Thursday, October 15, 2009

YES, THE DOOR IS OPENED FOR MARADONA

അതെ, അര്‍ജന്റീന
മോണ്ടിവീഡിയോ: അതെ...., അവസാനം അവര്‍ എത്തിയിരിക്കുന്നു....! ഫുട്‌ബോള്‍ ലോകത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക്‌ വിലയുണ്ടായി. മരിയോ ബലേറ്റി എന്ന സബ്‌സ്‌റ്റിറ്റിയൂട്ട്‌ താരം നേടിയ ഏക ഗോളില്‍ ഉറുഗ്വേയെ പരാജയപ്പെുത്തി ലാറ്റിനമേരിക്കന്‍ പട്ടികയില്‍ നാലാമതായി അര്‍ജന്റീന ലോകകപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ യോഗ്യത നേടിയതോടെ ഫുട്‌ബോള്‍ ലോകം നെടുവീര്‍പ്പിടുകയാണ്‌. അവരെത്തിയല്ലോ എന്ന ആശ്വാസ വചനത്തില്‍ ലാറ്റിനമേരിക്കയിലെ കൊച്ചു രാജ്യം മാത്രമല്ല ലോകം ഒന്നടങ്കം മാസങ്ങള്‍ പിന്നിട്ട അനിശ്ചിതത്വാവസാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍, സൗന്ദര്യ ഫുട്‌ബോളിന്റെ ലോകം മറന്ന അര്‍ജന്റീനക്കാര്‍ ഒരിക്കല്‍ക്കൂടി ദയനീയതയാണ്‌ പ്രകടിപ്പിച്ചത്‌. പക്ഷേ ഭാഗ്യം മറഡോണക്കൊപ്പമായിരുന്നു. പെറുവിനെതിരായ മല്‍സരത്തിന്റെ ഇഞ്ച്വറി ടൈമിലായിരുന്നു ടീമിന്റെ വിജയ ഗോളെങ്കില്‍ ഇന്നലെ ലോംഗ്‌ വിസിലിന്‌ കേവലം ആറ്‌ മിനുട്ട്‌ ശേഷിക്കവെയായിരുന്നു ബോലാറ്റിയുടെ കാലില്‍ നിന്നും പന്ത്‌ വലയിലെത്തിയത്‌. അതോടെ തുടങ്ങിയ ആവേശം ഇപ്പോഴും തുടരുകയാണ്‌. ലോംഗ്‌ വിസിലിന്‌ ശേഷം സ്വയം മറന്ന മറഡോണ കണ്ണീരടക്കാന്‍ പാടുപെട്ട നിമിഷത്തില്‍ ഉറുഗ്വേ താരങ്ങള്‍ ഒരിക്കല്‍കൂടി പ്ലേ ഓഫിന്റെ സമ്മര്‍ദ്ദത്തിലാണ്‌. ലാറ്റിനമേരിക്കയില്‍ ഇപ്പോള്‍ ഉറുഗ്വേക്ക്‌ അഞ്ചാം സ്‌ഥാനമാണ്‌. ദക്ഷിണാഫ്രിക്കയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ യോഗ്യത നേടണമെങ്കില്‍ അവര്‍ പ്ലേ ഓഫില്‍ കോണ്‍കാകാഫിലെ നാലാം സ്‌ഥാനക്കാരായ കോസ്‌റ്റാറിക്കയുമായി കളിച്ച്‌ ജയിക്കണം.
സെന്റിനറി സ്‌റ്റേഡിയത്തിലേക്കായിരുന്നു ഇന്നലെ ലോകത്തിന്റെ കണ്ണുകള്‍. മറഡോണക്കും അര്‍ജന്റീനക്കുമായുള്ള പ്രാര്‍ത്ഥനകളില്‍ ശ്വാസമടക്കിപ്പിടിച്ചായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍ മല്‍സരത്തിന്‌ സാക്ഷ്യം വഹിച്ചത്‌. 70,000 ത്തിലധികം പേരാണ്‌ സ്റ്റേഡിയത്തിലുണ്ടായിരുന്നത്‌. ടെലിവിഷന്‍ പ്രേക്ഷകരായി ലോകത്താകമാനം പതിനാറ്‌ കോടി കാണികള്‍...! ഗ്രൂപ്പില്‍ നാലാം സ്ഥാനം സ്വന്തമാക്കാന്‍ അര്‍ജന്റീനക്ക്‌ സമനില മാത്രം മതിയായിരുന്നു. പ്രതീക്ഷിക്കപ്പെട്ട പോലെ ലയണല്‍ മെസിയും ഹിഗ്വിനും മുന്‍നിരയിലും വെറോണ്‍ മധ്യനിരയിലും കളിച്ചപ്പോള്‍ വിജയം മാത്രം നിര്‍ബന്ധമായിരുന്ന ഉറുഗ്വേ ഫോര്‍ലാനെ മുന്‍നിര്‍ത്തിയാണ്‌്‌ കളിച്ചത്‌. ആദ്യ പകുതിയില്‍ കണ്ടത്‌ വിറച്ചുകളിക്കുന്ന അര്‍ജന്റീനയെ. ഫോര്‍ലാന്‌ മൂന്നവസരങ്ങള്‍ ലഭിച്ചപ്പോള്‍ മൂന്ന്‌ തവണയും അര്‍ജന്റീനിയന്‍ പെനാല്‍ട്ടി ബോക്‌സില്‍ പരിഭ്രാന്തിയുടെ നിമിഷങ്ങളായിരുന്നു. ഗോള്‍ക്കീപ്പര്‍ സെര്‍ജിയോ റാമിറസിന്റെ മികവിലാണ്‌ ടീം രക്ഷപ്പെട്ടത്‌. മെസിയെന്ന സൂപ്പര്‍ താരം ചിത്രത്തില്‍ പോലും ആദ്യ 45 മിനുട്ടില്‍ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയില്‍ മാത്രമാണ്‌ ആക്രമണമറിയാമെന്ന്‌ അര്‍ജന്റീന തെളിയിച്ചത്‌. തുടര്‍ച്ചയായ രണ്ടാം മഞ്ഞ കാര്‍ുമായി സിസാര്‍സ്‌ പുറത്തായത്‌ ആതിഥേയര്‍ക്ക്‌ തിരിച്ചടിയായി. അറുപത്തിയൊന്നാം മിനുട്ടില്‍ മെസി പ്രതിഭയുടെ മിന്നലാട്ടം കാട്ടി. പക്ഷേ ഉറുഗ്വേ ഗോള്‍ക്കീപ്പര്‍ രക്ഷക്കെത്തി. ലോംഗ്‌ വിസിലിന്‌ ആറ്‌ മിനുട്ട്‌ മുമ്പ്‌ മെസി തുടക്കമിട്ട നീക്കത്തില്‍ നിന്നാണ്‌ ഗോള്‍ പിറന്നത്‌. മെസിയില്‍ നിന്നും പന്ത്‌ വെറോണിന്‌. അളന്നുമുറിച്ച്‌ വെറോണിന്റെ ക്രോസ്‌ ബലേറ്റിക്ക്‌ ലഭിക്കുമ്പോള്‍ ഉറുഗ്വേ വലയത്തിന്‌ മുന്നില്‍ ഗോള്‍ക്കീപ്പര്‍ മാത്രം-ഞൊടിയിടയിലെ ഷോട്ടില്‍ പന്ത്‌ വലയില്‍....!
അടുത്ത ആറ്‌ മിനുട്ടുകളില്‍ ഒന്നും സംഭവിക്കാതിരിക്കാന്‍ അര്‍ജന്റീനക്കാരെല്ലാം സ്വന്തം ഡിഫന്‍സില്‍ തമ്പടിച്ചു. റഫറിയുടെ ലോംഗ്‌ വിസിലിനായി കാത്തിരുന്ന മറഡോണയുടെ വേവലാതിയുടെ മുഖം ക്യാമറകള്‍ പകര്‍ത്തിയ നിമിഷത്തില്‍ ആഹ്ലാദത്തിന്റെ പൊടിപൂരമായിരുന്നു....തല്‍ക്കാലം ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ ആരംഭിക്കും വരെ മറഡോണക്ക്‌ ഇനി വിമര്‍ശകരെ പേടിക്കേണ്ടതില്ല. ധൈര്യ സമേതം അദ്ദേഹത്തിന്‌ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവനെ കണ്ട്‌്‌ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാം. തുടര്‍ച്ചയായ മൂന്ന്‌ തോല്‍വികള്‍ക്ക്‌ ശേഷം വന്ന രണ്ട്‌്‌ വിജയങ്ങളില്‍ മറഡോണ രക്ഷപ്പെട്ടപ്പോള്‍ ഇക്വഡോറിന്റെ വാതിലുകള്‍ അടഞ്ഞു. ചിലിക്കെതിരായ മല്‍സരത്തില്‍ ഇക്വഡോര്‍ ഒരു ഗോളിന്‌ തോറ്റിരുന്നു. വന്‍കരയില്‍ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ വെനിസ്വേലക്കാര്‍ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ പരാഗ്വേയെ കൊളംബിയ രണ്ട്‌ ഗോളിനും ബൊളിവിയയെ പെറു ഒരു ഗോളിനും തോല്‍പ്പിച്ചു. അവസാന പോയന്റ്‌ നില ഇപ്രകാരം: ബ്രസീല്‍-34, 2-ചിലി-33, 3-പരാഗ്വേ-33, 4-അര്‍ജന്‍രീന-28, 5-ഉറുഗ്വേ-24, 6-ഇക്വഡോര്‍-23, 7-കൊളംബിയ-23, 8-വെനിസ്വേല-22, 9-ബൊളിവിയ-15, 10-പെറു-13.

