Thursday, October 22, 2009

CALICUT CALLING

വിളക്കിന്‌ കീഴില്‍
കോഴിക്കോട്‌: കളിവിളക്ക്‌ തെളിയുകയാണ്‌....... ഇന്ന്‌ വൈകീട്ട്‌ 6-30 ന്‌ നാല്‌ ലോഹതൂണുകളില്‍ നിന്നും പ്രവഹിക്കുന്ന വെളിവെളിച്ചത്തില്‍ കാല്‍പ്പന്തിന്റെ നാട്ടില്‍ ആരവമുയരുകയാണ്‌.... ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവ കേരളയും ചിരാഗ്‌ യുനൈറ്റഡ്‌ കൊല്‍ക്കത്തയും മാറ്റുരക്കുമ്പോള്‍ കളിഭ്രാന്തിന്റെ നാട്ടില്‍ ഉല്‍സവത്തിന്റെ തിരി തെളിയുന്നു.... വര്‍ഷങ്ങളുടെ കാത്തിരിപ്പിന്‌ ശേഷമാണിപ്പോള്‍ പ്രകാശ പെരുമഴയില്‍ കളി നടക്കുന്നത്‌. പന്ത്‌ തട്ടിയും കളിയെഴുതിയും പരിചയമുളള കേന്ദ്രമന്ത്രി ഇ.അഹമ്മദാണ്‌ വെളിച്ചത്തിന്റെ വാതിലുകള്‍ കാണികള്‍ക്കായി തുറക്കുന്നത്‌. ആറ്‌ മണിക്കാണ്‌ ഉദ്‌ഘാടന ചടങ്ങ്‌. അര മണിക്കൂറിന്‌ ശേഷം മല്‍സരവും.
ഇന്നലെ രണ്ട്‌ ടീമുകളും മൈതാനത്ത്‌ പരിശീലനം നടത്തി. ഡെന്‍സണ്‍ ദേവദാസ്‌ നയിക്കുന്ന ചിരാഗ്‌ യുനൈറ്റഡ്‌ വൈകീട്ട്‌ നാല്‌ മണിക്കെത്തി മൈതാനത്തിന്റെ സ്വഭാവമറിഞ്ഞപ്പോള്‍ രാത്രി വെളിച്ചത്തിലായിരുന്നു വിവയുടെ കോച്ചിംഗ്‌.
സ്വന്തം മൈതാനത്ത്‌ ആദ്യമായി കളിക്കുന്ന വിവയാണ്‌ സമ്മര്‍ദ്ദത്തില്‍. അവര്‍ക്ക്‌ ജയം ഇവിടെ നിര്‍ബന്ധമാണ്‌. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും തോറ്റതിന്റെ ക്ഷീണത്തില്‍ ടേബിളില്‍ ഏറ്റവുമൊടുവിലാണിപ്പോള്‍ വിവ. പക്ഷേ സമ്മര്‍ദ്ദത്തിന്റെ കയത്തിലും യുവ ടീമില്‍ നിന്ന്‌ നല്ലത്‌ മാത്രമാണ്‌ കോച്ച്‌ ഏ.എം ശ്രീധരന്‍ പ്രതീക്ഷിക്കുന്നത്‌. ഇന്നലെ മൈതാനത്ത്‌ വെച്ച്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രികയുമായി സംസാരിക്കവെ കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളും തനിക്ക്‌ നല്‍കുന്നത്‌ വലിയ പ്രതീക്ഷയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ആദ്യ മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോടും രണ്ടാം മല്‍സരത്തില്‍ മോഹന്‍ ബഗാനോടുമാണ്‌ വിവ തോറ്റത്‌. രണ്ട്‌ മല്‍സരങ്ങളിലും രണ്ട്‌ വീതം ഗോളുകളാണ്‌ ടീം വഴങ്ങിയത്‌. രണ്ട്‌ മല്‍സരങ്ങളിലും വിവ കളിച്ചത്‌ മതിയായ പരിശീലനമില്ലാതെയായിരുന്നു. ചര്‍ച്ചിലിനെതിരായ മല്‍സരത്തിന്‌ ഒരാഴ്‌ച്ചയോളം ടീം ഗോവയില്‍ മഴ കാരണം പുറത്തിറങ്ങാന്‍ കഴിയാതെ നില്‍ക്കുകയായിരുന്നു. ഷെഡ്യൂള്‍ പ്രകാരം സാല്‍ഗോക്കറുമായിട്ടായിരുന്നു ആദ്യ മല്‍സരം. ഈ മല്‍സരം മഴ റാഞ്ചിയപ്പോള്‍ വാസ്‌ക്കോയിലെ തിലക്‌ മൈതാനത്ത്‌ വെച്ചായിരുന്നു ചര്‍ച്ചിലിനെ നേരിട്ടത്‌. ആദ്യ പകുതിയില്‍ മികച്ച പ്രകടനം നടത്തിയ വിവ രണ്ടാം പകുതിയിലാണ്‌ തളര്‍ന്നത്‌. കൊല്‍ക്കത്താ സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു ബഗാനുമായുള്ള മല്‍സരം. ക്യാപ്‌റ്റന്‍ എം.പി സക്കീര്‍, ഗോള്‍ക്കീപ്പര്‍ ശിശുപാല്‍ എന്നിവര്‍ക്ക്‌ പനി പിടിപ്പെട്ടത്‌ കാരണം പൂര്‍ണ്ണ കരുത്തില്‍ ടീമിന്‌ കളിക്കാനായില്ല. ഇന്ന്‌ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. സക്കീര്‍ നയിക്കുന്ന സംഘത്തില്‍ മൂന്ന്‌ വിദേശികളും കളിക്കുന്നുണ്ട്‌. ബെല്ലോ റസാക്കും സംഘവും പരിശീലനത്തില്‍ പ്രകടിപ്പിക്കുന്ന ആവേശം മല്‍സരത്തില്‍ പ്രകടമാക്കിയാല്‍ തീര്‍ച്ചയായും പോയന്റ്‌്‌ ടേബിളില്‍ കടന്നു കയറാന്‍ ടീമിനാവുമെന്നാണ്‌ ശ്രീധരന്‍ കരുതുന്നത്‌.
സൂബ്രതോ ഭട്ടാചാര്യ എന്ന കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട പഴയ താരത്തിന്റെ ശിക്ഷണത്തില്‍ കളിക്കുന്ന ചിരാഗിന്റെ കരുത്ത്‌ മുന്‍നിരയില്‍ കളിക്കുന്ന ബ്രസീലുകാരായ എഡ്‌മില്‍സണും ജോഷിമറുമാണ്‌. ലീഗില്‍ മൂന്ന്‌ മല്‍സരങ്ങളില്‍ പങ്കെടുത്ത ചിരാഗ്‌ ഇത്‌ വരെ തോറ്റിട്ടില്ല. മോഹന്‍ ബഗാനെയും മുംബൈ എഫ്‌.സിയെയും തോല്‍പ്പിച്ച അവര്‍ എയര്‍ ഇന്ത്യയെ അവരുടെ മൈതാനത്ത്‌ തളക്കുകയും ചെയ്‌തിരുന്നു. മൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ ഏഴ്‌ പോയന്റുമായി അവര്‍ മുന്‍നിരയില്‍ നില്‍ക്കുകയാണിപ്പോള്‍. സമ്മര്‍ദ്ദം തെല്ലുമില്ലെന്നാണ്‌ സുബ്രതോ പറയുന്നത്‌. ചില താരങ്ങളുടെ പരുക്കാണ്‌ ചെറിയ പ്രശ്‌നം. എങ്കിലും നല്ല തുടക്കം ലഭിച്ചാല്‍ ടീമിന്‌ വിജയിക്കാനാവുമെന്ന്‌ അദ്ദേഹം പറഞ്ഞു. നൈജീരിയക്കാരന്‍ ഡു സസ്‌പെന്‍ഷന്‍ കാരണം കളിക്കുന്നില്ല. മധ്യനിരയില്‍ ക്യാപ്‌റ്റന്‍ ഡെന്‍സണ്‍ തന്നെയാണ്‌ കരുത്ത്‌. ബഗാനെതിരായ മല്‍സരത്തില്‍ കളിയിലെ കേമന്‍പ്പട്ടം സ്വന്തമാക്കിയ ഡെന്‍സണ്‍ തന്റെ പഴയ ടീമിനെയാണ്‌ ഇന്ന്‌ എതിരിടുന്നത്‌. കാണികളുടെ പിന്തുണ ഇന്ന്‌ ഡെന്‍സണ്‍ പ്രതീക്ഷിക്കുന്നില്ല. വിവക്കെതിരെ കളിക്കുമ്പോള്‍ സമ്മര്‍ദ്ദം തന്നെ വേട്ടയാടുന്നില്ലെന്നും നായകന്‍ പറഞ്ഞു. വിവയുടെ നായകനായ മലപ്പുറത്തുകാരന്‍ എം.പി സക്കീറിന്‌ സമ്മര്‍ദ്ദമുണ്ട്‌. സ്വന്തം നാട്ടുകാര്‍ക്ക്‌ മുന്നിലാണ്‌ കളിക്കുന്നത്‌. ചാമ്പ്യന്‍ഷിപ്പില്‍ ടീമിന്‌ നല്ല തുടക്കം ലഭിച്ചിട്ടില്ല. ഇവിടെ ആദ്യ മല്‍സരം തന്നെ ജയിച്ചാല്‍ കാണികളുടെ പിന്തുണ കൂടി ഉറപ്പാക്കാന്‍ സക്കീറിന്‌ കഴിയും. തമിഴ്‌നാട്ടില്‍ നിന്നുളള ഫിഫ റഫറി പ്രദീപ്‌ കുമാറാണ്‌ മല്‍സരം നിയന്ത്രിക്കുന്നത്‌. മാച്ച്‌ കമ്മീഷണര്‍ ജെ.പി സിംഗ്‌.

ടിക്കറ്റുകള്‍ 11 മുതല്‍
കോഴിക്കോട്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ വിവയുടെ കേരളയുടെ ഹോം മല്‍സരങ്ങള്‍ക്കുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സിമിതി കണ്‍വീര്‍ പി. ഹരിദാസ്‌ അറിയിച്ചു. മൈതാനം സുസജ്ജമായി കഴിഞ്ഞു. ടിക്കറ്റ്‌ വില്‍പ്പന രാവിലെ 11 മുതല്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സ്‌റ്റേഡിയം പരിസരത്തുളള ഓഫീസില്‍ ആരംഭിക്കും. ഫെഡറല്‍ ബാങ്കിന്റെ സ്‌റ്റേഡിയത്തിന്‌ സമീപമുളള ശാഖയില്‍ നിന്നും ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്‌ സമിപമുളള ശാഖയില്‍ നിന്നും വൈകീട്ട്‌ നാല്‌ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കും. ഗ്രാന്‍ഡ്‌ സ്‌റ്റാന്‍ഡിന്‌ 100 രൂപയും ഗ്യാലറിക്ക്‌ 30 രുപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. സിസണ്‍ ടിക്കറ്റുകളില്ല. വൈകീട്ട്‌ ആറ്‌ മണിക്ക്‌ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. മേയര്‍ എം. ഭാസ്‌ക്കരനായിരിക്കും അദ്ധ്യക്ഷന്‍. 6-30 നാണ്‌ മല്‍സരം.
ഫ്‌ളഡ്‌ലിറ്റുകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമായിരിക്കും. ആറ്‌ മണിക്ക്‌ മുമ്പായി തന്നെ കളിവിളക്കുകള്‍ തെളിയും.
ആ പഴയ നാളുകള്‍
കോഴിക്കോട്‌: കൈയ്യില്‍ കടല പൊതിയുമായി, മൈതാനത്തെ പന്ത്‌ കളി ആസ്വദിക്കുന്ന കോഴിക്കോടിന്റെ ആ പഴയ ആസ്വാദന മുഖം-ഓര്‍മ്മയില്ലേ ഇത്‌....!
1984... തൊഴിലാളി ദിനമായ മെയ്‌ 1... സേട്ട്‌ നാഗ്‌ജി അമര്‍സി സ്‌മാരക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍.... ഏറ്റുമുട്ടുന്നവര്‍ കൊല്‍ക്കത്തയിലെ ചിരവൈരികളായ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗും മോഹന്‍ ബഗാനും. ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായരെല്ലാം ബൂട്ടണിഞ്ഞ മല്‍സരത്തില്‍ ഗോളുകള്‍ക്ക്‌ ക്ഷാമമായിരുന്നു. സ്‌റ്റേഡിയം നിറയെ കാണികള്‍... മൈതാനത്ത്‌ റഫറിയുടെ വിസിലുമായി ജമാലുദ്ദിന്‍... കളി അവസാന സെക്കന്‍ഡിലേക്ക്‌ നിങ്ങിയപ്പോള്‍ മുഹമ്മദന്‍സിന്‌ അനുകൂലമായി കോര്‍ണര്‍കിക്ക്‌. പ്രേം ദോര്‍ജിയുടെ കിക്ക്‌ ഉയര്‍ന്നു പൊന്തിയപ്പോള്‍ ജാംഷഡ്‌ നസീരി എന്ന ഇറാന്‍കാരന്‍ പന്തിന്‌ കൃത്യമായി തല വെച്ചു. പന്ത്‌ ബഗാന്‍ വലയില്‍ വീണതും റഫറിയുടെ ലോംഗ്‌ വിസില്‍..... ഫ്‌ളഡ്‌ലിറ്റിന്‌ കീഴില്‍ കോഴിക്കോട്ടെ ആസ്വാദകര്‍ മനം നിറയെ കണ്ട മല്‍സരമായിരുന്നു അത്‌. ആറ്‌ രൂപയായിരുന്നു അന്ന്‌ ടിക്കറ്റ്‌ വില. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലെ ഏറ്റവും വലിയ കലക്ഷനും അന്നായിരുന്നു.... ആ രാത്രികാല മല്‍സരങ്ങള്‍ നല്‍കിയ ആവേശത്തെ ഇന്നും വാരിപ്പുണരുന്നവര്‍ ഇവിടെയുണ്ട്‌. 1997 ലാണ്‌ അവസാനമായി രാത്രി വെളിച്ചത്തില്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ കളി നടന്നത്‌. സിസേഴ്‌സ്‌ കപ്പ്‌ ഫുട്‌ബോളില്‍ ധാക്കയില്‍ അബഹാനി ക്രീഡാ ചക്രയും എഫ്‌.സി കൊച്ചിനും തമ്മിലുളള മല്‍സരത്തോടെയാണ്‌ കളി വിളക്കുകള്‍ കണ്ണടച്ചത്‌. പന്ത്രണ്ട്‌ വര്‍ഷത്തിന്‌ ശേഷം വിളക്കുകള്‍ തെളിയുമ്പോള്‍ പഴയ ആവേശമാണ്‌ എല്ലാവരും പ്രതീക്ഷിക്കുന്നത്‌. ഇന്ന്‌ വിവക്കും ചിരാഗിനും കാണികളെ വിരൂന്നൂട്ടാനായാല്‍ സ്‌റ്റേഡിയം അടുത്ത മല്‍സരങ്ങളില്‍ നിറഞ്ഞ്‌ കവിയുമെന്ന കാര്യത്തില്‍ സംശയമില്ല...

റിബറിക്ക്‌ നഷ്‌ടം
പാരിസ്‌: ദക്ഷിണാഫ്രിക്കയിലേക്ക്‌ ടിക്കറ്റ്‌ തേടി അടുത്ത മാസം മധ്യത്തില്‍ റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡിനെതിരായ പ്ലേ ഓഫ്‌ പോരാട്ടത്തിനിറങ്ങുന്ന ഫ്രാന്‍സിന്‌ സൂപ്പര്‍ താരം ഫ്രാങ്ക്‌ റിബറിയുടെ സേവനം ലഭിക്കില്ല. കാല്‍മുട്ടിലെ പരുക്ക്‌ നിരന്തരം അലട്ടുന്നതിനാല്‍ ഒരു മാസത്തെ വിശ്രമത്തിന്‌ പോവുകയാണ്‌ റിബറി. ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിച്ചിനായി കളിക്കുന്ന റിബറിയെ ദീര്‍ഘകാലമായി കാല്‍മുട്ടിലെ വേദന കാര്യമായി അലട്ടുന്നു. പരുക്കില്‍ നിന്ന്‌ മുക്തി നേടാന്‍ റിബറിക്ക്‌ ഒരു മാസത്തെ വിശ്രമം നിര്‍ബന്ധമാണെന്നാണ്‌ ബയേണ്‍ കോച്ച്‌ ലൂയിസ്‌ വാന്‍ഗാല്‍ പറയുന്നത്‌. ഇപ്പോല്‍ സീസണ്‍ ആരംഭിച്ചിട്ടേയുളളു. വരാനിരിക്കുന്ന വലിയ മല്‍സരങ്ങള്‍ മുന്‍നിര്‍ത്തി റിബറിക്ക്‌ ആവശ്യമായ വിശ്രമമാണ്‌ ടീം നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. സൂപ്പര്‍ താരത്തിന്റെ അഭാവം ഫ്രഞ്ച്‌ ദേശീയ ടീമിനെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. യോഗ്യതാ മല്‍സരങ്ങളില്‍ തപ്പിതടഞ്ഞ ഫ്രാന്‍സ്‌ ഭാഗ്യത്തിന്റെ അകമ്പടിയിലാണ്‌ പ്ലേ ഓഫ്‌ ടിക്കറ്റ്‌ സ്വന്തമാക്കിയത്‌.

മല്‍സരഫലങ്ങള്‍
ബോറോഡോക്‌സ്‌ 2- ബയേണ്‍ മ്യൂണിച്ച്‌ 1, ചെല്‍സി 4- അത്‌ലറ്റികോ മാഡ്രിഡ്‌ 0, സി.എസ്‌.കെ.ഇ മോസ്‌ക്കോ 0-മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ 1, എഫ്‌.സി പോര്‍ട്ടോ 2- അപോല്‍ നിക്കോഷ്യ 1, എഫ്‌.സി സൂറിച്ച്‌ 0- മാര്‍സലി 1, യുവന്തസ്‌ 1- മക്കാബി ഹൈഫ 0, റയല്‍ മാഡ്രിഡ്‌ 2- ഏ.സി മിലാന്‍ 3, വോള്‍ഫ്‌സ്‌ബര്‍ഗ്ഗ്‌ 0-ബെസികിറ്റാസ്‌ 0

റയലും വിണു
മാഡ്രിഡ്‌: ബാര്‍സിലോണക്ക്‌ പിറകെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ സ്‌പാനിഷ്‌ കരുത്തരായ റയല്‍ മാഡ്രിഡിനും പരാജയം. സാന്‍ഡിയാഗോ ബെര്‍ണബുവിലെ തിങ്ങിനിറഞ്ഞ മൈതാനത്തെ സാക്ഷിയക്കി ഇറ്റലിക്കാരായ ഏ.സി മിലാനാണ്‌ ഞെട്ടിപ്പിക്കുന്ന 3-2 വിജയം ആഘോഷിച്ചത്‌. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളായ ഇകാര്‍ കാസിയാസിന്‌ വന്‍ വിഡ്ഡിത്തങ്ങള്‍ സംഭവിച്ച ദിനത്തില്‍ മിലാന്‍ അവസരങ്ങള്‍ മനോഹരമായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഒരു ഗോളിന്‌ സി.എസ്‌.കെ.ഇ മോസ്‌ക്കോയെയും ചെല്‍സി മറുപടിയില്ലാത്ത നാല്‌ ഗോളിന്‌ അത്‌ലറ്റികോ മാഡ്രിഡിനെയും തകര്‍ത്തപ്പോള്‍ ജര്‍മന്‍ ശക്തരായ ബയേണ്‍ മ്യൂണിച്ചിനും ആഘാതമേറ്റു. ഫ്രഞ്ച്‌ ചാമ്പ്യന്മാരായ ബോറോഡോക്‌സാണ്‌ ബയേണിനെ മറിച്ചിട്ടത്‌.
ബെര്‍ണബുവില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ തകര്‍പ്പന്‍ പ്രകടനമാണ്‌ നടന്നത്‌. ഇടക്ക്‌ പെയ്‌ത മഴ പോലും മല്‍സരത്തെ ബാധിച്ചില്ല. റയല്‍ സംഘത്തില്‍ ചാമ്പ്യന്‍ താരമായ കൃസ്റ്റിയാനോ റൊണാള്‍ഡോ ഉണ്ടായിരുന്നില്ല. പരുക്കില്‍ നിന്നും മുക്തനായി കക്ക തിരിച്ചെത്തിയപ്പോള്‍ പത്തൊമ്പതാം മിനുട്ടില്‍ ആദ്യ ഗോള്‍ പിറന്നു. മിലാന്‍ ഗോള്‍ക്കീപ്പര്‍ ദീദക്ക്‌ പറ്റിയ പിഴവില്‍ നിന്നും നായകന്‍ റൗളാണ്‌ ഗോളടിച്ചത്‌. റൗളിന്റെ ലോംഗ്‌ ഷോട്ട്‌ കുത്തിയകറ്റുന്നതില്‍ ദിദക്ക്‌ പിഴക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ഈ ഗോളിന്‌ ലീഡ്‌ ചെയ്‌ത റയലിന്‌ പക്ഷേ രണ്ടാം പകുതിയില്‍ ആകെ പിഴച്ചു. ഒന്നാം പകുതിയില്‍ ദീദക്ക്‌ പറ്റിയ പിഴവ്‌ രണ്ടാം പകുതിയില്‍ കാസിയാസ്‌ ആവര്‍ത്തിക്കുന്നതാണ്‌ കണ്ടത്‌. ആന്ദ്രെ പിര്‍ലോയുടെ അപകടരമല്ലാത്ത ഷോട്ട്‌ അനായാസമായി പിടിക്കാന്‍ അടുത്ത കാസിയാസിന്‌ പൂര്‍ണ്ണമായി പിഴച്ചു. 35 വാര അകലെ നിന്നുമുളള ഷോട്ടിന്‌ മുന്നില്‍ കാസിയാസിന്റെ കണക്ക്‌ക്കൂട്ടലാണ്‌ പിഴച്ചത്‌. പിന്നീട്‌ കണ്ടത്‌ അലക്‌സാണ്ടറോ പാറ്റോയുടെ മികവാണ്‌. മാസിമോ അംബ്രോസിനി തൊടുത്ത ലോംഗ്‌ ക്രോസിനെ റീഡ്‌ ചെയ്യുന്നതിലും കാസിയാസിന്‌ പിഴച്ചു. പന്ത്‌ ലഭിച്ച പാറ്റോക്ക്‌ ലീഡ്‌ നേടാന്‍ എളുപ്പമായി. പക്ഷേ റോയ്‌സ്‌റ്റണിലുടെ റയല്‍ സമനില നേടി. റൗളിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. മല്‍സരത്തിന്റെ അവസാന ഘട്ടത്തില്‍ ക്ലിയറന്‍സ്‌ സിഡ്രോഫ്‌ നല്‍കിയ ക്രോസ്‌ ഉപയോഗപ്പെടുത്തി പാറ്റോയാണ്‌ വിജയ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌.
ഗ്രൂപ്പ്‌ എയില്‍ നടന്ന മല്‍സരത്തില്‍ ബയേണിനെ തോല്‍പ്പിക്കാന്‍ ആക്രമണ ഫുട്‌ബോളാണ്‌ ബോറോഡോക്‌സ്‌ പുറത്തെടുത്തത്‌. ജോര്‍ജിയോ ചിലിനിയുടെ ഗോളിലാണ്‌ യുവന്തസ്‌ മക്കാബി ഹൈഫയെ തോല്‍പ്പിച്ചത്‌. ഗ്രൂപ്പ്‌ ബിയില്‍ ഏക ഗോളിന്റെ വിജയം മാഞ്ചസ്‌റ്ററിന്‌ സമ്മാനിച്ചത്‌ അന്റോണിയോ വലന്‍സിയയാണ്‌. ഡി ഗ്രൂപ്പില്‍ ചെല്‍സി അത്‌ലറ്റികോ മാഡ്രിഡിനെ ഇല്ലാതാക്കുകയായിരുന്നു. സലോമാന്‍ കാലു രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ ഫ്രാങ്ക്‌ ലംപാര്‍ഡും ലൂയിസ്‌ പെരയും വല ചലിപ്പിച്ചു.

സീമ നിരാശപ്പെടുത്തി
ചെന്നൈ: വനിതാ ഡിസ്‌ക്കസ്‌ ത്രോയിലെ ദേശീയ റെക്കോര്‍ഡുകാരി സീമാ ആന്റില്‍ വീണ്ടും നിരാശപ്പെടുത്തി. ഇവിടെ നടക്കുന്ന ദേശീയ സീനിയര്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ സീമക്ക്‌ ലഭിച്ചത്‌ നാലാം സ്ഥാനം. പഞ്ചാബിന്റെ ഹര്‍വീന്ദര്‍ കൗര്‍ 58.71 മീറ്ററെറിഞ്ഞ്‌ ഒന്നാം സ്ഥാനം നേടിയപ്പോള്‍ കൃഷ്‌ണ പുനിയ രണ്ടാം സ്ഥാനവും സരോജ്‌ സിഹാഗ്‌ മൂന്നാം സ്ഥാനവും സ്വന്തമാക്കി. പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ കെ.പി ബിമിന്‍ സ്വര്‍ണ്ണം നേടി. നിലവിലെ ജേതാവായ താര്‍ഖണ്ഡിന്റെ ഗജാനന്‍ ഉപാധ്യയെയാണ്‌ ബിമിന്‍ പിറകിലാക്കിയത്‌. കേരളത്തിന്റെ തന്നെ ബിനിഷ്‌ ജേക്കബിനാണ്‌ വെങ്കലം.
ശ്രീശാന്ത്‌ മുങ്ങി
കോഴിക്കോട്‌: രഞ്‌ജി ട്രോഫി ക്രിക്കറ്റിനുളള കേരളാ ടീമിന്റെ നായകന്‍ എസ്‌.ശ്രീശാന്ത്‌ ടീമിന്റെ കോച്ചിംഗ്‌ ക്യാമ്പില്‍ പങ്കെടുക്കാത്തത്‌ വിവാദമാവുന്നു. തലശ്ശേരിയില്‍ ക്യാമ്പ്‌ ആരംഭിച്ചിട്ട്‌ ദിവസങ്ങളായി. കോഴിക്കോട്‌ ഒരു വനിതാ കോളജിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വേളയില്‍ ക്യാമ്പ്‌ സന്ദര്‍ശിച്ച്‌ മടങ്ങിയ നായകന്‍ ഇപ്പോള്‍ ചെന്നൈയിലാണ്‌. കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്റെ അനുമതിയില്ലാതെ നായകന്‍ മുങ്ങിയത്‌. അടുത്ത മാസം മൂന്നിന്‌ ആന്ധ്രയുമായാണ്‌ കേരളത്തിന്റെ ആദ്യ മല്‍സരം ആരംഭിക്കുന്നത്‌.

യുവിയുടെ പിതാവിന്‌ തോല്‍വി
ചണ്ഡിഗര്‍: ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ്‌ സിംഗിന്റെ പിതാവ്‌ യോഗ്‌രാജ്‌ സിംഗിന്‌ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി. പഞ്ചഗുള സീറ്റില്‍ മല്‍സരിച്ച ക്രിക്കറ്റര്‍ കൂടിയായ യോഗ്‌രാജ്‌ കോണ്‍ഗ്രസ്സിലെ ദേവേന്ദര്‍ കുമാര്‍ ബന്‍സാലിനോടാണ്‌ പരാജയപ്പെട്ടത്‌. ഓം പ്രകാശ്‌ ചൗട്ടാലയുടെ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ ടിക്കറ്റില്‍ മല്‍സരിച്ച യോഗ്‌രാജ്‌ വോട്ടിംഗിന്റെ തുടക്കത്തില്‍ നാലാം സ്ഥാനത്തായിരുന്നു. പിതാവിന്‌ വേണ്ടി വോട്ട്‌ പിടിക്കാന്‍ യുവരാജ്‌ വന്നിരുന്നില്ല. പക്ഷേ പിതാവിന്റെ തെരഞ്ഞെടുപ്പ്‌ പോസ്‌റ്ററുകളില്‍ നിറയെ മകനുണ്ടായിരുന്നു.

No comments: