ഹീറോ ആര്
ലണ്ടന്‍: നാളത്തെ ദിവസത്തിന് ലോക ഫുട്‌ബോളില്‍ അനന്യമായ പ്രാധാന്യമുണ്ട്.... ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 41 ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മഹാമാമാങ്കത്തില്‍ പന്ത് തട്ടുന്നവര്‍ ആരെല്ലാമായിരിക്കുമെന്നതിന്റെ രൂപരേഖ അന്നറിയാം. 13 ന് നടക്കുന്ന അവസാന മല്‍സരങ്ങളോടെ ചിത്രം പൂര്‍ണ്ണമാവും. പോര്‍ച്ചുഗല്‍, അര്‍ജന്റീന, ഈജിപ്‌ത്, നൈജീരിയ തുടങ്ങിയവര്‍ക്കെല്ലാം നാളെ നിര്‍ണ്ണായക അങ്കങ്ങളാണ്. ജയിക്കാത്തപക്ഷം കഥ ക
ഴിഞ്ഞത് തന്നെ. ഈ ടീമുകളില്‍ കളിക്കുന്നത് ലോകോത്തര താരങ്ങളാണ്. അവര്‍ക്കും മല്‍സരങ്ങള്‍ അതി നിര്‍ണ്ണായകം. പോര്‍ച്ചുഗല്‍ ഹംഗറിയെയും അര്‍ജന്റീന പെറുവിനെയും ഈജിപ്‌ത് സാംബിയയെയും നൈജീരിയ മൊസംബിക്കിനെയുമാണ് നാളെ നേരിടുന്നത്. റഷ്യ-ജര്‍മനി, സ്ലോവാക്യ-സ്ലോവേനിയ, ഡെന്മാര്‍ക്ക്-സ്വിഡന്‍, റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡ്-ഇറ്റലി, ഗ്രീസ്-ലാത്‌വിയ, കാമറൂണ്‍-ടോംഗോ, ഇക്വഡോര്‍-ഉറുഗ്വേ, കൊളംബിയ-ചിലി, മെക്‌സിക്കോ -എല്‍സാവഡോര്‍, ഹോണ്ടുറാസ്-അമേരിക്ക എന്നീ മല്‍സരങ്ങളും നിര്‍ണ്ണായകമാണ്. ലോകത്തിന്റെ പ്രിയപ്പെട്ട സോക്കര്‍ താരങ്ങളായ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായും ലയണല്‍ മെസി അര്‍ജന്റീനക്കായും കളിക്കുന്നു. നാളെ നടക്കുന്ന മല്‍സരങ്ങളിലെ സൂപ്പര്‍ താരം ആരായിരിക്കും..? ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ അതോ ലയണല്‍ മെസിയോ....?
വായനക്കാര്‍ക്ക് പ്രതികരിക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ sportschandrika@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക.
അവസാനമോ
ലണ്ടന്‍: സ്‌റ്റീവന്‍ ഹാര്‍മിസണ്‍ എന്ന ഇംഗ്ലീഷ് സീമറുടെ രാജ്യാന്തര കരിയര്‍ അവസാനിക്കുകയാണോ....? ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുളള ഇംഗ്ലീഷ് ടെസ്‌റ്റ്-ഏകദിന ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ രണ്ട് നിരയിലും ഹാര്‍മിസണ്‍ ഇല്ല. പ്രായം തളര്‍ത്തുന്ന പ്രതിഭക്ക് പകരം ലിയാം പ്ലങ്കറ്റ്, സ്‌റ്റീവ് ഡേവിസ്, ആദില്‍ റഷീദ്, ലൂക് റൈറ്റ് തുടങ്ങിയവരെയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാര്‍മിസണെ കൂടാതെ ഒവൈസ് ഷാ, രവി ബോപ്പാര തുടങ്ങിയവര്‍ക്കും ടീമില്‍ സ്ഥാനമില്ല. കൂടുതല്‍ അവസരം ഇംഗ്ലണ്ട് തനിക്ക് നല്‍കുന്നില്ലെങ്കില്‍ രാജ്യാന്തര രംഗം വിടുമെന്ന് ഈയിടെ ഹാര്‍മി പറഞ്ഞിരുന്നു. അതേ സമയം പരുക്കില്‍ വിശ്രമിക്കുകയായിരുന്ന കെവിന്‍ പീറ്റേഴ്‌സണ്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഏകദിന ടീമില്‍ സാജിദ് മഹമൂദിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് ടീം ഇതാണ്: ആന്‍ഡ്ര്യൂ സ്‌ട്രോസ് (ക്യാപ്‌റ്റന്‍), അലിസ്റ്റര്‍ കുക്ക്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഇയാന്‍ ബെല്‍, സ്റ്റ്യൂവര്‍ട്ട് ബ്രോഡ്, പോള്‍ കോളിംഗ്‌വുഡ്, ഗ്രഹാം ഒനിയന്‍സ്, സ്‌റ്റീവന്‍ ഡേവിസ്, കെവിന്‍ പീറ്റേഴ്‌സണ്‍, ലിയാം പ്ലങ്കറ്റ്, മാറ്റ് പ്രയര്‍, ആദില്‍ റഷീദ്, റ്യാന്‍ സൈഡ്‌ബോട്ടം, ഗ്രയീം സ്വാന്‍, ജോനാഥന്‍ ട്രോട്ട്, ലൂക് റൈറ്റ്. ഏകദീന ടീം: ആന്‍ഡ്ര്യൂ സ്‌ട്രോസ് (ക്യാപ്‌റ്റന്‍), ജെയിംസ് ആന്‍ഡേഴ്‌സണ്‍, ടീം ബ്രെന്‍സന്‍, സ്റ്റ്യൂവര്‍ട്ട് ബ്രോഡ്, പോള്‍ കോളിംഗ്‌വുഡ്, അലിസ്‌റ്റര്‍ കുക്ക്, ജോ ഡെന്‍ലി, സാജിദ് മഹമൂദ്, ഇയാന്‍ മോര്‍ഗന്‍, ഗ്രഹാം ഒനിയന്‍സ്, കെവിന്‍ പീറ്റേഴ്‌സണ്‍, മാറ്റ് പ്രയര്‍, ആദില്‍ റഷീദ്, ഗ്രയീം സ്വാന്‍, ജോനാഥന്‍ ട്രോട്ട്, ലൂക് റൈറ്റ്.
നമ്പര്‍ വണ്‍
ബെയ്‌ജിംഗ്: ഇ.എസ്.പി.എന്‍ ക്യാമറകള്‍ക്ക് മുന്നില്‍ തുണിയുരിഞ്ഞ വിവാദത്തില്‍ സസ്‌പെന്‍ഷന്‍ ഭീഷണിക്ക് മുന്നില്‍ നില്‍ക്കുന്ന അമേരിക്കന്‍ താരം സറീന വില്ല്യംസ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ചൈന ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ വിജയിച്ചതിനൊപ്പം നിലവിലെ ഒന്നാം റാങ്കുകാരിയായ റഷ്യക്കാരി ദിനാര സാഫിനെ ആദ്യ റൗണ്ടില്‍ തന്നെ ഇവിടെ പുറത്തായതുമാണ് സറീനക്ക് ഗുണമായിരിക്കുന്നത്. ലോക റാങ്കിംഗിലെ 226-ാം റാങ്കുകാരിക്ക് മുന്നിലാണ് സാഫിന അടിയറവ് പറഞ്ഞത്.
ഫിഫ അണ്ടര്‍ 20
ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി
അലക്‌സാണ്ടറിയ, (ഈജിപ്‌ത്): ഫിഫ അണ്ടര്‍ 20 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ദിവസം നടക്കുന്ന ആദ്യ മല്‍സരത്തില്‍ കൊറിയ റിപ്പബ്ലിക് ഘാനയെ എതിരിടുമ്പോള്‍ രണ്ടാം മല്‍സരം യൂറോപ്യന്‍ പോരാട്ടമാണ്. ഇറ്റലിയും ഹംഗറിയും നേര്‍ക്കുനേര്‍. നാളെ നടക്കുന്ന ക്വാര്‍ട്ടറുകളില്‍ ബ്രസീല്‍ ജര്‍മനിയെയും യു.എ.ഇ കോസ്‌റ്റാറിക്കയെയും നേരിടും. ഇന്നലെ നടന്ന അവസാന പ്രി ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ബ്രസീല്‍ 3-1ന് ഉറുഗ്വേയെയും യു.എ.ഇ 2-1ന് വെനിസ്വേലയെയും ജര്‍മനി 3-2ന് നൈജീരിയയെയും പരാജയപ്പെടുത്തി.
ടെന്‍ഷന്‍
ബ്യൂണസ് അയേഴ്‌സ്: സമ്മര്‍ദ്ദമല്ല-അതി സമ്മര്‍ദ്ദം....! അര്‍ജന്റീന ഇപ്പോള്‍ തന്നെ ഉറങ്ങുന്നില്ല. ലോകകപ്പ് എന്ന വലിയ സ്വപ്‌നത്തില്‍ സ്വന്തം ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കില്ലേ എന്ന ചിന്തയില്‍ രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനകളിലാണ്. ചിലര്‍ കോച്ച് മറഡോണയെ കുറ്റം പറയുമ്പോള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ കോച്ചിനും ടീമിനും പിന്തുണ നല്‍കാനുള്ള വിശാല മനസ്‌ക്കതയാണ് ഭരണക്കൂടം ആരാധാകരോട് ആവശ്യപ്പെടുന്നത്. ഇത് വരെ ഇങ്ങനെയൊരു വലിയ പ്രതിസന്ധിയിലും സമ്മര്‍ദ്ദത്തിലും അര്‍ജന്റിനിയന്‍ ഫുട്‌ബോള്‍ അകപ്പെട്ടിട്ടില്ല. ലോകത്തെ വലിയ ഫുട്‌ബോള്‍ ശക്തികളില്‍ ഒന്നായി അറിയപ്പെടുന്ന കൊച്ചു രാജ്യത്തിന് ലോകത്തിന് മുന്നില്‍ ഉയര്‍ത്തി കാണിക്കാന്‍ ഒരു പിടി വിഖ്യാതരായ താരങ്ങളുണ്ട്. ഡീയാഗോ മറഡോണയും ഡാനിയല്‍ പാസറല്ലെയും ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും ലയണല്‍ മെസിയുമെല്ലാം ലോകത്തിന്റെ പ്രിയപ്പെട്ട അര്‍ജന്റീനക്കാരാണ്. മറഡോണ ടീമിന്റെ കോച്ചായി വന്നപ്പോള്‍ നല്ല കാലമാണ് എല്ലാവരും സ്വപ്‌നം കണ്ടത്. പക്ഷേ ടീം തോറ്റമ്പി. തുടര്‍ച്ചയായ തോല്‍വികളില്‍ ജനം മറഡോണയെന്ന ദൈവത്തെ വെറുത്തിരിക്കുന്നു. ആരും പ്രതിഷേധം പുറത്തിയറിയിക്കാതെ അടുത്ത രണ്ട് മല്‍സരങ്ങള്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ്. നാളെ പെറുവുമായും ബുധനാഴ്‌ച്ച ഉറുഗ്വേയുമായാണ് മറഡോണയുടെ സംഘം കളിക്കുന്നത്. രണ്ട് മല്‍സരങ്ങളും ജയിക്കുന്നപക്ഷം ടീമിന് സാധ്യത ശക്തമാണ്. പക്ഷേ അതിസമ്മര്‍ദ്ദത്തില്‍ ഈ രണ്ട് മല്‍സരങ്ങളിലും വിജയം വരിക്കുക എളുപ്പമല്ല. പെറു ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരാണ്. അവര്‍ക്ക് അര്‍ജന്റിന പോലെ വലിയ ഒരു ടീമിനെ തോല്‍പ്പിക്കാനുള്ള ത്രാണിയില്ല. പക്ഷേ നിലവിലുളള സമ്മര്‍ദ്ദ സാഹചര്യത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിക്കാന്‍ കഴിയൂമെന്ന വിശ്വസം ടീമിനുണ്ട്. നാളത്തെ മല്‍സരം ജയിച്ചാല്‍ മാത്രമാണ് ബുധനാഴ്‌ച്ചയിലെ മല്‍സരത്തിന് പ്രസക്തി. ഇനിയുള്ള രണ്ട് മല്‍സരങ്ങളും മറഡോണ ജയിക്കുമെന്നും അര്‍ജന്റീന ഫൈനല്‍ റൗണ്ട് കളിക്കുമെന്നും പറഞ്ഞ്‌് റയല്‍ മാഡ്രിഡിന്റെ ഡയരക്ടറായ ജോര്‍ജ് വല്‍ഡാനോ രംഗത്ത് വന്നത് മാത്രമാണ് മറഡോണക്ക് ആശ്വാസം നല്‍കുന്നത്. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ് മറഡോണ. താന്‍ ഏറ്റവും മികച്ച പരിശീലകനാണെന്ന് കൂടി ലോകത്തിന് മുന്നില്‍ മറഡോണ തെളിയിക്കുമെന്നാണ് വല്‍ഡാനോ പറയുന്നത്. 1986 ലെ മെക്‌സിക്കോ ലോകകപ്പില്‍ ഒരുമിച്ച് കളിച്ചവരാണ് മറഡോണയും വല്‍ഡാനോയും. പശ്ചിമ ജര്‍മനിക്കെതിരായ ഫൈനല്‍ മല്‍സരത്തില്‍ അര്‍ജന്റീനക്കായി വല്‍ഡാനോ ഗോളും നേടിയിരുന്നു. അര്‍ജന്റീനക്ക് അടുത്ത രണ്ട് മല്‍സരങ്ങള്‍ എളുപ്പമല്ലെന്ന് പറയുന്ന വല്‍ഡാനോ സമ്മര്‍ദ്ദത്തെ അതിജയിക്കാനുളള കരുത്ത് മറഡോണക്കുണ്ടെന്നാണ് പറയുന്നത്. ലോക സോക്കറില്‍ മറഡോണയോളം അനുഭവമുളളവര്‍ കുറവാണ്. വലിയ മല്‍സരങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് അദ്ദേഹത്തിനറിയാം. ടീമിലെ പ്രശ്‌നങ്ങളെല്ലാം അദ്ദേഹം പരിഹരിച്ചിട്ടുണ്ട്. ഇനി ഏറ്റവും മികച്ച ഫുട്‌ബോളുമായി കളം വാഴാന്‍ കഴിയും. ലയണല്‍ മെസിയെ മറഡോണയോട് താരതമ്യം ചെയ്യാന്‍ വല്‍ഡാനോ ഒരുക്കമല്ല. മെസി കരുത്തനായ താരമാണ്. പക്ഷേ അദ്ദേഹത്തിന് കൂടുതല്‍ സമയം നല്‍കണമെന്നാണ് വല്‍ഡനോ പറയുന്നത്.
റയലില്‍ പിടിവലി
മാഡ്രിഡ്: സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുമ്പോഴുളള പ്രശ്‌നങ്ങള്‍ റയല്‍ മാഡ്രിഡ് ക്ലബിന് പുതിയ സംഭവമല്ല. ലോക ഫുട്‌ബോളില്‍ നിറഞ്ഞ് നിന്ന പലരെയും ഒരു കുടക്കീഴില്‍ അണിനിരത്തിയിട്ടുളള റയലിന്റെ ക്യാമ്പില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതായാണ് സൂചനകള്‍. കരീം ബെന്‍സാമ എന്ന ഫ്രഞ്ച് മുന്‍നിരക്കാരന്‍ പരസ്യമായി നടത്തിയ പ്രസ്‌താവനയാണ് ടീമില്‍ ചര്‍ച്ചയായിരിക്കുന്നത്. മുന്‍നിരയില്‍ ടീമിന്റെ വെറ്ററന്‍ നായകന്‍ റൗള്‍ ഗോണ്‍സാലസിനൊപ്പം കളിക്കാന്‍ തനിക്കാവില്ലെന്നാണ് കരീം തുറന്നടിച്ചത്. പല മല്‍സരങ്ങളിലും റിസര്‍വ് ബഞ്ചില്‍ ഇരിക്കേണ്ടി വരുന്നതിന്റെ ഈര്‍ഷ്യയാണ് കരീമിന്റെ വാക്കുകളില്‍. സെവിയെക്കെതിരായ സ്‌പാനിഷ് ലീഗ് മല്‍സരത്തിന് ശേഷം കോച്ച് മാനുവല്‍ പെലിഗ്രിനിയുമായി കരീം ഉടക്കുകയും ചെയ്‌തിരുന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കക്ക, വാന്‍ നിസ്‌റ്റര്‍റൂയി, റൗള്‍ ഗോണ്‍സാലസ് തുടങ്ങിയ വന്‍ നാമങ്ങളാണ് റയലിന്റെ മുന്‍നിരയിലുളളത്. ഇവരുളളപ്പോള്‍ എല്ലാ മല്‍സരങ്ങളിലും ആദ്യ ഇലവനില്‍ കരീമിന് സ്ഥാനം നല്‍കാന്‍ കോച്ചിനാവില്ല. പല നിര്‍ണ്ണായക മല്‍സരങ്ങളിലും പുറത്തിരിക്കേണ്ട ഗതിക്കേടില്‍ യുവതാരം പൊട്ടിത്തെറിച്ചത് അദ്ദേഹത്തെ തന്നെയാണ് ബാധിക്കുക. റയലിന്റെ നായകനായ റൗളിന് വേഗതയില്ലെന്നാണ് കരീം പറയുന്നത്. ഫ്രഞ്ച് ക്ലബായ ഒളിംപിക് ലിയോണില്‍ നിന്ന് വന്‍ തുകക്കാണ് കരിമീനെ റയല്‍ വാങ്ങിയത്. അതിനാല്‍ തന്നെ എല്ലാ മല്‍സരങ്ങളിലും കളിക്കാന്‍ തന്നെ അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. കരീമിനെ വലിയ വിലക്ക് വാങ്ങുന്നതില്‍ കോച്ചിന് നേരത്തെ തന്നെ താല്‍പ്പര്യമുണ്ടായിരുന്നില്ലത്രെ.... കരീമിന് നല്‍കുന്ന തുകക്ക് വെസ്‌ലി സ്‌നൈഡ്‌ജര്‍, അര്‍ജന്‍ റൂബന്‍ എന്നിവരെ നിലനിര്‍ത്താനാണ് കോച്ച് ശ്രമിച്ചത്.
കോമണ്‍വെല്‍ത്ത് സംശയത്തില്‍
ന്യൂഡല്‍ഹി: ഒരു വര്‍ഷം മാത്രമാണ് ഇനി ബാക്കി-ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന്. പക്ഷേ കാര്യങ്ങള്‍ പുരോഗമിക്കുന്നത് ആശാവഹമായല്ല. ഇന്നലെ ഇവിടെയെത്തിയ കോമണ്‍വെല്‍ത്ത് പ്രതിനിധി സംഘത്തിന് ഡല്‍ഹിയുടെ ഒരുക്കങ്ങളില്‍ വലിയ സംതൃപ്‌തിയില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡണ്ട് മൈക് ഫെന്നലും ആറംഗ സംഘവും ഇന്നലെ ഏഴ് വേദികള്‍ സന്ദര്‍ശിച്ചു. സന്ദര്‍ശന ശേഷം സംസാരിക്കവെ ഇപ്പോള്‍ തനിക്ക് ഒന്നും പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ ഫെന്നല്‍ സുരേഷ് കല്‍മാഡി നയിക്കുന്ന സംഘാടക സമിതിക്ക് ആശങ്കയുടെ ദിവസങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്. ഒരു മാസം മുമ്പ് ഫെന്നല്‍ തന്റെ നിരാശ പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അദ്ദേഹം നേരിട്ടെത്തിയാണ് പ്രതികൂലമായി സംസാരിക്കുന്നത്. അടുത്ത ദിവസം തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയില്‍ അന്തിമ തീരുമാനമറിയാനാവും. ഡല്‍ഹി നഗരത്തിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ സംഘം നേരിട്ടറിഞ്ഞു. പത്ത് മണിക്കൂറിനിടെ ഏഴ് വേദികളാണ് സംഘം കണ്ടത്. വേദികളുടെ കാര്യത്തില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. പക്ഷേ ഇന്ത്യന്‍ ഒളിംപിക് അസോസിേയഷന്‍ തലവനും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ സുരേഷ് കല്‍മാഡി പറയുന്നത് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഗെയിംസ് നടക്കുമെന്നാണ്. ഇന്നലെ കോമണ്‍വെല്‍ത്ത് പ്രതിനിധി സംഘത്തെ അനുഗമിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. ഗെയിംസ് വില്ലേജ് ഇപ്പോഴും നിര്‍മ്മാണത്തിലാണ്. നിര്‍മാണം പുര്‍ത്തിയായ ത്യാഗരാജ സ്റ്റേഡിയത്തില്‍ മാത്രമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടായിരുന്നത്.
മഹി നമ്പര്‍ വണ്‍
മുംബൈ: നിങ്ങളുടെ ഉല്‍പ്പന്നം വിപണിയില്‍ ചൂടപ്പം പോലെ വില്‍ക്കണമോ-ദയവായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ സന്ദര്‍ശിച്ച് അദ്ദേഹത്തെ നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കുക...! രാജ്യത്ത് ഇന്നുളളവരില്‍ വെച്ച് ഏറ്റവുമധികം പേരെ ആകര്‍ഷിക്കുന്ന സെലിബ്രിറ്റി ഇന്ത്യന്‍ നായകനാണ്. ബോളിവുഡ് ബാദ്‌ഷാ ഷാറുഖ് ഖാനും, ബോളിവുഡ് ഷെഹന്‍ഷാ അമിതാഭ് ബച്ചനും മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും മഹിക്ക് ശേഷമെ വരുന്നുളളു. പെര്‍സെപ്‌റ്റ് ടാലന്റ്‌് മാനേജ്‌മെന്റ് നടത്തിയ പഠനത്തിലാണ് മഹിയുടെ മാര്‍ക്കറ്റ് വാല്യു വ്യക്തമായത്. മാധ്യമങ്ങളിലെ സാന്നിദ്ധ്യം, ജനങ്ങള്‍ക്കിടയിലെ സ്വാധീനം, സ്വന്തം ഇമേജ് തുടങ്ങിയ ഘടകങ്ങള്‍ അപഗ്രഥിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സെലിബ്രിറ്റി പട്ടികയിലെ കാര്യമായ വനിതാ സാന്നിദ്ധ്യം ഐശ്വര്യ റായിയാണ്.
വാഡക്കെതിരെ ഐ.സി.സി
ജോഹന്നാസ്‌ബര്‍ഗ്ഗ്: വിജയം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനും താരങ്ങള്‍ക്കും തന്നെ. ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയായ വാഡയുടെ വിവാദമായ കരാറിലെ പ്രത്യേക വ്യവസ്ഥ എടുത്തുകളയണമെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ബോര്‍ഡാണ് വാഡയിലെ വിവാദ വ്യവസ്ഥ സംബന്ധിച്ച് യോഗത്തില്‍ ചോദ്യം ഉന്നയിച്ചത്. ഇതോടെ വാഡയും ലോക ക്രിക്കറ്റും തമ്മില്‍ ഏറ്റുമുട്ടലിന് സാധ്യത തെളിഞ്ഞു. തങ്ങള്‍ എവിടെയാണുളളതെന്ന് ആറ് മാസം മുമ്പ് തന്നെ വ്യക്തമായ വിവരം നല്‍കണമെന്ന വാഡ വ്യവസ്ഥ അംഗീകരിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല. മറ്റ് ക്രിക്കറ്റ് രാജ്യങ്ങളെല്ലാം വാഡ വ്യവസ്ഥ അംഗീകരിച്ചപ്പോള്‍ ഇന്ത്യയുടെ എതിര്‍പ്പ് കാരണമാണ് ഈ വിഷയം പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്‌തത്. ഇന്ത്യന്‍ ബോര്‍ഡിന്റെ സമ്മര്‍ദ്ദത്തില്‍ മറ്റ് ബോര്‍ഡുകള്‍ വാഡയെ തള്ളിപ്പറയുകയായിരുന്നു. വാഡ കരാര്‍ ഒപ്പിടാത്തപക്ഷം ഐ.സി.സിയുടെ രാജ്യാന്തര അംഗീകാരം തന്നെ അപകടത്തിലാവും.
റെയില്‍വേ തന്നെ
ഭോപ്പാല്‍: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ റെയില്‍വേ മുന്നേറ്റം തുടരുന്നു. മീറ്റിന്റെ മൂന്നാം ദിവസമായ ഇന്നലെ നാല് സ്വര്‍ണ്ണമാണ് റെയില്‍വേ നേടിയത്. ഇതോടെ അവരുടെ സ്വര്‍ണ്ണ സമ്പാദ്യം 12 ആയി. കേരളമാണ് റെയില്‍വേക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നത്. കേരളത്തിന്റെ ടിന്റു ലൂക്ക വനിതകളുടെ 800 മീറ്ററില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ഡക്കാത്ത്‌ലണില്‍ പി.ജെ വിനോദ് ഒന്നാമതെത്തി. പുരുഷന്മാരുടെ ഹൈജംമ്പില്‍ അരുണ്‍ എസ് കുമാറും സ്വര്‍ണ്ണ പ്രകടനം നടത്തി.
ബഗാന് വീണ്ടും തോല്‍വി
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ സ്വന്തം തട്ടകമായ സാള്‍ട്ട്‌ലെക്ക് സ്‌റ്റേഡിയത്തില്‍ മോഹന്‍ ബഗാന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്നലെ നടന്ന മല്‍സരത്തില്‍ ജെ.സി.ടി മില്‍സാണ് 1-2ന് ബഗാനെ ഞെട്ടിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ വെച്ച് ചിരാഗ് യുനൈറ്റഡിനോട് ബഗാന്‍ പരാജയപ്പെട്ടത്. ഇന്നലെ നടന്ന മറ്റ് മല്‍സരങ്ങളില്‍ ഷില്ലോംഗ് ലാജോംഗ് എഫ്.സി ഒരു ഗോളിന് സ്‌പോര്‍ട്ടിംഗ് ഗോവയെ അവരുടെ തട്ടകത്ത് തോല്‍പ്പിച്ചപ്പോള്‍ ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ്-സാല്‍ഗോക്കര്‍ മല്‍സരം 1-1 ല്‍ അവസാനിച്ചു. ഇന്ന് കൊല്‍ക്കത്തയില്‍ ചിരാഗ് യുനൈറ്റഡ് മുംബൈ എഫ്.സിയെ നേരിടും.
ചാലഞ്ചേഴസ് തന്നെ
ബാംഗ്ലൂര്‍: നിറം പകര്‍ന്ന ഉദ്‌ഘാടന ചടങ്ങിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍
റോബിന്‍ ഉത്തപ്പയും റോസ് ടെയ്‌ലറും സിക്‌സറുകളുടെ മാലപ്പടക്കം പൊട്ടിച്ചപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് 20-20 ക്രിക്കറ്റിലെ ആദ്യ മല്‍സരത്തില്‍ കോബ്രാസിനെതിരെ ആതിഥേയരായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് വിജയത്തിലേക്ക്. നാല് ബൗണ്ടറിയും നാല് സിക്‌സറുമായി 24 പന്തില്‍ പുറത്താവാതെ 53 റണ്‍സ് നേടിയ ടെയ്‌ലറുടെയും 39 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറുമായി 51 റണ്‍സ് നേടിയ ഉത്തപ്പയുടെയും മികവില്‍ ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നാല് വിക്കറ്റിന് 180 റണ്‍സാണ് നേടിയത്. മിന്നുന്ന ഉദ്‌ഘാടന ചടങ്ങിനാണ് ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ലോകകപ്പ് ഉദ്‌ഘാടന ചടങ്ങുകളെ പോലും വെല്ലുന്ന തരത്തില്‍ വിസ്‌മയകരമായ കലാപ്രകടനങ്ങളും കായിക പ്രകടനങ്ങളും നടന്നു. അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കേപ് കോബ്രാസ് അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റിന് 40 റണ്‍സ് നേടിയിട്ടുണ്ട്. ഹര്‍ഷല്‍ ഗിബ്‌സ് (0), പുടിക് (11) എന്നിവരാണ് പുറത്തായത്. രണ്ട് വിക്കറ്റും പ്രവീണ്‍ കുമാര്‍ നേടി.
No comments:
Post a Comment