മല്‍സരഫലങ്ങള്‍:
യൂറോപ്പ്‌: എസ്റ്റോണിയ 2-ബെല്‍ജിയം 0, ക്രൊയേഷ്യ 2-കസാക്കിസ്ഥാന്‍ 1, ലാത്‌വിയ 3-മോള്‍ദോവ 2,ഗ്രീസ്‌ 2-ലക്‌സംബര്‍ഗ്ഗ്‌ 1, അസര്‍ബെയ്‌ജാന്‍ 1- റഷ്യ 1, തുര്‍ക്കി 2- അര്‍മീനിയ 0, ഫ്രാന്‍സ്‌ 3- ഓസ്‌ട്രിയ 1, ലിത്വാനിയ 2- സെര്‍ബിയ 1, ഹംഗറി 1-ഡെന്മാര്‍ക്ക്‌ 0, സ്വഡീന്‍ 4- അല്‍ബേനിയ 1, സ്ലോവാക്യ 1-പോളണ്ട്‌്‌ 0, സ്ലോവേനിയ 3-സാന്‍മറീനോ 0, ചെക്ക്‌ റിപ്പബ്ലിക്‌ 0-നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്‌ 0, സ്വിറ്റ്‌സര്‍ലാന്‍ഡ്‌ 0-ഇസ്രാഈല്‍ 0, വെയില്‍സ്‌ 2-ലൈഞ്ചസ്‌റ്റിന്‍ 0, സ്‌പെയിന്‍ 5-ബോസ്‌നിയ ഹെര്‍സഗോവീന 2, ഇംഗ്ലണ്ട്‌ 3-ബെലാറൂസ്‌ 0, പോര്‍ച്ചുഗല്‍ 4-മാള്‍ട്ട 0,ജര്‍മനി 1- ഫിന്‍ലാന്‍ഡ്‌ 1, ഉക്രൈന്‍ 6-അന്‍ഡോറ 0,
ലാറ്റിനമേരിക്ക: അര്‍ജന്റീന 1- ഉറുഗ്വേ 0, കൊളംബിയ 2-പരാഗ്വേ 0, ചിലി 1-ഇക്വഡോര്‍ 0, ബ്രസീല്‍ 0-വെനിസ്വേല 0,പെറു 1- ബൊളിവിയ 0.
കോണ്‍കാകാഫ്‌: അമേരിക്ക 2-കോസ്‌റ്റാറിക്ക 2, ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോ 2- മെക്‌സിക്കോ 2, ഹോണ്ടുറാസ്‌ 10-എല്‍സാവഡോര്‍ 0

ലോകകപ്പ്‌ ഫൈനല്‍ റൗണ്ടിന്‌ ഇതിനകം യോഗ്യത നേടിയ ടീമുകള്‍
യൂറോപ്പ്‌: 1-ഡെന്മാര്‍ക്ക്‌, 2-സ്വിറ്റ്‌സര്‍ലാന്‍ഡ്‌, 3-സ്ലോവാക്യ, 4-ജര്‍മനി, 5-ഇംഗ്ലണ്ട്‌, 6-സ്‌പെയിന്‍, 7-സെര്‍ബിയ, 8-ഇറ്റലി. ആഫ്രിക്ക: ആതിഥേയരായ ദക്ഷിണാഫ്രിക്ക, ഘാന, ഐവറി കോസ്‌റ്റ്‌
ഏഷ്യ: ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ജപ്പാന്‍. കോണ്‍കാകാഫ്‌്‌: അമേരിക്ക, മെക്‌സിക്കോ, ഹോണ്ടുറാസ്‌.
പ്ലേ ഓഫ്‌ ബെര്‍ത്ത്‌ നേടിയവര്‍: യൂറോപ്പ്‌: 1-പോര്‍ച്ചുഗല്‍, 2-ഗ്രീസ്‌, 3-സ്ലോവേനിയ., 4-റഷ്യ, 5-ബോസ്‌നിയ ഹെര്‍സഗോവീന, 6-ഉക്രൈന്‍, 7-ഫ്രാന്‍സ്‌, 8- റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌.. കോണ്‍കാകാഫ്‌:-കോസ്‌റ്റാറിക്ക. ലാറ്റിനമേരിക്ക-ഉറുഗ്വേ ഏഷ്യ-ബഹറൈന്‍. ഓഷ്യാന-ന്യൂസിലാന്‍ഡ്‌. (യൂറോപ്യന്‍ പ്ലേ ഓഫ്‌ നറുക്കെടുപ്പ്‌ ഈ മാസം 19 ന്‌ നടക്കും. മല്‍സരങ്ങള്‍ നവംബര്‍ 18 മുതല്‍ . ബഹറൈന്‍-ന്യൂസിലാന്‍ഡ്‌ പ്ലേ ഓഫ്‌ രണ്ടാം പാദം അടുത്ത മാസം 14 നു നടക്കും. ആദ്യ പാദത്തില്‍ ഇരു ടീമുകളും ഗോളടിച്ചിരുന്നില്ല. ആഫ്രിക്കയിലെ അവസാന റൗണ്ട്‌ മല്‍സരങ്ങളും അടുത്ത മാസം 14 നാണ്‌.)

സ്വിസ്‌, സ്ലോവാക്യ
ലന്‍: യൂറോപ്പില്‍ നിന്നും അവശേഷിച്ചിരുന്ന രണ്ട്‌ നേരിട്ടുളള ടിക്കറ്റുകള്‍ സ്വിറ്റ്‌്‌സര്‍ലാന്‍ഡും സ്ലോവാക്യയും സ്വന്തമാക്കിയപ്പോള്‍ അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫൈനല്‍ റൗിണ്ടിന്റെ ആവേശത്തിലേക്ക്‌ സ്വിഡന്‍, ചെക്ക്‌ റിപ്പബ്ലിക്‌, തുര്‍ക്കി, ക്രൊയേഷ്യ, ബള്‍ഗേറിയ, സ്‌ക്കോട്ട്‌ലാന്‍ഡ്‌ തുടങ്ങിയവരില്ല. പ്ലേ ഓഫ്‌ ബെര്‍ത്തുകള്‍ സ്വന്തമാക്കി കരുത്തരായ പോര്‍ച്ചുഗലും ഗ്രീസും ഉക്രൈനും ഫ്രാന്‍സും സ്ലേവേനിയയും റഷ്യയും റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡും ബോസ്‌നിയയും ആയുസ്സ്‌ നീട്ടിയെടുത്തു. എട്ട്‌ ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാാനക്കാരില്‍ മികച്ച പോയന്റ്‌്‌ സ്വന്തമാക്കിയവര്‍ സ്‌പെയിനും ഹോളണ്ടുമാണ്‌. സ്‌പെയിന്‍ പത്ത്‌ മല്‍സരങ്ങള്‍ ജയിച്ചപ്പോള്‍ ഹോളണ്ട്‌്‌ എട്ട്‌ കളികളില്‍ കരുത്ത്‌ കാട്ടി. ഏറ്റവും മികച്ച എട്ട്‌ രണ്ടാം സ്‌ഥാനക്കാരുടെ പട്ടികയിലേക്ക്‌ പോര്‍ച്ചുഗലും ഗ്രീസുമെല്ലാം വന്നത്‌ അവസാന ദിവസത്തിലാണ്‌. ഈ മാസം 19 നാണ്‌ പ്ലേ ഓഫ്‌ നറുക്കെടുപ്പ്‌. മല്‍സരങ്ങള്‍ ഹോം, എവേ അടിസ്‌ഥാനത്തില്‍ അടുത്ത മാസം 19 മുതലാണ്‌.
ഗ്രൂപ്പ്‌ രണ്ടിലെ അവസാന മല്‍സരത്തില്‍ യോഗ്യത നേടാന്‍ ഒരു പോയന്റ്‌ മാത്രം ആവശ്യമായ സ്വിസുകാര്‍ ഇസ്രാലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ നിര്‍ണ്ണായക അങ്കത്തില്‍ സ്ലോവാക്യ ഒരു ഗോളിന്‌ പോളണ്ടിനെ വീഴ്‌ത്തി. യൂറോപ്പിലെ അവസാന റൗണ്ട്‌്‌ മല്‍സരങ്ങളുടെ ചിത്രം ഇപ്രകാരമാണ്‌.:
ഗ്രൂപ്പ്‌-1 : സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ സാന്നിദ്ദ്യമില്ലാതിരുന്നിട്ടും ദുര്‍ബലരായ മാള്‍ട്ടയെ നാല്‌ ഗോളിന്‌ തകര്‍ക്കാന്‍ പോര്‍ച്ചുഗലിന്‌ വിയര്‍ക്കേണ്ടി വന്നില്ല. ഈ വിജയത്തോടെ അവര്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി. നാനി, സിമാവോ, മിഗേല്‍, അഡിനോ എന്നിവരാണ്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഇതേ ഗ്രൂപ്പില്‍ സ്വിഡന്‍ 4-1ന്‌ അല്‍ബേനിയയെ വീഴ്‌ത്തിയെങ്കിലും ഗുണമുണ്ടായില്ല. കഴിഞ്ഞ മല്‍സരത്തില്‍ ഡെന്മാര്‍ക്കിനോട്‌ ഒരു ഗോളിന്‌ തോറ്റതാണ്‌ അവര്‍ക്ക്‌ വിനയായത്‌.
ഗ്രൂപ്പ്‌ 2: സമനില മാത്രം ആവശ്യമായ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്‌ ഗോളടിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. രണ്ടാം മല്‍സരത്തില്‍ ലക്‌സംബര്‍ഗ്ഗിനെ 1-2 ന്‌ തോല്‍പ്പിച്ചതോടെ ഗ്രീസിന്‌ പ്ലേ ഓഫ്‌ ടിക്കറ്റായി
ഗ്രൂപ്പ്‌ 3: സ്ലോവാക്യ പോളണ്ടിനെതിരെ അവരുടെ തട്ടകത്ത്‌ വിജയിച്ച്‌ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായപ്പോള്‍ സ്ലോവേനിയ രണ്ടാം സ്ഥാനക്കാരുടെ പ്ലേ ഓഫ്‌ ടിക്കറ്റും നേടി.
ഗ്രൂപ്പ്‌ 4: പൊരുതിക്കളിച്ച ഫിന്‍ലാന്‍ഡിന്‌ മുന്നില്‍ ജര്‍മനി വിയര്‍ത്ത്‌ സമനില നേടിയപ്പോള്‍ പ്ലേ ഓഫ്‌ ടിക്കറ്റ്‌്‌ ഉറപ്പാക്കിയ റഷ്യയെ അസര്‍ബെയ്‌ജാന്‍ 1-1 ല്‍ കുരുക്കി.
ഗ്രൂപ്പ്‌ 5: സ്‌പെയിന്‍ നേരത്ത തന്നെ ഫൈനല്‍ റൗണ്ട്‌ ഉറപ്പിച്ചവരായിട്ടും ബോസ്‌നിയക്കെതിര അവര്‍ രണ്ടാം നിരയെ വെച്ച്‌ 5-2 ന്റെ വിജയം നേടി. തുര്‍ക്കി രാഷ്ട്രീയ എതിരാളികളായ അര്‍മീനിയയെ രണ്ട്‌്‌ ഗോളിന്‌ തോല്‍പ്പിച്ചെങ്കിലും ഫലവുമായില്ല.
ഗ്രൂപ്പ്‌ 6: അന്‍ഡോറക്കെതിരെ ആറ്‌ ഗോള്‍ വിജയവുമായി ഉക്രൈന്‍ പ്ലേ ഓഫ്‌ ടിക്കറ്റ്‌്‌ നേടിയപ്പോള്‍ ഇംഗ്ലണ്ട്‌്‌ സ്വന്തം തട്ടകത്ത്‌ ബെലാറൂസിനെ മൂന്ന്‌ ഗോളിന്‌ മുക്കി. പീറ്റര്‍ ക്രൗച്ച്‌ രണ്ട്‌ ഗോളുകള്‍ നേടിയപ്പോള്‍ വെറ്ററന്‍ ഡേവിഡ്‌ ബെക്കാമും കരുത്ത്‌ കാട്ടി. കസാക്കിസ്ഥാനെ 2-1ന്‌ തോല്‍പ്പിച്ചിട്ടും ക്രൊയേഷ്യക്കാര്‍ക്ക്‌ പുറത്ത്‌ പോവാനാണ്‌ വിധി.
ഗ്രൂപ്പ ്‌7: നേരത്തെ തന്നെ യോഗ്യത നേടിയ സെര്‍ബിയ തുടര്‍ച്ചയായ രണ്ടാം തോല്‍വി വാങ്ങിയതായിരുന്നു ഈ ഗ്രൂപ്പിലെ വാര്‍ത്ത. ലിത്വാനിയയാണ്‌ 2-1 ന്റെ വിജയം കരസ്ഥമാക്കിയത്‌. ഓസ്‌ട്രിയയെ 3-1ന്‌ കശക്കി ഫ്രാന്‍സ്‌ പ്ലേ ഓഫിന്‌ ഒരുങ്ങി.
ഗ്രൂപ്പ്‌ 8: കളിയവസാനിക്കാന്‍ 15 മിനുട്ട്‌ മാത്രം ശേഷിക്കവെ രണ്ട്‌ ഗോളിന്‌ സൈപ്രസിനെതിരെ പിറകിലായിരുന്ന മാര്‍സിലോ ലിപ്പിയുടെ ഇറ്റലി ആല്‍ബെര്‍ട്ടോ ഗിലാര്‍ഡിനിയുടെ ഹാട്രിക്കില്‍ തിരിച്ചുവന്ന്‌ കരുത്ത്‌ കാട്ടി. മോണ്ടിനിഗ്രോയുമായി ഗോള്‍രഹിത സമനില വഴങ്ങിയ അയര്‍ലാന്‍ഡ്‌ പ്ലേ ഓഫ്‌ ടിക്കറ്റ്‌ ഉറപ്പിച്ചപ്പോള്‍ ബള്‍ഗേറിയ 6-2ന്‌ ജോര്‍ജിയയെ വീഴ്‌ത്തി. ഡിമിത്രി ബെര്‍ബതോവ്‌ മൂന്ന്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു.

ദ്രാവിഡ്‌, യൂസഫ്‌ , ആര്‍.പി പുറത്ത്‌
ചെന്നൈ: അനുഭവസമ്പന്നനായ രാഹുല്‍ ദ്രാവിഡിനെയും ഓള്‍റൗണ്ടര്‍ യൂസഫ്‌ പത്താനെയും സീമര്‍ ആര്‍.പി സിംഗിനെയും പുറത്താക്കി ഓസ്‌ട്രേലിയക്കെതിരായ ഏഴ്‌ മല്‍സര ഏകദിന പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങള്‍ക്കുളള ടീമിനെ പ്രഖ്യാപിച്ചു. പരുക്ക്‌ കാരണം വിശ്രമിക്കുകയായിരുന്ന യുവരാജ്‌ സിംഗ്‌, വിരേന്ദര്‍ സേവാഗ്‌, രവീന്ദു ജഡേജ എന്നിവര്‍ തിരിച്ചെത്തിയപ്പോള്‍ മുനാഫ്‌ പട്ടേല്‍ പ്രതീക്ഷിക്കപ്പെട്ട പോലെ ടീമിലിടം നേടി. പുതുമുഖമായി വന്നത്‌ ഒരാള്‍ മാത്രം-സീമര്‍ സുദീപ്‌ ത്യാഗി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌ വേണ്ടി കളിച്ച ത്യാഗി ആര്‍.പിക്ക്‌ പകരക്കാരനായാണ്‌ ടീമിലെത്തിയിരിക്കുന്നത്‌. ടീമില്‍ ഹര്‍ഭജന്‍സിംഗിനൊപ്പം ഒരു രണ്ടാം സ്‌പിന്നര്‍ ഇല്ല എന്നതാണ്‌ സവിശേഷത. സാധാരണ ഗതിയില്‍ ഇന്ത്യയില്‍ നടക്കുന്ന പരമ്പരകളില്‍ ഒന്നിലധികം സ്‌പിന്നര്‍മാരെ ഉള്‍പ്പെടുത്താറുണ്ട്‌. അമിത്‌ മിശ്രയോ, പ്രഗ്യാന്‍ ഒജയോ ടീമിലെത്തുമെന്ന്‌ കരുതിയെങ്കിലും അതുണ്ടാായില്ല. യുവരാജ്‌, സേവാഗ്‌ എന്നിവരുടെ പാര്‍ട്ട്‌ ടൈം സ്‌പിന്നിനെ പ്രയോജനപ്പെടുത്താനാണ്‌ സെലക്ഷന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം. യുവരാജിന്റെ പരുക്ക്‌ പൂര്‍ണ്ണമായും ഭേദമായിട്ടില്ല. പരമ്പരയിലെ ആദ്യ മല്‍സരത്തിന്‌ അദ്ദേഹമുണ്ടാവില്ല. രണ്ടാം മല്‍സരത്തില്‍ യുവരാജിന്‌ കളിക്കാന്‍ കഴിയുമെന്നാണ്‌ സെലക്ഷന്‍ കമ്മിറ്റി കണ്‍വീനറായ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെക്രട്ടറി ശ്രീനിവാസന്‍ പറഞ്ഞത്‌. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ നിരാശപ്പെടുത്തിയത്‌ കൊണ്ടാണ്‌ യൂസഫ്‌ പത്താന്‍, ആര്‍.പി സിംഗ്‌ എന്നിവരെ തഴഞ്ഞത്‌. അതേ സമയം ഇശാന്ത്‌ ശര്‍മ്മയെ നിലനിര്‍ത്തിയിട്ടുമുണ്ട്‌. ഈ മാസം 25 നാണ്‌ പരമ്പര ആരംഭിക്കുന്നത്‌.
ടീം ഇതാണ്‌: മഹേന്ദ്രസിംഗ്‌ ധോണി (ക്യാപ്‌റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, യുവരാജ്‌ സിംഗ്‌, സുരേഷ്‌ റൈന, വിരത്‌ കോഹ്‌ലി, രവിന്ദു ജഡേജ, ഹര്‍ഭജന്‍സിംഗ്‌, ആശിഷ്‌ നെഹ്‌റ, മുനാഫ്‌ പട്ടേല്‍, സുദീപ്‌ ത്യാഗി, പ്രവീണ്‍ കുമാര്‍, ഇഷാന്ത്‌ ശര്‍മ്മ.
വെങ്കിക്കും റോബിനും മടക്കടിക്കറ്റ്‌
ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ സപ്‌ത മല്‍സര പരമ്പരക്കുളള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ പരിശീലിപ്പിക്കാന്‍ ബൗളിംഗ്‌ കോച്ച്‌ വെങ്കടേഷ്‌ പ്രസാദും ഫീല്‍ഡിംഗ്‌ കോച്ച്‌ റോബിന്‍ സിംഗും ഉണ്ടാവില്ല. രണ്ട്‌ പേരെയും പുറത്താക്കിയതായി ക്രിക്കറ്റ്‌ ബോര്‍ഡ്‌ അറിയിച്ചു. എന്നാല്‍ ഇത്‌ വരെ തങ്ങള്‍ക്ക്‌ ഇത്‌ സംബന്ധിച്ച്‌ അറിയിപ്പ്‌ ലഭിച്ചിട്ടില്ലെന്നാണ്‌ വെങ്കിയും റോബിനും പറയുന്നത്‌. സമീപകാലത്ത്‌ ഇന്ത്യന്‍ ടീം ( 20-20 ലോകകപ്പ്‌, ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി) ബൗളിംഗിലും ഫീല്‍ഡിംഗിലും നിരാശപ്പെടുത്തിയതിന്റെ ഉത്തരവാദിത്ത്വം ചുമത്തിയാണ്‌ രണ്ട്‌ പേരെയും മുന്നറിയിപ്പില്ലാതെ പുറത്താക്കിയത്‌. പകരം നിയമനമായിട്ടില്ല. ഇന്ത്യന്‍ ടീമിനൊപ്പം നിസ്വാര്‍ത്ഥ സേവനം നല്‍കിയ തന്നെ ഒരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കിയതില്‍ നിരാശയുണ്ടെന്ന്‌ വെങ്കി പറഞ്ഞു. ബുധനാഴ്‌ച്ച്‌ നടന്ന ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഭാരവാഹികളുടെ യോഗത്തിലായിരുന്നു പരിശീലകരെ പുറത്താക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ ഇത്‌ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല. പുതിയ ബൗളിംഗ്‌, ഫീല്‍ഡിംഗ്‌ പരിശീലകരെ ഉടന്‍ നിയമിക്കും. അത്‌ വരെ ചീഫ്‌ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‌ തന്നെയായിരിക്കും മൊത്തം ചുമതല. ക്രിക്കറ്റ്‌ ബോര്‍ഡുമായി ഇത്‌ വരെ കരാറില്ലാതെയാണ്‌ വെങ്കിയും റോബിനും ജോലി ചെയ്‌തത്‌. 2007 ലെ വിന്‍ഡീസ്‌ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ്‌ വെങ്കിയും റോബിനും പരിശീലകരായി ചുമതലയേറ്റത്‌. ഇന്ത്യക്ക്‌ 20-20 ലോകകപ്പ്‌ സമ്മാനിക്കുന്നതില്‍ ഇവര്‍ക്ക്‌ പങ്കുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ 20-20 ലോകകപ്പിലും ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലും ടീമിന്റെ പ്രകടനം നിരാശാകരമായിരുന്നു. റോബിന്‍ സിംഗ്‌ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കോച്ചായി നിയമിതനായിട്ടുണ്ട്‌. വെങ്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമാണ്‌.
ഇന്ന്‌ ഫൈനല്‍
കെയ്‌റോ: സീനിയര്‍ ലോകകപ്പിന്റെ ചിത്രം ഏറെക്കുറെയായിരിക്കുന്നു. ആ ലോകകപ്പ്‌ സംഘത്തില്‍ ഇടം നേടാന്‍ ജൂനിയര്‍ താരങ്ങള്‍ക്കുളള അവസാന അവസരമിതാ-ഇന്ന്‌ ഫിഫ അണ്ടര്‍ 20 ലോകകപ്പിന്റെ നിര്‍ണ്ണായക ഫൈനല്‍. നാഷണല്‍ സ്‌റ്റേഡിയത്തില്‍ മുഖാമുഖം വരുന്നത്‌ ശക്തരായ ബ്രസീലും വീര്യക്കാരായ ഘാനയും. ഇത്‌ വരെ രണ്ട്‌ ടീമും നടത്തിയ പ്രകടനം മുഖവിലക്കെടുത്താല്‍ ഒരു പ്രവചനം അസാധ്യമാണ്‌. സുന്ദരമായ സോക്കറിന്റെ വിശ്വ പ്രതീകമാണ്‌ ബ്രസീല്‍. അവര്‍ മനോഹരമായി തന്നെയാണ്‌ കളിച്ചതും. സെമിയില്‍ കോസ്‌റ്റാറിക്കയെ തോല്‍പ്പിക്കുന്നതില്‍ മാത്രം അല്‍പ്പം വിയര്‍ത്ത ബ്രസീലിന്‌ പക്ഷേ ഇന്ന്‌ ആരോഗ്യകരമായി തന്നെ കളിക്കേണ്ടിയിരിക്കുന്നു. ബ്രസീല്‍ താരങ്ങളെക്കാള്‍ തടിമിടുക്കും കരുത്തുമുളളവരാണ്‌ ഘാനക്കാര്‍. പക്ഷേ അവര്‍ക്ക്‌ 90 മിനുട്ടും ഒരു കരുത്തില്‍ കളിക്കാന്‍ കളിയുന്നില്ല എന്ന സത്യം ഹംഗറിക്കെതിരായ സെമിയില്‍ വ്യക്തമായിരുന്നു. ആദ്യ പകുതിയില്‍ രണ്ട്‌ ഗോളിന്‌ ലീഡ്‌ ചെയ്‌തിട്ടും രണ്ടാം പകുതിയില്‍ മൂന്ന്‌ സൂപ്പര്‍ താരങ്ങളില്ലാതെ കളിച്ച ഹംഗറിക്ക്‌ മുന്നില്‍ അവര്‍ വിയര്‍ത്തിരുന്നു. ഒടുവില്‍ ഭാഗ്യത്തിനാണ്‌ രക്ഷപ്പെട്ടത്‌. ഇന്ന്‌ കാണികളുടെ പിന്തുണ ബ്രസീലിനുണ്ടാവില്ല. ആഫ്രിക്കയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വന്‍കരാ സ്‌നേഹം ഈജിപ്‌തുകാര്‍ പ്രകടിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ബ്രസീലിന്റെ സ്‌ട്രാറ്റജി വ്യക്തമാണ്‌-ആദ്യ പകുതിയില്‍ പ്രതിരോധിക്കുക. രണ്ടാം പകുതിയില്‍ ഗോളടിക്കുക. ഘാനയുടെ തന്ത്രം മറ്റൊന്നാണ്‌-തുടക്കത്തില്‍ തന്നെ പ്രഹരശേഷി പ്രകടിപ്പിക്കുക. നല്ല തുടക്കം ലഭിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാവുമെന്നാണ്‌ ടീം വൃത്തങ്ങള്‍ കരുതുന്നത്‌. ഇന്നത്തെ ഫൈനലില്‍ മികവ്‌ പ്രകടിപ്പിക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും സീനിയര്‍ ലോകകപ്പ്‌്‌ സംഘത്തിലെത്താനാവും. ഘാനയും ബ്രസീലും ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന്‌ യോഗ്യത നേടിയവരാണ്‌.

ഹോണ്ടുറാസ്‌...
ന്യൂയോര്‍ക്ക്‌: ഹോണ്ടുറാസ്‌ ആനന്ദത്തില്‍ കരയുകയാണ്‌... അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ നേരിട്ട്‌ കടക്കാനാവുമെന്ന്‌. പക്ഷേ ഭാഗ്യവും മികവുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ടീമിന്‌ ബെര്‍ത്ത്‌ കിട്ടി. ഇന്നലെ മേഖലയില്‍ നടന്ന ലോകകപ്പാ യോഗ്യതയുടെ അവസാന മല്‍സരത്തില്‍ ഹോണ്ടുറാസ്‌ എല്‍സാവഡോറിനെ ഒരു ഗോളിന്‌ തോല്‍പ്പിച്ചപ്പോള്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന കോസ്‌റ്റാറിക്കയെ അമേരിക്ക 2-2 ല്‍ തളച്ചിരുന്നു. ഹോണ്ടുറാസിനൊപ്പം കോസ്‌റ്റാറിക്ക ജയിച്ചിരുന്നെങ്കില്‍ അവര്‍ക്കായിരുന്നു ബെര്‍ത്ത്‌. പക്ഷേ അമേരിക്കക്കെതിരായ മല്‍സരത്തില്‍ അവസാന നിമിഷത്തില്‍ കോസ്‌റ്റാറിക്കക്കാര്‍ സമനില വഴങ്ങുകയായിരുന്നു. ഈ സമനിലയാണ്‌ ഹോണ്ടുറാസിന്‌ തുണയായത്‌. മൂന്ന്‌ ബെര്‍ത്താണ്‌ കോണ്‍കാകാഫില്‍ നിന്നും ലോകകപ്പിന്‌. ഇതില്‍ ആദ്യ രണ്ടും അമേരിക്കയും മെക്‌സിക്കോയും നേടിയിരുന്നു. മൂന്നാം ബെര്‍ത്താണ്‌ ഇപ്പോള്‍ ഹോണ്ടുറാസ്‌ നേടിയിരിക്കുന്നത്‌. കോസ്‌റ്റാറിക്ക പ്ലേ ഓഫില്‍ ഇനി ഉറുഗ്വേയുമായി കളിക്കണം. മേഖലയിലെ അവസാന പോയന്റ്‌്‌ നില ഇപ്രകാരം: 1-അമേരിക്ക-20, 2-മെക്‌സിക്കോ-19, 3- ഹോണ്ടുറാസ്‌-16, 4-കോസ്‌റ്റാറിക്ക-16, 5-എല്‍സാവഡോര്‍-8, 6-ട്രിനിഡാഡ്‌ ടുബാഗോ-6.

വീണ്ടും മാറ്റി
ന്യൂഡല്‍ഹി: താര്‍ഖണ്‌ഡില്‍ നടത്താനിരുന്ന ദേശീയ ഗെയിംസ്‌ അനിശ്ചിതമായി വീണ്ടും മാറ്റി. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാരണം പറഞ്ഞാണ്‌ ഇപ്പോള്‍ ഗെയിംസ്‌ മാറ്റിവെച്ചിരിക്കുന്നത്‌. പകരം എന്ന്‌ ഗെയിംസ്‌ നടക്കുമെന്ന്‌ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിനിടെ ഇത്‌ അഞ്ചാം തവണയാണ്‌ മുപ്പത്തിനാലാമത്‌ ഗെയിംസ്‌ മാറ്റിവെക്കുന്നത്‌.
തുറന്ന പോര്‌
ന്യൂഡല്‍ഹി: ഒരു വിധം ഡല്‍ഹി മുഖം രക്ഷിച്ചിട്ട്‌ മണിക്കൂറുകളായിട്ടില്ല. അതിന്‌ മുമ്പ്‌ തന്നെ തുറന്നടിയുമായി ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌്‌ സുരേഷ്‌ കല്‍മാഡി രംഗത്ത്‌. അടുത്ത വര്‍ഷം ഇവിടെ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ഒരുക്ക നീക്കങ്ങളില്‍ അസംതൃപ്‌തി പ്രകടിപ്പിച്ച്‌ കോമണ്‍വെല്‍ത്ത്‌ ഫെഡറേഷന്‍ പ്രതിനിധി സംഘം മടങ്ങിയതിന്‌ പിന്നാലെ വലിയ മേളയുടെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറായ മൈക്‌ ഹൂപ്പറിനെതിരെ ഇന്നലെ കല്‍മാഡി പത്രസമ്മേളനം തന്നെ നടത്തി. ഗെയിംസ്‌ വിജയകരമായി നടക്കണമെങ്കില്‍ ഹൂപ്പറെ എത്രയും വേഗം തിരിച്ചുവിളിക്കണമെന്നാണ്‌ കല്‍മാഡിയുടെ ആവശ്യം. എന്നാല്‍ കല്‍മാഡി തന്റെ വിമര്‍ശനങ്ങള്‍ വ്യക്തിപരമായി കാണുന്നതാണ്‌ പ്രശ്‌നമെന്ന്‌ ഹൂപ്പര്‍ പറയുന്നു. പുതിയ വിവാദം ഡല്‍ഹി ഗെയിംസിനെ ബാധിക്കുമോയെന്ന കാര്യം വരും ദിവസങ്ങളില
റിയാം.
കൈയ്യടി ഇന്ത്യാവിഷന്‌
കോഴിക്കോട്‌: അര്‍ജന്റീനയുടെ ആരാധകര്‍ക്ക്‌ മുന്നില്‍ ഇന്ത്യാവിഷന്‍ ചാനല്‍ ആശ്വാസമായി. ഇന്നലെ പുലര്‍ച്ചെ നടന്ന അര്‍ജന്റീന- ഉറുഗ്വേ ലോകകപ്പ്‌ യോഗ്യതാ മല്‍സരം ഒരു സ്‌പോര്‍ട്‌സ്‌ ചാനലും സംപ്രേഷണം ചെയ്‌തിരുന്നില്ല. എന്നാല്‍ ഇന്ത്യാവിഷന്‍ ചാനല്‍ മല്‍സരത്തിന്റെ ഡിഫേര്‍ഡ്‌ ലൈവും അവലോകനങ്ങളുമായി ഫുട്‌ബോള്‍ പ്രേമികള്‍ക്ക്‌ ആശ്വാസമേകി. അര്‍ജന്റീന-പെറു മല്‍സരവും ഇന്ത്യാവിഷന്‍ പൂര്‍ണ്ണസമയം ഡിഫേര്‍ഡായി കാണിച്ചിരുന്നു.

No comments: