിയ-സെര്‍ബിയ, റുമേനിയ-ഫറോ ഐലന്‍ഡ്‌സ്‌, ഫ്രാന്‍സ്‌-ഓസ്‌ട്രിയ, ബള്‍ഗേറിയ-ജോര്‍ജ്ജിയ, എസ്‌റ്റോണിയ-ബെല്‍ജിയം, കസാക്കിസ്ഥാന്‍-ക്രൊയേഷ്യ
കോണ്‍കാകാഫ്‌: എല്‍സാവഡോര്‍-ഹോണ്ടുറാസ്‌, ട്രിനിഡാഡ്‌-മെക്‌സിക്കോ, അമേരിക്ക-കോസ്‌റ്റാറിക്ക,

ട്രിനിഡാഡിന്‌ തകര്‍പ്പന്‍ വിജയം
ബാംഗ്ലൂര്‍: ഡക്കാന്‍ ചാര്‍ജേഴ്‌സിനെ അവസാന പന്തില്‍ അട്ടിമറിച്ച സോമര്‍സെറ്റിനെ രക്ഷിക്കന്‍ ഇന്നലെ വാലറ്റത്തിനും കഴിഞ്ഞില്ല. ചാമ്പ്യന്‍സ്‌ ലീഗ്‌ ക്രിക്കറ്റ്‌ എ ഗ്രൂപ്പില്‍ ഇന്നലെ നടന്ന ഏകപക്ഷീയ മല്‍സരത്തില്‍ ഡാരന്‍ ഗംഗ നയിച്ച ട്രിനിഡാഡ്‌ ആന്‍ഡ്‌ ടൂബാഗോ 44 റണ്‍സിന്‌ ഇംഗ്ലിഷുകാരെ കശക്കി ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ അരങ്ങേറ്റം നടത്തി. ആദ്യം ബാറ്റ്‌ ചെയ്‌ത ട്രിനിഡാഡ്‌ ഒമ്പത്‌ വിക്കറ്റിന്‌ 150 റണ്‍സാണ്‌ നേടിയത്‌. സിമണ്‍സ്‌ (22), ഗംഗ (23), ദിനേശ്‌ രാംദിന്‍ (39) എന്നിവരുടെ കരുത്തിലാണ്‌ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഭേദപ്പെട്ട സ്‌ക്കോര്‍ വിന്‍ഡിസുകാര്‍ നേടിയത്‌. മറുപടിയില്‍ 106 റണ്‍സാണ്‌ ഇംഗ്ലീഷുകാര്‍ക്ക്‌ സമ്പാദിക്കാന്‍ കഴിഞ്ഞത്‌. ഡ്വിന്‍ ബ്രാവോ 23 റണ്‍സിന്‌ നാല്‌ പേരെ പുറത്താക്കിയപ്പോള്‍ 43 റണ്‍സ്‌ നേടിയ ബ്രുയന്‍ മാത്രമാണ്‌ സോമര്‍സെറ്റ്‌ നിരയില്‍ പൊരുതിയത്‌. ക്യാപ്‌റ്റന്‍ ജസ്റ്റിന്‍ ലാംഗര്‍ 15 നും സീനിയര്‍ താരം മാര്‍ക്കസ്‌ ട്രെസികോത്തിക്‌ മൂന്നിനും പുറത്തായി. ട്രിനിഡാഡ്‌ നായകന്‍ ഡാരല്‍ ഗംഗയാണ്‌ കളിയിലെ കേമന്‍.
ഗ്രൂപ്പ്‌ സിയില്‍ നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ ഒട്ടാഗോക്കെതിരെ ആദ്യം ബാറ്റ്‌ ചെയ്‌ത ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ രണ്ട്‌ വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ 188 റണ്‍സ്‌ നേടി. ജാക്‌ കാലിസ്‌ പുറത്താവാതെ 59 പന്തില്‍ 73 റണ്‍സ്‌ നേടിയപ്പോള്‍ റോബിന്‍ ഉത്തപ്പ 31 പന്തില്‍ 42 റണ്‍സ്‌ വാരിക്കൂട്ടി. ഒന്നാം വിക്കറ്റില്‍ കാലിസ്‌-ഉത്തപ്പ സഖ്യം 75 റണ്‍സാണ്‌ നേടിയത്‌. വിരാത്‌ കോഹ്‌ലി 32 റണ്‍സ്‌ നേടിയപ്പോള്‍ റോസ്‌ ടെയ്‌ലര്‍ 11 പന്തില്‍ പുറത്താവാതെ 32 റണ്‍സ്‌ നേടി. അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ മറുപടി ബാറ്റിംഗില്‍ ഒട്ടോഗോക്ക്‌ ആറ്‌ ഓവറില്‍ രണ്ട്‌ വിക്കറ്റിന്‌ 32 റണ്‍സ്‌ നേടാനാണ്‌ കഴിഞ്ഞത്‌. ബ്രെന്‍ഡന്‍ മക്കലം 5 ലും റെണ്ട്‌മോണ്ട്‌ 11 ലും പുറത്തായി. രണ്ട്‌ വിക്കറ്ററും കാലിസിനാണ്‌.

ചന്ദ്ര

No comments: